ദൈവത്തിൻ്റെ അംഗീകാരം നേടുന്നത് – WFTW 13 ഫെബ്രുവരി 2022

സാക് പുന്നന്‍

യേശു അവിടുത്തെ പൈതൽ പ്രായം മുതൽ ജ്ഞാനത്തിൽ വളർന്നു എന്നാണ് നാം വായിക്കുന്നത് (ലൂക്കോ. 2: 40, 52). യൗവ്വനക്കാരെ കുറിച്ച്, അവർ ചെറുപ്പമായതുകൊണ്ട്, വിഡ്ഢിത്തങ്ങൾ ചെയ്തേക്കാം എന്ന് നാം പ്രതീക്ഷിക്കാറുണ്ടെങ്കിലും, യേശു ഒരു യുവാവ് ആയിരുന്നപ്പോൾ പോലും വിവേകരഹിതമായതൊന്നും ഒരിക്കലും ചെയ്തില്ല. അവിടുത്തെ നിങ്ങളുടെ മാതൃക ആക്കുക, എന്നാൽ നിങ്ങളുടെ യൗവ്വനനാളുകളിൽ അനേകം വിഡ്ഢിത്തങ്ങൾ ചെയ്യുന്നതിൽനിന്നു നിങ്ങൾ രക്ഷിക്കപ്പെടും.

യഹോവ ഭയം (ഭക്തി) ജ്ഞാനത്തിൻ്റെ ആരംഭം ആകുന്നു. ആത്മീയ മരണത്തിൽ നിന്നു രക്ഷിക്കപ്പെടേണ്ടതിനുവേണ്ട സഹായത്തിനായി യേശു പ്രാർത്ഥിക്കുകയും – “ദൈവ ഭയം മൂലം ഉത്തരം ലഭിക്കുകയും ചെയ്തു” (എബ്രാ. 5: 7- കെ.ജെ.വി). ദൈവം യേശുവിനെ സ്നേഹിച്ചതുപോലെ നമ്മെയും സ്നേഹിക്കുന്നു. അതുകൊണ്ട് യേശു ചെയ്തതു പോലെ നിങ്ങളും ദൈവത്തെ ഭയപ്പെട്ടാൽ നിങ്ങളുടെ പ്രാർത്ഥനയും കേൾക്കും.

അബ്രാഹാം തൻ്റെ ഏക മകനെ യാഗം കഴിക്കാൻ തയ്യാറായപ്പോൾ, “നീ ദൈവത്തെ ഭയപ്പെടുന്നവൻ ആണ് എന്ന് ഇപ്പോൾ ഞാൻ അറിയുന്നു” (ഉൽ. 22:12) എന്നു പറഞ്ഞുകൊണ്ട് ദൈവം അബ്രാഹാമിന് ഒരു സാക്ഷ്യപത്രം നൽകി. അന്ന് ആ മലയുടെ മുകളിൽ അബ്രാഹാം തനിയെ ആയിരുന്നപ്പോൾ അദ്ദേഹം ദൈവത്തെ അനുസരിച്ചു. തൻ്റെ അനുസരണം കാണാൻ ദൈവത്തെ തനിച്ചു വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരു രാത്രിയിൽ ദൈവം അബ്രാഹാമിനോടു സംസാരിച്ചത് അവൻ തനിയെ ആയിരുന്നപ്പോഴാണ് (ഉൽ. 22 :1). ദൈവം അവനോടു പറഞ്ഞതെന്താണെന്ന് മറ്റാരും അറിഞ്ഞില്ല. അങ്ങനെ അബ്രാഹാം രഹസ്യത്തിൽ ദൈവത്തെ അനുസരിച്ചു. നാം രഹസ്യത്തിൽ (നിങ്ങൾ ചെയ്യുന്നത് മറ്റാരും അറിയാത്ത സ്ഥാനത്ത്) ചെയ്യുന്ന കാര്യങ്ങളിലാണ് നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നുണ്ടോ ഇല്ലയോ എന്നു നിങ്ങൾ കണ്ടെത്തുന്നത്.

ഇയ്യോബ് ദൈവത്തെ ഭയപ്പെട്ടു എന്നൊരു സാക്ഷ്യപത്രം ദൈവം സാത്താൻ്റെ മുമ്പിൽ വച്ച് ഇയ്യോബിനു നൽകി (ഇയ്യോ.1: 8). ദൈവത്തിനു നിങ്ങളെ കുറിച്ചും സാത്താനോട് അതുപോലെ പ്രശംസിച്ചു പറയാൻ കഴിയുമെങ്കിൽ അതു നല്ലതാണ് – കാരണം സാത്താൻ ഇന്നും ലോകമെങ്ങും ഊടാടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, തന്നെയുമല്ല ഓരോരുത്തരുടെയും രഹസ്യ ജീവിതത്തെക്കുറിച്ച് അവന് എല്ലാം അറിയാം. ഒരിക്കലും ഒരു സ്ത്രീയെ മോഹത്തോടെ നോക്കുകയില്ല എന്ന് ഇയ്യോബ് തൻ്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തു (ഇയ്യോ. 31 :1). ന്യായപ്രമാണം നൽകപ്പെടുന്നതിനുമുമ്പ്, പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരാൾക്ക്, ഒരു വേദപുസ്തകം ഇല്ലാതെ, പരിശുദ്ധാത്മാവിനെ കൂടാതെ, പ്രോത്സാഹിപ്പിക്കാനോ വെല്ലുവിളിക്കാനോ മറ്റു സഹോദരന്മാരില്ലാതെ തന്നെ, അത്തരം ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു എന്നത് വളരെ ആശ്ചര്യകരമാണ്! ന്യായവിധി നാളിൽ ഇയ്യോബ് എഴുന്നേറ്റു ഈ തലമുറയെ അതിൻ്റെ മോഹത്തിനും പാപത്തിനും ശിക്ഷ വിധിക്കും.

നിങ്ങൾക്കു പിന്തുടരാവുന്ന മറ്റൊരു വലിയ മാതൃകയാണ് യോസേഫ്. തൻ്റെ മാതാപിതാക്കളിൽ നിന്ന് വളരെ വിദൂര ദേശത്തു ജീവിച്ച ഒരു ചെറുപ്പക്കാരനായിരുന്നു അവൻ. കൂടാതെ പാപിനിയായ ഒരു സ്ത്രീയാൽ നാൾ തോറും അവൻ പ്രലോഭിപ്പിക്കപ്പെട്ടു കൊണ്ടിരുന്നപ്പോഴും, അവൻ നിരന്തരമായി അവളോട് എതിർത്തു നിൽക്കുകയും അവളിൽനിന്ന് ഓടിപ്പോകുകയും ചെയ്തു. കാരണം അവൻ ദൈവത്തെ ഭയപ്പെട്ടു (ഉൽ. 39:9).

ഇയ്യോബിൻ്റെയും യോസേഫിൻ്റെയും മാതൃകകൾ നമ്മെ കാണിക്കുന്നത്, ലൈംഗിക മോഹങ്ങളും വ്യഭിചാരവും പോലെയുള്ള ഘോര പാപങ്ങളിൽ നിന്നും നമ്മെ സൂക്ഷിക്കുവാൻ മതിയായ കാര്യം ദൈവഭയം മാത്രമാണ് എന്നാണ്. യഹോവാഭക്തി ജ്ഞാനത്തിൻ്റെ ആദ്യാക്ഷരങ്ങൾ ( എ ബി സി) ആണ്.

നിങ്ങൾ “നിങ്ങളെ തന്നെ സൂക്ഷിക്കുമെങ്കിൽ”, അപ്പോൾ “നിൻ്റെ അഭിവൃദ്ധി എല്ലാവർക്കും കാണത്തക്ക വണ്ണം വ്യക്തമായിരിക്കും” ( 1 തിമൊ. 4:15 ,16 ).