ബോബി മക്ഡൊണാൾഡ്
പൗലൊസ് പറഞ്ഞിട്ടുള്ള ഏറ്റവും അധികം വെല്ലുവിളിയ്ക്കുന്ന കാര്യങ്ങളിലൊന്ന് അപ്പൊ. പ്ര.20:24ൽ ആയിരുന്നു “ഞാൻ എൻ്റെ ജീവനെ ഒരു വിലയും ഇല്ലാത്തതായി കണക്കാക്കുന്നു” (എൻ ഐ വി). പൗലൊസ് തൻ്റെ മാതൃകയിലൂടെ നമുക്കു നൽകുന്നത് എന്തൊരു വെല്ലുവിളിയാണ്.
കഴിഞ്ഞ ദിവസം മരിച്ചു പോയ ഒരു വനിതയുടെ സ്മാരകം ഞാൻ ശ്രദ്ധിച്ചു. അവളുടെ ജീവിതത്തെ കുറിച്ചു കുടുംബാംഗങ്ങൾ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു- അവൾ കടന്നുപോയ വെല്ലുവിളികൾ, അവളുടെ മക്കൾ ചെറിയ പ്രായമായിരുന്നപ്പോൾ അവളുടെ ഭർത്താവ് നഷ്ടപ്പെട്ടത്; അവളുടെ പെൺമക്കളെ ശരിയായ പാതയിൽ വളർത്തിക്കൊണ്ടുവരാൻ അവൾ ശ്രമിച്ചത്, മറ്റെല്ലാ കാര്യങ്ങളുടെ ഇടയിലും തൻ്റെ കൊച്ചു മക്കൾക്ക് ഒരു താങ്ങായിരിക്കാൻ ശ്രമിച്ചത് ഒക്കെ. എന്നാൽ ഏറ്റവുമധികം എന്നെ സ്പർശിച്ച കാര്യം അവളുടെ കൊച്ചുമകൾ പറഞ്ഞതാണ്. അവൾ തേങ്ങി കരഞ്ഞു കൊണ്ടു പറഞ്ഞു, “നിങ്ങൾ എനിക്ക് എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് കൂടുതൽ നിങ്ങളോട് എനിക്കു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു”. അപ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മെ വിട്ടു കടന്നു പോയവരെ കുറിച്ചു ഞാൻ ചിന്തിച്ചു. “ഒരു ദിവസം കൂടി മാത്രം എനിക്കുണ്ടായിരുന്നെങ്കിൽ…” എന്ന് നാം എത്ര തവണ കൂടെ കൂടെ ചിന്തിച്ചിട്ടുണ്ടാകും.
എന്നാൽ അതിനു ശേഷം കൃത്യമായി ആ വരികളെ കുറിച്ച് അതിലും അധികമായ ചില കാര്യങ്ങൾ ഞാൻ ചിന്തിച്ചു – പ്രിയപ്പെട്ടവരോടല്ല, എന്നാൽ ദൈവത്തോട്; അവിടുന്ന് നമുക്ക് എത്രമാത്രം വിലപ്പെട്ടതാണെന്നു ദൈവത്തിനു കാണിച്ചു കൊടുക്കാൻ നമുക്ക് ഈ ഒരു ജീവിതം മാത്രമേയുള്ളു.
ഇവിടെയാണ് ആ ചോദ്യം: മരിക്കാനുള്ള സമയം വരുമ്പോൾ (അല്ലെങ്കിൽ അതിനു മുമ്പ് കർത്താവു മടങ്ങി വന്നാൽ), “അവിടുന്ന് എനിക്ക് എത്ര വിലപ്പെട്ടവനായിരുന്നു എന്നു കർത്താവിന് അധികം കാണിച്ചു കൊടുക്കാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു” എന്നു ഞാൻ പറയുമോ?
നാം അപ്രകാരം ചിന്തിക്കുമ്പോൾ, അത് എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ വ്യത്യാസപ്പെടുത്തും. പാപത്തിനെതിരെ വളരെ കൂടുതൽ അധ്വാനിക്കുകയും കർത്താവുമായി സ്പഷ്ടവും ലളിതവുമായി അധികം സമയം ചെലവഴിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് എത്രമാത്രം നാം ആഗ്രഹിക്കുമായിരുന്നു- വിദഗ്ദ്ധമായ ഊദ്യോഗിക പ്രാർത്ഥനകളുമായല്ല, എന്നാൽ യേശുവും ഞാനും മാത്രം- രണ്ടു സ്നേഹിതന്മാർ പരസ്പരം തനിയെ; മറ്റുള്ളവരെ സ്നേഹിച്ചും അവരോട് കരുണയും പ്രോത്സാഹനവും കാണിച്ചു കൊണ്ടും; എല്ലാ ശോധനകളിലും കഷ്ടതകളിലും തൃപ്തിയുള്ളവരായി, അവിടുത്തേക്കു വേണ്ടി, അവയിലെല്ലാം അവിടുത്തെ സ്തുതിച്ചു കൊണ്ട്; മറ്റുള്ളവരുടെ രക്ഷയ്ക്കായി, ഒരിക്കലും വിട്ടു കളയാതെ അവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ദൈവത്തോട് ചേർന്ന് അധ്വാനിക്കുവാൻ, അവിടുത്തെ സാന്നിധ്യം എല്ലായ്പ്പോഴും അന്വേഷിക്കുവാൻ, എല്ലാറ്റിനും മീതെയുള്ള സമ്പത്തായി അവിടുത്തെ കാണുവാൻ, ഭൗമിക കാര്യങ്ങളെ വെറുക്കുവാൻ, ഭൗമികമായതെല്ലാം അവിടുത്തേക്കു വേണ്ടി ചവറെന്ന് എണ്ണുവാൻ, അവിടുത്തെ അറിയുവാനും അവിടുത്തെ പ്രസാദിപ്പിക്കുവാനും തുടങ്ങിയ കാര്യങ്ങൾക്കെല്ലാം വേണ്ടി.
ഇപ്പോൾ നമുക്കൊരു നല്ല അവസരമാണുള്ളത്. എന്നാൽ അത് നമുക്ക് ഇപ്പോൾ മാത്രമേയുള്ളൂ 2കൊരി.6:2 ശ്രദ്ധിക്കുക – ഇപ്പോൾ ആകുന്നു “സുപ്രസാദ കാലം”, നോക്കുക ഇപ്പോൾ ആകുന്നു “രക്ഷാ ദിവസം”.
“ദിവസം മുഴുവൻ ഒരുവൻ എന്തിനെ കുറിച്ചു ചിന്തിക്കുന്നോ അതാണ് ആ മനുഷ്യൻ” എന്നു പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു. എൻ്റെ ജീവിത ലക്ഷ്യങ്ങളിൽ ഒന്ന് എല്ലാ ഇതര വിചാരങ്ങളിൽ നിന്നും സാവകാശം എൻ്റെ ശ്രദ്ധ തിരിച്ച് കർത്താവിലേക്കും അവിടുത്തെ സാന്നിധ്യത്തിലേക്കും ദിവസം മുഴുവനും മടക്കി കൊണ്ടുവരുന്ന അവിരാമമായ ഒരു ശീലം നേടിയെടുക്കണമെന്നതാണ്. “മറ്റ് ആകുലതകളിൽ” എൻ്റെ സൂക്ഷ്മ നോട്ടം ഉറപ്പിക്കാനല്ല. അത് എളുപ്പമല്ല. കർത്താവുമായി ആ തരത്തിലുള്ള അടുപ്പം അധികം ക്രിസ്ത്യാനികൾ എപ്പോഴെങ്കിലും നേടിയെടുത്തിട്ടുണ്ട് എന്നു ഞാൻ കരുതുന്നില്ല. എന്നാൽ എൻ്റെ ഹൃദയത്തിൽ അങ്ങനെയൊരു ജീവിതത്തിനായുള്ള ഒരു വാഞ്ഛ കർത്താവ് ഇട്ടിരിക്കുന്നു, എല്ലാ കാര്യങ്ങളും ദൈവത്തിൻ്റെ സ്നേഹത്തിനും മഹത്വത്തിനുമായി ചെയ്തുകൊണ്ടിരിക്കാനുള്ള മാർഗ്ഗവും അതു തന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു (1 കൊരി. 10:31) – എൻ്റെ കാഴ്ചകളിലും എൻ്റെ ഹൃദയത്തിലും യേശുവിനോടു ചേർന്ന് എൻ്റെ ക്രൂശെടുക്കുവാൻ (എബ്രാ. 12:2). അല്ലാത്തപക്ഷം അത്, തൻ്റെ ഭർത്താവിനു വേണ്ടി ഒരാഗ്രഹവും കൂടാതെ, അവനെ സ്നേഹിക്കുവാനോ, അവനോടുകൂടെ ആയിരിക്കാനോ ഒരാഗ്രഹവും ഇല്ലാതെ, സ്ഥിരമായി ആഹാരം പാകം ചെയ്യുകയും, വീടു വൃത്തിയാക്കുകയും ചെയ്യുന്ന ഒരു ഭാര്യയെപ്പോലെ ആയിരിക്കും. അത് ജീവനില്ലാത്ത ഒരു ക്രിസ്ത്യാനിത്വമാണ്. ഇവയുടെ എല്ലാം മധ്യത്തിൽ ഞാൻ പിതാവിനെയും യേശുവിനെയും എൻ്റെ ഹൃദയത്തിൽ സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ലക്ഷ്യത്തോടു കൂടിയുള്ള ശരിയായ ജീവിതം എനിക്കാവശ്യമാണ്.
കർത്താവ് ഒരിക്കൽ എനിക്ക് ഈ ഒരു ചിത്രം കാണിച്ചു തന്നു: ഞാൻ കാപ്പി കുടിക്കുന്നത് ഒരു പ്രാവശ്യം ഉപയോഗിച്ചതിനു ശേഷം എറിഞ്ഞു കളയുന്ന തരം കപ്പിലാണ്. ഞാൻ കാപ്പി ആസ്വദിക്കുന്നു. എന്നാൽ ആ കപ്പ്, അല്പനേരത്തേക്ക് അതിൽ ഉൾക്കൊള്ളുന്ന സാധനം (കാപ്പി) ഇല്ലെങ്കിൽ, അടിസ്ഥാനപരമായി വിലയില്ലാത്തതാണ്. ഒടുവിൽ ഞാനത് ദൂരെ എറിഞ്ഞുകളയുന്നു. അപ്പോൾ ഞാൻ കണ്ടത് നമ്മുടെ ജീവിതവും കൃത്യമായി അതു തന്നെയാണ് എന്നാണ്: ഉപയോഗശേഷം കളയാവുന്നത്. “എൻ്റെ പ്രാണനെ ഞാൻ വിലയേറിയതായി എണ്ണുന്നില്ല – എൻ്റെ ഓട്ടവും ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ” (അപ്പൊ. പ്ര. 20:24) എന്നു പൗലൊസ് പറഞ്ഞപ്പോൾ അദ്ദേഹം അർത്ഥമാക്കിയത് അതാണ്. ഈ ജീവിതം കൈവശം വച്ചിരിക്കുന്ന വിലയുള്ള ഒരേ ഒരു കാര്യം, നാം ഇവിടെ ആയിരിക്കുന്ന ഈ ഏതാനും നിമിഷങ്ങളിൽ അതിന് ഉൾക്കൊള്ളാൻ കഴിയുന്ന യേശുവിൻ്റേതായ കാര്യങ്ങളാണ്. അത് ഉപയോഗിച്ച ശേഷം കളയാവുന്നതാണ്. ഇത് ഉപയോഗശേഷം കളയാവുന്ന ഒരു ജീവിതമാണ്. അല്പനേരത്തേക്ക് ഇവിടെ ആയിരിക്കുമ്പോൾ അത് നിറയെ സമ്പത്തുള്ളതായിരിക്കാം, എന്നാൽ അതിനു ശേഷം അത് പുറത്തെറിയപ്പെടും.
അല്ലെങ്കിൽ നമ്മുടെ ഉപയോഗ ശേഷം കളയാവുന്ന ഈ ജീവിതം ക്രിസ്തുവിനോടുള്ള ഭക്തി കൊണ്ടു നിറഞ്ഞ ഒരു കപ്പായിരിക്കാൻ കഴിയും – അങ്ങനെയൊരു ഭക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ക്രിസ്തുവാണ് എനിക്ക് എല്ലാം എന്നാണ്. ആ ഭക്തി മാത്രമാണ് ഈ എറിഞ്ഞു കളയാവുന്ന ജീവിതത്തിന് അല്പനേരത്തേക്ക് മുറുകെ പിടിക്കാവുന്ന ഒരേ ഒരു വിലയുള്ള കാര്യം.
– ക്രിസ്തുവിനോടുള്ള സാദൃശ്യത്താൽ നിറഞ്ഞ് ഇവിടെ ജീവിച്ച് പുറമേയല്ല, നമ്മുടെ അകമേ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന നിർമ്മല സ്നേഹത്തോടും ഉദ്ദേശ്യങ്ങളോടും ദൈവത്തെ പ്രസാദിപ്പിക്കുന്ന, ഉപയോഗശേഷം പുറത്തേക്കു കളയാവുന്ന ഒരു കപ്പ്.
– താഴ്മയാൽ നിറഞ്ഞ് പിതാവിനെയും പുത്രനേയും ഉയർത്തിയിട്ട് താഴേയ്ക്കു പോകുവാനും ക്രിസ്തുവളരുന്നതുകൊണ്ട് കുറഞ്ഞു വരുവാനും സന്തോഷമുള്ള ഒരു ഡിസ്പോസിബിൾ കപ്പ്.
– വലിയ വേദനകളുടെയും അനേകം വർഷങ്ങളായുള്ള കഷ്ടതയുടെയും മധ്യത്തിലും ദൈവത്തിൻ്റെ പരിജ്ഞാനത്തിനും സ്നേഹത്തിനും കീഴ്പ്പെടുന്ന ആശ്രയവും വിശ്വാസവും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ഡിസ്പോസിബിൾ കപ്പ്
– ഇവയിലൂടെയെല്ലാം, അവിടുത്തെ ഹിതം പോലെ ചെയ്യാൻ തൃപ്തിയോടെ നമ്മെ തന്നെ കർത്താവിൻ്റെ കരങ്ങളിൽ വിട്ടുകൊടുക്കുന്ന ഒന്ന്.
നാം നിത്യതയിലേക്ക് നീങ്ങുന്നതു വരെ അല്പ നേരത്തേക്ക് നമ്മുടെ എറിഞ്ഞു കളയാവുന്ന കപ്പിന് പിടിച്ചു വയ്ക്കാൻ കഴിയുന്ന നിത്യമായ മൂല്യം ഇതാണ്.
യാക്കോബ് 4:14 ഇങ്ങനെ പറയുന്നു, “നിങ്ങളുടെ ജീവൻ അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ ആവിയല്ലോ”.
അതുകൊണ്ട് ഭാവിയെ കുറിച്ചു ചിന്തിക്കുന്നതും ഇപ്പോൾ മുതൽ 1000 വർഷങ്ങൾക്കപ്പുറമുള്ള കാര്യം എന്താണെന്ന് ധ്യാനിക്കുന്നതും ആത്മീയമായി വളരെ പ്രയോജനകരമായിരിക്കും. അല്ലെങ്കിൽ ഇപ്പോൾ തുടങ്ങി 100 വർഷങ്ങൾക്കപ്പുറമുള്ളവയെ കുറിച്ചെങ്കിലും. അത്തരം ചിന്തകൾ എൻ്റെ ക്രിസ്തീയ ജീവിതത്തിൻ്റെ പ്രാരംഭഘട്ടത്തിൽ തന്നെ എന്നെ സഹായിച്ചു. തന്നെയുമല്ല ഇപ്പോൾ ഞാൻ എൻ്റെ കുഞ്ഞുങ്ങളെ ഇതിനെപ്പറ്റി പഠിപ്പിക്കുവാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഞാൻ ചെറുപ്പക്കാരനായിരുന്നപ്പോൾ എന്നെ വെല്ലുവിളിച്ച ഒരു കവിത ഇവിടെയുണ്ട് – ദൈവത്തിനു വേണ്ടി കൂടുതൽ ഗൗരവത്തോടെ ജീവിക്കുവാനും, എൻ്റെ മനസ്സിനെ ഉയരത്തിലുള്ള കാര്യങ്ങളുടെ മേൽ ഉറപ്പിക്കുവാനും (കൊലൊ. 3:2) വെല്ലുവിളിച്ചത്.
ഇന്നു തുടങ്ങി നൂറു വർഷങ്ങൾക്കു ശേഷം
അതു വലിയ വ്യത്യാസം ഉണ്ടാക്കുകയില്ല, സ്നേഹിതാ,
ഇന്നു തുടങ്ങി നൂറു വർഷങ്ങൾ കഴിഞ്ഞ്,
നീ രാജകീയ ബംഗ്ലാവിൽ താമസിച്ചാലും
അല്ലെങ്കിൽ നദിയിൽ ഒഴുകി നടക്കുന്ന തോണിയിലായാലും;
നീ ധരിക്കുന്ന വസ്ത്രങ്ങൾ തയ്യൽക്കാരൻ നിർമ്മിച്ചതായാലും
അല്ലെങ്കിൽ തുണിക്കഷ്ണങ്ങൾ എങ്ങനെയെങ്കിലും കൂട്ടി തുന്നിയതായാലും.
നീ തിന്നുന്നത് വലിയ പൊരിച്ച ഇറച്ചിക്കഷ്ണമായാലും
അല്ലെങ്കിൽ ബീൻസും കേക്കുമായാലും
ഇന്നേയ്ക്ക് നൂറു വർഷങ്ങൾക്കു ശേഷം.
അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെയോ
അല്ലെങ്കിൽ നിങ്ങൾ ഓടിക്കുന്ന കാറിനെയോ, കാര്യമാക്കുന്നില്ല
കാരണം നിങ്ങളുടെ ധനവും പ്രശസ്തിയും,
നിങ്ങൾ എന്തിനുവേണ്ടി കഷ്ടപ്പെടുന്നോ
അവയെല്ലാം നിങ്ങളുടെ ശവക്കുഴി അവകാശമാക്കും.
നാം എല്ലാം എത്തിച്ചേരേണ്ട ഒരു നിയന്ത്രണരേഖയുണ്ട്
അവിടെ എത്താൻ ആരും താമസിച്ചു പോകയില്ല;
നീ ഏതു സ്ഥലത്തായിരുന്നു എന്നതൊന്നും അവിടെ കാര്യമല്ല,
ഓരോരുത്തരും ആ തീയതി പാലിക്കുംനമുക്ക് നിത്യതയിൽ ഉണ്ടാകാൻ പോകുന്നത്
നാം ഭൂമിയിൽ ഉപേക്ഷിച്ച കാര്യങ്ങളാണ്,
നാം ശവക്കുഴിയിലേക്കു പോകുമ്പോൾ
നിത്യമായി വിലയുള്ള കാര്യങ്ങൾ മാത്രമേ
നമുക്കു സമ്പാദിക്കാൻ കഴിയൂ,
ചിലർ എപ്പോഴും കുമ്പിട്ടു വണങ്ങുന്ന,
ഭൗതിക നേട്ടങ്ങൾ കൊണ്ട്
എന്തു കാര്യമാണ് സ്നേഹിതാ?
കാരണം ഇന്നു തുടങ്ങി നൂറു വർഷങ്ങൾക്കു ശേഷം നിങ്ങൾ കാണുന്നത്,
നിങ്ങളുടെ വിധി മുദ്രയിട്ട് അടച്ചിരിക്കുന്നതായിരിക്കും.