ആത്മ പ്രചോദിത തിരുവചനത്തിലെ ആദ്യപുസ്തകത്തില്‍ നിന്ന് മഹത്വകരമായ ചില സത്യങ്ങള്‍ – WFTW 08 ഏപ്രിൽ 2018

സാക് പുന്നന്‍

ആത്മ പ്രചോദിത തിരുവചനത്തിലെ ആദ്യ പുസ്തകം ഇയ്യോബിന്‍റെ പുസ്തകമാണ് – ഉല്‍പത്തി പുസ്തകത്തിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ടിട്ടുളളതാണത് (ഉല്‍പത്തി പുസ്തകം ക്രിസ്തുവിനു 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് മോശെയാല്‍ എഴുതപ്പെട്ടിട്ടുളളതാണ്).

തിരുവചനം എഴുതുവാന്‍ ദൈവം തീരുമാനിച്ചപ്പോള്‍, അവിടുന്ന് എഴുതിയ ഏറ്റവും ആദ്യത്തെ പുസ്തകം സൃഷ്ടിയെക്കുറിച്ചല്ലാ എന്നാല്‍ ദൈവഭക്തനായ ഒരു പുരുഷനെക്കുറിച്ചാണെന്ന് കാണുന്നത് വളരെ രസകരമാണ്. ദൈവം എപ്പോഴും എന്താണ് അന്വേഷിക്കുന്നത് എന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. ഹാനോക്കിന്‍റെ കാലത്തും, നോഹയുടെ കാലത്തും, ഇയ്യോബിന്‍റെ കാലത്തും ദൈവം ദൈവഭക്തനായ ഒരുവനുവേണ്ടി അന്വേഷിച്ചു. ആദിമുതല്‍ തിരുവചനത്തിന്‍റെ 66 പുസ്തകങ്ങള്‍ നമുക്കു തരുവാന്‍ ദൈവം ആലോചിച്ചിരുന്നു. ആ പുസ്തകങ്ങളില്‍ ഏറ്റവും ആദ്യത്തെ പുസ്തകത്തില്‍, അവിടുത്തെ ഹൃദയത്തില്‍ ഏറ്റവും ഉന്നതമായി ഉണ്ടായിരുന്നതിനെക്കുറിച്ച് എഴുതി-ഒരു ദൈവ ഭക്തനെക്കുറിച്ച്. തിരുവചനത്തിലെ ഒന്നാമത്തെ പ്രേരിത പുസ്തകത്തിലെ ആദ്യത്തെ വചനം ശ്രദ്ധിക്കുക “ഊസ്ദേശത്ത് ഇയ്യോബ് എന്നു പേരുളെളാരു പുരുഷന്‍ ഉണ്ടായിരുന്നു, അവന്‍ നിഷ്കളങ്കനും നേരുളളവനും ദൈവഭയമുളളവനും ദോഷം വിട്ടകലുന്നവനും ആയിരുന്നു”. (ഇയ്യോബ് 1:1). തിരുവെഴുത്തിലെ ആദ്യ വചനത്തില്‍ ദൈവത്തിന്‍റെ ഹൃദയം നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നുണ്ടോ? അത് ഒരു പുരുഷനെക്കുറിച്ചാണ് – ഇയ്യോബ് എന്ന അവന്‍റെ പേരിനാലും, അദ്ദേഹം ജീവിച്ചിരുന്ന -ഊസ്- എന്ന ദേശത്തിനാലും തിരിച്ചറിയപ്പെട്ട ഒരുവന്‍ (വെറെ എവിടെയെങ്കിലും ജീവിക്കുന്ന മറ്റേതെങ്കിലും ഇയ്യോബുമായി കുഴച്ചില്‍ ഉണ്ടാകാതെ). അദ്ദേഹത്തെക്കുറിച്ചുളള അവിടുത്തെ സാക്ഷ്യം ദൈവം നല്‍കുന്നു- അത് അവന്‍റെ ബുദ്ധിയെക്കുറിച്ചോ, സമ്പത്തിനെക്കുറിച്ചോ, മറ്റുളളവരുടെ ഇടയില്‍ അയാള്‍ക്കുളള പ്രശസ്തിയെക്കുറിച്ചോ, അല്ല, എന്നാല്‍ അവന്‍റെ സ്വഭാവത്തെക്കുറിച്ചു മാത്രം. ദൈവം എന്തിനെയാണ് കൂടുതല്‍ വിലമതിക്കുന്നതെന്ന് അവിടെ നാം കാണുന്നു – പരമാര്‍ത്ഥത, ദൈവഭയം, ദോഷം വിട്ടകലുന്നത്. അതു നമ്മെ വെല്ലുവിളിക്കുന്നതാണെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

സാത്താന്‍ ലോകം ചുറ്റി സഞ്ചരിക്കുന്നു,പ്രത്യേകിച്ച് വിശ്വാസികളെ ശ്രദ്ധിച്ചു നോക്കിക്കൊണ്ട്. ആരെ വിഴുങ്ങേണ്ടു എന്ന് അന്വേഷിച്ചു കൊണ്ട് അലറുന്ന സിംഹം എന്ന പോലെ അവന്‍ സഞ്ചരിക്കുന്നു (1 പത്രൊസ് 5:8). “എന്‍റെ ദാസനായ ഇയ്യോബിന്‍റെ മേല്‍ നീ ദൃഷ്ടിവച്ചുവോ?” എന്ന് ദൈവം സാത്താനോടു ചോദിച്ചപ്പോള്‍ സാത്താന്‍ ഇപ്രകാരം മറുപടി പറഞ്ഞു ” അവനെക്കുറിച്ച് എല്ലാം എനിക്കറിയാം”. ഓരോ വ്യക്തിയുടെയും യഥാര്‍ത്ഥ ആത്മീയ അവസ്ഥ സാത്താനറിയുന്നു. അവന്‍റെ പരിശാചുക്കളും എല്ലായിടത്തും ചുറ്റി സഞ്ചരിച്ച് മനുഷ്യരുടെ ജീവിതങ്ങള്‍ പരിശോധിക്കുകയും സാത്താന്‍റെ അടുത്തുവന്ന് ആ വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ലോകത്തിലുളള ഓരോരുത്തരെയും കുറിച്ചുളള എല്ലാ വിവരങ്ങളും സാത്താനറിയാം. ഇയ്യോബിനെക്കുറിച്ചുളള ശ്രദ്ധേയമായ കാര്യങ്ങള്‍ യഹോവ സാത്താനോടു പറഞ്ഞു. ” അവനെപ്പോലെ നിഷ്കളങ്കനും നേരുളളവനും ദൈവഭയമുളളവനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരുമില്ലല്ലോ?”(ഇയ്യോബ് 1:8). തിരുവചനത്തിലെ ഈ ആദ്യപുസ്തകത്തില്‍ വളരെയധികം എടുത്തു പറയപ്പെട്ടിരിക്കുന്ന ഒരു കാര്യമാണ് ദൈവഭയം – അല്ലെങ്കില്‍ ദൈവത്തോടുളള ഭയ ബഹുമാനം. ദൈവം ഇയ്യോബിനെ ഈ ഭൂമിയിലുളള മറ്റു മനുഷ്യരോട് താരതമ്യം ചെയ്യുന്നതാണ് നാം കാണുന്നത്. ഇന്നും ദൈവം അതു ചെയ്യുന്നു.

അപ്പോള്‍ സാത്താന്‍ ദൈവത്തോട് ഇപ്രകാരം പറഞ്ഞു. “അവിടുന്ന് അവനും അവന്‍റെ വീട്ടിനും അവനുളള സകലത്തിനും ചുറ്റും വേലികെട്ടിയിട്ടില്ലയോ?” (ഇയ്യോബ് 1:10).സാത്താന്‍ പറഞ്ഞതില്‍ നിന്നും, നാം മൂന്നു വലിയ സത്യങ്ങള്‍ പഠിക്കുന്നു. ദൈവഭക്തനായ ഒരുവനു ചുറ്റും ദൈവം മൂന്നുവിധത്തിലുളള വേലികെട്ടിയിട്ടുണ്ട്. ഒന്നാമത് വ്യക്തിപരമായി അവനു ചുറ്റും, രണ്ടാമത് അവന്‍റെ കുടുംബത്തിനു ചുറ്റും, മൂന്നാമത് അവന്‍റെ ധനം, വസ്തുവകകള്‍ എന്നിവയ്ക്ക് ചുറ്റും. സാത്താന് ആത്മീയ മണ്ഡലത്തില്‍ അത് അന്വേഷിക്കുവാനും അറിയുവാനും കഴിയുന്നു. നമുക്ക് ആ വേലികള്‍ കാണുവാന്‍ കഴിയുകയില്ല, എന്നാല്‍ അവ അവിടെ ഉണ്ട്. ഞാന്‍ ദൈവഭക്തിയുളള ഒരു ജീവിതം നയിച്ചാല്‍, എനിക്കും മൂന്നു വിധം വേലികള്‍ എന്‍റെ ചുറ്റും ഉണ്ടായിരിക്കും എന്നറിയുന്നത് എനിക്കു വലിയ ആശ്വാസമാണ്. തന്നെയുമല്ല ദൈവത്തിന്‍റെ അനുവാദം കൂടാതെ ആര്‍ക്കും ഈ വേലി പൊളിക്കാനും സാധ്യമല്ല.

ഇവിടെ ഇതിനോടെല്ലാം ഇയ്യോബ് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നു നോക്കുക. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം കേട്ടു. ഒന്നിനു പിറകെ ഒന്നായി തന്‍റെ വേലക്കാര്‍ വന്ന്, എല്ലാം പോയി എന്ന് അദ്ദേഹത്തോടു പറഞ്ഞു. അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റ്, തന്‍റെ വസ്ത്രം കീറി, തല ചിരെച്ചു, സാഷ്ടാംഗം വീണ് ദൈവത്തെ ആരാധിച്ചു (ഇയ്യോബ് 1:20) തിരുവചനത്തിന്‍റെ ഒന്നാമത്തെ പേജില്‍ നാം കാണുന്ന മറ്റൊരു കാര്യം അതാണ്. ഒരു ദൈവഭക്തന്‍ ഒരു ആരാധകന്‍ ആണ്. വേദപുസ്തകം അിറയുന്നതിനെക്കാള്‍, കര്‍ത്താവിനെ സേവിക്കുന്നതിനെക്കാള്‍, ഒരു ദൈവ മനുഷ്യന്‍ പ്രാഥമികമായി ഒരു ആരാധകനായിരിക്കും. എല്ലാ കാര്യങ്ങളും ഉളളപ്പോഴും, എല്ലാം നഷ്ടപ്പെടുമ്പോഴും നിങ്ങള്‍ ഒരു ആരാധകനായിരിക്കണം. യേശു പറഞ്ഞു “ദൈവം ആത്മാവാകുന്നു, അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും ആരാധിക്കണം. അങ്ങനെയുളള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്. (യോഹ 4:24).ദൈവത്തെ ആരാധിക്കുക എന്നാല്‍ എല്ലാം അവിടുത്തേക്കു നല്‍കുക എന്നാണ്. ഇയ്യോബ് പറഞ്ഞു, ” നഗ്നനായി ഞാന്‍ എന്‍റെ അമ്മയുടെ ഗര്‍ഭത്തില്‍ നിന്നു പറപ്പെട്ടുവന്നു, നഗ്നനായി തന്നെ മടങ്ങിപ്പോകും. യഹോവ തന്നു യഹോവ എടുത്തു യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ. ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തിനു ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല” (ഇയ്യോബ് 1:21). ദൈവം തന്‍റെ ജീവിതത്തില്‍ അനുവദിച്ചതിനെ ഇയ്യോബ് മനസ്സോടെ സ്വീകരിച്ചു.

ഇയ്യോബിന്‍റെ പുസ്തകത്തില്‍ അദ്ദേഹത്തിന്‍റെ മൂന്നു സ്നേഹിതന്മാര്‍ (എലീഫസ്, ബില്‍ദാദ്, സോഫര്‍) പോലും അവനെ കുറ്റപ്പെടുത്തിയതായി നാം വായിക്കുന്നു. നാലാമത്തവന്‍, ഏലീഹൂ, തന്‍റെ കുറ്റാരോപണങ്ങളില്‍ മറ്റുളളവരെക്കാള്‍ വീര്യം കുറഞ്ഞവനായിരുന്നു, എന്നാല്‍ അവനും ഇയ്യോബിനെ കുറ്റപ്പെടുത്തി. കുറ്റാരോപണം എന്നത് സാത്താന്‍റെയും അവന്‍റെ പ്രതിനിധികളുടെയും സ്വഭാവത്തിന്‍റെ ഭാഗമാണ്. എന്നാല്‍ യഥാര്‍ത്ഥ ദൈവഭക്തന്‍ ഈ കുറ്റാരോപണങ്ങളാല്‍ ബാധിക്കപ്പെടുവാന്‍ അവനെ തന്നെ അനുവദിക്കുകയില്ല. ഒരു ദൈവഭക്തനെക്കുറിച്ച് മനുഷ്യര്‍ എന്തു പറഞ്ഞാലും, അവനെ തിരിച്ചറിയുവാന്‍ ആത്മീയ വിവേചനമുളളവര്‍ക്കു കഴിയും.

വേദ പുസ്തകത്തിലെ ഏറ്റവും ആദ്യത്തെ പുസ്തകത്തില്‍ തന്നെ നൂതനമായ ” ആരോഗ്യത്തിന്‍റെയും സമ്പത്തിന്‍റെയും സുവിശേഷത്തിന്‍റെ” തുടക്കം നാം കാണുന്നു.അവിടെ മൂന്നു പ്രസംഗകരും ഇയ്യോബിനോടു പറഞ്ഞത് അവന് ആരോഗ്യവും സമ്പത്തും നഷ്ടപ്പെട്ടത് ദൈവത്തിന്‍റെ അനുഗ്രഹം നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നാണ്. ദൈവത്തിന്‍റെ അനുഗ്രഹം എപ്പോഴും അഭിവൃദ്ധിയും ആരോഗ്യവും കൊണ്ടുവരുന്നു എന്നതായിരുന്നു അവരുടെ സന്ദേശം. ദൈവത്തെ അറിയാത്തവരാലാണ് ആരോഗ്യത്തിന്‍റെയും സമ്പത്തിന്‍റെയും സുവിശേഷം ആദ്യം പ്രസംഗിക്കപ്പെട്ടത് എന്ന കാര്യം ശ്രദ്ധിക്കുക. ഇന്നും അത് അങ്ങനെ തന്നെയാണ്. അത് ഓര്‍ക്കുക. തന്‍റെ എല്ലാ സമ്പത്തും തന്‍റെ ആരോഗ്യവും നഷ്ടപ്പെട്ട ഇയ്യോബ് ദൈവത്തിന്‍റെ പൂര്‍ണ്ണഹിതത്തിലായിരുന്നു. എന്നാല്‍ ” ആരോഗ്യത്തിന്‍റെയും സമ്പത്തിന്‍റെയും സുവിശേഷം ” പ്രസംഗിച്ച മൂന്നു പ്രസംഗകരും തീര്‍ത്തും ദൈവഹിതത്തിനു പുറത്തായിരുന്നു. അവരോടുളള ദൈവത്തിന്‍റെ വാക്കുകളില്‍ നിന്ന് അത് വ്യക്തമാണ്. “നിങ്ങള്‍ എല്ലാവരോടും എന്‍റെ കോപം ജ്വലിച്ചിരിക്കുന്നു. ഞാന്‍ നിങ്ങളെ ശിക്ഷിക്കാതിരിക്കാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഇയ്യൊബിനോട് ആവശ്യപ്പെടുക”. (ഇയ്യോബ് 42:8).

സകല സൃഷ്ടിയുടെയും മേല്‍ അവിടുത്തേക്കുളള അധികാരത്തെയും നിയന്ത്രണത്തെയും ദൈവം ഇയ്യോബിനു കാണിച്ചു കൊടുത്തു. അവനോട് പറയേണ്ടിയിരുന്നത് അതുമാത്രമായിരുന്നു. അപ്പോള്‍ ഇയ്യോബ് വിനീതനാക്കപ്പെട്ടു. ആ നാലു പ്രസംഗകര്‍ മണിക്കൂറുകള്‍ നടത്തിയ നേരിട്ടുളള ആക്രമണങ്ങള്‍ ഒരു കാര്യവും പൂര്‍ത്തിയാക്കിയില്ല. ദൈവത്തിന്‍റെ നേരിട്ടല്ലാത്ത സമീപനം ഏതാനും നിമിഷങ്ങള്‍ കൊണ്ട് എല്ലാം പൂര്‍ത്തീകരിച്ചു. നാം പ്രശ്നങ്ങളെയും, രോഗബാധകളെയും, ശത്രുക്കളെയും നേരിടുമ്പോള്‍, നമ്മുടെ ഹൃദയത്തിനു സ്വസ്ഥത കൊണ്ടുവരുന്നത്, ദൈവത്തിന്‍റെ സര്‍വ്വസൃഷ്ടിയുടെയും മേല്‍ അവിടുത്തേക്കുളള പരമാധികാരത്തിലും നിയന്ത്രണത്തിലുമുളള വിശ്വാസമാണ്. യഹോവ ഇയ്യോബിനോടു ചോദിച്ചു, “ഇപ്പോഴും നിനക്കു സര്‍വ്വശക്തനോടു വാദിക്കണമോ?” (ഇയ്യോബ് 40:2). അതുവരെ ഓരോ വാദത്തിനും പെട്ടന്നു പറയാന്‍ മറുപടി ഉണ്ടായിരുന്ന ഇയ്യോബ് ഇപ്പോള്‍ നിശ്ശബ്ദനാക്കപ്പെട്ടു. ഇപ്പോള്‍ അവന്‍ പറയുന്നു, യഹോവെ ഞാന്‍ഒന്നുമല്ല. എനിക്ക് സംസാരിക്കുവാനും ഒന്നുമില്ല. ഞാന്‍ ഇനിയൊന്നും സംസാരിക്കുകയുമല്ല” തിരുവചനത്തിലെ ഒന്നാമത്തെ പുസ്തകം നമ്മെ പഠിപ്പിക്കുന്നത് ദൈവം നമ്മുടെ ജീവിതങ്ങളില്‍ എല്ലാമായി തീരേണ്ടതിന് നാം നമ്മുടെ ഒന്നുമില്ലായ്മ തിരിച്ചറിയണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നാണ്. അപ്പോള്‍ നമ്മുടെ ജീവിതങ്ങള്‍ അവിടുത്തെ ഉദ്ദേശ്യം നിറവേറ്റുകയും നാം അനേകര്‍ക്ക് അനുഗ്രഹമായി തീരുകയും ചെയ്യും. ദൈവത്തിന് ഒരാളെ ഉപയോഗിക്കാന്‍ കഴിയുന്നതിനു മുമ്പ്, അവിടുത്തേക്ക് അവനെ ഒന്നുമില്ലായ്മയിലേക്ക് ചെറുതാക്കി കൊണ്ടുവരേണ്ട ആവശ്യമുണ്ട്.

ഇവിടെ ഇതാ ആത്മപ്രചോദിത തിരുവചനത്തിലെ ആദ്യ പുസ്തകത്തില്‍ നിന്ന് നമുക്കു പഠിക്കുവാന്‍ കഴിയുന്ന മഹത്വപരമായ ചില സത്യങ്ങള്‍.

1. ദൈവത്തെ ആരാധിക്കുന്ന ദൈവഭക്തന്മാര്‍ക്കുവേണ്ടി അവിടുന്ന് ഭൂമി മുഴുവനും അന്വേഷിക്കുന്നു.

2. ദൈവഭക്തന്മാരും അവരുടെ കുടുംബങ്ങളും സാത്താന്‍റെ ആക്രമണത്തിന്‍റെ ലക്ഷ്യങ്ങളായി തീരുന്നു

3. ദൈവത്തിന്‍റെ അനുവാദം ലഭിച്ചതിനുശേഷം മാത്രമെ സാത്താനു നമ്മെ ആക്രമിക്കുവാന്‍ കഴിയുകയുളളൂ.

4. ഒരു ദൈവഭക്തന് പ്രയാസപ്പെടുത്തുന്ന ഒരു ഭാര്യ ഉണ്ടായേക്കാം എന്നാല്‍ ദൈവത്തിന് അവളെ വ്യത്യാസപ്പെടുത്താന്‍ കഴിയും.

5. ഒരു ദൈവഭക്തന്‍ മതഭക്തരാല്‍ തെറ്റിദ്ധരിക്കപ്പെടും.

6. ദൈവഭക്തരായവരുടെ പ്രവൃത്തികള്‍ ദൈവത്താലും സാത്താനാലും സൂക്ഷമമായി നിരീക്ഷിക്കപ്പെടുന്നു.

7. പൂര്‍ണ്ണതയിലേക്കുളള പാത കഷ്ടതയിലൂടെയും തെറ്റിദ്ധാരണയിലൂടെയുമാണ്.

8. ആരോഗ്യവും അഭിവൃദ്ധിയും ദൈവാനുഗ്രഹത്തിന്‍റെ അടയാളങ്ങളല്ല.

9. ദൈവത്തെ അവിടുന്ന യാഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നതുപോലെ നാം കാണുമ്പോള്‍, നാം നമ്മെതന്നെ ഒന്നുമല്ലാത്തതായി കാണും.

10. ദൈവം സകലകാര്യങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നത് നമ്മുടെ ആത്യന്തിക നന്മയ്ക്കായിട്ടാണ്.