സാക് പുന്നന്‍
നമ്മെ സ്നാനപ്പെടുത്തിയപ്പോൾ, നമ്മെ വെള്ളത്തിൽ നിമജ്ജനം ചെയ്ത വ്യക്തി നമ്മെ മുക്കി കൊല്ലുകയില്ല, എന്നാൽ നമ്മെ വെള്ളത്തിൽ നിന്ന് ഉയർത്തുകയും ചെയ്യും എന്ന ദൃഢവിശ്വാസം നമുക്ക് ഉണ്ടായിരുന്നു. ഇങ്ങനെയാണ് നമ്മുടെ ജീവിതത്തിൻ്റെ എല്ലാ സാഹചര്യങ്ങളിലും നമുക്ക് ദൈവത്തിൽ വിശ്വാസം (ഉറപ്പ്) ഉണ്ടാകേണ്ടത്. നാം സ്വയത്തിനു മരിക്കേണ്ടതാേ അല്ലെങ്കിൽ മറ്റുള്ളവരാൽ “ക്രൂശിക്കപ്പെടേണ്ടതോ” ആയ സാഹചര്യങ്ങൾ ദൈവം ക്രമീകരിക്കുമ്പോൾ, അവിടുന്ന് ഉപയോഗിക്കുന്ന മാനുഷികമായ ഉപകരണങ്ങൾക്കപ്പുറം നാം ദൈവത്തെ തന്നെ കാണണം.
യേശു പറഞ്ഞു, ഹൃദയശുദ്ധിയുള്ളവൻ, ദൈവത്തെ മാത്രമേ കാണുകയുള്ളൂ (മത്താ. 5:8) – മാനുഷിക ഉപകരണങ്ങളെ അല്ല. നമ്മെ ക്രൂശിക്കുന്നവരെ മാത്രം നാം കാണുമ്പോൾ, അതു സൂചിപ്പിക്കുന്നത് നമ്മുടെ ഹൃദയം ശുദ്ധമല്ല എന്നാണ്. അപ്പോൾ നമുക്ക് ആ മനുഷ്യർക്കെതിരായി പരാതികൾ ഉണ്ടാകും.
എന്നാൽ നമ്മുടെ ഹൃദയം നിർമ്മലമായിരിക്കുമ്പോൾ, നാം ദൈവത്തെ മാത്രമെ കാണുകയുള്ളു. അപ്പോൾ നമ്മെ മരണത്തിലേക്ക് താഴ്ത്താൻ അനുവദിക്കുന്ന അവിടുന്ന് നമ്മെ ഉയർത്തുകയും ചെയ്യും എന്ന ഉറപ്പ് നമുക്ക് ഉണ്ടാകും (ജലസ്നാനത്തിലെന്ന പോലെ). “ക്രിസ്തുവിനോടുകൂടെ നാം മരിക്കുന്നു എങ്കിൽ ക്രിസ്തു ഉയർപ്പിക്കപ്പെട്ടതു പോലെ നാമും ദൈവത്താൽ ഉയർപ്പിക്കപ്പെടും (2 തിമൊ. 2:11). അപ്പോൾ നാം വിശ്വാസത്തിൽ മരിക്കുന്നു (ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിൽ). അപ്പോൾ നമുക്ക് ഒരു മഹത്വകരമായ പുനരുത്ഥാന ജീവനിലേക്ക് കടക്കാൻ കഴിയും. അല്ലാത്തപക്ഷം നാം എപ്പോഴും ജീവിച്ചിരുന്ന അതേ പഴയ പരാജിതമായ ആദാമ്യ ജീവനിൽ തന്നെ എപ്പോഴും ജീവിക്കും. നാം സ്വയത്തിനു മരിക്കാൻ കൂട്ടാക്കാതിരിക്കുമ്പോൾ, അതു സൂചിപ്പിക്കുന്നത് നമുക്ക് ദൈവത്തിൽ വിശ്വാസം (ഉറപ്പ്) ഇല്ല എന്നാണ്.
വിശ്വാസമുള്ള മനുഷ്യൻ ഏക മനസ്സുള്ളവൻ ആണ്, യാക്കോബ് 1:6-8 വരെയുള്ള ഭാഗങ്ങളിൽ വായിക്കുന്നതുപോലെ. അങ്ങനെയുള്ള ഒരുവന് ജീവിതത്തിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരിക്കുകയുള്ളൂ- ദൈവത്തെ പ്രസാദിപ്പിക്കുവാനും അവിടുത്തെ മഹത്വപ്പെടുത്തുവാനും. അങ്ങനെയുള്ള ഒരുവനു മാത്രമെ വിശ്വാസത്താൽ ജീവിക്കുന്നവൻ എന്നു വിളിക്കപ്പെടാൻ കഴിയുകയുള്ളു- കാരണം കാണപ്പെടാത്ത കാര്യങ്ങൾ മാത്രമാണ് നിത്യമായ വിലയുള്ളത് എന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് അവൻ ജീവിക്കുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവവചനം പറയുന്ന കാര്യങ്ങൾ അവൻ വിശ്വസിക്കും.
പല “വിശ്വാസികളും” നരകത്തിൽ പോകാൻ ആഗ്രഹിക്കാത്തതു കൊണ്ടാണ് അവർ യേശുവിൽ വിശ്വസിക്കുന്നത്. എന്നാൽ അവർ വിശ്വാസത്താൽ ജീവിക്കുന്നില്ല. ദൈവം തൻ്റെ വചനത്തിൽ പറയുന്നതു സത്യമാണെന്ന കാര്യം അവർക്കു ബോധ്യപ്പെട്ടിട്ടില്ല. തങ്ങളുടെ ജീവിതത്തിൽ ചെയ്യുകയും പറയുകയും ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടി വരും എന്ന് അവർ വിശ്വസിക്കുന്നില്ല. തങ്ങളെ തന്നെ പ്രസാദിപ്പിക്കാനും, ഈ ലോക സുഖങ്ങൾ ആസ്വദിക്കാനും, പണത്തിൻ്റെ പിന്നാലെ ഓടുവാനും വേണ്ടിയാണ് അവർ ജീവിക്കുന്നതെങ്കിൽ, ഈ ലോകം വിട്ടു കഴിയുമ്പോൾ, നിത്യത മുഴുവൻ അവർക്കു ദുഃഖിക്കേണ്ടി വരും എന്ന് അവർ വിശ്വസിക്കുന്നില്ല.
മരിച്ച് നരകത്തിൽ പോയ ആ ധനവാന് (യേശു പറഞ്ഞ ആൾ), അയാൾ മരിച്ച ഉടൻ അനുതാപം ഉണ്ടായിട്ട് തൻ്റെ ജീവിതത്തിൽ, ദിനം പ്രതിയുള്ള മാനസാന്തരത്തിൽ ജീവിക്കാതിരുന്ന തൻ്റെ തെറ്റ് അയാളുടെ സഹോദരന്മാർ ആവർത്തിക്കരുത് എന്നു പറയുവാൻ ആരെയെങ്കിലും അവരുടെ അടുത്തേക്ക് അയക്കേണമെന്ന് അയാൾ ആഗ്രഹിച്ചു (ലൂക്കോ.16:28,30). ഈ ഭൂമിയിൽ നാമെല്ലാവരും പ്രാരംഭ പരിശീലന കാലത്തിലാണ്, ഇവിടെ നാം മൃഗങ്ങളെ പോലെ ഭൂമിയിലെ പൊടിക്കുവേണ്ടി ജീവിക്കുമോ, അതോ ദൈവപുത്രന്മാരെ പോലെ നിത്യ മൂല്യമുള്ള കാര്യങ്ങൾക്കു വേണ്ടി ജീവിക്കുമോ എന്ന് ദൈവം പരിശോധിക്കുകയാണ് – നന്മ, സ്നേഹം, പൂർണ്ണമായ നിർമ്മലത, താഴ്മ മുതലായവയാൽ വിശേഷിപ്പിക്കപ്പെട്ട ഒരു ജീവിതം.
നിത്യമായ വിലയുള്ള കാര്യങ്ങൾക്കു വേണ്ടി ജീവിക്കുവാൻ ആവശ്യമായ കൃപ കർത്താവ് നിങ്ങൾക്കു നൽകട്ടെ.