ദൈനംദിന ജീവിതത്തിൽ പരിശോധന ചെയ്യപ്പെട്ടത്- WFTW 24 ഒക്ടോബർ 2021

സാക് പുന്നന്‍

ഇസ്രായേലിൻ്റെ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ ഗിദെയോൻ ഒരു സൈന്യത്തെ വിളിച്ചു കൂട്ടിയപ്പോൾ, 32000 പേർ അവൻ്റെ കൂടെ ഉണ്ടായിരുന്നു. അവരെല്ലാവരും പൂർണ്ണഹൃദയത്തോടു കൂടിയവർ അല്ല എന്ന് ദൈവത്തിനറിയാമായിരുന്നു. അതുകൊണ്ട് ദൈവം അവരുടെ സംഖ്യ വെട്ടിക്കുറച്ചു. ഭയമുള്ളവരെ ആദ്യം ഭവനങ്ങളിലേക്കു മടക്കി അയച്ചു. എന്നാൽ അപ്പോഴും 10000 പേർ അവശേഷിച്ചു. ഇവരെ, പരിശോധിക്കപ്പെടേണ്ടതിനായി നദിയിലേക്കു കൊണ്ടുപോയി. 300 പേർ മാത്രമെ പരീക്ഷ ജയിച്ച് ദൈവത്താൽ അംഗീകരിക്കപ്പെട്ടുള്ളു (ന്യായാധിപന്മാർ 7:1-8).

ആ 10000 പേരും തങ്ങളുടെ ദാഹം ശമിപ്പിക്കുവാൻ നദിയിൽ നിന്നും വെള്ളം കുടിച്ച രീതിയാണ്, ഗിദെയോൻ്റെ സൈന്യത്തിൽ ആയിരിക്കേണ്ടതിനു യോഗ്യതയുള്ളവരെ നിശ്ചയിക്കുവാൻ ദൈവം ഉപയോഗിച്ച മാർഗം. അവർ പരിശോധിക്കപ്പെടുകയാണെന്ന് അവർ അറിഞ്ഞില്ല. അവരിൽ 9700 പേർ തങ്ങളുടെ ദാഹം ശമിപ്പിക്കുവാൻ വേണ്ടി മുട്ടുകുത്തി കുനിഞ്ഞപ്പോൾ അവർ ശത്രുവിനെ കുറിച്ചുള്ള കാര്യമെല്ലാം മറന്നു. 300 പേർ മാത്രം അവരുടെ കാലുകളിൽ നിവർന്നു നിന്ന്, ജാഗ്രതയോടെ, കൈക്കുമ്പിളിൽ വെള്ളം കോരി കുടിച്ചു.

ജീവിതത്തിലെ സാധാരണ കാര്യങ്ങളിലാണ് ദൈവം നമ്മെ പരിശോധിക്കുന്നത്- പണം, വിഷയ സുഖം, ഈ ലോകത്തിൻ്റെ മാനം, സുഖസൗകര്യങ്ങൾ മുതലായവയോടുള്ള നമ്മുടെ മനോഭാവം. ഗിദെയോൻ്റെ സൈന്യത്തെ പോലെ, ദൈവം നമ്മെ പരിശോധിക്കുകയാണെന്ന്, നാമും പലപ്പോഴും അറിയാറില്ല.

ഈ ലോകത്തിൻ്റെ ചിന്തകളാൽ ഭാരപ്പെടരുത് എന്ന് യേശു നമുക്ക് മുന്നറിയിപ്പു തന്നിട്ടുണ്ട്. അവിടുന്ന് ഇപ്രകാരം പറഞ്ഞു, നിങ്ങളുടെ ഹൃദയം അതി ഭക്ഷണത്താലും, മദ്യപാനത്താലും, ഉപജീവന ചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്കു പെട്ടെന്ന് കെണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ (ലൂക്കോ.21:34).

എന്നാൽ സഹോദരന്മാരെ ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു, ഇനി ഭാര്യമാരുള്ളവർ, ഇല്ലാത്തവരെ പോലെയും; കരയുന്നവർ, കരയാത്തവരെ പോലെയും; സന്തോഷിക്കുന്നവർ, സന്തോഷിക്കാത്തവരെ പോലെയും; വിലയ്ക്കു വാങ്ങുന്നവർ, കൈവശമാക്കാത്തവരെ പോലെയും; ലോകത്തെ അനുഭവിക്കുന്നവർ, അതിനെ അനുഭവിക്കാത്തവരെ പോലെയും ആയിരിക്കേണം… ഞാൻ ഇതു നിങ്ങളോടു പറയുന്നത്, നിങ്ങൾക്കു കർത്താവിനോടുള്ള ഏകാഗ്രമായ ഭക്തി സൂക്ഷിക്കപ്പെടേണ്ടതിനാണ് (1കൊരിന്ത്യർ 7:29 -35) എന്നു പറഞ്ഞ് പൗലൊസ് കൊരിന്തിലുള്ള ക്രിസ്ത്യാനികളെ പ്രബോധിപ്പിച്ചു.

കർത്താവിനോടുള്ള നിങ്ങളുടെ സമ്പൂർണ്ണ ഭക്തിയിൽനിന്ന് നിങ്ങളുടെ ഏകാഗ്രത കെടുത്തുവാൻ ഈ ലോകത്തിൻ്റെ യാതൊന്നിനെയും നിങ്ങൾ അനുവദിക്കരുത്. ലോകപ്രകാരം ന്യായമായ കാര്യങ്ങളാണ് പാപകരമായ കാര്യങ്ങളേക്കാൾ വലിയ കെണി- കാരണം ന്യായമായ (നിയമാനുസൃതമായ) കാര്യങ്ങൾ നിഷ്കളങ്കവും നിർദ്ദോഷവുമായി തോന്നുന്നു!!

നമുക്ക് നമ്മുടെ ദാഹം ശമിപ്പിക്കാം- എന്നാൽ നമ്മുടെ കൈക്കുമ്പിളിൽ അത്യാവശ്യത്തിനു വേണ്ടത്ര തീരെ കുറഞ്ഞ അളവിൽ മാത്രം കുടിക്കുക. നമ്മുടെ മനസ്സ് ഭൂമിയിലെ കാര്യങ്ങളിലല്ല ഉയരത്തിലുള്ള കാര്യങ്ങളിൽ ഉറപ്പിക്കുക. നമുക്ക് യേശുവിൻ്റെ ശിഷ്യന്മാരാകണമെങ്കിൽ നാം നമുക്കുള്ളതെല്ലാം ഉപേക്ഷിക്കണം. വലിച്ചു നിർത്തിയ ഒരു റബ്ബർ ബാൻഡു പോലെ, അത്യാവശ്യമുള്ള കാര്യങ്ങളിൽ മാത്രം നമ്മുടെ മനസ്സിന് ഇടപെടാം എന്നാൽ ആ കാര്യം ചെയ്തു കഴിഞ്ഞാൽ ഉടൻ, വലിഞ്ഞു നിൽക്കുന്ന അവസ്ഥയിൽ നിന്നു സ്വതന്ത്രമായാൽ ഉടൻ റബ്ബർ ബാൻഡ് സാധാരണ സ്ഥിതിയിലേക്ക് തെറിച്ചു പോകുന്നതു പോലെ, നമ്മുടെ മനസും കർത്താവിൻ്റെയും നിത്യതയുടെയും കാര്യങ്ങളിലേക്ക് തിരികെ തെറിച്ചു പോകണം. നമ്മുടെ മനസ്സ് “ഭൂമിയിലുള്ളതിലല്ല ഉയരത്തിലുള്ളതിൽ തന്നെ ഉറപ്പിക്കുവിൻ” (കൊലൊസ്യർ 3:2) എന്നു പറയുന്നതിന്റെ അർത്ഥം ഇതാണ്. അനേകം വിശ്വാസികളുടെ കാര്യത്തിലും, ഏതു വിധമായാലും, റബ്ബർ ബാൻഡ് മറ്റൊരു വിധത്തിലാണ് പ്രവർത്തിക്കുന്നത്. അവരുടെ മനസ്സ് വല്ലപ്പോഴുമൊക്കെ നിത്യതയെ കുറിച്ചു ചിന്തിക്കുന്നതിലേക്കു വലിഞ്ഞു നിൽക്കും. അവിടെ നിന്നു വിട്ടാൽ, ഈ ലോകത്തിന്റെ കാര്യങ്ങളാൽ പിടിക്കപ്പെട്ടിരിക്കുന്ന അവരുടെ സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരുന്നു!!

What’s New?