നഷ്ടപ്പെട്ട ആത്മാക്കളോടുള്ള ദൈവത്തിൻ്റെ മനസ്സലിവ്- WFTW 17 ഒക്ടോബർ 2021

സാക് പുന്നന്‍

യോനാ 3:1 ൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. “അപ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം യോനായ്ക്കുണ്ടായി”. നാം ഒരു തവണ പരാജയപ്പെടുമ്പോൾ, കർത്താവ് നമുക്ക് രണ്ടാമത് ഒരു അവസരം തരുന്നതിന് കർത്താവിനെ സ്തുതിക്കുന്നു. യോനായുടെ പുസ്തകത്തിൽ നിന്നു നമുക്കു ലഭിക്കുന്ന മഹത്തായ സന്ദേശങ്ങളിൽ ഒന്ന് അതാണ്‌. നിങ്ങൾ കർത്താവിനെ പരാജയപ്പെടുത്തിയിരിക്കുന്നുവോ? നിങ്ങൾക്ക് മറ്റൊരവസരം തരാൻ വേണ്ടി ദൈവം കാത്തിരിക്കുകയാണ്. രണ്ടാമത്തെ തവണ നിങ്ങൾ അവിടുത്തെ പരാജയപ്പെടുത്തിയോ? ദൈവം നിങ്ങൾക്കു മൂന്നാമത് ഒരവസരം നൽകും. അവിടുന്ന് രണ്ടാമൂഴത്തിൻ്റെ മാത്രം ദൈവമല്ല- നമ്മിലേറെ പേരും വളരെ, വളരെ പണ്ടു തന്നെ നമ്മുടെ രണ്ടാമത്തെ അവസരം ഊതിക്കഴിഞ്ഞു. അവിടുന്ന് മറ്റൊരവസരത്തിൻ്റെ ദൈവമാണ്, നിങ്ങൾ എത്ര തവണ പരാജയപ്പെട്ടു എന്നതു കാര്യമല്ല! നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ മാനസാന്തരപ്പെടുമെങ്കിൽ, കർത്താവിന് ഇപ്പോഴും നിങ്ങളെ യഥാസ്ഥാനപ്പെടുത്തുവാനും, അവിടുത്തേക്കുവേണ്ടി ഒരു ശുശ്രൂഷ നിർവ്വഹിക്കുന്നതിനു നിങ്ങളെ പ്രാപ്തനാക്കാനും കഴിയും.

ആ മഹാനഗരത്തിലൂടെ, 40 ദിവസങ്ങൾക്കുള്ളിൽ നീനെവേയിലെ ഓരോ തെരുവുകളും നശിപ്പിക്കപ്പെടും എന്നു പ്രഘോഷിച്ചു കൊണ്ടു നടക്കുവാൻ യോനായ്ക്കു മൂന്നു ദിവസം വേണ്ടിവന്നു. ആശ്ചര്യകരമാം വിധം, നീനെവേയിലെ ജനങ്ങൾ പെട്ടെന്നുതന്നെ മാനസാന്തരപ്പെട്ടു. ലോകചരിത്രത്തിൽ എക്കാലവും നടന്നിട്ടുള്ള ഏറ്റവും പെട്ടെന്നുള്ളതും ഏറ്റവും വലിയതുമായ ഒരു ഉണർവ്വായിരുന്നു അത്. ഇവിടെ എന്നെ പ്രോത്സാഹിപ്പിച്ച കാര്യങ്ങളിൽ ഒന്ന്, നീനെവേ പോലെയുള്ള ഒരു ദുഷ്ട നഗരം പോലും മാനസാന്തരപ്പെട്ടപ്പോൾ, ദൈവം അവരോടു കരുണയുള്ളവനായിരുന്നു. ചില വർഷങ്ങൾക്കുശേഷം അവിടുന്നു അതിനെ നശിപ്പിക്കത്തക്കവിധം അത് വഷളത്തമുള്ള ഒരു നഗരമാകും എന്ന് ദൈവത്തിന് അറിയാമായിരുന്നു. എന്നാൽ ദൈവം ഓരോരുത്തരെയും കൈകാര്യം ചെയ്യുന്നത് അവർ ഇപ്പോൾ ആയിരിക്കുന്നതിനനുസരിച്ചാണ്- അല്ലാതെ ഭൂതകാലത്തിൽ അവർ ആയിരുന്നതിനനുസരിച്ചോ അല്ലെങ്കിൽ ഭാവിയിൽ എന്താകും എന്നതിന് അനുസരിച്ചോ അല്ല. “ഞാൻ ആകുന്നു” എന്നാണ് അവിടുത്തെ നാമം , “ഞാൻ ആയിരുന്നു” എന്നോ “ഞാൻ ആയിരിക്കും” എന്നോ അല്ല. നമ്മേക്കാൾ വളരെയധികം മനസ്സലിവുള്ളവനാണ് ദൈവം.

ദൈവത്തിനു നീനെവേയുടെ മേൽ കരുണണ്ടായപ്പോൾ യോനാ ആവേശഭരിതനായി എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ അവൻ അങ്ങനെ ആയിരുന്നില്ല. യോനായെ ഒരു പാഠം പഠിപ്പിക്കേണ്ടതിന്, ഒരു ചെടി അവൻ്റെ തലയ്ക്കു മീതെ വളർന്നു പൊങ്ങുവാൻ യഹോവ അനുവദിച്ചു. ഈ ചെടി നിമിത്തം യോനായ്ക്കു വളരെ സന്തോഷമുണ്ടായിരുന്നു. എന്നാൽ അടുത്ത ദിവസം ആ ചെടി തിന്നേണ്ടതിന് ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി, അതു വാടിപ്പോയി. സൂര്യൻ്റെ ചൂട് അവൻ്റെ തലയിൽ ഏറ്റതുകൊണ്ട് വീണ്ടും യോനാ കോപിച്ചിട്ട് ഇപ്രകാരം പറഞ്ഞു, “ജീവിച്ചിരിക്കുന്നതിനേക്കാൾ എനിക്കു മരിക്കുന്നതു നന്ന്” . അപ്പോൾ ദൈവം യോനായോടു ഇപ്രകാരം പറഞ്ഞു “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായി വരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ഒരു ചെടിയെ കുറിച്ചു നിനക്ക് “അയ്യോഭാവം” തോന്നുന്നുവല്ലോ. എന്നാൽ വലംകൈയും ഇടംകൈയും തമ്മിൽ തിരിച്ചറിഞ്ഞു കൂടാത്ത 120000ത്തിനുമേൽ മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോട് എനിക്ക് അയ്യോഭാവം തോന്നരുതോ?” (യോനാ 4:11).

യോനാ 4:11ൽ – പഴയനിയമത്തിലെ വേറെ ഏതൊരു വാക്യത്തിൽ ഉള്ളതിലും അധികം- നഷ്ടപ്പെട്ട ആത്മാക്കൾക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ അപാരമായ മനസ്സലിവ് നാം കാണുന്നു. ആരും നശിച്ചുപോകാതിരിക്കേണ്ടതിന് അവിടുത്തെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ഈ കാര്യത്തിൽ യോനായ്ക്ക് ദൈവവുമായി കൂട്ടായ്മയിലാകുവാൻ ഒരുവിധത്തിലും കഴിഞ്ഞില്ല. ഇന്നും അത്തരം ധാരാളം പ്രാസംഗികർ ഉണ്ട്, അവർ പ്രസംഗിക്കുകയും ഉണർവ്വ് കാണുകയും ചെയ്യുന്നു (യോനാ ചെയ്തതുപോലെ), എന്നാൽ യോനായെ പോലുള്ളവർ ദൈവത്തിൻ്റെ മനസ്സലിവുള്ള ഹൃദയവുമായി കൂട്ടായ്മയിലല്ല. അത്തരം പ്രാസംഗികർ, അവർ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നതു പോലെ തങ്ങളുടെ ശുശ്രൂഷ നിർവ്വഹിക്കുന്നില്ല. നിങ്ങൾ പ്രസംഗിച്ച് ആളുകളെ രക്ഷയിലേക്കു നടത്തിയേക്കാം, എന്നാലും അതിൻ്റെ എല്ലാം ഒടുവിൽ, യോനായെപ്പോലെ, ദൈവത്തോട് ഒരു കൂട്ടായ്മയും ഇല്ലാത്തവർ ആയിരിക്കാം. ഒരു സുവിശേഷീകരണ ശുശ്രൂഷയ്ക്കു വേണ്ടി ശരിയായ അടിസ്ഥാനം ദൈവത്തിൻ്റെ ഹൃദയവുമായുള്ള കൂട്ടായ്മയാണ്. വെളിച്ചം ഇല്ലാതിരിക്കുന്നവരോട് ദൈവത്തിന് അത്ര വലിയ മനസ്സലിവാണ്. സകല മനുഷ്യരും മാനസാന്തരപ്പെട്ട്, രക്ഷിക്കപ്പെട്ട്, സത്യത്തിൻ്റെ പരിജ്ഞാനത്തിലേക്കു വരണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് വേദപുസ്തകം പറയുന്നു. അവിടുന്നു അതിനായി വാഞ്ഛിക്കുന്നു. നാം ദൈവത്തിൻ്റെ ഹൃദയവുമായി എത്രയധികം കൂട്ടായ്മയിലേക്കു വരുന്നോ, അത്രയധികം നാം അവിടുത്തെ ഭാരം പങ്കുവയ്ക്കും. ദൈവം നിങ്ങളെ ഒരു സുവിശേഷകനായി വിളിച്ചിരിക്കുന്നു എങ്കിൽ, നഷ്ടപ്പെട്ട ആത്മാക്കൾക്കായി ഒരു മനസ്സലിവ് അവിടുന്നു നിങ്ങൾക്കു തരും. ഒരു ഉപദേഷ്ടാവായിരിക്കുവാൻ ദൈവം നിങ്ങളെ വിളിക്കുന്നെങ്കിൽ, കണ്ണു കുരുടാക്കപ്പെട്ടവരും, വഞ്ചിക്കപ്പെട്ടവരും, വിജയകരമായ ഒരു ജീവിതത്തിലേക്കു പ്രവേശിക്കാൻ കഴിയാത്തവരുമായ വിശ്വാസികളോട് ഒരു മനസ്സലിവ് നിങ്ങളുടെ ഹൃദയത്തിൽ അവിടുന്നു തരും. നമുക്ക് നമ്മുടെ ശുശ്രൂഷ ഫലപ്രദമായി നിർവഹിക്കണമെങ്കിൽ, ദൈവത്തിൻ്റെ മനസ്സലിവ് പങ്കിടുന്നതിൽ ദൈവത്തിൻ്റെ ഹൃദയവുമായുള്ള കൂട്ടായ്മ അത്യന്താപേക്ഷിതമാണ്.