ദൈവജനത്തിൻ്റെ അവസ്ഥ അവരുടെ നേതാക്കന്മാരെ ആശ്രയിച്ചിരിക്കുന്നു – WFTW 23 മേയ് 2021

സാക് പുന്നന്‍

1 രാജാക്കന്മാരുടെ പുസ്തകത്തിൽ നാം കാണുന്നത്, അത് ആരംഭിക്കുന്നത് ദൈവത്തിന്റെ സ്വന്തം ഹൃദയ പ്രകാരമുള്ള മനുഷ്യനായ ദാവീദിനോടു കൂടെയും, അവസാനിക്കുന്നത് എക്കാലവും ഇസ്രായേൽ ഭരിച്ച രാജാക്കന്മാരിൽ ഏറ്റവും ദുഷ്ടനായ ആഹാബ് രാജാവിനോടു കൂടെയും ആണെന്നാണ്. ശക്തമായ ഒരു രാഷ്ട്രമായി ആരംഭിക്കുന്ന ഇസ്രായേൽ അവസാനിക്കുന്നത്, അനേകം ദുഷ്ട രാജാക്കന്മാരാൽ ഭരിക്കപ്പെടുന്ന രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട ഒരു രാഷ്ട്രമായാണ് – പ്രത്യേകിച്ച് ഇസ്രായേൽ ഭരിക്കപ്പെട്ടിരുന്നത്.

ദൈവ ജനത്തിന്റെ അവസ്ഥ അതിന്റെ നേതാക്കന്മാരുടെ ആത്മീയതയെയോ അതിന്റെ കുറവിനെയോ വലിയ അളവിൽ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേലിന് ദൈവഭക്തനായ ഒരു നേതാവ് ഉണ്ടായിരുന്നപ്പോഴെല്ലാം അവർ ദൈവികമാർഗത്തിൽ മുന്നേറി. ജഡികനായ ഒരു നേതാവ് ഉണ്ടായിരുന്നപ്പോൾ അവർ ദൈവത്തിൽ നിന്നകന്ന്‌ സുഖാസക്തിയിലേക്ക് പോയി. ദൈവ ജനത്തിന്റെ ഇടയിലുള്ള ഏറ്റവും വലിയ ആവശ്യം എപ്പോഴും ദൈവഭക്തരായ നേതാക്കന്മാർക്കു വേണ്ടിയുള്ളതായിരുന്നു.

യേശു തന്റെ കാലത്തുണ്ടായിരുന്ന പുരുഷാരത്തെ നോക്കിയിട്ട് അവരെ ഇടയനില്ലാത്ത ആടുകളെപ്പോലെ കണ്ടു. ദൈവം തന്റെ ജനത്തിന്റെ മധ്യത്തിലേക്ക് ഇടയന്മാരെ അയക്കേണ്ടതിനായി പ്രാർത്ഥിക്കുവാൻ അവിടുന്ന് തന്റെ ശിഷ്യന്മാരോട് പറഞ്ഞു (മത്താ. 9 : 36-38). ദൈവം ഇന്നുള്ള സഭകളെ നോക്കുമ്പോൾ, ദൈവ ഭക്തരായ നേതാക്കന്മാർക്കു വേണ്ടിയുള്ള അതേ ആവശ്യം അവിടുന്ന് കാണുന്നു. നമ്മുടെ ഈ തലമുറയിൽ ദൈവം അന്വേഷിക്കുന്ന വിധത്തിലുള്ള പുരുഷനും സ്ത്രീയും ആയിരുന്ന്‌ ദൈവത്തിന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുക എന്നതാണ് അപ്പോൾ നമുക്കുള്ള വെല്ലുവിളി.

ഓരോ തലമുറയിലും ദൈവത്തിന് ദൈവഭക്തരായ നേതാക്കളെ ആവശ്യമുണ്ട്. കഴിഞ്ഞ തലമുറയിൽ ഉണ്ടായിരുന്ന നേതാക്കന്മാരുടെ വിവേകത്തിൽ ആശ്രയിക്കാൻ നമുക്ക് കഴിയില്ല. ദാവീദിന് എന്നെന്നേക്കും ഇസ്രായേലിനെ ഭരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം മരിക്കുകയും മറ്റാരെങ്കിലും ഭരണം ഏറ്റെടുക്കുകയും ചെയ്യണമായിരുന്നു. ഇസ്രായേൽ എന്തായി തീരുമെന്നത് അടുത്തതായി രാജാവാകുന്ന വ്യക്തിയെ ആശ്രയിച്ചായിരിക്കും.

ഒരു തലമുറയിൽ ഒരു പ്രവൃത്തി ആരംഭിക്കുവാൻ ദൈവം ദൈവഭക്തനായ ഒരു മനുഷ്യനെ എഴുന്നേൽപ്പിക്കുന്നു. അയാൾ വൃദ്ധനായി മരിക്കുന്നു. അടുത്ത തലമുറയിലുള്ള നേതാക്കന്മാർക്ക് സ്ഥാപകന്റെ അറിവും അയാളുടെ ഉപദേശങ്ങളും മാത്രം ഉണ്ടായിരിക്കുകയും അദ്ദേഹത്തിന്റെ ദൈവഭക്തിയും അദ്ദേഹം ദൈവത്തെ അറിഞ്ഞതുപോലെയുള്ള അറിവും ഇല്ലാതെ വരികയും ചെയ്യുമോ? അപ്പോൾ ജനം തീർച്ചയായും വഴി തെറ്റി പോകും. നമ്മുടെ ഈ നാളുകളിൽ ദൈവത്തിന് ദാവീദ്മാരെയും ദെബോറാമാരെയും ആവശ്യമുണ്ട്.