പഴയ മനുഷ്യനും ജഡവും തമ്മിലുള്ള വ്യത്യാസം – WFTW 28 ജൂലൈ 2013

സാക് പുന്നന്‍

   

 യോശുവയുടെ പുസ്തകത്തില്‍ പറയുന്ന കനാന്‍ നാട് സ്വര്‍ഗ്ഗത്തിന്റെ ഒരു ചിത്രമല്ല. (ചില വിശ്വാസികള്‍ അവരുടെ പാട്ടുകളില്‍ അങ്ങനെ പറയുന്നുണ്ട് .) കാരണം സ്വര്‍ഗ്ഗത്തില്‍ നമുക്ക് കൊന്നു കീഴടക്കേണ്ട മല്ലന്മാരോന്നുമില്ല എന്നതു തന്നെ.യഥാര്‍ത്ഥത്തില്‍ കനാന്‍ എന്നത്  ആത്മാവില്‍ നിറഞ്ഞ ജയകരമായ ജീവിതത്തിന്റെ ഒരു വിവരണമാണ് .അവിടെ നമ്മുടെ ജഡത്തിന്റെ മോഹങ്ങളും പാപങ്ങളുമായ മല്ലന്മാരെ നാം ക്രൂശിക്കുന്നു. എല്ലാ മല്ലന്മാരെയും  ഒരുമിച്ച് കൊല്ലുന്നില്ല, അവരെ ഒന്നൊന്നായിട്ടാണു കൊന്നത്.
യിസ്രായേല്‍ മക്കളുടെ കനാനിലെക്കുള്ള യാത്രയില്‍ അവര്‍ക്ക് രണ്ടു തവണ വെള്ളത്താലുള്ള തടസ്സത്തെ മറികടക്കേണ്ടതായുണ്ടായിരുന്നു. ഒന്ന് ചെങ്കടല്‍ , മറ്റൊന്ന് ജോര്‍ദ്ദാന്‍ നദി. ഇവ രണ്ടു മരണങ്ങളെ സൂചിപ്പിക്കുന്നു. 1 കൊരിന്ത്യര്‍ 10  അധ്യായത്തില്‍ ചെങ്കടലിനെ ജലസ്‌നാനത്തിന്റെ ഒരു ചിത്രമായി കാണുന്നു. യോര്‍ദ്ദാന്‍ നദി മറ്റൊരു തരത്തില്‍ മരണത്തെ സൂചിപ്പിക്കുന്നു. ഇവിടെയാണ് 1500  വര്‍ഷങ്ങള്‍ക്കു ശേഷം യോഹന്നാന്‍ സ്‌നാപകന്‍ യേശുവിനെ  സ്‌നാനം കഴിച്ചത്.

നമ്മുടെ പഴയ മനുഷ്യന്‍ ദൈവത്താല്‍ ക്രൂശിക്കപ്പെട്ടു എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. (റോമ 6:6 ) . നമുക്ക്  സ്വയം നമ്മുടെ പഴയ മനുഷ്യനെ ക്രൂശിക്കുവാന്‍ കഴിയുകയില്ല. പഴയ  മനുഷ്യന്‍ (പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന മനസ്സ്) ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു . അത് ദൈവമാണ് ചെയ്തത് . എന്നാല്‍ നാം ക്രൂശിക്കേണ്ട  വേറൊന്നുണ്ട് . നമ്മുടെ ജഡം ( നമ്മുടെ ഇച്ച്ഛയുടെ സംഭരണശാല ).  ഗലാത്യര്‍ 5.24 പറയുന്നു ‘ക്രിസ്തു യേശുവിലുള്ളവര്‍  ജഡത്തെ അതിന്റെ രാഗമോഹങ്ങളോടു കൂടി ക്രൂശിച്ചിരിക്കുന്നു .’

ജഡവും പഴയ മനുഷ്യനും തമ്മില്‍ വ്യത്യാസമുണ്ട് .  ജഡവും   അതിന്റെ മോഹങ്ങളും  നമ്മുടെ ഹൃദയം കവര്‍ന്ന് അതിനെ മലിനപ്പെടുത്തുവാന്‍ വരുന്ന ഒരു പറ്റം മോഷ്ടാക്കളെ പോലെയാണ്. പഴയ മനുഷ്യന്‍ എന്നത് ഈ  മോഷ്ടാക്കള്‍ക്കായി നമ്മുടെ ഹൃദയ കവാടം തുറന്നു കൊടുക്കുന്ന അവിശ്വസ്തനായ  ദാസനും. ഇതില്‍ അവിശ്വസ്തനായ  ദാസനെയാണ്  ദൈവം കൊല്ലുന്നത് .  മോഷ്ടാക്കളുടെ കൂട്ടം ഇന്നും ശക്തരായിട്ട്  ഇരിക്കുന്നു. അതുകൊണ്ടാണ്  നാം വിണ്ടും ജനിക്കുന്നത്തിനു മുന്‍പ് പരീക്ഷിക്കപ്പെട്ടതുപോലെ തന്നെ പിന്നിടും പരീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ നമ്മുടെ ഉള്ളില്‍ എന്തോ ഒന്ന് മരിച്ചിരിക്കുന്നു. അത് മോഷ്ടാക്കള്‍ക്കായി  വാതില്‍ തുറന്നു കൊടുത്തിരുന്ന ആ ദാസനാണ് (പഴയ മനുഷ്യന്‍). നാം വീണ്ടും ജനിച്ചപ്പോള്‍ ദൈവം ആ ദാസനെ കൊന്നിട്ട് മോഷ്ടാക്കള്‍ക്കു വാതില്‍ തുറന്നു കൊടുക്കാത്ത ഒരു പുതിയ ദാസനെ നമ്മുടെ ഉള്ളിലാക്കിയിരിക്കുന്നു . പ്രലോഭനങ്ങള്‍ വരുമ്പോള്‍ പുതിയ ദാസന്‍ പറയും ‘ഇല്ല’, പിന്നെ എങ്ങനെയാണ് വിശ്വാസികള്‍ വീഴുന്നത് ? അവര്‍ ഈ  പുതിയ ദാസനെ വേണ്ടവണ്ണം പരിപോഷിപ്പിക്കാത്തതാണ് അതിനു കാരണം. മോഷ്ടാക്കള്‍ വരുമ്പോള്‍ വാതില്‍ അടയ്കുവാന്‍ തക്കവണ്ണം അവന്‍ ശക്തനല്ലാതായി തീരുന്നു. അതിനാല്‍  മോഷ്ടാക്കള്‍  വാതില്‍  തള്ളി തുറന്ന് അകത്തു കടക്കുവാന്‍ ഇടയാകും . ഇങ്ങനെയാണ് ഒരു  വിശ്വാസി പാപത്തില്‍ വീഴുന്നത് .

എന്നാല്‍ ഒരു വിശ്വാസി പാപം ചെയ്യുന്നതും അവിശ്വാസി പാപം ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട് . കാരണം വിശ്വാസി പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ല. അവിശ്വാസി പാപം ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നു. വാസ്തവത്തില്‍ നാം വീണ്ടും ജനിച്ചിട്ടുണ്ടൊ എന്നത്തിന്റെ ഒരു പരിശോധന കൂടിയാണിത്. വീണ്ടും ജനിച്ചിട്ടുണ്ടൊ എന്നത്തിന്റെ തെളിവ് നാം പാപം ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതല്ല, എന്നാല്‍ പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ്. ഇപ്പോഴും നിങ്ങള്‍ പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ വീണ്ടും ജനിച്ചിട്ടില്ല എന്ന് ഞാന്‍ പറയും. സ്‌നാനത്തിനായി എന്റെ അടുക്കല്‍ വരുന്നവരോട് ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യം ‘പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ?’ എന്നാണ്. അല്ലാതെ   ‘നിങ്ങള്‍  ഇനി പാപം ചെയ്യുമോ ?’ എന്നല്ല . കാരണം ‘ ഇനി പാപം ചെയ്യുകയില്ലാ’ എന്ന് പറയുവാന്‍ ആര്‍ക്കും കഴിയുകയില്ല . പാപം ചെയ്യുവാനുള്ള ആഗ്രഹം  അതാണ് പഴയ മനുഷ്യന്‍

പുതിയ നിയമം പറയുന്ന രണ്ട് മരണങ്ങള്‍ ഇവയാണ്. യിസ്രായേലിന്റെ ചരിത്രത്തില്‍ ഇവ രണ്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് . ഫറവോന്റെ സൈന്യം ഒരു നിമിഷം കൊണ്ട് ചെങ്കടലില്‍ മൂടപ്പെട്ടു . അത് പഴയ മനുഷ്യന്റെ ഒരു ചിത്രമാണ് . ആരാണ് അതു ചെയ്തത് ? ദൈവം . ക്രൂശില്‍ പഴയ മനുഷ്യനെ ക്രൂശിച്ചത്  ദൈവം തനെയാണ് . പിന്നീട് യിസ്രായേല്‍ മക്കള്‍ യോര്‍ദ്ദാന്‍ നദി കടന്നു . അത് മറ്റൊരു മരണത്തെ സൂചിപ്പിക്കുന്നു . ക്രിസ്തുവില്‍ നമ്മുടെ എല്ലാ മോഹങ്ങളെയും ക്രൂശിച്ചിരിക്കുന്നു എന്നാണ് നാം ഏറ്റു പറയുന്നത് . ജഡമോഹങ്ങലോട്  ക്രിസ്തുയേശുവിലുള്ള എല്ലാവരുടെയും മനോഭാവം ഇതായിരിക്കണം .  ജഡമോഹങ്ങള്‍ എപ്പോഴുമുണ്ട് . മല്ലന്മാര്‍ നാട്ടില്‍ വാഴുന്നുണ്ട്. എന്നല്‍ യോശുവയും യിസ്രായേല്‍ മക്കളും ആ മല്ലന്മാരെ ഒന്നൊന്നായി കൊല്ലുവാന്‍ തീരുമാനിച്ചു . നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍  നാം തന്നെയാണ് നമ്മുടെ മോഹങ്ങളെ ഒന്നൊന്നായി കൊല്ലേണ്ടത് . ജഡത്തിന്റെ  മോഹങ്ങളെ ആത്മാവിന്റെ ശക്തിയാല്‍  നാം തന്നെയാണ് മരിപ്പിക്കേണ്ടത് (റോമര്‍ 8:13 ). മിസ്രയീം സൈന്യത്തെ ഒരു നിമിഷം കൊണ്ട് ദൈവം കുഴിച്ച് മൂടിയതില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്

പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ ദൈവവചനം അതിന്റെ പ്രായോഗിക തലത്തില്‍ വളരെ കൃത്യതയോടെയാണുള്ളത് . നാം പരിശുദ്ധാത്മാവിനു നമ്മെത്തന്നെ തുറന്നുകൊടുത്താല്‍ മറഞ്ഞു കിടക്കുന്ന പലതും നമുക്ക് വെളിപ്പെട്ട് കിട്ടും .വേദപുസ്തകം ആവേശം തരുന്ന ഒരു പുസ്തകമാണ് . പഴയനിയമസംഭവങ്ങള്‍ പുതിയനിയമജീവിതവുമായി  വളരെ ചേര്‍ന്നുവരുന്നതാണ് . പഴയനിയമ ദൈവഭക്തന്മാര്‍ അത് മനസ്സിലാക്കിയിരുന്നില്ല .എന്നാല്‍ നമുക്ക് ആ  സംഭവങ്ങള്‍ ഇന്ന് മനസ്സിലാകുന്നു . കനാന്‍ ദേശമെന്നത് അനേകം വര്‍ഷങ്ങളായി പലവിധ മല്ലന്മാര്‍ വാഴുന്ന നമ്മുടെ ശരീരത്തെയാണ്  സൂചിപ്പിക്കുന്നത് . എന്നാല്‍ നാം ആ മല്ലന്മാരോട് ഒരു നിലപാട് എടുത്തുകൊണ്ട്  പറയുന്നു ‘ഞാന്‍ പാപത്തോട് മരിച്ചവനായിരിക്കും’. നാം ദിനം തോറും ക്രൂശെടുക്കേണ്ടത് ആവശ്യമാണെന്നാണ് യേശു പറഞ്ഞത് . അത് പഴയ മനുഷ്യനെ കൊല്ലുന്ന കാര്യമല്ല. പഴയ മനുഷ്യന്‍  മുന്‍പേ  ക്രൂശിക്കപ്പെട്ടിരിക്കുന്നു. ക്രൂശെടുക്കുകയെന്നത് നമ്മുടെ സ്വന്ത ഇഷ്ടത്തെ ( വേദപുസ്തകം ജഡമെന്ന് വിളിക്കുന്നത് ) ദിനം തോറും ആത്മാവിനാല്‍ മരിപ്പിക്കുക എന്നതാണ് .

പാപത്തോട് നിങ്ങളൊരു മൃദുസമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ പഴയ മനുഷ്യനെ വിണ്ടും ധരിക്കുവാന്‍ സാധ്യതയുണ്ട് . (എഫേ 4 :22 ). ഒരിക്കല്‍ വിണ്ടും ജനിച്ചിട്ട് ജഡപ്രകാരമുള്ള  ജിവിതം തുടരുന്ന ഒരു വ്യക്തി ആത്മീയമായി മരിക്കും. (റോമ 8 :13 വിശ്വാസികള്‍ക്കുള്ള വാക്യമായതിനാല്‍ ഇത്  വളരെ വ്യക്തമാണ് ) .