സാക് പുന്നന്‍
പുതിയ നിയമത്തിന്റെ മുഖ്യ പ്രതിപാദ്യങ്ങളില്‍ ഒന്ന് പരിശുദ്ധാത്മാവ് ആണ്. കൂടാതെ യെശയ്യാവ് 40–66 വരെയുള്ള അദ്ധ്യായങ്ങളിലും മുഖ്യപ്രതിപാദ്യങ്ങളില്‍ ഒന്ന് പരിശുദ്ധാത്മാവാണ്.
`ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍’ (യെശ. 42:1) ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസന്‍ ദൈവത്താല്‍ താങ്ങപ്പെടുന്നവന്‍ ആണ്. അല്ലാതെ, പണത്താലോ, ഒരു സംഘടനയാലോ ഒരു മാനുഷിക പ്രവര്‍ത്തക സംഘത്താലോ അല്ല. എല്ലാ സമയത്തും നമ്മെ താങ്ങേണ്ട ഒരാള്‍ കര്‍ത്താവാണ്. മനുഷ്യര്‍ നമുക്ക് സമ്മാനങ്ങള്‍ തന്നേക്കാം. എന്നാല്‍ നാം ഒരിക്കലും മനുഷ്യരിലോ പണത്തിലോ ആശ്രയിക്കരുത്. “താങ്ങുക” എന്ന വാക്ക് സൂചിപ്പിക്കുന്നത് നാം ഏതിലാണോ ആശ്രിതരായിരിക്കുന്നത് അതിനെയാണ്. നാം കര്‍ത്താവില്‍ തന്നെ ആശ്രിതരായരിക്കണം. നാം ഒരു നിസ്സഹായതയുടെ ഘട്ടത്തിലെത്തുമ്പോഴാണ് ദൈവം തന്റെ ആത്മാവിനെ നമ്മിലേക്ക് പകരുന്നത്.
യെശയ്യാവ് 42: 2,3 വാക്യങ്ങളില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. “അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്റെ ശബ്‌ദം കേള്‍പ്പിക്കയുമില്ല.” ഇത് മത്തായി 12:18ല്‍ യേശുവിനെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു. “…ആരും തെരുക്കളില്‍ അവന്റെ ശബ്‌ദം കേള്‍ക്കുകയുമില്ല. ചതഞ്ഞ ഓട അവന്‍ ഒടിച്ചുകളയില്ല…”
അത് അര്‍ത്ഥമാക്കുന്നത്, തന്റെ ജീവിതം താറുമാറാക്കി കളഞ്ഞ ഒരുത്തനെയും കര്‍ത്താവ് ഒരിക്കലും നിരുത്സാഹപ്പെടുത്തുകയില്ല. എന്നാല്‍ അവനെ പ്രോത്സാഹിപ്പിക്കുകയും, അവനെ സൌഖ്യമാക്കുകയും ചെയ്യും എന്നാണ്. അണയാറായ തിരി കര്‍ത്താവ് കെടുത്തിക്കളയുകയുമില്ല. മറിച്ച് അവന്‍ അതിനെ ഊതിക്കത്തിച്ച് ഒരു ജ്വാലയാക്കി മാറ്റും. പരാജയപ്പെട്ട ബലഹീനരായ വിശ്വാസികളെ സഹായിക്കുവാന്‍ ദൈവത്തിന് താല്‍പര്യമുണ്ട്. നിരുത്സാഹപ്പെട്ടും, വിഷണ്ണതയിലും ഇരിക്കുന്നവരെ സഹായിക്കുവാനും അവരുടെ ആത്മാക്കളെ ഉയര്‍ത്തുവാനും അവന്‍ താല്‍പര്യപ്പെടുന്നു.
വിഷണ്ണരും, നിരുത്സാഹികളും പ്രത്യാശയറ്റവരും തങ്ങളുടെ ജീവിതംകൊണ്ട് മടുത്തവരുമായരെ ഉത്സാഹിപ്പിക്കുന്ന അതേ ശുശ്രൂഷയായിരിക്കും എപ്പോഴും ഒരു യഥാര്‍ത്ഥ ദൈവദാസന്റേതും. നമുക്കെല്ലാവര്‍ക്കും അങ്ങനെയൊരു ശുശ്രൂഷയ്ക്കായി അന്വേഷിക്കാം. കാരണം അത് എല്ലായിടത്തും ആളുകള്‍ക്ക് ആവശ്യമുണ്ട്.
യെശയ്യാവ് 42:6–8ല്‍ കര്‍ത്താവ് നമ്മോട് പറയുന്നു: “…കുരുട്ടു കണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയില്‍നിന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരെ കാരാഗൃഹത്തില്‍നിന്നും വിടുവിപ്പാനും യഹോവയായ ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു.” ഇത് ഒരു വലിയ ശുശ്രൂഷയാണ്. എന്നാല്‍ ഒരു കാര്യം എപ്പോഴും ഓര്‍ക്കുക. “ഞാന്‍ യഹോവ, അതു തന്നെ എന്റെ നാമം; ഞാന്‍ എന്റെ മഹത്വം മറ്റൊരുത്തനും വിട്ടുകൊടുക്കയില്ല” (യെശ. 42:8). നാം നമ്മുടെ ശുശ്രൂഷയില്‍ ഒരിക്കലും ഒരു മഹത്വവും നമുക്കുവേണ്ടി എടുക്കരുത്. നമുക്കുവേണ്ടി തന്നെ ബഹുമതിയോ മഹത്വമോ എടുക്കുന്നത് വളരെ ഗൌരവമുള്ള കുറ്റമാണ്. അത് പണം മോഷ്‌ടിക്കുന്നതിനേക്കാള്‍ വഷളാണ്. ദൈവം നിങ്ങളെയും നിങ്ങളുടെ ശുശ്രൂഷയെയും അധികമായി അനുഗ്രഹിച്ചേക്കാം. എന്നാല്‍ അവന്‍ ഒരിക്കലും തന്റെ മഹത്വം ആര്‍ക്കും കൊടുക്കുകയില്ല. ഒരിക്കല്‍ നിങ്ങള്‍ ദൈവത്തിന്റെ മഹത്വത്തില്‍ കൈവയ്ക്കുവാന്‍ തുടങ്ങിയാല്‍, അങ്ങനെ നശിപ്പിക്കപ്പെട്ട അനേക ദൈവദാസത്താരെപ്പോലെ നീയും നിന്നെത്തന്നെ നശിപ്പിക്കും. ഒരു പ്രാവശ്യം നിന്നെത്തന്നെ ആളുകളുടെ മുമ്പില്‍ ഉയര്‍ത്തുവാനും, ആളുകളെ കര്‍ത്താവിലേക്ക് വലിച്ചടുപ്പിക്കുന്നതനു പകരം നിന്നിലേക്ക് അടുപ്പിക്കാനും ദൈവം ചെയ്‌തതിന്റെ ബഹുമതി നിനക്കുവേണ്ടി എടുക്കുവാനും തുടങ്ങിയാല്‍ നീ വളരെ അപകടകരമായ സ്ഥാനത്താണ്. ഇങ്ങനെയാണ് ആയിരങ്ങള്‍ക്ക് തങ്ങളുടെ ജീവിതങ്ങളുടെമേലുണ്ടായിരുന്ന ദൈവത്തിന്റെ അഭിഷേകം നഷ്‌ടപ്പെട്ടിട്ടുള്ളത്.
യെശയ്യാവ് 42:19 “എന്റെ ദാസനല്ലാതെ കുരുടന്‍ ആര്‍! ഞാന്‍ അയക്കുന്ന ദൂതനെപ്പോലെ ചെകിടന്‍ ആര്‍? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവന്‍ ആര്‍?” ഇതൊരു കുഴക്കുന്ന വാക്യംപോലെ തോന്നുന്നു. പ്രത്യേകിച്ച് വ്യക്തമായി യേശുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നതുകൊണ്ട് (ഒന്നാം വാക്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നതുപോലെ).
ഇത് എന്താണര്‍ത്ഥമാക്കുന്നത്? അതിന്റെ അര്‍ത്ഥം ഒരു യഥാര്‍ത്ഥ ദൈവദാസന്‍ തനിക്കു ചുറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പല കാര്യങ്ങള്‍ക്കും കുരുടനും ചെകിടനും ആയിരിക്കും എന്നാണ്. “പലതും കണ്ടിട്ടും അവന്‍ സൂക്ഷിക്കുന്നില്ല” (യെശ. 42:20). അവന്‍ മറ്റുള്ളവരിലുള്ള പാപങ്ങളെ കണ്ടുപിടിക്കാനായി ചുറ്റി നടക്കുന്നില്ല. മറ്റുള്ളവര്‍ പറയുന്ന എന്തെങ്കിലും കാര്യങ്ങളില്‍ അവരെ കുടുക്കാനായി എന്തെങ്കിലും ഉണ്ടോ എന്നു വച്ച് അവന്‍ ചുറ്റിനടന്ന് അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. പരീശന്മാര്‍ അങ്ങനെയായിരുന്നു. – യേശു പറയുന്ന ഏതെങ്കിലും കാര്യത്തില്‍ അവനെ കുടുക്കി അവനെതിരെ അപവാദം പറയേണ്ടതിന് എപ്പോഴും കാത്തിരിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അനേക ക്രിസ്‌ത്യാനികളും അങ്ങനെയാണ്. – ആരെങ്കിലും പറഞ്ഞ ഏതെങ്കിലും കാര്യത്തില്‍ അയാളെ കുറ്റപ്പെടുത്താനായി എപ്പോഴും കാത്തിരിക്കുന്നു– അയാളുടെ ശുശ്രൂഷയിലുള്ള അസൂയയാണ് മിക്കപ്പോഴും ഇതിനു കാരണം. അവരെപ്പോലെയാകരുത്.
നിങ്ങള്‍ക്കു ചുറ്റും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന പല കാര്യങ്ങള്‍ക്കും നിങ്ങള്‍ ബധിരരും കുരുടരും ആയിരിക്കുക. നിങ്ങള്‍ക്കെതിരെ ആരെങ്കിലും പറയുന്ന വ്യാജ അപവാദങ്ങള്‍ നിങ്ങള്‍ കേട്ടോ? നിങ്ങള്‍ ചെകിടനായിരുന്നെങ്കില്‍, നിങ്ങള്‍ അതു കേള്‍ക്കുകയില്ലായിരുന്നു. അപ്പോള്‍ ചെകിടനായിരിക്കുക. ഒരു ദൈവത്തിന്റെ ദാസന്‍ മനോഹാരികളായ സ്‌ത്രീകളുടെ മുമ്പില്‍ അന്ധനായിരിക്കുന്നത് നല്ലതല്ലേ? നിങ്ങള്‍ക്ക് കണ്ണുകളുണ്ട്, എന്നാല്‍ നിങ്ങള്‍ കാണുന്നില്ല. നിങ്ങള്‍ കുരുടനാണ്! നിങ്ങള്‍ക്കു കാതുകളുണ്ട്. എന്നാല്‍ നിങ്ങള്‍ കേള്‍ക്കുന്നില്ല! കാരണം നിങ്ങള്‍ കണ്ണുകൊണ്ട് കാണുന്നതു പോലെയോ ചെവികൊണ്ട് കേള്‍ക്കുന്നതുപോലെയോ ന്യായപാലനം ചെയ്‌കയില്ല. യേശു ഇങ്ങനെയാണ് ജീവിച്ചത്. ഇങ്ങനെയാണ് നാമും ജീവിക്കേണ്ടത് (യെശ. 11:3).