രാജ്യത്തിൻ്റെ സുവിശേഷം – WFTW 9 ഫെബ്രുവരി 2025

സാക് പുന്നൻ

ക്രിസ്തു മടങ്ങിവരുന്നതിനു മുമ്പ്, രാജ്യത്തിൻ്റെ ഈ സുവിശേഷം ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും (മത്താ. 24:14).

എന്താണ് ഈ രാജ്യത്തിൻ്റെ സുവിശേഷം? റോമർ 14:17 സ്പഷ്ടമായി പഠിപ്പിക്കുന്നത് അത് പരിശുദ്ധാത്മാവിലുള്ള നീതിയുടെയും പരിശുദ്ധാത്മാവിലുള്ള സമാധാനത്തിൻ്റെയും പരിശുദ്ധാത്മാവിലുള്ള സന്തോഷത്തിൻ്റെയും സുവിശേഷമാണെന്നാണ്. അതു പ്രഘോഷിക്കുന്നവർ വളരെ ചുരുക്കമാണ്. മിക്കപേരും പാപങ്ങളുടെ ക്ഷമയെ കുറിച്ചു മാത്രമാണ് പ്രസംഗിക്കുന്നത്, അത് വളരെ നല്ല ആദ്യപടിയാണ്.

എന്നെ സംബന്ധിച്ച് അത് ഒരു കപ്പ് വൃത്തിയാക്കുന്നതുപോലെയാണ്. എൻ്റെ കൊച്ചുമകൻ എൻ്റെ അടുത്തു വന്നു “ഡാഡി, എനിക്ക് ഒരു ഗ്ലാസ് പാൽ തരുമോ?” എന്നു പറഞ്ഞ് എൻ്റെ കയ്യിൽ വൃത്തിയില്ലാത്ത ഒരു കപ്പ് തന്നാൽ (നമ്മുടെ ഹൃദയങ്ങളുടെ ചിത്രം), ഞാൻ ആദ്യം ചെയ്യുന്നത് ഞാൻ ആ കപ്പ് വൃത്തിയാക്കുക ആയിരിക്കും. ആ വൃത്തിയില്ലാത്ത കപ്പിലേക്ക് ഞാൻ പാൽ ഒഴിക്കുകയില്ല. ഞാൻ കപ്പ് എടുത്ത് അത് നന്നായി കഴുകും. എന്നാൽ അതിനുശേഷം, അതിൻ്റെ ഉദ്ദേശ്യം എന്താണ്? ഞാൻ അവന് ഒഴിഞ്ഞ ഒരു കപ്പ് നൽകുകയില്ല! അത് ഞാൻ പാൽ കൊണ്ട് നിറച്ചതിനു ശേഷം അത് അവന് നൽകും.

അതുപോലെ, നാം ക്രിസ്തുവിലേക്കു വരുമ്പോൾ, അവിടുന്ന് ആദ്യം ചെയ്യുന്ന പ്രവൃത്തി നമ്മുടെ ഹൃദയം വെടിപ്പാക്കുന്നതാണ്, ആ കപ്പിൻ്റെ അകം വൃത്തിയാക്കുന്നതുപോലെ. എന്നാൽ അവിടുന്ന് അതിനെ അങ്ങനെ തന്നെ വിടുമോ? ഇല്ല! അവിടുന്ന് അതിനെ പരിശുദ്ധത്മാവിലൂടെ ദൈവത്തിൻ്റെ നീതി, ദൈവത്തിൻ്റെ സമാധാനം, ദൈവത്തിൻ്റെ സന്തോഷം ഇവ കൊണ്ടു നിറയ്ക്കുന്നു. ഇതാണ് സുവിശേഷം. ക്രിസ്തു ഹൃദയവും കപ്പും വൃത്തിയാക്കും എന്ന സത്യം മാത്രമാണ് നാം കൊടുക്കുന്നതെങ്കിൽ, നാം അവർക്ക് ഒരു ഒഴിഞ്ഞ കപ്പ് മാത്രമാണ് കൊടുക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം ക്രിസ്ത്യാനികൾ ദാഹമുള്ളവരായിരിക്കുന്നത്. അവർക്ക് തൃപ്തിയുണ്ടാകുന്നില്ല കാരണം അവർ ഒരു ഒഴിഞ്ഞ കപ്പുമായാണ് ചുറ്റിനടക്കുന്നത്, അത് ശരിക്കും വൃത്തിയുള്ളതാണെങ്കിലും. “മകനെ, നീ എനിക്ക് വൃത്തിഹീനമായ ഒരു കപ്പ് തന്നു, ഇതാ അത് ഇപ്പോൾ ഞാൻ വൃത്തിയുള്ളതാക്കി” എന്നു പറഞ്ഞ് എൻ്റെ മകൻ്റെ കയ്യിൽ ഒരു ഒഴിഞ്ഞ കപ്പ് കൊടുക്കുന്നതിൻ്റെ പ്രയോജനം എന്താണ്. ദൈവം നമുക്കു തരുന്നത് അത്രേയുള്ളെങ്കിൽ, അതു നിരാശാജനകമാണ്. അപ്പോൾ എൻ്റെ മകൻ ഇങ്ങനെ പറയും, “ഹേ ഡാഡി, എനിക്ക് കുറച്ചു പാൽ ആണ് വേണ്ടത്.”

നിങ്ങൾ നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നുണ്ടോ? അനേകം ക്രിസ്ത്യാനികളും നീതിക്കു വേണ്ടി വിശപ്പും ദാഹവും ഉള്ളവരല്ല എന്നതാണ് കുഴപ്പം, അതുകൊണ്ടുതന്നെയാണ് അവർ ഒരു വൃത്തിയുള്ള കപ്പുമായി ചുറ്റിനടക്കുന്നത്.

പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസത്തെ ഇങ്ങനെ ചിത്രീകരിക്കാം: ദൈവരാജ്യം ഭൂമിയിലേക്കു കൊണ്ടുവരുന്ന പരിശുദ്ധാത്മാവിൻ്റെ വരങ്ങൾ, പഴയ ഉടമ്പടി പ്രകാരമുള്ള ഒരു വിശ്വാസിക്ക് നൽകപ്പെട്ടത്, മേശപ്പുറത്ത് കമഴ്ത്തി വച്ചിരിക്കുന്ന ഒരു കപ്പിൻ്റെ മുകളിലേക്ക് നിങ്ങൾ ഒരു ജഗ്ഗിൽ നിന്നു വെള്ളം ഒഴിക്കുന്നതുപോലെയാണ്. പരിശുദ്ധാത്മാവിൻ്റെ പകർച്ചയുടെ ഒരു ചിത്രമാണിത്. പഴയ ഉടമ്പടിയുടെ കാലത്ത് അത് ഇങ്ങനെ ആയിരുന്നു. വെള്ളം ഒഴുകി; പരിശുദ്ധാത്മാവ് ആളുകളുടെ മേൽ വന്നിട്ട് അവർക്കു ചുറ്റും അത് പുറത്തേക്ക് ഒഴുകിയിട്ട് മിക്കവാറും ആയിരക്കണക്കിനും ലക്ഷക്കണക്കിനും ആളുകളെ അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ടാകാം. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന മോശെ, മരുഭൂമിയിൽ നയിച്ചത്, 20 ലക്ഷം ആളുകളെ ആയിരുന്നു. എന്നാൽ മോശെയുടെ ഹൃദയാന്തർഭാഗം വെടിപ്പില്ലാത്തതായിരുന്നു. അവന് കോപത്തെ ജയിക്കാൻ കഴിഞ്ഞില്ല. അവൻ്റെ കോപത്തെ കണക്കിലെടുക്കാതെ, പുരുഷാരത്തെ അനുഗ്രഹിക്കാനുള്ള അനുഗ്രഹം അവനിൽ നിന്നൊഴുകി.

ദാവീദ്, ശിംശോൻ, ഗിദെയോൻ കൂടാതെ പഴയനിയമത്തിലുള്ള മറ്റുപലരുടെയും കാര്യവും അതുപോലെ ആയിരുന്നു. ദൈവത്തിൻ്റെ ആത്മാവ് അവരുടെ മേൽ ഉണ്ടായിരുന്നു. തൻ്റെ അമ്മയുടെ ഗർഭം മുതൽ ദൈവത്തിൻ്റെ ആത്മാവ് തൻ്റെ മേലുണ്ടായിരുന്ന മഹാനായ സ്നാപക യോഹന്നാനു പോലും താൻ തടവിലാക്കപ്പെട്ടപ്പോൾ ക്രിസ്തുവിനെ കുറിച്ചു സംശയങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം സ്വർഗ്ഗത്തിൽ നിന്ന് ഒരു ശബ്ദം കേട്ടിട്ടു പോലും, യേശു യഥാർത്ഥത്തിലുള്ള മശിഹാ ആണോയെന്ന് അദ്ദേഹം ചോദ്യം ചെയ്തു. അദ്ദേഹത്തിന് അവിശ്വാസം ഉണ്ടായി കാരണം തൻ്റെ കപ്പിൻ്റെ ഉൾഭാഗം വിശ്വാസത്താൽ നിറയപ്പെട്ടിരുന്നില്ല.

എന്നാൽ പെന്തക്കോസ്തു നാളിൽ കർത്താവ് ഈ കപ്പ് നേരേ തിരിച്ചു വച്ചിട്ട് പരിശുദ്ധാത്മാവിനെ ഹൃദയമാകുന്ന കപ്പിൻ്റെ ഉള്ളിലേക്ക് പകർന്നു. അപ്പോൾ അതു പഴയ നിയമത്തിലെ പോലെ പുറത്തു നിന്ന് കവിഞ്ഞൊഴുകി മറ്റുള്ളവരെ അനുഗ്രഹിക്കുക മാത്രമല്ല ചെയ്തത്, എന്നാൽ പുതിയ നിയമത്തിൽ, അതിനെക്കാളേറെയാണ്. അത് അന്തരംഗത്തിൽ നിന്നാണ് ഒഴുകുന്നത്. അതാണ് നമ്മുടെ ഉള്ളിൽ നിന്ന് ഒഴുകുന്ന ദൈവരാജ്യം. പെന്തക്കോസ്തു നാളിൽ വരുമെന്നു യേശു പ്രവചിച്ച ദൈവരാജ്യം ഇതാണ്. അതുകൊണ്ടാണ് ഉത്സവത്തിൻ്റെ മഹാ ദിനമായ ഒടുക്കത്തെ നാളിൽ “തിരുവെഴുത്തു പറയുന്നതുപോലെ, എന്നിൽ വിശ്വസിക്കുന്നവൻ്റെ ഉള്ളിൽ നിന്ന് ജീവജലത്തിൻ്റെ നദികൾ ഒഴുകും” എന്ന് യേശു പറഞ്ഞത് (യോഹ. 7:38). അത് പെന്തക്കോസ്തു നാളിനു മുമ്പ് സംഭവിക്കുകയില്ല. സംഭവിക്കാൻ കഴിയുകയുമില്ല. അതുകൊണ്ടാണ് യോഹ. 7:39ൽ ഇങ്ങനെ പറയുന്നത്, “അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെകുറിച്ച് ആകുന്നു പറഞ്ഞത്; യേശു അന്നു തേജസ്കരിപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവ് വന്നിട്ടില്ലായിരുന്നു.”

ക്രിസ്തു മരിച്ചിട്ട് വീണ്ടും ഉയർത്തെഴുന്നേൽക്കുകയും തൻ്റെ രക്തം പിതാവിൻ്റെ മുമ്പിൽ സമർപ്പിക്കുകയും ചെയ്യേണ്ടിയിരുന്നു. അപ്പോൾ മാത്രമെ മനുഷ്യരുടെ ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുവാൻ കഴിയുകയുള്ളായിരുന്നു. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന് ഒരിക്കലും ജനഹൃദയങ്ങളെ ശുദ്ധീകരിക്കാൻ കഴിയുമായിരുന്നില്ല, അതുകൊണ്ടാണ് പഴയ നിയമത്തിൽ ദൈവത്തിന് പരിശുദ്ധാത്മാവിനെ ആളുകളുടെ ഉള്ളിൽ ആക്കാൻ കഴിയാതിരുന്നത്. പഴയ നിയമത്തിൽ ദൈവരാജ്യത്തിനു മനുഷ്യരുടെ ഉള്ളിൽ വരുവാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ന് ക്രിസ്തു അവിടുത്തെ രക്തം ചൊരിയുകയും പിതാവിങ്കലേക്ക് കരേറി പോകുകയും ചെയ്തതു കൊണ്ട്, നാം കർത്താവിനോട് ഏറ്റുപറയുമെങ്കിൽ, നമ്മുടെ ഓരോ പാപവും വെടിപ്പാക്കപ്പെടും.

അതുകൊണ്ട് ദൈവം കപ്പ് നേരേ തിരിച്ചു വച്ച് നമ്മെ ക്രിസ്തുവിൻ്റെ രക്തത്തിൽ കഴുകിയിട്ട് പരിശുദ്ധാത്മാവിനെ ആദ്യം നമ്മുടെ ഉള്ളിലേക്കു പകരുന്നു, അതുവഴി ദൈവഹിതം ചെയ്യുവാൻ നാം ശക്തരായി തീരേണ്ടതിന്. പിന്നീട്, അവിടുത്തെ ജീവൻ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമ്മിലൂടെ ഒഴുകിയിട്ട് നാം തന്നെ ദൈവഹിതം ചെയ്തിരിക്കുന്നതുപോലെ മറ്റുള്ള ആളുകളെയും ദൈവഹിതം ചെയ്യുന്നതിലേക്ക് നയിക്കുവാൻ അതിനാൽ നമുക്കു കഴിയുന്നു.

പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ നിന്ന് ഒഴുകുന്നു. നമ്മുടെ ഉള്ളിൽ നിന്നു പരിശുദ്ധാത്മാവ് ഒഴുകുന്നില്ലെങ്കിൽ, അപ്പോൾ അത് ഒരു പഴയ ഉടമ്പടി രീതിയിലുള്ള ശുശ്രൂഷയാണ്.