സ്വര്‍ഗ്ഗരാജ്യവും സഭയും- WFTW 28 ഒക്‌ടോബർ 2018

സാക് പുന്നന്‍

മറ്റൊരിടത്തും കാണാത്ത ഒരു പദപ്രയോഗം മത്തായിയുടെ സുവിശേഷത്തില്‍ നാം കാണുന്നു – “സ്വര്‍ഗ്ഗരാജ്യം”. അത് ഈ സുവിശേഷത്തില്‍ 31 തവണ കാണുന്നു. ഈ പുസ്തകം പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചതായതു കൊണ്ട്, ഈ പദപ്രയോഗം അനേകം തവണ അവിടുന്ന് ഉപയോഗിച്ചതിന് ഒരു കാരണം ഉണ്ടായിരിക്കണം. ” സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍” ( മത്തായി 3:2) എന്നു പ്രസംഗിച്ചുകൊണ്ട് സ്നാപകയോഹന്നാന്‍ വന്നു. മത്തായി 4.17 ല്‍ യേശു കൃത്യമായി അതേ സന്ദേശം തന്നെ പ്രസംഗിച്ചു. അവിടുന്ന് ഗിരിപ്രഭാഷണം ആരംഭിച്ചപ്പോള്‍ ഏറ്റവും ആദ്യം പറഞ്ഞ വാക്കുകള്‍, “ആത്മാവിന്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുളളതാണ് ” (മത്തായി 5:3) എന്നാണ്. അതു കൊണ്ട് പുതിയ നിയമത്തിന്‍റെ തുടക്കം മുതല്‍ “സ്വര്‍ഗ്ഗം” എന്നവാക്കിന്മേല്‍ ഒരു ഊന്നല്‍ നാം കാണുന്നു. ഗിരിപ്രഭാഷണത്തില്‍ മാത്രം 17 പ്രാവശ്യം ” സ്വര്‍ഗ്ഗം” പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.

യിസ്രായേലുമായി ദൈവം ചെയ്ത പഴയ ഉടമ്പടി ഈ ഭൂമിയിലെ രാജത്വവുമായി ബന്ധപ്പെട്ടതാണ്. യിസ്രായേലിന് കനാന്‍ ദേശം നല്‍കപ്പെടുകയും ഭൗതിക അഭിവൃദ്ധിയും, ശാരീരിക സൗഖ്യവും, മറ്റു ഭൗമിക പ്രയോജനങ്ങളും വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഒരു ഐഹിക രാജാവും, ഭൗതിക സമ്പത്തും മറ്റ് ഭൗമിക അനുഗ്രഹങ്ങളും അവര്‍ക്കുണ്ടായി. എന്നാല്‍ യേശുവന്നത് മനുഷ്യനെ മറ്റൊരു തലത്തിലേക്ക് മുഴുവനായി ഉയര്‍ത്തുവാനാണ് – സ്വര്‍ഗ്ഗത്തിലേക്ക്. അതുകൊണ്ട്, പുതിയ നിയമം വായിക്കുമ്പോള്‍ നാം ഓര്‍ക്കണം ഇവിടെ പറയുന്ന സുവാര്‍ത്ത പ്രാഥമികമായി സ്വര്‍ഗ്ഗത്തെക്കുറിച്ചുളളതാണ്, ഈ ഭൂമിയെക്കുറിച്ചുളളതല്ല. ഇതു നാം മനസ്സിലാക്കുമെങ്കില്‍ ഇന്നു ക്രിസ്തീയഗോളത്തില്‍ കാണപ്പെടുന്ന അനേകം കുഴപ്പങ്ങളില്‍ നിന്ന് അതു നമ്മെ രക്ഷിക്കും.

നാം രക്ഷിക്കപ്പെട്ടവരാണ് എന്നു നാം പറയുന്നു. ഇത് വിശ്വാസികളുടെ ഇടയില്‍ ഉളള സര്‍വ്വസാധാരണമായ ഒരു പ്രയോഗമാണ്. എന്നാല്‍ നാം എന്തില്‍ നിന്നാണ് രക്ഷിക്കപ്പെട്ടത്? നാം ഭൗമിക വഴികളില്‍ നിന്നു രക്ഷിക്കപ്പെട്ടിട്ടുണ്ടോ? അതോ കേവലം നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു കിട്ടിയതേ ഉള്ളോ? ഭൗമിക കാര്യങ്ങളിലുളള താല്‍പര്യങ്ങളില്‍ നിന്ന്, ഭൗമികമായ രീതിയില്‍ ആളുകളെയും സാഹച ര്യങ്ങളെയും കാണുന്നതില്‍ നിന്ന്, ഭൗമികമായ രീതിയിലുളള പെരുമാറ്റങ്ങളില്‍ നിന്ന് ഒക്കെ നാം രക്ഷിക്കപ്പെട്ടിട്ടുണ്ടോ?

പുതിയ നിയമം സ്വര്‍ഗ്ഗരാജ്യത്തിന്‍റെ സുവിശേഷമാണ്. ചുറ്റുമുളള ലോകത്തില്‍ അനേകമാളുകള്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പൗരന്മാരായി തീരുവാന്‍ വളരെ താല്‍പര്യമുളളവരാണ്, കാരണം ജീവിക്കുവാന്‍ വളരെ ആകര്‍ഷകമായ ഒരു സ്ഥലമാണ് യു.എസ്.എ എന്നാല്‍ ആഫ്രിക്കയിലുളള ചില പിന്നോക്ക രാജ്യങ്ങളുടെ പൗരന്മാരാകുവാന്‍ ആരും താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് എല്ലാറ്റിനെക്കാളും ആകര്‍ഷകമായ ദേശത്തിന്‍റെ – സ്വര്‍ഗ്ഗത്തിന്‍റെ -പൗരന്മാരായി തീരുവാന്‍ ഈ ലോകത്തിലെ ഇത്ര കുറച്ചാളുകള്‍ മാത്രം താല്‍പര്യപ്പെടുന്നത്? കാരണം സ്വര്‍ഗ്ഗീയ പൗരത്വത്തിന്‍റെ യഥാര്‍ത്ഥ മഹത്വം അവര്‍ കണ്ടിട്ടില്ല എന്നതാണ്. ഇതിന്‍റെ കാരണം സുവിശേഷം വേണ്ടവിധം പ്രഘോഷിക്കപ്പെട്ടിട്ടില്ല എന്നതുമാണ്. അതുകൊണ്ടുതന്നെ സ്വര്‍ഗ്ഗരാജ്യത്തില്‍ താല്‍പര്യമില്ലാത്ത നാമധേയ- വിശ്വാസികളുടെ വലിയൊരു കൂട്ടം സഭയില്‍ ഇരിക്കുന്നതായി നാം കാണുന്നു. അവര്‍ക്ക് തങ്ങള്‍ മരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പോകുവാനാഗ്രഹമുണ്ട്, എന്നാല്‍ സ്വര്‍ഗ്ഗരാജ്യം ഇന്ന് അവര്‍ക്കാവശ്യമില്ല.

‘രാജത്വം’ എന്ന വാക്ക് ഇന്നു നമുക്ക് വ്യക്തമായി മനസ്സിലാകുന്ന ഒന്നല്ല, കാരണം ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്നതു പോലെ അല്ല, ഇന്ന് രാജ്യം ഭരിക്കുന്ന വളരെ ചുരുക്കം രാജാക്കന്മാര്‍ മാത്രമാണ് നമുക്കുളളത്. അതിനു തുല്യമായി നാം ഇന്നുപയോഗിക്കുന്ന വാക്ക് ‘സര്‍ക്കാര്‍’ (ഗവണ്‍മെന്‍റ്) എന്നതാണ്.നാം ഇന്ന് ഇന്‍ഡ്യാരാജത്വം’ എന്നല്ലപറയുന്നത്, ‘ഇന്‍ഡ്യാ ഗവണ്‍മെന്‍റ്’ എന്നാണ്.

അതാണ് സ്വര്‍ഗ്ഗരാജ്യം എന്നത് അര്‍ത്ഥമാക്കുന്നത് – ‘സ്വര്‍ഗ്ഗീയ ഗവണ്‍മെന്‍റ്’ അതിന്‍റെ അര്‍ത്ഥം ദൈവം നിങ്ങളുടെ ജീവിതത്തെ ഭരിക്കുന്നു എന്നാണ്. നിങ്ങള്‍ ഇന്‍ഡ്യയില്‍ ജീവിക്കുമ്പോള്‍ ഇന്‍ഡ്യാ ഗവണ്‍മെന്‍റിന്‍റെ നിയമങ്ങള്‍ക്ക് കീഴ്പെട്ട് ജീവിക്കണം. നിങ്ങള്‍ സ്വര്‍ഗ്ഗീയ ഗവണ്‍മെന്‍റിലേക്കു വരികയാണെങ്കില്‍, നിങ്ങള്‍ സ്വര്‍ഗ്ഗീയ ഗവണ്‍മെന്‍റിന്‍റെ നിയമങ്ങള്‍ക്ക് കീഴില്‍ ജീവിക്കണം. നിങ്ങള്‍ നിങ്ങളുടെ പൗരത്വം ഭൂമിയില്‍ നിന്നു സ്വര്‍ഗ്ഗത്തിലേക്കു മാറ്റിയിട്ടുണ്ടോ?

രക്ഷ എന്നാല്‍ ഭൂമിയുടെ രാജത്വത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്‍റെ രാജത്വത്തിലേക്ക് രക്ഷിക്കപ്പെടുക എന്നാണ്. എന്നാല്‍ മിക്കപേരുടെയും രക്ഷ അത്രത്തോളം പോയിട്ടില്ല. അവര്‍ക്കു മരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പോകണം. ഇപ്പോള്‍ തങ്ങളുടെ ജീവിതങ്ങളില്‍ സ്വര്‍ഗ്ഗീയഭരണം അവര്‍ക്കാവശ്യമില്ല. ഇപ്പോള്‍ അവര്‍ക്ക് ഈ ഭൂമിയുടെ പൂര്‍ണ്ണ പൗരന്മാരായി ജീവിക്കാനാണ് ആഗ്രഹം. അതുകൊണ്ടാണ് അവരുടെ ക്രിസ്തീയ ജീവിതം ഇത്ര ആഴം കുറഞ്ഞതായിരിക്കുന്നത്.

മറ്റു സുവിശേഷങ്ങളില്‍ കാണാത്ത മറ്റൊരു വാക്ക് മത്തായിയുടെ സുവിശേഷത്തില്‍ വീണ്ടും നാം കാണുന്നു. അത് ‘സഭ’ എന്ന വാക്കാണ്. അത് മൂന്നു പ്രാവശ്യം നാം കാണുന്നു – മത്തായി 16:18 ല്‍ ഒരു പ്രാവശ്യവും മത്തായി 18:17 ല്‍ 2 പ്രാവശ്യവും. നാം ചിന്തിച്ചു കൊണ്ടിരുന്ന പദപ്രയോഗത്തിന്‍റെ കൂടെ ഈ വാക്ക് വയ്ക്കുക, അപ്പോള്‍ സഭ, ഭൂമിയിലെ സ്വര്‍ഗ്ഗരാജ്യം ആയിരിക്കേണ്ടതാണ് എന്നു നാം കാണും. സ്വര്‍ഗ്ഗത്തില്‍ എല്ലാവരും ജീവിക്കുന്നത് സ്വര്‍ഗ്ഗീയ ഗവണ്‍മെന്‍റിന്‍റെ കീഴിലാണ്, ദൈവത്തിന്‍റെ ഭരണത്തില്‍ കീഴില്‍. എന്നാല്‍ ഇവിടെ ഭൂമിയില്‍ അതു വ്യത്യസ്തമാണ്. ഓരോരുത്തരും അവരവരുടെ ജീവിതങ്ങള്‍ സ്വയമായി നടത്തുന്നു. അത്തരം ആളുകളുടെ ഇടയില്‍, തങ്ങളുടെ ജീവിതം സ്വയമായി നടത്താത്ത ഒരു കൂട്ടം ആളുകള്‍ ദൈവത്തിനുണ്ട്. അവര്‍ സ്വര്‍ഗ്ഗീയ ഗവണ്‍മെന്‍റിന്‍റെ കീഴിലാണ്.

അതാണ് സഭ. ഈ ലോകത്തിലുളള സഭകള്‍ സ്വര്‍ഗ്ഗീയ ഗവണ്‍മെന്‍റിന്‍റെ പൂര്‍ണ്ണഅധികാരത്തിനു കീഴിലാണോ ജീവിക്കുന്നത്? അല്ല. അനേക വര്‍ഷങ്ങളായി ഇതെന്‍റെ ഹൃദയത്തെ ദുഃഖിപ്പിച്ചു കൊണ്ടിരിക്കുന്നു. അതു നിങ്ങളുടെ ഹൃദയത്തെയും ദുഃഖിപ്പിക്കുന്നു. എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ മറ്റുളളവരെയല്ല കുറ്റപ്പെടുത്തുന്നത്. ‘അവര്‍ അങ്ങനെയാണ്’ എന്നല്ല ഞാന്‍ പറയുന്നത്. നമ്മള്‍ അങ്ങനെയാണ്’എന്നാണ്. നാം ആണ് സഭ, സ്വര്‍ഗ്ഗീയ ഭരണത്തിന്‍റെ കീഴില്‍ ജീവിക്കുന്നതിന്‍റെ അനുഗ്രഹം ലോകത്തിനു കാണിച്ചു കൊടുക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു, “കര്‍ത്താവെ, ഞങ്ങളുടെ പരാജയം ഞങ്ങളോടു ക്ഷമിക്കണമെ. ദൈവത്തിന്‍റെ ഭരണത്തിന്‍ കീഴില്‍ ജീവിക്കുക എന്നാല്‍ എന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുക്കുവാന്‍ ഞങ്ങളെ സഹായിക്കണമെ”.

What’s New?