രോഗത്തെ കുറിച്ചുള്ള സത്യം – WFTW 31 മാർച്ച് 2024

സാക് പുന്നൻ

നമ്മുടെ ഭൗമീകയാത്ര പൂർത്തിയാക്കുന്നതിനു മുമ്പ്, ആത്മീയ വിദ്യാഭ്യാസത്തിൽ നാം ബിരുദമെടുക്കേണ്ട പാഠ്യക്രമങ്ങളിലൊന്നാണ് രോഗം. നമ്മുടെ മുന്നോടിയായ യേശുവും ഈ പാഠ്യക്രമത്തിൽ ബിരുദമെടുത്തു. മുൻവിധി കൂടാതെ നമുക്ക് ദൈവ വചനത്തിലേക്കു നോക്കാം:

യെശയ്യാവ് 53:3 ഇപ്രകാരം പറയുന്നു, “അവിടുന്ന് മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ത്യജിക്കപ്പെടുകയും ചെയ്തു, രോഗം എന്താണെന്ന് അറിഞ്ഞ വ്യസന പാത്രമായിരുന്നു അവിടുന്ന്” (ഹോൾമാൻ ക്രിസ്റ്റ്യൻ സ്റ്റാൻഡേർഡ്‌ ബൈബിൾ).

മനുഷ്യനു രോഗമുണ്ടാകുന്നത് ഈ ഭൂമിയുടെ മേലുള്ള ശാപം കാരണമാണ്. അതിൻ്റെ ഫലമായി, നാമും വിയർക്കുക, മുള്ളുകളാൽ മുറിവേൽക്കുക മുതലായവ അനുഭവിക്കുന്നു (ഉൽ. 3:17 – 19 വരെയുള്ള വാക്യങ്ങൾ കാണുക). യേശു ഈ പാപത്താൽ ശാപഗ്രസ്ഥമായ ഭൂമിയിലേക്കു വന്നപ്പോൾ, അവിടുത്തെ ശരീരവും വിയർക്കുകയും മുള്ളുകൊണ്ട് മുറിവേൽക്കുകയും ചെയ്തു – കൂടാതെ ചില സന്ദർഭങ്ങളിൽ അവിടുന്ന് രോഗിയായി തീരുകയും ചെയ്തു. വേദപുസ്തകം പറയുന്നത് യേശു ‘രോഗം ശീലിച്ചവനായിരുന്നു’ എന്നാണ് (യെശ. 53:3 – ആംപ്ലിഫൈഡ്‌ ബൈബിൾ – പദാനുപദ പരിഭാഷ). (* താഴെ കൊടുത്തിട്ടുള്ള കുറിപ്പു ശ്രദ്ധിക്കുക).

നാം ശാരീരികമായി അനുഭവിക്കുന്നതെല്ലാം അനുഭവിക്കേണ്ടതിന്, യേശുവിന് രോഗവും അനുഭവിക്കേണ്ടി വന്നു. അത്തരം കഷ്ടതകൾ അവിടുത്തെ ഭൗമിക വിദ്യാഭ്യാസത്തിൻ്റെ ഒരു ഭാഗമായിരുന്നു (എബ്രാ. 5:8). നാം രോഗികളായിരിക്കുമ്പോൾ, ഈ വസ്തുത അറിയുന്നത് ഒരു വലിയ ആശ്വാസമാണ് – നാം കഠിനമായി പ്രലോഭിപ്പിക്കപ്പെടുമ്പോൾ, യേശുവും നമ്മെപ്പോലെ തന്നെ എല്ലാ തരത്തിലും പ്രലോഭിപ്പിക്കപ്പെട്ടു എന്നറിയുന്നത് ഒരു ആശ്വാസമാകുന്നതു പോലെ തന്നെ (എബ്രാ. 4:15).

അതുകൊണ്ട്, നമ്മുടെ ആത്മീയ അഭ്യസനത്തിൻ്റെ ഒരു ഭാഗമായി, നാമും “രോഗം ശീലിച്ചവരാകുവാൻ” ദൈവം നമ്മെയും അനുവദിക്കും. കൂടാതെ നാം രോഗികളാകുമ്പോൾ, “അവിടുന്നു ജയിച്ചതു പോലെ നാമും ജയിക്കുവാൻ” നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നു – സ്വയ സഹതാപമുണ്ടാകാതെ., മറ്റുള്ളവരുടെ സഹതാപം അന്വേഷിക്കാതെ, ആരോടും നിർബന്ധത്താൽ ഒരു അവകാശവും ഉന്നയിക്കാതെ, ഒരിക്കലും പിറുപിറുപ്പോ വിഷാദമോ ഇല്ലാതെ, എന്നാൽ എപ്പോഴും പ്രസന്നതയോടെയും സന്തോഷത്തോടെയും കർത്താവിന് സ്തുതിയും സ്തോത്രവും അർപ്പിച്ചുകൊണ്ട് ആയിരിക്കുവാൻ (വെളി. 3:21). നമ്മുടെ ഈ ഭൂമിയിലെ എല്ലാ നാളും നാം അതുപോലെ ജീവിക്കുന്നവരായിരിക്കട്ടെ. അതിന് അവിടുത്തെ കൃപ മതിയായതാണ്.

ചില സമയങ്ങളിൽ യേശുവിന് രോഗമുണ്ടായി എന്ന വസ്തുത പൂർണ്ണമായും തെളിയിക്കുന്നത്, രോഗം എല്ലായ്പോഴും പാപം മൂലമല്ല എന്നാണ് – കാരണം യേശു പാപരഹിതനായിരുന്നു. യേശുവിൽ അത്ഭുതവാനായ ഒരു മുന്നോടി നമുക്കുള്ളതിനായി കർത്താവിനെ സ്തുതിക്കുന്നു, അവിടുത്തേക്കു നമ്മുടെ പ്രലോഭനങ്ങളിൽ മാത്രമല്ല നമ്മുടെ രോഗങ്ങളിലും നമ്മോട് സഹതാപം കാണിക്കാൻ കഴിവുണ്ട്!

പൗലൊസും തൻ്റെ സഹപ്രവർത്തകരായ തിമൊഥെയൊസ്, എപ്പപ്രൊദിത്തൊസ്, ത്രൊഫിമൊസ് എന്നിവരും ഈ ഭൂമിയിലെ തങ്ങളുടെ ആത്മീയ വിദ്യാഭ്യാസത്തിൽ, ഈ “രോഗം” എന്ന പാഠ്യക്രമത്തിൽ ബിരുദമെടുത്തവരാണ് (2 കൊരി. 12:7 – 9; 1 തിമൊ. 5:23; ഫിലി. 2:27; 2 തിമൊ. 4:20 ഇവ കാണുക).

ഒരിക്കൽ രോഗത്തിലൂടെ പൗലൊസിനെ ദൈവം ഗലാത്യ പ്രദേശത്ത് പിടിച്ചു നിർത്തി, കാരണം പൗലൊസ് അവിടെ പ്രസംഗിച്ച് സഭകൾ സ്ഥാപിക്കണമെന്ന് അവിടുന്നാഗ്രഹിച്ചു. പ്രാരംഭത്തിൽ ഗലാത്യയിലൂടെ ഏഷ്യാമൈനറിലേക്കു പോകാനാണ് പൗലൊസ് ആലോചിച്ചത്, എന്നാൽ നാം വായിക്കുന്നത് ഗലാത്യയിൽ നിന്ന് നീങ്ങുന്നതിൽ നിന്ന് “അദ്ദേഹം പരിശുദ്ധാത്മാവിനാൽ വിലക്കപ്പെട്ടു” എന്നാണ് (അപ്പൊ. പ്ര.16:6). ആത്മാവിൻ്റെ ഈ വിലക്ക് അമാനുഷിക ദർശനത്തിലൂടെ ആയിരുന്നില്ല, എന്നാൽ പൗലൊസിനു യാത്ര ചെയ്യുവാൻ കഴിയാത്ത വിധം ഗലാത്യയിൽ വച്ച് രോഗമുണ്ടാകുവാൻ ദൈവം അനുവദിച്ചു. ഗലാത്യ ക്രിസ്ത്യാനികൾക്കുള്ള തൻ്റെ ലേഖനത്തിൽ ഇതു നാം വ്യക്തമായി കാണുന്നു, ഗലാത്യയിൽ താമസിച്ച് അവരോടു പ്രസംഗിക്കുവാനുള്ള കാരണം പറയുന്നിടത്ത് അതിൻ്റെ കാരണമായി പറയുന്നത് താൻ രോഗിയായിരുന്നു എന്നാണ് (ഗലാ. 4:14,15)!

നാം രോഗികൾ ആകുവാൻ ദൈവം അനുവദിക്കുന്നതിൻ്റെ മറ്റൊരു കാരണം അതിലൂടെ ലോകത്തിലുള്ള രോഗികളായിരിക്കുന്നവരോടു സഹതാപം കാണിക്കാൻ നമുക്കു കഴിയും എന്നതാണ്. അല്ലാത്തപക്ഷം ലോകത്തിലുള്ള അനേകർ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്നതിനെ കുറിച്ചു നാം ഒന്നും അറിയുകയില്ല.

എന്നാൽ ദൈവം തൻ്റെ കരുണയിൽ നമ്മെ സൗഖ്യമാക്കുകയും ചെയ്യുന്നു (ഫിലി. 2:25 – 27). ദൈവം യേശുവിനുവേണ്ടി കരുതിയതു പോലെ, അവിടുന്നു നമുക്കു വേണ്ടിയും കരുതും. അതുകൊണ്ട് നാം രോഗികളായിരിക്കുമ്പോൾ നമുക്കു സൗഖ്യത്തിനുവേണ്ടി അപേക്ഷിക്കാം.

എന്നാൽ പാപത്തിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യം അവകാശപ്പെടാൻ നമുക്കു കഴിയുന്നതുപോലെ രോഗത്തിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യം അവകാശപ്പെടാൻ നമുക്കു കഴിയില്ല.

നമ്മുടെ പൂർണ്ണ ആളത്വത്തിൻ്റെ – ആത്മാവ്, ദേഹി, ദേഹം -വീണ്ടെടുപ്പിനു വേണ്ടി യേശുമരിച്ചോ? അതെ, തീർച്ചയായും അവിടുന്ന് അതു ചെയ്തു എന്നാൽ മിഥ്യാബോധത്തിൻ്റെയും വഞ്ചനയുടെയും ലോകത്തു ജീവിക്കാതെ നാം യാഥാർഥ്യത്തെ അഭിമുഖീകരിക്കണം.

ക്രിസ്തുവിൻ്റെ വീണ്ടെടുപ്പിൻ്റെ ഫലം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് വീണ്ടും ജനിച്ച ഒരുവൻ്റെ ആത്മാവിൽ മാത്രമാണ്. അവിടെ, നമ്മുടെ ആത്മാവിൽ നാം മരണത്തിൽ നിന്ന് ഉയർപ്പിക്കപ്പെട്ട് ഒരു പുതിയ സൃഷ്ടിയാക്കപ്പെട്ടു. (എഫെ. 2:1 – 6; 2 കൊരി. 5:17).

എന്നാൽ നമ്മുടെ ദേഹിയും (മനസ്സ്, വികാരം, ഇച്ഛ) ശരീരവും ഇതുവരെ. പുതിയതാക്കപ്പെട്ടിട്ടില്ല. ക്രിസ്തുവിൻ്റെ ക്രൂശിലെ പ്രവൃത്തിയുടെ പൂർണ്ണ പ്രയോജനം ഈ രണ്ടു മേഖലകളിൽ ഇനിയും നമുക്കു കിട്ടേണ്ടിയിരിക്കുന്നു. നമ്മുടെ മനസ്സ് പുതുക്കപ്പെടാൻ കഴിയുന്നത് സാവധാനത്തിലും പടിപടിയായും ആണ്, നമ്മുടെ മൂല്യവ്യവസ്ഥയെ ലോകത്തിൻ്റെ കാഴ്ചപ്പാടിൽ നിന്ന് ദൈവത്തിൻ്റെ കാഴ്ചപ്പാടിലേക്കു മാറ്റാൻ പരിശുദ്ധാത്മാവിനെ നാം അനുവദിക്കുമെങ്കിൽ (റോമ. 12:2).

ക്രിസ്തു മടങ്ങിവരുമ്പോൾ മാത്രമേ നമ്മുടെ ശരീരം രൂപാന്തരപ്പെടുകയുള്ളു (ഫിലി. 3:21 അതു വ്യക്തമായി പ്രസ്താവിക്കുന്നു). ക്രിസ്തു മടങ്ങി വരുമ്പോൾ, നമ്മുടെ ശരീരം പൂർണ്ണമായ പുനരുത്ഥാന ജീവൻ ആസ്വദിക്കും – രോഗമൊന്നുമില്ലാത്തതും മരണമില്ലാത്തതുമായ ഒരു ജീവൻ. എന്നാൽ,. ദൈവം തൻ്റെ കരുണയിൽ, “വരുവാനുള്ള ലോകത്തിൻ്റെ ശക്തിയുടെ” ഒരല്പം ഇപ്പോഴും നമ്മുടെ ശരീരത്തിൽ ഇടയ്ക്കിടയ്ക്ക് രുചിക്കാൻ നമ്മെ അനുവദിക്കുന്നു (എബ്രാ. 6:5) – അവിടുത്തെ അമാനുഷിക രോഗശാന്തിശക്തി. ഇങ്ങനെയാണ് അനേകം വിശ്വാസികൾ തങ്ങളുടെ രോഗത്തിൽ നിന്ന് അമാനുഷികമായി സൗഖ്യമായിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് ക്രിസ്തുവിൻ്റെ ശരീരത്തിൽ ചിലർക്ക് രോഗസൗഖ്യത്തിനും അത്ഭുതങ്ങൾക്കുമുള്ള വരം നൽകി ദൈവം അനുഗ്രഹിച്ചിരിക്കുന്നത്‌.

എന്നാൽ ശരീരത്തിൻ്റെ സൗഖ്യം പൂർണ്ണമായി ദൈവത്തിൻ്റെ പരമാധികാര പ്രകാരമുള്ള ഇഷ്ടത്തിലാണ്. അതുകൊണ്ട് ആരെ സൗഖ്യമാക്കണം എന്നു നമുക്ക് അവിടുത്തോട് ആജ്ഞാപിക്കാൻ കഴിയില്ല. അതുപോലെ നാം ഇഷ്ടപ്പെടുമ്പോഴെല്ലാം, ഒരു അവകാശം പോലെ, ഇപ്പോൾ തന്നെ എന്ന് നമുക്ക് അവകാശപ്പെടാൻ കഴിയില്ല – മാനസാന്തരം, ഏറ്റുപറച്ചിൽ നമുക്കു വേണ്ടിയുള്ള ക്രിസ്തുവിൻ്റെ മരണം ഇവയിലൂടെ നമ്മുടെ എല്ലാ പാപങ്ങളിൽ നിന്നുമുള്ള പൂർണ്ണ ക്ഷമ അവകാശപ്പെടാൻ കഴിയുന്നതു പോലെ.

രോഗസൗഖ്യം നമുക്ക് ഒരവകാശം പോലെ ചോദിക്കാൻ കഴിയില്ലെന്നും നാം രക്ഷിക്കപ്പെടുമ്പോൾ നമ്മുടെ ശരീരത്തിൻ്റെ ശാപങ്ങൾ നീക്കപ്പെടുന്നില്ലെന്നുമുള്ളതിൻ്റെ വ്യക്തമായ തെളിവ്, ആളുകൾ എത്രയധികം പ്രാർത്ഥിച്ച് രോഗികളുടെ സൗഖ്യത്തിനായും അവരുടെ ജീവനായും അവകാശപ്പെട്ടാലും, എല്ലാ വിശ്വാസികളും ഒടുക്കം മരിക്കുന്നു എന്നതാണ്! രോഗവും മരണവും ഭൂമിയുടെ മേലുള്ള ശാപത്തിൻ്റെ ഫലമാണ്, വിയർപ്പ്, ശാരീരിക ക്ഷീണം, ഉറക്കം മുതലായവ പോലെ തന്നെ. ക്രിസ്തു മടങ്ങി വരുന്നതുവരെ ഇതെല്ലാം നമ്മുടെ ശരീരത്തെ ബാധിക്കും. നമ്മുടെ ആത്മാവ് മുന്നമെ തന്നെ ശാപത്തിൽ നിന്നു വീണ്ടെടുക്കപ്പെട്ടിരിക്കെ (ഗലാ.3:13,14), നമ്മുടെ ശരീരം പൊടിയിൽ നിന്നുള്ളതായതിനാൽ, ഇപ്പോഴും ഭൂമിയിലെ പൊടിമേലുള്ള ശാപത്താൽ അതു ബാധിക്കപ്പെടുന്നു.

“അവൻ്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു” എന്നു പറയുന്ന യെശ. 53:5നെ കുറിച്ച് എന്താണ് പറയാനുള്ളത്? ആ വാക്യത്തിന് നാം നമ്മുടെ സ്വന്തം വ്യാഖ്യാനം നൽകരുത്, എന്നാൽ ഈ വാക്യത്തിന് പുതിയ നിയമത്തിൽ പരിശുദ്ധാത്മാവു തന്നെ നൽകുന്ന വ്യാഖ്യാനം നോക്കുക:

1 പത്രൊ 2:24 ൽ നാം ഇങ്ങനെ വായിക്കുന്നു: “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവൻ്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.”

ഈ വാക്യത്തിൽ നിന്നു “സൗഖ്യം” എന്നത് ഇവിടെ സൂചിപ്പിക്കുന്നത് “പാപത്തിൽ നിന്നുള്ള സൗഖ്യത്തെയാണ്” എന്നതും തൽഫലമായി നാം പ്രാപിക്കുന്ന “ആരോഗ്യം” “നീതി” യാണെന്നും വളരെ വ്യക്തമാണ്. ഈ വാക്യം കാണപ്പെടുന്ന ഖണ്ഡികയുടെ സന്ദർഭത്തിൽ നിന്ന് ഇതു കുറച്ചു കൂടി തെളിയിക്കപ്പെടുന്നു, അതു പറയുന്നത് പാപം ചെയ്യാത്ത യേശുവിനെ അനുഗമിക്കുന്നതിനെ കുറിച്ചാണ്.

“സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു, നമ്മുടെ വേദനകളെ അവൻ ചുമന്നു” എന്നു പറയുന്ന യെശ. 53:4നെ പറ്റി എന്താണ് പറയാനുള്ളത്? ഇത് മത്താ.8:16,17 വാക്യങ്ങളിൽ ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: “വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവൻ്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കു കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി. ‘അവൻ നമ്മുടെ ബലഹീനതകളെ എടുത്തു. വ്യാധികളെ ചുമന്നു’ എന്നു യെശയ്യാ പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നെ.”

യേശുവിൻ്റെ ശുശ്രൂഷയുടെ ആരംഭത്തിൽ, ഈ പ്രവചനം അവിടെ അപ്പോൾ തന്നെ നിറവേറപ്പെട്ടു എന്നത് ഈ ലേഖന ഭാഗത്തു നിന്നു വീണ്ടും സുവ്യക്തമാണ്. പലരും അവകാശപ്പെടുന്നതുപോലെ ഇതു യേശു പിന്നീട് ക്രൂശിൽ മരിച്ചപ്പോൾ, നിറവേറപ്പെട്ട ഒരു കാര്യമല്ല. യേശു രോഗികളെ സൗഖ്യമാക്കിയപ്പോൾ ഈ പ്രവചനം നിറവേറപ്പെട്ടു. യേശു നമ്മുടെ രോഗങ്ങളെയെല്ലാം ക്രൂശിൽ വച്ചു മാറ്റിക്കളഞ്ഞിരിക്കുന്നു എന്നൊരു വാഗ്ദത്തമില്ല.

അതുകൊണ്ട് രോഗികളാകുമ്പോൾ നാം എന്താണു ചെയ്യേണ്ടത്? നമുക്ക് പൗലൊസിൻ്റെ മാതൃക പിൻതുടരാം. അദ്ദേഹം തൻ്റെ “ജഡത്തിലുള്ള മുള്ളിൽ” നിന്നുള്ള സൗഖ്യത്തിനായി പ്രാർഥിച്ചു. ഒടുക്കം ദൈവം അദ്ദേഹത്തോട് പറയുന്നതായി അദ്ദേഹം കേട്ടത് മുള്ള് മാറ്റപ്പെടുകയില്ല എന്നാൽ തനിക്ക് അതിനെ ജയിക്കാനുള്ള ദൈവത്തിൻ്റെ കൃപ ലഭിക്കും എന്നാണ് (2 കൊരി. 12:7-9) എപ്പഫ്രൊദിത്തൊസിൻ്റെ കാര്യത്തിൽ, പൗലൊസ് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു, ദൈവം തൻ്റെ കരുണയിൽ അവനെ പൂർണ്ണമായി സൗഖ്യമാക്കി (ഫിലി. 2:27). ത്രൊഫിമൊസിൻ്റെ കാര്യത്തിൽ ഏതുവിധേനയും, പൗലൊസ് പ്രാർത്ഥിച്ചെങ്കിലും, അവൻ സൗഖ്യമാക്കപ്പെട്ടില്ല (2 തിമൊ. 4:20). തിമൊഥെയൊസിൻ്റെ കാര്യത്തിൽ, പൗലൊസ് പല പ്രാവശ്യം പ്രാർത്ഥിച്ചിട്ടുണ്ടാകണം. എന്നാൽ തിമൊഥെയൊസ് ഉദരരോഗത്താൽ കഷ്ടപ്പെട്ടുകൊണ്ടിരുന്നു. അതുകൊണ്ട് പൗലൊസ് ഒടുവിൽ അവനോട് അല്പം വീഞ്ഞ് മരുന്നായി എടുക്കുവാൻ പറഞ്ഞു (1 തിമൊ. 5:23).

അതുകൊണ്ട് നാം എല്ലാ രോഗത്തിൽ നിന്നുമുള്ള സൗഖ്യത്തിനായി എപ്പോഴും പ്രാർഥിക്കേണ്ടത് ഈ പ്രാർത്ഥനയോടെ ആയിരിക്കണം, സൗഖ്യമാക്കുന്നത് ദൈവഹിതമല്ലെങ്കിൽ, അവിടുന്നു നമുക്കു കൃപ നൽകണം – രണ്ടിൽ ഏതാണോ അവിടുന്നു തീരുമാനിക്കുന്നത് അതാണ് നമുക്കു നല്ലത്.

ഇതാണ് വചനത്തിൻ്റെ സന്തുലിതമായ പഠിപ്പിക്കൽ. നാം സത്യത്തെ സ്നേഹിക്കുമെങ്കിൽ, ഓരോ ക്രിസ്തീയ കൂട്ടങ്ങളിലും രോഗികളായ വിശ്വാസികൾ ഉണ്ട് എന്നു നാം കണ്ടെത്തും – സൗഖ്യത്തെ കുറിച്ചുള്ള അവരുടെ ദൈവശാസ്ത്രം എന്തായാലും. എന്നാൽ അനേകർ ഈ വസ്തുതയ്ക്ക് നേരെ തങ്ങളുടെ കണ്ണുകൾ അടച്ചു കളയുന്നു കാരണം അവർ മുൻവിധിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങളെ കാണുന്നവരാണ്.

കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ

*കുറിപ്പ്: “ചോലിയ് (Choliy)” എന്ന എബ്രായ പദം യെശയ്യാവ് 53:3ൽ “ദുഃഖങ്ങൾ” എന്നാണ്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത് (മിക്ക ഇംഗ്ലീഷ് പരിഭാഷകളിലും). അത് യഥാർത്ഥമായി അർത്ഥമാക്കുന്നത് “രോഗം” അല്ലെങ്കിൽ “വ്യാധി” എന്നാണ്. അതേ വാക്കു തന്നെ ആവർത്തനം 7:15; ആവർത്തനം 28:61; കൂടാതെ യെശയ്യാവ് 1:5 തുടങ്ങിയ വാക്യങ്ങളിൽ “രോഗം” എന്നു ശരിയായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. എന്നാൽ മിക്ക പരിഭാഷകർക്കും യേശു എപ്പോഴെങ്കിലും രോഗിയായിരുന്നിട്ടുണ്ട് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലായിരിക്കാം അതുകൊണ്ട് യെശയ്യാവ് 53:3 അവർ ശരിയാം വിധം പരിഭാഷപ്പെടുത്തിയില്ല. അതിനു പകരം, ഈ എബ്രായ പദം “ദുഃഖങ്ങൾ” എന്നു പരിഭാഷപ്പെടുത്താൻ അവർ തങ്ങളുടെ സ്വന്തം ദൈവശാസ്ത്രം ഉപയോഗിച്ചു!! ഹോൾമാൻ ബൈബിളും ദി ആംപ്ലിഫൈഡ് ബൈബിളും (മുകളിൽ ഉദ്ധരിക്കപ്പെട്ടത്) മാത്രമേ ഈ എബ്രായ പദത്തിൻ്റെ ശരിയായ പരിഭാഷയായ “രോഗം” എന്നു നൽകുവാൻ ധൈര്യപ്പെട്ടുള്ളു. “ചോയ്ലിയ്” എന്ന എബ്രായ വാക്കിൻ്റെ അർത്ഥം “രോഗം” എന്നാണ് എന്നതിൻ്റെ തെളിവ് കാണപ്പെടുന്നത് അതേ വാക്കു തന്നെ അടുത്ത വാക്യത്തിൽ എങ്ങനെ ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നു നാം കാണുമ്പോഴാണ് (യെശ. 53:4). ഇവിടെ എബ്രായ ഭാഷയിൽ വീണ്ടും അത് “ദുഃഖങ്ങൾ” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പുതിയ നിയമത്തിൽ മത്താ. 8:17 ൽ ഈ വാക്യം ഉദ്ധരിക്കപ്പെട്ടപ്പോൾ അത് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത് വ്യാധികൾ/രോഗങ്ങൾ എന്ന അർത്ഥമാക്കുന്ന “അസ്തിനിയ” (astheneia) (ഗ്രീക്ക്) എന്നാണ് (http://bible.cc/matthew/8-17.htm കാണുക).

What’s New?