സാക് പുന്നന്‍
തൻ്റെ കയ്യിൽ രണ്ടു കല്പലകകളുമായാണ് മോശെ സീനായ് മലയിൽ നിന്നിറങ്ങി വന്നത്. ഒന്നിൽ ദൈവവുമായുള്ള മനുഷ്യൻ്റെ ബന്ധത്തെ സംബന്ധിക്കുന്ന നാല് കല്പനകൾ എഴുതപ്പെട്ടിരുന്നു. മറ്റേതിൽ മനുഷ്യന് തൻ്റെ സഹമനുഷ്യരുമായുള്ള ബന്ധത്തെ സംബന്ധിക്കുന്ന മറ്റ് ആറ് കല്പനകൾ എഴുതപ്പെട്ടിരുന്നു.
കർത്താവായ യേശു പറഞ്ഞത് ഈ രണ്ടു കല്പലകകളെയും കൂടി രണ്ടു കല്പനകളിലായി ചുരുക്കി പറയാം എന്നാണ്. ഒന്നാമത്തേത് “നിൻ്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം” എന്നതും രണ്ടാമത്തേത്, “നിൻ്റെ കൂട്ടുകാരനെ (അയൽക്കാരനെ) നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം” (മത്താ. 22:37, 39) എന്നതും.
അവിടുന്നു പഠിപ്പിച്ച പ്രാർത്ഥനയിലും യേശു ഈ രണ്ട് കാര്യങ്ങൾക്കും ഊന്നൽ നൽകിയിരിക്കുന്നു. ആദ്യത്തെ മൂന്ന് അപേക്ഷകൾ ഒന്നാമത്തെ കല്പനയോട് ബന്ധപ്പെട്ടിരിക്കുന്നു. അടുത്ത മൂന്ന് അപേക്ഷകൾ രണ്ടാമത്തെ കല്പനയുമായി ബന്ധപ്പെട്ടിരിക്കുന്നു, ”ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം” (യോഹ. 13:34) എന്ന് അവിടുന്നു പറഞ്ഞപ്പോൾ, യേശു തൻ്റെ ശിഷ്യന്മാർക്ക് കൊടുത്ത പുതിയ കല്പനയിൽ വിശദീകരിച്ചതുപോലെ.
യേശുവിൻ്റെ ഒരു യഥാർത്ഥ ശിഷ്യൻ തൻ്റെ ബോധപൂർവ്വവും അബോധ പൂർവ്വവുമായ എല്ലാ അവസ്ഥയിലും പൂർണ്ണമായി ദൈവത്തിൽ കേന്ദ്രീകൃതമായിരിക്കാൻ ആഗ്രഹിക്കുന്നു- അവൻ്റെ എല്ലാ ആഗ്രഹങ്ങളും ദൈവത്തോട് പൂർണ്ണമായി പൊരുത്തത്തിലായിരിക്കും തന്നെയുമല്ല തൻ്റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവഹിതത്തിന് പുറത്തുള്ള ഒരാഗ്രഹമോ, അഭിലാഷമോ അല്ലെങ്കിൽ തോന്നലുകളോ അവന് ഉണ്ടായിരിക്കുകയില്ല.
ഈ രണ്ടു ദിശകളിലും തൻ്റെ മനോഭാവം അതായിരിക്കേണ്ട വിധത്തിൽ പൂർണ്ണമല്ല എന്ന കാര്യത്തിൽ അവൻ സ്ഥിരമായി ബോധവാനാണ്. എന്നാൽ ആ ലക്ഷ്യത്തിലെത്താൻ അവൻ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു, അവിടെ എത്തേണ്ടതിന് എന്തു വിലയും കൊടുക്കുവാൻ എപ്പോഴും മനസ്സുള്ളവനായി.
നമ്മുടെ സഹോദരന്മാരെ സ്നേഹിക്കുക എന്നാൽ അവർക്കുവേണ്ടി നമുക്ക് ഒരു കരുതൽ ഉണ്ടാകുക എന്നാണ്. ലോകത്തിൽ ഉള്ള ഓരോരുത്തർക്കും വേണ്ടി ഒരു കരുതൽ ഉണ്ടാകുക എന്നത് നമുക്ക് അസാധ്യമാണ്. ആ കഴിവ് ദൈവത്തിനു മാത്രമേയുള്ളു. എന്നാൽ നമ്മുടെ കഴിവിനനുസരിച്ച്, നമ്മുടെ സഹ വിശ്വാസികൾക്കുവേണ്ടി നമുക്കൊരു കരുതൽ ഉണ്ടാകണം, ആ കഴിവ് വർദ്ധിച്ചു കൊണ്ടേയിരിക്കണം.
തുടക്കത്തിൽ നാം ഇങ്ങനെയല്ല. യേശു നമ്മെ സ്നേഹിച്ചതു പോലെ നമ്മുടെ ഭവനത്തിലുള്ള കുടുംബാംഗങ്ങളെ സ്നേഹിക്കുന്നതാണ് ഒന്നാമത്തെ പടി. എന്നാൽ നാം അവിടെ നിർത്തരുത്. അവിടെ നിന്നു നാം മുന്നോട്ടു നീങ്ങി ദൈവത്തിൻ്റെ കുടുംബത്തിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാരെയും, യേശു നമ്മെ സ്നേഹിച്ചതു പോലെ സ്നേഹിക്കാൻ ശ്രമിക്കുക.
പൂർണ്ണത എന്നത് മുന്നോട്ട് ആയേണ്ട ഒരു ലക്ഷ്യമാണ്. എന്നാൽ നാം അതിൽ എത്തിച്ചേരാൻ നിർണ്ണയിച്ചവരായിരിക്കണം. “ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിനായി ആഞ്ഞും കൊണ്ട് ക്രിസ്തുയേശുവിൽ ദൈവത്തിൻ്റെ പരമ വിളിയുടെ ലാക്കിലേക്കു ഓടുന്നു” (ഫിലി. 3:13,14) എന്ന് പറഞ്ഞപ്പോൾ പൗലൊസ് പൊയ്ക്കൊണ്ടിരുന്നത് ആ ദിശയിലായിരുന്നു. പൂർണ്ണമായി ദൈവത്തിൽ കേന്ദ്രീകൃതമായി തീരാനും, ദൈവത്തെ പരമമായി സ്നേഹിക്കുവാനും, യേശു നമ്മെ സ്നേഹിച്ചതു പോലെ നമ്മുടെ സഹവിശ്വാസികളെ സ്നേഹിക്കാനും, നമ്മെ പോലെ നമ്മുടെ അയൽക്കാരെ സ്നേഹിക്കാനുമാണ് ദൈവത്തിൻ്റെ പരമ വിളി.