നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മൂന്നു സത്യങ്ങൾ- WFTW 19 സെപ്റ്റംബർ 2021

സാക് പുന്നന്‍

  1. ദൈവം യേശുവിനെ സ്നേഹിച്ചതുപോലെ നമ്മെയും സ്നേഹിക്കുന്നു.

“അവിടുന്ന് എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു” (യോഹന്നാൻ 17: 23). വേദപുസ്തകത്തിൽ ഞാൻ കണ്ടുപിടിച്ച ഏറ്റവും വലിയ സത്യം ഇതാണ്. ഇതെന്നെ അരക്ഷിതാവസ്ഥയിലുള്ള, വിഷണ്ണനായ ഒരു വിശ്വാസിയിൽ നിന്ന് ദൈവത്തിൽ പൂർണ്ണ സുരക്ഷിതനും കർത്താവിൻ്റെ സന്തോഷത്താൽ നിറയപ്പെട്ടവനുമായ ഒരുവനാക്കി തീർത്തു- എല്ലായ്പ്പോഴും. ദൈവം നമ്മെ സ്നേഹിക്കുന്നു എന്നു പറയുന്ന അനേകം വചനങ്ങൾ വേദപുസ്തകത്തിലുണ്ട്, എന്നാൽ ഈ വചനം മാത്രമാണ് ആ സ്നേഹത്തിൻ്റെ വ്യാപ്തിയെ കുറിച്ചു പറയുന്നത്- അവിടുന്നു യേശുവിനെ സ്നേഹിച്ചതുപോലെ. നമ്മുടെ സ്വർഗ്ഗീയ പിതാവിന് തൻ്റെ ഏതെങ്കിലും പുത്രന്മാരെ സ്നേഹിക്കുന്ന കാര്യത്തിൽ മുഖപക്ഷം ഇല്ലാത്തതു കൊണ്ട്, അവിടുന്ന് തൻ്റെ ആദ്യജാതനായ യേശുവിനു ചെയ്തതെല്ലാം, നമുക്കു വേണ്ടിയും ചെയ്യാൻ തീർച്ചയായും മനസ്സുള്ളവനായിരിക്കും. അവിടുന്ന് യേശുവിനു വേണ്ടി കരുതിയതു പോലെ നമുക്കു വേണ്ടിയും കരുതും. യേശുവിൻ്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും ആലോചിക്കുന്നതിൽ അവിടുന്നു താൽപര്യപ്പെട്ടതു പോലെ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിലെ വിശദാംശങ്ങൾ ആലോചിക്കുന്നതിൽ അവിടുന്നു താൽപര്യപ്പെടും. ദൈവത്തിന് അതിശയം ഉണ്ടാക്കുന്ന ഒരു കാര്യവും നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയില്ല. ഓരോ സംഭവത്തിനും വേണ്ടി അവിടുന്ന് നേരത്തേ തന്നെ പദ്ധതിയിട്ടിരിക്കുന്നു. അതു കൊണ്ട് ഇനിമേൽ നാം അരക്ഷിതാവസ്ഥയിലിരിക്കേണ്ട ആവശ്യമില്ല. യേശു ഈ ഭൂമിയിലേക്ക് ഒരു നിശ്ചിത ഉദ്ദേശ്യത്തിനായി അയയ്ക്കപ്പെട്ടതു പോലെ നാമും ഒരു നിശ്ചിത ഉദ്ദേശ്യത്തോടെയാണ് ഭൂമിയിലേക്ക് അയക്കപ്പെട്ടിരിക്കുന്നത്. ഇതെല്ലാം നിങ്ങളുടെ കാര്യത്തിലും സത്യമാണ്- എന്നാൽ നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ മാത്രം. ദൈവവചനത്തിൽ വിശ്വസിക്കാത്ത ആർക്കും വേണ്ടി ഒരു കാര്യവും നടക്കുന്നില്ല.

2.സത്യസന്ധരായവരിൽ ദൈവം സന്തോഷിക്കുന്നു

“അവിടുന്ന് വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാമും വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മയുണ്ട്” (1 യോഹ. 1:7). വെളിച്ചത്തിൽ നടക്കുക എന്നാൽ ഒന്നാമത് ദൈവത്തിൽ നിന്ന് നാം ഒന്നും മറച്ചു വയ്ക്കുന്നില്ല എന്നാണ്. നാം കൃത്യമായി എന്തായിരിക്കുന്നു എന്ന് അവിടുത്തോടു പറയുക. ദൈവത്തിനടുത്തേക്കുള്ള ഒന്നാമത്തെ ചുവട് സത്യസന്ധതയാണ് എന്ന് എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു. പരമാർത്ഥികളല്ലാത്തവരെ ദൈവം വെറുക്കുന്നു. മറ്റാർക്കുമെതിരെ സംസാരിക്കുന്നതിലും അധികം യേശു കപട ഭക്തന്മാർക്കെതിരെ സംസാരിച്ചു. ദൈവം നമ്മോട് ഒന്നാമതായി ആവശ്യപ്പെടുന്നത് വിശുദ്ധരാകാനോ പൂർണ്ണരാകാനോ അല്ല എന്നാൽ സത്യസന്ധരാകാനാണ്. യഥാർത്ഥ വിശുദ്ധിയുടെ ആരംഭബിന്ദു ഇതാണ്. ഇതിൽ നിന്നാണ് മറ്റെല്ലാം ഒഴുകുന്നത് . ആർക്കെങ്കിലും യഥാർത്ഥമായി എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമുണ്ടെങ്കിൽ, അത് സത്യസന്ധരായിരിക്കുക എന്നതാണ്. അതുകൊണ്ട് പെട്ടെന്ന് ദൈവത്തോട് പാപം ഏറ്റു പറയുക. പാപകരമായ ചിന്തകളെ “മാന്യമായ” പേരുകൾ വിളിക്കാതിരിക്കുക. നിങ്ങൾ കണ്ണുകൾ കൊണ്ട് വ്യഭിചാര മോഹത്തോടെ നോക്കിയിട്ട് “ഞാൻ ദൈവത്തിൻ്റെ സൃഷ്ടിയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു” എന്നു പറയരുത് . “കോപത്തെ” “ധാർമികരോഷം” എന്ന് വിളിക്കരുത്. നിങ്ങൾ സത്യസന്ധരല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും പാപത്തിന്മേൽ വിജയം ഉണ്ടാകുകയില്ല. “പാപത്തെ” ഒരിക്കലും “അബദ്ധം” എന്ന് വിളിക്കരുത് , കാരണം യേശുവിൻ്റെ രക്തത്തിന് നിങ്ങളുടെ സകല പാപങ്ങളിൽ നിന്നും നിങ്ങളെ ശുദ്ധീകരിക്കാൻ കഴിയും എന്നാൽ അബദ്ധങ്ങളിൽ നിന്നു കഴിയില്ല!! സത്യസന്ധരല്ലാത്തവരെ അവിടുന്ന് ശുദ്ധീകരിക്കുന്നില്ല സത്യസന്ധരായവർക്കു മാത്രമെ പ്രത്യാശയ്ക്കു വകയുള്ളൂ. “തൻ്റെ ലംഘനങ്ങളെ മറച്ചു വയ്ക്കുന്നവന് ശുഭം വരികയില്ല” (സദൃശ. 28:13). ദൈവരാജ്യത്തിൽ കടക്കുന്നതിന് മതനേതാക്കന്മാർക്കുണ്ടായിരുന്നതിനേക്കാൾ അധികം പ്രത്യാശ വേശ്യകൾക്കും കള്ളന്മാർക്കും ഉണ്ട് എന്ന് യേശു പറഞ്ഞതെന്തുകൊണ്ടാണ്? (മത്താ. 21:31). കാരണം വേശ്വകളും കള്ളന്മാരും വിശുദ്ധരാണെന്നു നടിക്കുന്നില്ല. അനേകം ചെറുപ്പക്കാർ സഭയിൽ നിന്നും മാറി പോകാനുള്ള കാരണം, തങ്ങൾക്ക് ഒരു പോരാട്ടവുമില്ല (വൈഷമ്യങ്ങൾ) എന്ന മതിപ്പാണ് സഭാംഗങ്ങൾ അവർക്ക് നൽകുന്നത്. അതുകൊണ്ട് ആ യുവാക്കൾ ഇങ്ങനെ ചിന്തിക്കുന്നു, “ആ വിശുദ്ധന്മാരുടെ കൂട്ടത്തിന് ഒരിക്കലും തങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയില്ല!!” ഇത് നമ്മുടെ കാര്യത്തിൽ സത്യമാണെങ്കിൽ നാം പാപികളെ തങ്കലേക്ക് ആകർഷിച്ച ക്രിസ്തുവിനെ പോല അല്ല.

  1. സന്തോഷത്തോടെ കൊടുക്കുന്നവനിൽ ദൈവം ആനന്ദിക്കുന്നു

“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” (2കൊരി. 9:7). ഇതുകൊണ്ടാണ് ദൈവം മനുഷ്യനു പൂർണസ്വാതന്ത്ര്യം കൊടുക്കുന്നത് – രക്ഷിക്കപ്പെടുന്നതിനു മുമ്പും, അതിനു ശേഷവും, ആത്മാവിനാൽ നിറയപ്പെട്ടതിനു ശേഷവും. നാം ദൈവത്തെ പോലെ ആണെങ്കിൽ, നാമും മറ്റുള്ളവരെ നിയന്ത്രിക്കുന്നതിനോ അവരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിനോ ശ്രമിക്കുകയില്ല. നമ്മിൽനിന്നു വ്യത്യസ്തരായിരിക്കാനുള്ള സ്വാതന്ത്ര്യം നാം അവർക്കു നൽകും, നമ്മിൽനിന്നു വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാകുവാനും അവരുടെ സ്വന്തം വേഗതയിൽ ആത്മാവിൽ വളരുവാനും. ഏതുതരത്തിലുമുള്ള എല്ലാ നിർബന്ധങ്ങളും പിശാചിൽ നിന്നാണ്. പരിശുദ്ധാത്മാവ് ആളുകളെ നിറയ്ക്കുന്നു, അതേസമയം ഭൂതങ്ങൾ ആളുകളെ ബാധിക്കുന്നു. വ്യത്യാസം ഇതാണ് : പരിശുദ്ധാത്മാവ് ആരെയെങ്കിലും നിറയ്ക്കുമ്പോൾ, അവിടുന്ന് അപ്പോഴും ആ വ്യക്തിക്ക് അയാൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നു. എന്നാൽ ഭൂതങ്ങൾ ആളുകളെ ബാധിക്കുമ്പോൾ അവർ ആളുകളുടെ സ്വാതന്ത്ര്യം അവരിൽനിന്നു കവർന്നെടുക്കുകയും അവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആത്മാവിനാൽ നിറയപ്പെടുന്നതിൻ്റെ ഫലം ആത്മനിയന്ത്രണമാണ് (ഗലാ. 5:22,23). ഭൂത ബാധയുടെ ഫലം ഏതു വിധത്തിലായാലും, ആത്മ നിയന്ത്രണം നഷ്ടപ്പെടുന്നതാണ്. ദൈവത്തിനു വേണ്ടി നാം ചെയ്യുന്ന ഏത് വേലയും പ്രസന്നതയോടെയും, സന്തോഷത്തോടെയും, സ്വാതന്ത്ര്യത്തോടെയും, സ്വമേധയാ ആയും അല്ലെങ്കിൽ അതൊരു നിർജ്ജീവ പ്രവൃത്തിയാണെന്ന കാര്യം നാം ഓർക്കണം. ദൈവത്തിനായി ചെയ്യുന്ന ഏതെങ്കിലും പ്രവൃത്തി പ്രതിഫലത്തിനു വേണ്ടിയോ ശമ്പളത്തിനു വേണ്ടിയോ ആണെങ്കിൽ, അതും ഒരു നിർജ്ജീവ പ്രവൃത്തിയാണ്. ദൈവത്തെ സംബന്ധിച്ചിടത്തോളം, മറ്റുള്ളവരുടെ സമ്മർദ്ദത്തിന്മേൽ ദൈവത്തിനു കൊടുക്കുന്ന ഏതൊരു പണവും ഒരു വിലയും ഇല്ലാത്തതാണ്!! മറ്റുള്ളവരുടെ നിർബന്ധത്താലോ, അല്ലെങ്കിൽ ഒരുവൻ്റെ മനസാക്ഷിയെ ആശ്വസിപ്പിക്കാനോ വേണ്ടി ചെയ്യുന്ന ഒരു വലിയ ഇടപാടിനെകാൾ ദൈവം വിലമതിക്കുന്നത് അവിടുത്തേക്ക് വേണ്ടി പ്രസന്നതയോടെ ചെയ്യുന്ന ചെറിയ കാര്യങ്ങളെയാണ്.