മറ്റുള്ളവർക്കുവേണ്ടി ഏറ്റവും നല്ലത് ആഗ്രഹിക്കാൻ പഠിക്കുക- WFTW 12 സെപ്റ്റംബർ 2021

സാക് പുന്നന്‍

ദൈവത്തെ കൂടുതൽ കൂടുതൽ അറിയേണ്ടതിന് ആയിരിക്കണം നമ്മുടെ വാഞ്ഛ, കാരണം അതാണു നിത്യജീവൻ. ദൈവത്തെ അധികമധികം അറിയേണ്ടതിനാണ് നാം നിത്യത മുഴുവൻ ചെലവഴിക്കാൻ പോകുന്നത്. അതുകൊണ്ട് ദൈവത്തെ അറിയുവാൻ അതിയായ ആഗ്രഹമുള്ള ആർക്കും നിത്യത വിരസമായിരിക്കുകയില്ല. അപ്പോൾ നമ്മുടെ ഈ ഭൂമിയിലെ ജീവിതവും ഇനിമേൽ വിരസമായിരിക്കുകയില്ല. ഉല്പത്തി 2ൽ ആദാമിനോട് അവിടുന്ന് ഇടപെടുന്ന രീതിയിൽ നിന്ന് ദൈവത്തിൻ്റെ ജീവനെയും അവിടുത്തെ വഴികളെയും കുറിച്ച് ചില കാര്യങ്ങൾ പഠിക്കാം. അവിടെ നാം കാണുന്നത് ആദാമിന് ഒരു ഭാര്യയുടെ ആവശ്യം ഉണ്ടെന്നു കണ്ടതും അവനുവേണ്ടി ഒരു ഭാര്യയെ ഉണ്ടാക്കി അവൻ്റെ ആവശ്യം നിർവഹിച്ചു കൊടുത്തതും ദൈവമായിരുന്നു എന്നാണ്. ദൈവത്തിൻ്റെ സ്വഭാവം എങ്ങനെയാണെന്നു നാം അവിടെ കാണുന്നു. ദൈവം എപ്പോഴും മനുഷ്യരുടെ ആവശ്യങ്ങളോട് ജാഗ്രത ഉള്ളവനായി അവരുടെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കുന്നതിന് അവിടുത്തേക്കു ചെയ്യാൻ കഴിയുന്നതെല്ലാം അവിടുന്നു ചെയ്യുന്നു. ഈ ദിവ്യ സ്വഭാവത്തിൽ പങ്കാളികളാകുമ്പോൾ, നാമും അതു പോലെ ആയിത്തീരും- നമുക്കു ചുറ്റുപാടുമുള്ളവരുടെ ആവശ്യങ്ങളോടും പ്രശ്നങ്ങളോടും ജാഗ്രതയുള്ളവരായി അവരുടെ ആവശ്യങ്ങൾ നിർവഹിക്കാനായി നമ്മളാൽ ആവുന്നതെല്ലാം ചെയ്യുന്നവരായിരിക്കും! ഇതിൽ നമ്മുടെ ഭാഗത്തു നിന്ന് ഒരു വലിയ തോതിലുള്ള ത്യാഗം ഉൾപ്പെടുന്നു. അതുകൊണ്ട് ഈ ദിവ്യ സ്വഭാവത്തിനു പങ്കാളിയാകേണ്ടതിന് ഈ വില കൊടുക്കാൻ നമുക്ക് സമ്മതമാണോ എന്നു നാം നമ്മോടു തന്നെ ചോദിക്കേണ്ട ആവശ്യം ഉണ്ട്.

നമ്മുടെ ആദാമ്യ സ്വഭാവം ഈ ദിവ്യ സ്വഭാവത്തിനു നേരെ എതിരാണ്. ആദാമ്യ ജീവൻ തീർത്തും സ്വാർത്ഥപരമാണ്. അതു നമ്മുടെയും നമ്മുടെ കുടുംബാംഗങ്ങളുടെയും ആവശ്യങ്ങളാടു മാത്രം ജാഗ്രതയുള്ളതുമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങൾ വേറെ ആരെങ്കിലും നടത്തി കൊടുക്കുന്നതു പോലും ആഗ്രഹിക്കാത്ത വിധത്തിൽ അത്ര അസൂയയുള്ളതാണത്. മറിച്ച്, അത് (ആദാമ്യ ജീവൻ) മനുഷ്യർ കഷ്ടപ്പെടുന്നതു കണ്ട് ആസ്വദിക്കുന്നു.

മനുഷ്യൻ പാപം ചെയ്തപ്പോൾ, ജീവവൃക്ഷത്തിനു മുമ്പിൽ ആ വൃക്ഷത്തിലേക്കുള്ള വഴി കാക്കുവാനായി, എല്ലാ ദിശകളിലേക്കും തിരിയുന്ന ഒരു വാളുമായി കെരൂബുകളെ ദൈവം നിർത്തി. ജീവവൃക്ഷം പ്രതീകവൽക്കരിക്കുന്നത് നിത്യജീവനെയാണ്- ദൈവത്തെ അറിയുന്നത്. ജീവ വൃക്ഷത്തിൻ്റെ മുമ്പിൽ നിർത്തിയ ഈ വാളിലൂടെ ദൈവം ആദാമിനെ പ്രതീകാത്മകമായി കാണിച്ചത്, ഇനി ആരെങ്കിലും ജീവൻ്റെ വൃക്ഷത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ ആദ്യം തൻ്റെ സ്വന്ത ജീവനിൽ വാൾ വീഴുന്നത് അനുഭവിക്കണം എന്നാണ്. ഉൽപ്പത്തി 3: 21ൽ നാം വായിക്കുന്നത് ആദാമും ഹവ്വയും പാപം ചെയ്ത ഉടൻ, ഏദനിൽ വച്ച് ദൈവം ഒരു മൃഗത്തെ കൊന്ന് അതിൻ്റെ തോൽ അവരെ ധരിപ്പിച്ചു എന്നാണ്. അവിടെയും ദൈവം അവരെ അതേ പാഠം തന്നെ പഠിപ്പിക്കുകയായിരുന്നു- ഇനി അവർക്ക് വസ്ത്രം ധരിപ്പിക്കപ്പെടാനുള്ള ഏക മാർഗ്ഗം ത്യാഗത്തിൻ്റെയും മരണത്തിൻ്റെയും മാർഗ്ഗമാണെന്നാണ്. ഒരു മരണവും കൂടാതെ തങ്ങളെ തന്നെ ധരിപ്പിക്കുവാനാണ് അവർ ആദ്യം ശ്രമിച്ചത്- കേവലം അത്തിയില കൊണ്ട്. എന്നാൽ ദൈവം ആ അത്തിയിലകൾ ദൂരെ എറിഞ്ഞിട്ട് വസ്ത്രം ധരിപ്പിക്കപ്പെടുന്നതെങ്ങനെയെന്ന ശരിയായ മാർഗ്ഗം അവർക്കു കാണിച്ചു കൊടുത്തു. അതുകൊണ്ട് തുടക്കം മുതൽ തന്നെ മനുഷ്യനു ദൈവത്തോടുള്ള കൂട്ടായ്മയ്ക്കും അവിടുത്തെ സ്വഭാവത്താൽ ധരിപ്പിക്കപ്പെടുന്നതിനുമുള്ള മാർഗ്ഗമായി ദൈവം ഊന്നൽ കൊടുക്കുന്നതു ത്യാഗത്തിനാണ്.

ദൈവം കയീനോട് പറഞ്ഞത് അവൻ്റെ സഹോദരനായ ഹാബേലിനോടുള്ള “അവൻ്റെ ഉദ്ദേശ്യം നല്ലതായിരുന്നില്ല” എന്നതാണ് അവൻ്റെ അടിസ്ഥാന പ്രശ്നം എന്നാണ് (ഉൽ. 4:7 മാർജിൻ ). “കയീൻ്റെ വഴിയിൽ നടക്കുന്നവരെ” കുറിച്ച് യൂദാ സംസാരിക്കുന്നു (യൂദാ. 11). ആരാണവർ? തങ്ങളുടെ സഹോദരന്മാരോടുള്ള തങ്ങളുടെ ഉദ്ദേശ്യം നല്ലതല്ലാത്തവരാണിവർ. ഈ കാര്യത്തിൽ നമുക്കെല്ലാവർക്കും ഒരു ആത്മപരിശോധന ഉണ്ടായിരിക്കുന്നതു നല്ലതാണ്. നിങ്ങളുടെ സഭയിലുള്ള എല്ലാ സഹോദരീ സഹോദരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏറ്റവും നല്ലതു വരണമെന്നാണ് നിങ്ങളുടെ ആഗ്രഹമെന്നു സത്യസന്ധമായി നിങ്ങൾക്കു പറയാൻ കഴിയുമോ? മറ്റു സഭാ വിഭാഗങ്ങളിലുള്ള, നിങ്ങൾക്കറിയാവുന്ന മറ്റു വിശ്വാസികൾക്കു വേണ്ടിയും ഏറ്റവും നല്ലത് ആഗ്രഹിക്കുന്നു എന്ന് നിങ്ങൾക്കു പറയാൻ കഴിയുമോ? അതിനു ശേഷം, നിങ്ങളുടെ വൃത്തം കുറച്ചുകൂടി വിസ്തൃതമാക്കിയിട്ട് നിങ്ങളോടു തന്നെ ചോദിയ്ക്കുക, നിങ്ങൾക്കറിയാവുന്ന എല്ലാവർക്കും വേണ്ടി അവരുടെ ഏറ്റവും വലിയ നന്മ നിങ്ങൾ ആഗ്രഹിക്കുന്നുവോ എന്ന്, നിങ്ങളുടെ ബന്ധുക്കൾ, തങ്ങളുടെ ശത്രുക്കൾ, ഏതെങ്കിലും തരത്തിൽ നിങ്ങളെ ഉപദ്രവിച്ചവർ തുടങ്ങിയവർ ഉൾപ്പെടെ. മറ്റൊരാൾക്കോ അയാളുടെ മക്കൾക്കോ എന്തെങ്കിലും നന്മ സംഭവിക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ ഒരു അസ്വസ്ഥത നിങ്ങൾ കാണുന്നെങ്കിൽ (സന്തോഷിക്കുന്നതിനു പകരം), അല്ലെങ്കിൽ അവനോ അവൻ്റെ കുടുംബത്തിനോ എന്തെങ്കിലും ദോഷം സംഭവിക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ ഒരു സന്തോഷം അനുഭവിക്കുന്നുണ്ടെങ്കിൽ (ഒരു ദുഃഖത്തിനു പകരം), അത്തരം മനോഭാവം എന്തിനെ സൂചിപ്പിക്കുന്നു? ഇത്രമാത്രം, ആദാമിൻ്റെ ജീവൻ നിന്നിൽ സജീവവും പ്രവർത്തനക്ഷമവും ആണ് എന്നാണ്.

നിങ്ങൾ നിങ്ങളോടുതന്നെ സത്യസന്ധനാണെങ്കിൽ, നിങ്ങൾ നടക്കുന്നതു കയിൻ്റെ വഴിയിൽ ആണോ അല്ലയോ എന്ന് വേഗത്തിൽ നിങ്ങൾ കണ്ടുപിടിക്കും. ദൈവത്തിൻ്റെ അഗ്നിയും അഭിഷേകവും സ്ഥിരമായി നിങ്ങളിൽ വസിക്കണമെങ്കിൽ, നിങ്ങളുടെ ഉള്ളിൽ ആ തിന്മ നിറഞ്ഞ ആദാമ്യ ജീവൻ കാണുമ്പോൾ അതിനെ മരിപ്പിക്കുന്നതിനു നിങ്ങൾ വേഗതയുള്ളവരായിരിക്കണം.

ഗോതമ്പുമണി നിലത്തു വീണ് മുഴുവനായി ചാകുമ്പോൾ ആണ് അധികം ഫലം ഉണ്ടാകുന്നത്. തനിക്ക് തന്നെ പൂർണമായി മരിക്കുന്നവന് ഒരിക്കലും ഇടർച്ച ഉണ്ടാകുകയില്ല, മറ്റുള്ളവർ എന്തു ചെയ്താലും ചെയ്തില്ലെങ്കിലും അത് കാര്യമല്ല. അയാൾ എപ്പോഴും എല്ലാവർക്കും വേണ്ടി നല്ലത് ഉദ്ദേശിക്കുന്നു. അയാൾ തന്നെ സംബന്ധിക്കുന്ന ഒരു കാര്യത്തിലും ഒരിക്കലും കുപിതനാകുകയോ ആരോടും വഴക്കുണ്ടാക്കുകയോ ഇല്ല. അയാൾ ഒരിക്കലും സ്വയസഹതാപത്തിൽ തനിക്ക് വേണ്ടി തന്നെ ഒരു തുള്ളി കണ്ണുനീർ പോലും ചൊരിയുകയില്ല- കാരണം, മരിച്ച ആളുകൾ തീർച്ചയായും തങ്ങളുടെ ശവക്കുഴിയിൽ കിടന്നു കരയാറില്ല!

കയീൻ തൻ്റെ സഹോദരനു നേരെ നന്മ ഉദ്ദേശിക്കാതിരുന്നപ്പോൾ അവൻ്റെ മുഖം വാടിയതും ഇരുണ്ടതും ആയിരുന്നു (ഉൽ. 4:6). ഒരുപക്ഷേ നമുക്കത് മനസ്സിലാകുന്നില്ലായിരിക്കാം, എന്നാൽ നമ്മുടെ ഹൃദയത്തിൻ്റെ ഭാവം നമ്മുടെ മുഖങ്ങളിൽ പ്രതിഫലിക്കും. നിങ്ങൾ മറ്റുള്ളവർക്കു നന്മ ഉദ്ദേശിച്ചാൽ, നിങ്ങളുടെ മുഖം എപ്പോഴും സന്തോഷത്താൽ തിളങ്ങും. അനേകം വിശ്വാസികൾ കയീൻ്റെ വഴിയിലാണ് നടക്കുന്നത്. അവരുടെ നേർത്ത പുഞ്ചിരിയുടെയും അവരുടെ അധരങ്ങളിൽ നിന്നു വരുന്ന “കർത്താവിനു സ്തുതി” എന്ന വാക്കുകളുടെയും അടിത്തട്ടിൽ, തങ്ങളുടെ സഹ വിശ്വാസികളോടുള്ള തെറ്റായ മനോഭാവമാണ് കാണപ്പെടുന്നത്. ആളുകൾ നിങ്ങൾക്കെതിരെ തിരിഞ്ഞ് നിങ്ങൾക്കു ദോഷം ചെയ്യുമ്പോൾ, നിങ്ങളുടെ ഹൃദയത്തിൻ്റെ യഥാർത്ഥ അവസ്ഥ കാണേണ്ടതിന് നിങ്ങളെ സ്കാൻ ചെയ്യാൻ ദൈവം അവരെ ഉപയോഗിക്കുകയാണ്. നിങ്ങൾക്ക് അവരെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ദൈവത്തിൻ്റെ സ്വഭാവത്തിന് പങ്കാളി ആയിട്ടില്ല എന്നാണ് നിങ്ങളുടെ ഹൃദയത്തിൻ്റെ സ്കാൻ കാണിക്കുന്നത്, കാരണം ദൈവത്തിൻ്റെ സ്വഭാവം അവിടുത്തെ ശത്രുക്കളെ സ്നേഹിക്കുന്ന ഒന്നാണ്. യൂദാഇസ്കരിയോത്താവിനുപോലും നന്മയാണ് യേശു ഉദ്ദേശിച്ചത്.

ദൈവം എല്ലാവർക്കും ഏറ്റവും നല്ലതാണ് ആഗ്രഹിക്കുന്നത്. ഈ സ്വഭാവത്തിനു പങ്കാളിയാകാൻ നമുക്കും കഴിയും എന്നതാണ് സുവിശേഷ സന്ദേശം. ആ വിധത്തിൽ സുവിശേഷത്തെ മനസ്സിലാക്കിയിട്ടില്ലാത്തവർ സുവിശേഷം അല്പം പോലും മനസ്സിലാക്കിയിട്ടില്ല.