സഭയിലെ പ്രയോജനകരമായ മൂന്നു ശുശ്രൂഷകൾ – WFTW 15 നവംബർ 2020

സാക് പുന്നന്‍

1. മദ്ധ്യസ്ഥതയുടെ ഒരു ശുശ്രൂഷ : സെഖര്യാവ് 3:1 ൽ, മഹാപുരോഹിതനായ യോശുവ യഹോവയുടെ മുമ്പിൽ നിൽക്കുകയായിരുന്നു എന്നും അദ്ദേഹത്തെ കുറ്റം ചുമത്തുവാൻ സാത്താനും അവിടെ നിന്നു എന്നും നാം വായിക്കുന്നു. സാത്താൻ എപ്പോഴും നേതാക്കന്മാരെ കുറ്റം ചുമത്തുവാനും അവരെ ഉപദ്രവിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവൻ അവരേയും അവരുടെ ഭാര്യമാരേയും മക്കളേയും ഉന്നം വയ്ക്കുന്നു. ഒരു നേതാവിനെ പരുഷമായി വിധിക്കരുത്, കാരണം നിങ്ങൾ ആയിരിക്കുന്നതിനേക്കാൾ അധികം സാത്താൻ്റെ വലിയ ലക്ഷ്യമാണ് അദ്ദേഹം. നിങ്ങളുടെ ഭാര്യയേയും മക്കളേയും കാൾ സാത്താൻ്റെ ലക്ഷ്യമാണ് അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും. സാത്താൻ അവിടെ നിന്നത് യഹോവയോട് യോശുവയുടെ കുറ്റം പറയുവാനാണ്. എന്നാൽ യഹോവ ഇപ്രകാരം മറുപടി പറഞ്ഞു, “യഹോവയായ ഞാൻ നിൻ്റെ ആരോപണങ്ങൾ നിരസിക്കുന്നു” (സെഖ. 3:2). നമുക്കു പിതാവിൻ്റെ അടുത്ത് ഒരു അഭിഭാഷകൻ ഉണ്ട്, നീതിമാനായ യേശുക്രിസ്തു. ചിലപ്പോൾ നമുക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ അഭിഭാഷകനെ കുറിച്ചുള്ളതെല്ലാം മറന്നു പോകത്തക്ക വിധം ഈ അപവാദിയാൽ നാം വളരെ പിടിക്കപ്പെടുന്നു. ഇപ്പോൾ തന്നെ സ്വർഗ്ഗത്തിൽ രണ്ടു ശുശ്രൂഷകൾ നടന്നുകൊണ്ടിരിക്കുന്നു. ഒന്ന് സാത്താൻ്റെ കുറ്റപ്പെടുത്തൽ. അവൻ ഇയ്യോബിനെയും യോശുവയേയും കുറ്റപ്പെടുത്തി. അതേ സമയം തന്നെ സ്വർഗ്ഗത്തിൽ മറ്റൊരു ശുശ്രൂഷയും നടന്നുകൊണ്ടിരിക്കുന്നു. “നമുക്കു വേണ്ടി മദ്ധ്യസ്ഥത (പക്ഷവാദം) ചെയ്യുവാൻ യേശു എന്നേക്കും ജീവിക്കുന്നു” (എബ്രാ 7:25). കുറ്റപ്പെടുത്തലിൻ്റെ ശുശ്രൂഷയും മദ്ധ്യസ്ഥതതയുടെ ശുശ്രൂഷയുമാണ് ആ രണ്ടു ശുശ്രൂഷകൾ. സാത്താനുമായി കൂട്ടായ്മയിലുള്ളവർ മറ്റു വിശ്വാസികളെ കുറ്റപ്പെടുത്തും. മറ്റൊരു വിശ്വാസിക്കെതിരായി ഏഷണി പറയുകയോ ദോഷം സംസാരിക്കുകയോ ചെയ്യുന്ന ഓരോ സമയവും, നിങ്ങൾ അറിഞ്ഞാലും ഇല്ലെങ്കിലും, നിങ്ങൾ സാത്താനുമായി കൈ കോർത്തുകൊണ്ട് ഇപ്രകാരം പറയുകയാണ് “സാത്താനെ ഞാൻ നിന്നോടു യോജിക്കുന്നു. അവൻ അങ്ങനെയാണ്”. അതുപോലെ ഒരു ബലഹീന സഹോദരനു വേണ്ടി പ്രാർത്ഥിക്കുന്ന ഓരോ സമയവും നിങ്ങൾ യേശുവുമായി കൈകോർത്ത് ഇങ്ങനെ പറയുന്നു, “കർത്താവേ ഞാൻ അങ്ങയോടു യോജിക്കുന്നു. നമുക്ക് ആ സഹോദരനു വേണ്ടി പ്രാർത്ഥിച്ച് അവനെ ആ പ്രശ്നത്തിൽ നിന്നു വിടുവിക്കണം”.

2. പ്രോത്സാഹനത്തിൻ്റെ ഒരു ശുശ്രൂഷ : സെഖര്യാവിന് നിരുത്സാഹിതരായ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന അനുഗൃഹീതമായ ഒരു ശുശ്രൂഷ ഉണ്ടായിരുന്നു. യഹൂദന്മാർ ബാബിലോണിൽ നിന്നു മടങ്ങി വന്നിട്ടേ ഉള്ളൂ, അവിടെ അവരുടെ പിതാക്കന്മാർ അടിമകളായിരുന്നു, അവർ വളരെ ദരിദ്രരും ഭയമുള്ളവരും, നിരുത്സാഹിതരും ആയിരുന്നു. അവർ മർദ്ദിത സമൂഹമായിരുന്നു. അവർ 200 വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന അവരുടെ പൂർവ്വ പിതാക്കന്മാരെ പോലെ സംസ്കാരസമ്പന്നരോ, പ്രബുദ്ധരോ അല്ലെങ്കിൽ ധനികരോ ആയിരുന്നില്ല. അവരെ പ്രോത്സാഹിപ്പിക്കേണ്ടതിന് സെഖര്യാവ് വിളിക്കപ്പെട്ടിരുന്നു. സെഖ. 8: 6, 8 ൽ യഹോവ അരുളി ചെയ്തു “നിങ്ങൾക്ക്, ദൈവജനത്തിലെ ചെറിയതും നിരുത്സാഹിതരുമായ ഒരു ശേഷിപ്പിന്, ഇതെല്ലാം ഇപ്പോൾ അസാധ്യമായി തോന്നിയേക്കാം. എന്നാൽ സർവ്വ ശക്തനായ യഹോവയാകുന്ന എനിക്ക് ഇത് അസാധ്യമാണെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ഞാൻ എൻ്റെ ജനത്തെ യെരുശലേമിൽ (സഭയിൽ) സുരക്ഷിതരായി ജീവിക്കേണ്ടതിന് അവരെ അവരുടെ ഭവനത്തിലേക്കു കൊണ്ടുവരും. അവർ എനിക്കു ജനമായിരിക്കും, ഞാൻ അവരുടെ ദൈവമായി അവരോടു വിശ്വസ്തനായിരിക്കും” (സെഖ.8:6,8). അതു കൊണ്ട് അവിടുത്തെ സഭ പൂർത്തീകരിക്കപ്പെടുകയും തികവുള്ളതാക്കുകയും ചെയ്യുന്നതുവരെ ധൈര്യത്തോടെ പ്രവർത്തിക്കുവാൻ ദൈവം നമ്മോടു പറയുന്നു. “അതുകൊണ്ട് ഭയപ്പെടുകയോ നിരുത്സാഹപ്പെടുകയോ ചെയ്യരുത്, എന്നാൽ അതിനു പകരം മന്ദിരം (സഭ) പുനർനിർമ്മിക്കുന്ന കാര്യവുമായി മുന്നോട്ടു പോകുക!” (സെഖ. 8: 9-13). സെഖര്യാവിൻ്റെ കാലത്തുണ്ടായിരുന്ന ജനത്തെ ആലയം പണിയേണ്ടതിന് കഠിനാദ്ധ്വാനം ചെയ്യുവാൻ തക്കവണ്ണം ഉത്തേജിപ്പിക്കുവാൻ വേണ്ട പ്രോത്സാഹനം നൽകിയ ഒരു സന്ദേശമായിരുന്നു അത്. ഇന്ന് സഭ പണിയേണ്ടതിന് ആളുകളെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രോത്സാഹനത്തിൻ്റെ വചനവുമാണിത്.

3 . മറ്റുള്ളവരെ സംതുലനം ചെയ്യുന്ന ഒരു ശുശ്രൂഷ : സെഖ. 4: 1-14 വരെയുള്ള വാക്യങ്ങളിൽ, രണ്ടു വൃക്ഷങ്ങൾ, സഭയെ എല്ലാക്കാലവും പുതുക്കവും ആത്മ നിറവും ഉള്ളതായി സൂക്ഷിക്കുവാൻ യഹോവ ഉപയോഗിക്കുന്ന രണ്ടു ദൈവ ഭൃത്യന്മാരുടെ പ്രതീകമായി നിൽക്കുന്നു. അവർ തന്നെ എല്ലായ്പോഴും ആത്മാവിനാൽ നിറയപ്പെട്ടവരും ആത്മാവുമായുള്ള ബന്ധത്തിൽ നിലനിൽക്കുന്നവരും ആയിരുന്നു. നിങ്ങൾ അവരെ കണ്ടുമുട്ടുന്ന ഓരോ സമയവും നിങ്ങളെ അനുഗ്രഹിക്കേണ്ടതിന് അവരിൽ നിന്ന് എണ്ണ പുറത്തേക്ക് ഒഴുകുന്നു. ഇങ്ങനെയുള്ള അനേകം ദൈവ ഭൃത്യന്മാരെ സഭയ്ക്ക് ആവശ്യമുണ്ട്. ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞ രണ്ടു പുരുഷന്മാരായിരുന്നു ഹഗ്ഗായിയും സെഖര്യാവും. ഓരോ ദൈവ ഭൃത്യനും തൻ്റെ ശുശ്രൂഷ മറ്റൊരു ദൈവ ഭൃത്യൻ്റെ ശുശ്രൂഷയാൽ സംതുലനം ചെയ്യപ്പെടേണ്ടതിൻ്റെ ആവശ്യമുണ്ട്. ഒരു വൃക്ഷം ഒരു വശത്തു നിന്ന് എണ്ണ പകരുന്നു. മറ്റേ വൃക്ഷം മറ്റൊരു വശത്തു നിന്ന് എണ്ണ പകരുന്നു. ഒരു വ്യക്തി കൃപയ്ക്ക് ഊന്നൽ നൽകുന്നു. അതേ സമയം മറ്റേയാൾ സത്യത്തിന് ഊന്നൽ നൽകുന്നു. എന്നാൽ അവർ ഒരുമിച്ചു ചേർന്ന് ക്രിസ്തുവിൽ കാണപ്പെട്ട ദൈവതേജസ്സിനെ വെളിപ്പെടുത്തുന്നു അതിൻ്റെ ഫലമായി സഭയുടെ നിലവിളക്ക് ശോഭയോടെ കത്തുന്നു (യോഹന്നാൻ 1:14). അതുപോലെ സഭയുടെ പണിക്കു വേണ്ടി രണ്ടു സഹോദരന്മാർക്ക് ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുന്നിടത്ത് – രണ്ടു പേരും പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ട്, മത്സരമില്ലാതെ, അസൂയയില്ലാതെ, വ്യക്തിപരമായ അഭിലാഷമില്ലാതെ, ഒരാൾ മറ്റേയാളിനെക്കാൾ മെച്ചമാണെന്നു കാണിക്കാനുള്ള ഒരാ ഗ്രഹവുമില്ലാതെ- എന്നാൽ നിലവിളക്ക് ശോഭയോടെ കത്തണം എന്നു മാത്രം ആഗ്രഹിച്ചു കൊണ്ട് പ്രവർത്തിക്കുന്നവർ, അവർക്ക് പാതാള ഗോപുരങ്ങൾക്ക് ഒരിക്കലും ജയിക്കാൻ കഴിയാത്ത ഒരു സഭ പണിയാൻ കഴിയും.