ബൈബിളിലൂടെ : 2 രാജാക്കന്മാര്‍

യിസ്രായേലിലും യെഹൂദയിലുമുള്ള മലിനത


യിസ്രായേല്‍, യെഹൂദാ എന്നീ രണ്ടു രാഷ്ട്രങ്ങളുടെയും അവരെ ഭരിച്ച രാജാക്ക ന്മാരുടെയും കഥയുടെ ശേഷിക്കുന്ന ഭാഗമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. യിസ്രായേലില്‍ മിക്കവാറും എല്ലാ രാജാക്കന്മാരും കൊളളരുതാത്തവരായിരുന്നു. യെഹൂദായില്‍ ചിലര്‍ നല്ലവരായിരുന്നു. രണ്ടു രാഷ്ട്രങ്ങളും പ്രവാസത്തിലേക്കു പോയതെങ്ങനെയാണെന്നു കൂടി നാം ഇവിടെ വായിക്കുന്നു. ഏതാണ്ട് 730 ബി.സി.-യില്‍ അശൂര്യര്‍ വന്ന് യിസ്രായേലിലെ വടക്കേ ദേശം പിടിച്ചടക്കി. ചില അശൂര്യര്‍ ശമര്യയിലുള്ള യെഹൂദന്മാരുമായി മിശ്രവിവാഹം ചെയ്തു. അങ്ങനെയാണ് ശമര്യര്‍ ഉണ്ടായത്. മറ്റു യെഹൂദന്മാര്‍ക്ക് ഇവരുമായി യാതൊരു ഇടപാടുകളും ഉണ്ടായിരുന്നില്ല (യേശുവിന്റെ കാലത്ത്).

ഏകദേശം 150 വര്‍ഷങ്ങള്‍ക്കു ശേഷം, യെഹൂദായുടെ തെക്കേരാജ്യം ബാബിലോന്യര്‍ പിടിച്ചടക്കി (അശൂരിനു ശേഷം അടുത്ത ലോകശക്തിയായി തീര്‍ന്ന രാജ്യമാണു ബാബിലോണ്‍). യിസ്രായേലിന്റെ പരാജയങ്ങളില്‍ നിന്ന് യെഹൂദാ പാഠങ്ങള്‍ പഠിച്ചില്ല എന്നതാണ് ദുഃഖകരമായ കാര്യം.

ബുദ്ധിയുള്ള ഒരു മനുഷ്യന്‍ മറ്റുള്ളവരുടെ പരാജയങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിക്കുന്നു. ഒരു വിഡ്ഢി ഒരിക്കലും പഠിക്കുന്നില്ല. ദൈവവചനം നമുക്കു നല്‍കപ്പെട്ടിരിക്കുന്നതു നാം ബുദ്ധിമാന്മാര്‍ ആകേണ്ടതിനാണ്. ബുദ്ധിമാനാകുന്നതിനുള്ള ഒരു മാര്‍ഗ്ഗം മറ്റുള്ളവരുടെ തെറ്റില്‍ നിന്നു പഠിക്കുന്നതാണ്. തിരുവചനത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന പരാജയങ്ങളുടെ ഉദാഹരണങ്ങളില്‍ നിന്നു നമുക്കു പാഠങ്ങള്‍ പഠിക്കാന്‍ കഴിയും- ആദാം, ഹവ്വ, കയീന്‍, അബ്രാഹാം, ഇസഹാക്ക്, യാക്കോബ്, മോശെ, യോശുവ, ദാവീദ് മുതലായവരുടെ. നമുക്കു ചുറ്റും കാണുന്ന സഭകളുടെയും പ്രസംഗകരുടെയും പരാജയങ്ങളില്‍ നിന്നു കൂടി നമുക്കു പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. അപ്പോള്‍ ആ തെറ്റുകള്‍ നമുക്കു വീണ്ടും ആവര്‍ത്തിക്കേണ്ടിവരില്ല.

എലീശാ ഏലിയാവില്‍ നിന്ന് ചുമതല ഏറ്റെടുക്കുന്നു

അധ്യായം 1: അഹസ്യാവ് ആയിരുന്നു യിസ്രായേലിലെ പുതിയ രാജാവ്. അവന്റെ വിഗ്രഹാരാധനയുടെ കാര്യത്തെ ചൊല്ലി ഏലിയാവ് അവനെ ശാസിച്ചതുകൊണ്ട് ഏലിയാവിനോട് അവനു ദേഷ്യം ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ പിടിക്കാന്‍ 50 പടയാളികളെ അവന്‍ അയച്ചു. ഏലിയാവ് അമ്പത് പേര്‍ക്ക് അധിപതി ആയവനോട് ഇപ്രകാരം പറഞ്ഞു, ”ഞാന്‍ ദൈവപുരുഷനെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു തീ ഇറങ്ങി നിന്നെയും നിന്റെ ആളുകളെയും ദഹിപ്പിക്കട്ടെ”(1:12). ഉടനെ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ എല്ലാവരെയും ദഹിപ്പിച്ചു. രണ്ടാമത് മറ്റൊരു അമ്പതു പേരുടെ കൂട്ടത്തിനും ഇതുതന്നെ സംഭവിച്ചു. എന്നാല്‍ മൂന്നാമതു വന്ന സേനാധിപന്‍ തന്നോടു കരുണയുള്ളവനായിരിക്കേണ്ടതിന് ഏലിയാവിനോട് മുന്‍കൂട്ടി അപേക്ഷിച്ചു. അപ്പോള്‍ ഏലിയാവ് അവന്റെ കൂടെ രാജാവിന്റെ അടുക്കല്‍ ചെന്ന് അവന്റെ വിഗ്രഹാരാധന നിമിത്തം അവന്‍ മരിക്കുമെന്നു വീണ്ടും അവനോട് പറഞ്ഞു.

ഈ സംഭവങ്ങളാണ് യാക്കോബും യോഹന്നാനും പരാമര്‍ശിച്ചത്- ഇതേ സ്ഥലത്തേക്ക് (ശമര്യയിലേക്ക്) യേശു വരികയും ശമര്യക്കാര്‍ അവിടുത്തെ സ്വീകരിക്കാതിരിക്കുകയും ചെയ്തപ്പോള്‍. ഏലിയാവു ചെയ്തതുപോലെ സ്വര്‍ഗ്ഗത്തില്‍ നിന്നു തീ ഇറക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. എന്നാല്‍ യേശു അവരെ ശാസിച്ചുകൊണ്ടു പറഞ്ഞു: ”നിങ്ങള്‍ക്ക് ഏതാത്മാവാണ് ഉള്ളത് എന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ വന്നത് മനുഷ്യരുടെ പ്രാണങ്ങളെ രക്ഷിക്കാനാണ്, അവയെ നശിപ്പിക്കാനല്ല” (ലൂക്കൊ. 9:55,56). അവിടെ നാം ക്രിസ്തുവിന്റെ പുതിയ നിയമ ആത്മാവും പഴയനിയമ പ്രവാചകന്മാരുടെ ആത്മാവും തമ്മിലുള്ള വ്യത്യാസം കാണുന്നു.

അധ്യായം 2: ഇവിടെ എലീശായുടെ സ്ഥിരത നാം കാണുന്നു. വിശേഷിച്ചും ഏലിയാവ് അവനെ പരീക്ഷിച്ചപ്പോള്‍. ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടാനുള്ള സമയമായപ്പോള്‍ എലീശാ അദ്ദേഹത്തോടൊപ്പം ഗില്‍ഗാലിലേക്കു പോയി. താന്‍ ബെഥേലിലേക്കു പോകുന്നതു കൊണ്ട് എലീശാ ഗില്‍ഗാലില്‍ താമസിക്കുവാന്‍ ഏലിയാവ് എലീശയോടു പറഞ്ഞു. എലീശാ പറഞ്ഞു, ”ഇല്ല ഞാന്‍ നിന്നോടു കൂടെ പോരുന്നു.” ബെഥേലില്‍ എത്തിയപ്പോള്‍, ഏലിയാവു വീണ്ടും എലീശയോട്, താന്‍ യെരീഹോവിലേക്കു പോകുന്നതുകൊണ്ട്, ബെഥേലില്‍ പാര്‍ക്കുവാന്‍ പറഞ്ഞു. വീണ്ടും എലീശാ പറഞ്ഞു, ”ഇല്ല ഞാന്‍ നിന്നോടു കൂടെ പോരുന്നു.” യെരീഹോവിലും അതേ രംഗം ആവര്‍ത്തിക്കപ്പെട്ടു. പിന്നീട് ഏലീയാവ് യോര്‍ദ്ദാനിലേക്കു പോയി. യോര്‍ദ്ദാന്‍ നദിയുടെ അടുത്തെത്തിയപ്പോള്‍, ഏലിയാവ് വെള്ളത്തെ അടിച്ചു. യോര്‍ദ്ദാന്‍ രണ്ടായി പിരിഞ്ഞു. അവര്‍ രണ്ടുപേരും അക്കരയ്ക്കു നടന്നു. അപ്പോള്‍ ഏലിയാവ് എലീശയോട് ”നീ എന്തിനാണ് എന്നെ പിന്‍തുടര്‍ന്നു കൊണ്ടിരിക്കുന്നത്? നിനക്കെന്താണു വേണ്ടത്?”

നിങ്ങളുടെ കാര്യത്തില്‍ എങ്ങനെയാണ്? നിങ്ങള്‍ക്കെന്തു വേണം? നിങ്ങള്‍ കുറച്ചു കൂടി നല്ല ഒരു വരുമാനത്തിനു വേണ്ടിയാണോ, അല്ലെങ്കില്‍ ഒരു കാറിനു വേണ്ടിയാണോ അല്ലെങ്കില്‍ ഒരു പുതിയ വീടിനു വേണ്ടിയാണോ അന്വേഷിക്കുന്നത്? എന്നാല്‍ എലീശാ പറഞ്ഞു: ”നിന്റെ ആത്മാവിന്റെ ഇരട്ടി പങ്ക് എനിക്കു വേണം” (2:9). ഈ ലോകത്തിലുള്ള യാതൊന്നും അവന് ആവശ്യമില്ല. ഏലിയാവില്‍ ഉണ്ടായിരുന്ന ആത്മാവിന്റെ അഭിഷേകമായിരുന്നു അവനു വേണ്ടിയിരുന്നത്. അതുകൊണ്ടാണ് അവന്‍ ഏലിയാവിനെ പിന്‍തുടര്‍ന്നത്.

നമുക്ക് ഒരു ശുശ്രൂഷ തരുന്നതിനു മുമ്പ് ദൈവം നമ്മെയും ശോധന ചെയ്യും. അവിടുന്ന് നമുക്ക് ഒരു പ്രത്യേക അനുഭവം തരും. നമ്മെ ഗില്‍ഗാലിലേക്കു കൊണ്ടു വരുന്നു. എന്നിട്ട് നാം അതുകൊണ്ടു തൃപ്തരാണോ എന്നു നോക്കുന്നു. ചില ക്രിസ്ത്യാനികള്‍ അതില്‍ തൃപ്തരാണ്. എന്നാല്‍ മറ്റുള്ളവര്‍ പറയും: ”ഇല്ല കര്‍ത്താവേ ഞാന്‍ തൃപ്തനല്ല.” ദൈവം ഈ ആളുകളെ മുന്നോട്ടു നയിച്ച് കുറച്ചുകൂടി ആഴത്തിലുള്ള ഒരു അനുഭവം അവര്‍ക്കു നല്‍കുന്നു- ബേഥേല്‍. അവിടുന്നു നിങ്ങള്‍ക്കു ചില ദര്‍ശനങ്ങള്‍ നല്‍കിയേക്കാം. ചിലര്‍ അതുകൊണ്ടു തൃപ്തരാകും. മറ്റുള്ളവര്‍ ഇങ്ങനെ പറയും, ”ഇല്ല കര്‍ത്താവേ, അങ്ങയില്‍ നിന്ന് എനിക്കു കൂടുതല്‍ വേണം” ഒരുപക്ഷേ നിങ്ങളില്‍ കൂടെ അവിടുന്ന് ഒരു അതിശയം ചെയ്‌തേക്കാം. ഇതുകൊണ്ട് ചിലര്‍ തൃപ്തരായിരിക്കും. മറ്റുള്ളവര്‍ ഇങ്ങനെ പറയും: ”കര്‍ത്താവേ, എന്നെ അങ്ങയോട് അനുരൂപനായി രൂപാന്തരപ്പെടുത്തേണ്ടതിന് അങ്ങയില്‍ വസിക്കുന്ന ആത്മാവിനെ എന്നിലും വസിക്കുമാറാക്കണം. അതില്‍ കുറഞ്ഞ ഒരു കാര്യംകൊണ്ടും ഞാന്‍ തൃപ്തനാകയില്ല.” നിങ്ങള്‍ക്ക് അത്തരത്തിലുള്ള ഒരു വാഞ്ഛയുണ്ടോ? അങ്ങനെയെങ്കില്‍, ദൈവം നിങ്ങളെ നിരാശപ്പെടുത്തുകയില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കട്ടെ.

ദൈവത്തിന്റെ ഏറ്റവും നല്ലതിനെക്കാള്‍ വളരെ കുറഞ്ഞ ചില കാര്യങ്ങളെ കൊണ്ട് തൃപ്തിയിലെത്തിയ അനേകം ക്രിസ്ത്യാനികളെ ഞാന്‍ കണ്ടിട്ടുണ്ട്- 25%, 50% അല്ലെങ്കില്‍ 75%. തന്റെ തലമുറയില്‍ ദൈവത്തിന്റെ ഏറ്റവും നല്ലതിനായി മുന്നോട്ട് ആഞ്ഞ എലീശയെ പോലെ ആയിരിക്കുക. അവന് ഇരട്ടി പങ്ക് അഭിഷേകം ലഭിച്ചത് അവന്‍ നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ്. തന്നെയുമല്ല ഏലിയാവു ചെയ്തതിന്റെ രണ്ടു മടങ്ങ് അതിശയങ്ങള്‍ എലീശാ ചെയ്തിട്ടുണ്ട്.

ഇന്നത്തെ മിക്ക പ്രസംഗകരുടെയും അടുത്ത് നിങ്ങള്‍ ചെന്നിട്ട് അവരോട് ”എനിക്കു പരിശുദ്ധാത്മ സ്‌നാനം വേണം” എന്നു നിങ്ങള്‍ പറഞ്ഞാല്‍, അവര്‍ പറയും: ”ഓ അതു വളരെ എളുപ്പമുള്ള കാര്യമാണ്, ഞാന്‍ നിങ്ങളുടെ തലയില്‍ കൈവയ്ക്കട്ടെ.” അയാള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട് ചില കാര്യങ്ങള്‍ അസ്പഷ്ടമായി പറയാന്‍ നിങ്ങളോട് ആവശ്യപ്പെടും. അതിനുശേഷം ”നിങ്ങള്‍ക്ക് അതു ലഭിച്ചു” എന്നു പറയും. എന്നാല്‍ ഏലിയാവ് എന്താണു പറഞ്ഞത്? അദ്ദേഹം എലീശായോട് ”നിനക്ക് ഇരട്ടി പങ്ക് അഭിഷേകം വേണോ? അത് എളുപ്പമുള്ള ഒരു കാര്യമേ അല്ല. നീ വളരെ കഠിനമായ ഒരു കാര്യത്തിനു വേണ്ടിയാണ് ചോദിച്ചത്. ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതു കാണാന്‍ ദൈവം നിന്നെ അനുവദിക്കുമെങ്കില്‍, അപ്പോള്‍ നിനക്കതു ലഭിക്കും”(2:10) എന്നു പറഞ്ഞു. ഏലിയാവ് കാര്യം ദൈവ കരങ്ങളില്‍ വിട്ടു. ഇവിടെ ഏലിയാവ് ക്രിസ്തുവിന്റെ ഒരു നിഴലാണ്. കര്‍ത്താവു നമ്മോടു പറയുന്നത് ഇതാണ്: ”നിങ്ങള്‍ക്കുവേണ്ടി സകലവും പിടിച്ചടക്കിയ ശേഷം സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ വലത്തുഭാഗത്ത് എന്നെ കാണാന്‍ കഴിയുകയും നിങ്ങള്‍ എന്നില്‍ വിശ്വസിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് അഭിഷേകം പ്രാപിക്കാന്‍ കഴിയും.”

ഇരട്ടി അഭിഷേകം എന്നത് പ്രാപിക്കാന്‍ പ്രയാസമുള്ള ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ മനുഷ്യരെ നോക്കാതെ കര്‍ത്താവിനെ മാത്രം നോക്കുമെങ്കില്‍ നിങ്ങള്‍ക്കത് പ്രാപിക്കാന്‍ കഴിയും. നിങ്ങളോടുള്ള കര്‍ത്താവിന്റെ വചനം അതാണ്.

ഇന്നും പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കുന്നവന്‍ യേശുവാണ്- ഒരു മനുഷ്യനുമല്ല. സ്‌നാപക യോഹന്നാന്‍ പോലും ”എനിക്കു നിങ്ങളെ വെള്ളത്തില്‍ സ്‌നാനം കഴിപ്പിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്‌നാനം കഴിപ്പിക്കും. ഒരു മനുഷ്യനും നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കാന്‍ കഴിയുകയില്ല. യേശുക്രിസ്തു മാത്രമാണ് ആത്മ സ്‌നാപകന്‍. അതുകൊണ്ട് നേരിട്ട് അവിടുത്തെ അടുക്കലേക്കു ചെല്ലുക” എന്നാണ് പറഞ്ഞത്.

ഏലിയാവും എലീശയും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു അഗ്നിരഥം വരികയും ഏലിയാവ് എടുക്കപ്പെടുകയും ചെയ്തു. എലീശാ അതു കണ്ടു. താഴെ വീണ പുതപ്പ് എടുക്കുകയും ഇരട്ടി പങ്ക് അഭിഷേകം പ്രാപിക്കുകയും ചെയ്തു. അതിനുള്ള ഒരു തെളിവും ഉടനെ ഉണ്ടായി. അവന്‍ യോര്‍ദ്ദാന്‍ നദിക്കരികെ എത്തിയപ്പോള്‍, അവന്‍ വെള്ളത്തെ അടിക്കുകയും നദിക്കു കുറുകെ കടക്കുകയും ചെയ്തു. അഭിഷേകം നമ്മുടെ ജീവിതങ്ങളില്‍ വെളിപ്പെട്ടുവരും. നമ്മുടെ അനുഭവത്തെക്കുറിച്ചു നാം ശബ്ദം ഉണ്ടാക്കുകയോ, അല്ലെങ്കില്‍ കൂക്കി വിളിക്കുകയോ ആരോടെങ്കിലും പറയുക പോലുമോ, ചെയ്യേണ്ടതില്ല. നമ്മുടെ ജീവിതവും നമ്മുടെ ശുശ്രൂഷയും സ്വയം സംസാരിക്കും- നമ്മെ വിമര്‍ശിക്കുന്നവരോടു പോലും.

ഏലീശായുടെ അത്ഭുത പ്രവൃത്തികള്‍

എലീശാ ചെയ്ത വിവിധ തരത്തിലുള്ള അതിശയങ്ങളെക്കുറിച്ചു നാം വീണ്ടും വായിക്കുന്നു. ഒരു പട്ടണത്തില്‍ വെള്ളം വളരെ ചീത്ത ആയിരുന്നു. എലീശാ അവരോട് പുതിയ ഒരു പാത്രം നിറയെ ഉപ്പു കൊണ്ടുവരുവാന്‍ പറഞ്ഞു. അവന്‍ അത് വെള്ളത്തിലിട്ടു വെള്ളം ശുദ്ധമാക്കപ്പെട്ടു (2:20).

അധ്യായം 3:11 എലീശാ പ്രവാചകന് മറ്റുള്ള യിസ്രായേല്യരാല്‍ മനോഹരമായ ഒരു സ്ഥാനപ്പേര് നല്‍കപ്പെടുന്നതായി നാം കാണുന്നു: ”ഏലിയാവിന്റെ കൈക്കു വെള്ളം ഒഴിച്ചു കൊടുത്തവന്‍.” ഓരോ തവണയും ഏലിയാവ് ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍, തനിക്കു കൈകഴുകേണ്ടതിന് എലീശാ വെള്ളം കൊണ്ടുവന്ന് ഒഴിക്കും. മറ്റുള്ളവര്‍ അതു നിരീക്ഷിച്ച് അവനൊരു സ്ഥാനപ്പേര് കൊടുക്കത്തക്കവിധം ക്രമമായും വിശ്വസ്തതയോടുകൂടിയും അവന്‍ ആ ജോലി ചെയ്തു! അവിടുത്തെ ഒരു ശുശ്രൂഷ നമ്മെ ഏല്‍പിക്കുന്നതിനു മുമ്പ് ദൈവം ചെറിയ കാര്യങ്ങളിലുള്ള നമ്മുടെ വിശ്വസ്തത പരിശോധിക്കും. അടുത്ത നായകന്‍ ആകുന്നതിന് മുമ്പ് അനേക വര്‍ഷങ്ങള്‍ യോശുവ മോശെയെ വിശ്വസ്തതയോടുകൂടി സേവിച്ചിട്ടുണ്ട്. തിമൊഥെയൊസ് പൗലൊസിനെ വിശ്വസ്തതയോടുകൂടെ സേവിക്കയും ഒരു അപ്പൊസ്തലനായി തീരുകയും ചെയ്തു.

ഒരു വലിയ പ്രസംഗകനായോ അല്ലെങ്കില്‍ ഒരു വലിയ പ്രവാചകനായോ അല്ല എലീശാ തുടക്കത്തില്‍ അറിയപ്പെട്ടത്. മറിച്ച് ഒരു ഭൃത്യനായി മാത്രമാണ്. അനേകം ചെറുപ്പക്കാര്‍ക്ക് ദൈവത്തിന്റെ ഏറ്റവും നല്ലതു നഷ്ടപ്പെടുന്നു. കാരണം അവര്‍ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിനുള്ള അവസരങ്ങള്‍ക്കു വേണ്ടിയല്ല അന്വേഷിക്കുന്നത്. മറിച്ചു ശുശ്രൂഷയിലുള്ള അവരുടെ പ്രശസ്തിയാണ്. നാം നമ്മുടെ ജീവിതാവസാനം വരെ ആളുകളുടെ കാലുകള്‍ കഴുകണമെന്നാണ് യേശു തന്റെ ജീവിത മാതൃകയിലൂടെ നമ്മെ പഠിപ്പിച്ചത്. എതാനും വര്‍ഷത്തേക്ക് ആളുകളുടെ കാലുകള്‍ കഴുകിക്കൊണ്ടു തുടങ്ങിയിട്ട്, പിന്നീട് കൂടുതല്‍ ഉന്നതമായ ശുശ്രൂഷയിലേക്കു നീങ്ങാമെന്നല്ല! അല്ല.. നമ്മുടെ ജീവിതാവസാനം വരെ ആളുകളുടെ കാലുകള്‍ കഴുകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. താഴ്ന്ന ജോലികളും ചെയ്യാന്‍ നാം തയ്യാറാകണം.

യേശു പറഞ്ഞത് അവിടുന്നു വന്നത് മറ്റുള്ളവരെ ശുശ്രൂഷിക്കുവാനാണ്. മറ്റുള്ളവരാല്‍ ശുശ്രൂഷിക്കപ്പെടുവാനല്ല (മത്തായി 20:28) എന്നാണ്. എപ്പോഴും ഒരു ദാസനായിരിക്കുക- നിങ്ങളുടെ ഭൂമിയിലെ നാളുകളുടെ അവസാനം വരെ കര്‍ത്താവിന്റെ ഒരു ദാസനായിരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, എക്കാലവും നിങ്ങള്‍ ആളുകളുടെ ഒരു ദാസനായിരിക്കുക. എപ്പോഴും നിങ്ങളെ തന്നെ മറ്റുള്ളവരുടെ ഒരു ദാസനായി കണക്കാക്കുക, മറ്റൊന്നുമായല്ല. നിങ്ങള്‍ കര്‍ത്താവിനെ സേവിക്കുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളോടു ദയയുള്ളവരാകുകയും നിങ്ങളെ ശുശ്രൂഷിക്കുകയും ചെയ്യും. എന്നാല്‍ ഒരിക്കലും അതില്‍ ഒരു ആനന്ദം ഉണ്ടാകരുത്. ഒരിക്കലും അവരെ നിങ്ങളുടെ ദാസന്മാരായി കാണരുത്. അവര്‍ നിങ്ങളുടെ സഹോദരന്മാരാണ്. അവരെ ശുശ്രൂഷിക്കുവാനും അവരുടെ പാദങ്ങള്‍ കഴുകുവാനും മനസ്സുള്ളവരായിരിക്കുക. മിക്ക പ്രസംഗകരും ഇന്ന് ”കര്‍ത്താക്കന്മാര്‍” ആയി തീര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് അവരുടെ ശുശ്രൂഷയില്‍ നിന്ന് അഭിഷേകം നഷ്ടപ്പെട്ടിരിക്കുന്നത്.

പ്രവാചക ശുശ്രൂഷയെക്കുറിച്ചു മറ്റു ചില കാര്യങ്ങള്‍ നിങ്ങളെ കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തനിക്കു പ്രവചിക്കുവാന്‍ കഴിയേണ്ടതിന് ദൈവത്തിന്റെ മനസ്സ് അറിയാന്‍ എലീശാ ആഗ്രഹിച്ചപ്പോള്‍, വീണ വായിക്കുന്ന ഒരാളിനെ ചോദിച്ചു (3:15). വീണക്കാരന്‍ വീണ വായിച്ചു തുടങ്ങിയപ്പോള്‍, യഹോവയുടെ കരം എലീശയുടെമേല്‍ വന്നിട്ട് അവന്‍ ശക്തിയോടെ പ്രവചിച്ചു. അവിടെ ദൈവിക സംഗീതത്തിന്റെ വില നാം കാണുന്നു. ഞായറാഴ്ച രാവിലെകളില്‍ ആരാധനയു ടെയും സ്തുതിയുടെയും സമയത്ത് കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നിട്ട് ഞാന്‍ സഭാ യോഗത്തിനു വന്നപ്പോള്‍ എനിക്കില്ലാതിരുന്ന ഒരു വചനം എനിക്കു നല്‍കപ്പെട്ട അനേക സമയങ്ങളെക്കുറിച്ച് എനിക്കു ചിന്തിക്കാന്‍ കഴിയുന്നു. എലീശായുടെ മേല്‍ പ്രവചനത്തിന്റെ ആത്മാവിനെ കൊണ്ടുവന്ന ഒരു ശക്തി ആ അഭിഷേകം ചെയ്യപ്പെട്ട സംഗീതത്തില്‍ ഉണ്ടായിരുന്നു.

ഒരു പ്രവാചകനുപോലും ചില സമയങ്ങളില്‍ സംഗീതക്കാരുടെ സഹായം ആവശ്യമുണ്ട്. അതുകൊണ്ടാണ് സംഗീതം നയിക്കുന്നവര്‍ അഭിഷേകം ചെയ്യപ്പെട്ടവരായിരിക്കണമെന്നു പറയുന്നത്. അവര്‍ കേവലം നല്ല പാട്ടുകാരായാല്‍ പോരാ. അവര്‍ അഭിഷേകം ചെയ്യപ്പെട്ടവരും, ഒരു നല്ല മനഃസാക്ഷി ഉള്ളവരും ആയിരിക്കണം. ദാവീദ് ഗായകരെയും സംഗീതജ്ഞരെയും നിയമിച്ചു. അവര്‍ അഭി ഷേകം ചെയ്യപ്പെടേണ്ടിയിരുന്നു. ആസാഫിനെ പോലെയുള്ള സംഗീത-പ്രമാണികളില്‍ ചിലര്‍, 12 മനോഹര സങ്കീര്‍ത്തനങ്ങള്‍ എഴുതി (സങ്കീര്‍ത്തനം 50,73-83). സംഗീത നായകന്മാരില്‍ രണ്ടുപേര്‍ ദര്‍ശകന്മാര്‍ (പ്രവാചകന്മാര്‍) എന്നു വിളിക്കപ്പെട്ടിരുന്നു- ഹേമാനും (1 ദിനവൃത്താന്തം 25:5) യെദുഥൂനും (2 ദിനവൃത്താന്തം 35:15).

അതുകൊണ്ട് അഭിഷേകം ലഭിച്ച പ്രവാചകന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്‍താങ്ങുന്നതിനും അഭിഷേകം ലഭിച്ച പാട്ടുകാരെ ദൈവത്തിനാവശ്യമുണ്ട്. അങ്ങനെയാണ് സഭ പണിയപ്പെടുന്നത്. പ്രവാചകന്മാരായിട്ട് ആയിരിക്കുകയില്ല നിങ്ങള്‍ വിളിക്കപ്പെട്ടത്. ചിലപ്പോള്‍ സംഗീതജ്ഞരായിരിക്കാന്‍ വേണ്ടി ആയിരിക്കാം നിങ്ങള്‍ വിളിക്കപ്പെട്ടത്. എങ്കില്‍ അഭിഷേകമുള്ള സംഗീതജ്ഞരായിരിക്കുക. ആ വീണക്കാരന്‍ ലോകപരമായ ശൈലിയുള്ള ചില സംഗീതം അനുകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍, ആ ദിവസം എലീശാ പ്രചോദിപ്പിക്കപ്പെടുമായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. ഇല്ല. ആ സംഗീതത്തെ സംബന്ധിച്ച് സ്വര്‍ഗ്ഗീയമായ ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. ലൗകികമായ സംഗീതം ഉണ്ട്. സ്വര്‍ഗ്ഗീയമായ സംഗീതങ്ങളും ഉണ്ട്. സംഗീതം സ്വര്‍ഗ്ഗീയമാകുമ്പോള്‍ നിങ്ങള്‍ക്കത് അനുഭവപ്പെടും. കാരണം അതു ദൈവത്തെ സ്തുതിക്കുവാന്‍ നിങ്ങളുടെ ആത്മാവിനെ ഉയര്‍ത്തും. ചില സംഗീതം പാട്ടുകാരെ അനുമോദിക്കുന്നതിലേക്കു മാത്രം നിങ്ങളെ കൊണ്ടുപോകും. ആളുകളെ ദൈവത്തെ സ്തുതിക്കുന്നതിലേക്കു നയിക്കുവാനും ഒരു മീറ്റിംഗില്‍ പ്രവചനത്തിന്റെ ആത്മാവിനെ കൊണ്ടുവരാനും നിങ്ങള്‍ക്കു കഴിയുമെങ്കില്‍ നിങ്ങള്‍ അഭിഷേകം ലഭിച്ച ഒരു ഗായകനാണ്.

എണ്ണ ഭരണി

അധ്യായം 4: ഇവിടെ 1 മുതല്‍ 7 വരെയുള്ള വാക്യങ്ങളില്‍ കടക്കെണിയിലായ ഒരു പ്രവാചക ശിഷ്യന്റെ വിധവയെക്കുറിച്ചു വായിക്കുന്നു. ഭര്‍ത്താക്കന്മാര്‍ മരിച്ചിട്ട് അവരുടെ വിധവമാരെ കടക്കെണിയില്‍ വിടുന്നത് ദുഃഖകരമായ കാര്യമാണ്. എന്തു വില കൊടുത്തും നാം എല്ലാവരും ഒഴിവാക്കേണ്ട ചില കാര്യങ്ങളാണ് അവ. പ്രത്യേകിച്ച് പ്രസംഗകര്‍ കടത്തിലാകുന്നത് ഒഴിവാക്കണം. കാരണം അതൊരു മോശപ്പെട്ട സാക്ഷ്യമാണ്. ഇപ്പോള്‍ കടം കൊടുത്തവന്‍ കടം വീട്ടാന്‍ അവളുടെ രണ്ടു മക്കളെ അടിമകളായി കൊണ്ടുപോകാന്‍ വന്നിട്ടുണ്ട്. എലീശാ അവളോട് അവളുടെ വീട്ടില്‍ അവള്‍ക്ക് എന്തുണ്ട് എന്നു ചോദിച്ചു. ”ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നുമില്ല” എന്ന് അവള്‍ മറുപടി പറഞ്ഞു. അവള്‍ ആ ഒരു ഭരണി എണ്ണയെ ”ഒന്നുമില്ലാത്തത്” എന്നാണ് വിളിച്ചത്. എന്നിട്ടും അവളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അതില്‍ തന്നെ ഉണ്ടായിരുന്നു. മരുഭൂമിയില്‍ യഹോവ മോശെയോട് ഇതിനു സമാനമായ ചില കാര്യങ്ങള്‍ ചോദിച്ചു: ”നിന്റെ കയ്യില്‍ നിനക്ക് എന്താണുള്ളത്?” അവന് ഇടയന്റെ ഒരു വടി മാത്രമേ കയ്യില്‍ ഉണ്ടായിരുന്നുള്ളു. പക്ഷേ അതു മതിയായിരുന്നു ആ വടികൊണ്ട്, അവന്‍ ചെങ്കടല്‍ പിളര്‍ന്നു. പാറയില്‍ നിന്നു വെള്ളം പുറപ്പെടുവിച്ചു. യിസ്രായേല്‍ ജനത്തെ വാഗ്ദത്ത നാടിന്റെ അതിര്‍ത്തിയിലേക്കു നയിച്ചു. സാരേഫാത്തിലെ വിധവയ്ക്ക് (ഏലിയാവ് സന്ദര്‍ശിച്ചവള്‍) ഒരു ചെറിയ പാത്രം മാവും ഒരു ചെറിയ ഭരണി എണ്ണയും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അവളുടെ കുടുംബത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അവയില്‍ ഉള്‍ക്കൊണ്ടിരുന്നു. തന്നെയുമല്ല, അത് അവളെയും അവളുടെ മകനെയും മരണത്തില്‍ നിന്നു രക്ഷിക്കുകയും ചെയ്തു. നമുക്കും നാം വിലമതിക്കാത്ത ചില കഴിവുകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ നാം പറയും: ”എനിക്ക് അതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിവില്ല.” പക്ഷേ അതുതന്നെ ആയിരിക്കും കര്‍ത്താവ് ഉപയോഗിക്കുവാന്‍ പോകുന്ന ഒരേ ഒരു കാര്യം.

ഈ എണ്ണയുള്ള ഭരണി ഇവിടെ പരിശുദ്ധാത്മാവിന്റെ ചിത്രമാണ്. ചിലപ്പോള്‍ കര്‍ത്താവിനെ സേവിക്കുന്നവര്‍ ഇങ്ങനെ പറയുന്നു: ”എനിക്ക് അധികം പണമോ ജ്ഞാനമോ ഇല്ല. ഞാന്‍ വരപ്രാപ്തനോ ബുദ്ധിമാനോ അല്ല. എനിക്കു പണം തരുവാന്‍ സഹായികളാരും ഇല്ല. കര്‍ത്താവിന്റെ വേലയ്ക്ക് ആവശ്യങ്ങള്‍ വളരെയാണ്. ഞാന്‍ എന്തു ചെയ്യും?” അപ്പോള്‍ നിങ്ങള്‍ അവരോടു ചോദിക്കുക: ”നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുണ്ടോ?” ”ഉണ്ട്” ”പിന്നെ വേറെ എന്താണ് നിങ്ങള്‍ക്കു വേണ്ടത്?”

അവളുടെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ആ എണ്ണ ഭരണിയില്‍ ഉണ്ട് എന്ന് ഈ സ്ത്രീ അറിഞ്ഞില്ല. എലീശാ അവളോടു പറഞ്ഞു: ”നീ ചെന്ന് നിന്റെ അയല്‍ക്കാരോടൊക്കെയും അനേകം വലിയ പാത്രങ്ങള്‍ വായ്പ വാങ്ങുക. പിന്നെ നീയും നിന്റെ മക്കളും മുറിയില്‍ കടന്ന് വാതില്‍ അടച്ച് ഭരണിയില്‍ നിന്ന് പാത്രങ്ങളിലൊക്കെയും എണ്ണ പകരുക. അവയെല്ലാം നിറയപ്പെടും. ഈ അത്ഭുതം മറ്റാരും കാണരുത്. അതു രഹസ്യത്തില്‍ ചെയ്യണം” (വാക്യം 4). ഇതു യേശു പഠിപ്പിച്ചതിനു സമാനമാണ്: ”ചെന്ന് വാതില്‍ അടച്ചു പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ദാനം ചെയ്യുകയും ചെയ്ക. നിങ്ങള്‍ ഇതു ചെയ്യുന്നത് മറ്റാരും കാണരുത്” (മത്താ. 6:1-18).

ഒരു ദൈവപുരുഷന് ദൈവത്തോട് ചേര്‍ന്ന് രഹസ്യത്തിലുള്ള ഒരു നടപ്പ് ഉണ്ടായിരിക്കണം. അവന്‍ പരസ്യമായി മനുഷ്യരുടെ മുമ്പില്‍ നില്‍ക്കുന്നതിനു മുമ്പ് അവന് ദൈവത്തോട് ഇടപാടുകള്‍ ഉണ്ടാകുന്നത് അവിടെയാണ്. വാതില്‍ അടയ്ക്കുക. അപ്പോള്‍ പരിശുദ്ധാത്മാവ് നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ശുശ്രൂഷ ചെയ്യുന്നതു നിങ്ങള്‍ അനുഭവിക്കും. പിന്നെ വാതില്‍ തുറന്ന് അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുക. അപ്പോള്‍ നിങ്ങള്‍ക്കു നിങ്ങളുടെ കടം വീട്ടാന്‍ കഴിയും.

നമുക്ക് ലോകത്തോടു മുഴുവന്‍ ഒരു കടം ഉണ്ട്- അവര്‍ക്കു സുവിശേഷം നല്‍കുന്ന കാര്യത്തില്‍. പൗലൊസ് പറഞ്ഞു: ”ഞാന്‍ യെഹൂദന്മാര്‍ക്കും യെഹൂദരല്ലാത്തവര്‍ക്കും, സംസ്‌ക്കാരമുള്ളവര്‍ക്കും ബര്‍ബരന്മാര്‍ക്കും -എല്ലാവര്‍ക്കും- ഞാന്‍ കടക്കാരനാണ്. അവര്‍ക്ക് ദൈവത്തിന്റെ സുവിശേഷം നല്‍കുന്ന കാര്യത്തില്‍” (റോമര്‍ 1:14).

സഭ മുഴുവനോടും നമുക്കും (ഓരോ വിശ്വാസിക്കും) ഒരു കടമുണ്ട്. അവരോട് സ്‌നേഹം കാണിക്കുവാന്‍. വേദപുസ്തകം പറയുന്നു: ”അന്യോന്യം സ്‌നേഹിക്കുന്നതല്ലാതെ ഒന്നും കടംപെട്ടിരിക്കരുത്” (റോമ. 13:8).

നാം ഈ രണ്ടു മടങ്ങു കടം എങ്ങനെ വീട്ടും? ലോകത്തോട് സുവിശേഷം പങ്കിടുന്നതും ഓരോ ദൈവപൈതലിനെയും സ്‌നേഹിക്കുന്നതും? പ്രാഥമികമായി നമുക്കു വേണ്ടത് പണമോ അല്ലെങ്കില്‍ മാനുഷിക കഴിവുകളോ ആണോ? അല്ല. നമുക്കു പരിശുദ്ധാത്മാവിന്റെ ശക്തി ആവശ്യമുണ്ട്. അതിനു വേണ്ടി കാത്തിരിക്കുവാനാണ് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത് (പ്രവൃത്തി. 1:8). ഇതിനെ അവനില്‍ പുതുക്കത്തോടെ ജ്വലിപ്പിക്കുവാനാണ് പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞത് (2 തിമെഥെ. 1:6).

വാതില്‍ അടച്ച് രഹസ്യത്തില്‍ കര്‍ത്താവിനെ അന്വേഷിക്കുക. സ്‌നേഹത്തെ പിന്‍തുടരുക. പരമാര്‍ത്ഥതയോടുകൂടി പരിശുദ്ധാത്മാവിന്റെ അമാനുഷിക വരങ്ങള്‍ക്കായി വിശേഷാല്‍ പ്രവചന വരത്തിനായി അന്വേഷിക്കുക (1 കൊരി. 14:1). അപ്പോള്‍ നിങ്ങള്‍ക്കു മുന്നോട്ടു പോകുവാനും നിങ്ങളുടെ കടം വീട്ടുവാനും കഴിയും. തിരുവെഴുത്തിലെ ഈ വേദഭാഗത്തിന്റെ സന്ദേശം അതാണ്.

അവള്‍ കണ്ട ഓരോ പാത്രത്തിലും അവള്‍ എണ്ണ നിറച്ചു. ആ എണ്ണ കൊണ്ട് അവളുടെ കടം വീട്ടി. മാത്രമല്ല, അവളുടെ അയല്‍ക്കാരെയും കൂടെ അനുഗ്രഹിക്കുകയും സമ്പന്നരാക്കുകയും ചെയ്തു. കാരണം അവള്‍ അവരുടെ പാത്രങ്ങള്‍ എണ്ണ നിറച്ചായിരിക്കണം മടക്കിക്കൊടുത്തത്. നമ്മുടെ വിളിയും അതുതന്നെയാണ്- നമ്മുടെ അയല്‍ക്കാരെയും നാം കണ്ടുമുട്ടുന്ന ഓരോരുത്തരെയും അനുഗ്രഹിക്കുവാന്‍. അതുകൊണ്ടാണ് നാം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടേണ്ട ആവശ്യമുള്ളത്.

മരിച്ച കുഞ്ഞ് ഉയിര്‍ക്കപ്പെടുന്നു

അധ്യായം 4:8-37 വരെയുള്ള വാക്യങ്ങളില്‍ മറ്റൊരു സ്ത്രീയെ കാണുന്നു. അവള്‍ പ്രമുഖയും ധനികയും, സ്വാധീനശക്തിയുള്ളവളുമാണ്. അവളും എലീശായുടെ ശുശ്രൂഷയാല്‍ അനുഗ്രഹിക്കപ്പെട്ടവളായിരുന്നു. ദൈവം ദരിദ്രരെയും, നിരക്ഷരരെയും, വിദ്യാഭ്യാസമില്ലാത്തവരെയും മാത്രമല്ല അനുഗ്രഹത്തിനായി തിരഞ്ഞെടുക്കുന്നത്. അവിടുത്തേക്കു മുഖപക്ഷമില്ല. അവിടുന്ന് നിരക്ഷരനായ പത്രൊസിനെ തിരഞ്ഞെടുത്തു. എന്നാല്‍ അവിടുന്ന് ഉന്നത വിദ്യാഭ്യാസമുളള പൗലൊസിനെയും തിരഞ്ഞെടുത്തു. പത്രൊസിനു തിരുവചനത്തെക്കുറിച്ചൊന്നും അറിയില്ല, എന്നാല്‍ പൗലൊസ് തിരുവചനത്തില്‍ ഒരു പണ്ഡിതനായിരുന്നു. യേശുവിനെ സാമ്പത്തികമായി സഹായിച്ച സമ്പന്നരായ ചില സ്ത്രീകള്‍ അവിടെ ഉണ്ടായിരുന്നു. യേശു അവരുടെ വലിയ ദാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. കാരണം അവര്‍ ദൈവഭക്തിയുള്ള സ്ത്രീകളായിരുന്നു (ലൂക്കൊ. 8:3).

എലീശായെ സഹായിക്കാന്‍ തീരുമാനിച്ച ധനികയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവളും ദൈവഭക്തിയുള്ളവളായിരുന്നു. കാരണം ഇടയ്ക്കിടയ്ക്ക് ഈ ദൈവപുരുഷന്‍ അവരെ സന്ദര്‍ശിക്കുന്നതു കണ്ടപ്പോള്‍, അവള്‍ തന്റെ ഭര്‍ത്താവിനോട്, ”ഈ ആള്‍ വിശുദ്ധനായൊരു ദൈവപുരുഷന്‍ എന്നു ഞാന്‍ കാണുന്നു” എന്നു പറഞ്ഞു. എലീശായുടെ ഒരു പ്രസംഗം പോലും കേള്‍ക്കാതെ, അദ്ദേഹത്തെ ദൈവത്തിന്റെ ഒരു വിശുദ്ധ പുരുഷന്‍ എന്ന് അവള്‍ എങ്ങനെ തിരിച്ചറിഞ്ഞു? ഊണുമേശയില്‍ അദ്ദേഹം പെരുമാറിയ വിധം അവള്‍ നിരീക്ഷിച്ചു. നമുക്ക് എത്ര നല്ല ഒരു ഉദാഹരണം! ചെറിയ കാര്യങ്ങളാണ് ഒരു ദൈവപുരുഷനെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നത്- അദ്ദേഹം ഇരിക്കുന്ന വിധം, മറ്റുള്ളവരോടു സംസാരിക്കുന്ന വിധം, അദ്ദേഹം ഭക്ഷണം കഴിക്കുന്ന രീതി, സാധാരണ കാര്യങ്ങളില്‍ അദ്ദേഹം പെരുമാറുന്ന രീതി എന്നിങ്ങനെ… നമുക്ക് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കേണ്ട ആവശ്യമില്ല.

അതുകൊണ്ട് എലീശായ്ക്കു താമസിക്കുവാന്‍ ഒരു ചെറിയ മാളിക മുറി പണിയുവാന്‍ ഈ സ്ത്രീ തീരുമാനിച്ചു- ഒരു കിടക്കയും ഒരു മേശയും, ഒരു കസേരയും, ഒരു നിലവിളക്കും ഉള്ള ഒരു മുറി. ഇവയില്‍ എന്തെങ്കിലും ആവശ്യമുണ്ടെന്ന് എലീശാ ഒരിക്കലും പറഞ്ഞിട്ടു പോലുമില്ല. എന്നാല്‍ അവള്‍ ചിന്താശീലമുള്ളവളും ദാക്ഷണ്യമുള്ളവളുമായിരുന്നു- ദൈവഭക്തിയുള്ള എല്ലാ സ്ത്രീകളും ആയിരിക്കുന്നതുപോലെ. ദൈവം തന്റെ ദാസന്മാര്‍ക്ക് ഇത്തരത്തിലുള്ള വിശ്രമസ്ഥലങ്ങള്‍ നല്‍കി സൂക്ഷിക്കുന്നു- അവര്‍ അതു പ്രതീക്ഷിക്കുകപോലും ചെയ്യാതെ. എന്നാല്‍ ഒരു യഥാര്‍ത്ഥ ദൈവപുരുഷന്‍ ഒരിക്കലും അങ്ങനെയുള്ള വര്‍ക്കു കടക്കാരനായി ഇരിക്കുകയില്ല. അതുകൊണ്ട് എലീശാ തന്റെ ഭൃത്യനായ ഗേഹസിയോട്, തനിക്ക് അവള്‍ക്കുവേണ്ടി എന്തു പ്രത്യുപകാരം ചെയ്യാന്‍ കഴിയും എന്നു ചോദിച്ചു. അവള്‍ക്ക് ഒരു കുഞ്ഞില്ല എന്ന് ഗേഹസി പറഞ്ഞു. അതുകൊണ്ട് എലീശാ അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ട്, ഒരു വര്‍ഷത്തിനകം അവള്‍ക്ക് ഒരു കുഞ്ഞുണ്ടാകുമെന്നു പറഞ്ഞു. അങ്ങനെ തന്നെ അവള്‍ക്കു സംഭവിച്ചു.

ആ കുഞ്ഞു വളര്‍ന്നപ്പോള്‍, ഒരു ദിവസം അവന്‍ രോഗം പിടിച്ചു മരിച്ചു (4:20). അവള്‍ ആ കുഞ്ഞിനെ ഉടനെ അടക്കം ചെയ്യാതെ ‘ഞാന്‍ ആദ്യം ആ ദൈവപുരുഷനെ കാണട്ടെ’ എന്നു പറഞ്ഞതില്‍ നിന്ന് അവളുടെ വിശ്വാസത്തെക്കുറിച്ചു ചിന്തിക്കുക. അതുകൊണ്ട് അവള്‍ എലീശായെ കാണുവാന്‍ പോയി. എലീശാ അവളെ ദൂരത്തു നിന്നു കണ്ടപ്പോള്‍, അദ്ദേഹം ഗേഹസിയോട് ഇങ്ങനെ പറഞ്ഞു: ”നീ ചെന്നു അവളോട്, ‘നിനക്കു സുഖം തന്നെയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലനു സുഖമുണ്ടോ? എന്നു ചോദിക്കുക” (വാക്യം 26). അവളുടെ മരിച്ച കുഞ്ഞിന്റെ കാര്യത്തില്‍ അവള്‍ കൊടുത്ത വിശ്വാസത്തിന്റെ ഉത്തരം ശ്രദ്ധിക്കുക: ”സുഖം തന്നെ.” അതെന്തൊരു വിശ്വാസമായിരുന്നു! എലീശാ പോയി ആ കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിച്ച് അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു.

ആ അമ്മയുടെ വിശ്വാസം ആ കുഞ്ഞിനുവേണ്ടി ചെയ്തതു കാണുന്നതു വളരെ ആശ്ചര്യകരമാണ്. അവളുടെ വിശ്വാസത്തിനു തക്കവണ്ണം അവള്‍ പ്രാപിച്ചു. അതുകൊണ്ടാണ് വിശ്വാസവീരന്മാരുടെ പട്ടികയില്‍ അവളും എടുത്തു പറയപ്പെട്ടിരിക്കുന്നത്. ”സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാല്‍ തിരികെ കിട്ടുകയും അവരുടെ വിശ്വാസത്താല്‍ ദൈവത്തിന്റെ അംഗീകാരം പ്രാപിക്കുകയും ചെയ്തു” (എബ്രാ. 11:35,39). ആ അമ്മയ്ക്കു വിശ്വാസം ഇല്ലായിരുന്നെങ്കില്‍ അവള്‍ അവളുടെ കുഞ്ഞിനെ അടക്കം ചെയ്യുമായിരുന്നു. വിശ്വാസമുള്ള ചിലരെ കാണുന്ന ഇടങ്ങളിലെല്ലാം ദൈവം എന്തൊരു അത്ഭുത പ്രവൃത്തികളാണ് ചെയ്യുന്നത്!

അധ്യായം 4:38-44: പാചകം ചെയ്തുകൊണ്ടിരുന്ന ആഹാരത്തിലേക്ക് യാദൃച്ഛികമായി ഒരു വിഷമുള്ള കാട്ടുവള്ളി അരിഞ്ഞു ചേര്‍ത്ത ഒരു സമയത്തെക്കുറിച്ച് ഇവിടെ നാം വായിക്കുന്നു. എന്നാല്‍ എലീശാ അതിനകത്തേക്ക് കുറച്ചു മാവ് ഇടുകയും ആ ഭക്ഷണം ആരോഗ്യകരമാകുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മറ്റൊരു അത്ഭുതം ഉണ്ടായി-വേദപുസ്തകത്തില്‍ ഭക്ഷണം വര്‍ദ്ധിപ്പിക്കുന്ന ആദ്യത്തെ സംഭവം. അവിടെ ഉണ്ടായിരുന്ന അപ്പക്കഷണങ്ങള്‍ 100 പേര്‍ക്കു മതിയാകുകയില്ലായിരുന്നു. എന്നാല്‍ എലീശാ ആ ആഹാരത്തെ വര്‍ദ്ധിപ്പിക്കുകയും എല്ലാവരും നിറച്ചു ഭക്ഷിച്ച ശേഷം കുറച്ചു ശേഷിപ്പിക്കുകയും ചെയ്തു!

നയമാനും ഗേഹസിയും

അധ്യായം 5: ഇവിടെ നാം നയമാന്റെ കഥയിലേക്കു വരുന്നു. നയമാനെ സത്യദൈവത്തിലുള്ള വിശ്വാസത്തിലേക്കു നയിക്കുന്നതിനും അവന്റെ കുഷ്ഠത്തില്‍ നിന്നു സൗഖ്യമാക്കുന്നതിനുമായി ദൈവം ഒരു ചെറിയ യിസ്രായേല്യ പെണ്‍കുട്ടിയെ ഉപയോഗിച്ചു. അവള്‍ എലീശയുടെ അത്ഭുതം പ്രവര്‍ത്തിക്കുവാനുള്ള ശക്തിയെക്കുറിച്ച് നയമാന്റെ ഭാര്യയോടു സാക്ഷ്യം പറഞ്ഞു. നയമാന്‍ യിസ്രായേലിന്റെ ദൈവത്തില്‍ ആശ്രയിക്കുന്നതിലേക്കു നയിച്ച ആദ്യത്തെ ചുവട് അതായിരുന്നു. ഒരു കൊച്ചു വേലക്കാരി പെണ്‍കുട്ടിയെപ്പോലും ഏതാനും വാക്കുകള്‍ കൊണ്ട് അവളുടെ യജമാനനെ അനുഗ്രഹിക്കുവാന്‍ വേണ്ടി ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിഞ്ഞു. അധ്യായം 4-ല്‍, ധനികയായ, പിടിപാടുള്ള ഒരു സ്ത്രീയുടെ വിശ്വാസം നാം കണ്ടു. ഇവിടെ നാം കാണുന്നത് ഒരു പാവപ്പെട്ട ചെറിയ അടിമ പെണ്‍കുട്ടിയുടെ വിശ്വാസമാണ്. ദൈവം അവരെ രണ്ടുപേരെയും ഉപയോഗിച്ചു. നിങ്ങള്‍ ആരാണെന്നുള്ളതു കാര്യമല്ല. നിങ്ങള്‍ ഒരു അടിമ പെണ്‍കുട്ടിയാണെങ്കിലും, മറ്റുള്ളവരെ ദൈവത്തിങ്കലേക്കു നയിക്കുവാന്‍ അവിടുത്തേക്കു നിങ്ങളെ ഉപയോഗിക്കുവാന്‍ കഴിയും. ഒരുപക്ഷേ ആര്‍ക്കെങ്കിലും സുവിശേഷം നല്‍കുവാനുള്ള കഴിവ് നിങ്ങള്‍ക്കില്ലായിരിക്കാം. എന്നാല്‍, ആ അടിമ പെണ്‍കുട്ടിയെ പോലെ, അവര്‍ക്കു സുവിശേഷം നല്‍കാന്‍ കഴിയുന്ന ആരുടെയെങ്കിലും അടുത്തേക്ക് ഒരു വ്യക്തിയെ നയിക്കുവാന്‍ ദൈവത്തിനു നിങ്ങളെ ഉപയോഗിക്കുവാന്‍ കഴിയും. ആ വ്യക്തിയെ ഒരു പ്രവാചകന്റെ അടുത്തേക്ക് വഴികാട്ടുവാന്‍ നിങ്ങള്‍ക്കു കഴിയും. അപ്പോള്‍ നിങ്ങള്‍ക്കും നിങ്ങളുടെ പ്രതിഫലം കിട്ടും.

നയമാന്‍ ആദ്യമായി രാജാവിന്റെ അടുക്കലേക്കാണ് ചെന്നത്. അപ്പോള്‍ രാജാവിന് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. രാജാവ് അയാളെ എലീശായുടെ അടുത്തേക്ക് അയച്ചു. ഈ ശക്തനായ സൈന്യാധിപനെ എലീശാ എങ്ങനെ കൈകാര്യം ചെയ്തു എന്നു കാണുക. ഈ ഭാഗം നമ്മെ കാണിക്കുന്നത് ഒരു യഥാര്‍ത്ഥ ദൈവപുരുഷന്‍ വാസ്തവത്തില്‍ എങ്ങനെയാണ് എന്നാണ്. ഒരാള്‍ ഒരു വലിയ ആളാണോ ഒരു ചെറിയ ആളാണോ എന്ന് ഒരു യഥാര്‍ത്ഥ ദൈവപുരുഷന്‍ ശ്രദ്ധിക്കുന്നില്ല. ആ ദരിദ്രയായ വിധവ അവളുടെ സാമ്പത്തിക ആവശ്യവുമായി അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നപ്പോള്‍ എലീശാ അവളോടു കൂടുതല്‍ ബഹുമാനം കാണിച്ചു. എന്നാല്‍ മഹാനായ സിറിയന്‍ ജനറല്‍ (ജനങ്ങള്‍ തന്റെ മുമ്പില്‍ വണങ്ങുന്നതു പതിവായിരുന്നിരിക്കണം) വന്നപ്പോള്‍ എലീശാ അയാളെ എതിരേല്‍ക്കാന്‍ പോലും പോയില്ല. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന്റെ അധിപനായ നയമാന്, പ്രവാചകന്റെ കുടിലിനു വെളിയില്‍ നില്‍ക്കേണ്ടി വന്നു. ഇന്ത്യയില്‍ അതുപോലെയുള്ള പ്രവാചകന്മാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യന്റെ മുഖം നോക്കാതെ, ദൈവത്തിന്റെ മുമ്പില്‍ മാത്രം ജീവിക്കുന്ന പ്രവാചകന്മാര്‍ നമുക്കുണ്ടായിരുന്നെങ്കില്‍, എത്ര വ്യത്യസ്ത തരത്തിലുള്ള ഒരു ക്രിസ്തീയത നമ്മുടെ രാജ്യത്തില്‍ ഉണ്ടാകുമായിരുന്നു! നയമാനെ സഹായിക്കാന്‍ എലീശാ ആഗ്രഹിച്ചു. എന്നാല്‍ അദ്ദേഹത്തിന് ആദ്യം നയമാന്റെ നിഗളത്തെ താഴ്ത്തണമായിരുന്നു.

അദ്ദേഹം തന്റെ ഭൃത്യനായ ഗേഹസിയെ അയച്ച് നയമാനോട്, ”നീ ചെന്ന് യോര്‍ദ്ദാന്‍ നദിയില്‍ ഏഴു പ്രാവശ്യം കുളിക്ക” എന്നു പറയിച്ചു (വാക്യം 10). യോര്‍ദ്ദാന്‍ നദി ചെളിയും അഴുക്കും നിറഞ്ഞതായിരുന്നു. നയമാന്‍ ക്രുദ്ധിച്ചു പറഞ്ഞത്: ”അവന്‍ തന്നെ പുറത്തു വന്ന് അടുത്തു നിന്ന് തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ച് തന്റെ കൈ ആ സ്ഥലത്തിനു മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൗഖ്യമാക്കും എന്നു ഞാന്‍ വിചാരിച്ചു. ഞാന്‍ എന്തിന് യോര്‍ദ്ദാന്‍ നദിയിലെ ഈ അഴുക്കു വെള്ളത്തിലേക്കു പോകണം? ദമ്മേശെക്കിലെ നദികളായ അബാനും പര്‍പ്പരും യിസ്രായേല്‍ ദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ?” (വാക്യം 11,12). ”നമുക്ക് എല്ലാം അടുക്കി കെട്ടി വീട്ടിലേക്കു മടങ്ങി പോകാം” എന്നു പറയത്തക്കവിധം അവനു കോപം ഉണ്ടായി. ചില സമയങ്ങളില്‍ ആളുകളുടെ അഹങ്കാരം ഇല്ലാതാക്കാന്‍ ഒരു പ്രവാചകന് അവരെ ശുണ്ഠി പിടിപ്പിക്കേണ്ടി വരുന്നു. ദൈവം ചില പ്രവാചകന്മാര്‍ക്ക് ഈ ശുശ്രൂഷ നല്‍കുന്നു. കാരണം ഒരു മനുഷ്യന് അവന്റെ പൊങ്ങച്ചവും നിഗളവും കാണിച്ചു കൊടുക്കാനുള്ള ഏക മാര്‍ഗ്ഗം അതാണ്. നിഗളികളായ ആളുകളെ വിനയപ്പെടുത്തു വാനും ദൈവത്തിന്റെ ദൃഷ്ടിയില്‍ അവര്‍ ഒന്നുമല്ല എന്നു കാണിക്കുവാനുമായി യേശു മിക്കപ്പോഴും നിഗളികളായവരെ ശുണ്ഠി പിടിപ്പിക്കുമായിരുന്നു. ഒരു മനുഷ്യന്റെ സ്ഥാനമോ മാനമോ ദൈവം കാര്യമാക്കുന്നില്ല.
നയമാന് എലീശായോട് ഈര്‍ഷ്യ ഉണ്ടായി. എന്നാല്‍ അവന്റെ ഭൃത്യന്മാരില്‍ ഒരുവന് അല്പം ബോധം ഉണ്ടായിട്ട്, ”യജമാനനെ, ഇത്ര ലളിതമായ ഒരു കാര്യം ചെയ്യാന്‍ അദ്ദേഹം അങ്ങയോടു പറഞ്ഞിരിക്കുന്നു. അങ്ങേയ്ക്ക് എന്തുകൊണ്ട് അതിനു ശ്രമിച്ചുകൂടാ” എന്നു പറഞ്ഞു. അതുകൊണ്ട് യോര്‍ദ്ദാന്‍ നദിയില്‍ മുങ്ങുന്നതിന് നയമാന്‍ സമ്മതിച്ചു. ഈ മഹാനായ സൈന്യാധിപന്‍ തന്റെ വസ്ത്രം ഊരിയിട്ട് എല്ലാവരും കാണ്‍കെ അവന്റെ കുഷ്ഠം പ്രദര്‍ശിപ്പിക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുക. അയാള്‍ക്ക് തന്നെത്തന്നെ താഴ്ത്തി അനുസരിക്കേണ്ടി വന്നു. എപ്പോഴാണ് അവന്‍ അവസാനിപ്പിക്കേണ്ടിയിരുന്നത്? – അവന്റെ ശരീരം ഒരു കൊച്ചുകുഞ്ഞിന്റെ ദേഹം പോലെ ശുദ്ധവും തെളിമയുള്ളതും ആയിത്തീരുമ്പോള്‍. ചില സാഹചര്യങ്ങളാലോ, വ്യക്തികളാലോ നിങ്ങള്‍ താഴ്ത്തപ്പെടുമ്പോള്‍ നിങ്ങളോടുള്ള കര്‍ത്താവിന്റെ വചനം ഇതാണ്: ”താഴോട്ടു പോയി നിന്നെത്തന്നെ വിനയപ്പെടുത്തുക, നീ ഒരു ചെറിയ കുഞ്ഞിനെപ്പോലെ ആയിത്തീരുന്നതുവരെ.” ചെറിയ കുഞ്ഞുങ്ങളെപ്പോലെ ആയിത്തീരുന്നതുവരെ നാം നിര്‍ത്തരുത്. കാരണം സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാണ്. നയമാന്റെ ശരീരം ഒരു കൊച്ചുകുഞ്ഞിന്റെ ശരീരംപോലെ ആയിത്തീര്‍ന്നിട്ട് അവന്‍ ശുദ്ധനായി. നിങ്ങളുടെ ജഡവും ഒരു കൊച്ചു കുഞ്ഞിന്റേതു പോലെ ആകുമ്പോള്‍, നിങ്ങളും ശുദ്ധമാകും. എന്നാല്‍ അതു വരെ അല്ല.

നാം എല്ലാവരും നമ്മുടെ കണ്ണുകളില്‍ വളരെ വലിയവരാണ്. നമ്മള്‍ ചെറിയ കുഞ്ഞുങ്ങളെപ്പോലെ അല്ല. ഒരു ചെറിയ ശിശുവിന്റെ കണ്ണുകളിലേക്കു നോക്കുക. അതിന് സ്വയം- പ്രാധാന്യത്തിന്റെ ഒരു ഭാവവുമില്ല. നമ്മെയും ഈ സ്ഥാനത്തേക്കു കൊണ്ടുവരാനാണ് ദൈവം ആഗ്രഹിക്കുന്നത്- ഒന്നുമില്ലായ്മയുടെ സ്ഥാനം. നിങ്ങള്‍ ഒന്നുമല്ല എന്നു ഗ്രഹിക്കുന്ന ഒരു സ്ഥാനത്ത് എത്തുമ്പോള്‍, നിങ്ങളും ശുദ്ധമാകും. അതുവരെ, അത് ഏഴു തവണയായാലും അല്ലെങ്കില്‍ ഏഴ് എഴുപത് തവണ ആയാലും നിങ്ങള്‍ താഴേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കണം.

അതിനുശേഷം നയമാന്‍ യിസ്രായേലിന്റെ ദൈവത്തിന്റെ അത്ഭുതം പ്രവര്‍ത്തി ക്കുന്ന ശക്തിയാല്‍ ആശ്ചര്യമുള്ളവനായും നന്ദിയുള്ളവനായും എലീശായുടെ അടുക്കല്‍ മടങ്ങി വന്നു. അയാള്‍ എലീശയ്ക്കു നല്‍കാന്‍ ധാരാളം പണവും വസ്ത്രങ്ങളും കൊണ്ടുവന്നു. എന്നാല്‍ എലീശാ പറഞ്ഞു: ”ഞാന്‍ സേവിച്ചു നില്‍ക്കുന്ന യഹോവയാണേ, ഞാന്‍ ഒന്നും കൈക്കൊള്ളുകയില്ല” (വാ. 16). വേദപുസ്തകം പറയുന്നത് അവിശ്വാസികളുടെ കയ്യില്‍ നിന്നു നാം ഒരു പണവും സ്വീകരിക്കരുത് എന്നാണ് (3 യോഹന്നാന്‍ 7). ഒരു അവിശ്വാസിക്കും ഒരു ദൈവ ദാസനെ സഹായിക്കാനുള്ള അവകാശം ഇല്ല. ദൈവജനത്തിനു മാത്രമേ ദൈവ ദാസന്മാരെ സഹായിക്കാനുള്ള പ്രത്യേക അവകാശമുള്ളു. ദൈവജനത്തില്‍ നിന്ന് എലീശാ ദാനങ്ങള്‍ സ്വീകരിച്ചു. ധനികയായ ഒരു സ്ത്രീ അദ്ദേഹത്തിനു താമസിക്കുവാന്‍ ഒരു മുറി നല്‍കിയ കാര്യം നാം നേരത്തെ കണ്ടു. എന്നാല്‍ നയമാനില്‍ നിന്ന് അദ്ദേഹം ഒന്നും സ്വീകരിച്ചില്ല. ഇവിടെയാണ് അനേകം ദൈവദാസന്മാര്‍ക്ക് അവരുടെ ജീവിതങ്ങള്‍ക്കു വേണ്ടിയുള്ള ദൈവത്തിന്റെ അലോചനകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

എന്നാല്‍ എലീശാ നയമാനോട് ‘വേണ്ട’ എന്നു പറഞ്ഞിടത്ത്, എലീശായുടെ ഭൃത്യന്‍ ഗേഹസി പറഞ്ഞു: ”എന്റെ യജമാനന്‍ എന്തൊരു ബുദ്ധിഹീനനാണ്! അദ്ദേഹം പണം ആവശ്യപ്പെട്ടില്ല (അല്ലെങ്കില്‍ പ്രാര്‍ത്ഥനാ കത്തുകള്‍ ഒന്നും അദ്ദേഹം അയച്ചില്ല!). സൗജന്യമായാണ് പണം നല്‍കപ്പെട്ടത്. എന്നിട്ടും അദ്ദേഹം പറഞ്ഞു. ‘വേണ്ട.’ കൊള്ളാം, എന്റെ യജമാനന്‍ അത് എടുത്തില്ലെങ്കില്‍ എടുക്കണ്ട, ഞാന്‍ എടുക്കും.” ഒരു വിഗ്രഹാരാധകനാണ് ദൈവദാസനു പണം നല്‍കുന്നതെന്ന വസ്തുതയെക്കുറിച്ച് അത്യാഗ്രഹിയായ ഗേഹസിക്കു ഭാരമുണ്ടായില്ല. പണത്തിനു വേണ്ടി അവന്‍ നയമാന്റെ പിന്നാലെ ഓടി (വാക്യം 21) – ഇന്നു പണക്കാരുടെ പിന്നാലെ അനേകം പ്രസംഗകര്‍ പോകുന്നതുപോലെ. അപ്പോള്‍ ഗേഹസി ഒരു നുണ കെട്ടിച്ചമച്ചുണ്ടാക്കിയിട്ട് നയമാനോടു പറഞ്ഞു: ”വേദപഠനശാലയില്‍ നിന്നു രണ്ടു വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ വന്നിരിക്കുന്നു (”രണ്ടു പ്രവാചക പുത്രന്മാര്‍”). അവര്‍ക്ക് ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരാന്‍ നിനക്കു കഴിയുമോ?” (വാക്യം 22). നയമാന്‍ ആ നുണ വിശ്വസിച്ചിട്ട് അവന്‍ ചോദിച്ചതിനെക്കാള്‍ അധികം നല്‍കി. നിങ്ങളുടെ ഹൃദയത്തെ അത്യാഗ്രഹം ഭരിക്കുമ്പോള്‍, ദൈവത്തിന്റെ വേലയെക്കുറിച്ചുള്ള വ്യാജ പ്രസ്താവനകളെ ന്യായീകരിക്കുവാന്‍ എളുപ്പമാണ്.

സമാന രീതിയില്‍ ഇന്നു റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കള്ളം പറയുന്നതു നാം കാണുന്നു: ”50,000 ആ ളുകള്‍ ഇന്നു യോഗത്തിനു വന്നു. 15000 പേര്‍ ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ തങ്ങളുടെ കരങ്ങള്‍ ഉയര്‍ത്തി. ഇവിടെ ഒരു വലിയ ഉണര്‍വ്വ് ആരംഭിച്ചിരിക്കുന്നു” തുടങ്ങിയവ. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അയക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും നിങ്ങള്‍ക്കു വായിക്കുവാന്‍ കഴിഞ്ഞാല്‍, നിങ്ങള്‍ കരുതും എല്ലായിടത്തും ക്രിസ്തീയ ഉണര്‍വ്വുകള്‍കൊണ്ട് ഇന്ത്യ പൊതിയപ്പെട്ടിരിക്കുക യാണെന്ന്. ഇവിടെ ഇന്ത്യയില്‍ ജീവിക്കുന്ന നമുക്കറിയാം ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ഇവിടെ സംഭവിക്കുന്നില്ലെന്ന്. എന്നാല്‍ അമേരിക്കയിലുള്ള സഹൃദയരായ അനേകം വിശ്വാസികള്‍ ഈ കഥകള്‍ വിശ്വസിച്ചിട്ട് ഇത്തരം റിപ്പോര്‍ട്ടുകള്‍ എഴുതുന്ന ഈ തട്ടിപ്പുകാര്‍ക്ക് ത്യാഗപരമായി പണം അയച്ചു കൊടുക്കുന്നു! ഇന്നു നമ്മുടെ രാജ്യത്ത് ധാരാളം ഗേഹസിമാര്‍ ഉണ്ട്.

ഗേഹസി പണം തന്റെ വീട്ടില്‍ ഒളിച്ചു വച്ച ശേഷം നിഷ്‌കളങ്ക മുഖഭാവത്തോടു കൂടി, എലീശയുടെ മുമ്പില്‍ വന്നു. എന്നാല്‍ എലീശാ ഒരു ദൈവമനുഷ്യനായിരുന്നതു കൊണ്ട് അദ്ദേഹത്തെ കബളിപ്പിക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ എവിടെ പോയിരുന്നു എന്ന് എലീശാ ഗേഹസിയോട് ചോദിച്ചു. പാപം ഏറ്റു പറയാന്‍ ഗേഹസിക്ക് അദ്ദേഹം ഒരവസരം കൊടുത്തു. എന്നാല്‍ ഗേഹസി സത്യസന്ധനല്ലായിരുന്നതുകൊണ്ട് അവന്‍ കള്ളം പറഞ്ഞു. എലീശാ ഇപ്രകാരം മറുപടി പറഞ്ഞു: ”ഗേഹസി, എനിക്കെല്ലാം അറിയാം. നീ ചെയ്തതെല്ലാം ദൈവം എന്നെ ഒരു ദര്‍ശനത്തിലൂടെ കാണിച്ചു. നയമാന്‍ തിരിഞ്ഞു നില്‍ക്കുന്നതു ഞാന്‍ കണ്ടു. നീ അവന്റെ കയ്യില്‍ നിന്ന് സാധനങ്ങള്‍ മേടിക്കുന്നതും ഞാന്‍ കണ്ടു. ഈ വിജാതീയരില്‍ നിന്ന് പണം മേടിക്കുവാനുള്ള സമയം ഇതാകുന്നുവോ, യഹോവയുടെ നാമത്തില്‍ വസ്ത്രങ്ങള്‍, ഒലീവ് തോട്ടങ്ങള്‍, മുന്തിരിത്തോട്ടങ്ങള്‍, ആട്, മാട് എന്നിവ സ്വീകരിക്കുവാന്‍ ഇതാണോ സമയം?” ഇന്നത്തെ പ്രസംഗകര്‍ക്കു വേണ്ടിയുള്ള എന്തൊരു വചനം!

എലീശാ ഏലീയാവിന്റെ ഭൃത്യനായിരുന്നതുപോലെ തന്നെയാണ് ഗേഹസി എലീശായുടെ ഭൃത്യനായിരുന്നത്. എലീശായ്ക്ക് ഏലീയാവിനുണ്ടായിരുന്ന അഭിഷേകത്തിന്റെ ഇരട്ടി പങ്ക് ലഭിച്ചു. അതുപോലെ ഗേഹസിക്ക് ഏലീശായുടെ അഭിഷേകത്തിന്റെ ഇരട്ടി പങ്ക് ലഭിക്കുമായിരുന്നു. അത് ഫലത്തില്‍ ഏലിയാവിനു ണ്ടായിരുന്ന അഭിഷേകത്തിന്റെ നാലു മടങ്ങ് ആകുമായിരുന്നു! എന്നാല്‍ എലീശാ സ്ഥിരതയോടെ അഭിഷേകത്തിനായി ഏലിയാവിന്റെ പിന്നാലെ പോയ സ്ഥാനത്ത് ഗേഹസി നയമാന്റെ പിന്നാലെ അവന്റെ പണത്തിനായി ഓടി. ഏലീശായ്ക്ക് ഏലിയാവിനുണ്ടായിരുന്ന അഭിഷേകം കിട്ടി. ഗേഹസിക്ക് നയമാനുണ്ടായിരുന്ന കുഷ്ഠവും കിട്ടി!! ഗേഹസിക്കു മാത്രമല്ല, അവന്റെ കുഞ്ഞുങ്ങള്‍ക്കും കൂടെ കുഷ്ഠം കിട്ടി. ഇന്നത്തെ പ്രസംഗകര്‍ ധനവാന്മാരുടെയും, പടിഞ്ഞാറന്‍ ക്രിസ്തീയ സംഘടന കളുടെയും പിന്നാലെ പോയി, പണത്തിനുവേണ്ടി കള്ളം പറയുകയും വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്യുന്നതു കൊണ്ട് അവര്‍ക്കും ആത്മീയ കുഷ്ഠം പിടിച്ചിരിക്കുന്നു. ഈ പ്രസംഗകരുടെ കുഞ്ഞുങ്ങളും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഏലീശായുടെ മറ്റ് അത്ഭുതങ്ങള്‍

എലീശാ ചെയ്ത മറ്റൊരു അത്ഭുതം അധ്യായം 6-ല്‍ നാം കാണുന്നു. ആ കാലത്തെ ചില വേദപഠിതാക്കള്‍ ചില നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍, അവര്‍ വായ്പ വാങ്ങിയ കോടാലി നദിയില്‍ വീണു. അവര്‍ വന്ന് എലീശായോട് അതേക്കുറിച്ചു പറഞ്ഞു. അദ്ദേഹം പെട്ടെന്നു തന്നെ ഒരു കമ്പ് (വടി) ആ നദിയിലേക്ക് എറിയുകയും ആ ഇരുമ്പ്- കോടാലി വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് പൊങ്ങിവരികയും ചെയ്തു! വീണ്ടും ഇവിടെ നാം പുനരുത്ഥാനത്തിന്റെ പ്രമാണം (മരണത്തില്‍ നിന്നു ജീവന്‍) വെളിപ്പെട്ടതു കാണുന്നു. എലീശാ ചെയ്ത മറ്റ് അത്ഭുതങ്ങളിലെപ്പോലെ- ശൂനേംകാരത്തിയുടെ മരിച്ച മകനെ ഉയര്‍പ്പിക്കുന്നത്, വിഷകരമായ പായസം ദോഷമില്ലാത്തതാക്കുന്നത്, നയമാന്റെ കുഷ്ഠം സുഖപ്പെടുത്തുന്നത് തുടങ്ങിയവ- ഇവിടെയും പുനരുത്ഥാനത്തിന്റെ പ്രമാണമാണു കാണുന്നത്.

ഇപ്പോള്‍ യഥാര്‍ത്ഥ പ്രവചനം എന്താണെന്നു നമ്മെ കാണിക്കുന്ന മറ്റൊരു സംഭവം നമുക്കു നോക്കാം. അരാം രാജാവ് യിസ്രായേലിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു. അപ്പോള്‍ അയാള്‍ തന്റെ സേവകരോട് തന്റെ സൈന്യം ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങണമെന്നു പറഞ്ഞു (6:8). എന്നാല്‍ ദൈവം രാജാവിന്റെ ആലോചന എലീശയ്ക്കു കാണിച്ചു കൊടുത്തിട്ട് എലീശാ യിസ്രായേല്‍ രാജാവിന് അതേക്കുറിച്ച് അറിയിപ്പു കൊടുത്തു. അങ്ങനെ യിസ്രായേല്‍ രാജാവ് ഒന്നിലധികം തവണ തന്റെ സൈന്യത്തെ അരാം രാജാവിന്റെ കയ്യില്‍ നിന്നു സംരക്ഷിച്ചു. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് അരാം രാജാവ് അത്ഭുതപ്പെട്ടു. അവന്റെ പാളയത്തില്‍ യിസ്രായേലിനു വേണ്ടി ആരോ ചാരവൃത്തി ചെയ്യുന്നു എന്ന് അയാള്‍ സംശയിച്ചു. ഒടുവില്‍ സത്യം അറിഞ്ഞ അരാം രാജാവിനോട്, അരാമ്യ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ച് യിസ്രായേല്‍ രാജാവിനു മുന്നറിയിപ്പു നല്‍കുന്ന ഒരു പ്രവാചകന്‍ യിസ്രായേലില്‍ ഉണ്ട് എന്നു പറഞ്ഞു.

ഇന്നു സഭയിലും യഥാര്‍ത്ഥ പ്രവചനത്തിന്റെ ഉദ്ദേശ്യം ഇതു തന്നെയാണ്. എലീശാ എന്തു ചെയ്തു? അടുത്ത ആഴ്ച ശത്രു ഇന്ന സ്ഥലത്തേക്കു വരുന്നുണ്ട് അതുകൊണ്ട് അതിനായി തയ്യാറാകുക എന്ന് അദ്ദേഹം യിസ്രായേലിനു മുന്നറിയിപ്പു കൊടുത്തു. ആഴ്ചതോറും സഭയുടെ കൂടിവരവുകളില്‍ പ്രവചനത്തിന്റെ ആത്മാവ് ശത്രു എവിടെ വരും എന്നുള്ള കാര്യം ദൈവജനത്തിനു മുന്നറിയിപ്പു നല്‍കണം. അത്തരം ഒരു പ്രവചന ശുശ്രൂഷ ഉള്ള സഭ വാസ്തവത്തില്‍ അനുഗൃഹീതമാണ്. യിസ്രായേലില്‍ എലീശയെപ്പോലെ ഒരു പ്രവാചകനുണ്ടായിരുന്നത് ഒരു അനുഗ്രഹം ആയിരുന്നില്ലേ? അതിനോട് തുല്യമായ വിധത്തില്‍ അത്ഭുതകരമാണ്, ഒരു സഭയില്‍ ആളുകളോട് അവര്‍ എന്ത് അഭിമുഖീകരിക്കാനാണ് ഒരുങ്ങിയിരിക്കേണ്ടത് എന്ന് മുന്നറിയിപ്പു നല്‍കാന്‍ കഴിയുന്ന ഒരു പ്രവാചകനുണ്ടായിരിക്കുന്നത്. അതു കൊണ്ടാണ് വേദപുസ്തകം പറയുന്നത്, ”വിശേഷാല്‍ പ്രവചനവരം വഞ്ഛിപ്പിന്‍” എന്ന് (1 കൊരി. 14:1).

6:24-29 വരെയുള്ള വാക്യങ്ങളില്‍ ശമര്യയില്‍ ഒരു മഹാക്ഷാമം ഉണ്ടായതായി നാം വായിക്കുന്നു. കാരണം അരാമ്യ സൈന്യം ആ പട്ടണത്തെ വളഞ്ഞു. സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തിന്നത്തക്കവിധം കാര്യങ്ങള്‍ അത്ര വഷളായിരുന്നു. എന്നാല്‍ പട്ടണത്തിനു പുറത്ത് 4 കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു (അവര്‍, കുഷ്ഠരോഗികളായിരുന്നതുകൊണ്ട്, പട്ടണത്തിനകത്തു കടക്കുവാന്‍ അവര്‍ക്ക് അനുവാദമില്ലായിരുന്നു- 7:3). അരാമ്യ പാളയത്തിലേക്കു ചെന്ന് ഭക്ഷണം ചോദിക്കുവാന്‍ അവര്‍ തീരുമാനിച്ചു. അവര്‍ ഇപ്രകാരം പറഞ്ഞു: ”നമ്മോട് അവര്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യം നമ്മെ കൊല്ലുക എന്നതാണ്. എന്നാല്‍ ഇവിടെ ആയാലും നാം വിശപ്പുകൊണ്ട് മരിക്കുകയാണ്. അതുകൊണ്ട് നമുക്ക് അവരുടെ അടുത്തേക്കു പോകാം”… അവര്‍ ശത്രുപാളയത്തിലെത്തിയപ്പോള്‍ പടയാളികള്‍ എല്ലാവരും ഓടിപ്പോയതായി കണ്ടെത്തി. കാരണം യഹോവ അവരെ കുതിച്ചുപായുന്ന കുതിരകളുടെ ശബ്ദം കേള്‍പ്പിച്ചു! അതുകൊണ്ട് ഈ കുഷ്ഠരോഗികള്‍ അവിടെ ധാരാളം ഭക്ഷണം കണ്ടെത്തി. എന്നാല്‍ പിന്നീട് അവര്‍ പറഞ്ഞു: ”ഇതിനെക്കുറിച്ചു നാം എല്ലാവരോടു പറയണം. ഈ സദ്‌വര്‍ത്തമാനം നമുക്കായി തന്നെ സൂക്ഷിക്കരുത്.” അതുകൊണ്ട് അവര്‍ ചെന്ന് ശമര്യ പട്ടണത്തിലുള്ളവരോട് ഈ സദ്‌വര്‍ത്തമാനം അറിയിക്കുകയും ആ പട്ടണം മരണത്തില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു. ഇതുകൊണ്ടാണ് നാം മറ്റുള്ളവരോടും സുവിശേഷം പ്രസംഗിക്കണമെന്നു പറയുന്നത്. ആത്മീയമായി പറഞ്ഞാല്‍ നാം കുഷ്ഠരോഗികളാണ്. എന്നാല്‍ ദൈവം നമ്മെ അനുഗ്രഹിച്ച് നമ്മുടെ ജീവന്‍ രക്ഷിക്കുന്ന ആഹാരം നമുക്കു തന്നു. എന്നാല്‍ ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ലോകത്തിലുണ്ട്. നാം പോയി അവരോടു പറയണം. കാരണം അവര്‍ക്ക് ഈ സുവാര്‍ത്ത (സുവിശേഷം) അറിയില്ല.

അധ്യായം 9-ല്‍, ആഹാബിന്റെ ഭാര്യ ഈസേബെലിന്റെ മരണത്തെക്കുറിച്ചു വായിക്കുന്നു. ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകന്മാരെ സ്ഥിരമായി എതിര്‍ത്തിട്ടുള്ള ഒരാളായിരുന്നു അവള്‍. അങ്ങനെ ഇപ്പോള്‍ അവളുടെ പേര് ദൈവഭൃത്യന്മാരെ ഉപദ്രവിക്കുന്നവരുടെ ഒരു പ്രതീകമായി തീര്‍ന്നു. വെളിപ്പാട് 2:20-ല്‍, തുയഥൈര യിലെ മൂപ്പനോടു കര്‍ത്താവ് ഇപ്രകാരം പറഞ്ഞു, ”എന്റെ ദാസന്മാരെ വഴി തെറ്റിക്കുവാന്‍ നിന്റെ ഭാര്യ ഈസേബെലിനെ നീ അനുവദിക്കുന്നു” (പദാനുപദ വിവര്‍ത്തനം). ആ മൂപ്പന്റെ ശക്തയായ ഭാര്യയായിരുന്നു സഭയെ നിയന്ത്രിച്ചിരുന്നത്- അവളെ ഒരു ”ഈസേബെല്‍” എന്നാണു വിളിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് അതുപോലെ തങ്ങളുടെ സഭയെ നിയന്ത്രിക്കുവാന്‍ അവരുടെ ഭാര്യമാരെ അനുവദിക്കുന്ന ബലഹീനരായ അനേകം മൂപ്പന്മാര്‍ ഉണ്ട്- ഒന്നാമത്തെ ഈസേബെല്‍ ആഹാബിനെ നിയന്ത്രിച്ചതുപോലെ. നിങ്ങള്‍ ഏലിയാവിനെപ്പോലെ ദൈവത്തിന്റെ ഒരു പ്രവാചകനാണെങ്കില്‍, നിങ്ങള്‍ ഈ ഈസേബെല്‍മാരെ നേരിട്ട് അവരെ ശരിയായ സ്ഥാനത്ത് ആക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത്തരം ഈസേബെല്‍മാരാല്‍ നിങ്ങളുടെ സഭ നശിപ്പിക്കപ്പെടും. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഈസേബെല്‍ താഴേയ്ക്ക് എറിയപ്പെട്ട് അവളുടെ ശരീരം കഷണങ്ങളായി തെറിച്ചുപോയി എന്നു നാം ഇവിടെ വായിക്കുന്നു- ഒരു സഭയില്‍ അധികാരം ഉണ്ടാകാന്‍ ഒരു സ്ത്രീയെയും അനുവദിക്കരുത്.

അധ്യായം 13:14ല്‍ എലീശയ്ക്കു രോഗം പിടിച്ചു എന്നും ആ രോഗത്താല്‍ എലീശാ മരിച്ചു എന്നും നാം വായിക്കുന്നു. എന്തുകൊണ്ടാണ് എലീശാ, പുറപ്പാട് 15:26 (”ഞാന്‍ നിന്നെ സംഖ്യമാക്കുന്ന യഹോവ ആകുന്നു”) അവകാശപ്പെടാതിരുന്നത്? ഇന്ന് അനേകം പ്രസംഗകര്‍ അവനോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു. എലീശായെപ്പോലെയുള്ള ഒരു പുരുഷന് മരിച്ചവരെ ഉയര്‍പ്പിക്കുവാന്‍ ആവശ്യമായ വിശ്വാസം ഉണ്ട്. അതുകൊണ്ട് അവന്‍ സൗഖ്യമാക്കപ്പടാതിരുന്നെങ്കില്‍, അതു തീര്‍ച്ചയായും വിശ്വാസത്തിന്റെ കുറവുകൊണ്ട് ആയിരുന്നില്ല! ദൈവം എന്തുകൊണ്ട് അവിടുത്തെ ദാസന്മാരുടെ ശരീരത്തില്‍ രോഗം അനുവദിക്കുന്നു എന്നത് നമുക്കൊരിക്കലും പൂര്‍ണ്ണമായി വിശദീകരിക്കാന്‍ കഴിയാത്ത രഹസ്യങ്ങളിലൊന്നാണ്. എന്നാല്‍ അത് ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ഉദ്ദേശ്യം നിറവേറ്റും എന്നു നമുക്കു വിശ്വസിക്കാന്‍ കഴിയും. എലീശാ തന്റെ രോഗത്താല്‍ മരിക്കാന്‍ അനുവദിച്ചതില്‍ ദൈവത്തിനു ചില ഉദ്ദേശ്യങ്ങള്‍ ഉണ്ട്- പൗലൊസിന് തന്റെ ജഡത്തില്‍ ഒരു മുള്ള് നല്‍കിയപ്പോള്‍ ഉണ്ടായിരുന്നതുപോലെ. ഏലിയാവിനോടു ചെയ്തതുപോലെ ദൈവത്തിന് എലിശയെയും ഒരു അഗ്നിരഥത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കാമായിരുന്നു. എന്നാല്‍ അവിടുന്ന് എലീശായെ സ്വര്‍ഗ്ഗത്തിലേക്ക് എടുത്തത് കുറച്ചുകൂടി ലജ്ജാകരമായ രീതിയിലാണ്. നാം ദൈവത്തിന്റെ നമ്മോടുള്ള ഇടപാടുകള്‍ക്കു കീഴടങ്ങണം. ഒരിക്കലും നമ്മുടെ പങ്കിനെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യരുത്. ഈ കഥയുടെ അശ്ചര്യകരമായ തുടര്‍ച്ച, പിന്നീട് മോവാബ്യര്‍ ഒരു മനുഷ്യനെ എലീശയുടെ ശവക്കുഴിയില്‍ അടക്കം ചെയ്യുമ്പോള്‍, ആ ശവശരീരം എലീശായുടെ അസ്ഥികളെ സ്പര്‍ശിച്ച ഉടനെ മരിച്ച മനുഷ്യന്‍ മരണത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു എന്നതില്‍ നാം കാണുന്നു (13:20,21). അതുകൊണ്ട് ഇന്നത്തെ അനേകം പ്രസംഗകര്‍ക്കു ജീവിച്ചിരിക്കുമ്പോള്‍ ഉള്ളതിനെക്കാള്‍ അഭിഷേകം എലീശായ്ക്ക് തന്റെ മരിച്ച അസ്ഥികളിലുണ്ടായിരുന്നു!! അദ്ദേഹത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയായും വിശ്വാസത്തിന്റെ ഒരു കുറവും ഇല്ലായിരുന്നു.

അശൂര്‍ യിസ്രായേലിനെയും യെഹൂദയേയും ആക്രമിക്കുന്നു

അധ്യായം 17-ല്‍ ക്രിസ്തുവിന് 730 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന, യിസ്രായേലിന്റെ അടിമത്തത്തെക്കുറിച്ചു നാം വായിക്കുന്നു. അശൂര്യര്‍ വന്ന്, യിസ്രായേലിനെ പിടിച്ചടക്കിയിട്ട് അവരെ ദൂരെ കൊണ്ടുപോയി. ഈ അശൂര്യരെ കുറിച്ചാണ് 17:33-ല്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നത്. ”അവര്‍ യഹോവയെ ഭയപ്പെടുകയും അവരുടെ സ്വന്ത ദേവന്മാരെ സേവിക്കുകയും ചെയ്തു.” ഈ കപട ”യഹോവ ഭയം” ആണ് ഇന്ന് പല ക്രിസ്തീയതയിലും കാണപ്പെടുന്നത്. ഇന്നു പല ക്രിസ്ത്യാനികള്‍ക്കും ദൈവത്തോട് അല്പം ബഹുമാനം ഉണ്ട്. എന്നാല്‍ വാസ്തവത്തില്‍ അവര്‍ സേവിക്കുന്നത് അവരുടെ ദേവന്മാരായ പണം, ജോലി, സ്വന്ത മാനം, ലോകത്തിലുള്ള സ്ഥാനം, സഭയിലുള്ള സ്ഥാനം മുതലായവയെയാണ്.

അധ്യായം 18-ല്‍ നാം യെഹൂദാ രാജാവായ ഹിസ്‌ക്കിയാവിനെക്കുറിച്ചു വായിക്കുന്നു. ഹിസ്‌ക്കിയാവിന്റെ അപ്പനായ ആഹാസ്, ഹിസ്‌ക്കിയാവിന്റെ മൂത്ത സഹോദരനെ വിജാതിയ വിഗ്രഹങ്ങള്‍ക്കു യാഗമായി തീയില്‍ എറിഞ്ഞ മഹാദുഷ്ടനായ ഒരു രാജാവായിരുന്നു (2 രാജാക്കന്മാര്‍ 16:3). എന്നാല്‍ ഹിസ്‌ക്കിയാവ് തന്റെ അപ്പനില്‍ നിന്നു വ്യത്യസ്തനായിരുന്നു. അയാള്‍ ഒരു നല്ല രാജാവായി രുന്നു. ദൈവത്തെ ഭയപ്പെടുന്നതുകൊണ്ട് തങ്ങളുടെ പിതാക്കന്മാരില്‍ നിന്നു വ്യത്യസ്തരാകാന്‍ മനസ്സുള്ള കുഞ്ഞുങ്ങള്‍ക്കായി ദൈവത്തെ സ്തുതിക്കുന്നു.

18:4-ല്‍ നാം വായിക്കുന്നത് യെഹൂദ്യയിലെ ജനങ്ങള്‍ ഇപ്പോഴും, 700 വര്‍ഷങ്ങള്‍ക്കു മുമ്പ് മരുഭൂമിയില്‍ വച്ചു മോശെ ഉണ്ടാക്കിയ പിച്ചള സര്‍പ്പത്തെ ആരാധിക്കുന്നു എന്നാണ്. ഹിസ്‌ക്കിയാവാണ് ഒടുവില്‍ യെഹൂദ്യയിലെ ഈ അന്ധവിശ്വാസത്തെ തകര്‍ത്ത് അതിനെ നശിപ്പിച്ചത്. ആ 700 വര്‍ഷക്കാലയളവില്‍ യിസ്രായേലില്‍ ജീവിച്ചിട്ടുള്ള അനേകം ദൈവഭക്തരായ പുരുഷന്മാരെ നോക്കാം- യോശുവ, ശമുവേല്‍, പിന്നെ ദാവീദ് (ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍). എന്നാല്‍ ഈ ദൈവഭക്തന്മാര്‍ക്ക് ആര്‍ക്കും ഈ പിച്ചള സര്‍പ്പം നശിപ്പിക്കപ്പെടേണ്ടതാണെന്ന് മനസ്സിലായില്ല. ഈ ദൈവ മനുഷ്യരെല്ലാം അതിനെ ഇങ്ങനെ പറഞ്ഞു കൊണ്ട് സഹിച്ചിട്ടുണ്ടാവണം: ”അത് വിഗ്രഹത്തില്‍ നിന്നും വ്യത്യസ്തമാണ്, കാരണം ദൈവം തന്നെയാണ് അതുണ്ടാക്കുവാന്‍ കല്പിച്ചത്.” എന്നാല്‍ അത് ഒരു വിഗ്രഹമാണെന്ന് ഹിസ്‌ക്കിയാവ് വ്യക്തമായി കണ്ടു. ഹിസ്‌ക്കിയാവിനെപ്പോലെയുള്ള പുരുഷന്മാര്‍ക്കായി ദൈവത്തെ സ്തുതിക്കുന്നു.

യേശുവിന്റെ (അല്ലെങ്കില്‍ മറിയയുടെ) വിഗ്രഹവും മറ്റേതെങ്കിലും മതത്തിന്റെ വിഗ്രഹവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല. രണ്ടും ദൈവം വെറുക്കുന്ന വിഗ്രഹങ്ങളാണ്. ദൈവത്തിന്റെ കല്പന പ്രകാരം ഒരിക്കല്‍ ഉണ്ടാക്കിയ പിച്ചള സര്‍പ്പത്തെ പോലും, ഒരു ആരാധനാ വസ്തുവായി ദൈവത്തിനു സ്വീകാര്യമല്ലായിരുന്നു. പിച്ചള സര്‍പ്പത്തെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിഗ്രഹങ്ങളെയോ ആരാധിക്കുവാന്‍ അല്ല മനുഷ്യനെക്കുറിച്ച് ഉദ്ദേശിച്ചിരിക്കുന്നത്! ഈ ആദ്യപാഠത്തിന്മേല്‍ ദാവീദിനു പോലും വെളിച്ചം ഇല്ലായിരുന്നു. ആ ജ്ഞാനം കുറച്ചുകൂടി ചെറിയ ഒരു രാജാവിനാണ് ദൈവം നല്‍കിയത്. ചില സമയങ്ങളില്‍ നല്ലവണ്ണം അറിയപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വെളിച്ചം കിട്ടാത്ത തിരുവചന സത്യങ്ങളെക്കുറിച്ച് ഒരു സാധാരണ വിശ്വാസിക്ക് വെളിച്ചം ഉണ്ടാകാം. ഈ വസ്തുത നാം ഒരിക്കലും മറക്കരുത്.

അധ്യായം 19-ല്‍ അശൂര്‍ രാജാവ് യിസ്രായേല്‍ പിടിച്ചടക്കിയ ശേഷം യെഹൂദയുടെ തെക്കെ രാജ്യങ്ങള്‍ക്കെതിരെയും വന്നു. അപ്പോള്‍ ഹിസ്‌ക്കിയാവ് യഹോവയോട് സഹായത്തിനായി കരഞ്ഞു (19:15). ആ രാത്രിയില്‍ ഒരൊറ്റ ദൂതന്‍ വന്ന് 1,85,000 പടയാളികളെ കൊന്നു (വാക്യം 35). ഗത്‌സെമന തോട്ടത്തില്‍ വച്ച് യേശു പത്രൊസിനോട്, അവിടുത്തെ സഹായിക്കാന്‍ 72000 ദൂതന്മാരെ വിളിക്കുവാന്‍, തനിക്കു വേണമെങ്കില്‍ കഴിയും എന്നു പറഞ്ഞു. 72000 ദൂതന്മാര്‍ക്ക് 13 ലക്ഷംകോടി ആളുകളെ നശിപ്പിക്കുവാന്‍ കഴിയുമായിരുന്നു (72000ഃ185000) ഇന്നത്തെ ലോകജനസംഖ്യയുടെ രണ്ടു മടങ്ങില്‍ കൂടുതല്‍!! ലോകത്തിന്റെ ശക്തിയില്‍ നിന്ന് അവിടുത്തെ ജനത്തെ പ്രതിരോധിക്കുവാനുള്ള ദൈവത്തിന്റെ കഴിവ് അങ്ങനെയാണ്. അതുകൊണ്ടാണ് യേശുവിനൊരിക്കലും ഒരു ഭയമില്ലാതിരുന്നത്. നാമും ഒരിക്കലും ഒരു ഭയത്തിലും ജീവിക്കേണ്ട ആവശ്യമില്ല.

അതിനു ശേഷം, ഹിസ്‌ക്കിയാവ് മറ്റൊരു പ്രശ്‌നം നേരിട്ടു. അവന്‍ മരിക്കത്തക്ക രോഗം പിടിച്ചിട്ട്, യഹോവ അവനോട് ”നീ നിന്റെ ഗൃഹകാര്യം ക്രമത്തില്‍ ആക്കുക. നീ മരിച്ചു പോകും, ശേഷിക്കയില്ല” എന്നു പറഞ്ഞു. ദൈവം നമ്മോട്, നമുക്കു മരിക്കാനുള്ള സമയമായി എന്നു പറയുമ്പോള്‍ ഉടനെതന്നെ നാം ഈ ഭൂമി വിട്ടുപോകാന്‍ മനസ്സുള്ളവരായിരിക്കണം. കാരണം നമുക്കെന്താണ് ഏറ്റവും നല്ലതെന്ന് ദൈവത്തിനു മാത്രമേ അറിയൂ. അതുകൊണ്ട്, ദൈവം നമ്മോട് പോകാനുള്ള സമയമായി എന്നു പറയുമ്പോള്‍, ഈ നശിച്ച ലോകത്തില്‍ കൂടുതല്‍ കാലം താമസിക്കുവാന്‍ നാം അല്പംപോലും ആഗ്രഹിക്കരുത്. ‘വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടി ആയിരിക്കുന്നത് ഏറെ നല്ലത്.’ എന്നാല്‍ ഹിസ്‌കിയാവിന് പോകാന്‍ മനസ്സില്ലായിരുന്നതുകൊണ്ട് തന്റെ ആയുസ്സ് നീട്ടിക്കിട്ടുവാന്‍ യഹോവയോടു യാചിച്ചു. യഹോവ അവന്റെ അപേക്ഷ അനുവദിച്ച്, അവനു മറ്റൊരു 15 വര്‍ഷങ്ങള്‍ കൂടെ അവന്റെ ആയുസ്സിനോട് കൂട്ടികൊടുത്തു. എന്നാല്‍ ആ 15 വര്‍ഷത്തിനിടയ്ക്ക് എന്തു സംഭവിച്ചു? അവന്‍ മനശ്ശെ എന്നൊരു മകനെ ജനിപ്പിച്ചു. മനശ്ശെ രാജാവായപ്പോള്‍ അവനു 12 വയസ്സു പ്രായമുണ്ടായിരുന്നു (21:1). ഹിസ്‌കിയാവിന് അധികമായി അനുവദിച്ചു കിട്ടിയ ആ 15 വര്‍ഷക്കാലത്താണ് അവന്‍ ജനിച്ചതെന്നു വ്യക്തമാണ്. അവന്‍ 55 വര്‍ഷത്തോളം വാണു. എന്നാല്‍ എക്കാലവും യെഹൂദായില്‍ ഉണ്ടായിരുന്ന രാജാക്കന്മാരില്‍ ഏറ്റവും മോശമായ രാജാവ് അവനായിരുന്നു (2 ദിന. 33:9). തന്റെ ഭൂമിയിലെ കാലയളവു തീര്‍ന്നു എന്നു ദൈവം അവനോടു പറഞ്ഞപ്പോള്‍, ഹിസ്‌ക്കിയാവ് മരിക്കാന്‍ തയ്യാറല്ലായിരുന്നതു കൊണ്ടാണ് മനശ്ശെ ജനിച്ചത്.

അധ്യായം 24-ല്‍ ലോകത്തിലെ പുതിയ വന്‍ശക്തിയായിതീര്‍ന്ന ബാബിലോണിനാല്‍ അശൂര്‍ തോല്‍പിക്കപ്പെടുന്നതാണു നാം വായിക്കുന്നത്. ബാബിലോണ്‍ യെഹൂദായ്ക്ക് എതിരെ വന്ന് യെരുശലേം നശിപ്പിച്ചു. മനശ്ശെയുടെ ഭരണത്തിന്റെ പ്രാരംഭ നാളുകളില്‍ യെശയ്യാവ് പ്രവചിച്ചിരുന്നു. അന്നു യെഹൂദയെ ശക്തമായി ന്യായം വിധിക്കുന്ന നിലയില്‍ പ്രവചിച്ചതിനാല്‍ യെശയ്യാവ് പീഡിപ്പിക്കപ്പെട്ടു. അവന്‍ പീഡനത്തില്‍ നിന്നു രക്ഷപ്പെടാനായി പൊള്ളയായ ഒരു തടിക്കഷണത്തില്‍ സ്വയം ഒളിച്ചു. എന്നാല്‍ അതു കണ്ടുപിടിക്കപ്പെടുകയും, മനശ്ശെ ആ തടി രണ്ടായി അറുക്കുകയും അതുവഴി യെശയ്യാവിന്റെ ശരീരം കൂടെ രണ്ടായി അറുക്കപ്പെടുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. എബ്രായര്‍ 11:37-ല്‍ ”ഈര്‍ച്ചവാളാല്‍ അറുക്കപ്പെട്ടവരെ”ക്കുറിച്ചു നാം വായിക്കുന്നുണ്ടല്ലോ.

രാജാക്കന്മാരുടെ രണ്ടാം പുസ്തകം ആരംഭിക്കുന്നത് ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതോടുകൂടിയും അവസാനിക്കുന്നത് യെഹൂദാ ജനം ബാബിലോണിലേക്ക് എടുക്കപ്പെടുന്നതോടുകൂടിയും ആണ്. എന്തൊരു വൈരുദ്ധ്യം! ഒന്നുകില്‍ സ്വര്‍ഗ്ഗത്തിലേക്കോ, അല്ലെങ്കില്‍ ബാബിലോണിലേക്കോ, പോകുന്നതു നമുക്കും തിരഞ്ഞെടുക്കാന്‍ കഴിയും. നാം ആരെ പ്രസാദിപ്പിക്കുന്നതാണു തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം ഇരിക്കുന്നത്. 2 രാജാക്കന്മാരില്‍ നിന്നു നാം പഠിക്കുന്ന പാഠങ്ങള്‍ ഇവയാണ്.

What’s New?