ബൈബിളിലൂടെ : 2 പത്രൊസ്

ദൈവഭക്തിയും കള്ളപ്രവാചകന്മാരും


ഇതൊരു ചെറിയ ലേഖനമാണ്. ദൈവ സ്വഭാവത്തില്‍ കൂട്ടാളികളാകുന്നതിനെക്കുറിച്ചാണ് ഇവിടെ പത്രൊസ് പറയുന്നത് (1:4). ദൈവം നമുക്കു തന്ന ഏറ്റവും വലിയ വാഗ്ദാനം ശ്രദ്ധിച്ചില്ലെങ്കില്‍ ക്രിസ്ത്യാനികള്‍ അഭിമുഖീകരിക്കേണ്ട അപകടങ്ങളെക്കുറിച്ചും കൂടി പത്രൊസ് പറയുന്നു.


ദിവ്യസ്വഭാവത്തിന്റെ പങ്കാളിത്തം


പഴയ നിയമത്തിലെപ്പോലെ ഒരു കൂട്ടം നിയമങ്ങളുടെയും ചട്ടങ്ങളുടെയും അനുസരണമല്ല ക്രിസ്തീയ ജീവിതം. പുതിയ ഉടമ്പടിയില്‍ ദൈവം നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ പഴയതില്‍ നല്‍കിയിരിക്കുന്നതിനെക്കാള്‍ വളരെ ഉന്നതമാണ്. പഴയ ഉടമ്പടി വാഗ്ദാനം ചെയ്തത് ഭൗതിക അഭിവൃദ്ധിയും ശാരീരിക ആരോഗ്യവും, പുത്രസമ്പത്തും ആടുമാടുകളുടെ ബാഹുല്യവും കളപ്പുരകള്‍ നിറഞ്ഞു കവിയുന്ന സമൃദ്ധമായ വിളവും ഒക്കെ ആയിരുന്നു. അതിനെക്കാളൊക്കെ എത്രയോ അതിമഹത്തായ ഒന്ന് ഇപ്പോള്‍ നമുക്കുണ്ട്! ദൈവസ്വാഭാവത്തില്‍ ഇന്നു നമുക്കു പങ്കാളികളായിത്തീരാന്‍ കഴിയും. ദൈവത്തിന് ആര്‍ക്കെങ്കിലും നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ദാനമാണിത്. അതിനെക്കാള്‍ വലുതായി ഒന്നും തന്നെയില്ല. അതോടൊപ്പം തന്നെ ”ജീവനും ഭക്തിക്കും ആവശ്യമായതൊക്കെയും അവിടുന്നു ദാനം ചെയ്തിരിക്കുന്നു” (1:3). നമുക്കു വിശദീകരിക്കാന്‍ കഴിയാത്ത, അറിഞ്ഞു കൂടാത്ത, ധാരാളം കാര്യങ്ങള്‍ ലോകത്തിലുണ്ട്. എന്നാല്‍ ദൈവഭയത്തിലുള്ള ഒരു ജീവിതം നയിക്കുവാന്‍ ആവശ്യമായ അറിവുകള്‍ ദൈവം തന്റെ വചനത്തിലൂടെ നമുക്കു വെളിപ്പെടുത്തിയിരിക്കുന്നു. അങ്ങനെയുള്ള ജീവിതം നയിക്കുവാന്‍ ആവശ്യമായ ശക്തി ദൈവം തന്റെ പരിശുദ്ധാത്മാവിനാല്‍ നമുക്കു നല്‍കിയിരിക്കുന്നു.

ഈ വാഗ്ദാനങ്ങള്‍ നമുക്കു ലഭിച്ചിരിക്കുന്നതുകൊണ്ട് നാം എന്തു ചെയ്യണം? ഒന്നാമതായി നാം ശുഷ്‌കാന്തിയുള്ളവരാകണം(1:5). വിശ്വാസത്തോടു ധാര്‍മിക വൈശിഷ്ട്യം കൂട്ടുവാനായി നാം ഉത്സാഹത്തോടെ പരിശ്രമിക്കണം. നമ്മിലെ ധാര്‍മിക വൈശിഷ്ട്യം വര്‍ദ്ധിച്ചു വരുന്നതിനനുസരിച്ചു മാത്രമേ നമുക്കു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉണ്ടാകൂ. ദൈവപരിജ്ഞാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് നമുക്കു ഇന്ദ്രിയജയം (ആത്മനിയന്ത്രണം – നാവിന്റെയും കണ്ണുകളുടെയും കാതുകളുടെയും മറ്റും നിയന്ത്രണം) വര്‍ദ്ധിച്ചു വരൂ. ഇന്ദ്രിയ ജയം വര്‍ദ്ധിച്ചു വരുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ക്ഷമയുള്ളവരായിത്തീരും. ക്ഷമ വര്‍ദ്ധിച്ചു വരുന്നതനുസരിച്ചു നാം കൂടുതല്‍ ദൈവഭക്തിയുള്ളവരാകും. അങ്ങനെ നമ്മുടെ കൂട്ടുസഹോദരങ്ങളെ അധികം സ്‌നേഹിക്കുവാന്‍ നാം പ്രാപ്തരാകും. കൂട്ടുസഹോദരങ്ങളോടുള്ള സ്‌നേഹം വര്‍ദ്ധിക്കുന്നതനുസരിച്ചു നാം മറ്റു മനുഷ്യരെയും സ്‌നേഹിച്ചു തുടങ്ങും – 1:5-7-ല്‍ നാം ആരോഹണ ക്രമത്തില്‍ കാണുന്ന കാര്യങ്ങള്‍ ഇവയാണ്.

ഈ ഗുണങ്ങള്‍ നമ്മിലുണ്ടായി വര്‍ദ്ധിക്കുവാന്‍ നാം പരിശ്രമിക്കുന്നുവെങ്കില്‍ നമ്മുടെ ജീവിതവും ശുശ്രൂഷയും സമൃദ്ധമായി ഫലപ്രദമാവുകയും നാം പ്രയോജനമുള്ള ക്രിസത്യാനികളായിത്തീരുകയും ചെയ്യും (1:8). എന്നാല്‍ ഈ ഗുണങ്ങള്‍ നമ്മില്‍ ഉണ്ടാകുന്നില്ല എങ്കില്‍ നാം ആത്മീയമായി അന്ധത ബാധിച്ചവരായിത്തീരാം (1:9). ആത്മീയാന്ധത സംഭവിക്കുവാനുള്ള മറ്റൊരു കാരണം നാം രക്ഷിക്കപ്പെടും മുമ്പെ എത്ര വലിയ പാപികളാണെന്ന കാര്യം മറക്കുന്നതാണ് (1:9). ഒരു വിശ്വാസി താന്‍ എത്ര കൊടുംപാപിയായിരുന്നു എന്നും എത്ര വലിയ കുഴിയില്‍ നിന്നുമാണ് യേശു തന്നെ പുറത്തെടുത്തു രക്ഷിച്ചതെന്നും മറന്നുപോയാല്‍ സഹവിശ്വാസികളെ വിലകുറഞ്ഞവരായി കാണുവാന്‍ തുടങ്ങും. സഹോദരങ്ങളെ വിലമതിക്കാത്തവര്‍ ആത്മീയമായി അന്ധത ബാധിച്ചവരാണ്.

1:5-9-ല്‍ പറഞ്ഞിരിക്കുന്ന പ്രബോധനം നാം അനുസരിക്കുന്നുവെങ്കില്‍ നാം രക്ഷയില്‍ നിന്നു വീണുപോവുകയില്ല എന്നു മാത്രമല്ല ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം സമൃദ്ധമായി ലഭിച്ചവരുമാകും (1:11). അനേകം വിശ്വാസികളും എങ്ങനെയെങ്കിലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതില്‍ മാത്രം സന്തോഷിക്കുന്നവരാണ്. എന്നാല്‍ എനിക്കു ധാരാളമായ പ്രവേശനം ആവശ്യമുണ്ട്. ”നല്ലവനും വിശ്വസ്തനുമായ ദാസനേ” എന്ന കര്‍ത്താവിന്റെ ശബ്ദം എനിക്കു കേള്‍ക്കണം. യേശു കര്‍ത്താവ് എനിക്കു വേണ്ടി വളരെ സഹിച്ചതുകൊണ്ട് എനിക്ക് ഈ ഭൂമിയിലെ ജീവിത കാലത്ത് അവിടുത്തെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹമുണ്ട്. 1:5-9-ല്‍ വിശദീകരിക്കുന്ന വഴിയിലൂടെ നാം പോകുന്നുവെങ്കില്‍ നാം സമൃദ്ധമായ പ്രവേശനം ധാരാളമായി പ്രാപിക്കും. അപ്രകാരം ദൈവരാജ്യത്തിലേക്ക് ധാരാളമായ പ്രവേശനം വാഞ്ഛിക്കുന്ന വിശ്വാസികളാണ് സഭയിലുണ്ടാകേണ്ടത്.

താന്‍ ഭൂമിയില്‍ നിന്നു മാറ്റപ്പെടുവാന്‍ സമയം അടുത്തു എന്നു കര്‍ത്താവ് തന്നെ കാണിച്ചു തന്നു എന്നു പത്രൊസ് പറയുന്നു (1:13,14). പത്രൊസിനും പൗലൊസിനുമൊക്കെ അവരുടെ മരണ സമയം കൂടി കൃത്യമായി അറിവു കൊടുക്കുവാന്‍ തക്കവണ്ണം അവര്‍ കര്‍ത്താവിനോടു വളരെ ചേര്‍ന്നു നടക്കുന്നവരായിട്ടായിരുന്നു ജീവിച്ചത് എന്നത് എത്ര അത്ഭുതകരമാണ് (2 തിമൊ. 4:6)! എന്നാല്‍ പത്രൊസ് ജീവിച്ചിരിക്കുന്ന കാലമത്രയും ഈ പ്രധാന ആത്മീയ സത്യങ്ങള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുണര്‍ത്തിയിരുന്നു. താന്‍ മുന്നെതന്നെ അവര്‍ക്ക് ഇക്കാര്യങ്ങള്‍ എഴുതിയിരുന്നതിനാല്‍ ഇവയെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നു (1:12-14). ഈ അപ്പൊസ്തലന്മാര്‍ പഴയ നിയമ പ്രവാചകന്മാരെപ്പോലെയായിരുന്നു. അവര്‍ ഒരേകാര്യം തന്നെ പേര്‍ത്തും പേര്‍ത്തും പ്രസംഗിച്ചുകൊണ്ടിരുന്നു. ഇന്നത്തെ പ്രസംഗകരെപ്പോലെ ആളുകളുടെ പ്രീതി സമ്പാദിക്കാന്‍ വേണ്ടി എന്നും ‘പുതുമയുള്ള വിഷയങ്ങള്‍’ അന്വേഷിക്കുന്ന രീതി അവര്‍ക്കുണ്ടായിരുന്നില്ല. ആളുകള്‍ക്കു ചില കാര്യങ്ങള്‍ വീണ്ടും കേള്‍ക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയാല്‍ അവര്‍ വീണ്ടും അതുതന്നെ പ്രസംഗിക്കും. അതുകൊണ്ടു പത്രൊസ് സത്യകൃപ, ജീവനും ഭക്തിക്കും ആവശ്യമുള്ളതൊക്കെയും ദൈവം നല്‍കിയിരിക്കുന്ന കാര്യം, ദൈവ സ്വഭാവത്തിനു കൂട്ടാളികള്‍ ആകുക തുടങ്ങിയവയെക്കുറിച്ചൊക്കെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. പത്രൊസ് ജീവിച്ചിരുന്ന കാലമത്രയും ഇതുതന്നെ ആവര്‍ത്തിച്ചുണര്‍ത്തിക്കൊണ്ടിരുന്നു. മാത്രമല്ല,തന്റെ ലേഖനങ്ങളിലും താന്‍ ഇക്കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചെഴുതി – തന്റെ കാലശേഷവും ആളുകള്‍ക്ക് ഇതുതന്നെ വായിച്ച് ഓര്‍മ്മ പുതുക്കുവാന്‍ തക്കവണ്ണം (1:15). തങ്ങളുടെ ആടുകളെക്കുറിച്ച് ഈ ഇടയന്മാര്‍ക്കുണ്ടായിരുന്ന ഭാരം എന്തെന്നു ശ്രദ്ധിക്കുക. അവരാരും പണത്തിനു വേണ്ടി പ്രസംഗിച്ച, പ്രസംഗം ഒരു തൊഴിലാക്കി മാറ്റിയവരായിരുന്നില്ല. താന്‍ എഴുതിയ ഈ ലേഖനങ്ങള്‍ അടുത്ത രണ്ടായിരം വര്‍ഷങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളില്‍ വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നു എന്നു പത്രൊസ് ഒരിക്കലും അറിഞ്ഞിരുന്നില്ല. താന്‍ കെട്ടുകഥ ചമച്ചു പറയുകയല്ല മറിച്ച് മറുരൂപ മലയില്‍ അവിടുത്തെ മഹത്വം സ്വന്തം കണ്ണുകൊണ്ട് കണ്ടതിന്റെ നേര്‍സാക്ഷ്യമാണ് പറയുന്നത് എന്നു തുടര്‍ന്നു പറയുന്നു (1:17).

ഇവയൊക്കെ ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്കു പോലെ ശോഭിക്കുന്ന പഴയ നിയമ പ്രവചനങ്ങളുടെ നിവൃത്തിയാണ് എന്നു തുടര്‍ന്നു പറയുന്നു. പ്രസ്തുത വാക്യങ്ങളുടെ ഒരു പരാവര്‍ത്തനം ഇവിടെ കൊടുക്കുന്നു: ”പ്രവാചകന്മാര്‍ പറഞ്ഞതൊക്കെയും സത്യമായി എന്നു ഞങ്ങള്‍ കാണുകയും അവ തെളിവാകുകയും ചെയ്തിരിക്കുന്നു. അവര്‍ എഴുതിയ കാര്യങ്ങളെയൊക്കെ നിങ്ങള്‍ സശ്രദ്ധം പഠിച്ചാല്‍, ഇരുണ്ട സ്ഥലങ്ങളില്‍ പ്രകാശിക്കുന്ന വിളക്കുകളെപ്പോലെയുള്ള അവരുടെ വാക്കുകള്‍ ഇല്ലാതിരുന്നെങ്കില്‍ പലസത്യങ്ങളും ഇരുണ്ടു ദുര്‍ഗ്രഹമാകുമായിരുന്നു എന്നു മനസ്സിലാകും. എന്നാല്‍ പ്രവാചക വചനങ്ങളിലെ അത്ഭുത സത്യങ്ങളെ നിങ്ങള്‍ ചിന്തിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിലെ ഇരുട്ടില്‍ പ്രകാശം വീഴുകയും ക്രിസ്തുവാകുന്ന പ്രഭാത നക്ഷത്രം ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യും. കാരണം പ്രവചന വാക്യങ്ങള്‍ ഒന്നും തന്നെ പ്രവാചകന്റെ ബുദ്ധിയില്‍ നിന്നുണ്ടായതല്ല. അവരില്‍ വസിക്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവര്‍ക്കു നല്‍കിയ ദൈവത്തിന്റെ സത്യമായ അരുളപ്പാടുകളത്രെ”(1:19-21 ലിവിങ്).


കള്ളപ്രവാചകന്മാരും ലൈംഗിക പാപവും ദ്രവ്യാഗ്രഹവും


”അക്കാലത്തു ജനങ്ങള്‍ക്കിടയില്‍ കള്ളപ്രവാചകന്മാര്‍ ഉണ്ടായിരുന്നതുപോലെ നിങ്ങളുടെ ഇടയിലും കളളപ്രവാചകന്മാര്‍ ഉണ്ടാകും” എന്നു പത്രൊസ് തുടര്‍ന്നു പറയുന്നു. ”അവര്‍ ദൈവത്തെക്കുറിച്ച്… തങ്ങളുടെ വ്യാജ ഉപദേശം സമര്‍ത്ഥമായി പഠിപ്പിക്കും… ലൈംഗിക പാപങ്ങള്‍ അത്ര കുഴപ്പമുള്ളതല്ല എന്ന അവരുടെ ഉപദേശത്തെ പലരും സ്വീകരിക്കും. അങ്ങനെ അവര്‍ നിമിത്തം ക്രിസ്തുവിന്റെ മാര്‍ഗ്ഗം ദുഷിക്കപ്പെടും, പരിഹാസ്യമായിത്തീരും. നിങ്ങള്‍ക്കു ധനലാഭമുണ്ടാക്കുവാന്‍ തക്ക ആലോചനകള്‍ തങ്ങളുടെ ദ്രവ്യാഗ്രഹം കാരണമായി അവര്‍ പറഞ്ഞുതരും” (2:1-3 ലിവിങ്).

ഒരു കള്ളപ്രവാചകനെ തിരിച്ചറിയുവാനുള്ള രണ്ടു കാര്യങ്ങള്‍ ഇവിടെ പറയുന്നതു ശ്രദ്ധിക്കുക: ലൈംഗിക പാപവും ധനസ്‌നേഹവും (2:2,3). ഒരു പ്രസംഗകന്റെ ഉപദേശങ്ങള്‍ നോക്കിയല്ല അയാള്‍ കള്ള പ്രവാചകനോ സത്യപ്രവാചകനോ എന്നു തിരിച്ചറിയുന്നത്. കാരണം ഉപദേശങ്ങള്‍ കൃത്യമായിട്ടുള്ള ധാരാളം പ്രസംഗകരുണ്ട്. ഒരു പ്രസംഗകന്‍ ഭഗവദ്ഗീതയോ ഖുറാനോ പ്രസംഗിച്ചുകൊണ്ട് യേശു ദൈവമല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികളാരും അതിനാല്‍ വഞ്ചിതരാവുകയില്ല. എന്നാല്‍ ഒരു പ്രസംഗകന്‍ ബൈബിളിലെ മൗലിക ഉപദേശങ്ങളെ കൃത്യമായി പഠിപ്പിച്ചുകൊണ്ട് വന്നാല്‍ അയാളെ ആരും കള്ളപ്രവാചകനെന്നു കരുതുകയില്ല.

എന്നാല്‍ പത്രൊസ് ഇവിടെ പറയുന്നത് ലൈംഗിക പാപത്തോടും ദ്രവ്യാഗ്രഹത്തോടുമുള്ള അയഞ്ഞ മനോഭാവമാണ് കള്ളപ്രവാചകന്മാരുടെ പ്രാഥമികമായ അടയാളം എന്നാണ്. അതുകൊണ്ടു ഞാന്‍ സഹോദരിമാര്‍ക്കു ബുദ്ധി ഉപദേശം നല്‍കുന്നു: നിങ്ങളെ മോഹത്തോടെ നോക്കുന്ന അശുദ്ധമായ കണ്ണുകളുള്ള ഏതൊരു ശുശ്രൂഷകനെയും സൂക്ഷിച്ചുകൊള്ളണം. നിങ്ങള്‍ നിങ്ങളുടെ ജീവനെ വിലമതിക്കുന്നുവെങ്കില്‍ അങ്ങനെയുള്ളവരില്‍ നിന്നും അകന്നു നില്‍ക്കുക. അയാള്‍ ഒരു കള്ളപ്രവാചകനാണ്. അതുപോലെ തങ്ങളുടെ വേലയ്ക്കു പണം നല്‍കുവാന്‍ നിങ്ങളോട് ആവശ്യപ്പെടുകയോ നിങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യുന്ന പ്രസംഗകനില്‍ നിന്ന് അകന്നുകൊള്ളുക. സുവിശേഷപ്രസംഗം കൊണ്ടോ പ്രചാരണം കൊണ്ടോ ധനികനായ ഒരു പ്രസംഗകനില്‍ നിന്നും അകന്നു കൊള്ളുവാന്‍ ഞാന്‍ സഹോദരീ സഹോദരന്മാരെ ഉപദേശിക്കുന്നു. ലൈംഗിക അശുദ്ധിയും ദ്രവ്യാഗ്രഹവുമാണ് കള്ളപ്രവാചകന്മാരുടെ പ്രാഥമിക സ്വഭാവം. ശുശ്രൂഷകന്മാരില്‍ ഈ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കള്ളപ്രവാചകന്മാരെ ഒഴിവാക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. തുടര്‍ന്നു പത്രൊസ് പറയുന്നു:

  1. നോഹയുടെ കാലത്ത് പാപം ചെയ്ത ദൂതന്മാരെ ദൈവം ശിക്ഷിച്ചതുപോലെ.
  2. നോഹയുടെ കാലത്ത് അഭക്തിയുടെ ലോകത്തെ ദൈവം ശിക്ഷിച്ചതു പോലെ.
  3. സോദോം ഗോമോറയെ ദൈവം ശിക്ഷിച്ചതുപോല.
  4. കള്ളപ്രവാചകനായ ബിലെയാമിനെ ദൈവം ശിക്ഷിച്ചതുപോലെ.
    എല്ലാ കള്ളപ്രവാചകന്മാരെയും ദൈവം കഠിനമായി ശിക്ഷിക്കും (2:4:16).



നോഹയെ ഇവിടെ നീതിപ്രസംഗി എന്നു വിശേഷിപ്പിക്കുന്നു (2:5). നോഹയുടെ നാളുകളെപ്പോലെ ആയിരിക്കുന്ന ഈ അവസാന നാളുകളില്‍ അത്തരം പ്രസംഗകരെയാണ് ദൈവത്തിന് ആവശ്യം. 2:14-ല്‍ പത്രൊസ് വീണ്ടും വ്യഭിചാരത്തെയും അത്യാഗ്രഹത്തെയും കള്ളപ്രവാചകന്മാരുടെ പ്രാഥമിക അടയാളങ്ങളായി എടുത്തു പറയുന്നു. പ്രവാചകനായ ബിലെയാമിന്റെ കാര്യത്തില്‍ അയാളുടെ കഴുതയ്ക്ക് അയാളെക്കാളധികം ദൈവത്തെ അറിയാമായിരുന്നു. ഇന്നത്തെ കള്ളപ്രവാചകന്മാരുടെ കാര്യവും അങ്ങനെ തന്നെ. അവര്‍ മൃഗങ്ങളെക്കാള്‍ മോശമായ നിലവാരമുള്ളവര്‍ തന്നെ.

ഈ കള്ളപ്രവാചകന്മാര്‍ ഒരിക്കല്‍ നീതിയുടെ വഴി അറിഞ്ഞവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും പിന്മാറിയിരിക്കുന്നു (2:21). അവര്‍ ചെളിയിലേക്കു തിരിഞ്ഞ പന്നിയെപ്പോലെയും ഛര്‍ദ്ദിച്ചതിലേക്കു തിരിഞ്ഞ നായയെപ്പോലെയും ആയിരിക്കുന്നു (2:22). ലോകത്തില്‍ ഇന്നു ധാരാളം ദുരുപദേഷ്ടാക്കളും കള്ളപ്രവാചകന്മാരും ഉണ്ട്. അവരുടെയൊക്കെ ആരംഭം നേരുള്ളവരായും കുളിച്ച പന്നിയെപ്പോലെയും ആയിരുന്നു. എന്നാല്‍ അവര്‍ ഒരിക്കലും ദൈവസ്വഭാവത്തില്‍ കൂട്ടാളികളായിത്തീര്‍ന്നില്ല. രൂപാന്തരം നടക്കാന്‍ ഇട വന്നില്ല. അവര്‍ രൂപാന്തരം സംഭവിക്കാതെ നായ്ക്കളായിത്തന്നെ തുടര്‍ന്നു. മറ്റൊരു തരത്തില്‍പറഞ്ഞാല്‍ അവരുടെ ശുദ്ധി പുറമെയുള്ളതായിരുന്നു. അവര്‍ ഒരിക്കലും നിത്യേന കുടിക്കേണ്ട പാല്‍ കുടിക്കുവാന്‍ ദൈവത്തിന്റെ അടുക്കല്‍ ചെന്നില്ല. അതുകൊണ്ടു നാളുകള്‍ പോകവെ തങ്ങള്‍ വിട്ടുകളഞ്ഞ ചെളിയിലേക്കും ഛര്‍ദ്ദിച്ചു കളഞ്ഞ ഛര്‍ദ്ദിയിലേക്കും മടങ്ങിപ്പോയി.

കര്‍ത്താവിന്റെ മടങ്ങി വരവിന്റെ വാഗ്ദാനം


”അവന്റെ മടങ്ങി വരവിന്റെ വാഗ്ദത്തം എവിടെ” എന്നു ചോദിക്കുന്ന പരിഹാസികള്‍ അന്ത്യകാലത്തുണ്ടാകും എന്നു പത്രൊസ് പറയുന്നു (3:4). രണ്ടായിരം വര്‍ഷങ്ങള്‍ ക്രിസ്തുവിന്റെ മടങ്ങിവരവിനെ പ്രസംഗിച്ചു നടന്ന ക്രിസ്ത്യാനികളെ അവര്‍ കളിയാക്കും. നോഹയുടെ നാളുകളിലും അവര്‍ അങ്ങനെ ചെയ്തിരുന്നു. അവര്‍ നോഹയോടു ചോദിച്ചു. ”ഞങ്ങളെ മുഴുവന്‍ മുക്കിക്കൊല്ലുമെന്നു നൂറ്റിരുപതു വര്‍ഷങ്ങളായി നീ പ്രസംഗിച്ചു കൊണ്ടിരിക്കുന്ന മഴയെവിടെ?” പക്ഷേ മഴ വന്നു, അപ്രതീക്ഷിതമായി. ക്രിസ്തുവിന്റെ വരവും അപ്രകാരം തന്നെ പെട്ടെന്നായിരിക്കും.

”എന്നാല്‍ അവിടുത്തെ വരവിനെ വിശ്വസിക്കുന്ന നാം എങ്ങനെ ജീവിക്കണം?” പത്രൊസ് ചോദിക്കുന്നു (3:11,12). ഈ ഭൂമി മുഴുവനും പെട്ടെന്നു തന്നെ കത്തിയഴിയും എന്നു നാം അറിയുന്നു. അതുകൊണ്ടു നാം എങ്ങനെ ജീവിക്കണം? നാം ഭക്തിയോടെ വിശുദ്ധിയില്‍ ജീവിക്കണം. അല്ലെങ്കില്‍ നമ്മെ പരിഹസിക്കുന്നവരും നാമും തമ്മില്‍ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. അവന്‍ നമ്മെ കറയും കളങ്കവുമില്ലാത്തവരായി സമാധാനത്തില്‍ കാണേണ്ടതിന് നമുക്ക് ഉത്സാഹിക്കാം (3:14).

കര്‍ത്താവ് തന്റെ വാഗ്ദാനങ്ങള്‍ നിവര്‍ത്തിക്കുവാന്‍ താമസിക്കുന്നില്ല. എല്ലാവരും മാനസാന്തരപ്പെടണമെന്നാഗ്രഹിച്ചു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളു (3:9). ഈ വാക്യം, ദൈവം ചിലരെ മാത്രം തന്റെ മക്കളാക്കുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന വാദത്തിനു വിരുദ്ധമായുള്ളതാണ്. ദൈവം ഇച്ഛിക്കുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും മാനസാന്തരത്തിലേക്കു കൊണ്ടു വരാവുന്നതേയുള്ളു. എന്നാല്‍ അതു കുറെ യാന്ത്രിക മനുഷ്യരെ മാത്രമേ ഉണ്ടാക്കുകയുള്ളു. ദൈവം മനുഷ്യരെ സ്വതന്ത്ര മനസ്സുള്ളവരായി സൃഷ്ടിച്ചു. ആ സ്വാതന്ത്ര്യത്തിന്മേല്‍ ദൈവം ഒരിക്കലും കൈകടത്തുന്നില്ല. തന്നെ സ്വീകരിക്കുന്നത്, തിരഞ്ഞെടുക്കുവാന്‍ വേണ്ടി ബലം പ്രയോഗിക്കുന്നില്ല. എല്ലാവരും സ്വമേധയാ തന്നെ തിരഞ്ഞെടുക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. സന്തോഷത്തോടെ കൊടുക്കുന്നവരെ ദൈവം സ്‌നേഹിക്കുന്നു. അതുകൊണ്ടു എല്ലാവരും മാനസാന്തരപ്പെടുവാന്‍ വേണ്ടി അവിടുന്നു കാത്തിരിക്കുന്നു.

തുടര്‍ന്നു പൗലൊസിന്റെ ലേഖനങ്ങളെ സംബന്ധിച്ച ഒരു കാര്യം പത്രൊസ് പരാമര്‍ശിക്കുന്നു. ”പൗലൊസിന്റെ ലേഖനങ്ങളില്‍ ഗ്രഹിപ്പാന്‍ പ്രായാസമുള്ള ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവര്‍ ശേഷം തിരുവെഴുത്തുകളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു”(3:15,16).

കൃപയെക്കുറിച്ചു തെറ്റായി ആളുകള്‍ ഗ്രഹിച്ചിരിക്കുന്നു. അതു തിരുത്തുവാന്‍ പത്രൊസ് ആദ്യലേഖനത്തില്‍ ശ്രമിച്ചിട്ടുണ്ട്. ആ വ്യാജകൃപയെക്കുറിച്ചാണ് ഇവിടെ പരാമര്‍ശം. ഇന്നും ധാരാളം പ്രസംഗകര്‍ ഇതിനെക്കുറിച്ചു വ്യാപകമായി പ്രസംഗിക്കുന്നു. ഭയം കൂടാതെ പാപം ചെയ്യുന്നതിനുള്ള ഒരു അനുവാദം നല്‍കുന്നതാണ് വ്യാജകൃപ. അവര്‍ അതിനെ പ്രസംഗിക്കുന്നത് ഇപ്രകാരമാണ്: ”നിങ്ങളുടെ രക്ഷ ഒരിക്കലും നഷ്ടപ്പെടുകയില്ല. നിങ്ങള്‍ എങ്ങനെയുള്ള പാപത്തില്‍ ജീവിച്ചാലും ശരി നിങ്ങള്‍ ഒരിക്കല്‍ രക്ഷിക്കപ്പെട്ടാല്‍ ജീവിതാവസാനം വരെയും നിങ്ങളുടെ രക്ഷ ഭദ്രമാണ്.” മുകളില്‍ പറഞ്ഞ വാക്കുകള്‍ തന്നെ ആയിരിക്കില്ല അവര്‍ ഉപയോഗിക്കുന്നത്. പക്ഷേ പ്രസംഗം കേള്‍ക്കുന്നവര്‍ക്കു ലഭിക്കുന്ന സന്ദേശം മുകളില്‍ പറഞ്ഞതായിരിക്കും. ഈ വ്യാജകൃപയുടെ സന്ദേശം കേള്‍ക്കുന്നവരാണ് കേള്‍ക്കാത്തവരെക്കാള്‍, വിശ്വസിക്കാത്തവരെക്കാള്‍ നരകത്തിലേക്കു പോകുന്നത്. അതുകൊണ്ട് ”അധര്‍മ്മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്തം സ്ഥിരത വിട്ടു വീണു പോകാതിരിക്കുവാന്‍” നാം വ്യക്തിപരമായി സൂക്ഷിച്ചുകൊള്ളണമെന്നു പത്രൊസ് നമ്മെ പ്രബോധിപ്പിക്കുന്നു (3:17). അതുകൊണ്ട് ”നാം സത്യകൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരണം” എന്ന് അദ്ദേഹം നമ്മെ പ്രബോധിപ്പിക്കുന്നു.

പത്രൊസിന്റെ ഈ രണ്ടു ലേഖനങ്ങള്‍ക്കായി നാം കര്‍ത്താവിനെ സ്തുതിക്കുന്നു. അതുപോലെ പരിശുദ്ധാത്മ ശ്വാസിയമായ ഈ വചനങ്ങളുടെ വെളിച്ചത്തില്‍ ജീവിക്കുവാനാവശ്യമായ കൃപ ലഭിക്കണമേ എന്നു പ്രാര്‍ത്ഥിക്കയും ചെയ്യുന്നു.

What’s New?