ബൈബിളിലൂടെ : ആമോസ്

അപകടങ്ങളും ഉത്തരവാദിത്തവും കൊണ്ടുവരുന്ന അവകാശങ്ങള്‍


വടക്കന്‍ രാജ്യമായ യിസ്രായേലിനോടുള്ള ബന്ധത്തിലുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യപ്രവചന പുസ്തകമാണ് ആമോസ്. അത്ഭുതങ്ങള്‍ ചെയ്ത ഏലിയാവ്, എലീശ എന്നീ രണ്ടു പ്രശസ്ത പ്രവാചകന്മാര്‍ക്കു ശേഷം യിസ്രായേലില്‍ എഴുന്നേറ്റ പ്രവാചകനായിരുന്നു ആമോസ്. ഏലിയാവോ, എലീശായോ എഴുതപ്പെട്ട പ്രവചനങ്ങളൊന്നും പിന്നില്‍ അവശേഷിപ്പിച്ചിട്ടല്ല പോയത്. ഈ കൂട്ടത്തില്‍ ആമോസാണ് തന്റെ പ്രവചനങ്ങള്‍ രേഖപ്പെടുത്തി വച്ച ആദ്യ ആള്‍.

ഏലീശയ്ക്കു ശേഷം 40 വര്‍ഷം കഴിഞ്ഞാണ് ആമോസ് പ്രവചന ശുശ്രൂഷ ആരംഭിച്ചത്. എലീശയുടെ ദാസന്‍ ഗേഹസി, നയമാന്റെ പണത്തിനു പിന്നാലെ പോകാതിരുന്നെങ്കില്‍ അവന്‍ എലീശയുടെ അഭിഷേകത്തിന്റെ ഇരട്ടി പങ്കു നേടി യിസ്രായേലിലെ അടുത്ത പ്രവാചകനാകുമായിരുന്നു. അങ്ങനെയെങ്കില്‍ ആമോസിനു പകരം ഗേഹസിയാകുമായിരുന്നു ഈ പ്രവചനം എഴുതുന്നത്. എന്നാല്‍ ആ അവകാശം ഗേഹസി നഷ്ടമാക്കി. നമ്മുടെ കിരീടം ആരും എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു കര്‍ത്താവു നമുക്കു മുന്നറിയിപ്പു നല്‍കുന്നു (വെളിപ്പാട് 3:11). ദൈവം നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ശുശ്രൂഷയില്‍ വിശ്വസ്തനായിരുന്നാല്‍ നിങ്ങള്‍ക്കായി ദൈവം ഒരു കിരീടം സൂക്ഷിക്കും. എന്നാല്‍ സ്വയം അവിശ്വസ്തനായി നിങ്ങള്‍ക്ക് ആ കിരീടം നഷ്ടപ്പെടുത്താനും കഴിയും. അപ്പോള്‍ നിങ്ങള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള ശുശ്രൂഷ മറ്റൊരാള്‍ നിര്‍വഹിക്കും. അയാള്‍ക്ക് ആ കിരീടം ലഭിക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ ഒരുപക്ഷേ ആമോസിനു ലഭിച്ചതു ഗേഹസിയുടെ കിരീടമായിരിക്കും!

പ്രവാചകനാകണമെന്ന് ആമോസിന് ഒരാഗ്രഹവും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു വെറും ആട്ടിടയനായിരുന്നു- ആദിമ അപ്പൊസ്തലന്മാര്‍ മിക്കവരും മുക്കുവരായിരുന്നതുപോലെ. എലീശ ഒരു കര്‍ഷകനായിരുന്നു. അമോസാകട്ടെ കന്നുകാലിക ളെയും ആടുകളെയും ഒക്കെ നോക്കിയിരുന്ന ഒരാളും. തന്റെ യോഗ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് ആമോസിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഞാന്‍ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല. ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാന്‍ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ യഹോവ എന്നെ പിടിച്ചു. നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു” (ആമോസ് 7:14,15).

പ്രവചന സന്ദേശം എഴുതാന്‍ ആദ്യ വ്യക്തിയായി ആമോസിനെ എന്തു കൊണ്ടാണു ദൈവം തിരഞ്ഞെടുത്തത്? ദൈവം അവനെ ശ്രദ്ധിച്ചിരിക്കാം (നമ്മെ എല്ലാം ശ്രദ്ധിക്കുന്നപോലെ). ആമോസ് ദൈവത്തെ ഭയപ്പെടുന്നുണ്ടോ തന്റെ ജോലിയില്‍ വിശ്വസ്തനാണോ എന്ന് അവിടുന്നു നോക്കി. ആമോസ് ഒരു പണ്ഡിതനോ പുരോഹിതനോ ആയിരുന്നില്ല. എന്നാല്‍ അവന്‍ തന്റെ പ്രവര്‍ത്തനത്തില്‍ വളരെ വിശ്വസ്തനായിരുന്നു. അവന്‍ ദൈവഭയമുള്ളവനും ദരിദ്രരോടു ദയയുള്ളവനും നല്ല നിലയില്‍ ജീവിക്കുന്നവനുമായിരുന്നു. ഒരു ദിവസം ദൈവം അവനെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ”നീ എന്റെ ദാസനായിരിക്കും.”

നാം നമ്മുടെ നിത്യജീവിതത്തില്‍ വിശ്വസ്തരാണോ എന്നു ദൈവം നമ്മെ ദിനന്തോറും ശ്രദ്ധിക്കുന്നു- നാം എപ്പോഴും താഴ്മയുടെ വഴി തിരഞ്ഞെടുക്കുന്നുണ്ടോ, നാം തന്നെ കാത്തിരിക്കാനും തന്നില്‍ നിന്നു കേള്‍ക്കാനും വചനം പഠിക്കാനും സമയം എടുക്കുന്നുണ്ടോ എന്നിങ്ങനെ. ഒരുപക്ഷേ ആമോസ് 25 വര്‍ഷം വിശ്വസ്തനായിരുന്നിരിക്കാം, എനിക്കറിയില്ല. യേശു 30 വര്‍ഷം നസറേത്തില്‍ വിശ്വസ്തനായിരുന്ന ശേഷമാണു തന്നെ പരസ്യശുശ്രൂഷയ്ക്കായി വിളിച്ചതെന്ന് എനിക്കറിയാം. കൊച്ചുകാര്യങ്ങളില്‍ പല വര്‍ഷങ്ങള്‍ വിശ്വസ്തനായിരുന്ന ശേഷം ദൈവം നിങ്ങളെ മറന്നുപോയോ എന്നു നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. അവിടുന്നു മറന്നിട്ടില്ല. ഒരു ദിവസം പൊടുന്നനെ അവിടുന്നു നിന്നോടു പറയും: ”ഇന്നു മുതല്‍ നീ എന്റെ ദാസന്‍” തങ്ങളുടെ സാധാരണ ജോലികളില്‍ വിശ്വസ്തരായവരെയാണു ദൈവം വിളിക്കുന്നത്. അവിടുന്നു പഴയനിയമത്തില്‍ അങ്ങനെയാണു ചെയ്തത്. യേശുവും തങ്ങളുടെ ദൈനംദിന ജോലിയില്‍ വിശ്വസ്തരായവരെയാണ് അപ്പൊസ്തലന്മാരായി വിളിച്ചത്.

ആമോസിന്റെ പുസ്തകത്തില്‍ ഒരിടത്തും രണ്ടു പ്രയോഗങ്ങള്‍ കാണുന്നില്ല.- ‘യിസ്രായേലിന്റെ ദൈവം’ എന്നതും ‘യിസ്രായേലിന്റെ പരിശുദ്ധന്‍’ എന്നതും. ദൈവത്തെ യിസ്രായേലിന്റെ മാത്രം ദൈവമായി കാണാതെ സകല ജനതകളുടെയും ദൈവമായി ആമോസ് കണ്ടതുകൊണ്ടാണ് ഈ പ്രയോഗങ്ങള്‍ തന്റെ പുസ്തകത്തില്‍ വരാഞ്ഞത്. ആമോസ് ദൈവവചനം ഇങ്ങനെ ഉദ്ധരിക്കുന്നു: ‘കൂശ്യരെക്കാള്‍ (എത്യോപ്യ) നിങ്ങള്‍ എനിക്കു പ്രധാനപ്പെട്ടവരാണെന്ന് യിസ്രായേല്യരേ നിങ്ങള്‍ കരുതുന്നുവോ? ഞാന്‍ നിങ്ങളെ മിസ്രയേമില്‍ നിന്നു കൊണ്ടുവന്നു എന്നതു ശരിയാണ്. പക്ഷേ അത്രയുമൊക്കെ ഞാന്‍ മറ്റു ജനതകള്‍ക്കു വേണ്ടിയും ചെയ്തിട്ടില്ലേ? ഞാന്‍ ഫെലിസ്ത്യരെ കഫ്‌തോരില്‍ (ക്രീറ്റ്) നിന്നും അരാമ്യരെ (സിറിയക്കാര്‍) കീറില്‍ നിന്നും കൊണ്ടു വന്നില്ലയോ? ഞാന്‍ നിങ്ങളെ ഈജിപ്തില്‍ നിന്നും പുറത്തു കൊണ്ടുവന്നു. നിങ്ങളും അവരും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?” (9:7).

എല്ലാ ദേശത്തുമുള്ള എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പുതിയ ഉടമ്പടിയുടെ കാഴ്ചപ്പാടുള്ള പ്രവാചകനായിരുന്നു ആമോസ്. യെഹൂദന്മാരോടൊപ്പം ജാതികളെയും ചേര്‍ത്ത് അവരെയെല്ലാം ഒന്നിച്ച് ദൈവം ഒരു ശരീരമാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. യിസ്രായേലിന്റെ ഇടുങ്ങിയ മനസ്ഥിതിക്ക് ഉപരിയായിരുന്നു ആമോസിന്റെ മനോഭാവം. ലോകത്തിലെ എല്ലാ ജനതയോടും അവന്റെ ഹൃദയം വിശാലമായിരുന്നു. ”ഞങ്ങള്‍ മാത്രമാണു ദൈവത്താല്‍ അംഗീകരിക്കപ്പെട്ടവര്‍” എന്നു ചിന്തിച്ച് മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞുനിന്ന യിസ്രായേല്യരെപ്പോലെ ആയിരുന്നില്ല അവന്‍. ഭൂമിയിലെ തന്റെ ജനമായി ദൈവം തങ്ങളെ മാത്രമാണു തിരഞ്ഞെടുത്തതെന്നു സങ്കല്പിക്കുന്ന പല ക്രിസ്തീയ ഗ്രൂപ്പുകള്‍ ഇന്നുണ്ട്! അതു വാസ്തവത്തില്‍ ഒരു ദുരുപദേശ സംഘത്തെ തിരിച്ചറിയാനുള്ള അടയാളമാണ്. അത്തരത്തിലുള്ളവര്‍ അന്നു യിസ്രായേലിലും ഉണ്ടായിരുന്നു. പക്ഷേ ആമോസ് അങ്ങനെയായിരുന്നില്ല. അവന്‍ വിശാല ഹൃദയനായിരുന്നു.

ഒരു യഥാര്‍ത്ഥ ദൈവഭൃത്യന് എല്ലാ ഗ്രൂപ്പിലും സംഘടനകളിലുമുള്ള ദൈവ ജനത്തെ അംഗീകരിക്കാനുള്ള ഹൃദയവിശാലത ഉണ്ടായിരിക്കും. ഏതെങ്കിലും ഒരു സംഘടനയില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു വ്യവസ്ഥിതിയല്ല ബാബിലോണ്‍. അതു നിങ്ങളുടെ ഹൃദയത്തിനുള്ളില്‍ തന്നെ കണ്ടെത്താവുന്ന ഒരു ലോക വ്യവസ്ഥിതിയാണ്. ആളുകള്‍ക്ക് ലോകത്തിലെ ഏറ്റവും നല്ല സഭയില്‍ ഇരുന്നുകൊണ്ടു തന്നെ ബാബിലോണിന്റെ ഭാഗമായിരിക്കാന്‍ കഴിയും- കാരണം ബാബിലോണ്‍ അവരുടെ ആത്മാവിലാണ്. തങ്ങള്‍ ഒരു വ്യവസ്ഥാപിത സഭാ സംഘടനയില്‍ നിന്നു വേര്‍പെട്ടതുകൊണ്ട് ബാബിലോണില്‍ നിന്നു സ്വതന്ത്രരായി എന്ന് ആളുകള്‍ക്കു സങ്കല്പിക്കാന്‍ കഴിയും. എന്നാല്‍ അതു സത്യമല്ല.

ഉദാഹരണത്തിനു നിങ്ങള്‍ പണത്തെ സ്‌നേഹിക്കുന്നവനാണെങ്കില്‍ ലോകത്തിലെ ഏതു സഭയിലായിരുന്നാലും നിങ്ങള്‍ ബാബിലോണിന്റെ ഭാഗമായിരിക്കും. നിങ്ങള്‍ ജഡാഭിലാഷം അനുസരിച്ചു ജീവിക്കുന്നവനാണെങ്കില്‍ നിങ്ങള്‍ ലോകത്തിലെ ഏതു സഭയിലാണെങ്കിലും നിങ്ങള്‍ വ്യഭിചാരിയായിരിക്കും. നിങ്ങള്‍ക്ക് അപ്പോഴും നിങ്ങളുടെ നല്ല ഉപദേശങ്ങളില്‍ പുകഴുവാന്‍ കഴിയും: ”ഞങ്ങള്‍ മറിയത്തെ ആരാധിക്കുന്നില്ല; ശിശുസ്‌നാനം ആചരിക്കുന്നില്ല.” കൊള്ളാം. എന്നാല്‍ നിങ്ങള്‍ പണത്തെ ആരാധിക്കുകയും ദുര്‍മ്മോഹങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരെക്കാള്‍ അധപ്പതിച്ചവനാണ്. അവരുടേത് തല സംബന്ധിച്ച (ഉപദേശപരമായി) പ്രശ്‌നമാണ്. നിങ്ങളുടേതാകട്ടെ ഹൃദയസംബന്ധമായ (ജീവിതപരമായ) പ്രശ്‌നമാണ്. രണ്ടാമത്തേതാണ് കൂടുതല്‍ ഗൗരവതരം.

ഇന്നു ക്രിസ്തീയലോകത്തു ധാരാളം വിഭാഗീയതയുണ്ട്. അതിന്റെ ഭാഗമായി തങ്ങളുടെ ചെറിയ സംഘത്തെ മാത്രമാണു ദൈവം കരുതുന്നതെന്നു പലരും സങ്കല്പിക്കാറുണ്ട്! എന്നാല്‍ ക്രിസ്തുവിന്റെ ശരീരം ഏതെങ്കിലും ഒരു സംഘടനയെക്കാള്‍ വളരെയേറെ വിശാലമാണ്. ഇന്ന് ഏതെങ്കിലും ഒരു സഭാവിഭാഗത്തില്‍ മാത്രമായി ദൈവത്തിന്റെ ജനത്തെ കണ്ടെത്തുവാന്‍ കഴിയുകയില്ല. എല്ലാ സഭാവിഭാഗങ്ങളിലും ദൈവത്തിനു തന്റെ ജനമുണ്ട്. വ്യത്യസ്ത ഉപദേശങ്ങളുള്ള പല സഭകളിലും വീണ്ടും ജനിച്ച ദൈവമക്കളുണ്ട്. പല സഭകളുടേയും ഉപദേശങ്ങളുമായി എനിക്കു യോജിപ്പില്ല. എന്നാല്‍ ദൈവത്തിന് അവിടെയെല്ലാം തന്റെ മക്കളുണ്ടെന്ന വസ്തുതയെ എനിക്കു നിഷേധിക്കാനാവില്ല. അതുപോലെ തന്നെ സുവിശേഷ വിഹിത സഭകളുടെ രജിസ്റ്റേര്‍ഡ് അംഗങ്ങളായി മാനസാന്തരപ്പെടാത്ത ആളുകളുണ്ടാകാം. ‘വേര്‍പെട്ട സഭകളില്‍’ അവര്‍ കര്‍തൃമേശ ആചരിക്കുന്നുമുണ്ടാവാം- പ്രത്യേകിച്ചും ആ സഭകളിലെ രണ്ടും മൂന്നും തലമുറകളില്‍ പെട്ടവരില്‍ ചിലര്‍.

ഇന്നത്തെ കാലത്ത് ‘ആമോസിന്റെ ദര്‍ശനം’ നമുക്ക് ഇങ്ങനെ കാണാം. ദൈവം എല്ലാ ദേശങ്ങളിലുമുള്ള എല്ലാ വിഭാഗങ്ങളേയും ശിക്ഷിക്കുന്നു. അതുപോലെ എല്ലാ ദേശങ്ങളിലുമുള്ള എല്ലാ വിഭാഗങ്ങളില്‍ നിന്നും അവിടുന്നു തന്റെ ജനത്തെ ശേഖരിക്കുന്നു.

ആമോസിന്റെ മിക്കവാറുമുള്ള ഉദാഹരണങ്ങളെല്ലാം തന്റെ ആട്ടിടയ ജീവിതത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. സംസാരിക്കാനുള്ള സന്ദേശം ദൈവമാണ് ആമോസിനു നല്‍കിയതെങ്കിലും ആ സന്ദേശം ഫലപ്രദമായി മറ്റുള്ളവര്‍ക്കു കൈമാറാന്‍ ആമോസിന്റെ ബുദ്ധിയെയും വ്യക്തിത്വത്തെയും ദൈവം ഉപയോഗിച്ചു. ധാന്യക്കറ്റ നിറയെ കയറ്റിയ കാളവണ്ടി, സിംഹത്തിന്റെ വായില്‍ നിന്ന് ആട്ടിന്‍ കുട്ടിയെ വലിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആട്ടിടയന്‍, വയല്‍ ഉഴുന്നത്, പച്ചപ്പുഴു, വെട്ടുക്കിളി എന്നിവയെക്കുറിച്ചെല്ലാം ആമോസ് പറയുന്നു. രാത്രികളില്‍ വെളിമ്പ്രദേശങ്ങളില്‍ കഴിഞ്ഞിരുന്ന ആട്ടിടയന്‍ എന്ന നിലയില്‍ വ്യത്യസ്ത നക്ഷത്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ദൈവത്തിന്റെ വ്യത്യസ്ത സൃഷ്ടികളെ ശ്രദ്ധിച്ചു നിരീക്ഷിക്കുന്ന ഒരുവനായിരുന്നു ആമോസ്.

വലിയ ആഡംബരത്തില്‍ ജീവിക്കുകയും ദരിദ്രരെ അവഗണിക്കുകയും ചെയ്തിരുന്ന യിസ്രായേലിലെ ധനികര്‍ക്കും അവരുടെ ഭാര്യമാര്‍ക്കുമെതിരെ ന്യായവിധി പ്രഘോഷിക്കുന്ന ഒരു സന്ദേശമാണു ദൈവം ആമോസിനു നല്‍കിയത്. അതു കൊണ്ടു തന്നെ ആമോസ് തീര്‍ച്ചയായും ജനപ്രീതിയുള്ള ഒരു പ്രവാചകനായിരുന്നില്ല!

യോവാശിന്റെ മകന്‍ യൊരോബെയാം യിസ്രായേല്‍ രാജാവായിരുന്ന (ബിസി 790 മുതല്‍ ബിസി 750 വരെ) കാലത്താണ് ആമോസ് ജീവിച്ചിരുന്നത്. ”യൊരോ ബെയാം 41 വര്‍ഷം വാണു. അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു” (2 രാജാ. 14:23,24). യിസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇതു താരതമ്യേന സമാധാനപൂര്‍ണ്ണമായ ഒരു സമയമായിരുന്നു. യുദ്ധച്ചെലവുകള്‍ ഇല്ലാതിരുന്നതു കൊണ്ട് യിസ്രായേല്യര്‍ അവരുടെ ബിസിനസ്സുകള്‍ വികസിപ്പിച്ച് വളരെ വളരെ ധനികരായി. ആമോസ് തന്നെ അവരുടെ ധനികരായ ആളുകളുടെ ഹേമന്ത ഗൃഹം, ഗ്രീഷ്മ ഗൃഹം എന്നിവയെക്കുറിച്ചു പറയുന്നുണ്ടല്ലോ (3:15). ധനികര്‍ക്കു പര്‍വതത്തില്‍ വീടുണ്ട് (വേനല്ക്കാല വസതി). സമതലത്തില്‍ വേറെ വീടുണ്ട് (തണുപ്പു കാലത്തു താമസിക്കാന്‍). യിസ്രായേലിന്റെ നേതാക്കള്‍ വലിയ ആഡംബരത്തിലാണു ജീവിച്ചിരുന്നത്. ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളില്‍ ചാരിയിരുന്ന് അലസമായി സംഗീതം കേള്‍ക്കുകയും മദ്യപിക്കുകയും മുദൃവായ മാംസം ഭക്ഷിക്കുകയും അധാര്‍മ്മികതയില്‍ മുഴുകുകയും ചെയ്തവര്‍ (6:4; 4:1; 2:7). ഇതിലെല്ലാം ഉപരിയായി അവര്‍ വലിയ വാടക വാങ്ങി പാവങ്ങളെ ചൂഷണം ചെയ്യുകയും കോടതികളിലെ ന്യായാധിപന്മാര്‍ക്കു കൈക്കൂലി നല്‍കി ന്യായം മറിച്ചു കളയുകയും ചെയ്യുന്നതു പതിവാക്കി (5:10,12). ദരിദ്രരെ അടിമകളായി വിറ്റു (2:6). വലിയ ബിസിനസ്സുകാര്‍ ഓരോ ആഴ്ചയും ശബ്ബത്തു ദിവസം തീരുന്ന ഉടനെ പുറത്തുപോയി വ്യാപാരം ചെയ്യാന്‍ അതീവ താല്‍പര്യം കാട്ടി (8:5). അവരുടെ ചിന്ത മുഴുവന്‍ പണത്തെക്കുറിച്ചായിരുന്നു. അവരുടെ ഭാര്യമാരാകട്ടെ മദ്യപരായി (4:1). രാജ്യത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അവര്‍ക്കു ചിന്തയില്ലായിരുന്നു (6:6). ധനികരല്ലാത്തവരും സ്വാധീനമില്ലാത്തവരും ആ വ്യവസ്ഥിതിക്കുള്ളില്‍ നഷ്ടപ്പെട്ടു. ഇന്നു കമ്യൂണിസം തഴച്ചു വളരാന്‍ സഹായകമാകുന്ന അന്തരീക്ഷത്തിനു സമാനമായിരുന്നു അന്നത്തെ അവസ്ഥ. ധനികര്‍ ദരിദ്രരെ വ്യാപകമായി എവിടെയെല്ലാം ചൂഷണം ചെയ്യുന്നുവോ അവിടെയെല്ലാമാണല്ലോ കമ്യൂണിസം തഴച്ചു വളരുക.

ഇവിടത്തെ അത്ഭുതകരമായ വസ്തുത, ജനങ്ങള്‍ ഇത്രത്തോളം സ്വന്തം കാര്യങ്ങളില്‍ മുഴുകി ജീവിച്ചിട്ടും അവര്‍ക്കു ധാരാളം മതം ഉണ്ടായിരുന്നു എന്നതാണ്. അവര്‍ യാഗം കഴിക്കുകയും നന്ദിയുടെ വഴിപാടുകള്‍ അര്‍പ്പിക്കുകയും മൂന്നു ദിവസം കൂടുമ്പോള്‍ കൃത്യമായി ദശാംശം കൊണ്ടുവരികയും ചെയ്തു. അവര്‍ക്ക് അവരുടെ യോഗങ്ങളും പ്രത്യേക കൂടിവരവുകളും മതപരമായ ഉത്സവങ്ങളും സ്‌തോത്ര ഗീതങ്ങളും ഉണ്ടായിരുന്നു. അവര്‍ക്ക് സ്തുതിയുടേയും ആരാധനയുടേയും അത്ഭുതകരമായ അവസരങ്ങളാണുണ്ടായിരുന്നത്. പക്ഷേ അര്‍ത്ഥശൂന്യമായ ഒച്ചപ്പാടായി കണക്കാക്കി ദൈവം ഇവയെല്ലാം തള്ളിക്കളഞ്ഞു (5:21-23).

ഇന്നു ക്രിസ്തീയ ലോകത്തു നാം കാണുന്നതിനു സമാനമാണ് ഇതെല്ലാം. പാവപ്പെട്ട വിശ്വാസികളില്‍ നിന്നു ശേഖരിക്കുന്ന പണം കൊണ്ട് ഇന്നു ധനികരായ പല പ്രസംഗകരും ഗംഭീര വീടുകള്‍ നിര്‍മ്മിച്ച് അതില്‍ പാര്‍ക്കുന്നു. ധനികരായ ആളുകള്‍ക്ക് അവരുടെ സ്വത്തിന്റെ അടിസ്ഥാനത്തില്‍ സഭകളില്‍ ബഹുമാന്യ സ്ഥാനങ്ങള്‍ ലഭിക്കും. ഇത്തരം ധനികരായ പ്രസംഗകരും സമ്പന്നരായ ആളുകളും സത്യം കേള്‍ക്കാന്‍ താത്പര്യം ഉള്ളവരല്ല. അതുകൊണ്ട് ആമോസിനും വളരെ പ്രയാസമുള്ള ശുശ്രൂഷയാണുണ്ടായിരുന്നത്.

അന്ന് യിസ്രായേല്യര്‍ക്കും പ്രസംഗം തൊഴിലാക്കിയവര്‍ ഉണ്ടായിരുന്നു. അത്തരം ഒരുവനായ അമസ്യാവ് ആമോസിനെ നേരിട്ടു (7:10-16). അമസ്യാവ് ഒരു പുരോഹിതനായിരുന്നു. ദേവാലയത്തിലെ ധനികരായ അധികാരികള്‍, അദ്ദേഹം നല്ല പ്രസംഗങ്ങള്‍ നടത്തി അവരെ സന്തോഷിപ്പിച്ചിരുന്നതുകൊണ്ട്, അമസ്യാവിനു നല്ല ശമ്പളം കൊടുത്തിരുന്നിരിക്കണം. അങ്ങനെയിരിക്കുമ്പോഴാണ് ആമോസ് എന്ന പരിചയസമ്പത്തില്ലാത്ത ആട്ടിടയ-പ്രവാചകന്‍ ഈ ധനികര്‍ക്കെതിരെ ഗര്‍ജ്ജിച്ചു കൊണ്ടു രംഗത്തു വരുന്നത്. ധനികര്‍ ക്ഷുഭിതരായി ഇങ്ങനെ ആക്രോശിച്ചു: ”ഈ ആമോസിനെ ഇവിടെനിന്നു പിടിച്ചു പുറത്താക്കുക. അവന്‍ വ്യാജ ദുരുപദേശങ്ങളാണു പ്രഘോഷിക്കുന്നത്! അവനെ പുറത്തെറിയുക.” അമസ്യാവ് ഉടനെ ധനികരെ പ്രീതിപ്പെടുത്താന്‍ ആമോസിനോട് യിസ്രായേല്‍ വിട്ടുപോകാന്‍ ആജ്ഞാപിച്ചു. ഫലം അമസ്യാവിനു സ്വന്ത കുടുംബത്തില്‍ തന്നെ ദൈവത്തിന്റെ ന്യായവിധി അനുഭവിക്കേണ്ടി വന്നു (7:12,17).

അതുകൊണ്ട് ആമോസിന്റെ സന്ദേശം നമ്മുടെ കാലത്തു വളരെ പ്രസക്തമാണെന്നു നാം കാണുന്നു.

ഒന്നും രണ്ടും അധ്യായങ്ങളില്‍ ആമോസ് പല ജനങ്ങള്‍ക്കുമുള്ള ന്യായവിധി പ്രഖ്യാപിക്കുകയാണ്. മൂന്നു മുതല്‍ ആറുവരെ അധ്യായങ്ങളില്‍ എന്തുകൊണ്ട് അവര്‍ ന്യായവിധി അനുഭവിക്കേണ്ടി വരുമെന്നു യിസ്രായേലിനോട് അദ്ദേഹം തുറന്നു പറയുന്നു. ഒടുവിലായി ഏഴു മുതല്‍ ഒന്‍പതു വരെ അധ്യായങ്ങളില്‍, മറ്റു പല പ്രവാചകന്മാരെയും പോലെ ആമോസും ന്യായവിധിക്കു ശേഷമുള്ള യിസ്രായേലിന്റെ യഥാസ്ഥാപനത്തെക്കുറിച്ചു പ്രവചിക്കുന്നു.

ന്യായവിധി

ആമോസ് തുടക്കത്തില്‍ ഡമാസ്‌ക്കസ്, ഗാസാ, ടൈര്‍, ഏദോം, അമ്മോന്‍, മോവാബ് എന്നിവയ്ക്കു നേരെയുള്ള ന്യായവിധി പ്രഖ്യാപിക്കുന്നു (1:3,4,6,7,9,13; 2:1). അപ്പോള്‍ ആമോസ് ഈ ദേശങ്ങള്‍ക്കെതിരെ സംസാരിക്കുന്നതു യിസ്രായേല്യര്‍ എത്ര ആഹ്ലാദത്തോടെ കേട്ടിരുന്നുവെന്ന് എനിക്കു സങ്കല്പിക്കുവാന്‍ കഴിയും. ”ആമേന്‍, പ്രെയ്‌സ് ദ് ലോര്‍ഡ്” എന്നൊക്കെ അവര്‍ പറഞ്ഞിരിക്കും. പക്ഷേ അതിനു ശേഷം അദ്ദേഹം ”യെഹൂദയെ നിനക്ക് അയ്യോ കഷ്ടം, യിസ്രായേലേ നിനക്ക് അയ്യോ കഷ്ടം” എന്നൊക്കെ പറഞ്ഞു തുടങ്ങി. അപ്പോള്‍ ‘ആമേനു’കളൊക്കെ പെട്ടെന്നു നിശ്ശബ്ദമായി-കാരണം ഇപ്പോള്‍ അദ്ദേഹം അവര്‍ക്കെതിരെയാണു പ്രസംഗിക്കുന്നത്.

ലോകത്തിനും മറ്റു സഭകള്‍ക്കും എതിരേ കുറ്റം പ്രസംഗിക്കുന്നവരെ കേള്‍ക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണ്! അങ്ങനെയാണ് ആമോസ് ആരംഭിച്ചത്. കേട്ടവരെല്ലാം ‘ആമേന്‍’ പറഞ്ഞു. എന്നാല്‍ അദ്ദേഹം വിവേകമതിയായ ഒരു പ്രസംഗകനായിരുന്നു. അവരും (യെഹൂദയും യിസ്രായേലും) വ്യത്യസ്തരല്ലെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു (2:4,6).

ആമോസ് ആവര്‍ത്തിക്കുന്ന ഒരു പ്രയോഗമാണ് ‘മൂന്നോ, നാലോ അതിക്രമങ്ങള്‍ നിമിത്തം’ (ഒന്നും രണ്ടും അധ്യായങ്ങളില്‍ എട്ടു പ്രാവശ്യം ഇതു കാണാം). ഇതിലൂടെ ദൈവം എന്താണു അര്‍ത്ഥമാക്കിയത്? ”ഞാന്‍ നിങ്ങളെ പലവട്ടം വെറുതെ വിട്ടിട്ടുണ്ട്. എന്നാല്‍ മേലില്‍ അങ്ങനെ ചെയ്യുകയില്ല. ഞാന്‍ പലവട്ടം നിങ്ങളോടു ക്ഷമിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ നന്മ മുതലെടുക്കാനാണു നിങ്ങള്‍ ശ്രമിക്കുന്നത്. ഇനിയും ഞാന്‍ നിങ്ങളെ ശിക്ഷിക്കേണ്ടതുണ്ട്.” നാമെല്ലാം കേള്‍ക്കേണ്ട വാക്കുകളാണിവ. ദൈവത്തിന്റെ നന്മയെ നിങ്ങള്‍ മുതലെടുക്കുകയാണോ?

മറ്റുള്ളവരെ ക്രൂരമായ വിധത്തില്‍ കൈകാര്യം ചെയ്തതിനാണു പ്രധാനമായും ആമോസ് ശിക്ഷാവിധിയുടെ പ്രസംഗം നടത്തിയത്. ഡമാസ്‌കസ് പാവപ്പെട്ട ആളുകളെ ചൂഷണം ചെയ്യുകയും അവരെ ‘ധാന്യം പോലെ മെതിച്ചു കളയുകയും’ ചെയ്തു (1:3). ആളുകളെ, വസ്തുക്കളെ (ധാന്യം) പോലെ കൈകാര്യം ചെയ്തു. തങ്ങളുടെ ഭൗതിക വസ്തുവകകളെ ആളുകളെക്കാളേറെ സ്‌നേഹിക്കുന്നത് ഇന്നു പല ക്രിസ്ത്യാനികളുടെയും ഇടയിലും സാധാരണയായി കാണുന്ന പാപമാണ്. യിസ്രായേലുമായുള്ള സാഹോദര്യ ഉടമ്പടി ലംഘിച്ച് ടൈര്‍, യിസ്രായേല്യ ഗ്രാമങ്ങളിലുള്ളവരെ ഏദോമിന് അടിമകളാക്കി വിറ്റു (1:9). യിസ്രായേല്യരായ തങ്ങളുടെ സഹോദരങ്ങളെ ഏദോം വാളുകൊണ്ടു പിന്തുടര്‍ന്നു (1:11). ഇതു പല ക്രിസ്ത്യാനികളുടെയും ഇടയിലുള്ള ഒരു സാധാരണ പാപമാണ്: ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലുള്ളവര്‍ നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന് ഓര്‍ക്കാതെ അവരെ വഞ്ചിക്കുന്നു. അമ്മോന്യരാകട്ടെ, ഗിലെയാദിലെ ഗര്‍ഭിണികളായ സ്ത്രീകളെ വാളുകൊണ്ടു പിളര്‍ന്നു (1:13). ക്രിസ്ത്യാനികള്‍ ഇന്ന് ആളുകളെ നാവുകൊണ്ടു പിളര്‍ക്കുന്നു. ജീവിച്ചിരുന്ന കാലത്ത് ഏദോമിലെ രാജാവു ചെയ്ത ചില കാര്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന മോവാബ് എന്തു ചെയ്‌തെന്നോ? അവര്‍ അന്തരിച്ച രാജാവിന്റെ അസ്ഥികള്‍ കുഴിച്ചെടുത്ത് അവ ചുട്ടു ചാരമാക്കി വാശി തീര്‍ത്തു (2:1). പല വര്‍ഷങ്ങള്‍ക്കു മുമ്പു സംഭവിച്ച ചില കാര്യങ്ങളുടെ പേരില്‍ ക്രിസ്ത്യാനികള്‍ മറ്റുള്ളവരോട് ഇപ്പോഴും വൈരാഗ്യം തുടരുന്നു.

മനുഷ്യന്റെ പല പ്രവര്‍ത്തനങ്ങളുടേയും പിന്നിലുള്ള ചേതോവികാരം ദേഷ്യമാണ്. കോപിഷ്ഠരായ ആളുകള്‍ മറ്റുള്ളവരോട് മിക്കപ്പോഴും ക്രൂരമായി ഇടപെടുന്നു. ”മൂന്നോ നാലോ അതിക്രമങ്ങള്‍ നിമിത്തം…” എന്ന മുന്നറിയിപ്പ് നാം ഇവിടെ ഗൗരവമായി എടുക്കേണ്ടതുണ്ട്. ദൈവം പലപ്പോഴും നമ്മുടെ കോപത്തെ കാര്യമാക്കാതെ നമ്മെ പോകാന്‍ അനുവദിക്കുന്നു. എന്നാല്‍ ഇവിടെയിതാ അവിടുന്നു പറയുന്നു: നാം മറ്റുള്ളവരോടു തുടര്‍ന്നും ക്രൂരമായി ഇടപെട്ടാല്‍ അവിടുന്നു നമ്മോടും ക്രൂരമായി പെരുമാറും.

ഉല്‍പത്തി പുസ്തകം പഠിക്കുമ്പോള്‍ ദൈവം ഒരിക്കലും ആദമിനെ ശപിച്ചില്ലെന്നു നാം കണ്ടെത്തും- കാരണം ആദം പാപം ചെയ്തപ്പോള്‍ അവന്‍ അവനു മാത്രമേ ദോഷം വരുത്തിയുള്ളു. എന്നാല്‍ കയീനെ ദൈവം ശപിച്ചു. കാരണം കയീന്‍ മറ്റൊരു മനുഷ്യജീവിയോടു ദോഷം ചെയ്തു. ചില പാപങ്ങള്‍ അതു ചെയ്യുന്നവരെ മാത്രമേ ബാധിക്കുകയുള്ളു. എന്നാല്‍ മറ്റു ചിലവ മറ്റുള്ളവര്‍ക്കും ദോഷം വരുത്തും. നിങ്ങള്‍ മദ്യപിക്കുക, പുകവലിക്കുക, ലഹരി മരുന്ന് ഉപയോഗിക്കുക എന്നിവ ചെയ്യുമ്പോള്‍ അത്തരം പാപങ്ങള്‍ വഴി നിങ്ങള്‍ അടിസ്ഥാനപരമായി നിങ്ങള്‍ക്കു മാത്രമേ ദോഷം വരുത്തുന്നുള്ളു. അത്തരം പാപങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി ദോഷം വരുത്തുന്ന പാപങ്ങളെക്കാള്‍ ഗൗരവം കുറഞ്ഞതാണ്. എന്നാല്‍ നിങ്ങള്‍ വ്യഭിചാരം ചെയ്താല്‍ ഒരു സ്ത്രീയുടെ ശരീരത്തെ കൂടി കളങ്കപ്പെടുത്തുന്നു. ഇതു വളരെ ഗൗരവമുള്ളതാണ്. ഇതുപോലെ മറ്റൊരാളെക്കുറിച്ച് അപവാദം പറയുകയോ മോശമായി സംസാരിക്കു കയോ ചെയ്താല്‍ നിങ്ങള്‍ അയാളുടെ മാന്യതയെ ഹനിക്കുകയാണ്. ഇതും വളരെ ഗൗരവമുള്ളതാണ്. മറ്റൊരാളെ ഏതെങ്കിലും നിലയില്‍ മുറിപ്പെടുത്തുന്ന ഏതു പാപവും ദൈവത്തിന്റെ ദൃഷ്ടിയില്‍ വളരെ ഗൗരവമുള്ളതാണ്. അതുകൊണ്ട് ലഹരി മരുന്ന് എടുക്കുക എന്ന പാപത്തെക്കാള്‍ (അതു നിങ്ങള്‍ക്കു മാത്രമേ കേടു വരുത്തുന്നുള്ളു) മോശമായ പാപമാണ് അപവാദം പറയുന്നത് (അതു മറ്റുള്ളവരെ മുറിപ്പെടുത്തുന്നതാണല്ലോ). എന്നാല്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവനെക്കാള്‍ മോശമാണ് അപവാദം പറയുന്നവന്‍ എന്നു പഠിപ്പിക്കുന്ന ഒരു സഭയെ ഇന്നു കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ്. നിര്‍ഭാഗ്യവശാല്‍ ദൈവവചനത്തെക്കു റിച്ചുള്ള സത്യം നമ്മോടു പറയുന്ന പ്രവാചകന്മാര്‍ ഇന്നു നമുക്കില്ല.

ഈ ആളുകളോട് ദൈവം എത്ര കര്‍ശനമായാണ് ഇടപെടുന്നതെന്നു കാണുക. യെഹൂദാ, യിസ്രായേല്‍ എന്നിവരുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോള്‍ ദൈവം പറയുന്നു: ”നിങ്ങള്‍ ദൈവത്തിന്റെ പ്രമാണങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു; നിങ്ങള്‍ ദൈവവചനത്തോട് അനുസരണക്കേടു കാട്ടിയിരിക്കുന്നു” (2:4). മറ്റുള്ള ജനങ്ങള്‍ക്ക് ദൈവത്തിന്റെ പ്രമാണങ്ങള്‍ നല്‍കപ്പെട്ടിരുന്നില്ല. അവര്‍ ദൈവപ്രമാണം അറിയാതെയാണു മറ്റുള്ളവരോടു മോശമായി പെരുമാറിയത്. മറിച്ച് യെഹൂദയും യിസ്രായേലും ദൈവപ്രമാണം മനസ്സിലാക്കിയ ശേഷമാണ് ഇങ്ങനെ പെരുമാറിയത്: ”അതുകൊണ്ട് ഞാന്‍ യെഹൂദയുടെ മേല്‍ തീയ് അയയ്ക്കും.” യിസ്രായേല്‍ ജനമാകട്ടെ വീണ്ടും വീണ്ടും പാപം ചെയ്തു (2:6). അവര്‍ ദരിദ്രരെ ഒരു ജോഡി ചെരുപ്പിനു വേണ്ടി വിറ്റുകളയുകയും നിസ്സഹായരായ ആളുകളെ പൊടിയിലിട്ടു ചവിട്ടുകയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു നീതി നിഷേധിക്കുകയും മതപരമായ ഉത്സവങ്ങളുടെ ഭാഗമായി വ്യഭിചരിക്കുകയും തങ്ങളുടെ കടക്കാരില്‍ നിന്നു പിടിച്ചെടുത്ത വസ്ത്രം അണിഞ്ഞു വിലസുകയും മോഷ്ടിച്ച പണംകൊണ്ടു വാങ്ങിയ വീഞ്ഞു ദൈവാലയത്തില്‍ അര്‍പ്പിക്കുകയും ചെയ്തു (2:7,8). അതു മറ്റുള്ളവരെ വഞ്ചിച്ചു നേടിയ പണം ദൈവവേലയ്ക്കു കൊടുക്കുന്നതു പോലെയാണ്. കൈസര്‍ക്കുള്ളതു കൈസര്‍ക്ക് ഒന്നാമതു കൊടുത്തശേഷം ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കാനാണ് യേശു നമ്മോടു പറഞ്ഞത്. അതാണ് ക്രമം. അതുകൊണ്ട് അവിടുന്ന് ഈ ആളുകള്‍ക്കു മുന്നറിയിപ്പു നല്‍കുകയും അവരുടെ മനോഭാവത്തിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

”ഞാന്‍ നിങ്ങളുടെ പുത്രന്മാരെ പ്രവാചകന്മാരായും നാസീര്‍ വ്രതസ്ഥരായും എഴുന്നേല്പിച്ചിരിക്കുന്നു” (2:11). നാസീര്‍ വ്രതസ്ഥര്‍ ദൈവത്തിനായി സമ്പൂര്‍ണമായി വേര്‍തിരിക്കപ്പെട്ടവരാണ്- ശിംശോനെപ്പോലെ. ”എന്നാല്‍ അവരെ വീഞ്ഞു കുടിപ്പിച്ചു കൊണ്ട് നാസീര്‍വ്രതസ്ഥനെ നിങ്ങള്‍ പാപം ചെയ്യിക്കുന്നു.” അര്‍ത്ഥം: ”നിങ്ങളുടെ സഭയില്‍ ചുരുക്കം ചില പൂര്‍ണമനസ്‌കരായ യുവവിശ്വാസികളുണ്ട്. എന്നാല്‍ നിങ്ങളുടെ സ്വാര്‍ത്ഥത, ലോകമയത്വം, അധാര്‍മ്മിക പെരുമാറ്റം എന്നിവകൊണ്ട് നിങ്ങള്‍ അവരെക്കൂടി മലിനപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ആ യുവവിശ്വാസികളും പിന്മാറ്റക്കാരായി മാറിയിരിക്കുന്നു.” ഇത് ഇന്ത്യയില്‍ സംഭവിച്ചതായി ഞാന്‍ വിശ്വസിക്കുന്നു. ദൈവം ഇവിടെ ഏതെങ്കിലും ചെറുപ്പക്കാരെ ദൈവത്തിനായി വേര്‍തിരിക്കപ്പെട്ട നാസീര്‍വ്രതസ്ഥനായോ പ്രവാചകനായോ വിളിക്കുന്നു. എന്നാല്‍ തെറ്റായ ദിശയില്‍ പോയ മുന്‍ തലമുറയിലെ പ്രസംഗകരുടെ മാതൃക നോക്കി ഇവരും തെറ്റിപ്പോകുന്നു. അപ്പോള്‍ ദൈവം ഈ മുതിര്‍ന്ന പ്രസംഗകരോട് ഇപ്രകാരമാണു പറയുന്നത്: ”നിങ്ങള്‍ ഈ വളര്‍ന്നുവന്ന പ്രവാചകന്മാരെ നശിപ്പിച്ചു. നിങ്ങള്‍ ഈ നാസീര്‍വ്രതസ്ഥരുടെ വിരുതു തെറ്റിച്ചു.”

യുവാക്കളായ നിങ്ങള്‍ എല്ലാവരോടും എനിക്കു പറയുവാനുള്ളത് ഇതാണ്: നിങ്ങളെക്കാള്‍ മുതിര്‍ന്ന ആളുകളുടെ തെറ്റായ മാതൃകകളെ നോക്കരുത്. ക്രിസ്തു തുല്യരായ നേതാക്കളുടെ മാതൃക പിന്‍പറ്റുക. മറ്റുള്ളവരെ അവഗണിച്ചേക്കുക- അവരുടെ ഉപദേശങ്ങളെല്ലാം ശരിയാണെങ്കിലും. ഒരുവന്റെ ഉപദേശങ്ങളെല്ലാം ശരിയായതുകൊണ്ട് അവന്‍ ദൈവഭക്തനാണെന്നു കരുതാതിരിക്കുക. ക്രിസ്തു തുല്യമായ സ്വഭാവമാണ് ഒരുവനെ ദൈവഭക്തനായ മനുഷ്യനാക്കുന്നത്.

എന്തുകൊണ്ട് യിസ്രായേല്‍ ന്യായം വിധിക്കപ്പെട്ടു

യിസ്രായേല്‍ എന്തുകൊണ്ടു ന്യായം വിധിക്കപ്പെടുന്നു എന്നുള്ളത് മൂന്നു മുതല്‍ ആറുവരെ അധ്യായങ്ങളില്‍ ആമോസ് അവരോടു പറയുന്നു. ‘രണ്ടുപേര്‍ തമ്മില്‍ ഒത്തിട്ടല്ലാതെ അവര്‍ക്ക് ഒന്നിച്ചു നടക്കാന്‍ കഴിയുമോ?'(3:3). എന്നാണ് അദ്ദേഹം അവരോടു ചോദിക്കുന്നത്. കര്‍ത്താവുമായി അവര്‍ പൂര്‍ണമായ കൂട്ടായ്മയിലല്ലെങ്കില്‍ ദൈവത്തിന് എങ്ങനെ അവരോടു ചേര്‍ന്നു നടക്കാന്‍ കഴിയും? പശ്ചാത്ത പിച്ചു പരിഹാരം വരുത്താത്ത പാപങ്ങള്‍ യിസ്രായേലില്‍ ഉള്ളിടത്തോളം ദൈവം അവരോടു ചേര്‍ന്നു നടക്കുകയില്ല. അവിടുത്തോടു കൂട്ടായ്മ ഉണ്ടാകണമെങ്കില്‍ പാപത്തോടുള്ള കര്‍ത്താവിന്റെ കാഴ്ചപ്പാടുമായി നാമും യോജിക്കണം. ആമോസ് തുടര്‍ന്നു പറയുന്നു: ”ഇരയില്ലാതിരിക്കുമ്പോള്‍ സിംഹം കാട്ടില്‍ അലറുമോ? ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയില്‍ നിന്ന് ഒച്ച പുറപ്പെടുവിക്കുമോ? ഇപ്പോള്‍ ന്യായവിധിക്കായി ദൈവം അലറുകയും ഒച്ച പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ യിസ്രായേലില്‍ പാപം ഉണ്ടെന്നുള്ളതാണ് അതിനു കാരണം. ഒരു നഗരത്തില്‍ അനര്‍ത്ഥം ഭവിച്ചാല്‍ ദൈവം അതു ന്യായവിധിയായി അയച്ചു എന്നു കാണണം” (3:4-6).

ആമോസ് പ്രവചിച്ച് ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അസ്സീറിയക്കാര്‍ വരികയും പ്രവചനം പോലെ യിസ്രായേലിന്റെ മേല്‍ നാശം കൊണ്ടുവരികയും ചെയ്തു. അവരെ ഒരു പാഠം പഠിപ്പിക്കാനുള്ള ശിക്ഷാവിധിയാണിതെന്നു ദൈവം നേരത്തെ തന്നെ പറഞ്ഞിരുന്നു. അവര്‍ക്ക് അനുതപിക്കാന്‍ അവസരം നല്‍കാനായി ദൈവം ന്യായവിധിക്കു മുന്‍പു തന്നെ പ്രവാചകന്മാരിലൂടെ വേണ്ട മുന്നറിയിപ്പു നല്‍കി (3:7). ഇന്നും സഭകളില്‍ പ്രവാചകന്മാരിലൂടെ ദൈവം തുടര്‍ച്ചയായി തന്റെ ജനത്തെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: ”പാപം വിട്ടുമാറുക. നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാന്‍ നിങ്ങളെ ശിക്ഷിക്കും.” ശിക്ഷ പെട്ടെന്നു വന്നു എന്നു വരികയില്ല. പക്ഷേ അതു വരിക തന്നെ ചെയ്യും. ആമോസ് പ്രവചിച്ച ശേഷം നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് യിസ്രായേലിനു മേല്‍ ന്യായവിധി വന്നത്. പക്ഷേ അതു വരിക തന്നെ ചെയ്തു. നോഹ ലോകത്തിനു ന്യായവിധി വരുമെന്ന് പറഞ്ഞ് 120 വര്‍ഷത്തിനു ശേഷമാണ് അതു വന്നത്. തങ്ങള്‍ വിതച്ചത് ഓരോരുത്തരും കൊയ്യും. അതില്‍നിന്ന് ഒരു രക്ഷപ്പെടലില്ല. എന്നാല്‍ ശിക്ഷാവിധിക്കു മുന്‍പു ദൈവം തന്റെ പ്രവാചകന്മാരിലൂടെ വേണ്ട മുന്നറിയിപ്പു ജനത്തിനു നല്‍കും.

”സിംഹം ഗര്‍ജ്ജിച്ചിരിക്കുന്നു. ആര്‍ ഭയപ്പെടാതിരിക്കും? യഹോവയായ കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു. ആര്‍ പ്രവചിക്കാതിരിക്കും?”(3:8). ദൈവം എന്താണ് ഇവിടെ പറയുന്നതെന്നു ശ്രദ്ധിക്കുക: ”ഒരു സിംഹം നിങ്ങളുടെ മുന്‍പില്‍ നിന്നു ഗര്‍ജ്ജിച്ചാല്‍ നിങ്ങള്‍ ഭയപ്പെടും. എന്നാല്‍ ഇവിടെ ഞാന്‍ തന്നെ നിങ്ങളോടു സംസാരിക്കുന്നു; നിങ്ങള്‍ വിറയ്ക്കുന്നില്ല. നിങ്ങളുടെ ചിന്തകളിലെയും കണ്ണുകളിലെയും മലിനത, പണത്തിന്റെ കാര്യത്തിലുള്ള നിങ്ങളുടെ അനീതി, ഞാനല്ലാതെ മറ്റു വസ്തുക്കളെ നിങ്ങള്‍ ആരാധിക്കുന്നത് എന്നിവയെക്കുറിച്ചാണു ഞാന്‍ നിങ്ങളോടു സംസാരിക്കുന്നതെങ്കിലും നിങ്ങള്‍ വിറയ്ക്കുന്നില്ല. എന്റെ സൃഷ്ടിയായ ഒരു സിംഹത്തെ അതിന്റെ സ്രഷ്ടാവായ എന്നെക്കാള്‍ നിങ്ങള്‍ ഭയപ്പെടുന്നു!” ഈ പ്രവാചക വാക്യങ്ങള്‍ കേട്ട് ഒരുപക്ഷേ ജനം പറയുന്നത് ”അത് ആമോസാണ്, ആ പരിശീലനമില്ലാത്ത ആട്ടിടയന്‍” എന്നായിരിക്കാം. അവന്‍ പരിശീലനമില്ലാത്ത വെറും ആട്ടിടയനായിരിക്കാം. എന്നാല്‍ അവന്‍ ദൈവത്തിന്റെ പ്രവാചകനാണ്!

ദൈവത്തിന്റെ ജനം വളരെ പാപം ചെയ്തതിനെ തുടര്‍ന്ന് വാസ്തവത്തില്‍ അവര്‍ ‘ന്യായം എന്തെന്നും അന്യായം എന്തെന്നും മറന്നുപോയി’ (3:10).

നാലാം അധ്യായത്തില്‍ ആമോസ് യിസ്രായേലിലെ സ്ത്രീകളെ ‘തടിച്ച പശുക്കള്‍’ എന്നു വിളിക്കുന്നു. ധാരാളം തിന്നുകയും കുടിക്കുകയും ചെയ്താണ് അവര്‍ തടിച്ചികളായത്. എന്നാല്‍ ”കൊണ്ടുവരുവിന്‍, ഞങ്ങള്‍ കുടിക്കട്ടെ” (4:1) എന്നാണ് അവര്‍ നിരന്തരം തങ്ങളുടെ ഭര്‍ത്താക്കന്മാരോടു പറയുന്നത്. ‘ആരെങ്കിലും ഈ പശുക്കളുടെ മൂക്കിലൂടെ കൊളുത്തു കടത്തി അവയെ വലിച്ചു കൊണ്ടുപോകും'(4:2) എന്ന് ആമോസ് തുടര്‍ന്ന് അവര്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. ദൈവത്തിന്റെ ശാസനകള്‍ മൂര്‍ച്ചയുള്ളവയാണ്. ദൈവത്തിന്റെ പ്രവാചകനായ ആമോസാകട്ടെ അവിടുത്തെ വാക്കുകളെ അല്പംകൂടി മൃദുവാക്കി ആളുകള്‍ക്കു സ്വീകാര്യമാക്കുന്നതുമില്ല. യഥാര്‍ത്ഥ പ്രവാചകന്മാര്‍ അവരുടെ ശാസനകളില്‍ മൂര്‍ച്ചയുള്ളവരായിരിക്കും. യേശു തന്നെ അങ്ങനെയായിരുന്നു. കാരണം അങ്ങനെ മാത്രമേ ആളുകളെ അവര്‍ അഭിമുഖീകരിക്കുന്ന വിപത്തുകളെക്കുറിച്ചു ബോധവാന്മാരാക്കുവാന്‍ കഴിയുകയുള്ളു.

കര്‍ത്താവ് അവരോട് തുടര്‍ന്ന് ഇങ്ങനെ പറയുന്നു: ‘നിങ്ങള്‍ക്ക് ഇഷ്ടംപോലെ യാഗങ്ങള്‍ അര്‍പ്പിക്കാം. എന്നാല്‍ ഞാന്‍ അവയില്‍ ഒന്നുപോലും അംഗീകരിക്കുകയില്ല. ശ്രദ്ധിക്കുകയില്ല. ഞാന്‍ നിങ്ങളില്‍ സന്തുഷ്ടനല്ലെന്ന് ഒരു ദുരന്തത്തിനു ശേഷം മറ്റൊരു ദുരന്തം കൊണ്ടു മുന്നറിയിപ്പു തന്നു. ഞാന്‍ ഒരു നഗരത്തില്‍ പട്ടിണിയും മറ്റൊന്നില്‍ ക്ഷാമവും വരുത്തി. എന്നാല്‍ നിങ്ങള്‍ എന്നെ കേട്ടില്ല. നിങ്ങള്‍ക്കു മഴ എത്രയും ആവശ്യമായിരുന്ന ഒരു വയലില്‍ ഞാന്‍ മഴയ്ക്കു പകരം വരള്‍ച്ച അയച്ചു നിങ്ങളുടെ വിളകളെ നശിപ്പിച്ചു കളഞ്ഞു. മഴ ഒരു വയലില്‍ വീണു. മറ്റൊന്നില്‍ പെയ്തില്ല. കുടിവെള്ളത്തിനായി ജനം പട്ടണംതോറും ഉഴന്നു നടന്നു. പക്ഷേ ആവശ്യത്തിനു ലഭിച്ചില്ല. എന്നിട്ടും നിങ്ങള്‍ എന്നിലേക്കു തിരിഞ്ഞില്ല. ഞാന്‍ നിങ്ങളുടെ കൃഷിയിടങ്ങളിലും മുന്തിരിത്തോട്ടങ്ങളിലും വെണ്‍കതിര്‍, വിഷമഞ്ഞ്, തുള്ളന്‍ എന്നിവ അയച്ചു. മഹാമാരി, ആപത്ത് എന്നിവ നിങ്ങളുടെ മധ്യത്തില്‍ അയച്ച് ചില നഗരങ്ങളെയും നശിപ്പിച്ചു കളഞ്ഞു. എന്നാല്‍ ഈ മുന്നറിയിപ്പുകളൊക്കെ തന്നിട്ടും നിങ്ങള്‍ എന്നിലേക്കു തിരിഞ്ഞില്ല (4:4,6-11). ഇനി ഒരു പോംവഴിയേ അവശേഷിച്ചിട്ടുള്ളു: ”നിന്റെ ദൈവത്തെ എതിരേല്പാന്‍ ഒരുങ്ങിക്കൊള്‍ക” (4:12).

ഇന്ന് നിങ്ങളോടുള്ള ദൈവത്തിന്റെ വചനവും സമാനമായിരിക്കാം: ”നിങ്ങള്‍ പാപത്തില്‍ ജീവിക്കുന്നു. ഈ ലോകത്തെ സ്‌നേഹിക്കുന്നു. എന്നിട്ടും എന്റെ പൈതല്‍ എന്ന് അവകാശപ്പെട്ട് എന്റെ നാമത്തിന് അപമാനം കൊണ്ടുവരുന്നു. ഞാന്‍ നിങ്ങളില്‍ സന്തുഷ്ടനല്ലെന്നു നിങ്ങളെ അറിയിക്കുവാന്‍ പരാജയങ്ങളും ശിക്ഷകളും നിങ്ങളുടെ ജീവിതത്തില്‍ അയച്ചു. ഞാന്‍ എന്റെ പരമാവധി ശ്രമിച്ചിട്ടും നിങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തിലേക്ക് ഉണര്‍ന്നതായി കണ്ടില്ല. അതുകൊണ്ട് ഇപ്പോള്‍ നിന്റെ ദൈവത്തെ ന്യായാധിപന്‍ എന്ന നിലയില്‍ എതിരേല്ക്കാന്‍ ഒരുങ്ങിക്കൊള്‍ക.”

”ആരാധനയ്ക്കായി ബെഥേലിലോ ഗില്‍ഗാലിലോ ബേര്‍ശേബയിലോ ഇനി പോകേണ്ട” (5:5). ദൈവം ഭൂതകാലത്തില്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളാണിവ. ഈ ഓരോ സ്ഥലത്തോടും ബന്ധപ്പെട്ട് പല ചരിത്രങ്ങളും ഉണ്ട്. യിസ്രായേല്‍ ദേശത്തിന്റെ പിതാവെന്നു പറയാവുന്ന യാക്കോബിനു ദൈവം ബെഥേല്‍, ബേര്‍ശേബ എന്നിവിടങ്ങളില്‍ വച്ചു ദര്‍ശനം നല്‍കിയിട്ടുണ്ട്. ഗില്‍ഗാലെന്നു പറയുന്ന സ്ഥലമാകട്ടെ യിസ്രായേല്‍ ജനതയുടെ കനാനിലെ ചരിത്രം ആരംഭിക്കുന്ന ഇടമാണ്. യോര്‍ദ്ദാന്‍ നദി കടന്നു കനാനിലെത്തിയ യിസ്രായേല്‍ ജനതയെ യോശുവ ഗില്‍ഗാലില്‍ വച്ചാണു പരിച്ഛേദന ചെയ്തത്. എന്നാല്‍ ദൈവം ഇവിടെ പറയുന്നത് ഇതാണ്: ”ഭൂതകാലത്തില്‍ ജീവിക്കരുത്.” ”വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ സഭ ആരംഭിച്ച ആള്‍ ഒരു യഥാര്‍ത്ഥ ദൈവമനുഷ്യനായിരുന്നു” എന്നു പറയരുത്. 200-300 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ സഭകള്‍ ആരംഭിച്ച ദൈവമനുഷ്യര്‍ക്ക് ‘ഇന്നു ഭൂമിയിലേക്കു വീണ്ടും വരാന്‍ കഴിഞ്ഞാ’ല്‍ ഒരിക്കല്‍ തങ്ങള്‍ സ്ഥാപിച്ച സഭയില്‍ അവര്‍ ഇന്നു ചേരുമെന്നു തോന്നുന്നില്ല- കാരണം അവരുടെ സഭകള്‍ ഇന്നു വളരെ മോശമായ നിലയില്‍ പിന്മാറ്റത്തിലാണ്. ഭൂതകാലത്തിലേക്കു തിരിഞ്ഞു നോക്കേണ്ട. ദൈവം ഇന്ന് എവിടെയാണു പ്രവര്‍ത്തിക്കുന്നതെന്നു മാത്രം നോക്കുക.

”ഓ, ദുഷ്ടമനുഷ്യരേ, പാവപ്പെട്ടവര്‍ക്കു ന്യായം നിങ്ങള്‍ കാഞ്ഞിരം ആക്കി ത്തീര്‍ത്തിരിക്കുന്നു. നീതിയും ന്യായവും നിങ്ങള്‍ക്ക് അര്‍ത്ഥമില്ലാത്ത കഥപോലെ ആയിരിക്കുന്നു! സത്യസന്ധരായ ന്യായാധിപന്മാരെ നിങ്ങള്‍ എത്രയേറെ വെറുക്കുന്നു! സത്യം പറയുന്നവരെ നിങ്ങള്‍ എത്രമാത്രം തുച്ഛീകരിക്കുന്നു! ദരിദ്രരെ നിങ്ങള്‍ ചവിട്ടിയരയ്ക്കുകയും നിങ്ങളുടെ നികുതി, പലിശ, പിഴ എന്നിവ ഉപയോഗിച്ച് അവരുടെ കൊച്ചു സമ്പാദ്യങ്ങള്‍ പോലും അപഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ നിര്‍മിക്കുന്ന വെട്ടുകല്ലുകൊണ്ടുള്ള മനോഹര ഭവനങ്ങളില്‍ നിങ്ങള്‍ വസിക്കുകയില്ല. നിങ്ങളുടെ പാപങ്ങള്‍ വലുതും ഒട്ടേറെയുമാകുന്നു. അവയെല്ലാം എനിക്കു നന്നായി അറിയാം. എല്ലാ നന്മയുടേയും ശത്രുക്കളാണു നിങ്ങള്‍. നിങ്ങള്‍ കൈക്കൂലി വാങ്ങി ദരിദ്രര്‍ക്കു ന്യായം നിഷേധിക്കുന്നു. നിങ്ങളുടെ നാട്യവും അഭിനയവും ഞാന്‍ വെറുക്കുന്നു- നിങ്ങളുടെ മതപരമായ ഉത്സവങ്ങള്‍, സഭായോഗങ്ങള്‍ എന്നിവകൊണ്ട് എന്നെ ബഹുമാനിക്കുകയാണെന്ന നിങ്ങളുടെ നാട്യങ്ങളെ. നിങ്ങളുടെ ദഹനയാഗങ്ങളെയും ഭോജന യാഗങ്ങളെയും ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാന്‍ നോക്കുക പോലുമില്ല. നിങ്ങളുടെ സ്‌തോത്രഗാനങ്ങള്‍ വേണ്ട- അവ എന്റെ ചെവികള്‍ക്കു വെറും ഒച്ചപ്പാടു മാത്രമാണ്. എത്ര ശ്രുതിമധുരമാണെങ്കിലും നിങ്ങളുടെ സംഗീതം ഞാന്‍ ശ്രദ്ധിക്കുകയില്ല. ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നതു നീതിയുടെ ശക്തമായ ഒരൊഴുക്കി നെയാണ്- നന്മയുടെ ഒരു കവിഞ്ഞൊഴുക്കിനെ” (5:7-12,21-24). ഒരു വിശ്വാസി തന്റെ വീട് ഒരു ദിരിദ്രനു വാടകയ്ക്കു കൊടുക്കുമ്പോള്‍, അതിന് ഈടാക്കുന്ന വാടക എത്രയാണെന്നതില്‍ ദൈവത്തിനു താത്പര്യം ഉണ്ടെന്നു നിങ്ങള്‍ക്ക് അറിയാമോ? പാവപ്പെട്ടവരെ മുതലെടുക്കുന്നവരെ ദൈവം വെറുക്കുന്നു.

”ആഡംബരങ്ങളില്‍ മുഴുകുകയും അതേസമയം സുരക്ഷിതരാണെന്നു കരുതുകയും ചെയ്യുന്നവര്‍ക്ക് അയ്യോ കഷ്ടം” (6:1). തങ്ങള്‍ ദാവീദിനെപ്പോലെ മികച്ച സംഗീതജ്ഞരാണെന്നു കരുതുന്ന അവരെ 6:4-6-ല്‍ കര്‍ത്താവ് ഹാസ്യരസത്തോടെ പരാമര്‍ശിക്കുന്നു. വാസ്തവത്തില്‍ ദാവീദിന് ഒരു നല്ല ഹൃദയവുമുണ്ടായിരുന്നു. എന്നാല്‍ യിസ്രായേല്യര്‍ക്കുണ്ടായിരുന്നതു നല്ല സംഗീതം മാത്രമായിരുന്നു. തങ്ങളുടെ വസതികളില്‍ എല്ലാം നന്നായി പോകുന്നതില്‍ അവര്‍ സന്തുഷ്ടരായി കാണപ്പെട്ടു. അവര്‍ക്കു സൗകര്യമുള്ള വീടുകള്‍, നല്ല സംഗീതം, നല്ല ഭക്ഷണം- എല്ലാം ഉണ്ടായിരുന്നു. പക്ഷേ അവരില്‍ എത്രപേര്‍ ‘യോസേഫിന്റെ കേടി’നെക്കുറിച്ച് (ദേശത്തിന്റെ ശോചനീയമായ അവസ്ഥയെക്കുറിച്ച്) വ്യസനിക്കുന്ന വരുണ്ടായിരുന്നു? ആരും ഉണ്ടായിരുന്നില്ല. ഇന്നു നമ്മുടെ കാലത്തില്‍ കര്‍ത്താവിന്റെ ചോദ്യം ഇതാണ്: ”സഭയുടെ ഇന്നത്തെ ദയനീയമായ അവസ്ഥയെക്കുറിച്ച് നിങ്ങളില്‍ എത്രപേര്‍ ദുഃഖിതരാണ്?

‘ഞാന്‍ യിസ്രായേലിന്റെ ഗര്‍വ്വത്തെയും വ്യാജ മഹത്വത്തെയും തള്ളിക്കളയുന്നു. ഞാന്‍ അവരുടെ മനോഹരമായ അരമനകളെ ദ്വേഷിക്കുന്നു'(6:8) എന്നാണു കര്‍ത്താവു പറയുന്നത്. ദൈവം മനോഹരമായ വീടുകളെ വാസ്തവത്തില്‍ വെറുക്കുന്നുവോ? ഇല്ല. എന്നാല്‍ മനോഹരമായ തങ്ങളുടെ അരമനകളെ ചൊല്ലി പുകഴുന്ന ആളുകളെയാണ് അവിടുന്ന് എതിര്‍ത്തു നില്ക്കുന്നത്- പ്രത്യേകിച്ചും ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ നിര്‍മലവും വിശുദ്ധവും ആയിരിക്കണമെന്ന് അവര്‍ക്കു താല്പര്യമില്ലാതിരിക്കുമ്പോള്‍.

ന്യായവിധിയെക്കുറിച്ചുള്ള ദര്‍ശനങ്ങളും മടങ്ങിവരവ് സംബന്ധിച്ച വാഗ്ദാനങ്ങളും

ഏഴു മുതല്‍ ഒന്‍പതു വരെ അധ്യായങ്ങളില്‍ യിസ്രായേല്‍ ന്യായം വിധിക്കപ്പെടുന്നതിനെക്കുറിച്ചുള്ള അഞ്ചു ദര്‍ശനങ്ങള്‍ ആമോസിനു ലഭിക്കുന്നു. തുടര്‍ന്ന് യിസ്രായേലിന്റെ മടങ്ങിവരവു സംബന്ധിച്ച അഞ്ചു വാഗ്ദാനങ്ങളും ആമോസിനു ലഭ്യമാകുന്നു.

ഏഴാം അധ്യായത്തിന്റെ ആദ്യ ആറു വാക്യങ്ങളില്‍ ആമോസ് വിട്ടിലുകളും തുടര്‍ന്നു വലിയ അഗ്നിയും യിസ്രായേലിനെ ന്യായം വിധിപ്പാന്‍ വരുന്നതിന്റെ ദര്‍ശനങ്ങള്‍ കാണുന്നു. അവന്‍ ഉടനെ ജനത്തിനുവേണ്ടി ഇങ്ങനെ മധ്യസ്ഥത ചെയ്തു: ”സര്‍വ്വാധിപതിയായ കര്‍ത്താവേ, ദയവായി ഇങ്ങനെ ചെയ്യരുതേ. ഇതുപോലെ അവരെ ന്യായം വിധിച്ചാല്‍ യിസ്രായേലിനെ സംബന്ധിച്ച് ഒരു പ്രതീക്ഷയ്ക്കും അവകാശം ഉണ്ടായിരിക്കുകയില്ല.” ദൈവം ആമോസിന്റെ പ്രാര്‍ത്ഥന കേട്ട് യിസ്രായേലിനെ ന്യായം വിധിക്കാനുള്ള പദ്ധതികളെ രണ്ടുവട്ടം ഉപേക്ഷിച്ചു കളഞ്ഞു. മധ്യസ്ഥത വഹിക്കുന്നതിലുള്ള വലിയ ശക്തിയെയാണ് ഇതു കാണിക്കുന്നത് (7:6). എന്നാല്‍ ദൈവഹിതപ്രകാരമുള്ള പ്രാര്‍ത്ഥനയ്ക്ക്, ദൈവം എവിടെ നില്ക്കുന്നുവോ അവിടെ നാം ദൈവത്തോടൊപ്പം നില്‌ക്കേണ്ടത് ആവശ്യമാണ്. പാപത്തിന്റെ ഭയങ്കരത്വവും നാം കാണണം. യെഹസ്‌കേലിന്റെ കാലത്ത് ദൈവം പക്ഷവാദം ചെയ്യാന്‍ ആരേയും കണ്ടെത്തിയില്ല (യെഹസ്‌കേല്‍ 22:30) എന്നു നാം വായിക്കുന്നു. പക്ഷേ ഇപ്പോള്‍ ഇവിടെ അവിടുന്ന് ഒരാളെ കണ്ടെത്തി- ആമോസ്. പണ്ട് മരുഭൂമിയില്‍ വച്ച് യിസ്രായേലിനെ നശിപ്പിക്കാന്‍ ദൈവം ഒരുമ്പെട്ടപ്പോള്‍ മോശെ മധ്യസ്ഥത ചെയ്തതുപോലെ ഇവിടെ ആമോസ് ദൈവസന്നിധിയില്‍ പക്ഷവാദം ചെയ്തു. ഈ പ്രവാചകന്മാര്‍ വളരെ മനസ്സലിവുള്ള ആളുകളായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ വലിയ മധ്യസ്ഥതക്കാരായി. ഈ പ്രവാചകന്മാര്‍ മൂലമാണ് വാസ്തവത്തില്‍ യിസ്രായേല്‍ മിക്കപ്പോഴും നാശത്തില്‍ നിന്നു രക്ഷപ്പെട്ടത്. എന്നാല്‍ യിസ്രായേല്‍ അതു വിലമതിച്ചില്ല.

തുടര്‍ന്നു ദൈവം ആമോസിന് ഒരു തൂക്കുകട്ടയുടെ ദര്‍ശനം നല്‍കിയ ശേഷം ഇങ്ങനെ പറഞ്ഞു: ”ഞാന്‍ എന്റെ ജനമായ യിസ്രായേലിന്റെ നടുവില്‍ ഒരു തൂക്കുകട്ട പിടിക്കും- അവര്‍ നേരെ പോകുന്നവരും സത്യസന്ധരും ആണോ എന്നറിയുന്നതിനു വേണ്ടി. ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല” (7:8). നാം നമ്മുടെ പാപങ്ങള്‍ സംബന്ധിച്ചു സത്യസന്ധരാണോ എന്നറിയാന്‍ വേണ്ടി ദൈവം എപ്പോഴും നമ്മെയും തൂക്കുകട്ട കൊണ്ട് പരിശോധിക്കും.

ബെഥേലിലെ പുരോഹിതനായ അമസ്യാവും (ബാബിലോണ്യ ക്രിസ്തീയതയുടെ നേതാവിന്റെ പ്രതീകം) ആമോസും (യഥാര്‍ത്ഥ സഭയായ യെരുശലേം പണിയുന്ന ഒരുവന്റെ പ്രതീകം) തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ നാം തുടര്‍ന്നു കാണുന്നു. ‘ആമോസ് നിനക്കെതിരെ ഗൂഢാലോചന നടത്തുന്നു’ എന്നൊരു കള്ളം അമസ്യാവ് ചെന്നു രാജാവിനോടു പറഞ്ഞു. ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകന്മാരെക്കുറിച്ചു വ്യാജം പറഞ്ഞു പരത്താന്‍ എപ്പോഴും വ്യാജപ്രവാചകന്മാര്‍ തിടുക്കമുള്ളവരാണ്: ‘അവര്‍ ദുരുപദേശം പ്രസംഗിക്കുന്നവരാണ്. നീ അവരെ കേള്‍ക്കുകയാണെങ്കില്‍ അതു നിന്റെ സഭയില്‍ കുഴപ്പം കൊണ്ടുവരും’ എന്നിങ്ങനെ അവര്‍ പറഞ്ഞ് സ്വാതന്ത്ര്യത്തിലേക്കു നടത്താവുന്ന സത്യങ്ങളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കും. ആമോസിന്റെ കാലത്ത് അതു നടന്നു. കഴിഞ്ഞ 2000 വര്‍ഷങ്ങളായി ക്രിസ്തീയ ഗോളത്തിലും ഇതു നടക്കുന്നു. ആമോസിനോട് അമസ്യാവ് ഇങ്ങനെ പറഞ്ഞു: ”യിസ്രായേലില്‍ പ്രവചിക്കാന്‍ നീ യെഹൂദയില്‍ നിന്നു വന്നതാണ്. യെഹൂദയില്‍ മടങ്ങിപ്പോയി അവിടെ നിന്റെ പ്രവചനം കൊണ്ട് പണം ഉണ്ടാക്കിക്കൊള്‍ക. (‘അവിടെ പ്രവചിച്ച് അഹോവൃത്തി കഴിച്ചുകൊള്‍ക’-7:12). ഇവിടെ ഞങ്ങള്‍ക്ക് ആവശ്യ ത്തിലേറെ പ്രവാചകന്മാരുണ്ട്. അതുകൊണ്ട് ഇവിടെ ഞങ്ങള്‍ക്ക് നിന്റെ പ്രവചനങ്ങളൊന്നും കേള്‍ക്കേണ്ട.”

പക്ഷേ ഇതിന് ആമോസിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”അമസ്യാവേ കേള്‍ക്കുക. ഞാന്‍ നിന്നെപ്പോലെ പ്രവാചക ശുശ്രൂഷ ഒരു തൊഴിലായി എടുത്തവനല്ല. ഞാന്‍ പരിശീലനത്തിന് ഒരു ബൈബിള്‍ സ്‌കൂളിലും പോയിട്ടില്ല. ഞാനൊരു ആട്ടിടയനും കര്‍ഷകനുമാണ്. ഞാനെന്റെ ആടുകളെയും അത്തിമരങ്ങളെയും നോക്കിക്കഴിയവേ, ഒരു ദിവസം ദൈവം എന്നോട് യിസ്രായേലില്‍ പോയി പ്രവചിക്കാന്‍ പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്. ഞാന്‍ ഇവിടെ വന്നത് പ്രവാചകനെന്ന നിലയില്‍ പണം ഉണ്ടാക്കാനോ ഉപജീവനം കഴിക്കാനോ അല്ല. പിന്നെ അമസ്യാവേ നീ എന്നെ എതിര്‍ത്തതു കൊണ്ട് ദൈവം നിന്നെ ന്യായം വിധിക്കും. നിന്റെ ഭാര്യ നഗരത്തില്‍ ഒരു വേശ്യയാകും. നിന്റെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും. നീ ഒരു വിദേശ രാജ്യത്തു വച്ചു മരിക്കും” (7:14-17).

ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ പ്രവാചകനോടു പോരാടുന്നതു തീര്‍ച്ചയായും അപകടകരമാണ്.

തുടര്‍ന്ന് യിസ്രായേല്‍ ശിക്ഷയ്ക്കു പാകമായിരിക്കുന്നു എന്നു കാണിക്കാന്‍ വേണ്ടി ദൈവം ആമോസിനു പഴുത്ത പഴത്തിന്റെ ദര്‍ശനം നല്‍കുന്നു (8:2). എന്തിനാണ് യിസ്രായേലിനെ ശിക്ഷിക്കുന്നത്? കര്‍ത്താവു പറയുന്നു: ”ദരിദ്രരെ കൊള്ളയടിക്കുന്നവരും ആവശ്യക്കാരെ ചൂഷണം ചെയ്യുന്നവരുമായ കച്ചവടക്കാരേ കേള്‍ക്കുക. ശബ്ബത്തും മതപരമായ അവധി ദിവസങ്ങളും തീര്‍ന്നിട്ട് വീണ്ടും കള്ളത്തുലാസും മറ്റുമായി പോയി പാവങ്ങളെ വഞ്ചിക്കുവാന്‍ അത്യാകാംക്ഷയോടെ കാത്തു നില്ക്കുന്നവരേ, നിങ്ങള്‍ പാവങ്ങളെ അടിമകളാക്കുന്നു. ദരിദ്രരെ ഒരു കൂട്ടു ചെരിപ്പിന്റെയും കടത്തിന്റെയും പേരില്‍ നിങ്ങള്‍ വാങ്ങുന്നു. അവര്‍ക്കു നിങ്ങള്‍ കോതമ്പിന്റെ പതിര്‍ വില്ക്കുന്നു. ഞാന്‍ നിങ്ങളുടെ പ്രവൃത്തികളില്‍ യാതൊന്നും ഒരുനാളും മറക്കയില്ല എന്ന് യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. അതു നിമിത്തം ഭൂമി നടുങ്ങും. അതില്‍ പാര്‍ക്കുന്ന ഏവനും ഭ്രമിച്ചു പോകും” (8:4-7).

അന്ത്യനാളുകളെക്കുറിച്ച് 8:11,12-ല്‍ ഈ പ്രവാചക വാക്യങ്ങള്‍ നാം വായിക്കുന്നു: ”അന്ത്യനാളില്‍ ഒരു ക്ഷാമം ഉണ്ടാകും. അത് അപ്പത്തിനായുള്ള വിശപ്പല്ല വെള്ളത്തിനായുള്ള ദാഹവുമല്ല. കര്‍ത്താവിന്റെ വചനങ്ങളെ കേള്‍ക്കേണ്ടതിനുള്ള വിശപ്പു തന്നെ ഞാന്‍ ദേശത്തേക്ക് അയയ്ക്കുന്ന നാളുകള്‍ വരുന്നു. അന്ന് ആളുകള്‍ ദൈവവചനം അന്വേഷിച്ച് അലഞ്ഞു നടക്കും.” ആ ക്ഷാമം നാം ഇന്നു കാണുന്നു. ‘ദൈവവചനം’ ബൈബിളിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അതിന് ഇന്നു ക്ഷാമമൊന്നുമില്ല. ബൈബിള്‍ സൊസൈറ്റി ഓരോ വര്‍ഷവും ലക്ഷക്കണക്കിനു ബൈബിളുകള്‍ വിതരണം ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്ക പ്പെടുന്ന പുസ്തകവും ബൈബിളാണ്. പക്ഷേ ഇവിടെ പറയുന്നത് ‘കര്‍ത്താവിന്റെ വചനങ്ങളെ’ക്കുറിച്ചാണ്- ആ സമയത്തെ ആവശ്യത്തിനനുസരിച്ച് ദൈവത്തില്‍ നിന്നുള്ള ഒരു പ്രവാചക വാക്യം ഒരു പ്രവാചകന്റെ വായിലൂടെ വരുന്നതിനെയാണ് ഇതു കുറിക്കുന്നത്. അന്ത്യനാളുകളില്‍ കര്‍ത്താവിന്റെ വചനം ദുര്‍ല്ലഭമായിരിക്കും. യഥാര്‍ത്ഥ പ്രവാചകനെ കേള്‍ക്കാനായി അന്ന് ആളുകള്‍ എല്ലായിടത്തും ഉഴന്നു നടക്കും. പക്ഷേ അങ്ങനെയൊരു പ്രവാചകനെ കണ്ടെത്തുക എളുപ്പമായിരിക്കുകയില്ല. അതുകൊണ്ട് കര്‍ത്താവില്‍ നിന്നുള്ള ഒരു പ്രവചനവാക്യം കേള്‍ക്കുവാന്‍ നിങ്ങള്‍ക്ക് ഒരവസരം ലഭിച്ചാല്‍ അതു മുഴുവന്‍ ശ്രദ്ധയും നല്‍കി കേള്‍ക്കുകയും അതിനെ ഗൗരവമായി എടുക്കുകയും ചെയ്യുക.

ദൈവം യിസ്രായേലിനെ ന്യായം വിധിക്കുമ്പോള്‍ തന്നെ യഥാര്‍ത്ഥമായി ഭയപ്പെടുന്നവര്‍ രക്ഷ പ്രാപിക്കും. ”അരിപ്പകൊണ്ട് അരിക്കുന്നതുപോലെ ഞാന്‍ യിസ്രായേല്‍ ഗൃഹത്തെ സകല ജാതികളാലും അരിപ്പാന്‍ കല്പിക്കും. ഒരു യഥാര്‍ത്ഥ മണിപോലും നിലത്തു വീഴുകയില്ല. എന്നാല്‍ ‘ദൈവം ഞങ്ങളെ തൊടുകയില്ല’ എന്നു പറയുന്ന ഈ പാപികളെല്ലാം വാള്‍കൊണ്ടു വീഴും”(9:9,10). ദൈവമക്കളെ കഴിയുമെങ്കില്‍ പാറ്റാന്‍ വേണ്ടി സാത്താന്റെ കയ്യില്‍ അവന്റേതായ ഒരു അരിപ്പയുണ്ട് (ലൂക്കൊ. 22:31 കാണുക). പക്ഷേ നമ്മുടെ കര്‍ത്താവു നമുക്കു വേണ്ടി പ്രാര്‍ത്ഥിക്കും. നമ്മുടെ വിശ്വാസം പരാജയപ്പെടുകയില്ല.

അപ്പോള്‍ കര്‍ത്താവു പറയും: ”വീണുപോയ ദാവീദിന്‍ കൂടാരത്തെ ഞാന്‍ അന്നാളില്‍ നിവര്‍ത്തുകയും അതിനെ പുരാതന കാലത്തില്‍ എന്നപോലെ പണിയുകയും ചെയ്യും” (9:12). സഭയുടെ പണിയോടുള്ള ബന്ധത്തില്‍ ഈ വാക്യം യാക്കോബ് ഉദ്ധരിക്കുന്നുണ്ട് (പ്രവൃ. 15:16,17). പല സ്ഥലങ്ങളിലും സഭ വീണു പോയ അവസ്ഥയിലാണ്. എന്നാല്‍ കര്‍ത്താവു പറയുന്നു: ”ഞാന്‍ അതിനെ പുനര്‍നിര്‍മിക്കും.”

ഒടുവില്‍ ‘ഉഴുന്നവന്‍ കൊയ്യുന്നവനെ മറികടക്കുന്ന’ (9:13) സമയംവരും. അതിന്റെ അര്‍ത്ഥം ഇതാണ്: നാം ഭൂതകാലത്തില്‍ ഏറെ തിന്മ വിതച്ചു. അവ ക്ഷമിക്കപ്പെട്ടെങ്കിലും ഇന്നും അവയില്‍ പലതിന്റെയും അനന്തരഫലം നാം ചെറിയ തോതില്‍ കൊയ്തുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്ന് ഒരു പൂര്‍ണമനസ്‌കനായ ശിഷ്യനായി തീര്‍ന്ന ശേഷം ഇപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍ വിതയ്ക്കുന്നവ നിങ്ങള്‍ കൊയ്യുന്ന പലതിനേയും (നിങ്ങളുടെ ഭൂതകാലത്തിന്റെ അടിസ്ഥാനത്തില്‍) മായിച്ചു കളയുന്ന ഒരു സമയം വേഗം വരും. ഉദാഹരണത്തിനു കഴിഞ്ഞ കാലത്തു കാണുകയും വായിക്കുകയും ചെയ്ത അശ്ലീലമായ കാര്യങ്ങള്‍ മലിന ചിന്തകളായും സ്വപ്നങ്ങളായും നിങ്ങളുടെ മനസ്സിനെ വേട്ടയാടുന്നുണ്ടായിരുന്നു. പക്ഷേ ഇന്നു നിങ്ങള്‍ മനസ്സിനെ ദൈവവചനം കൊണ്ടു നിറയ്ക്കുന്നതിനാല്‍ ആത്മീയ കാര്യങ്ങള്‍ സംബന്ധിച്ച ചിന്തകളും സ്വപ്നങ്ങളും പഴയ കാര്യങ്ങളെ പുറത്താക്കി നിങ്ങളുടെ ഹൃദയത്തെ നിറയ്ക്കുന്നു. അങ്ങനെ നിങ്ങളുടെ ജീവിതം ദൈവത്തിനു ഫലമുള്ളതായി തീരുന്നു.

എത്ര തേജസ്സേറിയ വാഗ്ദാനമാണിത്! ഹല്ലേലുയ്യ!

What’s New?