ബൈബിളിലൂടെ : ദാനിയേല്‍

യഥാസ്ഥാപനം ഒരു മനുഷ്യനില്‍ നിന്ന് ആരംഭിക്കുന്നു



പീഡനങ്ങളുടെ കാലത്ത് ഏറെ പ്രസക്തിയുള്ള ഒരു പുസ്തകമാണ് ദാനിയേല്‍. പീഡനങ്ങളുടെ സമയത്ത് ഒരു ദൈവമനുഷ്യന്‍ എങ്ങനെയാണു പെരുമാറേണ്ടതെന്ന് ഈ പുസ്തകം നമ്മെ കാട്ടിത്തരുന്നു.

ബാബിലോണില്‍ നിന്നു യെരുശലേമിലേക്ക് (ദുഷിച്ച ഒത്തുതീര്‍പ്പു ക്രിസ്തീയതയില്‍ നിന്ന് ദൈവത്തിന്റെ പുതിയ ഉടമ്പടി സഭയിലേക്ക്) ഉള്ള മുന്നേറ്റത്തിന്റെ തുടക്കവും നാം ഇവിടെയാണു കാണുന്നത്. അത് ആരംഭിക്കുന്നത് സത്യസന്ധനായ, ഒത്തു തീര്‍പ്പുകാരനല്ലാത്ത, ഒരു മനുഷ്യനില്‍ നിന്നാണ്. ദൈവത്തിന്റെ ലക്ഷ്യങ്ങളില്‍ തല്പരനായ അവന്‍ അവയുടെ പൂര്‍ത്തീകരണത്തിനായി പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു. വിശ്വസ്തനായ ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ ദാനിയേല്‍ ആരംഭിച്ചപ്പോള്‍ വാസ്തവത്തില്‍ എത്ര വലിയ ശുശ്രൂഷയാണു തന്റെ മുമ്പിലുള്ളതെന്ന് അവന്‍ അറിഞ്ഞിരുന്നില്ല. ഈ പുസ്തകം ആരംഭിക്കുമ്പോള്‍ 17 വയസ്സും അവസാനിക്കുമ്പോള്‍ ഏകദേശം 90 വയസ്സുമായിരുന്നു ദാനിയേലിനു പ്രായം. ബാബേല്‍ പ്രവാസത്തിന്റെ 70 വര്‍ഷത്തിലൂടെയും അവന്‍ കടന്നു പോകുകയും പ്രവാസ കാലത്തിലുടനീളം വിശ്വസ്തനായി നില്ക്കുകയും ചെയ്തു. അതു കൊണ്ടാണ് ‘ബാബിലോണില്‍ നിന്ന് യെരുശലേമിലേക്ക് എന്ന മുന്നേറ്റം’ ആരംഭിക്കാന്‍ ദൈവത്തിന് അവനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞത്.

ഒത്തുതീര്‍പ്പുകാരനല്ലാത്ത ഒരുവന്‍

ഏതു സ്ഥലത്തും ദൈവത്തിന് ഒരു നിര്‍മലമായ സഭ ആരംഭിക്കാന്‍ കഴിയുന്നത് അതിനായി ഭാരമുള്ള ഒരുവനില്‍ നിന്നാണ്. അവന്‍ തന്റെ ഭാരം പ്രാര്‍ത്ഥനയിലൂടെ ദൈവമുന്‍പാകെ ഇങ്ങനെ അറിയിക്കുന്നു: ‘കര്‍ത്താവേ, ഇവിടെ നിനക്കായി ഒരു നിര്‍മലമായ സഭ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള എന്തു വിലയും നല്‍കാന്‍ ഞാന്‍ തയ്യാറാണ്.” ഈ ഭാരം നിങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ പിന്നേയും പിന്നേയും ദൈവമുന്‍പാകെ കൊണ്ടുവരണം. ദീര്‍ഘനാളത്തേക്ക് നിങ്ങള്‍ ആ ഭാരം വഹിക്കണം. ഒരു പുതിയ ഉടമ്പടി സഭയുടെ തുടക്കം കാണുന്നതിനു മുന്‍പ് ഏകദേശം പത്തുവര്‍ഷം ഞാന്‍ ആ ഭാരം വഹിക്കേണ്ടി വന്നു. ദൈവം നിങ്ങളുടെ വിശ്വസ്തതയെ പരീക്ഷിക്കും. ഒരമ്മ ഗര്‍ഭ പാത്രത്തില്‍ തന്റെ കുഞ്ഞിനെ വഹിക്കുന്നതു പോലെ ഈ ഭാരം നമ്മള്‍ ഹൃദയത്തില്‍ വഹിക്കണം. ദാനിയേല്‍ തന്റെ ഹൃദയത്തില്‍ ഈ ഭാരം വഹിച്ചിരുന്നത് അങ്ങനെയാണ്. ഇത് മൂലം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റു ചിലരും (ഹഗ്ഗായി, സെരുബ്ബാബേല്‍, യേശുവ, സെഖര്യാവ്, എസ്ര, നെഹെമ്യാവ് തുടങ്ങിയവര്‍) ഈ ഭാരം വഹിക്കാന്‍ ഇടയായി. നിങ്ങളുടെ ഭാരത്തില്‍ പങ്കാളികളാകുന്ന ചിലരെ കൂടി ദൈവം നിങ്ങളോടു കൂടെ കൂട്ടിച്ചേര്‍ക്കും. അവരോടൊപ്പം ദൈവത്തിന്റെ പുതിയ ഉടമ്പടി സഭ പണിയാന്‍ ദൈവം നിങ്ങളെ ശക്തീകരിക്കും. ദാനിയേല്‍ ഏറെ പ്രായം ചെന്നിരുന്നതുകൊണ്ട് യെരുശലേമിലേക്കു മടങ്ങിപ്പോയി ദൈവാലയം പണിയാന്‍ 90-ാം വയസ്സില്‍ അവനു കഴിയുമായിരുന്നില്ല. പക്ഷേ പ്രാര്‍ത്ഥനയോടെ കര്‍ട്ടനു പിന്നില്‍ നിന്നുകൊണ്ട് എല്ലാറ്റിനും തുടക്കം കുറിക്കാന്‍ അവനു കഴിഞ്ഞു.

ദാനിയേല്‍ ഒരു ജാതീയ രാജ്യത്താണു ജീവിക്കാന്‍ ഇടവന്നത്. അതുകൊണ്ട് ഇന്ത്യയില്‍ ജീവിക്കുന്ന നമുക്ക് അവന്‍ പ്രത്യേകിച്ചും ഒരു മാതൃകയാണ്- ക്രിസ്തീയ ആദര്‍ശങ്ങളില്‍ ഒത്തുതീര്‍പ്പില്ലാതെ ഒരു അക്രൈസ്തവ രാജ്യത്തില്‍ എങ്ങനെ ദൈവത്തിനായി ജീവിക്കണമെന്ന കാര്യത്തില്‍. ദാനിയേലിന് മൂന്നു പൂര്‍ണ മനസ്‌കരായ ആളുകളെ മാത്രമേ സംഘടിപ്പിക്കാന്‍ കഴിഞ്ഞുള്ളു- ഹനന്യാവ്, മിശായേല്‍, അസര്യാവ് (അവരുടെ ബാബിലോന്യ പേരുകളാണ് കൂടുതല്‍ പ്രസിദ്ധം- ശദ്രക്, മേശക്, അബേദ്-നെഗോ). പക്ഷേ ഈ നാലു യുവാക്കളും ബാബിലോണിന്റെ മധ്യത്തില്‍ ദൈവത്തിന്റെ ശക്തരായ സാക്ഷികളായി നിലകൊണ്ടു- ലോകത്തിലെ അന്നത്തെ അതുല്യശക്തിയായ സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് ഒരു നാലംഗ ദൈവസഭ. ബാബിലോണില്‍ അക്കാലത്തുണ്ടായിരുന്ന ആയിരക്കണക്കിന് യെഹൂദന്മാരെക്കാളേറെ ഈ നാല്‍വര്‍ സംഘത്തിന് ആ രാജ്യത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കില്‍ അതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളു: മറ്റുള്ളവരെല്ലാം ഒത്തുതീര്‍പ്പുകാരായപ്പോള്‍, ഇവര്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങിയില്ല.

ധാരാളം ക്രിസ്ത്യാനികള്‍ ഒപ്പം ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഗ്രാമത്തെയോ രാജ്യത്തേയോ സ്വാധീനിക്കാന്‍ കഴിയും എന്നു കരുതരുത്. ദൈവത്തിനായി നില കൊണ്ട നാലുപേര്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തേയും അതിന്റെ ഭരണാധികാരികളെയും സ്വാധീനിച്ചു. ഇതില്‍ നിന്നുള്ള സന്ദേശം ഇതാണ്: അംഗസംഖ്യകൊണ്ടോ മാനുഷിക ശക്തി കൊണ്ടോ അല്ല തന്റെ ആത്മാവിനാലാണു ദൈവം തന്റെ പ്രവൃത്തി ചെയ്യുന്നത്. സത്യസന്ധരും ഒത്തുതീര്‍പ്പിനു വഴങ്ങാത്ത വരുമായ ആളുകളെയാണു ദൈവം നോക്കുന്നത്.

ദാനിയേലിന്റെ പുസ്തകത്തിലെ താക്കോല്‍ വാക്കുകളിലൊന്ന് ”ദര്‍ശനം” എന്നതാണ്. ദര്‍ശനമുള്ള ആളുകളെയാണു ദൈവത്തിനു വേണ്ടത്. ഈ പുസ്തകത്തില്‍ നാല്പതോളം പ്രാവശ്യം ഈ വാക്കു വരുന്നു. ദൈവത്തോടും മനുഷ്യനോടുമുള്ള ദാനിയേലിന്റെ മനോഭാവത്തെ കുറിക്കുന്ന മറ്റു രണ്ടു പ്രയോഗങ്ങളും നിങ്ങള്‍ കാണണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ ആദ്യത്തെ പ്രയോഗം ‘കര്‍ത്താവ് അവന്റെ കയ്യില്‍ ഏല്പിച്ചു'(1:2)- നെബുഖദ്‌നേസര്‍ യെരുശലേം പിടിച്ചതിനെക്കുറിച്ചുള്ള പരാമര്‍ശം. യെഹൂദന്മാരെ ഒരു പാഠം പഠിപ്പിക്കാനായി യെരുശലേമിനു മേല്‍ നെബുഖദ്‌നേസറിനു വിജയം അനുവദിച്ചതു ദൈവം തന്നെയാണെന്നു ദാനിയേല്‍ കണ്ടു. അതുകൊണ്ട് ദൈവത്തെക്കുറിച്ചുള്ള ദാനിയേലിന്റെ മനോഭാവം, ഭൂമിയിലുള്ള എല്ലാ കാര്യങ്ങളുടെ മേലും അവിടുന്നു പൂര്‍ണ്ണ ആധിപത്യമുള്ളവനെന്നതാണ്. ദാനിയേലിന്റെ പുസ്തകത്തിലെ രണ്ടാമത്തെ പ്രയോഗം ഇതാണ്: ‘തന്നെത്താന്‍ അശുദ്ധമാക്കുകയില്ലെന്നു ഹൃദയത്തില്‍ നിശ്ചയിച്ചു’ (1:8). ‘എന്തു കാര്യത്തിലും ഒരിക്കലും ഒത്തുതീര്‍പ്പില്ല’ എന്നതായിരുന്നു മനുഷ്യരോടുള്ള ദാനിയേലിന്റെ മനോഭാവം.

പീഡനത്തിന്റെ സമയങ്ങളില്‍ നമുക്കും ഉണ്ടായിരിക്കേണ്ട രണ്ടു മനോഭാവങ്ങള്‍ ഇവയാണ്. ദൈവത്തെ അറിഞ്ഞു കൂടാത്ത ഒരു ജാതീയ രാജാവാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്ന് ഇരുന്നാലും കര്‍ത്താവാണ് അവന് ആ സ്ഥാനം നല്‍കിയതെന്നു നാം ഓര്‍ത്തിരിക്കണം. തിരഞ്ഞെടുപ്പിലോ യുദ്ധത്തിലോ ജയിച്ച് ഒരു രാജ്യത്തെ ഭരിക്കാന്‍ ഒരുവനെ അനുവദിക്കുന്നതു കര്‍ത്താവാണ്. നെബുഖദ്‌നേസറിനു ദൈവത്തെ അറിഞ്ഞുകൂടായിരുന്നു. എന്നാല്‍ അപ്പോഴും ദൈവം അവനെ നിയന്ത്രിച്ചു. നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ദൈവത്തെ അറിഞ്ഞു കൂടായിരിക്കും. എന്നാല്‍ ദൈവമാണ് അവരേയും നിയന്ത്രിക്കുന്നത്. അതുപോലെ നമ്മുടെ രാജ്യത്തു ദൈവത്തിനു ദാനിയേലിനെ പോലെയുള്ള ആളുകള്‍ ഉണ്ടെങ്കില്‍ ദൈവത്തിനു തന്റെ ഉദ്ദേശ്യം നിറവേറ്റാന്‍ കഴിയും. ഒത്തു തീര്‍പ്പിനായി നാം പ്രലോഭിപ്പിക്കപ്പെടുകയോ പ്രേരിപ്പിക്കപ്പെടുകയോ നമ്മുടെ ചുറ്റുമുള്ള ക്രിസ്ത്യാനികള്‍ ഒത്തു തീര്‍പ്പുകാരായി മാറുന്നതു നാം കാണുകയോ ചെയ്യുമ്പോഴാണ് നാം ദൈവത്തിനായി സ്ഥിരതയോടെ നില്ക്കുകയും അല്പം പോലും വഴങ്ങാതിരിക്കുകയും ചെയ്യേണ്ടത്. ഒരു പാപം കൊണ്ടും നമ്മുടെ മനഃസാക്ഷിയെ മലിനപ്പെടുത്താന്‍ നാം അനുവദിക്കരുത്. എന്നാല്‍ നാം എവിടെയെങ്കിലും വീണാല്‍ നാം ഉടനെ നമ്മുടെ പാപം ഏറ്റു പറഞ്ഞ് യേശുവിന്റെ രക്തത്താലുള്ള കഴുകല്‍ പ്രാപിക്കണം. തെറ്റു ചെയ്ത ആളുകളോട് ക്ഷമ പറഞ്ഞ് കാര്യങ്ങള്‍ ക്രമീകരിക്കണം. ഒരു കാരണവശാലും ഒത്തുതീര്‍പ്പിനു തയ്യാറാകരുത്. ഒരാളെയും പ്രസാദിപ്പിക്കാനും ശ്രമിക്കരുത്. ഒരു നെബുഖദ്‌നേസറിനെയും അയാളുടെ ഒരു ഭരണാധികാരിയെയും പ്രീതിപ്പെടുത്താന്‍ നാം നോക്കരുത്. അവര്‍ നമ്മുടെ രാജ്യം ഭരിക്കുന്നവരാണെങ്കില്‍ നാം അവര്‍ക്കു കീഴടങ്ങും. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടാലും നാം നമ്മുടെ ബോധ്യങ്ങളില്‍ ഒത്തു തീര്‍പ്പിനു തയ്യാറാവുകയില്ല.

താന്‍ മലിനപ്പെടുകയില്ലെന്നു മനസ്സില്‍ നിശ്ചയിച്ച ഉടനെ ദാനിയേലിന് ആദ്യം ഉണ്ടായ പരീക്ഷ ഭക്ഷണം സംബന്ധിച്ചാണ്. ആദമിനും ഹവ്വയ്ക്കും ഉണ്ടായ ആദ്യപരീക്ഷയും ഭക്ഷണത്തോടു ബന്ധപ്പെട്ടായിരുന്നു. മരുഭൂമിയില്‍ യേശുവിനു സംഭവിച്ച ഒന്നാമത്തെ പരീക്ഷയും ഭക്ഷണം സംബന്ധിച്ചായിരുന്നല്ലോ. ദൈവത്തിന്റെ പ്രമാണങ്ങളോട് ഒത്തുതീര്‍പ്പ് ഉള്‍ക്കൊള്ളുന്നതാണെങ്കില്‍ സ്വാദിഷ്ഠമായ ഭക്ഷണത്തോടുള്ള നിങ്ങളുടെ നിലപാട് എന്തായിരിക്കും? ഏശാവിനു തന്റെ ജ്യേഷ്ഠാവകാശം നഷ്ടപ്പെട്ടതു ഭക്ഷണം മൂലമാണ്. അതുപോലെ ഏശാവു കൊണ്ടുവന്ന സ്വാദിഷ്ടമായ ഭക്ഷണത്തോടുള്ള താല്‍പര്യമാണ് യിസ്ഹാക്കിന്റെ ആത്മീയദര്‍ശനം നഷ്ടമാക്കിയത്. എന്നാല്‍ ദാനിയേലിന്റെ നിലപാട് വളരെ വ്യക്തമായിരുന്നു: ”ഇത്തരം ഭക്ഷണം അരുതെന്നു ദൈവം തന്റെ വചനത്തില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ഇവ ഭക്ഷിക്കുകയില്ല.” ദാനിയേല്‍ ചെറുപ്പത്തില്‍ തന്നെ തിരുവചനം പഠിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ചിലതരം മാംസാഹാരം മോശെയുടെ നിയമങ്ങളിലും മദ്യം സദൃശവാക്യങ്ങളിലും പൂര്‍ണമായി വിലക്കിയിട്ടുണ്ടെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് എന്തുവില കൊടുക്കേണ്ടി വന്നാലും ദൈവത്തെ അനുസരിപ്പാന്‍ അവന്‍ തീരുമാനിച്ചു.

മറ്റെല്ലാ യെഹൂദരും ഒത്തുതീര്‍പ്പിനു വഴങ്ങിയതുകൊണ്ട് തുടക്കത്തില്‍ ദാനിയേലിന് ഒറ്റയ്ക്കു നില്‌ക്കേണ്ടി വന്നു. എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ ദൈവത്തിനായി ഒരു നിലപാടെടുക്കുന്നതു കണ്ടപ്പോള്‍ ഹനന്യാവ്, മീശായേല്‍, അസര്യാവ് എന്നിവര്‍ക്കും അവനോടൊപ്പം ചേര്‍ന്നു നില്ക്കാനുള്ള ധൈര്യം ലഭിച്ചു (1:11). ദാനിയേല്‍ ഇങ്ങനെ ദൈവത്തിനു വേണ്ടി ഒരു നിലപാടെടുത്തിരുന്നില്ലെങ്കില്‍ നാം ഒരിക്കലും ഹനന്യാവ്, മീശായേല്‍, അസര്യാവ് എന്നിവരെപ്പറ്റി കേള്‍ക്കുമായിരുന്നില്ല.

ദൈവമക്കളില്‍ മൂന്നു തരം ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഒന്ന്: യാതൊരു തത്ത്വ ദീക്ഷയുമില്ലാതെ തങ്ങള്‍ക്കു താത്പര്യം തോന്നുന്നതിനു പിന്നാലെ പോകുന്ന ഒത്തു തീര്‍പ്പുകാരായ വിശ്വാസികള്‍. ഇന്നു ക്രിസ്തീയ ലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ ഇങ്ങനെയാണ്. രണ്ടാമതൊരു കൂട്ടര്‍ ഹനന്യാവ്, മീശായേല്‍, അസര്യാവ് എന്നിവരെപ്പോലെയാണ്- സ്വന്തമായി ഒരു നിലപാടെടുക്കാന്‍ ധൈര്യമില്ലെങ്കിലും മറ്റാരെങ്കിലും കര്‍ത്താവിനു വേണ്ടി ഒരു നിലപാടെടുത്താല്‍ അവരോടു ചേര്‍ന്നു നില്ക്കാന്‍ തയ്യാറുള്ളവര്‍. ഇവര്‍ ആദ്യം പറഞ്ഞവരെക്കാള്‍ എണ്ണത്തില്‍ ചുരുക്കമായിരിക്കും. മൂന്നാമത്തെ കൂട്ടര്‍ ദാനിയേലിനെപ്പോലെയുള്ളവര്‍- മറ്റാരും ഒരു നിലപാടെടുത്തില്ലെങ്കിലും ദൈവത്തിനായി തനിയെ നില്ക്കാന്‍ തയ്യാറുള്ളവര്‍. ഇവരുടെ എണ്ണം തുലോം പരിമിതമായിരിക്കും. ഇവര്‍ അവിടെയും ഇവിടെയും ഓരോരുത്തര്‍ എന്ന നിലയിലായിരിക്കും. ഈ മൂന്നു കൂട്ടരും ദൈവാലയത്തിലെ പ്രാകാരം, വിശുദ്ധ സ്ഥലം, അതിവിശുദ്ധസ്ഥലം എന്ന തരംതിരിവു പോലെയാണ്.

ഇന്ത്യയില്‍ ഹനന്യാവ്, മീശായേല്‍, അസര്യാവ് എന്നിവരെപ്പോലെ തങ്ങളുടെ പ്രദേശത്ത് കര്‍ത്താവിന് ഒരു നിര്‍മല സാക്ഷ്യം ഉണ്ടാകുവാന്‍ വേണ്ടി ദൈവത്തിനായി ഒരു നിലപാടെടുക്കാന്‍ താല്പര്യമുള്ള അനേകരുണ്ടെന്നു ഞാന്‍ കരുതുന്നു. എന്നാല്‍ ഒറ്റയ്ക്ക് ഒരു നിലപാടെടുക്കാന്‍ അവര്‍ക്കു ധൈര്യമില്ല. അവര്‍ ദാനിയേലിനെപ്പോലെ ഒരു നേതാവിനെ നോക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു ദാനിയേല്‍ തങ്ങളുടെ ഗ്രാമത്തിലോ പട്ടണത്തിലോ വന്നാല്‍ അപ്പോള്‍ ആ ക്രിസ്ത്യാനികള്‍ അദ്ദേഹത്തോടൊപ്പം ചേരും. എന്നാല്‍ തങ്ങളുടെ സ്ഥലത്ത് ഇങ്ങനെയൊരു ദാനിയേല്‍ ഒരിക്കലും വന്നില്ലെങ്കില്‍ കര്‍ത്താവിനായി ഒരു സാക്ഷ്യമാകാതെ ഇവര്‍ ജീവിച്ചു മരിക്കും.

അതുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യം ദാനിയേല്‍മാര്‍ ഉണ്ടാകുക എന്നതാണ്. തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ലെന്നു ഹൃദയത്തില്‍ നിര്‍ണയമുള്ള ദാനിയേല്‍മാര്‍ക്കായി ദൈവം നോക്കിക്കൊണ്ടിരിക്കുന്നു. എപ്പോള്‍ ദാനിയേല്‍മാര്‍ ദൈവത്തിനായി ഒരു നിലപാടെടുക്കുമോ അപ്പോള്‍ അവര്‍ സ്വാഭാവികമായി, ഹനന്യാവ്, മീശായേല്‍, അസര്യാവുമാരെ തങ്ങളിലേക്ക് ആകര്‍ഷിക്കും. ഇന്ത്യയില്‍ പല സ്ഥലങ്ങളില്‍ ഇതു നടക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നാമതു ദൈവം ഒരു ദാനിയേലിനെ നോക്കുന്നു. തനിക്ക് ഒരു ദാനിയേലിനെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നീടൊന്നും സംഭവിക്കുകയില്ല. തങ്ങള്‍ക്കായി ഒന്നും അന്വേഷിക്കാത്തവര്‍, തങ്ങള്‍ക്കായി പ്രത്യേകിച്ചൊന്നിലും താല്‍പര്യമില്ലാത്തവര്‍, ആവശ്യമെങ്കില്‍ തങ്ങളുടെ ജീവിതം നഷ്ടപ്പെടുത്താന്‍ തയ്യാറുള്ളവര്‍- ഇങ്ങനെയുള്ളവരെയാണ് ദൈവം നോക്കിക്കൊണ്ടിരിക്കുന്നത്. ദാനിയേലിന് അന്നു 17 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. ഇന്നും ദൈവം ഒരു പതിനേഴുകാരനെ തിരഞ്ഞെടുത്തു പ്രവാചകനാക്കി തനിക്കായി ഒരു നിലപാടെടുക്കാന്‍ ശക്തനാക്കും. മറ്റു മൂന്നുപേര്‍ ദാനിയേലിനെക്കാള്‍ പ്രായമുള്ളവരായിരുന്നിരിക്കാം. എന്നാല്‍ അവര്‍ അദ്ദേഹത്തെ ദൈവം നിയമിച്ച ഒരു നേതാവ് എന്നു തിരിച്ചറിഞ്ഞ് അദ്ദേഹത്തിനു കീഴടങ്ങി ഇരിക്കുകയാണുണ്ടായത്.

ദൈവശക്തിയിലുള്ള വിശ്വാസം

ദാനിയേലിന് വിശ്വാസവും ഉണ്ടായിരുന്നു. ഭക്ഷണം സംബന്ധിച്ചു രാജാവു തങ്ങളുടെ മേല്‍ ആക്കിയിരുന്ന മേല്‍വിചാരകന്‍ മെല്‍സറിനോട് ദാനിയേല്‍ ഇങ്ങനെ പറഞ്ഞു: ”ഞങ്ങള്‍ക്കു സസ്യാഹാരവും വെള്ളവും മാത്രം തന്നു 10 ദിവസം ഞങ്ങളെ പരീക്ഷിച്ചാലും. രാജകീയ ഭോജനം കഴിക്കുന്ന മറ്റ് യെഹൂദന്മാരെക്കാള്‍ ഞങ്ങള്‍ ശാരീരികമായി മെച്ചപ്പെട്ടവരായിരിക്കുമെന്നു ഞങ്ങള്‍ കരുതുന്നു.” തങ്ങളുടെ വെളിച്ചം കട്ടിലിന്‍കീഴില്‍ ഒളിച്ചു വയ്ക്കുന്നവരെയല്ല തങ്ങളുടെ വിശ്വാസം ധൈര്യപൂര്‍വ്വം മറ്റുള്ളവരുടെ മുന്‍പില്‍ ഏറ്റു പറയുന്നവരെയാണു ദൈവം നോക്കുന്നത്. ദാനിയേല്‍ പറഞ്ഞതുപോലെ തന്നെ പത്തു ദിവസത്തിനു ശേഷം അവര്‍ മറ്റുള്ളവരെക്കാള്‍ ആരോഗ്യമുള്ളവരും ശക്തരുമായി കാണപ്പെട്ടു (1:11-15). ഭക്ഷണം പോലെ ലളിതമായ കാര്യത്തില്‍ അവര്‍ എടുത്ത സ്വയനിഷേധം, പിന്നീടവരെ തീച്ചൂള, സിംഹക്കുഴി തുടങ്ങിയ കൂടുതല്‍ ഗൗരവമുള്ള പരീക്ഷകളെ അഭിമുഖീകരിക്കുവാന്‍ സജ്ജരാക്കി.

ദൈവം അവരുടെ ശരീരങ്ങള്‍ക്ക് എങ്ങനെ പ്രകൃത്യാതീതമായ ആരോഗ്യം നല്‍കിയെന്ന് അവിടെ നാം കാണുന്നു. തുടര്‍ന്ന് അവരുടെ മനസ്സിന് ദൈവം എങ്ങനെ അമാനുഷികമായ ബുദ്ധിശക്തി നല്‍കിയെന്നു നാം വായിക്കുന്നു. സാഹിത്യവും ശാസ്ത്രവും അഭ്യസിക്കുവാന്‍ ദൈവം ഈ നാലു പേര്‍ക്കും പ്രത്യേക താത്പര്യം കൊടുത്തു. ദാനിയേലിനു തന്റെ ആത്മാവിലും ദൈവം വലിയ തിരിച്ചറിവു നല്‍കി. ഇതുമൂലം ദര്‍ശനങ്ങളും സ്വപ്നങ്ങളും വ്യാഖ്യാനിക്കാനുള്ള കഴിവ് ദാനിയേലിനു ലഭിച്ചു. ചുരുക്കത്തില്‍ ദൈവം അവരെ പ്രകൃത്യാതീതമായ നിലയില്‍ ശരീരത്തിലും മനസ്സിലും ആത്മാവിലും ശക്തിപ്പെടുത്തി. നമ്മുടെ ശരീരത്തിന് ആരോഗ്യം, മനസ്സിനു ബുദ്ധിശക്തി, പരിശുദ്ധാത്മാവിനാല്‍ ആത്മീയ ദര്‍ശനങ്ങള്‍, അവിടുത്തെ വഴികളെക്കുറിച്ചുള്ള ജ്ഞാനം എന്നിവ ലഭിക്കുന്നതിനു നാമും ദൈവത്തെ വിശ്വസിക്കാന്‍ പഠിക്കേണ്ടതുണ്ട്.

രണ്ടാം അധ്യായത്തില്‍ നെബുഖ്ദനേസറിനുണ്ടായ സ്വപ്നത്തെക്കുറിച്ചു നാം വായിക്കുന്നു. നെബുഖദ്‌നേസര്‍ ഉടനെ തന്റെ വിദ്വാന്മാരെ വിളിച്ച് ഇങ്ങനെ ആവശ്യപ്പെട്ടു: ‘ഞാന്‍ കണ്ട സ്വപ്നവും അതിന്റെ അര്‍ത്ഥവും വിശദീകരിക്കുക.’ എന്നാല്‍ ഈ വിദ്വാന്മാര്‍ ദൈവത്തോടു ബന്ധമില്ലാത്ത തട്ടിപ്പുകാരായ പ്രസംഗകരുടെ ചിത്രമാണ് കാഴ്ച വയ്ക്കുന്നത്. ഇത്തരം പ്രസംഗകര്‍ക്കു ദൈവവചനമോ കാലങ്ങളോ വ്യക്തമായി വിശദീകരിക്കാന്‍ കഴിയുകയില്ല. ആ വിദ്വാന്മാര്‍ ഇങ്ങനെ പറഞ്ഞു: ”നിങ്ങള്‍ കണ്ട സ്വപ്നം ദൈവത്തിനല്ലാതെ മനുഷ്യര്‍ക്കാര്‍ക്കും കാണിച്ചു തരാന്‍ കഴിയുകയില്ല. അത് അസാധ്യമാണ്. എന്നാല്‍ നിങ്ങള്‍ സ്വപ്നം പറഞ്ഞാല്‍ അര്‍ത്ഥം ഞങ്ങള്‍ പറയാം.” ആരെങ്കിലും അവര്‍ കണ്ട സ്വപ്നം പറഞ്ഞാല്‍ അതിനൊരു അര്‍ത്ഥം നമുക്കു തോന്നുന്നതു പറഞ്ഞു കൊടുക്കാനും എന്നിട്ട് അതു നമുക്കു ദൈവത്തില്‍ നിന്നു ലഭിച്ചതായി ഭാവിക്കാനും എളുപ്പമാണെന്നു നമുക്കറിയാം! ഇന്നും പ്രസംഗകരില്‍ പലരും ഇങ്ങനെയാണു ചെയ്യുന്നത്. എന്നാല്‍ നെബുഖദ്‌നേസര്‍ വളരെ ബുദ്ധിമാനായിരുന്നു. അദ്ദേഹം പറഞ്ഞു: ”നിങ്ങള്‍ ദൈവത്തോട് യഥാര്‍ത്ഥ ബന്ധം ഉള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് അര്‍ഥം മാത്രമല്ല സ്വപ്നം എന്തായിരുന്നുവെന്നു വിശദീകരിക്കുവാനും കഴിയും.”

ഒരു യഥാര്‍ത്ഥ ദൈവഭൃത്യന്‍ തന്റെ ശുശ്രൂഷയില്‍ തീര്‍ച്ചയായും ചില പ്രകൃത്യാതീത കാര്യങ്ങള്‍ അനുഭവിക്കും. നിങ്ങള്‍ ദൈവത്താല്‍ യഥാര്‍ത്ഥത്തില്‍ അഭിഷേകം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത്തരം അനുഭവങ്ങളുണ്ടാകും. നിങ്ങള്‍ ഒരു സ്ഥലത്തു പോകുന്നു. അവിടെ ആരെയും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. നിങ്ങള്‍ അവിടെ ദൈവവചനം പങ്കുവയ്ക്കുന്നു. പക്ഷേ അത് അവിടെ ഇരിക്കുന്ന ചിലരുടെ അപ്പോഴത്തെ ആവശ്യവുമായി വളരെ ബന്ധപ്പെട്ടതായിരുന്നു. ആരെങ്കിലും തങ്ങള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങള്‍ നിങ്ങളെ അറിയിച്ചു കാണുമെന്നു പോലും അവര്‍ ചിന്തിച്ചു പോകുന്നു. ഇതാണു നമ്മുടെ ശുശ്രൂഷയില്‍ നമുക്ക് ആവശ്യമുള്ള പ്രവചനത്തിന്റെ ആത്മാവ്. ഇതു വേണമെന്നുണ്ടെങ്കില്‍ നാം ഇതിനായി വാഞ്ഛിക്കണം. ‘പ്രവചനവരം തീവ്രതയോടെ വാഞ്ഛിക്കണ’മെന്നു ബൈബിള്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ടല്ലോ (1 കൊരി. 14:1).

ഈ വിഷയം കേട്ടപ്പോള്‍ ദാനിയേല്‍ ശാന്തനായിരുന്നു. ആ സന്ദര്‍ഭത്തെ വലിയ ജ്ഞാനത്തോടെ അവന്‍ കൈകാര്യം ചെയ്തു (2:14). വലിയ ജ്ഞാനം ഉണ്ടായിരുന്ന ഒരു യുവാവിനെ നമുക്കിവിടെ കാണാം. യുവാവായതുകൊണ്ട് നിങ്ങള്‍ തെറ്റുകള്‍ ചെയ്തിരിക്കണമെന്നുണ്ടോ? ഇല്ല. ചിലര്‍ പറയാറുണ്ട്. യുവാക്കളായിരിക്കുമ്പോള്‍ പല തെറ്റുകളും ഉണ്ടാകാം എന്ന്. എന്നാല്‍ ദാനിയേല്‍ അങ്ങനെ ആയിരുന്നില്ല. ദാനിയേല്‍ ചെയ്ത ഏതെങ്കിലും ഒരു തെറ്റായ കാര്യത്തെക്കുറിച്ചു നാം തിരുവെഴുത്തിലെങ്ങും വായിക്കുന്നില്ല. അവന്‍ അതുല്യനായ ഒരുവനായിരുന്നു- യോസേഫിനെപ്പോലെ. ഒരു തെറ്റും വചനത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത മറ്റൊരു ചെറുപ്പക്കാരനായിരുന്നല്ലോ യോസേഫ്. എന്തുകൊണ്ട് ഇവരെ നിങ്ങള്‍ക്കു മാതൃകയാക്കി ഇങ്ങനെ പ്രാര്‍ത്ഥിച്ചു കൂടാ?- ”കര്‍ത്താവേ, മറ്റു യൗവനക്കാരെപ്പോലെ ഞാന്‍ മടയത്തരങ്ങള്‍ ചെയ്യേണ്ടതില്ലല്ലോ. ചെറുപ്പം മുതല്‍ തന്നെ ദൈവഭയത്തിലും താഴ്മയിലും ജീവിച്ച ഇവരുടെ മാതൃക പിന്‍പറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

എന്നാല്‍ ഇത്തരം ചെറുപ്പക്കാര്‍ ദുര്‍ല്ലഭമാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. എനിക്കറിയാവുന്ന ഭൂരിപക്ഷം ചെറുപ്പക്കാരും ഒട്ടേറെ മണ്ടത്തരങ്ങള്‍ ചെയ്യുന്ന വരാണ്. മുതിര്‍ന്നവര്‍ക്കു കീഴടങ്ങാത്തതാണ് ഇതിനുള്ള പ്രധാന കാരണം. അവര്‍ സ്വയം തങ്ങള്‍ സമര്‍ത്ഥരെന്നു സങ്കല്പിക്കുന്നു. ഫലത്തില്‍ 1001 ഭോഷത്തരങ്ങള്‍ ചെയ്യുന്നു. കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള കഠിനമായ വഴിയാണിത്. എന്നാല്‍ മറ്റൊരു മെച്ചപ്പെട്ട വഴിയുണ്ട്. നിങ്ങള്‍ നിങ്ങളെത്തന്നെ താഴ്ത്തി ദൈവഭയത്തില്‍, ദൈവം നിങ്ങളുടെ മേല്‍ വച്ചിട്ടുള്ള അധികാരങ്ങള്‍ക്കു കീഴടങ്ങി ജീവിച്ചാല്‍ മറ്റുള്ളവര്‍ ചെയ്യുന്ന മടയത്തരങ്ങള്‍ സ്വയം ചെയ്യാതെ ചെറുപ്പം മുതലേ നിങ്ങള്‍ക്കു പഠിക്കുവാന്‍ കഴിയും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ദാനിയേല്‍.

നെബുഖദ്‌നേസറിന്റെ സ്വപ്നം സംബന്ധിച്ച് ദാനിയേലിന് എങ്ങനെയാണ് ഉത്തരം ലഭിച്ചത്? ഒന്നാമതു ദൈവം തനിക്കതു വെളിപ്പെടുത്തുമെന്നു ദാനിയേലിനു വിശ്വാസമുണ്ടായിരുന്നു. അവന്‍ ആ കാര്യവുമായി ദൈവത്തിന്റെ അടുത്തേക്കു പോയി. അവന്‍ തന്റെ സ്‌നേഹിതരേയും വിളിച്ചു (2:17). നമുക്ക് അഭിമുഖീകരിക്കാന്‍ കഴിയുന്നതിലേറെ പ്രയാസമുള്ള സാഹചര്യങ്ങള്‍ വരുമ്പോള്‍ പ്രാര്‍ത്ഥനയിലെ കൂട്ടായ്മയ്ക്കു വളരെ വലിയ വിലയുണ്ട്. പ്രാര്‍ത്ഥനയിലെ കൂട്ടായ്മയുടെ തത്ത്വം ദാനിയേല്‍ മനസ്സിലാക്കിയിരുന്നു. പഴയ ഉടമ്പടിയുടെ കാലത്തു ജീവിച്ചിരുന്ന ഒരു പുതിയ ഉടമ്പടി മനുഷ്യനായിരുന്നു ദാനിയേല്‍. ”ഇതേപ്പറ്റി ഞാന്‍ തനിയേ പ്രാര്‍ത്ഥിക്കുന്നില്ല. എന്റെ മൂന്നു സഹോദരന്മാര്‍ എന്നോടൊപ്പം ചേര്‍ന്ന് ഒന്നിച്ചു പ്രാര്‍ത്ഥിക്കട്ടെ”- ഇതായിരുന്നു അവന്റെ മനോഭാവം. അങ്ങനെ അവര്‍ ഒന്നിച്ചു പ്രാര്‍ത്ഥിച്ചു.

2:18-ല്‍ അവര്‍ ‘സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു’ പ്രാര്‍ത്ഥിച്ചു എന്നു നാം വായിക്കുന്നു. ഒന്നാമതു സ്വര്‍ഗ്ഗത്തിലെ ദൈവത്തെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടാണ് ദാനിയേലും സുഹൃത്തുക്കളും പ്രാര്‍ത്ഥന ആരംഭിച്ചതെന്നു കാണാം. യേശുവും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചപ്പോള്‍ ഇങ്ങനെ ആരംഭിക്കാനാണല്ലോ പറഞ്ഞത്: ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…’ (മത്താ. 6:9). ഇങ്ങനെ നമ്മുടെ അപേക്ഷകള്‍ ദൈവസന്നിധിയില്‍ കൊണ്ടു വരുന്നതിനു മുന്‍പ് ഒന്നാമതു ദൈവത്തെ സ്തുതിക്കുവാന്‍ നമുക്കു കഴിയും. ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് പ്രാര്‍ത്ഥനകള്‍ ആരംഭിക്കുന്നതായിരുന്നു ദാനിയേലിന്റെ ശീലം, 9:4-ല്‍ നിന്നു നമുക്കതു മനസ്സിലാക്കാം. എല്ലാ ദൈവമനുഷ്യരുടേയും ശീലം ഇതു തന്നെയാണ്.

പ്രാര്‍ത്ഥനയുടെ എല്ലാ സന്ദര്‍ഭങ്ങളിലും ദൈവത്തെ സ്തുതിച്ചുകൊണ്ട് ആരംഭിക്കുന്നതു നല്ല ശീലമാണ്. അതുപോലെ പ്രാര്‍ത്ഥനയില്‍ മുന്നോട്ടു പോകാന്‍ കഴിയാതെ വരുമ്പോഴും ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ തുടങ്ങുക. ദൈവത്തിന്റെ മഹത്വം ഓര്‍ത്തു തന്നെ പുകഴ്ത്തുക. ഉടനെ തന്നെ അന്തരീക്ഷം വ്യത്യാസപ്പെടുന്നതു നിങ്ങള്‍ക്ക് അനുഭവവേദ്യമാകും.

ദൈവം അവരുടെ പ്രാര്‍ത്ഥനയ്ക്കു മറുപടി നല്‍കിയപ്പോഴും എല്ലാ പുകഴ്ചയും മഹത്വവും അവര്‍ ദൈവത്തിന് അര്‍പ്പിച്ചു: ”കര്‍ത്താവിന്റെ സര്‍വാധിപത്യത്തിനു മഹത്വം. ലോകത്തിലെ എല്ലാ സംഭവങ്ങളുടെയും ഗതിയെ തീരുമാനിക്കുന്നത് അവിടുന്നാണ്. അവിടുന്നു രാജാക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നിറക്കുന്നു. മറ്റു ചിലരെ വാഴിക്കുന്നു. ജ്ഞാനികള്‍ക്കു ജ്ഞാനവും പണ്ഡിതന്മാര്‍ക്ക് അറിവും നല്‍കുന്നത് അവിടുന്നാണ്. ആഴമേറിയ, നിഗൂഢമായ കാര്യങ്ങളെ അവിടുന്നു വെളിപ്പെടുത്തുന്നു. ഞങ്ങള്‍ക്കു ജ്ഞാനവും ശക്തിയും നല്‍കിയതിനു ദൈവമേ ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുകയും അങ്ങയെ സ്തുതിക്കുകയും ചെയ്യു ന്നു”(2:20,23 ലിവിങ്).

ദൈവം ഒരിക്കല്‍ സ്വപ്നവും അര്‍ത്ഥവും വെളിപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ദാനിയേല്‍ രാജാവിനെ ചെന്നു കണ്ട് അതു പറഞ്ഞു. അപ്പോള്‍ തന്നെ ഇങ്ങനെ ഏറ്റു പറഞ്ഞു: ”ഇത് എന്റെ സാമര്‍ത്ഥ്യമല്ല, ദൈവം എനിക്കതു വെളിപ്പെടുത്തി തന്നതുകൊണ്ടാണ്”(2:30). ദൈവത്തിന് എല്ലാ മഹത്വവും നല്‍കാന്‍ തയ്യാറുള്ള താഴ്മയുള്ള ചെറുപ്പക്കാരനായിരുന്നു ദാനിയേല്‍. ദൈവം തന്റെ സത്യങ്ങള്‍ ഇത്തരം ആളുകള്‍ക്കാണു വെളിപ്പെടുത്തുന്നത്.

നെബുഖദ്‌നേസര്‍ സ്വപ്നത്തില്‍ കണ്ട ബിംബത്തിന്റെ തല സ്വര്‍ണം കൊണ്ടുള്ളതും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രം കൊണ്ടും തുട ഇരുമ്പു കൊണ്ടും കാല്‍ പാതി ഇരുമ്പുകൊണ്ടും പാതി കളിമണ്ണു കൊണ്ടും ആയിരുന്നു (2:31-33). തങ്കം കൊണ്ടുള്ള തല ബാബിലോണ്യ സാമ്രാജ്യത്തെ പ്രതിനിധാനം ചെയ്തു. അത് 70 വര്‍ഷം നിലനിന്നു. തുടര്‍ന്നു മേദ്യ-പാര്‍സ്യ സാമ്രാജ്യം (നെഞ്ചും കയ്യും വെള്ളികൊണ്ടുള്ളത്) 200 വര്‍ഷം ഭരണം നടത്തി. താമ്രം കൊണ്ടുള്ള വയറും അരയും മഹാനായ അലക്‌സാണ്ടറിന്റെ (അദ്ദേഹത്തിന്റെ പിതാവിന്റെയും) ഗ്രീക്കു സാമ്രാജ്യത്തെ പ്രതിനിധാനം ചെയ്തു. അത് 200 വര്‍ഷമാണു നിലനിന്നത്. ഇരുമ്പുകൊണ്ടുള്ള തുടകള്‍ റോമന്‍ സാമ്രാജ്യത്തെ (ക്രിസ്തുവിന്റെ കാലത്തു ലോകഭരണം കയ്യാളിയിരുന്ന സാമ്രാജ്യം) സൂചിപ്പിക്കുന്നു. 600 വര്‍ഷമായിരുന്നു ആ ഭരണം. ഇരുമ്പും കളിമണ്ണും കൊണ്ടുള്ള കാലുകള്‍ പ്രതിനിധാനം ചെയ്യുന്നത് ഏകാധിപത്യ ഭരണമുള്ള (ഇരുമ്പ്) രാജ്യങ്ങളെയും ജനാധിപത്യമുള്ള (കളിമണ്ണ്) രാജ്യങ്ങളേയുമാണ്. അന്ത്യകാലത്തെ ലോക വ്യവസ്ഥിതി ആ നിലയിലായിരിക്കും. 10 കാല്‍ വിരലുകള്‍ അവസാന കാലത്ത് ഉദയം കൊള്ളുന്ന 10 സാമ്രാജ്യങ്ങളെ (മിക്കവാറും അവ യൂറോപ്പിലായിരിക്കും) സൂചിപ്പിക്കുന്നു. യേശുവിന്റെ രണ്ടാം വരവിനു തൊട്ടു മുന്‍പ് അതിന്റെ തലപ്പത്ത് എതിര്‍ക്രിസ്തു എത്തിച്ചേരും.

ചുരുക്കത്തില്‍ ക്രിസ്തുവിന്റെ രണ്ടാം വരവു വരെയുള്ള ലോക സംഭവങ്ങളുടെ ഒരു നഖഃചിത്രമാണു ദൈവം നെബുഖദ്‌നേസറിനു നല്‍കിയത്. തുടര്‍ന്ന് കൈതൊടാതെ ഒരു കല്ലു പറിഞ്ഞു വന്ന് ബിംബത്തെ അടിച്ച് അതിനെ ധൂളിയാക്കുന്നതു നെബുഖദ്‌നേസര്‍ കണ്ടു. ക്രിസ്തുവിന്റെ ഭരണത്തിന്റെ ഒരു ചിത്രമാണിത് (2:44). ”സ്വര്‍ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചു പോകാത്ത ഒരു രാജത്വം സ്ഥാപിക്കും.”

ഒത്തുതീര്‍പ്പില്ലാത്ത ഒരു ശേഷിപ്പ്

തുടര്‍ന്നു നെബുഖദ്‌നേസര്‍ മുഴുവനും സ്വര്‍ണ്ണംകൊണ്ടുള്ള ഒരു ബിംബം ഉണ്ടാക്കി. അതിലൂടെ അദ്ദേഹം പറയാന്‍ ആഗ്രഹിച്ചത് ഇതാണ്: ”അന്ത്യകാലം വരെ ഞാന്‍ തന്നെ ആയിരിക്കും ഭരണാധികാരി. എനിക്കു ശേഷം വെള്ളി, താമ്രം, ഇരുമ്പ് എന്നിവ കൊണ്ടുള്ള സാമ്രാജ്യങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല.” അവന്റെ നിഗളം അവനെ വിഡ്ഢിയാക്കി. കര്‍ത്താവിന്റെ വരവു വരെ താന്‍ ജീവിച്ചിരിക്കുമെന്നാണ് അവന്‍ കരുതിയത്. നെബുഖദ്‌നേസര്‍ മനുഷ്യനെ അവന്റെ എല്ലാ അഹങ്കാരത്തിലും പ്രതിനിധാനം ചെയ്യുന്നു.

അധ്യായം 3:1: തന്റെ സ്വര്‍ണ പ്രതിമയെ എല്ലാവരും ആരാധിക്കണമെന്നു നെബുഖദ്‌നേസര്‍ നിര്‍ബന്ധിക്കുന്നു. ഈ സമയത്തു ദാനിയേല്‍ പട്ടണത്തിലുണ്ടായിരുന്നില്ലെന്നതു വ്യക്തം. തന്റെ ജോലിയുടെ ഭാഗമായി മറ്റെവിടെയെങ്കിലും ആയിരുന്നിരിക്കാം. അതുകൊണ്ട് ശദ്രക്, മേശക്, അബേദ്നെഗോ എന്നിവര്‍ തനിയെ ഈ സാഹചര്യത്തെ നേരിട്ടു. മറ്റെല്ലാ യെഹൂദന്മാരും ദൈവകല്പനയെ ലംഘിച്ചു സ്വന്തജീവനെ രക്ഷിക്കാനായി വിഗ്രഹത്തിന്റെ മുമ്പില്‍ മുട്ടുകുത്തി. ദൈവം ശദ്രക്, മേശക്, അബേദ്‌നെഗോ എന്നിവരെ ഒറ്റയ്ക്ക് ആക്കിയത് ഈ സമയത്ത് അവരെ പരീക്ഷിക്കാനും ശക്തിപ്പെടുത്താനുമായിരുന്നു.

ചിലപ്പോള്‍ ഒരു ദൈവമനുഷ്യന്‍ അടുത്തില്ലാതിരിക്കുന്നതും, അതു നമുക്കു ദൈവത്തെ കൂടുതല്‍ ആശ്രയിക്കാന്‍ ഇടയാക്കുമെന്നതിനാല്‍, നമ്മെ സംബന്ധിച്ചു നന്മയായി ഭവിക്കാം. ഒരു ദൈവമനുഷ്യന്‍ നമുക്കു സമീപത്തുണ്ടെങ്കില്‍, അതിലുള്ള അപകടം, നാം എല്ലാ കാര്യത്തിനും അദ്ദേഹത്തിന്മേല്‍ ചാരും എന്നതാണ്. എപ്പോഴും ഒരു നല്ല ബൈബിള്‍ പണ്ഡിതനെ കേള്‍ക്കുന്നതിന്റെ അപകടം അപ്പോള്‍ നാം സ്വയമായി ബൈബിള്‍ പഠിക്കുകയില്ല എന്നതാണ്. അതുകൊണ്ട് ഒരു നല്ല ബൈബിള്‍ പണ്ഡിതന്‍ എപ്പോഴും നിങ്ങളോടൊപ്പമില്ലെങ്കില്‍ അതു നല്ലതാണ്. അപ്പോള്‍ വചനം പഠിപ്പിക്കുക, ക്രിസ്തീയ ജീവിതത്തിനായി ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങള്‍ക്കായി പരിശുദ്ധാത്മാവിനെ തന്നെ നിങ്ങള്‍ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങും.

അതുകൊണ്ട് ദൈവം തന്റെ സര്‍വജ്ഞതയില്‍ ഈ സമയത്ത് ദാനിയേല്‍ അവരോടൊപ്പമില്ലെന്ന് ഉറപ്പു വരുത്തി. തുടര്‍ന്ന് ശദ്രക്, മേശക്, അബേദ്‌നെഗോ എന്നിവര്‍ ആ പരീക്ഷയില്‍ പാസ്സായി. താന്‍ നിര്‍ത്തിയ ബിംബത്തെ വണങ്ങാന്‍ ഇവര്‍ മൂവരും വിസ്സമ്മതിച്ചതോടെ നെബുഖദ്‌നേസര്‍ ക്ഷുഭിതനായി ‘നിങ്ങള്‍ വീണു വണങ്ങിയില്ലെങ്കില്‍ ഞാന്‍ തീച്ചൂളയുടെ ചൂട് ഏഴു മടങ്ങു വര്‍ദ്ധിപ്പിക്കുകയും നിങ്ങളെ അതില്‍ എറിഞ്ഞു കളയുകയും ചെയ്യും’ എന്നു ഭീഷണിപ്പെടുത്തി (3:19). എന്നിട്ടും അവര്‍ രാജാവു നിര്‍ത്തിയ ബിംബത്തെ ആരാധിച്ചില്ല. ഈ സമയത്തു മറ്റു യെഹൂദന്മാര്‍ വന്ന് ഇവരെ ഇങ്ങനെ ഉപദേശിച്ചിരിക്കും: ”സാരമില്ല. അല്പ മൊക്കെയൊന്നു വഴങ്ങുക. ആ ബിംബത്തിനു നേരെ തലയൊന്നു താഴ്ത്തി ഒന്നു ചെറുതായി ചലിപ്പിച്ചാല്‍ മതി.” എന്നാല്‍ അങ്ങനെ ചെയ്യുന്നത് അവര്‍ തീര്‍ത്തും നിരസിച്ചു. ”എന്തുകൊണ്ടു തലയൊന്നു കുമ്പിട്ടു കൂടാ? എന്നിട്ടു ദൈവത്തിന്റെ അടുക്കല്‍ ചെന്ന് അങ്ങനെ ചെയ്തതിനു ക്ഷമ യാചിച്ചാല്‍ പോരേ?” എന്നു മറ്റു ചില യെഹൂദന്മാരും അവരോടു ചോദിച്ചിരുന്നിരിക്കാം.

ഇന്ന് ഇങ്ങനെ ചെയ്യുന്ന ചില ക്രിസ്ത്യാനികള്‍ ഉണ്ട്. എന്നിട്ട് തങ്ങള്‍ മിടുക്കന്മാരാണെന്ന് അവര്‍ ചിന്തിക്കുന്നു. അവര്‍ തെറ്റായ ചിലതു ചെയ്യുന്നു. എന്നിട്ടു പോയി ദൈവത്തോടു ക്ഷമായാചനം നടത്തുന്നു. കോളജ് പ്രവേശത്തിനോ, വീസ കിട്ടാനോ, തൊഴില്‍ നേടാനോ ഒക്കെ അവര്‍ കള്ളം പറയുന്നു. തങ്ങള്‍ക്കു വേണ്ടതു ലഭിച്ചു, എന്നിട്ടു പാപം ക്ഷമിക്കപ്പെടുകയും ചെയ്തു. തങ്ങള്‍ സമര്‍ത്ഥന്മാരാണെന്ന് അവര്‍ കരുതുന്നു. എന്നാല്‍ കള്ളം പറഞ്ഞാണു നിങ്ങള്‍ക്കു തൊഴിലോ, വീസായോ, കോളജ് അഡ്മിഷനോ ലഭിച്ചതെങ്കില്‍ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന സ്ഥലത്തു നിങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുകയില്ല. ഒരു കള്ളം പറഞ്ഞ് ദൈവഹിതത്തില്‍ ഒരു സ്ഥാനം നേടുക എന്നത് ഒരിക്കലും നിങ്ങളെക്കുറിച്ചുള്ള ദൈവിക പദ്ധതിയല്ല. അങ്ങനെയെങ്കില്‍, നിങ്ങള്‍ എവിടെയായാലും നിങ്ങള്‍ക്കു പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ദൈവത്തിന്റെ അത്യുത്തമമായതു നിങ്ങള്‍ക്കു ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒത്തു തീര്‍പ്പിനു വഴങ്ങരുത്. അതിന്റെ ഫലമായി നിങ്ങള്‍ക്കെന്തെങ്കിലും നഷ്ടമായാല്‍, ദൈവം നഷ്ടപ്പെട്ടതു നിങ്ങളുടെ നന്മയ്ക്കായി പിന്നീടു കൂടിവ്യാപരിപ്പിക്കും.

ഇന്ന് ഇന്ത്യയില്‍ ഇത്രയും ധൈര്യവും ആത്മാര്‍ത്ഥതയുമുള്ള ശിഷ്യന്മാരെ നമുക്ക് ആവശ്യമുണ്ട്. ദാനിയേല്‍ ഇത്തരക്കാരനായിരുന്നു. അവന്‍ ശദ്രക്, മേശക്, അബേദ്‌നെഗോ എന്നിവരെ കൂടി തന്നെപ്പോലെ ആയിരിക്കാന്‍ പഠിപ്പിച്ചു. രാജാവു തരുന്നതു ഭക്ഷിക്കുകയും അവന്റെ ബിംബത്തെ വണങ്ങുകയും ഒപ്പം യഹോവയില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്ന 400 ഒത്തുതീര്‍പ്പുകാരെക്കാള്‍ ബാബിലോണില്‍ ദൈവത്തിനായി നില്ക്കുന്ന നാലുപേരാണ് അഭികാമ്യം. ഒത്തു തീര്‍പ്പുകാരായ ധാരാളം ക്രിസ്ത്യാനികള്‍ ഇന്ന് ഇന്ത്യയില്‍ ഉണ്ടെന്നുള്ളതാണു ഖേദകരമായ അവസ്ഥ. ഇന്നത്തെ ഒത്തുതീര്‍പ്പിന്റെ കാലഘട്ടത്തില്‍, ഒത്തു തീര്‍പ്പിനു വഴങ്ങാതെ ദൈവത്തിനായി നില്ക്കുന്ന ദാനിയേല്‍, ശദ്രക്, മേശക്, അബേദ്‌നെഗോ എന്നിവര്‍ക്കായാണു ദൈവം നോക്കിക്കൊണ്ടിരിക്കുന്നത്.

ശദ്രക്, മേശക്, അബേദ്നെഗോ എന്നിവര്‍ക്ക് മരണത്തോടുള്ള പൂര്‍ണമായ അവഗണനയും നമുക്കിവിടെ കാണാം. അവര്‍ രാജാവിനോടു പറഞ്ഞത് ഇങ്ങനെയാണ്: ”ഞങ്ങളെ അഗ്നിച്ചൂളയില്‍ നിന്നു വിടുവിക്കാന്‍ ഞങ്ങളുടെ ദൈവം ശക്തനാണ്. എന്നാല്‍ അവിടുന്ന് അങ്ങനെ ചെയ്യാതിരിക്കുന്നതാണു തിരഞ്ഞെടുക്കുന്നതെങ്കിലും ഞങ്ങള്‍ നീ നിര്‍ത്തിയ ബിംബത്തെ ആരാധിക്കുകയില്ല.”

എന്തായിരുന്നു ഫലം? അവരെ തീയില്‍ എറിഞ്ഞപ്പോള്‍ അവരെ കെട്ടിയിരുന്ന കയറുകള്‍ മാത്രമാണു കരിഞ്ഞു പോയത്. സാത്താന്‍ നമ്മെ ശല്യപ്പെടുത്തുമ്പോള്‍ അവന് എന്താണു ദഹിപ്പിച്ചു കളയാന്‍ കഴിയുന്നത്? നമ്മുടെ ബന്ധനങ്ങളെ മാത്രം. നമ്മിലുള്ള വിലപ്പെട്ടതൊന്നും അഗ്നിക്കിരയാക്കാന്‍ അവനു സാധ്യമല്ല. നാം തീയിലെറിയപ്പെടുമ്പോള്‍ നമ്മെ കെട്ടിയിരിക്കുന്ന ബന്ധനങ്ങള്‍ കരിഞ്ഞു പോകുകയും നാം സ്വതന്ത്രരായി പുറത്തു വരികയും ചെയ്യും. ഭൗമിക കാര്യങ്ങളോടുള്ള അടുപ്പത്തില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കുവാന്‍ തീക്കു കഴിയുമെങ്കില്‍ അതു നല്ലതാണ്. ഇവിടെ ശദ്രക്, മേശക്, അബേദ്‌നെഗോ എന്നിവരെ ഭൗമിക വസ്തുക്കളോടു കയറുകൊണ്ടു ബന്ധിക്കപ്പെട്ടിരിക്കുന്ന നമ്മുടെ തന്നെ ചിത്രമായി കാണാന്‍ കഴിയും. അപ്പോള്‍ ദൈവം നമ്മെ തീയിലൂടെ (ചില പ്രയാസമുള്ള പരിശോധനകളിലൂടെ) കടത്തി വിടുന്നതു ഫലത്തില്‍ ഭൂമിയിലെ വസ്തുക്കളോടുള്ള നമ്മുടെ അടുപ്പം നഷ്ടമാക്കും. അത്തരം അഗ്നിക്കായി ദൈവത്തിനു നന്ദി. അത്തരം ശോധനകള്‍ക്കായും ദൈവത്തിനു നന്ദി.

മൂന്നാം അധ്യായത്തിലെ ഏറ്റവും വലിയ അത്ഭുതമെന്തെന്നു ചോദിച്ചാല്‍ ‘അഗ്നിക്ക് അവരെ ദഹിപ്പിക്കാന്‍ കഴിഞ്ഞില്ല’ എന്നതാണെന്നു നിങ്ങള്‍ പറഞ്ഞേക്കും. എന്നാല്‍ മറ്റെല്ലാവരും ബിംബത്തെ നമസ്‌കരിച്ചപ്പോള്‍ ഈ മൂന്നു പേര്‍ അങ്ങനെ ചെയ്തില്ല എന്നതാണ് എന്റെ ദൃഷ്ടിയില്‍ ഈ അധ്യായത്തിലെ ഏറ്റവും വലിയ അത്ഭുതം. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പു കണ്ട ഒരു ചിത്രം ഞാന്‍ ഓര്‍ക്കുന്നു: 90 അടി ഉയരത്തില്‍ നില്ക്കുന്ന നെബുഖദ്‌നേസറിന്റെ ബിംബത്തിനു മുന്‍പില്‍ ആയിരക്കണക്കിന് ആളുകള്‍ മുഖം കുമ്പിട്ട് കിടക്കുമ്പോള്‍ മൂന്നു യുവാക്കള്‍ മാത്രം നിവരെ നില്ക്കുന്നു. അതുകൊണ്ട് ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ”കര്‍ത്താവേ, എന്നെ ഇതുപോലെ ആക്കുക. എന്റെ ചുറ്റുമുള്ളവരെല്ലാം ഒത്തു തീര്‍പ്പുകാരാകുമ്പോഴും മരിക്കേണ്ടി വന്നാലും അതിനെതിരെ വ്യത്യസ്തമായി ധീരതയോടെ നില്ക്കാന്‍ എന്നെ സഹായിക്കുക.” ഈ ചിത്രം നിങ്ങളുടെ മുന്‍പില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ.

അധ്യായം 4:6,7: നെബുഖദ്‌നേസര്‍ വീണ്ടും ഒരു സ്വപ്നം കണ്ടു. അതദ്ദേഹത്തെ ഭയപ്പെടുത്തി. വിദ്വാന്മാരെ അദ്ദേഹം വീണ്ടും വിളിച്ചു വരുത്തി. തന്റെ ആദ്യസ്വപ്നം 32 വര്‍ഷം മുന്‍പ് ഉണ്ടായപ്പോള്‍ സഹായിക്കാന്‍ കഴിയാതിരുന്നവരാണ് ഈ വിദ്വാന്മാര്‍ എന്നത് ഓര്‍ക്കുക. അന്നു ദാനിയേലിനു മാത്രമേ സഹായിക്കാന്‍ കഴിവുണ്ടായിരുന്നുള്ളു. എന്നാല്‍ രാജാവിതാ വീണ്ടും പഴയ വിദ്വാന്മാരെ തേടിപ്പോകുന്നു. ഇത്തവണയും അവര്‍ക്ക് അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞില്ല. ദാനിയേലാകട്ടെ ഈ സ്വപ്നവും വ്യാഖ്യാനിക്കുകയും ദൈവം എങ്ങനെയാണു രാജാവിനെ ന്യായം വിധിക്കാന്‍ പോകുന്നതെന്ന് അറിയിക്കയും ചെയ്തു: ”ആ വൃക്ഷം രാജാവിനു നിഴലാണ്. നിങ്ങളുടെ അഹങ്കാരം മൂലം ദൈവം ഈ വൃക്ഷത്തെ വെട്ടിക്കളയാന്‍ പോകുകയാണ്.” എന്നാല്‍ നെബുഖദ്‌നേസര്‍ ദാനിയേലിനെ ഗൗനിച്ചില്ല. പാപം ചെയ്യുന്നതു നിര്‍ത്താനും മേലില്‍ ശരിയായതു ചെയ്യാനും മോശപ്പെട്ട ഭൂതകാലത്തില്‍ നിന്നു വിഘടിച്ചു മാറി പാവങ്ങളോടു കരുണ കാണിക്കാനും അങ്ങനെ ആ സ്വപ്നം നിറവേറാതിരിക്കാന്‍ ശ്രമിക്കാനും ദാനിയേല്‍ രാജാവിനെ ബുദ്ധിയുപദേശിച്ചു (4:27). എന്നാല്‍ നെബുഖദ്‌നേസര്‍ അതു കേട്ടില്ല.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ (4:29) നെബുഖദ്‌നേസര്‍ തന്റെ അരമനയുടെ മട്ടുപ്പാവില്‍ ഉലാത്തിക്കൊണ്ടിരുന്നപ്പോള്‍ താന്‍ ഉണ്ടാക്കിയ വലിയ നിര്‍മിതികളെക്കുറിച്ചെല്ലാം നിഗളത്തോടെ ചിന്തിക്കുകയായിരുന്നു. ബാബിലോണ്‍ തന്റെ ശക്തിയാല്‍ തന്റെ മഹത്വത്തിനായി നിര്‍മിച്ചതാണ് (4:30). മനുഷ്യനാല്‍, മനുഷ്യനിലൂടെ, മനുഷ്യനുവേണ്ടി- ഇതാണു ബാബിലോണിന്റെ അന്തസ്സത്ത. ഒരു സഭ മാനുഷിക ബുദ്ധികൊണ്ട്, മാനുഷിക ശക്തികൊണ്ട്, മനുഷ്യ മഹത്വത്തിനായി പണിതാല്‍ അതു ബാബിലോണായി പരിണമിക്കും- അതിന്റെ ഉപദേശങ്ങളെല്ലാം ശരിയായിരുന്നാല്‍ പോലും. ക്രിസ്തീയ പ്രവര്‍ത്തനം മനുഷ്യന്റെ കഴിവും സാര്‍ത്ഥ്യവും കൊണ്ട് പണത്തിന്റെ ശക്തിയാല്‍ മനുഷ്യമാനത്തിനായി പണിയപ്പെട്ടാല്‍ നേതാവ് എന്തെല്ലാം ഉപദേശം വിശ്വസിച്ചാലും ഒടുവില്‍ പണിയുന്നതു ബാബിലോണായിരിക്കും. മറിച്ച് ഒരു യഥാര്‍ത്ഥ ദൈവ പ്രവൃത്തി, ദൈവത്തിന്റെ പദ്ധതിയനുസരിച്ചു പണിയുന്നതായിരിക്കും. ആ ദൈവപദ്ധതി പ്രാര്‍ത്ഥനയില്‍ ദൈവത്തെ കാത്തിരിക്കുന്നതിലൂടെയാണു കണ്ടെത്തുന്നത്. പരിശുദ്ധാത്മ ശക്തിയാലാണതു പണിയപ്പെടുക – ദൈവത്തില്‍ നിന്നുള്ള അഭൗമികമായ സഹായത്തോടെ. അതു 100 ശതമാനവും ദൈവ നാമമഹത്വത്തിനായിട്ടായിരിക്കും പണിയപ്പെടുക. ഇത് എപ്പോഴും ഓര്‍ക്കുന്നതു മരം, പുല്ല്, വൈക്കോല്‍ കൊണ്ടുള്ള പണിയില്‍ നിന്നു നിങ്ങളെ രക്ഷിക്കും.

ദൈവം നെബുഖദ്‌നേസറിനു മൂന്നുവട്ടം മുന്നറിയിപ്പു നല്‍കിയിരുന്നു (4:31). എന്നാല്‍ അവന്‍ ഗൗനിച്ചില്ല. ഫലം അവന്‍ ശിക്ഷിക്കപ്പെട്ടു. അവനു സുബോധം നഷ്ടപ്പെട്ടു. അവന്‍ കാളയെപ്പോലെ പുല്ലു തിന്നാന്‍ തുടങ്ങി (4:32). ഒടുവില്‍ അവന്‍ അനുതപിച്ചു. അപ്പോള്‍ ദൈവം അവനെ സുബോധത്തിലേക്കു മടക്കിക്കൊണ്ടു വന്നു. തുടര്‍ന്നു നെബുഖദ്‌നേസര്‍ ദൈവത്തിന്റെ സര്‍വ്വാധിപത്യത്തെക്കുറിച്ച് ബൈബിളിലെ ഏറ്റവും നല്ല ഒരു പ്രസ്താവന ഇങ്ങനെ നടത്തി: ”അവിടുത്തെ ആധിപത്യം എന്നേക്കുമുള്ളതും അവിടുത്തെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ. അവിടുന്നു സര്‍വ്വ ഭൂവാസികളെയും നാസ്തിയായി എണ്ണുന്നു. സ്വര്‍ഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നു. അവിടുത്തെ കൈ തടുപ്പാനോ ‘നീ എന്തു ചെയ്യുന്നു’ എന്ന് ചോദിപ്പാനോ ആര്‍ക്കും കഴികയില്ല. അവിടുത്തെ പ്രവൃത്തികള്‍ ഒക്കെയും സത്യവും അവിടുത്തെ വഴികള്‍ ന്യായവും ആകുന്നു. നിഗളിച്ചു നടക്കുന്നവരെ താഴ്ത്തുവാനും അവിടുന്നു പ്രാപ്തന്‍ തന്നേ” (4:34-37).

ഇന്നു നെബുഖദ്‌നേസര്‍ സ്വര്‍ഗ്ഗത്തിലായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്ന തിന്റെ കാരണം ഇതാണ്. ഇവിടെ താന്‍ വെളിപ്പെടുത്തിയ വിശ്വാസത്തിനനു സൃതമായി ജീവിതാന്ത്യം വരെ അവനു ജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ദൈവരാജ്യത്തില്‍ അവന്‍ പ്രവേശിച്ചിട്ടുണ്ടാവണം. തിരുവെഴുത്തിലെ മൂന്നു പുസ്തകങ്ങള്‍ എഴുതിയ ശലോമോന്‍ നരകത്തിലായിരിക്കെ, നെബുഖദ്‌നേസര്‍ സ്വര്‍ഗ്ഗത്തിലായിരിക്കുമെന്നു കാണുന്നതു രസകരമല്ലേ!

ദാനിയേലിന്റെ തുടര്‍മാനമായ വിശ്വസ്തത

പല വര്‍ഷങ്ങള്‍ കഴിഞ്ഞ്, നെബുഖദ്‌നേസറിന്റെ മകന്‍ ബേല്‍ശസ്സര്‍ ബാബിലോണില്‍ ഒരു വലിയ വിരുന്നു നടത്തി. പെട്ടെന്ന് ആരുടെയോ കരങ്ങള്‍ അരമനയുടെ ഭിത്തിമേല്‍ ചില വാക്കുകള്‍ എഴുതുന്നത് അവന്‍ കണ്ടു (5:5). ബൈബിളില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ദൈവം എന്തെങ്കിലും എഴുതുന്നതായി നാം വായിക്കുന്നത്. ഇതില്‍ ആദ്യത്തേത് 10 കല്പനകള്‍ കല്പലകമേല്‍ എഴുതിയതാണ്. രണ്ടാമത്തേത് ഇവിടെയാണ്. അരമനയുടെ ഭിത്തിമേല്‍ എഴുതിയതെന്തെന്നു വായിക്കാന്‍ വിദ്വാന്മാര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ അമ്മ മഹാറാണി ഇതേപ്പറ്റി കേട്ടപ്പോള്‍ നെബുഖദ്‌നേസറിന്റെ കാലത്ത് ദാനിയേല്‍ സ്വപ്നങ്ങള്‍ വ്യാഖ്യാനിച്ച കാര്യം അവള്‍ ബേല്‍ശസ്സറിനെ ഓര്‍മപ്പെടുത്തി. തുടര്‍ന്നു ദാനിയേലിനെ വിളിച്ചു വരുത്തി. രാജാവ് അവന് ധൂമ്രവസ്ത്രവും പൊന്മാലയും രാജ്യത്തു ബഹുമാന്യസ്ഥാനവും വാഗ്ദാനം ചെയ്തു. ദാനിയേല്‍ അതിനു മറുപടിയായി സമ്മാനങ്ങള്‍ രാജാവു തന്നെ സൂക്ഷിച്ചു കൊള്ളുകയോ മറ്റൊരാള്‍ക്കു കൊടുക്കുകയോ ചെയ്യാനാണു പറഞ്ഞത് (5:17). ജാതീയ രാജാവില്‍ നിന്നുള്ള സമ്മാനങ്ങളോട് ദാനിയേലിന്റെ നിലപാട് ഏലിശായുടേയും (നയമാന്റെ സമ്മാനങ്ങള്‍ നിരസിച്ച സംഭവം) അബ്രാഹാമിന്റേയും (സോദോം രാജാവ് വാഗ്ദാനം ചെയ്ത സമ്മാനങ്ങള്‍ നിരസിച്ചത്) തന്നെയായിരുന്നു.

ഭൗമിക സമ്മാനങ്ങള്‍, ബഹുമതികള്‍ എന്നിവയോടുള്ള മനോഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു യഥാര്‍ത്ഥ ദൈവമനുഷ്യനെ നമുക്കു തിരിച്ചറിയാം. സമ്മാനങ്ങളോടുള്ള നിങ്ങളുടെ നിലപാട് എന്താണ്?- പ്രത്യേകിച്ചും യേശുവിന്റെ നാമത്തില്‍ നിങ്ങള്‍ അവര്‍ക്കു ചെയ്തതിനു പ്രത്യുപകാരമായി ദൈവഭക്തരല്ലാത്ത (ബെല്‍ശസ്സറിനെ പോലെയുള്ള) ആളുകള്‍ നിങ്ങള്‍ക്കു വിലയേറിയ സമ്മാനങ്ങള്‍ തരുവാന്‍ ആഗ്രഹിക്കുമ്പോള്‍. ഇക്കാലത്തെ മറ്റു പ്രസംഗകരില്‍ നിന്നു വ്യത്യസ്തനായി നിന്നുകൊണ്ട് ഇങ്ങനെ പറയുക: ”വേണ്ട, നന്ദി. ഞാന്‍ നിങ്ങള്‍ക്കു ദൈവവചനം നല്‍കി അനുഗ്രഹിക്കാം. എന്നാല്‍ എനിക്കു നിങ്ങളുടെ സമ്മാനങ്ങള്‍ വേണ്ട.” വാങ്ങരുതാത്ത ആളുകളില്‍ നിന്നു സമ്മാനങ്ങള്‍ വാങ്ങി പല ദൈവദാസന്മാരും തങ്ങളെത്തന്നെ നശിപ്പിച്ചിട്ടുണ്ട്. ദൈവജനങ്ങളില്‍ നിന്നു സമ്മാനം സ്വീകരിക്കുന്നതില്‍ തെറ്റില്ല- അതും നിങ്ങളെക്കാള്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവര്‍ സ്വന്ത ഇഷ്ടത്തില്‍ തരുമ്പോള്‍. എന്നാല്‍ നിങ്ങളുടെ വ്യക്തിപരമായ ആവശ്യത്തിനായി നിങ്ങളെക്കാള്‍ സാമ്പത്തിക സ്ഥിതി കുറഞ്ഞ ആളുകളില്‍ നിന്നു പണം വാങ്ങുന്നത് (അവര്‍ വിശ്വാസികളാണെങ്കില്‍ പോലും) തീര്‍ത്തും തെറ്റാണ്.

ദാനിയേല്‍ തുടര്‍ന്നു ബേല്‍ശസ്സറിനോട് ഇങ്ങനെ പറഞ്ഞു: ”സംഭവിച്ചതെല്ലാം അങ്ങേയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും തിരുമേനി ഹൃദയത്തെ താഴ്ത്താതെ അവിടുത്തെ ആലയത്തിലെ പാത്രങ്ങളെ എടുത്ത് വീഞ്ഞു കുടിച്ചു ദൈവത്തെ അപമാനിച്ചു” (5:22,23). ദാനിയേല്‍ ഭയരഹിതനായ പ്രവാചകനെന്ന നിലയില്‍ വരാന്‍ പോകുന്ന അപകടത്തെക്കുറിച്ചു രാജാവിന് ആദ്യം മുന്നറിയിപ്പു നല്‍കി. പിന്നെ അവന്‍ വാക്കുകള്‍ ‘മെനേ, മെനേ, തെക്കേല്‍, ഊഫര്‍സീന്‍’ എന്നു വായിച്ച് അതിന്റെ അര്‍ത്ഥം വിശദീകരിച്ചു (5:25).

പഠിച്ചിട്ടില്ലാത്ത ഒരു ഭാഷയില്‍ സംസാരിക്കുന്ന ആദ്യരംഗം നാം ബൈബിളില്‍ നേരത്തെ കണ്ടു. ബിലെയാമിന്റെ കഴുതയായിരുന്നു അങ്ങനെ സംസാരിച്ചത്. അറിയാത്ത ഭഷയുടെ പൊരുള്‍ തിരിക്കുന്ന രണ്ടാമത്തെ രംഗം ഇവിടെയും കാണുന്നു. ഇവിടത്തെ സന്ദേശം ഇതായിരുന്നു: ”ദൈവം നിന്റെ രാജത്വം എണ്ണി, അതിന് അന്തം വരുത്തിയിരിക്കുന്നു. തുലാസില്‍ നിന്നെ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു. നിന്റെ രാജ്യം വിഭാഗിച്ചു മേദ്യര്‍ക്കും പാര്‍സികള്‍ക്കും കൊടുത്തിരിക്കുന്നു”(5:26-28). ഇന്നത്തെ ബാബിലോണ്യ മതസംവിധാനത്തോടുമുള്ള ദൈവത്തിന്റെ അരുളപ്പാടിതാണ്: ”ദൈവം നിന്റെ ദിവസങ്ങള്‍ എണ്ണിയിരിക്കുന്നു. അതിന് അവസാനം വരുത്തിയിരിക്കുന്നു. ദൈവം നിന്നെ തൂക്കി നോക്കി നിത്യമായി വിലയുള്ളതൊന്നും നിന്നിലില്ലെന്നു കണ്ടിരിക്കുന്നു. ലോകമയത്വമാണു നിന്നില്‍ മുഴുവനും. അതുകൊണ്ടു നിന്റെ രാജ്യം വിഭജിക്കപ്പെട്ടു പോകും.” ആ രാത്രി തന്നെ മേദ്യ-പേര്‍ഷ്യ സാമ്രാജ്യം ബാബിലോണിനെ കീഴ്‌പ്പെടുത്തി അധികാരത്തില്‍ വന്നു (5:30).

ആറാം അധ്യായത്തില്‍ നാം കാണുന്നതു ദാര്യാവേശ് രാജാവ് മേദ്യ-പേര്‍ഷ്യ സാമ്രാജ്യത്തെ ഭരിക്കുന്നതാണ്. അദ്ദേഹവും ദാനിയേലിനെ തന്റെ ഭരണാധി കാരികളിലൊരാളായി നിയമിച്ചിരുന്നു (6:2). മുന്‍ സാമ്രാജ്യത്തില്‍ ദാനിയേല്‍ പ്രധാന മന്ത്രിയായിരുന്നെങ്കിലും ദാര്യവേശ് തന്റെ സാമ്രാജ്യത്തിലും അദ്ദേഹത്തെ പ്രധാന മന്ത്രിയാക്കി. വ്യത്യസ്ത സാമ്രാജ്യങ്ങളിലെ അടുത്തടുത്തു വന്ന രാജാക്കന്മാരുടെ വിശ്വാസം നേടാന്‍ കഴിഞ്ഞ ദാനിയേലിന്റെ സാക്ഷ്യം എത്ര വലുതായിരുന്നു! ദാനിയേലിന് ഇപ്പോള്‍ 80 വയസ്സിലേറെ പ്രായം ഉണ്ട്. എന്നാല്‍ ഇപ്പോഴും എന്നത്തേയും പോലെ ദാനിയേല്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാത്തവനായി നിലകൊള്ളുന്നു. ദൈവം അവനെ മാനിച്ചു.

എന്നാല്‍ ദാനിയേലിനോട് അസൂയയുണ്ടായിരുന്ന രാജ്യത്തിലെ ദുഷ്ടരായ ചില ആളുകള്‍ എങ്ങനെയും അദ്ദേഹത്തെ നശിപ്പിക്കണമെന്നു തീരുമാനിച്ചു. അവര്‍ രാജാവിനെ കണ്ട് പ്രാഥമികമായും ദാനിയേലിന് എതിരായ ഒരു നിയമം പാസ്സാക്കിച്ചു. ഇന്നും സംഭവിക്കുന്നതിനു സമാനമായ കാര്യമാണു അന്നും നടന്നത്. ഇന്നു ദുഷ്ടരായ ആളുകള്‍ ദൈവദാസന്മാരെ നശിപ്പിക്കാനായി സര്‍ക്കാരുകളെ ക്കൊണ്ട് ആളുകള്‍ ക്രിസ്തുവിലേക്കു വരുന്നതു തടയുന്ന നിയമങ്ങള്‍ ഉണ്ടാക്കിക്കുന്നു. ”നിങ്ങള്‍ മറ്റേതെങ്കിലും ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളെ സിംഹങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കും” എന്നതായിരുന്നു ദാനിയേലിന്റെ കാലത്തെ ഭീഷണി. ”നിങ്ങള്‍ ആരെയെങ്കിലും ക്രിസ്തീയതയിലേക്കു കൊണ്ടുവന്നാല്‍ നിങ്ങളെ ജയിലിലെറിയും” എന്നതായിരിക്കുന്നു ഇന്നത്തെ ഭീഷണി.

ഇതേസമയം രാജാവ് ഇങ്ങനെയൊരു നിയമം പാസ്സാക്കിയിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ദാനിയേല്‍ എന്താണു ചെയ്തത്? അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. ഏതു രാജാവിനെയോ സര്‍ക്കാരിനെയോ ഭയപ്പെടുന്നതിലേറെ അവന്‍ ദൈവത്തെ ഭയപ്പെട്ടു. പിന്നീട് അപ്പൊസ്തലന്മാര്‍ പറഞ്ഞതുപോലെ ദാനിയേലിന്റെ മനോഭാവവും ഇതായിരുന്നു: ”ഞങ്ങള്‍ മനുഷ്യരെക്കാളേറെ ദൈവത്തെയാണ് അനുസരിക്കേണ്ടത്”(പ്രവൃ. 5:29). അതുകൊണ്ട് രാജാവിന്റെ കല്പന എന്തു ചെയ്യരുതെന്നു പറഞ്ഞോ ദാനിയേല്‍ നേരെ ചെന്ന് അതു തന്നെ ചെയ്തു- പ്രാര്‍ഥിച്ചു. ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നു തന്നെ തടയാന്‍ ഒരു നിയമത്തിനും കഴിയുമായിരുന്നില്ല. അദ്ദേഹം തന്റെ ജനാലകള്‍ യെരുശലേമിനു നേരെ തുറന്നിട്ടുകൊണ്ടായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത്. ഇക്കുറി ജനാലകള്‍ അടച്ച ശേഷം പ്രാര്‍ത്ഥിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിനു ചിന്തിക്കാമായിരുന്നു. എന്നാല്‍ ഏക സത്യ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതില്‍ ലജ്ജയില്ലാതിരുന്നതിനാല്‍ ദാനിയേല്‍ ജനാലകള്‍ തുറന്നു തന്നെയിട്ടു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെന്നു പരസ്യമായി അറിയുന്നതില്‍ നാമും ഒരിക്കലും ലജ്ജിക്കരുത്.

ദാനിയേല്‍ താന്‍ പതിവായി ചെയ്യാറുള്ളതുപോലെ ദിവസത്തില്‍ ഒരിക്കലല്ല, മൂന്നുവട്ടം, പ്രാര്‍ത്ഥിച്ചു. അസൂയാലുക്കളായ മറ്റ് ഉദ്യോഗസ്ഥന്മാര്‍ ഈ അവസരത്തിനായാണു കാത്തിരുന്നത്. ദാനിയേല്‍ പ്രാര്‍ത്ഥിക്കുന്നതു കണ്ട ഇവര്‍ ഉടനെ വിവരം രാജാവിനെ അറിയിച്ചു. രാജാവു ദാനിയേലിനെ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ അവനെ രക്ഷിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ ‘മേദ്യരുടേയും പാര്‍സികളുടേയും നിയമം’ നീക്കം വരുത്താന്‍ കഴിയാത്തതാണെന്ന് ഉദ്യോഗസ്ഥര്‍ രാജാവിനെ ഓര്‍മിപ്പിച്ചു. അതുകൊണ്ടു നിവൃത്തിയില്ലാതെ രാജാവിനു ദാനിയേലിനെ സിംഹക്കുഴിയില്‍ ഇടേണ്ടി വന്നു. എന്നാല്‍, നമുക്കറിയാവുന്നതുപോലെ ദൈവം ദാനിയേലിനെ സിംഹങ്ങളില്‍ നിന്നു രക്ഷിച്ചു.

ഇന്നു നമ്മുടെ ചുറ്റും ഇതുപോലെയുള്ള ആളുകള്‍ ഉണ്ട്. നമ്മുടെ ജീവിതങ്ങളുടെ മേല്‍ ദൈവത്തിന്റെ അനുഗ്രഹമുള്ളതില്‍ അസൂയ പൂണ്ട അവര്‍ നമ്മെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. എന്നാല്‍ കര്‍ത്താവു നമ്മോടൊപ്പം നില്ക്കും. ദാനിയേലിന്റെ കാലത്ത് ദൈവഭൃത്യന്മാരെ തൊടാന്‍ സിംഹങ്ങളെയോ അഗ്നിയെയോ ദൈവം അനുവദിച്ചില്ല. എന്നാല്‍ ഇന്നു പുതിയ ഉടമ്പടിയില്‍ ദൈവം തന്റെ കുഞ്ഞുങ്ങള്‍ക്കു വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളാകുക എന്ന പദവി നല്‍കുന്നു. അതുകൊണ്ട് അവരെ തിന്നു കളയാന്‍ സിംഹ ങ്ങള്‍ക്കും അവരെ എരിച്ചു കളയുവാന്‍ തീക്കും അനുവാദം കൊടുത്തിരിക്കുന്നു. ഇരുപതു നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ രക്തസാക്ഷിത്വം വരിച്ചു. എന്നാല്‍ ഒരേ ഒരു സിംഹത്തിന് (പിശാചിന്) നമ്മെ ഉപദ്രവിക്കാനാവില്ല. ഒരേ ഒരു തീക്ക് (നരകത്തീ) നമ്മെ സ്പര്‍ശിക്കുവാനാവില്ല. നരകത്തിന്റെ ഒരാത്മാ വിനും (പക, കയ്പ് തുടങ്ങിയവ) നമ്മുടെ ഹൃദയത്തില്‍ ഒരിക്കലും വരാന്‍ കഴിയുക യില്ല. യേശുവിനെപ്പോലെ നമുക്കും പറയാന്‍ കഴിയും- ”ഈ ലോകത്തിന്റെ പ്രഭു വരുമ്പോള്‍ അവന് എന്നില്‍ ഒന്നും കണ്ടെത്താന്‍ കഴിയുകയില്ല” (യോഹ. 14:30).

ദാനിയേലിന്റെ ജീവിതം മേദ്യ-പേര്‍ഷ്യയിലെ ആളുകള്‍ക്ക് യഥാര്‍ത്ഥ ദൈവത്തെ സംബന്ധിച്ച സാക്ഷ്യം നല്‍കി. മറ്റുള്ളവരുടെ മുന്‍പില്‍ നമ്മുടെ സാക്ഷ്യവും വെളിപ്പെടാനായി ദൈവം നമുക്കും പരിശോധനകള്‍ അനുവദിക്കും. നമ്മള്‍ പരിശോധനകളെ അതിജീവിക്കുമ്പോള്‍, പരിശോധകരെ സ്‌നേഹിക്കുമ്പോള്‍, മറ്റുള്ളവര്‍ നമ്മില്‍ ക്രിസ്തുവിനെ കാണും. വിശ്വാസത്തിന്റെ പേരില്‍ നിങ്ങളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സത്യം പറയുക, ആരേയും ഒരിക്കലും വെറുക്കാതിരിക്കുക. ഒരുനാള്‍ സുവിശേഷത്തിനു വേണ്ടി നാം നമ്മുടെ ജീവനെ വച്ചുകൊടുക്കേണ്ടി വന്നാല്‍ തല ഉയര്‍ത്തി ഹൃദയത്തില്‍ സ്തുതിയുടെ ആത്മാവോടെ അങ്ങനെ ചെയ്യുക. കാരണം നമ്മുടെ ദൈവം സിംഹാസനത്തിലു ണ്ടെന്നു നാം അറിയുന്നു.

ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍

ദാനിയേലിന്റെ ആദ്യത്തെ ആറ് അധ്യായങ്ങള്‍ ചരിത്രമാണ്; ഒടുവിലത്തെ ആറെണ്ണമാകട്ടെ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളും.

ഏഴും എട്ടും അധ്യായങ്ങളില്‍ ഭാവിയില്‍ വരാനിരിക്കുന്ന ലോക സാമ്രാജ്യങ്ങളെക്കുറിച്ചുള്ള ഒരു ദര്‍ശനം ദാനിയേലിനു ലഭിക്കുന്നു. ഇപ്പോള്‍ ദാനിയേലിനു 87 വയസ്സു പ്രായമുണ്ട്. ഒരു യുവാവായിരുന്നപ്പോള്‍ ഉണ്ടായിരുന്നതുപോലെയുള്ള സ്വപ്നങ്ങളും ദര്‍ശനങ്ങളും ഇപ്പോഴും ദാനിയേലിനുണ്ട്. അദ്ദേഹം ദൈവ ത്തോടൊപ്പം ഇപ്പോഴും വിശ്വസ്തമായി നടക്കുന്നുവെന്നതാണതിനു കാരണം.

അധ്യായം 7-ല്‍ നെബുഖദ്‌നേസര്‍ തന്റെ സ്വപ്നത്തില്‍ കണ്ട അഞ്ചു സാമ്രാജ്യങ്ങളെ തന്നെ നാം വീണ്ടും കാണുന്നു- ബാബിലോണ്‍, മേദ്യ-പേര്‍ഷ്യ, ഗ്രീസ്, റോം, അന്തിമ ലോകസാമ്രാജ്യം. പക്ഷേ ഇവിടെ മറ്റൊരു വീക്ഷണകോണില്‍ നിന്നാണ് ഇവയെ കാണുന്നത്. നെബുഖദ്‌നേസര്‍ അവയെ വിലയേറിയ ലോഹങ്ങളായി കണ്ടു- സ്വര്‍ണം, വെള്ളി, താമ്രം, ഇരുമ്പ്. ദാനിയേലാകട്ടെ അവയെ വന്യ മൃഗങ്ങളായി കണ്ടു. ദൈവവും അവയെ അങ്ങനെയാണല്ലോ കാണുന്നത്! ലോകത്തിലെ ആളുകള്‍ ഭൗമിക സാമ്രാജ്യങ്ങളെ വിലയേറിയ അമൂല്യ ലോഹങ്ങളായി കാണുന്നു. ഒരു രാജ്യത്തിലെ രാജാവോ, പ്രസിഡന്റോ, പ്രധാനമന്ത്രിയോ ആയിരിക്കുന്നത് ലോകത്തില്‍ ഒരു പദവിയാണ്. എന്നാല്‍ ദൈവം ഈ ലോകസാമ്രാജ്യങ്ങളെ തീര്‍ത്തും വ്യത്യസ്തമായ വെളിച്ചത്തിലാണ് വീക്ഷിക്കുന്നത്. അവയെ എല്ലാം അവിടുന്നു വന്യമൃഗങ്ങളായി കാണുന്നു. കാരണം മുഴുവന്‍ ലോകവും സാത്താന്റെ അധീനതയിലാണല്ലോ.

എഴാം അധ്യായത്തിലും 11-ാം അധ്യായത്തിലും നല്‍കിയിട്ടുള്ള വിശദമായ പ്രവചനങ്ങള്‍ പിന്നീടുള്ള നൂറ്റാണ്ടുകളില്‍ കൃത്യമായി നിറവേറി. 7:4ല്‍ നെബുഖദ്‌നേസറിന്റെ ചിറകുകള്‍ പറിഞ്ഞു പോകും എന്നൊരു പ്രവചനം നാം വായിക്കുന്നു. കരടിയോടു സദൃശമായ രണ്ടാമത്തെ മൃഗം മേദ്യ-പേര്‍ഷ്യ സാമ്രാജ്യമാണ് (7:5). നാലു ചിറകും നാലു തലയുമുള്ള പുള്ളിപ്പുലിക്കു സദൃശമായ മൂന്നാമത്തെ മൃഗം മഹാനായ അലക്‌സാണ്ടറുടെ കീഴിലുണ്ടായിരുന്ന ഗ്രീസിനെയാണു പ്രതിനിധാനം ചെയ്യുന്നത് (7:6). അലക്‌സാണ്ടര്‍ അന്തരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സമ്രാജ്യം നാലായി വിഭജിക്കപ്പെട്ടുപോയി. അവസാനമായി ദാനിയേല്‍ ദര്‍ശനത്തില്‍ പത്തുകൊമ്പുള്ള ഒരു മൃഗത്തെ കാണുന്നു. പത്തു കൊമ്പുകള്‍ക്ക് ഇടയില്‍ നിന്ന് ഒരു ചെറിയ കൊമ്പ് പുറപ്പെടുന്നു. ഒന്നാമത് ഇവയെല്ലാം റോമന്‍ സാമ്രാജ്യത്തെ കാണിക്കുന്നു. യേശു ആദ്യം ഭൂമിയില്‍ വന്ന കാലത്ത് ഇവരായിരുന്നു ഭരണത്തില്‍. കൊമ്പുകള്‍ അന്ത്യകാലത്ത് ഉദയം കൊള്ളുന്ന ഈ സാമ്രാജ്യത്വത്തെയും കര്‍ത്താവിന്റെ രണ്ടാം വരവിനു തൊട്ടു മുന്‍പ് എതിര്‍ ക്രിസ്തുവിലൂടെ (ചെറിയ കൊമ്പ്) അതിനു വരുന്ന അന്ത്യത്തേയും സൂചിപ്പിക്കുന്നു (7:7,8). ഈ അധ്യായത്തിന്റെ അന്ത്യത്തിലാകട്ടെ, ദൈവം തന്റെ സിംഹാസനത്തിലിരിക്കുന്നതും കോടിക്കണക്കിനു ദൂതന്മാര്‍ തന്നെ ആരാധിക്കുന്നതും തന്റെ വിശുദ്ധന്മാര്‍ ഭൂമിയുടെ ഭരണം കയ്യാളുന്നതും നാം കാണുന്നു.

എട്ടാം അധ്യായത്തില്‍ ഈ രാജത്വങ്ങളുടെ കുറച്ചുകൂടി വിവരങ്ങള്‍ നമുക്കു നല്‍കിയിരിക്കുന്നു. ഇവിടത്തെ ആദ്യദര്‍ശനം ഗ്രീക്കു സാമ്രാജ്യത്വത്തെക്കുറിച്ചാണ് (8:5-8). കോലാട്ടു കൊറ്റന്‍ (അലക്‌സാണ്ടറുടെ കീഴിലുള്ള ഗ്രീക്കു സാമ്രാജ്യം) വളരെ ശക്തി പ്രാപിച്ചു മറ്റു രാജ്യങ്ങളുടെ നേരെ ‘പാഞ്ഞു ചെന്ന്’ (8:6) അവയെ കീഴടക്കി. ഗ്രീസ് അങ്ങനെ ലോകജേതാവായി. എന്നാല്‍ അത് അധികാരത്തിന്റെ ഔന്നത്യത്തില്‍ നില്ക്കുമ്പോള്‍ വെറും 33 വയസ്സുള്ളപ്പോള്‍ മഹാനായ അലക്‌സാണ്ടര്‍ പെട്ടെന്നു മരിച്ചുപോയി (‘വലിയ കൊമ്പു പെട്ടെന്നു തകര്‍ന്നു പോയി’). അവരുടെ ഭരണത്തിന്റെ അന്ത്യത്തില്‍ ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ള ഒരു രാജാവ് അധികാരത്തില്‍ വന്നു. ഇത് അലക്‌സാണ്ടറിന്റെ ജനറല്‍മാരില്‍ ഒരാളുടെ പരമ്പരയില്‍ വന്ന സിറിയ ഭരിച്ച ഒരു രാജാവാണ്. അയാളുടെ പേര് അന്ത്യോക്യസ് എപ്പിഫാനസ് എന്നായിരുന്നു. ‘എപ്പിഫാനസ്’ എന്നതിന്റെ അര്‍ത്ഥം ‘ദൈവത്താല്‍ തെളിയിക്കപ്പെടുക’ എന്നാണ്. എതിര്‍ക്രിസ്തുവിന്റെ ഒരു നിഴലായിരുന്നു ഈ രാജാവ്. എതിര്‍ക്രിസ്തു ‘തന്നെത്താന്‍ ദൈവമെന്നു നടിക്കുന്നവനാ’ണല്ലോ (2 തെസ്സ. 2:4).

ഒന്‍പതാമത്തെ അധ്യായത്തില്‍ ദാനിയേല്‍ തന്റെ ജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതു നാം കാണുന്നു. വാസ്തവത്തില്‍ ദാനിയേലിന്റെ പ്രാര്‍ത്ഥനയാണു ദൈവജനത്തിന്റെ ‘ബാബിലോണില്‍ നിന്നു യെരുശലേമിലേക്കു’ള്ള മുന്നേറ്റത്തിനു തുടക്കം കുറിക്കാന്‍ കാരണമായത്. ദാനിയേലിന് ഇപ്പോള്‍ 87 വയസ്സുണ്ട്. ഇപ്പോഴും അദ്ദേഹം യൗവനകാലത്തെപ്പോലെ ദൈവവചനം പഠിക്കുകയും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു (9:3). 87-ാം വയസ്സിലും ഒരു ദൈവമനുഷ്യന് കൗമാര കാലത്തുണ്ടായിരുന്ന അതേ തീയ് അണയാതെ ഉള്ളിലുണ്ടെന്നു കാണുന്നത് എത്ര അത്ഭുതകരമാണ്! യൗവനകാലത്തെ പോലെ ദൈവവചനം പഠിക്കുന്നു. ചെറുപ്പകാലത്തെ പോലെ പ്രാര്‍ത്ഥിക്കുന്നു, ഉപവസിക്കുന്നു. അന്നത്തെപോലെ ഇന്നും ജനങ്ങളുടെ ദാസനായിരിക്കുന്നു. ദാനിയേല്‍ നമുക്കെല്ലാം എത്ര വലിയ മാതൃകയാണ്!
ദാനിയേല്‍ മറ്റ് യെഹൂദന്മാരെ വിമര്‍ശിക്കുന്നില്ല. ”ദൈവമേ, എന്റെ ചുറ്റുമുള്ള ഈ യെഹൂദന്മാരെല്ലാം പിന്മാറ്റക്കാരാണല്ലോ” എന്നു പറയുന്നില്ല. മറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ”കര്‍ത്താവേ, ഞങ്ങള്‍ പാപം ചെയ്തു. ഞങ്ങള്‍ മത്സരിച്ചു. അവിടുത്തെ സന്ദേശങ്ങള്‍ ഞങ്ങള്‍ കേട്ടനുസരിച്ചില്ല. കര്‍ത്താവേ, നിന്റെ പക്കല്‍ നീതിയുണ്ട്. ഞങ്ങള്‍ക്കോ ഇന്നുള്ളതു ലജ്ജയത്രേ”(9:5-7). പിന്മാറ്റക്കാരായ തന്റെ സഹയെഹൂദന്മാരോട് ദാനിയേല്‍ എങ്ങനെയാണു താദാത്മ്യപ്പെടുന്നതെന്നു നാം ഇവിടെ കാണുന്നു. ‘അവര്‍’ എന്നല്ല ‘ഞങ്ങള്‍’ എന്നാണു ദാനിയേല്‍ പറയുന്നത്. ഇങ്ങനെയാണു നാമും പ്രാര്‍ത്ഥിക്കേണ്ടത്: ”കര്‍ത്താവേ, ഞങ്ങള്‍ ക്രിസ്ത്യാനികള്‍ ഈ രാജ്യത്തു നിന്റെ നാമത്തെ അപമാനിച്ചിരിക്കുന്നു. ഇന്ത്യ കാണേണ്ടതുപോലെ ഞങ്ങള്‍ ക്രിസ്തുവിന്റെ സാക്ഷ്യമായി തീര്‍ന്നിട്ടില്ല. ഞങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. കര്‍ത്താവേ ഞങ്ങളുടെ മേല്‍ ഒരു ഉണര്‍വ്വിനെ അയയ്‌ക്കേണമേ. കര്‍ത്താവേ അവിടുന്നു നീതിമാനാണ്. ഞങ്ങളുടെ മുഖം ലജ്ജയാല്‍ മൂടിയിരിക്കുന്നു. ഞങ്ങളോടു കരുണ തോന്നേണമേ. ക്ഷമിക്കേണമേ. ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കുന്നു.” ദാനിയേല്‍ ‘നീ’ ‘നിന്റെ’ എന്ന വാക്കുകള്‍ പത്തുവട്ടം ഉപയോഗിച്ചിരിക്കുന്നു.

തുടര്‍ന്നു ദൈവം ദാനിയേലിനു മറ്റൊരു ദര്‍ശനം കൊടുത്തു. ഈ ദര്‍ശനത്തില്‍ യെരുശലേമിനെ സംബന്ധിച്ച ലക്ഷ്യത്തിനു താന്‍ 490 വര്‍ഷമാണു നിയമിച്ചിരിക്കുന്നതെന്നു ദൈവം ദാനിയേലിനോട് അരുളിച്ചെയ്തു (9:24,25). 7 വര്‍ഷങ്ങളുടെ 7 കൂട്ടം (49 വര്‍ഷങ്ങള്‍). 7 വര്‍ഷങ്ങളുടെ 62 കൂട്ടങ്ങള്‍ (434 വര്‍ഷങ്ങള്‍) മൊത്തം 483 വര്‍ഷങ്ങള്‍. യെരുശലേം പണിയാന്‍ കല്പന ലഭിച്ചതു മുതല്‍ അഭിഷിക്തന്‍ (ക്രിസ്തു) ഛേദിക്കപ്പെടുന്നതുവരെയുള്ള കാലയളവാണിത്. ഇതു കൃത്യമായി നിറവേറി. യെരുശലേം പുനര്‍നിര്‍മ്മിക്കാനുള്ള കല്പന പുറപ്പെടുവിച്ചത് ബി.സി. 445-ല്‍ ആണ്. 483 വര്‍ഷങ്ങള്‍ക്കു ശേഷം കൃത്യം എ.ഡി. 29-ല്‍ യേശു യെരുശലേമിലേക്കു വരികയും ക്രൂശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ മൊത്തമുള്ള 490 വര്‍ഷങ്ങളില്‍ 7 വര്‍ഷത്തെ ഒരു കാലയളവു കൂടി അവശേഷിക്കുന്നുണ്ട്. ഈ 7 വര്‍ഷ കാലയളവ് അന്ത്യ കാലഘട്ടത്തിലായിരിക്കും. ഈ കാലയളവില്‍ എതിര്‍ക്രിസ്തു ഭൂമിയില്‍ വാഴുകയും ക്രിസ്ത്യാനികള്‍ വലിയ പീഡനങ്ങള്‍, ഉപദ്രവങ്ങള്‍ എന്നിവ നേരിടുകയും ചെയ്യും. എല്ലാവരാലും അവര്‍ വെറുക്കപ്പെടും. തുടര്‍ന്നു ക്രിസ്തു വരും.

10-ാം അധ്യായത്തില്‍ ദാനിയേല്‍ മൂന്നാഴ്ചത്തേക്കു പ്രാര്‍ത്ഥിക്കുന്നതായി നാം കാണുന്നു. ഈ സമയത്ത് ആകാശങ്ങളില്‍ വലിയ കോളിളക്കം നടക്കുന്നു. ദാനിയേല്‍ ആ ദിവസങ്ങളില്‍ ഭാഗികമായ ഉപവാസത്തിലായിരുന്നു. സ്വാദുഭോജനം ഭക്ഷിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ ചെയ്തില്ല. ലളിതമായ ഭക്ഷണം മാത്രം കഴിച്ചു. മൂന്നാഴ്ചയുടെ അവസാനം ഒരു ദൂതന്‍ അവന്റെ അടുക്കല്‍ വന്നു ദാനിയേല്‍ ‘ദൈവത്തിനു ഏറ്റവും പ്രിയ പുരുഷനാണെന്നു പറഞ്ഞു’ (10:11). താന്‍ നേരത്തെ തന്നെ ദാനിയേലിന്റെ അടുക്കല്‍ വരുവാന്‍ ശ്രമിച്ചതാണെന്നും എന്നാല്‍ പേര്‍ഷ്യയെ വാണിരുന്ന ദുഷ്ട ആത്മാക്കള്‍ തന്നെ 21 ദിവസം തടസ്സപ്പെടുത്തിയതാണെന്നും ദൂതന്‍ പറഞ്ഞു. ദാനിയേല്‍ പ്രാര്‍ത്ഥന ആരംഭിച്ചപ്പോള്‍ തന്നെ അവന്റെ വാക്കു ദൈവം കേട്ടതാണ്. എന്നാല്‍ മറുപടി എത്തുവാന്‍ 21 ദിവസം വേണ്ടിവന്നു (10:12,13). ദൈവം എപ്പോഴും പ്രാര്‍ത്ഥനയക്ക് ഉടനടി മറുപടി നല്‍കുന്നില്ല. എന്നാല്‍ നാം പ്രാര്‍ത്ഥനയില്‍ പിടിച്ചു നിന്നാല്‍, തീര്‍ച്ചയായും മറുപടി ലഭിക്കും.

ദുഷ്ടാത്മാക്കള്‍ മീഖായേലിനെ തടഞ്ഞു നിര്‍ത്തിയ സംഭവം യേശു ക്രൂശില്‍ മരിക്കുന്നതിനു മുന്‍പു സംഭവിച്ചതാണ്. അന്നു സാത്താനും അവന്റെ ദൂതഗണങ്ങളും തോല്പിക്കപ്പെട്ടിട്ടില്ല. ഇന്ന് ഒരു ഭൂതത്തെ അതിജീവിക്കുന്നതിനു നമുക്ക് 21 ദിവസം വേണ്ട. ഒരു ഭൂതത്തെയും പുറത്താക്കുന്നതിന് യേശു 21 ദിവസം എടുത്തില്ല. ഇന്ന് എല്ലാ ഭൂതങ്ങളും കര്‍ത്താവിനാല്‍ തോല്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ദാനിയേലില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ഒരു തലത്തിലാണു നാം. ഇന്നു നാം പിശാചിനോട് എതിര്‍ത്തു നിന്നാല്‍ അവന്‍ നമ്മെ വിട്ട് ഉടനെ ഓടിപ്പോകും (യാക്കോ. 4:7). അവന്റെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്താന്‍ കഴിയും. അവനെ നാം വേഗത്തില്‍ പാദങ്ങള്‍ക്കടിയില്‍ മെതിച്ചുകളയും (റോമ. 16:20).

10:21-ല്‍ നാം ഇങ്ങനെ വായിക്കുന്നു: ”ഈ കാര്യങ്ങളില്‍ എന്നോടു കൂടെ ഉറച്ചു നില്ക്കുന്നവര്‍ ആരുമില്ല.” വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൈവം യെഹസ്‌ക്കേലിനോട് ഇങ്ങനെ പറഞ്ഞു: ”എന്റെ മുന്‍പാകെ ഇടിവില്‍ നില്‌ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു. ആരെയും കണ്ടില്ല താനും” (യെഹസ്‌ക്കേ. 22:30). ഇവിടെയിതാ ദാനിയേല്‍. ഒറ്റയ്ക്കു മദ്ധ്യസ്ഥത അണയ്ക്കുന്ന ഒരുവന്‍. ഒരേ ഒരു മനുഷ്യനിലൂടെ ദൈവത്തിന് എത്രത്തോളം ചെയ്‌തെടുക്കാമെന്ന് അവന്‍ നമ്മെ പഠിപ്പിക്കുന്നു.

11:2ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഒരു ലഘു വിവരണം നാം വായിക്കുന്നു. 11:3-ല്‍ ഗ്രീസിലെ മഹാനായ അലക്‌സാണ്ടറെ പരാമര്‍ശിച്ചിരിക്കുന്നു. അദ്ദേഹ ത്തിന്റെ സാമ്രാജ്യം അദ്ദേഹത്തിന്റെ സന്തതി പരമ്പരകള്‍ക്കല്ല അദ്ദേഹത്തിന്റെ നാലു ജനറല്‍മാര്‍ക്കിടയിലാണു വിഭജിച്ചു നല്‍കിയത് (11:4). ഇവിടെ പറഞ്ഞിരിക്കുന്ന തെക്കേ ദേശത്തിലെ രാജാവ് ഈജിപ്തിലെ രാജാവും വടക്കേ ദേശത്തിലെ രാജാവ് സിറിയയിലെ രാജാവുമാണ് (11:5,6). ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ ചരിത്രത്തില്‍ മൊത്തം 22 യുദ്ധങ്ങള്‍ ഉണ്ടാകുമെന്ന് ഈ അധ്യായത്തില്‍ പ്രവചിച്ചിരിക്കുന്നു. 11:6-ലെ പരാമര്‍ശം ഈജിപ്തിലെ രാജാവ് ടോളമിയുടെ മകള്‍ ബര്‍ണിസ് സിറിയയിലെ രാജാവ് അന്ത്യോക്കസ് രണ്ടാമനെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടാണ്. 11:10 അന്ത്യോക്കസ് മൂന്നാമനെ പരാമര്‍ശിക്കുന്നു. 11:16 പലസ്തീ നിന്റെ മേലുള്ള സിറിയയുടെ വിജയത്തെക്കുറിച്ചാണ്. 11:18-ല്‍ റോമിന്റെ കരങ്ങളാലുള്ള സിറിയയുടെ തോല്‍വിയെ ചിത്രീകരിക്കുന്നു. 11:19 അന്ത്യോക്കസിന്റെ മരണത്തെ പരാമര്‍ശിക്കുന്നു. 11:21-ല്‍ അന്ത്യോക്കസ് എപ്പിഫാനസ് എന്നറിയപ്പെടുന്ന (എതിര്‍ക്രിസ്തുവിന്റെ നിഴല്‍) അന്ത്യോക്കസ് നാലാമനെയാണു പരാമര്‍ശിക്കുന്നത്. 11:31-ല്‍ യെരുശലേം ദൈവാലയത്തിന്റെ അള്‍ത്താരയില്‍ അന്ത്യോക്കസ് ഒരു പന്നിയെ ബലി കഴിക്കുന്നതു പറഞ്ഞിരിക്കുന്നു.

ഈ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങള്‍ക്കും ഇരട്ട നിവൃത്തിയാണുള്ളത്. ബി.സി. 170- അടുത്ത് അന്ത്യോക്കസ് എപ്പിഫാനസിന്റെ കാലഘട്ടത്തില്‍ ഇവ ആദ്യം നിറവേറി. അന്ത്യകാലത്ത് എതിര്‍ക്രിസ്തുവിന്റെ നാളില്‍ ഇവയുടെ രണ്ടാമത്തെ നിറവേറലും ഉണ്ടാകും.

11:32 വളരെ പ്രധാനപ്പെട്ട ഒരു വാക്യമാണ്. അന്ത്യകാലത്ത് കര്‍ത്താവിന്റെ പൂര്‍ണ മനസ്‌കരായ ശിഷ്യരും അതേസമയം ഒത്തുതീര്‍പ്പുകാരും ഉണ്ടായിരിക്കുമെന്ന് ഇതു വ്യക്തമാക്കുന്നു. ഇതില്‍ ഒത്തുതീര്‍പ്പുകാരെ നിയമത്തിനെതിരെ ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ മൃദുവായ വാക്കുകള്‍ കൊണ്ട് ദൈവത്തിനെതിരാക്കിത്തീര്‍ക്കും. എന്നാല്‍ പൂര്‍ണമനസ്‌ക്കര്‍ ദൈവത്തിനായി ഉറെച്ചു നിന്നു വീര്യം പ്രവര്‍ത്തിക്കും. ആ നാളുകളില്‍ വിവേകമതികള്‍ പലരേയും പ്രബുദ്ധരാക്കും. എന്നാല്‍ കുറേ കാലത്തേക്ക് വാളിനും അഗ്നിക്കും കവര്‍ച്ചയ്ക്കും അടിമത്തത്തിനും അവര്‍ ഇരയാകും’ (11:32-35).

11:36 വീണ്ടും എതിര്‍ക്രിസ്തുവിനെ പരാമര്‍ശിക്കുന്നു: ”അവന്‍ തന്നെത്താന്‍ ഉയര്‍ത്തി ഏതു ദേവനും മേലായി മഹത്വീകരിക്കുകയും ദൈവാധി ദൈവത്തിന്റെ നേരെ അപൂര്‍വ്വ കാര്യങ്ങളെ സംസാരിക്കയും കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും. നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.” 11:38-ല്‍ ആരാധനയുടെ ശക്തി, സമ്പത്ത് എന്നിവ അന്ത്യകാലത്ത് എല്ലായിടത്തും നിലനില്ക്കുന്നതിനെക്കുറിച്ചു പരാമര്‍ശിക്കുന്നു. ഭൂതങ്ങളില്‍ നിന്ന് എതിര്‍ ക്രിസ്തുവിനു ലഭിക്കുന്ന സഹായത്തെക്കുറിച്ചാണു 11:39-ല്‍ പരാമര്‍ശിക്കുന്നത്. അവന്‍ യെരുശലേമില്‍ ഭരണം നടത്തും. പക്ഷേ അവന്റെ അന്ത്യം വേഗത്തില്‍ സംഭവിക്കും (11:45).

12-ാം അധ്യായത്തില്‍ എതിര്‍ക്രിസ്തുവിന്റെ കാലത്തുണ്ടാകുന്ന മഹോപദ്രവത്തെക്കുറിച്ച് നാം ആദ്യമായി വായിക്കുന്നു (12:1). തുടര്‍ന്നു രണ്ട് ഉയിര്‍പ്പുകളെക്കുറിച്ചു കാണാം- ഒന്ന് നിത്യജീവനിലേക്കുള്ള ഉയിര്‍പ്പ്, മറ്റൊന്ന് അപമാനത്തിനും ലജ്ജയ്ക്കുമുള്ളത് (12:2). ഈ ലോകത്ത് ജ്ഞാനത്തോടെ പെരുമാറിയിരുന്നവര്‍ അന്തിമനാളില്‍ ആകാശ മണ്ഡലത്തിന്റെ പ്രഭ പോലെയും പലരേയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും (12:3). ദാനിയേലിന്റെ പുസ്തകം മുദ്രയിടപ്പെട്ട ഒരു പുസ്തകമാണ്. അന്ത്യകാലം വരെ ആരും അതു തിരിച്ചറിയുകയില്ല (12:4,9).

12:4-ല്‍ അന്ത്യകാലത്തെക്കുറിച്ചുള്ള രണ്ടു സുപ്രധാന പ്രവചനങ്ങള്‍ നമ്മള്‍ കാണുന്നു: ”അനേകര്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യും. അറിവ് വളരെ വര്‍ധിക്കും.” അന്ത്യകാലത്തു യാത്രകള്‍ വളരെ വര്‍ദ്ധിക്കും. ആദമിന്റെ കാലം മുതല്‍ 19-ാം നൂറ്റാണ്ടിന്റെ മധ്യം വരെ മനുഷ്യന്റെ യാത്രാവേഗം കുതിരയുടെ വേഗത്തിനു തുല്യമായിരുന്നു. അതുകൊണ്ട് അവന് ഏറെ ദൂരമൊന്നും യാത്ര ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ 20-ാം നൂറ്റാണ്ട് ഇതിനെ പാടേ വ്യത്യാസപ്പെടുത്തി. ഇന്നു ലോക സഞ്ചാരികളുടെ എണ്ണം ലക്ഷക്കണക്കിനാണ്. മനുഷ്യന്‍ ചന്ദ്രനിലേക്കു വരെ പോയിരിക്കുന്നു! അന്ത്യകാലത്ത് അറിവും വളരെ വര്‍ധിക്കും. 5900 വര്‍ഷം കൊണ്ട് (ആദമിന്റെ കാലം മുതല്‍ 1939 വരെ) മനുഷ്യന്‍ നേടിയ എല്ലാ ശാസ്ത്രീയ ജ്ഞാനത്തെക്കാളും 20 മടങ്ങു ജ്ഞാനം കേവലം 40 വര്‍ഷംകൊണ്ട് (1939 മുതല്‍ 1979 വരെ) നേടി. തുടര്‍ന്ന് അതു കണക്കു കൂട്ടലുകളെ അതിലംഘിച്ചുകൊണ്ട് അതിവേഗം മുന്നോട്ടു പോകുകയാണ്. മനുഷ്യചരിത്രത്തെ ഒരു ഗ്രാഫുപോലെ കണ്ടാല്‍ അതിന്റെ 99% സമയത്തും നേര്‍രേഖയിലായിരുന്ന ഗ്രാഫ് അവസാനകാലത്ത് കുത്തനെ ഉയരുന്നു. നൂറു മടങ്ങു വര്‍ധനയാണു ജ്ഞാനത്തില്‍ ഉണ്ടായിരിക്കുന്നത്.

താന്‍ പ്രവചിച്ചതെല്ലാം ദാനിയേലിനുപോലും മനസ്സിലായില്ല (12:9). എന്നാല്‍ ‘അവസാനം വരുവോളം പൊയ്‌ക്കൊള്‍വാനും വിശ്രമിച്ചു കാലാവസാനത്തിങ്കല്‍ ഓഹരി പ്രാപിപ്പാന്‍ എഴുന്നേറ്റു വരുവാനും’ അവനു കല്പന ലഭിച്ചു (12:9,13).

നിത്യത മുഴുവന്‍ ഒരു നക്ഷത്രമായി പ്രകാശിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഇന്ന് ആളുകളെ നീതിയിലേക്കു തിരിക്കണം. മറ്റുള്ളവരെ ദൈവികമായ ഒരു ജീവിതത്തിലേക്കു നയിക്കുവാന്‍ നിങ്ങളുടെ ജീവിതം മുഴുവന്‍ വിനിയോഗിക്കുക. അപ്പോള്‍ കാലാവസാനത്തിങ്കല്‍ കര്‍ത്താവു നിങ്ങള്‍ക്കായി കരുതി വച്ചിരിക്കുന്ന പ്രതിഫലം പ്രാപിപ്പാന്‍ നിങ്ങളും എഴുന്നേറ്റു വരും.

What’s New?