ബൈബിളിലൂടെ : എസ്ഥേര്‍

പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ദൈവം

ബൈബിളില്‍ ‘ദൈവം’ ‘കര്‍ത്താവ്’ എന്നീ വാക്കുകള്‍ ഒരിക്കല്‍ പോലും പ്രത്യക്ഷപ്പെടാത്ത ഒരേ ഒരു പുസ്തകം എസ്ഥേര്‍ മാത്രമാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ എല്ലായിടത്തും ദൈവത്തിന്റെ കരം നാം കാണുന്നു- അദൃശ്യനായി തിരശീലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ദൈവം അവിടുത്തെ ജനത്തെ പിന്‍തുണയ്ക്കുന്നു.

എസ്രായുടെയും നെഹെമ്യാവിന്റെയും പുസ്തകങ്ങള്‍ ബാബിലോണിലെയും മേദ്യാ-പാര്‍സ്യയിലെയും സുഖസൗകര്യങ്ങള്‍ വിട്ട് യെരുശലേമിന്റെ പുനര്‍നിര്‍മ്മാണത്തിനായി അവിടേക്കു വന്ന യെഹൂദന്മാരെക്കുറിച്ചു വിവരിക്കുന്നു. അവര്‍ അതു ചെയ്തതിന്റെ കാരണം, ദൈവത്തിനു വേണ്ടി യെരുശലേമില്‍ ഒരു സാക്ഷ്യം സ്ഥാപിക്കേണ്ടതിനായി ഒരു ഭാരം അവര്‍ക്കുണ്ടായിരുന്നു എന്നതാണ്. അതുകൊണ്ട് അവരെ പിന്‍തുണയ്‌ക്കേണ്ടതിനു ദൈവം തന്നെത്തന്നെ പരസ്യമായി വെളിപ്പെടുത്തി.

എസ്ഥേറിന്റെ പുസ്തകത്തില്‍ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങള്‍ നടന്നത് എസ്രായുടെ പുസ്തകത്തിലെ 6-ഉം 7-ഉം അധ്യായങ്ങള്‍ക്കിടയ്ക്കാണ്- യെഹൂദന്മാരുടെ ആദ്യസംഘം യെരുശലേമിലേക്കു മടങ്ങി വന്നതിനു ശേഷം. എസ്ഥേറിന്റെ പുസ്തകത്തില്‍ നാം വായിക്കുന്നത്, യെരുശലേമിലേക്കു പോകുന്നതിനുള്ള വില കൊടുക്കാന്‍ ആഗ്രഹിക്കാതെ, ബാബിലോണിലെയും മേദ്യ-പാര്‍സ്യയിലെയും സുഖസൗകര്യങ്ങളില്‍ ജീവിക്കുവാന്‍ ആഗ്രഹിച്ച യെഹുദന്മാരെക്കുറിച്ചാണ്. അതു കൊണ്ട് ദൈവം അവിടുത്തെ നാമം പരസ്യമായി അവരുമായി ബന്ധപ്പെടുത്താന്‍ അനുവദിച്ചില്ല. അതുകൊണ്ടാണ് ഈ പുസ്തകത്തില്‍ ഒരിടത്തും ദൈവത്തിന്റെ നാമം കണ്ടെത്താന്‍ കഴിയാതിരുന്നത്.

ഞായറാഴ്ച പ്രഭാതങ്ങളില്‍ കര്‍ത്താവിനു ഭക്തിഗാനങ്ങള്‍ പാടുമ്പോള്‍ അവര്‍ക്കു വൈകാരികമായ ഒരു ചലനം ഉണ്ടാകുന്നതുകൊണ്ട് അനേകം വിശ്വാസികള്‍ അവരെത്തന്നെ വളരെ സമര്‍പ്പിക്കപ്പെട്ടവരായി കണക്കാക്കുന്നു. എന്നാല്‍ മനുഷ്യ ഹൃദയം വഞ്ചനയുള്ളതാണ്. അങ്ങനെയുള്ള വിശ്വാസികള്‍ക്ക് അത്തരം യോഗങ്ങളില്‍ നിന്നു പോയി അവര്‍ക്കു വേണ്ടി തന്നെ ജീവിക്കുവാനും, കര്‍ത്താവിന്റെ വേലയ്ക്കു വേണ്ടിയോ ഭൂമിയില്‍ അവിടുത്തെ സഭ പണിയുന്നതിനു വേണ്ടിയോ ഒരു ചിന്തയും ഇല്ലാതെ അവരുടെ സ്വന്തം കാര്യം അന്വേഷിക്കുവാനും കഴിയുന്നു. അവരുടെ വീട്ടില്‍ അവര്‍ക്കു വായിക്കുവാന്‍ ഒരു സുവിശേഷ മാസിക പോലും കിട്ടാനില്ല. അവര്‍ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നത് നോക്കി പാര്‍ത്തുകൊണ്ട് നല്ല ആരോഗ്യത്തിനും സമൃദ്ധിക്കുമായി അവര്‍ ദൈവത്തെ അന്വേഷിക്കുന്നു. അവര്‍ക്ക് ഒരു പ്രശ്‌നം നേരിടുമ്പോള്‍, സഹായത്തിനായി ദൈവത്തിന്റെ അടുത്തേക്ക് ഓടിച്ചെല്ലുവാന്‍ അവര്‍ക്കു വളരെ വ്യഗ്രതയാണ്. എന്നാല്‍ പ്രശ്‌നം പരിഹരിച്ചു കഴിയുമ്പോള്‍, അവര്‍ വീണ്ടും അവരുടെ പഴയ ജീവിതശൈലിയിലേക്കു തിരിച്ചു പോകുന്നു- അവര്‍ക്കുവേണ്ടി തന്നെ ജീവിക്കുവാന്‍. അത്തരം വിശ്വാസികള്‍ ജീവിതത്തില്‍ ഒഴുകി നടക്കുന്നു, ദൈവത്തിനും മനുഷ്യര്‍ക്കും പ്രയോജനമില്ലാ ത്തവരായി.

ദൈവം പരസ്യമായി അവിടുത്തെ തന്നെ നിങ്ങളോടു തദാത്മ്യപ്പെടുത്തണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ നിങ്ങളെ മുഴുവനായി അവിടുത്തേക്കു വിറ്റു കളയേണ്ടതുണ്ട്. നിങ്ങള്‍ ഇപ്രകാരം പറയണം: ”കര്‍ത്താവേ, ഞാന്‍ സുഖസൗകര്യങ്ങള്‍ക്കു വേണ്ടിയോ, പണത്തിനു വേണ്ടിയോ, സന്തോഷങ്ങള്‍ക്കു വേണ്ടിയോ, ജീവിക്കുവാന്‍ പോകുന്നില്ല. ഞാന്‍ അവിടുത്തേക്കു വേണ്ടി മാത്രം ജീവിക്കുവാന്‍ പോകുന്നു. ഞാന്‍ എന്താകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവോ അതാകുവാന്‍ എനിക്കു മനസ്സാണ്.” അങ്ങനെയുള്ള ആളുകളെക്കുറിച്ചാണ് നിങ്ങള്‍ എസ്രായുടെ പുസ്തകത്തിലും നെഹെമ്യാവിന്റെ പുസ്തകത്തിലും വായിക്കുന്നത്. അവരുടെ പേരുകളുടെ ഒരു പട്ടിക അവിടെ കൊടുത്തിട്ടുണ്ട്.

എന്നാല്‍ നാം എസ്ഥേറിന്റെ പുസ്തകത്തിലേക്കു വരുമ്പോള്‍ അവിടെ പേരിന്റെ പട്ടിക ഒന്നുമില്ല. കാരണം ദൈവം തന്നെത്തന്നെ ഈ ജനത്തോട് തദാത്മ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ അപ്പോഴും ദൈവം അവര്‍ക്കുവേണ്ടി കരുതി. നല്ലവരുടെ മേലും കെട്ടവരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കുന്നു. അവിടുന്നു വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഭൗതിക നന്മകളും ശാരീരികാരോഗ്യവും നല്‍കുന്നു. അതുകൊണ്ടു പാര്‍സി ദേശത്തു തുടര്‍ന്നു ജീവിച്ച യെഹൂദരെയും അവിടുന്നു സംരക്ഷിച്ചു.

യെഹൂദന്മാര്‍ നേരിട്ട അപകടം

ആ സമയത്തുണ്ടായിരുന്ന ലോക ഭരണ കര്‍ത്താവായ അഹശ്വരേശ് രാജാവ്, ഒരു ദിവസം കുടിച്ചു മത്തനായി തന്റെ രാജ്ഞിയായ വസ്ഥിയോട് അവളുടെ സൗന്ദര്യം കാണിക്കേണ്ടതിന് മറ്റു പുരുഷന്മാരുടെ മുമ്പില്‍ വരുവാനായി പറഞ്ഞു (1:10,11). അവള്‍ ലജ്ജാശീലമുള്ള ഒരു രാജ്ഞി ആയിരുന്നതു കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഞാന്‍ വരികയില്ല.” രാജാവ് അവളോട് കുപിതനായി, തന്നോട് പരസ്യമായി അനുസരണക്കേട് കാണിച്ചതുകൊണ്ട് അവളെ ഉപേക്ഷിക്കുകയും മറ്റൊരു രാജ്ഞിക്കായി അന്വേഷണം തുടങ്ങുകയും ചെയ്തു. എസ്ഥേര്‍ സുന്ദരിയായ ഒരു യെഹൂദ പെണ്‍കുട്ടി ആയിരുന്നു. അതുകൊണ്ട് അവളുടെ അമ്മാവനായ മൊര്‍ദ്ദെഖായി ആ ജോലിക്കായി അപേക്ഷിക്കുവാന്‍ അവളെ ഉത്സാഹിപ്പിച്ചു.

അനേകം നല്ല ഗുണവിശേഷങ്ങളുള്ള ദൈവഭയമുള്ള ഒരു മനുഷ്യനായിരുന്നു മൊര്‍ദ്ദെഖായി. എന്നാല്‍ അവന്‍ ഒരു ഒത്തുതീര്‍പ്പുകാരനായിരുന്നു. ആ സമയത്ത് യെരുശലേമിലെ മതിലുകളും വാതിലുകളും തകര്‍ന്നു കിടക്കുകയായിരുന്നു. എന്നാല്‍ മൊര്‍ദ്ദെഖായി അതിനെക്കുറിച്ചൊന്നും ദുഃഖിതനായിരുന്നില്ല. ഇതേസമയം 35 വര്‍ഷങ്ങള്‍ക്കു ശേഷം വന്നവനും ഇതേ രാജ്യത്തു താമസിച്ചവനുമായിരുന്ന നെഹെമ്യാവ് ആ കാര്യത്തില്‍ ദുഃഖിതന്‍ ആയിരുന്നു. അവിടെ നെഹമ്യാവും മൊര്‍ദ്ദെഖായിയും തമ്മിലുള്ള ഗുണസംബന്ധിയായ വ്യത്യാസം നാം കാണുന്നു. തന്റെ സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ചു മൊര്‍ദ്ദെഖായി ഭാരപ്പെട്ട സ്ഥാനത്ത്, നെഹെമ്യാവ് ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു ഭാരപ്പെട്ടു.

മൊര്‍ദ്ദെഖായിയും നെഹെമ്യാവും രണ്ടുതരം വിശ്വാസികളെ പ്രതിനിധാനം ചെയ്യുന്നു- ബാബിലോണിയ വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്നവരെയും ആ വ്യവസ്ഥിതി വിട്ട് യെരുശലേമിലേക്കു നീങ്ങുന്നവരെയും. ബാബിലോണിലുള്ളവരെ ദൈവം ഉപേക്ഷിക്കുന്നില്ല. ഇല്ല. അവിടുന്ന് അവര്‍ക്കു വേണ്ടതു നല്‍കുകയും അവരെ ഉപദ്രവങ്ങളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ നിവര്‍ത്തിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ ബാബിലോണില്‍ നിന്നു പുറത്തു വന്നിട്ട് ഇപ്രകാരം പറയണം: ”കര്‍ത്താവേ, എന്റെ ജീവിതത്തിനു വേണ്ടിയുള്ള അവിടുത്തെ ഹിതം എനിക്കു കാണിച്ചു തരണമേ.”

ഒരു യെഹൂദ പെണ്‍കുട്ടി ഒരിക്കലും യെഹൂദേതരനായ ഒരു പുരുഷനെ വിവാഹം ചെയ്യരുതെന്ന് തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നുണ്ട് എന്ന് മൊര്‍ദ്ദെഖായിക്ക് അറിയാമായിരുന്നു. ഇതു വളരെ ഗൗരവതരമായ ഒരു പാപമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം നെഹെമ്യാവിന് ഈ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടി വന്നു (നെഹെമ്യാവ് 13:25). എന്നാല്‍ വരന്‍ രാജാവാണ് എന്ന ഒറ്റ കാരണത്താല്‍ മൊര്‍ദ്ദെഖായി ഈ വിവാഹത്തെ പ്രോത്സാഹിപ്പിച്ചു!

രാജാവ് വസ്ഥിയോട് ചെയ്യാന്‍ ആവശ്യപ്പെട്ടതും മൊര്‍ദ്ദെഖായി ചെയ്തതും തെറ്റായിരുന്നെങ്കിലും, അപ്പോഴും യഹോവ അവിടുത്തെ പരമാധികാരത്തില്‍ അവരുടെ തെറ്റുകളെയെല്ലാം മറികടന്ന് യെഹൂദാ ജനങ്ങള്‍ കൊല്ലപ്പെടുന്നതില്‍ നിന്ന് അവരെ രക്ഷിക്കുവാനായി എസ്ഥേറിനെ സിംഹാസനത്തിലേക്കു കൊണ്ടുവന്നു.

ഒരു ദിവസം രാജാവിനെ കൊല ചെയ്യുന്നതിനുള്ള ഒരു ഗൂഢാലോചന തയ്യാറാക്കുന്നതിനെക്കുറിച്ചു മൊര്‍ദ്ദെഖായി കേട്ടു. അയാള്‍ ഈ കാര്യം എസ്ഥേറിനോടു പറഞ്ഞിട്ട് അവള്‍ രാജാവിനെ അറിയിച്ചു. കാര്യം അന്വേഷിച്ച് രാജാവിനെതിരെ ഗൂഢാലോചന നടത്തിയവരെ പിടിച്ച് തൂക്കിക്കൊന്നു (2:23). ഇവയ്‌ക്കെല്ലാംശേഷം രാജാവ് ഹാമാന്‍ എന്നൊരാള്‍ക്ക് രണ്ടാമത്തെ ഭരണാധികാരിയായി സ്ഥാനക്കയറ്റം നല്‍കി (3:1). രാജാവിന്റെ സകല ഭൃത്യന്മാരും ഹാമാന്റെ മുമ്പില്‍ വണങ്ങി (വാക്യം 2). എന്നാല്‍ മൊര്‍ദ്ദെഖായി ദൈവത്തെ ഭയപ്പെട്ടിരുന്ന ഒരു മനുഷ്യനായിരുന്നതു കൊണ്ട് ഹാമാനെ വണങ്ങുന്നതിനു കൂട്ടാക്കിയില്ല. എന്തുകൊണ്ട് മൊര്‍ദ്ദെഖായി തന്നെ വണങ്ങുന്നില്ല എന്നത് ഹാമാനെ അത്ഭുതപ്പെടുത്തുകയും അയാള്‍ ഒരു യെഹൂദനായതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്നു കണ്ടു പിടിക്കുകയും ചെയ്തു. അതുകൊണ്ട് ഹാമാന് യെഹൂദാ ജനത്തോടു വലിയ ദേഷ്യം ഉണ്ടായി. യെഹൂദാ വര്‍ഗ്ഗത്തെ മുഴുവന്‍ തുടച്ചു നീക്കുവാന്‍ അവന്‍ തീരുമാനിച്ചിട്ട് വളരെ കൗശലപൂര്‍വ്വം ഒരു നിശ്ചിത തീയതിക്ക് എല്ലാ യെഹൂദന്മാരും കൊല്ലപ്പെടുവാനുള്ള ഒരു ഉത്തരവ് രാജാവിനെക്കൊണ്ടു പുറപ്പെടുവിച്ചു. ഇതിനു വേണ്ടി രാജാവിന്റെ ഖജനാവിലേക്ക് ലക്ഷം കോടി രൂപ അയാള്‍ വാഗ്ദാനം ചെയ്തു! അയാള്‍ ധനികനും സ്വാധീനമുള്ളവനുമായ ഒരു മനുഷ്യനായിരുന്നു.

ഹാമാന്‍ ബി.സി. 5-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലര്‍ ആയിരുന്നു. എന്നാല്‍ ഹാമാന്‍ വിജയിച്ചില്ല. 25 നൂറ്റാണ്ടുകള്‍ക്കു ശേഷം, ഹിറ്റ്‌ലറും വിജയിച്ചില്ല. യെഹൂദന്മാരെ തുടച്ചു നീക്കുന്നതില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിയുകയില്ല. കാരണം, 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവം അബ്രാഹാമിനോടു വാഗ്ദാനം ചെയ്തത് അവിടുന്ന് അവന്റെ സന്തതിയെ അനുഗ്രഹിക്കുമെന്നാണ്. ഹാമാന്‍മാര്‍ വരും, ഹിറ്റലര്‍മാരും വരും, എന്നാല്‍ ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ നിറവേറപ്പെടും.

ഹാമാന്‍ ഒരു അഗാഗ്യനായിരുന്നു (3:1).- അമാലേക്യനായ ആഗാഗ് രാജാവിന്റെ പിന്‍തുടര്‍ച്ചക്കാരന്‍. എല്ലാ അമാലേക്യരെയും സംഹരിക്കുവാന്‍ ദൈവം പറഞ്ഞിട്ടുണ്ടായിരുന്നതുപോലെ ശൗല്‍ രാജാവു ചെയ്തിരുന്നില്ല (1 ശമു. 15).

ഒരുപക്ഷേ അന്നൊരു ആണ്‍കുട്ടി അതിജീവിച്ചിട്ടുണ്ടാകണം. ഇന്ന് 600 വര്‍ഷങ്ങള്‍ക്കുശേഷം അവന്റെ പിന്‍തുടര്‍ച്ചക്കാരന്‍ യെഹൂദന്മാര്‍ക്ക് ഒരു ഉപദ്രവകാരിയായി എഴുന്നേറ്റു. നമ്മുടെ ജീവിതത്തില്‍ തീര്‍ത്തും കൈകാര്യം ചെയ്യാത്ത പാപങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം നമ്മെ ഉപദ്രവിക്കാന്‍ മടങ്ങിവരും.

മൊര്‍ദ്ദെഖായി ഈ ആലോചന കേട്ടപ്പോള്‍ എസ്ഥേറിന് ഒരു സന്ദേശം അയച്ചിട്ട് അവളോടു പറഞ്ഞു: ”ഈയൊരു കാലത്തിനായിട്ടല്ലോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്” (4:14). മൊര്‍ദ്ദെഖായി അവളോടു പറഞ്ഞു: ”നീ രാജധാനിയില്‍ ഇരിക്കയാല്‍ എല്ലാ യെഹൂദന്മാരിലും വച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ട. നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ എന്താണു സംഭവിക്കുന്നത്? യെഹൂദന്മാര്‍ക്കു മറ്റൊരു സ്ഥലത്തു നിന്നു രക്ഷയും ഉദ്ധാരണവും ഉണ്ടാകും.” ഇവിടെ പോലും ദൈവം എന്നൊരു വാക്കു നമുക്കു കണ്ടെത്താന്‍ കഴിയുന്നില്ല- ”പ്രാര്‍ത്ഥന” എന്ന വാക്കുപോലും. എസ്ഥേര്‍ പോലും യെഹൂദന്മാരോടു പറഞ്ഞത് അവള്‍ക്കുവേണ്ടി 3 പകലും 3 രാത്രിയും ഉപവസിക്കുവാനാണ്. അവള്‍ അവരോട് ഉപവസിക്കുവാന്‍ മാത്രമേ പറഞ്ഞുള്ളു. പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞില്ല (4:16).

എസ്ഥേര്‍ രാജ്ഞിക്കു പോലും രാജാവ് ക്ഷണിച്ചിട്ടല്ലാതെ അദ്ദേഹത്തിന്റെ മുമ്പില്‍ ചെല്ലുവാന്‍ കഴിയാത്ത അത്ര വലിയ അധികാരമാണ് ആ നാളുകളില്‍ രാജാവിനുണ്ടായിരുന്നത്. രാജാവിന്റെ സന്നിധിയില്‍ ക്ഷണിക്കപ്പെടാതെ ചെല്ലുന്നതിനുള്ള ശിക്ഷ മരണമായിരുന്നു. എന്നാല്‍ എസ്ഥേറിന്റെ നിലപാട് ”ഞാന്‍ നശിക്കുന്നെങ്കില്‍ നശിക്കട്ടെ” (4:16) എന്നതായിരുന്നു. ദൈവജനത്തെ രക്ഷിക്കുവാന്‍ അവളുടെ ജീവനെ വച്ചുകൊടുക്കുവാന്‍ അവള്‍ തയ്യാറാകുകയും രാജാവിന്റെ മുമ്പാകെ ചെല്ലുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണില്‍ അവള്‍ക്കു കൃപ ലഭിച്ചു. അവള്‍ രാജാവിനെയും ഹാമാനെയും ഒരു വിരുന്നിനു ക്ഷണിക്കുകയും ചെയ്തു.

വിരുന്നുവേളയില്‍, എസ്ഥേറിന് രാജാവിനോട് ഹാമാന്റെ ദുഷ്ട തന്ത്രം അന്നു വെളിപ്പെടുത്തി കൊടുക്കുവാനുള്ള അവസരം ലഭിക്കാത്ത വിധത്തില്‍ ദൈവം സാഹചര്യങ്ങളെ ക്രമീകരിച്ചു. ഇത് അങ്ങനെ സംഭവിച്ചത് ഹാമാന്റെ ദുഷ്ടത മുഴുവന്‍ വെളിപ്പെടുത്തപ്പെടേണ്ടതിനായിരുന്നു- കാരണം താമസിച്ചുണ്ടാക്കിയ കഴുമരം അതുവരെ പണിയപ്പെട്ടിട്ടില്ലായിരുന്നു. ദൈവം ന്യായവിധി താമസിപ്പിക്കുന്നതിന് ഒരു കാരണമുണ്ട്. ദൈവം അബ്രാഹാമിനോടു പറഞ്ഞത് അവന്റെ ജീവിതകാലത്തു കനാന്യര്‍ ന്യായം വിധിക്കപ്പെടുകയില്ലെന്നാണ്. കാരണം ആ സമയത്ത് അവര്‍ ന്യായവിധിക്കു പാകമായിരുന്നില്ല. 400 വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അവര്‍ ന്യായവിധിക്കു പാകമായത് (ഉല്‍പത്തി 15:13-16).

എസ്ഥേറിന്റെ വിരുന്നിന് അവന്‍ ക്ഷണിക്കപ്പെട്ടതുകൊണ്ട് ഹാമാന് വളരെ നിഗളമുണ്ടായിരുന്നു. അവന്‍ ഭവനത്തില്‍ ചെന്ന് താന്‍ എത്ര സമ്പന്നനാണെന്നുള്ള തിനെക്കുറിച്ചു പ്രശംസിച്ചു (5:11). അവന്റെ പത്തു പുത്രന്മാരെക്കുറിച്ചും (9:9) രാജാവ് അവനു സ്ഥാനക്കയറ്റം കൊടുത്തതിനെക്കുറിച്ചും പ്രശംസിച്ചു. ”എങ്കിലും” അവന്‍ പറഞ്ഞു: ”യെഹൂദനായ മൊര്‍ദ്ദെഖായി എന്നെ വണങ്ങാതെ ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നും കൊണ്ട് എനിക്ക് ഒരു തൃപ്തിയും ഇല്ല” (5:13). അതുകൊണ്ട് അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്‌നേഹിതന്മാരും അവ നോട് 75 അടി ഉയരമുള്ള ഒരുവലിയ കഴുമരം ഉണ്ടാക്കി മൊര്‍ദ്ദെഖായിയെ അതില്‍ തൂക്കിക്കളയുവാന്‍ നിര്‍ദ്ദേശിച്ചു. 75 അടി ഉയരം എന്നത് ഒരു 7 നില കെട്ടിടത്തിന്റെ ഉയരം ആണ്. ഒരു മനുഷ്യനെ തൂക്കിക്കൊല്ലാന്‍ 75 അടി ഉയരമുള്ള കഴുമരത്തിന്റെ ആവശ്യമില്ല. അതിനു 10 അടി ഉയരമുള്ള കഴുമരം മതി. പിന്നെ എന്തുകൊണ്ടാണ് 75 അടി ഉയരമുള്ളത് ഉണ്ടാക്കുന്നത്? മൊര്‍ദ്ദെഖായി തൂങ്ങിക്കിടക്കുന്നത് പട്ടണത്തില്‍ മുഴുവന്‍ കാണാന്‍ കഴിയേണ്ടതിനും അങ്ങനെ മൊര്‍ദ്ദെഖായി പരിഹസിക്കപ്പെടേണ്ട തിനുമാണ്. എന്നാല്‍ ഹാമാനും അവന്റെ ഭാര്യയും രാത്രി മുഴുവന്‍ ദുഷ്ടത അലോചി ക്കുകയും കഴുമരം ഉണ്ടാക്കുകയും ചെയ്തപ്പോള്‍, മൊര്‍ദ്ദെഖായി ഉറങ്ങുകയായി രുന്നു. ദൈവം ഉണര്‍ന്നിരുന്ന് അദ്ദേഹത്തെ സംരക്ഷിക്കുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിനു ഉണര്‍ന്നിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു (സങ്കീര്‍ത്തനം 127:2 കാണുക). ദൈവം ഹാമാന്റെ പ്രവൃത്തികള്‍ സൂക്ഷ്മ നിരീക്ഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്നു മുന്നമേ തന്നെ അതിനെക്കുറിച്ചു ചില കാര്യങ്ങള്‍ ആലോചിച്ചിട്ടുമുണ്ട്.

യെഹൂദന്മാരുടെ വിജയം

എസ്ഥേറിന്റെ പുസ്തകത്തില്‍ നാം കാണുന്ന അത്ഭുതകരമായ കാര്യങ്ങളില്‍ ഒന്ന് ദൈവം അവിടുത്തെ പരമാധികാരത്തില്‍ തന്റെ ജനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിധമാണ്.

ആ രാത്രിയില്‍ രാജാവിന് ഉറങ്ങാന്‍ കഴിഞ്ഞില്ല (6:1). എന്തുകൊണ്ടാണ് രാജാവിന് ഉറങ്ങാന്‍ കഴിയാതിരുന്നത്? കാരണം ദൈവം അയാളെ ഉണര്‍ത്തി ഇരുത്തി. മനുഷ്യര്‍ നമുക്കു വിരോധമായി ഗൂഢാലോചന നടത്തുമ്പോള്‍, നമ്മെ അവരില്‍ നിന്നു സംരക്ഷിക്കുവാനായി ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. മൊര്‍ദ്ദെഖായി ഗാഢനിദ്രയിലായിരുന്നതിനാല്‍ അടുത്ത പ്രഭാതത്തില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലു ന്നതിനായി ആ രാത്രിയില്‍ 75 അടി ഉയരമുള്ള കഴുമരം ഉണ്ടാക്കിയ കാര്യം അദ്ദേഹം അറിഞ്ഞില്ല.

രാജാവിന് ഉറക്കം കിട്ടാതെയിരുന്നതുകൊണ്ട്, സമ്രാജ്യത്തിന്റെ ദിനവൃത്താന്ത പുസ്തകം കൊണ്ടുവന്ന് അദ്ദേഹത്തെ വായിച്ചു കേള്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഒരുപക്ഷേ ദിനവൃത്താന്ത പുസ്തകം വായിച്ചു കേള്‍പ്പിക്കുമ്പോള്‍ തനിക്ക് ഉറക്കം വരും എന്ന് രാജാവ് ചിന്തിച്ചിരുന്നിരിക്കാം! അതുകൊണ്ട് ദിനവൃത്താന്ത പുസ്തകം വായിക്കപ്പെട്ടു- എന്നിട്ടും അദ്ദേഹത്തിന് ഒട്ടും ഉറക്കം കിട്ടിയില്ല. ദൈവം ആ കാര്യം തീര്‍ച്ചപ്പെടുത്തിയിരുന്നു. രാത്രി മുഴുവന്‍ അവര്‍ രാജാവിനെ പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു കൊണ്ടിരുന്നു. രാവിലെ ഏകദേശം 6 മണി ആയപ്പോള്‍, മൊര്‍ദ്ദെഖായി രാജാവിന്റെ ജീവന്‍ രക്ഷിച്ചതെപ്രകാരമാണെന്ന കഥ വരെ എത്തി. അതു കേട്ടപ്പോള്‍, രാജാവു ചോദിച്ചു, ”എന്റെ ജീവന്‍ രക്ഷിച്ചതിന് മൊര്‍ദ്ദെഖായിക്കു വേണ്ടി നാം എന്തു ചെയ്തു?” (6:3). അവര്‍ പറഞ്ഞു, ”ഒന്നും ചെയ്തിട്ടില്ല.” അതുകൊണ്ട് മൊര്‍ദ്ദെഖായിയെ ബഹുമാനിക്കാന്‍ രാജാവ് ആലോചിച്ചു.

ആ സമയത്തു തന്നെ- ദൈവത്തിന്റെ ആശ്ചര്യകരമായ സമയക്ലിപ്തത ഇവിടെ നിങ്ങള്‍ കാണുക- മൊര്‍ദ്ദെഖായിയെ തൂക്കിക്കൊല്ലുവാനുള്ള അനുവാദം രാജാവില്‍ നിന്നു നേടുവാന്‍ ഹാമാന്‍ രാജാവിന്റെ കൊട്ടാരത്തിലേക്കു വന്നു. ഹാമാന് എന്തെങ്കിലും സംസാരിക്കാന്‍ കഴിയുന്നതിനു മുമ്പ്, രാജാവ് അയാളോടു പറഞ്ഞു: ”ഞാന്‍ ഒരു പുരുഷനെ ബഹുമാനിക്കുവാന്‍ ഇച്ഛിക്കുന്നു. ഞാന്‍ അത് എങ്ങനെ ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?” മിഥ്യാഗര്‍വ്വിയായ ഹാമാന്‍, ഉടനെ ചിന്തിച്ചത് അവനെ ബഹുമാനിക്കാനാണ് രാജാവ് ആലോചിക്കുന്നത് എന്നാണ്. അതുകൊണ്ട് അവന്‍ പറഞ്ഞു, ”രാജാവിന്റെ കുതിരപ്പുറത്ത് അവന്‍ സവാരി ചെയ്യട്ടെ. രാജാവിന്റെ അതിശ്രേഷ്ഠ പ്രഭുക്കന്മാരില്‍ ഒരുവന്‍ പട്ടണവീഥിയില്‍ കൂടെ അവനെ കൊണ്ടു നടന്ന് ‘വിശ്വസ്തനായ ഒരാളിനെ രാജാവ് ബഹുമനിക്കുന്നത് ഇങ്ങനെയാണെന്ന് വിളിച്ചു പറയട്ടെ.” അപ്പോള്‍ രാജാവ് പറഞ്ഞു, ”ഉടനെ തന്നെ പോയി മൊര്‍ദ്ദെഖായിക്കു വേണ്ടി അതു ചെയ്യുക” (6:10). ആ സമയത്തെ ഹാമാന്റെ മുഖം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്കതു വളരെ ഇഷ്ടമാകുമായിരുന്നു.

സാത്താനെതിരെ ദൈവം കാര്യങ്ങളെ തിരിക്കുന്നതു കാണുന്നത് എത്ര അത്ഭുതകരമാണ്! ഇത് ഹാമാനുണ്ടാകാന്‍ പോകുന്ന അപമാനത്തിന്റെ തുടക്കം മാത്രമായിരുന്നു.

ആ രാത്രി ഹാമാന്‍ എസ്ഥേറിന്റെ വിരുന്നിനു ചെന്നപ്പോള്‍, എസ്ഥേര്‍ ഹാമാന്റെ പദ്ധതി രാജാവിനോട് വെളിപ്പെടുത്തി. ഹാമാന്‍ എസ്ഥേറിന്റെ കാല്‍ക്കല്‍ വീണ് കരുണയ്ക്കായി യാചിച്ചു. യെഹൂദന്മാര്‍ തന്റെ മുമ്പില്‍ മുട്ടു മടക്കണം എന്നാഗ്രഹിച്ചവന്‍ ഇപ്പോള്‍ ഒരു യെഹൂദ സ്ത്രീയുടെ മുമ്പില്‍ മുട്ടുകുത്തുന്നു. കര്‍ത്താവ് അവിടുത്തെ വിശ്വസ്ത സഭകളില്‍ ഒന്നിനോടു പറഞ്ഞു: ”ഞാന്‍ അവരെ നിന്റെ മുമ്പില്‍ വന്ന് നിന്റെ കാല്‍ക്കല്‍ നമസ്‌ക്കരിപ്പാനും ഞാന്‍ നിന്നെ സ്‌നേഹിച്ചു എന്ന് അറിവാനും സംഗതി വരുത്തും” (വെളിപ്പട് 3:9).

മൊര്‍ദ്ദെഖായിക്കു വേണ്ടി താന്‍ ഉണ്ടാക്കിയ കഴുമരത്തെക്കുറിച്ച് ഹാമാന്‍ അനേകരോടു പൊങ്ങച്ചം പറഞ്ഞിരുന്നതുകൊണ്ട്, മറ്റുള്ളവര്‍ അതിനെക്കുറിച്ചറിഞ്ഞി രുന്നു. അതുകൊണ്ട് ഹാമാനെ തന്നെ ആ മരത്തില്‍ തൂക്കിക്കൊല്ലണമെന്ന് അവര്‍ രാജാവിനോട് അഭിപ്രായപ്പെട്ടു. അവന്‍ അതേക്കുറിച്ചു നിശ്ശബ്ദനായിരുന്നെങ്കില്‍ അതെത്ര നന്നായിരുന്നേനെ! രാഷ്ട്രത്തിന്റെ മുമ്പില്‍ മൊര്‍ദ്ദെഖായിയെ അപമാനിക്കുവാന്‍ ആഗ്രഹിച്ചവന്‍ തന്നെ ഇപ്പോള്‍ അപമാനിതനായി.

”മറ്റുള്ളവര്‍ക്കു വേണ്ടി കുഴി കുഴിക്കുന്നവന്‍ തന്നെ ആ കുഴിയില്‍ വീഴും (സദൃ. വാ. 26:27).

”നീതിമാന്‍ കഷ്ടത്തില്‍ നിന്നു രക്ഷപ്പെടുന്നു; ദുഷ്ടന്‍ അവനു പകരം അകപ്പെടുന്നു” (സദൃ. വാ. 11:8).

8-ാം അധ്യായത്തില്‍, എപ്രകാരമാണ് മൊര്‍ദ്ദെഖായിക്ക് സ്ഥാനക്കയറ്റം ലഭിച്ച് ഹാമാന്റെ ജോലി നല്‍കപ്പെട്ടത് എന്നു നാം വായിക്കുന്നു. 9-ാം അധ്യായത്തില്‍ യെഹൂദന്മാര്‍ അവരുടെ ശത്രുക്കളെ നശിപ്പിക്കുന്നു. ജോസഫിനെയും ദാനിയേലി നെയും പോലെ മൊര്‍ദ്ദെഖായി തന്റെ കാലത്തു ഭൂമിയിലുണ്ടായിരുന്ന ഏറ്റവും വലിയ രാജാവിന്റെ ഉപദേഷ്ടാവായി മാറി.

ഈ യെഹൂദന്മാര്‍ തിരികെ പാര്‍സി ദേശത്തു തന്നെ പാര്‍ത്തെങ്കിലും ദൈവം അവര്‍ക്കു നല്ലവനായിരുന്നു.

ഇതെല്ലാം എഴുതപ്പെട്ടിരിക്കുന്നത്, ദൈവത്തിന്റെ സമയം ആകുന്നതുവരെ, ആര്‍ക്കും നമ്മെ ഒരു തരത്തിലും ഉപദ്രവിക്കുവാന്‍ സാധ്യമല്ല എന്നു നമ്മെ പഠിപ്പിക്കുന്നതിനു വേണ്ടി നമുക്കുള്ള ബുദ്ധി ഉപദേശത്തിനായാണ്. യേശുവിനെ ക്കുറിച്ച് രണ്ടു പ്രാവശ്യം ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ”അവന്റെ നാഴിക അതുവരെ വന്നിട്ടില്ലായ്ക കൊണ്ട് ആരും അവനെ പിടിച്ചില്ല” (യോഹന്നാന്‍ 7:30; 8:20). പൗലൊസിനുവേണ്ടി ദൈവം നിശ്ചയിച്ച സമയം കഴിയുന്നതുവരെ അവര്‍ക്ക് അദ്ദേഹത്തിന്റെ തല ഛേദിക്കുവാന്‍ കഴിഞ്ഞില്ല. കാരണം ദൈവം തന്റെ ഭൃത്യന്മാരെ സംരക്ഷിക്കേണ്ടതിന് അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു.

പാര്‍സി ദേശത്ത് അവരുടെ സ്വന്തം കാര്യം അന്വേഷിച്ചുകൊണ്ട് ഒത്തു തീര്‍പ്പുകാരായി ജീവിച്ച ഈ ജനത്തിനുവേണ്ടി ദൈവം പ്രവര്‍ത്തിച്ചെങ്കില്‍, മുഴുവനായി അവിടുത്തേക്കു വേണ്ടി ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന നമുക്കുവേണ്ടി ഇന്ന് ദൈവം എത്രയധികം പ്രവര്‍ത്തിക്കും! എസ്ഥേറിന്റെ പുസ്തകത്തില്‍ നിന്നു നമുക്കു ലഭിക്കുന്ന വലിയ പ്രോത്സാഹനം അതാണ്. നാം ഉറങ്ങുമ്പോള്‍, നമ്മെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ദുഷ്ടമനുഷ്യരില്‍ നിന്നു നമ്മെ സംരക്ഷിക്കുവാന്‍ നമുക്കുവേണ്ടി ദൈവം പ്രവര്‍ത്തിക്കുന്നു.

നമുക്ക് ഈ വിശ്വാസം ഉണ്ടെങ്കില്‍, നമുക്ക് ഏതു സാഹചര്യത്തിലും പുറത്തു പോയി ദൈവത്തെ സേവിക്കുവാന്‍ കഴിയും- ഏതു വിധത്തിലുള്ള പ്രയാസമായാലും. പിശാചിനു നമ്മുടെ ഹൃദയങ്ങളില്‍ ഭീതി ഉളവാക്കി നമ്മെ ആ ഭയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍, നമുക്ക് ഒരിക്കലും ദൈവത്തെ സേവിക്കാന്‍ കഴിയുകയില്ല. നാം ഭയപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍, നാം പിശാചിനെ മഹത്വപ്പെടുത്തുകയാണ്. അപ്പോള്‍ പിശാച് സര്‍വ്വശക്തനാണെന്നും ദൈവത്തിനു നമ്മെ സംരക്ഷിക്കുവാന്‍ കഴിയില്ലെന്നും നാം പ്രഘോഷിക്കുകയാണെന്നോര്‍ക്കുക. അത്തരം ഭയത്തോടെ ജീവിക്കുന്ന അനേകം വിശ്വാസികള്‍ ഉണ്ട്. എന്നാല്‍ ദൈവത്തില്‍ വിശ്വാസമുള്ള ഒരുവന്‍ ഇപ്രകാരം പറയും: ”ദൈവം സര്‍വ്വശക്തന്‍. തിരുവചനത്തിലുള്ളത് ഓരോന്നും എന്നെ കാണിക്കുന്നത് ദൈവം തന്റെ ജനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ്. അവിടുന്ന് എല്ലായ്‌പ്പോഴും നമ്മെ കാത്തു സൂക്ഷിക്കുന്നു. നമുക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതിന് യഹോവയുടെ കണ്ണുകള്‍ ഭൂമി മുഴുവന്‍ ഊടാടി സഞ്ചരിക്കുന്നു. എന്നെ കാക്കുന്ന യഹോവ ഒരിക്കലും മയങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല. എന്നെ സംരക്ഷിക്കുന്നവന്‍ അവിടുന്നാണ്.”

ഒരു വലിയ പുരുഷാരം നമുക്കെതിരെ തന്ത്രങ്ങള്‍ ആലോചിച്ചാലും, നമുക്കൊരു ഭയവും ഉണ്ടാകേണ്ട ആവശ്യമില്ല. നാം കര്‍ത്താവിനെ സേവിക്കുമ്പോള്‍, സാത്താന്‍ അനേകം ആളുകളെ കൊണ്ടു നമ്മെ ശോധന ചെയ്യുകയും ഉപദ്രവിപ്പിക്കുകയും ചെയ്യും. ദുഷ്ടരായ ആളുകള്‍ എന്നെ ഉപദ്രവിക്കുവാനും കുടുക്കുവാനും വേണ്ടിയുള്ള തന്ത്രങ്ങള്‍ മെനയുകയും കാര്യങ്ങള്‍ ആലോചിക്കുകയും ചെയ്തിട്ടുള്ള അനേകം അനുഭവങ്ങള്‍ എനിക്കുണ്ട്. എന്നാല്‍ അവര്‍ പ്രതീക്ഷിച്ച വിധത്തില്‍ കാര്യങ്ങള്‍ നടന്നില്ല. കാരണം സ്വര്‍ഗ്ഗത്തിലെ ദൈവം അവരുടെ കുടില തന്ത്രങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവിടുന്ന് അവരുടെ ആലോചനകളെ വിഫലമാക്കി ക്കളഞ്ഞു. മേശകളെ അവരുടെ മേല്‍ തന്നെ മറിച്ചിട്ട് അവരെയും അവര്‍ സേവിച്ച പിശാചിനെയും വിഡ്ഢികളാക്കി. ഞാന്‍ എന്താണു ചെയ്യേണ്ടിയിരുന്നത്? ദൈവ ത്തില്‍ ആശ്രയിക്കുക മാത്രം ചെയ്യുക- എന്നിട്ട് മൊര്‍ദ്ദെഖായി ചെയ്തതുപോലെ ഉറങ്ങുക.

ഈ ദൈവത്തെയാണ് നാം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത്.

എസ്ഥേറിന്റെ പുസ്തകത്തില്‍ യെഹൂദന്മാര്‍ ജയോത്സവം കൊണ്ടാടുകയും അവരുടെ ശത്രു പരാജയപ്പെടുകയും ചെയ്തു.

നമ്മുടെ ജീവിതത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും.

What’s New?