ദൈവമഹത്വത്തിന്റെ വിട്ടുപോകലും മടങ്ങിവരവും
യിരെമ്യാ പ്രവാചകന്റെ വലിയ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു യെഹസ്‌കേല്‍. കുറഞ്ഞത് 25 വര്‍ഷത്തോളം അദ്ദേഹം ബാബിലോണിലായിരുന്നു. ബാബേല്‍ പ്രവാസം എന്ന ശിക്ഷയില്‍ നിന്നും യെഹൂദ്യരെ രക്ഷിക്കുവാന്‍ ദൈവം യിരമ്യാവിലൂടെ 40 വര്‍ഷത്തോളം ശ്രമം നടത്തി. പക്ഷേ അവര്‍ അവനെ കേള്‍ക്കുവാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ദൈവം പറഞ്ഞു: ”ഞാന്‍ നിങ്ങളെ ശിക്ഷിക്കും. എന്റെ ശിക്ഷണം അംഗീകരിക്കുന്നതായിരിക്കും നിങ്ങള്‍ക്കേറ്റവും നല്ലത്. നിങ്ങള്‍ സന്തോഷത്തോടെ ബാബിലോണിലേക്കു പോവുകയും ബാബേല്‍ രാജാവിന്റെ ശിക്ഷണത്തിന് അവിടെ കീഴടങ്ങിയിരിക്കുകയും ചെയ്യുക.”
നമ്മെ ശിക്ഷിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. യേശുവിനെ ഒരിക്കലും ദൈവം ശിക്ഷിച്ചില്ല. ആത്മീയ നിഗളത്തിന്റെ അപകടം ഉണ്ടായിരുന്നില്ലെങ്കില്‍ പൗലൊസിന് ജഡത്തില്‍ ഒരു ശൂലത്തിന്റെ അനുഭവം വേണ്ടി വരില്ലായിരുന്നു. നാം തെറ്റില്‍ അകപ്പെട്ടു പോയെന്നോ വഴി തെറ്റുന്നുവെന്നോ തോന്നുമ്പോള്‍ മാത്രമാണ് ശിക്ഷ നമുക്ക് ആവശ്യമായി വരുന്നത്. അങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ അവിടുത്തെ ശിക്ഷണത്തിനു കീഴടങ്ങുക തന്നെ ഏറ്റവും അഭികാമ്യം.
യെഹൂദയോടു ദൈവം പറഞ്ഞു: ”നിങ്ങള്‍ ബാബിലോണിലേക്കു പോകുന്നുവെങ്കില്‍, അവിടെ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും. 70 വര്‍ഷത്തേക്ക് എന്റെ ശിക്ഷണവും ശിക്ഷയും ഏറ്റുവാങ്ങുക.” ചിലര്‍ ഇതു കേട്ട മാത്രയില്‍ തന്നെ അനുസരിച്ച് അവിടേക്കു പോയി. അവരില്‍ ഏറ്റവും മെച്ചപ്പെട്ടവരായിരുന്നു ദാനിയേലും മറ്റു മൂന്നു ബാലന്മാരും. സ്വന്തം താത്പര്യപ്രകാരം അവിടെത്തന്നെ നിന്ന ചിലരെ ബല പ്രയോഗത്താല്‍ ബാബിലോണിലേക്കു കൊണ്ടുപോയി. എന്നാല്‍ ബാബിലോണിലും ദൈവം രണ്ടു പ്രവാചകന്മാരെ അവര്‍ക്കു നല്‍കി- യെഹസ്‌കേലും ദാനിയേലും. പിന്മാറ്റാവസ്ഥയില്‍ ശിക്ഷാകാലത്തിലൂടെ കടന്നുപോകുമ്പോഴും തന്റെ ജനത്തോടു ദൈവത്തിനുള്ള വലിയ സ്‌നേഹത്തെയാണ് ഇതു കാണിക്കുന്നത്. അവിടുന്നു തന്റെ പ്രവാചകന്മാരെ നമ്മോടു സംസാരിക്കുവാനായി പിന്നെയും അയയ്ക്കുന്നത് അവിടുന്നു നമ്മെ ഉപേക്ഷിച്ചിട്ടില്ലാത്തതുകൊണ്ടാണ്.
പ്രവാചകനാകുവാന്‍ അപ്രതീക്ഷിത ദൈവവിളി
യെഹസ്‌കേല്‍ ഒരു പുരോഹിതന്റെ മകനായിരുന്നതിനാല്‍ പുരോഹിതനാകുവാനുള്ള പരിശീലനത്തിലായിരുന്നു (1:3). എന്നാല്‍ മുപ്പതു വയസ്സായപ്പോള്‍ ദൈവം അവനെ പ്രവാചകനാകുവാന്‍ പൊടുന്നനെ വിളിക്കുകയായിരുന്നു (1:1). നാം പദ്ധതിയുണ്ടാക്കുന്നതു ഒരു ശുശ്രൂഷയെക്കുറിച്ച്. എന്നാല്‍ തികച്ചും വ്യത്യസ്തമായ മറ്റൊന്നിനു വേണ്ടി ദൈവം നമ്മെ വിളിക്കുന്നു. അപ്പോള്‍ നാം യെഹസ്‌കേലിനെ പ്പോലെ സര്‍വ്വവും ഉപേക്ഷിച്ച് ദൈവം വിളിച്ച ആ ശുശ്രൂഷ സ്വീകരിക്കുവാന്‍ തയ്യാറാകണം.
ഒരു പ്രവാചകന്റെ ജീവിതത്തെക്കാള്‍ സുരക്ഷിതമാണ് ഒരു പുരോഹിതന്റെ ജീവിതം. പുരോഹിതന്മാര്‍ കൊല്ലപ്പെടുക സാധാരണമല്ല. എന്നാല്‍ പ്രവാചകന്മാര്‍ കൊല്ലപ്പെടുക തികച്ചും സാധാരണമാണ്. പ്രവാചകന്റെ ജീവിതം വളരെ കഠിനമാണ്. ജനങ്ങള്‍ പീഡിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ കയ്യും അവരുടെ മേല്‍ ഭാരമേറിയതായിരിക്കുക കൊണ്ടു കൂടിയാണ്. ഒരു പുരോഹിതനായിരുന്നു എങ്കില്‍ യെഹസ്‌കേലിന് അതിലൂടെയൊന്നും കടന്നുപോകേണ്ടി വരികയില്ലായിരുന്നു. ദൈവരാജ്യത്തിലെ ചില ശുശ്രൂഷകള്‍ മറ്റുള്ളവയെക്കാള്‍ സഹിഷ്ണുത ആവശ്യമുള്ളതായിരിക്കും. യേശു പത്രൊസിനോടു പറഞ്ഞു: ”നീ വൃദ്ധനായ ശേഷം മറ്റൊരുത്തന്‍ നിനക്കിഷ്ടമില്ലാത്തിടത്തേക്കു നിന്നെ കൊണ്ടുപോകും.” വിശ്വാസത്തിനു വേണ്ടി എങ്ങനെ സഹിക്കേണ്ടി വരുമെന്ന സൂചന. പത്രൊസ് കര്‍ത്താവിനോടു യോഹന്നാനെക്കുറിച്ചു ചോദിച്ചു: ”ഇവന് എന്തു ലഭിക്കും? എന്നെപ്പോലെ സഹിക്കേണ്ടി വരുമോ?” കര്‍ത്താവു മറുപടി പറഞ്ഞു: ”അത് അറിയേണ്ട ആവശ്യം നിനക്കില്ല. നീ എന്നെ അനുഗമിക്കുക” (യോഹ. 21:18-23). കഷ്ടം സഹിക്കേണ്ട ഒരു ശുശ്രൂഷയിലേക്കു ദൈവം നിന്നെ വിളിച്ചിരിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ ശ്രദ്ധിക്കാതെ അത് ഏറ്റെടുക്കുക. മറ്റുള്ളവര്‍ സുഖകരമായ ജീവിതമാണോ നയിക്കുന്നതെന്നത് നിന്നെ ഭാരപ്പെടുത്തുവാന്‍ പാടില്ല. അതു നിന്റെ കാര്യമല്ല.
യെഹസ്‌കേല്‍ വേഗത്തില്‍ ആ വിളിയോടു പ്രതികരിച്ചു. അവന്‍ പ്രതികരിച്ചതു കൊണ്ടു നമുക്കു നന്ദി പറയാം. അവന്‍ പ്രതികരിച്ചിരുന്നില്ലെങ്കില്‍ നമുക്കൊരിക്കലും അവനെ കേള്‍ക്കാന്‍ കഴിയില്ലായിരുന്നു. ചൈനയിലേക്കു പോകുവാനുള്ള ദൈവ വിളിക്കു ഹഡ്‌സണ്‍ ടെയ്‌ലറും ആഫ്രിക്കയ്ക്കു പോകുവാനുള്ള ദൈവവിളിക്കു സി.റ്റി. സ്റ്റഡും ദക്ഷിണ അമേരിക്കയിലേക്കു പോകുവാനുള്ള ദൈവവിളിക്കു ജിം എലിയട്ടും പ്രതികരിച്ചിരുന്നില്ലെങ്കില്‍ ഇവരെക്കുറിച്ച് നമുക്കൊരിക്കലും അറിയുവാന്‍ കഴിയുമായിരുന്നില്ല. അവരൊക്കെ ദൈവം വിളിച്ചപ്പോള്‍ തന്നെ അതിനോട് അനുകൂലമായി പ്രതികരിച്ചു.
30-ാം വര്‍ഷമെന്നത് പഴയനിയമകാലത്തെയും പുതിയ നിയമകാലത്തെയും ആളുകളെ സംബന്ധിച്ച് തങ്ങളുടെ ജീവിതത്തില്‍ അവര്‍ പ്രാധാന്യത്തോടെ കാണുന്നു. ഈജിപ്തില്‍ ഭരണാധികാരിയാകുമ്പോള്‍ ജോസഫിനു 30 വയസ്സായിരുന്നു. രാജാവാകുമ്പോള്‍ ദാവീദിനു 30 വയസ്സായിരുന്നു. യേശുവിനു പരസ്യ ശുശ്രൂഷ തുടങ്ങുമ്പോഴും 30 വയസ്സായിരുന്നു. അപ്പൊസ്തലന്മാരില്‍ മിക്കപേര്‍ക്കും ശുശ്രൂഷ തുടങ്ങുമ്പോള്‍ 30 വയസ്സായിരുന്നു. യെഹസ്‌കേലിനും ശുശ്രൂഷ തുടങ്ങുമ്പോള്‍ 30 വയസ്സായിരുന്നു. ഇന്നും ഏകദേശം ആ പ്രായത്തില്‍ തന്നെയാണ് ദൈവം തന്റെ മക്കളെ പ്രത്യേക ശുശ്രൂഷകളിലേക്കു നയിക്കുന്നത്. അതിനു മുമ്പായി പ്രത്യേക ശുശ്രൂഷകള്‍ക്കായി വര്‍ഷങ്ങളിലൂടെ ദൈവത്തിന് നമ്മെ ഒരുക്കേണ്ടതായിട്ടുണ്ട്. നിങ്ങള്‍ സമ്പൂര്‍ണ്ണമായും ദൈവത്തിനു കീഴ്‌പ്പെട്ട് അവിടുന്നു നിങ്ങളെ ഒരുക്കുവാന്‍ കൗമാരത്തിലും ഇരുപതുകളിലും നിങ്ങള്‍ അനുവദിക്കുമെങ്കില്‍ 30-35 വയസ്സ് ആകുമ്പോഴേക്കു നിങ്ങള്‍ക്കായി നിയമിച്ച ശുശ്രൂഷയ്ക്കു വേണ്ടി നിങ്ങള്‍ ഒരുക്കപ്പെടും. പക്ഷേ അധികം ചെറുപ്പക്കാരും കാത്തിരിക്കുവാന്‍ ഒരുക്കമുള്ളവരല്ല. മുപ്പതിനു മുമ്പേ നിങ്ങള്‍ക്കു ദൈവത്തെ ശുശ്രൂഷിക്കുവാന്‍ പോകുന്നത് അസാദ്ധ്യ മെന്നൊന്നുമല്ല ഞാന്‍ പറയുന്നത്. 16 വയസ്സുള്ളപ്പോള്‍ പോലും നിങ്ങള്‍ക്കു ദൈവ ശുശ്രൂഷ ആരംഭിക്കാം. എന്നാല്‍ പ്രാരംഭ വര്‍ഷങ്ങളില്‍ നിങ്ങളെ നയിക്കുവാനും സംരക്ഷിക്കുവാനുമൊക്കെയായി നിങ്ങള്‍ക്ക് അധികാരത്തിനു കീഴ്‌പ്പെട്ടിരിക്കേണ്ട ആവശ്യമുണ്ട്. എന്നാല്‍ പല യൗവനക്കാരും കീഴ്‌പ്പെടുന്നതിനു പകരം ഉരസുകയും മറുതലിക്കുകയും തത്ഫലമായി നുറുക്കപ്പെടാതെ പോവുകയും ദൈവം നിയമിച്ച ശുശ്രൂഷയ്ക്കായി ഒരുക്കപ്പെടാതെ പോവുകയും ചെയ്യുന്നു. യേശുവിനുപോലും താന്‍ ശുശ്രൂഷയിലേക്കു പ്രവേശിക്കുംമുമ്പേ 30 വര്‍ഷം തന്റെ മാതാപിതാക്കളായ ജോസഫിനും മറിയയ്ക്കും കീഴടങ്ങിയിരിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ നമ്മെ സംബന്ധിച്ച് അത് എത്രയധികം ആവശ്യമായിരിക്കുന്നു. യെഹസ്‌കേല്‍ തന്റെ ബാല്യത്തില്‍ യിരെമ്യാവിനു കീഴ്പ്പട്ടിരുന്നിരിക്കാം. തന്റെ യൗവനത്തില്‍ യിരെമ്യാവിന്റെ പ്രവചനങ്ങളെ ശ്രദ്ധിക്കുകയും പഠിക്കയും ചെയ്തിരുന്നിരിക്കാം. ഈ ചെറുപ്പക്കാരനില്‍ ദൈവം ആ വിശ്വസ്തത കണ്ടു. അങ്ങനെ അവനൊരു പുരോഹിതനാവേണ്ട, പ്രവാചകനായാല്‍ മതി എന്നു ദൈവം നിശ്ചയിച്ചു.
ഒരു ദിവസം ദൈവം സ്വര്‍ഗ്ഗം തുറന്ന് ദര്‍ശനങ്ങളെ കാണിച്ചുകൊണ്ട് യെഹസ്‌കേലിനും ജനത്തിനും സന്ദേശം നല്‍കി. ”യെഹോയാഖീന്‍ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടില്‍ മേല്‍പ്പറഞ്ഞ മാസം അഞ്ചാം തീയതി തന്നെ യഹോവയുടെ അരുളപ്പാട് യെഹസ്‌കേലിന് ഉണ്ടായി”(1:2,3). ദൈവം എല്ലായ്‌പ്പോഴും നമ്മോടു സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ മനസ്സിന്റെ പരിമിതികളും പാപം മൂലമുള്ള അതിന്റെ വക്രതയും കാരണം പല സമയത്തും ദൈവം പറയുന്നതു വ്യക്തമാകുന്നില്ല. ചിലപ്പോള്‍ മാത്രമേ വ്യക്തതയുള്ളു. തുടര്‍ച്ചയായി വ്യക്തതയോടെ തന്റെ പിതാവിനെ കേട്ടതു യേശു മാത്രമായിരുന്നു. അപ്പൊസ്തലനായ പൗലൊസു പോലും തന്റെ ഒരു ലേഖനത്തില്‍ ‘താന്‍ എഴുതുന്ന കാര്യങ്ങള്‍ പരിശുദ്ധാത്മാവില്‍ നിന്നാണോ എന്നു തനിക്കു നിശ്ചയമില്ല’ എന്നു പറയുന്നുണ്ട് (1 കൊരി. 7:12,25,40).
ദൈവം തന്നോട് പ്രത്യേകമായി സംസാരിക്കാന്‍ ശ്രമിച്ച ഒന്‍പതു തീയതികളുടെ രേഖപ്പെടുത്തല്‍ നമുക്കു യെഹസ്‌കേല്‍ പ്രവചനത്തില്‍ കാണാം (1:2,3; 24:1; 26:1; 29:1,17; 30:20; 31:1; 32:1,17). നമ്മോടും ദൈവം ഇപ്രകാരം വ്യക്തമായി സംസാരിക്കുന്ന തീയതിയും മറ്റും രേഖപ്പെടുത്തി വയ്ക്കുന്നതു നന്നായിരിക്കും. ഞാനും ഇപ്രകാരം ദൈവം പ്രത്യേകമായി സംസാരിച്ചതിന്റെ തീയതിയടക്കം ഒരു രേഖയുണ്ടാക്കി വച്ചിട്ടുണ്ട്. ഇന്നും ഞാന്‍ അതെടുത്തു നോക്കി ദൈവം എന്നോടു പറഞ്ഞത് എന്ത് എന്ന് ഓര്‍മ്മിക്കുവാന്‍ ശ്രമിക്കും.
”യഹോവയുടെ കയ്യും അവന്റെ മേല്‍ വന്നു” (1:3). ഈ പ്രയോഗം ഏഴു പ്രാവശ്യം നമുക്ക് യെഹസ്‌കേല്‍ പ്രവചനത്തില്‍ കാണാം. അതിനര്‍ത്ഥം തനിക്ക് ബോധിച്ചതു പോലെ ഒന്നും ചെയ്‌വാന്‍ യെഹസ്‌കേലിനു സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ”നീ എവിടെ പോകണമെന്ന് ഞാന്‍ പറയുന്നിടത്തേക്കു മാത്രം നീ പോകും” എന്നു ദൈവം പറയുമ്പോലെ. നമുക്കും ഇപ്രകാരം സ്വര്‍ഗ്ഗം തുറന്ന അനുഭവത്തില്‍ ജീവിതകാലം മുഴുവന്‍ ജീവിക്കുവാന്‍ കഴിയും. ദൈവഭയത്തില്‍ താഴ്മയോടെ നടന്ന് മനസ്സാക്ഷിയെ ശുദ്ധമായി സൂക്ഷിക്കുകയും ദൈവത്തിന്റെ കയ്യ് നിങ്ങളുടെ മേല്‍ ഉണ്ടായിരിക്കുവാന്‍ അനുവദിക്കയും ചെയ്യുമെങ്കില്‍ അതു പ്രയാസമുള്ള കാര്യമായിരിക്കയില്ല. ചില സമയങ്ങളില്‍ ദൈവത്തിന്റെ കൈ തന്റെ മേല്‍ ഇരിക്കക്കൊണ്ടു താന്‍ ”മനസ്സിന്റെ ഉഷ്ണത്തോടു കൂടെ” പോയി (3:14) എന്നു പറഞ്ഞിരിക്കുന്നു. തനിക്കു പോകണമെന്ന് ആഗ്രഹം തോന്നി അവിടേക്കു പോയതല്ല മറിച്ച് പൂര്‍ണ്ണ സമര്‍പ്പണം ഉണ്ടായിരുന്നതു കൊണ്ടു പോകേണ്ടി വന്നതാണ്.
ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസന്‍ തന്റെ തോന്നലുകളില്‍ ജീവിക്കുന്ന ഒരാളല്ല. ദൈവം തന്നെ വിളിക്കുമ്പോള്‍ തനിക്കു പോകാനാഗ്രഹമുണ്ടോ എന്നൊരു ചോദ്യം ഉണ്ടാകുന്നതേയില്ല. തങ്ങളെത്തന്നെ ശുശ്രൂഷിക്കുന്നവരാണ് തോന്നലുകളില്‍ ആശ്രയിക്കുന്നത്. ദൈവത്തെ ശുശ്രൂഷിക്കുന്നവര്‍ തങ്ങള്‍ക്കു താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും പോകുവാന്‍ പറഞ്ഞാല്‍ പോയിരിക്കും. ദൈവത്തിന്റെ കരം തങ്ങളുടെ മേലുണ്ടായിരിക്കുന്നതിനാലാണ് അവര്‍ ചലിക്കുന്നത്.
യെഹസ്‌കേലിന്റെ ദര്‍ശനങ്ങള്‍
തുടര്‍ന്ന് യെഹസ്‌കേല്‍ താന്‍ കണ്ട ദര്‍ശനങ്ങളെ വിവരിക്കുന്നു. താന്‍ കണ്ട ദര്‍ശനത്തില്‍ നാലു ജീവികളുണ്ടായിരുന്നു. അവയ്ക്കു നാലുവീതം മുഖങ്ങളും ഉണ്ടായിരുന്നു. മനുഷ്യമുഖവും സിംഹമുഖവും കാളമുഖവും കഴുകുമുഖവും നാലു ജീവികള്‍ക്കും ഉണ്ടായിരുന്നു (1:5,10). ഇതിനെ യെഹസ്‌കേല്‍ എങ്ങനെ മനസ്സിലാക്കി എന്നു നമുക്കറിഞ്ഞുകൂടാ എങ്കിലും വെളിപ്പാടു പുസ്തകത്തിലും സമാനമായ വിവരണം നമുക്കു കാണാം. ഈ മുഖങ്ങള്‍ ദൈവദാസന്മാരില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങളെ സൂചിപ്പിക്കുന്നതാകാം. സിഹം അധികാരത്തിന്റേതും കാള ദാസ്യത്വത്തിന്റേതും കഴുക് സ്വര്‍ഗ്ഗീയ മനസ്സിന്റെയും മനുഷ്യന്‍ മനസ്സലിവിന്റെയും പ്രതീകമാകാം. ദൈവത്തിന്റെ വേലക്കാരില്‍ ഈ സ്വഭാവഗുണങ്ങള്‍ ഉണ്ടായിരിക്കണം.
നാലു ജീവികളുടെയും ആത്മാവിനു പോകേണ്ട ദിശയിലേക്കു പോകുവാന്‍ കഴിയുന്ന തരത്തില്‍ ചക്രത്തിനുള്ളില്‍ മറ്റൊരു ചക്രം ഉള്ളതു പോലെ ഒരു ഘടനയും ഭൂമിയില്‍ യെഹസ്‌കേല്‍ കണ്ടു (1:15-20). ഒരു ഗൈറോസ്‌കോപ്പിലെന്ന പോലെ ഒരു ചക്രത്തിനുള്ളിലൂടെ വിലങ്ങനെ കറങ്ങുവാന്‍ കഴിയുന്ന മറ്റൊരു ചക്രം ഓരോ ചക്രത്തിനുമുണ്ടായിരുന്നു. ഭൂമിയിലുണ്ടാകുന്ന ഓരോ സാഹചര്യത്തിലും പ്രവര്‍ത്തി ക്കാന്‍ കഴിയുന്ന ദൈവത്തിന്റെ പരമാധികാരത്തിന്റെ ചിത്രമാണീ ചക്രങ്ങള്‍- ഒരു സമയത്തു നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ക്കു വിപരീതമായി മറ്റൊരു സാഹചര്യം ഉടലെടുക്കുമ്പോള്‍ അവയ്ക്കു മീതെ പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ പരമാധികാരം. ഈ സാഹചര്യങ്ങള്‍ യാദൃച്ഛികമായോ കാരണം കൂടാതെയോ ഉണ്ടാകുന്നതെന്നു നമുക്കു തോന്നാമെങ്കിലും ദൈവം തന്റെ പരമാധികാരത്തില്‍ തന്റെ ഉദ്ദേശ്യനിവൃത്തിക്കായി ഇവയെ ഒക്കെ പരിണമിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഏതു സാഹചര്യത്തെയും പരിശുദ്ധാത്മാവു നിയന്ത്രിക്കുന്നു. ദൈവത്തിന്റെ പരമാധികാരത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഭൂമിയിലെ മുഴുവന്‍ സാഹചര്യങ്ങളിന്മേലും (ചക്രങ്ങള്‍ പോകുന്നതു വടക്കോട്ടോ തെക്കോട്ടോ കിഴക്കോട്ടോ പടിഞ്ഞാ റോട്ടോ ആകട്ടെ) ഉണ്ടെന്നു നാം വിശ്വസിക്കേണ്ടത് ഈ അന്ത്യ നാളുകളില്‍ നമ്മുടെ ആവശ്യമാണ്. നിങ്ങള്‍ പോകുന്നത് എവിടെയായിരുന്നാലും- വടക്കോ തെക്കോ കിഴക്കോ പടിഞ്ഞാറോ- ദൈവത്തിന്റെ പരമാധികാരത്തിന്റെ പ്രവൃത്തി അവിടെയെല്ലാം നിങ്ങള്‍ക്കു കാണാം. ഈ ജീവികളുടെ അനുസരണം നാം ശ്രദ്ധിക്കുക- ”ജീവികള്‍ മിന്നല്‍പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നു” (1:14).
തന്റെ പരിധിയില്ലാത്ത അധികാരത്തില്‍ നിന്നാണ് യേശു സകല ജനതകളില്‍ നിന്നും ശിഷ്യന്മാരെ ഉണ്ടാക്കുവാന്‍ നമ്മോടു കല്പിച്ചത്: ”സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍” (മത്താ. 28:18,19). ഇന്ന് പ്രസംഗകര്‍ അത് ഇപ്രകാരമാക്കി മാറ്റിക്കളഞ്ഞിരിക്കുന്നു: ”ആളുകള്‍ പാപത്തില്‍ മരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് സകല ദേശങ്ങളിലേക്കും പോകുക.” യേശു പറഞ്ഞത് ഇതല്ല. ഇന്നത്തെ ആഴമില്ലാത്ത, ഉപരിപ്ലവമായ സുവിശേഷത്തിന്റെ കാരണം ഇതാണ്. എന്നാല്‍ യേശുക്രിസ്തുവിന്റെ സമ്പൂര്‍ണ്ണ അധികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നാം പോകേണ്ടത്. ഉദാഹരണമായി എന്നെപ്പോലെ ഉപദേഷ്ടാവിന്റെ ശുശ്രൂഷ ലഭിച്ചിട്ടുള്ള ഒരു വ്യക്തി വചനം പഠിപ്പിക്കേണ്ടതിന്റെ വലിയ ഒരു ആവശ്യകതയുണ്ടെന്നു കണ്ടെത്തി ഇവിടെയും അവിടെയും എവിടെയുമുള്ള വിശ്വാസികളെ പഠിപ്പിക്കുവാനായി ഓടി നടക്കുവാന്‍ ശ്രമിച്ചാല്‍ വേഗത്തില്‍ തളര്‍ന്നുപോവുക തന്നെ ചെയ്യും- മറ്റനേകം ക്രൈസ്തവ ശുശ്രൂഷകരെപ്പോലെ ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യാറില്ല. ഞാന്‍ കര്‍ത്താവിനോട് ഇങ്ങനെ പറയും: ”കര്‍ത്താവേ, അങ്ങേയ്ക്ക് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും കയ്യില്‍ ഉണ്ട്. അങ്ങാണ് എന്നോട് ശിഷ്യന്മാരെ ഉണ്ടാക്കുവാന്‍ പോകുവാനായി കല്പിച്ചത്. ഞാന്‍ എവിടേക്ക് പോകണമെന്ന് എന്നോടു പറയണമേ. ഞാന്‍ അതു ചെയ്യാം.” മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ അവിടുത്തെ അധികാരത്തില്‍ കീഴില്‍ നിന്നു പ്രവര്‍ത്തിക്കുക മാത്രം ചെയ്യുന്നു. അങ്ങനെയാണു കര്‍ത്താവിനെ ശുശ്രൂഷിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ എല്ലാ സാഹചര്യങ്ങളും നിങ്ങളും ഏറ്റവും നല്ലതിനായി കൂടിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി നിങ്ങള്‍ക്കു കാണുവാന്‍ കഴിയും. അതിനു പകരം നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യുവാന്‍ നിങ്ങള്‍ ഓടി നടന്നാല്‍ പല സാഹചര്യങ്ങളും നിങ്ങള്‍ക്ക് നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നില്ല എന്നു കണ്ടെത്തും. ദൈവത്തിന്റെ പൂര്‍ണ്ണതയുള്ള പദ്ധതി നിങ്ങളില്‍ നിറവേറാതെ പോകും. ആത്മാവിനാല്‍ നയിക്കപ്പെടുന്ന ജീവന്റെ ഒരു ചിത്രമാണ് നാമിവിടെ കാണുന്നത്. അതാണു യഥാര്‍ത്ഥമായ ആത്മീയ ജീവിതം. അവിടെ ‘ചക്രങ്ങളില്‍ ചുറ്റിലും അടുത്തടുത്ത് കണ്ണുകള്‍ ഉണ്ടായിരുന്നു’ എന്നു പറഞ്ഞിരിക്കുന്നു. ഇതു സൂചിപ്പിക്കുന്നത് ”തങ്കല്‍ ഏകാഗ്രചിത്തരായിരിക്കുന്ന വര്‍ക്കുവേണ്ടി ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്ന കര്‍ത്താവിന്റെ കണ്ണി”നെയാണ് (2 ദിന. 16:9).
1:26-28-ല്‍ സിംഹാസനത്തില്‍ ഒരു രൂപവും അതിനു ചുറ്റും മേഘത്തില്‍ തെളിയുന്ന മഴവില്ലിന്റെ ശോഭപോലെ ഒരു കാഴ്ചയും യെഹസ്‌കേല്‍ കണ്ടു. മഴവില്ല് ദൈവത്തിന്റെ ഉടമ്പടിയെ സൂചിപ്പിക്കുന്നു. നാം കര്‍ത്താവിനെ ശുശ്രൂഷിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്- ഒന്ന്: എല്ലാ സാഹചര്യങ്ങളിന്മേലുമുള്ള ദൈവത്തിന്റെ പരമാധികാരം. രണ്ട്: ക്രിസ്തുവിലൂടെ നമ്മോടുള്ള ദൈവത്തിന്റെ ഉടമ്പടി. തന്റെ പുത്രന്റെ രക്തത്തിലൂടെ ദൈവം നമ്മോടു നിത്യമായ ഒരു ഉടമ്പടി ചെയ്തിരിക്കുന്നു. ”ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ല. ഉപേക്ഷിക്കയുമില്ല” (എബ്രാ. 13:5) എന്ന് അവിടുന്നു നമ്മോടു വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടുത്തെ ശുശ്രൂഷിക്കുവാന്‍ നാം മുമ്പോട്ട് പോകേണ്ടത് ആ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരിക്കലും നാം പോകേണ്ടത് മനുഷ്യരുടെ ആവശ്യങ്ങളുടെ അടിസ്ഥാന ത്തിലല്ല. അതും നാം പരിഗണിക്കുന്നുണ്ട് എങ്കിലും. മാനുഷികമായ സര്‍ക്കാരുകളെയോ അവരുടെ നിയമ നിയന്ത്രണങ്ങളെയോ പേടിച്ചല്ല നാം ജീവിക്കുന്നത്. ദൈവത്തിന്റെ ഉടമ്പടിയിലുള്ള ജനമാണു നാമെന്ന വിശ്വാസത്തിലും തന്റെ പരമാധികാരത്തിന്റെ കീഴിലുമാണ് നാം മുമ്പോട്ടു പോകുന്നത്. അടിസ്ഥാനപരമായ ഈ മൗലിക സത്യങ്ങള്‍ ഈ നാളുകളില്‍ എപ്പോഴും ഓര്‍മ്മയിലിരിക്കണം.
അധികാരത്തിന്‍ കീഴിലുള്ള മനുഷ്യന്‍
2-ാം അധ്യായത്തില്‍ നാം കാണുന്നതു സമ്പൂര്‍ണ്ണമായും അധികാരത്തിനു കീഴ്‌പ്പെട്ട ഒരു മനുഷ്യനെയാണ്. കര്‍ത്താവ് യെഹസ്‌കേലിനോടു പറയുന്നു: ”എഴുന്നേറ്റു നിവര്‍ന്നു നില്ക്കുക. എനിക്കു നിന്നോടു സംസാരിക്കുവാനുണ്ട്.” കര്‍ത്താവ് സംസാരിച്ചപ്പോള്‍ ആത്മാവ് അവനിലേക്കു വന്ന് അവനെ നിവര്‍ന്നു നില്ക്കുമാറാക്കി. കര്‍ത്താവ് പറഞ്ഞു: ”ശ്രദ്ധിച്ചു കേള്‍ക്കുക. ഞാന്‍ നിന്നെ യിസ്രായേല്‍ മക്കളുടെ അടുത്തേക്ക് അയയ്ക്കുന്നു.” നാം കര്‍ത്താവിനെ ശ്രദ്ധിച്ച് അവിടുത്തെ കേള്‍ക്കുവാന്‍ കാത്തിരിക്കുന്നുവെങ്കില്‍ യെഹസ്‌കേല്‍ കേട്ടതുപോലെ ബാഹ്യമായ ശബ്ദമൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും വ്യക്തമായ ഉറപ്പ് വിളിക്കുന്നതിലും അയയ്ക്കുന്നതിലും അന്തരംഗത്തില്‍ ലഭിക്കും. യെഹസ്‌കേലിനു ലഭിച്ചതുപോലെ. അതിനു സമയമെടുത്തേക്കാം. ഞാന്‍ ശുശ്രൂഷ ആരംഭിക്കുമ്പോള്‍ അത് എങ്ങനെയാകുമെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോകെ അതിന്റെ വളര്‍ച്ച എനിക്കു കാണാന്‍ കഴിഞ്ഞു. ഇന്നു ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കു സംതൃപ്തി തോന്നുന്നു. ദൈവം എനിക്കു നല്‍കിയ ശുശ്രൂഷയില്‍ നിന്നും എന്നെ വലിച്ചകറ്റാന്‍ ശ്രമിച്ച പലരെയും എനിക്കറിയാം. കര്‍ത്താവു പറഞ്ഞു: ”ഞാന്‍ നിന്നെ ഒരു പ്രത്യേക ശുശ്രൂഷയുമായി അയയ്ക്കുന്നു.” കര്‍ത്താവു നിന്നെ എന്തിനുവേണ്ടി വിളിച്ചിരിക്കുന്നു എന്ന് ശ്രദ്ധയോടെ കേട്ട് ഗ്രഹിക്കേണ്ടതുണ്ട്. അതിനുവേണ്ടി കാത്തിരുന്നു കേള്‍ക്കുന്നത് അതിപ്രധാനമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കു തിരഞ്ഞെടുപ്പില്‍ ഏറ്റവും മെച്ചമായതു നഷ്ടമായിപ്പോകാന്‍ സാധ്യതയുണ്ട്. 40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും എന്റെ ഭാര്യയും വളരെ ചെറിയ വരുമാനത്തില്‍ വലിയ സാമ്പത്തിക ഞെരുക്കമനുഭവിച്ചു ജീവിച്ചിരുന്ന കാലത്ത് ഒരു ക്രിസ്തീയ സംഘടന അതിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്കു വലിയ ശമ്പളവും കാറും വീടും ടെലിഫോണും ഒക്കെയായി ജോലി വാഗ്ദാനം ചെയ്തു. ഇന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന വലിയ ധനശേഷിയുള്ള ഒരു അമേരിക്കന്‍ സംഘടനയായിരുന്നു അത്. ഞാനത് നിരസിച്ചു. കാരണം എനിക്ക് അത്തരം ഒരു ജോലി ചെയ്യാനുള്ള ദൈവവിളി അല്ലായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ സാമ്പത്തിക ഞെരുക്കത്തിലായിരുന്നെങ്കില്‍ കൂടി ഒരു മേശയ്ക്കു പിന്നിലിരുന്ന് ഒരു സ്ഥാപനത്തിന്റെ ഭരണം നിര്‍വ്വഹിക്കുവാന്‍ ദൈവം എന്നെ വിളിച്ചിരുന്നില്ല. ദൈവം എന്നെ ദൈവവചനം എല്ലായിടത്തും പ്രസംഗിക്കു വാന്‍ പോകുവാനായി വിളിച്ചിരുന്നു. അവരുടെ വാഗ്ദാനം അന്നു നിരസിക്കുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. അതൊരു പരീക്ഷയായിരുന്നു. പാപത്തിനുള്ള പരീക്ഷയല്ല. ദൈവം വിളിക്കാത്ത ഒന്നു തിരഞ്ഞെടുക്കുവാനുള്ള പരീക്ഷ. തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപക്ഷേ ഞാന്‍ അന്ന് അതു സ്വീകരിച്ചിരു ന്നെങ്കില്‍ ഇന്നും ഒരുപക്ഷേ ഞാന്‍ ക്രിസ്തീയ ശുശ്രൂഷയിലായിരുന്നേനേ. എന്നാല്‍ ദൈവം ഭരമേല്പിച്ച ശുശ്രൂഷ നിറവേറ്റാന്‍ കഴിയാത്ത നിലയില്‍ ആകുമായിരുന്നു. നാം പഠിച്ചുകൊണ്ടിരിക്കുന്ന ബൈബിളിലെ ദൈവദാസന്മാരുടെ ഉദാഹരണങ്ങളില്‍ നിന്നും ഒരു കാര്യം നിങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ദൈവത്തിനു നിങ്ങളെ ക്കുറിച്ച് പ്രത്യേകമായ ഒരു പദ്ധതിയുണ്ട്. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ത്തന്നെ ഈ സത്യം തിരിച്ചറിയുന്നതു നന്നായിരിക്കും. ”നിന്റെ സമ്പൂര്‍ണ്ണമായ പദ്ധതി എന്നെ കാണിക്കണമേ” എന്നു കര്‍ത്താവിന്റെ മുമ്പാകെ കാത്തിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഒരു ഒറ്റ ദിവസംകൊണ്ട് ആ പദ്ധതി തെളിഞ്ഞു വരികയില്ല. ഒരുപക്ഷേ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കാം. അതു ക്രമേണയായി വ്യക്തത പ്രാപിച്ചു വരും. എന്തു വില കൊടുത്തും അതില്‍ത്തന്നെ ഉറച്ചു നില്ക്കുക. അവ സാന നാളില്‍ കര്‍ത്താവിന്റെ മുമ്പാകെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു ലജ്ജിക്കേണ്ടി വരികയില്ല.
പ്രഭാഷണ ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച് ഓര്‍ത്തിരിക്കേണ്ട വലിയ പ്രാധാന്യമുള്ള ചില കാര്യങ്ങളാണ് തുടര്‍ന്നു ദൈവം യെഹസ്‌കേലിനോടു പറയുന്നത്. ദൈവം പറഞ്ഞ ഒന്നാമത്തെ കാര്യം ”അവരെ ഭയപ്പെടരുത്” (2:6). വീണ്ടും വീണ്ടും ഈ പ്രയോഗം നമുക്കവിടെ കാണാന്‍ സാധിക്കും. ”നീയോ മനുഷ്യപുത്രാ അവരെ പേടിക്കരുത്. പറക്കാരയും മുള്ളും നിന്റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയില്‍ നീ പാര്‍ത്താലും അവരുടെ വാക്കു പേടിക്കരുത്. അവര്‍ മത്സരഗൃഹമല്ലോ. നീ അവരുടെ വാക്ക് പേടിക്കരുത്. അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുത്”(2:6). യെഹസ്‌കേല്‍ പ്രവചിച്ചപ്പോള്‍ യിസ്രായേല്യര്‍ നീരസപ്പെട്ട് കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. എല്ലാ പ്രവാചകന്മാര്‍ക്കും സമാനമായ എതിര്‍പ്പുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ദൈവം അവരോടുകൂടെ നിന്നു. നിങ്ങളുടെ വിളി ഇത്തരത്തിലുള്ളതാണെങ്കില്‍ ദൈവം നിങ്ങളോടു കൂടെയും നില്‍ക്കും. ദൈവത്തിന്റെ പരമാധികാരത്തിലായിരുന്നു ഈ പ്രവാചകന്മാരുടെ ധൈര്യവും ഉറപ്പും.
ദൈവം യെഹസ്‌കേലിനോടു പറഞ്ഞു: ”അവര്‍ കേട്ടാലും കേള്‍ക്കാതിരുന്നാലും നീ എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്കണം”(2:7). അവര്‍ കേള്‍ക്കാതിരുന്നാലും ഒരു പ്രവാചകനെ അവര്‍ക്കു നല്‍കപ്പെട്ടിരുന്നു എന്ന് ഒരു ദിവസം അവര്‍ തിരിച്ചറിയും. ഒരിക്കല്‍ സംസാരിച്ചു തീരുന്നതോടെ പ്രവാചകന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. എന്നാല്‍ അവന്‍ സംസാരിക്കുന്നില്ലെങ്കില്‍ അവരുടെ രക്തത്തിന്റെ കണക്ക് അവന്‍ പറയേണ്ടി വരും.
അധ്യായം 3-ല്‍ ദൈവം നല്‍കിയ ചുരുള്‍ തിന്നുവാനായി അവിടുന്ന് യെഹസ്‌കേലിനോടാവശ്യപ്പെടുന്നു. നമുക്കു ലഭിക്കുന്ന സന്ദേശം മറ്റുള്ളവര്‍ക്ക് നല്‍കും മുമ്പേ നാം തന്നെ അതു തിന്നേണ്ടതായിട്ടുണ്ട്. അതു നമുക്കു ദഹിക്കുകയും വേണം. ദൈവത്തിന്റെ വചനം വായില്‍ തേന്‍ പോലെ മധുരമുള്ളതായിരുന്നു. വെളിപ്പാടു പുസ്തകത്തിലും യോഹന്നാനോട് ഇപ്രകാരം ചുരുള്‍ തിന്നുവാന്‍ ആവശ്യപ്പെടുന്നതു നമുക്കു കാണാം (10:9). അതിനുശേഷം മാത്രമേ യെഹസ്‌കേലിനും യോഹന്നാനും പ്രവചിക്കുവാനുള്ള അനുമതി ലഭിച്ചുള്ളു.
ദൈവവചന ശുശ്രൂഷയുടെ ഒരു അടിസ്ഥാന പ്രമാണമാണിത്. മറ്റുള്ളവര്‍ക്കു നല്‍കുവാനായി ദൈവം ആഗ്രഹിക്കുന്ന ഒരു വചനം ആദ്യമെ അവിടുന്നു നിങ്ങള്‍ക്കു നല്‍കുന്നു. ദൈവവചനം ആദ്യമെ തന്നെ ശുശ്രൂഷകര്‍ക്കു നേരെ ചോദ്യം ചോദിക്കുകയും വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു: ”മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?” (റോമ. 2:21). ഒരാള്‍ മറ്റൊരാളെക്കുറിച്ചു തെറ്റായി സംസാരിക്കുമ്പോള്‍ അയാളുടെ മാനം കവരുകയാണ്. മോഷണമെന്നും കവര്‍ച്ചയെന്നും പറയുമ്പോള്‍ പണത്തെക്കുറിച്ചു മാത്രമാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്: ”വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ?” നിങ്ങള്‍ കണ്ണുകള്‍കൊണ്ടു ദുര്‍മ്മോഹത്തിലേര്‍പ്പെടുന്നുവോ? ദൈവം നമ്മുടെ ശുശ്രൂഷയില്‍ അഭിഷേകം നല്‍കണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ ഒന്നാമതു നാം തന്നെ ചുരുള്‍ തിന്നേണ്ടതായിട്ടുണ്ട്. ചുരുള്‍ സ്വയം തിന്നാതെയാണ് അധികം പ്രസംഗകരും ഇന്നു പ്രസംഗിക്കുന്നത്. അതുകൊണ്ടാണ് അവരുടെ ശുശ്രൂഷ നിര്‍ജ്ജീവവും വിരസവും ആയിത്തീരുന്നത്. നിങ്ങളുടെ ശുശ്രൂഷ ഫലപ്രദമാകണമെങ്കില്‍ ചുരുള്‍ തിന്നുക തന്നെ വേണം. ദൈവത്തിന്റെ വചനം ഇരുവായ്ത്തലയുള്ള വാള്‍ പോലെയാണ്. ഒരു വായ്ത്തല ഒന്നാമത് എന്നെത്തന്നെ മുറിവേല്പിക്കുന്നു. അപ്പോള്‍ മാത്രമാണ് മറ്റുള്ളവരെ എനിക്കു മുറിവേല്പിക്കുവാന്‍ അധികാരം ലഭിക്കുക. അത് ആദ്യം നമ്മെ മുറിവേല്പിക്കുന്നില്ലെങ്കില്‍ നാം മറ്റുള്ളവരോടു കാഠിന്യമുള്ളവരും കരുണയില്ലാത്തവരുമാകും. അതുകൊണ്ടു ചുരുള്‍ തിന്നുക തന്നെ വേണം.
3:14-ല്‍ ”ആത്മാവ് എന്നെ എടുത്തു കൊണ്ടുപോയി. ഞാന്‍ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി. യഹോവയുടെ കൈ ശക്തിയോടെ എന്റെ മേല്‍ ഉണ്ടായിരുന്നു.” ഒരു പ്രത്യേക സ്ഥലത്തു പോകുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുമ്പോള്‍ ഒരുപക്ഷേ മറ്റു സമയങ്ങളിലെന്നപോലെ നമുക്കു പോകുവാന്‍ വലിയ ആവേശമോ താത്പര്യമോ ഒന്നും ഉണ്ടാകാനിടയില്ല. നമ്മുടെ മനസ്സ് ഒരുപക്ഷേ അക്കാര്യത്തില്‍ പ്രക്ഷുബ്ധമായിരിക്കാം. എന്നാലും നാം അനുസരിക്കുകയും പോവുകയും ചെയ്യുന്നു. 2 കൊരിന്ത്യര്‍ 7:5-ല്‍ പൗലൊസ് ”പുറമെ സംഘര്‍ഷവും അകത്തു ഭയവും” എന്ന തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചു പറയുന്നു. തനിക്കു ഭയമുണ്ടായിരുന്നിട്ടും തന്നെ അയച്ച സ്ഥലത്തേക്കു താന്‍ പോയതായി പൗലൊസ് പറയുന്നു. തന്റെ തോന്നലുകള്‍ക്കൊത്തല്ല താന്‍ പ്രവര്‍ത്തിച്ചത്. നമ്മുടെ തോന്നലുകള്‍ക്കനുസരിച്ചാണു നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒരിക്കലും കര്‍ത്താവ് അയയ്ക്കുന്നിടത്തേക്കു നമുക്കു പോകുവാന്‍ കഴിയില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് വാരാന്ത്യ യോഗങ്ങള്‍ക്കായി ഒരു ചെറു പട്ടണത്തിലേക്കു പോകുവാന്‍ ഞാന്‍ ബാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കയായിരുന്നു. എന്റെ ഭാര്യ തനിയെ സുഖമില്ലാതിരുന്ന മക്കളുമായി വീട്ടിലായിരുന്നു. എനിക്കു ടിക്കറ്റു റദ്ദാക്കി മടങ്ങി വീട്ടിലേക്കു പോകുവാനുള്ള പരീക്ഷയുണ്ടായി. ആ സമയം കര്‍ത്താവ് എന്നോട് സംസാരിച്ചു. എനിക്കൊരു പുതിയ വെളിപ്പാടു ലഭിക്കുവാനിടയായി: ”നിന്നിലെ ഭയത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെ എടുക്കരുത്. എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഞാന്‍ നിനക്കു തരുന്നു.” അന്നു ഞാന്‍ ആ പാഠം പഠിച്ചു. ഭയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നും ചെയ്യരുത്. ഞാന്‍ തിരികെ വീട്ടില്‍ പോയില്ല. ട്രെയിനില്‍ കയറി എനിക്കു പോകേണ്ട സ്ഥലത്തേക്കു തന്നെ പോയി. എന്റെ കുഞ്ഞുങ്ങളെ കര്‍ത്താവ് സംരക്ഷിച്ചു. വളരെ മുമ്പു തന്നെ കര്‍ത്താവുമായി ഞാന്‍ ഉറച്ച ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നു- ”കര്‍ത്താവേ, അങ്ങ് എന്റെ കുടുംബത്തെ കാക്കണമേ. ഞാന്‍ അങ്ങയുടെ ഭവനത്തിന്റെ കാര്യങ്ങള്‍ നോക്കിക്കൊള്ളാം.” ഞാന്‍ ചെയ്തതിനെക്കാള്‍ അനേക മടങ്ങു വിശ്വസ്തതയോടെ അവിടുന്ന് അതു ചെയ്തു.
അപ്രകാരം ഉടമ്പടി ചെയ്യുവാനോ അന്നു രാത്രി റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ തീരുമാനമെടുത്തതുപോലെ ചെയ്‌വാനോ ഞാന്‍ നിങ്ങളോടു പറയുന്നില്ല. ഒരുപക്ഷേ നിങ്ങള്‍ വീട്ടില്‍ നിന്നു ഭാര്യയെ സഹായിക്കേണ്ട ആവശ്യമുണ്ടായെന്നു വരാം. എന്നാല്‍ തീരുമാനമെടുക്കുമ്പോള്‍ ഭയത്തില്‍ നിന്നല്ല വിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കുവാന്‍ ശ്രദ്ധിക്കുക. ഒരുപക്ഷേ നിങ്ങളുടെ ശുശ്രൂഷയുടെ ചുമതല തന്നെ കര്‍ത്താവിനെ വിശ്വാസത്തോടെ എല്പിക്കേണ്ട സമയം ഉണ്ടായെന്നു വരാം. ”കര്‍ത്താവേ, ഈ സമയം എന്റെ ഭാര്യയെ നോക്കുവാന്‍ എനിക്ക് അവളോടൊപ്പം നിന്നെ മതിയാവൂ” എന്നു പറയേണ്ടി വന്നേക്കാം. അങ്ങനെയങ്കില്‍ വീട്ടിലേക്കു പോവുക. കര്‍ത്താവു നിങ്ങളോടു കൂടെയിരിക്കും. അതുപോലെ തന്നെ പിശാച് നിങ്ങളെ ഭയപ്പെടുത്തി നിങ്ങളെ ഭരമേല്പിച്ച ശുശ്രൂഷ നിര്‍വഹിക്കാതിരിക്കു വാന്‍ ഇടയാക്കി എന്നു വരാം. പക്ഷേ ഭയത്തില്‍ നിന്നും തീരുമാനങ്ങള്‍ എടുക്കരുത്. ഒരുപക്ഷേ ആത്മാവു നമ്മെ എടുത്ത് ഉയര്‍ത്തി ആയിരിക്കാം കൊണ്ടുപോകുന്നത്. നാം പോകുന്നത് അസ്വസ്ഥമായ മനസ്സോടെ ആയിരിക്കാം. എന്നാലും നമുക്കു പോകേണ്ടതുണ്ട്. നാം പോവുക തന്നെ വേണം.
3:23-ല്‍ ”ഞാന്‍ എഴുന്നേറ്റു പോയി. അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ട് ഞാന്‍ കവിണ്ണു വീണു.” ഇവിടെ നാം ശുശ്രൂഷയുടെ മറ്റൊരു പ്രമാണം കാണുന്നു: ”നിങ്ങളുടെ മുഖത്തെ എല്ലായ്‌പോഴും പൊടിയിലേക്കു താഴ്ത്തി വയ്ക്കുക.” ചില സമയത്ത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ അതു ചെയ്യുന്നതു നല്ലതാണ്. നിങ്ങളുടെ കിടക്കമുറിയിലെ തറയില്‍ മുഖമമര്‍ത്തി കര്‍ത്താവിനോടു പറയുക ”കര്‍ത്താവേ, ഇതു തന്നെയാണ് എന്റെ ശരിയായ ഇടം. ഞാന്‍ വെറും മണ്‍പൊടിയാണ്. നിന്റെ കാഴ്ചയില്‍ ഞാന്‍ ആരുമല്ല.” ആളുകളുടെ മുമ്പില്‍ നിന്നു ശുശ്രൂഷ ചെയ്യുന്ന നാം വലിയ അപകടത്തിലാണ്. കാരണം ആളുകള്‍ നമ്മെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നമുക്ക് ആരെക്കാളുമധികം കര്‍ത്താവിന്റെ സന്നിധിയില്‍ ഏകരായി കവിണ്ണു കിടന്ന് തന്റെ ദൃഷ്ടിയില്‍ നാം ആരുമല്ല എന്നു തിരിച്ചറിയേണ്ടതുണ്ട്.
നമ്മുടെ ശ്വാസത്തെ ഒരു നിമിഷത്തില്‍ തന്നെ തിരിച്ചെടുക്കാന്‍ ദൈവത്തിനു കഴിയും. നമ്മുടെ അഭിഷേകവും തിരിച്ചെടുക്കാന്‍ ഒരു നിമിഷം കൊണ്ടു ദൈവത്തിനു കഴിയും. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നതു എന്നിലെ അഭിഷേകം നഷ്ടപ്പെടുമോ എന്നതാണ്. എന്റെ സമ്പത്തും ആരോഗ്യവും നഷ്ടപ്പെടുന്നതിനേ ക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് അഭിഷേകം നഷ്ടപ്പെടുന്നതിനെയാണ്. നമ്മുടെ പണമിടപാടിലോ വാക്കുകളെ ഉപയോഗിക്കുന്നതിലോ മറ്റെന്തെങ്കിലും ചെറിയ കാര്യങ്ങളിലോ ഉണ്ടാകാവുന്ന ഒരു അശ്രദ്ധ അഭിഷേകത്തെ ഇല്ലാതാക്കുവാന്‍ സാദ്ധ്യതയുണ്ട്. യെഹസ്‌കേലിന്റെ മുഖം പൊടിയില്‍ ചേര്‍ന്നിരുന്നപ്പോള്‍ ആത്മാവ് അവനെ ഉയര്‍ത്തി നേരെ നിര്‍ത്തി. കര്‍ത്താവിന്റെ മുമ്പാകെ നിലത്തു താണിരിക്കുമ്പോഴാണ് ആത്മാവ് നമ്മുടെ മേല്‍ വരുന്നത്. അവന്‍ നമ്മെ എഴുന്നേല്പിക്കുകയും ഉയര്‍ത്തുകയും ചെയ്യും. തന്നെത്താന്‍ ഉയര്‍ത്തരുത്.
3:24-27-ല്‍ ”അവന്‍ എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിന്നകത്തു കടന്നുകതകടച്ചു പാര്‍ക്കുക. അവിടെ നിന്നെ ആളുകളുടെ ഇടയില്‍ പെരുമാറുവാന്‍ കഴിയാതെവണ്ണം കയര്‍കൊണ്ടു കെട്ടും. നിനക്കു സംസാരിക്കുവാന്‍ കഴിയാതെവണ്ണം നിന്റെ നാവ് അണ്ണാക്കോടു പറ്റുമാറാക്കും. ഞാന്‍ ഒരു സന്ദേശം തരുമ്പോള്‍ അതു സംസാരിക്കുവാന്‍ മാത്രം ഞാന്‍ നിന്റെ നാവിനെ തുറക്കും. അപ്പോള്‍ നീ പറയേണ്ടത്: ‘ഇതു കര്‍ത്താവ് അരുളിച്ചെയ്യുന്ന വചനം.’ കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ. കേള്‍ക്കാത്തവന്‍ കേള്‍ക്കാതെ ഇരിക്കട്ടെ. ഇപ്രകാരം ദൈവത്തിന്റെ മുമ്പാകെ ജീവിക്കുന്നത് അത്ഭുതകരമാണ്. അരുതെന്നു കര്‍ത്താവു പറയുമ്പോള്‍ പോകാതിരിക്കുക. സംസാരിക്കാതിരിക്കുക. എപ്പോള്‍ സംസാരിക്കണം, എപ്പോള്‍ മൗനമായിരിക്കണം എന്നൊക്കെ കര്‍ത്താവു തന്നെ പറയുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിന്റെ ശബ്ദമാണോ ശ്രദ്ധിക്കുന്നത് അതോ സ്വന്തം വിവേകത്തിന്റെ ശബ്ദത്തെയോ? എല്ലായ്‌പോഴും സംസാരിക്കുന്നതു നല്ലതാണെന്നു നമ്മുടെ വിവേകം നമ്മോടു പറയും. എന്നാല്‍ ആത്മാവിനെ കേട്ടു ശീലിച്ച ഒരു വ്യക്തിക്കറിയാം എപ്പോഴാണ് സംസാരിക്കേണ്ടതെന്നും അല്ലാത്ത സമയങ്ങളില്‍ നിശ്ശബ്ദമായിരിക്കേണ്ടതു ണ്ടെന്നും. ചില സമയങ്ങളില്‍ നിശ്ശബ്ദമായിരിക്കുവാനാണു നമ്മുടെ വിളി. ഹെരോദാവിന്റെ മുമ്പില്‍ യേശു ഒരു വാക്കും സംസാരിച്ചില്ല (ലൂക്കൊ. 23:9). ആത്മാവിനെ അനുസരിക്കുവാന്‍ പഠിക്കുക. അതാണു യെഹസ്‌കേലില്‍ നിന്നും നാം പഠിക്കുന്ന പാഠം. ആത്മാവിനെ അനുസരിച്ചു നടന്നിരുന്ന ഒരു വ്യക്തിയാ യിരുന്നു അദ്ദേഹം.
4-ാം അദ്ധ്യായം: ഒട്ടേറെ അടയാളങ്ങളിലൂടെ ദൈവം യെഹസ്‌കേലിനെ പഠിപ്പിച്ചു. ആദ്യമെ ഒരു കളിമണ്‍ പലകയുണ്ടാക്കി അതില്‍ യെരുശലേമിന്റെ ഭൂപടം വരച്ച് അതിനെ നിരോധിച്ച് ഒരു വശം ചെരിഞ്ഞ് 390 ദിവസവും മറുവശം ചെരിഞ്ഞ് 40 ദിവസവും കിടക്കണം. ബാബിലോണിലുള്ള യെഹൂദ്യര്‍ക്കു മുമ്പില്‍ യെരുശലേമിനെയും യെഹൂദ്യയെയും യിസ്രായേലിനെയും താന്‍ എങ്ങനെ ശിക്ഷിക്കുമെന്നു കാണിച്ചുകൊടുക്കുന്ന ഒരു പ്രദര്‍ശനവസ്തുവാക്കി ദൈവം യെഹസ്‌കേലിനെ പ്രദര്‍ശിപ്പിച്ചു. അങ്ങനെ തന്റെ സന്ദേശങ്ങള്‍ ജീവിച്ചു കാണിച്ചുകൊടുക്കുന്ന ഒരു ദൃഷ്ടാന്തമായി യെഹസ്‌കേല്‍ മാറി.
കാഷ്ഠം കത്തിച്ച് ആഹാരം പാകം ചെയ്യുക, തലയും താടിയും ക്ഷൗരം ചെയ്യുക, ആ രോമത്തില്‍ അല്പം മാത്രമെടുത്തു സൂക്ഷിച്ചു വയ്ക്കുക (യിസ്രായേലില്‍ ചെറിയ ഒരു ശേഷിപ്പു മാത്രമേ രക്ഷപെടുകയുള്ളു എന്നു കാണിക്കുവാനായി) തുടങ്ങിയ ചില വിചിത്ര കാര്യങ്ങള്‍ ചെയ്യുവാനും ദൈവം യെഹസ്‌കേലിനോട് ആവശ്യപ്പെട്ടു (4:12-15; 5:1-4). നിങ്ങള്‍ ഒരു പ്രവാചകനെങ്കില്‍ നിങ്ങളുടെ സൗന്ദര്യത്തെ നിങ്ങള്‍ക്കു മറയ്ക്കാന്‍ കഴിയണം. തല മുണ്ഡനം ചെയ്യുവാന്‍ ദൈവം ആവശ്യപ്പെട്ടാല്‍ അതു ചെയ്യുക തന്നെ വേണം. നിങ്ങള്‍ക്കൊരിക്കലും ”അയ്യോ കര്‍ത്താവേ, അത് അഭംഗിയാണ്” എന്നൊന്നും പറയാന്‍ അവകാശമില്ല. അവനു തന്റെ ലളിതമായ ഭക്ഷണം കാഷ്ഠം കത്തിച്ചു പാകം ചെയ്യേണ്ടി വന്നു. താന്‍ ഒരു പുരോഹിതനായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര കഠിനമാകുമായിരുന്നില്ല. എന്നാല്‍ ഒരു പ്രവാചകനെന്ന നിലയില്‍ അവനു തന്റെ ഭക്ഷണവും വസ്ത്രവുമൊക്കെ പരിമിതപ്പെടുത്തി ശിക്ഷണം ചെയ്യേണ്ടി വന്നു. ആളുകള്‍ തന്നെക്കുറിച്ച് എന്തു വിചാരിക്കുമെന്ന് അവന്‍ ചിന്തിച്ചില്ല. അവന്‍ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിച്ചു.
നിങ്ങള്‍ ദൈവത്തിന്റെ ദാസന്‍ ആകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരിക്കലും നിങ്ങളുടെ ഭക്ഷണത്തെക്കുറിച്ചോ വസ്ത്രത്തെക്കുറിച്ചോ നിങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചോ ദൈവത്തോടു പരാതിപ്പെടരുത്. ദൈവം നല്‍കുന്നതു സ്വീകരിക്കുകയും അവിടുന്നു കല്പിക്കുന്നതു അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തെയും ദൈവം തന്റെ പരമാധികാരത്തില്‍ നിയന്ത്രിക്കുന്നു. എനിക്കു 23 വയസ്സുള്ളപ്പോള്‍ ഞാന്‍ നിത്യവും സുവിശേഷം പ്രസംഗിക്കുമായിരുന്നു. അക്കാലത്ത് എന്റെ മുടിയും കൊഴിഞ്ഞുകൊണ്ടിരുന്നു. അതിനു ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടാകുമെന്നു ഞാന്‍ ആശ്വസിച്ചു. ഞാന്‍ അതേക്കുറിച്ചു ചിന്തിച്ചപ്പോള്‍ ഒരു കാര്യം കണ്ടെത്തി. എന്റെ കഷണ്ടി കയറിത്തുടങ്ങിയ തല എന്റെ പ്രായം 30 വയസ്സെന്നു മതിക്കുവാന്‍ കാഴ്ചക്കാരില്‍ ഇടയാക്കി. ഒരു 23 കാരനെ കേള്‍ക്കുന്നതിനെക്കാള്‍ ഞാന്‍ പറയുന്നതു ശ്രദ്ധിക്കുവാന്‍ അതവരെ പ്രേരിപ്പിച്ചു കാണും. അങ്ങനെ ഇത്തരം നിസ്സാര കാര്യങ്ങളില്‍ പോലും ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്നു ഞാന്‍ കണ്ടെത്തി.
നിങ്ങള്‍ തന്നെ ചെറുപ്പം മുതല്‌ക്കെ ദൈവത്തിനു പൂര്‍ണ്ണമായും സമര്‍പ്പിതനെങ്കില്‍ അവിടുത്തോടു പറയുക: ”കര്‍ത്താവേ, എന്റെ ഭക്ഷണകാര്യങ്ങളിലോ മറ്റുള്ളവരുടെ മുന്‍പാകെയുള്ള എന്റെ കാഴ്ചയിലോ ഒന്നും ഞാന്‍ തത്പരനല്ല. പരിശുദ്ധാത്മാവില്‍ നിറഞ്ഞ് അങ്ങയെ സേവിക്കുവാന്‍ മാത്രം ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതാവസാനം വരെയും ആ അഭിഷേകത്തോടു നീതി പുലര്‍ത്തി ജീവിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. മറ്റുള്ള പ്രസംഗകരെപ്പോലെ ആകുവാന്‍ എനിക്കു താത്പര്യമില്ല. ഞാന്‍ ആരെയും നോക്കുന്നില്ല. ഞാന്‍ യേശുവിനെ മാത്രം നോക്കുവാനാഗ്രഹിക്കുന്നു. ഇപ്രകാരമുള്ള പ്രവാചകന്മാരെയും ശ്രദ്ധിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ അങ്ങയെ പിന്‍പറ്റുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”- നിങ്ങള്‍ക്ക് ഉത്സാഹഭരിതമായ ഒരു ജീവിതമുണ്ടാകുമെന്നു ഞാന്‍ ഉറപ്പു നല്‍കുന്നു. ദൈവം തന്റെ വചനം നിങ്ങളെ പഠിപ്പിക്കുകയും നിങ്ങളുടെ ഹൃദയത്തോടു സംസാരിക്കുകയും ചെയ്യും. മറ്റുള്ളവരോടു സംസാരിക്കുവാനുള്ള വചനങ്ങള്‍ അവന്‍ ഹൃദയത്തില്‍ നല്‍കുകയും ചെയ്യും. നിങ്ങള്‍ ദൈവത്തിനു നിങ്ങളെത്തന്നെ വിറ്റു കളഞ്ഞ ഒരു വ്യക്തിയായിരിക്കേണ്ടതുണ്ട്. ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു ആഗ്രഹമോ ലക്ഷ്യമോ ഉണ്ടാകരുത്- ധനമോ, മാനമോ, അംഗീകാരമോ മറ്റെന്തെങ്കിലുമോ. നിങ്ങള്‍ക്കുള്ളതൊക്കെ ദൈവത്തിന്റേതായിരിക്കണം- ശരീരവും പണവും സമയവും കുടുംബവുമെല്ലാം. നിങ്ങള്‍ അങ്ങനെയാകുമെങ്കില്‍ നിങ്ങള്‍ എവിടെ എത്തിച്ചേരുമെന്നുള്ളതിന് അതിരു കല്പിക്കുവാന്‍ കഴിയില്ല. ദൈവത്തിനു നിങ്ങളിലൂടെ പ്രവര്‍ത്തിക്കുവാന്‍ കഴിയാത്തതായി ഒന്നുമുണ്ടാവില്ല.
എന്തുകൊണ്ടു ദൈവമഹത്വം പൊയ്‌പ്പോയി?
7:9-ല്‍ അധികം ആര്‍ക്കും കേള്‍ക്കാന്‍ താത്പര്യമില്ലാത്ത യഹോവയുടെ ഒരു നാമം നമുക്കു കാണുവാന്‍ കഴിയും: ”ദണ്ഡിപ്പിക്കുന്നവന്‍.” ന്യായവിധിയിലൂടെ ശിക്ഷിക്കുന്ന കര്‍ത്താവ്.
8-ാം അധ്യായത്തില്‍ യെഹൂദ്യയെ ഉപേക്ഷിക്കുവാന്‍ കാരണമായിത്തീര്‍ന്ന ദൈവാലയത്തിനുള്ളിലെ വിഗ്രഹാരാധന യെഹസ്‌കേലിനെ ദൈവം കാട്ടിക്കൊടു ക്കുന്നു. ദൈവജനത്തിനിടയില്‍ നിലനിന്നിരുന്ന രഹസ്യ പാപങ്ങളിലേക്ക് ഒരു ഉള്‍ക്കാഴ്ച ദൈവം യെഹസ്‌കേലിനു നല്‍കുന്നു. മറ്റുള്ളവര്‍ക്കറിയാത്ത രഹസ്യ പാപങ്ങളെ തുറന്നു കാട്ടുന്ന വചനം ദൈവം തന്റെ പ്രവാചകന്മാര്‍ക്കു നല്‍കുന്നു. 1 കൊരിന്ത്യര്‍ 14:24,25-ല്‍ ഒരു സഭായോഗത്തെക്കുറിച്ചു നാം വായിക്കുന്നു. അവിടെ വിശ്വാസികള്‍ സഭായോഗത്തില്‍ എഴുന്നേറ്റു പ്രവചിക്കുമ്പോള്‍ പുറത്തു നിന്നു കടന്നു വന്നിരിക്കുന്ന അപരിചിതനു തന്റെ ഹൃദയരഹസ്യങ്ങള്‍ വെളിപ്പെട്ടു വരുന്നു. അവന്‍ കവിണ്ണു വീണ് ദൈവം വാസ്തവമായി ആ യോഗത്തിലുണ്ട് എന്ന് ഏറ്റു പറയുന്നു. നമ്മുടെ സഭായോഗങ്ങള്‍ ഇപ്രകാരമുള്ളതായിരിക്കണം. ഇത്തരത്തിലുള്ള പ്രവചന ശുശ്രൂഷ നാം വാഞ്ഛിക്കണം.
ആളുകള്‍ വിഗ്രഹാരാധന നടത്തിയിരുന്നു. സ്ത്രീകള്‍ വിഗ്രഹദേവനായ തമ്മൂസിനെക്കുറിച്ചു കരഞ്ഞു. ജാതികളോടൊപ്പം മ്ലേച്ഛവും ഹീനവുമായ ആചാരങ്ങളിലേര്‍പ്പെട്ടു (8:14). ഇതൊക്കെ ദൈവാലയത്തിനകത്തു തന്നെ നടത്തിയിരുന്നു. ഇവയൊന്നും പുറമെ സാധാരണ ജനങ്ങള്‍ക്കു ദൃശ്യമായിരുന്നില്ല. പുറമെ വിശുദ്ധരായി കാണപ്പെടുന്ന പല ആളുകളും അകമെ അശുദ്ധി നിറഞ്ഞവരാണ്. കര്‍ത്താവു പറയുന്നു: ”ഇത് എന്റെ ആലയമാണ്. പക്ഷേ അകത്തു നടക്കുന്നതെന്തെന്നു നോക്കുക” അവര്‍ കിഴക്കോട്ടു തിരിഞ്ഞ് സൂര്യനെ നമസ്‌കരിച്ചിരുന്നു. ഇന്നും ചില ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി കിഴക്കോട്ട് തിരിഞ്ഞു നില്ക്കുന്നു (8:16).
9:3-ല്‍ ദൈവാലയത്തില്‍ നടമാടുന്ന പാപ പ്രവൃത്തികള്‍ കാരണമായി ദൈവമഹത്വം പടിപടിയായി ദൈവാലയത്തെ വിട്ടുപോകുന്നു. ഒരു വ്യക്തിയില്‍ നിന്നോ സഭയില്‍ നിന്നോ ദൈവമഹത്വം വിട്ടുപോകുമ്പോള്‍, അഭിഷേകവും അഗ്നിയും ജീവനും നഷ്ടമാകുമ്പോള്‍ അതിന് എപ്പോഴും ഒരു കാരണമുണ്ടായിരിക്കും. 20 വര്‍ഷം മുമ്പ് അഭിഷേകത്തില്‍ നിന്നിരുന്ന ഒട്ടേറെ പ്രഭാഷകര്‍ക്ക് ഇന്ന് അതു നഷ്ടപ്പെട്ടിരിക്കുന്നു. പ്രായമേറുന്നതനുസരിച്ച് അഭിഷേകവും വര്‍ദ്ധിച്ചു വരണം. എന്നാല്‍ ഇന്ത്യയില്‍ ഞാന്‍ കണ്ടിട്ടുള്ള പ്രഭാഷകര്‍ക്ക് അഭിഷേകം കുറഞ്ഞു വരുന്നതായിട്ടാണു കണ്ടിട്ടുള്ളത്. പണം സമ്പാദിക്കുവാന്‍ വേണ്ടി തങ്ങളെത്തന്നെ മലിനപ്പെടുത്തുകയോ മറ്റെന്തെങ്കിലും കാര്യത്തില്‍ ഒത്തുതീര്‍പ്പുകളുണ്ടാക്കുകയോ ആളുകളെ പ്രസാദിപ്പിക്കുന്ന തരത്തില്‍ സംസാരിക്കുകയോ ഒക്കെ ചെയ്തതു കൊണ്ടാകാം. ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതു തന്നെ സേവിക്കുവാനാണ്. അങ്ങനെയെങ്കില്‍ വിശ്വസ്തരായിരിക്കുക. ഒരിക്കലും മഹത്വം പൊയ്‌പോകുവാന്‍ അനുവദിക്കരുത്.
9:4- ഈ വചനം നമുക്ക് ഇന്നത്തെ സഭയ്ക്കു വേണ്ടി എടുക്കാം. ”സഭയുടെ നടുവില്‍ക്കൂടി നടന്ന് അതില്‍ നടക്കുന്ന പാപപ്രവൃത്തികള്‍ നിമിത്തം നെടുവീര്‍പ്പിട്ടു കരയുന്നവരുടെ നെറ്റിയില്‍ ഒരു അടയാളം ഇടുക.” ഇന്നു ദൈവം അന്നു ചെയ്തതു പോലെ ഒരു ദൂതനെ അയച്ച് യേശുവിന്റെ നാമം സഭയില്‍ ദുഷിക്കപ്പെടുന്നതു കണ്ടു വിലപിക്കുന്നവരുടെ നെറ്റിയില്‍ അടയാളമിടുവാന്‍ കല്പിച്ചാല്‍ എത്ര പേര്‍ക്ക് അടയാളം ലഭിക്കും? ഇന്ത്യയില്‍ യേശുവിന്റെ നാമത്തെ ദുഷിക്കുന്ന ക്രിസ്ത്യാനികളെക്കുറിച്ചു നിങ്ങള്‍ക്ക് എത്ര ഭാരം ഉണ്ടായിട്ടുണ്ട്? നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക ക്രിസ്തീയ സമുദായങ്ങളിലും സഭകളിലും പവിത്രമായ ആ നാമം ദുഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതേക്കുറിച്ചു നാം ഭാരമുള്ളവരാണോ? ഭാരമുണ്ടായിരുന്നവരെ എല്ലാം അടയാളപ്പെടുത്തി. എന്നിട്ടു ദൈവം കല്പിച്ചു: ”അടയാളമില്ലാത്തവരെയെല്ലാം കൊന്നു കളയുക.” ഇന്നും കര്‍ത്താവിന്റെ നാമത്തെക്കുറിച്ചു ഭാരമില്ലാത്തവരെല്ലാം ആത്മാവില്‍ മൃതരായിത്തീരുന്നു. കര്‍ത്താവ് ആദ്യമായി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത് ഇങ്ങനെയാണ്: ”അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” ആ നാമത്തെക്കുറിച്ചു നിങ്ങള്‍ക്കു ഭാരമുണ്ടെങ്കില്‍ തന്റെ ഉദ്ദേശ്യ നിവൃത്തിക്കായി ദൈവത്തിനു നിങ്ങളെ ഉപയോഗിക്കുവാന്‍ കഴിയും.
ദൂതന്‍ സംഹാരം തുടങ്ങിയപ്പോള്‍ എഴുപതു മൂപ്പന്മാര്‍ തന്നെ ആദ്യം കൊല്ലപ്പെട്ടു. ദൈവജനത്തിന്റെ നേതൃത്വത്തിലേക്കു വിളിക്കപ്പെട്ടിരുന്ന മൂപ്പന്മാരായിരുന്നു ദൈവനാമത്തെക്കുറിച്ചു ഭാരമില്ലാത്തവരായി മുന്‍നിരയില്‍ കാണപ്പെട്ടത്. അധികം ലഭിച്ചവനോട് അധികം ചോദിക്കും. ന്യായവിധി ആരംഭിക്കുമ്പോള്‍ അത് ആദ്യം നേതാക്കന്മാരില്‍ തന്നെ ആരംഭിക്കുന്നു. നേതാക്കന്മാരുടെ വീഴ്ചകള്‍ കാരണമായി ട്ടായിരുന്നു മഹത്വം പൊയ്‌പ്പോയത്. ഇന്നും അത് അങ്ങനെ തന്നെ.
11:1: ആത്മാവ് യെഹസ്‌കേലിനെ എടുത്ത് ദൈവാലയത്തിലെ മറ്റൊരു ഭാഗത്തുകൊണ്ടു നിറുത്തിയിട്ടു പ്രവചിക്കുവാന്‍ ആവശ്യപ്പെട്ടു. ദൈവത്തിന്റെ മഹത്വം നഗരത്തെ തന്നെ വിട്ടുപോകുന്നത് അവന്‍ അവിടെ നിന്നു കണ്ടു. ദൈവമഹത്വത്തിന്റെ പടിപടിയായുള്ള ഈ വിടവാങ്ങല്‍ ശ്രദ്ധേയമായ കാര്യമാണ്. ഒരു വ്യക്തിയില്‍ നിന്നായാലും സഭയില്‍ നിന്നായാലും അഭിഷേകം നഷ്ടപ്പെടുന്നത് പടിപടിയായിട്ടായിരിക്കും. ദൈവം ഒരിക്കലും തിടുക്കത്തോടെ ഒന്നും പ്രവര്‍ത്തി ക്കുന്നില്ല. ആരെങ്കിലും മനപ്പൂര്‍വം പാപത്തില്‍ തുടര്‍ന്നാല്‍ ദൈവം പ്രവര്‍ത്തിക്കുന്നു. ദൈവമഹത്വം അവസാനമായി നഗരത്തിനു കിഴക്കുള്ള ഒലിവു മലയില്‍ പോയി നിന്നു (11:23). മഹത്വം പൊയ്‌പ്പോയിക്കഴിഞ്ഞു. 43:1-4-ല്‍ നാം കാണുന്നതു പോലെ ഒരു നാള്‍ അതു തിരികെ വരും. ഒലിവു മലയില്‍ നിന്നായിരുന്നു യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തത്. ഒരു ദിവസം അവിടുന്നു മടങ്ങിവന്നു മഹത്വത്തില്‍ അതേ മലയില്‍ പ്രത്യക്ഷപ്പെടും. അന്നാളില്‍ ദൈവത്തിന്റെ മഹത്വം ഭൂമിയില്‍ നിറയും- സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുമ്പോലെ. യെഹസ്‌കേല്‍ പ്രവചിക്കുമ്പോള്‍ തന്നെ പാപകര്‍മ്മങ്ങളെ മെനയുകയും ദുരുപദേശം നല്‍കുകയും (11:2) ചെയ്തുകൊണ്ടിരുന്ന പെലത്യാവ് എന്ന നേതാവ് മരിച്ചു വീണു (11:13)- പ്രവൃത്തി 5-ല്‍ അനന്യാസ് മരിച്ചതുപോലെ.
11:13-17 (ലിവിങ്): പ്രവാസത്തില്‍ പോയ സഹോദരന്മാരെക്കുറിച്ച് യെരുശലേമില്‍ ശേഷിച്ചിരിക്കുന്നവര്‍ പറയുന്നത്: ”അവര്‍ അധികം ദുഷ്ടത ചെയ്തതുകൊണ്ടാണ് ദൈവം അവരെ പ്രവാസത്തിലയച്ചത്. അവരുടെ നിലങ്ങള്‍ ഇതാ നമുക്കു നല്‍കിയി രിക്കുന്നു.” എന്നാല്‍ പ്രവാസത്തിലുള്ളവരോടു ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: ”ഞാന്‍ നിങ്ങളെ ലോകരാജ്യങ്ങളിലേക്കു ചിതറിച്ചു എങ്കിലും അവിടെ ഞാന്‍ നിങ്ങള്‍ക്കൊരു വിശുദ്ധ മന്ദിരമായിരിക്കും. തന്നെയുമല്ല. ഞാന്‍ നിങ്ങളെ ആ ദേശങ്ങളില്‍ നിന്നും ശേഖരിച്ച് ഇവിടേക്ക്- യിസ്രായേലിലേക്ക്- മടക്കിവരുത്തും.” ബാബി ലോണിലേക്കു പോയ ആളുകളായിരുന്നു യഥാര്‍ത്ഥത്തില്‍ ദൈവത്തെ അനുസരിച്ചത്. യെരുശലേമില്‍ നിന്നവര്‍ ദൈവകല്പനയെ അനുസരിക്കുവാന്‍ കൂട്ടാക്കാത്ത വരായിരുന്നു. പ്രവാസത്തിലേക്കു പോയവരെ തന്റെ സാന്നിദ്ധ്യവും അനുഗ്രഹവും വാഗ്ദാനം ചെയ്ത് ആശ്വസിപ്പിക്കുവാന്‍ ദൈവം യെഹസ്‌കേലിനോടു പറയുന്നു. ദൈവത്തെ അനുസരിക്കാത്തവര്‍ താത്ക്കാലികമായി ഭൗമികമായ സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതായി നാം കണ്ടെന്നു വരാം. എന്നാല്‍ ദീര്‍ഘകാലം നോക്കിയാല്‍ യഥാര്‍ത്ഥമായി അനുഗ്രഹിക്കപ്പെട്ടവര്‍ ദൈവത്തെ അനുസരിക്കുന്നവരാണെന്നു നമുക്കു കാണുവാന്‍ കഴിയും. യെരുശലേമില്‍ താമസിച്ചവര്‍ കരുതിയത് ദൈവാലയം യെരുശലേമില്‍ ഉള്ളതുകൊണ്ടു ദൈവസാന്നിദ്ധ്യം ഇവിടെത്തന്നെ യാണ്. പ്രവാസത്തില്‍പോയവരോടൊപ്പമല്ല എന്നാണ്. ഇന്നും സമുദായ സഭകളില്‍ നിന്നും (അവ ബാബിലോണാണെന്നു ധരിച്ച്) മാറി വേര്‍പെട്ട കൂട്ടായ്മകളില്‍ പോകുന്നവരുണ്ട്. അവ യഥാര്‍ത്ഥ യെരുശലേം ആണെന്ന് അവര്‍ കരുതുന്നു. ദൈവം തങ്ങളോടുകൂടെ മാത്രമാണെന്നും മറ്റുള്ളവരോടൊപ്പമില്ലെന്നും അവര്‍ കരുതുന്നു. എന്നാല്‍ ദൈവം രണ്ടിടത്തും ഇല്ലെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. കാരണം സമുദായ സഭകളില്‍ ഉള്ളത്രയോ അതിലധികമോ അധര്‍മ്മവും പാപവും വേര്‍പെട്ട സഭകളിലുമുണ്ട്. എല്ലായിടത്തും ക്രിസ്ത്യാനികള്‍ പണത്തിനു പിന്നാലെയാണ്. ഓരോ ഗ്രൂപ്പുകളിലും കലഹങ്ങളും അധികാരത്തര്‍ക്കങ്ങളും രാഷ്ട്രീയവും അരങ്ങു വാഴുന്നു. നിങ്ങള്‍ നിര്‍ജ്ജീവമായ ഒരു സമൂഹത്തെ വിട്ടു പുറത്തു വന്നു എന്നുള്ളതുകൊണ്ടു മാത്രം ദൈവം നിങ്ങളോടൊപ്പമുണ്ടായെന്നു വരികയില്ല. നിങ്ങള്‍ക്കു താഴ്മയും നുറുക്കവും ഉണ്ടോ, മനഃസാക്ഷി ശുദ്ധമായി സൂക്ഷിക്കുവാന്‍ താത്പര്യമുണ്ടോ, പണസ്‌നേഹത്തില്‍ നിന്നും മനുഷ്യരുടെ മാനത്തില്‍ നിന്നും നിങ്ങള്‍ സ്വതന്ത്രനാണോ എന്നൊക്കെ അവിടുന്നു ശ്രദ്ധിക്കുന്നു.
കള്ളപ്രവാചകന്മാര്‍ പുറന്തള്ളപ്പെടുന്നു
13:3-ല്‍ തങ്ങള്‍ കണ്ടു എന്നവകാശപ്പെടുന്ന ദര്‍ശനങ്ങളുടെ പേരില്‍ ജനത്തെ വഴിതെറ്റിക്കുന്ന കള്ളപ്രവാചകന്മാരെ ദൈവം ശാസിക്കുന്നു. അത്തരം കള്ള പ്രവാചകന്മാരുടെയും പ്രവാചകിമാരുടെയും നാശം ഉറപ്പായിരിക്കുന്നു (13:17). ഹൃദയത്തില്‍ വിഗ്രഹങ്ങളെ വച്ചുകൊണ്ട് പ്രവാചകന്മാരിലൂടെ ദൈവഹിതം അറിയുവാന്‍ കടന്നുവരുന്നവരെ ദൈവം ശാസിക്കുന്നു (14:1-3). കള്ളപ്രവാചകന്മാര്‍ തങ്ങള്‍ക്കു കൂലി കിട്ടുന്നതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളില്‍ പെട്ടെന്നു തന്നെ ഉത്തരം നല്‍കും. അത്തരം കള്ളപ്രവാചകന്മാര്‍ അപ്രകാരം ചെയ്യുവാന്‍ തക്കവണ്ണം ദൈവം തന്നെ അവരെ വഞ്ചനയുടെ ബന്ധനത്തില്‍ പെടുത്തിയിരിക്കുന്നു. ”പ്രവാചകന്‍ വഞ്ചിക്കപ്പെട്ട് ഒരു വാക്കു പ്രസ്താവിച്ചാല്‍ യഹോവയായ ഞാന്‍ ആ പ്രവാചകനെ വഞ്ചിച്ചിരിക്കുന്നു”(14:9). എന്തുകൊണ്ടാണു കള്ളപ്രവാചകന്മാര്‍ വഞ്ചിക്കപ്പെടുവാന്‍ ദൈവം അനുവദിക്കുന്നത്? 2 തെസ്സലൊനിക്യര്‍ 2:10,11-ല്‍ നമുക്ക് അതിനുത്തരം കണ്ടെത്താന്‍ കഴിയും. അവര്‍ പാപത്തില്‍ നിന്നു രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം സത്യത്തെ സ്‌നേഹിച്ചു സ്വീകരിക്കാതിരിക്കുന്നതാണു കാരണം. ദൈവം നിങ്ങളുടെ പാപത്തെ നിങ്ങള്‍ക്കു കാണിച്ചു തരികയും അതില്‍ നിന്നു രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം നിങ്ങള്‍ അതു സത്യസന്ധമായി അംഗീകരിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ വഞ്ചിക്കപ്പെടുക തന്നെ ചെയ്യും. വഞ്ചിക്കപ്പെടുവാന്‍ ദൈവം അനുവദിക്കും. നിങ്ങളെ ഭോഷ്‌ക്കു വിശ്വസിക്കുവാന്‍ ദൈവം കൈവിടുകയും തുടര്‍ന്നു ജീവിതകാലം മുഴുവനും നിങ്ങള്‍ ഒരു മായാലോകത്തില്‍ ജീവിക്കുകയും ചെയ്യും. ഇതു തന്നെയാണ് അനേകം ക്രിസ്ത്യാനികളുടെയും കാര്യത്തില്‍ സംഭവിക്കുന്നത്. നിങ്ങള്‍ ആരോടെങ്കിലും ക്ഷമ ചോദിക്കുവാന്‍ ദൈവം പറയുന്നു. ഒരുപക്ഷേ നിങ്ങളെക്കാള്‍ പ്രായം കുറഞ്ഞ ഒരാളിനോട്. എന്നാല്‍ നിങ്ങള്‍ അതു അനുസരിക്കുന്നില്ല. നിങ്ങള്‍ വഞ്ചനയിലാകുവാനുള്ള വലിയ അപകട സാദ്ധ്യതയിലാണ്. ദൈവം സത്യത്തിന്റെ ദൈവമാണ്. സത്യത്തെ സ്‌നേഹിക്കാത്തവര്‍ വഞ്ചിക്കപ്പെടുവാന്‍ ദൈവം അനുവദിക്കുന്നു. സത്യത്തെ സ്‌നേഹിക്കാത്തവര്‍ക്കുള്ള ഗൗരവതരമായ ഒരു മുന്നറിയിപ്പാണിത്.
14:14-ല്‍ ”ഒരു ദേശം തന്നോടു പാപം ചെയ്യുമ്പോള്‍ നോഹ, ദാനിയേല്‍, ഇയ്യോബ് എന്നീ പുരുഷന്മാര്‍ അവിടെ ഉണ്ടായിരുന്നാലും അവര്‍ തങ്ങളെ മാത്രമേ രക്ഷിക്കുക യുള്ളു” എന്നു ദൈവം പറയുന്നു. ഇവിടെ ദൈവം ദാനിയേലിനെ അഭിനന്ദിക്കുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. കാരണം ഈ സമയം യുവാവായ ദാനിയേല്‍ ബാബിലോണില്‍ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം യെഹസ്‌കേലിനെക്കാള്‍ നന്നെ ചെറുപ്പമാണ്. യെഹസ്‌കേലിന്റെ എളിമയും ശ്രദ്ധേയമാണ്. അതുകൊണ്ടാണല്ലോ തന്നെക്കാള്‍ പ്രായം കുറഞ്ഞ ദാനിയേലിനെ അഭിനന്ദിക്കുവാന്‍ അദ്ദേഹം തയ്യാറാകുന്നത്. ഇന്നു തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ ദൈവഭക്തന്മാരെ അഭിനന്ദിക്കുന്ന ദൈവദാസന്മാര്‍ വിരളമാണ്.
16-ാം അദ്ധ്യായം നമ്മോടുള്ള ദൈവസ്‌നേഹത്തിന്റെ മനോഹരമായ ഒരു ചിത്രമാണ്. നമ്മുടെ രക്ഷയെ പ്രതീകാത്മകമായി നമുക്കിവിടെ കാണുവാന്‍ കഴിയും. നാം നഗ്നരും കഴുകപ്പെടാത്തവരുമായി പാപത്തില്‍ മുഴുകി കിടന്നപ്പോള്‍ ദൈവം നമ്മെ കണ്ടെത്തി. അവിടുന്നു നമ്മെ കഴുകി ക്രിസ്തുവിന്റെ നീതിവസ്ത്രം ധരിപ്പിച്ചു നമ്മെ വിവാഹത്തിന് എടുക്കുകയും ചെയ്തു. എന്നാല്‍ നാം പലപ്പോഴും അവിശ്വസ്തത കാണിച്ചു.
16:49,50-ല്‍ സോദോമിന്റെ നാശത്തിനു കാരണമായ യഥാര്‍ത്ഥ പാപങ്ങളെ ദൈവം വെളിപ്പെടുത്തുന്നു (ഉല്പ. 19). നമ്മിലധികം പേരും സോദോമിനെ ബന്ധിപ്പിക്കുന്നതു സ്വവര്‍ഗ്ഗരതി പോലുള്ള ലൈംഗിക പാപങ്ങളോടാണ്. പക്ഷേ ലൈംഗിക പാപങ്ങള്‍ ഒരു ജീവിത രീതിയുടെ ഉല്പന്നം മാത്രമാണ്. എന്തായിരുന്നു അവരെ തിന്മയുടെ ആഴങ്ങളിലേക്കു തള്ളി വിട്ടത്? സോദോമിന്റെ പാപങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഗര്‍വ്വവും തീന്‍പുളപ്പും (വൈവിധ്യമുള്ള ഭക്ഷണത്തിനു വേണ്ടിയുള്ള ആര്‍ത്തി) നിര്‍ഭയ സൈ്വ രവും (അലസത) ആയിരുന്നു. എളിയവനെയും ദരിദ്രനെയും സഹായിച്ചതുമില്ല. അതുകൊണ്ടു ദൈവം ആ പട്ടണത്തെ തുടച്ചു നീക്കി. ഇവിടെ ലൈംഗിക പാപത്തെ ദൈവം പരാമര്‍ശിക്കുന്നതേയില്ല എന്നതു ശ്രദ്ധേയമാണ്.
അലസവും സുഖസമ്പന്നവുമായ ജീവിത ശൈലിയുടെ ഫലമായിരുന്നു സോദോമ്യ ലൈംഗിക പാപങ്ങള്‍. ഇതില്‍ നിന്നും നമുക്കെന്താണു മനസ്സിലാക്കാനുള്ളത്? ഗര്‍വ്വും ലൈംഗിക പാപവും തമ്മില്‍ ബന്ധമുണ്ട്. അലസതയും ലൈംഗിക പാപവും തമ്മില്‍ ബന്ധമുണ്ട്. അതിഭക്ഷണവും ലൈംഗികപാപവും തമ്മിലും ബന്ധമുണ്ട്. ദിരിദ്രരരോടു കനിവില്ലായ്മയും ലൈംഗിക പാപത്തിലേക്ക് എത്തുന്നു. ഈ നാലു മേഖലകളെക്കുറിച്ചു ചിന്തിക്കുക. നിങ്ങളില്‍ അധികം പേരും യൗവനത്തിലുള്ളവരാണ്. ലൈംഗിക തൃഷ്ണ ശക്തവും അനിയന്ത്രിതവുമാണ് യൗവനത്തില്‍. അതിനെ ജയിക്കുക തികച്ചും പ്രയാസമാണ്. എന്നാല്‍ അതിനേക്കാള്‍ എത്രയോ എളുപ്പമുള്ള കാര്യങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്ന നാലു മേഖലകള്‍. അവിടെ തുടങ്ങിയാല്‍ ലൈംഗികതയെ നിയന്ത്രിക്കുന്നതും എളുപ്പമായിത്തീരും. എല്ലാ സാഹചര്യങ്ങളിലും താഴ്മയോടിരിക്കുവാന്‍ ഒന്നാമതായി ശീലിച്ചു തുടങ്ങുക. എല്ലാ അഹങ്കാരവും ഉപേക്ഷിക്കുക. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണ സമര്‍പ്പണത്തോടെ പരിശ്രമം നടത്തുക. ഇടവേളകളില്‍ ഭക്ഷണമുപേക്ഷിച്ച് ഉപവസിക്കുക. നാലാമതായി, ചുറ്റുപാടുമുള്ള ആളുകളുടെ ആവശ്യങ്ങളറിഞ്ഞ് അവരെ എങ്ങനെ സഹായിക്കാമെന്നു ചിന്തിക്കുക. ഇക്കാര്യങ്ങള്‍ ഒരു വര്‍ഷത്തേക്കു പരിശീലിച്ചു നോക്കുക. നിങ്ങള്‍ക്ക് ലൈംഗിക തൃഷ്ണയെ നിയന്ത്രിക്കുവാന്‍ എത്ര കഴിയുന്നു വെന്നു കണ്ടെത്താന്‍ കഴിയും. ദൈവത്തില്‍ നിന്നും കൃപ ലഭിക്കുന്നില്ലെങ്കില്‍ ഒരു പാപത്തെയും നമുക്കു ജയിക്കാന്‍ കഴിയില്ല. അവിടുന്ന് താഴ്മയുള്ളവര്‍ക്കു മാത്രം കൃപ നല്‍കുന്നു. മറ്റുള്ളവര്‍ക്ക് സഹായവും കരുതലും നല്‍കുന്നവരെ അവിടുന്നു സഹായിക്കുന്നു.
അധ്യായം 18: ”തലമുറകളിന്മേലുള്ള ശാപ”ത്തെക്കുറിച്ചു നമ്മുടെ മനസ്സിലുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് ഉത്തരം നല്കുന്ന ഒരു പ്രധാന വാക്യമാണിവിടെ കാണുന്നത്. ”അപ്പന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു. മക്കളുടെ പല്ലു പുളിച്ചു’ എന്നു നിങ്ങള്‍ പറയുന്ന പഴഞ്ചൊല്ലിന്റെ അര്‍ത്ഥമെന്ത്?”(18:2). മക്കളുടെ ജീവിതത്തിലെ കഷ്ടങ്ങളുടെ കാരണം അപ്പന്മാര്‍ ചെയ്ത പാപപ്രവൃത്തികളുടെ ഫലമാണെന്നു ചിലര്‍ പറയുന്നു. ഇന്നും ധാരാളം ക്രൈസ്തവരും അക്രൈസ്തവരും ബൈബിള്‍ അറിയാത്തതു കൊണ്ട് ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കുന്നു. പുറപ്പാട് 20:5-നെ തെറ്റായി വ്യാഖ്യാനിക്കുന്ന യിസ്രായേലിലെ കള്ളപ്രവാചകന്മാര്‍ മുന്‍തലമുറകളുടെ പ്രവൃത്തികള്‍ക്കു മക്കളെ ശിക്ഷിക്കുന്ന അനീതിയുള്ള ഒരു ദൈവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ആളുകളെ ബന്ധനത്തിലാക്കുന്നു. എന്നാല്‍ ദൈവം ഇതിന് ഉത്തരമായി പറയുന്നു: ”എന്നാണ, ഇനി നിങ്ങള്‍ യിസ്രായേലില്‍ ഈ പഴഞ്ചൊല്ലു പറയുവാന്‍ ഇടവരികയില്ല. പാപം ചെയ്യുന്ന ദേഹി മരിക്കും” (18:3,4). ഇന്നേക്ക് ഏകദേശം 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവം അക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞി രിക്കുന്നു. എന്നിട്ടും പ്രസിദ്ധരായ പല ക്രിസ്തീയ പ്രസംഗകരും മുന്‍തലമുറയിലെ വിഗ്രഹാരാധനയും ആഭിചാരവുമൊക്കെ കാരണമായി ഇപ്പോഴും വിശ്വാസികളായ മക്കളിലേക്കു കഷ്ടം വന്നുകൊണ്ടിരിക്കുന്നു എന്നു പ്രസംഗിക്കുന്നു. മുതുമുത്തച്ഛന്റെ മേലുള്ള ശാപം തലമുറകളിന്മേലേക്കു വരുന്നു എന്നവര്‍ പറയുന്നു. അതിനെ ഉച്ചാടനം ചെയ്തു മാത്രമേ വിടുതല്‍ പ്രാപിക്കുവാന്‍ കഴിയൂ എന്നവര്‍ പഠിപ്പിക്കുന്നു. അതു തികച്ചും അസംബന്ധമാണ്!
ക്രിസ്തുവിനു പൂര്‍ണ്ണമായും നമ്മെത്തന്നെ നല്‍കുമ്പോള്‍ നാം നമ്മുടെ പൈതൃകത്തില്‍ നിന്നും വിഛേദിക്കപ്പെടുന്നു. ആദാം എന്ന വൃക്ഷത്തില്‍ നിന്നും വെട്ടിമാറ്റി ക്രിസ്തു എന്ന് മറ്റൊരു വൃക്ഷത്തോടു നമ്മെ ഒട്ടിച്ചു ചേര്‍ക്കുന്നു. ക്രിസ്തു എന്ന ആ വൃക്ഷത്തോടു നാം ഒട്ടിച്ചു ചേര്‍ക്കപ്പെടുന്നതോടെ പൂര്‍വ്വപിതാക്കന്മാരില്‍ നിന്നും നമ്മുടെമേല്‍ പകര്‍ന്നു വന്ന എല്ലാ ശാപവും കൂടി അറുത്തു മാറ്റപ്പെടുക യാണ്. ഇന്നു നമ്മുടെ മേല്‍ ഒരു ശാപവുമില്ല. നേരെമറിച്ച് ക്രിസ്തുവില്‍ സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങള്‍ മാത്രമേയുള്ളു (ഗലാ. 3:13,14; എഫെ. 1:3). ഒരിക്കല്‍ നിങ്ങളെ നിങ്ങള്‍ ക്രിസ്തുവിനു സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ ചെയ്തിട്ടുള്ള വിഗ്രഹാരാധനയോ ആഭിചാരമോ ഒന്നിനും നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനാവില്ല. എന്നിരുന്നാലും നിങ്ങള്‍ പൂര്‍ണ്ണമായി നിങ്ങളെത്തന്നെ ക്രിസ്തുവിനു നല്‍കിയിട്ടില്ലെങ്കില്‍ എന്തെങ്കിലുമൊക്കെ സംഭവിച്ചുവെന്നു വരാം. നിങ്ങളുടെ സമര്‍പ്പണം സത്യസന്ധവും പൂര്‍ണ്ണവുമാണെങ്കില്‍ ഒരു ശാപവും നിങ്ങളിലേക്കു വരില്ല. ക്രിസ്തുവില്‍ ഒരു ശാപവുമില്ല. നിങ്ങള്‍ ആ ക്രിസ്തുവിന്റെ ഒരു അവയവമാണ്. എന്നാല്‍ തങ്ങള്‍ ശാപഗ്രസ്തരാകാമെന്നുള്ള തെറ്റായ ഉപദേശം ധാരാളം വിശ്വാസികള്‍ ഇന്നും വിശ്വസിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നമ്മുടെമേല്‍ വരേണ്ടതിന് ക്രിസ്തു നമുക്കുവേണ്ടി ശാപമായി ക്രൂശില്‍ തൂങ്ങി. ദൈവമില്ലാത്ത മാതാപിതാക്കളുടെ മക്കള്‍ക്ക് ശാരീരിക സാമ്പത്തിക ക്ലേശങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. മദ്യപനായ ഒരു പിതാവിന്റെ മക്കള്‍ക്ക് സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യത ഉണ്ട്. പക്ഷേ പിതാവിന്റെ പാപത്തിന്റെ ഫലമായ ശാപം ആ കുട്ടികള്‍ക്കുമേല്‍ വരുന്നില്ല. പിതാവിന്റെ പാപങ്ങള്‍ക്കു മക്കള്‍ ശിക്ഷിക്കപ്പെടുന്നില്ല. ഇതാണ് കര്‍ത്താവ് യെഹസ്‌കേലിനോടു വ്യക്തമാക്കിയത്. അതുകൊണ്ടു തെറ്റായ ഉപദേശങ്ങളിലൂടെ ഒരു പ്രസംഗകനും നിങ്ങളെ ബന്ധനത്തിലാക്കുവാന്‍ അനുവദിക്കരുത്.
22:30-ല്‍ കര്‍ത്താവ് ഇപ്രകാരം പറയുന്നു: ”ഞാന്‍ ദേശത്തെ നശിപ്പിക്കാതെവണ്ണം അതിനു മതില്‍കെട്ടി എന്റെ മുമ്പാകെ ഇടിവില്‍ നില്‌ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു. ആരെയും കണ്ടില്ല താനും.” ഇന്നും സഭയ്ക്കും ലോകത്തിനും മദ്ധ്യേ വേര്‍പാടിന്റെ ഒരു മതില്‍ കെട്ടി കൂട്ടായ്മ നഷ്ടപ്പെട്ടുപോയ വ്യക്തിബന്ധങ്ങളുടെ ഇടിവുകളില്‍ നിന്നുകൊണ്ടു മദ്ധ്യസ്ഥതയര്‍പ്പിക്കുന്ന, സമാധാനവും കൂട്ടായ്മയും പുനഃസ്ഥാപിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന, വ്യക്തികളെ ദൈവം അന്വേഷിക്കുന്നു.
23-ാം അധ്യായത്തില്‍ യെഹൂദാ, യിസ്രായേല്‍ എന്നീ സഹോദരിമാരുടെ വിശ്വാസ ത്യാഗത്തെക്കുറിച്ചു പറയുന്നു. രണ്ടുപേരും വ്യഭിചാരിണികളായിത്തീര്‍ന്നു. ഇതില്‍ മൂത്തവളായ യിസ്രായേല്‍ മുഖ്യധാരാ ക്രൈസ്തവസഭകളെക്കുറിക്കുന്നു. ഇളയവളായ യെഹൂദാ വേര്‍പെട്ട സഭകളെ കുറിക്കുന്നു. രണ്ടും ഒരുപോലെ ആത്മീയ വേശ്യാവൃത്തിയിലായിക്കഴിഞ്ഞു. രണ്ടും പിന്മാറ്റത്തിലായി. സഭയുടെ രൂപഘടനയ്ക്കു മാറ്റം വരുത്തുന്നതുകൊണ്ടോ പ്രത്യേക വേഷം ധരിക്കുന്ന മെത്രാന്മാരും അച്ചന്മാരും ഇല്ലെന്നു പറയുന്നതുകൊണ്ടോ നിങ്ങള്‍ ആത്മീയരാണെന്നു പറയാന്‍ കഴിയില്ല. പുതിയ തുരുത്തിയും പുതിയ വീഞ്ഞും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ യിസ്രായേലിനെക്കാള്‍ മെച്ചമാണ് എന്നു മേനി നടിച്ചിരുന്ന യെഹൂദ്യയുടെ പരാജയത്തില്‍ നിന്നും നാം പാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. അന്തിമമായി തന്റെ സഹോദരി പതിച്ച അതേ പ്രവാസത്തിന്റെ കുഴിയില്‍ താനും ചെന്നുപെട്ടു.
24-ാം അധ്യായത്തില്‍ തന്റെ ശുശ്രൂഷയ്ക്കുവേണ്ടി യെഹസ്‌കേല്‍ കൊടുക്കേണ്ടി വന്ന വിലയുടെ ഒരംശം നാം കണ്ടെത്തുന്നു. അവന്റെ ഭാര്യ പെട്ടെന്നു മരിക്കുന്നു. കര്‍ത്താവ് അവനോടു നേരത്തേ പറഞ്ഞു: ”നിന്റെ ഭാര്യ ഉടന്‍ മരിക്കും. പക്ഷേ നീ കരയുകയോ കണ്ണീര്‍ വാര്‍ക്കയോ ചെയ്യരുത്. നിന്നെ ആശ്വസിപ്പിക്കുവാന്‍ വരുന്ന സ്‌നേഹിതന്മാര്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കയുമരുത്”( 24:16,17). ഒരു പ്രവാചകനെന്ന നിലയില്‍ ദൈവകരങ്ങള്‍ക്കു കീഴില്‍ നില്ക്കുന്ന ഒരാളായതിനാല്‍ അവനത് അനുസരിക്കേണ്ടി വന്നു. മറ്റുള്ളവര്‍ക്ക് അനുവദനീയമായ നിരവധി കാര്യങ്ങള്‍ പ്രവാചകന്മാര്‍ക്കു ദൈവം നിഷേധിക്കുന്നു. നിങ്ങള്‍ ഒരു ദൈവദാസനെങ്കില്‍ ലോകത്തിലെ മനുഷ്യര്‍ ജീവിക്കുന്നതിനെക്കാള്‍ വ്യത്യസ്തമായ ഒരു നിലവാരത്തില്‍ നിങ്ങള്‍ ജീവിക്കേണ്ടിവരാം.
ഇവിടെ ശ്രദ്ധേയമായ കാര്യം യെഹസ്‌കേലിനു ഭാര്യയോടുണ്ടായിരുന്ന ആഴമായ സ്‌നേഹമാണ്. പല വ്യത്യസ്ത ഭാഷാന്തരങ്ങളിലും ”നിന്റെ കണ്ണിന്റെ വാഞ്ഛയായ വള്‍” ”നിന്റെ ഓമനയായ അമൂല്യ നിധി” ”നിന്റെ സുന്ദരിയായ ഭാര്യ” ”നിന്റെ ജീവിതത്തിന്റെ ആനന്ദമായവള്‍” ”നീ ഏറ്റവും സ്‌നേഹിക്കുന്നവള്‍” എന്നൊക്കെ പ്രയോഗിച്ചിരിക്കുന്ന തരത്തില്‍ അര്‍ത്ഥതലങ്ങളുള്ള പദമുപയോഗിച്ചാണ് ദൈവം അവളെക്കുറിച്ചു പറഞ്ഞത് (24:16). താന്‍ ഒരു പ്രവാചകനായിരുന്നെങ്കിലും യെഹ സ്‌കേല്‍ ബ്രഹ്മചര്യവ്രതക്കാരനായിരുന്നില്ല. ഭാര്യയെ അത്യധികം സ്‌നേഹിച്ചിരുന്ന ഒരാളായിരുന്നു. നിങ്ങള്‍ക്കു നിങ്ങളുടെ ഭാര്യയെക്കുറിച്ചു സത്യസന്ധമായി ഇങ്ങനെയൊക്കെ പറയാന്‍ കഴിയുമോ? ”എന്റെ കണ്ണിന്റെ വാഞ്ഛ” ”എന്റെ ഓമനയായ അമൂല്യ നിധി” ”എന്റെ ജീവിതത്തിന്റെ ആനന്ദം” ”ഞാന്‍ ഏറ്റവുമധികം സ്‌നേഹിക്കുന്ന” എന്നൊക്കെ. നാം എല്ലായ്‌പ്പോഴും നമ്മുടെ ഭാര്യമാരെ കാണേണ്ടത് അങ്ങനെ തന്നെ.
ദേശങ്ങളുടെ ന്യായവിധി
26:2-ല്‍ യെരുശലേമിന്റെ പതനത്തില്‍ സന്തോഷിക്കുന്ന സോര്‍ നഗരത്തെക്കുറിച്ചു നാം വായിക്കുന്നു. ദൈവം യെരുശലേമിനെ അനുഗ്രഹിച്ചിരുന്നതിനാല്‍ സോരിന് അവളെക്കുറിച്ച് അസൂയയായിരുന്നു. ഇപ്പോള്‍ അവള്‍ തകര്‍ന്നു പോയതുകൊണ്ടു തനിക്ക് അവസരങ്ങള്‍ തുറന്നു കിട്ടിയിരിക്കുന്നു. അധികം വ്യാപാരവും അതിലൂടെ സമ്പത്തും ഉണ്ടാക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്നതില്‍ അവള്‍ സന്തോഷിക്കുന്നു. അതുകൊണ്ടു ദൈവം അവളുടെയും നാശത്തെക്കുറിച്ച് അവള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. മറ്റുള്ളവരുടെ തകര്‍ച്ചയില്‍ സന്തോഷിക്കുന്ന എല്ലാവര്‍ക്കും ദൈവം മുന്നറിയിപ്പു നല്‍കുന്നു – ”നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുത്” (സദൃ. 24:17).
28:11-19-ല്‍ സോര്‍ രാജാവിനെക്കുറിച്ചു നാം വായിക്കുന്നു. ഭൂമിയിലെ ജാതീയ രാജാക്കന്മാരുടെ എല്ലാം അധിപതി സാത്താനാണ്. സോരിലെ രാജാവിനെ നിയന്ത്രിക്കുന്നതും അവന്‍ തന്നെ. ഈ അധ്യായത്തില്‍ ദൈവം സോര്‍ രാജാവിനെക്കുറിച്ചും അയാളെ നിയന്ത്രിക്കുന്ന സാത്താനെക്കുറിച്ചും മാറിമാറി സംസാരിക്കുന്നതു നമുക്കു കാണാം. ഭൂതഗ്രസ്തരോടു നാം സംസാരിക്കുമ്പോഴും ഇതേ അനുഭവം ഉണ്ടാകും. ഭൂതഗ്രസ്തനായ വ്യക്തിയോടും അയാളുടെ ഉള്ളിലിരിക്കുന്ന ഭൂതത്തോടും നമുക്കു മാറിമാറി സംസാരിക്കേണ്ടി വരുന്നു. മുന്നമെ സാത്താന്‍ യഥാര്‍ത്ഥ ഏദന്‍ തോട്ടത്തില്‍ തന്നെ ആയിരുന്നു എന്നു 13-ാം വാക്യത്തില്‍ നാം വായിക്കുന്നു. ഉല്പത്തി 1:2-ല്‍ നാം വായിക്കുന്ന ഭൂമിക്കുണ്ടായ നാശത്തിനു മുന്‍പുള്ള ഭൂമിയില്‍ ഉണ്ടായിരുന്ന ഏദന്‍ ആയിരിക്കണം ഇത്. ഉല്പത്തി 3-ല്‍ നാം കാണുന്ന ഏദന്‍ പിന്നീട് പുനഃസൃഷ്ടിച്ചതാണ്. ദൂതന്മാരുടെ തലവന്‍ എന്ന നിലയില്‍ അവന്‍ സൗന്ദര്യ സമ്പൂര്‍ണ്ണനും കളങ്കമില്ലാത്തവനും ദാനിയേലിനെക്കാള്‍ ജ്ഞാനിയും സൃഷ്ടിക്കപ്പെട്ടപ്പോള്‍ മുതല്‍ക്കെ അഭിഷിക്തനും ആയിരുന്നു (28:3,12,14,15). എന്നാല്‍ ദൈവം തനിക്കു നല്‍കിയ കഴിവുകളില്‍ അവന്‍ നിഗളിച്ച് പിശാചായി മാറി (28:17). യെശയ്യാവ് 14-ല്‍ നമുക്ക് അവനെക്കുറിച്ച് ഒരു വിവരണം ലഭിച്ചിരുന്നു. ഇന്നും പുരുഷന്മാരെയും സ്ത്രീകളെയും നശിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന അവന്റെ പ്രധാന ആയുധം നിഗളമാണ്.
29-32 അധ്യായങ്ങളില്‍ ഫറവോന്റെ മേലും മിസ്രയീമിന്റെ മേലും വരുന്ന ഒട്ടേറെ ന്യായവിധികളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ കാണാം.
33-39 അധ്യായങ്ങളില്‍ ദൈവജനത്തിന്റെ യഥാസ്ഥാപനത്തെ സംബന്ധിച്ച ഭാവിപ്രത്യാശയുടെ സന്ദേശങ്ങള്‍ നമുക്കു കാണാം.
33:1-16-ല്‍ ദൈവജനത്തിന്റെ കാവല്‍ക്കാരന്‍ ദൈവത്തില്‍ നിന്നും കേള്‍ക്കുന്ന സന്ദേശം ജനത്തെ അറിയിക്കേണ്ടതും ജനം അതിനോടു പ്രതികരിക്കേണ്ടതു മാണെന്നു കാണുന്നു.
34-ാം അധ്യായം ദൈവജനത്തിന്റെ ഇടയന്മാര്‍ വായിച്ചു ചിന്തിക്കുകയും ജാഗ്രതയും ഉത്സാഹവും പ്രാപിക്കയും ചെയ്യേണ്ടതാണ്. യിസ്രായേലിലെ നേതാക്കന്മാരില്‍ ദൈവം തുറന്നു കാണിക്കുന്ന ജാഗ്രതയില്ലായ്മയും സ്വാര്‍ത്ഥതയും ദുരാഗ്രഹവും ഇക്കാലത്തെ ക്രിസ്തീയ നേതാക്കന്മാരിലും കണ്ടു വരുന്ന ദുഃഖസത്യങ്ങളാണ്. ഒടുവില്‍ കര്‍ത്താവു പറയുന്നു: ”ഞാന്‍ എന്റെ ജനത്തെ മേയിക്കും” (34:15). തുടര്‍ന്നു നാം ചുറ്റുമുള്ളര്‍ക്ക് അനുഗ്രഹത്തിന്റെ ഒരു മഴയായിത്തീരുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്യുന്നു (34:26).
സഭയും പുതിയ ഉടമ്പടി ജീവിതവും
36:25-37 പുതിയ ഉടമ്പടി ജീവിതത്തെക്കുറിച്ചുള്ള മനോഹരമായ ഒരു പ്രവചനമാണ്. ദൈവം ആഗ്രഹിക്കുന്ന ക്രിസ്തീയ ജീവിതത്തിന്റെ ഒരു ചിത്രമാണത്. ഒന്നാമതായി ദൈവം നമ്മുടെ ഹൃദയത്തിലെ എല്ലാ വിഗ്രഹങ്ങളെയും നീക്കി ശുദ്ധീകരിക്കും. ഹൃദയത്തിന്റെ കാഠിന്യം നീക്കി അതിനെ മൃദുവാക്കും. പരിശുദ്ധാ ത്മാവിനെ ഹൃദയത്തില്‍ പകര്‍ന്നുകൊണ്ട് തന്റെ വഴികളില്‍ നടക്കുമാറാക്കും. തന്റെ കല്പനകളെ അനുസരിച്ചുകൊണ്ട് നമ്മുടെ എല്ലാ അശുദ്ധിയെയും നീക്കിക്കളയും (36:25-29). എന്നാല്‍ ഇതൊക്കെ സംഭവിക്കണമെങ്കില്‍ ഇതെല്ലാം അവിടുന്നു നമുക്കു ചെയ്തു തരുവാനായി നാം പ്രാര്‍ത്ഥിക്കണം (36:37). നാം അപേക്ഷിക്കുന്നില്ലെങ്കില്‍ അതു നമുക്കു ലഭിക്കയില്ല. ഈ മഹത്വപൂര്‍ണ്ണമായ ജീവനിലേക്കു നാം വരുമ്പോള്‍ നമുക്കു നമ്മോടു തന്നെ വെറുപ്പു തോന്നും (36:31)- കാരണം നമ്മുടെ കഴിഞ്ഞകാലം നമ്മുടെ കണ്‍മുമ്പിലേക്കു വരുന്നതുകൊണ്ട്. ആത്മനിറവുള്ള ഒരു മനുഷ്യന്റെ പ്രഥമമായ അടയാളം തന്റെ ജഡത്തില്‍ കാണുന്ന പാപത്തെക്കുറിച്ച് ”അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍. ഞാന്‍ പാപികളില്‍ ഒന്നാമന്‍” എന്ന് സ്വയനിന്ദയോടെ നിലവിളിക്കുന്നതാണ് (റോമ. 7:24; 1 തിമൊ. 1:15). ആത്മനിറവുള്ള ഒരു വ്യക്തി സ്വന്തം ജീവിതത്തില്‍ ഉള്ള പാപത്തെ കാണുകയും അതിനെ വെറുക്കുകയും ചെയ്യും മുമ്പെ ഒരിക്കലും അന്യന്റെ പാപത്തെ ശ്രദ്ധിക്കുന്നില്ല. ദൈവത്തോടു നാം അടുക്കുന്തോറും നമ്മുടെ പാപത്തെക്കുറിച്ചു നാം അധികം ബോധമുള്ളവരാകും.
37-ാം അധ്യായം പുനരുത്ഥാന ജീവന്റെ ഒരു ദൃഷ്ടാന്തചിത്രമാണ്. അസ്ഥികള്‍ നിറഞ്ഞ ഒരു താഴ്‌വരയിലേക്കു ദൈവം യെഹസ്‌കേലിനെ കൂട്ടിക്കൊണ്ടു പോവുകയും അവയോടു പ്രവചിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യെഹസ്‌കേല്‍ പ്രവചിച്ചപ്പോള്‍ അവിടെ ചിതറിക്കിടന്ന അസ്ഥികളെ ദൈവവചനം കൂട്ടിച്ചേര്‍ക്കുകയും അവയില്‍ മാംസം പൊതിയപ്പെടുകയും ചെയ്യുന്നു. അവിടെ ദൈവവചനം മാത്രമായി മതിയാകുമായിരുന്നില്ല. ഉല്പത്തി ഒന്നാം അധ്യായത്തിലേതുപോലെ പരിശുദ്ധാത്മാവിന്റെ ശക്തികൂടി ആവശ്യമായിരുന്നു. അവിടെ വചനത്തിന്റെയും ആത്മാവിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് മൃതമായ അവസ്ഥയില്‍ നിന്നും ജീവന്‍ ഉണ്ടായത്. ഇവിടെയും അതുതന്നെയാണ് ആവശ്യമായിരിക്കുന്നത്. ഇക്കാലത്തും അത് അങ്ങനെ തന്നെ. ഈ മൃതശരീരങ്ങളിന്മേല്‍ ദൈവത്തിന്റെ ആത്മാവു വന്നപ്പോള്‍ മൃതശരീരങ്ങള്‍ ജീവന്‍ വച്ച് എഴുന്നേറ്റ് ദൈവത്തിന്റെ ഒരു വലിയ സൈന്യമായിത്തീര്‍ന്നു. ദൈവം ഇന്നു സഭയില്‍ സംഭവിക്കാനാഗ്രഹിക്കുന്നതിന്റെ ഒരു ചിത്രമാണിത്. ധാരാളം ക്രിസ്ത്യാനികളും തങ്ങളുടെ ഉപദേശമൊക്കെ കൃത്യമായിട്ടു കൂടി ഈ ഉണങ്ങിയ അസ്ഥികളെപ്പോലെ വരള്‍ച്ചയും കടുപ്പവുമുള്ള വരാണ്. ദൈവവചനം കേട്ടപ്പോള്‍ അസ്ഥികള്‍ കൂടിച്ചേര്‍ന്നതുപോലെ അവര്‍ ക്രിസ്ത്യാനികളായിത്തീര്‍ന്നു. അസ്ഥികളില്‍ മാംസം വച്ചപ്പോള്‍ ഒരു രൂപഭംഗി ഉണ്ടായി വന്നതുപോലെ അവരുടെ ജീവതത്തിനും ഒരു അടുക്കും ചിട്ടയും വന്നു മനോഹരമായി. എന്നാല്‍ അവര്‍ ദൈവത്തിന്റെ സൈന്യമായിത്തീരണമെങ്കില്‍ ഒന്നുകൂടി സംഭവിക്കണം. അവര്‍ പരിശുദ്ധാത്മ ശക്തിയില്‍ നിറയണം. 37-ാം അധ്യായത്തിന്റെ സന്ദേശം അതാണ്.
38,39 അധ്യായങ്ങളില്‍ ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പായി യിസ്രായേലിനെ ആക്രമിക്കുന്ന യിസ്രായേലിന്റെ ശത്രുക്കളായ ‘മഗോഗ്’ ജനതയെക്കുറിച്ചും അവരുടെ അധിപതിയായ ‘ഗോഗി’നെക്കുറിച്ചും പറയുന്നു. ഹെര്‍മ്മഗെദ്ദോന്‍ യുദ്ധത്തില്‍ അവര്‍ പരാജയപ്പെടും.
40-48 അധ്യായങ്ങളില്‍ പുതിയ ഉടമ്പടി സഭയുടെയും ജീവിതത്തിന്റെയും ചിത്രമാണ്. ഇത് ഒരു ദൈവാലയത്തിന്റെ രൂപത്തില്‍ വിവരിച്ചിരിക്കുന്നു. നമ്മുടെ ശരീരം പരിശുദ്ധാത്മാവു വസിക്കുന്ന മന്ദിരമാണ് (1കൊരി. 6:19). സഭ ദൈവത്തിന്റെ ഭവനമാണ് (1 കൊരി. 3:16). 43-ാം അധ്യായത്തില്‍ ദൈവാലയത്തെ വിട്ടുപോയ മഹത്ത്വം ദൈവാലയത്തിലേക്കു മടങ്ങി വരുന്നു- അതായത് പെന്തക്കോസ്ത് നാളില്‍ സ്ഥാപിതമായ പുതിയ ഉടമ്പടിയിലെ സഭയിലേക്കു മടങ്ങിവന്നിരിക്കുന്നു. സഭയെ ദൈവം ‘തന്റെ സിംഹാസനത്തിന്റെ സ്ഥലം” എന്നു വിളിക്കുന്നു (43:7). പുതിയ നിയമസഭയുടെ നിയമം ഇപ്രകാരം വിവരിച്ചിരിക്കുന്നു: ”അതിര്‍ത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കണം” (43:12). പഴയനിയമ ദൈവാലയത്തില്‍ ദൈവം വസിച്ചിരുന്ന പടിഞ്ഞാറേ അറ്റത്തുള്ള ഒരു കൊച്ചു മുറി മാത്രമായിരുന്നു അതിവിശുദ്ധസ്ഥലം. പുതിയ ഉടമ്പടിയില്‍ സഭ മുഴുവനും അതിവിശുദ്ധമാണ്. ഇന്നു ദൈവത്തിന്റെ മന്ദിരമായി സഭയെ പണിയുവാന്‍ അടിസ്ഥാനപരമായ ഈ ഒരു പ്രമാണം നാം പാലിക്കേണ്ടതുണ്ട്- അതിലെ ഓരോ അംഗവും വിശുദ്ധമായിരിക്കണം. ഒരാളില്‍ പോലും പാപം ഒരളവിലും വാഴുവാന്‍ പാടില്ല.
44:9-19-ല്‍ കര്‍ത്താവു രണ്ടു തരത്തിലുള്ള ശുശ്രൂഷകരെക്കുറിച്ചു പറയുന്നു- ദൃഷ്ടാന്തമായി സാദോക്കിന്റെ മക്കളെക്കുറിച്ചും ലേവ്യരെക്കുറിച്ചും പറയുന്നു. തന്നെ ശുശ്രൂഷിക്കുവാന്‍ ദൈവം അനുവദിക്കുന്ന പൂര്‍ണ്ണ സമര്‍പ്പണമുള്ള ക്രിസ്തു ശിഷ്യന്മാരുടെ പ്രതീകമാണ് സാദോക്കിന്റെ മക്കള്‍. ജനത്തെ ശുശ്രൂഷിക്കുവാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ഒത്തുതീര്‍പ്പുകാരുടെ പ്രതീകമാണ് ലേവ്യര്‍. ഈ രണ്ടു ശുശ്രൂഷകള്‍ക്കും തമ്മില്‍ വലിയ അന്തരമുണ്ട്. യേശു ശുശ്രൂഷിച്ചതു പ്രഥമമായി ജനത്തെയല്ല. താന്‍ ജനത്തിനു ശുശ്രൂഷ ചെയ്യുമ്പോള്‍ പോലും തന്റെ ശുശ്രൂഷയുടെ യഥാര്‍ത്ഥ ലക്ഷ്യം പിതാവു തന്നെയായിരുന്നു. എല്ലാ ശുശ്രൂഷയും പിതാവിനായിരുന്നു. നാമും അങ്ങനെ തന്നെയായിരിക്കണം. നമ്മുടെ ശുശ്രൂഷ ജനങ്ങള്‍ക്കു വേണ്ടി ആകുമ്പോഴാണ് ജനത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി ഒത്തുതീര്‍പ്പുകള്‍ക്കു നാം വഴങ്ങേണ്ടി വരുന്നത്.
അത്തരം ഒരു വിശുദ്ധ മന്ദിരത്തില്‍ നിന്നും (ആത്മനിറവുള്ള സഭയോ ആത്മ നിറവുള്ള വ്യക്തിയോ) ഒരു ഉറവു ചാല്‍ പൊട്ടി പുറത്തേക്കൊഴുകുന്നു. അതൊരു നദിയോ അനേകം നദികളോ ആയിത്തീരുന്നു (അധ്യായം 47). യോഹന്നാന്‍ 7:37-39-ല്‍ യേശു ഉദ്ധരിച്ച വേദഭാഗം ഇവിടെയാണ്. പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു വ്യക്തിയില്‍ നിന്നും ”ജീവജലത്തിന്റെ നദികള്‍ ഒഴുകും” എന്ന് അവിടുന്നു പറഞ്ഞു. ഇതാണ് പെന്തക്കോസ്ത് നാളില്‍ ആരംഭിച്ച് ദൈവഭക്തരായ പുരുഷന്മാരിലൂടെയും സ്ത്രീകളിലൂടെയും നാളിതുവരെ ഒഴുകിപ്പടര്‍ന്ന ആ നദി. ഈ ജീവന്‍ ഒരു നദിയായിത്തീരും മുമ്പെ, നദികളായി രൂപപ്പെടും മുമ്പെ, തുടക്കത്തില്‍ നേര്‍ത്ത ഒരു ഊറ്റുറവ മാത്രമായിരിക്കും.
47:3-6-ല്‍ ദൈവം യെഹസ്‌കേലിന് ആത്മനിറവുള്ള ഒരു ജീവിതം ഒന്നു രുചിച്ചു നോക്കുവാനായി ഒരു അനുഭവം നല്‍കുന്നു. അവിടുന്ന് യെഹസ്‌കേലിനെ പടിപടിയായി നദിയിലേക്കു ഇറക്കിക്കൊണ്ടുപോകുന്നു. 500 മീറ്റര്‍ നടന്നപ്പോള്‍ വെള്ളം പാദം മുങ്ങുന്ന നിലയിലായി. വീണ്ടും 500 മീറ്റര്‍ പോയപ്പോള്‍ വെള്ളം മുട്ടുവരെയായി. വീണ്ടും 500 മീറ്റര്‍ നടന്നപ്പോള്‍ വെള്ളം അരയോളമായി. പിന്നെയും 500 മീറ്റര്‍ കൂടി പോയപ്പോള്‍ യെഹ്‌സ്‌കേലിന്റെ പാദങ്ങള്‍ നിലത്തു നിന്നുയര്‍ന്ന് വെള്ളത്തിന്റെ ഒഴുക്കില്‍ ഒഴുകിപ്പോകുവാന്‍ തുടങ്ങി. നമുക്കും യെഹസ്‌കേലിനെപ്പോലെ ദൈവാനുഭവത്തില്‍ മുമ്പോട്ടു പോവുകയോ ഇടയ്‌ക്കെവിടെയങ്കിലും നില്ക്കുകയോ ചെയ്യാം. ദൈവം ഒരിക്കലും നമ്മെ നമ്മുടെ ഇച്ഛയ്ക്കപ്പുറത്തേക്കു നിര്‍ബ്ബന്ധിക്കുന്നില്ല. ഏലിശാ ഏലിയാവിനെ അനുഗമിക്കുമ്പോള്‍ (2 രാജാ. 2) അവന് ലഭിച്ചതില്‍ തൃപ്തനാണോ അതോ അധികത്തിന് വാഞ്ഛയുണ്ടോ എന്ന് എലിശായെ ഏലിയാവു പരീക്ഷിച്ചുകൊണ്ടിരുന്നു. തനിക്കു ലഭിച്ചതില്‍ എലിശാ തൃപ്തനാകാതിരുന്നതിനാല്‍ ഏലിയാവിനു നല്‍കിയതിന്റെ ഇരട്ടിപ്പങ്ക് ദൈവം എലിശായ്ക്കു നല്‍കി. യെഹസ്‌കേലിനും ഇത്തരത്തിലുള്ള പരീക്ഷ ഉണ്ടായതായി നാം കാണുന്നു. നീന്തിത്തുടിക്കുന്ന ആഴത്തിലേക്കു പോകുവാനുള്ള വാഞ്ഛ അവനുണ്ടായിരുന്നു. ദൈവത്തിന്റെ ഏറ്റവും മെച്ചപ്പെട്ടതിനെ പ്രാപിക്കാതെ ഇടയ്ക്ക് എവിടെയെങ്കിലും അവസാനിപ്പിക്കുവാനും നിങ്ങള്‍ക്കു കഴിയും.
ഇതു ശ്രദ്ധിക്കുക: വെള്ളം നരിയാണിയോളം ആയിരുന്നപ്പോഴും മുട്ടോളമോ അരയോളമോ ആയിരുന്നപ്പോഴും അവന്റെ പാദങ്ങള്‍ നിലത്ത് ഉറച്ചിരുന്നു. നമ്മുടെ പാദങ്ങള്‍ക്ക് ഭൂമിയില്‍ നിന്നും ബന്ധം മാറുമ്പോളാണ് നാം യഥാര്‍ത്ഥത്തില്‍ ആത്മാവില്‍ നിറഞ്ഞു എന്നു നമുക്ക് ബോദ്ധ്യമാവുക. ”ആ സമയം നാം ഭൗമികമായ എല്ലാ താത്പര്യങ്ങളില്‍ നിന്നും ഭൗതിക വസ്തുക്കളില്‍ നിന്നും ഹൃദയം കൊണ്ടു വേര്‍പെട്ടിരിക്കും. നാം ആത്മാവിനാല്‍ ദൈവത്തിന്റെ ഇഷ്ടപ്രകാരം നീങ്ങിക്കൊണ്ടിരിക്കും. നമ്മുടെ ഇഷ്ടപ്രകാരം ഒരിക്കലും ചലിക്കില്ല.”
ഈ പുസ്തകത്തിന്റെ അവസാന വാക്യത്തില്‍ (48:35) പുതിയ ഉടമ്പടിയിലെ ഈ സഭയുടെ പേര് ”യഹോവ ശമ്മാ” (യഹോവ അവിടെ) എന്നു വെളിപ്പെടുത്തിയിരിക്കുന്നു. ഒരു പുതിയ നിയമസഭയുടെ അടയാളം ഇതു തന്നെയാണ്. ഓരോ സഭായോഗത്തിന്റെ നടുവിലും കര്‍ത്താവ് ഉണ്ടായിരിക്കയും ആളുകള്‍ അവിടുത്തെ കാണുകയും കേള്‍ക്കയും ചെയ്യും. ഇത്തരം ഒരു സഭയെ പണിയുന്നതിനാണ് നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നത്. എന്നാല്‍ അതു പണിയുന്നതിന് പൂര്‍ണ്ണ ഹൃദയത്തോടെ തന്നെ അനുസരിക്കുന്ന യെഹസ്‌കേലിനെപ്പോലെയുള്ള ആളുകളെ കര്‍ത്താവിന് ആവശ്യമുണ്ട്.