മടങ്ങി വന്ന ശേഷിപ്പ്
യിസ്രായേല്‍ അവരുടെ എഴുപതു വര്‍ഷക്കാലത്തെ അടിമത്തത്തില്‍ നിന്നു മടങ്ങി വന്ന സമയത്താണ് എസ്രാ ജീവിച്ചിരുന്നത്.
പഴയ നിയമത്തില്‍ യിസ്രായേലിന്റെ രണ്ടു യാത്രകള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ യാത്ര മിസ്രയീമില്‍ നിന്നു കനാനിലേക്കുള്ളതായിരുന്നു. ഇത് ക്രിസ്ത്യാനികളുടെ വ്യക്തിപരമായ രക്ഷയുടെ പ്രതീകമായിരിക്കുന്നു- യേശു ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട് (പെസഹാ കുഞ്ഞാട്), ജലത്തില്‍ സ്‌നാനപ്പെട്ട് (ചെങ്കടലിന്റെ ഉള്ളിലേക്കും പുറത്തേക്കും), പരിശുദ്ധാത്മാവില്‍ സ്‌നാനപ്പെട്ട് (സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന മേഘം), ജഡത്തിന്റെ മോഹങ്ങളെ കീഴടക്കുന്നത് (കനാന്‍ ദേശത്തെ മല്ലന്മാര്‍). രണ്ടാമത്തെ യാത്ര അടിമത്വത്തിനു ശേഷം ബാബിലോണില്‍ നിന്നു യെരുശലേമിലേക്കുള്ള യാത്രയാണ്. അത് സഭ പണിയുന്നതിനെക്കുറിച്ചു സംസാരിക്കുന്നു. ഒന്നാമത്തേത് ദൈവത്തോടു ചേര്‍ന്നുള്ള നമ്മുടെ നടപ്പിന്റെ പ്രതീകമായിരിക്കുന്നു. രണ്ടാമത്തേത് നാം നിര്‍ജ്ജീവ മത വ്യവസ്ഥകളില്‍ (ബാബിലോണ്‍) നിന്നു പുറത്തു വന്ന്, ക്രിസ്തുവിന്റെ ശരീരം (യെരുശലേം) പണിയുന്നതിന്റെ പ്രതീകമാണ്. ബാബിലോണില്‍ നിന്നു യെരുശലേമിലേക്കുള്ള ദൈവജനത്തിന്റെ യാത്രയെക്കുറിച്ച് അനേകം പ്രവാചകന്മാര്‍ സംസാരിച്ചു. പുതിയ നിയമത്തില്‍ ബാബിലോണിന് ഒരു ആത്മീയ അര്‍ത്ഥമുണ്ട്- കര്‍ത്താവിനെ പിന്‍ഗമിക്കുന്നു എന്നു പ്രഖ്യാപിക്കുന്ന വേശ്യാ ക്രിസ്തീയതയെ അതു സൂചിപ്പിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ അത് അവിടുത്തെ അനുഗമിക്കുന്നില്ല (വെളിപ്പാട് 17). എന്നാല്‍ യെരുശലേം (വെളിപ്പാട് 21) സത്യസഭയെ, ക്രിസ്തുവിന്റെ കാന്തയെ സൂചിപ്പിക്കുന്നു.
സെരുബ്ബാബേലിന്റെ കീഴിലുള്ള മടങ്ങി വരവ്
പഴയ നിയമത്തിലെ നേരത്തെ പറഞ്ഞ രണ്ടാമത്തെ യാത്രയില്‍ ദൈവം ഉപയോഗിച്ച പുരുഷന്മാരില്‍ ഒരുവനാണ് എസ്രാ. ഈ പുസ്തകം, അവരുടെ നേതാവായ സെരുബ്ബാബേലിന്റെ കീഴിലുള്ള യിസ്രായേലിന്റെ മടങ്ങി വരവിനെയും (അധ്യായം 1,2), ആലയത്തിന്റെ പണിയെയും (അധ്യായം 3-6), അദ്ദേഹത്തിന്റെ (എസ്രായുടെ) സ്വന്തം നേതൃത്വത്തിലുള്ള നവോത്ഥാനത്തെയും കുറിക്കുന്നു (അധ്യായം 7-10).
നാം വായിക്കുന്നത് ഒന്നാമത് ദൈവം, ദൈവാലയം പണിക്കായി കോരെശ് രാജാവിന്റെ മനസ്സുണര്‍ത്തി എന്നാണ്. കോരെശ് പറഞ്ഞു: ”ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു നല്‍കിയിരിക്കുന്നു. കൂടാതെ അവിടുത്തേക്കു വേണ്ടി യെരുശലേമില്‍ ഒരാലയം പണിയുവാന്‍ എന്നെ നിയമിച്ചുമിരിക്കുന്നു”(എസ്രാ 1:2). യെരുശലേമില്‍ ദൈവത്തിന്റെ ആലയം പണിയുവാന്‍ കല്പിക്കത്തക്കവണ്ണം ഒരു വിജാതീയ രാജാവിന്റെ മനസ്സുണര്‍ത്തിയ ദൈവത്തിന്റെ പരമാധികാരം കാണുക!
കോരെശ് ഇപ്രകാരം തുടര്‍ന്നു പറഞ്ഞു: ”നിങ്ങളില്‍ അവന്റെ ജനമായി ആരെങ്കിലും ഉണ്ടെങ്കില്‍ അവന്‍ യെരുശലേമിലേക്കു യാത്ര പുറപ്പെട്ട് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ” (എസ്രാ 1:3). അദ്ദേഹം ഒരു യിസ്രായേല്യനെയും പോകുവാന്‍ നിര്‍ബന്ധിച്ചില്ല. തിരഞ്ഞെടുക്കാന്‍ അവര്‍ക്കു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്- നിര്‍ജ്ജീവമായ മതവ്യവസ്ഥകളില്‍ നിലനില്‍ക്കുവാനോ അല്ലെങ്കില്‍ യെരുശലേമിലേക്കു നീങ്ങുവാനോ നാം സ്വതന്ത്രരാണ്.
അപ്പോള്‍ കോരെശ് ഇപ്രകാരം കൂടെ പറഞ്ഞു: ”ശേഷിച്ച ജനം ദൈവത്തിന്റെ ആലയം വകയ്ക്ക് ഔദാര്യ ദാനങ്ങളാല്‍ സഹായം ചെയ്യണം” (1:4).
സകല മനുഷ്യര്‍ക്കും മീതെ ദൈവമാണ് പരമാധികാരി എന്നതാണ് യെരുശലേം (ക്രിസ്തുവിന്റെ ശരീരം) പണിയുന്നതിന് നാം തിരിച്ചറിയേണ്ട ഒന്നാമത്തെ കാര്യം. അവിടുത്തെ ഉദ്ദേശ്യം നിറവേറ്റുന്നതിന് അന്ന് ദൈവഭക്തരല്ലാത്ത ഭരണാധികാരികളെ ഉണര്‍ത്തുവാന്‍ അവിടുത്തേക്കു കഴിഞ്ഞു. ഇന്നും അവിടുത്തേക്കു തന്റെ ഉദ്ദേശ്യം നിവര്‍ത്തിക്കുവാന്‍ ആരെയും ഉണര്‍ത്തുവാന്‍ കഴിയും. അതു നാം വിശ്വസിക്കുന്നില്ലെങ്കില്‍, നമുക്ക് യെരുശലേം പണിയുവാന്‍ കഴിയുകയില്ല.
നാം തിരിച്ചറിയേണ്ട രണ്ടാമത്തെ കാര്യം, ദൈവം ആരെയും ഒരിക്കലും ബാബിലോണ്‍ വിട്ടു പോരുവാന്‍ നിര്‍ബ്ബന്ധിക്കുന്നില്ല. വിട്ടുപോരേണ്ടതിനായി എല്ലാവരും ക്ഷണിക്കപ്പെടുന്നുണ്ട്. എന്നാല്‍ ആരെയും അങ്ങനെ ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നില്ല. നാം ആളുകള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. കാരണം സന്തോഷത്തോടെ കൊടുക്കുന്നവനെ മാത്രമേ ദൈവം സ്‌നേഹിക്കുന്നുള്ളു.
നാം കാണുന്ന മൂന്നാമത്തെ കാര്യം, വ്യക്തിപരമായി ദൈവത്തിന്റെ വേലയ്ക്കു പോകാത്തവര്‍ക്ക് അപ്പോഴും ‘ഔദാര്യ ദാനം” കൊണ്ട് അവിടുത്തെ വേലയെ പിന്‍താങ്ങുവാന്‍ കഴിയും (1:4). നമുക്ക് വ്യക്തിപരമായി യെരുശലേം പണിയാന്‍ കഴിയുന്നില്ലെങ്കില്‍ അപ്പോഴും നമുക്ക് ഔദാര്യദാനം കൊണ്ട് അതിന്റെ പണിയെ പിന്‍തുണയ്ക്കുവാന്‍ സാധിക്കും.
എന്തുകൊണ്ടാണ് ആ പേര്‍ഷ്യന്‍ രാജാവ് ദൈവജനത്തെ അത്രമാത്രം പിന്‍താങ്ങിയത്?
ഒരുപക്ഷേ അതിന്റെ ഉത്തരം ഇതായിരിക്കും: കോരെശ് ജനിക്കുന്നതിന് ഏകദേശം 200 വര്‍ഷങ്ങള്‍ മുമ്പ് യെശയ്യാ പ്രവാചകന്‍ അവനെക്കുറിച്ച് അവന്റെ പേരു ചൊല്ലി പ്രവചിച്ചു: ”യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ഞാന്‍ കോരെശിനെക്കുറിച്ചു പറയുമ്പോള്‍ ”അവന്‍ എന്റെ ഇടയന്‍. അവന്‍ തീര്‍ച്ചയായും ഞാന്‍ പറയുന്നതു ചെയ്യും. യെരുശലേം പുനര്‍നിര്‍മ്മിക്കപ്പെടട്ടെ എന്നും മന്ദിരം യഥാസ്ഥാനപ്പെടട്ടെ എന്നും അവന്‍ കല്പിക്കും. യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്റെ വലംകരത്തെ അവിടുന്ന് അധികാരപ്പെടുത്തിയിരിക്കുന്നു. അവന്റെ മുമ്പില്‍ ശക്തരായ രാജാക്കന്മാര്‍ ഭയംകൊണ്ടു സ്തംഭിച്ചുപോകും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. കോരെശേ ഞാന്‍ നിനക്കു മുമ്പായി ചെന്ന് താമ്രവാതിലുകളെ തകര്‍ത്ത് ഇരുമ്പോടാമ്പലുകളെ ഖണ്ഡിച്ചു കളയുകയും ചെയ്യും. ഞാന്‍ യിസ്രായേലിന്റെ ദൈവമായ യഹോവ എന്നു നീ അറിയേണ്ടതിനു ഞാന്‍ ഇതു ചെയ്യും. എന്തുകൊണ്ടു ഞാന്‍ നിന്നെ ഈ വേലയ്ക്കായി വിളിച്ചു? അത് എന്റെ വൃതനായ യിസ്രായേല്‍ നിമിത്തമത്രെ. നീ എന്നെ അറിയാതിരിക്കെ ഞാന്‍ നിന്നെ ഓമനപ്പേരു ചൊല്ലി വിളിച്ചിരിക്കുന്നു. കിഴക്കു നിന്നു പടിഞ്ഞാറുവരെയുള്ള എല്ലാവരും ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു ഞാന്‍ നിന്നെ ഒരുക്കിയിരിക്കുന്നു” (യെശയ്യാവ് 44:28-45:6).
ആ സമയത്തു ജീവിച്ചിരുന്ന ദാനിയേല്‍, ഈ തിരുവെഴുത്ത് കോരെശിനെ കാണിച്ചിട്ടുണ്ടാകണം- രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ്, സര്‍വ്വശക്തനായ ദൈവം അവന്റെ പേരു പറഞ്ഞ് അവനെക്കുറിച്ചു പ്രവചിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ കോരെശ് വികാരാധീനനായി കാണണം. ഇത് അവനെ താഴ്മയുള്ളവനാക്കിയിരിക്കാം. അവന്‍ ചെയ്യുമെന്ന് യെശയ്യാവു പ്രവചിച്ചത് അവന്‍ ചെയ്തു- യെഹൂദന്മാരായ ആളുകളോട് യെരുശലേമിലേക്കു മടങ്ങിപ്പോയി ദൈവാലയം പുനര്‍ നിര്‍മ്മിക്കുവാന്‍ കല്പിച്ചു! ദൈവത്തിന്റെ വഴികള്‍ സത്യമായും ആശ്ചര്യകരമാണ്.
2-ാം അധ്യായത്തില്‍, ബാബിലോണ്‍ വിട്ടുപോയ ആളുകളുടെ ഒരു പട്ടിക നാം വായിക്കുന്നു. ഇന്നും ബാബിലോണ്‍ വിടുന്ന ഓരോ വ്യക്തിയെയും കുറിച്ച് ദൈവം ഒരു കുറിപ്പ് ഉണ്ടാക്കുന്നു. സെരുബ്ബാബേല്‍ ആയിരുന്നു അവരുടെ നേതാവ്. തന്റെ ജനത്തെ ബാബിലോണില്‍ നിന്നു വെളിയിലേക്കു നയിക്കുവാന്‍ ദൈവത്തിനിപ്പോഴും ഒരു പുരുഷനെ ആവശ്യമുണ്ട്. ദുഷിച്ച ക്രിസ്തീയ ഗോളം വിട്ട് ജീവനുള്ള ദൈവത്തിന്റെ സത്യസഭയിലേക്കു വരുന്ന ഓരോ വ്യക്തിയുടെയും ഒരു കുറിപ്പ് ദൈവം തയ്യാറാക്കുന്നു.
യെരുശലേമിനെക്കാള്‍ ജീവിക്കുവാന്‍ കൂടുതല്‍ സുഖകരമായ ഒരു സ്ഥലമാണ് തീര്‍ച്ചയായും ബാബിലോണ്‍. അന്ന് അതങ്ങനെയായിരുന്നു. ഇന്നും അതങ്ങനെ തന്നെയാണ്. ആ നാളുകളില്‍ യെരുശലേമിലേക്കു പോകുന്നത് ബുദ്ധിമുട്ടുള്ളതും, അപകടകരവും, ചെലവുള്ളതുമായ ഒന്നായിരുന്നു. അനേകം യിസ്രായേല്യരും അവരോടു തന്നെ ഇപ്രകാരം പറഞ്ഞിട്ടുണ്ടാകും: ”ഞങ്ങള്‍ എന്തിനു പോകണം? ഇവിടെ ബാബിലോണില്‍ ഞങ്ങള്‍ തികച്ചും സുഖമായിരിക്കുകയാണ്.” ദൈവികമല്ലാത്ത വ്യവസ്ഥിതിയില്‍ ഉള്ള അനേകം വിശ്വാസികള്‍ ഇന്ന് ഇതേ കാര്യം തന്നെ പറയുന്നു. അവര്‍ക്ക് ബാബിലോണിലാണെങ്കില്‍ വലിയ മാന്യതയോടെ വിവാഹിതരാകുകയും ശവം സംസ്‌കരിക്കുകയും ചെയ്യാം. എന്നാല്‍ പൂര്‍ണ്ണ ഹൃദയ രായവര്‍ ആഗ്രഹിക്കുന്നത്, അവരുടെ സമയത്ത് ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നയിടത്തും, ദൈവത്തിന്റെ അഭിഷേകം ഉള്ള സ്ഥലത്തും ആയിരിക്കുവാനാണ്. അവര്‍ തങ്ങളുടെ തന്നെ സുഖവും മാനവും അന്വേഷിക്കുന്നില്ല. അപ്രകാരമുള്ള ഒരു വേര്‍പാട് ഇന്നും ദൈവജനത്തിന്റെ ഇടയില്‍ നടക്കുന്നു.
അധ്യായം 2:40-ല്‍ നാം വായിക്കുന്നത് 74 ലേവ്യര്‍ മാത്രമേ യെരുശലേമിലേക്കു വിട്ടുപോയുള്ളു എന്നാണ്. എന്തുകൊണ്ടാണ് എണ്ണം അത്ര കുറവായത്? ദൈവം ലേവ്യരോട് വസ്തുക്കളൊന്നും സ്വന്തമാക്കരുത് എന്നു കല്പിച്ചിരുന്നു. അവര്‍ ദൈവജനത്തിന്റെ ദശാംശം കൊണ്ട് ജീവിക്കേണ്ടവരായിരുന്നു. യെരുശലേമിലേക്കു മടങ്ങിപ്പോയവര്‍ വളരെ ദരിദ്രരാണെന്ന് അവര്‍ കണ്ടു. അവര്‍ക്ക് ദശാംശം കൊടുക്കുവാന്‍ ഒട്ടും തന്നെ കഴിയുകയില്ലെന്നും അഥവാ കൊടുത്താല്‍ തന്നെ അതു വലിയ തുക ഒന്നും ആയിരിക്കയില്ല എന്നും അവര്‍ക്കു തോന്നി. ലേവ്യര്‍ ബാബിലോണില്‍ തന്നെ താമസിക്കുവാന്‍ തീരുമാനിച്ചു. അവിടെ അവര്‍ കൂടുതല്‍ സുരക്ഷിതരായി രുന്നു. യെരുശലേമില്‍ തങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ദൈവത്തില്‍ ആശ്രയിക്കുവാന്‍ 74 പേര്‍ക്കു മാത്രമേ കഴിഞ്ഞുള്ളു. ഇന്നത്തെയും കഥ ഇതു തന്നെ. ഇപ്പോഴും പ്രസംഗകര്‍ തങ്ങള്‍ക്കു മനോഹരമായ സമ്മാനങ്ങള്‍ നല്‍കുവാന്‍ കഴിവുള്ള സമ്പന്നന്മാര്‍ ഉള്ളയിടത്തേക്കു പോകുന്നു!
അധ്യായം 2:59-63-ല്‍, തങ്ങള്‍ യിസ്രായേല്യരാണെന്നു തെളിയിക്കുവാന്‍ തങ്ങളുടെ പിതാവിന്റെ വംശാവലി രേഖ നല്‍കാന്‍ കഴിയാതിരുന്ന ചില ആളുകളെ ക്കുറിച്ചു നാം വായിക്കുന്നു. ഇവര്‍ ഇന്നു തങ്ങളുടെ രക്ഷയെക്കുറിച്ച് ഉറപ്പില്ലാത്ത ചിലരുടെ ചിത്രമാണ്. പുരോഹിത വര്‍ഗ്ഗത്തില്‍ നിന്നാണ് എന്ന് അവകാശപ്പെടുന്ന ചിലര്‍ക്ക് അവരുടെ വംശാവലി രേഖ കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവര്‍ വാസ്തവത്തില്‍ പുരോഹിതന്മാര്‍ ആണോ എന്ന് ദൈവത്തിന്റെ തീരുമാനം വെളിപ്പെടുത്താന്‍ കഴിവുള്ള (ഉറീമും തുമ്മീമും ഉള്ള) ഒരു പുരോഹിതന്‍ വരുന്നതു വരെ അവര്‍ എല്ലാ പൗരോഹിത്യ ചടങ്ങുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. നാം അവിടെ കാണുന്നത് യെരുശലേം പണിയുവാന്‍ ആഗ്രഹമുള്ളവരുടെയെല്ലാം വംശാവലിയെക്കുറിച്ച് നേതാക്കന്മാര്‍ വളരെ കാര്‍ക്കശ്യം ഉള്ളവരായിരുന്നു എന്നാണ്. സഭയില്‍ നേതാക്കളാകുവാനുള്ളവരില്‍ നിന്ന്, നിര്‍മ്മലതയുടെ ഉന്നത നിലവാരം ആവശ്യപ്പെടുന്നതിനു നാമും പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കണം. നമ്മുടെ സഭയുടെ ഒരു ഭാഗമാകുവാന്‍ ആഗ്രഹമുള്ളവര്‍ രക്ഷയുടെ അനുഭവം ഉള്ളവരാണെന്ന കാര്യം നമുക്ക് നിശ്ചയമുണ്ടായിരിക്കണം. ആളുകള്‍ സ്‌നാനപ്പെട്ട് സഭയോടു ചേരേണ്ടതിനായി നിലവാരം താഴ്ത്തപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇതിനു കാരണം ഇന്നു മതിപ്പുളവാക്കുന്ന സ്ഥിതി വിവരക്കണക്കുകളോടും, സംഖ്യാ ബലത്തോടും ഉള്ള ഭ്രാന്താണ്. ആളുകള്‍ സഭയില്‍ ചേരാന്‍ അനുവദിക്കപ്പെടുന്നതിനു മുമ്പ് അവര്‍ യഥാര്‍ത്ഥത്തില്‍ രക്ഷിക്കപ്പെട്ടവരാണോ എന്ന് ഉറപ്പു വരുത്തണം. സ്‌നാപക യോഹന്നാന്‍ പരീശന്മാരെ സ്‌നാനപ്പെടുത്തിയില്ല. കാരണം അവര്‍ മാനസാന്തരപ്പെടാത്തവരായിരുന്നു. നമുക്ക് അനുഗമിക്കുവാന്‍ അതു നല്ല ഒരു മാതൃകയാണ്.
ദൈവാലയത്തിന്റെ നിര്‍മാണം
എസ്ര 3 മുതല്‍ 6 വരെയുള്ള അധ്യായങ്ങള്‍ നാം വായിക്കുമ്പോള്‍ അതില്‍ അപ്പൊസ്തല പ്രവൃത്തികളില്‍ പ്രാരംഭ നാളുകളിലെ സഭയില്‍ സംഭവിച്ച കാര്യങ്ങള്‍ക്കു സമാന്തരമായി നടന്ന രസകരമായ അസംഖ്യം സംഭവങ്ങള്‍ ഉണ്ട്.
3-ാം അധ്യായത്തില്‍ ദൈവാലയത്തിന്റെ പണിയുടെ തുടക്കത്തെക്കുറിച്ചു നാം വായിക്കുന്നു. ജനങ്ങളുടെ ഇടയില്‍ വലിയ ഐക്യതയുടെ ഒരു ആത്മാവുണ്ടായിരുന്നു. ”യിസ്രായേല്‍ മക്കള്‍ പട്ടണങ്ങളിലായിരുന്നു. അവര്‍ ഒരുമനപ്പെട്ട് യെരുശലേമില്‍ വന്നു കൂടി” (3:1). അത് മാളിക മുറിയില്‍ ഒരുമനപ്പെട്ട് പരിശുദ്ധാത്മാവിനു വേണ്ടി കാത്തിരുന്ന 120 പേരെപ്പോലെ ആയിരുന്നു.
”യേശുവയും അവന്റെ സഹോദരന്മാരും പുരോഹിതന്മാരും സെരുബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റ് പണിതു” (3:2). അത് ഒരു ശരീരത്തിന്റെ ശുശ്രൂഷയായിരുന്നു. ഒരു ഒറ്റയാള്‍ പ്രകടനം അല്ലായിരുന്നു.
ആദ്യം അവര്‍ യാഗപീഠം പണിത് ഹോമയാഗങ്ങളെ അര്‍പ്പിച്ചു (3:2). ഇത് ക്രിസ്തുവിന്റെ ശരീരം പണിയുന്നതിന് ക്രൂശിന്റെ സന്ദേശത്തിനു നല്‍കപ്പെട്ടിരിക്കുന്ന സര്‍വ്വപ്രധാനമായ സ്ഥാനത്തെക്കുറിച്ചു സംസാരിക്കുന്നു. അതിനുശേഷം ചട്ടമനുസരിച്ച് കൂടാരപ്പെരുന്നാള്‍ ആചരിച്ചു. അവര്‍ ദൈവവചനത്തെ മാനിച്ചു. അതിനു ശേഷം പണിയുന്നവര്‍ ദൈവാലയത്തിനു അടിസ്ഥാനമിട്ടപ്പോള്‍ അവിടെ സ്തുതിയുടെ ഒരു അവസരം ഉണ്ടായിരുന്നു (3:10). പുരോഹിതന്മാര്‍ നിന്നുകൊണ്ട് കാഹളങ്ങളോടും കൈത്താളങ്ങളോടും കൂടെ യഹോവയെ സ്തുതിച്ചു.
യെരുശലേമില്‍ (സത്യസഭയില്‍) കാണേണ്ട മറ്റൊരു കാര്യം അതാണ്- സ്തുതിയുടെയും ആരാധനയുടെയും ഒരാത്മാവ്. ഇതിനെ തുടര്‍ന്ന് ”ഉറക്കെയുള്ള കരച്ചിലിന്റെ” (3:12) ഒരു സമയവും ഉണ്ടായി. നമ്മുടെ പാപങ്ങള്‍ക്കായുള്ള കരച്ചിലും സഭയുടെ പണിക്ക് അവശ്യം വേണ്ട ഒരു ഘടകമാണ്.
അധ്യായം 4:1: അടുത്തതായി സംഭവിച്ച കാര്യം എതിര്‍പ്പായിരുന്നു. ദൈവത്തിന്റെ യഥാര്‍ത്ഥ വേലയ്‌ക്കൊന്നിനും ശത്രുക്കളില്ലാതെ വരികയില്ല. അവര്‍ക്കും മന്ദിരം പണിയില്‍ സഹായിക്കാന്‍ ആഗ്രഹമുള്ളതായി ഈ ശത്രുക്കള്‍ പറഞ്ഞു. എന്നാല്‍ ദൈവജനത്തിന്റെ മറുപടി ഇങ്ങനെ: ”ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതില്‍ നിങ്ങള്‍ക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല”(4:3). ഞങ്ങള്‍ അവിശ്വാസികളുമായി, അവര്‍ നാമധേയ ക്രിസ്ത്യാനികളാണെങ്കില്‍ പോലും, സഹകരിക്കാറില്ല. ”ഞങ്ങളും ദൈവത്തെ സേവിക്കുന്നവരാണ്. ഞങ്ങളും ക്രിസ്ത്യാനികളാണ്” എന്നവര്‍ പറഞ്ഞേക്കാം. എന്നാല്‍ ഞങ്ങള്‍ പറയും ”അല്ല.” സെരുബ്ബാ ബേലിനെയും യേശുവയെയും പോലെ ദൃഢ നിശ്ചയത്തോടെ ”ഒരു കാരണവശാലും നടക്കുകയില്ല” എന്നു പറയുന്ന പുരുഷന്മാര്‍ക്കായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ”നിങ്ങള്‍ ഒന്നാമതു മാനസാന്തരപ്പെടണം” എന്നു പറഞ്ഞ് പരീശന്മാരെ സ്‌നാനപ്പെടുത്തുന്നതു നിരസിച്ച സ്‌നാപക യോഹന്നാനെപ്പോലെയുള്ളവര്‍ക്കായി ദൈവത്തിനു നന്ദി പറയുന്നു. യോഹന്നാന്‍ സ്‌നാപകനെപ്പോലെയും, സെരുബ്ബാ ബേലിനെപ്പോലെയും യേശുവയെപ്പോലെയുമുള്ള കൂടുതല്‍ ആളുകളെ നമുക്കാവശ്യമുണ്ട്.
അപ്പോള്‍ ഈ ആളുകള്‍ എഴുന്നേറ്റ് ആ ദേശനിവാസികളുമായി ചേര്‍ന്ന്, അവരെ പേടിപ്പിക്കുവാന്‍ ശ്രമിച്ചു (4:4). അവിടെ മതപരമായ എതിര്‍പ്പും, ഭയവും പീഡനവും ഉണ്ടായിരുന്നു. അവരുടെ ഉദ്ദേശ്യം നിഷ്ഫലമാകേണ്ടതിന് അവര്‍ കാര്യസ്ഥന്മാരെ കൂലിക്കു വിളിച്ചു(4:5)- ഈ എതിര്‍പ്പുകളെല്ലാം ഉണ്ടായത് ദൈവാലയം പണിയണമെന്നു മാത്രം ആഗ്രഹിച്ച സാധുക്കളോടാണ്! നിങ്ങള്‍ ദൈവത്തിന്റെ മന്ദിരത്തെ ക്രിസ്തുവിന്റെ മന്ദിരം എന്ന നിലയില്‍ പണിയാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. മിസ്രീയീമില്‍ നിന്നു പുറത്തു വന്ന് വ്യക്തിപരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുന്നതില്‍ മാത്രമാണ് നിങ്ങള്‍ക്കു താല്‍പര്യമെങ്കില്‍, അത്ര വലിയ പ്രശ്‌നമൊന്നും ഉണ്ടായിരിക്കുകയില്ല. എന്നാല്‍ കുറച്ചു കൂടി മുന്നോട്ടു വന്ന് ബാബിലോണില്‍ നിന്ന് യെരുശലേമിലേക്കുള്ള ഈ യാത്രയിലേക്കു മുന്നേറുകയാണെങ്കില്‍, നിങ്ങള്‍ സാത്താനില്‍ നിന്ന് അനേകം ആക്രമണങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ നിങ്ങളുടെ ജീവിതം ആവേശഭരിതമായിരിക്കും. കാരണം ദൈവം പരമാധികാരിയാണ്. ദൈവം ഈ എതിര്‍പ്പുകള്‍ അനുവദിക്കുകയും, അവിടുന്ന് രാജാക്കന്മാരെയും അവരുടെ ഉത്തരവുകളെയും കീഴടക്കുകയും ചെയ്യുന്നു. ആ ശത്രുക്കള്‍ രാജാവിന് ഒരു അപേക്ഷ അയച്ചിട്ട്, രാജാവില്‍ നിന്ന് ഒരു കല്പന വന്നു (4:17-22). അവര്‍ രാജാവിന്റെ കല്പനയുമായി യെരുശലേമില്‍ ചെന്ന് പണി നിര്‍ത്തി. വ്യാജ വൃത്താന്തങ്ങളാല്‍ രാജാവ് സ്വാധീനിക്കപ്പെട്ടു. നിങ്ങള്‍ കര്‍ത്താവിനെ സേവിക്കാന്‍ തുടങ്ങുമ്പോള്‍ അനേകം വ്യാജവാര്‍ത്തകള്‍ ഉണ്ടാകും എന്നത് നിങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയും. മതഭക്തന്മാര്‍, ലോക അധികാരികള്‍, പോലീസ്, കൂടാതെ മറ്റു പലരും നിങ്ങള്‍ക്കെ തിരെ തിരിയും. അങ്ങനെ ആ വേല നിന്നു. അതുകൊണ്ടു ദൈവം എന്തു ചെയ്തു? അവിടുന്ന് ആ രാജാവിനെ കൊന്നിട്ട് മറ്റൊരാളിനെ- ദാര്യാവേശിനെ- ഉയര്‍ത്തി (4:24)!
4:24-ല്‍ യെരുശലേമിലേക്കു മടങ്ങിവന്ന് 16 വര്‍ഷങ്ങള്‍ക്കു ശേഷവും യെഹൂദന്മാര്‍ ദൈവാലയത്തിന്റെ അടിസ്ഥാനമിട്ടു തീര്‍ന്നില്ല എന്നു നാം വായിക്കുന്നു. ഇതിനു കാരണം യെഹൂദന്മാര്‍ക്ക് ആലയം പണിയുടെ കാര്യത്തില്‍ ക്രമീകൃതമല്ലാത്ത മനോഭാവമാണുണ്ടായിരുന്നത്. അതേസമയം അവര്‍ തങ്ങളുടെ സ്വന്തം ഭവനങ്ങള്‍ പണിയുന്ന തിരക്കിലായിരുന്നു (ഹഗ്ഗായി 1:1-4 കാണുക). പ്രവാചകനായിരുന്ന ഹഗ്ഗായിയും സെഖര്യാവും അപ്പോള്‍ ദൈവത്തെ ഒന്നാം സ്ഥാനത്തു വയ്ക്കുന്നതിനും അവിടുത്തെ ആലയം പണിയുന്നതിനും ജനങ്ങളെ വെല്ലുവിളിച്ചു (5:1,2).
എന്നാല്‍ ശത്രുക്കളായവര്‍ അവരോട് ഒരിക്കല്‍ കൂടി രോഷം പൂണ്ട് വന്നു ചോദിച്ചു: ”ഈ ആലയം പണിയുവാന്‍ നിങ്ങളോട് ആരു പറഞ്ഞു?” അപ്പോള്‍ നാം മനോഹരമായ ഈ വാക്യം വായിക്കുന്നു: ”ദൈവത്തിന്റെ കണ്ണുകള്‍ അവരുടെ മേല്‍ ഉണ്ടായിരുന്നതുകൊണ്ട്, അവരെ തടയുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല” (വാക്യം 5). അവരുടെ ശത്രുക്കള്‍ വീണ്ടും ദാര്യാവേശ് രാജാവിന് ഒരു പത്രിക എഴുതി അയച്ചു. അപ്പോള്‍ ദാര്യാവേശ് മറ്റൊരു ഉത്തരവു പുറപ്പെടുവിച്ചു. കാരണം കോരെശ് രാജാവ് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് ദാര്യാവേശ് കണ്ടെത്തി. ഇവിടെ ദൈവത്തിന്റെ പരമാധികാരം കാണുക. ദാര്യാവേശ് ഇപ്രകാരം എഴുതി: ”ദൈവാലയത്തിന്റെ ഈ പണിയുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുത്. അത് അവര്‍ക്കു തന്നെ വിട്ടേക്കുക. ഈ ആലയം പണിക്കായി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന സഹായം ചെയ്തുകൊടുക്കണമെന്നു ഞാന്‍ കല്പന കൊടുക്കുന്നു. അതിനുള്ള മുഴുവന്‍ ചെലവും രാജഭണ്ഡാരത്തില്‍ നിന്ന് കൊടുക്കണം. അവര്‍ക്കാവശ്യമുള്ളതെല്ലാം- കാളകളോ, ആടുകളോ, ഗോതമ്പോ, ഉപ്പോ, എന്തുതന്നെ ആയിരുന്നാലും- അവര്‍ക്കു നല്‍കണം (6:7,8).
ദാര്യാവേശിന്റെ ഉപദേഷ്ടാവ് ആരായിരുന്നു? ദാനിയേല്‍. ദൈവത്തിനു തന്റെ ദാസന്മാരെ സഹായിക്കുന്നതിന് എല്ലായിടത്തും അവിടുത്തെ ജനങ്ങള്‍ ഉണ്ട്. അതുകൊണ്ട് ഇവിടെ എതിര്‍പ്പ് നന്മയ്ക്കായി മാത്രമാണ് പ്രവര്‍ത്തിച്ചത് എന്നു നാം കാണുന്നു. കാരണം ആത്യന്തികമായി ദൈവജനത്തിനു മുമ്പുണ്ടായിരുന്നതിനെക്കാള്‍ അധികം ലഭിച്ചു. നിര്‍മ്മാണത്തിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ കൊടുത്തു.
ഒടുവില്‍ ഒരു ശരീരത്തിന്റെ ശുശ്രൂഷയിലൂടെ ദൈവാലയം പൂര്‍ത്തീകരിക്കപ്പെട്ടു- എല്ലാവരും ഒരുമിച്ചു ചേര്‍ന്നു വേല ചെയ്തതിനാല്‍. ദൈവത്തിന്റെ എല്ലാ വേലകളുടെയും കാര്യത്തിലെന്നപോലെ ഒരു ചെറിയ രീതിയില്‍ ആണ് അതാരംഭിച്ചത്. എന്നാല്‍ ഒടുക്കം ദൈവം അതില്‍ സന്തോഷിക്കത്തക്കവിധം ഒരു കെട്ടിടം അവര്‍ പൂര്‍ത്തിയാക്കി. സഭയുടെ പണിയുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്. അതിനു ശേഷം അവര്‍ പെസഹാ ആചരിക്കുകയും സന്തോഷിക്കുകയും ചെയ്തു- ”കാരണം ദൈവം അവരെ സന്തോഷിപ്പിക്കുകയും, ദൈവത്തിന്റെ ആലയത്തിന്റെ പണിയില്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതിന് രാജാവിന്റെ ഹൃദയത്തെ തിരിക്കുകയും ചെയ്തു” (എസ്രാ 6:22).’
ഇതിനു ശേഷം 7-ാം അധ്യായത്തിനു മുമ്പ് ഒരു 60 വര്‍ഷത്തെ ഇടവേളയുണ്ട്. ഈ കാലയളവിലാണ് നമുക്ക് എസ്ഥേറിന്റെ കഥയുള്ളത്.
എസ്രായുടെ നേതൃത്വത്തിലുള്ള മടങ്ങി വരവും നവോത്ഥാനവും
7-ാം അധ്യായം മുതല്‍ അങ്ങോട്ട്, നാട് കടത്തപ്പെട്ടവര്‍ എസ്രായുടെ നേതൃത്വത്തില്‍ മടങ്ങി വരുന്നതിനെയും നവോത്ഥാനത്തെയും കുറിച്ചു നാം വായിക്കുന്നു. ആദ്യത്തെ പ്രവാസികളുടെ കൂട്ടത്തില്‍ ഹഗ്ഗായി, സെഖര്യാവ്, സെരുബ്ബാബേല്‍, യേശുവ തുടങ്ങിയവരായിരുന്നു നേതാക്കളായുണ്ടായിരുന്നത്. എസ്രാ രണ്ടാമത്തെ കൂട്ടരോടു കൂടെയാണ് വന്നത്. ഒരു ദൈവദാസന്‍ കടന്നു പോകുമ്പോള്‍, ദൈവം മറ്റൊരാളിനെ ഉയര്‍ത്തുന്നു. തലമുറ തലമുറയായി ദൈവം തന്റെ ജനത്തെ മുന്നോട്ടു നയിക്കുവാനായി പുരുഷന്മാരെ എഴുന്നേല്‍പ്പിക്കുന്നതുകൊണ്ട് ദൈവത്തെ സ്തുതിക്കുന്നു.
എസ്രാ ഒരു അധ്യാപകനായിരുന്നു- മോശെയുടെ ന്യായപ്രമാണത്തില്‍ വിദഗ്ധനും, ദൈവവചനം ആഴത്തില്‍ പഠിച്ചിട്ടുള്ളവനുമായ ഒരു ശാസ്ത്രി (7:6). ദൈവവചനം പഠിക്കുന്നതിനും, അതു പ്രമാണിക്കുന്നതിനും, പിന്നീട് അതു പഠിപ്പിക്കുന്നതിനും എസ്രാ തന്റെ മനസ്സുറപ്പിച്ചിരുന്നു എന്നു നാം വായിക്കുന്നു (7:10). നമുക്കു പിന്‍ഗമിക്കുവാന്‍ തക്കവണ്ണം എന്തൊരു മാതൃകയാണിത്! ഇന്നു ദൈവത്തിന്റെ വചനം പഠിക്കുകയും പ്രമാണിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളുകളെ ആവശ്യമുണ്ട്- ആ ക്രമത്തില്‍! ദൈവം നിങ്ങളെ ഉപയോഗിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ആ കാര്യം നിങ്ങള്‍ ഓര്‍ക്കുക.
എസ്രാ ബാബിലോണില്‍ താമസിച്ചിരുന്നെങ്കില്‍, നാം ഒരിക്കലും അദ്ദേഹത്തെക്കുറിച്ചു കേള്‍ക്കുക പോലും ഇല്ലായിരുന്നു. ബാബിലോണ്‍ വിട്ട് യെരുശലേമിലേക്കു നീങ്ങുന്നവരെ സ്വര്‍ഗ്ഗം തിരിച്ചറിയുന്നു. ഈ പുസ്തകത്തില്‍ ആറു പ്രാവശ്യം, എസ്രാ ബാബിലോണില്‍ നിന്ന് യെരുശലേമിലേക്കു ”കയറിപ്പോയതിനെ”ക്കുറിച്ചു നാം വായിക്കുന്നു. ബാബിലോണില്‍ നിന്നു യെരുശലേമിലേക്കു നീങ്ങുക എന്നത് എപ്പോഴും മുകളിലേക്കുള്ള ഒരു പടിയാണ്. അത് ദൈവത്തിന്റെ അനുകൂല കരം ഒരു മനുഷ്യന്റെ മേല്‍ ആയിരിക്കുന്നതിന്റെ ഫലമാണു താനും (7:9). ബാബിലോണ്‍ വിട്ട് യെരുശലേമിലേക്കു പോയവര്‍ യേശുവിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പൂര്‍വ്വികന്മാരായി തീര്‍ന്നു. ഇന്നു നാം എടുക്കുന്ന തീരുമാനങ്ങളാല്‍ നമ്മുടെ മക്കളും നമ്മുടെ പിന്‍തുടര്‍ച്ചക്കാരും സ്വാധീനിക്കപ്പെടുന്നു.
ആ സമയത്തുണ്ടായിരുന്ന പേര്‍ഷ്യന്‍ രാജാവ്, എസ്ഥേറിന്റെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു. ഇത് യെഹൂദന്മാര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തു.
അധ്യായം 7:12-ല്‍ സ്ഥാനപ്പേരുകളിലുള്ള രസകരമായ ഒരു വൈരുധ്യം നാം വായിക്കുന്നു: രാജാധിരാജാവായ അര്‍ത്ഥഹ്ശഷ്ടാവും സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ ശാസ്ത്രിയായ എസ്രായും!! ഏതു സ്ഥാനപ്പേരാണ് വലിയത് എന്നു നമുക്കെല്ലാവര്‍ക്കും അറിയാം.
അധ്യായം 7:18 നോക്കുക: ”ശേഷിപ്പുള്ള വെള്ളിയും പൊന്നും കൊണ്ടു ചെയ്യുവാന്‍ നിനക്കും നിന്റെ സഹോദരന്മാര്‍ക്കും യുക്തമെന്നു തോന്നുന്നതുപോലെ നിങ്ങളുടെ ദൈവത്തിനു പ്രസാദമാകുംവണ്ണം ചെയ്തു കൊള്‍വിന്‍” എന്നു രാജാവു പറയത്തക്കവിധം സ്വഭാവദാര്‍ഢ്യമുള്ള ഒരു മനുഷ്യനാണ് എസ്രായെന്നു രാജാവിന് ആത്മവിശ്വാസമുണ്ടായിരുന്നു! ദൈവത്തിന്റെ ഓരോ ദാസന്മാരും, അവരില്‍ വിജാതിയര്‍ക്കുപോലും ആത്മവിശ്വാസമുണ്ടാകത്തക്കവിധം സാമ്പത്തിക നിഷ്ഠയുള്ളവരായിരിക്കണം. എന്നാല്‍ കഷ്ടമെന്നു പറയട്ടെ. അതുപോലെയുള്ളവര്‍ ഇന്ന് എത്ര വിരളമാണ്!
രാജാവ് യെഹൂദന്മാര്‍ക്കു വേണ്ടി എല്ലാം ചെയ്തിട്ടും എസ്രാ അതിന്റെ എല്ലാ മഹത്വവും രാജാവിനല്ല ദൈവത്തിനു നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നു. രാജാവിന്റെ മനസ്സില്‍ ആ ദയാപൂര്‍വ്വമായ ചിന്തകള്‍ ഇട്ടത് ദൈവമായിരുന്നു. ദൈവജനത്തെ ബാബിലോണില്‍ നിന്നു പുറത്തേക്കു കൊണ്ടുവരുന്നതിനുള്ള ശക്തി അദ്ദേഹത്തിനു നല്‍കിയതിനുള്ള മഹത്വം ദൈവത്തിനു കൊടുക്കുന്ന കാര്യത്തിലും എസ്ര തുല്യമായി ശ്രദ്ധ ചെലുത്തി (7:27,28).
അധ്യായം 8:1-ല്‍ ബാബിലോണില്‍ നിന്നു പുറത്തുവന്ന മറ്റൊരു കൂട്ടരുടെ പട്ടിക നാം വായിക്കുന്നു. ഈ സമയത്ത് ലേവ്യരുടെ എണ്ണം 38 ആയി കുറഞ്ഞത് നാം കാണുന്നു (7:18,19). ദൈവത്തില്‍ ആശ്രയിച്ച് തന്നിലുള്ള വിശ്വാസത്താല്‍ ജീവിക്കാന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു!
അധ്യായം 8:21-ല്‍ എസ്രാ ഒരു ഉപവാസം പ്രഖ്യാപിച്ചതായി നാം വായിക്കുന്നു. യെരുശലേമിലേക്കുള്ള ഒരു സുരക്ഷിത യാത്രയ്ക്ക് ദൈവത്തിലുള്ള വിനയ പൂര്‍വ്വമായ ആശ്രയം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായിരുന്നു ഇത്. രാജാവിന്റെ മുമ്പില്‍, സര്‍വ്വശക്തനായ ദൈവത്തില്‍ അവര്‍ക്കുള്ള വിശ്വാസത്തിന്റെ ഇത്ര ധീരമായ ഒരു ഏറ്റു പറച്ചിലിനു ശേഷം, അവരെ സംരക്ഷിക്കുന്നതിന് പടയാളികളെ ചോദിക്കുവാന്‍ എസ്രായ്ക്ക് ലജ്ജയായിരുന്നു: ”ഞങ്ങളുടെ ദൈവത്തിന്റെ കൈ അവിടുത്തെ അന്വേഷിക്കുന്ന ഏവര്‍ക്കും അനുകൂലമായും അവിടുത്തെ ഉപേക്ഷിക്കുന്ന ഏവര്‍ക്കും പ്രതികൂലമായും ഇരിക്കുന്നു” (8:22).
അധ്യായം 8:24-30-ല്‍ യെരുശലേമിലേക്കു കൊണ്ടു വന്ന വെള്ളിയും പൊന്നും കൈകാര്യം ചെയ്യുന്നതില്‍ എസ്രാ പ്രയോഗിച്ച വിവേകം നാം കാണുന്നു. അദ്ദേഹം പുരോഹിതന്മാരോടു പറഞ്ഞു: ”ഇത് ഒരു വിശുദ്ധ നിക്ഷേപമാണ്. അതിനെ നിങ്ങള്‍ ജാഗരിച്ചു സൂക്ഷിച്ചു കൊള്‍ക. നിങ്ങള്‍ യെരുശലേമില്‍ എത്തുമ്പോള്‍ അതു മുഴുവന്‍ കൃത്യമായി അവിടെയുള്ള നേതാക്കന്മാരുടെ കയ്യില്‍ ഏല്‍പ്പിക്കണം.” ക്രിസ്തുവിന്റെ ശരീരം പണിയുമ്പോള്‍, പണം ഉപയോഗിക്കുന്നതില്‍ വിശ്വസ്തരായിരിക്കേണ്ട തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇതു നമ്മെ പഠിപ്പിക്കുന്നു.
”ദൈവത്തിന്റെ കരം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു” എന്ന ശൈലി എസ്രായുടെ പുസ്തകത്തില്‍ പല തവണ പ്രത്യക്ഷപ്പെടുന്നതായി നാം കണ്ടെത്തുന്നു. അതു സൂചിപ്പിക്കുന്നത്, ബലഹീനരും നിസ്സഹായരുമായ രാജ്യഭ്രഷ്ടന്മാര്‍ എന്ന നിലയില്‍ അവര്‍ എല്ലാ കാര്യത്തിനും ദൈവത്തില്‍ എത്രമാത്രം ആശ്രയിച്ചിരുന്നു എന്നതാണ്. ഇന്നും ദൈവത്തിന്റെ വേല നിവര്‍ത്തിക്കപ്പെടുന്നത് അങ്ങനെ തന്നെയാണ്. എസ്രായെയും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന രാജ്യഭ്രഷ്ടരുടെ സംഘത്തെയും യിസ്രായേലിലേക്കു നയിക്കുവാന്‍ അവിടെ അഗ്നിമേഘത്തൂണുകള്‍ ഒന്നും ഉണ്ടായിരുന്നില്ല- ദൈവത്തിന്റെ അദൃശ്യ സാന്നിദ്ധ്യം മാത്രം.
9,10 അധ്യായങ്ങളില്‍ യിസ്രായേലിലെ മിശ്ര വിവാഹങ്ങളെ എസ്രായ്ക്കു കൈകാര്യം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ചു നാം വായിക്കുന്നു. ഇതിനെക്കുറിച്ചു കേട്ടപ്പോള്‍ എസ്രാ ചെയ്ത ഒന്നാമത്തെ കാര്യം ദൈവജനത്തിന്റെ പരാജയത്തെ ഓര്‍ത്ത് അദ്ദേഹം തന്നെ കരഞ്ഞു (9:3). അതിനുശേഷം എസ്രാ അവനെപ്പോലെ ദൈവവചനത്തിനു മുമ്പില്‍ വിറയ്ക്കുന്ന മറ്റു ചിലരെ കൂട്ടി. അവരോടു ചേര്‍ന്ന് ഒരു പ്രാര്‍ത്ഥനാ യോഗം നടത്തി. അവിടെ അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നതിനു പകരം അവരുടെ തന്നെ പാപങ്ങളെ അവര്‍ ഏറ്റു പറഞ്ഞു (9:5-15). എസ്രാ വീണു കിടന്നു പ്രാര്‍ത്ഥിച്ചു. അവന്റെ തന്നെ പാപങ്ങളെ ഏറ്റു പറഞ്ഞു (10:1). ”അവന്‍ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല, കാരണം നാടു കടത്തപ്പെട്ടവരുടെ അവിശ്വസ്തതയെ ചൊല്ലി അവന്‍ കരയുകയായിരുന്നു” (10:6). അവന്‍ നേരുള്ളവനും ദൈവവചനത്തില്‍ ഒരു പണ്ഡിതനും ആയിരുന്നു. എന്നിട്ടും അവന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. കാരണം അവന്റെ സഹ-യെഹൂദന്മാര്‍ പാപം ചെയ്തു. ഇന്നായാലും സഭയിലെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണ്. സഭയില്‍ നമുക്ക് കര്‍ത്താവിനുള്ള സ്തുതിയുടെ ശബ്ദവും നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയുള്ള കരച്ചിലിന്റെ ശബ്ദവും ഉണ്ടായിരിക്കണം.
ദൈവത്തിന്റെ നാമത്തിനുവേണ്ടി പരമാര്‍ത്ഥമായ കരുതലോടെ എസ്രായും അവന്റെ സഹ-യെഹൂദന്മാരും ദൈവമുമ്പാകെ ഒരുമിച്ചു കൂടി. അവര്‍ക്കുവേണ്ടി ദൈവം മഴ നിര്‍ത്താതിരുന്നത് എന്തുകൊണ്ടാണെന്നു നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. കാരണം അവിടെ പറയുന്നത് എല്ലാ സമയവും ശക്തിയായ മഴ പെയ്തിരുന്നതു കൊണ്ട് ജനങ്ങള്‍ ദൈവാലയത്തിനു മുമ്പില്‍ വെളിയില്‍ ഇരിക്കുകയായിരുന്നു എന്നാണ് (10:9). ഒരുപക്ഷേ അവരില്‍ പൂര്‍ണ്ണ ഹൃദയര്‍ ആരാണ് അല്ലാത്തവര്‍ ആരാണ് എന്ന് ദൈവം ശോധന ചെയ്തതു കൊണ്ടായിരിക്കാം അത് അങ്ങനെ സംഭവിച്ചത്!
പ്രായശ്ചിത്തം ചെയ്യുവാനും, കാര്യങ്ങള്‍ നേരെയാക്കുവാനും അവരുടെ പാപങ്ങള്‍ ഏറ്റു പറയുവാനും എസ്രാ ജനങ്ങളെ പഠിപ്പിച്ചു (10:11). ഏതാനും ആളുകള്‍ അവനോടെതിര്‍ത്തു. എന്നാല്‍ ഭൂരിപക്ഷം പേരും അവനെ പിന്‍താങ്ങി. വീണ്ടും ഒരിക്കല്‍ കൂടി ഒത്തു തീര്‍പ്പുകാരുടെ ഒരു പട്ടിക ഉണ്ടാക്കി (10:18-44). ഇന്നും ഒത്തുതീര്‍പ്പുകാരുടെ ഒരു പട്ടിക ദൈവം സൂക്ഷിക്കുന്നു.
അങ്ങനെയാണ് എസ്രായുടെ പുസ്തകം അവസാനിക്കുന്നത്.