തുടക്കങ്ങള്‍
Chapters: 1 | 2 | 3| 4 | 5 | 10 | 11 | 12 | 13 | 14 | 16 | 18 | 20 | 22 | 24 | 25 | 26 | 27 | 28 | 29 | 30 | 34 | 35 | 37 | 38 | 39 | 40 | 43 | 45 | 46 | 47 | 49 | 50
‘ഉല്പത്തി’ എന്ന വാക്കിന്റെ അര്‍ത്ഥം ‘തുടക്കം’ എന്നാണ്. സൃഷ്ടിയുടെ തുടക്കം, മനുഷ്യന്റെ തുടക്കം, മനുഷ്യരുടെ പാപത്തിന്റെ തുടക്കം, വീണ്ടെടുപ്പിന്റെ തുടക്കം, മതഭക്തി ആത്മീയത എന്നിങ്ങനെ രണ്ടു ശാഖകളുടെ തുടക്കം, ബാബിലോണിന്റെ തുടക്കം, യെരുശലേമിന്റെ തുടക്കം, യഥാര്‍ത്ഥവും വ്യാജവും ആയ മതഭക്തിയുടെ തുടക്കം എന്നിവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തില്‍ നാം വായിക്കുന്നു.
ദൈവവചനം ഈ വാക്കുകളില്‍ ആരംഭിക്കുന്നു: ”ആദിയില്‍ ദൈവം”. ഓരോ ദിവസവും നമ്മുടെ ജീവിതവും അങ്ങനെയായിരിക്കണം. നമ്മുടെ ജീവിതത്തിന്റെ എല്ലാറ്റിന്റേയും തുടക്കം ദൈവത്തിലായിരിക്കണം, ഒരിക്കലും മനുഷ്യരിലാകരുത്. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും- നമ്മുടെ ലക്ഷ്യങ്ങള്‍, നമ്മുടെ ആഗ്രഹങ്ങള്‍, അങ്ങനെ എല്ലാറ്റിലും- ദൈവമായിരിക്കണം ഒന്നാമത്. സാമ്പത്തിക കാര്യങ്ങളടക്കം എല്ലാ കാര്യങ്ങളിലും തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കുന്ന ഒരു പുരുഷനെയോ സ്ത്രീയെയോ കണ്ടാല്‍, ദൈവം അവര്‍ക്കും അവരിലൂടെയും പ്രവര്‍ത്തിക്കുന്നതിന് ഒരു പരിധി വയ്ക്കുകയില്ല.
സൃഷ്ടി
ഒന്നാം അധ്യായത്തില്‍ സൃഷ്ടിയെ സംബന്ധിച്ച് വിശദ വിവരണം നാം കാണുന്നു. ഈ അധ്യായത്തിലെ രണ്ടു വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണം- സൃഷ്ടിച്ചത്, ഉണ്ടാക്കിയത്. ഈ രണ്ട് വാക്കുകളും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ദൈവം ഭൂമിയെ സൃഷ്ടിച്ചു (1:1); എന്നാല്‍ അവിടുന്നു ആകാശവിതാനത്തെ ഉണ്ടാക്കി (1:7). അവിടുന്നു മനുഷ്യനെ സൃഷ്ടിച്ചു (1:27); എന്നാല്‍ അവിടുന്നു ഭൂമിയിലെ എല്ലാ ഇനം മൃഗങ്ങളെയും ജന്തുക്കളേയും ഉണ്ടാക്കി (1:25). ”ഉണ്ടാക്കുക” എന്നത് നിലവിലുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് പുതിയതൊന്ന് ഉണ്ടാക്കുന്നതാണ്. എന്നാല്‍ സൃഷ്ടി എന്നത് നിലവിലില്ലാത്ത ഒന്ന് പുതിയതായി ഉണ്ടാക്കുന്നതാണ്.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. അത് കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതാകാം – നമുക്കതറിയില്ല. ദൈവം താന്‍ അരുളിച്ചെയ്ത വചനത്താല്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോള്‍ (എബ്രാ. 11:3), അവിടുന്ന് അത് പരിപൂര്‍ണ്ണമായി ചെയ്തു. ദൈവം സൃഷ്ടിക്കുന്നതൊന്നും അപൂര്‍ണ്ണമല്ല. എന്നാല്‍ ഭൂമി രൂപരഹിതവും ശൂന്യവും അന്ധകാരം നിറഞ്ഞതും ആയതെങ്ങനെയാണ്? (1:2). ദൈവം ഒരിക്കലും ശൂന്യവും രൂപരഹിതവും അന്ധകാരം നിറഞ്ഞതുമായ ഒന്ന് സൃഷ്ടിക്കുകയില്ല. ഒന്നാം വാക്യത്തിനും രണ്ടാം വാക്യത്തിനും ഇടയില്‍ എന്തോ സംഭവിച്ചതാണ് അതിനു കാരണം.
ലൂസിഫറെന്ന മാലാഖ വീണു പിശാചായി തീര്‍ന്നു. പാപം ഈ പ്രപഞ്ചത്തിലേക്കു വന്നത് അപ്പോഴാണ്. ഇവിടെ ഈ കാര്യം പരാമര്‍ശിച്ചിട്ടില്ല. വേദപുസ്തകം മനുഷ്യര്‍ക്കു വേണ്ടിയാണ് എഴുതപ്പെട്ടത്. മാലാഖമാര്‍ക്കു വേണ്ടിയല്ല. അതുകൊണ്ടു തന്നെയാണ് മനുഷ്യസൃഷ്ടിയെ സംബന്ധിച്ച് ആദ്യ അധ്യായത്തില്‍ തന്നെ പരാമര്‍ശിക്കുന്നത്. എന്നാല്‍ ലൂസിഫറിന്റെ വീഴ്ചയെ സംബന്ധിച്ച് വളരെ കഴിഞ്ഞ് മാത്രം പരാമര്‍ശിക്കുന്നു (യെശയ്യാവ് 14-ലും യെഹസ്‌കേല്‍ 28ലും).
കളങ്കിതവും അന്ധകാരം നിറഞ്ഞതും ശൂന്യവുമായ ഭൂമിയുടെ പുനര്‍നിര്‍മ്മാണത്തെ സംബന്ധിച്ചാണ് ഒന്നാം അധ്യായത്തില്‍ നാം വായിക്കുന്നത്. ഈ അധ്യായത്തിന്റെ അവസാനമെത്തുമ്പോള്‍ ഭൂമി വീണ്ടും മനോഹരമായി തീര്‍ന്നിരിക്കുന്നത് നിങ്ങള്‍ കാണുന്നു. ദൈവം തന്നെ അതിനെ നോക്കി ഇങ്ങനെ പറയുന്നു: ”ഇതു വളരെ നല്ലത്.”
ഒന്നാം അധ്യായത്തില്‍ നമുക്കെല്ലാം ഉള്ള ഒരു സന്ദേശമുണ്ട്. രണ്ടാം വാക്യത്തില്‍ പരാമര്‍ശിക്കുന്നതു പോലെ സാത്താന്‍ മനുഷ്യ വര്‍ഗ്ഗത്തിലേയ്ക്കും വന്നു മനുഷ്യനെ ശൂന്യവും, അന്ധകാരം നിറഞ്ഞതും രൂപരഹിതവും ആക്കി തീര്‍ത്തു. നമുക്കു ദൈവത്തിന്റെ ഛായ നഷ്ടപ്പെട്ടു. ദൈവം ആദാമിനെ സൃഷ്ടിച്ചത് അങ്ങനെയല്ല. ദൈവം ആദാമിനെ കുറ്റമറ്റവനായിട്ടാണ് സൃഷ്ടിച്ചത്. എന്നാല്‍ പിശാച് മനുഷ്യനെ നശിപ്പിച്ചു. അതിനാല്‍ ദൈവത്തിനു മനുഷ്യനെ പുനര്‍നിര്‍മ്മിക്കേണ്ടി വരുന്നു.
നശിച്ചുപോയ മനുഷ്യവര്‍ഗ്ഗത്തെ പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തിയാണ് ദൈവം ചെയ്യുന്നത്. അത് എത്ര ശൂന്യവും രൂപരഹിതവും അന്ധകാരം നിറഞ്ഞതും ആണെന്നത് ഒരു വിഷയമല്ല. ദൈവത്തിനു നിങ്ങളെ പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയും എന്ന് ഒന്നാം അധ്യായം നമ്മെ പഠിപ്പിക്കുന്നു. ദൈവം നിങ്ങളെ അവിടുത്തെ സാദൃശ്യം പ്രതിഫലിപ്പിക്കുന്ന വിധം പൂര്‍ണ്ണനാക്കും. ”വളരെ നല്ലത്” എന്നു ദൈവം തന്നെ അതിനെ സാക്ഷ്യപ്പെടുത്തും. വേദപുസ്തകത്തിലെ ഒന്നാം അധ്യായത്തിന്റെ സന്ദേശമിതാണ്.
എന്നാല്‍ ഈ പരിവര്‍ത്തനം എങ്ങനെ നടന്നു? അത് എങ്ങനെ നടന്നു എന്നു നിങ്ങള്‍ മനസ്സിലാക്കിയാല്‍ അതേ കാര്യം നിങ്ങളുടെ ജീവിതത്തിലും സംഭവിക്കാവുന്നതാണ്.
ദിനംതോറും ദൈവം തന്റെ വചനം പ്രസ്താവിച്ചു. ആദ്യ ദിവസം അവിടുന്നു ചിലത് അരുളിച്ചെയ്തു. രണ്ടാം ദിവസം മറ്റ് ചിലത്. അങ്ങനെ എല്ലാ ദിവസവും സംസാരിച്ചു. നാള്‍തോറും നമ്മോട് അരുളിച്ചെയ്യുന്ന ജീവനുള്ള ദൈവം- അതാണ് വേദപുസ്തകത്തിന്റെ ഒന്നാം അധ്യായത്തില്‍ നിങ്ങള്‍ കാണേണ്ടത്. നിങ്ങള്‍ രൂപാന്തരപ്പെടുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവം നിങ്ങളോട് സംസാരിക്കുന്നത് കേള്‍ക്കണമെന്നുള്ളതാണ് വളരെ പ്രധാനപ്പെട്ട കാര്യം. ‘‘മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ വായില്‍ നിന്നു വരുന്ന സകല വചനങ്ങളാലും ജീവിക്കുന്നു” (മത്താ. 4:4). മനുഷ്യര്‍ ജീവിക്കുന്നതിനുള്ള ദൈവത്തിന്റെ പദ്ധതി അതായിരുന്നു. അതിനാല്‍ ദിനംതോറും നാം അവിടുത്തെ ശബ്ദം കേള്‍ക്കുന്നില്ലെങ്കില്‍ നാം രൂപാന്തരം പ്രാപിക്കുകയില്ല.
ദൈവത്തെ ശ്രദ്ധിച്ച് കേള്‍ക്കുക എന്നൊരു സ്വഭാവം നാം വളര്‍ത്തിയെടുക്കണം. ദിനംതോറും ദൈവം നമ്മോട് സംസാരിക്കുന്നു. എന്നാല്‍ മിക്ക വിശ്വാസികളും അവിടുന്നു പറയുന്നത് കേള്‍ക്കുന്നില്ല. ദിനംതോറും വേദപുസ്തകം വായിക്കുന്നവര്‍ പോലും ദൈവത്തെ കേള്‍ക്കുന്നില്ല. ദൈവത്തെ കേള്‍ക്കുന്നതും വേദപുസ്തകം വായിക്കുന്നതും ഒരുപോലെയല്ല. ഒരു കഥാപുസ്തകം വായിക്കുന്നതുപോലെ നിങ്ങള്‍ക്കു വേദപുസ്തകം വായിക്കാം. അല്ലെങ്കില്‍ ഒരു ശാസ്ത്രവിഷയം പഠിക്കുന്നതുപോലെ പഠിക്കാം. അപ്പോഴും ദൈവം നിങ്ങളുടെ ഹൃദയത്തോട് സംസാരിക്കുന്നത് കേള്‍ക്കണമെന്നില്ല.
ഇവിടെ നാം കാണേണ്ട മറ്റൊരു കാര്യം ”ദൈവത്തിന്റെ ആത്മാവ്” വെള്ളത്തിനു മീതെ വ്യാപരിച്ചു കൊണ്ടിരുന്നു എന്നതാണ് (1:2). നിങ്ങള്‍ ദൈവശബ്ദം കേട്ട് കഴിഞ്ഞാല്‍ പിന്നീട് ദൈവാത്മാവ് നിങ്ങളുടെമേല്‍ വ്യാപരിക്കുന്നതിന് അനുവദിക്കണം. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്കു രൂപാന്തരപ്പെടുവാന്‍ സാധിക്കു. ആദിമുതല്‍ ദൈവവചനത്തോടൊപ്പം പരിശുദ്ധാത്മാവും പ്രവര്‍ത്തിക്കുന്നത് നാം കാണുന്നു. പരിശുദ്ധാത്മാവിനു മാത്രമേ ഒരു മനുഷ്യനെ പരിവര്‍ത്തനം ചെയ്യുവാന്‍ സാധിക്കുകയുള്ളു. ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും സംയുക്ത പ്രവര്‍ത്തനമാണ് കുത്തഴിഞ്ഞു കിടന്ന ഈ ഭൂമിയെ മനോഹരമാക്കിയത്.
ക്രിസ്തീയ ലോകത്തിലെ പ്രധാന ആവശ്യം സന്തുലിതാവസ്ഥയുണ്ടാകണം എന്നതാണ്. പല വിശ്വാസികളും ദൈവവചനം പഠിക്കുന്നതിനു വലിയ പ്രാധാന്യം കൊടുക്കുന്നു. എന്നാല്‍ അതേ പ്രാധാന്യം പരിശുദ്ധാത്മാവില്‍ ആശ്രയിക്കുന്നതിനു നല്‍കുന്നില്ല. പരിശുദ്ധാത്മാവിന്റെ സഹായം കൂടാതെ നിങ്ങള്‍ ദൈവവചനം പഠിച്ചാല്‍ നിങ്ങള്‍ ഉണങ്ങിയ അസ്ഥിപോലെ നിര്‍ജ്ജീവമായിരിക്കും. മറ്റ് ചിലര്‍ പരിശുദ്ധാത്മാവിന്റെ ശുശ്രുഷയ്ക്കു പ്രധാന്യം കൊടുത്ത് ദൈവവചനത്തെ അവഗണിക്കുന്നു. അങ്ങനെ വഴിതെറ്റി വികാരപ്രകടനങ്ങള്‍ ആത്മാവിന്റെ പ്രവൃത്തിയാണെന്നു തെറ്റിദ്ധരിക്കുന്നു. അത് പാളം (ദൈവവചനം) തെറ്റിയ തീവണ്ടി പോലെയാണ്. മുന്നോട്ട് പോകാനാകാതെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവരെ നയിക്കുവാന്‍ ദൈവവചനത്തെ അവര്‍ അനുവദിക്കുന്നില്ല എന്നതാണ് അതിനു കാരണം.
നമ്മെ പൂര്‍ണ്ണരാക്കുന്നതിനു നീതിപൂര്‍വ്വമുള്ള തിരുത്തലും ഉപദേശവും നമുക്കു ലഭിക്കുമെന്നത് തിരുവെഴുത്തിന്റെ ആദ്യഭാഗത്ത് തന്നെ നാം കാണുന്നു.
1:4-ല്‍ നാം വായിക്കുന്നു: ”ദൈവം വെളിച്ചത്തെ ഇരുളില്‍ നിന്നും വേര്‍തിരിച്ചു.” ഈ വേര്‍തിരിക്കല്‍ നാലാം ദിവസം ആവര്‍ത്തിക്കുന്നു (1:18). ഇത് വളരെ പ്രധാനപ്പെട്ട ഒന്നായതിനാലാണ് അത് ആവര്‍ത്തിക്കുന്നത്. ദൈവം വെളിച്ചം സൃഷ്ടിച്ചപ്പോള്‍ അതിന്റെ കൂടെ അന്ധകാരം ഇടകലരുവാന്‍ ആഗ്രഹിച്ചില്ല. അതിനാലാണ് അവിടുന്ന് ഒരു വേര്‍തിരിവ് ഉണ്ടാക്കിയത്.
പിശാചില്‍ നിന്നാണ് വിഭജനമുണ്ടാകുന്നതെന്നു പലരും കരുതുന്നു. എന്നാല്‍ വിഭജനമുണ്ടാക്കിയ ആദ്യയാള്‍ ദൈവം തന്നെയാണെന്നു നാം ഇവിടെ വായിക്കുന്നു. വെളിച്ചത്തിന് ഇരുളുമായി ഒരു കൂട്ടായ്മയും ഇല്ല. വെളിച്ചം നമ്മുടെ ഹൃദയങ്ങളിലേക്കു വന്നാല്‍ ഉടനെ ദൈവം നമ്മുടെ ജീവിതത്തില്‍ ചെയ്യുന്ന പ്രവൃത്തി എല്ലാ ഇരുട്ടില്‍ നിന്നും നമ്മെ വേര്‍പെടുത്തുകയെന്നതാണ്. 2 കൊരിന്ത്യര്‍ 4:6-ല്‍ വെളിച്ചം സൃഷ്ടിച്ചതു സംബന്ധിച്ച ഒരു ദൈവിക വിശദീകരണം നാം കാണുന്നു. ഇവിടെ പറയുന്നത്, ക്രിസ്തുവിന്റെ മുഖത്തുള്ള ദൈവതേജസിന്റെ പരിജ്ഞാനമാകുന്ന പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളില്‍ വന്നിരിക്കുന്നു എന്നാണ്. രണ്ട് അധ്യായങ്ങള്‍ക്കു ശേഷം 2 കൊരിന്ത്യര്‍ 6:14-17 വാക്യങ്ങളില്‍ നമ്മോട് ഇരുട്ടിന്റെ സകല പ്രവൃത്തികളില്‍ നിന്നും വേര്‍പെടുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ലോകം ആകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു. ലോകത്തിന്റേതായ ഒന്നും നമ്മുടെ ഹൃദയങ്ങളിലുണ്ടാകരുത്. ക്രിസ്ത്യാനികള്‍ ഇരുട്ടില്‍ നിന്നും വേര്‍പെടാതിരുന്നാല്‍ അരാജകത്വം ആയിരിക്കും അതിന്റെ ഫലം.
ദൈവം സൂര്യനേയും ചന്ദ്രനേയും ആകാശ മധ്യത്തില്‍ സ്ഥാപിച്ചപ്പോള്‍ അവിടുന്നു വീണ്ടും വെളിച്ചവും ഇരുട്ടും തമ്മില്‍ വേര്‍തിരിച്ചു (1:18). രണ്ട് സന്ദര്‍ഭങ്ങളിലും നാം വായിക്കുന്നു: ”ദൈവം അത് നല്ലതെന്നു കണ്ടു.” ഇരുട്ടിന്റെ എല്ലാ പ്രവൃത്തിയില്‍ നിന്നും നിങ്ങള്‍ വേര്‍പെടുമ്പോള്‍ മാത്രമേ ദൈവത്തിന് ”അത് നല്ലത്” എന്നു പറയുവാന്‍ സാധിക്കൂ. വെളിച്ചം ലഭിച്ച പലരും തങ്ങളെത്തന്നെ ഇരുട്ടില്‍ നിന്നും വേര്‍പെടുത്തിയിട്ടില്ല. അവരുടെ ക്രിസ്തീയ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത് അതിനാലാണ്.
ആറാം ദിവസമാണ് മനുഷ്യനെ സൃഷ്ടിച്ചത്. ഭൂമിയിലെ സകല മൃഗങ്ങളേയും അതേ ദിവസം തന്നെ, ആദാമിനെ സൃഷ്ടിക്കുന്നതിന് അല്പം മുന്‍പ്, മാത്രമാണ് സൃഷ്ടിച്ചത്. ഒരു കാര്യം മാത്രമാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ”ദൈവം മനുഷ്യന്റെ മേല്‍ ഊതി.” മൃഗങ്ങളുടെ തലത്തില്‍ നിന്നും ഉയര്‍ന്ന തലത്തിലേയ്ക്കു മനുഷ്യനെ ഉയര്‍ത്തുന്നത് ദൈവത്തിന്റെ ആത്മാവ് മാത്രമാണ്. ദൈവിക ആത്മാവിനാല്‍ നാം ജീവിക്കുന്നില്ലെങ്കില്‍ വളരെ വേഗം മൃഗങ്ങളുടെ തലത്തിലേയ്ക്കു നാം താണു പോകുമെന്നാണ് ഇതില്‍ നിന്നും നാം പഠിക്കുന്നത്. ദൈവത്തിന്റെ ശ്വാസം ഒഴിച്ചാല്‍ മനുഷ്യന് ഒരു വിലയുമില്ലെന്നു നമ്മെ പഠിപ്പിക്കുവാനാണ് ദൈവം മനുഷ്യനെ ഈ പൊടിയില്‍ നിന്നും സൃഷ്ടിച്ചത്.
ദൈവം ഏഴാം ദിവസം വിശ്രമത്തിനായി മാറ്റി വച്ചു. അത് ദൈവത്തിന് ഏഴാം ദിവസമായിരുന്നെങ്കിലും മനുഷ്യന് ഒന്നാം ദിവസമായിരുന്നു. ആറാം ദിവസത്തിന്റെ അവസാനമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അതിനാല്‍ അവരുടെ ആദ്യദിവസം വിശ്രമത്തിന്റേതായിരുന്നു. ദൈവത്തിനായി ഏതൊരു വേലയും ആരംഭിക്കുന്നതിനു മുമ്പ് ദൈവവുമായി ഒരു കൂട്ടായ്മയുടെ സമയം മനുഷ്യനുണ്ടാകണമെന്നു ദൈവം ഇതിലൂടെ പഠിപ്പിക്കുകയാണ്. ഒരു ദിവസം ദൈവത്തോട് കൂടെ കഴിഞ്ഞതിനു ശേഷമാണ് ആദാമും ഹവ്വയും ഏദന്‍ തോട്ടത്തിലെ അവരുടെ വേല ആരംഭിച്ചത്. മനുഷ്യനുള്ള ദൈവികക്രമം അതാണ്. ആദ്യം കൂട്ടായ്മ, പിന്നീട് സേവനം. ആദ്യം ദൈവം, പിന്നീട് ദൈവവേല. ആ ദൈവികക്രമം മറന്നത് നമുക്കു ദോഷമായി തീര്‍ന്നു. അതിനാലാണ് ദൈവം യിസ്രായേല്‍ മക്കളോട് ശബ്ബത്ത് ആചരിക്കണമെന്ന് അത്ര കര്‍ശനമായി പഠിപ്പിച്ചത്. ഇന്നു ദൈവജനത്തിന് ഒരു ശബ്ബത്തനുഭവം ശേഷിച്ചിരി ക്കുന്നു (എബ്ര. 4:9).
1:28-ല്‍ ദൈവം ആദമിനോടും ഹവ്വയോടും പറഞ്ഞു: ”നിങ്ങള്‍ സന്താന സമൃദ്ധിയുള്ളവരാകും.” അവര്‍ അത് എങ്ങനെ നിര്‍വ്വഹിക്കുമെന്നാണ് അവിടുന്നു കരുതുന്നത്? തീര്‍ച്ചയായും ലൈംഗിക ബന്ധത്തിലൂടെ തന്നെ. ലൈംഗിക പ്രവൃത്തി സൃഷ്ടിച്ച ദൈവം അതിലൂടെ സന്താനോല്പാദനം നടത്തുവാന്‍ മനുഷ്യനോട് ആവശ്യപ്പെട്ടു. മനുഷ്യനിലുള്ള ലൈംഗികതയും ചേര്‍ന്നാണ് ദൈവം ”വളരെ നല്ലത്” എന്നു വിളിച്ചത് (1:31). അതിനാല്‍ വിവാഹജീവിതത്തിലെ ലൈംഗികത ദൈവം ”വളരെ നല്ലത്” എന്നു വിളിച്ചതാണെന്നു നാം കാണുന്നു. വിവാഹത്തിന്റെ പുറത്തുള്ള ലൈംഗികത വളരെ മോശവും വിവാഹത്തിനുള്ളില്‍ ഉള്ളത് വളരെ നല്ലതുമാണ്. വിവാഹജീവിതത്തിലെ ലൈംഗികത പോലും ഒരു മോശം കാര്യമാണന്നു കരുതുന്ന ചില ക്രിസ്ത്യാനികള്‍ വിശുദ്ധരാകുന്നതിനു വിവാഹം പോലും വേണ്ടെന്നു വയ്ക്കുന്നു. ഇതു ദൈവ വചനത്തിനു വിരുദ്ധമാണ്.
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവിടുന്ന് അവനെ അനുഗ്രഹിച്ചു (1:28). അവിടുന്നു മനുഷ്യരോട് സന്താനസമൃദ്ധിയുള്ളവരാകണമെന്നു മാത്രമല്ല എല്ലാറ്റിനേയും അധീനമാക്കി അവയുടെ മേല്‍ വാഴണമെന്നും ആവശ്യപ്പെട്ടു. ദൈവം മനുഷ്യനെ അടിമയായിട്ടല്ല അധികാരിയായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും നാം കാണുന്നു. ഒരു ജയാളിയായി സകലത്തേയും തന്റെ കാല്‍ക്കീഴാക്കുന്നവനായിട്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചു. ഉല്പത്തിയില്‍ മനുഷ്യന്‍ സകലത്തേയും ഭരിക്കണമെന്ന ദൈവഹിതം നാം കാണുന്നു. വെളിപ്പാട് പുസ്തകത്തില്‍ മനുഷ്യന്‍ സകലത്തിന്റെമേലും ജയാളിയാകണമെന്ന ദൈവഹിതം നാം വായിക്കുന്നു (വെളി. 21:7). ആദിയില്‍ മനുഷ്യനെ സംബന്ധിച്ച ദൈവഹിതം അതായിരുന്നു. ഒടുവില്‍ തന്റെ ഹിതം നിറവേറ്റി ജയാളികളായ ചിലരെ ദൈവം കണ്ടെത്തുന്നു. നിങ്ങളെ സംബന്ധിച്ച ദൈവഹിതം സകലത്തേയും ഭരിക്കണമെന്നതാണ്. നിങ്ങളുടെ ജീവിതത്തിലെ പാപത്തെ, കോപത്തെ, ദുര്‍മോഹങ്ങളെ, വികാരങ്ങളെ തുടങ്ങിയവയെ എല്ലാം നിങ്ങള്‍ അടക്കി ഭരിക്കണമെന്നതാണ് ദൈവഹിതം. അവയെല്ലാം നിങ്ങളുടെ കാല്‍ക്കീഴായിരിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഒരു അടിമയായിരിക്കുവാനല്ല ദൈവം നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങളെ ഒരു ജയാളിയും അധികാരിയും ആയിട്ട് ദൈവം സൃഷ്ടിച്ചിരിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കുമ്പോള്‍ മാത്രമേ അത് സാധിക്കൂ (1:28-ല്‍ വായിക്കുന്നതുപോലെ).
ശ്രദ്ധിക്കുക: ഒന്നാം അധ്യായത്തില്‍ ദൈവം എല്ലാ ദിവസവുമുള്ള തന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയതിനു ശേഷം അതിനെ നോക്കി ”നല്ലത്” എന്നു സാക്ഷ്യപ്പെടുത്തുന്നു (രണ്ടാം ദിവസം അങ്ങനെ പറയുന്നില്ല. കാരണം പുറന്തള്ളപ്പെട്ട സാത്താനു വസിക്കുവാന്‍ അനുവാദം കൊടുത്തിരുന്നത് രണ്ടാം സ്വര്‍ഗ്ഗത്തിലായിരുന്നു). നമ്മുടെ പ്രവൃത്തികള്‍ ദൈവഹിത പ്രകാരമാണോ എന്ന് അറിയുന്നതിന് അവയെ പരിശോധിക്കുവാന്‍ ദൈവത്തെ നാം അനുവദിക്കേണ്ടതാണ്.
രണ്ടാം അധ്യായത്തില്‍ മനുഷ്യന്റെ സൃഷ്ടിയെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നു. അവിടെ ദൈവം മനുഷ്യനു മൂന്നു വരങ്ങള്‍ നല്‍കിയതായി കാണുന്നു. ഒരു വിവാഹ പങ്കാളി (ഹവ്വ), പാര്‍ക്കുവാനൊരു ഭവനം (ഏദന്‍), ഒരു തൊഴില്‍ (തോട്ടക്കാരന്‍). ഇന്നു പല ചെറുപ്പക്കാരും അന്വേഷിക്കുന്ന മൂന്നു കാര്യങ്ങളും ഇവ തന്നെയാണ്. ഇവ മൂന്നും ആദാമിനു നല്‍കാന്‍ ദൈവം താല്പര്യപ്പെട്ടതുപോലെ ഇന്നും തന്റെ മക്കള്‍ക്കു നല്‍കുവാന്‍ ദൈവത്തിനു താല്പര്യമുണ്ട്. ആദാം അത് ദൈവത്തോട് ചോദിക്കുക പോലുമുണ്ടായില്ല. ദൈവം തന്നെ ആദാമിന്റെ ആവശ്യമറിഞ്ഞ് അവനു വേണ്ടതു നല്‍കി. ഒരു ജീവിത പങ്കാളി, ഒരു ഭവനം, ഒരു തൊഴില്‍ എന്നിവ നിങ്ങള്‍ക്കാവശ്യമുണ്ടെന്നു ദൈവത്തിനറിയാം. നിങ്ങള്‍ ദൈവത്തോട് കൂടെ നടന്നാല്‍ അവിടുന്ന് ഇവയെല്ലാത്തിനും പുറമെ നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നല്‍കും.
2:11,12-ല്‍ ഏദനിലെ സ്വര്‍ണ്ണം വിശിഷ്ടമാണെന്നു പറഞ്ഞിരിക്കുന്നു. ദൈവസാന്നിദ്ധ്യമുള്ളയിടത്ത് മാത്രമാണ് സ്വര്‍ണ്ണം വിശിഷ്ടമായത്. ദൈവത്തില്‍ നിന്നും അകലെ സ്വര്‍ണ്ണം ഒരു കെണിയാണ്. അത് ഒരു ശാപവുമാണ്.
2:19,20 വാക്യങ്ങളില്‍ ദൈവം സകല പക്ഷിമൃഗാദികളേയും ആദാമിന്റെ മുമ്പില്‍ കൊണ്ടുവന്നതായും ആദാം അവയ്ക്ക് ഓരോന്നിനും ഓരോ പേരിട്ടു വിളിച്ചതായും നാം വായിക്കുന്നു. പിന്നീട് ഈ വാക്യം നാം വായിക്കുന്നു: ‘‘എന്നാല്‍ മനുഷ്യനു യോജിച്ച ഒരു തുണയെ കണ്ടെത്തിയില്ല.” ഓരോ മൃഗത്തേയും അതിന്റെ ഇണയോടു കൂടെ കണ്ടപ്പോള്‍ ആദാം അവയില്‍ നിന്നും തനിക്ക് ഒരു പങ്കാളിയെ ലഭിക്കുമോ എന്നു നോക്കിയെന്നാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. സിംഹം പെണ്‍സിംഹത്തോടു കൂടെ, ആനയെ അതിന്റെ ഇണയോടു കൂടെ, പൂച്ചയെ അതിന്റെ ഇണയോടു കൂടെ. അങ്ങനെ ഓരോന്നും. ആദാം ഓരോന്നിനേയും നോക്കി. എല്ലാത്തിനേയും തിരസ്‌ക്കരിച്ചു. കാരണം അവയൊന്നും തന്റെ പ്രകൃതത്തോടു ചേരുന്നവ ആയിരുന്നില്ല. ആദാം അവയെ എല്ലാ തിരസ്‌ക്കരിച്ചു കഴിഞ്ഞപ്പോള്‍ ദൈവം പറഞ്ഞു: ”ശരി ഞാന്‍ നിനക്ക് ഒരു പങ്കാളിയെ സൃഷ്ടിച്ചു നല്കാം.” പിന്നീട് അവിടുന്ന് ആദാമിന് ഒര ഗാഢനിദ്ര നല്‍കി. അവന്‍ ഉറങ്ങിയപ്പോള്‍ ദൈവം അവനില്‍ നിന്നും ഒരു ഭാര്യയെ അവനുവേണ്ടി ഉണ്ടാക്കി.
ആത്മീയമായി ഇതിനെ നമുക്കിങ്ങനെയെടുക്കാം. നിങ്ങളൊരു ദൈവമകനായിരിക്കെ ഒരു ജീവിതപങ്കാളിയെ അന്വേഷിക്കുന്നുവെങ്കില്‍, വീണ്ടും ജനനത്തോടെ നിങ്ങള്‍ക്കു ലഭിച്ച ദൈവികപ്രകൃതം ഇല്ലാത്ത ചില സുന്ദരികളായ പെണ്‍കുട്ടികളെ (സുന്ദരന്മാരായ ചെറുപ്പക്കാരെ) നിങ്ങളുടെ മുമ്പില്‍ കൊണ്ടു വരും. നിങ്ങള്‍ അവരില്‍ ഒരാളെ പങ്കാളിയായി തിരഞ്ഞെടുക്കുമോയെന്നു ദൈവം പരിശോധിച്ച് അറിയുന്നു. അങ്ങനെ ചെയ്താല്‍ ദൈവം നിങ്ങള്‍ക്കായി ഒരുക്കിയതു നഷ്ടപ്പെടും. ദൈവത്തെ ബഹുമാനിച്ച് ഈ വാക്കുകള്‍ അനുസരിക്കുക: ”അവിശ്വാസികളുമായി ചേര്‍ച്ചയില്ലാത്ത പങ്കാളിത്തം അരുത്” (2 കൊരി. 6:14). അവിടുന്ന് ഏറ്റവും നല്ലത് നിങ്ങള്‍ക്കു നല്‍കും.
ഇത് ശ്രദ്ധിക്കുക: ”നല്ലത്” എന്ന് ആറു ദിവസംകൊണ്ട് ആറു പ്രാവശ്യം പറഞ്ഞ ദൈവം (1:4,10,12,18,21,25) അതിനു ശേഷം പെട്ടെന്നു ”നല്ലതല്ല” എന്നു പറയുന്നു (2:18). ”ആദാം ഏകനായിരിക്കുന്നത് നല്ലതല്ല.” പിന്നീട് ഹവ്വയെ സൃഷ്ടിച്ചതിനു ശേഷം അവിടുന്നു പറയുന്നു. ”വളരെ നല്ലത്” (1:31). അതാണ് ദൈവത്തിന്റെ സൃഷ്ടിയില്‍ ഒരു സന്തുഷ്ട ദമ്പതികള്‍ വരുത്തുന്ന വ്യത്യാസം!
2:24-ല്‍ എല്ലാ വിവാഹിതരും ഗൗരവത്തോടെ കാണേണ്ട ഒരു കാര്യം നാം വായിക്കുന്നു. ഒരു മനുഷ്യന്‍ വിവാഹിതനാകുമ്പോള്‍ അവന്‍ തന്റെ പിതാവിനേയും മാതാവിനേയും വിട്ട് ഭാര്യയോട് പറ്റിച്ചേരണം. ഇത് മാതാപിതാക്കന്മാരെ ഭൗതികമായി വിട്ടു പോരുകയെന്നല്ല (ഒരുപക്ഷേ അതും ആവശ്യമായി വരാം) വൈകാരിക മായി അകലുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒരുവന്‍ വിവാഹിതനായാല്‍ അവന്റെ വിവാഹ പങ്കാളി തന്റെ മാതാപിതാക്കന്മാരെക്കാള്‍ വളരെയധികം പ്രധാനപ്പെട്ടതായിരിക്കണം. ദമ്പതികള്‍ അവരുടെ കുടുംബജീവിതത്തിലെ തീരുമാനങ്ങള്‍ അവര്‍ തമ്മില്‍ പരസ്പരം ആലോചിച്ചായിരിക്കണം എടുക്കേണ്ടത്. അല്ലാതെ മാതാപിതാക്കന്മാരുമായി ആലോചിച്ചല്ല വേണ്ടത്. ഇന്ത്യയിലങ്ങോളമിങ്ങോളം പോയി എല്ലാ ദമ്പതികളോടും ഈ സന്ദേശം പറയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഈ കല്പന അനുസരിച്ചാല്‍ സന്തോഷകരമായ ധാരാളം വിവാഹ ജീവിതങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകും. പാപം ലോകത്തിലേയ്ക്കു വരുന്നതിനു മുന്‍പേ ദൈവം നല്‍കിയ ഒരു കല്പനയാണിത്. വേദപുസ്തകത്തില്‍ എഴുതപ്പെട്ട ആദ്യ കല്പനയാണിത്. എന്തുകൊണ്ടാണ് ദൈവം ഇത് ആദ്യ കല്പനയായി തിരുവചനത്തില്‍ രേഖപ്പെടുത്തിയത്? വിവാഹം സ്ഥാപിച്ച ദൈവം ഈ ആദ്യപടിയുടെ പ്രധാന്യം അറിഞ്ഞിരുന്നു. എന്നാല്‍ വിവാഹിതരായ പലരും ഇതിന്റെ പ്രാധാന്യം വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല.
സാത്താനെ ശ്രദ്ധിച്ച രണ്ടു മനുഷ്യര്‍
മൂന്ന്, നാല് അധ്യായങ്ങളില്‍ സാത്താനു ചെവികൊടുത്ത രണ്ടു മനുഷ്യരെ സംബന്ധിച്ച് നാം വായിക്കുന്നു. അവര്‍ രണ്ടുപേരും സാത്താന്റെ തന്ത്രങ്ങള്‍ക്ക് എങ്ങനെ ഇരയായി എന്നതു സംബന്ധിച്ച് ചില പാഠങ്ങള്‍ നമുക്ക് ഇതില്‍ നിന്നും പഠിക്കാം.
ദൈവം ആദാമിനെ ഏദന്‍ തോട്ടത്തിലേക്ക് അയച്ചപ്പോള്‍ അവനെ പരിശോധിക്കുന്നതിനു കൂടെ ഒരു ദൂതനെ അയച്ചില്ല. എന്തുകൊണ്ട്? കാരണം നമ്മള്‍ ശ്രദ്ധിക്കപ്പെടാതിരിക്കുമ്പോഴാണ് നമ്മുടെ ഹൃദയത്തിനുള്ളിലെ മനോഭാവങ്ങളെ ദൈവത്തിനു പരീക്ഷിച്ചറിയുവാന്‍ സാധിക്കുക. നമുക്കു ചുറ്റും ആരും ഇല്ലാത്ത അവസരത്തില്‍ ദൈവം നമ്മെ പരിശോധിക്കുന്നു. ആദാമും ഹവ്വയും തനിയെ ആയിരുന്നതിനാല്‍ ഒരു സൃഷ്ടിയാലും ശ്രദ്ധിക്കപ്പെടാതെ അവര്‍ക്കു പാപം ചെയ്യാന്‍ കഴിഞ്ഞു.
വളരെ നല്ല ഫലങ്ങളുള്ള ആയിരക്കണക്കിനു വൃക്ഷങ്ങള്‍ ഏദന്‍ തോട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ക്കു നിത്യജീവന്‍ നല്‍കുവാന്‍ സാധിക്കുന്ന ജീവന്റെ വൃക്ഷവും ആ കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ആദാമും ഹവ്വയും അവയൊന്നും തിരഞ്ഞെടുക്കാതെ ”അറിവിന്” വേണ്ടി പോയി. അവര്‍ ജീവനെ ഉപേക്ഷിച്ച് അറിവ് തിരഞ്ഞെടുത്തു. ഇന്നു മനുഷ്യര്‍ ചെയ്യുന്നതും ഇതു തന്നെയാണ്.
വേദപുസ്തക പരിജ്ഞാനവും ജീവിതവും തമ്മില്‍ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും? ”ജീവിതം” എന്നതായിരിക്കും നിങ്ങളുടെ ഉത്തരമെന്ന് എനിക്കുറപ്പുണ്ട്. എന്നാല്‍ നിങ്ങള്‍ സ്വയം പരിശോധിക്കുക. നിങ്ങള്‍ വേദപുസ്തകം പഠിക്കുന്നത് അറിവിനു വേണ്ടിയോ അതോ അത് അനുസരിക്കുന്നതിനു വേണ്ടിയോ? അറിവിനു വേണ്ടി വേദപുസ്തകം പഠിച്ചാല്‍ നിങ്ങള്‍ അറിവിന്റെ വൃക്ഷത്തിലേയ്ക്കാണ് പോകുന്നത്. നന്മതിന്മകളെക്കുറിച്ചുള്ള അറിവ് മരണം മാത്രമേ കൊണ്ടുവരികയുള്ളു. വചന പഠനത്തിലൂടെയല്ല എന്നാല്‍ ദൈവത്തോടുള്ള സജീവമായ ബന്ധത്തിലൂടെ നാം നന്മതിന്മകളെ തിരിച്ചറിയണ മെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ജീവനുള്ള ഒരു ബന്ധം ദൈവത്തോടില്ലാതെ നാം നന്മതിന്മകളെ അറിഞ്ഞാല്‍ നാം തെറ്റിപ്പോകും. അങ്ങനെയാണ് ആദാം മരിച്ചത്. ദൈവത്തോട് ജീവനുള്ള ഒരു ബന്ധമില്ലാതിരിക്കെ നന്മതിന്മ സംബന്ധിച്ച് അറിവ് അവനു ലഭിച്ചു. ഓരോ നിമിഷവും ശരി ഏത്, തെറ്റ് ഏത് എന്നു നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിനാല്‍ ആയിരിക്കണം നാം നന്മ തിന്മകളെ തിരിച്ചറിയാന്‍. നന്മ തിന്മകളെ മറ്റേതൊരു വിധത്തില്‍ അറിയാന്‍ ശ്രമിച്ചാലും മരണമായിരിക്കും ഫലം.
പിശാച് ഹവ്വയോട് നിനക്കു ദൈവത്തെ പോലെയാകാം എന്നു പറഞ്ഞു (3:5). ഇതിനോട് വളരെ സാമ്യമുണ്ടെന്നു തോന്നുന്ന ഒരു സന്ദേശവുമായിട്ടാണ് യേശുവും വന്നത്. എന്നാല്‍ അത് തികച്ചും വ്യത്യസ്തമാണ്. സാത്താന്‍ ഹവ്വയോട് പറഞ്ഞത് അവള്‍ക്കു ദൈവത്തെപ്പോലെ ജ്ഞാനവും അധികാരവും ശക്തിയും ഉണ്ടാകുമെന്നാണ്. എന്നാല്‍ യേശു നമ്മോട് പറഞ്ഞത് നമുക്കു ദൈവത്തിന്റെ താഴ്മ, വിശുദ്ധി, സ്‌നേഹം എന്നിവയുണ്ടാകും എന്നാണ്. ഇതില്‍ ഏതു സന്ദേശമാണ് കൂടുതല്‍പേര്‍ ആഗ്രഹിക്കുന്നത്? വിശ്വാസികളില്‍പ്പോലും അനേകര്‍ ആദ്യത്തേതിന്റെ പിന്നാലെയാണ്. എന്നാല്‍ ഇതിലൂടെ നമുക്കു പിശാചിന്റെ ശബ്ദവും യേശുവിന്റെ ശബ്ദവും തിരിച്ചറിയാന്‍ സാധിക്കും. നമുക്കു മനസ്സിലാക്കാന്‍ കഴിയാത്തവിധമാണ് പ്രലോഭനങ്ങള്‍ വരുന്നത്. പിശാച് ഒരു ചതിയനാണ്. അവന്‍ വ്യാജമായത് യഥാര്‍ത്ഥമെന്നപോലെ അവതരിപ്പിക്കും.
പിശാച് ഹവ്വയെ പ്രലോഭിപ്പിക്കുമ്പോള്‍, ദൈവം അവളെ വാസ്തവത്തില്‍ സ്‌നേഹിക്കുന്നില്ലായെന്നു തന്ത്രപൂര്‍വ്വം പറയുകയാണ്. ദൈവം നിന്നെ സ്‌നേഹിച്ചിരുന്നുവെങ്കില്‍ (സാത്താന്റെ വിവക്ഷ) തീര്‍ച്ചയായും ഈ മനോഹരമായ വൃക്ഷത്തിന്റെ ഫലം തിന്നുവാന്‍ അനുവദിക്കുമായിരുന്നു. ദൈവസ്‌നേഹത്തെ സംശയിച്ചുകൊണ്ടാണ് സാത്താന്‍ നമ്മുടെ ഹൃദയത്തിലും കയറുവാന്‍ ശ്രമിക്കുന്നത്.
യേശു പത്രൊസിനോട് പറഞ്ഞു: ”സാത്താന്‍ നിന്നെ പാറ്റേണ്ടതിനു ദൈവത്തോട് അനുവാദം ചോദിച്ചു” (ലൂക്കൊ. 22:31). ആദാമിനേയും ഹവ്വയേയും ഏദനില്‍ വച്ച് പാറ്റുന്നതിന് അനുവാദം കൊടുത്തതുപോലെ ദൈവം ഇവിടെയും സാത്താന് അനുവാദം നല്‍കി. കര്‍ത്താവ് പത്രൊസിനോട് പറഞ്ഞു: ”നീ പാറ്റപ്പെടുമ്പോള്‍ നിന്റെ വിശ്വാസം പൊയ്‌പ്പോകാതിരിക്കുന്നതിനു വേണ്ടി ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കും” (ലൂക്കൊ. 22:32). പത്രൊസ് വീഴാതിരിക്കുന്നതിനു വേണ്ടി യേശു പ്രാര്‍ത്ഥിച്ചില്ല. എന്നാല്‍ വീണതിനു ശേഷവും ദൈവസ്‌നേഹത്തിലുള്ള അവന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിച്ചു. അതാണ് വിശ്വാസം.
ശോധനകളുടെയും പ്രലോഭനങ്ങളുടെയും മുമ്പില്‍ നാം വീണാലും നമുക്കു ദൈവസ്‌നേഹത്തില്‍ വിശ്വാസമുണ്ടെങ്കില്‍ നാം ജയാളികളായിരിക്കും. നിങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കുകയും നിങ്ങള്‍ ആവശ്യപ്പെട്ടത് ലഭിക്കാതിരിക്കുകയും ഒരുപക്ഷേ ഇയ്യോബിനെപ്പോലെ ആഴത്തില്‍ പരീക്ഷിക്കപ്പെട്ട് നിങ്ങളുടെ മക്കളും നിങ്ങളുടെ സമ്പത്തും അങ്ങനെയെല്ലാം നഷ്ടപ്പെട്ടാലും ദൈവസ്‌നേഹത്തെ സംശയിക്കരുത്. അതാണ് യഥാര്‍ത്ഥ വിശ്വാസം.
‘വിശ്വാസത്താല്‍ ജീവിക്കുക’ എന്നതിന്റെ അര്‍ത്ഥം എന്താണ്? അതിന്റെ അര്‍ത്ഥം (എന്തു സംഭവിച്ചാലും) ദൈവം നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് എല്ലായ്‌പ്പോഴും ഉറപ്പിക്കുന്നതാണ്. പിതാവിന്റെ സ്‌നേഹത്തിലുള്ള ഈ വിശ്വാസമാണ് ധൂര്‍ത്ത പുത്രനെ പിതാവിന്റെ ഭവനത്തിലേയ്ക്കു മടക്കി കൊണ്ടുവന്നത്. താന്‍ എത്ര തെറ്റുകള്‍ ചെയ്തു തന്റെ ജീവിതത്തെ നശിപ്പിച്ചാലും തന്റെ പിതാവ് തന്നെ സ്‌നേഹിക്കുന്നു എന്നവനറിഞ്ഞിരുന്നു. അതിനാല്‍ അവന്‍ തന്റെ പിതാവിന്റെ അടുക്കലേയ്ക്കു മടങ്ങി.
നന്മ തിന്മയുടെ വൃക്ഷം കാഴ്ചയില്‍ വളരെ മനോഹരമായിരുന്നു. മനോഹരമായൊരു സൃഷ്ടിയെ ദൈവത്തെക്കാള്‍ വിലപ്പെട്ടതായിക്കണ്ട് ആദാമും ഹവ്വയും തിരഞ്ഞെടുക്കുമോയെന്നു പരീക്ഷിക്കുന്നതിനു വേണ്ടി ദൈവം തന്നെയാണ് ആ വൃക്ഷം അങ്ങനെ സൃഷ്ടിച്ചത്. എല്ലാ പ്രലോഭനങ്ങളിലും നിശ്ചയമായും നേരിടുന്നത് ഇതാണ് – സൃഷ്ടിയെയോ സ്രഷ്ടാവിനെയോ ഏതാണ് നാം തിരഞ്ഞെടുക്കുക? സുന്ദരിയായൊരു സ്ത്രീയോ സ്വര്‍ണ്ണമോ, മറ്റേതെങ്കിലും സൃഷ്ടിക്കപ്പെട്ട വസ്തുവോ ആയിരിക്കും നിങ്ങളെ പ്രലോഭിപ്പിക്കുന്നത്. മനുഷ്യരുടെ മാനവും അംഗീകാരവും തേടുമ്പോള്‍ അതിനു പകരമായി ദൈവത്തിന്റെ അംഗീകാരമെന്നൊന്നുണ്ട്. ഇതിലേതു വേണം? സൃഷ്ടിയെ സ്രഷ്ടാവിനുമേല്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം പാപം ചെയ്യുന്നു. സ്രഷ്ടാവിനെ തന്റെ എല്ലാ സൃഷ്ടിക്കുംമേല്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം ജയാളികളാകുന്നു. ഇത് വളരെ ലളിതമാണ്. എന്നാല്‍ ലോകത്തിലുള്ള അധികം ആളുകളും (വിശ്വാസികളടക്കം) ഈ പരീക്ഷയില്‍ പരാജയപ്പെടുന്നു.
നാം ഒന്നുകില്‍ ദൈവത്തിന്റെ ഏതെങ്കിലും സൃഷ്ടിയെ-സൗന്ദര്യമുള്ള ഒരു മുഖം, സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും മനുഷ്യരുടെ അംഗീകാരം അങ്ങനെ ഏതിനെയെങ്കിലും- ആരാധിക്കുന്നു. അല്ലെങ്കില്‍ ഇവയെല്ലാം ദൈവത്തോട് താരതമ്യപ്പെടുത്തി ചവറെന്ന് എണ്ണന്നു. ഒരു ജയാളിയെ സംബന്ധിച്ച് യേശുവിന്റെ സൗന്ദര്യവും അവിടുത്തെ അംഗീകാരവും സൃഷ്ടിക്കപ്പെട്ട മറ്റെന്തിനേക്കാള്‍ അധികം വിലയേറിയതാണ്. ജീവിതത്തിലെ എല്ലാ തീരുമാനങ്ങളുടെ മുമ്പിലും ഈയൊരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ നിങ്ങള്‍ ഒരു ദൈവപുരുഷനോ സ്ത്രീയോ ആകും. നിങ്ങള്‍ വ്യക്തിപരമായി ദൈവത്തെയും ദൈവവചനത്തേയും അറിയും. എല്ലാ പ്രലോഭനങ്ങളുടെ മുമ്പിലും ഈ തിരഞ്ഞെടുപ്പ് നടത്തി ഇങ്ങനെ പറയുക: ”കര്‍ത്താവേ, സകല സൃഷ്ടിക്കും മേലായി അങ്ങയെ ഞാന്‍ തിരഞ്ഞെടുക്കുന്നു.” അത് ഒരു മര്‍മ്മമാണ്.
ആദാമിന്റെ പാപം എന്തായിരുന്നു? അത് കേവലം വിലക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം തിന്നു എന്നതു മാത്രമാണോ? അല്ല അതിലും അധികമാണ്. 3:17-ല്‍ ദൈവം അവനോട് പറഞ്ഞു: ”നീ നിന്റെ ഭാര്യയുടെ വാക്കുകള്‍ കേട്ടു.” ഒരുവന്‍ തന്റെ ഭാര്യയുടെ വാക്കുകള്‍ കേള്‍ക്കുന്നത് പാപമാണോ? അതെ, അത് ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നതിലേക്കു നടത്തുന്നുവെങ്കില്‍. ദൈവം ആദാമിനെ സൃഷ്ടിച്ച് അവനെ അവന്റെ ഭവനത്തിന്റെ തലയാക്കി വച്ചു. എന്നാല്‍ അവന്‍ ആ ഭവനത്തിന്റെ തലവനെന്ന അധികാരം ഉപയോഗിച്ചില്ല. തന്റെ ഭാര്യ പിശാചുമായി നടത്തുന്ന സംഭാഷണം കണ്ട ആദാം അത് കേട്ടുകൊണ്ടിരുന്നതല്ലാതെ അവിടെ തന്റെ ഭാര്യയെ തടയുന്നതിന് ഒരു ശ്രമവും നടത്തിയില്ല. അവന്‍ നിവര്‍ന്നു നിന്ന് ഇങ്ങനെ പറയേണ്ടിയിരുന്നു: ”ഹവ്വയെ മാറിപ്പോകൂ, അവന്റെ വാക്കുകള്‍ ശ്രദ്ധിക്കരുത്.” ഇന്നും ആദാമിനെപ്പോലെയുള്ള പല ഭര്‍ത്താക്കന്മാരുണ്ട്. അവന്‍ തങ്ങളുടെ ഭവനത്തിന്റെ തലവനല്ല. തന്റെ നേതൃത്വം ഭവനത്തില്‍ സ്ഥാപിക്കാ തിരിക്കുക വഴി ആദാം പാപം ചെയ്തു.
ദൈവം ഒരു നല്ല ദൈവമാണ്. അവിടുന്നു സര്‍പ്പത്തേയും ഭൂമിയേയും ശപിച്ചു. എന്നാല്‍ ആദാമിനെ ശപിച്ചില്ല. അവിടെ നാം ദൈവത്തിന്റെ മഹാസ്‌നേഹത്തെ കാണുന്നു. ആദാമിനെയും ഹവ്വയേയും മറയ്ക്കുന്നതിനു ദൈവം ഒരു മൃഗത്തെ കൊന്നു. അതാണ് ഭൂമിയിലെ ആദ്യ മരണം. നിര്‍ദ്ദോഷിയായ ഒരു മൃഗത്തെ ആദാമിന്റെ പാപത്തിനു വേണ്ടി യാഗമാക്കി. ആ മൃഗത്തിന്റെ തോലുകൊണ്ട് വസ്ത്രമുണ്ടാക്കി ആദാമിന്റെയും ഹവ്വയുടെയും നഗ്നത മറച്ചു (3:21). ഒരുനാള്‍ തന്റെ പുത്രനെ കാല്‍വറി ക്രൂശില്‍ മരണത്തിന് ഏല്പിച്ചു കൊടുക്കുകയും അവന്റെ നീതിയുടെ വസ്ത്രം നമ്മെ ധരിപ്പിക്കുകയും ചെയ്യുന്ന ദൈവിക പ്രവൃത്തിയുടെ ഒരു ചിത്രമാണിത്.
മനുഷ്യന്‍ പാപം ചെയ്യുന്നതിനു മുന്‍പ് ജീവവൃക്ഷത്തിന്റെ അടുത്ത് ജ്വലിക്കുന്ന വാള്‍ ഉണ്ടായിരുന്നില്ല. ആദാമിന് ആ വൃക്ഷത്തിന്റെ ഫലം തിന്ന് നിത്യജീവന്‍ പ്രാപിക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ മനുഷ്യന്‍ പാപം ചെയ്തതിനു ശേഷം ദൈവം ആ വൃക്ഷത്തിനു മുമ്പില്‍ ജ്വലിക്കുന്ന വാള്‍ സ്ഥാപിച്ചു. ഇന്നു നിങ്ങള്‍ ആ വൃക്ഷത്തിന്റെ ഫലം അനുഭവിക്കണമെങ്കില്‍ ആ വാള്‍ നിങ്ങളുടെ ജഡത്തിന്മേല്‍ വീഴുവാന്‍ അനുവദിക്കണം. ഇപ്പോള്‍ നാം നമ്മുടെ പാപങ്ങളുടെ ശിക്ഷ അനുഭവിക്കേണ്ടതില്ല. കാരണം ആ വാള്‍ കാല്‍വറിയില്‍ വച്ച് യേശുവിന്റെ മേല്‍ വീണു കഴിഞ്ഞു.
എന്നാല്‍ ആ വാള്‍ ഇന്നു നമ്മുടെ ജഡത്തിന്റെ മേല്‍ വീഴേണ്ടതുണ്ട്. ”ഞാന്‍ ക്രിസ്തുവിനോടു കൂടെ … എന്നില്‍ ജീവിക്കുന്നത്” (ഗലാ. 2:20). നാം യേശുവിനോട് കൂടെ ക്രൂശില്‍ ഒന്നായിത്തീരുമ്പോള്‍ ആ വാള്‍ നമ്മുടെ ജഡത്തിന്റെ മേലും വീഴുന്നു. അങ്ങനെ നമുക്കു നിത്യജീവന്‍ അനുഭവിക്കാന്‍ സാധിക്കുന്നു. അല്ലാതെ മറ്റൊരു വഴിയും ഇല്ല. ആ വാള്‍ ഇന്നും ഈ വൃക്ഷത്തിനു കാവല്‍ നില്‍ക്കുന്നു.
ആദാമിനുള്ള ശിക്ഷയെ സംബന്ധിച്ച് ദൈവം പറഞ്ഞപ്പോള്‍ പരാമര്‍ശിച്ച ചില വാക്കുകള്‍ ശ്രദ്ധിക്കുക: ”ശാപം, ദുഃഖം, മുള്ള്, വിയര്‍പ്പ്, പൊടി, മരണം” (3:16-19). യേശുവിന്റെ കഷ്ടാനുഭവത്തോടും ക്രൂശ് മരണത്തോടും കൂടെ ഈ വാക്കുകളെല്ലാം നാം കാണുന്നു. യേശു ഇതെല്ലാം തന്റെമേല്‍ വഹിച്ചതുവഴി ആദാമിന്റെയും ഹവ്വയുടെയും മേല്‍ വച്ചിരുന്ന ശിക്ഷയില്‍ നിന്നും നമുക്കു പൂര്‍ണ്ണ വിടുതല്‍ ലഭിച്ചു.
ആദാമിനു ദൈവത്തോടുണ്ടായിരുന്ന കൂട്ടായ്മ തകര്‍ന്നപ്പോള്‍ തന്നെ ഭാര്യയുമായുള്ള അവന്റെ കൂട്ടായ്മയും തകര്‍ന്നതായി കാണുന്നു. അവന്‍ അവളെ കുറ്റപ്പെടുത്തുവാന്‍ തുടങ്ങുന്നു എന്നതാണ് ഇതിന്റെ തെളിവ്. ദൈവത്തോടുള്ള നിങ്ങളുടെ കൂട്ടായ്മ തകര്‍ന്നു എന്നതിന്റെ തെളിവാണ് നിങ്ങള്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുവാന്‍ തുടങ്ങുന്നത്. നിങ്ങള്‍ ദൈവത്തോടു കൂട്ടായ്മയില്‍ ആണെങ്കില്‍ ആരേയും നിങ്ങള്‍ കുറ്റപ്പെടുത്തുകയില്ല. നിങ്ങള്‍ സ്വയം വിധിക്കും. സഹോദരന്മാരെ കുറ്റം വിധിക്കുന്നത് സാത്താനാണ്.
4-ാം അധ്യായത്തില്‍ പിശാചിനെ ശ്രദ്ധിച്ച മറ്റൊരു മനുഷ്യനെ സംബന്ധിച്ച് വായിക്കുന്നു- കയീന്‍. കയീനു ജന്മം നല്‍കിയതിനു ശേഷം ഹവ്വ ഇങ്ങനെ പറഞ്ഞു ”യഹോവയാല്‍ ഞാന്‍ ഒരു പുരുഷപ്രജയ്ക്കു ജന്മം നല്‍കിയിരിക്കുന്നു” (4:1). ആ കാലത്ത് ഒരു മനുഷ്യനു ജന്മം നല്‍കുക എന്നത് ഒരു അത്ഭുതമായിരുന്നു. ജീവനുള്ള ദേഹിയായി ഭൂമിയില്‍ ജനിച്ച ആദ്യ വ്യക്തിയാണ് കയീന്‍. ദൈവം ഒരു മനുഷ്യനെ സൃഷ്ടിച്ചു. ഞാനും ഒരു മനുഷ്യനെ ഉണ്ടാക്കി. ഇതാണ് ഹവ്വ അപ്പോള്‍ പറഞ്ഞത്. ഞാന്‍ എന്റെ ശരീരത്തില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിച്ചു. നിഗളത്തിന്റെ ആത്മാവാണ് അവിടെ വെളിപ്പെട്ടത്. ”ഞാന്‍ ഉണ്ടാക്കി, ഞാന്‍ സൃഷ്ടിച്ചു. ദൈവം എന്നെ അല്പം സഹായിച്ചു. എന്നാല്‍ ഞാനാണ് അത് ചെയ്തത്.” അവളുടെ മകന്‍ കയീന്‍ തെറ്റായ ഈ ആത്മാവോടുകൂടെ വളര്‍ന്നു വന്നു.
കയീനും ഹാബേലും അവരുടെ വഴിപാട് അര്‍പ്പിക്കുന്നതിനു ദൈവമുമ്പാകെ വന്ന ചരിത്രം (4:4) ശ്രദ്ധിച്ചു വായിച്ചാല്‍ നമുക്കു കാണാം. ദൈവം ഹാബേലിന്റെ വഴിപാട് അംഗീകരിച്ചു. അതിന്റെ ഫലമായി ഹാബേലിനേയും അംഗീകരിച്ചു എന്നു പറഞ്ഞിട്ടില്ല (ചിലര്‍ കരുതുന്നതുപോലെ). മറിച്ച് ഇങ്ങനെയാണ് പറയുന്നത് ”യഹോവ ഹാബേലിലും (ആദ്യം) അയാളുടെ വഴിപാടിലും (പിന്നീട്) സന്തുഷ്ടനായി.” നേരെ എതിരായിട്ടല്ല. അതുപോലെ തന്നെ കയീന്റെ വഴിപാട് നിരസിച്ചതു കൊണ്ടല്ല കയീനെ നിരസിച്ചത്. അവിടുന്ന് ആദ്യം കയീനെ തള്ളിക്കളഞ്ഞു. പിന്നീട് അവന്റെ വഴിപാടും തള്ളിക്കളഞ്ഞു. വേദപുസ്തകം പറയുന്നു: ”ദുഷ്ടന്റെ യാഗം വെറുക്കത്തക്കത്” (സദൃ. 21:27). കയീന്‍ ഒരു ദുഷ്ടനായിരുന്നു. അതിനാല്‍ ദൈവം അവന്റെ വഴിപാടുകളും നിരസിച്ചു.
കയീന്‍ കോപിച്ചപ്പോള്‍ അവന്‍ അപകടത്തിലാണെന്നു ദൈവം അവനു മുന്നറിയിപ്പ് നല്‍കുന്നു. ഏദനില്‍ ദൈവം ആദാമിനെ അന്വേഷിച്ചു വന്നു. ഇപ്പോള്‍ അവിടുന്നു കയീനെ അന്വേഷിച്ചും വന്നു. ദൈവം എപ്പോഴും വീഴുന്ന മനുഷ്യനെ അന്വേഷിച്ച് വരുന്നവനാണ്. വീണു പോയ മനുഷ്യരെ അന്വേഷിച്ചാണ് യേശുവും ഈ ഭൂമിയിലേക്കു വന്നത്. നാം പിന്മാറ്റത്തിലാകുമ്പോഴും നാം വഴിതെറ്റി പോകുമ്പോഴും നമ്മെ അന്വേഷിച്ച് വരുന്ന ഒരാള്‍ ദൈവമാണ്. അത് നമുക്കു വലിയ ഉത്സാഹം തരുന്ന കാര്യമാണ്. ദൈവം വന്നു കയീനു മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ കയീന്‍ ആ മുന്നറിയിപ്പ് ചെവിക്കൊണ്ടില്ല. അവന്റെ ഹൃദയവാതില്ക്കല്‍ കിടന്ന പാപം ഉള്ളിലേക്കു വന്ന് അവനെ നശിപ്പിക്കുന്നതിന് അവന്‍ അനുവദിച്ചു.
ഏദനില്‍ നിന്നും മനുഷ്യനെ പുറത്താക്കിയതിനു ശേഷം ദൈവവചനത്തില്‍ ആദ്യം രേഖപ്പെടുത്തിയിരിക്കുന്ന പാപം അസൂയയാണ്. ദൈവം അധികം അനുഗ്രഹിച്ച ഒരു ഇളയ സഹോദരനോടുള്ള ആസൂയ. കയീന്റെ വഴിയെ പോകാതിരിക്കണമെങ്കില്‍, നിങ്ങളേക്കാള്‍ ചെറുപ്പമായ ഒരു സഹോദരന്‍ കൂടുതല്‍ അനുഗ്രഹിക്കപ്പെടുന്നതും ദൈവത്താല്‍ കൂടുതല്‍ അഭിഷേകം ചെയ്യപ്പെടുന്നതും കാണുമ്പോള്‍ അവനോട് അസൂയപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
ദൈവം ഇവിടെ കയീനോട് പറയുന്നത് ശ്രദ്ധിക്കുക: ”ഇപ്പോള്‍ നീ ശപിക്കപ്പെട്ടവനായി” (4:11). എന്തുകൊണ്ടാണ് ദൈവം ആദാമിനെ ശപിക്കാതിരിക്കുകയും കയീനെ ശപിക്കുകയും ചെയ്തത്? ആദാമിന്റെ കാര്യത്തില്‍ ദൈവം ആദാമിനെയല്ല ഭൂമിയെയാണ് ശപിച്ചത്. എന്നാല്‍ കയീന്‍ പാപം ചെയ്തപ്പോള്‍ അവന്‍ മറ്റൊരാള്‍ക്കു കൂടി ദോഷം ചെയ്തു. മദ്യപിക്കുക, പുകവലിക്കുക എന്നിങ്ങനെയുള്ള പാപങ്ങളാല്‍ നിങ്ങള്‍ നിങ്ങളെ തന്നെ നശിപ്പിക്കുകയാണ്. നിങ്ങള്‍ നിങ്ങളോടു തന്നെ ദോഷം ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ പരദൂഷണം പറയുമ്പോള്‍ മറ്റൊരാള്‍ക്കു കൂടെ ദോഷം ചെയ്യുന്നു. അതിനാല്‍ ഈ പാപം ഗുരുതരമാകുന്നു. എന്നാല്‍ എത്ര ക്രിസ്ത്യാനികള്‍ പരദൂഷണം പുകവലിയേക്കാള്‍ ഗുരുതരമായ പാപമാണെന്നു വിശ്വസിക്കുന്നുണ്ട്? ദൈവത്തിന്റെ ദൃഷ്ടിയില്‍ മറ്റൊരാള്‍ക്കു ദോഷം വരുത്തുന്ന പാപം നിങ്ങള്‍ക്കു മാത്രം ദോഷം വരുത്തുന്ന പാപത്തെക്കാള്‍ വളരെ ഗുരുതരമാണ്. അതിനാലാണ് കയീന്‍ ശപിക്കപ്പെട്ടത്. അതിനാല്‍ മറ്റൊരാള്‍ക്കു ദോഷം ചെയ്യുമ്പോള്‍ അത് വളരെ ഗൗരവത്തോടെ എടുക്കണം. ദൈവം കയീനോട് പറഞ്ഞു: ”നിന്റെ സഹോദരന്റെ രക്തം ഭൂമിയില്‍ നിന്നു എന്നോടു നിലവിളിക്കുന്നു”(4:10). നിങ്ങള്‍ പരദൂഷണ ത്താല്‍ ആരുടെ പേരാണോ നശിപ്പിച്ചത്, അയാളുടെ രക്തം ദൈവത്തോട് നിലവിളി ക്കുന്നു. നിങ്ങള്‍ ഈ പാപം ദൈവത്തോട് ഏറ്റു പറഞ്ഞ് ക്ഷമ ചോദിക്കുന്നതിനോ ടൊപ്പം ആര്‍ക്കെതിരെയാണോ നിങ്ങള്‍ പരദൂഷണം പറഞ്ഞത് അയാളോടും ക്ഷമ ചോദിക്കുന്നതുവരെ നിങ്ങളുടെ പാപം ദൈവത്തോട് നിലവിളിച്ചു കൊണ്ടിരിക്കുന്നു.
കയീന്‍ ശപിക്കപ്പെട്ടപ്പോള്‍ അവന്‍ പറഞ്ഞു: ”എന്റെ ശിക്ഷ എനിക്കു വഹിക്കാവുന്നതിലും അധികമാണ്.” ഇത് നരകത്തിലേക്കു പോകുന്നവരുടെയെല്ലാം ഭാഷയാണ്. അവന്‍ ”എന്റെ പാപം എത്ര വലിയതായിരിക്കുന്നു” എന്ന് ഒരിക്കലും പറയുകയില്ല. എന്നാല്‍ ”എന്റെ ശിക്ഷ വലിയതായിരിക്കുന്നു” എന്നു പറയും. നിങ്ങളുടെ പാപമോ അതോ അതിനുള്ള ശിക്ഷയോ ഏതാണ് നിങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തില്‍ നിന്നും നിങ്ങളൊരു ദൈവമനുഷ്യനാണോയെന്ന് മനസ്സിലാക്കാം. ദൈവമനുഷ്യനല്ലാത്ത ഒരുവന്‍ തനിക്കു ലഭിക്കുന്ന ശിക്ഷയെ ഓര്‍ത്ത് ഭാരപ്പെടുന്നു. എന്നാല്‍ ഒരു ദൈവമനുഷ്യന്‍ തന്റെ പാപത്തെയോര്‍ത്ത് ഹൃദയം തകര്‍ന്നവനായിരിക്കും.
കയീന്‍ ദൈവസന്നിധി വിട്ട് അകന്നുപോയി. അതിനാല്‍ അവന്റെ സന്തതികളും അങ്ങനെ ആയിത്തീര്‍ന്നു. അവന്റെ ഒരു മകന്‍ കൊലപാതകിയായി. അവര്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടായി. അവന്‍ ഉല്ലാസത്തിനു സ്വയം വാദ്യോപകരണങ്ങള്‍ ഉണ്ടാക്കി. റോക്ക് സംഗീതത്തിന്റെയും ഇന്നു ലോകത്ത് കാണുന്ന എല്ലാത്തരം വിനോദങ്ങളുടേയും തുടക്കം അവിടെ കാണുന്നു. പിതാക്കന്മാര്‍ ദൈവത്തില്‍ നിന്നും അകന്നു പോകുമ്പോള്‍ മക്കള്‍ക്കു സംഭവിക്കുന്നത് ഇതാണ് (4:16-24) .
കയീനിലും ഹാബേലിലുമായി നാം രണ്ടു ശാഖകളുടെ തുടക്കം കാണുന്നു. ഒന്നു മതഭക്തിയെന്ന ശാഖ, മറ്റൊന്ന് ആത്മീയതയെന്ന ശാഖ. കയീന്‍ നിരീശ്വരവാദി ആയിരുന്നില്ല. അവന്‍ മതഭക്തനായിരുന്നു. വ്യാജമതമായ ബാബിലോണിയന്‍ സംവിധാനത്തിന്റെ മുന്‍ഗാമിയാണവന്‍. ദൈവമനുഷ്യരുടെ മുന്‍ഗാമിയാണ് ഹാബേല്‍. ഹാബേലിനെ നീതിമാനെന്നു യേശു പരാമര്‍ശിക്കുന്നു (മത്താ. 23:35). കയീന്‍ മതഭക്തനായിരുന്നു. ഹാബേല്‍ ആത്മീയനും.
ദൈവത്തോടൊപ്പം നടന്ന രണ്ടു മനുഷ്യര്‍
പിശാചിനോടൊപ്പം നടന്ന രണ്ട് മനുഷ്യരുടെ ഉദാഹരണം നമ്മള്‍ കണ്ടു- ആദാമും കയീനും. ദൈവത്തിനൊപ്പം നടന്ന രണ്ടു വ്യക്തികളെ ഇനി കാണാം- ഹാനോക്കും, നോഹയും.
അഞ്ചാം അധ്യായത്തില്‍ ”പിന്നെ അയാള്‍ മരിച്ചു” എന്നൊരു പ്രയോഗം എട്ടു തവണ നാം കാണുന്നു. എന്നാല്‍ ആ അധ്യായത്തിന്റെ മധ്യത്തില്‍ ഒരിക്കലും മരിച്ചിട്ടില്ലാത്ത ഒരാളെ കാണുന്നു. അത് ഹാനോക്കായിരുന്നു. അവന്‍ ദൈവത്തിന്റെ കൂടെ നടക്കുകയും അവനെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുകയും ചെയ്തു. മരിച്ചവരുടെ നടുവില്‍ പുനരുത്ഥാന ശക്തിയിലുള്ള ജീവിതത്തിന്റെ ഒരു ചിത്രമാണിത്. ഹാനോക്കു പുനരുത്ഥാന ശക്തിയില്‍ ജീവിക്കുകയും മരണത്തെ ജയിച്ച് സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെടുകയും ചെയ്തു. ആത്മീയ മരണത്തിന്റെ നടുവില്‍, ഉയിര്‍പ്പിന്റെ ശക്തിയാല്‍ മരണത്തെ ജയിച്ച് ഒടുവില്‍ എടുക്കപ്പെടുന്ന ഒരു സഭയുടെ ചിത്രമാണിത്.
ഹാനോക്ക് തന്റെ 65-ാം വയസ്സ് വരെ ഒരുപക്ഷേ ദൈവമില്ലാത്ത ഒരുവനായിട്ടായിരിക്കാം ജീവിച്ചത്. 65-ാം വയസ്സില്‍ അവനൊരു മകനുണ്ടായി. ദൈവിക വെളിപ്പാടിനാല്‍ അവന്‍ ആ മകന് ‘മെഥുശലഹ്’ എന്നു പേരിട്ടു. മെഥുശലഹിന്റെ അര്‍ത്ഥം ”അവന്റെ മരണത്തിന്റെ സമയം ജലപ്രളയം ഭൂമിയില്‍ ഉണ്ടാകും” എന്നാണ്. ഒരു പുത്രന്‍ ജനിച്ച സമയത്താണ് ദൈവം ഹാനോക്കിനോട് ആ ജല പ്രളയം വഴി താന്‍ ഈ ലോകത്തെ ന്യായം വിധിക്കുവാന്‍ പോകുന്നു എന്ന് അറിയിച്ചത്. ന്യായവിധി സംബന്ധിച്ച് വെളിപ്പാട് ആദ്യം ലഭിച്ചത് ഹാനോക്കിനാണ്; നോഹയ്ക്കല്ല. അതുകൊണ്ട് അവന്‍ തന്റെ മകനു ‘മെഥുശലഹ്’ എന്നു പേരിട്ടു.
നിങ്ങള്‍ക്കൊരു മകനുണ്ടെങ്കില്‍ ആ മകന്‍ എത്രനാള്‍ ജീവിക്കുമെന്നു നിങ്ങള്‍ക്കറിയില്ല. അതുപോലെ മെഥുശലഹിന് എന്തെങ്കിലും രോഗമുണ്ടാകുമ്പോള്‍ ഹാനോക്കു ന്യായവിധിയുടെ സമയമടുത്തോ എന്നു ചിന്തിച്ചിരിക്കും. ”അവന്‍ മരിക്കുമ്പോള്‍ ജലപ്രളയമുണ്ടാകും” – ഇങ്ങനെ പേരുള്ള ഒരു മകന്‍ നിങ്ങള്‍ക്കുണ്ടെന്നു ചിന്തിക്കുവാന്‍ കഴിയുമോ? ഓരോ തവണയും അവന്റെ പേരു വിളിക്കുമ്പോള്‍ നിങ്ങള്‍ ന്യായവിധിയെക്കുറിച്ച് ഓര്‍ക്കും. ദൈവത്തിന്റെ ന്യായവിധിയെ സംബന്ധിച്ച ഈ ഭയമാണ് ദൈവത്തിന്റെ കൂടെ നടക്കുവാനും സമകാലിക കാര്യങ്ങളെക്കാള്‍ നിത്യതയ്ക്കു പ്രാധാന്യം കൊടുക്കുവാനും ഹാനോക്കിനെ പ്രേരിപ്പിച്ചത്. അടുത്ത 300 വര്‍ഷം ദിനംതോറും ദൈവത്തിന്റെ കൂടെ നടക്കുവാന്‍ ഹാനോക്കിനെ പ്രേരിപ്പിച്ച കാര്യവും ഇതു തന്നെയാണ്.
വേദപുസ്തകം പറയുന്നു: ”ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു” (1 യോഹ. 2:17). ആ തിരിച്ചറിവ് നമുക്കുണ്ടെങ്കില്‍ ഹാനോക്കിനെപ്പോലെ നമ്മളും ഈ ലോകകാര്യങ്ങളെക്കാള്‍ നിത്യതയ്ക്കു പ്രധാന്യം കൊടുക്കും.
മെഥുശലഹിനെ എല്ലാ മനുഷ്യരിലും അധികം – 969 വര്‍ഷം- ജീവിക്കുവാന്‍ അനുവദിച്ചു എന്ന വസ്തുതയില്‍ നാം കാണുന്നത് മനുഷ്യ വര്‍ഗ്ഗത്തോടുള്ള ദൈവത്തിന്റെ മഹത്തായ ദീര്‍ഘക്ഷമയാണ്. ജനം മെഥുശലഹിന്റെ പേരു കേട്ടുകൊണ്ടിരുന്ന 969 വര്‍ഷവും അവര്‍ വരാന്‍ പോകുന്ന ന്യായവിധിയുടെ സന്ദേശവും കേട്ടു. ജനം ആ സന്ദേശത്തെ നിരാകരിച്ചു. നോഹ മാത്രമല്ല ന്യായവിധി പ്രസംഗിച്ചത്. ഹാനോക്ക് 300 വര്‍ഷം അത് പ്രസംഗിച്ചു. മെഥുശലഹ് തന്റെ പേരു കൊണ്ട് മറ്റൊരു 669 വര്‍ഷം ആ സന്ദേശം അറിയിച്ചു.
മെഥുശലഹിന്റെ ജീവിതത്തിലെ അവസാന 120 വര്‍ഷം നോഹയും ദൈവത്തോടു കൂടെ നടന്നു ന്യായവിധി പ്രസംഗിച്ചു. നോഹയ്ക്കു ദൈവം പിന്നീട് വെളിപ്പെടുത്തി നല്‍കിയ ജലപ്രളയത്തിന്റെ വിശദാംശങ്ങള്‍ ഹാനോക്കിനും മെഥുശലഹിനും അറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ മെഥുശലഹ് മരിച്ചതിനു ശേഷം ജലപ്രളയത്തോടെ ഏതെങ്കിലും തരത്തിലുള്ള ന്യായവിധി ഉണ്ടാകുമെന്നവര്‍ അറിഞ്ഞിരുന്നു.
ഹാനോക്കു തന്റെ കാലഘട്ടത്തിലെ എല്ലാ അഭക്തരായവരുടെ മേലും ദൈവത്തിന്റെ ന്യായവിധിയുണ്ടാകുമെന്നു പ്രവചിച്ചു എന്നാണ് യൂദാ പറയുന്നത് (യൂദാ 14,15). ഹാനോക്ക് ഒരു പ്രവാചകനായിരുന്നു. അവന്‍ ദൈവത്തോടു കൂടെ നടന്നു. ആദാമിനു 622 വയസ്സ് പ്രായമുള്ളപ്പോഴാണ് ഹാനോക്ക് ജനിച്ചത്. പിന്നീട് 930 വയസ്സിലാണ് ആദാം മരിക്കുന്നത് (ഉല്പ. 5:5-23). അതുകൊണ്ടുതന്നെ ഹാനോക്കിന് ആദാമിനെ 308 വര്‍ഷം അറിയാന്‍ കഴിഞ്ഞു. ഹാനോക്ക് ആ സമയം ആദാമില്‍ നിന്ന് ആദാം ഒരിക്കല്‍ ജീവിച്ച ഏദന്‍തോട്ടത്തെ സംബന്ധിച്ചും അവിടെ ദൈവത്തോടു ചേര്‍ന്നു നടന്നതു സംബന്ധിച്ചും ഒക്കെ അറിയാന്‍ ശ്രമിച്ചിരിക്കുമെന്നു ഞാന്‍ കരുതുന്നു. അങ്ങനെ ഹാനോക്കിനും ദൈവത്തോടുകൂടെ നടക്കുവാനുള്ള ആഗ്രഹമുണ്ടായി. ഏദന്‍ തോട്ടത്തിനു പുറത്തും ഒരാള്‍ക്കു ദൈവത്തോടുകൂടെ നടക്കാന്‍ സാധിക്കും എന്നു തെളിയിച്ച ആദ്യവ്യക്തിയാണ് ഹാനോക്ക്. പാപം ലോകത്തിലേക്കു വന്നതിനു ശേഷവും മനുഷ്യനു ദൈവത്തോടു കൂടെ നടക്കുവാന്‍ കഴിയും.
ഞാന്‍ എന്റെ ജീവിതത്തില്‍ ധാരാളം പ്രസംഗകരെ കണ്ടിട്ടുണ്ട്. എന്നാല്‍ ദൈവത്തോടൊപ്പം നടക്കുന്ന വളരെ കുറച്ചു പേരെ മാത്രമേ കണ്ടിട്ടുള്ളു. എന്നാല്‍ ആ ചുരുക്കം ചിലരാണ് എന്റെ ഹൃദയത്തില്‍ ദൈവത്തോടൊപ്പം നടക്കണമെന്ന വാഞ്ഛ ജനിപ്പിച്ചത്.
മെഥുശലഹിന്റെ കൊച്ചു മകനാണ് നോഹ. നോഹ മെഥുശലഹിനൊടൊപ്പം 600 വര്‍ഷം ജീവിച്ചു. മെഥുശലഹിനോട് ഹാനോക്കു ദൈവത്തോടു കൂടെ നടന്നതു സംബന്ധിച്ച് നോഹ പലവട്ടം ചോദിച്ചു കാണും. അങ്ങനെ നോഹയുടെ ഹൃദയത്തിലും ദൈവത്തോടൊപ്പം നടക്കുന്നതിന് ഒരു താല്പര്യം ഉണ്ടായി. 6:9-ല്‍ നാം വായിക്കുന്നു: നോഹ ദൈവത്തോടൊപ്പം നടന്നു. നോഹ ദൈവത്തോടൊപ്പം നടന്നു തുടങ്ങിയപ്പോള്‍ ദൈവം തന്റെ ന്യായവിധിയുടെ ഉദ്ദേശ്യം അവനു വെളിപ്പെടുത്തി നല്‍കി.
”പാപത്തിനെതിരെയുള്ള ന്യായവിധി” എന്ന സത്യമാണ് ദൈവം തന്നോടു കൂടെ നടന്ന രണ്ടു പേര്‍ക്കും (ദൈവവചനത്തില്‍) വെളിപ്പെടുത്തി നല്‍കിയത്. ആരും വിശ്വസിച്ചില്ലായെങ്കിലും ഹാനോക്കും നോഹയും ആ സന്ദേശം വിശ്വസ്തതയോടെ പ്രസംഗിച്ചു. അന്നു മുതല്‍ ദൈവത്തിന്റെ എല്ലാ യഥാര്‍ത്ഥ പ്രവാചകന്മാരും ഇതേ സന്ദേശമാണ് പ്രസംഗിച്ചത്. ദൈവം വിശ്വാസികളേയും അവിശ്വാസികളേയും അവരുടെ പാപം നിമിത്തം ന്യായംവിധിക്കും.
ഹാനോക്കും നോഹയും ആണ് വേദപുസ്തകത്തില്‍ കാണുന്ന ആദ്യത്തെ രണ്ട് സുവിശേഷ പ്രസംഗകര്‍. അവര്‍ രണ്ടുപേരും ദൈവത്തോടുകൂടെ നടന്നവരാണ്. പിന്നീടുള്ള എല്ലാ ദൈവിക പ്രസംഗകരും അങ്ങനെ തന്നെ ആയിരുന്നു.
ദൈവം നോഹയോട് ഒരു പെട്ടകം നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു. നോഹ ഉടനെ പെട്ടകത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അദ്ദേഹം ദൈവത്തോട് ഇതിന്റെ ചെലവ് ആരു വഹിക്കുമെന്ന് ചോദിച്ചില്ല. അങ്ങനെ ദൈവത്തോട് അവന്‍ ചോദിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ദൈവം പറയും. ”ആ ചെലവ് നീ തന്നെ വഹിക്കണം.”
നിങ്ങള്‍ ചെയ്യുന്ന ദൈവവേലയുടെ ചെലവ് നിങ്ങള്‍ തന്നെ വഹിക്കണമെന്നു ദൈവം പറയുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ക്രിസ്തീയ വേലക്കാര്‍ അധികവും കരുതുന്നത് തങ്ങള്‍ ചെയ്യുന്ന ദൈവിക വേലയുടെ ചെലവ് മറ്റാരെങ്കിലും വഹിക്കണമെന്നാണ്. എന്നാല്‍ നോഹ അങ്ങനെ കരുതിയില്ല. നോഹ തന്നെത്താന്‍ അധ്വാനിച്ച് തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ദൈവവേലയും ചെയ്തു. പെട്ടകത്തിന്റെ നിര്‍മ്മാണത്തിനുള്ള ചെലവിനായി അവന് അല്പം കൂടുതല്‍ വേല ചെയ്യേണ്ടി വന്നു. എന്നാല്‍ അവന്‍ അത് സന്തോഷത്തോടെ ചെയ്തു. ദൈവത്തിന് അങ്ങനെയുള്ള മനുഷ്യരെ ഇന്നും ആവശ്യമുണ്ട്. യേശു പറഞ്ഞതനുസരിച്ച് നോഹയുടെ കാലത്തെന്നപോലെ ദുഷ്ടത അവസാന കാലത്ത് വര്‍ദ്ധിക്കുമെങ്കില്‍ തീര്‍ച്ചയായും അനേകം നോഹമാരെ ദൈവത്തിന് ഇന്ന് ആവശ്യമുണ്ട്. പൗലൊസിനെ പോലെ സ്വയം വേല ചെയ്തു സമ്പാദിച്ച പണം കൊണ്ട് ദൈവവേല ചെയ്യുന്ന അനേകരെ ദൈവത്തിന് ആവശ്യമുണ്ട്.
മൃഗങ്ങള്‍ എങ്ങനെ പെട്ടകത്തിനുള്ളിലേക്കു വരുമെന്നു പലരും നോഹയോട് ചോദിച്ചു. അത് ദൈവം ചെയ്യേണ്ട കാര്യമാണെന്നും താന്‍ അതിനെ സംബന്ധിച്ചു ഭാരപ്പെടേണ്ടന്നും നോഹ അറിഞ്ഞിരുന്നു. അമാനുഷികമായി ദൈവം എല്ലാ മൃഗങ്ങളേയും അതിനുള്ളിലേക്കു കൊണ്ടുവന്നു. നോഹ തന്നോട് കല്പിച്ച പെട്ടകത്തിന്റെ നിര്‍മ്മാണമെന്ന വേല മാത്രം ചെയ്തു. മറ്റെല്ലാ കാര്യങ്ങളും അവന്‍ ദൈവത്തില്‍ സമര്‍പ്പിച്ചു. നമ്മളും ദൈവം നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക. അസാധ്യകാര്യങ്ങളെല്ലാം നമുക്കു ദൈവകരങ്ങളില്‍ ഏല്പിക്കാം.
ഒടുവില്‍ നാം വായിക്കുന്നത് ദൈവം വാതില്‍ അടച്ചു എന്നാണ് (7:16). ദൈവമാണ് പെട്ടകത്തിന്റെ വാതില്‍ അടയ്ക്കുന്നത്. ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്ന തിനുള്ള സമയമാകുമ്പോള്‍, ഒരു ദിവസം രക്ഷയുടെ വാതിലും അടയ്ക്കും.
ക്രിസ്തുവും അവിടുത്തെ ശരീരമാകുന്ന സഭയും എന്നതിന്റെ ഒരു ചിത്രമാണ് പെട്ടകം. സഭയില്‍ ആയിരിക്കുന്നതിന് ഉണ്ടാകുന്ന ചില അസൗകര്യങ്ങള്‍ പെട്ടകത്തിനകത്ത് ജീവിക്കുന്നതിനും ഉണ്ടായിരുന്നു. സഭയില്‍ നാം പലതരം ആളുകളോട് ഇടപഴകേണ്ടി വരുന്നു. അവരില്‍ പലരുമായും ചില സമയങ്ങളില്‍ ഉരസേണ്ടിയും വരുന്നു. എന്നാല്‍ എത്ര അസൗകര്യമുണ്ടെങ്കിലും ആ പ്രളയ സമയത്ത് ഭൂമിയില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം ആ പെട്ടകം തന്നെ ആയിരുന്നു. അങ്ങനെ തന്നെയാണ് സഭയും. പലതരം ആളുകളുണ്ടെങ്കിലും സഭയില്‍ ആയിരിക്കുന്നത് എനിക്കു സന്തോഷമാണ്. നിങ്ങളും സന്തോഷമുള്ളവരാണെന്നു ഞാന്‍ കരുതുന്നു. അതിനാലാണ് നാം നമ്മുടെ ഇടയിലേയ്ക്ക് ആളുകളെ ക്ഷണിക്കുന്നത്.
പ്രളയജലം ഇറങ്ങി തുടങ്ങിയപ്പോള്‍ നോഹ പെട്ടകത്തില്‍ നിന്ന് ഒരു മലങ്കാക്കയേയും ഒരു പ്രാവിനേയും പുറത്തു വിട്ടു. ജഡത്തിന്റെയും ആത്മാവിന്റെയും ഒരു ചിത്രം. മലങ്കാക്ക തിരികെ വന്നില്ല. തനിക്കു ചുറ്റും കിടക്കുന്ന മനുഷ്യരുടേയും മൃഗങ്ങളുടേയും മൃതശരീരങ്ങള്‍ കണ്ട് തനിക്കു ലഭിച്ചിരിക്കുന്ന സമൃദ്ധിയായ ഭക്ഷണത്തില്‍ മലങ്കാക്ക വളരെ സന്തോഷിച്ചു. അതുപോലെ ഇന്നും ജഡത്തിന്റെ വാക്കു കേട്ടു ജീവിക്കുന്നവര്‍ക്കു ലോകം വളരെ ആസ്വാദ്യകരമായ ഒരു സ്ഥലമായിരിക്കും. എന്നാല്‍ പ്രാവ് വളരെ വേഗം മടങ്ങി വന്നു. ആത്മാവിനാല്‍ ജീവിക്കുന്നവരുടെ ജീവിതവും അങ്ങനെയാണ്. ലോകത്തോട് ചേര്‍ന്നു നില്‍ക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. അതിനാല്‍ അവര്‍ എപ്പോഴും സഭയില്‍ ദൈവജനത്തോട് കൂട്ടായ്മ ആചരിച്ചിരിക്കുന്നതിന് ആഗ്രഹിക്കുന്നു.
നോഹ പെട്ടകത്തിനു പുറത്തു വന്നയുടന്‍ ഒരു യാഗപീഠം പണിത് യഹോവയ്ക്കു നന്ദിയോടെ ഹോമയാഗം അര്‍പ്പിക്കുകയാണ് ചെയ്തത് (8:20). ദൈവത്തിന് ഒന്നാംസ്ഥാനം നല്‍കി അവിടുത്തെ മുമ്പാകെ നന്ദിയും സ്തുതിയും സ്‌തോത്രവും അര്‍പ്പിക്കുകയെന്നത് നമ്മള്‍ക്ക് അനുകരിക്കാവുന്ന ഒരു നല്ല മാതൃകയാണ്.
നോഹ കുറവുകളൊന്നുമില്ലാത്ത ഒരാളായിരുന്നില്ല. ഒരിക്കല്‍ അവന്‍ വീഞ്ഞു കുടിച്ച് അതിന്റെ ലഹരിയില്‍ തന്റെ കൂടാരത്തില്‍ നഗ്നനായി കിടന്നു. അവന്റെ പുത്രനായ ഹാം ഇതു കണ്ട് തന്റെ സഹോദരന്മാരെ ഈ വിവരം അറിയിച്ചു. ഹാം തന്റെ പിതാവിനെ അങ്ങനെ അപമാനിച്ചതിനാല്‍ ഒരു ശാപം അവന്റെ മേല്‍ വന്നു. ശേമും യാഫേത്തും ഒരു വസ്ത്രം തങ്ങളുടെ തോളില്‍ ഇട്ടുകൊണ്ട് പുറകോട്ട് നടന്നു ചെന്നു പിതാവിന്റെ നഗ്നത മറച്ചു. അതിനാല്‍ അവര്‍ അനുഗ്രഹിക്കപ്പെട്ടു. ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നമുക്കു ലഭിക്കുന്നു. പിതാവിനെ അപമാനിച്ച ഒരു പുത്രനേയും അവന്റെ സന്തതികളേയും ദൈവം ശിക്ഷിക്കുന്നത് ഈ വേദഭാഗങ്ങളിലാണ് ആദ്യമായി നാം വായിക്കുന്നത്. നമ്മുടെമേല്‍ വച്ചിരിക്കുന്ന അധികാരങ്ങളെ ബഹുമാനിക്കാതിരിക്കുന്നതിനെ ദൈവം ഗൗരവത്തോടെ കാണുന്നു. നിങ്ങളുടെ പിതാവിലോ അല്ലെങ്കില്‍ ഒരു ദൈവ മനുഷ്യനിലോ എന്തെങ്കിലും കുറവു നിങ്ങള്‍ കണ്ടാല്‍ ഹാമിനെപ്പോലെ ശപിക്കപ്പെടാതിരിക്കണമെങ്കില്‍ അത് തുറന്നു കാട്ടാതിരിക്കുക. ശേമിനേയും യാഫേത്തിനേയും പോലെ അത് മറയ്ക്കുക. ”സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു” (1 പത്രൊ. 4:8; സദൃ.10:12). നോഹ, ശേമിനും യാഫേത്തിനും ”കൂട്ടായ്മയുടെ” അനുഗ്രഹം നല്‍കി ഇങ്ങനെ പറയുന്നു: ”യഹോവ യാഫേത്തിന്റെ ദേശം വിശാലമാക്കട്ടെ, യാഫേത്ത് ശേമിന്റെ കൂടാരങ്ങളില്‍ പാര്‍ക്കട്ടെ” (9:27). ഒരുമിച്ച് വസിക്കുന്നവര്‍ പാപങ്ങളെ പരസ്പരം മറച്ച് കൂട്ടായ്മ പണിയട്ടെ. അത്തരം വിശ്വാസികള്‍ക്കു മാത്രമേ യേശുക്രിസ്തുവിന്റെ സഭ പണിയുവാന്‍ സാധിക്കൂ.
ബാബിലോണ്‍
കയീനിലും ഹാബേലിലും തുടങ്ങിയ രണ്ട് ശാഖകളുടെ – മതഭക്തിയും ആത്മീയതയും- തുടര്‍ച്ചയാണ് നാം പത്താം അധ്യായത്തില്‍ കാണുന്നത്. ഇത് നിരീശ്വരവാദവും ആത്മീയതയും എന്ന രണ്ട് ശാഖകളായിരുന്നുവെങ്കില്‍ അവയുടെ വ്യത്യാസം കറുപ്പും വെളുപ്പും പോലെ വളരെ വ്യക്തമാകുമായിരുന്നു.എന്നാല്‍ മതഭക്തിയും ആത്മീയതയും മങ്ങിയ വെള്ളനിറവും തെളിഞ്ഞ വെള്ളനിറവും പോലെയാണ്. തെളിഞ്ഞ വെളിച്ചത്തില്‍ മാത്രമേ ഈ രണ്ടു നിറങ്ങളുടെ വ്യത്യാസം വ്യക്തമാകൂ. ചതിയനായ പിശാച് വ്യാജമായതിനെ വളരെ വിദഗ്ദ്ധമായി യഥാര്‍ത്ഥമെന്നതുപോലെ അവതരിപ്പിക്കുന്നു. വിശാലമായ വഴിയുടെ കവാടവും ഇടുക്കു വഴിയുടെ കവാടവും ഏതാണ്ട് ഒരുപോലെയാണ്. അതിനാല്‍ ചിലര്‍, തങ്ങള്‍ വിശാലമായ വഴിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നതെന്ന് അറിയാതെ പോകുന്നു. കൗശലക്കാരായ പ്രസംഗകരാല്‍ അവര്‍ ചതിക്കപ്പെടുന്നു. നാം വളരെ ശ്രദ്ധയുള്ള വരായിരിക്കണം.
ചതിക്കപ്പെട്ട ചില വിശ്വാസികളെ സംബന്ധിച്ചാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഒരു വിഷയം മാത്രമെടുക്കൂ. ”നിങ്ങള്‍ക്കു ദൈവത്തേയും പണത്തേയും സേവിക്കുവാന്‍ സാധിക്കുകയില്ല” (ലൂക്കൊ. 16:13) എന്നു യേശു പറഞ്ഞ ഈ വസ്തുത എത്ര വിശ്വാസികള്‍ വാസ്തവത്തില്‍ വിശ്വസിക്കുന്നുണ്ട്? വളരെ കുറച്ചാളുകള്‍ മാത്രം. വളരെയധികം ക്രിസ്ത്യാനികളും ക്രിസ്തീയ വേലക്കാരും ദൈവത്തെയും ധനത്തെയും ഒരുപോലെ സ്‌നേഹിക്കാമെന്നു കരുതുന്നു. ക്രിസ്ത്യാനികളെ ചതിക്കുന്നതിനുള്ള സാത്താന്റെ വേലയുടെ ഒരു ഉദാഹരണം മാത്രമാണിത്. അസാദ്ധ്യമെന്നു യേശു പറഞ്ഞ വസ്തുതയാണെങ്കിലും പണത്തേയും ദൈവത്തേയും ഒരുപോലെ സ്‌നേഹിക്കാം എന്ന് അവര്‍ കരുതുന്നു. അങ്ങനെയുള്ളവര്‍ ആത്മീയരല്ല കേവലം മതഭക്തര്‍ മാത്രം.
10-ാം അധ്യായത്തില്‍ നാം ബാബിലോണിന്റെ തുടക്കം കാണുന്നു. അതിന്റെ നാശം വെളിപ്പാട് 18-ാം അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വേദപുസ്തകത്തിന്റെ ആരംഭത്തില്‍ തന്നെ ബാബിലോണ്‍ പ്രത്യക്ഷപ്പെടുന്നു. അത് വേദപുസ്തകത്തിന്റെ അവസാനം വരെ തുടരുകയും ചെയ്യുന്നു. ഇവിടെ നാം നിമ്രോദ് എന്നു പേരുള്ള ഒരു മനുഷ്യനെക്കുറിച്ച് വായിക്കുന്നു. അവന്‍ ”യഹോയ്‌ക്കെതിരെ” (അക്ഷരാര്‍ത്ഥ ത്തിലുള്ള പരിഭാഷ) ഒരു നായാട്ടു വീരനായിരുന്നു. അവന്റെ സാമ്രാജ്യത്തിന്റെ തുടക്കം ബാബേല്‍ (ബാബിലോണ്‍) ആണ്. ബാബേലിന്റെ അര്‍ത്ഥം ”ദൈവത്തിന്റെ കവാടം” എന്നാണ്. നിമ്രോദ് ഒരു നിരീശ്വരവാദി ആയിരുന്നില്ല. അവനും കായീനെ പോലെ ഒരു മതഭക്തനായ മനുഷ്യന്‍ ആയിരുന്നു. ജനത്തെ ദൈവത്തിങ്കലേയ്ക്കു നടത്തുക എന്ന വേലയാണ് അവന്‍ ചെയ്തിരുന്നത്. ബാബിലോണിന്റെ സംവിധാനം പ്രവര്‍ത്തിക്കുന്നതും അങ്ങനെയാണ്.
ബാബിലോണ്‍ എന്നത് ഒരു മതസംവിധാനമാണ് (വെളി. 17). അതോടൊപ്പം ഒരു സാമ്പത്തിക സംവിധാനവുമാണ്. പണവും ദൈവവേലയും ഒരുമിച്ച് ചേരുമ്പോഴാണ് ബാബിലോണാകുന്നത്. അങ്ങനെയാണ് ആളുകള്‍ ചതിക്കപ്പെടുന്നത്. അവര്‍ ദൈവവേലയാണ് ചെയ്യുന്നതെന്നു ധരിക്കുന്നു. എന്നാല്‍ അത് ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗം കൂടി ആയതിനാല്‍ അവര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവിടെ പ്രശസ്തി നേടാനും കഴിയുന്നു.
ഇന്നത്തെ ക്രിസ്തീയഗോളവും അങ്ങനെ ആയിരിക്കുന്നു. ദരിദ്രരായ ആളുകള്‍ ദൈവവേലയ്ക്കു നല്‍കുന്ന പണം ഉപയോഗിച്ച് ആഡംബര കാറും വലിയ വീടും സ്വന്തമാക്കുന്ന പ്രസംഗകരെ നാം ഇന്നു കാണുന്നു. യേശുക്രിസ്തുവിനെയോ അപ്പൊസ്തലന്മാരെയോ പോലെയല്ല അവര്‍ ജീവിക്കുന്നത്. സിനിമാ താരങ്ങളെ പോലെയാണവരുടെ ജീവിതം. ആരേയും വിധിക്കരുതെന്നു വേദപുസ്തകം പറഞ്ഞിരിക്കുകയാല്‍ നാം അവരെ വിധിക്കുന്നില്ല. എന്നാല്‍ നാം ചതിക്കപ്പെടാതിരി ക്കുന്നതിന് അവരെ അനുഗമിക്കരുത്. അതിനു പകരം നമുക്കു യേശുവിനെ അനുഗമിക്കാം. പണവും പ്രശസ്തിയും അധികാരവും തരുന്ന ക്രിസ്തീയമതം തീര്‍ച്ച യായും ബാബിലോണ്‍ സംവിധാനമാണ്. ജനങ്ങള്‍ക്കു ദൈവത്തിങ്കലേയ്ക്കുള്ള കവാടം തങ്ങള്‍ വെളിപ്പെടുത്തി കൊടുക്കുന്നുവെന്നാണ് ബാബിലോണ്‍ അവകാശ പ്പെടുന്നത്. എന്നാല്‍ വാസ്തവത്തില്‍ അവര്‍ ജനത്തെ നരകത്തിലേയ്ക്കാണ് നയിക്കുന്നത്. യേശു പറഞ്ഞു: ”ഞാന്‍ വാതിലാകുന്നു” (യോഹ. 10:9). യെരുശലേം എന്ന യഥാര്‍ത്ഥ ദൈവസഭയിലേയ്ക്കുള്ള വാതില്‍ അവിടുന്ന് തന്നെയാണ്.
ഭാവിയില്‍ ഉദിച്ചു വരുന്ന എതിര്‍ക്രിസ്തുവിന്റെ ഒരു മാതൃകയാണ് നിമ്രോദ്. അവനൊരു നായാട്ട് വീരനായിരുന്നു എന്ന് ഇവിടെ പറയുന്നു. ധാരാളം ആളുകള്‍ വന്യമൃഗങ്ങളാല്‍ കൊല്ലപ്പെട്ടിരുന്ന ആ കാലഘട്ടത്തില്‍ നിമ്രോദ് ഒരുപക്ഷേ ഈ വന്യമൃഗങ്ങളെ വേട്ടയാടി കൊന്ന് ആളുകളെ അവയില്‍ നിന്നും രക്ഷിച്ചിരിക്കാം. അങ്ങനെ അവനൊരു ലോകനേതാവായി. അവസാന നാളുകളില്‍ എതിര്‍ക്രിസ്തു അങ്ങനെ തന്നെയാണ്. അവന്‍ അത്ഭുതകരമായ രീതിയില്‍ ജനത്തെ രക്ഷിച്ച് അനേകരുടെ ആദരവ് നേടും. എതിര്‍ക്രിസ്തുവിനോട് വളരെ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ പ്രവാചകനുണ്ടെന്നു നാം വെളിപ്പാട് പുസ്തകത്തില്‍ വായിക്കുന്നു. അന്ത്യനാളുകളില്‍ മതവും രാഷ്ട്രീയവും ഇഴുകി ചേര്‍ന്നു പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പു വേളയില്‍ വോട്ട് നേടുന്നതിനു രാഷ്ട്രീയ നേതാക്കന്മാര്‍ മതത്തെ ഉപയോഗിക്കുന്നത് ഇന്ത്യയിലും അമേരിക്കയിലും എല്ലാം നാം കാണുന്നതല്ലേ? എന്നാല്‍ അത് യേശുക്രിസ്തുവിലുള്ള വിശ്വാസമല്ല. യേശു പറഞ്ഞു: ”എന്റെ രാജ്യം ഐഹികമല്ല” (യോഹ. 18:30). യഥാര്‍ത്ഥ വിശ്വാസത്തിന്റെ അടയാളം അതാണ്. നിമ്രോദിനെപ്പോലെ ഒരു രാജാവായി യേശുവിനെയോ അപ്പൊസ്തലന്മാരെയോ കാണാന്‍ കഴിയില്ല. അവര്‍ ദാസന്മാരായിരുന്നു. ഒരിക്കല്‍ ജനം യേശുവിനെ രാജാവാക്കുവാന്‍ ശ്രമിച്ചപ്പോള്‍ അവിടുന്ന് അവരുടെ ഇടയില്‍ നിന്നും ഓടി മറഞ്ഞു. അവിടുന്ന് ഒരിക്കലും അവരുടെ രാജാവായില്ല.
11:4-ല്‍ ജനം ഒരു ഗോപുരം പണിയുന്നതിനു തീരുമാനിച്ചു എന്നു നാം വായിക്കുന്നു. അവര്‍ പരസ്പരം പറഞ്ഞു: ”നമുക്കൊരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയാം.” ഈ ഗോപുരം ദൈവത്തിങ്കലേയ്ക്കുള്ള വാതില്‍ ആയിരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു (ബാബേല്‍). മാനുഷിക പ്രവൃത്തിയാല്‍ ദൈവത്തിങ്കലേക്ക് എത്താം എന്നത് വ്യാജമതങ്ങളുടെ ഒരു രീതിയാണ്. വ്യാജമതങ്ങള്‍ എപ്പോഴും പ്രവൃത്തിയുടെ മതമാണ്. അത് വിശ്വാസത്തിന്റെയോ ദൈവാശ്രയത്വത്തിന്റെയോ അല്ല. വ്യാജ മതങ്ങളുടെ നേതാക്കന്മാര്‍ എപ്പോഴും ശക്തരായ വ്യക്തിത്വങ്ങളും സനിമാതാരങ്ങളെ പോലെ വ്യക്തിപ്രഭാവമുള്ളവരും ആയിരിക്കും. അവര്‍ പൗലൊസിനെ പോലെ ബലഹീനരും, ആകര്‍ഷിക്കാന്‍ കഴിയാത്തവരും അല്ല. അവര്‍ പത്രൊസിനെപ്പോലെ ഒട്ടും അറിയപ്പെടാത്തവരുമല്ല. വ്യാജമതത്തിന്റെ നേതാക്കന്മാര്‍ പ്രശസ്തിയും ആദരവും സ്വയം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകന്മാര്‍ എപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടവരും ‘ദുരുപദേശക്കാര്‍’ എന്നു വിളിക്കപ്പെട്ടവരുമാണ്. അവരെ മതഭക്തിയുടെ ക്രൈസ്തവ ലോകം പുറത്താക്കുന്നു. യേശുവിനേയും അപ്പൊസ്തലന്മാരേയും സംബന്ധിച്ച് അങ്ങനെതന്നെ ആയിരുന്നു.
ബാബിലോണില്‍ പലതരം ഐക്യം നമുക്കു കാണാം. ലോകം മുഴുവന്‍ ഒരു ഭാഷ സംസാരിക്കുന്നുവെന്നാണ് ഇവിടെ പറയുന്നത്. ഇതു കേവലം സംസാരഭാഷ മാത്രമല്ല. മാനുഷിക ബുദ്ധി, മാനുഷിക കഴിവ്, മാനുഷിക മഹത്വം ഇവയിലെല്ലാം ഒരേ ഭാഷയാണ്. ഇത് ലോകത്തിന്റെ ഭാഷയാണ്. നിര്‍ഭാഗ്യവശാല്‍ പല ക്രിസ്തീയ നേതാക്കന്മാരും ഈ ഭാഷയിലാണ് സംസാരിക്കുന്നത്. യേശുക്രിസ്തു ബലഹീനതയാല്‍ ക്രൂശിക്കപ്പെട്ടു. ജനത്തെ ആകര്‍ഷിക്കുവാന്‍ തക്ക സൗന്ദര്യവും യേശുവിന് ഉണ്ടായിരുന്നില്ല (2 കൊരി. 13:4; യെശ. 53:2). അവിടുന്നു ദാസനെപ്പോലെ മറ്റുള്ളവരുടെ കാല് കഴുകി. അവിടുന്നു ഡയറക്ടര്‍ ജനറലോ, സൂപ്രണ്ടോ, അല്ലെങ്കില്‍ ഒരു പോപ്പോ ഒന്നുമായിരുന്നില്ല. ഒരു സാധാരണ മനുഷ്യന്‍ എന്നു സ്വയം വിളിച്ചു (മനുഷ്യ പുത്രന്‍). അല്ലാതെ സ്ഥാന പേരുകളൊന്നും ഉണ്ടായില്ല. ഇതൊക്കെയാണ് ഒരു യഥാര്‍ത്ഥ ദൈവദാസന്റെ അടയാളങ്ങള്‍.
ബാബിലോണില്‍ അവര്‍ പറയുന്നത്: ”വരുവിന്‍ നമുക്കു പണിയാം” എന്നാണ്. അവര്‍ക്കു ദൈവത്തോട് ആലോചന ചോദിക്കണമെന്നില്ല. സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വാതില്‍ അവര്‍ക്കു സ്വയം നിര്‍മ്മിക്കാം. വ്യാജമതങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നിസ്സഹായതയോടെ ദൈവത്തില്‍ ആശ്രയിക്കുകയില്ല. അവര്‍ ഒരുപക്ഷേ പ്രാര്‍ത്ഥിക്കുന്നവര്‍ ആയിരിക്കും. എല്ലാ മതത്തിലും പ്രാര്‍ത്ഥനയുണ്ട്. എന്നാല്‍ അത് അര്‍ത്ഥമില്ലാത്ത പ്രാര്‍ത്ഥനയാണ്. ബാലിന്റെ പ്രവാചകന്മാര്‍ കര്‍മ്മേല്‍ പര്‍വ്വതത്തില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഏലിയാവ് ഒരു നിമിഷം പ്രാര്‍ത്ഥിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും തീയിറങ്ങി വന്നു. മണിക്കൂറുകള്‍ പ്രാര്‍ത്ഥിച്ചു എന്നു നമ്മില്‍ ചിലര്‍ അഭിമാനിക്കാറുണ്ട്. അത് നല്ലതാണ്. യേശുവും രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു. ദൈവത്തില്‍ നിന്നും നിര്‍ദ്ദേശവും സഹായവും ലഭിക്കണമെന്ന ആഗ്രഹത്തോടെ നിസ്സഹായവസ്ഥയില്‍ ദൈവത്തില്‍ ആശ്രയിക്കുന്ന പ്രാര്‍ത്ഥനയ്ക്കാണ് വിലയുള്ളത്. ബാബിലോണ്‍ അവരുടെ മാനുഷിക കഴിവുകളില്‍ ആശ്രയിച്ചിരു ന്നതിനാല്‍ അവര്‍ക്കു ദൈവത്തില്‍ ആശ്രയിക്കേണ്ട ആവശ്യമില്ല. വ്യാജമതം മനുഷ്യനില്‍ തുടങ്ങുന്നു. അത് ദൈവത്തിലല്ല തുടങ്ങുന്നത്. അതിന്റെ മുദ്രാവാക്യം ‘ആദിയില്‍ മനുഷ്യന്‍’ എന്നാണ്. ‘ആദിയില്‍ ദൈവം’ എന്നല്ല (1:1 പോലെ). വ്യാജമതം മനുഷ്യനില്‍ നിന്ന് ഉത്ഭവിക്കുന്നു. അത് മനുഷ്യന്റെ തലത്തില്‍ തുടങ്ങി മനുഷ്യന്റെ മഹത്വത്തിനായി പ്രചരിപ്പിക്കപ്പെടുന്നു.
മരം, പുല്ല്, വൈയ്‌ക്കോല്‍ എന്നിവ കൊണ്ടും സ്വര്‍ണ്ണം, വെള്ളി, രത്‌നം എന്നിവ കൊണ്ടും എന്നിങ്ങനെ രണ്ടുതരം പണിയെക്കുറിച്ച് വേദപുസ്തകം പറയുന്നുണ്ട്. എന്താണ് സ്വര്‍ണ്ണം, വെള്ളി, രത്‌നം എന്നിവ കൊണ്ടുള്ള പണി? അതിനുള്ള ഉത്തരം റോമ: 11:36-ല്‍ കാണുന്നു: ”ദൈവത്തില്‍ നിന്നും, ദൈവത്തിലൂടെ, ദൈവത്തിലേയ്ക്ക്.” ഇങ്ങനെയാണ് യെരുശലേം (യഥാര്‍ത്ഥ ദൈവസഭ) പണിയപ്പെടുന്നത്. അതിനു നേരെ എതിരാണ് ”മനുഷ്യനില്‍ നിന്നും, മനുഷ്യനിലൂടെ, മനുഷ്യനിലേയ്ക്ക്” എന്നത്. ഇങ്ങനെയാണ് ബാബിലോണ്‍ പണിയപ്പെടുന്നത്.
ബാബിലോണ്‍ മനുഷ്യന്റെ ബുദ്ധിയില്‍ പണിതതാണ്. ഇന്നു ധാരാളം ക്രിസ്തീയ സംഘടനകളും ദൈവികമായല്ല മാനുഷിക ബുദ്ധിക്കനുസരിച്ചാണ് അവരുടെ പ്രവര്‍ത്തനം നടത്തുന്നത്. അവര്‍ അനുകരിക്കുന്നത് ബഹുരാഷ്ട്ര കമ്പനികളുടേയും വലിയ വ്യാപാര സ്ഥാപനങ്ങളുടേയും തത്ത്വങ്ങളാണ്. അല്ലാതെ അപ്പൊസ്തലന്മാരുടെ ഉപദേശങ്ങളല്ല. അവര്‍ തങ്ങളുടെ സംഘടനകളെ ഒരു വ്യവസായ സ്ഥാപനം പോലെ കാണുന്നു. അപ്പൊസ്തലന്മാര്‍ പണിത സഭയെ അവര്‍ മാതൃകയാക്കുന്നില്ല. എന്തുകൊണ്ട് യേശു തന്റെ സുവിശേഷം ഒരു പരസ്യ ഏജന്‍സിയെ എല്പിച്ചില്ല? പന്ത്രണ്ട് അപ്പൊസ്തലന്മാരേക്കാള്‍ ഫലപ്രദമായി അവര്‍ക്ക് ഈ കാര്യം ചെയ്യാന്‍ സാധിക്കുകയില്ലേ? എന്നാല്‍ അത് അപ്പോള്‍ മനുഷ്യന്റെ രീതി ആയി തീരും. ദൈവത്തിന്റെ രീതി തികച്ചും വ്യത്യസ്തമാണ്.
വളരെ ചുരുക്കം ആളുകള്‍ മാത്രമേ ദൈവത്തിന്റെ രീതികള്‍ അറിയുന്നുള്ളു. കാരണം വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ദൈവത്തെ അറിഞ്ഞിട്ടുള്ളത്. മനുഷ്യന്‍ മതം ഇഷ്ടപ്പെടുന്നതിനാല്‍ അവര്‍ ദൈവമില്ലെങ്കിലും മതമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ദൈവത്തോടു കൂടി ജീവിക്കുന്നത് സുഖകരമല്ല. എന്നാല്‍ മതത്തോടു ചേര്‍ന്നു ജീവിക്കുന്നത് സുഖകരമാണ്. ദൈവത്തോടു കൂടെ ജീവിച്ചുകൊണ്ട് നിങ്ങള്‍ക്കു ലോകത്തില്‍ ഒരു മഹാനാകാന്‍ സാധിക്കുകയില്ല. എന്നാല്‍ ‘ക്രിസ്തുമത’ത്തോടു ചേര്‍ന്നു ജീവിച്ചുകൊണ്ട് ലോകത്തില്‍ ഒരു മഹാനാകാന്‍ സാധിക്കും. അതുകൊണ്ട് മനുഷ്യനു ദൈവത്തെ വേണ്ട. അനേകം വിശ്വാസികള്‍ പോലും ദൈവമില്ലെങ്കിലും ക്രിസ്തുമതമുണ്ടായാല്‍ മതിയെന്നു ചിന്തിക്കുന്നവരാണ്. യേശുവിന്റെ നുകം അവരുടെമേല്‍ വയ്ക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല.
ബാബിലോണ്‍ മനുഷ്യബലത്താല്‍ പണിയപ്പെടുന്നു. അതിനു പരിശുദ്ധാത്മ അഭിഷേകമോ ദൈവം നല്‍കുന്ന വരങ്ങളോ ആവശ്യമില്ല. സ്വാഭാവിക കഴിവുകള്‍, നല്ല സംഗീതം, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഇവയെല്ലാം ഉപയോഗിച്ച് കാര്യങ്ങള്‍ നടത്തുന്നു. അങ്ങനെ ചെയ്യുന്ന ദൈവിക വേലയുടെ നിലവാരം താഴ്ന്നിരിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ആദ്യ അപ്പൊസ്തലന്മാര്‍ അറിഞ്ഞിരുന്ന ശക്തി നാം അറിയുന്നില്ല. ഇന്നു പലരും അവകാശപ്പെടുന്ന പരിശുദ്ധാത്മ സ്‌നാനം വ്യാജമാണെന്നാണ് എന്റെ ബോദ്ധ്യം. അത് ജഡത്തില്‍ നിന്നു വന്ന് അവരെ തൃപ്തിപ്പെടുത്തുന്ന ഒരു മാനസിക അനുഭവം മാത്രമാണ്. പെന്തക്കൊസ്തുനാളില്‍ അപ്പൊസ്തലന്മാര്‍ക്കു ലഭിച്ചതിന് ഇതുമായി ഒരു ബന്ധവുമില്ല. യേശുവിലും അപ്പൊസ്തലന്മാരിലും ഉണ്ടായിരുന്ന യഥാര്‍ത്ഥ പരിശുദ്ധാത്മ അഭിഷേകം ഇന്നു ചുരുക്കം ചിലര്‍ മാത്രമാണ് അനുഭവിക്കുന്നത്. സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് യേശു അപ്പൊസ്തലന്മാര്‍ക്കു വാഗ്ദാനം ചെയ്ത യഥാര്‍ത്ഥ ആത്മാവിനെ പ്രാപിക്കുവാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അങ്ങനെ മാത്രമേ നമുക്ക് യഥാര്‍ത്ഥമായി ദൈവത്തെ സേവിക്കുവാന്‍ സാധിക്കു. പരിശുദ്ധാത്മാവിന്റെ പേരില്‍ ഇന്നു നടക്കുന്ന പലതും വ്യാജമാണെന്നു ഞാന്‍ എന്തുകൊണ്ട് പറയുന്നു? കാരണം വ്യാജപ്രവാചകന്മാരെ അവരുടെ ഫലം കൊണ്ട് തിരിച്ചറിയണമെന്നാണ് യേശു പറഞ്ഞിരിക്കുന്നത്. പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചു എന്നു പറയുന്ന അനേക രിലും പണസ്‌നേഹം വളരെ വ്യക്തമായി കാണുന്നു. അതു തീര്‍ച്ചയായും ദൈവത്തില്‍ നിന്നുളളതല്ല. കാരണം പരിശുദ്ധാത്മാവ് പണസ്‌നേഹിയല്ല. ഈ മനുഷ്യര്‍ അധികാരവും സ്ഥാനവും മനുഷ്യരുടെ മാനവും ഇഷ്ടപ്പെടുന്നു. ഇതൊന്നും തന്നെ ആത്മാവിന്റെ ഫലമല്ല. അപ്പോള്‍ അവരുടെ ശക്തി മറ്റെവിടെ നിന്നോ ഉത്ഭവിക്കുന്നതാണ്. അത് മറ്റൊരു ആത്മാവാണ്.
ബാബിലോണ്‍ മനുഷ്യന്റെ മഹത്വത്തിനു വേണ്ടി പണിതതാണ്. ”നമുക്കൊരു പേരുണ്ടാക്കാം” എന്നാണ് 11:4-ല്‍ നാം വായിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ദാനിയേലിന്റെ പുസ്തകം 4:30-ല്‍ നെബുഖദ്‌നേസര്‍ താന്‍ പണിത പട്ടണത്തെ നോക്കിയെന്നു നാം വായിക്കുന്നു. 25 കിലോമീറ്റര്‍ നീളവും വീതിയും ആയി ചതുരാകൃതിയിലുള്ള പട്ടണമായിരുന്നു അതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതിന്റെ മതിലുകള്‍ക്കു 87 അടി കനവും 350 അടി ഉയരവുമുണ്ടായിരുന്നു. ലോകാത്ഭുതങ്ങളില്‍ ഒന്നായ മനോഹരമായി ‘തൂങ്ങിക്കിടക്കുന്ന പൂന്തോട്ടം’ അവിടെയാണ് സ്ഥിതി ചെയ്തിരുന്നത്. നെബുഖദ്‌നേസര്‍ ഇങ്ങനെ പറഞ്ഞു: ”എന്റെ ശക്തിയുടെ പ്രഭാവ ത്താല്‍ എന്റെ മഹത്വത്തിനായി ഞാന്‍ തന്നെ നിര്‍മ്മിച്ച മഹത്തായ ബാബിലോണ്‍ അല്ലയോ ഇത്?” ബാബേല്‍ ഗോപുരം പണിതതിനു 2000 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നെബുഖദ്‌നേസര്‍ ജീവിച്ചത്. എന്നാല്‍ അതേ ആത്മാവ് അവനിലുണ്ടായി. നെബുഖദ്‌നേസറിനു 2500 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നത്തെ ക്രിസ്തീയ ഗോളത്തിലും ഇതേ ആത്മാവ് നാം കാണുന്നു. ഇതാണ് ബാബിലോണ്‍-മനുഷ്യനില്‍ നിന്നും മനുഷ്യനിലൂടെ മനുഷ്യനിലേക്ക്. അത് യെരുശലേമിനു നേരെ വിപരീതമാണ്.
11:5-ല്‍ നാം വായിക്കുന്നു: ”മനുഷ്യന്‍ പണിതതു കാണാന്‍ ദൈവം ഇറങ്ങി വന്നു.” ഓര്‍ക്കുക നാം എന്താണ് പണിതതെന്നു പരിശോധിക്കുവാന്‍ ദൈവം ഇറങ്ങി വരും. അവിടുന്നു വരുന്നത് നമ്മുടെ സഭയുടെയോ സംഘടനയുടെയോ ശക്തി പരിശോധിക്കുവാനല്ല. എന്നാല്‍ അത് പണിതതിനു പിമ്പിലുള്ള മനോഭാവമാണ് അവിടുന്നു പരിശോധിക്കുന്നത്. ആരുടെ മഹത്വത്തിനു വേണ്ടിയാണിത് പണിതത്? ബാബേല്‍ ഗോപുരത്തിന്റെ വലുപ്പമാണ് അവിടുന്നു പരിശോധിച്ചതെങ്കില്‍ അവിടുന്ന് അതില്‍ പ്രീതിപ്പെടുമായിരുന്നു. എന്നാല്‍ ദൈവം ഇറങ്ങി വന്നു മറ്റ് ചിലതാണ് നോക്കിയത്. ഇന്നും അവിടുന്ന് ഇറങ്ങി വന്നു മറ്റ് ചിലത് നോക്കുന്നു.
യെരുശലേം- അബ്രാഹാം- മല്‍ക്കീസേദെക്
12:1-ല്‍ യഥാര്‍ത്ഥ യെരുശലേമിന്റെ തുടക്കം നാം കാണുന്നു. യെരുശലേം തലസ്ഥാനമായി യിസ്രായേല്‍ എന്നൊരു രാഷ്ട്രം അബ്രാഹാം എന്ന വ്യക്തിയിലൂ ടെയാണ് തുടങ്ങുന്നത്. അബ്രാഹാം ഇല്ലാതെ യെരുശലേം ഉണ്ടാകുമായിരുന്നില്ല. ബാബിലോണില്‍ നാം കണ്ടിരുന്ന പലതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിലത് അബ്രാഹാമില്‍ നാം കാണുന്നു. അവിടെ ഇങ്ങനെ പറയുന്നു: ”യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തേയും നിന്റെ ജനങ്ങളേയും നിന്റെ പിതൃഭവനക്കാരെയും വിട്ട് ഞാന്‍ കാണിക്കാനിരിക്കുന്ന ദേശത്തേയ്ക്കു പോകുക.”
”ഞാന്‍ വളരെ നാളുകളായി ഊരില്‍ ജീവിക്കുന്നു. ഇനി മറ്റ് എവിടേയ്‌ക്കെങ്കിലും മാറി താമസിക്കാം.” ഇങ്ങനെയൊരു ചിന്ത ഒരു സുപ്രഭാതത്തില്‍ ഉണ്ടായതിനെ തുടര്‍ന്നു ബാബേലില്‍ ഉള്ളവരെ പോലെ സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയല്ല അബ്രാഹാം ഇവിടെ. അവന്റെ നീക്കങ്ങള്‍ പൂര്‍ണ്ണമായും ദൈവിക അരുളപ്പാടിനനുസരിച്ചായിരുന്നു. അബ്രാഹാമിനിപ്പോള്‍ 75 വയസ്സ് പ്രായമുണ്ട്. ദൈവശബ്ദം കേള്‍ക്കുന്നതിനു 75 വര്‍ഷമോ അതിലധികമോ കാത്തിരുന്നാലും അത് നല്ലതാണ്. മോശെ 40 വര്‍ഷം ഒരു ഇടയനായി കാത്തിരുന്നതിനു ശേഷം ദൈവം അരുളിച്ചെയ്തപ്പോള്‍ മാത്രമാണ് മുന്നോട്ട് പോയത്. പിന്നീട് അവന്‍ നിവര്‍ത്തിച്ച കാര്യങ്ങള്‍ ഓര്‍ക്കുക! നാം എല്ലാം എഴുപത്തിയഞ്ചോ എണ്‍പതോ വയസ്സുവരെ കാത്തിരിക്കണമെന്നല്ല ഞാന്‍ പറയുന്നത്. ”ദൈവത്തില്‍ നിന്നു കേട്ടതിനു ശേഷം നീങ്ങുക” എന്നതു മാത്രമാണ് ഞാന്‍ പറയുന്നത്. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ തിരക്കുള്ള മനുഷ്യന് അതിനുള്ള സമയമുണ്ടെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല. അവനതിനു സമയമില്ല.
ഞാന്‍ ഒരു ചെറുപ്പക്കാരനായിരുന്നപ്പോള്‍ തന്നെ ഈയൊരു പാഠം എന്നെ പഠിപ്പിച്ചതിനു ദൈവത്തോട് ഞാന്‍ നന്ദിയുള്ളവനാണ്. ”നിന്നെ നടത്തുവാന്‍ ഒരു മനുഷ്യനേയും അനുവദിക്കരുത്. ദൈവം മാത്രം നിന്നെ നടത്തട്ടെ.” എന്റെ സഹ പ്രവര്‍ത്തകരടക്കം പല നല്ലയാളുകളും പല കാര്യങ്ങള്‍ ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. ഞാന്‍ അവരുടെ ഉപദേശങ്ങള്‍ കേള്‍ക്കും. എന്നാല്‍ ദൈവം എന്നോട് സംസാരിക്കാതെ ഞാന്‍ പ്രവര്‍ത്തിക്കുകയില്ല. കാരണം ഞാന്‍ ദൈവ ശബ്ദം കേള്‍ക്കാതെ മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അതൊരു ദുരന്തമായി തീരുമെന്നു ഞാന്‍ അറിഞ്ഞിരുന്നു. നമ്മുടെ സഹപ്രവര്‍ത്ത കരുടെ അഭിപ്രായം മാനിക്കരുതെന്നല്ല ഞാന്‍ പറയുന്നത്. നാം കേള്‍ക്കുന്ന അവസാന വാക്കു ദൈവത്തിന്റേതായിരിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ദൈവം അബ്രാഹാമിനോട് പറഞ്ഞു: ”പോകുക.” അവന്‍ പോയി. ദൈവം മോശെയോട് പറഞ്ഞു: ”പോകുക.” അവന്‍ പോയി. ദൈവം പൗലൊസിനോട് പറഞ്ഞു: ”പോകുക.” അവന്‍ പോയി. തങ്ങളുടെ ജീവിതം കൊണ്ട് ചിലത് സഫലീകരിച്ച ആളുകളാണിവര്‍. ഇന്ന് ആളുകള്‍ ദൈവത്തിനായി എന്തെങ്കിലും ചെയ്യണമെന്ന തരത്തില്‍ പരക്കം പായുകയാണ്. നിത്യതയില്‍ മൂല്യമുള്ളതൊന്നും അവര്‍ സഫലീകരിക്കുന്നില്ല. കണക്കുകള്‍ ഒരുപക്ഷേ ആകര്‍ഷകമായി തോന്നാം. എന്നാല്‍ അതെല്ലാം ബാബിലോണ്യ മതമാണ്. യെരുശലേം അല്ല.
”വരിക, നമുക്കു ദൈവത്തിനായി ചിലത് ചെയ്യാം. നമുക്കു ഇഷ്ടികയുണ്ടാക്കാം. നമുക്കു കുമ്മായകൂട്ടുണ്ടാക്കാം. നമുക്കെന്തെങ്കിലുമൊക്കെ ചെയ്യാം.” ഇങ്ങനെ നിങ്ങള്‍ക്കു മറ്റ് മനുഷ്യരില്‍ മതിപ്പുണ്ടാക്കാന്‍ സാധിക്കും. ”നമുക്കൊരു പേരുണ്ടാക്കാം.” ബാബിലോണ്‍ നഗരം പണിത് നെബുഖദ്‌നേസറിനു ലഭിച്ചതു പോലെയുള്ള പ്രശസ്തി നിങ്ങള്‍ക്കും ലഭിക്കും. ഇന്നത്തെ ക്രിസ്തീയ വേലയില്‍ നടക്കുന്നത് ഇതാണ്. അതു തന്നെയാണ് വെളിപ്പാട് 17,18 അധ്യായങ്ങളിലെ സന്ദേശവും. എന്നാല്‍ അബ്രാഹാം ദൈവത്തില്‍ നിന്നും ”പോകുക” എന്നു കേള്‍ക്കുന്നതിനു കാത്തിരുന്നു.
ശ്രദ്ധിക്കുക, അബ്രാഹാം ദൈവത്തില്‍ നിന്നുള്ള നിര്‍ദ്ദേശം കൂടാതെ മുന്നോട്ടു പോയ സന്ദര്‍ഭങ്ങളിലെല്ലാം ചില പ്രശ്‌നങ്ങളുണ്ടാകുന്നതായി നാം കാണുന്നു. ഇതിനൊരു ഉദാഹരണം നാം ഇവിടെ വായിക്കുന്നു. കല്ദയരുടെ പട്ടണമായ ഊരു വിട്ട് താന്‍ നടത്തുന്നയിടത്തേയ്ക്കു പോവുക എന്നു ദൈവം അരുളിച്ചെയ്തത് അബ്രാഹാമിനോടാണ്. എന്നാല്‍ 11:31-ല്‍ നാം വായിക്കുന്നത് തേരഹ് (അബ്രാഹാ മിന്റെ പിതാവ്) അബ്രാഹാമിനെയും കൂട്ടി ഊരു വിട്ട് പുറപ്പെട്ടു എന്നാണ്. എന്നാല്‍ എന്താണ് ദൈവം അബ്രാഹാമിനോട് പറഞ്ഞത്? ”നിന്റെ ബന്ധുക്കളെയും പിതൃ ഭവനത്തേയും വിടുക.” എന്നാല്‍ നാം ഇവിടെ കാണുന്നത് 75 വയസ്സുള്ള അബ്രാഹാം തന്റെ പിതാവിന്റെ കയ്യും പിടിച്ചു മുന്നോട്ടു പോകുന്നതാണ്. അങ്ങനെയാണ് അബ്രാഹാം തുടങ്ങിയത്.
ദൈവഹിതം ചെയ്യുന്നതില്‍ നിന്നും നിങ്ങളെ ഒന്നാമത് തടയുന്നത് നിങ്ങളുടെ ബന്ധുജനങ്ങള്‍ തന്നെ ആയിരിക്കും. നിങ്ങളുടെ മാതാപിതാക്കള്‍, നിങ്ങളുടെ സഹോദരന്മാര്‍, നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യ, മക്കള്‍ എന്നിവരെല്ലാം. യേശു പറഞ്ഞു: ”എന്നെ അനുഗമിക്കുന്ന ഒരാള്‍ തന്റെ പിതാവിനേയും മാതാവി നേയും സഹോദരന്മാരേയും സഹോദരിമാരേയും ഭാര്യയേയും മക്കളേയും പകയ്ക്കു ന്നില്ലെങ്കില്‍ എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല” (ലൂക്കൊ. 14:26). നിങ്ങള്‍ക്കു ദൈവത്തെ അനുഗമിക്കുവാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ നിങ്ങളുടെ പിതാവോ നിങ്ങളുടെ ഭാര്യയോ ഒരുപക്ഷേ ”വേണ്ട” എന്നു പറയും.
അങ്ങനെ തേരഹ് അബ്രാഹാമിനേയും കൂട്ടി ഹാരാനില്‍ വന്നു പാര്‍ത്തു (11:31). അത് ദൈവഹിതമായിരുന്നില്ല. തേരഹിന്റെ തീരുമാനപ്രകാരമാണ് അവര്‍ അവിടെ പാര്‍ത്തത്. ഹാരാനില്‍ കന്നുകാലികളെ മേയിക്കുവാന്‍ പറ്റിയ നല്ല പുല്‍മേടുകള്‍ ഉണ്ടാകാം. എന്നാല്‍ അത് ദൈവം തിരഞ്ഞെടുത്ത സ്ഥലമായിരുന്നില്ല. അബ്രാഹാം തന്റെ പിതാവിനോടൊപ്പം അവിടെ പാര്‍ത്തു. തെറ്റുകള്‍ ചെയ്തിട്ടുള്ള ഒരു മനുഷ്യനാണ് അബ്രാഹാം. അവന്‍ ചെയ്ത ആദ്യ തെറ്റ് തന്റെ പിതാവിന്റെ വാക്കു കേട്ട് ദൈവം അവനോട് പറഞ്ഞതിനു വിപരീതമായി പ്രവര്‍ത്തിച്ചു എന്നതാണ്. അതിനാല്‍ ദൈവം എന്തു ചെയ്തു? ഇത്തരം സാഹചര്യങ്ങളെ നിസ്സാരമായി കൈകാര്യം ചെയ്യുവാന്‍ ദൈവത്തിനു സാധിക്കും. അവിടുന്നു തേരഹിനെ മരണം വഴി നീക്കി (11:32). പിന്നീട്: ”യഹോവ കല്പിച്ചതു പോലെ അബ്രാഹാം യാത്ര പുറപ്പെട്ടു” (12:4).
നിങ്ങള്‍ മുന്നോട്ട് പോകുന്നതിനു ദൈവം ഇത്തരത്തില്‍ കര്‍ക്കശമായി ഇടപെ ടേണ്ട കാര്യമുണ്ടോ? ദൈവം നിങ്ങളെ സ്‌നേഹിക്കുന്നതിനാല്‍ ഇതുപോലെ കാര്‍ക്ക ശ്യത്തോടെ ചിലപ്പോള്‍ ഇടപെടും. നിങ്ങളൊരു ഒത്തു തീര്‍പ്പുകാരാണെന്നു കണ്ടാല്‍, നിങ്ങളുടെ ജീവിത കാലം മുഴുവന്‍ ഹാരാനില്‍ തുടരാന്‍ ദൈവം അനുവദിക്കുകയും ദൈവഹിതം പൂര്‍ണ്ണമായി നഷ്ടപ്പെടുകയും ചെയ്യും. ദൈവ ത്തോട് ചേര്‍ന്നു നീങ്ങുവാന്‍ പഠിക്കുക. ദൈവത്തെ അറിയാത്ത ബന്ധുജനങ്ങളെ ശ്രദ്ധിക്കാതിരിക്കുക. നിങ്ങളുടെ പിതാവ് ദൈവത്തെയറിഞ്ഞ ഒരു ആത്മീയനാ ണെങ്കില്‍ തീര്‍ച്ചയായും അവനില്‍ നിന്നും പഠിക്കുക. എന്നാല്‍ ലോകക്കാരനായ ഒരു പിതാവില്‍ നിന്നും അരുത് (ഞാന്‍ ഒരു ആത്മീയ പ്രമാണമാണ് ഇവിടെ സൂചിപ്പിക്കുന്നത്). ഒടുവില്‍ അബ്രാഹാം കനാനില്‍ എത്തിയപ്പോള്‍ ദൈവം അബ്രാഹാമിനു പ്രത്യക്ഷനായി അരുളിച്ചെയ്തു: ”നിന്റെ സന്തതികള്‍ക്ക് ഈ ദേശം ഞാന്‍ നല്‍കും.” (12:5,7).
ദൈവം വീണ്ടും അബ്രാഹാമിനെ പരീക്ഷിച്ചു. ദൈവം ആദാമിനെ പരീക്ഷിച്ചു. അബ്രാഹാമിനെ പരീക്ഷിച്ചു. അവിടുന്നു എന്നേയും നിങ്ങളേയും പരീക്ഷിക്കും. ഇത്തവണ ഒരു ക്ഷാമത്തിലൂടെയാണ് ദൈവം പരീക്ഷിച്ചത് (12:10). ദൈവം കനാനിലേയ്ക്കു പോകുവാന്‍ ആവശ്യപ്പെടുകയും കനാനില്‍ ഒരു ക്ഷാമ മുണ്ടാകുകയും ചെയ്താല്‍ നിങ്ങള്‍ എന്താണു ചെയ്യുക? നിങ്ങള്‍ക്കു നിങ്ങള്‍ കാണുന്നതിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാം. അല്ലെങ്കില്‍ ദൈവം തന്റെ ആത്മാവിനാല്‍ നിങ്ങളോട് അരുളിച്ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാം. യേശുവിനെ സംബന്ധിച്ചുള്ള മനോഹരമായ ഒരു വാക്യമുണ്ട്. ”അവിടുന്നു കണ്ണു കൊണ്ട് കാണുന്നതിനനുസരിച്ച് വിധിക്കുകയോ ചെവികൊണ്ട് കേള്‍ക്കുന്നതി നനുസരിച്ച് തീരുമാനിക്കുകയോ ചെയ്യുകയില്ല” (യെശയ്യ.11:3). എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല ജീവിക്കുന്നത്. കനാനില്‍ ഒരു ക്ഷാമമുണ്ടെന്നു കേള്‍ക്കുകയോ കാണുകയോ ചെയ്താല്‍ നമ്മുടെ കണ്ണും ചെവിയും ബുദ്ധിയും ഉപദേശിക്കുന്ന തിനനുസരിച്ച് ഉടനെ ഒരു തീരുമാനമെടുക്കുന്നു. കനാന്‍ ഇപ്പോള്‍ താമസിക്കുവാന്‍ പറ്റിയ സ്ഥലമല്ലെന്ന് ഉറപ്പായി തീരുമാനിക്കുന്നു. നാം ദൈവത്തോട് ഒരു ആലോ ചനയും ചോദിക്കുന്നില്ല. കാരണം നാം നമ്മുടെ തിരിച്ചറിവിന്റെ അടിസ്ഥാന ത്തിലാണ് ജീവിക്കുന്നത്. അതാണ് അബ്രാഹാം ചെയ്തത്. ”അതിനാല്‍ അബ്രാഹാം ഈജിപ്തിലേയ്ക്കു പോയി” (12:10). ഈജിപ്തിലേയ്ക്കു പോകുവാന്‍ അവനോട് ആരാണ് പറഞ്ഞത്? ദൈവമല്ല. അവന്റെ ഇന്ദ്രിയബോധമാണ്!
ക്ഷാമകാലത്ത് ഒരു മനുഷ്യനെ സംരക്ഷിക്കുവാന്‍ ദൈവത്തിനു കഴിയുകയില്ലേ? തീര്‍ച്ചയായും കഴിയും. ”യഹോവയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍ വരള്‍ച്ചയുള്ള കാലത്തും ഫലം പുറപ്പെടുവിക്കും” (യിരെമ്യാ. 17:5-8). യഹോവയില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ ദൈവം പറയാതെ അനങ്ങുകയില്ല. മരുഭൂമിയില്‍ സാത്താ നാല്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ നമ്മുടെ കര്‍ത്താവു പറഞ്ഞതും അതു തന്നെയാണ്. കല്ലുകളെ അപ്പമാക്കുവാന്‍ സാത്താന്‍ യേശുവിനോട് പറഞ്ഞു. മരുഭൂമിയില്‍ ഭക്ഷണത്തിനു ക്ഷാമമുണ്ടായിരുന്നു. എന്നാല്‍ യേശു മറുപടി പറഞ്ഞു: ”മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ നിന്നും വരുന്ന ഓരോ വാക്കുകള്‍ കൊണ്ടും കൂടിയാണ് ജീവിക്കുന്നത്”(മത്താ. 4:4).
എന്നാല്‍ അബ്രാഹാം അങ്ങനെയല്ല ജീവിച്ചത്. അവന്‍ അപ്പംകൊണ്ട് ജീവിക്കു വാന്‍ തീരുമാനിച്ചു. അതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമായിരുന്ന ഈജിപ്തി ലേയ്ക്ക് അവന്‍ പോയി. അങ്ങനെയാണ് ഇന്നു പല ക്രിസ്തീയ വേലകളും നടക്കു ന്നത്. പല ക്രിസ്തീയ വേലക്കാരും ദൈവം അവരോട് ആവശ്യപ്പെടുന്ന യിടത്തേയ്ക്കല്ല പോകുന്നത്. അവര്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നയിടത്തേയ്ക്കു പോകുന്നു. അപ്പം ഉള്ളയിടത്തേയ്ക്കു പോകുന്നു. പണത്തിനു ക്ഷാമമില്ലാത്ത സംഘടനകളില്‍ അവര്‍ ചേരുന്നു. ക്ഷാമകാലത്ത് ഈജിപ്ത് അവര്‍ക്കു സുഖകരമായ ഒരു സ്ഥലമായി മാറുന്നു. എന്നാല്‍ നിങ്ങള്‍ ആയിരിക്കണമെന്നു ദൈവം ആഗ്രഹി ക്കുന്ന സ്ഥലമാണോ അതെന്നുള്ളതാണു ചോദ്യം. ദൈവം കനാനിലേയ്ക്കു നിങ്ങളെ വിളിക്കുമ്പോള്‍ ഈജിപ്തിലേക്കു പോകരുത്. ദൈവം നിങ്ങളോട് ഇപ്പോള്‍ പറയുന്നത് കേട്ടില്ലെങ്കില്‍ പരീക്ഷ സമയത്ത് നിങ്ങള്‍ അതു തന്നെ ചെയ്യും. യേശു ചെയ്തപോലെ ദൈവത്തിന്റെ വായില്‍ നിന്നും വരുന്ന വാക്കുകളാല്‍ ജീവിക്കുക. അവിടുത്തെ മനോഭാവം ഇതായിരുന്നു: ”തീര്‍ച്ചയായും നമുക്കു ജീവിക്കുന്നതിന് അപ്പം ആവശ്യമുണ്ട്. എന്നാല്‍ ദൈവത്തെ അനുസരിക്കുകയെന്നത് ജീവിതത്തില്‍ അതിലേറെ ആവശ്യമുള്ള കാര്യമാണ്.”
യേശുവിനെ സാത്താന്‍ ഇങ്ങനെ പരീക്ഷിച്ചുവെങ്കില്‍, ”അപ്പം” ഉള്ളയിട ത്തേയ്ക്കു പോകുവാന്‍ നിങ്ങളേയും അവന്‍ പരീക്ഷിക്കുകയില്ല എന്നു കരുതുന്നു ണ്ടോ? നിങ്ങള്‍ ഒരു പൂര്‍ണ്ണസമയ ക്രിസ്തീയ പ്രവര്‍ത്തകനായിരിക്കെ ഒരു സാമ്പ ത്തിക ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, സാത്താന്‍ നിങ്ങളോട് കൂടുതല്‍ പണം ലഭിക്കുന്ന മറ്റൊരു സംഘടനയിലൊ സഭയിലൊ ചേരുന്നതിന് ആവശ്യപ്പെടും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സാത്താന്റെ വാക്കു കേട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കാതിരിക്കുവാന്‍ ദൈവം നിങ്ങളോട് കരുണ കാണിക്കട്ടെ.
അബ്രാഹാം ഈജിപ്തിലേക്കു പോയതിന്റെ ഫലമെന്താണ്? അദ്ദേഹത്തിന്റെ ഭാര്യ തന്റെ സഹോദരിയാണെന്നു ഭോഷ്‌കു പറയേണ്ടി വന്നു. നിങ്ങള്‍ ഈജിപ്തി ലേക്കു പോകുമ്പോള്‍ ധാരാളം പ്രശ്‌നങ്ങളില്‍ ചെന്നു പെടാം. അപ്പോള്‍ ധാരാളം കളവ് പറയേണ്ടിവരും. വ്യാജറിപ്പോര്‍ട്ടുകള്‍ എഴുതും. നൂറു ശതമാനം സത്യമല്ലാത്ത പല കാര്യങ്ങളും പറയും. മനഃസാക്ഷി ഒത്തുതീര്‍പ്പിനു വിധേയമാകും. അങ്ങനെ പലതും സംഭവിക്കും.
സാറായിക്കു 65-70 വയസ്സ് പ്രായമായിരുന്നപ്പോഴും അവള്‍ ഈജിപ്തിലെ രാജാവായ ഫറവോനു തന്റെ അരമനയിലേക്കു കൊണ്ടുപോകാന്‍ തക്കവണ്ണം കാഴ്ചയില്‍ ആകര്‍ഷിക്കത്തക്ക സൗന്ദര്യം ഉള്ളവളായിരുന്നു. തന്റെ ഭാര്യ ഫറവോന്റെ അരമനയിലേക്കു പോയാല്‍ കളങ്കപ്പെടും എന്ന അറിവ് അബ്രാഹാമി നുണ്ടായിരുന്നുവെങ്കിലും അവന്‍ സ്വന്ത ജീവനെ സ്‌നേഹിച്ചിരുന്നതിനാല്‍ ഫറവോനോട് സത്യം പറഞ്ഞില്ല എന്നതാണ് ദുഃഖകരമായ കാര്യം. ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തില്‍ ആയിരിക്കുമ്പോഴാണ് നാം സത്യത്തെ സ്‌നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയുന്നത്.
അതിനാല്‍ വലിയവനായ അബ്രാഹാം വളരെ ഗുരുതരമായ തെറ്റുകള്‍ ചെയ്ത ഒരുവനാണെന്നു നാം കാണുന്നു. ആദ്യം അവന്‍ തന്റെ പിതാവിന്റെ കൈകളില്‍ തൂങ്ങി ദൈവത്തെ അനുസരിക്കാതെയിരുന്നു. പിന്നീട് തന്റെ ഭാര്യ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായപ്പോഴും സ്വന്തജീവന്റെ രക്ഷയ്ക്കായി കളവ് പറഞ്ഞു. അങ്ങനെയുള്ള ഒരു മനുഷ്യനെയാണ് ദൈവം തിരഞ്ഞെടുത്തത്. സ്വാര്‍ത്ഥനും ബലഹീനനുമായ ഒരു മനുഷ്യന്‍! അബ്രാഹാം നമ്മെ പോലെയുള്ള ഒരുവനാണ്. അതാണ് നമുക്ക് ഉത്സാഹം തരുന്നത്. നമ്മെയും ദൈവത്തിന് ഉപയോഗിക്കുവാന്‍ സാധിക്കും.
എന്നാല്‍ ദൈവം അബ്രാഹാമിനെ രണ്ടു സാഹചര്യത്തിലും രക്ഷിച്ചു. ദൈവം അവനെ ഹാരാനില്‍ നിന്നും രക്ഷിച്ചു. അതുപോലെ സാറായെ ഫറവോനില്‍ നിന്നും രക്ഷിച്ചു. അതുപോലെ ദൈവം നമ്മേയും നാം തെറ്റുകള്‍ വരുത്തുമ്പോള്‍, നമ്മുടെ ഹൃദയത്തിലും അബ്രാഹാമിനെ പോലെ സത്യസന്ധതയുണ്ടെങ്കില്‍ രക്ഷിക്കും. അതാണ് നമുക്ക് ഉത്സാഹം തരുന്നത്.
കളവു പറഞ്ഞതിന് അബ്രാഹാമിനെ ശാസിക്കുന്നത് ഫറവോനാണ്! (12:18). ജാതീയനായ ഒരു രാജാവ് ദൈവത്തിന്റെ പ്രവാചകനെ കളവ് പറഞ്ഞതിനു ശാസിക്കുന്ന ഒരു സാഹചര്യം ഒന്ന് ഓര്‍ത്തു നോക്കുക. ചില സന്ദര്‍ഭങ്ങളില്‍ ദൈവജനം ഒത്തുതീര്‍പ്പില്‍ ആകുമ്പോള്‍ ലോകക്കാര്‍ അവരെ തിരുത്തേണ്ട സാഹചര്യമുണ്ടാകുന്നു. അത് സംഭവിക്കുന്നത് നാം ഈജിപ്തിലേക്കു പോകുമ്പോഴാണ്.
ഇനി ഗൗരവമുള്ള ചില കാര്യങ്ങള്‍ പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈജിപ്തില്‍ നടന്ന ചില കാര്യങ്ങളുടെ അനന്തര ഫലങ്ങള്‍ ഇന്നും തുടരുന്നതിനെപ്പറ്റിയാണ്. അബ്രാഹാം ഈജിപ്തില്‍ ആയിരുന്നപ്പോള്‍ അവിടെയുള്ള ധനികരുടെ ഭവനങ്ങളില്‍ ദാസികളെ (വനിതകളായ വേലക്കാര്‍) കണ്ടു. തുടര്‍ന്നു തന്റെ ഭവനത്തിലും ഒരു ദാസിയെ വേലയ്ക്കായി കൊണ്ടുവന്നു. അവളുടെ പേരു ഹാഗര്‍ എന്നായിരുന്നു. ഈജിപ്തില്‍ നിന്നു മടങ്ങിയപ്പോള്‍ അബ്രാഹാം ആ ദാസിയേയും കൂടെ കൊണ്ടുവന്നു. കൂടാരത്തിലെ ജോലികള്‍ ചെയ്യാന്‍ സാറായ്ക്ക് ഒരു സഹായി ആയിരുന്നു ഹാഗര്‍ എന്ന ദാസി. പിന്നീട് സാറായ്ക്കു കുട്ടികളുണ്ടാകാതെയിരുന്നപ്പോള്‍ ആ പ്രശ്‌നത്തിനും ഹാഗാര്‍ അവള്‍ക്ക് ഒരു തുണയായി നിന്നു! എന്നാല്‍ ഹാഗാറിലൂടെ വന്ന ഇസ്മായേലിന്റെ സന്തതി പരമ്പരയും യിസ്ഹാക്കിന്റെ സന്തതി പരമ്പരയും തമ്മില്‍ കഴിഞ്ഞ 4000 വര്‍ഷം ഏറ്റുമുട്ടലിന്റെ പാതയിലാണ്. നിങ്ങള്‍ ഒരുപക്ഷേ ഇങ്ങനെ പറയും: ”ഞാന്‍ മിക്കവാറും സമയം ദൈവത്തെ അനുസരിക്കാറുണ്ട്.” വളരെ നല്ലത്. എന്നാല്‍ നാം ഇവിടെ കാണുന്നത് കേവലം ഒരു തവണ ദൈവത്തെ കേള്‍ക്കാതിരുന്നതിന്റെ അനന്തര ഫലങ്ങള്‍ ആണ്. ഈ സന്ദേശത്തിന്റെ ഗൗരവം എല്ലാവരും ഉള്‍ക്കൊള്ളു മെന്നു ഞാന്‍ കരുതുന്നു.
ആരാണ് യെരുശലേം പണിയുന്നത്? ദൈവത്തെ ശ്രദ്ധയോടെ കേള്‍ക്കുന്ന മനുഷ്യരാണ് അത് പണിയുന്നത്. ഒരു ക്ഷാമമുണ്ടാകുമ്പോള്‍ നാം ദൈവമുമ്പാകെ കാത്തിരുന്ന് ഇങ്ങനെ പറയണം: ”ദൈവമേ, ഞാന്‍ എന്തു ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്?” നാം എവിടേയ്‌ക്കെങ്കിലും പോകണം എന്നായി രിക്കും ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. ചില അവസരത്തില്‍ പോകാതിരി ക്കാനായിരിക്കും ആവശ്യപ്പെടുക. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ക്ഷാമമുണ്ടായപ്പോള്‍ യാക്കോബിനോട് ദൈവം ഈജിപ്തിലേയ്ക്കു പോകുവാന്‍ ആവശ്യപ്പെടുന്നത് നാം കാണുന്നു. എന്നാല്‍ അബ്രാഹാമിനെ സംബന്ധിച്ച് ദൈവഹിതം അതായിരുന്നില്ല. ദൈവം നിങ്ങളോട് എവിടേയ്‌ക്കെങ്കിലും പോകുവാന്‍ ആവശ്യപ്പെട്ടാല്‍ പോകുക. കല്ലുകള്‍ അപ്പമാക്കി മാറ്റുവാന്‍ ദൈവം ആവശ്യപ്പെട്ടാല്‍ അത് ചെയ്യുക. മറ്റൊരു സഭയില്‍ ചേരാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ അതു ചെയ്യുക. എന്നാല്‍ ദൈവം സംസാരിക്കുന്നതിനായി കാത്തിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഇനി അബ്രാഹാമിനെ സംബന്ധിച്ച നല്ല ചില കാര്യങ്ങള്‍ കാണിക്കുവാന്‍ ആഗ്രഹിക്കുന്നു. അബ്രാഹാം നമ്മെയെല്ലാം പോലെ ഒരു സാധാരണ മനുഷ്യനാ യിരുന്നു എന്നു കാണിക്കുന്നതിനാണ് ഞാന്‍ ഇതു പറയുന്നത്. നമ്മുടെ പരാജയ ങ്ങളില്‍ നാം നിരാശപ്പെടരുത്. 13:7 വാക്യത്തില്‍ അബ്രാഹാമിന്റെ ദാസന്മാരും ലോത്തിന്റെ ദാസന്മാരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നടന്നിരുന്നതായി നാം വായിക്കുന്നു. ഈജിപ്തിലേയ്ക്കു പോയതു വഴി അബ്രാഹാമിനും ലോത്തിനും ധാരാളം സമ്പത്ത് നേടാന്‍ സാധിച്ചു. ആ സമ്പത്ത് മൂലം അവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നു! സമ്പത്ത് എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ലോത്തും അവന്റെ ഭാര്യയും ഈജിപ്തില്‍ കണ്ട കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെ ട്ടിരുന്നു. അവര്‍ കൂടുതല്‍ പണം സമ്പാദിക്കണമെന്ന് ആഗ്രഹിച്ചു. അബ്രാഹാം ആരോടും വഴക്കുണ്ടാക്കുന്ന ഒരുവനായിരുന്നില്ല. എന്നാല്‍ അവന്റെ ദാസന്മാര്‍ അങ്ങനെയായിരുന്നില്ല.
”അബ്രാഹാമിന്റെ കന്നുകാലികളുടെ ഇടയന്മാരും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാരും തമ്മില്‍ കലഹമുണ്ടായി. കനാന്യരും പെരിസ്യരും അക്കാലത്ത് ആ ദേശത്ത് പാര്‍ത്തിരുന്നു” (13:7). എന്തുകൊണ്ടാണ് ആ അവസാന വാചകം ഇവിടെ ചേര്‍ത്തിരിക്കുന്നത്? കാരണം ജാതികളായ ആ മനുഷ്യര്‍ ഇവരുടെ കലഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്നത്തെ ക്രിസ്തീയ ലോകത്തിലും പ്രസക്തമായ ഒരു വസ്തുതയാണിത്. ഇന്നും ജാതികള്‍ നമുക്കു ചുറ്റുമുണ്ട്. അവര്‍ എന്താണ് കാണുന്നത്? പരസ്പരം പോരടിക്കുന്ന വിവിധ ക്രിസ്തീയ ഗ്രൂപ്പുകള്‍. ഇതിന്റെ നടുവില്‍ ഇന്ന് അബ്രാഹാമിനെ പോലെ ഒരു ദൈവമനുഷ്യന്‍ ലോത്തിനോട് (പണ സ്‌നേഹിയായ ഒരു ലോകമനുഷ്യന്‍) ”എനിക്കും നിനക്കും തമ്മില്‍ പിണക്കമുണ്ടാ കരുതെ, നാം സഹോദരന്മാരല്ലോ” എന്നിങ്ങനെ പറയുന്നതു നമുക്കു കാണാന്‍ സാധിക്കുമോ? അവര്‍ സഹോദരന്മാര്‍ ആയിരുന്നില്ല. അബ്രാഹാം അമ്മാവനും ലോത്ത് അനന്തരവനും ആയിരുന്നു. 75 വയസ്സു പ്രായമുള്ള മനുഷ്യന്‍ തന്റെ 35 വയസ്സുള്ള അനന്തരവനോട് ”നമ്മള്‍ സഹോദരന്മാരല്ലോ” എന്നു പറയുന്ന ആ മഹാമനസ്‌കത കാണുക. ദൈവിക മനുഷ്യന്‍ താഴ്മയുള്ളവനാണ്. അദ്ദേഹത്തിനു 75 വയസ്സു പ്രായമുണ്ട്. എന്നാല്‍ തന്റെ ചെറുപ്പക്കാരനായ അനന്തരവനെ നോക്കി പറയുന്നു: ”നമ്മള്‍ സഹോദരന്മാരാണ്. നീ എനിക്കു തുല്യനാണ്. ഞാന്‍ നിനക്കു ആദ്യ പരിഗണന നല്‍കുന്നു. നിനക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.” ഇത്തരം ആളുകളാണ് യേരുശലേം പണിയുന്നത്. ക്രിസ്തീയ ലോകത്തിന് ഇത്തരം നേതാക്കന്മാരെ ആവശ്യമുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്താന്‍ പ്രയാസവുമാണ്.
തങ്ങളുടെ അധികാരം സ്ഥാപിച്ച് ഇങ്ങനെ പറയുന്ന ധാരാളം നേതാക്കന്മാര്‍ ഇന്നു നമുക്കുണ്ട്: ”ഞാന്‍ 75 വയസ്സ് പ്രായമുള്ള ആളാണ്, ഞാന്‍ നിന്റെ അമ്മാവനാണ്, എന്നെയാണ് ദൈവം വിളിച്ചത്, നിന്നെയല്ല. നീ എന്റെ കൂടെ വന്നു എന്നു മാത്രം.” എന്നാല്‍ അബ്രാഹാം ലോത്തിനോട് അങ്ങനെ സംസാരിച്ചില്ല. അദ്ദേഹം ലോത്തിനോട് പറഞ്ഞു: ”നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ട് പോകാം. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ട് പോകാം. നിനക്കാവശ്യമുള്ളത് നീ ആദ്യം തിരഞ്ഞെടുക്കുക.” ബാബിലോണിന്റെ ആത്മാവുള്ള ദ്രവ്യാഗ്രഹിയായ ലോത്ത് ആദ്യം തനിക്കു വേണ്ടത് എടുത്തു. അവന്‍ സോദോമിലെ ഫലഭൂയിഷ്ടമായ സ്ഥലവും അവിടെ വസിക്കുന്ന ധനികരേയും കണ്ട് ഇങ്ങനെ പറഞ്ഞു: ”ഞാന്‍ അവിടേയ്ക്കു പോയി അവിടെ ദൈവത്തെ സേവിക്കാം.”
പല ക്രിസ്തീയ പ്രഭാഷകരും സമ്പന്ന രാജ്യങ്ങളിലേയ്ക്കു കുടിയേറി അവിടെയുള്ള സമ്പന്നമായ സഭകളില്‍ ശുശ്രൂഷ ചെയ്യുന്നു. കാരണം അവര്‍ പണത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ നിശ്ചയമായും അവരുടെ ആത്മീയത നഷ്ടപ്പെട്ടിരിക്കും. അത് വീണ്ടും വീണ്ടും സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ ഒരു സ്ഥലത്തേയ്ക്കു പോകുന്നത് ദൈവം നിങ്ങളെ നടത്തിയതുകൊണ്ടോ അതോ പണം നിങ്ങളെ ആകര്‍ഷിക്കുന്നതുകൊണ്ടോ?
അബ്രാഹാം ഈ തീരുമാനമെടുക്കുമ്പോള്‍ അവനും ലോത്തും എന്താണ് ചെയ്യുന്നതെന്നു കാണുവാന്‍ ദൈവം ഇറങ്ങി വന്നു (ബാബേലില്‍ എന്നവണ്ണം). അബ്രാഹാം ദൈവികമായ രീതിയില്‍ പെരുമാറുന്നത് അവിടുന്നു കണ്ടു. ലോത്ത് അബ്രാഹാമിനെ വിട്ടുപോയ ഉടനെ ദൈവം അബ്രാഹാമിനോട് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറയുന്നു (14-17 വാക്യങ്ങള്‍). ദൈവം ആദ്യം അവനെ അവന്റെ പിതാവില്‍ നിന്നും വേര്‍പെടുത്തി (മരണം വഴി). പിന്നീട് അബ്രാഹാമിനെ അവന്റെ മറ്റൊരു ബന്ധുവില്‍ നിന്നും (തന്റെ ദ്രവ്യാഗ്രഹത്താല്‍ അബ്രാഹാമിനു തടസ്സമായി തീരാവുന്ന ഒരുവന്‍) വേര്‍പെടുത്തി.
ദൈവം പറഞ്ഞു: ”ഇപ്പോള്‍ നീ ഏകനാണ്. ഇപ്പോള്‍ നിന്നെ എനിക്ക് ആവശ്യമുള്ളയിടത്തേക്കു കൊണ്ടുപോകുവാനും ഞാന്‍ ആഗ്രഹിക്കുന്നതുപോലെ നിന്നെ ആക്കുവാനും സാധിക്കും. എന്താണ് നടന്നതെന്നു ഞാന്‍ കൃത്യമായി കണ്ടു.” മനുഷ്യര്‍ തമ്മിലുള്ള എല്ലാ ഇടപാടുകളും ദൈവം ശ്രദ്ധയോടെ നോക്കുന്നു എന്നത് നിങ്ങള്‍ അറിയുന്നുണ്ടോ? അവിടുന്നു നമ്മുടെ മനോഭാവത്തെ ശ്രദ്ധിക്കുന്നു. ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ടതെന്തെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ദൈവം നിങ്ങളോട് പറയും: ”ഞാന്‍ അത് കണ്ടിരിക്കുന്നു.”
പിന്നീട് ദൈവം അബ്രാഹാമിനോട് പറഞ്ഞു: ”ഇവിടെ നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന സ്ഥലമെല്ലാം ഒരുനാള്‍ നിന്റെ മക്കളുടേതായി തീരും. ഞാന്‍ അത് വാഗ്ദാനം ചെയ്യുന്നു.” അത് ലോത്തിന്റെ സന്തതികള്‍ക്കുള്ളതല്ല. ദൈവം അബ്രാഹാമിനോട് 4000 വര്‍ഷം മുന്‍പേ പറഞ്ഞതാണിത്. നോക്കുക 4000 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ആരാണ് അവിടെ പാര്‍ക്കുന്നത്? അബ്രാഹാമിന്റെ സന്തതി പരമ്പരയാണത്. ലോത്തിന്റെ സന്തതികളല്ല. ദൈവം തന്റെ വാക്കു പാലിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞാലും ദൈവം അബ്രാഹാമിനോട് ”നീ കാണുന്ന ഭൂമിയെല്ലാം നിനക്കും നിന്റെ സന്തതികള്‍ക്കും എന്നേയ്ക്കുമായി ഞാന്‍ നല്‍കും” (15-ാം വാക്യം) എന്നിങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അങ്ങനെ തന്നെ നിറവേറ്റിയിരിക്കും.
പിന്നീട് 14-ാം അധ്യായത്തില്‍ ലോത്ത് എങ്ങനെ ചില പ്രശ്‌നങ്ങളില്‍ പെടുന്നു എന്നു നാം കാണുന്നു. നിങ്ങള്‍ ദൈവഹിതത്തിനു പുറത്ത് പോയാല്‍ നിങ്ങളും ചില പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടും. ശത്രുക്കള്‍ ലോത്തിനെ പിടിച്ചു കൊണ്ടുപോയി. അബ്രാഹാമിനു വേണമെങ്കില്‍ ഇങ്ങനെ പറയാം: ”അവനു കിട്ടേണ്ടത് കിട്ടി. ഇവന്‍ എന്നില്‍ നിന്നും ചിലത് തട്ടിയെടുത്തവനാണ്.” എന്നാല്‍ അബ്രാഹാം അങ്ങനെയല്ല പ്രതികരിച്ചത്. ഇവിടെ അബ്രാഹാം പരീക്ഷിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭം നിങ്ങള്‍ക്കു കാണാം. തന്നെ ചതിച്ച ഒരുവന്‍ ഒരു പ്രശ്‌നത്തില്‍ ആയിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ അബ്രാഹാമിന്റെ മനോഭാവം എന്താണ്? നിങ്ങളെ ചതിച്ച ഒരാള്‍ ഒരു പ്രശ്‌നത്തില്‍ പെടുമ്പോള്‍ നിങ്ങള്‍ ഒരു ദൈവമനുഷ്യനാണോ അല്ലയോ എന്നു വേഗത്തില്‍ അറിയാം. അബ്രാഹാമിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു: ”ഞാന്‍ പോയി ലോത്തിനെ സഹായിക്കട്ടെ. അവനെന്നെ ചതിച്ചു എന്നത് സത്യമാണ്. എന്നാല്‍ എന്തിനു വേണ്ടിയാണ് അവനെന്നെ ചതിച്ചത്? കുറച്ച് ലൗകിക സമ്പത്തെന്ന മാലിന്യം! അത് ഒന്നുമല്ല. ഞാന്‍ സ്വര്‍ഗ്ഗീയ സമ്പത്തിനവകാശിയാണ്. ഭൂമിയിലെ സമ്പത്തിന്റെ പുറകെ പോയി ഇപ്പോള്‍ പ്രശ്‌നങ്ങളില്‍ ആയിരിക്കുന്ന ലോത്തിനോട് എനിക്കു സഹതാപമുണ്ട്. ഞാന്‍ ഇപ്പോള്‍ അവനെ സഹായിക്കട്ടെ.” പിന്നീട് അബ്രാഹാം ലോത്തിനെ രക്ഷിക്കുന്നു. അതാണ് ഒരു ദൈവമനുഷ്യന്റെ മനോഭാവം. അങ്ങനെയുള്ളവര്‍ക്കു മാത്രമേ യെരുശലേം പണിയുവാന്‍ സാധിക്കൂ.
യുദ്ധം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ അബ്രാഹാം ക്ഷീണിതനായിരുന്നിരിക്കാം. അതോടൊപ്പം കേവലം 318 ദാസന്മാരുമായി ചെന്ന് ധാരാളം രാജാക്കന്മാരേയും അവരുടെ പടയാളികളേയും തോല്പിച്ചു എന്നതിലുള്ള നിഗളവും ഉണ്ടാകാം. ആ കാലഘട്ടത്തില്‍ ഒരു യുദ്ധം ജയിക്കുമ്പോള്‍ ശത്രുവിന്റെ സ്വര്‍ണ്ണവും വെള്ളിയും എല്ലാം ജയിക്കുന്നയാള്‍ക്കു സ്വന്തമായി തീരും. ആ സമയത്ത് ദൈവം തന്റെ ഒരു ദാസനെ അബ്രാഹാമിന്റെ അടുക്കലേയ്ക്ക് അയയ്ക്കുന്നു. ഇത് അശ്ചര്യകരമായി തോന്നുന്നില്ലേ? മരുഭൂമിയില്‍ താമസിക്കുകയും ദൈവത്തോട് ഒരു വ്യക്തിബന്ധമുണ്ടായിരിക്കുകയും ചെയ്ത മല്ക്കിസേദെക്ക് എന്ന പേരുള്ള അറിയപ്പെടാത്ത മനുഷ്യന്‍. അദ്ദേഹത്തെ സംബന്ധിച്ച് നാം 14:18-ല്‍ വായിക്കുന്നു.
സങ്കീര്‍ത്തനം 110:4ല്‍ യേശുവിനെ മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതനെന്നു വിളിക്കുന്നതിനാലാണ് മല്‍ക്കീസേദെക്കിനു പ്രാധാന്യം വരുന്നത്. അത് എബ്രായര്‍ 7-ല്‍ ഉറപ്പിക്കുന്നുണ്ട്. വേദപുസ്തകത്തില്‍ മല്‍ക്കീസേദെക്ക് പ്രത്യക്ഷപ്പെടുന്നത് 14:18-20 വാക്യങ്ങളില്‍ മാത്രമാണ്. മല്‍ക്കീസേദെക്ക് പ്രത്യക്ഷപ്പെട്ട് തന്റെ ശുശ്രൂഷ നിര്‍വ്വഹിച്ചതിനു ശേഷം അപ്രത്യക്ഷനായി. ദൈവം തന്റെ പുത്രനോട് ഇങ്ങനെ പറയുന്നു: ”നീ മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേയ്ക്കും പുരോഹിതനായിരിക്കും.” പഴയനിയമ പുരോഹിതനായ ലേവിയുടെ ക്രമപ്രകാരമുള്ള ഒരു പുരോഹിതനെന്നല്ല ഇവിടെ പറയുന്നത്. വേദപുസ്തകത്തില്‍ മൂന്നു വാക്യങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന മല്‍ക്കീസേദെക്കെന്ന മനുഷ്യന്‍ എങ്ങനെയാണ് പ്രധാനപ്പെട്ടയാളാകുന്നത്? അതിനുള്ള കാരണം അറിയുന്നത് നമുക്കു നന്നായിരിക്കും.
ഒന്നാമതായി അദ്ദേഹം ശാലേം (യെരുശലേം) രാജാവായിരുന്നു (14:18). ബാബിലോണിനു എതിരെ യെരുശലേം എന്നത് ഒരു യഥാര്‍ത്ഥ ചിത്രമായിട്ടാണ് നാം കാണുന്നത്. യേശു മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം ഈ സഭയുടെ മഹാപുരോഹിതനും നാമോരുത്തരും ഈ ക്രമപ്രകാരം പുരോഹിതന്മാരുമാണ്. യേശു യെരുശലേമിന്റെ രാജാവാണ്. നമ്മളേയും രാജാക്കന്മാരായി വിളിച്ചിരിക്കുന്നു. നമ്മുടെ കര്‍ത്താവ് നമ്മെ ഈ ഭൂമിയുടെ രാജാക്കന്മാരാക്കിയിരിക്കുന്നു. പാപത്തിന്റെ മേലും നമ്മുടെ എല്ലാ ആഗ്രഹങ്ങളുടെ മേലും അധികാരം നടത്തുന്നതിനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
മല്‍ക്കീസേദെക്ക് എന്താണ് ചെയ്തത്? അദ്ദേഹം ആദ്യം അബ്രാഹാമിനും അവന്റെ 318 ദാസന്മാര്‍ക്കും ഭക്ഷണം കൊണ്ടു വന്നു. ക്രിസ്തീയത എപ്പോഴും പ്രായോഗികമാണ്. ഒരു മനുഷ്യന്‍ ക്ഷീണിച്ച് തളര്‍ന്ന് ഇരിക്കുമ്പോള്‍ അവനു വേണ്ടത് ഭക്ഷണമാണ്. അല്ലാതെ ഒരു പ്രസംഗമല്ല. വിശക്കുന്ന മനുഷ്യനു ഭക്ഷണം കൊടുക്കുന്നത് ഒരു അനാത്മിക പ്രവൃത്തിയല്ല. ആ മനുഷ്യനുവേണ്ടി ചെയ്യാവുന്ന വലിയ ആത്മീയ പ്രവൃത്തിയും അതു തന്നെയാണ്. ഏലിയാവ് ക്ഷീണിച്ചിരുന്നപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ വന്നു രണ്ടു തവണ അദ്ദേഹത്തിനു ഭക്ഷണം നല്‍കി (1 രാജാ. 19:6-8). യേശു മരണത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റതിനു ശേഷം ഒരു പ്രഭാതത്തില്‍ തന്റെ ശിഷ്യന്മാര്‍ രാത്രി മുഴുവന്‍ മീന്‍പിടിച്ച് ക്ഷീണിച്ച് ഇരിക്കുന്നതായി കണ്ടപ്പോള്‍ അവിടുന്ന് അവര്‍ക്കു ഭക്ഷണം തയ്യാറാക്കി വച്ചു (യോഹ. 21:9). ആവശ്യത്തിലിരിക്കുന്നവര്‍ക്കു ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നതാണ് യഥാര്‍ത്ഥ ആത്മീയത. അതാണ് മല്‍ക്കീസേദെക്കിന്റെ പുരോഹിത ശുശ്രൂഷയുടെ ആദ്യ ഭാഗം.
തുടര്‍ന്നു മല്‍ക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിച്ചതായി പറയുന്നു (14:19). അദ്ദേഹം അബ്രാഹാമിനെ വിമര്‍ശിച്ചില്ല. മല്‍ക്കീസേദെക്കിന്റെ ക്രമത്തില്‍ കുറ്റാരോപണത്തിന്റെ ആത്മാവില്ല. ഒരിക്കലുമില്ല. അനുഗ്രഹം മാത്രം. എങ്ങനെയാണ് അദ്ദേഹം അവനെ അനുഗ്രഹിച്ചത്? അദ്ദേഹം പറഞ്ഞു: ”സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതനായ ദൈവത്താല്‍ അബ്രാഹാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ.” സ്വര്‍ഗ്ഗത്തിനും ഭൂമിക്കും ഉടയവന്‍ ദൈവമാണെന്നും അതുകൊണ്ട് ഈ യുദ്ധത്തില്‍ നേടിയ അല്പം സ്വര്‍ണ്ണമോ വെള്ളിയോ എടുക്കരുതെന്നും അദ്ദേഹം അബ്രാഹാമിനെ ഓര്‍മ്മിപ്പിക്കുന്നു. അബ്രാഹാമിനെ ദ്രവ്യാഗ്രഹത്തില്‍ നിന്നും രക്ഷിക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയാണ്. പിന്നീട് അദ്ദേഹം പറയുന്നു: ”നിന്റെ ശത്രുക്കളെ നിന്റെ കയ്യില്‍ എല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ.” അങ്ങനെ ദൈവമാണ് ഈ വിജയം നല്‍കിയതെന്ന് അബ്രാഹാമിനെ ഓര്‍മ്മിപ്പിക്കുന്നതിലൂടെ അവനെ നിഗളത്തില്‍ നിന്നു രക്ഷിക്കുന്നു.
ക്ഷീണിതനായതിനാല്‍ ഭക്ഷണം ആവശ്യമുണ്ട്; അവനു ദ്രവ്യാഗ്രഹവും നിഗളവും ഉണ്ടാകും- ഈ മൂന്നു പ്രശ്‌നങ്ങള്‍ അബ്രാഹാം നേരിടാന്‍ പോകുന്നു എന്നു മല്‍ക്കീസേദെക്ക് എങ്ങനെ അറിഞ്ഞു? അദ്ദേഹത്തിന്റെ ശുശ്രൂഷയാല്‍ ഈ മൂന്നു പ്രശ്‌നങ്ങളും കൃത്യമായി എങ്ങനെ പരിഹരിക്കപ്പെട്ടു? ലക്ഷ്യത്തിലേയ്ക്കു കൃത്യമായി എത്തുന്ന അസ്ത്രം പോലെയുള്ളതാണ് മല്‍ക്കിസേദെക്കിന്റെ ശുശ്രൂഷ. ദിനംപ്രതി ദൈവത്തില്‍ നിന്നും ശ്രദ്ധയോടെ കേള്‍ക്കുന്നയാളായിരുന്നു അദ്ദേഹമെന്നതാണ് ഇതിന്റെ രഹസ്യം. അദ്ദേഹം ജീവിച്ചത് ദൈവവചനത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരിക്കലും തന്റെ ഭാവനയ്ക്കനുസരിച്ചായിരുന്നില്ല. ജനത്തിന്റെ ആവശ്യം കൃത്യമായി സാധിച്ചു കൊടുക്കുന്ന പ്രവചന ശുശ്രൂഷയുടെ രഹസ്യം ഇതാണ്.
ഒരുനാള്‍ മല്‍ക്കീസേദെക്ക് പതിവുപോലെ ദൈവ സന്നിധിയില്‍ കാത്തിരുന്നപ്പോള്‍ ദൈവം അദ്ദേഹത്തോട് പറഞ്ഞു: ”എഴുന്നേല്‍ക്കുക. ഏതാണ്ട് 400 ആളുകള്‍ക്കു വേണ്ട ഭക്ഷണം തയ്യാറാക്കിയെടുക്കുക. രണ്ടു വാചകത്തിലുള്ള ഈയൊരു സന്ദേശവും കരുതുക. പിന്നീട് ഞാന്‍ പറഞ്ഞ പ്രത്യേക വഴിയിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന, നീ നാളിതുവരെ കണ്ടിട്ടില്ലാത്ത എന്റെ ദാസന് ഇവ നല്‍കുക.” ഗാസയിലേയ്ക്കുള്ള വഴിയില്‍ എത്യോപ്യക്കാരനായ ഷണ്ഡനെ കാണുവാന്‍ ഫിലിപ്പോസ് പോയതുപോലെ മല്‍ക്കീസേദെക്ക് എഴുന്നേറ്റ് താന്‍ ആരെയാണ് കാണാന്‍ പോകുന്നതെന്ന് അറിയാതെ പുറപ്പെട്ടു. ദൈവം അദ്ദേഹത്തോട് ആവശ്യപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ അദ്ദേഹം അബ്രാഹാമിനെ കണ്ടു. അദ്ദേഹം അവനു ഭക്ഷണവും ആ ലഘു സന്ദേശവും നല്‍കുന്നു. പിന്നെ തന്റെ ഭവനത്തിലേയ്ക്കു മടങ്ങുന്നു. എന്തൊരു ശുശ്രൂഷ! ജനങ്ങളെ അനുഗ്രഹിക്കുന്നു. ഒരു പാരിതോഷികവും സ്വീകരിക്കുവാനോ ഒരു അഭിനന്ദനവും ഏറ്റുവാങ്ങാനോ നില്‍ക്കാതെ ഉടനെ അപ്രത്യക്ഷനാകുന്നു. ‘ശുശ്രൂഷ ചെയ്യുക ഉടനെ അപ്രത്യക്ഷനാകുക’ എന്നതാണ് മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള പൗരോഹിത്യ ശുശ്രൂഷ. അത്തരം പുരോഹിതന്മാരിലൂടെയാണ് യെരുശലേം പണിയപ്പെടുന്നത്. അവരാണ് ഇന്നത്തെ യെരുശലേമിന്റെ യഥാര്‍ത്ഥ രാജാക്കന്മാര്‍.
ഒരു ദിവസം ദൈവം അബ്രാഹാമിനെ അവന്റെ കൂടാരത്തിനു പുറത്തേയ്ക്കു കൊണ്ടുവന്നതിനു ശേഷം ഇങ്ങനെ പറഞ്ഞു: ”നീ അകാശത്തേയ്ക്കു നോക്കുക നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക. നിന്റെ സന്തതി ഇങ്ങനെ ആകും”(15:5). ആ സമയം അബ്രാഹാമിനു മക്കളൊന്നും ഉണ്ടായിരുന്നില്ല. ആകാശത്തു കോടാനുകോടി നക്ഷത്രങ്ങളുണ്ട്. അബ്രാഹാം ദൈവത്തിന്റെ വാക്കു വിശ്വസിച്ചു എന്ന് എഴുതിയിരിക്കുന്നു (6-ാം വാക്യം). ”വിശ്വസിച്ചു” എന്ന വാക്കിന് എബ്രായ മൂലഭാഷയില്‍ ‘അമാന്‍’ എന്നാണ്. അതില്‍ നിന്നാണ് ആമേന്‍ എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായത്. ”അത് അങ്ങനെ തന്നെയെന്നു ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് അതിന്റെ അര്‍ത്ഥം. അതിനാല്‍ ദൈവം അബ്രാഹാമിനോട് നിന്റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയാകും എന്ന് അരുളിച്ചെയ്യുമ്പോള്‍ അബ്രാഹാം ”ആമേന്‍, അത് അങ്ങനെ തന്നെയെന്നു ഞാന്‍ വിശ്വസിക്കുന്നു” എന്നു മാത്രം പറഞ്ഞു. അത്രമാത്രം. അത് നിവര്‍ത്തിയാവുകയും ചെയ്തു. അബ്രാഹാമിന്റെ സന്തതികള്‍ ഇന്നു (ഭൗതികമായും ആത്മീയമായും) ദശലക്ഷങ്ങള്‍ ആയിരിക്കുന്നു.
ദൈവം നമ്മോട് എന്തെങ്കിലും അരുളിച്ചെയ്യുമ്പോള്‍ അതിനോട് ആമേന്‍ പറയുന്നതാണ് വിശ്വാസം. വിശ്വാസമെന്നത് എപ്പോഴും ദൈവവചനത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ”വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു” (റോമ. 10:17). നിങ്ങള്‍ക്കു ദൈവത്തെ കേള്‍ക്കാതെ വിശ്വാസമുണ്ടാവുകയില്ല. അബ്രാഹാം ആദ്യം ദൈവത്തെ കേട്ടു. പിന്നീട് അവന്‍ ‘ആമേന്‍’ പറഞ്ഞു.
ദൈവം പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങളില്‍ തങ്ങള്‍ക്കു വിശ്വാസമുണ്ടെന്നു പറയുന്ന ചില വിശ്വാസികളെ ഞാന്‍ ഈ കാലഘട്ടത്തില്‍ കാണുന്നു. അവര്‍ പറയുന്നു: ”ദൈവം എനിക്കു ഒരു മെഴ്‌സിഡസ് ബെന്‍സ് കാറു നല്‍കുമെന്നു വിശ്വസിക്കുന്നു. അതിന്റെ നിറം കറുപ്പായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.” അത് വിശ്വാസമല്ല. അത് അനുമാനം മാത്രമാണ്. അത് ദൈവത്തെ പരീക്ഷിക്കുന്നതാണ്. ദൈവം ആദ്യം നമ്മോട് സംസാരിച്ചതിനു ശേഷം മാത്രമേ വിശ്വാസം ജനിക്കുകയുള്ളു. അപ്പോള്‍ മാത്രമേ നമുക്ക് ”ആമേന്‍ അങ്ങനെ ആയിരിക്കട്ടെ” എന്നു പറയുവാന്‍ കഴിയുകയുള്ളു. ഇത് നിങ്ങള്‍ ഓര്‍ത്താല്‍ എല്ലാ അനുമാനങ്ങളില്‍ നിന്നും എല്ലാ കപട വിശ്വാസത്തില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടും. വിശ്വാസം തുടങ്ങുന്നത് ദൈവിക വാഗ്ദാനങ്ങളിലാണ്. അല്ലാതെ നമ്മുടെ ആഗ്രഹങ്ങളിലല്ല. നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് തുടങ്ങുന്നത് ബാബിലോണിലേക്കായിരിക്കും നമ്മെ നടത്തുന്നത്. ദൈവത്തില്‍ തുടങ്ങുന്നത് നമ്മെ യെരുശലേമിലേക്കു നടത്തുന്നു. ഒരിക്കല്‍ നമ്മുടെ ജീവിതത്തില്‍ ദൈവം സംസാരിച്ച് തുടങ്ങുമ്പോള്‍ ആ വാക്കുകള്‍ നിറവേറപ്പെടുവാന്‍ എത്ര വൈകിയാലും നാം അതിന് ആമേന്‍ പറഞ്ഞുകൊണ്ടിരിക്കണം.
എന്നാല്‍ 16-ാം അധ്യായത്തില്‍ സാറാ അക്ഷമയായിരുന്നു എന്നു നാം വായിക്കുന്നു. തന്റെ ദാസിയായ ഹാഗാറിലൂടെ അബ്രാഹാമിനു സന്തികളുണ്ടാകട്ടെ യെന്നു സാറാ അബ്രാഹാമിനോട് നിര്‍ദ്ദേശിക്കുന്നു (16:2). അപ്പോള്‍ അബ്രാഹാം എന്താണ് ചെയ്തത്? നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സാറായുടെ വാക്കുകള്‍ക്ക് ആമേന്‍ പറഞ്ഞു. കഴിഞ്ഞ 4000 വര്‍ഷങ്ങളായി അബ്രാഹാമിന്റെ സന്തതി പരമ്പര അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു കാരണവും അതാണ്.
ഈ സംഭവത്തില്‍ നിന്നും നാം എന്താണ് പഠിക്കേണ്ടത്? ദൈവം നമ്മോട് ഒന്ന് അരുളിച്ചെയ്തതിനു ശേഷം അതിനെതിരെയുള്ള ഒരു മനുഷ്യന്റെയും വാക്കിന് ”ആമേന്‍” പറയരുത് എന്നു മാത്രമാണ്. നമ്മുടെ ഏതു പ്രശ്‌നവും മാനുഷിക മാര്‍ഗ്ഗത്തിലല്ലാതെ പരിഹരിക്കുവാന്‍ ദൈവത്തിനു സാധിക്കും. അവിടുന്നു വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ അവിടുത്തേക്കു സാധിക്കും.
അങ്ങനെ യിശ്മായേല്‍ ജനിച്ചു(16:15). ഇവിടെ ചിലത് ശ്രദ്ധിക്കുക. യിശ്മായേല്‍ ജനിക്കുമ്പോള്‍ അബ്രാഹാമിന് 86 വയസ്സായിരുന്നു. പിന്നീട് അടുത്ത വാക്യം അബ്രാഹാമിനു 99 വയസ്സുള്ളപ്പോള്‍ എന്നു പറഞ്ഞാണ് തുടങ്ങുന്നത് (16:16;17:1). ആ 13 വര്‍ഷം എന്ത് സംഭവിച്ചു? ദൈവം നിശ്ശബ്ദമായിരുന്നു. 13 വര്‍ഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം അബ്രാഹാമിനു 99 വയസ്സുള്ളപ്പോള്‍ മാത്രമാണ് ദൈവം വീണ്ടും അവനു പ്രത്യക്ഷനാകുന്നത്. ദൈവം ഇങ്ങനെ പറയുന്നതായി കരുതാം. ”നീ സാറായുടെ നിര്‍ദ്ദേശത്തിനു ”ആമേന്‍” പറഞ്ഞുവോ? എങ്കില്‍ നീ വേദനാജനകമായ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഞാന്‍ 13 വര്‍ഷം നിന്നോട് സംസാരിക്കുകയില്ല. മറ്റാരുടേതിനേക്കാള്‍ എന്റെ ശബ്ദം നിനക്കു വിലയുള്ളതായി തീരുന്നതു വരെ.” അതേ, ദൈവം കാര്‍ക്കശ്യമുള്ളവനാണ്. അവിടുന്നു ചില പാഠങ്ങള്‍ കഠിന]`മായി തന്നെ നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ മാത്രമേ അവ നമ്മുടെ ഉള്ളിലേയ്ക്കു കടക്കുകയുള്ളു. 13 വര്‍ഷം ദൈവത്തെ കേള്‍ക്കാതിരിക്കുന്നത് ഒരു നീണ്ട കാലയളവാണ്. എന്നാല്‍ അപ്പോഴേയ്ക്കും അബ്രാഹാം ഈ പാഠം പഠിച്ചു കഴിഞ്ഞിരുന്നു- ഇനി മേലാല്‍ സാറായുടെ വാക്കു കേള്‍ക്കരുത്. പിന്നീട് യിസ്ഹാക്കിനെ യാഗം കഴിക്കുന്നതിനു ദൈവം ആവശ്യപ്പെട്ട അവസരത്തില്‍ പോലും സാറായുടെ അഭിപ്രായം ചോദിച്ചില്ല.
ദൈവം അബ്രാഹാമിനെ ഉപേക്ഷിച്ചില്ല. അവിടുന്ന് ഇപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ”ഇനി മേലാല്‍ നിന്നെ അബ്രാം (ഉയര്‍ത്തപ്പെട്ട പിതാവ്) എന്നു വിളിക്കയില്ല. എന്നാല്‍ നിന്നെ അബ്രാഹാം (ജനതകളുടെ പിതാവ്) എന്നായിരിക്കും വിളിക്കുക. കേവലം പേരു മാത്രമല്ല നീ വാസ്തവത്തില്‍ അനേകരുടെ പിതാവായി തീരും.” ഒരിക്കല്‍ കൂടെ അബ്രാഹാം ”ആമേന്‍” പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു പ്രതീക്ഷയുമില്ലാതിരുന്ന വേളയില്‍ അവനൊരു മകനെ ലഭിച്ചു. അവസാനം അബ്രാഹാം ‘ദൈവത്തിനു മാത്രം ആമേന്‍ പറയുക’ എന്ന തനിക്കുള്ള പാഠം പഠിച്ചു. അവനു ദൈവം ഒരു മകനെ നല്‍കി.
ദൈവം ഈ സമയം അവനോട് കുടുംബത്തിലെ എല്ലാ പുരുഷ അംഗങ്ങളും പരിഛേദന ഏല്‍ക്കണമെന്ന ഒരു കാര്യം പറഞ്ഞു. പഴയനിയമത്തിന്റെ കീഴില്‍ പരിഛേദനയെന്നാല്‍ അഗ്രചര്‍മ്മം മുറിച്ച് കളയുകയെന്നതാണ്. പുതിയ നിയമത്തില്‍ അതിന്റെ പ്രതീകം ”ജഡത്തില്‍ ആശ്രയിക്കാതിരിക്കുക” എന്നതും. ”നാമല്ലോ പരിഛേദനക്കാര്‍. ദൈവത്തെ ആത്മാവുകൊണ്ട് ആരാധിക്കുകയും ക്രിസ്തു യേശുവില്‍ പ്രശംസിക്കുകയും ജഡത്തില്‍ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന നാം തന്നെ”(ഫിലി. 3:3). ദൈവം അബ്രാഹാമിനോട് പറഞ്ഞത് ‘നീ നിന്നില്‍ തന്നെ ആശ്രയിക്കരുത്; എന്നില്‍ മാത്രം ആശ്രയിക്കുക’ എന്നാണ്.
അബ്രാഹാമിന്റെ അതിഥി സല്‍ക്കാരത്തെ സംബന്ധിച്ച് 18-ാം അധ്യായത്തില്‍ ചിലത് പറയുന്നു. എബ്രായര്‍ 13:2-ല്‍ അപരിചിതരോട് ആതിഥ്യ മര്യാദ കാണിക്കണമെന്നു പറയുന്നുണ്ട്. ”ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ.” ഇത് ഉല്പത്തി 18-ാം അധ്യായമാണ് സൂചിപ്പിക്കുന്നത്. ഒരു ദൈവമനുഷ്യന്‍ അപരിചിതരോടു പോലും എപ്പോഴും നന്മ ചെയ്ത് അതിഥി സല്ക്കാര പ്രിയനായിരിക്കും.
പിന്നീട് 18,19 അധ്യായങ്ങളില്‍ ലോത്ത് വീണ്ടും ചില പ്രശ്‌നങ്ങളില്‍ ചെന്നു പെടുന്നതിനെ സംബന്ധിച്ച് വായിക്കുന്നു. സോദോമിനേയും ഗോമോറയേയും അതിന്റെ പാപങ്ങള്‍ നിമിത്തം താന്‍ നശിപ്പിക്കുവാന്‍ പോവുകയാണെന്നു ദൈവം അബ്രാഹാമിനോട് പറയുന്നു. വീണ്ടും അബ്രാഹാം ലോത്തിനെ ഓര്‍ത്തു ഭാരപ്പെടുന്നു. ലോത്ത് അപ്പോഴും ഒരു പാഠം പഠിച്ചിരുന്നില്ല. ശത്രുവിനെ പിടിച്ചു കൊണ്ടു വന്നതിനു ശേഷം ലോത്ത് കൂടുതല്‍ ധനം സമ്പാദിക്കുന്നതിനു വീണ്ടും സോദോമിലേയ്ക്കു പോയി. എന്നാല്‍ അബ്രാഹാം ലോത്തിനെ വിധിച്ചില്ല. ഒരു ദൈവമനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹം ലോത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. അവന്റെ ജീവനെ രക്ഷിച്ചു. വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയാണിത്. അത് അത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി ആയിരുന്നു. അബ്രാഹാമിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ലോത്തിനെ രക്ഷിക്കുവാന്‍ സാധിച്ചു. എന്നാല്‍ അവന്റെ ഭാര്യ പിന്‍പില്‍ ഒരു ഉപ്പ് തൂണായി തീര്‍ന്നു. യേശു തന്റെ രണ്ടാംവരവിനെ സൂചിപ്പിക്കുമ്പോള്‍ ഇത് പരാമര്‍ശിക്കുന്നു. രണ്ടുപേര്‍ ഒരു കിടക്കയില്‍ ആയിരിക്കും (ഭാര്യയും ഭര്‍ത്താവും) അതില്‍ ഒരാള്‍ എടുക്കപ്പെടും. മറ്റെയാള്‍ ഇവിടെ തള്ളപ്പെടും (ലൂക്കൊ. 17:32,34).
ലോത്തിന്റെ കഥ വളരെ ദുഃഖകരമായ ഒന്നാണ്. പണം സമ്പാദിക്കുന്നതിനുള്ള അവന്റെ ഓട്ടത്തിനൊടുവില്‍ അവന് അവന്റെ ഭാര്യ, മരുമക്കള്‍, സ്വത്തുക്കള്‍ എല്ലാം നഷ്ടമായി. ഒടുവില്‍ ‘പാപ്പരായി.’ ദൈവം അവനോട് ആദ്യം ആവശ്യപ്പെട്ടയിടത്തേയ്ക്കു തന്നെ മടങ്ങി വന്നു. അവന്റെ പെണ്‍മക്കള്‍ അവനുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെട്ട് അമ്മോനെന്നും മോവാബെന്നും പേരുള്ള രണ്ട് ആണ്‍കുട്ടികളെ പ്രസവിച്ചു (19:37,38). യിസ്രായേല്‍ മക്കളുമായി നിരന്തരം സംഘര്‍ഷത്തില്‍ ആയിരുന്ന അമ്മോന്യര്‍, മോവാബ്യര്‍ എന്നീ രണ്ട് ജാതികള്‍ അന്നു മുതലാണ് ഉത്ഭവിച്ചത്.
ലോത്ത് തന്റെ മക്കളെ വളര്‍ത്തിയതിനു വിരുദ്ധമായി, അബ്രാഹമിനെ സംബന്ധിച്ച് ദൈവം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് നാം വായിക്കുന്നു: ”എന്റെ വഴിയില്‍ നടക്കണമെന്ന് അവന്റെ പുത്രന്മാരോടും ഭാവി തലമുറകളോടും അബ്രാഹാം നിഷ്‌കര്‍ഷിക്കും” (18:19). അതുകൊണ്ടാണ് താന്‍ അബ്രാഹാമിനു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയതെന്നും ദൈവം അവിടെ പറയുന്നുണ്ട്. പലര്‍ക്കു വേണ്ടിയും ദൈവത്തിനു പലതും നിവര്‍ത്തിക്കുവാന്‍ കഴിയാത്തതിനു കാരണം അവര്‍ തങ്ങളുടെ ഭവനത്തില്‍ മക്കളെ നിയന്ത്രിച്ച് വളര്‍ത്തുന്നില്ല എന്നതാണ്.
20-ാം അധ്യായത്തില്‍ അബ്രാഹാം ഒരു ജാതീയ രാജാവിനോട് തന്റെ ജീവന്‍ രക്ഷിക്കുന്നതിനു കള്ളം പറയുക എന്ന പാപത്തില്‍ വീണ്ടും വീണതായി നാം കാണുന്നു. തന്റ ജീവന്‍ രക്ഷിക്കുവാന്‍ സ്വന്തം ഭാര്യയെ മറ്റൊരാളുടെ കിടക്കയിലേക്കു അയയ്ക്കുവാന്‍ പോലും അവന്‍ തയ്യാറായി. നമ്മെപ്പോലെ എത്ര ബലഹീനനായ മനുഷ്യന്‍! എന്നാല്‍ ദൈവം അബ്രാഹാമിനോട് നന്മ ചെയ്തു. സാറായെ ഒന്നു സ്പര്‍ശിക്കുവാന്‍ പോലും അബീമേലെക്കിനെ അവിടുന്ന് അനുവദിച്ചില്ല. ദൈവം ഒരു ജാതീയ രാജാവിനെ ”നിന്റെ പരമാര്‍ത്ഥതയുള്ള ഹൃദയം” (20:6) എന്നു പറഞ്ഞ് ഇവിടെ പ്രശംസിക്കുന്നതായി നാം കാണുന്നുവെന്നതാണ് രസകരമായ കാര്യം. അവന്റെ ഹൃദയ പരമാര്‍ത്ഥതയാണ് സാറായുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടാതെ അവനെ തടഞ്ഞതെന്നു ദൈവം അവനോട് പറയുന്നു. ആ ജാതീയ രാജാവിനെ നൂറ്റാണ്ട് മുന്‍പ് സഹായിച്ച ദൈവം ഇന്നു ഹൃദയ പരമാര്‍ത്ഥതയുള്ള ഏതു ചെറുപ്പക്കാരനേയും സഹായിക്കും!
20:17-21’വരെയുള്ള വാക്യങ്ങളില്‍ നാം ആശ്ചര്യകരമായ ചിലത് കാണുന്നു. തന്റെ ഭാര്യ സാറാ വന്ധ്യ ആയിരിക്കുമ്പോള്‍ തന്നെ അബ്രാഹാം അബീമേലെക്കിന്റെ ഭവനത്തിലെ വന്ധ്യകളായ അനേകം സ്ത്രീകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. തന്റെ ജീവിതത്തില്‍ ദൈവം നല്‍കിയിട്ടില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു ലഭിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമെങ്കില്‍ വലിയ ഹൃദയവിശാലത ആവശ്യമുണ്ട്. അബ്രാഹാം അങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ അബീമേലെക്കിന്റെ ഭവനത്തിലെ സ്ത്രീകള്‍ മാത്രമല്ല വന്ധ്യയായ സാറായും ഗര്‍ഭം ധരിച്ച് യിസ്ഹാക്കിനു ജന്മം നല്‍കി. ”തണുപ്പിക്കുന്ന വനു തണുപ്പു കിട്ടും” (ദൈവത്താല്‍) (സദൃ. 11:25). ഇയ്യോബ് മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം മറ്റുള്ളവരോടൊപ്പം ഇയ്യോബിനേയും അനുഗ്രഹിച്ചു (ഇയ്യോ. 42:10).
എന്നാല്‍ ദൈവം തനിക്കു വാഗ്ദാനം നല്‍കിയ കാര്യങ്ങള്‍ ലഭിക്കുവാന്‍ അബ്രാ ഹാമിനു 25 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അബീമേലെക്ക് രാജാവ് യിസ്ഹാക്കിന്റെ ജനനമറിഞ്ഞ് അബ്രാഹാമിന്റെ അടുക്കല്‍ വന്നു പറഞ്ഞു: ”നിശ്ചയമായും ദൈവം നിന്നോട് കൂടെയുണ്ട്” (21:22). നാം ദൈവത്തോട് വിശ്വസ്തരാണെങ്കില്‍, ജാതികളായവര്‍പോലും ദൈവം നമ്മുടെ കൂടെയുണ്ടെന്നു തിരിച്ചറിയും.
22-ാം അധ്യായത്തില്‍, ദൈവം ഒരു മനുഷ്യനെ സംബന്ധിച്ച് ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നത് നാം വായിക്കുന്നു: ”നീ എന്നെ ഭയപ്പെടുന്നു എന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു.” അബ്രാഹാം യിസ്ഹാക്കിനെ ‘യാഗമായി അര്‍പ്പിച്ചതിനു ശേഷ’മാണത് കാണുന്നത്. അബ്രാഹാമിനു ഏകദേശം 125 വയസ്സ് പ്രായമുള്ള സമയത്താണ് ദൈവം അബ്രാഹാമിനെ വീണ്ടും പരീക്ഷിക്കുന്നത്. തുടക്കത്തിലെന്ന പോലെ ഇപ്പോഴും അബ്രാഹാം എല്ലാറ്റിലും അധികമായി ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയുന്നതിനു വേണ്ടിയാണ് പരീക്ഷിക്കുന്നത്. ദൈവം അവനോട് പറഞ്ഞു: ”നിന്റെ മകനായ യിസ്ഹാക്കിനെ എനിക്കു യാഗം അര്‍പ്പിക്കുക. ഇത് നാളെ രാവിലെ ചെയ്യണമെന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. മൂന്നു ദിവസം യാത്ര ചെയ്ത് എത്തേണ്ട മോറിയ മലയില്‍ വച്ച് അത് ചെയ്യുക. മൂന്നു ദിവസം അതിനെക്കുറിച്ച് ചിന്തിച്ച് തീരുമാനിക്കുക.” തിടുക്കത്തില്‍ ഒരു കാര്യം ചെയ്യുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നില്ല. അബ്രാഹാം മൂന്നു ദിവസം നടന്നു. ഈ യാഗത്തിന്റെ വില കണക്കാക്കി അറിഞ്ഞതിനു ശേഷം യിസ്ഹാക്കിനെ യാഗപീഠത്തില്‍ വച്ചുകൊണ്ട് പറഞ്ഞു: ”ദൈവമേ, ഇതാ എനിക്കു ഭൂമിയില്‍ കൈവശമുള്ള ഏറ്റവും പ്രിയപ്പെട്ടതിനെക്കാള്‍ അധികം ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.”
അവിടെ അബ്രാഹാമിന്റേയും അതോടൊപ്പം യിസ്ഹാക്കിന്റെയും സമര്‍പ്പണമാണ് വെളിപ്പെട്ടത്. 25 വയസ്സുള്ള യിസ്ഹാക്ക് 125 വയസ്സുള്ള അബ്രാഹാമിനേക്കാള്‍ വളരെ ബലവാനായിരുന്നു. അതുകൊണ്ടു തന്നെ യിസ്ഹാക്ക് അനുവദിക്കാതെ അബ്രാഹാമിന് അവനെ ബന്ധിച്ച് യാഗപീഠത്തില്‍ കിടത്തുവാന്‍ സാധിക്കുകയില്ല. തന്നെ അനുസരിക്കണമെന്നത് അബ്രാഹാം തന്റെ മകനെ എങ്ങനെ പഠിപ്പിച്ചിരുന്നു എന്നാണ് അത് കാണിക്കുന്നത്. ”ഞാന്‍ നിന്നെ ദൈവത്തിനു യാഗം കഴിക്കാന്‍ പോകുന്നു. കയറി കിടക്കുക” എന്നു പറഞ്ഞാല്‍ ”ശരി അപ്പാ, അങ്ങനെയാകട്ടെ” എന്നു മറുപടി നല്‍കുന്ന വിധം മക്കളെ വളര്‍ത്തിക്കൊണ്ടു വരുന്ന മനുഷ്യന്‍ അനുഗൃഹീതനാണ്. അങ്ങനെയുള്ള ഒരു പിതാവ് നിശ്ചയമായും ഒരു ദൈവമനുഷ്യനാണെന്നു നിങ്ങള്‍ക്ക് ഉറപ്പിക്കാം.
അബ്രാഹാം ഈ പ്രവൃത്തിയെ ദൈവത്തോടുള്ള ”ആരാധന” എന്നാണ് വിളിച്ചത് (22:5). തിരുവചനത്തില്‍ ”ആരാധന” എന്ന വാക്ക് ആദ്യമായി വരുന്നത് ഇവിടെയാണ്. ഇത്തരം ആരാധകരെയാണ് പിതാവ് ഇന്നും അന്വേഷിക്കുന്നത്.
തന്നോടുള്ള അബ്രാഹാമിന്റെ സമര്‍പ്പണം കണ്ട ദൈവം ഇങ്ങനെ പറഞ്ഞു: ”നീ എന്നെ ഭയപ്പെടുന്നു എന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു” (22:12). ”ദൈവമേ ഈ ഭൂമിയില്‍ എന്റെ കൈവശമുള്ള ഏറ്റവും പ്രിയപ്പെട്ടതിനേക്കാള്‍ അധികം ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.” ഇങ്ങനെ പറഞ്ഞ് ഒരുവന്‍ ദൈവത്തെ അനുസരിച്ച പ്പോഴാണ് തിരുവെഴുത്തില്‍ ആദ്യമായി ”ദൈവത്തെ ഭയപ്പെടുന്ന മനുഷ്യന്‍” എന്നു രേഖപ്പെടുത്തിയിരിക്കുന്നത്. അബ്രാഹാം തന്റെ കുടുംബാംഗങ്ങളേക്കാള്‍ ദൈവത്തെ സ്‌നേഹിച്ചതുകൊണ്ടാണ് 50 വര്‍ഷം മുന്‍പ് ഊര്‍ വിട്ട് പോന്നത്. 50 വര്‍ഷം കഴിഞ്ഞും ദൈവത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ഒട്ടും കുറഞ്ഞില്ല. അനുകരിക്കാന്‍ പറ്റിയ എത്ര നല്ല ഉദാഹരണം! ജീവിതത്തിന്റെ എല്ലാ നാളും ഈ വഴിയില്‍ നടന്നാല്‍ നിങ്ങള്‍ അനുഗൃഹീതരാകും.
അബ്രാഹാം ഈ സ്ഥലത്തിനു ”യഹോവയിരെ” – ദൈവം നല്‍കും- എന്നു പേരിട്ടു (22:14). ജീവിതത്തില്‍ ഏതു പ്രശ്‌നം ഉണ്ടാകുമ്പോഴും ഓര്‍ക്കേണ്ട ഒരു വാക്കാണിത്. അവിടുത്തെ വാഗ്ദാനം ഇതാണ്- ”നിങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടത് നല്‍കുന്ന ദൈവം” (ഫിലി. 4:19).
2000 വര്‍ഷത്തിനു ശേഷം പിതാവായ ദൈവം തന്റെ പുത്രനെ യാഗമാക്കുന്നതിന്റെ ഒരു ചെറിയ ദര്‍ശനം മോറിയ മലയില്‍ അബ്രാഹാമിനു ലഭിച്ചു. യോഹന്നാന്‍ 8:56-ല്‍ യേശു ഈ കാര്യം പരാമര്‍ശിക്കുന്നത് നാം കാണുന്നു: ”നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതു കൊണ്ട് ഉല്ലസിച്ചു. അവന്‍ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” ദൈവം അബ്രാഹാമിന്റെ മനോഭാവത്തില്‍ വളരെ സന്തുഷ്ടനാവുകയും തുടര്‍ന്നു 2000 വര്‍ഷങ്ങള്‍ക്കു ശേഷം ആ പ്രത്യേക സ്ഥലത്ത് തന്നെ തന്റെ ആലയം പണിയണമെന്നു കല്പിക്കുകയും ചെയ്തു (2 ദിന. 3:1). അബ്രാഹാമിനെ പോലെ ദൈവത്തെ ഭയപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന ഒരുവനു മാത്രമേ ദൈവഭവനം പണിയുവാന്‍ സാധിക്കു.
അബ്രാഹാമിനു തന്റെ ജീവിതകാലം അവസാനിക്കാറാകുമ്പോള്‍ തന്റെ പുത്രനെ സംബന്ധിച്ചുണ്ടായിരുന്ന ഹൃദയഭാരം 24-ാം അധ്യായത്തില്‍ നാം വായിക്കുന്നു. തന്റെ പുത്രന് ഒരു വധുവിനെ കണ്ടെത്തുവാന്‍ തന്റെ ദാസനെ അവന്‍ അയയ്ക്കുന്നു. തിരുവെഴുത്ത് പല വിവാഹങ്ങളെ സംബന്ധിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ദൈവത്താല്‍ നിയമിക്കപ്പെട്ട രണ്ടു വിവാഹങ്ങള്‍ മാത്രമാണ് വ്യക്തമായി കാണുന്നത്. ഒന്ന് ആദാമിന്റേതാണ്. ഹവ്വ തീര്‍ച്ചയായും ദൈവത്തിന്റെ തിരഞ്ഞടുപ്പ് ആയിരുന്നു. മറ്റൊന്ന് യിസ്ഹാക്കിന്റെ വിവാഹമാണ്. റിബേക്കയും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളായിരുന്നു. എന്നോട് പലരും ചോദിക്കാറുണ്ട്: ”മുന്‍കൂട്ടി ക്രമീകരിച്ച വിവാഹത്തില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?” ഞാന്‍ പറയും: ”ഉണ്ട്. ദൈവത്താല്‍ ക്രമീകരിക്കപ്പെട്ട വിവാഹങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു.” ദൈവം അത് അവന്റെ മാതാപിതാക്കന്മാരിലൂടെയൊ (യിസ്ഹാക്കിന്റെ കാര്യത്തില്‍ എന്നവണ്ണം) മാതാപിതാക്കന്മാരെ കൂടാതെയൊ (ആദാമിന്റെ കാര്യത്തില്‍ എന്നപോലെ) ചെയ്യും. എന്തായാലും അത് ദൈവത്താല്‍ ക്രമീകരിക്കപ്പെട്ടതാണോ എന്നതാണ് ഗൗരവമുള്ള കാര്യം.
നിങ്ങള്‍ ദൈവഭക്തനായ ഒരു പിതാവാണെങ്കില്‍, നിങ്ങളുടെ മക്കളുടെ വിവാഹം സംബന്ധിച്ച് ഒരു ഹൃദയഭാരം നിങ്ങള്‍ക്കുണ്ടായിരിക്കും. ചെറുപ്പക്കാരനായ നിങ്ങള്‍ക്ക് ഒരു ദൈവഭക്തനായ പിതാവുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഗൗരവമായിട്ടെടുക്കണം. ദൈവഭക്തനായ ഒരു പിതാവ് നിങ്ങള്‍ വിവാഹം കഴിക്കുവാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെ ‘വേണ്ട’ എന്ന് അഭിപ്രായപ്പെട്ടാല്‍, കാത്തിരിക്കുക. ദൈവം ഒരുപക്ഷേ നിങ്ങളെ പരീക്ഷിക്കുകയാ യിരിക്കും. നിങ്ങളുടെ പിതാവിന്റെ ”വേണ്ട” ഒരുപക്ഷേ താല്കാലികമായിരിക്കാം. നിങ്ങള്‍ പിതാവിന്റെ വാക്കുകളെ അംഗീകരിക്കുവാന്‍ തയ്യാറാണെന്നു ദൈവം അറിഞ്ഞു കഴിഞ്ഞാല്‍ അവിടുന്നു നിങ്ങള്‍ക്കു തിരഞ്ഞെടുത്ത ആളെ പങ്കാളിയായി നല്‍കും.
പിതാവായ ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിന് ഒരു മണവാട്ടിയെ കണ്ടെത്തുന്നതിന് ഈ ഭൂമിയിലേക്കു പരിശുദ്ധാത്മാവിനെ അയയ്ക്കുന്നതിന്റെ ഒരു ചിത്രമാണ് ഇവിടെ അബ്രാഹം തന്റെ പുത്രനായ യിസ്ഹാക്കിനായി ഒരു വധുവിനെ അന്വേഷിച്ച് ഒരു ദാസനെ അയയ്ക്കുന്നതില്‍ നാം കാണുന്നത്. അതാണ് സുവിശേഷം പ്രസംഗിക്കപ്പെടുമ്പോള്‍, ഇന്നു നടക്കുന്നത്. ആ അധ്യായം വായിക്കുമ്പോള്‍ നിങ്ങള്‍ മനോഹരമായ ചില സമാനതകള്‍ കാണുന്നു.
ആ പെണ്‍കുട്ടി ഒട്ടകങ്ങള്‍ക്ക് എല്ലാം വെള്ളം കോരി കൊടുക്കുന്നതിനു മനസ്സുള്ളവളാണോ എന്നതായിരുന്നു ആ ദാസന്‍ പരിശോധിച്ചത്. ഒട്ടകങ്ങള്‍ ധാരാളം വെള്ളം കുടിക്കുന്ന ഒരു മൃഗമാണ്. ആ പെണ്‍കുട്ടി കൃപയുള്ളവളും കഠിനാദ്ധ്വാനിയും ആണോയെന്നതായിരുന്നു അബ്രാഹാമിന്റെ ദാസന് അറിയേണ്ടിയിരുന്നത്. റിബേക്ക അങ്ങനെയുള്ള ഒരുവളായിരുന്നു. അവള്‍ എളിമയുള്ള ഒരു പെണ്‍കുട്ടിയാണെന്നത് 24:16-ല്‍ നിന്നും വ്യക്തമാണ്. അപരിചിതരെ തുറിച്ചുനോക്കി അവര്‍ ആരാണെന്ന് അറിയുവാന്‍ അവള്‍ക്ക് ഒരു താല്പര്യവുമില്ല. അവള്‍ തന്റെ കുടങ്ങളില്‍ വെള്ളം നിറച്ച് ഭവനത്തിലേയ്ക്കു മടങ്ങുമ്പോഴാണ് ഒരു അപേക്ഷ അവളോട് നടത്തുന്നത്. അവള്‍ അപേക്ഷ കേട്ടു. അത്തരം ഒരു ഭാര്യയാണ് വേണ്ടിയിരുന്നത്.
ഈ ഭൂമിയില്‍ ഇത്തരത്തിലുള്ള മണവാട്ടിയെയാണ് ക്രിസ്തുവിനായി പിതാവ് അന്വേഷിക്കുന്നത്. ദൈവം തന്റെ പരമാധികാരത്തില്‍ കൃത്യമായ വ്യക്തിയിലേയ്ക്ക് (റിബേക്കയിലേക്ക്) തന്നെ അബ്രാഹാമിന്റെ ദാസനെ എത്തിച്ചു. ആ ദാസന്‍ പിന്നീട് റിബേക്കയെ മെസപ്പെട്ടോമിയയില്‍ നിന്നും കനാനിലേക്കു 700 കിലോമീറ്റര്‍ ദൂരം അപകടകരമായ വഴികളിലൂടെ കൊണ്ടുപോവുകയാണ്. ക്രിസ്തുവിന്റെ മണവാട്ടിയെന്ന നിലയില്‍ ഈ ഭൂമിയിലെ നമ്മുടെ യാത്രയുടെ ഒരു ചിത്രം.
ആ ദീര്‍ഘയാത്രയിലുടനീളം ആ ദാസന്‍ റിബേക്കയുമായി നടത്തിയിട്ടുള്ള സംഭാഷണം എന്തായിരിക്കും? അത് യിസ്ഹാക്കിനെ സംബന്ധിച്ചായിരിക്കും എന്നെനിക്കുറപ്പുണ്ട്. നമ്മുടെ ദീര്‍ഘയാത്രയില്‍ പരിശുദ്ധാത്മാവ് നമ്മോട് പറയുവാന്‍ ആഗ്രഹിക്കുന്നത് എന്താണ്? അത് യേശുവിനെ സംബന്ധിച്ചായിരിക്കും. വേദശാസ്ത്രമോ, സ്വര്‍ഗ്ഗമോ ഒന്നുമായിരിക്കില്ല. കര്‍ത്താവായ യേശുവിനെ സംബന്ധിച്ച് മാത്രം. യിസ്ഹാക്കിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേള്‍ക്കുവാന്‍ റിബേക്കയും വളരെ താല്പര്യപ്പെട്ടിരുന്നു. ഈ ദീര്‍ഘയാത്രയില്‍ എന്റെ അത്ഭുതവാനായ രക്ഷകനെ ഒരുനാള്‍ നേരില്‍ കാണുന്നതു വരെ (റിബേക്ക യിസ്ഹാക്കിനെ കണ്ടതുപോലെ) തന്നെക്കുറിച്ചു പരിശുദ്ധാത്മാവില്‍ നിന്നു കൂടുതല്‍ കൂടുതല്‍ അറിയണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ ഒരുനാള്‍ റിബേക്കയെ പോലെ ഞാനും എന്റെ കര്‍ത്താവിന്റെ മണവാട്ടിയായി കൂടാരത്തില്‍ കടക്കും. ആ ഒരു താല്പര്യം നിങ്ങളില്‍ ഉണ്ടോ? 24-ാം അധ്യായത്തില്‍ ഉള്ളതെല്ലാം അതാണ്.
യിസ്ഹാക്കിന്റെ ജീവിതം
എന്നാല്‍ റിബേക്ക 20 വര്‍ഷമോ അതിലധികമോ കാലം വന്ധ്യയായിരുന്നു (25:20,26 വാക്യങ്ങള്‍ ചേര്‍ത്തു വായിക്കുക). ദൈവം തിരഞ്ഞെടുത്തു നല്‍കിയ ഭാര്യയെ ലഭിച്ചാല്‍ പോലും ചിലപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് നിങ്ങളുടെ ആത്മീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായിരിക്കും. ദൈവം നിങ്ങളെ ഒരു സ്ഥലത്തേക്ക് അയയ്ക്കുമ്പോള്‍ അവിടെയും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒരിക്കലും നിങ്ങള്‍ ദൈവഹിതത്തിനു പുറത്താണെ ന്നുള്ളതിനുള്ള തെളിവ് അല്ല. ആ പ്രശ്‌നം പരിഹരിക്കുന്നതിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം എന്നു മാത്രമേ അതിന് അര്‍ത്ഥമുള്ളു. യിസ്ഹാക്ക് പ്രാര്‍ത്ഥിച്ചു. പ്രശ്‌നം പരിഹരിക്കപ്പെട്ടു. റിബേക്ക ഗര്‍ഭം ധരിച്ചു (25:21).
റിബേക്ക ഇരട്ട കുട്ടികളെ പ്രസവിച്ചു. യാക്കോബ് ഏശാവിന്റെ കുതികാലില്‍ പിടിച്ചുകൊണ്ടാണ് പുറത്തേയ്ക്കു വന്നത്. യാക്കോബിന്റെ പിടിച്ചെടുക്കുന്ന സ്വഭാവം ഗര്‍ഭപാത്രത്തില്‍ തന്നെ ആരംഭിച്ചതാണ്. ആദ്യം പുറത്തു വരുന്നതിനു യാക്കോബ് ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. ഏശാവ് ആദ്യം പുറത്തു വന്നു. യാക്കോബ് അവന്റെ കുതികാലില്‍ പിടിച്ചിരുന്നു. അങ്ങനെയുള്ള യാക്കോബെന്ന മനുഷ്യനെയാണ് യിസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ തലവനായിരിക്കുവാന്‍ ദൈവം തിരഞ്ഞെടുത്തത്. ദൈവം ബലഹീനനായ ഒരു മനുഷ്യനെ തന്റെ ദാസനായി തിരഞ്ഞെടുത്തു. തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവനും ഭൗതിക കാര്യങ്ങള്‍ വെട്ടി പിടിക്കുന്നവനും ആയ ഒരു മനുഷ്യന്‍. അവര്‍ അവനെ ‘പിടിച്ചുപറിക്കാരന്‍’ എന്ന അര്‍ത്ഥമുള്ള യാക്കോബ് എന്നു വിളിച്ചു. നമ്മെപ്പോലെ വീഴ്ച സംഭവിച്ച പാപികള്‍ക്ക് എത്ര ഉത്സാഹം നല്‍കുന്നതാണിത്! നമ്മുടെ കര്‍ത്താവ് വന്നത് പാപികളെ വിളിക്കുവാനാണ്. നീതിമാന്മാരെയല്ല.
യിസ്ഹാക്ക് അബ്രാഹാമിനെ പോലെ ജ്ഞാനമുള്ളവനായിരുന്നില്ല. യിസ്ഹാ ക്കിന്റെ ഭവനം പക്ഷപാതം നിറഞ്ഞതായിരുന്നു. യിസ്ഹാക്ക് ഏശാവിന്റെ പക്ഷത്തും റിബേക്ക യാക്കോബിന്റെ പക്ഷത്തും. ഒരു ഭവനത്തില്‍ ഭിന്നതയുണ്ടാകുന്നതിന് ഈ മനോഭാവം ഉണ്ടായാല്‍ മതി. അവരുടെ മാതാപിതാക്കന്മാരുടെ പക്ഷപാത നിലപാടു മൂലം ഏശാവും യാക്കോബും ജീവിതകാലം ശത്രുതയില്‍ ആയിരുന്നു. മാതാപിതാക്കള്‍ ഓരോ മക്കളെ വീതം അനുകൂലിച്ചു. അതിനാല്‍ രണ്ട് ആണ്‍കുട്ടികള്‍ക്കും പരസ്പരം അസൂയയുണ്ടായി. ഒരു സംശയവും വേണ്ട. ഇത് യിസ്ഹാക്കിനേയും റിബേക്കയേയും തമ്മില്‍ ഭിന്നിപ്പിച്ചിരുന്നു. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും പരസ്പരം ആഴത്തില്‍ സ്‌നേഹിച്ചവരും, മനോഹരമായ രീതിയില്‍ വിവാഹ ജീവിതം തുടങ്ങിയവരുമാണ് ഈ ദമ്പതികള്‍. മക്കളോടുള്ള പക്ഷപാതം അവരുടെ വിവാഹ ജീവിതത്തെ ആകെ തകര്‍ത്തു. സങ്കടകരമായ കാര്യം. യിസ്ഹാക്കിന്റെ കാര്യത്തില്‍ രുചികരമായ ഭക്ഷണത്തോടുള്ള അവന്റെ താല്പര്യമാണ് പക്ഷപാതം കാണിക്കുന്നതിലേയ്ക്ക് അവനെ നടത്തിയത്. ഏശാവ് ഇടയ്ക്കിടെ തയ്യാറാക്കി നല്‍കുന്ന മാനിറച്ചി അവനു വളരെ ഇഷ്ടമായിരുന്നു. യാക്കോബ് ഒരു നല്ല വേട്ടക്കാരന്‍ ആയിരുന്നില്ല. അതിനാല്‍ യിസ്ഹാക്കു യാക്കോബിനെ പരിഗണിച്ചില്ല. യാക്കോബിനുള്ള യിസ്ഹാക്കിന്റെ അനുഗ്രഹവും (പല പ്രശ്‌നങ്ങള്‍ക്കും കാരണമായത്) മാനിറച്ചിയോടുള്ള അവന്റെ താല്പര്യത്തില്‍ നിന്നുണ്ടായതാണ്. യിസ്ഹാക്കിനെ പോലെ ഭക്ഷണപ്രിയനായ ഒരാള്‍ തീര്‍ച്ചയായും ഭവനത്തില്‍ അബ്രാഹാമിനെപ്പോലെ നല്ല ഒരു പിതാവായിരുന്നില്ല. ദൈവഭക്ത ന്മാരായ പിതാക്കന്മാര്‍ക്കു ചിലപ്പോള്‍ വളരെ ബുദ്ധിശൂന്യരായി പ്രവര്‍ത്തിക്കുന്ന മക്കള്‍ ഉണ്ടാകാറുണ്ട്.
26:7-ല്‍ നാം യിസ്ഹാക്കിന്റെ മറ്റൊരു ബുദ്ധിശൂന്യമായ പ്രവൃത്തി കാണുന്നു. എന്നാല്‍ ഇവിടെ അവന്‍ തന്റെ പിതാവിന്റെ കാലടികള്‍ പിന്തുടരുകയാണ് ചെയ്യുന്നത്. യിസ്ഹാക്കു ഗെരാരില്‍ ആയിരുന്നപ്പോള്‍ അവിടെയുള്ളവര്‍ സുന്ദരിയായ റിബേക്ക ആരാണെന്നു ചോദിച്ചതിന് അവള്‍ തന്റെ സഹോദരി എന്നായിരുന്നു അവന്റെ മറുപടി. അവന്റെ പിതാവായ അബ്രാഹാം അവന്റെ മാതാവായ സാറായെ സംബന്ധിച്ച് രണ്ട് സന്ദര്‍ഭങ്ങളില്‍ പറഞ്ഞതും ഇതേ കളവായിരുന്നു (12,20 അധ്യായങ്ങളില്‍). എന്നാല്‍ യിസ്ഹാക്കു തന്റെ പിതാവിന്റെ തെറ്റില്‍ നിന്നും പാഠം പഠിച്ചില്ല. നമ്മുടെ മാതാപിതാക്കള്‍ ചെയ്ത തെറ്റുകള്‍ നാം ആവര്‍ത്തിക്കേണ്ടതില്ല. ജ്ഞാനിയായ ഒരുവന്‍ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പാഠം പഠിച്ച് അത് ആവര്‍ത്തിക്കാത്തവനാണ്.
എന്നാല്‍ യിസ്ഹാക്കിനു തന്റെ പിതാവില്‍ നിന്നും ചില നല്ല സ്വഭാവങ്ങളും ലഭിച്ചിരുന്നു. അത് ഭവനത്തിനു പുറത്തുള്ളവരുമായി ഇടപെടുന്നതിനാലാണ് നാം കാണുന്നത്. തന്റെ പിതാവ് കുഴിച്ചതും പിന്നീട് ഫെലിസ്ത്യര്‍ അസൂയ നിമിത്തം മൂടിക്കളഞ്ഞതുമായ കിണറുകള്‍ യിസ്ഹാക്ക് വീണ്ടും കുഴിക്കുന്ന ഒരു സന്ദര്‍ഭം നാം വായിക്കുന്നു (26:18). ആ കിണറുകള്‍ അബ്രാഹാമിന് അവകാശപ്പെട്ട തായിരുന്നു. അത് കുഴിച്ചത് അബ്രാഹാം ആയതിനാല്‍ അവ യിസ്ഹാക്കിനും അവകാശപ്പെട്ടതായിരുന്നു. ഗെരാരിലെ ഇടയന്മാര്‍ യിസ്ഹാക്കിന്റെ ദാസന്മാരുമായി തര്‍ക്കമുണ്ടാക്കി ഇങ്ങനെ പറഞ്ഞു: ”ഈ വെള്ളം ഞങ്ങള്‍ക്കുള്ളതാണ്.” ദാസന്മാര്‍ ഈ വിവരം അറിയിച്ചതിനു യിസ്ഹാക്കിന്റെ മറുപടി ഇതായിരുന്നു: ”അത് അവര്‍ക്കു നല്‍കുക.” ലോത്തിന് ആവശ്യമുള്ള ഭൂഭാഗം അബ്രാഹാം വിട്ടുകൊടുത്തതു പോലെ യിസ്ഹാക്ക് ഇവിടെ പിതാവിന്റെ കാലടികളെ പിന്തുടര്‍ന്നു. പിന്നീട് യിസ്ഹാക്കു മറ്റൊരു കിണറ് കുഴിച്ചു (21-ാം വാക്യം). അതിനെ ചൊല്ലിയും ഗെരാരിലുള്ളവര്‍ തര്‍ക്കിച്ചു. രണ്ടാം തവണയും യിസ്ഹാക്കു പറഞ്ഞു: ”അതും അവര്‍ക്കു വിട്ട് കൊടുക്കുക.” അവര്‍ അവിടെ നിന്നു മാറി വീണ്ടും ഒരു കിണര്‍ കുഴിച്ചു. ഗെരാരിലു ള്ളവര്‍ ലജ്ജിതരായി പിന്നീട് തര്‍ക്കത്തിനു വന്നില്ല. അതിനാല്‍ യിസ്ഹാക്ക് ”ഇവിടെ നാം അഭിവൃദ്ധി പ്രാപിക്കും” എന്നു പറഞ്ഞ് ആ കിണറിനു ‘രെഹോബോത്ത്’ എന്നു പേരിട്ടു.
”രെഹോബോത്ത് – ഇവിടെ നാം അഭിവൃദ്ധി പ്രാപിക്കും.” ഈ ഒരു വാചകത്തെ കുറിച്ച് ചിന്തിക്കുക. യിസ്ഹാക്ക് അഭിവൃദ്ധിപ്പെട്ടത് മറ്റ് മനുഷ്യരെ തള്ളിമാറ്റി ക്കൊണ്ടല്ല. അവന്‍ തന്റെ അവകാശങ്ങള്‍ വിട്ടുകൊടുത്തു, അവന്‍ അഭിവൃദ്ധിപ്പെട്ടു. ഇപ്രകാരമാണ് യെരുശലേം പണിയേണ്ടത്. ഇത് (ഒരുവന്റെ അവകാശങ്ങള്‍ ഉപേക്ഷിക്കുക) തുടങ്ങിയത് അബ്രാഹാമിലാണ്. അത് പിന്നീട് യിസ്ഹാക്കിലൂടെ തുടര്‍ന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം അത് യിസ്ഹാക്കിന്റെ കൊച്ചുമകന്‍ യോസേഫില്‍ എത്തി. ഈയൊരു പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ വേണം നാം ജീവിക്കേണ്ടത്. ”ഞാന്‍ ഏതെങ്കിലും ഭൗതിക വസ്തുക്കള്‍ക്കു വേണ്ടി പോരാടു കയോ പിടിച്ചുവാങ്ങുകയോ ചെയ്യുകയില്ല. ലോകവും ലോകപ്രകാരമുള്ള ക്രിസ്ത്യാ നികളും അവര്‍ക്കാവശ്യമുള്ളത് എടുക്കട്ടെ. ബാക്കി വരുന്നത് ഞാന്‍ എടുത്തു കൊള്ളാം. എങ്കിലും ദൈവം എന്നെ അഭിവൃദ്ധിപ്പെടുത്തും.” സോദോമും ഗോമോ റയും അതിന്റെ സമ്പത്തും തിരഞ്ഞെടുത്തവര്‍ ഫലമില്ലാത്തവരായി തുടര്‍ന്നു. സഭയുടെ (യെരുശലേം) മാര്‍ഗ്ഗം യേശുവിനെപ്പോലെ ഭൂമിയിലെ വസ്തുവകകള്‍ വിട്ടുകൊടുക്കുക എന്നതാണ്. അവിടുത്തെ രാജ്യം ഐഹികമല്ല. നമ്മളുടേതും അങ്ങനെ തന്നെ. എന്നാല്‍ ബാബിലോണിന്റെ മാര്‍ഗ്ഗം തട്ടിയെടുക്കുക എന്നതാണ്.
യാക്കോബ് തന്റെ ജീവിതം തുടങ്ങിയത് ഒരു പിടിച്ചുപറിക്കാരനായിട്ടാണ്. എന്നാല്‍ അവന്‍ യിസ്രായേലും അങ്ങനെ യെരുശലേമിന്റെ ഭാഗവുമാകുന്നതിനു മുന്‍പ് അവനു രൂപാന്തരം ഉണ്ടാകേണ്ടിയിരുന്നു. അല്ലാത്തപക്ഷം അവന്‍ ബാബിലോണിന്റെ ഭാഗമാകുമായിരുന്നു. ഇന്നു നമുക്ക് ആവശ്യമുള്ള വളരെ പ്രധാനപ്പെട്ട ചില പ്രമാണങ്ങളാണ് ഉല്പത്തി പുസ്തകത്തില്‍ കാണുന്നത്. പദവിയും സ്ഥാനമാനങ്ങളും അന്വേഷിക്കുന്ന എത്ര വിശ്വാസികളാണ് നമുക്കു ചുറ്റുമുള്ള ക്രിസ്തീയ ലോകത്തില്‍ ഉള്ളതെന്നു കാണുക. ഒരു ക്രിസ്തീയ നേതാവ് (മൂപ്പന്‍) ആകുന്നതിനുള്ള ഒന്നാമത്തെ യോഗ്യത നിങ്ങള്‍ക്ക് ഒരു മൂപ്പനാകാനുള്ള ആഗ്രഹം അല്പംപോലും ഇല്ലയെന്നതാണ്. കാരണം ഒരു നേതാവാകാനുള്ള യോഗ്യത നിങ്ങള്‍ക്കില്ലെന്നു പൂര്‍ണ്ണബോധ്യം നിങ്ങള്‍ക്കുണ്ട്. ദൈവം തന്നെ നമ്മെ മുന്നോട്ടു നടത്തി ഒരു നേതാവാക്കുന്നതിനു നാം വിട്ടുകൊടുക്കണം. അപ്പോള്‍ നാം ദേശത്ത് അഭിവൃദ്ധിപ്പെടും. നാം സ്വയം മുന്നോട്ട് വരാന്‍ ശ്രമിച്ചാല്‍ അഭിവൃദ്ധിയു ണ്ടാവുകയില്ല. അത് തീര്‍ച്ചയാണ്.
26:28-ല്‍ യിസ്ഹാക്കിന്റെ ശത്രുവായിരുന്ന ഒരു മനുഷ്യന്‍ ഒടുവില്‍ വന്നു പറയുന്നു: ”ദൈവം നിന്നോട് കൂടെയുണ്ടെന്നു ഞങ്ങള്‍ വ്യക്തമായി കാണുന്നു.” പിന്നീട് യിസ്ഹാക്ക് അവനൊരു വിരുന്നൊരുക്കി. അതാണ് ദൈവത്തിന്റെ വഴി. ദൈവിക മനുഷ്യന്‍ ശത്രുക്കളുമായി സമാധാനമുണ്ടാക്കുന്നു. നമ്മുടെ ശത്രുവിനു വിശന്നാല്‍ നാം അവനു ഭക്ഷണം കൊടുക്കുന്നു. അതാണ് യെരുശലേമിന്റെ മാര്‍ഗ്ഗം.
26:34,35 വാക്യങ്ങളില്‍ നാം വായിക്കുന്നു: ”ഏശാവിനു 40 വയസ്സായപ്പോള്‍ അവന്‍ ഹിത്യനായ ബേരിയുടെ മകള്‍ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകള്‍ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു. ഇവര്‍ യിസ്ഹാക്കിനും റിബേക്കയ്ക്കും മനോവ്യസന കാരണമായിരുന്നു.” അബ്രാഹാമിനെപ്പോലെ തന്റെ പുത്രന് ഒരു പങ്കാളിയെ കണ്ടെത്തുന്നതില്‍ യിസ്ഹാക്കു ശ്രദ്ധയുള്ളവനായില്ല. ഏശാവിനു സ്വന്ത താല്പര്യപ്രകാരം വിവാഹം ചെയ്യുന്നതിന് അവന്‍ അനുവാദം നല്‍കി. അവന്‍ ഏശാവിനെ തന്റെ പക്ഷപാതം കൊണ്ട് നശിപ്പിച്ചു. ഏശാവ് എങ്ങനെയുള്ളവരെ ഭാര്യമാരായി തിരഞ്ഞെടുക്കണമെന്നതിനേക്കാള്‍ അവന്‍ കൊണ്ടുവരുന്ന ഭക്ഷണത്തിലാണ് യിസ്ഹാക്ക് താല്പര്യം കാണിച്ചത്. തിരുവചനത്തില്‍ നമുക്കുള്ള ചില മുന്നറിയിപ്പുകളാണിത്.
തന്റെ ജീവതകാലം അവസാനിക്കാറായപ്പോള്‍ യിസ്ഹാക്കിന്റെ കാഴ്ച മങ്ങി തുടങ്ങി. ഗൗരവമുള്ള ചിലത് ഈ കാര്യത്തിലുണ്ട്. പ്രായമാകുമ്പോള്‍ സ്വാഭാവികമായും നമ്മുടെ കാഴ്ച മങ്ങും. എന്നാല്‍ ഇവിടെ യിസ്ഹാക്കിന്റെ ആത്മീയ കാഴ്ചയും മങ്ങി മേഘാവൃതമായിരിക്കുന്നു എന്നതാണ് ദുഃഖകരമായ കാര്യം. പ്രായമാകുമ്പോള്‍ നമ്മുടെ പുറമേയുള്ള മനുഷ്യന്‍ ക്ഷയിച്ചു തുടങ്ങും. എന്നാല്‍ നമ്മുടെ അകത്തെ മനുഷ്യന്‍ കൂടുതല്‍ ശക്തിപ്പെടുകയും ആത്മീയ ദര്‍ശനം കൂടുതല്‍ കൃത്യതയുള്ളതാവുകയും വേണം. എന്നാല്‍ യിസ്ഹാക്കിന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായില്ല. അവന്റെ രണ്ടു മക്കള്‍ റിബേക്കയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഇരിക്കുമ്പോള്‍ ദൈവം തന്നോടു പറഞ്ഞത് അവനറിയാം: ”ജ്യേഷ്ഠന്‍ അനുജനെ സേവിക്കും.” എങ്കിലും അവന്‍ ദൈവത്തിന്റെ ഈ വാക്കുകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ച് ജ്യേഷ്ഠ പുത്രന് അനുഗ്രഹം നല്‍കാന്‍ ആഗ്രഹിച്ചു. അവന്റെ വിഡ്ഢിത്തം നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നില്ലേ? 27:2,3 വാക്യങ്ങളില്‍ അവന്‍ ഏശാവിനോട് പറയുന്നു: ”നോക്കൂ, ഞാന്‍ വൃദ്ധനായി. എപ്പോള്‍ മരിക്കുമെന്നു ഞാന്‍ അറിയുന്നില്ല. നിന്റെ അമ്പും വില്ലുമെടുത്ത് കാട്ടില്‍ ചെന്ന് ഏതെങ്കിലുമൊരു മൃഗത്തെ കൊന്ന് ആ വേട്ടയിറച്ചി കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരിക.” കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ഈ വൃദ്ധന്‍ ഇപ്പോഴും ഭക്ഷണത്തെ സംബന്ധിച്ചാണ് ചിന്തിക്കുന്നത്. അങ്ങനെയുള്ള ഒരുവന്റെ ആത്മീയ ദര്‍ശനം നഷ്ടപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. 1 കൊരിന്ത്യര്‍ 9:27-ല്‍ പൗലൊസ് പറയുന്നു: ”മറ്റുള്ളവരോട് പ്രസംഗിച്ച ശേഷം ഞാന്‍ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിനു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.” അതിനാലാണ് ചിലപ്പോഴെങ്കിലും ഭക്ഷണം വെടിഞ്ഞ് ഉപവസിക്കണമെന്നു ദൈവവചനം നമ്മോടു പറയുന്നത്. അപ്പോള്‍ നമ്മുടെ ഭക്ഷണ താല്പര്യവും ലൈംഗിക തൃഷ്ണയും നിയന്ത്രിച്ച് ദൈവത്തെ ആരാധിക്കാന്‍ സാധിക്കും. ഭക്ഷണത്തോടുള്ള താല്പര്യ മാണ് യിസ്ഹാക്കിനെ ആത്മീയമായി അന്ധനാക്കിയത്. പല പ്രസംഗകരേയും ആത്മീയ അന്ധരാക്കിയത് അവരുടെ ഭക്ഷണത്തോടുള്ള സ്‌നേഹമാണ്.
യിസ്ഹാക്ക് ഇങ്ങനെയാണ് പറയുന്നത്: ”ഏശാവേ, നീ പോയി വേട്ടയിറച്ചി പാചകം ചെയ്തു കൊണ്ടു തരൂ. അത് രുചികരമാണെങ്കില്‍ ഞാന്‍ നിനക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നല്കും. നിന്റെ ഇളയ സഹോദരനു ജ്യേഷ്ഠാവകാശം ലഭിക്കുമെന്ന വിവരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ദൈവം എന്നെ അറിയിച്ചിട്ടുള്ള താണ്. എന്നാല്‍ ദൈവം പല വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞത് ഞാന്‍ ഇന്നു കാര്യ മാക്കുന്നില്ല. നീ എനിക്കൊരു നല്ല മകനും എനിക്ക് ഇടയ്ക്കിടെ വേട്ടയിറച്ചി കൊണ്ടു തരുന്നവനുമാണ്. അതിനാല്‍ ഒരിക്കല്‍ പോലും ഒരു നല്ല ഭക്ഷണം കൊണ്ടു വന്നു നല്‍കാത്ത നിന്റെ സഹോദരനു പകരം നിന്നെ ഞാന്‍ അനുഗ്രഹിച്ചാല്‍ ദൈവം അതു മനസ്സിലാക്കും എന്നെനിക്കുറപ്പുണ്ട്.” യിസ്ഹാക്കിന്റെ വിഡ്ഢിത്തം എത്ര ആഴത്തില്‍ ആണെന്നു കാണുക! എന്നാല്‍ യിസ്ഹാക്കിന്റെ ഈ പദ്ധതി പരാജയപ്പെടുന്നത് ദൈവം ഉറപ്പാക്കി.
റിബേക്കാ യാക്കോബിന്റെ പക്ഷത്തായിരുന്നു. ഇളയ സഹോദരനാണ് അനുഗ്രഹം ലഭിക്കേണ്ടതെന്നു ദൈവം അരുളിച്ചെയ്ത വിവരം റിബേക്ക അറിഞ്ഞിരുന്നു. അതിനാല്‍ യിസ്ഹാക്ക് ഏശാവിനെ അനുഗ്രഹിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ ദൈവഹിതം നിറവേറുന്നതിനു സഹായകരമായി ചില പദ്ധതികള്‍ ആവിഷ്‌കരിച്ചു. അവള്‍ യാക്കോബിനോട് പറഞ്ഞു: ”ഏശാവ് വേട്ടയിറച്ചി തയ്യാറാക്കി വരുന്നതിന് അല്പം സമയമെടുക്കും. ആ സമയം കൊണ്ട് ഞാന്‍ നിന്റെ പിതാവ് ഇഷ്ടപ്പെടുന്ന രുചികരമായ ഒരു വിഭവം പാചകം ചെയ്തു തരാം. നീ മൃഗത്തിന്റെ തോലുപയോഗിച്ച് ശരീരം പൊതിഞ്ഞ് ഏശാവിനെ പോലെ രോമ മുള്ളവനായി നടിച്ച് ഈ വിഭവവുമായി നിന്റെ പിതാവിന്റെ അടുക്കല്‍ ചെല്ലുക.”
എന്നാല്‍ യാക്കോബിനുള്ള തന്റെ വാഗ്ദാനം നിറവേറ്റുന്നതിനു ദൈവത്തിനു റിബേക്കയുടെ സഹായം ആവശ്യമുണ്ടോ? അബ്രാഹാം ഹാഗാറുമായി ബന്ധപ്പെട്ടു ചെയ്ത അതേ തെറ്റ് റിബേക്കയും ചെയ്തു. അബ്രാഹാമിന് അന്നു തോന്നി, വാഗ്ദാനപ്രകാരം എനിക്ക് ഒരു സന്തതിയുണ്ടാകണമെങ്കില്‍ ഞാന്‍ ദൈവത്തെ സഹായിക്കണം. അതിനായി ഞാന്‍ ഹാഗാറിന്റെ അടുക്കല്‍ ചെല്ലും. അവള്‍ ഒരു പുത്രനെ പ്രസവിക്കും. ഇവിടെ റിബേക്കയും സമാനമായ ചിലത് പറയുന്നു: ”ദൈവത്തിന് എന്റെ സഹായം ആവശ്യമുണ്ട്. കാരണം ഇവിടെയിതാ യിസ്ഹാക്ക് ഏശാവിനെ അനുഗ്രഹിക്കാന്‍ പോകുന്നു. ആ അനുഗ്രഹം തട്ടിയെടുക്കുവാന്‍ ഞാന്‍ യാക്കോബിനെ സഹായിക്കേണ്ടതുണ്ട്.” ദൈവത്തിനു തന്റെ വാഗ്ദാനം നിറവേറ്റുവാന്‍ നമ്മുടെ ഒരു സഹായവും ആവശ്യമില്ലെന്നു ഞാന്‍ ഉറപ്പിച്ച് പറയട്ടെ. നാം ഭോഷ്‌ക്കു പറഞ്ഞും, ചതി പ്രയോഗം നടത്തിയും ദൈവവേലയെ സഹായിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല.
പല ക്രിസ്ത്യാനികളും കരുതുന്നത് ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നാണ്. അതിന്റെ അര്‍ത്ഥം നമ്മുടെ ആത്യന്തിക ലക്ഷ്യം നല്ലതാണെങ്കില്‍ അവിടെ നാം എങ്ങനെയെത്തിയെന്നത് ഒരു പ്രശ്‌നമല്ലെന്ന് അവര്‍ കരുതുന്നു. എന്നാല്‍ അത് തെറ്റാണ്. ലക്ഷ്യം ആത്മീയമായിരിക്കണം. അതുപോലെ തന്നെ അതിലേയ്ക്ക് എത്തുന്ന മാര്‍ഗ്ഗവും ആത്മീയമായിരിക്കണം. യാക്കോബിനു ജന്മാവകാശം ലഭിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ അത് ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗവും ആത്മീയമായിരിക്കണം. അതുപോലെ തന്നെ നാം എല്ലാവരോടും സുവിശേഷം അറിയിക്കണം എന്നത് ദൈവഹിതമാണെങ്കില്‍ അത് ചെയ്യുന്നതും ആത്മീയ മാര്‍ഗ്ഗത്തില്‍ ആയിരിക്കണം. നാം സുവിശേഷ പ്രവര്‍ത്തനം നടത്തുന്നതും സഭയ്ക്കു കെട്ടിടം പണിയുന്നതും ഏതുവിധേനയും ആകരുത്. ദൈവിക മാര്‍ഗ്ഗത്തിലൂടെ വേണം നാം ആ ദൈവിക ലക്ഷ്യത്തില്‍ എത്താന്‍. നാം ദൈവിക മാര്‍ഗ്ഗം തിരഞ്ഞെ ടുത്തതിന്റെ ഫലമായി നമുക്കു ദൈവികമല്ലാത്ത മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിച്ചവരുടെ അളവില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നു കാണുമ്പോള്‍, അത് അങ്ങനെയാകട്ടെ എന്നു കരുതുക. എന്നാല്‍ നാം ദൈവവേലയില്‍ ആത്മീയ പ്രമാണങ്ങളില്‍ വിട്ടു വീഴ്ച ചെയ്യുകയില്ല. നമ്മുടെ ജീവിതകാലം പൂര്‍ണ്ണമായി ഉപയോഗിച്ച് സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് ഒരു ചെറിയ കെട്ടിടം പണിയുന്നതാണ് അന്തിമനാളില്‍ അഗ്നിക്കിരയാകുന്ന തടി, പുല്ല്, വൈയ്‌ക്കോല്‍ എന്നിവ കൊണ്ട് ഒരു വലിയ കെട്ടിടം പണിയുന്നതിനെക്കാള്‍ നല്ലത്.
നിങ്ങളുടെ കാര്യം എങ്ങനെയാണ്? ദൈവിക ലക്ഷ്യത്തിനു വേണ്ടി ദൈവിക മാര്‍ഗ്ഗത്തിലാണോ നിങ്ങള്‍ വേല ചെയ്തത്?
ഏശാവ് തന്റെ ജന്മാവകാശത്തെ തുച്ഛീകരിച്ചവനാണ്. അവന്റെ അനുഗ്രഹം നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍, 27:34-ല്‍ നാം വായിക്കുന്നു: ”അവന്‍ അതീവ ദുഃഖത്തോടെ ഉറക്കെ കരഞ്ഞു.” വര്‍ഷങ്ങള്‍ക്കു മുന്‍പ് ജന്മാവകാശം വിറ്റ തന്റെ നടപടിയോര്‍ത്ത് അവനു വലിയ വിഷമം തോന്നി. തന്റെ ഇളയ സഹോദരന്‍ യാക്കോബിനെ കബളിപ്പിച്ച്, ഇപ്പോള്‍ അവനില്‍ നിന്നും പായസം വാങ്ങാമെന്നും പിന്നീട് ജന്മാവകാശവും നേടാമെന്നും അവന്‍ കരുതി. എന്നാല്‍ ഒടുവില്‍ ദൈവം ഏശാവിനെ വിഡ്ഢിയാക്കി. ”ജ്ഞാനികളെ അവരുടെ കൗശലത്തില്‍ പിടിക്കുവാന്‍” ദൈവത്തിന് അറിയാം (1 കൊരി. 3:19). യാക്കോബിനു ജന്മാവകാശം ലഭിക്കുന്നത് അവിടുന്ന് ഉറപ്പാക്കി. അതിനാല്‍ എല്ലാ കൗശലക്കാരും സൂക്ഷിക്കുക. ഒടുവില്‍ നിങ്ങള്‍ വിതച്ചതു തന്നെ കൊയ്യുവാന്‍ ദൈവം ഇടയാക്കും.
എബ്രായര്‍ 12:16,17 വാക്യങ്ങളില്‍ ”ആരും ദുര്‍വൃത്തനോ ഒരു ഊണിനു ജ്യേഷ്ഠാ വകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിച്ചു കൊള്ളുക. പിന്നീട് അനുഗ്രഹം ലഭിപ്പാന്‍ ആഗ്രഹിച്ച് കണ്ണുനീരോടുംകൂടെ അപേക്ഷി ച്ചിട്ടും അയാള്‍ തള്ളപ്പെട്ടു.” നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ ജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നു. പ്രത്യേകിച്ച് സദാചാര കാര്യങ്ങളില്‍ ഒരു തീരുമാനമെടു ക്കേണ്ട സന്ദര്‍ഭങ്ങള്‍ ചെറുപ്പത്തില്‍ ഉണ്ടാകുമ്പോള്‍. അതിനാലാണ് ഇവിടെ ദുര്‍വൃത്തരെ സംബന്ധിച്ച് പറയുന്നത് നിങ്ങളുടെ ജന്മാവകാശവും നിത്യമായ ആത്മീയ അനുഗ്രഹങ്ങളും ആണോ വേണ്ടത് അതോ ഒരു പാത്രം പായസം പോലെ വേഗം ലഭിക്കുന്ന താല്കാലിക സുഖങ്ങളാണോ? ഇന്ന് അനേകം ചെറുപ്പക്കാര്‍ നേരിടുന്നത് ഈ ഒരു തിരഞ്ഞെടുപ്പാണ്. ഭാവിയില്‍ ലഭിക്കുന്ന നിത്യമായ ആത്മീയ കാര്യങ്ങളും ഇപ്പോള്‍ തന്നെ ലഭിക്കുന്ന താല്കാലികമായ ഭൗതിക കാര്യങ്ങളും തമ്മിലുള്ള തിരഞ്ഞടുപ്പ്.
നാം എല്ലാം പലപ്പോഴും ഒരു നാല്‍ക്കവലയില്‍ എത്താറുണ്ട്. മോശെ ഒരിക്കല്‍ അങ്ങനെ ഒരിടത്ത് എത്തി. പാപത്തിന്റെ സുഖവും ഈജിപ്തിലെ സമ്പത്തും ഫറവോന്റെ ചെറുമകന്‍ എന്ന പദവിയും എല്ലാം അവന്‍ ഉപേക്ഷിച്ചു (എബ്രാ. 11:24-26). അതിനാല്‍ ദൈവം അവനെ ഉപയോഗിച്ചു. നിങ്ങളില്‍ പലരും ഇപ്പോള്‍ ജീവിതത്തിലെ നാല്ക്കവലയിലാണ്. നിങ്ങള്‍ ഇങ്ങനെ പറഞ്ഞേക്കാം: ”ഞാന്‍ ഇപ്പോള്‍ ഇതില്‍ മുഴുകട്ടെ. പിന്നീട് അനുതപിച്ച് ആത്മീയ അനുഗ്രഹം നേടാം.” എന്നാല്‍ നിങ്ങള്‍ക്കതിനു കഴിയുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഏശാവിനെ പോലെ നിങ്ങള്‍ വിതച്ചത് മാത്രമേ കൊയ്യുകയുള്ളു. ശരിയായ തീരുമാനങ്ങള്‍ ഇപ്പോള്‍ എടുക്കുക. കാരണം ഇങ്ങനെ പറയുന്നു: ‘ആരും ദൈവകൃപയില്‍ നിന്നും വീണു പോകാതിരിപ്പാന്‍'(എബ്രാ. 12:15). നമ്മളില്‍ ആരും ദൈവകൃപയില്‍ നിന്നു വീണ് ഏശാവിനെപ്പോലെ ആകാതിരിക്കട്ടെ.
യാക്കോബിന്റെ ജീവിതം
28-ാം അധ്യായത്തില്‍ യാക്കോബ് തന്റെ ഭവനം വിട്ട് ഓടി പോയത് എങ്ങനെയെന്നു വായിക്കുന്നു. ഏശാവിന്റെ കോപത്തില്‍ നിന്നു രക്ഷപ്പെടുവാന്‍ റിബേക്ക അവനെ തന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് അയയ്ക്കുക യാണ്. ഏകദേശം 70 വയസ്സുള്ള യാക്കോബ് അപ്പോഴും അവിവാഹിതനായിരുന്നു.
28:11-ല്‍ ഇങ്ങനെ പറയുന്നു: ”സുര്യന്‍ അസ്തമിക്കകൊണ്ട്.” അത് ഭൂമി ശാസ്ത്രപരമായ ഒരു വസ്തുത പറയുന്നതിനപ്പുറം ആത്മീയ അര്‍ത്ഥത്തിലും യാക്കോബിന്റെ ജീവിതത്തിലും അപ്പോള്‍ സൂര്യന്‍ അസ്തമിച്ചിരിക്കുകയാണ്. അവന്‍ പിടിച്ചു പറിക്കുന്നവനും ചതിയനുമായി ഈ ലോകത്തിനുവേണ്ടി ജീവിക്കുകയാ യിരുന്നു. എങ്കിലും ദൈവം തന്റെ കരുണയാല്‍ അവനെ സന്ദര്‍ശിച്ച് തനിക്ക് അവന്റെ ജീവിതത്തില്‍ വലിയ ഉദ്ദേശ്യങ്ങള്‍ നിറവേറ്റാനുണ്ടെന്ന് അവനെ അറിയിച്ചു. ”ഞാന്‍ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം.” ദൈവം അവനോടു പറഞ്ഞു: ”നീ കിടക്കുന്ന ഈ സ്ഥലം മുഴുവന്‍ നിനക്കും നിന്റെ ഭാവി തലമുറകള്‍ക്കും അവകാശ മായി നല്‍കും. നിന്നിലൂടെ ഭൂമിയിലെ എല്ലാ ജനങ്ങളും അനുഗ്രഹിക്കപ്പെടും” (13,14 വാക്യങ്ങള്‍).
ഇതാണ് ”അബ്രാഹാമിന്റെ അനുഗ്രഹം” (ഗലാ. 3:14). ദൈവം അബ്രാഹാമിനെ വിളിച്ചപ്പോഴും അവിടുന്നു പറഞ്ഞു: ”ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു. നിന്നിലൂടെ ഭൂമിയിലുള്ള സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും”(12:2,3). ഇവിടെ ദൈവം യാക്കോബിനോട് അത് ആവര്‍ത്തിക്കുന്നു. ഗലാത്യര്‍ 3:14-ല്‍ നമ്മോട് പറയുന്നത് ഈ അനുഗ്രഹം പരിശുദ്ധാത്മ നിറവിലൂടെ നമുക്കും സ്വന്തമാകും എന്നാണ്.
അപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിന്റെ ഉദ്ദേശ്യം എന്താണ്? അത് കേവലം അന്യഭാഷയില്‍ സംസാരിക്കുക എന്നതു മാത്രമല്ല. അത് ദൈവം തന്റെ ചില മക്കള്‍ക്കു നല്‍കുന്ന ഒരു വരം മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ പല ക്രിസ്ത്യാ നികളും അതിനെ വലുതായി കാണുന്നു. അതല്ല പ്രധാന ഉദ്ദേശ്യം. രോഗസൗഖ്യം പോലും പ്രധാന ഉദ്ദേശ്യമല്ല. പൗലൊസ് പോലും തന്റെ ‘ജഡത്തിലെ ശൂല’ത്തില്‍ നിന്നു സൗഖ്യം പ്രാപിച്ചില്ല. പരിശുദ്ധാത്മ നിറവിന്റെ മുഖ്യ ഉദ്ദേശ്യം ഇതാണ്: ”ദൈവം നമ്മെ അനുഗ്രഹിക്കുന്നതിനും നമ്മിലൂടെ ഈ ഭൂമിയില്‍ നാം ഇടപെടുന്ന എല്ലാ കുടുംബങ്ങളും അനുഗ്രഹിക്കപ്പെടുന്നതിനും” ആണ് (ഗലാ 3:14).
ദൈവം നമ്മെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുമ്പോള്‍, നാം എല്ലാവര്‍ക്കും ഒരു അനുഗ്രഹമായി തീരും. നമ്മെ കാണുന്ന എല്ലാവരും ഏതെങ്കിലും വിധത്തില്‍ അനുഗ്രഹിക്കപ്പെടും. വലിയ അളവില്‍ പരിമള തൈലം പൂശിയ ഒരു സ്ത്രീയെ പോലെയാണത്. അവരില്‍ നിന്നും കുറച്ച് അകലെ നില്‍ക്കുമ്പോഴും ആ പരിമള വാസന നിങ്ങള്‍ അറിയുന്നു. അവള്‍ എവിടെ പോയാലും ആ പരിമളം വാസന പരത്തുന്നു. നമ്മെ സംബന്ധിച്ചും അങ്ങനെയാകണം. നാം ഒരു ഭവനത്തിലേക്കു കടന്നാല്‍, അത് അഞ്ച് മിനിറ്റായാലും അഞ്ച് ദിവസമായാലും നാം അവരെ അനുഗ്രഹിക്കുന്നു- അതാണ് ”അബ്രാഹാമിന്റെ അനുഗ്രഹം.” ജീവജലത്തിന്റെ നദി ഒഴുകി ദാഹിക്കുന്ന എല്ലാവരേയും തൃപ്തിപ്പെടുത്തുന്നു.
ദൈവം യാക്കോബിനോട് ആ രാത്രി പറഞ്ഞു: ”ഇതാണ് നിനക്കുള്ള എന്റെ വിളി. ഞാന്‍ നിന്റെ കൂടെയുണ്ട്.” ദൈവം പരിശുദ്ധാത്മാവിനാല്‍ നമ്മെ നിറയ്ക്കു മ്പോള്‍ അവിടുന്നു തന്നെ നമ്മോട് കൂടെ വസിക്കുകയാണ് (15-ാം വാക്യം). അവിടു ന്നു യാക്കോബിനോട് പറഞ്ഞു: ”ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നയി ടത്തെല്ലാം നിന്നെ സംരക്ഷിച്ച് ഈ സ്ഥലത്തേയ്ക്കു നിന്നെ മടക്കിക്കൊണ്ടു വരും. ഞാന്‍ നിന്നെ കൈവിടാതെ നിന്നോട് വാഗ്ദാനം ചെയ്തിട്ടുള്ളതെല്ലാം നിറവേറ്റും.” യാക്കോബ് ഉറക്കമുണര്‍ന്ന് ഇങ്ങനെ പറഞ്ഞു: ”ഇത് എത്ര നല്ല സ്ഥലം. ഇത് ദൈവത്തിന്റെ ആലയമാണ്. ബഥേല്‍-സ്വര്‍ഗ്ഗകവാടം തന്നെ.”
എന്നാല്‍ ദൈവത്തിന്റെ മഹത്തായ ഈ വാഗ്ദാനത്തോടുള്ള അവന്റെ പ്രതികരണം കാണുക. അവന്‍ പറയുന്നതിന്റെ സാരമിതാണ് (20-ാം വാക്യം): ”ദൈവമേ എനിക്കു ഈ കാര്യത്തിലൊന്നും വലിയ താല്പര്യമില്ല. എന്റെ ഈ യാത്രയ്ക്കു വേണ്ടത് മാത്രം ചെയ്തു തന്നാല്‍ മതി. എനിക്ക് ആവശ്യത്തിനു ഭക്ഷണവും ധരിക്കാന്‍ വസ്ത്രവും വേണം. അതോടൊപ്പം യാത്രയില്‍ അപകട മുണ്ടാകാതെയും, മോഷ്ടാക്കളുടെ പിടിയില്‍ അകപ്പെടാതെയും എന്നെ സൂക്ഷി ക്കണം. പിന്നീട് ചില നാളുകള്‍ക്കു ശേഷം സുരക്ഷിതമായി എന്റെ പിതാവിന്റെ ഭവനത്തില്‍ മടക്കി കൊണ്ടുവരണം. അത്രയേ എനിക്ക് ആവശ്യമുള്ളു. ഭൂമിയിലെ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കുവാനൊന്നും എനിക്കു താല്പര്യമില്ല. ഞാന്‍ ആവശ്യപ്പെട്ട എല്ലാ ഭൗതിക അനുഗ്രഹവും നല്‍കിയാല്‍ എന്റെ സമ്പാദ്യത്തിന്റെ ദശാംശം ഞാന്‍ നല്‍കാം. ഞാന്‍ അങ്ങേയ്ക്ക് ഒരു ആലയവും പണിയാം. എന്റെ വ്യാപാരത്തെ അനുഗ്രഹിക്കുക, ദൈവമേ ഞാന്‍ തീര്‍ച്ചയായും എന്റെ ലാഭത്തില്‍ പത്തു ശതമാനം അങ്ങേയ്ക്കു നല്‍കാം എന്നു വാഗ്ദാനം ചെയ്യുന്നു.”
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നു പല ക്രിസ്ത്യാനികളുടേയും ദൈവത്തോടുള്ള പ്രതികരണവും ഇങ്ങനെ തന്നെയാണ്. തന്റെ മക്കള്‍ ആത്മാവിനാല്‍ നിറയണ മെന്നും അബ്രാഹാമിന്റെ അനുഗ്രഹം പ്രാപിച്ച് അവര്‍ പോകുന്നയിടത്തെല്ലാം ഒരു അനുഗ്രഹം ആകണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. എന്നാല്‍ പല ക്രിസ്ത്യാനികളുടേയും പ്രാര്‍ത്ഥന എന്താണ്? അവര്‍ ഇങ്ങനെ പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു: ”ദൈവമേ വലിയ ശമ്പളത്തോടെ ഒരു നല്ല ജോലി എനിക്കു ലഭ്യമാക്കണമേ, എന്റെ രോഗങ്ങള്‍ക്കു സൗഖ്യം നല്‍കണമേ, എനിക്കും എന്റെ കുടുംബത്തിനുമായി നല്ലൊരു വീട് നിര്‍മ്മിക്കുന്നതിനു സഹായിക്കണമേ, ഞങ്ങളുടെ മക്കള്‍ക്കു ധനികരായ സൗന്ദര്യമുള്ള ജീവിത പങ്കാളികളെ നല്‍കണമേ, എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിക്കണമേ. ഞങ്ങള്‍ ഞങ്ങളുടെ എല്ലാ സമ്പാദ്യങ്ങളില്‍ നിന്നും ഒരു ഭാഗം അങ്ങേയ്ക്കു നല്‍കാം.”
ഇതിനാണോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്? പല ക്രിസ്ത്യാനികളും ദൈവത്തില്‍ നിന്നുള്ള ഏറ്റവും മികച്ചത് നഷ്ടപ്പെടുത്തിയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലെ സകല ആത്മീയ ആനുഗ്രഹങ്ങളും നല്‍കുവാന്‍ ദൈവം വിളിച്ചിരിക്കുമ്പോള്‍ അവര്‍ ഭൗതിക അനുഗ്രഹങ്ങളില്‍ തൃപ്തരായിരിക്കുന്നു. നിത്യമായ ആത്മീയ അനുഗ്രഹ ങ്ങളിലേയ്ക്കു ദൈവം വിളിച്ചിരിക്കുമ്പോള്‍ അവര്‍ താല്കാലികമായ ചില ഭൗതിക അനുഗ്രഹങ്ങളില്‍ തൃപ്തരായിരിക്കുന്നു. നാം നിത്യതയില്‍ ദുഃഖിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല. എന്നാല്‍ പലരും യാക്കോബിനെ അനുകരിക്കുന്നു. അത്തരം വിശ്വാസികളുടെ ജീവിതത്തിലും സൂര്യന്‍ അസ്തമിച്ചിരിക്കുന്നു.
യാക്കോബ് സ്വപ്നത്തില്‍ കണ്ട ഏണിയെ സംബന്ധിച്ച് യേശു സൂചിപ്പിക്കുന്നുണ്ട്. യേശുവാണ് ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഏണി (യോഹ. 1:51). നമ്മുടെ തലയ്ക്കു മുകളില്‍ തൂങ്ങി കിടക്കാതെ ഏണിയുടെ ചുവട് ഈ ഭൂമിയില്‍ സ്ഥാപിച്ച ദൈവത്തെ നമുക്കു സ്തുതിക്കാം. യേശുവിനെ എല്ലാറ്റിനും നമുക്കു തുല്യനാക്കി. അങ്ങനെ അവിടുന്നു നമ്മുടെ മഹാ പുരോഹിതനായി തീര്‍ന്നു (എബ്രാ. 2:17).
എന്നാല്‍ ദൈവം യാക്കോബിനെ ഉപേക്ഷിച്ചില്ല. അവനെ അനുഗ്രഹിക്കുന്നതിനു മുന്‍പ് ദൈവത്തിന് അവനെ നുറുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ദൈവം എങ്ങനെയാണ് ഇത് ചെയ്യുന്നത്? യാക്കോബിനെ കൈകാര്യം ചെയ്യുന്നതിന് അവനേക്കാള്‍ കൗശലക്കാരനായ ഒരുവനെ, ലാബാനെ, ദൈവം അനുവദിച്ചു. തന്റെ പിതാവിനേയും സഹോദരനേയും ചതിച്ച യാക്കോബ് ഒടുവില്‍ തന്നെ ചതിക്കുന്ന ഒരാളെ കണ്ടെത്തുന്നു.
റാഹേലിനു പകരം ലേയയെ യാക്കോബിനു വിവാഹം ചെയ്തു നല്‍കി ലാബാന്‍ അവനെ ചതിച്ച രീതി വളരെ രസകരമാണ്. ആ കാലഘട്ടത്തില്‍ വിവാഹത്തിനു മുന്‍പ് ഒരു വലിയ വിരുന്നു സംഘടിപ്പിക്കുക പതിവായിരുന്നു. യാക്കോബിനോട് വിവാഹം രാത്രിയിലാകാം എന്ന് അഭിപ്രായപ്പെട്ടു- അപ്പോള്‍ ആളുകളുടെ മുഖം അത്ര വ്യക്തമാകുകയില്ലല്ലോ. ചതിയനായ ലാബാന്‍ വിവാഹത്തിനു മുന്‍പ് നടന്ന വിരുന്നില്‍ യാക്കോബിനു നന്നായി മദ്യം നല്‍കി. എന്താണു നടക്കുന്നതെന്നു പോലും അറിയാതെ വണ്ണം യാക്കോബ് ഉന്മാദ അവസ്ഥയിലായി. അപ്പോള്‍ ലാബാന്‍ യാക്കോബിന്റെ കൈകളിലേയ്ക്കു കനത്ത മൂടുപടമിട്ട ഒരു പെണ്‍കുട്ടിയെ കൊടുത്തുകൊണ്ട് അവളെ വിവാഹം ചെയ്യുന്നതിനു സമ്മതമാണോ എന്നു ചോദിച്ചു. റാഹേല്‍ ആണെന്ന ധാരണയില്‍ യാക്കോബ് സമ്മതമറിയിക്കുകയും അവര്‍ തമ്മില്‍ വിവാഹിതരാവുകയും ചെയ്തു. രാത്രി ഇരുണ്ടതിനാല്‍ തന്റെ മണവാട്ടിയുടെ മുഖം കാണുവാന്‍ യാക്കോബിനു കഴിഞ്ഞില്ല. പ്രഭാതത്തില്‍ ഉണര്‍ന്നു കഴിഞ്ഞപ്പോഴാണ് അവള്‍ ലേയയാണെന്ന് അവന്‍ തിരിച്ചറിഞ്ഞത്. തന്നെ തോല്പിച്ച ലാബാനില്‍ തനിക്കു ചേര്‍ന്ന ഒരു എതിരാളിയെ ഒടുവില്‍ യാക്കോബ് കണ്ടെത്തി. തന്റെ ഭാര്യയെ നേടുന്നതിനുവേണ്ടി അതിനകം അവന് ഏഴ് വര്‍ഷം വേല ചെയ്യേണ്ടി വന്നിരുന്നു!
ലാബാനോട് തുടര്‍ന്ന് അവന്‍ പറഞ്ഞു: ”എനിക്കു റാഹേലിനെയാണു വേണ്ടിയിരുന്നത്.” ലാബാന്റെ മറുപടി ഇങ്ങനെ: ”ക്ഷമിക്കണം. ഈ പ്രദേശത്ത് മൂത്ത കുട്ടിയെ ആദ്യം വിവാഹം ചെയ്ത് അയയ്ക്കുന്നതാണ് പതിവ്. നിനക്കു റാഹേലിനെ വേണമെങ്കില്‍ ഏഴു വര്‍ഷം അധികമായി എനിക്കുവേണ്ടി വേല ചെയ്യുക.” യാക്കോബ് അതിനു ”ശരി” എന്ന് ഉത്തരം പറഞ്ഞു. അങ്ങനെയാണ് ദൈവം യാക്കോബിന്റെ മാനുഷിക ബലം ക്രമേണ തകര്‍ക്കുവാന്‍ തുടങ്ങിയത്.
ഞാന്‍ ഒരു ചെറുപ്പക്കാരനായ വിശ്വാസി ആയിരുന്ന അവസരത്തില്‍ എന്റെ ഹൃദയത്തെ അനുഗ്രഹിച്ച മനോഹരമായ ഒരു വാക്യമുണ്ട്. അത് 29:20 ആണ്. നാം ഇങ്ങനെ വായിക്കുന്നു: ”അങ്ങനെ യാക്കോബ് റാഹേലിനു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു. അവന്‍ അവളെ സ്‌നേഹിക്കുകകൊണ്ട് അത് അവനു അല്പകാലം പോലെ തോന്നി.” സുഖരമായ വേലയായിരുന്നില്ല യാക്കോബ് ചെയ്യേണ്ടിയിരുന്നത് – വയലില്‍ ആടിനെ മേയ്ക്കുന്ന കഠിനമായ വേലയാണ് അവനുണ്ടായിരുന്നത്. ജ്വലിക്കുന്ന സൂര്യനു കീഴിലും തണുത്ത രാത്രിയിലും ഒരുപോലെ ആട്ടിന്‍ കൂട്ടത്തോടൊപ്പം വയലില്‍ കഴിയണം. അതവന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. എങ്കിലും ആ ഏഴു വര്‍ഷങ്ങള്‍ അവനു ചില ദിവസങ്ങള്‍പോലെ മാത്രം തോന്നി- കാരണം റാഹേലിനോടുള്ള യാക്കോബിന്റെ സ്‌നേഹം അത്ര ശക്തവും വികാരാധീനവും ആയിരുന്നു.
ഞാന്‍ ഇങ്ങനെ ചിന്തിച്ചു: ”യാക്കോബ് ഒരു സ്ത്രീക്കു വേണ്ടി ഇങ്ങനെ വേല ചെയ്തുവെങ്കില്‍, എന്നെ സ്‌നേഹിച്ച് എനിക്കു വേണ്ടി ജീവന്‍ തന്ന എന്റെ കര്‍ത്താവിനെ ഞാന്‍ എത്ര അത്മാര്‍ത്ഥമായി സേവിക്കണം?” ഇന്ന് എനിക്കു സാക്ഷ്യപ്പെടുത്തുവാന്‍ കഴിയും ദൈവത്തെ സേവിച്ച 56 വര്‍ഷങ്ങള്‍ എനിക്കു ചില ദിവസങ്ങള്‍ പോലെയാണ് അനുഭവപ്പെടുന്നതെന്ന കാര്യം. ദൈവത്തെ സേവിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റൊന്നിനുമില്ല. നാം ദൈവത്തെ അവിടുത്തോടുള്ള സ്‌നേഹത്തില്‍ സേവിക്കുമ്പോള്‍ പണമോ, ബഹുമാനമോ, പ്രശസ്തിയോ സുഖസൗകര്യങ്ങളോ അങ്ങനെ യാതൊന്നും അന്വേഷിക്കുകയില്ല.
നിങ്ങള്‍ ചെയ്യുന്ന ദൈവവേല കഠിനമുള്ളതായി തോന്നുന്നുണ്ടോ? എങ്കില്‍ അതിനു കാരണം നിങ്ങള്‍ ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെ സ്‌നേഹിക്കുന്നില്ല എന്നതു മാത്രമാണ്.
30-ാം അധ്യായത്തില്‍ യാക്കോബ് ലാബാനെ തിരിച്ചു ചതിക്കുവാന്‍ തുടങ്ങി. ലാബാന്റെ ആടുകളെ വളഞ്ഞ വഴിയിലൂടെ അവന്‍ തട്ടിയെടുക്കുന്നു. അവന്‍ തന്റെ ആവശ്യത്തിനു ധനം സമ്പാദിച്ചതിനു ശേഷം രഹസ്യമായി അവിടം വിട്ടു പോകുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നു (31-ാം അധ്യായം). ഏശാവ് അവനെ കാണുന്നതിനു വരുന്നു എന്നാണ് അപ്പോള്‍ അവന്‍ കേള്‍ക്കുന്നത്. ഏശാവ് തന്നെ കൊല്ലുന്നതിനാണ് വരുന്നതെന്നു കരുതി അവന്‍ ഭയപ്പെട്ടു. എന്നാല്‍ അത്ഭുതകരമായ ചില കാര്യങ്ങള്‍ 32-ാം അധ്യായത്തില്‍ നാം കാണുന്നു. 20 വര്‍ഷത്തിനു ശേഷം യാക്കോബ് പഴയതുപോലെ പിടിച്ചുപറിക്കാരനും കൗശലക്കാ രനും ആയി തുടരുമ്പോള്‍ തന്നെ ഒരു ദൈവദൂതന്‍ അവനെ സന്ദര്‍ശിക്കുന്നു. തങ്ങളെ ചതിക്കുകയും തങ്ങളുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജീവനക്കാരനെ ഏതെങ്കിലും സ്ഥാപനം നിലനിര്‍ത്തുമോ? അങ്ങനെ ഒരാളെ ഏതു സ്ഥാപനവും പിരിച്ചു വിട്ടിരിക്കും. എന്നാല്‍ ദൈവം അങ്ങനെ യാക്കോബിനെ പിരിച്ചു വിട്ടില്ല. അങ്ങനെ തന്നെ എന്നെയും നിങ്ങളെയും എത്ര വീഴ്ച ഉണ്ടായാലും തള്ളിക്കളയുന്നില്ല. അപ്പോഴും അവിടുന്നു തന്റെ ദൂതന്മാരിലൂടെ നമ്മെ സന്ദര്‍ശിക്കുന്നു. അതിനായി ദൈവത്തെ സ്തുതിക്കാം.
മാലാഖ എന്ന വാക്കിനു ദൂതന്‍ എന്നൊരു പരിഭാഷയുണ്ട്. നിങ്ങളുടെ പാതയില്‍ ഒരു ദൂതനെ ദൈവം അയച്ചാല്‍ അത് നിങ്ങളോടുള്ള അവിടുത്തെ സ്‌നേഹത്തിന്റെ അടയാളമാണ്. ദൈവം തന്റെ ദൂതനെ ഒരു സന്ദേശവുമായി നിങ്ങളുടെ അടു ത്തേയ്ക്കു അയയ്ക്കുന്നില്ലെങ്കില്‍ അത് ദൈവം നിങ്ങളെ കൈവിട്ടു എന്നതിന്റെ അടയാളമാണ്. ദൈവം തന്റെ സ്‌നേഹത്തെ വെളിപ്പെടുത്തുന്നതിനാണ് ഒരു ദൂതനെ നമ്മുടെ അടുക്കലേയ്ക്ക് അയയ്ക്കുന്നത്. പ്രത്യേകിച്ച് നാം ഒരു അപകടമോ ദോഷമോ നേരിടേണ്ടി വരുമ്പോള്‍.
ഏശാവ് തന്നെ അന്വേഷിച്ച് വരുന്നു എന്നറിഞ്ഞ യാക്കോബ് അതില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള പദ്ധതി തയ്യാറാക്കി. അവന്‍ തനിക്കു താല്പര്യമില്ലാത്ത മൂന്നു ഭാര്യമാരെ മുന്നില്‍ നിറുത്തി. റാഹേലിനെ തന്നോടൊപ്പം ഏറ്റവും പുറകിലും നിറുത്തി. എല്ലാവരും കൊല്ലപ്പെടുന്നുവെങ്കിലും താനും റാഹേലും രക്ഷപ്പെടണം എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. യാക്കോബ് പഴയതുപോലെ സ്വാര്‍ത്ഥനായ ഒരു മനുഷ്യന്‍ തന്നെ. ഇത്രയും സ്വാര്‍ത്ഥനായ ഒരു മനുഷ്യനെ ദൈവം തിരഞ്ഞെടുത്ത് രൂപാന്തരപ്പെടുത്തി യിസ്രായേല്‍ ആക്കിയെന്നത് നമുക്കു വലിയ ഉത്സാഹം തരുന്ന കാര്യമാണ്.
പിന്നീട് ദൈവം യാക്കോബിനെ നേരിട്ടതും അവനുമായി മല്ലയുദ്ധം നടത്തിയതും തുടയുടെ തടം ഉളുക്കിയതും വായിക്കുന്നു. നമ്മെ അവിടുന്ന് ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തിക്കുന്നതിന് അവിടുന്നു കടുത്ത നടപടികള്‍ എടുക്കുന്നു. ദൈവം യാക്കോബിനെ നുറുക്കിയതിനു ശേഷം ഇങ്ങനെ പറഞ്ഞു: ”നീ ഇന്നുമുതല്‍ ദൈവത്തിന്റെ ഒരു പ്രഭു (യിസ്രായേല്‍) ആയിരിക്കും”(32:28). എപ്പോഴാണ് ദൈവം അവനെ യിസ്രായേല്‍ എന്നു വിളിച്ചത്? അറുപതോ എഴുപതോ വര്‍ഷം അവനുമായി പോരാടി. ഒടുവില്‍ അവന്റെ തുടയെല്ല് ഉളുക്കി അവനെ പൂര്‍ണ്ണമായി നുറുക്കിയതിനുശേഷം മാത്രം. പിന്നീട് ദൈവം പറഞ്ഞു- ”ഇപ്പോള്‍ ഞാന്‍ പോകട്ടെ.”
ഒടുവില്‍ യാക്കോബ് പറയുന്നു: ”അനുഗ്രഹിക്കാതെ ഞാന്‍ അങ്ങയെ വിടുകയില്ല.” പണവും ജന്മാവകാശവും സമ്പത്തും, സ്ത്രീകളും ആടുകളും അങ്ങനെ എല്ലാം പിടിച്ചടക്കുന്നതിനു ജീവിതകാലമെല്ലാം ചെലവഴിച്ച ഈ മനുഷ്യന്‍ അതെല്ലാം വിട്ടിട്ട് ഇപ്പോള്‍ ദൈവത്തെ മുറുകെ പിടിച്ചിരിക്കുന്നു. ഇപ്പോള്‍ അവന്‍ ഇങ്ങനെ പറയുന്നു: ”ദൈവമേ ഞാന്‍ പണത്തിനും സ്ത്രീകള്‍ക്കും സമ്പത്തിനും വേണ്ടി ജീവിച്ചു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അങ്ങയെ മാത്രം മതി.”ഇത്തരം ഒരു ദിവസം നമ്മുടെ ജീവിതത്തിലും ഉണ്ടാകുന്നതിനു ദൈവം കാത്തിരിക്കുന്നു. ദൈവം യാക്കോബിനോട് പറഞ്ഞതുപോലെ നമ്മളോടും അപ്പോള്‍ പറയും: ”നീ ഇനി പിടിച്ചു പറിക്കാരനെന്നോ ചതിയനെന്നോ (യാക്കോബ്) അറിയപ്പെടുകയില്ല. നീ ദൈവത്തിന്റെ പ്രഭു (യിസ്രായേല്‍) എന്ന് അറിയപ്പെടും. കാരണം നീ ദൈവത്തോടും മനുഷ്യരോടും മല്‍പ്പിടുത്തം നടത്തി ജയിച്ചിരിക്കുന്നു.”
എപ്പോഴാണ് യാക്കോബ് ജയാളിയായത്? അവന്റെ ഇടുപ്പ് ഉളുക്കിയതിനു ശേഷം. ദൈവ വചനത്തിന്റെ തുടക്കം മുതല്‍ നാം കാണുന്ന ഒരു മഹത്തായ വസ്തുത ഇതാണ്: ”നമ്മെ ശക്തരാക്കുന്നതിനു മുന്‍പെ ദൈവത്തിനു നമ്മെ തകര്‍ക്കേണ്ട തുണ്ട്.”
യാക്കോബിനെ പോലെ നുറുക്കപ്പെട്ട് വടിമേല്‍ ചാരി നടക്കുന്ന ഒരുവനാണ് ദൈവത്തിന്റെ പ്രഭുവാകുന്നത്. അല്ലാതെ ശക്തനായ ഒരു ”മിസ്റ്റര്‍ യൂണിവേഴ്‌സ്” അല്ല. പ്രിയ സഹോദരീസഹോദരന്മാരെ ദൈവം ആഗ്രഹിക്കുന്നതുപോലെ നാം ആകണമെങ്കില്‍ ആദ്യം ദൈവത്താല്‍ നുറുക്കപ്പെടേണ്ടതുണ്ട്.
പിന്നീട് നാം മഹത്തായൊരു വാക്യം 32:31-ല്‍ വായിക്കുന്നു. ”അപ്പോള്‍ സൂര്യന്‍ ഉദിച്ചു.” വീണ്ടും ഭൂമിശാസ്ത്രപരമായ ഒരു വസ്തുത. എന്നാല്‍ യാക്കോബിന്റെ ആത്മീയ ജീവിതത്തിലും അത് സത്യമായിരുന്നു. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവനിലെ സൂര്യന്‍ അസ്തമിച്ചിരുന്നു. ഇപ്പോള്‍ സൂര്യന്‍ ഉദിച്ചിരിക്കുന്നു.
34-ാം അധ്യായം: യാക്കോബിനു പന്ത്രണ്ടു പുത്രന്മാര്‍ ഉണ്ട്. എന്നാല്‍ അവനു ദീന എന്നൊരു പുത്രിയും ഉണ്ടായിരുന്നു. ഒരുനാള്‍ അവള്‍ സ്വന്ത ഇഷ്ടപ്രകാരം പുറത്ത് പോയതിനെ തുടര്‍ന്നു യാക്കോബിനു ധാരാളം പ്രശ്‌നങ്ങളുണ്ടായി. ഈ അധ്യായം ചെറുപ്പക്കാരായ എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ള മുന്നറിയിപ്പാണ്. ദീന തന്റെ പിതാവിനു വരുത്തിയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് എല്ലാ ചെറുപ്പ ക്കാരായ പെണ്‍കുട്ടികളും 34-ാം അധ്യായം വായിക്കണം. സ്വയം സംരക്ഷിക്കാന്‍ തനിക്കു കഴിയുമെന്ന് അവള്‍ കരുതി. ഏതോ ഒരു പുരുഷന്‍ അവളെ വശീകരിച്ച് അവളെ ബലാല്‍സംഗം ചെയ്തു. അവളുടെ സഹോദരന്മാര്‍ ഇതറിഞ്ഞ് കോപി ഷ്ഠരായി. അവര്‍ ആ പുരുഷനടക്കം ആ പട്ടണത്തിലെ എല്ലാ പുരുഷന്മാരേയും കൊന്നു. ഒരു പെണ്‍കുട്ടി തന്നിഷ്ട പ്രകാരം ഇറങ്ങി നടന്നതുകൊണ്ട് മാത്രം യാക്കോബിനു അപകീര്‍ത്തിയുണ്ടായി. കേള്‍പ്പാന്‍ ചെവിയുള്ളവള്‍ കേള്‍ക്കട്ടെ!
35-ാം അധ്യായം: ഇപ്പോള്‍ ദൈവം യാക്കോബിനോട് ബെഥേലിലേയ്ക്കു മടങ്ങി പോകണമെന്നു പറയുന്നു. ഒരര്‍ത്ഥത്തില്‍ യാക്കോബിന്റെയും കൂടെ വീഴ്ചയാ യിരുന്നു എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ദൈവം പെനിയേലില്‍ വച്ച് അവനെ കണ്ടതിനു ശേഷം അവന്‍ നേരെ ബെഥേലിലേയ്ക്കു പോയിരുന്നെങ്കില്‍ ഈ ദുഃഖവും ഭയാനകവുമായ ഉപനാടകം (34-ാം അധ്യായം) നടക്കുമായിരുന്നില്ല.
യോസേഫിന്റെ ജീവിതം
ഇനി നമുക്കു യോസേഫിന്റെ ജീവിതം നോക്കാം. യാക്കോബിന്റെ പന്ത്രണ്ട് മക്കളില്‍ പതിനൊന്നാമനായിരുന്നു അവന്‍. ഇവിടെ യാക്കോബ് തന്റെ പിതാവ് ചെയ്ത അതേ തെറ്റ് ആവര്‍ത്തിക്കുന്നത് നാം കാണുന്നു. അവന്‍ യോസേഫിനോട് പക്ഷപാതം കാണിച്ചു. 37:3-ല്‍ ”യോസേഫ് വാര്‍ദ്ധക്യത്തിലെ മകനാകകൊണ്ട് യിസ്രായേല്‍ എല്ലാ മക്കളിലും വച്ച് അവനെ അധികം സ്‌നേഹിച്ചു. ഒരു നിലയങ്കി അവന് ഉണ്ടാക്കി കൊടുത്തു.” നിങ്ങളുടെ മക്കളില്‍ ഒരാളെ നശിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അയാള്‍ക്ക് ഒരു പ്രത്യേക പാരിതോഷികം മറ്റാര്‍ക്കും നല്‍കാതെ നല്‍കുക എന്നതാണ്. തന്റെ പിതാവിന്റെ ഭവനത്തിലെ പക്ഷപാതം യാക്കോബ് മുന്‍പ് കണ്ടിട്ടുള്ളതാണ്. എങ്കിലും അവന്‍ അത് തന്റെ ഭവനത്തിലും ആവര്‍ത്തി ക്കുന്നു. അതിന്റെ ഫലമായി യോസേഫിന്റെ പത്ത് ജ്യേഷ്ഠന്മാര്‍ക്കും അവനെ കൊല്ലാന്‍ തക്കവണ്ണം അസൂയ തോന്നുകയുണ്ടായി. പക്ഷപാതം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
മാതാപിതാക്കള്‍ ഒരു കുട്ടിയെ മറ്റ് കുട്ടികളുടെ മുമ്പില്‍ വച്ച് പ്രശംസിച്ചാല്‍ എന്താണ് ഫലം? തുടര്‍ന്നുള്ള ജീവിതത്തില്‍ ഒരുപക്ഷേ മറ്റ് കുട്ടികള്‍ ആ പരിഗണന ലഭിച്ച കുട്ടിയുടെ ശത്രുക്കളായി തീരും. കുറ്റം ആരുടേതാണ്? ബുദ്ധിശൂന്യരായ മാതാപിതാക്കളുടേതാണ് കുറ്റം. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലയ്ക്കുമുള്ള മുന്നറിയിപ്പ് ദൈവ വചനത്തിലുണ്ട്.
37:18-ല്‍ യോസേഫിന്റെ ജ്യേഷ്ഠന്മാര്‍ അവനെ കൊല്ലുന്നതിനു പദ്ധതിയിടുന്നത് നാം വായിക്കുന്നു. എന്നാല്‍ പരമാധികാരിയായ ദൈവം ഒരു സഹോദരനിലൂടെ ആ പദ്ധതിക്കു മാറ്റം വരുത്തി. യോസേഫിനെ ആ സമയം അതുവഴി കടന്നുപോയ അടിമ കച്ചവടക്കാര്‍ക്കു വില്‍ക്കുന്നതിന് ഇടയാക്കുന്നു. അടിമ കച്ചവടക്കാരെ അപ്പോള്‍ ആ വഴി അയച്ചത് ആരാണ്? ദൈവം തന്നെ. ആ യിശ്മായേല്യ കച്ചവടക്കാരുടെ യാത്രാസമയം കൃത്യമായി യോസേഫിനെ കൊല്ലുവാന്‍ തീരുമാനിച്ച സമയത്തു തന്നെ ആകണമെന്നു ദൈവം നിശ്ചയിച്ചു. മാത്രമല്ല ആ യിശ്മായേല്യര്‍ പോകുന്നത് ദൈവം യോസേഫിനെ അയയ്ക്കാന്‍ തീരുമാനിച്ചിരുന്ന ഈജിപ്തി ലേയ്ക്കു തന്നെ ആയിരുന്നു. യോസേഫിന്റെ ജീവിതത്തില്‍ പരമാധികാരിയായി ദൈവത്തിന്റെ ആവര്‍ത്തിച്ചുള്ള ഇടപെടല്‍ നാം കാണുന്നു. നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ചു ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ട്. ആര്‍ക്കും അത് തടസ്സപ്പെടുത്താന്‍ കഴിയുകയില്ല. ബുദ്ധിശൂന്യനായി പ്രവര്‍ത്തിച്ച നിങ്ങളുടെ പിതാവിനോ അസൂയ നിറഞ്ഞ സഹോദരന്മാര്‍ക്കോ ആര്‍ക്കും സാധിക്കുകയില്ല. അതാണ് നാം ഇവിടെ കാണുന്നത്.
യോസേഫിനു 17 വയസ്സുള്ളപ്പോള്‍ തന്നെ ദൈവം സ്വപ്നത്തിലൂടെ തനിക്ക് അവന്റെ ജീവിതത്തില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. പല ചെറുപ്പക്കാരും അശ്ലീല സ്വപ്നങ്ങള്‍ കാണുന്ന പ്രായത്തില്‍ ഒരു ചെറുപ്പക്കാരന്‍ ദൈവത്തോട് പ്രതികരിക്കുന്നവനായി ദൈവത്തില്‍ നിന്നു സ്വപ്നം കാണുന്നത് ആശ്ചര്യകരമാണ്. ചെറുപ്പക്കാരെ, മുതിര്‍ന്ന സഹോദരന്മാര്‍ ദൈവത്തെ സേവിക്കുന്ന തിനു നിങ്ങള്‍ക്ക് അവസരം നല്‍കുന്നില്ല എന്നു പരാതിപ്പെടേണ്ടതില്ല. നിങ്ങള്‍ സത്യസന്ധതയോടെ ദൈവത്തിനു കീഴടങ്ങിയിരുന്നാല്‍ ആര്‍ക്കും നിങ്ങളെക്കുറി ച്ചുള്ള ദൈവിക പദ്ധതിയെ തകര്‍ക്കാന്‍ കഴിയുകയില്ല. ഞാന്‍ ഒരു ചെറുപ്പക്കാരനാ യിരുന്നപ്പോള്‍, പ്രസംഗിക്കുന്നതിന് എനിക്കുണ്ടായിരുന്ന വരം മൂലം സഭയിലെ പല മുതിര്‍ന്ന സഹോദരന്മാര്‍ക്കും എന്നോട് അസൂയ ഉണ്ടായിരുന്നു. അതിനാല്‍ സഭയില്‍ വചനം സംസാരിക്കുന്നതില്‍ നിന്നും അവര്‍ എന്നെ തടഞ്ഞു. മൂപ്പന്മാരെ വിമര്‍ശിക്കാതെ താഴ്മയോടെ സ്വസ്ഥമായിരിക്കാനാണ് ദൈവം എന്നോട് പറഞ്ഞത്. യോസേഫിനെ പോലെ എന്നെ നുറുക്കത്തിലേയ്ക്കു നടത്തിയ വര്‍ഷങ്ങളായിരുന്നു അത്. ആ മൂപ്പന്മാര്‍ക്ക് ആര്‍ക്കും എന്നെ സംബന്ധിച്ചുള്ള ദൈവഹിതത്തെ തടയുവാന്‍ കഴിഞ്ഞില്ല. സമയമായപ്പോള്‍ ദൈവം എനിക്കായ് വാതില്‍ തുറക്കുകയും എന്റെ ജീവിതത്തിലെ ദൈവിക പദ്ധതി നിറവേറ്റപ്പെടുകയും ചെയ്തു. ഇത് നിങ്ങളുടെ ഉത്സാഹത്തിനായിട്ടാണ് ഞാന്‍ പറയുന്നത്. അതിനാല്‍ ആരേയും സംബന്ധിച്ച് പരാതിപ്പെടാതിരിക്കുക. ഓര്‍ക്കുക: നിങ്ങളുടെ ജീവിതത്തിലെ ദൈവിക പദ്ധതിയെ തടസ്സപ്പെടുത്തുവാന്‍ കഴിയുന്ന ഒരാള്‍ നിങ്ങള്‍ മാത്രമാണ്.
യോസേഫിനെ ഈജിപ്തില്‍ എത്തിക്കുക എന്ന ദൈവത്തിന്റെ പദ്ധതി യോസേഫിന്റെ സഹോദരന്മാരുടെ അസൂയയെ ഉപയോഗിച്ചാണ് ദൈവം നിവര്‍ത്തിയാക്കിയത്. മറ്റുള്ളവര്‍ നമുക്കെതിരെ പദ്ധതിയിടുന്ന ദോഷകരമായ കാര്യങ്ങള്‍ പോലും ദൈവം നമ്മുടെ നന്മയ്ക്കും അവിടുത്തെ ഹിതം നമ്മുടെ ജീവിതത്തില്‍ നിറവേറുന്നതിനുമായി ഉപയോഗിക്കും. ഹാലേലുയ്യ! മറ്റുള്ളവര്‍ നമുക്കെതിരെ പ്രയോഗിക്കുന്ന എല്ലാ ഉപദ്രവങ്ങളില്‍ നിന്നും ദൈവം നമ്മെ സംരക്ഷിക്കുന്നു എന്നത് മഹത്തായ ഒരു വസ്തുതയാണ്. എന്നാല്‍ ദൈവം അതിലും മികച്ചതാണ് നല്‍കുന്നത്. നമുക്കെതിരെയുള്ള ഉപദ്രവങ്ങളേയും നമ്മുടെ ജീവിതത്തിലെ ദൈവഹിതം പൂര്‍ത്തിയാക്കുന്നതിനായി ഉപയോഗിച്ചുകൊണ്ട് ദൈവം സാത്താന്റെ പദ്ധതിയെ പരാജയപ്പെടുത്തുന്നു എന്നത് എത്ര മഹത്തായ കാര്യമാണ്! ഒന്നു ചിന്തിക്കുക: സഹോദരന്മാര്‍ അവനോട് അസൂയപ്പെടാതെ അവനോട് നന്നായി പെരുമാറിയിരുന്നെങ്കില്‍ യോസേഫ് ഒരിക്കലും ഈജിപ്തില്‍ എത്തുമായിരുന്നില്ല. യോസേഫ് എങ്ങനെയാണ് ഈജിപ്തില്‍ എത്തിയത്? ഒന്നാംഘട്ടം: അവന്റെ സഹോദരന്മാര്‍ക്ക് അവനോട് അസൂയ തോന്നുന്നു. രണ്ടാം ഘട്ടം: അവര്‍ അവനെ അടിമ കച്ചവടക്കാര്‍ക്കു വില്‍ക്കുന്നു. മൂന്നാം ഘട്ടം: അടിമ കച്ചവടക്കാര്‍ അവനെ ഈജിപ്തില്‍ എത്തിച്ചു വില്‍ക്കുന്നു. അങ്ങനെ യോസേഫ് ഈജിപ്തില്‍ എത്തണമെന്ന ദൈവിക പദ്ധതി പൂര്‍ത്തിയാകുന്നു. അതിനാല്‍ മറ്റുള്ളവര്‍ നിങ്ങളെ ദ്രോഹിക്കുന്നതിനു വേണ്ടി ചെയ്യുന്ന ദോഷ പ്രവൃത്തികളെ ദൈവം ആത്യന്തികമായി നിങ്ങളുടെ ജീവിതത്തില്‍ ദൈവഹിതം നിറവേറപ്പെടു ന്നതിനായി തീര്‍ക്കുന്നു. നിങ്ങള്‍ ദൈവത്തെ സ്‌നേഹിച്ചാല്‍ (റോമ. 8:28) നിങ്ങള്‍ക്കു ചില ശോധനകള്‍ നേരിടേണ്ടി വന്നേക്കാം. ഒരു അടിമയെന്ന നിലയില്‍ യോസേഫിനു കഠിനമായ ചില സമയങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് അവന്റെ ജീവിതത്തില്‍ ദൈവിക പദ്ധതി നിറവേറപ്പെടുന്നതിന് ഇടയാക്കി. ദൈവത്തിനു സ്‌തോത്രം!
വിശ്വാസമുള്ള ഒരു മനുഷ്യന്‍ ഇങ്ങനെ പറയും: ”യോസേഫിന്റെ ദൈവം എന്റെയും ദൈവമാണ്. ഞാന്‍ ദൈവത്തെ എന്റെ മുഴുഹൃദയത്തോടെ സ്‌നേഹി ക്കുമ്പോള്‍, എത്രപേര്‍ എന്നോട് അസൂയപ്പെട്ടാലും, എത്രപേര്‍ എനിക്കെതിരെ ദോഷം ആസൂത്രണം ചെയ്താലും അതൊന്നും എന്റെ ജീവിതത്തില്‍ നിറവേറപ്പെ ടുന്നതിനുള്ള ദൈവിക പദ്ധതിയെ തടസ്സപ്പെടുത്തുകയില്ല.” അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തില്‍ ഇത്തരത്തില്‍ വിശ്വാസം നിങ്ങള്‍ക്കുണ്ടാകട്ടെ.
38-ാം അധ്യായം യോസേഫിന്റെ ചരിത്രത്തില്‍ നിന്നും അല്പം വ്യതിചലിക്കു ന്നുണ്ട്. ഇവിടെ യൂദാ തന്റെ മരുമകളായ താമാറുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടു ന്നതും താമാര്‍ ഇരട്ടകുട്ടികള്‍ക്കു ജന്മം നല്‍കുന്നതും വായിക്കുന്നു (38:29,30). രസകരമായ കാര്യം, ഈ ഇരട്ടകളില്‍ ഒരാളായ പെരസിന്റെ വംശാവലിയിലാണ് യേശുവിന്റെ മാതാവായ മറിയ ജനിച്ചത് എന്നതാണ്. അപ്പോള്‍ യേശു ജനിച്ചത് നിഷിദ്ധവിവാഹവും വ്യഭിചാരവും ഉള്ള വംശാവലിയിലാണ്! നമ്മുടെ കര്‍ത്താവ് ബോധപൂര്‍വ്വം ആ ഒരു വംശാവലി തിരഞ്ഞെടുത്തു (മത്താ. 1:1-3). എന്തുകൊണ്ടാണ് അവിടുന്നു പാപകരമായ ഈ നിര തിരഞ്ഞടുത്തത്? നമ്മില്‍ എത്രപേര്‍ വ്യഭിചാരം നിറഞ്ഞ ഒരു വംശാവലി തിരഞ്ഞെടുക്കും? കര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍ ആയിരിക്കു മ്പോള്‍ തന്നെ ബോധപൂര്‍വ്വം തിരഞ്ഞെടുത്തതാണത്. വ്യഭിചാരികള്‍ ഉള്‍പ്പെടെ എല്ലാ പാപികളേയും രക്ഷിക്കുന്നതിനാണ് താന്‍ വന്നതെന്നു വെളിപ്പെടുത്തുന്ന തിനു വേണ്ടിയാണ് അത് ചെയ്തത്. യേശു തന്റെ വംശാവലിയില്‍ കൊടുംപാപിക ളോട് ഒന്നായിത്തീര്‍ന്നു!
ശക്തയും സുന്ദരിയും ആയ ഒരു സ്ത്രീയുടെ പ്രലോഭനത്തെ അതിജീവിച്ച ദൈവഭക്തനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ് അധ്യായം 39-ല്‍. അസാന്മാര്‍ഗ്ഗി കത ഒഴിവാക്കുന്നതിന് ഒരു മാര്‍ഗ്ഗമാണുള്ളത്. അതില്‍ നിന്നും ഓടിപ്പോകുക (1 കൊരി. 6:18 കാണുക). കൃത്യമായി യോസേഫ് അതാണ് ചെയ്തത്. പോത്തിഫറിന്റെ ഭാര്യ വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നതിന് അവനെ പ്രേരിപ്പിച്ചു. എന്നാല്‍ യോസേഫ് അത് നിരസിച്ചു. മാത്രമല്ല അവളുടെ സമീപം പോകുന്നതു പോലും അവന്‍ ഒഴിവാക്കി (10-ാം വാക്യം). അവന്‍ ”ഇല്ല” എന്നു പറയുക മാത്രമല്ല ആ പ്രലോഭനത്തിന്റെ ഉറവിടത്തില്‍ നിന്നും ഓടി പോവുകയും ചെയ്തു. ഈ ദുഷ്ട സ്ത്രീ തന്റെ സമീപമെത്തിയാല്‍ യോസേഫ് മറ്റെവിടേയ്‌ക്കെങ്കിലും പോകും. നിങ്ങളെ പ്രലോഭി പ്പിക്കുന്ന ആളുടെ ചുറ്റും നടന്നാല്‍ നിങ്ങള്‍ക്കു പ്രലോഭനത്തെ അതിജീവിക്കുവാന്‍ കഴിയുകയില്ല. പ്രലോഭനത്തില്‍ നിന്നും ഓടി പോകുന്നവരെയാണ് ദൈവം അന്വേഷിക്കുന്നത്. ഭവനത്തില്‍ അവളും യോസേഫും ഒഴികെ ആരും ഉണ്ടാകാതിരുന്ന ഒരു ദിവസം അവള്‍ അവനെ കടന്നു പിടിച്ചു. ഇത്തവണ അവന്‍ തന്റെ പുറംകുപ്പായം അവളുടെ കൈകളില്‍ വിട്ടിട്ട് വീടിനു പുറത്തേയ്ക്ക് ഓടിപ്പോയി. ഇത് അവളെ കൂടുതല്‍ കോപിഷ്ഠയാക്കിയതിനെ തുടര്‍ന്നു യോസേഫ് തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു എന്നവള്‍ ആരോപിച്ചു. ഇതില്‍ രോഷാകുലനായ അവളുടെ ഭര്‍ത്താവ് യോസേഫിനെ തടവറയില്‍ ആക്കി.
യോസേഫ് സഹിച്ച കാര്യങ്ങള്‍ നോക്കുക: തന്റെ സഹോദരന്മാരുടെ അസൂയ, ദുഷ്ടയായ ഒരു സ്ത്രീയുടെ വ്യാജ ആരോപണം. പിന്നീട് തടവറ. ആ കാലഘട്ട ത്തിലെ തടവറകള്‍ എലിയും പാറ്റയും പുഴുക്കളും നിറഞ്ഞ വളരെ മോശമായ ഇരുട്ടറകളായിരുന്നു. എന്നാല്‍ 21-ാം വാക്യം പറയുന്നത് ഈ ഇഴജന്തുക്കളോടൊപ്പം ”യഹോവ യോസേഫിനോടു കൂടെ ഇരുന്നു.” അത് എല്ലാറ്റിനേയും വ്യത്യസ്തമാക്കി. ദൈവം നിങ്ങളോടു കൂടെയെങ്കില്‍ ഏത് അസൗകര്യവും ഒരു പ്രശ്‌നമാവുകയില്ല. അതു മതി. യോസേഫിനും അതുമാത്രമാണ് വേണ്ടിയിരുന്നത്.
അവിടെ തടവറയില്‍ യോസേഫ് ഫറവോന്റെ പാനപാത്രവാഹകനെ കാണുകയും പിന്നീട് അവനിലൂടെ ഫറവോനെ പരിചയപ്പെടുന്നതിന് ഇടയാകുകയും ചെയ്യുന്നു. ദൈവത്തിന്റെ പദ്ധതി സാവധാനം തുടങ്ങുന്നത് കാണുക. പോത്തീഫറും അവന്റെ ഭാര്യയും ചെയ്ത ദ്രോഹങ്ങളില്‍ നിന്നും അവനെ സംരക്ഷിച്ചു എന്നതു മാത്രമല്ല ഈ ദോഷത്തെ ദൈവം തന്റെ പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതിന് ഉപയോഗി ക്കുകയും ചെയ്തു. തടവറയില്‍ എത്തിയില്ലെങ്കില്‍ യോസേഫ് പാനപാത്രവാഹ കനെ കാണുകയും അവനിലൂടെ ഫറവോനെ പരിചയപ്പെടുകയും ചെയ്യുന്നതെ ങ്ങനെ?
ഇതൊക്കെ തുടക്കം മുതല്‍ കണ്ടിരുന്നുവെങ്കില്‍ യോസേഫ് തടവറയ്ക്കുള്ളില്‍ പൗലൊസിനേയും ശീലാസിനേയും പോലെ ദൈവത്തെ വാഴ്ത്തി സ്തുതിക്കുമാ യിരുന്നു. ഫിലിപ്യയിലെ തടവറയ്ക്കുള്ളില്‍ അവര്‍ക്കു ദൈവത്തെ സ്തുതിക്കുവാന്‍ സാധിച്ചതിനു കാരണം തിരുവെഴുത്തുകളില്‍ അവര്‍ ദൈവത്തിന്റെ പരമാധികാരം കണ്ടിരുന്നു എന്നതാണ്. നാം തിരുവചനം പഠിക്കുമ്പോള്‍, മറ്റുള്ളവര്‍ നമ്മെ ദ്രോഹി ക്കുന്ന ഏതു സാഹചര്യത്തിലും ദൈവത്തെ സ്തുതിക്കുവാന്‍ നമുക്കു കഴിയും. ഒരുനാള്‍ നമ്മേയും വ്യാജമായി കുറ്റാരോപണം നടത്തി തടവറയില്‍ ആക്കുന്ന അനുഭവം ഉണ്ടാകാം. ഈജിപ്തിലുള്ള എല്ലാവരിലും നീതിമാനായ ഈ മനുഷ്യനെതിരെ പ്രചരിച്ചിരുന്ന എല്ലാ കള്ളക്കഥകളും അവിടെയുള്ളവര്‍ വിശ്വസിച്ചുവെന്നെനിക്കുറപ്പുണ്ട്. എന്നാല്‍ അതൊന്നും യോസേഫിനെ ഭാരപ്പെടുത്തിയില്ല. യഥാര്‍ത്ഥ ദൈവദാസന്മാരെ സംബന്ധിച്ച് കള്ളക്കഥകള്‍ ഇന്നും പ്രചരിക്കുന്നുണ്ട്. അപ്പോള്‍ എന്താണ് നാം ചെയ്യേണ്ടത്? മിണ്ടാതിരിക്കുക. നിങ്ങളുടെ യശസ്സിനെ പ്രതിരോധിക്കുന്ന പ്രവൃത്തി ദൈവത്തിനു വിട്ടുകൊടുക്കുക. ദൈവം കൃത്യ സമയത്തു തന്നെ നിങ്ങളെ നീതീകരിക്കും. നിങ്ങള്‍ ദൈവത്തെ എല്ലാ മഹത്വവും നല്‍കി ആദരിച്ചാല്‍ നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച ദൈവിക പദ്ധതിയെ നിഷ്ഫലമാക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.
യോസേഫ് പാനപാത്രവാഹകനുമായി എങ്ങനെ ബന്ധപ്പെട്ടു എന്നത് നിങ്ങള്‍ ശ്രദ്ധിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. തടവറയില്‍ യോസേഫിനു വ്യാകുലപ്പെടു വാന്‍ തന്റെ തന്നെ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ തടവറയിലേയ്ക്കു വന്ന പുതിയ രണ്ടു തടവുകാര്‍ വിഷാദിച്ചിരിക്കുന്നതു കണ്ട യോസേഫ് തന്റെ സങ്കടമെല്ലാം മറന്നു. തടവറയിലുള്ള മറ്റ് തടവുകാരെ ശ്രദ്ധിക്കുന്നതിനുള്ള ചുമതലയില്‍ യോസേഫ് നിയമിക്കപ്പെട്ടിരുന്നു. അങ്ങനെയാണ് ഈ രണ്ടു തടവുകാര്‍ വിഷാദിച്ചിരിക്കുന്നത് യോസേഫ് കണ്ടത് (40:7). അങ്ങനെ അവരുടെ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് അവരില്‍ ഒരാളിലൂടെ (പാനപാത്രവാഹകന്‍) ഫറവോന്റെ സ്വപ്നവും വ്യാഖ്യാനിക്കുവാനുള്ള അവസരവും ലഭിച്ചു. സ്വന്ത ദുഃഖത്തേക്കാള്‍ മറ്റുള്ളവരുടെ സങ്കടങ്ങള്‍ക്കു പ്രാധാന്യം കൊടു ക്കുന്ന വിശ്വസ്തരായ തന്റെ ദാസന്മാര്‍ക്കു വേണ്ടി ദൈവം ആശ്ചര്യകരമാംവിധം വാതിലുകളെ തുറക്കും. ഈയൊരു സംഭവത്തില്‍ നിന്നും നാം അതാണു പഠിക്കുന്നത്. അതിനാല്‍ നാം നമ്മുടെ പ്രയാസങ്ങള്‍ മാത്രം ചിന്തിച്ചിരിക്കാതെ നമുക്കു ചുറ്റുമുള്ള ആവശ്യക്കാരായവര്‍ക്കു വേണ്ടി ഹൃദയം തുറന്നു വയ്ക്കുക.
ഒടുവില്‍ യോസേഫ് ഫറവോന്റെ മുമ്പില്‍ നിന്നു. എന്നാല്‍ അതും ദൈവം കൃത്യമായി ഒരുക്കിയ സമയത്ത്. വേദപുസ്തകം പറയുന്നു: ”യോസേഫിന്റെ കാലുകളെ ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് ക്ഷതം വരുത്തി. ദൈവം നിശ്ചയിച്ച സമയംവരെയും അത് തുടര്‍ന്നു. പിന്നീട് ദൈവവചനം അവനെ സ്വതന്ത്രനാ ക്കി”(സങ്കീ. 105:18,19 സ്വതന്ത്ര വ്യാഖ്യാനം). ദൈവം കൃത്യസമയം പാലിക്കുന്നു. ഒരിക്കലും വൈകുന്നില്ല. നമ്മുടെ എല്ലാ ശോധനകള്‍ക്കും ദൈവം കൃത്യമായ സമയദൈര്‍ഘ്യം നിശ്ചയിച്ചിട്ടുണ്ട്. അപ്പോള്‍ ദൈവം നമ്മെ പരിശോധിക്കുന്നു. ആ കാലയളവ് കഴിയുമ്പോള്‍ അവിടുന്നു നമ്മെ സ്വതന്ത്രരാക്കുന്നു. നാം വിശ്വസ്തരാണെങ്കില്‍ ആ കാലയളവ് കഴിയുമ്പോള്‍ നാം വിശ്വാസത്തില്‍ വളരെ ശക്തരായി തീരും. ദൈവം സാത്താന്റെ മേശയെ മറിച്ച് നമുക്കെതിരെ സാത്താന്‍ പ്രയോഗിക്കുന്ന എല്ലാ ദ്രോഹങ്ങളേയും നമ്മെ ശക്തരാക്കുന്നതിനും ഉപയോഗി ക്കുന്നു. ”ഹാലേലുയ്യ.”
തുടര്‍ന്നുള്ള കഥ നിങ്ങള്‍ക്കറിയാം. ദേശത്ത് ക്ഷാമം രൂക്ഷമായപ്പോള്‍ യോസേഫിന്റെ സഹോദരന്മാര്‍ ഭക്ഷണത്തിനായി അവന്റെ മുമ്പില്‍ വന്നു വണങ്ങി. 20 വര്‍ഷം മുന്‍പ് ദൈവം കൃത്യമായി യോസേഫിനു വെളിപ്പെടുത്തിയതുപോലെ തന്നെ. ദൈവം തന്റെ വാക്കു നിറവേറ്റുന്നു.
43:1,2 ദേശത്ത് ക്ഷാമം രൂക്ഷമായപ്പോള്‍, യാക്കോബ് തന്റെ പുത്രന്മാരോട് ഈജിപ്തില്‍ നിന്നും ധാന്യം വാങ്ങി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഏതു ക്ഷാമകാലത്തും ധാന്യം ലഭിക്കുന്നത് ക്ഷാമത്തിനു മുന്‍പ് ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചവരില്‍ നിന്നാണ്. ക്ഷാമത്തിനു മുന്‍പുള്ള സമൃദ്ധിയുടെ ഏഴ് വര്‍ഷം യോസേഫ് ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചു. അതിനാല്‍ സമൃദ്ധിയുടെ കാലത്ത് അലസരായിരുന്ന മനുഷ്യര്‍ക്ക് ഇപ്പോള്‍ അവന്റെ അടുക്കലേയ്ക്കു വരേണ്ടി വന്നു. വേദപുസ്തകം പറയുന്നു: ”മടിയാ, നീ ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക. അതിന്റെ വഴികള്‍ നിരീക്ഷിച്ച് ബുദ്ധിമാനാകുക… അത് തണുപ്പ് കാലത്തേയ്ക്കു വേണ്ടി വേനല്‍ക്കാലത്തു തന്റെ ആഹാരം ശേഖരിച്ച് വയ്ക്കുന്നു” (സദൃ. 6:6-8).
ഈ വസ്തുത ആത്മീയ കാര്യങ്ങളില്‍ എടുക്കുക. ദൈവവചനം പഠിച്ച് വലിയ ആത്മീയ സമ്പത്ത് നേടാന്‍ അവസരമുള്ള ഈ കാലഘട്ടത്തില്‍ നിങ്ങളുടെ സമയം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക. അങ്ങനെ ചെയ്താല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പലവിധ ജീവിത സമ്മര്‍ദ്ദങ്ങളാല്‍ വചന പഠനത്തിന് ആവശ്യമായ സമയം ലഭിക്കാതെ വരുമ്പോള്‍, നിങ്ങളുടെ ആവശ്യത്തിനു വളരെ അധികം ജ്ഞാനം കൈവശമുണ്ടായിരിക്കും. ഇപ്പോള്‍ നിങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന ദൈവവചന ജ്ഞാനം നിങ്ങളെ പൂര്‍ണ്ണ തൃപ്തനാക്കും എന്നു മാത്രമല്ല അതു മറ്റുള്ളവര്‍ക്കു പങ്കുവയ്ക്കുവാനും സാധിക്കും.
ഞാന്‍ അവിവാഹിതനായ ഒരു നേവല്‍ ഓഫിസറായിരുന്ന കാലയളവില്‍ വേദപുസ്തകം ആത്മാര്‍ത്ഥതയോടെ പഠിച്ചിരുന്നു. ബൈബിള്‍ സ്‌കൂളുകളിലൊന്നും ഞാന്‍ പഠിച്ചിട്ടില്ല. ഞാന്‍ യേശുവിന്റെ പാദപീഠത്തില്‍ ഇരുന്നാണ് ദൈവവചനം പഠിച്ചത്. ആ സ്വഭാവം എന്നെ പല പ്രലോഭനങ്ങളില്‍ നിന്നും രക്ഷിച്ചു. സമയം സമൃദ്ധിയായി ഉള്ള കാലമായിരുന്ന അത്. ഒരു അവിവാഹിതനെന്ന നിലയില്‍ എനിക്കു ധാരാളം സമയം ലഭ്യമായിരുന്നു. നിങ്ങള്‍ വിവാഹിതനായി മക്കള്‍ ഉണ്ടാകുമ്പോള്‍ അധികം ഒഴിവ് സമയം ലഭിക്കുകയില്ല. അതിനാല്‍ സമൃദ്ധിയുടെ സംവത്സരങ്ങളില്‍ അലസരായിരുന്നാല്‍ ക്ഷാമകാലത്ത് ദുഃഖിക്കേണ്ടിവരും. ഈ പാഠം പഠിച്ച് നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.
യോസേഫ് തന്റെ സഹോദരന്മാരോട് ദൈവികമായ രീതിയില്‍ ഇടപെട്ടു. 45:5-ല്‍ അവന്‍ ഇങ്ങനെ പറയുന്നു: ”ദൈവം നിങ്ങള്‍ക്കു മുമ്പായി എന്നെ ഇവിടെ അയച്ചതാണ്.” വീണ്ടും 7-ാം വാക്യത്തില്‍ അവന്‍ പറയുന്നു: ”ദൈവം നിങ്ങള്‍ക്കു മുമ്പേ എന്നെ അയച്ചിരിക്കുന്നു.” വീണ്ടും ഒരിക്കല്‍ കൂടി 8-ാം വാക്യത്തില്‍ ”ദൈവമത്രേ എന്നെ ഇവിടെ അയച്ചത്” എന്നും പറയുന്നു. അവന്‍ തന്റെ സഹോദര ന്മാരോട് പറയുന്നത് ഇതാണ് – നിങ്ങളല്ല എന്നെ യിശ്മായേല്യര്‍ക്കു വിറ്റത്. അത് ദൈവമാണ്. പോത്തിഫേറിന്റെ ഭാര്യയല്ല എന്നെ തടവറയിലേയ്ക്കു അയച്ചത്. അത് ദൈവമാണ്. നമ്മുടെ എല്ലാ വഴികളിലും- മറ്റുള്ളവര്‍ നമ്മോട് ദോഷം ചെയ്യുമ്പോള്‍ പോലും- നാം ദൈവത്തെ കണ്ടാല്‍ അനുഗൃഹീതരാകും.
ഈ മഹത്തായ സത്യം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ”ആ മനുഷ്യന്‍ എന്നെ ദ്രോഹിക്കുന്നു.” അല്ലെങ്കില്‍ ”ഈ മനുഷ്യന്‍ എന്നെ ദ്രോഹിക്കുന്നു”എന്നിങ്ങനെ ഒരിക്കലും പറയരുത്. മനുഷ്യര്‍ അങ്ങനെ നിങ്ങളോട് പെരുമാറുവാന്‍ ദൈവമാണ് അനുവാദം കൊടുത്തത്.
മുമ്പൊരിക്കല്‍ അടിമ വ്യാപാരികള്‍ക്കു വിറ്റ സഹോദരര്‍ക്കായി യോസേഫ് ഒരു വിരുന്നു ഒരുക്കി. തന്നെ പൊട്ടക്കിണറ്റില്‍ ഇട്ട സഹോദരന്മാര്‍ക്ക് അവന്‍ ഈജിപ്തിലെ ഏറ്റവും നല്ല ഭൂപ്രദേശമായ ഗോശെന്‍ ദേശം നല്‍കി (46:34). അതാണ് ഒരു ദൈവമനുഷ്യന്റെ മനോഭാവം.
തന്റെ പിതാവിനോട് യോസേഫിനുണ്ടായിരുന്ന വലിയ ബഹുമാനവും നമ്മള്‍ കാണുന്നു (46:29). യോസേഫ് ലോകത്തിലെ തന്നെ രണ്ടാം ഭരണാധികാരി ആയിരിക്കെ തന്റെ പിതാവിനെ എതിരേല്ക്കുവാന്‍ ബഹുമാനപൂര്‍വ്വം ഇറങ്ങി ചെന്നു. ഒരു ദൈവിക മനുഷ്യന്‍ തന്റെ മാതാപിതാക്കന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
യാക്കോബിന്റെ ജീവിതത്തിലെ അവസാന നാളുകളില്‍ നാം അദ്ദേഹത്തെ ദൈവത്തിന്റെ ഒരു പ്രവാചകനായി കാണുന്നു. 47:10-ല്‍ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ഭരണാധികാരിയായ ഫറവോനെ അനുഗ്രഹിക്കുന്നു. പിന്നീട് തന്റെ പുത്രന്മാരെ അനുഗ്രഹിക്കുന്നു. യോസേഫ് തന്റെ രണ്ടു പുത്രന്മാരെ, മനശ്ശെയും എഫ്രയീമിനേയും, അനുഗ്രഹിക്കുന്നതിനായി യാക്കോബിന്റെ അടുക്കല്‍ കൊണ്ടുവന്ന് ഇങ്ങനെ പറയുന്നു: ”നിന്റെ വലതുകരം മനശ്ശെയുടെ (ജ്യേഷ്ഠന്‍) തലയിലും ഇടതുകരം എഫ്രയീമിന്റെ (അനുജന്‍) തലയിലും വയ്ക്കണമേ.” എന്നാല്‍ യാക്കോബ് അങ്ങനെ ചെയ്തില്ല. അദ്ദേഹം തന്റെ കൈകള്‍ പിണച്ചു വച്ച് മൂത്തവനു മേലെ ഇളയവനെ അനുഗ്രഹിക്കുന്നു. അവന്റെയും കണ്ണുകള്‍ മങ്ങിയിരുന്നു (തന്റെ പിതാവായ യിസ്ഹാക്കിനു ഉണ്ടായതുപോലെ). എന്നാല്‍ യാക്കോബിന് ആത്മീയ ദര്‍ശനമുണ്ടായിരുന്നു. തന്റെ പിതാവില്‍ നിന്നും വ്യത്യസ്തമായി ആരെയാണ് അനുഗ്രഹിക്കേണ്ടതെന്ന് അവന്‍ വ്യക്തമായി അറിഞ്ഞിരുന്നു. എന്തുകൊണ്ടാണ്? കാരണം യാക്കോബ് തന്റെ പിതാവിനെ പോലെ സുഖസൗകര്യങ്ങളില്‍ ജീവിച്ച ഒരുവനായിരുന്നില്ല. അവന്‍ പലവിധ ശോധനകളിലൂടെ കടന്നു പോയവനാണ്. ശോധനകളിലൂടെയാണ് ദൈവം നമ്മുടെ ദര്‍ശനങ്ങളെ കൂടുതല്‍ തെളിമയുള്ളതാ ക്കുന്നത്.
യാക്കോബാണ് കര്‍ത്താവിന്റെ വരവിനെ സംബന്ധിച്ച ആദ്യം പ്രസ്താവിച്ചത്. അദ്ദേഹം തന്റെ മകനായ യൂദായോട് ‘സകലത്തേയും ഭരിക്കുന്ന യൂദായുടെ സിംഹം’ അവന്റെ സന്തതിയായി ഉണ്ടാകും എന്നു പറയുന്നു (49:9,10).
50:20-ല്‍, പൗലൊസ് റോമാ ലേഖനത്തില്‍ പറയുന്നതിനു സമാനമായ ഒരു വാക്യം യോസേഫ് പറയുന്നതു നാം കേള്‍ക്കുന്നു: ”നിങ്ങള്‍ എനിക്കു ദോഷം ചെയ്യാന്‍ ശ്രമിച്ചു. ദൈവമോ അതിനെ ഗുണകരമാക്കി തീര്‍ത്തു.” ഈ വാക്യം ”പഴയനിയമത്തിലെ റോമര്‍ 8:28” ആണ്. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം എല്ലാം നന്മയ്ക്കാക്കി തീര്‍ക്കുന്നു.
അങ്ങനെ നാം ”ആരംഭങ്ങള്‍ – ഉല്പത്തി” എന്ന മഹത്തായ പുസ്തകത്തിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. ഈ പുസ്തകത്തിന്റെ അവസാന വാക്യം നോക്കുക. ഉല്പത്തി പുസ്തകം തുടങ്ങുന്നത് ”ആദിയില്‍ ദൈവം” എന്ന വാക്കുകളിലാണ്. എന്നാല്‍ അത് അവസാനിക്കുന്നത് ”ഈജിപ്തില്‍ ഒരു ശവപ്പെട്ടി” എന്ന വാക്കുകളാലാണ്. മനുഷ്യന്‍ ചെയ്ത പാപത്തിന്റെ ഫലമാണത്.
എന്നാല്‍ ഈജിപ്തിലെ ആ ശവപ്പെട്ടിയില്‍ നിന്നും ദൈവം വീഴ്ച സംഭവിച്ച മനുഷ്യന്റെ വീണ്ടെടുപ്പ് സാദ്ധ്യമാക്കി.
ഹല്ലേലുയ്യാ!