ബൈബിളിലൂടെ : ഇയ്യോബ്

സഹനത്തിന്റെ പ്രശ്‌നം

പഴയ നിയമത്തിലുള്ള 39 പുസ്തകങ്ങളില്‍ അബ്രാഹാമും ആയി ഒരു ബന്ധവുമില്ലാത്ത ഒരാളിനാല്‍ എഴുതപ്പെട്ട ഏക പുസ്തകമാണ് ഇയ്യോബിന്റെ പുസ്തകം. അബ്രാഹാമിന്റേതുപോലെ ഇയ്യോബിന്റെ സമ്പത്തും ആടുമാടുകളാലാണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. അബ്രാഹാം ആയിരുന്നതുപോലെ ഇയ്യോബും തന്റെ സ്വന്തകുടുംബത്തിലെ പുരോഹിതനായിരുന്നു. അദ്ദേഹം ആബ്രാഹാമിനെക്കാള്‍ ദീര്‍ഘനാള്‍ ജീവിച്ചു. ഈ വസ്തുതകളെല്ലാം സൂചിപ്പിക്കുന്നത് ഇയ്യോബ് ജീവിച്ചിരുന്നത് നോഹയുടേയും അബ്രാഹാമിന്റെയും ഇടയ്ക്കുള്ള കാലയളവിലാണ് എന്നാണ്. അതുകൊണ്ട്, ഹാനോക്കിനും നോഹയ്ക്കും ശേഷം, ആദ്യനാളുകളിലുണ്ടായിരുന്ന നമുക്കറിയാവുന്ന ദൈവപുരുഷന്മാരില്‍ ഒരാളാണ് ഇയ്യോബ്.

ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് ഇയ്യോബിന്റെ ജീവിത കാലയളവിലായിരിക്കണം- കാരണം ഇയ്യോബ് തന്റെ ഭാര്യയോടും സ്‌നേഹിതന്മാരോടും ചെയ്ത സ്വകാര്യ സംഭാഷണങ്ങള്‍ അത്ര വിശദമായാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ആ സംഭവങ്ങള്‍ നടന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ പുസ്തകം എഴുതിയിരുന്നതെങ്കില്‍ അതു സാധ്യമാകുമായിരുന്നില്ല. അതുകൊണ്ട് ഇയ്യോബിന്റെ പുസ്തകമാണ് ആത്മപ്രേരിത തിരുവചനത്തിന്റെ ആദ്യപുസ്തകം- ഉല്‍പത്തി പുസ്തകത്തിനു നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്. (ക്രിസ്തുവിനു മുമ്പ് ഏകദേശം 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് മോശെയാല്‍ എഴുതപ്പെട്ടതാണ് ഉല്‍പത്തി).

തിരുവചനം ഏഴുതുവാന്‍ ദൈവം തീരുമാനിച്ചപ്പോള്‍, അവിടുന്ന് ഏറ്റവും ആദ്യം എഴുതിയ പുസ്തകം, സൃഷ്ടിയെക്കുറിച്ചല്ല, എന്നാല്‍ ഒരു ദൈവഭക്തനായ മനുഷ്യനെക്കുറിച്ചാണ് എന്നതു ശ്രദ്ധേയമാണ്. ദൈവം എന്താണ് എപ്പോഴും അന്വേഷിക്കുന്നത് എന്ന് അതു നമ്മെ പഠിപ്പിക്കുന്നു. ഒരു ദൈവപുരുഷനുവേണ്ടി അവിടുന്ന് ഹാനോക്കിന്റെ കാലത്ത് അന്വേഷിച്ചു, നോഹയുടെ കാലത്ത് അന്വേഷിച്ചു, ഇയ്യോബിന്റെ കാലത്തും അന്വേഷിച്ചു. ആരംഭം മുതല്‍ ദൈവം നമുക്ക് 66 പുസ്തകങ്ങളുള്ള തിരുവചനം തരാന്‍ പദ്ധതിയിട്ടിരുന്നു. അവയില്‍ ഏറ്റവും ആദ്യ പുസ്തകത്തില്‍, അവിടുത്തെ ഹൃദയത്തില്‍ ഏറ്റവും മുകളില്‍ ഉള്ളതിനെക്കുറിച്ച് അവിടുന്ന് എഴുതി – ഒരു ദൈവഭക്തിയുള്ള പുരുഷന്‍.

വേദപുസ്തകത്തില്‍ മറ്റൊരിടത്തും കാണാത്ത ചില കാര്യങ്ങളെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച ഇയ്യോബിന്റെ പുസ്തകം നമുക്കു തരുന്നു. ദൈവത്തിന്റെ മക്കളില്‍ ഒരാള്‍ ഭൂമിയില്‍ കഷ്ടപ്പെടുമ്പോള്‍ ”സ്വര്‍ഗ്ഗത്തില്‍” നടക്കുന്നതെന്താണെന്നു നാം ഇവിടെ കാണുന്നു. താന്‍ കഷ്ടത അനുഭവിക്കുമ്പോള്‍ അവിടെ എന്താണു സംഭവിക്കുന്നതെന്ന് ഇയ്യോബ് തന്നെ അറിഞ്ഞില്ല. അവന്‍ അതറിഞ്ഞിരുന്നെങ്കില്‍, ശോധനകളുടെ മദ്ധ്യത്തില്‍ അവന്‍ വലിയ അളവില്‍ ആശ്വസിപ്പിക്കപ്പെടുകയും, ശക്തനാക്കപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇന്നു നമുക്ക് അത് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നാം ഇന്ന് ഇയ്യോബിനെക്കാള്‍ വളരെയധികം മെച്ചപ്പെട്ട സ്ഥാനത്താണ്.

ഇയ്യോബ് തന്റെ കഷ്ടതയിലൂടെ കടന്നു വന്ന ശേഷം, ഈ വസ്തുത ദൈവിക വെളിപ്പാടിലൂടെ അവന്‍ കണ്ടുപിടിച്ചിട്ടുണ്ടാകണം. അങ്ങനെ അവന്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട്, ഇയ്യോബ് ഇത്രമാത്രം പരാതിപ്പെട്ടതെന്തുകൊണ്ടാണെന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഇയ്യോബും പരാതിപ്പെട്ടല്ലോ എന്ന് ആശ്വാസം കണ്ടെത്തി നമുക്കും അതേകാര്യം ചെയ്യാം എന്നു കരുതരുത്- കാരണം ഇയ്യോബിനുണ്ടായിരുന്നതിനെക്കാള്‍ വളരെയധികം വെളിപ്പാടുകള്‍ നമുക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അധികം നല്‍കപ്പെട്ടവനോട് അധികം ആവശ്യപ്പെടും.

ദൈവം സഭയില്‍ ഏകോപിതമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതു സത്യമാണെങ്കിലും, അപ്പോഴും അവിടുന്ന് ഒരു വ്യക്തിയെയാണ് സഭയിലുള്ള മറ്റുള്ളവരെ സ്വാധീനിക്കാന്‍ മിക്കവാറും ഉപയോഗിക്കുന്നത്. അപ്പൊസ്തലനായ പൗലൊസ് അതിനൊരു നല്ല ഉദാഹരണമാണ്. പൗലൊസ്, താന്‍ ആയിരുന്നതുപോലെ പൂര്‍ണ്ണമായി ദൈവത്തിനു ലഭ്യമാകാതിരുന്നെങ്കില്‍, സഭ എന്തു നഷ്ടം സഹിക്കേണ്ടി വരുമായിരുന്നു! പൗലൊസ്, ഏകനായി എഫെസൊസിലുള്ള സഭയെ ചെന്നായ്ക്കള്‍ പ്രവേശിക്കാതെ മൂന്നു വര്‍ഷത്തോളം സൂക്ഷിച്ചു. എന്നാല്‍ അദ്ദേഹം അവിടം വിട്ടുപോയ ഉടന്‍, ചെന്നായ്ക്കള്‍ അകത്തു കടന്നു (പ്രവൃത്തി. 20:29,30). ദൈവത്തിന് ഇന്നും ഇയ്യോബിനെയും പൗലൊസിനെയും പോലെയുള്ള ദൈവഭക്തരായ പുരുഷന്മാരെ (സ്ത്രീകളെയും) ആവശ്യമുണ്ട്.

ദൈവഭക്തിയുള്ള പുരുഷന്‍

തിരുവചനത്തിലെ ആത്മപ്രേരിതമായ ഒന്നാമത്തെ പുസ്തകത്തിലെ ഒന്നാമത്തെ വാക്യം ശ്രദ്ധിക്കുക: ”ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ളൊരു പുരുഷന്‍ ഉണ്ടായിരുന്നു. അവന്‍ നിഷ്‌കളങ്കനും, നേരുള്ളവനും, ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു” (ഇയ്യോബ് 1:1). തിരുവചനത്തിലെ ആദ്യ വാചകത്തില്‍ ദൈവത്തിന്റെ ഹൃദയം നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നുണ്ടോ? അത് ഒരു പുരുഷനെക്കുറിച്ചായിരുന്നു. തന്റെ പേരിനാലും- ഇയ്യോബ്- അവന്‍ ജീവിച്ചിരുന്ന സ്ഥലത്തിന്റെ പേരിനാലും- ഊസ്- തിരിച്ചറിയപ്പെട്ട ഒരു പുരുഷന്‍ (മറ്റേതെങ്കിലും സ്ഥലത്തു ജീവിക്കുന്ന ഇയ്യോബുമായി കുഴഞ്ഞു പോകാതിരിക്കേണ്ടതിനായിട്ട് ദേശത്തിന്റെ പേരും നല്‍കിയിരിക്കുന്നു). തന്നെയുമല്ല ആ പുരുഷനെക്കുറിച്ചുള്ള സാക്ഷ്യം ദൈവം നല്‍കുന്നു- അവന്റെ ബുദ്ധിശക്തി, അവന്റെ സമ്പത്ത്, അവന്റെ പ്രശസ്തി എന്നിവയെ അല്ല മറ്റുള്ളവരുടേതിനോട് താരതമ്യം ചെയ്യുന്നത്. എന്നാല്‍ അവന്റെ സ്വഭാവത്തെക്കുറിച്ചു മാത്രമാണു താരതമ്യം. ദൈവം സത്യമായി വിലമതിക്കുന്നതെന്താണെന്നു നാം അവിടെ കാണുന്നു- പരമാര്‍ത്ഥത, ദൈവഭയം, സകല ദോഷവും വിട്ടകലുന്നത്. ഇതു നമ്മെ വെല്ലുവിളിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

ദൈവം പ്രാഥമികമായി അന്വേഷിക്കുന്നത് വേദപുസ്തക പരിജ്ഞാനമുള്ള മനുഷ്യര്‍ക്കു വേണ്ടിയല്ല. ഇയ്യോബിന് വേദപുസ്തകപാണ്ഡിത്യം ഒന്നും ഇല്ലായിരുന്നു. കാരണം അന്നു വേദപുസ്തകം ഇല്ലായിരുന്നു. ദൈവഭക്തിയുള്ള ഒരു ജീവിതം ജീവിക്കേണ്ടതിന് അവനെ പ്രോത്സാഹിപ്പിക്കുവാനും അവന്റെ ചുറ്റും ആരും ഉണ്ടായിരുന്നില്ല. അവന്റെ സമയത്തുണ്ടായിരുന്ന പ്രസംഗകര്‍ അവര്‍ പറഞ്ഞ കാര്യങ്ങളാല്‍ അവനെ നിരുത്സാഹപ്പെടുത്തിയതേയുള്ളു. എന്നാല്‍ ഇതെല്ലാ മായിട്ടും, അവന്‍ നേരുള്ള ഒരു ജീവിതം ജീവിച്ചു.

ഇയ്യോബ് ഇത്രമാത്രം കഷ്ടം സഹിക്കുന്നതിനെക്കുറിച്ചു നാം വായിക്കുമ്പോള്‍- അവന്റെ വസ്തുവകകളും പത്തു മക്കളും ഒരൊറ്റ ദിവസത്തില്‍ നഷ്ടപ്പെട്ടത് – ഈ കഥ ഒരു ഉപമ മാത്രമാണോ എന്നു നാം അത്ഭുതപ്പെട്ടു പോകാം. എന്നാല്‍ ഇയ്യോബ് ജീവിച്ച് 1400 വര്‍ഷങ്ങള്‍ക്കു ശേഷം, ദൈവം യെഹെസ്‌കേല്‍ 14:14-ല്‍ (വാക്യം 20-ലും അത് ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു) എക്കാലത്തും ജീവിച്ചിട്ടുള്ളതില്‍ ഏറ്റവും നീതിമാന്മാരായ മൂന്നു പേരില്‍ ഒരാളാണ് ഇയ്യോബ് എന്നു പറഞ്ഞിരിക്കുന്നു. നോഹയും ദാനിയേലുമാണ് മറ്റു രണ്ടുപേര്‍. (അത്ഭുതകരമെന്നു പറയട്ടെ, ആ സമയത്തു ബാബിലോണില്‍ ജീവിച്ചിരുന്ന യുവാവായ ദാനിയേലിനെയും ദൈവം അതില്‍ ഉള്‍പ്പെടുത്തി!). തന്നെയുമല്ല പരിശുദ്ധാത്മാവ്, യാക്കോബിലൂടെ, ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ച് എഴുതിയിരിക്കുന്നു (യാക്കോബ് 5:11). അതു തെളിയിക്കുന്നത് ഇതൊരു യഥാര്‍ത്ഥ കഥ തന്നെയാണെന്നാണ്.

1:4,5-ല്‍ ഇയ്യോബിനു തന്റെ മക്കള്‍ക്കു വേണ്ടിയുള്ള കരുതല്‍ നാം കാണുന്നു. തിരുവചനത്തിലെ ആദ്യപുസ്തകം, ദൈവഭക്തിയുള്ള ഒരു കുടുംബം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു നമുക്കു കാണിച്ചു തരുന്നു. ദൈവഭക്തിയുള്ള ഒരു പുരുഷന്‍ തന്റെ കുഞ്ഞുങ്ങളെ ദൈവിക മാര്‍ഗ്ഗത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്നു.

ഇയ്യോബിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു. എല്ലാവരും വളര്‍ന്നു വലുതായി അവരവരുടെ വീടുകളില്‍ താമസിക്കുകയായിരുന്നു. അവരാരും ദൈവത്തില്‍ നിന്ന് അകന്നു പോകരുതെന്ന് ഇയ്യോബിന് വളരെ കരുതല്‍ ഉണ്ടായിരുന്നു. അവന്റെ പുത്രന്മാര്‍ അവരുടെ ജന്മദിനങ്ങള്‍ തങ്ങളുടെ സ്വന്തം ഭവനങ്ങളില്‍ ഏതാനും ദിവസങ്ങള്‍ വിരുന്നൊരുക്കി ആഘോഷിക്കാറുണ്ടായിരുന്നു. തന്നെയുമല്ല അവരുടെ സഹോദരിമാരേയും തങ്ങളോടുകൂടെ ഭക്ഷിച്ച് പാനം ചെയ്യേണ്ടതിനു ക്ഷണിക്കാറുണ്ടായിരുന്നു. ഈ വിരുന്നു നാളുകള്‍ കഴിയുമ്പോള്‍, ഇയ്യോബ് അവരെ ആളയച്ചു വിളിപ്പിക്കുമായിരുന്നു. അവന്‍ നന്നാ രാവിലെ എഴുന്നേറ്റ് (ഈ ദൈവഭക്തന്റെ അപ്രധാനമായ ശീലംപോലും ആത്മ പ്രേരിത തിരുവചനത്തിന്റെ ആദ്യ താളുകളില്‍ തന്നെ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു). ഇയ്യോബ് തന്റെ ഓരോ മക്കള്‍ക്കും വേണ്ടി പ്രത്യേകം ഹോമയാഗങ്ങളെ കഴിച്ച് അവരെ യഹോവയ്ക്ക് പുതുക്കത്തോടെ സമര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ഇയ്യോബ് അതു ചെയ്തതിന്റെ കാരണം അവന്റെ മക്കള്‍ ഈ വിരുന്നിനിടയ്ക്ക് തങ്ങളുടെ ഹൃദയത്തില്‍ ദൈവത്തോടു പാപം ചെയ്തു കാണും എന്ന് അവനു തോന്നിയതാണ്. അവര്‍ തങ്ങളുടെ ഹൃദയത്തില്‍ ദൈവത്തോടു പാപം ചെയ്തിട്ടുണ്ടാകും എന്ന കാര്യത്തിലുള്ള അവന്റെ ചിന്താഭാരം ശ്രദ്ധിക്കുക. വിഗ്രഹാരാധനയോ വ്യഭിചാരമോ പോലെ ബാഹ്യമായ പാപങ്ങളെക്കുറിച്ചു മാത്രമല്ല ഇയ്യോബ് ചിന്തിച്ചത്. ദൈവത്തെ ബഹുമാനിക്കാതിരിക്കാന്‍ കാരണമാകുന്ന അവരുടെ ഹൃദയത്തിനുള്ളിലെ പാപങ്ങളെക്കുറിച്ചായിരുന്നു അവനു ദുഃഖമുണ്ടായിരുന്നത്. തന്റെ മക്കളുടെ പാപങ്ങള്‍ ദൈവം അവരോടു ക്ഷമിക്കണമേ എന്ന് അവന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒരു മനുഷ്യന്‍ ദൈവഭക്തനായി തീരുന്നത് പാപത്തോടു ഹൃദയത്തില്‍ സ്പര്‍ശ്യത ഉള്ളവനായിരിക്കുന്നതിനാലാണ്. അങ്ങനെയുള്ള ഒരു മനുഷ്യന്‍ കതകടച്ച്, ദൈവത്തോടുകൂടെ തനിയെ സമയം ചെലവഴിക്കുകയും സ്വയം വിധിച്ച്, മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയാത്ത തന്റെ ഹൃദയത്തിലെ പാപങ്ങളുടെ മേല്‍ ദൈവവുമായി ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു.

എളിയവരെയും അന്ധന്മാരെയും വിധവകളെയും കരുതുന്നതുപോലെയുള്ള മറ്റു പല നല്ല കാര്യങ്ങളും ഇയ്യോബ് ചെയ്തു (29:12-16). എന്നാല്‍ പ്രാഥമികമായി അവന്‍ തന്റെ മക്കളെ ദൈവിക മാര്‍ഗ്ഗങ്ങളില്‍ വളര്‍ത്തി. അവന്‍ തന്റെ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു- അങ്ങനെ അവന്‍ തുടര്‍മാനം ചെയ്തു എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഒരു ദൈവഭക്തന് അവന്‍ സ്ഥിരമായി അനുഷ്ഠിക്കുന്ന ശീലങ്ങളുണ്ട്. അവന്റെ വിശ്വാസം അവന്‍ തുടര്‍മാനം അഭ്യസിക്കുന്നു. വല്ലപ്പോഴുമുള്ള ഒരു കുതിപ്പല്ല. അനേകം ആളുകള്‍ ദൈവത്തെ അന്വേഷിക്കുന്നത് അവര്‍ ഒരു പ്രയാസത്തിലാകുമ്പോള്‍ മാത്രമാണ്. എന്നാല്‍ ഇയ്യോബ് അങ്ങനെ ആയിരുന്നില്ല. കാര്യങ്ങള്‍ നന്നായി പോകുമ്പോഴും അവന്‍ ദൈവത്തോട് അടുത്തു ജീവിച്ചു.

ദൈവവുമായുള്ള സാത്താന്റെ ചര്‍ച്ച

അധ്യായം 1:6-ല്‍ നാം ”ദൈവത്തിന്റെ പുത്രന്മാരെ”ക്കുറിച്ചു വായിക്കുന്നു. ഇതു ദൈവദൂതന്മാരെ കുറിക്കുന്നു. ദൈവം നേരിട്ടു സൃഷ്ടിച്ചിട്ടുള്ളതിനെ സൂചിപ്പിക്കാനാണ് ഈ ശൈലി ഉപയോഗിക്കുന്നത്. ആദാം സൃഷ്ടിക്കപ്പെട്ടതുപോലെ ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിപ്പല്ല നമ്മുടേത്. ആദാം ദൈവത്തിന്റെ പുത്രന്‍ എന്നു വിളിക്കപ്പെട്ടത് ദൈവം നേരിട്ട് അവനെ സൃഷ്ടിച്ചതുകൊണ്ടാണ്. നാം ജനിച്ചത് നമ്മുടെ മാതാപിതാക്കളിലൂടെയാണ്. എന്നാല്‍ നാം വീണ്ടും ജനിച്ചപ്പോള്‍ അത് ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിപ്പാണ്- പുതിയ സൃഷ്ടി. അതുകൊണ്ട് നാമും ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടുന്നു.

ഈ ദൂതന്മാരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു. അവനും ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിയാണ്. അവന് മൂന്നാം സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ നേരെ മുമ്പില്‍ വരാന്‍ കഴിയുകയില്ല. കാരണം അവന്‍ എന്നെന്നേയ്ക്കുമായി അവിടെ നിന്നു പുറത്താക്കപ്പെട്ടവനാണ്. എന്നാല്‍ അവന് അവന്റെ ആസ്ഥാനമായ രണ്ടാം സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവത്തോടു സംസാരിക്കാം. സാത്താന്‍ ദൈവത്തോടു പറഞ്ഞത് അവന്‍ ”ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു” എന്നാണ് (1:7). സാത്താന്‍ ഒരു ലോകസഞ്ചാരി ആണ്. ഒരു ലോകസഞ്ചാരി ആകുന്നത് ഒരു വലിയ കാര്യമാണെന്നു കരുതരുത്. ദൈവത്തിന്റെ മഹത്വത്തിനു വേണ്ടി ദൈവം നിങ്ങളെ അതിനു വിളിക്കുന്നെങ്കില്‍ അതു നല്ലതാണ്. എന്നാല്‍ യേശുവിന്റെ ഭൂമിയിലെ മുഴുജീവിതത്തിലും തന്റെ സ്വന്ത പട്ടണമായ നസ്രേത്തില്‍ നിന്ന് 100 മൈല്‍ വ്യാസാര്‍ദ്ധത്തില്‍ കുറഞ്ഞ ഒരു പരിധിക്കുള്ളില്‍ മാത്രമേ സഞ്ചരിച്ചിട്ടുള്ളു – കാരണം, അതായിരുന്നു അവിടുത്തെക്കുറിച്ചുള്ള ദൈവഹിതം. അതുകൊണ്ട് ലോകം ചുറ്റി സഞ്ചരിക്കുന്നവരാണ് എല്ലാവരെയുംകാള്‍ ഏറ്റവും ഭാഗ്യവാന്മാര്‍ എന്ന് ഒരിക്കലും ചിന്തിക്കരുത്.

ദൈവം പ്രവര്‍ത്തിക്കുന്ന വിധവും സാത്താന്‍ പ്രവര്‍ത്തിക്കുന്ന വിധവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. സാത്താന്‍ എപ്പോഴും അസ്വസ്ഥനാണ്- അങ്ങോട്ടും ഇങ്ങോട്ടും ഊടാടി സഞ്ചരിക്കുന്നു. അവന്റെ എല്ലാ പ്രവൃത്തിയിലും ഒരു ധൃതിയുണ്ട്. ദൈവം ഏതുവിധത്തിലായാലും സാവധാനത്തിലും ക്ഷമയോടുംകൂടിയാണ് പ്രവര്‍ത്തിക്കുന്നത്.

സാത്താന്‍ ലോകത്തിനു ചുറ്റും സഞ്ചരിക്കുന്നു- പ്രത്യേകിച്ച് വിശ്വാസികളെ നിരീക്ഷിച്ചുകൊണ്ട്. അവന്‍ ആരെ വിഴുങ്ങേണ്ടു എന്നു ഭാവിച്ച് അലറുന്ന സിംഹം എന്നപോലെ ചുറ്റി നടക്കുന്നു (1 പത്രൊ. 5:8). ”എന്റെ ദാസനായ ഇയ്യോബിന്‍മേല്‍ നീ ദൃഷ്ടി വച്ചുവോ?” എന്നു ദൈവം സാത്താനോടു ചോദിച്ചപ്പോള്‍ സാത്താന്‍ ഇപ്രകാരം മറുപടി പറഞ്ഞു: ”അതെ എനിക്കവനെക്കുറിച്ചുള്ളതെല്ലാം അറിയാം.” ഓരോ വ്യക്തിയുടെയും യഥാര്‍ത്ഥ ആത്മീയ അവസ്ഥയെക്കുറിച്ചു സാത്താനറിയാം. അവന്റെ പിശാചുക്കളും എല്ലായിടത്തും ചുറ്റി സഞ്ചരിക്കുന്നു. ആളുകളുടെ ജീവിതങ്ങള്‍ പരിശോധിച്ചിട്ട് വിവരം അവനെ അറിയിക്കുവാന്‍.

ഇയ്യോബിനെക്കുറിച്ചു ശ്രദ്ധേയമായിട്ടുള്ളത് യഹോവ സാത്താനോടു പറഞ്ഞു: ”അവനെപോലെ ഈ ഭൂമിയില്‍ ആരുമില്ല- നിഷ്‌കളങ്കനും, നേരുള്ളവനും, ദൈവഭയമുള്ളവനും, ദോഷം വിട്ടകലുന്നവനും” (1:8). ദൈവഭയം – അല്ലെങ്കില്‍ ദൈവത്തോടുള്ള ഭയഭക്തി- ആത്മപ്രേരിതമായ തിരുവചനത്തിലെ ഈ ആദ്യപുസ്തകത്തില്‍ വളരെയധികം പ്രസ്താവിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. ഇവിടെ നാം കാണുന്നത് ദൈവം ഇയ്യോബിനെ ഭൂമിയിലുള്ള മറ്റു മനുഷ്യരുമായി താരതമ്യം ചെയ്തതാണ്. ഇന്നും ദൈവം അതു ചെയ്യുന്നു.

വെളിപ്പാട് 12:10-ല്‍ നാം വായിക്കുന്നത് സാത്താന്‍ ദൈവമക്കളെ കുറ്റം ചുമത്തുന്ന അപവാദിയാണെന്നാണ്. ദൈവത്തോടു വിശ്വാസികളെ കുറ്റം ചുമത്തുമ്പോള്‍, അവന്‍ സത്യം സംസാരിക്കുന്നു. ഉദാഹരണത്തിന്, അവനു ദൈവത്തോട് ഇങ്ങനെയേ പറയാന്‍ കഴിയൂ: ”അവിടുത്തെ മകന്‍ എന്ന് അവകാശപ്പെടുന്ന ആ മനുഷ്യനെ നോക്കുക. അവന്‍ കോപിക്കുന്നു. അവന്‍/അവള്‍, അവന്റെ/അവളുടെ ജീവിതപങ്കാളിയോട് ഉറക്കെ സംസാരിക്കുന്നു. അവന്‍ പണത്തിന്റെ കാര്യത്തില്‍ അനീതിയുള്ളവനാണ്. അവന്‍ ദൈവത്തെ സേവിക്കുന്നു എന്നു പറയുന്നു. എന്നാല്‍ ശുശ്രൂഷയിലൂടെ അവനുവേണ്ടി തന്നെ പണം ഉണ്ടാക്കുന്ന കാര്യത്തില്‍ മാത്രമാണ് അവന്‍ താല്‍പര്യപ്പെടുന്നത്” മുതലായവ. ദൈവം നീതിയുള്ള ദൈവമായതുകൊണ്ട്, സാത്താന്‍ പറയുന്നതു സത്യമാണെന്ന് അവിടുത്തേക്കു സമ്മതിക്കേണ്ടി വരുന്നു. എന്നാല്‍ ക്രിസ്തുവിന്റെ നാമത്തിന് അപമാനം ഉണ്ടാക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികളുടെ ഇടയില്‍, നേരുള്ള ഒരു പുരുഷനെ കണ്ടെത്തുമ്പോള്‍ ദൈവം എത്രമാത്രം പ്രസാദിക്കും! സാത്താന് ഒരുവിധത്തിലും കുറ്റം പറയാന്‍ കഴിയാത്ത ആളുകള്‍ക്കു വേണ്ടിയാണ് ദൈവം അന്വേഷിക്കുന്നത്. തന്റെ പാപം വേഗത്തില്‍ ദൈവത്തോട് ഏറ്റു പറയുകയും അങ്ങനെ തന്റെ മനഃസാക്ഷി ഓരോ നിമിഷവും നിര്‍മ്മല മനഃസാക്ഷി ആയി സൂക്ഷിക്കുകയും ചെയ്യുന്ന ഒരുവനെയും സാത്താനു കുറ്റപ്പെടുത്താന്‍ കഴിയുകയില്ല (പ്രവൃത്തികള്‍ 24:16). അങ്ങനെയുള്ള ഒരു വ്യക്തി ക്രിസ്തുവിന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ടവനാണ് (നീതിമാന്‍ എന്നു ദൈവത്താല്‍ പ്രഖ്യാപിക്കപ്പെട്ടവന്‍) (റോമ. 5:9). തന്നെയുമല്ല അവന്‍ സാത്താന്റെ എല്ലാ കുറ്റാരോപണങ്ങളേയും ജയിക്കുകയും ചെയ്യുന്നു (വെളിപ്പാട് 12:11). നിങ്ങള്‍ അങ്ങനെ ഒരു വ്യക്തി ആയിരിക്കുമോ?

യേശു പറഞ്ഞു: ”ലോകത്തിന്റെ പ്രഭു വരുന്നു; അവന് എന്നോട് ഒരു കാര്യവുമില്ല” (യോഹന്നാന്‍ 14:30). അതുകൊണ്ടാണ് പിതാവിന് ”ഇവന്‍ എന്റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നു പറയാന്‍ കഴിഞ്ഞത്. പിതാവ് അത്ര മാത്രം പ്രസാദിച്ചതിനു കാരണം ആ സമയത്ത് അവിടുത്തേയ്ക്ക് പിശാചിനോട് ”അവന്‍ നടക്കുന്നതെങ്ങനെയെന്നു നോക്കുക” എന്നു ചൂണ്ടിക്കാണിച്ചു പറയുവാന്‍ ഭൂമിയില്‍ ഒരു വ്യക്തി ഉണ്ടായിരുന്നു എന്നതാണ്.

1 യോഹന്നാന്‍ 2:6 പറയുന്നത്: ”ക്രിസ്തുവില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ യേശു നടന്നതുപോലെ നടക്കേണ്ടതാകുന്നു.”

നമ്മുടെ കൂട്ടുവിശ്വാസികള്‍ നമ്മെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നത് അല്പം പോലും പ്രസക്തമായ കാര്യമല്ല. ദൈവം നമ്മെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതാണ് എല്ലാം. ഒത്തുതീര്‍പ്പുകാരായ അനേകം ജഡിക ക്രിസ്ത്യാനികളുടെ നടുവില്‍ ദൈവത്തിനു നമ്മെ ചൂണ്ടിക്കാണിച്ചിട്ടു സാത്താനോട് ഇങ്ങനെ പറയാന്‍ കഴിയുമെങ്കില്‍ അതു വലിയ കാര്യമാണ്. ”സത്താനെ, എന്റെ മക്കള്‍ എന്നു തങ്ങളെ ത്തന്നെ വിളിക്കുന്ന അനേകര്‍ ഒത്തുതീര്‍പ്പുകാരും ജഡികരും ആണെന്നെനിക്കറിയാം. എന്നാല്‍ ആ പട്ടണത്തിലെ ആ തെരുവില്‍ താമസിക്കുന്ന ഈ മനുഷ്യനെ നീ കണ്ടിരുന്നോ? അവന്‍ വ്യത്യസ്തനാണ്. അവന്‍ നേരുള്ളവനും പരമാര്‍ത്ഥിയുമാണ്. ആ പട്ടണത്തിന്റെ ആ തെരുവില്‍ താമസിക്കുന്ന ആ സ്ത്രീയെ നീ കണ്ടിരുന്നോ? അവള്‍ വ്യത്യസ്തയാണ്. അവള്‍ ദൈവഭക്തിയുള്ളവളാണ്.” അപ്പോള്‍ സാത്താന്റെ വായ് അടയ്ക്കപ്പെടുന്നു- കാരണം ദൈവം പറയുന്നത് സത്യമാണെന്ന് അവനറിയാം. നിന്നെ സാത്താനു ചൂണ്ടിക്കാണിച്ചു കൊടുത്തിട്ട് ദൈവത്തിനു സാത്താന്റെ വായടപ്പിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ഒരാളാണോ നിങ്ങള്‍?

നിങ്ങള്‍ സമ്പന്നനാണോ ദരിദ്രനാണോ എന്നത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. ഒരാത്മീയനാകേണ്ടതിന് നിങ്ങള്‍ ദരിദ്രനാകണം എന്നു നിങ്ങള്‍ ചിന്തിക്കാതിരിക്കാന്‍, വേദപുസ്തകത്തിലെ ഏറ്റവും ആദ്യ പുസ്തകത്തില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന തിരുവചനത്തിലെ ഏറ്റവും ആദ്യത്തെ ദൈവഭക്തനായ പുരുഷന്‍ ഒരു വലിയ ധനവാനായിരുന്നു.

വാസ്തത്തില്‍, ഇയ്യോബിനു ചുറ്റുമുള്ള ആളുകളുടെ അസൂയ ഉണര്‍ത്തപ്പെട്ട കാര്യം അതായിരുന്നു. ധനികനും ആത്മീയനുമായ ആരെയെങ്കിലും കാണുന്നത് അവര്‍ക്കു സഹിക്കുവാന്‍ കഴിഞ്ഞില്ല. അയാള്‍ ദരിദ്രനും ആത്മീയനുമായിരുന്നെങ്കില്‍ അവര്‍ക്കു സന്തോഷമുണ്ടാകുമായിരുന്നു. ഒരാള്‍ ആത്മീയനാകണമെങ്കില്‍ അയാള്‍ ദരിദ്രനായിരിക്കണമെന്ന ഒരു ചിന്ത ചിലര്‍ക്കുണ്ടായിരുന്നു. നമുക്കുള്ള പണത്തിന്റെ അളവ് അപ്രധാനമാണ്. പണത്തോടുള്ള നമ്മുടെ മനോഭാവമാണ് കാര്യം. പൗലൊ സും പത്രൊസും വളരെ ദരിദ്രരായിരുന്നു. യേശുവും അതുപോലെ ആയിരുന്നു. എന്നാല്‍ ഇയ്യോബും അബ്രാഹാമും വളരെ ധനികരായിരുന്നു. അത്തരം കാര്യങ്ങള്‍ ദൈവം തീരുമാനിക്കുന്നു. അതു നമ്മുടെ ത്വക്കിന്റെ നിറം പോലെയോ, നമ്മുടെ ബൗദ്ധിക നില പോലെയോ ആണ്. ആ കാര്യങ്ങളും ദൈവമാണ് തീരുമാനിക്കുന്നത്- അതൊന്നും പ്രധാനമല്ല. ആത്മീയത നമ്മുടെ സ്വഭാവം കൊണ്ടാണ്, നമ്മുടെ ബാങ്ക് അക്കൗണ്ടിന്റെ വലുപ്പം കൊണ്ടല്ല തീരുമാനിക്കപ്പെടുന്നത്.

സാത്താന്‍ ഇയ്യോബിനെ ഉന്നം വച്ചതില്‍ അത്ഭുതം ഒന്നുമില്ല, കാരണം നേരുള്ളവരെ അവന്‍ വെറുക്കുന്നു. ആ നാളുകളില്‍ അവന്‍ ഇയ്യോബിനെ വെറുത്തു. ഇന്നും അവന്‍ അങ്ങനെയുള്ള ആളുകളെ വെറുക്കുന്നു. അതുകൊണ്ടാണു ദൈവഭക്തിയുള്ളവരായിരിക്കുന്നതില്‍ നിന്നു നമ്മെ തടയുന്നതിന് സാത്താന്‍ അവന്റെ ശക്തി ഉപയോഗിച്ച് പലതും ചെയ്യുന്നത്. സാത്താന്‍ ഇയ്യോബിനെ അവന്റെ ഭാര്യയിലൂടെയും ജഡികരായ പ്രസംഗകരിലൂടെയും ഉപദ്രവിച്ചു. എന്നാല്‍ ഇതൊന്നും ഇയ്യോബിന്റെ ദൈവത്തോടുള്ള ഭക്തിക്ക് ഒരു വ്യത്യാസവും വരുത്തിയില്ല. ഇയ്യോബ് എന്തൊരു പുരുഷനായിരുന്നു! അവന്‍ നമുക്ക് എന്തൊരു വെല്ലുവിളിയാണ്! നമുക്കും അവനെപ്പോലെയാകാന്‍ കഴിയും.

നമുക്ക് ദൈവത്തിന്റെ അംഗീകാരം അന്വേഷിക്കാം, മനുഷ്യന്റെ അല്ല. വ്യക്തി പരമായി പറഞ്ഞാല്‍, ലോകത്തിലെ ലക്ഷം കോടി ആളുകള്‍ എന്നെ ദുരുപദേശകന്‍, കള്ളപ്രവാചകന്‍, വഞ്ചകന്‍, ഭോജനപ്രിയന്‍, മദ്യപന്‍, വീഞ്ഞുകുടിയന്‍, വ്യഭിചാരി, കള്ളന്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും ചീത്ത പേരില്‍ കുറ്റമാരോപിച്ചാലും അതെന്നെ അല്പംപോലും അസ്വസ്ഥനാക്കുകയില്ല- ദൈവത്തിന് എന്നെ സാത്താനു ചൂണ്ടിക്കാണിച്ചിട്ട്, ”നീ സാക് പുന്നനെ കണ്ടോ, എന്നെ ഭയപ്പെടുകയും എല്ലാ ദോഷവും വിട്ടകലുകയും ചെയ്യുന്ന ഒരു നേരുള്ള മനുഷ്യന്‍” എന്നു പറയാന്‍ കഴിയുമെങ്കില്‍ മാത്രം. ദൈവത്തില്‍ നിന്നുള്ള ആ പ്രശംസാ വചനം ഈ ഭൂമിയിലെ മറ്റെന്തിനെക്കാളും എനിക്ക് അധികം വിലയുള്ളതാണ്. നിങ്ങള്‍ക്കും അങ്ങനെ യൊരാഗ്രഹം നിങ്ങളെ സംബന്ധിച്ചുണ്ട് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

നമുക്കുള്ള സാത്താന്റെ അംഗീകാരം പോലും മനുഷ്യന്റെ അംഗീകാരത്തെക്കാള്‍ അധികം പ്രാധാന്യമുള്ളതാണ്. പൗലൊസ് സ്‌കേവയുടെ പുത്രന്മാരില്‍ നിന്ന് വ്യത്യസ്തമായ ഒരു വിഭാഗത്തിലുള്‍പ്പെട്ടവനാണെന്ന് സാത്താന്‍ തിരിച്ചറിഞ്ഞു (പ്രവൃത്തി 19:15).

അന്ത്യ വിശകലനത്തില്‍, നാം കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍, ലോകത്തി ലുള്ള കോടിക്കണക്കിന് ആളുകളുടെ അഭിപ്രായത്തിന് ഒരു വിലയുമുണ്ടായിരിക്കുകയില്ല. ആ നാളുകളില്‍ ദൈവത്തിന്റെ അഭിപ്രായം മാത്രമാണ് പ്രസക്തമായുള്ളത്. നമ്മുടെ കൂട്ടുവിശ്വാസികളുടെ പ്രശംസകള്‍ പോലും ചവറ്റു കൊട്ടയിലെറിയാന്‍ മാത്രമേ കൊള്ളുകയുള്ളു. ദൈവം നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു മാത്രമാണ് പ്രധാനമായിട്ടുള്ളത്. ദൈവം നിങ്ങളെക്കുറിച്ച് ‘ഒന്നും ഇല്ല’ എന്നു ചിന്തിക്കുന്ന സമയത്ത്, ആളുകള്‍ നിങ്ങളെ വാനോളം ഉയര്‍ത്തിയേക്കാം. മറിച്ച് ആളുകള്‍ നിങ്ങളെ കഷണങ്ങളായി കീറിയേക്കാവുന്ന സമയത്ത് ദൈവം നിങ്ങളെ നിങ്ങളുടെ തലമുറയിലെ ഏറ്റവും വലിയ മനുഷ്യനായി കണക്കാക്കിയേക്കാം. ഒരു മനുഷ്യന്റെ വില അവന്റെ ജീവിതകാലത്തു തിരിച്ചറിയാനുള്ള വിവേചന ശക്തി വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഉള്ളൂ. അതുകൊണ്ട് നിങ്ങള്‍ പോകുന്ന വഴി ആളുകള്‍ മനസ്സിലാക്കുന്നില്ല എന്നു കാണുമ്പോള്‍ നിങ്ങള്‍ നിരുത്സാഹപ്പെടരുത്. ദൈവം നിങ്ങളെ വിനയമുള്ളവനായി കാണുന്നെങ്കില്‍, അവിടുന്നു നിങ്ങള്‍ക്കു കൃപ നല്‍കുകയും നിങ്ങള്‍ പാപത്തെയും ലോകത്തെയും ജയിക്കുകയും ചെയ്യും.

ദൈവഭക്തിയുള്ള എല്ലാവരെയും സാത്താന്‍ കുറ്റപ്പെടുത്തുന്നു! നിങ്ങളെ കുറ്റപ്പെടുത്തുവാന്‍ അവന് അനേകം ഏജന്റുമാര്‍ ഉണ്ട് (വിശ്വാസികളുടെ ഇടയില്‍ പോലും). യേശുവിനെ പോലും കുറ്റപ്പെടുത്തുവാന്‍ അവന് ആളുകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ നിങ്ങളെയും അവന്‍ കുറ്റപ്പെടുത്തും എന്നു നിങ്ങള്‍ വിചാരിക്കുന്നില്ലേ?

തന്റെ മൂന്നു സ്‌നേഹിതന്മാര്‍ പോലും അവനെ കുറ്റപ്പെടുത്തിയതായി ഇയ്യോബിന്റെ പുസ്തകത്തില്‍ നാം വായിക്കുന്നു. നാലാമത്തവനായ എലീഹു, തന്റെ കുറ്റപ്പെടുത്തലുകളില്‍ ശക്തി കുറഞ്ഞവനായിരുന്നു, എങ്കിലും അവനും ഇയ്യോബിനെ കുറ്റപ്പെടുത്തി. കുറ്റപ്പെടുത്തല്‍ എന്നത് സാത്താന്റെയും അവന്റെ ഏജന്റുമാരുടെയും സ്വഭാവമാണ്. എന്നാല്‍ യഥാര്‍ത്ഥമായ ഒരു ദൈവഭക്തന്‍ ആ കുറ്റപ്പെടുത്തലുകളാല്‍ ബാധിക്കപ്പെടുവാന്‍ തന്നെത്തന്നെ അനുവദിക്കുകയില്ല. ആത്മീയ വിവേചനമുള്ളവര്‍ക്ക് ഒരു ദൈവഭക്തനെ തിരിച്ചറിയാന്‍ കഴിയും- മറ്റാളുകള്‍ അദ്ദേഹത്തെക്കുറിച്ച് എന്തു പറഞ്ഞാലും.

ദൈവജനത്തിനു ചുറ്റുമുള്ള മൂന്നു വേലികള്‍

അപ്പോള്‍ സാത്താന്‍ ദൈവത്തോടു പറഞ്ഞു: ”നീ അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലി കെട്ടിയിട്ടില്ലയോ?” (വാക്യം 10). സാത്താന്‍ പറഞ്ഞതില്‍ നിന്ന് മൂന്നു സത്യങ്ങള്‍ നാം പഠിക്കുന്നു. ദൈവഭക്തനായ ഒരു മനുഷ്യനു ചുറ്റും മൂന്നു വേലി കെട്ടിയിട്ടുണ്ട്. ഒന്നാമത് അവനു ചുറ്റും വ്യക്തിപരമായി, രണ്ടാമത് അവന്റെ കുടുംബത്തിനു ചുറ്റും, മൂന്നാമത് അവന്റെ സാമ്പത്തികത്തിനും വസ്തുവകകള്‍ക്കും ചുറ്റും. സാത്താന് അത് ആത്മീയ മണ്ഡലത്തില്‍ കാണുവാനും അറിയുവാനും കഴിയും. നമുക്ക് ആ വേലികള്‍ കാണാന്‍ കഴിയുകയില്ല, എങ്കിലും അവ അവിടെ ഉണ്ട്.

സാത്താന്‍ ഒരാത്മാവാണ്, അവന് ഇയ്യോബിനെയോ അവന്റെ കുടുംബത്തെയോ, അവന്റെ സ്വത്തിനെയോ ആക്രമിക്കുവാന്‍ തള്ളിക്കയറി ചെല്ലുവാന്‍ കഴിയില്ലെന്ന് അവന്‍ തിരിച്ചറിഞ്ഞു. ഞാന്‍ ദൈവഭക്തിയുള്ള ഒരു ജീവിതം ജീവിച്ചാല്‍ എനിക്കും മൂന്നു വേലികള്‍ ചുറ്റുമുണ്ടായിരിക്കും എന്നറിയുന്നത് എനിക്കൊരു വലിയ ആശ്വാസമാണ്. ആ വേലിയില്‍ ഒന്നുപോലും ദൈവത്തിന്റെ അനുവാദമില്ലാതെ തുറക്കുവാന്‍ കഴിയുകയില്ല. ഇവിടെ ഇയ്യോബിന്റെ പുസ്തകത്തില്‍ നാം കാണുന്നത്, ആ വേലി കടക്കണമെങ്കില്‍ സാത്താന് ദൈവത്തോട് അനുവാദം ചോദിക്കണമായിരുന്നു എന്നാണ്.

അനേക വര്‍ഷങ്ങള്‍ക്കു ശേഷം കര്‍ത്താവായ യേശു, പത്രൊസിനോട് ഇതിനു സമാനമായ ഒരു കാര്യം പറഞ്ഞു: ”നിന്നെ പാറ്റേണ്ടതിന് സാത്താന്‍ എന്നോട് അനുവാദം ചോദിച്ചു” (ലൂക്കൊ. 22:31).

ഒരു സമയം ഒരു വേലിയുടെ അകത്തു കടക്കുവാന്‍ ദൈവം സാത്താന് അനുവാദം കൊടുത്തു. എല്ലാ വേലികളും കൂടെ ഒരേസമയം ദൈവം തുറന്നു കൊടുത്തില്ല. ആദ്യം ഇയ്യോബിന്റെ സ്വത്തിനെയും അവന്റെ കുടുംബത്തെയും ആക്രമിക്കുവാന്‍ മാത്രമേ ദൈവം സാത്താനെ അനുവദിച്ചുള്ളു. പിന്നീട് ഇയ്യോബിന്റെ ശരീരത്തെ ആക്രമിക്കുവാന്‍ ദൈവം സാത്താനെ അനുവദിച്ചു. എന്നാല്‍ അപ്പോള്‍ പോലും ഇയ്യോബിന്റെ ജീവനെ തൊടരുത് എന്നു പറഞ്ഞു. അതുകൊണ്ട് സാത്താന് ഇയ്യോബിനെ കൊല്ലാന്‍ കഴിഞ്ഞില്ല. ഇയ്യോബിനെ കൊല്ലാന്‍ സാത്താന്‍ ഇഷ്ടപ്പെട്ടിരുന്നിരിക്കാം. എന്നാല്‍ അവനു കഴിഞ്ഞില്ല. അവന്റെ ശരീരത്തില്‍ വ്രണങ്ങള്‍ ഉണ്ടാക്കുവാന്‍ മാത്രമേ അവനു കഴിഞ്ഞുള്ളു.

ഒന്നാമത്തെ വേലി തുറന്നപ്പോള്‍, സാത്താന്‍ അകത്തു കടന്ന് ഇയ്യോബിന്റെ വസ്തുവകകള്‍ എല്ലാം നശിപ്പിച്ചു. ഒരു ദിവസം കൊണ്ട് ഇയ്യോബിന്റെ സമ്പത്ത് ലക്ഷങ്ങളില്‍ നിന്നു പൂജ്യത്തിലേക്കു വന്നു!

പിന്നീട് രണ്ടാമത്തെ വേലി തുറന്നു. ഈ വേലിക്കകത്ത് ഇയ്യോബിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. അതുകൊണ്ട് ഇയ്യോബിന്റെ 10 മക്കളില്‍ എല്ലാവരെയും കൊന്നു. അപ്പോള്‍ അവന് ഇയ്യോബിന്റെ ഭാര്യയെ കൂടി കൊല്ലാമായിരുന്നു. എന്നാല്‍ അവന്‍ അതു ചെയ്തില്ല, കാരണം അവള്‍ മരിച്ചാലുള്ളതിനെക്കാള്‍ സാത്താനു പ്രയോജനം അവള്‍ ജീവിച്ചിരുന്നാലാണ്. ഇയ്യോബിനെ അടിക്കടി കുറ്റപ്പെടുത്തി അവനെ ശുണ്ഠി പിടിപ്പിക്കേണ്ടതിന് സാത്താന് അവളെ ഉപയോഗിക്കുവാന്‍ കഴിഞ്ഞു. അടിക്കടി കുറ്റപ്പെടുത്തുന്ന ഒരു ഭാര്യ (അല്ലെങ്കില്‍ ഭര്‍ത്താവ്) സാത്താന്റെ കയ്യിലെ ഏറ്റവും പ്രയോജനകരമായ ഒരു ആയുധമാണ്- അതുകൊണ്ട് അങ്ങനെയുള്ളവര്‍ ദീര്‍ഘനാള്‍ ജീവിച്ചിരിക്കുന്നതു കാണുന്നത് അവനു വളരെ സന്തോഷമായിരിക്കും.

ആത്മപ്രേരിതമായ തിരുവചനത്തിലെ ഒന്നാമത്തെ താളില്‍ നിന്ന് സാത്താനെ ക്കുറിച്ചു നമുക്കു പഠിക്കാന്‍ കഴിയുന്ന ഏതാനും കാര്യങ്ങള്‍ ഉണ്ട്:

~ഒന്നാമതായി, സാത്താന് ഒരു സമയം ഒരു സ്ഥലത്തു മാത്രമേ ആയിരിക്കുവാന്‍ കഴിയുകയുള്ളു. ദൈവം എല്ലായിടത്തുമുണ്ട്. എന്നാല്‍ സാത്താന്‍ ഒരു സ്ഥലത്ത് ആണെങ്കില്‍, അവനു മറ്റൊരിടത്ത് ആയിരിക്കുവാന്‍ കഴിയുകയില്ല. കാരണം അവന്‍ സൃഷ്ടിക്കപ്പെട്ട ഒരു ജീവിയാണ്. എന്നാല്‍ തന്റെ വേല ചെയ്യുവാന്‍ ഭൂമിയില്‍ കറങ്ങി നടക്കുന്ന അനേകം പിശാചുക്കള്‍ അവനുണ്ട്.

രണ്ടാമത്, സാത്താന് ഭാവിയിലുള്ളതു കാണാന്‍ കഴിയില്ല. അവന് ഭാവിയിലുള്ളതു കാണാന്‍ കഴിയുമായിരുന്നെങ്കില്‍, ഇയ്യോബ് ഒടുവില്‍ ഇപ്പോഴുള്ളതിനെക്കാള്‍ അധികം അനുഗ്രഹിക്കപ്പെടും എന്നറിഞ്ഞിട്ട്, അവന്‍ ഇയ്യോബിനെ തന്റെ വഴിക്ക് തനിച്ചു വിടുമായിരുന്നു. ക്രിസ്തു കാല്‍വറി ക്രൂശില്‍ മരിക്കുന്നതിന്റെ ഫലം എന്താണെന്ന് അവന്‍ അറിഞ്ഞിരുന്നെങ്കില്‍, അതായത് അവന്‍ തന്നെയാണ് അതുമൂലം തോല്‍പ്പിക്കപ്പെടാന്‍ പോകുന്നത് എന്ന് അറിഞ്ഞിരുന്നെങ്കില്‍, യേശുവിനെ ക്രൂശിക്കേണ്ടതിന് ആളുകളെ അവന്‍ നിര്‍ബന്ധിക്കുമായിരുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല! ഹാമാന്‍ തന്നെയാണ് ആ കഴുമരത്തില്‍ തൂക്കപ്പെടാന്‍ പോകുന്നതെന്നു അറിഞ്ഞിരുന്നെങ്കില്‍, ആ കഴുമരം ഉണ്ടാക്കുവാന്‍ ഹാമാനെ സാത്താന്‍ സഹായിക്കുകയില്ലായിരുന്നു. ലോകം മുഴുവന്‍ ആളുകള്‍ എന്താണു ചെയ്യുന്നതെന്ന് അവനറിയാം. തന്നെയുമല്ല (നമുക്കു കഴിയുന്നതുപോലെ) ആ പ്രവൃത്തിയുടെ അനന്തരഫലം എന്തായിരിക്കും എന്ന് അവന് ഊഹിക്കുവാനും കഴിയും. എന്നാല്‍ ഭാവി പ്രവചിക്കുവാന്‍ അവനു കഴിയുകയില്ല.

മൂന്നാമത്, പിശാചിന് നിങ്ങളുടെ ചിന്തകള്‍ വായിക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ പുറമെ ചെയ്യുന്നതു മാത്രമേ അവനു കാണുവാന്‍ കഴിയുകയുള്ളു. ഈയ്യോബിനെ ക്കുറിച്ച് അവനറിയാന്‍ കഴിഞ്ഞതെല്ലാം ബാഹ്യമായ കാര്യങ്ങള്‍ ആണ്. അവന് ഇയ്യോബിന്റെ ചിന്തകള്‍ കാണുവാന്‍ കഴിഞ്ഞില്ല.

നാലാമത്, ദൈവമക്കളെ ആക്രമിക്കണമെങ്കില്‍ സാത്താന് ദൈവത്തിന്റെ അനുവാദം ആവശ്യമാണ്.

എന്നോടു യുദ്ധം ചെയ്യുന്ന ഈ ശത്രുവിന് എന്റെ ഭാവിയെക്കുറിച്ചോ, എന്റെ ചിന്തകളെക്കുറിച്ചോ ഒന്നും അറിയില്ല എന്നറിയുന്നത് എനിക്കു വലിയ ഒരാശ്വാസമാണ്! ഇവയെല്ലാം ദൈവത്തിന്റെ പരമമായ നിയന്ത്രണത്തിലാണ്. ഇതിനെക്കാളെല്ലാം ഉപരിയായി ഇപ്പോള്‍ അവന്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടവനാണ്. അത് സാത്താനെക്കുറിച്ചുള്ള എന്റെ എല്ലാ ഭയവും നീക്കിക്കളയുന്നു.

രണ്ടാമത്തെ വേലി പൊളിച്ചപ്പോള്‍, ഇയ്യോബിനു തന്റെ പത്തു മക്കളില്‍ എല്ലാവരും നഷ്ടപ്പെട്ടു. ഒരു ദൈവഭക്തന്റെ മക്കള്‍ കഷ്ടപ്പെടുകയോ പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യുന്നത് ഇനി നിങ്ങള്‍ കാണുകയാണെങ്കില്‍ ഒരിക്കലും ആ മനുഷ്യനെ നിങ്ങള്‍ വിമര്‍ശിക്കരുത്. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. അദ്ദേഹത്തിന്റെ മക്കള്‍ സാത്താന്റെ ലക്ഷ്യം ആണ് – നിങ്ങളുടെ മക്കള്‍ ആയിട്ടില്ലാത്ത ഒരു വിധത്തില്‍. നിങ്ങള്‍ ഒരുപക്ഷേ ഒരു ഒത്തുതീര്‍പ്പുകാരനായിരിക്കാം, അവനെപ്പോലെ ആയിരിക്കുകയില്ല. അതുകൊണ്ട് സാത്താന്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും തനിച്ചുവിടുന്നു!

ഇവിടെ ഇയ്യോബ് ഇതിനോടെല്ലാം എങ്ങനെയാണ് പ്രതികരിക്കുന്നതെന്നു കാണുക. എല്ലാം നഷ്ടപ്പെട്ടു എന്ന് അവന്‍ കേട്ടു. ഒന്നിനു പുറകെ ഒന്നായി, അവന്റെ ഭൃത്യന്മാര്‍ വന്ന് എല്ലാം നഷ്ടപ്പെട്ടു എന്ന് അവനോടു പറഞ്ഞു. അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റ്, തന്റെ വസ്ത്രം കീറി, അവന്റെ തല ക്ഷൗരം ചെയ്ത് നിലത്തു വീണു ദൈവത്തെ ആരാധിച്ചു (1:20). ആത്മപ്രേരിത തിരുവചനത്തിന്റെ ഏറ്റവും ആദ്യത്തെ താളില്‍ തന്നെ നാം കാണുന്ന മറ്റൊരു കാര്യം ഇതാണ്. ഒരു ദൈവഭക്തന്‍ ഒരു ആരാധകന്‍ ആണ്. ബൈബിള്‍ അറിയുന്നതിനെക്കാള്‍, കര്‍ത്താവിനെ സേവിക്കുന്നതിനെക്കാള്‍, ദൈവത്തിന്റെ മനുഷ്യന്‍ പ്രാഥമികമായി, ഒരു ആരാധകന്‍ ആണ്. നിങ്ങള്‍ക്ക് എല്ലാം ഉള്ളപ്പോള്‍ നിങ്ങള്‍ ഒരു ആരാധകന്‍ ആയിരിക്കണം. അതുപോലെ നിങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെടുമ്പോഴും നിങ്ങള്‍ ഒരു ആരാധകന്‍ ആയിരിക്കണം. യേശു പറഞ്ഞു: ”ദൈവം ഒരു ആത്മാവാകുന്നു. അവിടുത്തെ ആരാധിക്കുന്നവന്‍ ആത്മാവിലും സത്യത്തിലും ആരാധിക്കണം. പിതാവ് അങ്ങനെയുള്ള ആരാധകരെ അന്വേഷിക്കുന്നു” (യോഹന്നാന്‍ 4:23,24). ദൈവത്തെ ആരാധിക്കുക എന്നു പറഞ്ഞാല്‍ എല്ലാം ദൈവത്തിനു നല്‍കുക എന്നാണ്.

ഇയ്യോബ് പറഞ്ഞു: ”നഗ്നനായി ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭത്തില്‍ നിന്നു പുറപ്പെട്ടു വന്നു. നഗ്നനായിത്തന്നെ മടങ്ങിപ്പോകും. യഹോവ തന്നു യഹോവ എടുത്തു. യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ. ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തിനു ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല” (1:21,22). താന്‍ നഗ്നനായി വന്നു എന്നും പൊടിയായി അതിലേക്കു തന്നെ നഗ്നനായി മടങ്ങിപ്പോകും എന്നു സൂചിപ്പിച്ചിരിക്കുന്നത് ഭൂമി (മണ്ണ്) എന്ന മാതാവിനെക്കുറിച്ചാ യിരിക്കാനാണ് സാധ്യത. ദൈവം അവന്റെ ജീവിതത്തില്‍ അനുവദിച്ചതെല്ലാം അവന്‍ മനസ്സോടെ സ്വീകരിച്ചു.

ഇയ്യോബിന്റെ സമര്‍പ്പണത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്ക് ആശ്ചര്യമാണ്. നമുക്കുള്ളതുപോലെ യേശുവിന്റെയോ അപ്പൊസ്തലന്മാരുടെയോ മാതൃക അവനില്ലായിരുന്നു. അവനു പിന്‍തുടരുവാന്‍ ഏതെങ്കിലും മാതൃകകള്‍ ഉണ്ടായിരുന്നില്ല. നമുക്കുള്ള പരിശുദ്ധാത്മാവിന്റെ ശക്തി അവനില്ലായിരുന്നു. നമുക്കുള്ള ബൈബിള്‍ അവനുണ്ടായിരുന്നില്ല. അവന്റെ തന്നെ കൂട്ടുവിശ്വാസികളുടെയോ ഭാര്യയുടെ പോലുമോ പ്രോത്സാഹനമോ പിന്‍തുണയോ അവനുണ്ടായിരുന്നില്ല. ഇയ്യോബിനു ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളു- ദൈവം മതിയായിരുന്നു താനും. ഇയ്യോബിന് അങ്ങനെയുള്ള മഹത്വകരമായ ഒരു ജീവിതത്തിലേക്കു വരാന്‍ കഴിഞ്ഞെങ്കില്‍, നമുക്കെന്തുകൊണ്ടു കഴിയില്ല?

സാത്താന്‍ മൂന്നാമത്തെ വേലിയിലൂടെ പ്രവേശിക്കുന്നു

അധ്യായം 2: സാത്താന്‍ വളരെ അസന്തുഷടനായിരുന്നു. കാരണം ഇയ്യോബ് പ്രതികരിക്കുമെന്ന് പിശാചു ചിന്തിച്ച വിധത്തില്‍ ഇയ്യോബ് ചെയ്തില്ല. യഹോവ സാത്താനോടു പറഞ്ഞു: ”എന്റെ ദാസനായ ഇയ്യോബിന്റെ മേല്‍ നീ ദൃഷ്ടി വച്ചുവോ? അവന്‍ തന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിനു നീ എന്നെ സമ്മതിപ്പിച്ചു”(വാക്യം 3). സാത്താന്‍ ഇപ്രകാരം മറുപടി പറഞ്ഞു: ”അതു അവന്‍ തന്റെ സ്വന്തം ജീവനെ സ്‌നേഹിക്കകൊണ്ടത്രെ. അവന്റെ സ്വത്തിനു വേണ്ടിയോ അല്ലെങ്കില്‍ അവന്റെ മക്കള്‍ക്കു വേണ്ടിപ്പോലുമോ അവന്‍ ശ്രദ്ധിക്കുന്നില്ല. യഥാര്‍ത്ഥമായി അവന്‍ അവനെ മാത്രമേ സ്‌നേഹിക്കുന്നുള്ളു. ഒരു മനുഷ്യന്‍ തനിക്കുള്ളതൊക്കെയും തന്റെ ജീവനു പകരം കൊടുത്തു കളയും.” സാത്താനു മനുഷ്യന്റെ സ്വാര്‍ത്ഥത അറിയാം. യേശുവിന്റെ ശിഷ്യന്മാരല്ലാത്ത എല്ലാവരെയും സംബന്ധിച്ച് അവരെതന്നെ രക്ഷിക്കുവാന്‍ വേണ്ടി അവര്‍ എന്തും നല്‍കും എന്നുള്ളത് സത്യമാണുതാനും. മനുഷ്യന്‍ സ്വാര്‍ത്ഥനാണ്, കൂടാതെ സമ്മര്‍ദ്ദത്തിന്റെ ഒരു സമയത്ത്, അവന്‍ പ്രാഥമികമായി അവനെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്.

ഇയ്യോബ് ഇതില്‍നിന്നും വ്യത്യസ്തനല്ല എന്നാണ് സാത്താന്‍ പറഞ്ഞത്. അവന്‍ ദൈവത്തെ വെല്ലുവിളിച്ചു: ”അവിടുന്ന് കൈനീട്ടി അവന്റെ ശരീരത്തില്‍ ഒന്നു തൊടുക. എന്നിട്ട് അവന്‍ അപ്പോഴും അവിടുത്തോട് ചേര്‍ന്ന് സത്യത്തില്‍ നിലനില്‍ക്കുമോ എന്നു ഞാന്‍ കാണട്ടെ.” യഹോവ പറഞ്ഞു: ”ചെന്ന് അവനെ പരിശോധിക്കുക. എന്നാല്‍ നിനക്ക് അവന്റെ ജീവന്‍ എടുത്തു കളയാന്‍ കഴിയില്ല.” സാത്താന്‍ അവിടെനിന്നു പുറപ്പെട്ടു പോയി ഇയ്യോബിനെ ഉള്ളംകാല്‍ മുതല്‍ നെറുകവരെ വല്ലാത്ത പരുക്കുകളാല്‍ ബാധിച്ചു. തലമുതല്‍ പാദംവരെ പരുക്കുകളാല്‍ ബാധിക്കുന്നത് എത്ര ദാരുണമാണ് എന്നു ചിന്തിക്കുക. ഇയ്യോബിന് ഇനിമേല്‍ അവന്റെ വീട്ടില്‍ താമസിക്കുവാന്‍ കഴിയുകയില്ല. അവന്‍ പട്ടണത്തിനു വെളിയില്‍ ചണ്ടികൂമ്പാരത്തിനു മുകളില്‍, തന്നെത്താന്‍ ചുരണ്ടിക്കൊണ്ടു ചാരത്തിലിരുന്നു. അവന്റെ ഭാര്യ അവനെ ശുണ്ഠി പിടിപ്പിക്കുവാന്‍ വേണ്ടി അവിടെ ചെന്ന് ഇപ്രകാരം പറഞ്ഞു: ”നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചിരിക്കുന്നുവോ? നിന്റെ ഈ നികൃഷ്ടനായ ദൈവത്തെ ശപിച്ചിട്ട് മരിച്ചുകളക”(2:9).

തിരുവചനത്തിന്റെ ആരംഭം മുതല്‍ സാത്താന്‍ ആളുകളെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതു നാം കാണുന്നു. തന്നെയുമല്ല അവരെ പ്രേരിപ്പിക്കുന്നത് അവരെ സ്‌നേഹിക്കുന്നവരിലൂടെയാണ്. ആദാം പ്രലോഭിപ്പിക്കപ്പെട്ടത് ഹവ്വയിലൂടെയാണ്. ഇയ്യോബ് തന്റെ ഭാര്യയിലൂടെ പ്രേരിപ്പിക്കപ്പെട്ടു. പത്രൊസ് യേശുവിനെ ക്രൂശിലേക്കു പോകാതിരിക്കുവാന്‍ നിര്‍ബന്ധിച്ചു. സാത്താന് നമ്മുടെ പ്രിയപ്പെട്ടവരിലൂടെ നമ്മെ പ്രലോഭിപ്പിക്കുവാന്‍ കഴിയും.

ഓരോ ദൈവഭക്തനും ദൈവഭക്തയായ ഒരു ഭാര്യ ഉണ്ടായിരിക്കും എന്നു കരുതരുത്. എന്നാല്‍ ഒരു ഭാര്യയുടെ ദൈവഭക്തിയില്ലായ്മ അവന്റെ ദൈവഭക്തി ഒന്നുകൂടെ മുന്തി നില്‍ക്കുവാന്‍ തക്കവണ്ണം ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയും- രാത്രിയില്‍ ഇരുട്ടു വര്‍ദ്ധിക്കുന്തോറും നക്ഷത്രങ്ങള്‍ അധികം പ്രകാശത്തോടെ തിളങ്ങുന്നതുപോലെ.

ഇയ്യോബിന്റെ ഭാര്യ ആത്മഹത്യ നിര്‍ദ്ദേശിച്ചപ്പോള്‍, അവന്‍ ഇപ്രകാരം മറുപടി പറഞ്ഞു: ”ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിന്റെ കയ്യില്‍ നിന്നു നന്മ കൈക്കൊള്ളുന്നു. തിന്മയും കൈക്കൊള്ളരുതോ?” (2:10).

ഇയ്യോബിനെപ്പോല, തങ്ങളുടെ ദൈവഭക്തരല്ലാത്ത ഭാര്യമാരെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനു പകരം, അവരുടെ നേരെ നിവര്‍ന്നു നില്‍ക്കുന്ന ദൈവഭക്തരായ കൂടുതല്‍ ഭര്‍ത്താക്കന്മാര്‍ നമുക്കുണ്ടായെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

”ചില അനുഗ്രഹങ്ങള്‍ നിങ്ങളുടെ മേല്‍ ചൊരിയപ്പെടുമ്പോള്‍ എന്തുകൊണ്ട് എനിക്കിതു സംഭവിച്ചു എന്നു നിങ്ങള്‍ ചോദിക്കുന്നില്ലെങ്കില്‍, ദുരന്തങ്ങള്‍ നിങ്ങളെ തട്ടുമ്പോഴും അതേ ചോദ്യം നിങ്ങള്‍ ചോദിക്കരുത്!!” എന്നൊരു പറച്ചില്‍ ഉണ്ട്. അപ്രതീക്ഷിതമായി നിങ്ങള്‍ അനുഗ്രഹിക്കപ്പെടുമ്പോള്‍ ”ഇതെന്തുകൊണ്ട് എനിക്ക് സംഭവിച്ചു? മറ്റുള്ളവരെയല്ലാതെ എന്നെ എന്തുകൊണ്ട് അനുഗ്രഹിച്ചു” എന്നു നിങ്ങള്‍ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ?

ഇയ്യോബിന്റെ മൂന്നു സ്‌നേഹിതന്മാര്‍- എലീഫസ്, ബില്‍ദാദ്, സോഫര്‍- ഈ ദുരന്തത്തെക്കുറിച്ചു കേട്ടപ്പോള്‍, അവനെ ആശ്വസിപ്പിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവനെ സന്ദര്‍ശിക്കുവാന്‍ വന്നു (2:11). എന്നാല്‍ പിന്നീട് അവര്‍ സംസാരിച്ച രീതി കാണുമ്പോള്‍ അവര്‍ വാസ്തവത്തില്‍ അവനെ ആശ്വസിപ്പിക്കുകയായിരുന്നില്ല. അവര്‍ അവനെ വിമര്‍ശിക്കുകയും കുറ്റം ആരോപിക്കുകയും മാത്രമാണ് ചെയ്തത്. അവര്‍ മൂന്നുപേരും സഹോദരന്മാരെ കുറ്റം ചുമത്തുന്ന അപവാദിയായ പിശാചുമായി കൂട്ടായ്മയിലായിരുന്നു.

ഈ മൂന്നു പുരുഷന്മാര്‍ ഇയ്യോബിനോട് അസൂയയുള്ളവരായിരുന്നു. കാരണം, ഇയ്യോബ് ഒരു ദൈവഭക്തനും അതേസമയംതന്നെ ധനവാനുമായിരുന്നു. കൂടാതെ അവനും അവന്റെ കുടുംബത്തിനും എല്ലാ കാര്യവും നന്നായി പോകുകയും ചെയ്യുന്നുണ്ടായിരുന്നു.

അനേകം വിശ്വാസികളും ദൈവഭക്തിയുള്ള പുരുഷന്മാരുടെ സ്വാധീനവും ശുശ്രൂഷയും കാണുമ്പോള്‍ അവരോട് അസൂയാലുക്കള്‍ ആണ്- തന്നെയുമല്ല മിക്കപ്പോഴും അവര്‍ക്ക് എന്തെങ്കിലും അത്യാപത്ത് സംഭവിക്കുന്നതിനു വേണ്ടി അവര്‍ കാത്തിരിക്കുകയും ചെയ്യുന്നു. ദൈവഭക്തര്‍ക്ക് എന്തെങ്കിലും അത്യാപത്ത് ഭവിക്കാന്‍ പിശാച് വളരെ ആകാംക്ഷയുള്ളവനാണെന്നു നമുക്കറിയാം. എന്നാല്‍ അതിനായി കാത്തിരിക്കുന്ന വിശ്വാസികളും ഉണ്ട്. അതു സംഭവിക്കുമ്പോള്‍ അവര്‍ രഹസ്യത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നു.

ഈ മൂന്നു പുരുഷന്മാരും ഇയ്യോബിന്റെ കാര്യത്തില്‍ വളരെ ദുഃഖമുള്ളവരാണെന്നു നടിച്ചു. അവര്‍ ഇയ്യോബിനെ കണ്ടപ്പോള്‍ ഉറക്കെ കരഞ്ഞു, വസ്ത്രം കീറി, പൊടി വാരി മേലോട്ടു തലയില്‍ വിതറി. അവര്‍ നല്ല അഭിനേതാക്കള്‍ ആയിരുന്നു. എന്നാല്‍ രഹസ്യമായി അവര്‍ സന്തോഷിച്ചു. കാരണം അവര്‍ക്ക് അവനോട് അസൂയ ആയി രുന്നു. ഈ മൂന്നു പ്രസംഗകര്‍ക്കും ദൈവത്തെക്കുറിച്ചുള്ള അറിവു മാത്രമേ ഉണ്ടായി രുന്നുള്ളു. അവര്‍, വ്യക്തിപരമായി ദൈവത്തെ അറിഞ്ഞില്ല. അതുകൊണ്ടാണ് അവരില്‍ ആരെയും സാത്താനു ചൂണ്ടിക്കാണിച്ചു കൊടുക്കുവാന്‍ ദൈവത്തിനു കഴിയാതിരുന്നത്.

ദൈവഭക്തര്‍ പിശാചില്‍ നിന്നുള്ള ആക്രമണങ്ങള്‍ സഹിക്കുന്നു. ചിലപ്പോള്‍ അവരുടെ ഭാര്യമാരില്‍ നിന്ന്, ചിലപ്പോള്‍ ശാരീരികമായി, ഇടയ്ക്കിടയ്ക്ക് സാമ്പത്തികമായി കൂടി. അത് അവരെ ശുദ്ധീകരിക്കേണ്ടതിന് ദൈവം അവരെ പല ശോധനകളില്‍ കൂടി കടത്തി വിടുന്നതുകൊണ്ടാണ്. എന്നാല്‍ ഒരുപക്ഷേ അവരുടെ ഏറ്റവും വലിയ ശോധന അവരോട് അസൂയാലുക്കളായ സ്‌നേഹിതരില്‍ നിന്നും സഹോദരന്മാരില്‍ നിന്നുമാണ്! നിര്‍ഭാഗ്യവശാല്‍ ക്രിസ്തീയ പ്രവര്‍ത്തനങ്ങളില്‍ ഇതു വളരെയധികം ഉണ്ട്. കൂടുതല്‍ അഭിഷിക്തരായ പ്രവര്‍ത്തകരുടെ ശുശ്രൂഷ നശിപ്പിക്കപ്പെടേണ്ടതിന് അവര്‍ക്ക് എന്തെങ്കിലും ദോഷം സംഭവിക്കണമെന്നു പ്രതീക്ഷിക്കുന്ന ക്രിസ്തീയ പ്രവര്‍ത്തകര്‍ ഉള്ളയിടത്താണത്. ദൈവത്തിന്റെ അനുഗ്രഹവും അഭിഷേകവും ഒരു ദൈവമനുഷ്യന്റെ മേല്‍ ഉണ്ടായിരിക്കുകയും മറ്റാര്‍ക്കെങ്കിലും അദ്ദേഹത്തോട് അസൂയ ഉണ്ടാകുകയും ചെയ്താല്‍, മറ്റെയാളിന്റെ ദുഷ്ടത നിറഞ്ഞ അസൂയ വെളിപ്പെടുത്തേണ്ടതിന് അദ്ദേഹത്തിന് ശാരീരികമായ ആപത്തുകള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുന്നു. ഒരിക്കല്‍ മറ്റെയാളിന്റെ ദുഷ്ടത വെളിപ്പെടുത്തപ്പെട്ടു കഴിഞ്ഞാല്‍, ദൈവം അദ്ദേഹത്തിന്റെ രോഗം സൗഖ്യമാക്കുകയും ദൈവപുരുഷനെ ആരോഗ്യത്തിലേക്കു യഥാസ്ഥാനപ്പെടുത്തുകയും ചെയ്യും.

നാലു പ്രസംഗകര്‍

ഈ നാലു പുരുഷന്മാരില്‍ ആര്‍ക്കും ഇയ്യോബ് ഈ കഷ്ടത എല്ലാം സഹിച്ചത് എന്തുകൊണ്ട് എന്നു സത്യത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് അവന്റെ കുറ്റം കണ്ടുപിടിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. ഇതിനു കാരണം അവര്‍ യേശുവിന്റെ കാലത്തുണ്ടായിരുന്ന പരീശന്മാരെ പോലെ മതഭക്തരായിരുന്നു എന്നതാണ്. മതഭക്തനും ആത്മീയനും തമ്മില്‍ വ്യത്യാസമുണ്ട്. എല്ലാ തലമുറകളിലും ആത്മീയര്‍ മതഭക്തന്മാരാല്‍ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. ”ക്രിസ്തുയേശുവില്‍ ഭക്തിയോടെ ജീവിക്കുവാന്‍ മനസ്സുള്ളവര്‍ക്കെല്ലാം ഉപദ്രവം ഉണ്ടാകും” (2 തിമൊഥെ. 3:12). ഈ നിയമത്തിന് ഒരു ഒഴിവും ഇല്ല. അതുകൊണ്ട് മറ്റു മനുഷ്യരാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, പിന്നെ നിങ്ങള്‍ ദൈവഭക്തരാകാതിരിക്കുക!

1 കൊരിന്ത്യര്‍ 2:15 പറയുന്നത്: ”ആത്മീയരല്ലാത്തവരാല്‍ ഒരു ആത്മീയമനുഷ്യന്‍ വിവേചിക്കപ്പെടാന്‍ കഴിയുന്നതല്ല.” അതുകൊണ്ട് ദൈവഭക്തനായവന്‍ ഒരു ഏകാകിയാണ്- കാരണം വളരെ കുറച്ചു പേര്‍ക്കു മാത്രമേ അവനെ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളു. നല്ലവണ്ണം തിരുവചനം അറിയാവുന്നവര്‍ പോലും, അയാളുടെ പ്രവൃത്തികളും വാക്കുകളും തെറ്റിദ്ധരിക്കുന്നു. മതഭക്തരായ ആളുകള്‍ക്ക് ദൈവത്തെക്കുറിച്ചുള്ള വസ്തുതകള്‍ മാത്രമേ അറിയാവൂ. അവര്‍ക്കു ദൈവത്തെ അറിയില്ല. അനേകം മതഭക്തരുടെ ഇടയില്‍ ദൈവത്തെത്തന്നെ അറിയാവുന്നവരായി വളരെ കുറച്ചു പേരെ മാത്രമേ ഒരാള്‍ക്കു കണ്ടെത്തുവാന്‍ കഴിയൂ. ആ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് ഇയ്യോബ്. നിങ്ങള്‍ ദൈവത്തെ തന്നെ അറിയുന്ന ഒരു വ്യക്തി ആണെങ്കില്‍, ദൈവത്തെക്കുറിച്ച് അറിയുന്ന ആളുകളാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടും.

മതഭക്തരായവര്‍ക്ക് യേശുവിനെ തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല എന്നതും അവിടുന്ന് പിശാചിന്റെ തലവന്‍ (പ്രഭു) എന്നവര്‍ ചിന്തിച്ചതും ഓര്‍ക്കുക. അവര്‍ക്ക് ഒരു ദൈവഭക്തനെ ഇന്ന് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? യേശുവിന്റെ സമയത്ത് മതഭക്തരായവരുടെ രണ്ടു കൂട്ടങ്ങള്‍ ഉണ്ടായിരുന്നു. പരീശന്മാരും സദൂക്യരും. പരീശന്മാര്‍ മൗലികവാദികളും സദൂക്യര്‍ നവീകരണവാദികളും ആയിരുന്നു. ഈ രണ്ടു കൂട്ടരില്‍ പരീശന്മാരാണ് സദൂക്യരെക്കാള്‍ യേശുവിനെ കൂടുതല്‍ എതിര്‍ത്തത്. അതേപോലെതന്നെ, ഇന്ന്, ഒരു ദൈവപുരുഷനെ മൗലികവാദികള്‍ വിമര്‍ശിക്കുന്ന അത്രയും നവീകരണവാദികള്‍ വിമര്‍ശിക്കാറില്ല.

എന്നാല്‍ ഒരു ദൈവപുരുഷന്‍ ഈ ലോകത്തില്‍ ഒറ്റപ്പെട്ടവനാണെങ്കിലും ദൈവം അവനെ ഉപേക്ഷിക്കുന്നില്ല. അവന്‍ നേരിടുന്ന ശോധനകള്‍ എല്ലാം അവന് ഒരു അഭ്യസനം നല്‍കേണ്ടതിന് ദൈവം അനുവദിക്കുന്നതാണ്. യാക്കോബ് പറയുന്നു: ”സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാര്‍ എന്നു പുകഴ്ത്തുന്നു. ഇയ്യോബിന്റെ സഹിഷ്ണുത നിങ്ങള്‍ കേട്ടും കര്‍ത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു. കര്‍ത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ”(യാക്കോ. 5:11) ഓരോ ദൈവഭക്തന്റെയും സാക്ഷ്യം ഇതായിരിക്കും. ”കര്‍ത്താവു മനസ്സലിവും കരുണയും നിറഞ്ഞവനാണ്. അവിടുന്നെന്നെ നയിച്ചുകൊണ്ടുപോകുന്ന പ്രയാസമുള്ള വഴികള്‍ എനിക്കു മനസ്സിലാകുന്നില്ലെങ്കിലും, അത് എന്റെ ജീവിതത്തില്‍ മഹത്വകരമായ ഒരു ഉദ്ദേശ്യം നിറവേറ്റുന്നതിനു വേണ്ടിയാണ്. എല്ലാറ്റിനും ഉപരി, ദൈവത്തിനും സാത്താനുമിടയില്‍ ഒരു സംഘര്‍ഷം നടന്നുകൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനു വേണ്ടിയാണ്.”

ബൈബിളിലെ ഏറ്റവും ആദ്യപുസ്തകത്തില്‍, ആധുനികമായ ”ആരോഗ്യത്തിന്റെയും സമ്പത്തിന്റെയും” സുവിശേഷത്തിന്റെ തുടക്കം നാം കാണുന്നു. അവിടെയുള്ള മൂന്നു പ്രസംഗകര്‍ ഇയ്യോബിനോടു പറഞ്ഞത് അവനു തന്റെ ആരോഗ്യവും സമ്പത്തും നഷ്ടപ്പെട്ടത് അവനു ദൈവത്തിന്റെ അനുഗ്രഹം നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നാണ്. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും അഭിവൃദ്ധിയും ആരോഗ്യവും കൊണ്ടുവരുന്നു എന്നതായിരുന്നു അവരുടെ സന്ദേശം. ഈ സമ്പത്തിന്റേയും ആരോഗ്യത്തിന്റെയും സുവിശേഷം ആദ്യം പ്രസംഗിക്കപ്പെട്ടത് ദൈവത്തെ അറിയാത്ത ആളുകളാലാണ് എന്നതു ശ്രദ്ധിക്കുക. ഇന്നും അതങ്ങനെ തന്നെയാണ്. തന്റെ സകല സമ്പത്തും ആരോഗ്യവും നഷ്ടപ്പെട്ട ഇയ്യോബ് ദൈവത്തിന്റെ പൂര്‍ണ്ണപ്രസാദത്തിലായിരുന്നു എന്നോര്‍ക്കുക. എന്നാല്‍ ”ആരോഗ്യവും സമ്പത്തും” പ്രസംഗിച്ച മൂന്നു പ്രസംഗകരും ദൈവഹിതത്തിനു പൂര്‍ണ്ണമായും വെളിയിലായിരുന്നു. അവരോടുള്ള ദൈവത്തിന്റെ വാക്കുകളില്‍ നിന്ന് അതു വ്യക്തമാണ്: ”നിങ്ങള്‍ എല്ലാവരോടും എന്റെ കോപം ജ്വലിച്ചിരിക്കുന്നു. ഞാന്‍ നിങ്ങളെ ശിക്ഷിക്കാതിരിക്കേണ്ടതിന് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങള്‍ ഇയ്യോബിനോട് അപേക്ഷിക്കുക” (42:8).

ഇയ്യോബിന്റെ പുസ്തകം നമുക്കു വലിയ ഒരു പ്രോത്സാഹനമാണ്. എന്തുകൊണ്ടെന്നാല്‍ നാം ഇന്നു നേരിടുന്നത് അന്ന് അവന്‍ നേരിട്ടു.

ഈ മൂന്നു പ്രസംഗകര്‍ നമ്മുടെ ശത്രുക്കളുടെയോ അവിശ്വാസികളുടെയോ പോലും ചിത്രമല്ല. മറിച്ച് നമ്മെ പ്രയാസപ്പെടുത്തുകയും, തെറ്റിദ്ധരിക്കുകയും, വിമര്‍ശിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ ചിത്രമാണ്. ഒരു വിശ്വാസി നമ്മെ ആക്രമിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഒരു അവിശ്വാസി അതേകാര്യം ചെയ്യുന്നതിനെക്കാള്‍ അധികം വേദന ഉളവാക്കും. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍, അവിശ്വാസികളില്‍ നിന്നു നേരിട്ടതിനെക്കാള്‍ നൂറു മടങ്ങു കൂടുതല്‍ വിമര്‍ശനം വിശ്വാസികളില്‍ നിന്നു ഞാന്‍ നേരിട്ടിരിക്കുന്നു.

സഭയുടെ ചരിത്രത്തിലെ ഓരോ ദൈവദാസന്മാരുടെയും ചരിത്രം കൂടെയാണിത്. ഗ്രീക്കുകാരില്‍ നിന്നും റോമാക്കാരില്‍ നിന്നും നേരിട്ടതിനെക്കാള്‍ അധികം എതിര്‍പ്പ് പരീശന്മാരുടെ പക്കല്‍ നിന്നും യേശു നേരിട്ടിട്ടുണ്ട്. പീലാത്തോസ് യേശുവിനെ വിട്ടയക്കണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ ഹന്നാസും കയ്യാഫാവും അവിടുത്തെ കൊല്ലുവാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് നിങ്ങളോടുള്ള പരമാവധി എതിര്‍പ്പ് നിങ്ങളെക്കുറിച്ചു കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്ന വിശ്വാസികളില്‍ നിന്നു വരുന്നതു കണുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടു പോകരുത്. അവര്‍ എലീഫസ്, ബില്‍ദാദ്, സോഫര്‍ എന്നിവരുടെ അനുഗാമികള്‍ ആണ്.

ഈ മൂന്നു പ്രസംഗകര്‍ വാസ്തവത്തില്‍ ഇയ്യോബിനോടു പറഞ്ഞതെന്താണെന്നു നോക്കുന്നതിനു മുമ്പ് ദൈവം അവരോട് എന്താണു പറഞ്ഞതെന്ന് നമുക്കു നോക്കാം. അവസാനം ദൈവം എലീഫസിനോട് ഇപ്രകാരം പറഞ്ഞു: ”നിന്നോടും നിന്റെ രണ്ടു സ്‌നേഹിതന്മാരോടും എന്റെ കോപം ജ്വലിച്ചിരിക്കുന്നു, കാരണം നിങ്ങള്‍ എന്നെക്കുറിച്ച് ശരിയായുള്ളത് സംസാരിച്ചിട്ടില്ല”(42:7). നാം ഈ മൂന്നു പ്രസംഗകരുടെ വാക്കുകള്‍ പഠിക്കുന്നതിനു മുമ്പ് ദൈവത്തിന്റെ ഈ വാക്കുകള്‍ നാം ഓര്‍ക്കണം. അവര്‍ പറഞ്ഞതില്‍ ചില കാര്യങ്ങള്‍ ശരിയാണെന്നു പുറമെ കാണപ്പെട്ടു. എന്നാല്‍ അവര്‍ പൂര്‍ണ്ണമായി തെറ്റായിരുന്നു എന്ന് ദൈവം പറഞ്ഞു.

എന്തുകൊണ്ടാണ് അവര്‍ തെറ്റായിരുന്നു എന്ന് ദൈവം പറഞ്ഞത്? അവരുടെ വാക്കുകള്‍ക്കു പിന്നിലുള്ള ആത്മാവ് തെറ്റായിരുന്നതുകൊണ്ടാണ്. നമ്മുടെ വാക്കുകള്‍ക്കു പിന്നിലുള്ള ആത്മാവാണ് കാര്യം. നാം ശരിയായ കാര്യങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ നമ്മുടെ ഉദ്ദേശ്യം തെറ്റാണെങ്കില്‍, നമ്മുടെ വാക്കുകള്‍ തെറ്റാണന്നു ദൈവം പറയും. ഒരു കോടതിയില്‍ പോലും നമ്മുടെ വാക്കുകളെ നീതികരിക്കാന്‍ നമുക്കു കഴിഞ്ഞേക്കാം. എന്നാല്‍ നമ്മുടെ മനോഭാവമോ ഉദ്ദേശ്യമോ തെറ്റാണെങ്കില്‍ ദൈവത്തിന്റെ കാഴ്ചയില്‍ നാം തെറ്റാണ്. ദൈവത്തിന്റെ മുമ്പാകെ ലക്ഷ്യമാണ് സര്‍വ്വപ്രധാനം. അതുകൊണ്ട് മറ്റൊരാളിനെ വേദനിപ്പിക്കുന്നതിനായി ചില കാര്യങ്ങള്‍ പറയുവാന്‍ നിങ്ങള്‍ ആലോചിക്കുകയാണെങ്കില്‍, നിങ്ങള്‍ പറയുന്നതെല്ലാം തെറ്റായിരിക്കും.

എലീഫസ്, ബില്‍ദാദ്, സോഫര്‍ എന്നിവരുടെ കൂടെ ഒടുവിലായി ഒരു പ്രസംഗകനും കൂടിച്ചേര്‍ന്നു- എലീഹു.

ഈ നാലുപേരും ഇന്നത്തെ ക്രിസ്തീയ ഗോളത്തിലുള്ള നാലുതരം പ്രസംഗകരുടെ ഒരു ചിത്രമാണ്.

ഒന്നാമത്തെ പ്രസംഗകന്‍ – എലീഫസ്- ദര്‍ശനങ്ങളെയും ദൂതന്മാരെയും കുറിച്ചു വളരെയധികം സംസാരിക്കുന്ന ഒരാളായിരുന്നു. തങ്ങളുടെ വാക്കുകള്‍ക്ക് കൂടുതല്‍ ആധികാരികത ലഭിക്കുവാന്‍ വേണ്ടി ദൂതന്മാരെയും അവര്‍ കണ്ട ദര്‍ശനങ്ങളെയും കുറിച്ച് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ഇതുപോലെയുള്ള പ്രസംഗകര്‍ ഇന്നുമുണ്ട്. എലീഫസ് ഇയ്യോബിനോടു പറഞ്ഞു: ”ഞാന്‍ നിന്നോടു സംസാരിക്കുന്നത് രഹസ്യത്തില്‍ എനിക്കു നല്‍കപ്പെട്ട കാര്യങ്ങളാണ്. അത് എന്റെ ചെവിയില്‍ മന്ത്രിക്കപ്പെട്ടതാണ്. രാത്രിയില്‍ മറ്റുള്ളവര്‍ ഉറങ്ങുമ്പോള്‍ അത് ഒരു ദര്‍ശനത്തില്‍ വന്നു. ഭയം എന്നെ പിടിച്ചു. ദൈവത്തിന്റെ ശക്തി എന്റെ മേല്‍ വന്നപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. ഭയംകൊണ്ടു ഞാന്‍ കുലുങ്ങിപ്പോയി. ഒരാത്മാവ് എന്റെ മുഖത്തിനു മുമ്പില്‍ വന്നു. എന്റെ ദേഹത്തിനു രോമഹര്‍ഷം ഭവിച്ചു. അത് അനങ്ങാതെ എന്റെ മുമ്പില്‍ നിന്നു. അതിന്റെ മുഖം എനിക്കു കാണാന്‍ കഴിഞ്ഞില്ല, എന്നാല്‍ അതിന്റെ രൂപം ഞാന്‍ കണ്ടു. അപ്പോള്‍ ഒരു ശബ്ദം എന്നോടു പറഞ്ഞു, മര്‍ത്യന്‍ ദൈവത്തിനു മുമ്പില്‍ നീതിമാന്‍ ആകാന്‍ കഴിയുമോ? നരന്‍ അവന്റെ സ്രഷ്ടാവിലും നിര്‍മ്മലനാകുമോ?”(4:12-17).

വാക്കുകള്‍ തീര്‍ത്തും ശരിയായിരുന്നു: ഒരു മര്‍ത്യന് ദൈവത്തിന്റെ മുമ്പില്‍ നീതിമാനാകാന്‍ കഴിയുമോ? സ്രഷ്ടാവിന്റെ മുമ്പില്‍ ആര്‍ക്കെങ്കിലും നിര്‍മ്മലന്‍ ആകാന്‍ കഴിയുമോ? എന്നാല്‍ ആ ആത്മാവ് -പരിശുദ്ധാത്മാവ് ആയിരുന്നില്ല- കാരണം പരിശുദ്ധാത്മാവ് ആരുടെയും ഹൃദയത്തിലേക്ക് ഭയവും ഭീകരതയും കൊണ്ടുവരുന്നില്ല. ദൈവരാജ്യം നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. അതുകൊണ്ട് പരിശുദ്ധാത്മാവ് എപ്പോഴും സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. ദര്‍ശനങ്ങളെയും സ്വപ്നങ്ങളെയും ആത്മാക്കളെയും കുറിച്ചു പറയുന്നവരാല്‍ വഞ്ചിക്കപ്പെട്ടു പോകരുത്. അവര്‍ എലീഫസിനെപ്പോലെയാണ്. അങ്ങനെയുള്ള എല്ലാവരും കള്ളം പറയുന്നവരാണ് എന്നു ഞാന്‍ പറയുന്നില്ല. അത്തരം ദര്‍ശനങ്ങള്‍ 3 സ്രോതസ്സുകളില്‍ നിന്നും വരുന്നു.

ഒന്നാമതായി, ഒരു ചെറിയ ശതമാനം ദര്‍ശനങ്ങളും സ്വപ്നങ്ങളും ദൈവത്തില്‍ നിന്നു വരുന്നു: പരിശുദ്ധാത്മാവ് ദര്‍ശനങ്ങളും സ്വപ്നങ്ങളും തരാറുണ്ട്- എന്നാല്‍ അവയെല്ലാം ദൈവവചനവുമായി ചേര്‍ന്നു പോകുന്നതാണ് (പ്രവൃത്തി. 2:17). യഥാര്‍ത്ഥമായ ദര്‍ശനം ലഭിച്ച ഒരാള്‍ അതിനെക്കുറിച്ചു സംസാരിക്കുവാന്‍ മടിയുള്ളവനായിരിക്കും. ഒരിക്കല്‍ പൗലൊസ് അപ്പൊസ്തലന്‍ മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു, എങ്കിലും 14 വര്‍ഷങ്ങളോളം അതെക്കുറിച്ച് ഒരിക്കലും സംസാരിച്ചില്ല- സംസാരിച്ചപ്പോള്‍ പോലും ഒരു സഭയോടു മാത്രമേ അതേക്കുറിച്ചു പറഞ്ഞുള്ളു. അതും ഒരു അപ്പൊസ്തലന്‍ എന്ന നിലയില്‍ തിരുവചനം എഴുതുന്നതിനു തനിക്കുള്ള അധികാരം സ്ഥാപിക്കേണ്ടതിനായിരുന്നു. എന്നാല്‍ ഇന്ന് അത്തരം ഉദ്ദേശ്യങ്ങള്‍ക്കായി നമ്മുടെ അധികാരം ഉറപ്പിക്കേണ്ട ആവശ്യമില്ല. കൂടാതെ പൗലൊസ് അതേക്കുറിച്ചു പറഞ്ഞപ്പോള്‍ പോലും, മൂന്നാം സ്വര്‍ഗ്ഗത്തില്‍ കേട്ടതിനെക്കുറിച്ചു പറയുവാന്‍ അദ്ദേഹത്തിന് അനുവാദം ലഭിച്ചിട്ടില്ലായിരുന്നു. യഥാര്‍ത്ഥ ദര്‍ശനം ലഭിച്ച ഒരുവന്റെ ലക്ഷണങ്ങളാണിവ.

രണ്ടാമതായി ഒരു ചെറിയ ശതമാനം ദര്‍ശനങ്ങള്‍ സാത്താന്യ ഉറവിടങ്ങളില്‍ നിന്നാണ്. മനുഷ്യരുടെ മുമ്പില്‍ മാനം ലഭിക്കേണ്ടതിനായി അതേക്കുറിച്ചു പറയുവാന്‍ വേണ്ടി, ഒരു ദര്‍ശനത്തിനായി അതിവാഞ്ഛയോടെ ഇരിക്കുന്നവര്‍ തങ്ങളെത്തന്നെ സാത്താനു തുറന്നു കൊടുത്താല്‍ അസംഖ്യം ദര്‍ശനങ്ങള്‍ സാത്താന്‍ അവര്‍ക്കു നല്‍കും.

മൂന്നാമതായി ബഹുഭൂരിപക്ഷം ദര്‍ശനങ്ങളും മനുഷ്യന്റെ ആശയസമൃദ്ധമായ സ്വന്തം സങ്കല്പങ്ങളില്‍ നിന്നാണ്. മനുഷ്യര്‍ എന്ന നിലയില്‍ നാം എല്ലാവരും വ്യത്യസ്തരാണ്- ചിലര്‍ക്കു മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അശയ സമൃദ്ധമായ സങ്കല്പങ്ങള്‍ ഉണ്ടായിരിക്കും. അങ്ങനെയുള്ളവര്‍ ഒരു ദര്‍ശനം ലഭിക്കേണ്ടതിനു ചെയ്യേണ്ട ഒരേ ഒരു കാര്യം ഏതാനും നിമിഷ നേരത്തേക്കു കണ്ണടച്ചിട്ട് സങ്കല്പിക്കാന്‍ തുടങ്ങുക! ഉടനെ തന്നെ അവര്‍ തങ്ങളുടെ മനസ്സില്‍ കാര്യങ്ങള്‍ ”കേള്‍ക്കുവാനും കാണുവാനും” തുടങ്ങുന്നു. അവര്‍ വളരെ പരമാര്‍ത്ഥികള്‍ ആയിരിക്കാം. എന്നാല്‍ അവരുടെ ദര്‍ശനങ്ങളുടെ കാര്യത്തിലും അവര്‍ വഞ്ചിക്കപ്പെടുന്നു!

നമ്മുടെ വാക്കുകളിലുള്ള അധികാരം ദൈവത്തിന്റെ എഴുതപ്പെട്ട വചനത്തില്‍ നിന്നു വരണം. അങ്ങനെ അല്ലാതെ നമുക്ക് ദൈവത്തില്‍ നിന്നു കിട്ടിയെന്നു നാം സങ്കല്പിക്കുന്ന ഏതെങ്കിലും സ്വകാര്യ വെളിപ്പാടുകളില്‍ നിന്നോ അല്ലെങ്കില്‍ ദര്‍ശനങ്ങളില്‍ നിന്നോ അല്ല അതു വരേണ്ടത്.

രണ്ടാമത്തെ പ്രസംഗകന്‍- ബില്‍ദാദ്- പിതാക്കന്മാരുടെ പാരമ്പര്യങ്ങള്‍ പിന്തുടരുന്നതില്‍ വിശ്വസിച്ചു. അവന്‍ പറഞ്ഞു ”നമ്മുടെ പിതാക്കന്മാര്‍ നമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ പരിഗണിക്കുക, പുതിയതായി വന്ന നമ്മെക്കാള്‍ അവര്‍ വളരെയധികം ശരിയായിരിക്കാനാണു സാധ്യത. അതുകൊണ്ട് നമുക്ക് അവരുടെ വാക്കുകള്‍ ശ്രദ്ധിക്കാം” (8:8-10). ക്രിസ്തീയഗോളത്തില്‍ കാണപ്പെടുന്ന മറ്റൊരു കൂട്ടം പ്രസംഗകരുടെ മാതൃകയാണയാള്‍. നൂറു വര്‍ഷങ്ങളിലധികമായി ”അവരുടെ സഭയില്‍” പിന്‍തുടര്‍ന്നു പോരുന്ന സമ്പ്രദായങ്ങളെ ഇളക്കുവാന്‍ ഈ ആളുകള്‍ ആഗ്രഹിക്കുന്നില്ല.- അതു ശരിയാണെങ്കിലും തെറ്റാണെങ്കിലും. അവര്‍ക്കു ദര്‍ശനങ്ങളോ സ്വപ്നങ്ങളോ ഒന്നും ആവശ്യമില്ല. അവര്‍ എന്തെങ്കിലും മാറ്റങ്ങളും ആഗ്രഹിക്കുന്നില്ല. അവര്‍ ബോട്ട് ആടി ഉലയുവാന്‍ ആഗ്രഹിക്കുന്നില്ല. ബോട്ടിന്റെ ദിശ മാറ്റുവാനും അവര്‍ ആഗ്രഹിക്കുന്നില്ല- അതു തെറ്റായ ദിശയിലാണു പോകുന്നതെങ്കില്‍പോലും!!

ബില്‍ദാദ് ശാന്തനായ ഒരു വ്യക്തി ആയിരുന്നു. എങ്കിലും അയാള്‍ അപ്പോഴും ഇയ്യോബിനെ കുറ്റപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ മൃദുവും ശാന്തവുമായ വിധത്തില്‍ പറയുവാന്‍ കഴിവുള്ള ആളുകള്‍ ഉണ്ട്. അവരുടെ വാക്കുകള്‍ മിനുസമുള്ളതാണ്. എന്നാല്‍ അവര്‍ക്ക് സര്‍പ്പത്തിന്റെ വിഷകരമായ പല്ല് വായില്‍ ഉണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും ഉച്ചത്തിലുള്ള കോപവാക്കുകളെക്കാള്‍ കൂടുതല്‍ മുറിവേല്‍പ്പിക്കുന്ന ശാന്തമായ വാക്കുകള്‍ അന്യോന്യം പറയുവാന്‍ കഴിയും.

മൂന്നാമത്തെ പ്രസംഗകന്‍- സോഫര്‍ – ദേഷ്യപ്പെടുന്നതിലും എല്ലാ കാര്യത്തിലും വിമര്‍ശന സ്വഭാവമുണ്ടായിരിക്കുന്നതിലും വിശ്വസിച്ചു. അയാളാണ് ഇയ്യോബിനെതിരെ ആഞ്ഞടിച്ച ഒരാള്‍. അയാള്‍ ഇയ്യോബിനെ ‘വായാടിയായ ഭോഷന്‍’ എന്നു വിളിച്ചു (11:2,12). തങ്ങളാണ് ആധുനിക ഏലിശമാരും സ്‌നാപകയോഹന്നാന്‍മാരും എന്നു ചിന്തിക്കുന്ന ‘സ്വയനിയമിത പ്രവാചകന്മാരുടെ’ പ്രതിനിധിയാണവര്‍. തങ്ങള്‍ കാണുന്ന എല്ലാ കാര്യങ്ങളെയും സ്ഥിരമായി പ്രത്യേകം പ്രത്യേകമായും മൊത്ത മായും അവര്‍ വിമര്‍ശിച്ചു തള്ളുന്നു. യേശുവും പരീശന്മാരെ വിമര്‍ശിച്ചു. എന്നാല്‍ അഭിഷേകം ചെയ്യപ്പെട്ട വിമര്‍ശനങ്ങളുണ്ട്. അതുപോലെ ജഡികവിമര്‍ശനങ്ങളും ഉണ്ട്. യേശു പരീശന്മാരെ അണലികള്‍ എന്നു വിളിച്ചു. സകല നീതിയുടെയും ശത്രു എന്ന് പൗലൊസ് ഒരു മനുഷ്യനെ വിളിച്ചു. എന്നാല്‍ ദൈവം അവരുടെ വാക്കുകള്‍ക്ക് സാക്ഷ്യം വഹിച്ചു. എന്നാല്‍ ആരെങ്കിലും അവരെ അനുകരിക്കുവാന്‍ ശ്രമിച്ചാല്‍, ദൈവം അവരെ പിന്‍താങ്ങുകയില്ല.

യാക്കോബ് 3:1 (AMP) പറയുന്നു: ‘മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വിവേചിക്കുന്ന സ്വയംനിയമിത ഉപദേശി (ഗുണദോഷി) ആകരുത്.’ ഗുണദോഷങ്ങള്‍ വിവേചിക്കുന്ന ഒരാള്‍ എന്നാല്‍ മറ്റുള്ളവര്‍ സംസാരിക്കുന്ന ഓരോ വാക്കും പരിശോധിക്കുന്ന ഒരുവന്‍ എന്നാണ്. പരീശന്മാര്‍ ഇത്തരക്കാരായിരുന്നു. യേശു പറഞ്ഞ ഏതെങ്കിലും കാര്യത്തില്‍ അദ്ദേഹത്തില്‍ കുറ്റം ആരോപിക്കുന്നതിനു വേണ്ടി അവിടുത്തെ പിടിക്കാനായി അവര്‍ കഴുകന്മാരെപ്പോലെ കാത്തിരുന്നു (മര്‍ക്കൊ. 12:13; ലൂക്കൊ. 11:54).

ഞാനും അങ്ങനെയുള്ള ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട് – എന്നെ കുറ്റപ്പെടുത്തുന്നതിനു വേണ്ടി എന്തെങ്കിലും കാരണം കണ്ടെത്തേണ്ടതിനായി എന്റെ സന്ദേശങ്ങളെ ശ്രദ്ധിക്കുകയോ അല്ലെങ്കില്‍ എന്റെ പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്യുന്നവര്‍. അതുകൊണ്ട് അത്തരം കഴുകന്മാര്‍ ഇന്നും കാണപ്പെടുന്നു. അങ്ങനെയുള്ള സ്വയം നിയമിത വിമര്‍ശകര്‍, അവര്‍ തന്നെ ഒരിക്കലും ദൈവത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. എന്നാല്‍ കര്‍ത്താവിനെ സേവിക്കുന്ന മറ്റുള്ളവരില്‍ കുറ്റം കണ്ടുപിടിക്കുന്നതിനു വേണ്ടി അവരുടെ സൂക്ഷ്മദര്‍ശിനികള്‍ ഈ കര്‍ത്താവിന്റെ ദാസന്മാരുടെ നേരെ തിരിച്ചുവയ്ക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നു. തങ്ങളുടെതന്നെ ശുശ്രൂഷയില്‍ ഒരു അഭിഷേകവും ഇല്ലാത്ത പ്രസംഗകര്‍ക്ക് അഭിഷിക്തരായ മറ്റു പ്രസംഗകരെ വിമര്‍ശിക്കുവാനല്ലാതെ മിക്കവാറും മറ്റൊന്നും ചെയ്യാനില്ല.

സോഫര്‍ അതുപോലെ സ്വയം-നിയമിതനായ ഒരു ഉപദേശിയായിരുന്നു. അയാള്‍ ഇയ്യോബിനെ വിമര്‍ശിക്കുവാന്‍ പരുഷവാക്കുകള്‍ ഉപയോഗിച്ചു. നീതിക്കുവേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിതനായ ഒരുവനായി സ്വയം ഉയര്‍ത്തി കാണിക്കുവാന്‍ അയാള്‍ ശ്രമിക്കുകയും ചെയ്തു.

നാലാമത്തെ പ്രസംഗകന്‍- എലീഹു- ദുഃഖത്തിന്റെയോ കഷ്ടതയുടെയോ വ്യക്തിപരമായ ഒരു അനുഭവവുമില്ലാത്ത അത്യാവേശമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. അവന്‍ യുവാവും വാക്കുകളില്‍ ധാരാളിയുമായിരുന്നെങ്കിലും അനുഭവസമ്പത്ത് പൂജ്യമായിരുന്നു (32:6,18). എന്നാല്‍ അവന്‍ മറ്റു മൂന്നു പേരെക്കാള്‍ നല്ലവനായിരുന്നു. അവന്‍ കൃത്യമായി സത്യം പഠിപ്പിച്ചു. മറ്റുള്ളവരോടു ദൈവത്തിനു കോപം ഉണ്ടായതുപോലെ അവനോടു കോപം ഉണ്ടായില്ല. കാരണം, എലീഹുവിന്റെ ആത്മാവ് ദോഷമുള്ളതായിരുന്നില്ല. വലിയതും അത്ഭുതകരവുമായ സത്യങ്ങള്‍ പഠിപ്പിക്കുന്നവരെങ്കിലും അവര്‍ ഒരിക്കലും കഷ്ടതയുടെയും ശോധനകളുടെയും ആഴങ്ങളിലൂടെ കടന്നുപോയിട്ടില്ലാത്തവരായ പ്രസംഗകരുടെ പ്രതിനിധിയാണ് എലീഹു. തങ്ങള്‍ തന്നെ അനുഭവിച്ചിട്ടില്ലാത്ത വിഷയങ്ങളെക്കുറിച്ച് മറ്റുള്ളവരെ ഉപദേശിക്കുവാന്‍ തയ്യാറായിരിക്കുന്ന ഭക്തന്മാരാണവര്‍.

പൗലൊസിന്റെ ശുശ്രൂഷ കഷ്ടതയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ സമ്മര്‍ദ്ദങ്ങളിലൂടെയും ശോധനകളിലൂടെയും തീവ്രദുഃഖത്തിലൂടെയും കടന്നുപോയിരുന്നു. ആ അവസരങ്ങളില്‍ ദൈവം എനിക്കു തന്ന ശക്തിയാണ് എനിക്കു നിങ്ങളുമായി ഇപ്പോള്‍ പങ്കുവയ്ക്കാന്‍ കഴിയുന്നത്” (2 കൊരി. 1:4-8). ഇത് ആകപ്പാടെ വ്യത്യസ്തമായ വിധത്തിലുള്ള ഒരു ശുശ്രൂഷയാണ്. ഇത് അനുഭവത്തില്‍ നിന്നുണ്ടായതാണ്. നമ്മുടെ ശുശ്രൂഷയും അങ്ങനെയാണ് ആയിരിക്കേണ്ടത്.

ഇയ്യോബിന്റെ പുസ്തകത്തില്‍ കാണുന്ന ഈ നാലു പ്രസംഗകരും നമ്മിലാരും അനുകരിക്കേണ്ട വിധത്തിലുള്ളവരല്ല. ഇവരെല്ലാം ”ആരോഗ്യത്തിന്റെയും സമ്പത്തിന്റേയും” പ്രസംഗകരാണ്- ആ കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ ഒരല്പം കുറവുള്ളവന്‍ എലീഹു മാത്രമാണ്. ഇയ്യോബിനോടുള്ള അവരുടെ ശുശ്രൂഷയില്‍ അവരിലാര്‍ക്കും ഒന്നും പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല. ഇന്ന് മിക്ക പ്രസംഗകരും ചെയ്യുന്നതു പോലെ അവര്‍ ഓരോരുത്തരുടെയും സമയം പാഴാക്കി!

മൂന്നു മുതല്‍ 31 വരെയുള്ള അധ്യായങ്ങളില്‍ ആദ്യത്തെ മൂന്നു പ്രസംഗകരും ഇയ്യോബും തമ്മില്‍ നടന്ന മൂന്നു ഘട്ട ചര്‍ച്ചയെക്കുറിച്ചു വിശദമായി വിവരിച്ചിരിക്കുന്നു. എലിഫസും ബില്‍ദാദും മൂന്നു തവണ വീതം സംസാരിച്ചു; സോഫര്‍ 2 തവണയും. അവരുടെ ചര്‍ച്ചകളുടെ അവസാനം എലീഹു ഒരു തവണ സംസാരിച്ചു (അധ്യായം 32-37). അനന്തരം 38-42 വരെയുള്ള അധ്യായങ്ങളില്‍ ദൈവം സംസാരിച്ചു. ഇതാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ ചുരുക്കം.

ഈ ചര്‍ച്ചകളിലെല്ലാമുള്ള ചില പ്രധാന വാക്യങ്ങള്‍ മാത്രം നമുക്കു ശ്രദ്ധിക്കാം.

ചര്‍ച്ചയുടെ ആദ്യഘട്ടം

അടിസ്ഥാനപരമായി എലീഫസ് ഇയ്യോബിനോടു പറഞ്ഞു: ”നീ കഷ്ടപ്പെടുന്നതു നീ പാപം ചെയ്തതു കൊണ്ടാണ്.” അയാള്‍ക്ക് ഇയ്യോബിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും അറിയില്ല. എന്നിരുന്നാലും അയാള്‍ അവനെ കുറ്റപ്പെടുത്തി – ഇന്ന് അനേക ആളുകള്‍ ചെയ്യുന്നതുപോലെ. ”എന്റെ അനുഭവം കാണിക്കുന്നത് ഉപദ്രവം നട്ട് തിന്മ കൃഷി ചെയ്യുന്നവര്‍ അതു തന്നെ കൊയ്യും. അതുകൊണ്ട് നീ കൃഷി ചെയ്ത തിന്മയുടെയും നിന്റെ കഴിഞ്ഞ നാളുകളില്‍ നീ നട്ട ഉപദ്രവങ്ങളുടെയും ഒരു കൊയ്ത്താണ് നിനക്കു കിട്ടുന്നത്” (4:8). അയാള്‍ പറഞ്ഞതു തീര്‍ത്തും തെറ്റായിരുന്നു.

ഇതിന് ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു: ”മനുഷ്യര്‍ പരാതിപ്പെടുന്നത് അവരുടെ ഭക്ഷണത്തില്‍ ഉപ്പില്ലാതെ വരുമ്പോഴാണ്. നിന്റെ സന്ദേശം ഉപ്പില്ലാത്ത ഭക്ഷണം പോലെയും പാകം ചെയ്യാത്ത മുട്ടയുടെ വെള്ള പോലെയുമാണ്” (6:6,7). എലീഫസിന്റെ പ്രസംഗം രുചിയില്ലാത്തതും വിലയില്ലാത്തുമാണെന്ന് പറയുവാന്‍ ഇയ്യോബ് ആലങ്കാരിക പദങ്ങളുപയോഗിച്ചു!

അപ്പോള്‍ ബില്‍ദാദ് ഇപ്രകാരം സംസാരിച്ചു, ”നിന്റെ മക്കള്‍ പാപം ചെയ്തിട്ടുണ്ടാകണം, അവര്‍ സ്പഷ്ടമായി ദൈവത്തിനു വിരോധമായി പാപം ചെയ്തു. അതു കൊണ്ട് അവരുടെ ശിക്ഷ അവര്‍ നന്നായി അര്‍ഹിക്കുന്നതാണ്… നീ നിര്‍മ്മലനും നേരുള്ളവനുമാണെങ്കില്‍, ദൈവം നിന്റെ സന്തോഷഭവനത്തെ നിനക്കു യഥാസ്ഥാനപ്പെടുത്തും”(8:4,6). ഇയ്യോബിന്റെ മക്കളെക്കുറിച്ച് എല്ലാം അറിയുന്ന ഒരു ഭക്തനായ വിശുദ്ധനെപ്പോലെ അവന്‍ അഭിനയിച്ചു (വാസ്തവത്തില്‍ അവന് ഒന്നും അറിയാതിരിക്കെ). നിങ്ങള്‍ മറ്റുള്ളവരുടെ മക്കളെ വിമര്‍ശിക്കാറുണ്ടോ? മറ്റുള്ളവര്‍ കഷ്ടത അനുഭവിക്കുന്നതെന്തുകൊണ്ടാണെന്ന് അറിയുന്ന ദൈവമാണു നീ എന്നു നടിക്കുകയാണോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ ബില്‍ദാദിനെപ്പോലെയാണ്.

ഇയ്യോബ് ബില്‍ദാദിനോട് ഇങ്ങനെ മറുപടി പറഞ്ഞു: ”നിയമപ്രകാരം ഇതെല്ലാം ശരിയാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ മുമ്പാകെ ഞാന്‍ പൂര്‍ണ്ണനാകണമെന്ന് നിങ്ങള്‍ എന്നെക്കുറിച്ചാഗ്രഹിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ ഒരു വ്യക്തിക്ക് എങ്ങനെ പൂര്‍ണ്ണനാകാന്‍ കഴിയും? എനിക്ക് അവിടുത്തെ കരുണ ആവശ്യമുണ്ട്”(9:2,15). പൂര്‍ണ്ണതയെക്കുറിച്ചും വിശുദ്ധീകരണത്തെക്കുറിച്ചും അപ്രായോഗികമായ, ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത, സിദ്ധാന്തങ്ങള്‍ പ്രസംഗിക്കുന്ന അനേകം പ്രസംഗകര്‍ ഇന്നും ഉണ്ട്. അവന് ആവശ്യമായിരിക്കുന്നത് വിശുദ്ധീകരണത്തിന്റെ ഒരു സിദ്ധാന്തമല്ല. എന്നാല്‍ ദൈവത്തിനും തനിക്കും ഇടയ്ക്കു നിന്ന് അവരെ ഒന്നിച്ചു ചേര്‍ത്തു കൊണ്ടുവരുവാന്‍ കഴിവുള്ള ജീവിക്കുന്ന ഒരു മദ്ധ്യസ്ഥനെയാണ് എന്ന് അറിയത്തക്കവണ്ണം ഇയ്യോബിനു ദൈവത്തെ അത്ര നന്നായി അറിയാമായിരുന്നു (9:33). അവന് ഇല്ലാതിരുന്നത് ഇതാണ്. ഇന്ന് നമുക്ക് ക്രിസ്തുവില്‍ അങ്ങനെ ഒരുവന്‍ ഉണ്ട്. കര്‍ത്താവിനു സ്‌തോത്രം!

അപ്പോള്‍ സോഫര്‍ ഇപ്രകാരം സംസാരിച്ചു: ”നീ പുലമ്പിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ മിണ്ടാതിരിക്കണമോ? ആരാണ് തെറ്റുകാരെന്ന് ദൈവം അറിയുകയും അവരുടെ എല്ലാ പാപങ്ങളുടെയും കണക്കെടുക്കുകയും ചെയ്യുന്നു… ഒരു കാട്ടുകഴുതയ്ക്ക് ഒരു മനുഷ്യകുട്ടിയെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ മന്ദബുദ്ധിയായ ഒരു ഭോഷന് ബുദ്ധിമാനാകുവാന്‍ കഴിയുകയില്ല” (11:3,12). എത്ര ശക്തമായ വാക്കുകള്‍!

സോഫര്‍ ഇയ്യോബിനെ (അവന്റെ തലമുറയിലെ ഏറ്റവും ദൈവഭക്തനായ മനുഷ്യന്‍) ഒരു മന്ദബുദ്ധിയായ ഭോഷന്‍ എന്നു വിളിക്കുവാന്‍ ധൈര്യപ്പെട്ടു! അവന് അസൂയയുള്ള ഒരുവന്റെ മേല്‍ അവന്‍ കോപം വെളിപ്പെടുത്തുകയായിരുന്നു. പ്രസംഗപീഠം ഉപയോഗിച്ച് തിരുവചനം ഉദ്ധരിച്ച് കൂടിവരവിലെ തങ്ങള്‍ക്കു വിരോധമുള്ള ചിലരുടെ മേല്‍ കോപം വെളിപ്പെടുത്തുന്ന പ്രസംഗകര്‍ ഇന്നും ഉണ്ട്.

സോഫറിനോടുള്ള ഇയ്യോബിന്റെ പ്രതികരണം ഒരു രൂക്ഷ പരിഹാസമായിരുന്നു: ”ഞാന്‍ കരുതുന്നത് നീ മരിച്ചാല്‍ പിന്നെ ഈ ലോകത്തില്‍ ജ്ഞാനം ഉണ്ടായിരിക്കുകയില്ല എന്നാണ്. കൊള്ളാം, എനിക്കും ചില കാര്യങ്ങള്‍ അറിയാം. നിങ്ങള്‍ എന്നെക്കാള്‍ ഒട്ടും മെച്ചമല്ല” (12:1-3). പിന്നീട് വിശ്വാസത്തെക്കുറിച്ച് പഴയ നിയമത്തില്‍ കാണാന്‍ കഴിയുന്ന ഏറ്റവും അത്ഭുതകരമായ പ്രസ്താവന ഇയ്യോബ് നടത്തുന്നു: ”ദൈവം എന്നെ കൊന്നാലും ഞാന്‍ ദൈവത്തില്‍ ആശ്രയിക്കും” (13:15). ഏതു സമയത്തായാലും അത്തരം ഒരു പ്രസ്താവന പ്രശംസാര്‍ഹമാണ്. എന്നാല്‍ ഇയ്യോബ് ആയിരുന്ന സാഹചര്യം നിങ്ങള്‍ കാണുമ്പോള്‍- അവനെ അടുത്തതായി സന്ധിക്കാന്‍ പോകുന്നത് മരണമാണോ എന്നറിയാത്ത സമയം- ഈ പ്രസ്താവന കുറച്ചുകൂടി പ്രശംസാര്‍ഹമാണ്.

”തന്റെ യൗവ്വനത്തിലെ അകൃത്യങ്ങള്‍” നിമിത്തം താന്‍ ശിക്ഷിക്കപ്പെടുകയാണോ എന്ന് ഇയ്യോബ് അത്ഭുതപ്പെടുന്നു (13:26). ദാവീദിനെ പ്രയാസപ്പെടുത്തിയ കാര്യവും ഇതു തന്നെ ആയിരുന്നു (സങ്കീ. 25:7). ദൈവഭക്തരായ ഈ രണ്ടു പുരുഷന്മാര്‍- ഇയ്യോബും ദാവീദും- അവരുടെ യൗവ്വന നാളുകളില്‍ യുവത്വത്തിന്റെ പാപങ്ങളില്‍ വീണിട്ടുണ്ട്. ആ പാപങ്ങള്‍ ദശകങ്ങള്‍ക്കു ശേഷവും അവരെ ദുഃഖിപ്പിക്കുവാന്‍ തക്കവണ്ണം ഗൗരവമേറിയവ ആയിരുന്നു. ഇന്ന്, നമ്മുടെ പാപങ്ങളെ സംബന്ധിച്ച പ്രത്യേക വാഗ്ദാനങ്ങള്‍ നമുക്കുണ്ട്. നാം നമ്മുടെ പാപങ്ങള്‍ കര്‍ത്താവിനോട് ഏറ്റു പറഞ്ഞിട്ടുണ്ടെങ്കില്‍- അതെത്ര ഗൗരവമേറിയതായാലും സാരമില്ല. അതു ക്ഷമിക്കപ്പെട്ടിരിക്കുന്നു (1 യോഹ. 1:9). ദൈവവും ഇപ്രകാരം പറഞ്ഞുകൊണ്ട് നമുക്ക് ഉറപ്പു തന്നിരിക്കുന്നു: ”ഇനിമേല്‍ ഞാന്‍ നിങ്ങളുടെ പാപങ്ങളെ ഓര്‍ക്കുകയില്ല” (എബ്രാ. 8:12). നമുക്കെതിരെയുള്ള സാത്താന്റെ കുറ്റപ്പെടുത്തലുകളെ നാം അതിജീവിക്കുന്നത് ‘കുഞ്ഞാടിന്റെ രക്തത്താലാ’ണ് (വെളി. 12:11). എന്നാല്‍ ഇയ്യോബിന് ആ ഉറപ്പില്ലായിരുന്നു. അതുകൊണ്ട് മുത്തച്ഛന്‍ ആകാന്‍ തക്ക പ്രായം ഉണ്ടായിരുന്നപ്പോഴും തന്റെ യൗവ്വനത്തിലെ പാപങ്ങളെക്കുറിച്ചുള്ള ബോധ്യത്തില്‍ അവന്‍ ജീവിച്ചു. പുതിയ ഉടമ്പടിയുടെ കീഴില്‍ എത്ര അതിശയകരമായ പദവി ലഭിച്ചവരാണു നാം. അതൊരിക്കലും മറക്കാതിരിക്കട്ടെ.

ചര്‍ച്ചയുടെ രണ്ടാം ഘട്ടം

ചര്‍ച്ചയുടെ രണ്ടാംഘട്ടത്തില്‍, എലീഫസ് ഇയ്യോബിനോട് ഇങ്ങനെ പറയുന്നു: ”നീ കാറ്റുകൊണ്ടു നിറഞ്ഞ ഒരു സഞ്ചി (വൃഥാ ജല്പകന്‍) അല്ലാതെ മറ്റൊന്നുമല്ല… ദുഷ്ടജനങ്ങള്‍ക്കാണ് അവരുടെ ജീവിതത്തിലുടനീളം വേദനയുണ്ടാകുന്നത്. ഈ ദുഷ്ടജനങ്ങള്‍ തടിയന്മാരും ധനികരും ആയിരിക്കാം. എന്നാല്‍ അവരുടെ പട്ടണങ്ങള്‍ നശിപ്പിക്കപ്പെടും”(15:2,20). ഇപ്പോള്‍ എലീഫസ് അധികം ധൈര്യമുള്ളവനായി തീര്‍ന്നിട്ട് ഇയ്യോബിനെ നിന്ദിക്കുന്ന സോഫറിന്റെ മാതൃക പിന്‍തുടരുകയും, അവനെ ”ചൂടുവായു നിറഞ്ഞ സഞ്ചി” എന്നു വിളിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഒരു പുരുഷനോട് അതുപോലെയുള്ള വാക്കുകള്‍ പറയുന്നതിനാല്‍ അവന്‍ എത്രമാത്രം ധാര്‍ഷ്ട്യമുള്ളവനാണ!്

ഇയ്യോബ് മറുപടി പറഞ്ഞു: ”നിങ്ങള്‍ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാരുടെ ഒരു കൂട്ടമാണ്. നിങ്ങള്‍ എന്റെ സ്ഥാനത്തു കഷ്ടം അനുഭവിക്കുക ആയിരുന്നെങ്കില്‍, ഇതേകാര്യം പറയുവാന്‍ എനിക്കും കഴിയുമായിരുന്നു. നിങ്ങളോട് അതുപോലെ പ്രസംഗിക്കുവാനും എനിക്കു കഴിയുമായിരുന്നു”(16:2-5). ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ സാത്താനാണെന്ന് ഇയ്യോബ് തിരിച്ചറിഞ്ഞു. കാരണം അവന്‍ പറയുന്നു: ”എന്റെ ശത്രു എന്റെ നേരെ കണ്ണു കൂര്‍പ്പിക്കുന്നു” (16:9- മാര്‍ജിന്‍). സാത്താന്‍ എല്ലായ്‌പ്പോഴും, നമ്മെ കുറ്റപ്പെടുത്താന്‍ അവനു കഴിയേണ്ടതിന് എതെങ്കിലും വിധത്തില്‍ നാം പരാജയപ്പെടുന്നുണ്ടോ എന്നു കാണുവാന്‍ അവന്‍ നമ്മുടെ അടുത്തു വന്നു നോക്കിക്കൊണ്ടിരിക്കുന്നു. ഭൂമിയിലുള്ള അവന്റെ ഏജന്റുമാരും (പ്രത്യേകിച്ച് വിശ്വാസികള്‍) നാം വീഴുമ്പോള്‍ നിരീക്ഷിക്കേണ്ടതിന് അവരുടെ കണ്ണുകള്‍ കൂര്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ ദൈവം ഇത് അനുവദിച്ചതാണെന്ന് ഇയ്യോബ് തിരിച്ചറിഞ്ഞു. കാരണം അവന്‍ ഇങ്ങനെ പറയുന്നു: ”ദൈവം എന്നെ അഭക്തന്റെ പക്കല്‍ ഏല്‍പിക്കുകയും ദുഷ്ടന്മാരുടെ കൈയില്‍ എന്നെ അകപ്പെടുത്തുകയും ചെയ്യുന്നു” (16:11). ഇതെല്ലാം ദൈവം അനുവദിച്ചതാണ് എന്ന അറിവ് ഇയ്യോബിന് അല്പം ആശ്വാസം നല്‍കിയിട്ടുണ്ടാകും. അതുകൊണ്ട് അവന്‍ തുടര്‍ന്നു പറയുന്നു: ”എന്റെ അഭിഭാഷകന്‍ സ്വര്‍ഗ്ഗത്തിലാണ്. എന്റെ കണ്ണ് ദൈവത്തോടു നിലവിളിക്കുന്നു. ഓ ആ പുരുഷന്‍ എനിക്കുവേണ്ടി ന്യായവാദം കഴിക്കും” (16:19,20). ദൈവത്തിന്റെ വലത്തുഭാഗത്ത് നമുക്കുവേണ്ടി ന്യായവാദം കഴിക്കുവാന്‍ ഒരു പുരുഷന്‍ ഉണ്ട് എന്നറിയുന്നതില്‍ നാം എത്ര ഭാഗ്യവാന്മാരാണ്! ‘ക്രിസ്തുവിന്റെ കഷ്ടങ്ങളുടെ കൂട്ടായ്മ’ അല്പമായി ഇയ്യോബും രുചിച്ചു. കാരണം അവന്‍ പറയുന്നു: ”മനുഷ്യര്‍ മുഖത്തു തുപ്പുന്ന ഒരുവനാണു ഞാന്‍” (17:6).

അപ്പോള്‍ ബില്‍ദാദ് പറഞ്ഞു: ”ഇയ്യോബേ, നീ സംസാരം നിര്‍ത്തുന്നതിന് എത്ര നേരം എടുക്കും? ഞങ്ങള്‍ മറുപടി പറയണമെങ്കില്‍ ബുദ്ധിപൂര്‍വ്വം സംസാരിക്കുക. ഞങ്ങള്‍ മൃഗങ്ങളാണെന്നു നീ കരുതുന്നുവോ? ഞങ്ങള്‍ക്കു ബുദ്ധിയില്ലെന്നാണോ നീ കരുതുന്നത്? നീ കോപത്തില്‍ നിന്റെ തലമുടി പറിച്ചു കീറിക്കളഞ്ഞേക്കാം. എന്നാല്‍ അത് മലയുടെ മുകളില്‍ നിന്ന് പാറയെ ഉരുട്ടി താഴെയിടുമെന്നു നീ ചിന്തിക്കുന്നുവോ? ദുഷ്ടന്റെ വിളക്കു കെട്ടുപോകും എന്ന സത്യം നിലനില്‍ക്കുന്നു. അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും. അവന്‍ ചുറുക്കോടെ കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും. ദുഷ്ടന്‍ വലയ്ക്കുള്ളിലേക്കു നടക്കുന്നു. ദൈവം അവരുടെ പാതയില്‍ അവര്‍ക്കു വേണ്ടി കുഴിച്ചിരിക്കുന്ന കുഴിയിലേക്ക് അവര്‍ വീഴും” (18:2-8). ഇയ്യോബ് ദുഷ്ടനാണെന്ന് അര്‍ത്ഥമാക്കിക്കൊണ്ടാണ് അവന്‍ അതു പറഞ്ഞത്.

ഇയ്യോബ് അതിനു ഇങ്ങനെ മറുപടി പറഞ്ഞു, ”എന്നെ അധിക്ഷേപിക്കേണ്ടതിന് നീ ഇപ്പോള്‍ പത്തു പ്രാവശ്യം ശ്രമിച്ചു. എന്നോട് ഇത്ര പരുഷമായി പെരുമാറുന്നതില്‍ നിനക്കു ലജ്ജ തോന്നേണ്ടതാണ്. ഞാന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ പോലും, അതെന്റെ ഭാരമാണ്, നിങ്ങളുടേതല്ല. ദൈവം അതു കൈകാര്യം ചെയ്യും. നിങ്ങള്‍ എന്തിനാണ് അതെക്കുറിച്ചു പ്രയാസപ്പെടുന്നത്? ഇപ്പോഴത്തെ എന്റെ അപമാനം എന്റെ പാപത്തിന്റെ തെളിവായി ഉപയോഗിച്ച് എന്നെ മറികടക്കുവാന്‍ നിങ്ങള്‍ ശ്രമിക്കുന്നു”(19:2-5).

ഇയ്യോബ് തുടര്‍ന്നു പറയുന്നത് അവന്റെ സഹോദരന്മാരെയും ബന്ധുക്കളെയും ഉറ്റ സ്‌നേഹിതരെയും കുടുംബാംഗങ്ങളെയും അവന്റെ ഭാര്യയെപ്പോലും ദൈവം അവനില്‍ നിന്നകറ്റിയിരിക്കുന്നു എന്നാണ്. അവന്റെ ദാസികളും കൊച്ചുകുട്ടികളും അവനെ അവഹേളനാപാത്രമാക്കിയിരിക്കുന്നു (19:13-18). എന്നാല്‍ ഇതെല്ലാമായിട്ടും അവന്‍ ജയോത്സവത്തോടെ തുടര്‍ന്നു പറയുന്നു: ”എന്റെ വീണ്ടെടുപ്പുകാരന്‍ ജീവിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. അന്ത്യനാളുകളില്‍ അവിടുന്ന് പൊടിമേല്‍ (ഭൂമിയുടെമേല്‍) നില്‍ക്കും. എന്റെ ത്വക്ക് നശിച്ച ശേഷമായാലും എന്റെ ദേഹത്തില്‍ ഞാന്‍ ദൈവത്തെ കാണും. ഞാന്‍ തന്നെ അവിടുത്തെ കാണും” (19:25-27). ഇയ്യോബ് ഇവിടെ ഒരു പ്രവാചകനെപ്പോലെ സംസാരിക്കുകയായിരുന്നു. കഷ്ടതയിലൂടെ അവന്‍ ഒരു പ്രവാചകനായി. ഈ തീവ്രമായ കഷ്ടതയിലൂടെ കടന്നുപോയില്ലാ യിരുന്നു എങ്കില്‍ അവന്‍ ഒരിക്കലും ഭാവിയെക്കുറിച്ച് ഇത്ര അത്ഭുതകരമായ ഒരു ദര്‍ശനം കാണുമായിരുന്നില്ല. അതാണു ദൈവത്തിന്റെ വഴി.

ഈ സമയം, ഇയ്യോബിന്റെ മനോഭാവത്തില്‍ ഒരു വഴിത്തിരിവ് അടയാളപ്പെടുത്തുന്നു എന്നു നമുക്കു പറയാന്‍ കഴിയും. സ്വയസഹതാപത്തിന്റെ കുഴിയില്‍ നിന്ന് ഇപ്പോഴും അവന്‍ പുറത്തു വന്നിട്ടില്ലെങ്കില്‍പ്പോലും ഇപ്പോള്‍ മുതല്‍ ഒരു വ്യത്യസ്ത ധ്വനി അവിടെ ഉണ്ട്. ഉയിര്‍ത്തെഴുന്നേല്‍പിലും നമ്മുടെ കര്‍ത്താവും വീണ്ടെടുപ്പുകാരനുമായവനെ മുഖാമുഖം കാണുന്നതിലും പ്രത്യാശവച്ച് നമ്മുടെ ഭാവിയെക്കു റിച്ചു ചിന്തിക്കുമ്പോള്‍ നമുക്കും സംഭവിക്കുന്നത് ഇതു തന്നെയാണ്.

ദൈവത്തിന്റെ ദാസന്മാരെ കുറ്റപ്പെടുത്തുന്ന എല്ലാവര്‍ക്കും ഒരു ന്യായവിധി ഉണ്ടാകും എന്ന് ഇയ്യോബ് തന്റെ സ്‌നേഹിതന്മാര്‍ക്കു മുന്നറിയിപ്പു നല്‍കുന്നു (19:28,29).

സോഫര്‍ രണ്ടാം തവണയും ഇയ്യോബിനെക്കുറിച്ച് ‘ദരിദ്രരെ പീഡിപ്പിച്ച് നിരാലംബരായി ഉപേക്ഷിച്ചു കളയുകയും അവര്‍ക്കു വാടക കൊടുക്കാന്‍ കഴിയാത്ത കാരണത്താല്‍ അവരെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തവനും കൂടാതെ അത്യാഗ്രഹിയും ഭക്ഷണകാര്യത്തില്‍ അത്യാര്‍ത്തിയുള്ളവനും ആയ ദുഷ്ടമനുഷ്യന്‍’ എന്നു കുറ്റപ്പെടുത്തുന്നു (20:19,20). അതുകൊണ്ടാണ് ഇയ്യോബിന്റെ ‘സമൃദ്ധി മാഞ്ഞുപോയതും, നാശം അവനെ അതിക്രമിച്ചു കടന്നിട്ട് ദൈവം അവന്റെ വയറു നിറയെ പ്രയാസങ്ങള്‍ നല്‍കിയതും’ (20:22,23) എന്ന് അവന്‍ പറഞ്ഞ് അവസാനി പ്പിക്കുന്നു. ഇപ്പോള്‍ സോഫറിന്റെ കുറ്റാരോപണം കൂടുതല്‍ വീര്യമുള്ളതായി ത്തീര്‍ന്നു.

ഇവിടെ ഇയ്യോബിന്റെ മറുപടിയില്‍ ഉള്ള അവന്റെ വിവേകം ശ്രദ്ധിക്കുക. ഇപ്പോള്‍ അവന്‍ കുറെക്കൂടി ശാന്തനും കൂടുതല്‍ മര്യാദയുള്ളവനുമാണ്. അതിന്റെ ഫലമായി അവന്റെ എതിരാളികളെയും അവന്‍ ശാന്തരാക്കി. അതുകൊണ്ട് കോപാകുലനായ സോഫര്‍ പിന്നീടൊന്നു സംസാരിച്ചില്ല!! (”മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു” സദൃ. വാ. 15:1).

ഇയ്യോബ് പറഞ്ഞത് ഇതാണ്: ”ദുഷ്ടന്മാര്‍ ചിലപ്പോള്‍ നല്ല വാര്‍ദ്ധക്യം വരെ ജീവിക്കുന്നു എന്നതാണ് യഥാര്‍ത്ഥത്തിലുള്ള സത്യം. അവര്‍ക്കു സമൃദ്ധി ഉണ്ടാകുകയും അവരുടെ മക്കളെയും കൊച്ചുമക്കളെയും കാണുകയും ചെയ്യുന്നു. അവരുടെ വീടുകള്‍ സുരക്ഷിതമാണ്. അവരുടെ കന്നുകാലികള്‍ വര്‍ദ്ധിക്കുന്നു. അവരുടെ നാളുകള്‍ സന്തോഷത്തോടെ ചെലവഴിക്കുകയും ശവക്കുഴിയിലേക്ക് പോകുകയും ചെയ്യുന്നു” (21:7-13). അതു തീര്‍ത്തും ശരിയാണ്. ഇയ്യോബ് സമൃദ്ധിയുടെ പ്രസംഗകന്‍ ആയിരുന്നില്ല. ഇന്നുപോലും ദുഷ്ടന്മാരുടെ കാര്യത്തില്‍ നാം കാണുന്നത് കൃത്യമായി ഇതു തന്നെയാണ്. ഇയ്യോബ് തുടര്‍ന്നു പറയുന്നത് അവര്‍ ദൈവത്തെ തള്ളിക്കളഞ്ഞ് ഒരിക്കലും അവിടുത്തെ സേവിക്കുകയോ അനുസരിക്കുകയോ ചെയ്യാതെയും പ്രാര്‍ത്ഥനയില്‍ ഒരു വിശ്വാസവും ഇല്ലാതെയും ഇരുന്നിട്ടും അവര്‍ ഇങ്ങനെ ജീവിക്കുന്നു എന്നാണ് (വാക്യങ്ങള്‍ 14-16). ഇയ്യോബ് തുടര്‍ന്നു പറയുന്നു: ”അവരുടെ അഭിവൃദ്ധി അവരുടെ പ്രയത്‌നഫലമല്ല”(വാക്യം 16). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അവര്‍ ജീവിച്ച ജീവിതരീതിക്ക് ദൈവത്തില്‍ നിന്നുള്ള പ്രതിഫലമല്ല അവരുടെ സമൃദ്ധി. ”അപ്രകാരമുള്ള ജീവിതവുമായി എനിക്കൊന്നും ചെയ്യാനുമില്ല” എന്ന് ഇയ്യോബ് പറയുന്നു. വാസ്തവത്തില്‍ വളരെ ബോധപൂര്‍വ്വമായ ഒരു മറുപടി.

ചര്‍ച്ചയുടെ മൂന്നാംഘട്ടം

ഇപ്പോള്‍ നാം ചര്‍ച്ചയുടെ മൂന്നാം ഘട്ടത്തിലേക്കു വന്നിരിക്കുന്നു. ഈ ഘട്ടത്തില്‍, രണ്ടുപേര്‍ മാത്രമാണ് സംസാരിക്കുന്നത്- എലീഫസും ബില്‍ദാദും.

ഇപ്പോള്‍ എലീഫസ് തനിക്ക് അമാനുഷിക വിവേചനശക്തി ഉണ്ടെന്നു നടിക്കുന്നു- ഇന്നു ചില ക്രിസ്ത്യാനികള്‍ നടിക്കുന്നതുപോലെ. നേരത്തെ ദര്‍ശനങ്ങളെയും ആത്മാക്കളെയും കുറിച്ചു സംസാരിച്ചത് എലീഫസ് ആയിരുന്നു. അയാള്‍ ഇപ്പോള്‍ ഇയ്യോബിനോടു പറയുന്നു: ”എന്താണു സംഭവിച്ചതെന്ന് എനിക്കറിയാം. നീ നിന്റെ ഒരു സ്‌നേഹിതനു പണം കടം കൊടുക്കുകയും അവന്റെ വസ്ത്രം അവന്‍ പണയമായി നല്‍കുകയും ചെയ്തു. എന്നാല്‍ നീ അതു തിരിച്ചു കൊടുത്തില്ല. നീ നിന്റെ സ്‌നേഹിതനെ നഗ്നനാക്കി. നിന്റെ വീട്ടില്‍ ദാഹിച്ചു വന്ന ഒരുവനു നീ വെള്ളം നിഷേധിച്ചു. നിന്റെ വീട്ടില്‍ വിശന്നുവന്ന ഒരുവനു നീ ആഹാരം നിഷേധിച്ചു. നിന്റെ വീട്ടില്‍ വന്ന ചില വിധവമാരെ സഹായിക്കാതെ മടക്കി അയച്ചു. ചില അനാഥരുടെ ബലത്തെ നീ ചതെച്ചു കളഞ്ഞു. നീ ഇന്ന് കെണികളാലും ഭയത്താലും ചുറ്റപ്പെട്ടി രിക്കുന്നതിന്റെ കാരണം ഇവയാണ്. തന്നെയുമല്ല ദൈവത്തിന്റെ ന്യായവിധിയുടെ വെള്ളം നിന്നെ മൂടിയിരിക്കയാല്‍ നിനക്കു മുന്നോട്ടുള്ള വഴി കാണാന്‍ കഴിയുന്നില്ല. എല്ലാറ്റിനും ശേഷം, ഇയ്യോബേ, ദേശം ശക്തിയുള്ളവര്‍ക്കും പ്രത്യേക അവകാശം ഉള്ളവര്‍ക്കും ഉള്ളതാണെന്നു നീ വിചാരിക്കുന്നോ? നീ അങ്ങനെ സ്വാധീനമുള്ള ഒരുവന്‍ ആകയാല്‍, എല്ലാം നിനക്കുള്ളതാണെന്നു നീ വിചാരിക്കുന്നോ? ദൈവത്തിനു നിന്നെ കാണുവാനോ അല്ലെങ്കില്‍ ന്യായം വിധിക്കുവാനോ കഴിയുകയില്ലെന്നു നീ കരുതുന്നുണ്ടോ?” (22:6-13).

ഇതെല്ലാം കേവലം സങ്കല്പം മാത്രമായിരുന്നു. ഈ വാക്കുകളില്‍ ഒരണുവോളം പോലും സത്യമില്ലായിരുന്നു. ആളുകളെ വിധിക്കുവാനും അവരെക്കുറിച്ച് ഏറ്റവും മോശമായതു സങ്കല്പിക്കുവാനും നമുക്കെത്ര എളുപ്പമാണ്!

ഇയ്യോബിന്റെ മറുപടി എന്താണ്? ഒന്നാമതായി അവന്‍ ആ ആശ്ചര്യകരമായ പ്രസ്താവന നടത്തുന്നു: ”എനിക്കു ഭവിക്കുന്ന കാര്യങ്ങളുടെ ഓരോ വിശദാംശവും അവിടുന്ന് അറിയുന്നു. അവിടുന്ന് എന്നെ ശോധന ചെയ്താല്‍ അവിടുന്ന് എന്നെ പൂര്‍ണ്ണ നിഷ്‌കളങ്കന്‍ എന്നു പ്രഖ്യാപിക്കും- പൊന്നു പോലെ നിര്‍മ്മലന്‍” (23:10 ലിവിങ്). അല്ലെങ്കില്‍ മറ്റു പരിഭാഷകളില്‍ ചെയ്തിരിക്കുന്നതുപോലെ, ”അവിടുന്ന് എന്നെ ശോധന ചെയ്യുന്നത് അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ ശുദ്ധമായ പൊന്നു പോലെ പുറത്തു വരും.” അവനു സംഭവിക്കുന്ന കാര്യങ്ങളുടെ ഓരോ വിശദാംശവും ദൈവം അറിയുന്നു എന്ന് ഇയ്യോബിനു നിശ്ചയം ഉണ്ടായിരുന്നു- അത് അവനൊരു വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ഇന്ന് അതിനെക്കാള്‍ മഹത്തരമായ ഒരു ഉറപ്പ് നമുക്കുണ്ട്: നമുക്കു സംഭവിക്കുന്ന കാര്യങ്ങളുടെ ഓരോ വിശദാംശവും ദൈവമാണ് ക്രമീകരിക്കുന്നത്. സകല കാര്യങ്ങളും നമ്മുടെ ഏറ്റവും നല്ലതിനായി തീരത്തക്കവണ്ണം (റോമര്‍ 8:28). ഹല്ലേലുയ്യാ!! ഈ പരിശോധനാ കാലത്തിന്റെ അവസാനം, ശുദ്ധി ചെയ്ത സ്വര്‍ണ്ണം പോലെ അവന്‍ പുറത്തു വരുമെന്നും ഇയ്യോബിനുറപ്പുണ്ടായിരുന്നു. ഒരു ബൈബിള്‍ പോലും ഇല്ലാതിരിക്കെ അവനുണ്ടായിരുന്ന വെളിച്ചം എത്ര ആശ്ചര്യകരമാണ്!

ഇയ്യോബ് തുടര്‍ന്നു ചോദിക്കുന്നു: ”ദൈവം ന്യായം വിധിക്കുന്നതിനു വേണ്ടി ദൈവഭക്തന്മാര്‍ ഇത്ര ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്?” സാധുക്കളും വിധവകളുമായവരെ പലവിധത്തില്‍ ചൂഷണം ചെയ്യുന്ന ധനികരും ദുഷ്ടമനുഷ്യരുമായവരില്‍ നിന്നു നേരിടേണ്ടി വരുന്ന അന്യായങ്ങളുടെയും അപമാനങ്ങളുടെയും ഒരു പട്ടിക അവന്‍ തയ്യാറാക്കുന്നു. തങ്ങള്‍ ചെയ്യുന്ന പാപങ്ങളുമായി രക്ഷപെടുന്ന കള്ളന്മാര്‍, കൊലപാതകന്മാര്‍, വ്യഭിചാരികള്‍ എന്നിവരെക്കുറിച്ച് അവന്‍ സംസാരിക്കുന്നു (24:1-16). എന്നാല്‍ ഒടുവില്‍ ന്യായവിധി അവരെ പിടികൂടുമെന്ന് അവന്‍ അറിയുന്നു (24:18-25).

ബില്‍ദാദിന് ഇപ്പോള്‍ വളരെക്കുറച്ചു മാത്രമേ പറയാനുള്ളു. അവന്‍ വെറുതെ ചോദിക്കുന്നു: ”നശ്വരനായ മനുഷ്യന് ദൈവത്തിന്റെ മുമ്പാകെ നിന്ന് നീതിമാന്‍ എന്ന് അവകാശപ്പെടാന്‍ എങ്ങനെ കഴിയും? മുഴു ഭൂമിയിലും നിര്‍മ്മലനായി ആരുണ്ട്? – ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും പോലും അവിടുത്തോടു താരതമ്യം ചെയ്യുമ്പോള്‍ അവയുടെ ശോഭ കുറഞ്ഞു പോകത്തക്കവണ്ണം ദൈവം തേജസ്സുള്ളവനായിരിക്കു മ്പോള്‍” (25:4,5).

ഇയ്യോബ് പിന്നെയും കുത്തുവാക്കുപയോഗിച്ചു മറുപടി പറയുന്നു: ”ഓ നിങ്ങള്‍ എന്നെപ്പോലെ ശക്തിയില്ലാത്തവരെ എങ്ങനെ സഹായിച്ചു! ഓ ബലമില്ലാത്തവരെ നിങ്ങള്‍ എങ്ങനെ രക്ഷിച്ചിരിക്കുന്നു! എന്റെ മടയത്തരത്തെ നിങ്ങള്‍ എങ്ങനെ പരിജ്ഞാനമുള്ളതാക്കി! നിങ്ങള്‍ എന്തു ജ്ഞാനമാണു പറഞ്ഞു തന്നത്! ഈ പരിജ്ഞാനം നിങ്ങള്‍ എവിടെ നിന്നു പഠിച്ചു?” (26:1-3). അതിനുശേഷം സകലത്തി നെക്കാള്‍ ഏറ്റവും കൂടുതല്‍ സ്വയം പരിശോധനയ്ക്കു സഹായിക്കുന്ന ചോദ്യം അവന്‍ ചോദിക്കുന്നു: ”നിങ്ങളിലൂടെ സംസാരിക്കുന്നത് ആരുടെ ആത്മാവാണ്?” (26:4). ‘ഭൂമിയെ നാസ്തിത്വത്തിന്മേല്‍ തൂക്കുകയും അനേകം അത്ഭുതങ്ങള്‍ സൃഷ്ടി ക്കുകയും ചെയ്ത’ ദൈവത്തിന്റെ വലുപ്പത്തെക്കുറിച്ചു തുടര്‍ന്നു സംസാരിക്കുന്നു. അതിനുശേഷം അവന്‍ പറയുന്നത് സകല സൃഷ്ടിയും ”അവിടുത്തെ വഴികളുടെ അറ്റങ്ങളത്രെ” എന്നാണ്. അതുകൊണ്ട് ഈ വലിയ ദൈവത്തെക്കുറിച്ച് എത്ര കുറച്ചു മാത്രമേ നാം അറിയുന്നുള്ളു? (26:5-14). നമ്മെക്കുറിച്ച് തന്നെ ഉന്നത ചിന്തകള്‍ നമുക്ക് ഉണ്ടാകാതെ ഇരിക്കേണ്ടതിന് ഇത് ഓര്‍ക്കുന്നതു നമുക്കെല്ലാവര്‍ക്കും നല്ലതാണ്. ”എന്റെ മനസ്സാക്ഷി തെളിവുള്ളതാണ്” എന്നു പറഞ്ഞുകൊണ്ട് അവന്‍ അവസാനിപ്പിക്കുന്നു (27:6)- ഇതാണ് ഇയ്യോബിന്റെ ഒടുവിലത്തെ ഉത്തരം.

ഇയ്യോബിന്റെ സ്വയ നീതി

ബില്‍ദാദിനോട് തന്റെ മറുപടി നല്‍കി കഴിഞ്ഞ്, തന്റെ ജീവിതത്തില്‍ മറ്റുള്ളവരെ സഹായിക്കേണ്ടതിനു ചെയ്തിട്ടുള്ള എല്ലാ നല്ല കാര്യങ്ങളുടെയും ഒരു പട്ടിക നല്‍കിക്കൊണ്ട് ഇയ്യോബ് അവനെ തന്നെ ന്യായീകരിക്കുന്നതു തുടരുന്നു (അധ്യായങ്ങള്‍ 26-31). നാം ഈ അധ്യായങ്ങള്‍ വായിക്കുമ്പോള്‍ ദൈവത്തെക്കുറിച്ചും അവിടുത്തെ വഴികളെക്കുറിച്ചും ഇയ്യോബിനുണ്ടായിരുന്ന വലിയ വെളിച്ചവും ബൈബിള്‍ ഇല്ലാതിരുന്ന, പരിശുദ്ധാത്മാവിന്റെ അധിവാസം കൂടാതെയിരുന്ന, വളരെ പണ്ടുള്ള ആ നാളുകളില്‍ അവന്‍ ജീവിച്ച ഉന്നതമായ ജീവിതനിലവാരവും മനസ്സിലാക്കാം. അത് എത്ര ആശ്ചര്യകരമാണ്! ഈ അധ്യായങ്ങളിലുള്ള ചില കാര്യങ്ങള്‍ നോക്കുന്നത് നല്ലതാണ്. കാരണം അവ നമ്മെ ലജ്ജിപ്പിക്കുകയും ഇന്ന് കുറച്ചുകൂടി ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുവാന്‍ നമ്മെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

വിവേകത്തിനുവേണ്ടി അന്വേഷിക്കാതെ സ്വര്‍ണ്ണത്തിനു വേണ്ടി ആഴെ കുഴിക്കുന്ന മനുഷ്യന്‍ എത്ര വിഡ്ഢിയാണ് എന്നു പറഞ്ഞുകൊണ്ട് അവന്‍ ആരംഭിക്കുന്നു (28:1,12,13). യഹോവഭക്തിയാണ് ജ്ഞാനമെന്നും ദോഷം വിട്ടകലുന്നതാണ് അറിവ് എന്നും അവന്‍ തുടര്‍ന്നു പറയുന്നു (28:28). 1000 വര്‍ഷങ്ങള്‍ക്കു ശേഷം ശലോമോന്‍ കൃത്യമായ അതേ കാര്യം തന്നെ സദൃശവാക്യങ്ങള്‍ 9:10-ല്‍ പറയുന്നു. ആ അറിവ് അവനു ലഭിച്ചത് ഇയ്യോബിന്റെ പുസ്തകം വായിച്ചതിലൂടെയാണെന്നത് സംശയമില്ലാത്ത കാര്യമാണ്.

അധ്യായം 29-ല്‍, ഇയ്യോബ് ദരിദ്രരെയും അനാഥരെയും വിധവമാരെയും അന്ധന്മാരെയും മുടന്തന്മാരെയും കൂടാതെ ആവശ്യത്തിലിരുന്നവരെയും സഹായിച്ചുകൊണ്ട്, ദൈവവുമായി സുഹൃദ്ബന്ധത്തിലായിരുന്ന അവന്റെ കഴിഞ്ഞകാലത്തെ ക്കുറിച്ചു പറയുന്നതു തുടരുന്നു.

അധ്യായം 30-ല്‍ അവന്‍ പരാതി പറയുന്നത് ഇതാണ്: അവന്‍ ചെയ്തിട്ടുള്ള ഒരു നന്മയും കണക്കാക്കാതെ അവന്‍ ഇപ്പോള്‍ കഷ്ടത അനുഭവിക്കുന്നു. തന്നെയുമല്ല ദൈവത്താല്‍ അവന്‍ വളരെ തഴേക്ക് കൊണ്ടുവരപ്പെട്ടിരിക്കുന്നു.

അധ്യായം 31-ല്‍ അവന്റെ ജീവിതത്തില്‍ നീതിയെക്കുറിച്ച് അവന്‍ സംസാരിക്കുന്നു. സ്ത്രീകളെ മോഹിക്കാതിരിക്കേണ്ടതിന് അവന്റെ കണ്ണുകളെ അവന്‍ ശ്രദ്ധിച്ചിരുന്നു (31:1). മത്തായി 5-ല്‍ യേശു ഇതേക്കുറിച്ചു പറയുന്നതിനു 2000 വര്‍ഷങ്ങള്‍ മുമ്പുതന്നെ ഈ പാപത്തിനുമേല്‍ അവനു വെളിച്ചം ഉണ്ടായിരുന്നു. അവന്‍ കാപട്യമില്ലാതെ സ്വഭാവ ദാര്‍ഢ്യത്തോടെ നടന്നു (31:5,6). അവന്‍ ഒരിക്കലും അവന്റെ ഭാര്യയോട് അവിശ്വസ്തനായിരുന്നിട്ടില്ല (31:9-12). അവന്‍ തന്റെ വേലക്കാരോട് കരുണയോടെ പെരുമാറി (31:13-15). സാധുക്കളെയും വിധവമാരെയും സഹായിക്കുകയും അനാഥരെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തു (31:16-23). അവന്‍ ഒരിക്കലും പൊന്നിനെ ശരണമാക്കുകയോ വിഗ്രഹരാധകന്‍ ആയിരിക്കുകയോ ചെയ്തില്ല (31:24-28). അവന്റെ ശത്രു പരാജയപ്പെട്ടപ്പോള്‍ അവന്‍ സന്തോഷിച്ചിട്ടില്ല (31:29,30). അവന്‍ അപരിചിതര്‍ക്കു വേണ്ടി കരുതിയിട്ടുണ്ട് (31:31,32). പാപം ചെയ്തപ്പോഴെല്ലാം അവന്‍ അത് ഏറ്റു പറഞ്ഞിട്ടുണ്ട് (31:33). മനുഷ്യരുടെ നിന്ദയെ അവന്‍ ഭയപ്പെട്ടില്ല (31:34). അവന്റെ നിലത്തിന്റെ കാര്യത്തില്‍ പോലും അവന്‍ ശരിയാംവിധം ശ്രദ്ധിച്ചിട്ടുണ്ട് (31:38-40). ഇപ്പോള്‍ അവനോട് ഉത്തരം പറയേണ്ടതിന് അവന്‍ ദൈവത്തോടു നിലവിളിക്കുന്നു (31:35).

എന്തൊരു ദൈവഭക്തനായിരുന്നു ഇയ്യോബ് എന്നത് ഈ അധ്യായങ്ങളില്‍ നമുക്കു കാണാന്‍ കഴിയുന്നു. അവന്റെ ജീവിതത്തിന്റെ പല മേഖലകളിന്മേല്‍ അവനു വെളിച്ചം ഉണ്ടായിരുന്നു. കൂടാതെ അവന്‍ വളരെ ഉപകാരിയായ ഒരു മനുഷ്യനു മായിരുന്നു. എന്നിട്ടും ഒരു കാര്യത്തില്‍ അവനു വെളിച്ചം ഇല്ലായിരുന്നു: ആത്മീയ നിഗളം- അവന്റെ നീതിയില്‍ ഉള്ള നിഗളം. ദൈവം ഇയ്യോബിനെ സ്‌നേഹിച്ചിട്ട് ഇയ്യോബ് ഈ ഭൂമി വിട്ടു പോകുന്നതിനു മുമ്പ് ആ നന്മ കൂടി അവനുണ്ടാകണമെന്ന് തീരുമാനിച്ചു. അതുകൊണ്ട് ഇയ്യോബിനോടുള്ള അഗാധമായ സ്‌നേഹത്തില്‍ അവനെ ദൈവഭക്തനും വിനയശീലനും ആക്കിത്തീര്‍ക്കേണ്ടതിന് ദൈവം അവനെ ഈ ആഴമുള്ള ശോധനയിലൂടെ കടത്തിക്കൊണ്ടു പോയി.

ഭക്തനായ പൗലൊസ് അപ്പൊസ്തലന്‍ നിഗളമുള്ളവനായിത്തീരാനുള്ള അപകടത്തിലായപ്പോള്‍, ദൈവം പൗലൊസിനെയും കഷ്ടതയിലൂടെ കടത്തിക്കൊണ്ടു പോയി. സാത്താന്റെ ദൂതനായിരുന്ന, ജഡത്തിലെ ഒരു മുള്ള് അവിടുന്ന് അവനു നല്‍കി (2 കൊരി. 12:7). ഇയ്യോബിനും സാത്താന്റെ ഒരു ദൂതന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെന്തുകൊണ്ടാണ് തനിക്കു ലഭിച്ചതെന്ന് ഇയ്യോബ് അറിഞ്ഞില്ല; എന്നാല്‍ പൗലൊസിന് സ്വന്ത ജീവിതം സംബന്ധിച്ച് അതറിയാമായിരുന്നു.

അതുകൊണ്ടാണ് അനേകം ഭക്തന്മാരെ ദൈവം കഷ്ടതയിലൂടെ, തെറ്റിദ്ധാരണകളിലൂടെ, എതിര്‍പ്പിലൂടെ, ഉപദ്രവങ്ങളിലൂടെ ഒക്കെ കൊണ്ടുപോകുന്നത്. അവരെ താഴ്ത്തുവാനും തകര്‍ക്കുവാനും, അതുവഴി അവിടുത്തേക്ക് തന്റെ കൃപ അവരുടെമേല്‍ ചൊരിയുവാന്‍ കഴിയേണ്ടതിനും വേണ്ടിയാണ്. കാരണം ദൈവം താഴ്മയുള്ളവര്‍ക്കു മാത്രമേ കൃപ നല്‍കുന്നുള്ളു.

പരാതിപ്പെടുന്നതിനു ഇയ്യോബിനെ നമുക്കു കുറ്റപ്പെടുത്താന്‍ കഴിയില്ല. അവന് ഒരു ബൈബിള്‍ ഇല്ലായിരുന്നു. ഉള്ളില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവില്ലായിരുന്നു. അല്ലെങ്കില്‍ അവനെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സഹോദരനും ഇല്ലായിരുന്നു. എന്നാല്‍ പൗലൊസ് ഒരിക്കലും പരാതിപ്പെട്ടില്ല. നാമും പരാതി പ്പെടേണ്ട ആവശ്യമില്ല.

എലീഹുവിന്റെ വിമര്‍ശനങ്ങള്‍

നാം ഇപ്പോള്‍ ഏറ്റവും ഒടുവിലത്തെ പ്രസംഗകനിലേക്കു വന്നിരിക്കുന്നു – എലീഹു. അവന്‍ മറ്റു മൂന്നു പ്രസംഗകരെക്കാള്‍ പ്രായം കുറഞ്ഞവനായിരുന്നു. എന്നാല്‍ അവന്‍ അവരെല്ലാവരെക്കാളും വിവേകമുള്ളവനായിരുന്നു. അതേസമയം മറ്റൊരു കാര്യത്തില്‍ അവന്‍ അവിവേകി ആയിരുന്നു. അവിടെ പറയുന്നത് ‘എലീഹുവിന്റെ കോപം ജ്വലിച്ചിട്ട് അവന്‍ സംസാരിച്ചു’ എന്നാണ് (32:5-9).

എപ്പോഴും എന്റെ ഉപദേശം ഇതാണ്: ”നിങ്ങള്‍ കോപം ഉള്ളവനായിരിക്കുമ്പോഴൊന്നും നിങ്ങള്‍ വായ് തുറക്കരുത്. നിങ്ങള്‍ ആരോടും സംസാരിക്കരുത്. തന്നെയുമല്ല തീര്‍ച്ചയായും നിങ്ങള്‍ പ്രസംഗിക്കരുത്. കാരണം മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ നേടുന്നില്ല” (യാക്കോബ് 1:20 കാണുക). നിങ്ങള്‍ ഈ നിയമം പിന്‍തുടര്‍ന്നാല്‍ നൂറുകണക്കിനു പാപങ്ങള്‍ ചെയ്യാതെ നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ കഴിയും. എന്നാല്‍ എലീഹുവിന് ആ ജ്ഞാനം ഇല്ലായിരുന്നു. അവന്‍ കുപിതനായിരുന്നിട്ടും സംസാരിച്ചു. അവന്‍ സ്വയനീതിയുടെ മാര്‍ഗ്ഗത്തിലാണ് കോപിച്ചത്. കാരണം ദൈവത്തിനെതിരായി ഇയ്യോബ് പാപം ചെയ്തിട്ടുണ്ട് എന്നത് സമ്മതിക്കുവാന്‍ ഇയ്യോബ് തയ്യാറായില്ല എന്നവന്‍ പറഞ്ഞു.

അടിസ്ഥാനപരമായി ഈ പ്രസംഗകരെല്ലാം പറഞ്ഞിരുന്നത് ”ഇയ്യോബേ, നീ പാപം ചെയ്തിരിക്കുന്നു, നിന്റെ മക്കള്‍ പാപം ചെയ്തിരിക്കുന്നു. നിങ്ങളെല്ലാവരും കാപട്യക്കാരാണെന്നു ദൈവം അറിയുന്നു” എന്നാണ്. എന്നാല്‍ ഈ പ്രസംഗകര്‍ക്കാര്‍ക്കും ദൈവത്തിന്റെ മനസ്സില്ലായിരുന്നു എന്നതാണ് വസ്തുത. അവര്‍ക്കു ധാരാളം അറിവുണ്ടായിരുന്നു- ഒരുപക്ഷേ എലീഹുവിന് നേരത്തെ വന്ന മൂന്നു പേരെക്കാള്‍ കുറച്ചു കൂടി അറിവുണ്ടായിരുന്നിരിക്കാം. എന്നാല്‍ എലീഹു താന്‍തന്നെ ഒരിക്കലും കഷ്ടത്തിലൂടെ കടന്നുപോയിട്ടില്ലാത്ത എരിവുള്ള ഒരു യുവാവായിരുന്നു. അങ്ങനെയുള്ള ആളുകള്‍ പ്രസംഗിക്കുവാനും ഉപദേശം നല്‍കുവാനും തുടങ്ങുമ്പോള്‍ അവര്‍ പറയുന്നതെല്ലാം വെറും സിദ്ധാന്തങ്ങള്‍ ആയിരിക്കും. പൗലൊസ് അവിടെ ഉണ്ടായിരുന്നെങ്കില്‍ അവന് ഇയ്യോബിനോട് അവന്റെ കഷ്ടതയുടെ കാരണങ്ങള്‍ വിവരിച്ചു കൊടുക്കുവാന്‍ കഴിയുമായിരുന്നു- കാരണം പൗലൊസിന് അനുഭവമുണ്ട്.

എലീഹു മറ്റുള്ളവരെക്കാള്‍ ഒരു നല്ല മനുഷ്യന്‍ ആകുമായിരുന്നു. എന്നാല്‍ ശോധനയുടെയും കഷ്ടതയുടെയും വ്യക്തിപരമായ അനുഭവം കൂടാതെയുള്ള അവന്റെ ശുശ്രൂഷ ആഴമില്ലാത്തതായിരുന്നു. എലീഹു ഇയ്യോബിനോടു മാത്രമല്ല മറ്റു മൂന്നു പ്രസംഗകരോടും കോപമുള്ളവനായിരുന്നു (വാക്യം 3).

നമുക്കെല്ലാവര്‍ക്കും ഗൗരവതരമായി പരിഗണിക്കാന്‍ കഴിയുന്ന ചില നല്ല കാര്യങ്ങള്‍ എലീഹു പറഞ്ഞു:

”ഞാന്‍ മൊഴികള്‍ കൊണ്ടു തിങ്ങിയിരിക്കുന്നു. എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിര്‍ബന്ധിക്കുന്നു” (32:18). നമ്മുടെ ഹൃദയം എപ്പോഴും ദൈവവചനം കൊണ്ടു നിറഞ്ഞിരിക്കണം. തന്നെയുമല്ല പരിശുദ്ധാത്മാവ് നമ്മെ നിര്‍ബന്ധിക്കുന്നതു മാത്രമേ നാം സംസാരിക്കാവൂ.

”ഞാന്‍ ഒരുത്തന്റെയും പക്ഷം പിടിക്കുകയോ ആരോടും മുഖസ്തുതി പറയുകയോ ഇല്ല”(32:21). പക്ഷപാതവും മുഖസ്തുതിയും ദൈവം വെറുക്കുന്നു. ഈ രണ്ടു പാപങ്ങള്‍ നമ്മിലാരിലും ഒരിക്കലും കാണരുത്.

”എന്നെക്കുറിച്ചുള്ള പേടി ആരെയും ഭയപ്പെടുത്തുകയില്ല. എന്റെ സമ്മര്‍ദ്ദം മറ്റാര്‍ക്കും ഭാരമാകുകയുമില്ല” (33:7). ആരും നമ്മെ പേടിക്കുകയോ നമ്മുടെ സാന്നിദ്ധ്യം കൊണ്ട് ആരെയും ഭയപ്പെടുത്തുകയോ അരുത്. ഒരാളുടെ സ്വതന്ത്ര ഇച്ഛ കവര്‍ന്നെടുക്കത്തക്ക വിധത്തില്‍ നാം മറ്റുള്ളവരുടെ മേല്‍ എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തി ആരെക്കൊണ്ടും ബലം പ്രയോഗിച്ച് ഒന്നും ചെയ്യിക്കരുത്.

അധ്യായം 33:14-30 വരെയുള്ള വാക്യങ്ങളില്‍ ദൈവം മനുഷ്യരോടു സംസാരിക്കുന്ന മൂന്നു വ്യത്യസ്ത വിധങ്ങളെക്കുറിച്ചുള്ള അത്ഭുതകരമായ ചില സത്യങ്ങള്‍ എലീഹു സംസാരിക്കുന്നു: ഒന്നാമതായി ഒന്നോ രണ്ടോ തവണ ദൈവം നേരിട്ട് സംസാരിക്കും (വാക്യം 14). അവര്‍ അവിടുത്തെ കേള്‍ക്കുന്നില്ലെങ്കില്‍, പിന്നീട് അവിടുന്ന് അവരോട് അവര്‍ ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളില്‍ സംസാരിക്കുന്നു (വാക്യം 15). എന്നിട്ടും അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍, അവിടുന്ന് അവരോട്, അവരെ രോഗങ്ങളാല്‍ ശിക്ഷിക്കുന്നതിലൂടെ (വാക്യങ്ങള്‍ 19-22) ഇടപെടും. ഈ എല്ലാ സംസാരത്തിന്റെയും ഉദ്ദേശ്യം മനുഷ്യനെ അവന്റെ നിഗളത്തില്‍ നിന്നും അതിന്റെ ഫലമായുള്ള നരകത്തില്‍ നിന്നും രക്ഷിക്കുക എന്നതാണ് (വാക്യങ്ങള്‍ 17,18). എന്നാല്‍ ഇതെല്ലാം മനുഷ്യനോടു പറയുവാനും വിശദീകരിച്ചു കൊടുക്കുവാനും ഒരു സന്ദേശ വാഹകന്‍ (ദൂതന്‍) ഉണ്ടായിരിക്കണം. അതുവഴി അവനു പ്രാര്‍ത്ഥിക്കുവാനും അവന്റെ പാപങ്ങള്‍ ദൈവത്തോട് ഏറ്റുപറഞ്ഞ് പൂര്‍ണ്ണമായി സൗഖ്യമാകുവാനും നരകത്തില്‍നിന്നു വിടുവിക്കപ്പെടുവാനും കഴിയുമല്ലോ (വാക്യങ്ങള്‍ 23-28).

എന്നാല്‍ ”ഇയ്യോബിനെപ്പോലെ ധാര്‍ഷ്ട്യക്കാരനായ ഒരു മനുഷ്യന്‍ എപ്പോഴെങ്കിലും ഉണ്ടായിരുന്നോ?” (34:7-ലിവിങ്) എന്ന ചോദ്യം പോലെയുള്ള പ്രസ്താവനകള്‍ അവന്‍ നടത്തിയപ്പോള്‍ എലീഹുവിന്റെ അന്ധത അവിടെ വെളിപ്പെട്ടുവരുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ആദാമിന്റെ കാലം മുതല്‍ ഈ ഭൂമിയുടെ മുഖത്ത് ഇയ്യോബിനെപ്പോലെ ഗര്‍വ്വിയായ ഒരു മനുഷ്യന്‍ എപ്പോഴെങ്കിലും ഉണ്ടായിരുന്നോ? എന്നാണ് എലീഹു ചേദിച്ചത്. എന്നാല്‍ ഇയ്യോബിനെക്കുറിച്ച് ദൈവത്തിന്റെ അഭിപ്രായം എന്തായിരുന്നു? – ”അവനെപ്പോലെ പൂര്‍ണ്ണനും നേരുള്ളവനുമായ ഒരു മനുഷ്യന്‍ ഈ ഭൂമിയുടെ മുഖത്തു വേറെ ആരുമില്ല.” എലീഹു ദൈവവുമായുള്ള കൂട്ടായ്മയില്‍ നിന്ന് അത്രമാത്രം വെളിയിലായിരുന്നു. അതുകൊണ്ട് ഇയ്യോബിനെ ക്കുറിച്ചുള്ള അവന്റെ അഭിപ്രായം ദൈവത്തിന്റേതിനു നേരെ എതിരായിരുന്നു താനും.

എലീഹു യേശുവിന്റെ കാലത്തുണ്ടായിരുന്ന ബൈബിള്‍ പണ്ഡിതന്മാരപ്പോലെ (പരീശന്മാര്‍, ശാസ്ത്രിമാര്‍, ഹന്നാസ്, കയ്യാഫവ്) ആയിരുന്നു. യേശു ‘ഭൂതങ്ങളുടെ രാജകുമാര’നാണെന്ന് അവര്‍ക്കു നല്ല തീര്‍ച്ചയായിരുന്നു! എന്നാല്‍ പത്രൊസിനെ പ്പോലെ പഠിപ്പില്ലാത്തവര്‍ക്ക്, യേശു ദൈവത്തിന്റെ പുത്രനായ മശിഹാ ആണെന്നറിയാമായിരുന്നു. പത്രൊസിന്റെ ബുദ്ധിയോ അല്ലെങ്കില്‍ വേദപരിജ്ഞാനമോ അല്ല അവനെ അതു പഠിപ്പിച്ചത്. മറിച്ചു ദൈവമായിരുന്നു.

അനേകം ബുദ്ധിശാലികളായ മതഭക്തര്‍ക്ക് ഒരു ദൈവഭക്തനെക്കുറിച്ച്, ദൈവത്തിന് ആ മനുഷ്യനെക്കുറിച്ചുണ്ടായിരുന്ന അഭിപ്രായത്തിനു നേരെ വിപരീതമായ അഭിപ്രായമാകാം ഉണ്ടാകുക. അതുകൊണ്ട് മതഭക്തരായ ആളുകള്‍, നിങ്ങള്‍ തെറ്റുകാരനാണെന്നു വിചാരിച്ചാല്‍ നിങ്ങള്‍ നിരുത്സാഹപ്പെടരുത്. ഒരു ദൈവഭക്തനു മാത്രമേ മറ്റൊരു ദൈവഭക്തന്റെ യഥാര്‍ത്ഥ വില കണക്കാക്കാന്‍ കഴിയൂ.

എലീഹു ദൈവത്തെ സംബന്ധിച്ച് ആശ്ചര്യകരമാംവിധം സത്യമായ ചില കാര്യങ്ങള്‍ തുടര്‍ന്നു പറയുന്നു: ”ദൈവം സര്‍വ്വശക്തനാണ്, എങ്കിലും അവിടുന്ന് ആരെയും നിന്ദിക്കുന്നില്ല” (36:5). ദൈവം പൂര്‍ണ്ണതയുള്ളവനാകയാല്‍, അവിടുന്ന് ആരെയും നിന്ദിക്കുന്നില്ല. അപൂര്‍ണ്ണരായ നാം മറ്റു മനുഷ്യരെ നിന്ദിക്കുന്നു. നാം എത്ര കണ്ട് പൂര്‍ണ്ണതയുള്ളവരാകുന്നോ, അത്ര കണ്ട് നാം ദൈവത്തെപ്പോലെ ആരെയും നിന്ദിക്കാത്തവരായി തീരും!

”നോക്കുക. ദൈവം നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനും അപ്പുറം ഉയര്‍ത്തപ്പെട്ടിരിക്കുന്നു. സര്‍വ്വശക്തന്റെ ശക്തി നമുക്ക് സങ്കല്പിക്കാന്‍ കഴിയുകയില്ല. എന്നിട്ടും അവിടുന്നു നമ്മെ കഷ്ടപ്പെടുത്താത്തവിധം അത്രയ്ക്കു നീതിയുള്ളവനും കരുണയുള്ളവനും ആണ്. എല്ലായിടത്തുമുള്ള ആളുകള്‍ അവിടുത്തെ ഭയപ്പെടുന്നതില്‍ ഒരതിശയവുമില്ല. യഥാര്‍ത്ഥമായി വിവേകമുള്ളവര്‍ അവിടുത്തോടു ഭയഭക്തി കാണിക്കും” (36:26; 37:23,24).

എന്നാല്‍ എലീഹു അപ്പോള്‍ ദൈവത്തെക്കുറിച്ചു തെറ്റായ ചില കാര്യങ്ങള്‍ കൂടി പറയുന്നു. അവന്‍ പറഞ്ഞു: ”മനുഷ്യര്‍ ദൈവത്തെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്താല്‍, അവരുടെ ജീവിതത്തിലുടനീളം അഭിവൃദ്ധി കൊണ്ട് അനുഗ്രഹിക്കപ്പെടും. അവരുടെ ജീവിതം മുഴുവന്‍ ആരോഗ്യവും സമ്പത്തും കൊണ്ട് സന്തോഷ മുള്ളതായിരിക്കും. എന്നാല്‍ അവര്‍ ദൈവത്തെ കേള്‍ക്കുന്നതു നിരസിച്ചാല്‍ അവര്‍ യുദ്ധത്തില്‍ പട്ടുപോകയും മരിക്കുകയും ചെയ്യും” (ഇയ്യോബ് 36:11,12). അതുകൊണ്ട് എലീഹുവും ആരോഗ്യത്തിന്റെയും സമ്പത്തിന്റെയും ‘സമൃദ്ധിയുടെ സുവിശേഷം’ പ്രസംഗിക്കുന്ന ഒരാള്‍ ആയിരുന്നു എന്നു നാം കാണുന്നു. ഇന്നും അനേകം പ്രസംഗകരില്‍ നിന്നു കേള്‍ക്കുന്ന വ്യാജ സുവിശേഷം ഇതാണ്.

എലീഹുവിനോട് ഇയ്യോബിന്റെ മറുപടി എന്താണ്? ഒന്നുമില്ല!

ഇയ്യോബിനോട് ദൈവത്തിന്റെ ചോദ്യങ്ങള്‍

അനന്തരം ദൈവം ഇയ്യോബിനോടു മറുപടി പറഞ്ഞു (അധ്യായങ്ങള്‍ 38-41). നാലു പ്രസംഗകര്‍ (ദൈവത്തെ പ്രതിനിധീകരിക്കുന്നവര്‍ എന്നവകാശപ്പെടുന്നവര്‍) സംസാരിച്ച രീതിയോടു താരതമ്യം ചെയ്ത് ദൈവം ഇയ്യോബിനോടു സംസാരിച്ച രീതി ശ്രദ്ധിക്കുക. ദൈവം ഒരിക്കല്‍ പോലും രഹസ്യത്തില്‍ പാപം ചെയ്തു എന്ന് ഇയ്യോബിനെ കുറ്റപ്പെടുത്തുകയോ അല്ലെങ്കില്‍ അവന്റെ പാപത്തിനു വേണ്ടിയാണ് അവന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നു പറയുകയോ ചെയ്തില്ല. എന്നിട്ടും ഇയ്യോബിനു പെട്ടെന്നു പാപബോധം ഉണ്ടാകുകയും മാനസാന്തരപ്പെടുകയും ചെയ്തു!!

എങ്ങനെ ആളുകളോടു സംസാരിക്കണമെന്നും എങ്ങനെ പ്രസംഗിക്കണമെന്നും നമുക്കെല്ലാവര്‍ക്കും പഠിക്കാന്‍ കഴിയുന്ന എന്തൊരു പാഠമാണിത്! ദൈവത്തിന്റെ വഴികള്‍ നമ്മുടെ വഴികള്‍ അല്ല. മറ്റുള്ളവര്‍ ചെയ്തു എന്ന് തങ്ങള്‍ ഊഹിക്കുന്ന പാപങ്ങളെക്കുറിച്ചു പറഞ്ഞ് ആളുകള്‍ക്കു പാപബോധം വരുത്തുവാന്‍ അനേകം പ്രസംഗകര്‍ ശ്രമിക്കാറുണ്ട്. പ്രസംഗകര്‍ അപവാദിയുടെ ആത്മാവില്‍ സംസാരിച്ച തിന്റെ കുറ്റം അവര്‍ തന്നെ വര്‍ദ്ധിപ്പിക്കുന്നതല്ലാതെ അത്തരം ഒരു സമീപനം കൊണ്ട് ഒരു ഫലവും ഉണ്ടാകുന്നില്ല- ദൈവം തന്റെ വലിയ കരുണയിലും മനസ്സലിവിലും, ഏതു വിധത്തിലായാലും മനുഷ്യനോട് തികച്ചും വ്യത്യസ്തമായ മറ്റൊരു രീതിയിലാണ് സംസാരിക്കുന്നത്. അപ്പോള്‍ ആ മനുഷ്യന്‍ പൂര്‍ണ്ണമായി അവന്റെ പാപത്തെക്കുറിച്ചു ബോധ്യമുള്ളവനായി ഇപ്രകാരം പറയുന്നു: ”ഓ ദൈവമേ ഞാന്‍ മലിനപ്പെട്ടു, ഞാന്‍ ഒന്നുമില്ല. ഞാന്‍ മാനസാന്തരപ്പെടുന്നു. ദയയുണ്ടായി എന്നോടു ക്ഷമിക്കേണമേ.” ദൈവം ആളുകളെ മാനസാന്തരത്തിലേക്കു നയിക്കുന്നത് അവിടുത്തെ ദയയാലാണ് (റോമ. 2:4).

ദൈവം ഈ അധ്യായങ്ങളില്‍ ഇയ്യോബിനോടു ചോദിക്കുന്ന അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഇവയാണ്:

  1. സൃഷ്ടിയിലുള്ള ഈ അത്ഭുതങ്ങള്‍ നിനക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആത്മീയ യാഥാര്‍ത്ഥ്യങ്ങള്‍ നിനക്കെങ്ങനെ മനസ്സിലാക്കാന്‍ കഴിയും?
  2. എന്റെ എല്ലാ സൃഷ്ടിയെയും ഞാന്‍ നിയന്ത്രിക്കുന്നെങ്കില്‍, നിന്റെ ആടുകളുടെമേല്‍ ഏറ്റ മിന്നലിനെയോ, നിന്റെ വേലക്കാരെ കൊന്ന ശെബായരെയും കല്‍ദയരെയുമോ, നിന്റെ മക്കളുടെ വീടുകളുടെ മേല്‍ അടിച്ച കാറ്റിനെയോ എനിക്കു നിയന്ത്രിക്കാന്‍ കഴിയുകയില്ലെന്നു നീ ചിന്തിക്കുന്നുവോ?
  3. ഞാന്‍ സൃഷ്ടിച്ച ഒരു മുതലയുടെ മുമ്പില്‍ നിനക്കു നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ നിനക്കെങ്ങനെ എന്റെ മുമ്പില്‍ നില്‍ക്കാന്‍ കഴിയും? (41:9-11).


ദൈവം ഇയ്യോബിനെ അവിടുത്തെ പരമാധികാര ശക്തിയും എല്ലാ സൃഷ്ടിയുടെയും മേല്‍ അവിടുത്തെ നിയന്ത്രണവും കാണിച്ചുകൊടുത്തു. അത്രമാത്രമേ പറയേണ്ടിയിരുന്നുള്ളൂ. അപ്പോള്‍ ഇയ്യോബ് വിനയാന്വിതനായി. നാലു പ്രസംഗകരുടെ മണിക്കൂറുകളോളം നീണ്ട നേരിട്ടുള്ള ആക്രമണത്തിന് ഒന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഏതാനും നിമിഷത്തേക്കുള്ള ദൈവത്തിന്റെ പരോക്ഷമായ സമീപനം സകലവും നിര്‍വ്വഹിച്ചു. നാം പ്രശ്‌നങ്ങളെയും ബാധകളെയും ശത്രുക്ക ളെയും നേരിടുമ്പോള്‍ നമ്മുടെ ഹൃദയത്തിനും സ്വസ്ഥത കൊണ്ടുവരുന്നത് ദൈവത്തിന് അവിടുത്തെ സകല സൃഷ്ടിയുടെയുംമേല്‍ ഉള്ള പരമമായ നിയന്ത്രണത്തിലുള്ള വിശ്വാസമാണ്.

യഹോവ ഇയ്യോബിനോടു ചോദിച്ചു, ”നിനക്കിനിയും സര്‍വ്വശക്തനോടു വാദിക്കണമോ?” (40:2). ഇതുവരെ ഓരോ വാദത്തിനും ഉടനടി മറുപടി ഉണ്ടായിരുന്ന ഇയ്യോബ് നിശ്ശബ്ദനാക്കപ്പെട്ടു. ഇപ്പോള്‍ അവന്‍ പറയുന്നു: ”യഹോവേ, ഞാന്‍ ഒന്നുമില്ല, എനിക്കൊന്നും പറയാനുമില്ല. ഞാന്‍ ഇനി സംസാരിക്കയില്ല” (40:4,5).

ആത്മപ്രേരിതമായ വചനത്തിന്റെ ആദ്യപുസ്തകം നമ്മെ പഠിപ്പിക്കുന്നത് ദൈവത്തിനു നമ്മുടെ ജീവിതത്തില്‍ എല്ലാമായി തീരേണ്ടതിന് നമ്മുടെ ഒന്നുമില്ലായ്മ നാം തിരിച്ചറിയണമെന്ന് അവിടുന്നാഗ്രഹിക്കുന്നു എന്നാണ്. അപ്പോള്‍ നമ്മുടെ ജീവിതം അവിടുത്തെ ഉദ്ദേശ്യങ്ങള്‍ നിവര്‍ത്തിക്കുകയും അനേകര്‍ക്ക് അനുഗ്രഹമായിരിക്കുകയും ചെയ്യും. ദൈവം ആരെയെങ്കിലും ഉപയോഗിക്കുന്നതിനു മുമ്പ്, അവിടുത്തേക്ക് അവനെ ഒന്നുമില്ലാത്തവനായി ചെറുതാക്കേണ്ടതുണ്ട്.

പൗലൊസ് പറഞ്ഞു: ”പൗലൊസ് ആര്‍? അപ്പല്ലൊസ് ആര്‍? ഞാന്‍ നട്ടു, അപ്പല്ലൊസ് നനച്ചു. എന്നാല്‍ വളരുമാറാക്കുന്നവന്‍ ദൈവമാണ്. അതുകൊണ്ട് നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല” (1 കൊരി. 3:5,6). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, സുവിശേഷ വേല ചെയ്യുന്നവന്‍ ഏതുമില്ല വേദപുസ്തകം പഠിപ്പിക്കുന്നവനും എതുമില്ല. ദൈവമാണ് എല്ലാം. അതുകൊണ്ട് സര്‍വ്വമഹത്വവും അര്‍ഹിക്കുന്നവനും അവിടുന്നു മാത്രമാണ്. ഇതായിരുന്നു പൗലൊസിന്റെ ജീവിത രഹസ്യം- അവന്റെ ജീവതാവസാനത്തില്‍ പോലും അവന്‍ ഒരു പൂജ്യമായിരുന്നു.

എവിടെയെങ്കിലും ആത്മാക്കള്‍ രക്ഷിക്കപ്പെടുന്നതില്‍ ബഹുമതി പിടിച്ചെടുക്കാന്‍ അത്യുത്സാഹമുള്ള പ്രസംഗകര്‍ ഉണ്ട്. ”മറ്റെ പാസ്റ്റര്‍ എന്റെ സഭയില്‍ നിന്ന് എന്റെ ആടുകളെ മോഷ്ടിച്ചു” എന്നൊക്കെ പറഞ്ഞു പരാതിപ്പെടുന്ന പാസ്റ്റര്‍മാരും ഉണ്ട്. എന്തുകൊണ്ടാണ് അവര്‍ അപ്രകാരം സംസാരിക്കുന്നത്? കാരണം അവര്‍ ഇതുവരെ പൂജ്യം ആയിത്തീര്‍ന്നിട്ടില്ല. അവര്‍ ”എന്റെ സഭ” എന്നു പറയുമ്പോള്‍ ഏതു സഭയെക്കുറിച്ചാണ് അവര്‍ പറയുന്നത്? യേശുക്രിസ്തുവിന്റെ സഭ നമുക്കറിയാം. എന്നാല്‍ ഏതാണ് അവരുടെ സഭ? തീര്‍ച്ചയായും എല്ലാവരും ”അവരുടെ സഭയില്‍” നിന്ന് എടുത്തു മാറ്റപ്പെട്ട് യേശുക്രിസ്തുവിന്റെ സഭയില്‍ നടപ്പെടണം!! അതിനുശേഷം ”അവരുടെ സഭ” നശിപ്പിക്കപ്പെടണം.

ഇയ്യോബിനു താന്‍ നിസ്സാരന്‍ ആണെന്നും ഇനിമേല്‍ ഒരിക്കലും തന്നെത്തന്നെ ന്യായീകരിക്കയില്ലെന്നും സമ്മതിക്കുവാന്‍ എത്ര നീണ്ട സമയം വേണ്ടി വന്നു! അതിനുശേഷം, അവന്റെ ജീവിതകാലം മുഴുവന്‍, ഇയ്യോബ് ”കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും” ഉള്ള ഒരു മനുഷ്യന്‍ ആയിത്തീര്‍ന്നിരിക്കണം (യാക്കോബ് 1:19). ആറ് അധ്യായങ്ങളിലായി അവന്‍ നല്‍കിയ നീണ്ട പ്രസംഗം (അധ്യായം 26-31), മുഴുവന്‍ ബൈബിളിലും കണ്ടെത്തപ്പെട്ടിട്ടുള്ള ഒരു നീണ്ട സ്വയ-ന്യായീകരണമാണ്. അതിലൂടെയെല്ലാം വമിക്കുന്നത് സ്വയനീതിയുടെ ദുര്‍ഗന്ധമാണ്. എന്നാല്‍ ഇയ്യോബിന് അവന്റെ തന്നെ നിഗളം മണക്കാന്‍ കഴിയുകയില്ലല്ലോ.

ഇപ്പോള്‍ അവന്റെ ‘സ്വയ-നീതിയുള്ള മനുഷ്യന്‍’ പൂജ്യമായിത്തീര്‍ന്നിട്ടുണ്ട്. ആരുടെ പ്രസംഗത്തിന്റെ ഫലമായാണ്? ദര്‍ശനങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചു സംസാരിച്ച ഒരുവനിലൂടെയാണോ? പിതാക്കന്മാരുടെ പാരമ്പര്യങ്ങള്‍ പരിശുദ്ധമായി ഉയര്‍ത്തിപിടിച്ച മറ്റൊരുവനിലൂടെയാണോ? സ്വയം നിയമിതനായ ”പ്രവാചകനിലൂടെ”യാണോ? അതോ താന്‍ പറഞ്ഞതിലെല്ലാം വളരെ ശരിയുണ്ടായിരുന്നെന്നു കരുതിയ പുരുഷനിലൂടെയാണോ? ഈ നാലു പ്രസംഗകരില്‍ ആര്‍ക്കും തന്നെ അവനെ സഹായിക്കാന്‍ കഴിഞ്ഞില്ല. തിരിച്ചറിവിലേക്കു വരുവാന്‍ ഇയ്യോബിനെ സഹായിച്ചതു ദൈവമായിരുന്നു. അഞ്ചാമത്തെ പ്രസംഗകന്‍ അവിടുന്നായിരുന്നു. നാം അനുകരിക്കേണ്ടത് അവിടുത്തെയാണ്. ”ദൈവത്തിന്റെ അനുകാരികള്‍ ആകുവിന്‍” (എഫെസ്യ 5:1).

ദൈവത്തിന്റെ സംക്ഷിപ്ത സന്ദേശം എന്തൊരു അത്ഭുതകരമായ കാര്യമാണ് ഇയ്യോബില്‍ ചെയ്തത്! മറ്റു പ്രസംഗകര്‍ക്ക്, അവരുടെ നീണ്ട ആവര്‍ത്തന വിരസമായ പ്രസംഗങ്ങള്‍ക്ക്, ചെയ്യാന്‍ കഴിയാഞ്ഞത്. ഇതിന്റെ കാരണമെന്തായി രുന്നു? ഉത്തരം ഇതാണ്: ദൈവം ഇയ്യോബിനെ സ്‌നേഹിച്ചു. ആ നാലു പ്രസംഗകര്‍ സ്‌നേഹിച്ചില്ല. നാം ആളുകളെ നമ്മുടെ ഹൃദയത്തില്‍ നിന്നു സ്‌നേഹിക്കുമ്പോള്‍, അവര്‍ക്കു നല്‍കുവാനുള്ള ശരിയായ വാക്കുകള്‍ ദൈവം നമുക്കു നല്‍കും. നാം അവരെ സ്‌നേഹിക്കാത്തപ്പോള്‍, നാം അവരെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമേ ചെയ്യുകയുള്ളു. നമുക്ക് അവരെ അനുഗ്രഹിക്കാന്‍ കഴിയുകയില്ല. നാം സേവിക്കുന്ന ജനങ്ങളെ സ്‌നേഹിക്കുവാന്‍ നമുക്കു പഠിക്കാം. അപ്പോള്‍ ദൈവം എപ്പോഴും അവരോടു സംസാരിക്കുവാനുള്ള അനുയോജ്യമായ വാക്കുകള്‍ നമുക്കു നല്‍കും.

ദൈവത്തിന്റെ ഒരു പ്രവാചകന് ദൈവത്തിന്റെ വചനം അവന്റെ ഹൃദയത്തിനുള്ളിലും ദൈവജനം അവന്റെ ഹൃദയത്തിന്‍മേലും ഉണ്ടായിരിക്കണം. അപ്പോള്‍ ദൈവം അവര്‍ക്കുവേണ്ട പ്രവചന സന്ദേശം അവനു നല്‍കും.

മറ്റു നാലു പ്രസംഗകരും ഇയ്യോബിന് അവന്റെ പാപത്തെക്കുറിച്ചു ബോധ്യം വരുത്താന്‍ ശ്രമിച്ചപ്പോള്‍, ദൈവം ഇയ്യോബിനെ ഒരു ആരാധകനാക്കുന്ന കാര്യം അന്വേഷിച്ചു. ദൈവം വിജയിക്കുകയും ചെയ്തു. ഇന്ത്യയിലെ ക്രിസ്തീയ സഭ എന്ന നിലയില്‍, നാം അവിശ്വാസമുള്ള തലമുറയ്ക്കു കാണിച്ചു കൊടുക്കേണ്ടത് ഇതാണ്- നമ്മുടെ ദൈവം സര്‍വ്വശക്തനും ഈ പ്രപഞ്ചത്തിന്റെ പരമാധികാരിയായ ഭരണകര്‍ത്താവും ആണെന്ന്. നാം നമ്മുടെ എതിരാളികളുടെ ഭീഷണിയാല്‍ വിരണ്ടുപോകേണ്ടവരല്ല- കാരണം നമ്മുടെ തലയിലെ ഒരു മുടിപോലും നമ്മുടെ പരമാധികാരിയായ സ്വര്‍ഗ്ഗീയ പിതാവിന്റെ അനുവാദം കൂടാതെ ആര്‍ക്കും തൊടാന്‍ കഴിയുകയില്ല.

മനസ്സലിവോടുകൂടി പ്രവര്‍ത്തിക്കുവാന്‍ നമുക്കു പഠിക്കാം- എപ്പോഴും വിമര്‍ശിക്കാന്‍ തയ്യാറായിരിക്കുന്നതിനുപകരം. സത്യമായ വസ്തുതകള്‍ അറിയാതിരിക്കുമ്പോള്‍ നമുക്ക് ഒരിക്കലും വിധി പ്രസ്താവിക്കാതിരിക്കാം. വസ്തുതകള്‍ നമുക്കറിയാം എന്നു കരുതുമ്പോള്‍പോലും ഇപ്പോഴും നാം അറിയാത്ത മറ്റു വസ്തുതകള്‍ ഉണ്ടാകാം എന്നു നമുക്കു സമ്മതിക്കാം. അതുകൊണ്ട് എല്ലായ്‌പ്പോഴും നമുക്കു നമ്മെത്തന്നെ താഴ്ത്തി ഇപ്രകാരം പറയാം: ”കര്‍ത്താവേ ഞാന്‍ ഒന്നുമില്ല. എന്റെ കൈകൊണ്ടു വായ്‌പൊത്തി ഞാന്‍ മിണ്ടാതിരിക്കും.”

ഇയ്യോബ് ഇപ്രകാരം കൂടെ പറഞ്ഞു: ”യഹോവേ, ഞാന്‍ മുമ്പ് അങ്ങയെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അവിടുത്തെ കണ്ടിരിക്കുന്നു” (42:5). ദൈവത്തെക്കുറിച്ചു കേള്‍ക്കുന്നതും അവിടുത്തെ വ്യക്തിപരമായി അറിയുന്നതും തമ്മില്‍ ബൃഹത്തായ അന്തരം ഉണ്ട്. യോഹന്നാന്‍ യേശുവിനെ പത്മോസ് ദ്വീപില്‍ വച്ചു കണ്ടപ്പോള്‍ അദ്ദേഹം കവിണ്ണുവീണ് അവിടുത്തെ ആരാധിച്ചു. ഇയ്യോബും ഇവിടെ വീണു ദൈവത്തെ ആരാധിച്ചു.

ഇയ്യോബ് നേരത്തെ ദൈവത്തെ കുറ്റപ്പെടുത്തിയതില്‍ പൂര്‍ണ്ണമായി അനുതപിക്കുകയും അവന്‍ പറഞ്ഞിട്ടുള്ള ഓരോ വാക്കും തിരിച്ചെടുക്കുകയും ചെയ്തു (42:6). തുടര്‍ന്നു വളരെ പെട്ടെന്നു ദൈവം അവനോടു ക്ഷമിച്ചു.

അനന്തരം യഹോവ എലീഫസിനോടു പറഞ്ഞു: ”ഞാന്‍ നിന്നോടും നിന്റെ രണ്ടു സ്‌നേഹിതന്മാരോടും കോപിച്ചിരിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ പാപത്തിനു വേണ്ടി (എന്റെ ദാസനായ ഇയ്യോബിനോടു സംസാരിച്ച പാപം) ഒരു യാഗം അര്‍പ്പിച്ചിട്ട് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എന്റെ ദാസനായ ഇയ്യോബിനോട് ആവശ്യപ്പെടുക. നിങ്ങള്‍ കുറ്റപ്പെടുത്തിയവന്‍ ഇപ്പോള്‍ നിങ്ങളുടെ മധ്യസ്ഥന്‍ ആകേണ്ടിയിരിക്കുന്നു.” ദൈവം ഇയ്യോബിനെ അവിടുത്തെ ദാസനായി എങ്ങനെ തിരിച്ചറിയുന്നു എന്നത് ശ്രദ്ധിക്കുക (42:7,8).

കര്‍ത്താവ് ഫിലദല്‍ഫ്യയിലെ സഭയുടെ ദൂതനോടു പറഞ്ഞു: ”അവര്‍ നിന്റെ കാല്‍ക്കല്‍ വന്നു നമസ്‌ക്കരിപ്പാനും ഞാന്‍ നിന്നെ സ്‌നേഹിച്ചു എന്ന് അറിവാനും സംഗതി വരുത്തും”(വെളി.3:9). അതേകാര്യം തന്നെ ഇവിടെ ഇയ്യോബിന്റെയും അവന്റെ സ്‌നേഹിതന്മാരുടെയും കാര്യത്തില്‍ സംഭവിച്ചു.

ഇയ്യോബ് ദൈവത്തിനെതിരായി അനേക കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അവന്‍ മാനസാന്തരപ്പെടുകയും അവയെല്ലാം പിന്‍വലിക്കുകയും ചെയ്ത ആ നിമിഷം തന്നെ, അവനു ക്ഷമിച്ചു കിട്ടുകയും ആ വാക്കുകളെല്ലാം ദൈവത്തിന്റെ കുറിപ്പു പുസ്തകത്തില്‍നിന്നു മായിച്ചു കളയുകയും ചെയ്തു. ഇയ്യോബു പറഞ്ഞ നല്ല കാര്യങ്ങള്‍ മാത്രം ആ കുറിപ്പു പുസ്തകത്തില്‍ ശേഷിച്ചു!

താഴെ പറയുന്ന പ്രസ്താവനകള്‍ പോലെയുള്ള കാര്യങ്ങളാണ് ആ നല്ല കാര്യങ്ങള്‍:

”ദൈവം എന്നെ കൊന്നാലും ഞാന്‍ ദൈവത്തില്‍ ആശ്രയിക്കും” (13:15). ”എന്റെ വീണ്ടെടുപ്പുകാരന്‍ ജീവിക്കുന്നു എന്നു ഞാന്‍ അറിയുന്നു. അന്ത്യനാളില്‍ അവിടുന്ന് പൊടിമേല്‍ നില്‍ക്കും. എന്റെ ദേഹം ജീര്‍ണ്ണിച്ചുപോയാലും എന്റെ കണ്ണുകൊണ്ടു ഞാന്‍ ദൈവത്തെ കാണും” (19:25).

”എനിക്കു സംഭവിക്കുന്ന കാര്യങ്ങളുടെ ഓരോ വിശദാംശവും അവിടുന്നറിയുന്നു” (23:10 ലിവിങ്).

ഇയ്യോബ് നടത്തിയ വിശ്വാസത്തിന്റെ ബൃഹത്തായ ഏറ്റു പറച്ചിലുകളില്‍ ഏതാനും ചിലതാണ് ഇവ.

അവന്‍ പറഞ്ഞ കോപത്തിന്റെ വാക്കുകളെല്ലാം തുടച്ചു മാറ്റപ്പെട്ടു. ഇതു നമുക്കൊരു വലിയ പ്രോത്സാഹനമാണ്. നാം മാനസാന്തരപ്പെട്ട് ദൈവത്തോടേറ്റു പറഞ്ഞിട്ടുള്ള ഏതെങ്കിലും പാപത്തിന്റെ ഒരു രേഖയും ഇല്ലാതാക്കുവാന്‍ തക്കവണ്ണം അത്ര വലിയ ശക്തി ക്രിസ്തുവിന്റെ രക്തത്തിനുണ്ടെന്നു നമുക്കറിയാം. നാം നടത്തിയിട്ടുള്ള വിശ്വാസത്തിന്റെ നല്ല ഏറ്റുപറച്ചിലുകള്‍ മാത്രമേ ദൈവത്തിന്റെ രേഖകളില്‍ ഇപ്പോള്‍ കാണപ്പെടുകയുള്ളു.

എലീഫസ്, ബില്‍ദാദ്, സോഫര്‍ എന്നിവര്‍ ഇയ്യോബിന്റെ അടുക്കല്‍ ചെന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവനോടാവശ്യപ്പെട്ടു. ഉടനെതന്നെ ഇയ്യോബ് അവരോടു ക്ഷമിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ആ പ്രസംഗകര്‍ വാസ്തവമായി മാനസാന്തരപ്പെട്ടോ എന്നെനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഒരു വിധത്തിലും അവര്‍ ദൈവത്താല്‍ ന്യായം വിധിക്കപ്പെടുവാന്‍ ആഗ്രഹിച്ചില്ല.

ഇയ്യോബ് തന്റെ സ്‌നേഹിതന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍, യഹോവ ഇയ്യോബിന്റെ ഭാഗ്യങ്ങള്‍ യഥാസ്ഥാനപ്പെടുത്തിക്കൊടുത്തു (42:10). ഉടനെ അവനു നഷ്ടപ്പെട്ടതിന്റെ എല്ലാം ഇരട്ടി യഹോവയില്‍നിന്ന് അവന്‍ പ്രാപിച്ചു.

അവനു 10 മക്കളെ പോലും ലഭിച്ചു. അത് എന്നോടു പറയുന്നത്, ദൈവം തങ്ങളുടെ കുടുംബത്തിന് എത്ര നല്ലവനായിരുന്നു എന്ന് അവന്റെ ഭാര്യ കണ്ടു കഴിഞ്ഞപ്പോള്‍, അവളും മാനസാന്തരപ്പെട്ട് അവള്‍ തന്നെ ദൈവഭക്തയായ ഒരു സ്ത്രീയും അവളുടെ ഭര്‍ത്താവിന് യഥാര്‍ത്ഥ സഹായിയും ആയിത്തീര്‍ന്നു എന്നാണ്.

അതുകൊണ്ട്, ”നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിന്‍, നിങ്ങളെ വെറുക്കുന്നവര്‍ക്കു നന്മ ചെയ്‌വിന്‍, നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുകയും നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്‌വിന്‍.” അപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു അത്ഭുതം സംഭവിക്കുവാന്‍ തുടങ്ങുന്നതായി നിങ്ങള്‍ കണ്ടെത്തും. കര്‍ത്താവിനാല്‍ നിങ്ങള്‍ തന്നെ അനുഗ്രഹിക്കപ്പെടുന്നതായി നിങ്ങള്‍ കാണും.

ആത്മപ്രേരിതമായ തിരുവചനത്തിലെ ആദ്യപുസ്തകത്തില്‍ നിന്നു നമുക്കു പഠിക്കാന്‍ കഴിയുന്ന ചില മഹത്വകരമായ കാര്യങ്ങള്‍ ഇവയാണ്:

  1. ദൈവത്തെ ആരാധിക്കുന്ന ദൈവഭക്തന്മാര്‍ക്കുവേണ്ടി ദൈവം ഭൂമി ആസകലം അന്വേഷിക്കുന്നു.
  2. ദൈവഭക്തന്മാരും അവരുടെ കുടുംബങ്ങളും സാത്താന്റെ ആക്രമണത്തിന്റെ ലക്ഷ്യങ്ങളായിത്തീരുന്നു.
  3. ദൈവത്തിന്റെ അനുവാദം കിട്ടിയതിനു ശേഷം മാത്രമേ സാത്താനു നമ്മെ ആക്രമിക്കാന്‍ കഴിയൂ.
  4. ദൈവഭക്തനായ ഒരു പുരുഷനു ബുദ്ധിമുട്ടിക്കുന്ന ഒരു ഭാര്യ ഉണ്ടാകാം. എന്നാല്‍ അവളെ വ്യത്യാസപ്പെടുത്താന്‍ ദൈവത്തിനു കഴിയും.
  5. ദൈവഭക്തന്മാര്‍ മതഭക്തന്മാരാല്‍ തെറ്റിദ്ധരിക്കപ്പെടാം.
  6. ദൈവഭക്തന്മാരായ പുരുഷന്മാരുടെ പ്രവൃത്തികള്‍ ദൈവത്താലും സാത്താനാലും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു.
  7. പൂര്‍ണ്ണതയിലേക്കുള്ള പാത കഷ്ടങ്ങളിലൂടെയും തെറ്റിദ്ധാരണകളിലൂടെയുമാണ്.
  8. ആരോഗ്യവും സമൃദ്ധിയും ദൈവാനുഗ്രഹത്തിന്റെ അടയാളങ്ങളല്ല.
  9. ദൈവം വാസ്തവത്തില്‍ ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുമ്പോള്‍, നാം നമ്മെത്തന്നെ ശൂന്യരായി കാണും.
  10. ദൈവം എല്ലാ കാര്യങ്ങളും നമ്മുടെ ആത്യന്തിക നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കും.

What’s New?


Top Posts