പിന്മാറ്റവും വിടുതലും
പല വര്‍ഷങ്ങളായി യോശുവയുടെ നേതൃത്വത്തിന്‍ കീഴില്‍ വളരെ ശക്തമായ വിജയം അനുഭവിച്ചു കഴിഞ്ഞതിനുശേഷം, ഉടനെതന്നെ, യിസ്രായേലിനുണ്ടായ പിന്മാറ്റത്തെക്കുറിച്ചു വിവരിക്കുന്ന പുസ്തകമാണ് ന്യായാധിപന്മാരുടെ പുസ്തകം. നാം മുമ്പു പഠിച്ച അതേ പാഠം തന്നെയാണ് ഇവിടെയും പഠിക്കുന്നത്. ദൈവജനത്തിന്റെ സ്ഥിതി അവരുടെ നേതാവിന്റെ സ്വഭാവ വിശേഷത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാണത്. എപ്പോഴെല്ലാം യിസ്രായേലിനു നല്ല നേതാക്കന്മാര്‍ ഉണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം അവര്‍ അഭിവൃദ്ധിപ്പെട്ടു.
നല്ല നേതാക്കന്മാരുടെ പ്രാധാന്യം
ക്രിസ്തീയ ഗോളത്തില്‍ ഇന്നത്തെ മിക്ക നേതാക്കന്മാരും ദൈവജനത്തെ നേരായതും ഇടുങ്ങിയതുമായ വഴിയില്‍ സൂക്ഷിക്കുവാന്‍ വേണ്ടത്ര ശക്തിയുള്ളവരല്ല. കാരണം നേതാക്കന്മാര്‍ തന്നെ ദൈവത്തെ അറിയുന്നില്ല. കൂടാതെ അവര്‍ ഒത്തു തീര്‍പ്പുകാരുമാണ്. അവര്‍ മനുഷ്യരെ പ്രസാദിപ്പിക്കുവാനും ജനസമ്മതിയുള്ളവരാകു വാനുമുള്ള കാര്യം അന്വേഷിക്കുന്നു – അഹരോനെപ്പോലെ (പുറപ്പാട് 32). അതു കൊണ്ട് ദൈവത്തിന് അവരുടെ നേതൃത്വത്തെ അംഗീകരിക്കുവാന്‍ കഴിയുന്നില്ല. മോശെയും യോശുവയും ഒരിക്കലും ജനസമ്മതിയുള്ളവരാകാന്‍ ശ്രമിച്ചില്ല.
”യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ട് ഏറിയ നാള്‍ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിനു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു”(2:7). എന്നാല്‍ യോശുവയും അവന്റെ സഹ മൂപ്പന്മാരും മരിച്ചു കഴിഞ്ഞപ്പോഴേക്ക്, അവര്‍ക്കു പകരം നിര്‍ത്തുവാന്‍ ദൈവഭയമുള്ള പുരുഷന്മാരാരും അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ”ആ തലമുറയൊക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേര്‍ന്നു; അവരുടെ ശേഷം യഹോവയെയും അവന്‍ യിസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി” (വാക്യം 10). അവിടെ ദൈവത്തെ അറിയുന്നവര്‍ ആരും ഉണ്ടായിരുന്നില്ല.
അനേക വര്‍ഷങ്ങള്‍ പല ക്രിസ്തീയ കൂട്ടങ്ങളിലും സഞ്ചരിച്ചതിനു ശേഷം, എനിക്കു പറയാനുള്ളത് വാസ്തവമായി ദൈവത്തെ അറിയുന്നവരും എലീശയെ പ്പോലെ ”ഞാന്‍ യഹോവയായ ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കുന്നു” എന്നു പറയാന്‍ കഴിയുന്നവരുമായ വളരെ കുറച്ചു ക്രിസ്തീയ നേതാക്കന്മാരെ മാത്രമേ ഞാന്‍ കണ്ടുമുട്ടിയിട്ടുള്ളു എന്നാണ്. ഇന്നു ക്രിസ്തീയ പ്രവര്‍ത്തനത്തില്‍ ഉള്ള മിക്കയാളുകളും ഉപജീവനാര്‍ത്ഥം അതു ചെയ്യുന്ന പ്രസംഗകരാണ്. അവര്‍ വേദപുസ്തകം പഠിച്ച് ഒരു ഡിഗ്രി സമ്പാദിക്കുന്നു. ആരുടെയെങ്കിലും പിന്‍തുണ തേടിയ ശേഷം ‘ദൈവത്തെ സേവിക്കുവാന്‍’ ഇറങ്ങി തിരിക്കുന്നു. അവരുടെ ജീവിതത്തില്‍ കുറച്ചു ത്യാഗങ്ങള്‍ ഉണ്ടായിരിക്കാം. കുറച്ച് ഉത്സാഹവും ഉണ്ടായിരിക്കാം. എന്നാല്‍ ഒരു വ്യക്തി ദൈവത്തെ അറിയുന്നില്ലെങ്കില്‍, അവന്റെ ഉത്സാഹവും, ത്യാഗവും, അറിവും ഒന്നും ഒരു പ്രയോജനവും ഇല്ലാത്തതാണ്. അവരുടെ പ്രവര്‍ത്തനത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വളരെ മതിപ്പുളവാക്കുന്നതായിരിക്കാം. എന്നാല്‍ അവരിലൂടെ രക്ഷിക്കപ്പെട്ടവരുടെ ഗുണനിലവാരം വളരെ ദരിദ്രമായിരിക്കും. കാരണം അവര്‍ ദൈവത്തെ അറിയുന്നില്ല. അവര്‍ക്ക് തങ്ങളുടെ സഭയില്‍ ‘വീണ്ടും ജനിച്ച’ വിശ്വാസികള്‍ ഉണ്ട് എന്നു പറഞ്ഞേക്കാം. എന്നാല്‍ ഈ ”വിശ്വാസികള്‍” ക്രിസ്തുവിന്റെ ശിഷ്യന്മാരാണോ? ആത്മീയ വിശ്വാസികളും ജഡികവിശ്വാസികളും തമ്മില്‍ വലിയ ഒരു വ്യത്യാസമുണ്ട്. ജഡിക വിശ്വാസികളുള്ള ഒരു വലിയ സഭ ഉള്ളതിനെക്കാള്‍ വളരെ നല്ലത് ആത്മീയ വിശ്വാസികളുള്ള ചെറിയ സഭ ആണ് എന്ന് ദൈവഭക്തരായ ഏതു പുരുഷന്മാര്‍ക്കും അറിയാം. പൂജ്യം വാട്ട് ബള്‍ബുകള്‍ നൂറെണ്ണം ഉണ്ടായിരിക്കുന്നതിനെക്കാള്‍ നല്ലത് ഏതാനും 1000 വാട്ട് ബള്‍ബുകള്‍ ഉണ്ടായിരിക്കുന്നതാണ് എന്നു പറയുന്നതുപോലെയാണിത്.
നാം ലോകത്തിന്റെ വെളിച്ചമായിരിക്കേണ്ടവരാണ്. എന്നാല്‍ നമ്മുടെ പ്രകാശത്തിന്റെ തീവ്രത, നാം എത്രമാത്രം ദൈവത്തെ അറിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നേതാവ് ദൈവത്തെ അറിയുന്നില്ലെങ്കില്‍, നയിക്കപ്പെടുന്നവരും അതുപോലെ തന്നെ ആയിരിക്കും. നിങ്ങള്‍ക്ക് വേദപുസ്തകം പഠിച്ച് നിങ്ങളുടെ സഭയിലുള്ളവരെ പഠിപ്പിക്കാന്‍ കഴിയും. അപ്പോള്‍ അവര്‍ വേദപുസ്തകം മനസ്സിലാക്കും. എന്നാല്‍ അതു ക്ലാസ്മുറിയില്‍ അവരെ രസതന്ത്രം പഠിപ്പിക്കുന്നതുപോലെ ആയിരിക്കും. ദൈവത്തെ അറിയുവാന്‍ അത് അവരെ സഹായിക്കുന്നില്ല. വേദപുസ്തക സംബന്ധമായ അറിവു നേടുന്നതിലൂടെ ആളുകള്‍ക്ക് ദൈവത്തെ അറിയുന്നതിലേക്കു വരുവാന്‍ കഴിയുകയില്ല. നിങ്ങള്‍ ശോധനകളിലൂടെയും പരീക്ഷകളിലൂടെയും കടന്നു പോകുമ്പോള്‍ മാത്രമേ നിങ്ങള്‍ക്കു ദൈവത്തെ അറിയുവാന്‍ കഴിയൂ. ആ ശോധനകളില്‍ നിങ്ങളെ തന്നെ താഴ്‌ത്തേണ്ടതുണ്ട്. കൂടാതെ നിങ്ങളുടെ ഹൃദയത്തില്‍ ദൈവത്തിനായുള്ള ഒരു വാഞ്ഛയും ഉണ്ടാകേണ്ടതുണ്ട്. അങ്ങനെയാണ് നിങ്ങള്‍ക്കു ദൈവത്തെ അറിയാന്‍ കഴിയുന്നത്. അല്ലാതെ ഒരു യോഗത്തിന് ഇരിക്കുന്നതിലൂടെയല്ല. തീര്‍ച്ചയായും നാം ദൈവവചനം അറിയേണ്ട ആവശ്യമുണ്ട്. എന്നാല്‍ നാം ദൈവവചനത്തിനപ്പുറത്തേക്കു പോയി ദൈവത്തെ അറിയുന്നതിലേക്കു വരണം. ”തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ശക്തരായിരിക്കും” (ദാനിയേല്‍ 11:32). ഈ യിസ്രായേല്യര്‍ ദൈവത്തെ അറിഞ്ഞില്ല. അതുകൊണ്ട് ”അവര്‍ യഹോവയുടെ ദൃഷ്ടിയില്‍ ദോഷമായത് പ്രവര്‍ത്തിക്കുകയും ബാലിനെ സേവിക്കുകയും ചെയ്തു” (2:11). അതിന്റെ കാരണം, യോശുവ മരിക്കുകയും ഇപ്പോള്‍ അവരെ നയിക്കുവാന്‍ ദൈവഭയമുള്ള നേതാക്കന്മാര്‍ ആരും ഇല്ലാതിരിക്കുകയും ചെയ്യുന്നു എന്നതാണ്.
കഴിഞ്ഞ 2000 വര്‍ഷത്തെ ക്രിസ്തീയതയുടെ ചരിത്രം, തങ്ങളുടെ ജീവിതകാലത്ത് ഉണര്‍വ്വിനു മുഖാന്തരമായ ഒരു സഭയോ പ്രസ്ഥാനമോ ആരംഭിക്കുവാന്‍ ദൈവം എഴുന്നേല്‍പിച്ച അസംഖ്യം പുരുഷന്മാരുടെ ഉദാഹരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ മരിച്ചശേഷം, അവരുടെ സഭ (അല്ലെങ്കില്‍ പ്രസ്ഥാനം) അവര്‍ക്കു മുമ്പുണ്ടായിരുന്ന സഭകളെയും പ്രസ്ഥാനങ്ങളെയും പോലെ തന്നെ അധഃപതിക്കുന്നു. പുതിയ തലമുറ അവരുടെ സ്ഥാപകനെപ്പോലെ അതേ ഉപദേശവും അതേ വിശുദ്ധീകരണത്തിന്റെ സിദ്ധാന്തവും മുറുകെ പിടിക്കുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ സ്ഥാപകന്‍ ആയിരുന്നത്ര വിശുദ്ധരല്ല. അവരില്‍ അനേകരും അവകാശപ്പെടുന്നത് അവരുടെ സ്ഥാപകനുണ്ടായിരുന്ന അതേ ”പരിശുദ്ധാത്മ സ്‌നാനം” അവര്‍ക്കും ഉണ്ടെന്നാണ്. എന്നാല്‍ അവരുടെ ജീവിതത്തിനും ശുശ്രൂഷയ്ക്കും ”അതേ അഭിഷേകം ഇല്ല;” എന്തോ നഷ്ടപ്പെട്ടിരിക്കുന്നു. സ്ഥാപകന്‍ ദൈവത്തെ അറിഞ്ഞു. എന്നാല്‍ പിന്‍ഗാമികള്‍ സ്ഥാപകനെ മാത്രമേ അറിഞ്ഞുള്ളു. അതു കൊണ്ട് ദൈവത്തിനു വേറൊരാളിനെ എഴുന്നേല്‍പിച്ച് പുതിയ ചില കാര്യം തുടങ്ങേണ്ടി വരുന്നു.
ദൈവം എപ്പോഴും അവിടുത്തെ ഏറ്റവും വലിയ വേല സഭയില്‍ നിവര്‍ത്തിച്ചിട്ടുള്ളത് വിവിധ ദേശങ്ങളിലെ വ്യത്യസ്ത തലമുറകളില്‍ അവിടുന്ന് എഴുന്നേല്‍പിച്ചിട്ടുള്ള വ്യക്തികളിലൂടെയാണ്. അങ്ങനെയുള്ള ഒരുവനു ചുറ്റും ദൈവം, അംഗസംഖ്യയുടെ കാര്യത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ താല്പര്യം ഗുണനിലവാരത്തിന്റെ കാര്യത്തിലുള്ള, കുറച്ച് ആളുകളെ ഒരുമിച്ചു കൂട്ടുന്നു. അവരുടെ തലമുറയില്‍ ദൈവത്തിനു വേണ്ടി ഒരു നിര്‍മ്മല സാക്ഷ്യം ഉണ്ടാകേണ്ടതിനാണത്. അങ്ങനെയുള്ള അനേകം സ്ത്രീ-പുരുഷന്മാരെ ഇന്ത്യക്ക് ആവശ്യമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ന്യായാധിപന്മാരുടെ പുസ്തകത്തില്‍, ദൈവത്തിന് ഒരു പുരുഷനെ കണ്ടെത്താന്‍ കഴിയാതിരുന്നപ്പോള്‍ അവിടുന്ന് ഒരു സ്ത്രീയെ കണ്ടെത്തി – ദെബോറ. അത് എല്ലാ സഹോദരിമാര്‍ക്കും ഒരു പ്രോത്സാഹനമാണ്. സമ്പൂര്‍ണ്ണമായി കീഴ്‌പ്പെട്ട ഒരു മനുഷ്യനെ ദൈവം എപ്പോഴെല്ലാം കാണുന്നോ, അപ്പോഴെല്ലാം അവന്‍ തന്നെത്താന്‍ വിധേയപ്പെടുത്തിയ അളവിനൊത്തവണ്ണം അവിടുന്ന് അവനെ ഉപയോഗിക്കാന്‍ തുടങ്ങും. എല്ലാ നേതാക്കന്മാരും ഒരേ ഗുണനിലവാരത്തിലുള്ളവരല്ല. കാരണം എല്ലാവരും തുല്യ അളവില്‍ വിധേയപ്പെട്ടിട്ടില്ല. ന്യായാധിപന്മാരുടെ പുസ്തകം, ദൈവം എഴുന്നേല്‍പിച്ച ചില നേതാക്കന്മാരെക്കുറിച്ചു വിവരിക്കുന്നു. എന്നാല്‍ അവരില്‍ ആരും മോശെയുടെയോ യോശുവയുടെയോ ഗുണവിശേഷം ഉള്ളവരായിരുന്നില്ല. ഉദാഹരണത്തിന് ഗിദെയോന്‍ തുടക്കത്തില്‍ ഒരു നല്ല അഭിഷിക്തനായ പുരുഷന്‍ ആയിരുന്നു. എന്നാല്‍ അവന്റെ ജീവിതത്തിന്റെ അവസാനത്തില്‍ അവന്‍ വിഗ്രഹങ്ങളെ ആരാധിച്ചു! അതുകൊണ്ട് ന്യായാധിപന്മാരുടെ പുസ്തകത്തിന്, നമ്മുടെ കാലത്തിനു പ്രസക്തമായ ഒരു സന്ദേശം ഉള്ളതായി നാം കാണുന്നു.
ദൈവകല്പനകളെ പരിഷ്‌ക്കരിക്കുന്നു
കനാന്യരെ പിടിച്ചടക്കുന്നതില്‍ യിസ്രായേല്‍ പരാജയപ്പെട്ടു. അപ്പോള്‍ യഹോവ അവരോട് പറഞ്ഞത്: ”ഞാന്‍ നിങ്ങളെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു; നിങ്ങള്‍ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചു കളയണമെന്നു ഞാന്‍ നിങ്ങളോടു കല്പിച്ചു. എന്നാല്‍ നിങ്ങള്‍ എന്റെ വാക്ക് അനുസരിച്ചില്ല” (2:1,2).
യിസ്രായേല്യര്‍ അവരുടെ സ്വന്ത യുക്തിയെ പിന്‍തുടര്‍ന്നു- ഇന്നത്തെ മിക്ക ക്രിസ്തീയ പ്രഭാഷകരെയും പോലെ തന്നെ. അവര്‍ ദൈവത്തിന്റെ മുഴുവന്‍ ആലോചനയും പ്രസംഗിക്കുന്നില്ല. മറിച്ച് അവരുടെ കൂട്ടത്തിനും, അവര്‍ ജീവിക്കുന്ന കാലത്തിനും സംസ്‌കാരത്തിനും യോജിക്കത്തക്കവിധം അവര്‍ ദൈവവചനത്തെ ഭേദഗതി ചെയ്യുന്നു (പരിഷ്‌കരിക്കുന്നു).
യിസ്രായേല്യരും ദൈവകല്പനകള്‍ ഭേദഗതി ചെയ്തു. അതുകൊണ്ട് ദൈവം പറഞ്ഞു: ”ഞാന്‍ നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പില്‍ നിന്ന് നീക്കിക്കളയുകയില്ല.” നിങ്ങള്‍ പാപത്തെ ജയിക്കുകയില്ല. നിങ്ങള്‍ നിങ്ങളുടെ പ്രശ്‌നങ്ങളുമായി നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ജീവിക്കും. ”ഈ ജനം നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കെണിയായും ഇരിക്കും” (2:3). ഇതു കേട്ടപ്പോള്‍ യിസ്രായേല്‍ മക്കള്‍ കരയുകയും യാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ക്കു മാറ്റം ഒന്നും ഉണ്ടായില്ല.
ഇതേപോലെ അനേകം ക്രിസ്ത്യാനികളും ഒരു സന്ദേശം കേള്‍ക്കുമ്പോള്‍ ഉത്തേജിപ്പിക്കപ്പെടുകയും കരയുകയും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് അടിസ്ഥാനപരമായ വ്യത്യാസം ഒന്നും ഉണ്ടാകുന്നില്ല. അവര്‍ വളരെ പെട്ടെന്നു തങ്ങളുടെ പഴയ വഴികളിലേക്കു തിരിച്ചുപോകുന്നു. കാരണം അവരെ നയിക്കുന്നവര്‍ തെറ്റായ ദിശയിലാണ് അവരെ നയിക്കുന്നത്. ”എനിക്കു ദൈവത്തെ അറിയണം. എന്റെ നേതാവു പ്രസംഗിക്കുന്ന നിലവാരമനുസരിച്ചല്ല, ദൈവവചനത്തിന്റെ നിലവാരമനുസരിച്ച് ജീവിക്കണം” എന്നു പറയുന്ന വളരെക്കുറച്ചു പേര്‍ മാത്രമേ ഉള്ളു. പ്രഭാഷകന്മാരേ, നിങ്ങള്‍ മോശെ, യോശുവ എന്നിവരെപ്പോലെ നിങ്ങളുടെ പ്രദേശത്തുള്ള അനേകം ആളുകളെ ദൈവത്തിന്റെ മുഴുവന്‍ സത്യത്തിലേക്കും നയിക്കുന്നവര്‍ ആയിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് അതുപോലെയുള്ള ഒരുവന്‍ ആകുവാന്‍ ആഗ്രഹമുണ്ടെങ്കില്‍, നിങ്ങള്‍ ഇവിടെയുള്ള യിസ്രായേല്യരെപ്പോലെ ആകരുത്. മറിച്ച് ദൈവത്തെ അറിയുന്ന ഒരു ദൈവ പുരുഷന്‍/സ്ത്രീ ആയിരിക്കുക.
പിന്‍മാറ്റത്തിന്റെ ഏഴു പരിവൃത്തികളും പതിമൂന്ന് ന്യായാധിപന്മാരും
ന്യായാധിപന്മാരുടെ പുസ്തകത്തില്‍ 3 മുതല്‍ 16 വരെയുള്ള അധ്യായങ്ങളില്‍ ദൈവം എഴുന്നേല്‍പിച്ച 13 ന്യായാധിപന്മാരെക്കുറിച്ചു നാം വായിക്കുന്നു. പതിന്നാലാമത്തെ ന്യായാധിപന്‍ ശമുവേലാണ്. ശമുവേല്‍ ഒന്നാം പുസ്തകത്തില്‍ നാം വായിക്കുന്നത് ഈ ശമുവേലിനെ കുറിച്ചാണ്. ഈ ന്യായാധിപന്മാരില്‍ മിക്കയാളുകളുടെയും പേരുകള്‍ അത്ര നല്ലവണ്ണം അറിയപ്പെട്ടവയല്ല.
ഒന്നാമത്തെ ന്യായാധിപന്‍ ഒത്‌നിയേല്‍ എന്നു പേരുള്ള ഒരുവന്‍ ആയിരുന്നു. അയാള്‍ കാലേബിന്റെ മരുമകനും അനുജന്റെ മകനും ആയിരുന്നു (3:9). ഇവിടെ പറയുന്നത്: ”യഹോവയുടെ ആത്മാവ് അവന്റെ മേല്‍ വന്നിട്ട് അവന്‍ യിസ്രായേലിനു ന്യായപാലനം ചെയ്തു” (3:10) എന്നാണ്. അതു ന്യായാധിപന്മാരുടെ പുസ്തകത്തില്‍ കൂടെക്കൂടെ സംഭവിച്ചു. ദൈവജനത്തെ നയിക്കുവാന്‍ തക്കവണ്ണം അവരെ സജ്ജരാക്കേണ്ടതിന് യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേലും ശിംശോന്റെ മേലും വന്നു (6:34;14:6). യിസ്രായേലിനെ ഭരിക്കുവാന്‍ അവരെ പ്രാപ്തരാക്കിയത് ആത്മാവിന്റെ അഭിഷേകം മാത്രമായിരുന്നു. ഇന്നും ദൈവജനത്തെ നയിക്കേണ്ടതിനു നമ്മെ സഹായിക്കുവാന്‍ ആ അഭിഷേകത്തിനു മാത്രമേ കഴിയൂ.
നാം വീണ്ടും ജനിച്ചിട്ടുണ്ടാകാം. അതു തീര്‍ച്ചയായും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. എന്നാല്‍ അപ്പോഴും കര്‍ത്താവിന്റെ ആത്മാവ് നമ്മുടെമേല്‍ വന്ന് കര്‍ത്താവിനെ സേവിക്കുവാനായി നമ്മെ അധികാരപ്പെടുത്തുന്നത് നാം അറിയണം. ഏതെങ്കിലും യോഗത്തില്‍ വച്ച് നിങ്ങള്‍ക്കു കിട്ടിയ വൈകാരിക അനുഭവങ്ങള്‍ കൊണ്ടു നിങ്ങള്‍ തൃപ്തരാകരുത്. അന്യഭാഷയില്‍ സംസാരിക്കുന്നതു കൊണ്ടു പോലും നിങ്ങള്‍ തൃപ്തരാകരുത്. നിങ്ങള്‍ക്ക് അന്യഭാഷയില്‍ സംസാരിക്കാന്‍ കഴിയുമ്പോള്‍ പോലും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാതിരിക്കാന്‍ കഴിയും. പരിശുദ്ധാത്മാവിന്റെ ശക്തി കൂടാതെ നിങ്ങള്‍ ഒരിക്കലും തൃപ്തരാകരുത്. പരിശുദ്ധാത്മാവിന്റെ ശക്തി ഇല്ലാതെ നിങ്ങള്‍ക്ക് ഒരിക്കലും ദൈവത്തിന്റെ വേല ചെയ്യുവാന്‍ കഴിയുകയില്ല. 30 വര്‍ഷങ്ങളോളം പൂര്‍ണ്ണതയുള്ള ഒരു ജീവിതം നയിച്ച യേശുവിനുപോലും- ആത്മാവില്‍ നിന്നു ജനിച്ചവന്‍, 30 വര്‍ഷങ്ങള്‍ പരിശുദ്ധാത്മാവിനോടുള്ള അനുസരണത്തില്‍ ജീവിച്ചവന്‍ – തന്റെ പിതാവിനെ സേവിക്കുവാന്‍ ഇറങ്ങുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടേണ്ടിയിരുന്നു. യോര്‍ദ്ദാന്‍ നദിയില്‍ അവിടുന്നു പ്രാര്‍ത്ഥിച്ചപ്പോള്‍, ദൈവത്തിന്റെ ആത്മാവ് തന്റെ മേല്‍ വന്നു. അവിടുത്തെ മാതൃക പിന്‍തുടരുക. ഏതളവിലുള്ള അറിവോ, അല്ലെങ്കില്‍ സ്വാഭാവിക വരങ്ങളോ ഒന്നും ഒരിക്കലും ഈ അഭിഷേകത്തിനു പകരം ആകുകയില്ല. നാം സ്ഥിരമായി ഈ അഭിഷേകത്തിന്റെ കീഴില്‍ ആയിരിക്കണം. ഒരിക്കല്‍ അഭിഷേകം ചെയ്യപ്പെടാനും പിന്നീട് അതു നഷ്ടമാകുവാനും നമുക്ക് സാധ്യതയുണ്ട് എന്നതിന്റെ ദുരന്ത പൂര്‍ണ്ണമായ ഓര്‍മ്മപ്പെടുത്തലാണ് ശിംശോന്റെ ഉദാഹരണം.
ഒത്‌നിയേല്‍ യിസ്രായേല്‍ ഭരിച്ച 40 വര്‍ഷക്കാലം, അവിടെ സമാധാനം ഉണ്ടായിരുന്നു (3:11). എന്നാല്‍ അതിനുശേഷം ഒത്‌നിയേല്‍ മരിച്ചു. വീണ്ടും യിസ്രായേല്‍ മക്കള്‍ യഹോവയുടെ മുമ്പില്‍ തിന്മയായതു ചെയ്തു. അവര്‍ ദോഷം പ്രവര്‍ത്തിച്ചപ്പോള്‍, 18 വര്‍ഷത്തേക്ക് അവരെ അടിമകളാക്കുവാന്‍ മോവാബ് രാജാവിനെ യഹോവ അനുവദിച്ചു (3:14).
ന്യായാധിപന്മാരുടെ പുസ്തകത്തില്‍ ഇതുപോലെയുള്ള ഏഴു പരിവൃത്തികള്‍ നാം കാണുന്നു- പിന്മാറ്റം, അതിനെ തുടര്‍ന്നുള്ള ശിക്ഷ, അതിനെതുടര്‍ന്ന് അവരെ വിടുവിക്കേണ്ടതിന് ദൈവം ഒരു ന്യായാധിപനെ ഉയര്‍ത്തുന്നത്. അനേകം വിശ്വാസികള്‍ ഇത്തരം ഒരു വൃത്തത്തിനുള്ളിലാണ് അവരുടെ ജീവിതകാലങ്ങള്‍ മുഴുവന്‍ ജീവിക്കുന്നത്- പിന്മാറുന്നു, മാനസാന്തരപ്പെടുന്നു, വിടുവിക്കപ്പെടുന്നു, വീണ്ടും ആകമാനം പിന്മാറുന്നു അങ്ങനെ തുടരുന്നു… അന്തമില്ലാത്ത ഒരു വൃത്തത്തില്‍ അവര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. അവര്‍ ഒരു യോഗത്തിനു പോകുകയും ഒരു ഉണര്‍വ്വ് ഉണ്ടാകുകയും അവര്‍ അവരെ തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു. ഉണര്‍വ്വു യോഗം കഴിയുമ്പോള്‍, വളരെ പെട്ടെന്നു തന്നെ അവരുടെ പിന്മാറ്റം ആരംഭിക്കുന്നു. അതിനുശേഷം ഒരു ദിവസം മറ്റൊരു അഭിഷിക്തനായ പ്രസംഗകന്‍ വന്ന് യോഗങ്ങള്‍ നടത്തുകയും അവര്‍ വീണ്ടും ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഈ അന്തമില്ലാത്ത, പരിവൃത്തികളില്‍ നാം ജീവിക്കണമെന്നത് ദൈവത്തിന്റെ ഹിതമാണോ? തീര്‍ച്ചയായും അല്ല! ഇന്നു നമുക്ക് എല്ലാ സമയവും പരിശുദ്ധാത്മാ വുള്ളവരായിരിക്കുവാന്‍ കഴിയും. ആ കാലത്ത് ഒരു നേതാവിന്റെമേല്‍ മാത്രം ആത്മാവു വരും. ശേഷമുള്ള എല്ലാവരും ആ നേതാവിനെ ആശ്രയിക്കും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇന്നു നമുക്കെല്ലാവര്‍ക്കും ആത്മാവിനെ പ്രാപിക്കാന്‍ കഴിയുന്നതുകൊണ്ട് നമ്മെ ഉണര്‍ത്തുന്ന ഏതെങ്കിലും പ്രസംഗകരെ ആശ്രയിക്കു ന്നവരായി നാം ഇരിക്കേണ്ട ആവശ്യമില്ല. എല്ലാ സമയവും നമ്മുടെ ഹൃദയങ്ങളില്‍ കത്തിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ അഗ്നി ഉള്ളവരായിരിക്കുവാന്‍ നമുക്കു കഴിയും.
18 വര്‍ഷങ്ങള്‍ മോവാബിനെ സേവിച്ച ശേഷം യിസ്രായേല്യര്‍ യഹോവയോടു നിലവിളിച്ചു (വാക്യം 15). അപ്പോള്‍ ദൈവം മറ്റൊരു വിമോചകനെ അവര്‍ക്കു വേണ്ടി അയച്ചു – ഏഹൂദ്. അയാളാണ് രണ്ടാമത്തെ ന്യായാധിപന്‍. അവരുടെ അടിമത്വ ത്തില്‍നിന്നു വിടുവിക്കപ്പെടേണ്ടതിനായി നിലവിളിക്കുന്നതിനു മുമ്പ് എന്തുകൊണ്ട് 18 വര്‍ഷങ്ങള്‍ കാത്തിരുന്നു എന്നു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അടിമയാക്കപ്പെട്ടു കഴിഞ്ഞ് ഒരു മാസത്തിനകം എന്തുകൊണ്ട് അവര്‍ നിലവിളിച്ചില്ല? ഇന്നു പാപത്തിന്റെ മേല്‍ ജയം അന്വേഷിക്കുന്നതിനു മുമ്പ് ഒരുവ്യക്തി എന്തുകൊണ്ട് 18 വര്‍ഷങ്ങളോളം പാപത്താല്‍ പരാജിതനായി ജീവിക്കുന്നു? (ചിലരുടെ കാര്യത്തില്‍ 40 വര്‍ഷങ്ങള്‍ പോലും). എന്തുകൊണ്ടെന്ന് എനിക്കറിയില്ല. എന്നാല്‍ നമുക്കു ചുറ്റും എല്ലായിടത്തും അതു സംഭവിക്കുന്നു.
ഏഹൂദ് മോവാബിനെ കീഴടക്കി ആ ദേശത്തിന് 80 സംവത്സരം സ്വസ്ഥത ഉണ്ടായി (വാക്യം 30). എന്നാല്‍ അതിനുശേഷം അവര്‍ വീണ്ടും പിന്മാറ്റത്തിലായപ്പോള്‍ ദൈവം ശംഗറിനെ എഴുന്നേല്‍പിച്ചു. അവന്‍ ഒരു മുടിങ്കോല്‍ കൊണ്ട് 600 ഫെലിസ്ത്യരെ കൊന്നു. അത് തീര്‍ച്ചയായും ആത്മാവിന്റെ അഭിഷേകത്തിലൂടെയാണു നടന്നത്. പിന്നീട് ശിംശോന്‍ ചെയ്യാനിരുന്നതുപോലെ.
യിസ്രായേല്‍ മക്കള്‍ വീണ്ടും യഹോവയ്ക്ക് അനിഷ്ടമായതു ചെയ്യുകയും യഹോവ അവരെ കനാന്യരാജാവായ യാബീന് വിറ്റുകളയുകയും ചെയ്തു. യിസ്രായേല്‍ ഉന്‍മൂല നാശം വരുത്തേണ്ടിയിരുന്ന കനാന്യര്‍ക്ക്, ഇപ്പോള്‍ യിസ്രായേലിനെ ഭരിക്കുന്ന ഒരു രാജാവുണ്ടായിരിക്കുന്നു! വിശ്വാസികള്‍ പാപത്തിന്റെമേല്‍ വാഴുവാന്‍ ഉദ്ദേശിക്കപ്പെട്ടവരാണ്. എന്നാല്‍ മിക്ക വിശ്വാസികളുടെ കാര്യത്തിലും, പാപം അവരുടെ മേല്‍ വാഴുന്നു. യാബീന് 900 ഇരുമ്പു രഥങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ യിസ്രായേലിനെ 20 സംവത്സരം കഠിനമായി ഞെരുക്കി. അപ്പോള്‍ അവര്‍ യഹോവയോടു നിലവിളിക്കുകയും യഹോവ അവര്‍ക്കുവേണ്ടി ന്യായപാലനം ചെയ്യുവാന്‍ ദെബോറായെ എഴുന്നേല്‍പ്പിക്കുകയും ചെയ്തു.
വനിതാ നേതാക്കള്‍
ദൈവം സ്ത്രീകളെ തന്റെ ജനത്തിനു നേതാവായി നിയമിക്കുമോ? ദൈവത്തിന്റെ ഒന്നാമത്തെ തിരഞ്ഞെടുപ്പ് എപ്പോഴും പുരുഷന്‍ ആണ്. 1 തിമൊഥെയൊസ് 2:12-14-ല്‍ പറയുന്നതുപോലെ, രണ്ടു കാരണങ്ങള്‍ കൊണ്ട്. ഒന്നാമത്തെ കാരണം, ആദാമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്. ആദമിന് ഒരു തുണയായിരിക്കേണ്ടതിനാണ് ഹവ്വ സൃഷ്ടിക്കപ്പെട്ടത്. രണ്ടാമത്തെ കാരണം, ഹവ്വായാണ് ആദ്യം വഞ്ചിക്കപ്പെട്ട് പാപം ചെയ്തത്. അതുകൊണ്ട് അവിടെ കര്‍ത്താവു പൗലൊസിലൂടെ പറയുന്നത്: ”സഭയില്‍ പുരുഷന്റെമേല്‍ അധികാരം നടത്തുവാന്‍ ഞാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല.” ഒരു സ്ത്രീക്ക് സണ്ടേസ്‌കൂള്‍ ക്ലാസ്സില്‍ കുഞ്ഞുങ്ങളെയും, സ്ത്രീകളുടെ ക്ലാസ്സുകളില്‍ സ്ത്രീകളെയും നയിക്കുകയും പഠിപ്പിക്കുകയും ചെയ്യാം. വീട്ടില്‍ അവളുടെ മക്കളെയും അവള്‍ക്കു പഠിപ്പിക്കാം. എന്നാല്‍ അവള്‍ക്ക് സഭയില്‍ ഒരു മൂപ്പനാ യിരിക്കുവാന്‍ കഴിയുകയില്ല. അതു ദൈവത്തിന്റെ പൂര്‍ണ്ണഹിതമാണ്. യെശയ്യാവിന്റെ പുസ്തകത്തില്‍, ദൈവം പറയുന്നത് അവിടുത്തെ ജനം സ്ത്രീകളാല്‍ നയിക്കപ്പെടുമ്പോള്‍, കാര്യങ്ങള്‍ വാസ്തവത്തില്‍ പരിതാപകരമായ അവസ്ഥയിലാണെന്നാണ് (യെശയ്യാവ് 3:12).
എന്നാല്‍ യിസ്രായേലില്‍ (അല്ലങ്കില്‍ ഒരു സഭയില്‍) ഉള്ള എല്ലാ പുരുഷന്മാരും അലസന്മാരും ചുണയില്ലാത്തവരും ഭീരുക്കളുമാണെന്നു ദൈവം കാണുമ്പോള്‍ അവിടുന്ന് എന്തു ചെയ്യണം? ദൈവം ഒരു ദെബോറായെ എഴുന്നേല്‍പ്പിക്കുന്നു. വര്‍ഷങ്ങളിലൂടെ, അവിടുന്ന് അനേക ദെബോറാമാരെ ക്രിസ്തീയ ഗോളത്തില്‍ അവിടുത്തെ വേലക്കാരായിരിക്കുവാന്‍ എഴുന്നേല്‍പ്പിച്ചിട്ടുണ്ട് – അവരില്‍ ഓരോരുത്തര്‍ക്കും വേണ്ടി ദൈവത്തെ സ്തുതിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കുവാനും ക്രിസ്തുവിന്റെ ശരീരം പണിയുവാനുമായി സ്ത്രീകളെ ദൈവം മിഷണറിമാരും എഴുത്തുകാരികളുമായി ശക്തിയോടെ ഉപയോഗിച്ചിരിക്കുന്നു. ദൈവത്തിനു പുരുഷന്മാരെ കണ്ടെത്തുവാന്‍ കഴിയാതെ വരുമ്പോള്‍, അവിടുന്ന് ഒരു സ്ത്രീയെ ഉപയോഗിക്കും. ഏതു ശുശ്രൂഷയിലും. അതാണ് ദെബോറായില്‍ നിന്നു നാം പഠിക്കുന്നത്.
പുതിയ ഉടമ്പടി യുഗത്തിലെ വാഗ്ദത്തം ഇതാണ്: ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ പുത്രന്മാരുടെ മേലും നിങ്ങളുടെ പുത്രിമാരുടെമേലും പകരും… നിങ്ങളുടെ യൗവ്വനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും. എന്റെ ദാസന്മാരുടെ മേലും ദാസിമാരുടെ മേലും കൂടെ ഞാന്‍ ആ നാളുകളില്‍ എന്റെ ആത്മാവിനെ പകരും – പുരുഷന്മാരുടെ മേലും സ്ത്രീകളുടെ മേലും പകരും. അവര്‍ (രണ്ടു കൂട്ടരും) പ്രവചിക്കും (അപ്പൊ.പ്ര. 2:17,18). ഫിലിപ്പോസിന് അവിവാഹിതരായ 4 പുത്രിമാര്‍ ഉണ്ടായിരുന്നു – അവര്‍ എല്ലാവരും ദൈവത്തിന്റെ ആ വാഗ്ദത്തം പ്രയോജനപ്പെടുത്തുകയും അവര്‍ പ്രവചിക്കുകയും ചെയ്തു (അപ്പൊ.പ്ര. 21:9).
സ്ത്രീകള്‍ മൂപ്പന്മാരായിരിക്കുവാനോ ഉപദേശിക്കുവാനോ വിളിക്കപ്പെട്ടിട്ടില്ലെങ്കില്‍ പോലും, അവര്‍ക്കു പ്രവചിക്കുകയും (”പണിയുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും, ആശ്വസിപ്പിക്കുന്നതിനും” – 1 കൊരിന്ത്യര്‍ 14:3) സഭയെ പണിയുന്നതിനായി ദൈവവചനം സംസാരിക്കുകയും ചെയ്യാം. 1 കൊരിന്ത്യര്‍ 11:5 ഈ കാര്യത്തില്‍ വളരെ വ്യക്തമാണ്.
ദെബോറാ ഒരു പ്രവാചകി ആയിരുന്നു (4:4). പുതിയ ഉടമ്പടിയുടെ കീഴില്‍ പ്രവാചകിമാര്‍ ആരും ഇല്ല. എന്നാല്‍ പഴയ ഉടമ്പടിയുടെ കീഴില്‍ പ്രവാചകിമാര്‍ ഉണ്ടായിരുന്നു. ലപ്പീദോത്തിന്റെ ഭാര്യയായിരുന്നു ദെബോറാ. അദ്ദേഹം തന്റെ ഭാര്യ ഒരു ന്യായാധിപ ആയിരിക്കുന്നതില്‍ നിന്ന് അവളെ തടസ്സപ്പെടുത്തിയില്ല. അദ്ദേഹം സൗമ്യവും ശാന്തവുമായ ഒരാത്മവോടുകൂടി അവളുടെ അടുത്തിരുന്ന് അവളെ തന്റെ ശുശ്രൂഷയില്‍ പ്രോത്സാഹിപ്പിച്ചു! ഒരുപക്ഷേ അയാള്‍ വീട്ടില്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും സഹായിച്ചിട്ടുണ്ടാകും. ദൈവത്തിന് സഹോദരന്‍ ലപ്പീദോത്തിനെ ഉപയോഗിക്കുവാന്‍ കഴിഞ്ഞില്ല, എന്നാല്‍ അവിടുത്തേക്ക് അയാളുടെ ഭാര്യയെ ഉപയോഗിക്കാന്‍ കഴിഞ്ഞു.
അപ്പൊസ്തല പ്രവൃത്തിയില്‍, നാം ഒരു ദമ്പതികളെക്കുറിച്ചു വായിക്കുന്നു- അക്വിലാസും പ്രിസ്‌കില്ലയും. ദൈവത്തെയും ദൈവവചനത്തെയും അക്വിലാസിനെക്കാള്‍ നല്ലവണ്ണം പ്രിസ്‌കില്ല അറിഞ്ഞിരുന്നതായാണ് കാണുന്നത്. ഞാന്‍ അതു പറയാനുള്ള കാരണം പുതിയ നിയമത്തില്‍ അവരുടെ പേരുകള്‍ ഒരുമിച്ച് അഞ്ചു പ്രാവശ്യം പറയുന്നുണ്ട്. അതില്‍ നാലു പ്രാവശ്യം പറഞ്ഞിരിക്കുന്നത് പ്രിസ്‌കില്ലയും അക്വിലാസും എന്നാണ്. അക്വിലാസും പ്രിസ്‌കില്ലയും എന്നല്ല (അപ്പൊസ്തല പ്രവൃത്തികള്‍ 18:18,26; റോമര്‍ 16:3; 2 തിമൊഥെയൊസ് 4:19). അവിടെ കാണുന്ന പേരിന്റെ ക്രമത്തിനൊരു പ്രാധാന്യമുണ്ട്. തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കാള്‍ നന്നായി ദൈവത്തെയും ദൈവവചനത്തെയും അറിയുന്ന ധാരാളം ഭാര്യമാര്‍ ഉണ്ട് എന്നത് വളരെ സ്പഷ്ടമായ ഒരു വസ്തുതയാണ്.
പ്രിസ്‌കില്ല, ഏതു വിധത്തിലും, ഭര്‍ത്താവിന് എപ്രകാരം വിധേയപ്പെട്ടിരിക്കണമെന്ന് അത്ഭുതാവഹമായ അറിവുള്ള ഒരു സഹോദരി ആയിരുന്നു. ഒരിക്കല്‍ അവള്‍ സിനഗോഗില്‍ വച്ച് അപ്പൊല്ലോസ് പ്രസംഗിക്കുന്നതു കേട്ടപ്പോള്‍ അവന്‍ സത്യം പൂര്‍ണ്ണമായി ഗ്രഹിച്ചില്ല എന്ന് അവള്‍ മനസ്സിലാക്കിയിട്ട് അപ്പൊല്ലോസിനെ അവള്‍ തന്റെ ഭവനത്തിലേക്കു ക്ഷണിക്കുകയും തന്റെ ഭര്‍ത്താവിനോടൊപ്പമിരുന്ന് ദൈവത്തിന്റെ മാര്‍ഗ്ഗത്തെക്കുറിച്ച് അപ്പൊല്ലോസിനു വിശദമാക്കി കൊടുക്കുകയും ചെയ്തു. അങ്ങനെ അപ്പൊല്ലോസിന്റെ ശുശ്രൂഷയെ വ്യത്യാസപ്പെടുത്തി (അപ്പൊ.പ്ര. 18:24-28). അവള്‍ സിനഗോഗില്‍ എഴുന്നേറ്റ് അവനെ തിരുത്തിയില്ല. ഇല്ല. അവള്‍ അവനെ ഭവനത്തിലേക്കു വിളിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ അവളുടെ സ്ഥാനം അറിയാവുന്നതും, എന്നാല്‍ തന്റെ ജീവിതത്തില്‍ ദൈവത്തിന്റെ അഭിഷേകം ഉണ്ടായിരുന്നവളുമായ ഒരു സഹോദരിയുടെ മനോഹരമായ മാതൃകയാണത്. അപ്പൊല്ലോസ് ഒടുക്കം പൗലൊസിന്റെ സഹപ്രവര്‍ത്തകനായി. എന്നാല്‍ അവനെ ശരിയായ പാതയില്‍ ആദ്യം ആക്കിയത് ഒരു സ്ത്രീ ആയിരുന്നു – പ്രിസ്‌കില്ല.
ദെബോറാ ഒരു ഈന്തപ്പനയുടെ കീഴില്‍ ഇരിക്കുക പതിവായിരുന്നു. അപ്പോള്‍ യിസ്രായേല്‍ മക്കള്‍ ന്യായവിസ്താരത്തിന് അവളുടെ അടുക്കല്‍ ചെല്ലുമായിരുന്നു (4:5). ഒരുപക്ഷേ അവള്‍ യിസ്രായേലിനു ന്യായപാലനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവളുടെ ഭര്‍ത്താവ് ലപ്പീദോത്ത് ഭവനത്തില്‍ ആഹാരം പാചകം ചെയ്യുകയായിരുന്നിരിക്കാം. യിസ്രായേലിലുള്ള എല്ലാ പുരുഷന്മാരും അത്രമാത്രം പൗരുഷമില്ലാത്തവര്‍ ആയതുകൊണ്ട് ദൈവത്തിന് അത് അങ്ങനെ ചെയ്യേണ്ടിവന്നു. അനന്തരം അവള്‍ യിസ്രായേലിലെ ഏറ്റവും ധൈര്യശാലിയായ പുരുഷനെ- ബാരാക്കിനെ – യുദ്ധത്തില്‍ യിസ്രായേലിനെ നയിക്കുവാന്‍ വിളിപ്പിച്ചു. അവള്‍ തന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍, അവള്‍ക്കു യുദ്ധത്തിനു പോകാന്‍ കഴിയുകയില്ല എന്ന് അവള്‍ അറിഞ്ഞു. അവള്‍ക്ക് ഒരു പുരുഷനെ ആവശ്യമായിരുന്നു. പ്രിസ്‌കില്ലയ്ക്ക് അക്വിലാസിനെ ആവശ്യമായിരുന്നതുപോലെ.
ദെബോറാ ബാരാക്കിനോട് ഇപ്രകാരം പറഞ്ഞു: ”10,000 പേരെയും കൂട്ടിക്കൊണ്ട് പോയി സീസെരയോടു യുദ്ധം ചെയ്യുക. യഹോവ അവനെ നിന്റെ കയ്യില്‍ ഏല്പിക്കും” (4:6,7). അത് യഹോവയില്‍ നിന്നുണ്ടായ വ്യക്തവും പ്രത്യേകവുമായ ഒരു പ്രവചനമായിരുന്നു. എന്നാല്‍ യിസ്രായേലിലെ ഏറ്റവും ധീരനായ പുരുഷന്‍ എന്താണു മറുപടി പറഞ്ഞത്?: ”സഹോദരി, നീ എന്നോടുകൂടെ വരുന്നെങ്കില്‍ ഞാന്‍ പോകാം. ദയവു ചെയ്ത് എന്നോടു കൂടെ വരണമേ”(4:8). അവളെ കൂടാതെ പോകുവാന്‍ അവന്‍ ഭയപ്പെട്ടു. അതുകൊണ്ട് ദെബോറ അവന്റെ കൂടെപ്പോയി. യിസ്രായേലിലെ ഏറ്റവും ധീരനായവന്‍ എത്ര ആണത്തമില്ലാത്തവനായിരുന്നു! അവന്‍ മറ്റെല്ലാവരുടെയും ഒരു പ്രതീകമായിരുന്നു. എന്നാല്‍ ബാരാക്ക് അത്ര ഭീരു ആയിരുന്നതുകൊണ്ട് ദെബോറാ അവനോടു പറഞ്ഞു: ”സീസെരയെ കൊല്ലുന്ന ബഹുമാനം നിനക്കു വരികയില്ല. അതൊരു സ്ത്രീക്കു പോകും.” ഒടുവില്‍, യായേല്‍ എന്ന ഒരു സ്ത്രീയാണ് സീസെരയെ കൊന്നത് (4:22).
എല്ലാ പുരുഷന്മാര്‍ക്കും ഇവിടെ ഒരു പാഠം ഉണ്ട്. തന്റെ ജനത്തെ നയിക്കുവാന്‍ അവിടുത്തേക്ക് ഒരു പുരുഷനെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ ദൈവം നിരാശനായിത്തീരുന്നു. എന്നാല്‍ പുരുഷന്മാര്‍ ദൈവത്തെ പരാജയപ്പെടുത്തി എന്ന കാരണം കൊണ്ടുമാത്രം ദൈവത്തിന്റെ വേല തടസ്സപ്പെടുന്നില്ല. അതിനു പകരം അവിടുന്ന് ഒരു സ്ത്രീയെ ഉപയോഗിക്കും. ലോകത്തിലുടനീളം തന്റെ വേല ചെയ്യുവാനായി അവിടുന്ന് ധാരാളം സ്ത്രീകളെ ഉപയോഗിക്കുന്നുണ്ട്. തന്റെ വേല നിവര്‍ത്തിച്ചു കിട്ടുവാന്‍ പുരുഷന്മാരോടു മാത്രമായി ദൈവം പരിമിതപ്പെടുത്തപ്പെട്ടിട്ടില്ല.
യിസ്രായേല്‍ സീസെരയുടെ കയ്യില്‍ നിന്നു സ്വതന്ത്രമാക്കപ്പെട്ടപ്പോള്‍ ദെബോറായും ബാരാക്കും ഒരു പാട്ടുപാടി. ”ദെബോറായുടെയും ബാരാക്കിന്റെയും പാട്ട്” എന്നാണ് അതു വിളിക്കപ്പെടുന്നത് (അധ്യായം 5). 5:16-ല്‍ യുദ്ധത്തില്‍ പോരാടുവാന്‍ വന്ന വിവിധ ഗോത്രങ്ങളെക്കുറിച്ചു നാം വായിക്കുന്നു. പിന്നീട് 5:23-ല്‍ ”മേരോസിനെ ശപിക്കുവിന്‍” എന്നു നാം വായിക്കുന്നു. എന്തുകൊണ്ടാണ് മേരോസിനെ ശപിക്കേണ്ടിവന്നത്? കാരണം അവര്‍ ഒന്നും ചെയ്തില്ല. അവര്‍ ഏതെങ്കിലും പാപം ചെയ്തില്ല, എന്നാല്‍ അവര്‍ ഒന്നും ചെയ്തില്ല. ശത്രു വന്നപ്പോള്‍ ‘അവര്‍ യഹോവയെ സഹായിക്കാന്‍ വന്നില്ല.’
നിങ്ങള്‍ പാപം ഒന്നും ചെയ്തില്ലായിരിക്കാം. എന്നാല്‍ കര്‍ത്താവിനു വേണ്ടി യുദ്ധം ചെയ്യുവാന്‍ നിങ്ങള്‍ ആത്മീയ യുദ്ധത്തിനായി പുറത്തേക്കു പോയില്ലെങ്കില്‍, നിങ്ങള്‍ പാപം ചെയ്യുകയാണ്. മറ്റുള്ളവര്‍ കര്‍ത്താവിന്റെ യുദ്ധം ചെയ്യുമ്പോള്‍ നിങ്ങള്‍ ഒന്നും ചെയ്യാതെ പുറകോട്ടു മാറുന്നതു പാപം ആണ്. അത് ചെയ്തതിന്റെ ഒരു പാപം അല്ല. അത് ചെയ്യാതെ വിട്ടുകളഞ്ഞതിന്റെ പാപം ആണ്.
രണ്ടുതരം പാപങ്ങള്‍ ഉണ്ട് – കര്‍മ്മപാപം, തിരസ്‌കാര പാപം. തെറ്റായിട്ടുള്ളതു നാം ചെയ്യുന്നതാണ് കര്‍മ്മപാപം. നാം ചില കാര്യങ്ങള്‍ ചെയ്യേണ്ടപ്പോള്‍ നാം ഒന്നും ചെയ്യാതിരിക്കുന്നതാണ് തിരസ്‌കാര പാപം. നല്ല ശമര്യക്കാരന്റെ ഉപമയില്‍, പുരോഹിതനും ലേവ്യനും ഒന്നും ചെയ്തില്ല- അവരുടേത് മേരോസിന്റെ പാപമായിരുന്നു. യഹോവയ്ക്കുവേണ്ടി യുദ്ധം ചെയ്യുവാന്‍ യോദ്ധാക്കളെ ആവശ്യമുണ്ടായിരുന്ന സമയത്ത് മേരോസ് ഒന്നും ചെയ്തില്ല. അതുകൊണ്ട് നിങ്ങള്‍ യഹോവയുടെ പടയാളികളെ പിന്‍തുണയ്ക്കാതെയും, നിങ്ങള്‍ തന്നെ യുദ്ധത്തിനുവേണ്ടി പുറപ്പെടാതെയും ഇരിക്കുമ്പോള്‍ നിങ്ങള്‍ പാപം ചെയ്യുകയാണ്.
ഗിദെയോനും സൈന്യവും
അതിനുശേഷം 40 വര്‍ഷത്തേക്ക് അവര്‍ക്കു സമാധാനം ഉണ്ടായി (5:31). എന്നാല്‍ പുതിയ തലമുറ അവരുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു – ഈ പ്രാവശ്യം യിസ്രായേല്യരെ ഏഴു വര്‍ഷത്തേക്ക് അടിമകളാക്കുവാന്‍ യഹോവ മിദ്യാന്യരുടെ കയ്യില്‍ അവരെ ഏല്‍പിച്ചു.
അപ്പോള്‍ ദൈവം ഗിദെയോനെ അവരുടെ വിമോചകനായി എഴുന്നേല്പിച്ചു. ദൈവത്തിന്റെ വചനം ഇപ്രകാരം പറയുന്നു: ”യഹോവയുടെ ആത്മാവ് ഗിദെയോനെ അണിയിച്ചു” (6:34-മാര്‍ജിന്‍). അവന്‍ ധരിച്ച വസ്ത്രം പോലെ പരിശുദ്ധാത്മാവു ഗിദെയോന്റെമേല്‍ വന്നു. അപ്പോള്‍ ഗിദെയോന്‍ നിയോഗിക്കപ്പെട്ടിട്ട് അവന്‍ കാഹളം ഊതുകയും യുദ്ധത്തിനായി പുറപ്പെടുകയും ചെയ്തു. അവന്റെ കൂടെ 32000 പുരുഷന്മാര്‍ യുദ്ധം ചെയ്യാനായി പുറത്തു വന്നു. ഈ ജനം വളരെയധികമാണ് (7:2) എന്നു യഹോവ പറഞ്ഞു. ദൈവത്തിന് അവരെ എല്ലാവരെയും വേണ്ടായിരുന്നു. കാരണം അവര്‍ പൂര്‍ണ്ണഹൃദയര്‍ അല്ലായിരുന്നു. അതുകൊണ്ട് ഭയമുള്ളവരെല്ലാം ഭവനത്തിലേക്കു മടങ്ങിപ്പോയ്‌ക്കൊള്ളാന്‍ ഗിദെയോന്‍ അവരോടു പറഞ്ഞു.
അതു തന്നെയാണ് കര്‍ത്താവ് നമ്മോടു പറയുന്നത്: ”നിങ്ങള്‍ പിശാചിനെ ഭയപ്പെടുന്നുണ്ടോ? എങ്കില്‍ ഭവനത്തിലേക്കു പോകുക. ആരെങ്കിലും നിങ്ങളെ ബെയേല്‍സെബൂല്‍, ദുരുപദേഷ്ടാവ് അല്ലെങ്കില്‍ കള്ളപ്രവാചകന്‍ എന്നു വിളിക്കുമെന്നു ഭയപ്പെടുന്നുണ്ടോ? എങ്കില്‍ ഭവനത്തിലേക്കു പോകുക. കര്‍ത്താവിനെ സേവിച്ച് നിങ്ങളുടെ സമയം പാഴാക്കിക്കളയരുത്.” അന്ന് 22,000 പുരുഷന്മാര്‍ ഭവനത്തിലേക്കു മടങ്ങിപ്പോയി, അപ്പോഴും 10,000 പേര്‍ ശേഷിച്ചു (7:3). അപ്പോഴും ജനം അധികമണെന്നു ദൈവം പറഞ്ഞു. അവരും പൂര്‍ണ്ണ മനസ്‌കരല്ലായിരുന്നു. അവരില്‍ മിക്കവരും അവരുടെ സ്വന്തം അന്വേഷിക്കുന്നവരായിരുന്നു. അവര്‍ നീക്കപ്പെ ടേണ്ടിയിരുന്നു. യഹോവ പറഞ്ഞു: ”അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക. അവിടെ വച്ചു ഞാന്‍ അവരെ പരിശോധിച്ചു തരാം” (വാക്യം 4). അവര്‍ വെള്ളത്തിങ്ക ലേക്കു വന്നപ്പോള്‍, അവരില്‍ മിക്കവരും ശത്രുവിനെക്കുറിച്ചുള്ളതെല്ലാം മറന്നിട്ട് വെള്ളത്തിലേക്ക് തല താഴ്ത്തി അവര്‍ കുടിക്കാന്‍ തുടങ്ങി. അനേകം ക്രിസ്ത്യാനികള്‍ അതുപോലെയാണ്. അവര്‍ ലോകത്തില്‍ ആകര്‍ഷകമായ കാര്യങ്ങള്‍ കാണുമ്പോള്‍ കര്‍ത്താവിനെയും അവിടുത്തെ യുദ്ധത്തെയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും മറന്നിട്ട് ധനത്തെ മോഹപരമായി പിന്‍തുടരുന്ന കാര്യത്തില്‍ തല പൂഴ്ത്തി വയ്ക്കുന്നു. ആ ദിവസം ഗിദെയോന്റെ സൈന്യത്തിലെ 9700 പേര്‍ അയോഗ്യരായി.
അവിടെ 300 പേര്‍ മാത്രം ശേഷിച്ചു. ഈ പുരുഷന്മാര്‍, വെള്ളത്തിങ്കലേക്കു വന്നപ്പോള്‍ ശത്രുക്കള്‍ക്കുവേണ്ടി നോക്കിക്കൊണ്ട് ജാഗ്രതയോടെ നിലനിന്നുകൊണ്ട്, അവരുടെ അന്നേരമുള്ള ദാഹം ശമിപ്പിക്കുവാന്‍ മതിയായ വെള്ളം മാത്രം കൈകൊണ്ടു ശേഖരിച്ചു. ഇവര്‍ പണവും ഭൗതികവസ്തുക്കളും ഉപയോഗിക്കുക മാത്രം ചെയ്യുന്നവരും എന്നാല്‍ അവയാല്‍ പിടിക്കപ്പെടാത്തവരുമായ വിശ്വാസികളെ ദൃഷ്ടാന്തീഭവിപ്പിക്കുന്നു. അവര്‍ തങ്ങളുടെ ജീവസന്ധാരണത്തിനായി വിശ്വസ്തതയോടെ ജോലി ചെയ്യുന്നു. എന്നാല്‍ അവരുടെ ശേഷിക്കുന്ന സമയം കര്‍ത്താവിനു വേണ്ടി അവര്‍ക്കെന്തു ചെയ്യാന്‍ കഴിയുമോ അതിനായി ചെലവഴിക്കുന്നു. ദൈവം പറയുന്നു: ”അവരാണ് എനിക്കാവശ്യമുള്ള ആളുകള്‍.” അന്ന് ആ സൈന്യത്തില്‍ ശേഷിച്ചത് 300 പേര്‍ മാത്രമായിരുന്നു- ആരംഭത്തില്‍ ഉണ്ടായിരുന്ന 32,000-ത്തിന്റെ ഒരു ശതമാനത്തില്‍ കുറവ്. എപ്പോഴും ഈ ശതമാനം വളരെ ചെറുതാണ്. കാരണം ജീവങ്കലേക്കുള്ള വഴി ഞെരുക്കമുള്ളതാണ്. അതു കണ്ടെത്തുന്നവര്‍ ചുരുക്കവുമാണ്. 600,000-ല്‍ 2 പേര്‍ മാത്രമേ- യോശുവയും കാലേബും- വാഗ്ദത്തദേശത്ത് എത്തിയുള്ളു. എന്നാല്‍ കര്‍ത്താവ് ആ ചുരുക്കം പേരില്‍ സന്തുഷ്ടനാണ്.
7:16-ല്‍ ഗിദെയോന്‍ തന്റെ സൈന്യത്തെ 100 പേര്‍ വീതമുള്ള മൂന്നു കൂട്ടമായി വിഭാഗിച്ചു. ഓരോരുത്തനും ഓരോ കാഹളവും ഓരോ വെറും കുടവും കുടത്തിനകത്ത് ഓരോ പന്തവും വഹിച്ചിരുന്നു. പ്രകാശം പുറത്തു കാണേണ്ടതിന് അവര്‍ കുടം ഉടച്ചു. അതിനുശേഷം അവര്‍ കാഹളം ഊതി. നമ്മുടെ ജീവിതവും ശുശ്രൂഷയും എങ്ങനെ ആയിരിക്കണമെന്നതിന്റെ ഒരു ചിത്രമാണിത്. നാം എല്ലാവരും മണ്‍പാത്രങ്ങളാണ്. എന്നാല്‍ ”നമുക്ക് ദൈവതേജസ്സിന്റെ നിക്ഷേപം മണ്‍പാത്രങ്ങളില്‍ ഉണ്ട്” (2 കൊരി. 4:6,7). എന്നാല്‍ ഈ മണ്‍പാത്രം അനേകം ശോധനകളിലൂടെ തകര്‍ക്കേണ്ടതുണ്ട്. ‘യേശുവിന്റെ മരണം’- ഈ പ്രകാശം മറ്റുള്ളവര്‍ക്ക് കാണുന്നതിനായി(2കൊരി. 4:7-11). അല്ലാത്തപക്ഷം, ഈ പ്രകാശം എന്നെന്നേക്കും നമ്മില്‍ തന്നെ മറഞ്ഞിരിക്കും. ഇതെഴുതുമ്പോള്‍, പൗലൊസ് അകത്തു പന്തം വച്ചിട്ടുള്ള കുടവും വഹിച്ചുകൊണ്ടുപോകുന്ന ഗിദെയോന്റെ സൈന്യത്തെ കുറിച്ചു ചിന്തിക്കുക യായിരുന്നു. ആ കുടം തകര്‍ക്കപ്പെട്ടപ്പോള്‍ മാത്രമാണ് അതിനകത്തുണ്ടായിരുന്ന ആ പ്രകാശം ദൃശ്യമായത് എന്ന കാര്യവും. നമ്മിലുള്ള ക്രിസ്തുവിന്റെ ജീവന്റെ പ്രകാശം പുറത്തേക്ക് ശോഭിക്കേണ്ടതിന് അനേകം സാഹചര്യങ്ങളിലൂടെ നമ്മെ തകര്‍ക്കുവാന്‍ ദൈവം കാര്യങ്ങള്‍ അന്വേഷിക്കുന്നു. കാഹളം ഊതുന്നത് കര്‍ത്താവിന്റെ മഹത്വത്തെയും അവിടുത്തെ വചനത്തെയും ലജ്ജകൂടാതെ നാം പ്രഘോഷി ക്കുന്നതിന്റെ ഒരു ചിത്രമാണ്. ഇന്ന് അതുപോലെയുള്ള സ്ത്രീപുരുഷന്മാര്‍ക്കായി ദൈവം നോക്കിക്കൊണ്ടിരിക്കുന്നു.
നേരത്തെ, ഗിദെയോന്‍ യുദ്ധത്തിനു പോകുന്നതിനു മുമ്പ്, യഹോവ അവനോട് ഇപ്രകാരം അരുളിച്ചെയ്തു: ”നിനക്കു കുറച്ചുകൂടി ധൈര്യം വേണമെങ്കില്‍, രാത്രിയില്‍ നീ ശത്രു പാളയത്തിലേക്കു ഇറങ്ങിച്ചെന്ന് അവര്‍ സംസാരിക്കുന്നതെന്താണെന്നു കേള്‍ക്കുക” (7:10,11). ഗിദെയോന്‍ ഇറങ്ങിച്ചെന്നപ്പോള്‍, അവരെല്ലാം അവനെയും അവന്റെ കൂട്ടത്തെയും ഭയപ്പെടുന്നു എന്നാണ് അവന്‍ കേട്ടത്. ഇന്നു നിങ്ങള്‍ പിശാചിന്റെ പാളയത്തിലേക്കു ചെന്ന് അവര്‍ പറയുന്നതു കേട്ടാല്‍, അവര്‍ യേശുവിനെയും അവിടുത്തെ അനുഗമിക്കുന്നവരെയും ഭയപ്പെടുന്നു എന്നു നിങ്ങള്‍ കേള്‍ക്കും. അത് സാത്താനെതിരെയുള്ള യുദ്ധത്തിനു പോകുവാന്‍ നമ്മെ പ്രോത്സാഹിപ്പിക്കും. പിശാച് യേശുക്രിസ്തുവിനെ ഭയപ്പെടുന്നു. വാസ്തവത്തില്‍ അവനു നമ്മെയും ഭയമാണ് – നാം യഥാര്‍ത്ഥ ശിഷ്യന്മാരാണെങ്കില്‍. അതുകൊണ്ട് അവന്‍ നമ്മെ പേടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അവന്റെ ഭോഷ്‌ക് നമുക്കു വിളിച്ചു പറയാം.
എന്നാല്‍ ഗിദെയോന്‍ പോലും യഹോവയോടുള്ള വിശ്വസ്തതയില്‍ ഉറച്ചു നിന്നില്ല. തുടക്കം നന്നായിരുന്നു. അനേകരുടെയും ദുഃഖകരമായ കഥ ഇതാണ്- പഴയ ഉടമ്പടിയുടെ കീഴിലും, ഇന്നും ഒരുപോലെ. എന്നാല്‍ ഗിദെയോന്‍ തങ്ങള്‍ക്കു രാജാവായിരിക്കണം എന്നു യിസ്രായേല്യര്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ പറഞ്ഞു: ”ഇല്ല. ഞാന്‍ നിങ്ങള്‍ക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല. യഹോവയത്രേ നിങ്ങളുടെ രാജാവ്” (8:22,23).
അതു വളരെ ആത്മീയമായി തോന്നാം. എന്നാല്‍ അതിന്റെ തൊട്ടടുത്ത വാക്യത്തില്‍ അവന്‍ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക. അവന്‍ ഇപ്രകാരം പറഞ്ഞു: ”നിങ്ങള്‍ ഓരോരുത്തനും എനിക്ക് ഓരോ പൊന്‍കടുക്കന്‍ തരണം” (8:24). അതുകൊണ്ട് എല്ലാ യിസ്രായേല്യരും അവരുടെ പൊന്‍കടുക്കന്‍ അവനു കൊടുക്കുകയും ഗിദെയോന്‍ 1700 ശേക്കല്‍ (ഏകദേശം 20 കിലോഗ്രാം) സ്വര്‍ണ്ണവും അതിന്റെ കൂടെ ധാരാളം മറ്റ് ആഭരണങ്ങളും വിലപിടിപ്പുള്ള വസ്ത്രങ്ങളും ശേഖരിക്കുകയും ചെയ്തു (8:26). ഒരൊറ്റ ദിവസം കൊണ്ട് ഗിദെയോന്‍ ഒരു ലക്ഷാധിപതിയായിത്തീര്‍ന്നു- തങ്ങളുടെ ആട്ടിന്‍ പറ്റത്തില്‍ നിന്ന് ദശാംശവും സ്‌തോത്രകാഴ്ചയും ശേഖരിച്ച് എല്ലാം വീട്ടില്‍ കൊണ്ടുപോകുന്നതിലൂടെ ലക്ഷപ്രഭുക്കളായിത്തീരുന്ന അനേക പ്രസംഗകരെപ്പോലെ. ഗിദെയോന്‍ അതില്‍ കുറച്ചു സ്വര്‍ണ്ണം ഒരു ഏഫോദ് ഉണ്ടാക്കാന്‍ ഉപയോഗിച്ചു. അത് യിസ്രായേല്‍ ആരാധിച്ച ഒരു വിഗ്രഹമായി തീര്‍ന്നു (8:27).
അങ്ങനെ, ഈ വലിയ മനുഷ്യന്‍ പിന്മാറ്റത്തിലായി. ഒരു മനുഷ്യന്‍ തന്റെ ജീവിതം എങ്ങനെ ആരംഭിക്കുന്നു എന്നതല്ല കാര്യമായിട്ടുള്ളത്. അവന്റെ ജീവിതം എങ്ങനെ അവസാനിക്കുന്നു എന്നതാണ്. ഓരോ മത്സരത്തിലും സമ്മാനം ലഭിക്കുന്നത് നന്നായി അവസാനിപ്പിക്കുന്നവനാണ്, നന്നായി തുടങ്ങുന്നവനല്ല (1കൊരി. 9:24). നമ്മോടു കല്പിച്ചിരിക്കുന്നത്: ”ആളുകള്‍ തങ്ങളുടെ ജീവിതം എങ്ങനെ അവസാനിപ്പിക്കുന്നു എന്ന് ഓര്‍ത്തുകൊള്‍വിന്‍” എന്നാണ് (എബ്ര. 13:7- മാര്‍ജിന്‍).
തങ്ങളുടെ പ്രാരംഭ നാളുകളില്‍ ദൈവത്താല്‍ ശക്തിയോടെ ഉപയോഗിക്കപ്പെട്ട അനേകം പ്രഭാഷകര്‍ ഗിദെയോനെപ്പോലെ പിന്മാറി പോകുകയും, തങ്ങളുടെ ജീവിതം പണത്തിന്റെയും വസ്തുവകകളുടെയും പിന്നാലെ ഓടുന്നതില്‍ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്! അഭിഷേകം നഷ്ടപ്പെട്ട്, തങ്ങളുടെ മക്കള്‍ക്കു വേണ്ടി സ്വര്‍ണ്ണവും കടുക്കനും ശേഖരിക്കുന്നതിനായി അവരുടെ അവസാന നാളുകള്‍ ചെലവഴിക്കുന്നു! നന്നായി ആരംഭിക്കുന്നവരോടു ഞാന്‍ പറയട്ടെ:
നിങ്ങള്‍ക്കും അതേ കാര്യം സംഭവിക്കാതിരിക്കേണ്ടതിന് ഗിദെയോനില്‍ നിന്നും ഈ മറ്റു പുരുഷന്മാരില്‍ നിന്നും ഒരു പാഠം പഠിക്കുവിന്‍. നിങ്ങള്‍ക്കു ദൈവത്തെയും പണത്തെയും സ്‌നേഹിക്കാന്‍ കഴിയുകയില്ല. ”ആരുടെ കാളയെ ആണ് ഞാന്‍ എടുത്തിട്ടുള്ളത്. അല്ലെങ്കില്‍ ആരുടെ കഴുതയെ ഞാന്‍ എടുത്തിട്ടുണ്ട്? ആരെയാണ് ഞാന്‍ പീഡിപ്പിച്ചിട്ടുള്ളത്?” (1 ശമൂവേല്‍ 12:3) എന്നു തന്റെ ജീവിതാവസാനത്തില്‍ ധൈര്യത്തോടെ പറയാന്‍ കഴിഞ്ഞ ശമുവേലിനെ പോലെയുള്ളവരില്‍ എത്ര അനുഗ്രഹിക്കപ്പെട്ട വ്യത്യസ്തത ആണു നാം കാണുന്നത്! അദ്ദേഹത്തെപ്പോലെ പൗലൊസിനും തന്റെ ജീവിതാന്ത്യത്തില്‍ ഇങ്ങനെ പറയാന്‍ കഴിഞ്ഞു: ”ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാന്‍ മോഹിച്ചിട്ടില്ല… ആരുടെയും ആഹാരം ഞങ്ങള്‍ വിലകൊടുക്കാതെ ഭക്ഷിച്ചിട്ടില്ല… ഞങ്ങള്‍ ആരെക്കൊണ്ടും മുതലെടു ത്തിട്ടില്ല” (അപ്പൊ.പ്ര. 20:33; 2 തെസ്സ. 3:8; 2 കൊരി. 7:2). ഒരു പ്രസംഗകനുള്ള എത്ര നല്ല ഒരു സാക്ഷ്യം! ശമുവേലിനെയും പൊലൊസിനെയും പോലെയുള്ളവരുടെ മാതൃക പിന്‍തുടരുക.
അതിനുശേഷം, ന്യായാധിപന്മാരുടെ പുസ്തകത്തില്‍, നാം മറ്റു നേതാക്കന്മാരെ ക്കുറിച്ചു വായിക്കുന്നു- അബിമേലെക്ക്, തോലാ, യായീര്‍, യിഫ്താഹ്, ഇബ്‌സാന്‍, ഏലോന്‍, അബ്‌ദോന്‍.
തന്റെ വാക്കു പാലിച്ച് തന്റെ മകള്‍, അവളുടെ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി നില്‍ക്കേണ്ടതിന് അവളെ ദൈവത്തിനര്‍പ്പിച്ച ഒരുവനായിരുന്നു യിഫ്താഹ്. കാരണം അവളുടെ പിതാവ് (യിഫ്താഹ്) ദൈവത്തോട് ഒരു നേര്‍ച്ച നേര്‍ന്നിരുന്നു (11:35).
ശിംശോനും അവന്റെ പരാജയവും
അതിനുശേഷം നാം പതിമൂന്നാമത്തെ ന്യായാധിപനിലേക്കു വരുന്നു- ശിംശോന്‍. അധ്യായം 13-ല്‍ മക്കള്‍ ഒന്നും ഇല്ലാതിരുന്ന മനോഹയുടെ കുടുംബത്തെക്കുറിച്ചു നാം വായിക്കുന്നു. ദൈവത്തിന്റെ ദൂതന്‍ ഒരു ദിവസം മനോഹയുടെ ഭാര്യയ്ക്കു പ്രത്യക്ഷനായിട്ട് അവളോടു പറഞ്ഞത് അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവനെ ഒരു നാസീറായി വളര്‍ത്തിക്കൊണ്ടു വരണം. അനന്തരം ശിംശോന്‍ ജനിച്ചു. യഹോവ അവനെ അനുഗ്രഹിക്കുകയും ദൈവത്തിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കാന്‍ തുടങ്ങുകയും ചെയ്തു (13:25). അവന്‍ അഭിഷിക്തനായി – അതായിരുന്നു അവന്റെ ശക്തിയുടെ രഹസ്യം.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ശിംശോനും പിന്‍മാറ്റത്തിലായി- അവന്റെ ജീവിതത്തില്‍ വളരെ നേരത്തെ തന്നെ. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കാണുമ്പോഴൊക്കെ അവനു തന്റെ മോഹങ്ങളെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല. യഹോവയെ സേവിക്കാനുള്ള അവന്റെ വിളിയെക്കുറിച്ചുള്ളതെല്ലാം മറന്നിട്ട് ആ സ്ത്രീയുടെ പുറകെ പോകും- അവള്‍ ഒരു യെഹൂദസ്ത്രീ ആണെങ്കിലും, ഒരു വിജാതീയ ആണെങ്കിലും അവനെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യാസവും കണ്ടില്ല. അവള്‍ കാഴ്ചയ്ക്ക് സുന്ദരി ആയിരിക്കുന്നിടത്തോളം! അവന്റെ ജീവിതത്തിലുടനീളം അവന്റെ ബലഹീനത അതായിരുന്നു. ദൈവം അവനെ ഉപയോഗിച്ചു എന്നതിന് സംശയം ഒന്നുമില്ല; എന്നാല്‍ സുന്ദരികളായ സ്ത്രീകളോട് അവന് വലിയ ബലഹീനത ഉണ്ടായിരുന്നു- ഇന്നത്തെ ഒട്ടനവധി പ്രസംഗകരെപ്പോലെ. ശിംശോന്റെ പെരുമാറ്റം ജോസഫിന്റേതിനോട് വിരുദ്ധമായി നില്‍ക്കുന്നു. ജോസഫ് ജീവിച്ചിരുന്നത് ന്യായപ്രമാണം നല്‍കപ്പെടുന്നതിനു മുമ്പായിരുന്നു. തന്നെയുമല്ല ശിംശോനുണ്ടായിരുന്നതിനെക്കാള്‍ ദൈവത്തിന്റെ വഴികളെക്കുറിച്ച് ജോസഫിനുണ്ടായിരുന്ന വെളിപ്പാട് വളരെ കുറവായിരുന്നു. എന്നിട്ടും അവന്‍ തുടര്‍മാനം ദൈവത്തോടു വിശ്വസ്തനായിരുന്നു- അതിനാല്‍ അവന്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി യുവാക്കള്‍ക്കു ശ്രദ്ധേയമായ മാതൃകയായി തീര്‍ന്നിരിക്കുന്നു. മറിച്ച് ശിംശോന്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി എല്ലാ പുരുഷന്മാര്‍ക്കും അതേപോലെ തന്നെ ശ്രദ്ധേയമായ ഒരു മുന്നറിയിപ്പായി തീര്‍ന്നിരിക്കുന്നു!
14:5,6-ല്‍ നാം വായിക്കുന്നത് ശിംശോന്‍ തിമ്‌നയിലേക്കു പോയി. അപ്പോള്‍ ഒരു ബാലസിംഹം അവന്റെ നേരെ അലറി വന്നു. ആ സിംഹത്തെ പിടിച്ച് കഷണങ്ങളായി കീറത്തക്കവണ്ണം യഹോവയുടെ ആത്മാവ് അവന്റെമേല്‍ ശക്തിയോടെ വന്നു. എന്നാല്‍ വളരെ താഴ്മയുള്ളവനായിരുന്നതുകൊണ്ട് അവന്‍ അതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല- അവന്റെ അപ്പനോടും അമ്മയോടും പോലും. അതു ചെയ്യുവാന്‍ അവനെ പ്രാപ്തനാക്കിയത് പരിശുദ്ധാത്മാവിന്റെ ശക്തിയാണെന്ന് ശിംശോന്‍ അറിഞ്ഞിരുന്നു.
14:10-ല്‍ നാം വായിക്കുന്നത് അവന്റെ പിതാവ് ശിംശോന്‍ ഇഷ്ടപ്പെട്ട ആ ഫെലിസ്ത്യ സ്ത്രീയെ കാണുവാന്‍ പോകുകയും ശിംശോന് അവളെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു എന്നാണ്. ഇത് ഒരു യിസ്രായേല്യന്‍ യിസ്രായേല്യരല്ലാത്ത ഒരാളിനെ ഒരിക്കലും വിവാഹം ചെയ്യരുതെന്നു വ്യക്തമായി പറഞ്ഞിട്ടുള്ള ദൈവത്തിന്റെ ന്യായപ്രമാണത്തോട് നേരിട്ടുള്ള അനുസരണക്കേടാണ്. ശിംശോന്റെ ജീവിതം ഉയര്‍ച്ചയും താഴ്ചയും ഉള്ള ഒന്നായിരുന്നു- ചിലപ്പോള്‍ മുകളിലേക്ക്, എന്നാല്‍ കൂടുതലും താഴോട്ട്. 16:1-ല്‍ വായിക്കുന്നത് അവന്‍ ഗസ്സയിലേക്കു ചെന്ന് അവിടെ ഒരു വേശ്യയെ കണ്ടു അവളുമായി വ്യഭിചാരം ചെയ്തു എന്നാണ്. അവന്‍ പിടിക്കപ്പെട്ടപ്പോള്‍, പട്ടണവാതിലിന്റെ കതകുകള്‍ പിഴുതെടുത്തു കൊണ്ട് അതുമായി നടന്നുപോയി! പിന്നീട്, അവന്‍ ദലീല എന്നു പേരുള്ള മറ്റൊരു ഫെലിസ്ത്യ സ്ത്രീയെ കണ്ടുമുട്ടുകയും അവളെ സ്‌നേഹിക്കുകയും ചെയ്തു (16:4). ദൈവം അവന്റെ മനഃസാക്ഷിയോടു പലതവണ സംസാരിച്ചിട്ടുണ്ടാകും. എന്നാല്‍ അവന്‍ ശ്രദ്ധിച്ചില്ല. ദൈവം അവനെ ഉപയോഗിക്കുന്നു എന്ന കാര്യത്തില്‍ അവന്‍ സന്തോഷിച്ചു കാണാനാണു സാധ്യത – ഇന്നത്തെ അനേകം പ്രസംഗകരെപ്പോലെ. അന്ത്യനാളില്‍ അനേകര്‍ കര്‍ത്താവിന്റെ അടുക്കല്‍ അവിടുന്ന് അവരെ വിവിധ ശുശ്രൂഷകളില്‍ ഉപയോഗിച്ചത് എങ്ങനെയെന്ന് അവിടുത്തെ ഓര്‍മ്മപ്പെടുത്തി ക്കൊണ്ടു വരും. എന്നാല്‍ കര്‍ത്താവ് അവരെ എല്ലാം നരകത്തിലേക്കു വിട്ടുകളയും. കാരണം അവര്‍ തങ്ങളുടെ സ്വകാര്യ ജീവിതങ്ങളില്‍ പാപത്തില്‍ ജീവിച്ചു (മത്താ. 7:22,23). നമ്മുടെ മനസ്സാക്ഷിയോടുള്ള ദൈവത്തിന്റെ ശാന്തമായ മുന്നറിയിപ്പുകളെ നാം തള്ളിക്കളഞ്ഞുകൊണ്ടേയിരുന്നാല്‍, നമുക്കും ആ പ്രസംഗകരെപ്പോലെ നമ്മെത്തന്നെ നശിപ്പിച്ചു കളയാന്‍ കഴിയും.
ശിംശോന്‍ ഒടുവില്‍ ദലീലയുടെ മടിയില്‍ തലവച്ച് അവന്റെ ശക്തിയുടെ രഹസ്യം അവള്‍ക്കു വെളിപ്പെടുത്തി. തല്‍ക്ഷണം അവള്‍ അവന്റെ മുടി മുറിച്ചുമാറ്റി. അത് അവന്റെ ശുശ്രൂഷയുടെ അവസാനമായിരുന്നു. എന്തൊരു ദുരന്തം! അത്ര ശക്തനായ ഒരു വിമോചകന്‍, അവന്റെ തന്നെ മോഹങ്ങള്‍ക്കും വികാരങ്ങള്‍ക്കും അടിമയാക്കപ്പെട്ടു. 1 കൊരിന്ത്യര്‍ 9:27-ല്‍ പൗലൊസ് പറയുന്നു: ”മറ്റുള്ളവരോടു പ്രസംഗിച്ച ശേഷവും ഞാന്‍തന്നെ കൊള്ളരുതാത്തവനായി തീര്‍ന്നുപോകാനുള്ള സാധ്യതയുണ്ട്. ഞാന്‍ എന്റെ ശരീരത്തെ വിധേയത്വത്തില്‍ സൂക്ഷിച്ചില്ലെങ്കില്‍”- ലിവിംഗ് ബൈബിള്‍ ആ വാക്യത്തെ ഇപ്രകാരം പരാവര്‍ത്തനം ചെയ്തിരിക്കുന്നു: ”ഞാന്‍ എന്റെ ശരീരത്തെ കൊണ്ട് അതാഗ്രഹിക്കുന്നതു ചെയ്യിക്കുകയല്ല, അതു ചെയ്യേണ്ടതു ചെയ്യിക്കുന്നു.” അത് അര്‍ത്ഥമാക്കുന്നത് നാം നമ്മുടെ ശരീരത്തെ അത് ആഗ്രഹിക്കുന്നതു തിന്നുവാനല്ല, അതു തിന്നേണ്ടതു തിന്നുവാന്‍ അനുവദിക്കണം; അതിന് ഇഷ്ടമുള്ളത്ര ഉറങ്ങുവാനല്ല, അത് ഉറങ്ങേണ്ടത്ര ഉറങ്ങുവാന്‍ അനുവദിക്കണം. നമ്മുടെ കണ്ണുകള്‍ ആഗ്രഹിക്കുന്നതു നോക്കുവാനല്ല, അവ നോക്കേണ്ടതു മാത്രം നോക്കുവാന്‍ നാം അവയെ നിയന്ത്രിക്കണം. നമ്മുടെ നാവിനെ അതാഗ്രഹിക്കുന്നതു പറയുവാനല്ല, അതു പറയേണ്ടതു പറയുവാന്‍ തക്കവണ്ണം അതിനെ നിയന്ത്രിക്കണം.
നമ്മുടെ ശാരീരിക വികാരങ്ങളെ നാം നിയന്ത്രിക്കുന്നില്ലെങ്കിലും അതിശയകരമായ സന്ദേശങ്ങള്‍ നാം പ്രസംഗിച്ചേക്കാം. അപ്പോഴും അന്ത്യനാളില്‍ കര്‍ത്താവിനാല്‍ പുറത്താക്കപ്പെടാം. അത് നമ്മുടെ ശാരീരിക വികാരങ്ങളെ ശിക്ഷണം ചെയ്യുന്നതിനെ അത്രമാത്രം ആശ്രയിച്ചിരിക്കുന്നു. ഇതാണ് അനേകരെ അനുഗ്രഹിച്ച അത്ഭുതകരമായ ഒരു ശുശ്രൂഷയുണ്ടായിരുന്ന ശിംശോന്റെ കഥ നമുക്കു നല്‍കുന്ന സന്ദേശം. എന്നാല്‍ ഒടുവില്‍ അവന്‍ തന്നെത്താന്‍ അയോഗ്യനാക്കി. വളരെയേറെ പ്രസംഗകര്‍ സൗന്ദര്യമുള്ള സ്ത്രീകള്‍ക്ക് ഇരയായി തീര്‍ന്നിട്ടുണ്ട്. അങ്ങനെയുള്ള പുരുഷന്മാര്‍ പ്രയോഗിക്കുന്ന വരങ്ങളാലോ, അവരുടെ സംഘടനകളാലോ നിങ്ങള്‍ ആകൃഷ്ടരാകരുത്! ഒരു നേതാവ് ഒരു പാപത്തില്‍ വീഴുന്നത്, ഒരു സാധാരണ വിശ്വാസി അതേ പാപത്തില്‍ വീഴുന്നതിനെക്കാള്‍ ഗൗരവമുള്ളതാണ് – നാം ലേവ്യാ പുസ്തകത്തില്‍ കാണുന്നതുപോലെ. അധികം ലഭിച്ചവനോട് അധികം ആവശ്യപ്പെടും.
എതിര്‍ലിംഗത്തിലുള്ളവരുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍, നിങ്ങള്‍ ഒരു മൂപ്പനോ, ഒരു നേതാവോ ആകുന്നതിലൂടെ ദൈവനാമത്തെ അപമാനിക്കരുത്. നിങ്ങള്‍ പാപത്തില്‍ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍, ദൈവത്തിന്റെ ഒരു വിശുദ്ധ പുരുഷനാണെന്ന ഭാവം കൊണ്ട് ആളുകളെ കബളിപ്പിക്കരുത്. നിങ്ങള്‍ അങ്ങനെ തുടര്‍ന്നാല്‍, ഒരു ദിവസം ദൈവം നിങ്ങളെ പരസ്യമായി തുറന്നുകാട്ടും. നിങ്ങളുടെ പാപം മറയ്ക്കുവാന്‍ വേണ്ടത്ര ബുദ്ധിമാനാണ് നിങ്ങള്‍ എന്നു ചിന്തിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ ദൈവത്തിനു വേണ്ടത്ര ബുദ്ധിമാനല്ല. നിങ്ങള്‍ ഇതുവരെ തുറന്നു കാട്ടപ്പെട്ടിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ അവിടുന്നു നിങ്ങളെ മറ്റുള്ളവര്‍ക്കു തുറന്നുകാട്ടും.
അധ്യായം 16-ല്‍ ശിംശോന് എങ്ങനെ അവന്റെ ശക്തി നഷ്ടപ്പെട്ടെന്നും അവന്റെ കണ്ണുകള്‍ എങ്ങനെ അന്ധമായി എന്നും നാം വായിക്കുന്നു. പ്രസംഗകര്‍ സ്ത്രീകളുടെ പിന്നാലെ പോകുമ്പോള്‍ ഇതാണു സംഭവിക്കുന്നത്: അവരുടെ ആത്മീയ കാഴ്ച അവര്‍ക്കു നഷ്ടപ്പെടുന്നു. പിന്നീടൊരിക്കലും അവര്‍ക്കു വ്യക്തമായി കാണാന്‍ കഴിയുന്നില്ല. അപ്പോഴും അവര്‍ തങ്ങളുടെ ഉപദേശങ്ങളില്‍ ശരിയായിരിക്കാം. കൂടാതെ അവര്‍ക്ക് വാക്ചാതുര്യത്തോടെ പ്രസംഗിക്കുവാനും കഴിയും. എന്നാല്‍ അവരുടെ ആത്മീയ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടാകും.
ശിംശോന്‍ ഒരു അടിമയായി തീര്‍ന്നെങ്കിലും, ദൈവത്തിനു സ്‌തോത്രം, അവന്റെ ജീവിതാവസാനത്തോട് അടുത്തപ്പോള്‍ അവനു തന്റെ പാപം തിരിച്ചറിയാന്‍ വേണ്ട ബോധം ഉണ്ടായി. അവന്‍ മാനസാന്തരപ്പെടുകയും ഒടുവില്‍ അവന്റെ മരണസമയത്ത് അനേകം ഫെലിസ്ത്യരെ നശിപ്പിക്കുകയും ചെയ്തു (ന്യയാ. 16:23-31).
ശിംശോന്റെ കഥ രണ്ടു സിംഹങ്ങളുടെ കഥയാണ് – ഒന്നു പുറത്തും ഒന്ന് അവന്റെ ഹൃദയത്തിന്റെ ഉള്ളിലും. പുറമേയുള്ള സിംഹത്തെ അവനു കീഴടക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ ആന്തരിക സിംഹത്തെ അവനു കീഴടക്കുവാന്‍ കഴിഞ്ഞില്ല. ഇതു നമ്മെ പഠിപ്പിക്കുന്നത് ലൈംഗിക മോഹങ്ങളുടെ സിംഹം പുറമേയുള്ള ഏതു സിംഹത്തെക്കാളും വളരെയധികം ശക്തിയുള്ളതും ഭയപ്പെടേണ്ടതുമാണ്. ഒരു കാട്ടില്‍ വച്ച് ഒരു സിംഹം നിങ്ങളുടെ നേരെ പാഞ്ഞു വരുന്നതു കാണുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? നിങ്ങള്‍ കറങ്ങിത്തിരിഞ്ഞ് ഓടും. മോഹത്തിന്റെ സിംഹം നിങ്ങളുടെ നേരെ വരുന്നതു കാണുമ്പോള്‍ നിങ്ങള്‍ അതേ കാര്യം തന്നെ ചെയ്യുമോ? വേദപുസ്തകം നമ്മെ പ്രബോധിപ്പിക്കുന്നത് ”ദുര്‍ന്നടപ്പു വിട്ടോടുവിന്‍” (1 കൊരി. 6:18) എന്നാണ്. അതിനെ ജയിക്കുവാനുള്ള ഏകമാര്‍ഗ്ഗം അതാണ്- അത്തരം പ്രലോഭനങ്ങളുടെ അടുത്തെങ്ങും പോകരുത്. വിശന്നിരിക്കുന്ന സിംഹത്തെ നിങ്ങള്‍ എങ്ങനെ ഒഴിവാക്കുമോ അതുപോലെ അഴിഞ്ഞാട്ടക്കാരായ സ്ത്രീകളെ നിങ്ങള്‍ ഒഴിവാക്കുക.
ശിംശോന്‍ പഴയ ഉടമ്പടിയുടെ കീഴിലാണ് ജീവിച്ചിരുന്നത്. അതുകൊണ്ട് ഇന്ന് ദുര്‍ന്നടപ്പില്‍ വീഴുന്നതിന് ഒരു ഒഴികഴിവായി ശിംശോന്റെ ഉദാഹരണം ഉപയോഗിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ശിംശോനു പുതിയ ഉടമ്പടി ഉണ്ടായിരുന്നില്ല. അവന്‍ കാല്‍വരിയിലെ കുരിശിനു മുമ്പാണ് ജീവിച്ചിരുന്നത്. ഇന്ന് നമുക്ക് യേശുവില്‍ ഉള്ള മാതൃക അന്ന് അവനില്ലായിരുന്നു. എല്ലാറ്റിനും ഉപരി, നമുക്കു കഴിയുന്നതുപോലെ ഉള്ളില്‍ വസിക്കുന്ന ഒരു സഹായകനായി പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ അവനു കഴിഞ്ഞിരുന്നില്ല. പിതാവുമായുള്ള കൂട്ടായ്മയുടെ അതിപരിശുദ്ധ സ്ഥലത്തേക്കുള്ള വഴി ആ നാളുകളില്‍ തുറക്കപ്പെട്ടിട്ടില്ലായിരുന്നു. ദൈവിക കൂട്ടായ്മയുടെ അനുഗ്രഹം പോലും ശിംശോനുണ്ടായിരുന്നില്ല. ഇവയെല്ലാം ഇന്നു നമുക്കുണ്ട്. അതുകൊണ്ട് പാപത്തില്‍ ജീവിക്കുന്നതിന് ഒരു ഒഴികഴിവും നമുക്കില്ല.
അവരുടെ ദൃഷ്ടിയില്‍ ശരിയായത്
17-21 വരെയുള്ള അധ്യായങ്ങളില്‍, നാം വിഗ്രഹാരാധനയെക്കുറിച്ചും, ദുര്‍ന്നടപ്പിനെക്കുറിച്ചും യിസ്രായേല്യരുടെ ഇടയില്‍ ഉണ്ടായ യുദ്ധങ്ങളെക്കുറിച്ചും വായിക്കുന്നു. ഇവ വെളിപ്പെടുത്തുന്നത്, ദൈവം ഈ ഭൂമിയില്‍ തന്റെ പ്രതിനിധികളായിരിപ്പാന്‍ തിരഞ്ഞെടുത്തിട്ടുള്ള ഒരു രാഷ്ട്രത്തിന്റെ അധഃപതിച്ച അവസ്ഥയെ ആണ്. അവര്‍ സൊദോമിന്റെയും ഗൊമോറയുടെയും നിലയിലേക്കു മുങ്ങി താഴ്ന്നു പോയി.
17:7-13-ല്‍ വേദപുസ്തകത്തിലെ, ആദ്യത്തെ ശമ്പളം പറ്റുന്ന, ഉപജീവനാര്‍ത്ഥം പ്രസംഗിക്കുന്ന, പ്രസംഗകരെ നാം കാണുന്നു. ഏറ്റവും നല്ല ശമ്പളവും ഏറ്റവും നല്ല പ്രയോജനങ്ങളും എവിടെയെല്ലാം കിട്ടുമോ അവിടെയെല്ലാം പോകുവാന്‍ അവര്‍ തയ്യാറായിരുന്നു. ഏറ്റവും ഉന്നതനായ ഒരു ലേലം വിളിക്കാരന് ഒരു പുരോഹിതനായി ശുശ്രൂഷ ചെയ്യുവാന്‍ സമ്മതിച്ച ഒരു ലേവ്യന്‍ അവിടെ ഉണ്ടായിരുന്നു. ഒരു വ്യാപാരി അവിടെ വന്ന് അവന് നല്ല ശമ്പളവും ആണ്ടുതോറും പുതിയ വസ്ത്രങ്ങളും സൗജന്യമായി താമസസൗകര്യങ്ങളും നല്‍കാം എന്നു പറഞ്ഞു. പെട്ടെന്നു തന്നെ ആ പ്രസംഗകന്‍ ആ കരാര്‍ ഒപ്പിട്ടു! അവനു ശമ്പളം കൊടുത്ത വ്യാപാരി ചിന്തിച്ചത്, ലേവ്യരുടെ പാഠശാലയില്‍ നിന്നു ബിരുദമെടുത്ത ഒരു ഉപദേശിയെ അവന്‍ ജോലിക്കാക്കിയതുകൊണ്ട് ഇപ്പോള്‍ ദൈവം അവനെ അനുഗ്രഹിക്കുമെന്നാണ്. ഇന്നു സംഭവിക്കുന്ന കാര്യങ്ങളോട് എന്തു സാദൃശ്യം! ഇത് 21-ാം നൂറ്റാണ്ടിലെ കഥയാണെന്ന് മിക്കവാറും ഒരാള്‍ ചിന്തിച്ചേക്കാം. കാര്യങ്ങളുടെ പരിതാപകരമായ ഈ അവസ്ഥയ്ക്കു കാരണം ഈ സംഭവത്തിന്റെ വിവരണത്തെ തുടര്‍ന്ന് അടുത്തു വരുന്ന വാക്യത്തില്‍ തന്നിട്ടുണ്ട്: ”ഓരോരുത്തനും തന്റെ കണ്ണില്‍ ശരിയെന്നു തോന്നിയതു ചെയ്തു” (17:6).
ന്യായാധിപന്മാരുടെ കാലത്ത് യിസ്രായേലില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും ആ വാക്യം ചുരുക്കി പറയുന്നു. തന്നെയുമല്ല അതുകൊണ്ട് ഈ പ്രസ്താവന വളരെ യോജിക്കുന്ന വിധത്തില്‍, ഈ പുസ്തകത്തിന്റെ അവസാന വാക്യമായി ആവര്‍ത്തിച്ചിരിക്കുന്നു: ”ആ കാലത്ത് യിസ്രായേലില്‍ രാജാവില്ലായിരുന്നു. ഓരോരുത്തന്‍ തന്റെ സ്വന്തം കണ്ണുകളില്‍ ശരിയായതു ചെയ്തു” (21:25).
ആ നാളുകളില്‍ യിസ്രായേല്യര്‍ ജീവിച്ചത് അപ്രകാരമായിരുന്നു. അനേകം ക്രിസ്ത്യാനികള്‍ ഇന്നു ജീവിക്കുന്നതും അങ്ങനെ തന്നെയാണ്. യേശു അവരുടെ ജീവിതങ്ങളില്‍ രാജാവല്ല. അതുകൊണ്ട് അവര്‍ക്കു തോന്നുന്നത് അവര്‍ ചെയ്യുന്നു. അവര്‍ തങ്ങളുടെ പണം അവര്‍ക്കു തോന്നുന്നതുപോലെ ചെലവാക്കുന്നു. അവര്‍ക്കു തോന്നുന്നതുപോലെ അവര്‍ ജീവിക്കുകയും ചെയ്യുന്നു. തങ്ങള്‍ക്ക് ഏറ്റവും വലിയ ശമ്പളം നേടാന്‍ കഴിയുന്നിടത്തേക്കെല്ലാം അവര്‍ പോകുന്നു. ദൈവഹിതമോ അവരുടെ ജീവിതങ്ങളെ കുറിച്ചുള്ള ദൈവത്തിന്റെ പൂര്‍ണ്ണതയുള്ള ആലോചനയോ അന്വേഷിക്കാതെ അവരെല്ലാവരും ജീവിക്കുന്നു.
ഇന്ന് യേശുക്രിസ്തുവിനെ നമുക്കു മാതൃകയായി ദൈവം നല്‍കിയിരിക്കുന്നു. നമ്മുടെ കര്‍ത്താവും രാജാവും ആയി നാം അവിടുത്തെ അനുഗമിക്കുന്നില്ലെങ്കില്‍, നമുക്കും ന്യായാധിപന്മാരുടെ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള യിസ്രായേല്യരെപ്പോലെ അവസാനിക്കാന്‍ കഴിയും.
യിസ്രായേലിലെ ന്യായാധിപന്മാരുടെ ഏകദേശ ശുശ്രൂഷാകാലം:
ഒത്‌നിയേല്‍ – 1367-1327 ബിസി
ഏഹൂദ് – 1309-1229 ബിസി
ശംഗര്‍ – 1248-1230 ബിസി
ദെബോറാ – 1209-1169 ബിസി
ഗിദെയോന്‍ – 1162-1122 ബിസി
അബീമേലെക് – 1122 ബിസി
തോലയും യായീറും – 1120-1096 ബിസി
യിഫ്താഹ് – 1096-1090 ബിസി
ഇസ്ബാന്‍, ഏലോന്‍,അബ്‌ദോന്‍ – 1090-1075 ബിസി
ശിംശോന്‍ – 1075-1055 ബിസി