ദൈവത്തിന്റെ വിശുദ്ധി
സത്യത്തില്‍ പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള പുസ്തകങ്ങളില്‍ ഒന്നാണിത്. ഇതില്‍ നിന്നു ഹൃദയത്തിന് എന്തെങ്കിലും കിട്ടുന്നതും പ്രയാസം. എന്നാല്‍ ഇതും ദൈവത്തിന്റെ പ്രചോദനാത്മകമായ വചനമാണ്. അതുകൊണ്ട് ഇതില്‍ നിന്നും ദൈവത്തിനു നമുക്കു ചിലതു തരുവാന്‍ കഴിയും.
ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചു പറയുന്ന പുസ്തകമാണ് ലേവ്യ. ഇതില്‍ ഉടനീളമുള്ള പ്രധാനവിഷയം വിശുദ്ധിയാണ്.
ഒട്ടേറെ വിശ്വാസികളും ഭയപ്പെടുന്ന ഒരു പദമാണ് വിശുദ്ധി. എന്നാല്‍ നാം ദൈവവചനത്തിന്റെ നിലവാരം ധൈര്യത്തോടെ പ്രസ്താവിക്കണം- അവയെല്ലാം യഥാര്‍ത്ഥമായതും പ്രാപ്യവുമാണ്.
വിശുദ്ധിയെന്നത് ദൈവത്തിന്റെ സ്വഭാവം തന്നെയാണ്. നമുക്കു തന്നിരിക്കുന്ന ദൈവത്തിന്റെ ആത്മാവ് പരിശുദ്ധ ആത്മാവാണ്. യെശയ്യാവിനു ദൈവത്തിന്റെ ദര്‍ശനം ഉണ്ടായപ്പോള്‍ അവന്‍ അവിടുത്തെ തന്റെ പരിശുദ്ധിയില്‍ കണ്ടു; തന്നെത്തന്നെ അശുദ്ധനായ മനുഷ്യനായും.
വിശുദ്ധി ആരോഗ്യം പോലെയാണ്. പൂര്‍ണ ആരോഗ്യം ഉള്ളവരായിരിക്കുന്നതിനെക്കുറിച്ചുള്ള സന്ദേശം കേള്‍ക്കുന്നതു നിങ്ങളില്‍ എത്ര പേര്‍ ഭയപ്പെടുന്നു? നല്ല ആരോഗ്യത്തെ നമ്മളാരെങ്കിലും ഭയപ്പെടുമോ? ഇല്ല. അങ്ങനെയെങ്കില്‍ നമ്മുടെ ആത്മാവിലെ പൂര്‍ണ ആരോഗ്യത്തെ നാം എന്തിനു ഭയപ്പെടണം? നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെക്കാള്‍ വളരെ പ്രധാനമല്ലേ അത്? പാപം രോഗം പോലെയാണ്. ലേവ്യ പുസ്തകത്തില്‍ നാം അതു കാണുന്നു. ദൈവം ഇവിടെ വിശുദ്ധിയെ സംബന്ധിച്ചും ആരോഗ്യത്തെ സംബന്ധിച്ചുമുള്ള നിയമങ്ങള്‍ നല്‍കുന്നു. രണ്ടും സമാനമാണ്- ഒന്ന് ആത്മാവിനെ സംബന്ധിച്ചും മറ്റേത് ശരീരത്തെ സംബന്ധിച്ചും ഉള്ളത്. ശരീരത്തെ സംബന്ധിച്ച വിശുദ്ധിയെയാണ് നാം ആരോഗ്യം എന്നു വിളിക്കുന്നത്. ദേഹിയുടെയും ആത്മാവിന്റെയും ആരോഗ്യത്തെ നാം വിശുദ്ധി എന്നും വിളിക്കുന്നു. അതുകൊണ്ട് നാം വിശുദ്ധിയെക്കുറിച്ചുള്ള ഭയം ഒഴിവാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, നാം പൂര്‍ണ ആരോഗ്യത്തെക്കാള്‍ പൂര്‍ണവിശുദ്ധി വാഞ്ഛിക്കണം. ശരീരത്തില്‍ നിന്ന് എല്ലാ അസുഖങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നു നാം ആഗ്രഹിക്കുന്ന പോലെ നമ്മെ മലിനപ്പെടുത്തുന്ന എല്ലാ പാപങ്ങളില്‍ നിന്നും നാം പൂര്‍ണ വിടുതലിനായി ആഗ്രഹിക്കണം.
രോഗങ്ങള്‍ സഹിക്കുന്നതിനെക്കാള്‍ ഒട്ടും കൂടുതലായി നാം പാപത്തെ സഹിക്കരുത്. മോശപ്പെട്ട ചിന്തകളോട് സഹിഷ്ണുത കാട്ടുന്നത് ക്ഷയത്തോടോ കുഷ്ഠത്തോടോ സഹിഷ്ണുത കാട്ടുന്നതുപോലെ തന്നെയാണ്. കോപ സ്വഭാവത്തെ ന്യായീകരിച്ച് ‘ഓ, അതെന്റെ ഒരു ബലഹീനതയാണ്. അല്ലെങ്കില്‍ എന്റെ ഒരു പ്രകൃതമാണ്’ എന്നു പറയുകയും അതിനോട് ഒത്തുതീര്‍പ്പില്‍ ജീവിക്കുകയും ചെയ്യുന്നത് എയിഡ്‌സോ സിഫിലിസോ ശരീരത്തിലുണ്ടെങ്കില്‍ ‘അതു സാരമില്ല’ എന്നു കരുതുന്നതു പോലെയാണ്. പാപവും രോഗവും സമാനമാണ്. ഉദാഹരണത്തിന് കുഷ്ഠമോ സമാനമായ ത്വക് രോഗമോ ഉള്ള വ്യക്തിയോട് എങ്ങനെ കര്‍ശനമായി പെരുമാറണമെന്നു ദൈവം യിസ്രായേല്‍ മക്കളോട് ലേവ്യ പുസ്തകത്തില്‍ നിര്‍ദ്ദേശിക്കുന്നതു ശ്രദ്ധിക്കുക. ഈ പുസ്തകത്തില്‍ അതു പാപത്തിന്റെ നിഴലാണ്. അവിടെ നല്‍കിയിരിക്കുന്ന നിയമങ്ങള്‍ പാപത്തോടു നാം എങ്ങനെ ഇടപെടണമെന്നതും വ്യക്തമാക്കുന്നു.
‘വിശുദ്ധി,’ ‘വിശുദ്ധം’ എന്നീ വാക്കുകള്‍ ഈ പുസ്തകത്തില്‍ നൂറിനടുത്തു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. ഈ പുസ്തകത്തിന്റെ മുഖ്യചിന്താവിഷയം ഇതാണെന്നാണ് അതു വ്യക്തമാക്കുന്നത്. 27 അധ്യായങ്ങളുള്ള ഒരു പുസ്തകത്തില്‍ ‘വിശുദ്ധി’യെന്നതു നൂറുവട്ടം പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതൊരു പ്രധാനപ്പെട്ട പുസ്തകം തന്നെ. എന്നാല്‍ ബൈബിളിലെ മറ്റു പല പുസ്തകങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇതില്‍ കഥകളൊന്നുമില്ല. പല ശ്രദ്ധേയമായ വാക്യങ്ങളോ വാഗ്ദാനങ്ങളോ ഇല്ലതാനും. എന്നാല്‍ യാഗങ്ങള്‍, പെരുന്നാളുകള്‍ തുടങ്ങിയവയെക്കുറിച്ചു ധാരാളം വിവരണങ്ങള്‍ ഇതിലുണ്ട്. ഈ പുസ്തകത്തിലെ ചില പ്രധാന കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും അവ വിശദീകരിക്കുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ പുസ്തകത്തിലെ യാഗങ്ങള്‍, പെരുന്നാളുകള്‍ എന്നിവയെക്കുറിച്ചു വിശദീകരിച്ച് അവ പുതിയ ഉടമ്പടിയുടെ കാലഘട്ടത്തില്‍ നമുക്ക് എത്രത്തോളം പ്രസക്തമാണെന്നു പറയുവാനും ആഗ്രഹിക്കുന്നു. യാഗങ്ങള്‍, പെരുന്നാളുകള്‍ എന്നിവയ്‌ക്കെല്ലാം ദൈവം എങ്ങനെയാണ് അവസാനം വരുത്തിയതെന്ന് എബ്രായ ലേഖനത്തില്‍ നിന്നു നമുക്കറിയാം. എന്നാല്‍ ആ യാഗങ്ങള്‍ ക്രിസ്തുവിലേക്കും നമ്മിലേക്കും വിരല്‍ ചൂണ്ടുന്നവയാകയാല്‍ അവ എന്തിനെയെല്ലാം കുറിക്കുന്നു, നമുക്ക് അവ ഏതു നിലയിലാണു ബാധകം എന്നെല്ലാം അറിയുന്നതു നല്ലതാണ്- കഴിഞ്ഞ അധ്യായത്തില്‍ സമാഗമന കൂടാരത്തെക്കുറിച്ചു മനസ്സിലാക്കിയതുപോലെ.
അഞ്ച് യാഗങ്ങള്‍
ലേവ്യ പുസ്തകത്തിന്റെ ഒന്നു മുതല്‍ ഏഴു വരെയുള്ള അധ്യായങ്ങള്‍ അഞ്ച് യാഗങ്ങളെക്കുറിച്ചു വിവരിക്കുന്നു. അവയെല്ലാം ക്രിസ്തുവിനെയും അവിടുത്തെ തികവുള്ള ജീവിതത്തെയും അവിടുത്തെ മരണത്തെയുമാണ് ചിത്രീകരിക്കുന്നത്. രക്തച്ചൊരിച്ചിലില്ലാത്ത ചില യാഗങ്ങളെക്കുറിച്ചും ഇവിടെ പറഞ്ഞിരിക്കുന്നതിനാല്‍ ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചു മാത്രമല്ല തന്റെ ജീവിതത്തെക്കുറിച്ചും നാം ചിന്തിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. ഈ യാഗങ്ങള്‍ തീര്‍ച്ചയായും കാല്‍വറിയെയല്ല, യേശുവിന്റെ പൂര്‍ണമായ ജീവിതത്തെയാണ് വിവരിക്കുന്നത്. അവിടുത്തെ ജീവിതത്തെക്കുറിച്ചും നാം കൂടുതല്‍ ചിന്തിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നതായി അതു കാണിക്കുന്നു. ക്രൂശിലെ യേശുവിന്റെ പരമയാഗത്തെ ക്കുറിച്ചു മാത്രമാണു പല ക്രിസ്ത്യാനികളും ചിന്തിക്കുന്നത്. എന്നാല്‍ ലേവ്യ പുസ്തകത്തില്‍ നിന്നു നാം പഠിക്കുന്നതു യേശു തന്റെ ജീവിതത്തിലും പല അര്‍പ്പണങ്ങള്‍ നടത്തിയെന്നാണ്. അവിടുന്നു തന്റെ സ്വന്ത ഇഷ്ടവും സ്വയജീവനും മരണത്തിന് പകര്‍ന്നു കൊടുത്തുകൊണ്ട് ദിനന്തോറും സ്വന്ത ജീവിതത്തെ പിതാവിന്റെ മുന്‍പില്‍ അര്‍പ്പിക്കുകയായിരുന്നു.
ഇവിടെയുള്ള അഞ്ചു യാഗങ്ങളില്‍ രണ്ടെണ്ണം മാത്രമാണു നിര്‍ബന്ധമായും അര്‍പ്പിച്ചിരിക്കേണ്ടത് – പാപയാഗവും അകൃത്യയാഗവും.
മറ്റു മൂന്നു യാഗങ്ങള്‍ ഐച്ഛികമാണ് – ഹോമയാഗവും ഭോജനയാഗവും സമാധാന യാഗവും.
ലേവ്യ ഒന്നാം അധ്യായത്തില്‍ ആദ്യം പറഞ്ഞിരിക്കുന്ന യാഗം ഹോമയാഗമാണ്- നാം നമ്മെത്തന്നെ ദൈവത്തിനു പൂര്‍ണമായി അര്‍പ്പിക്കുന്നതിനെ അതു ചിത്രീകരിക്കുന്നു. ഹോമയാഗത്തിനുള്ള മൃഗത്തെ ആദ്യം കഷണങ്ങളായി മുറിക്കണം. ഒരു ഭാഗത്തും ഒരു ന്യൂനതയുമില്ലെന്നു ബോധ്യപ്പെടാനാണത്. പിന്നെ അതിനെ ഹോമയാഗമായി അര്‍പ്പിക്കണം. ആളുകള്‍ക്ക് അവരുടെ സാമ്പത്തിക നിലവാരം അനുസരിച്ച് കാളയെയോ ആടിനെയോ പ്രാവിനെയോ വഴിപാടായി അര്‍പ്പിക്കാം. പക്ഷേ ഓരോ വഴിപാടും ഒരു ഊനവും കുറവും ഇല്ലാത്തതായിരിക്കണം.
തന്റെ ലോകജീവിതത്തിലുടനീളവും അന്തിമമായി ക്രൂശിലും യേശു തന്റെ ശരീരത്തെ പൂര്‍ണമായി പിതാവിന് അര്‍പ്പിച്ചതിനെയാണു ഹോമയാഗം കാണിക്കുന്നത്. ലോകജീവിതത്തില്‍ ഓരോ പ്രലോഭനത്തിനു മുന്‍പിലും യേശു തന്റെ ശരീരത്തെ പൂര്‍ണമായി നിര്‍മലമായി സൂക്ഷിച്ചു. ഒടുവില്‍ ക്രൂശില്‍ ശരീരത്തെ പിതാവിനു യാഗമായി അര്‍പ്പിക്കുകയും ചെയ്തു. പിന്നിട്ട മുപ്പത്തി മൂന്നര വര്‍ഷത്തില്‍ യേശുവിന്റെ ജീവിതത്തില്‍ എന്തെങ്കിലും ഒരു നേരിയ കളങ്കം ഉണ്ടായിരുന്നെങ്കില്‍ ദൈവം കാല്‍വറി ക്രൂശിലെ യേശുവിന്റെ വഴിപാട് സ്വീകരിക്കുമായിരുന്നില്ല. അതുകൊണ്ടാണ് വിശപ്പുണ്ടായിരുന്നിട്ടും യേശു കല്ലിനെ അപ്പമാക്കാതിരുന്നത്. പിതാവ് അങ്ങനെ പറയാതെ യേശു സ്വന്ത ഇഷ്ടപ്രകാരം അങ്ങനെ ചെയ്തിരുന്നെങ്കില്‍ അതു പാപമാകുമായിരുന്നു. യേശുവിന്റെ ജീവിതം പൂര്‍ണ ആശ്രയത്വത്തിന്റേയും അനുസരണത്തിന്റേയും ഒരു ജീവിതമായിരുന്നു. പിതാവിന്റെ നിര്‍ദേശമില്ലാതെ യേശു ഒന്നും ചെയ്തിരുന്നില്ല – അത് വിശപ്പകറ്റുവാന്‍ കല്ലിനെ അപ്പമാക്കുന്നതുപോലെയുള്ള നിരുപദ്രവമായ കാര്യമാണെങ്കില്‍കൂടി! അനുസരണത്തിന്റെ ഈ നിലയിലുള്ള നിലവാരത്തിലേക്കാണു ദൈവം നമ്മെ വിളിക്കുന്നത്. ഇതുകൊണ്ടാണു യേശുവിന്റെ ജീവിതം ഇത്രയും വിജയകരമായത്. പിതാവു തന്നില്‍ ഇത്രയേറെ പ്രസാദിച്ചതിനുള്ള കാരണവും മറ്റൊന്നല്ല. മറ്റൊരു ഉദാഹരണം നോക്കുക: ലൂക്കോസ് 4:38-42-ല്‍ പട്ടണത്തില്‍ ഒരു വലിയ ഉണര്‍വ്വു നടക്കുന്നതായാണു നാം വായിക്കുന്നത്. പിറ്റേന്നു രാവിലെ പുരുഷാരം യേശുവിനെ നിര്‍ബന്ധിച്ചത് അവിടെ തന്നെ താമസിക്കുവാനും ഉണര്‍വ്വുയോഗങ്ങള്‍ തുടരുവാനുമാണ്. എന്നാല്‍ യേശു പറഞ്ഞത് ‘അതുവേണ്ട’ എന്നാണ്. എന്തു കൊണ്ട്? കാരണം അന്നു രാവിലെ പുരുഷാരത്തെ കാണുന്നതിനു മുന്‍പു തന്നെ അവിടുന്നു മരുഭൂമിയില്‍ പോയി പ്രാര്‍ഥനയില്‍ പിതാവിന്റെ മുഖം കണ്ടിരുന്നു. അവിടെ നിന്നു മറ്റൊരിടത്തേക്കു പോകാനുള്ള നിര്‍ദ്ദേശം പിതാവില്‍ നിന്നു തനിക്കു ലഭിച്ചു. അതുകൊണ്ടുതന്നെ അവിടുന്നു പുരുഷാരത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയില്ല. മറിച്ച് പിതാവു തന്നോടു പറഞ്ഞിടത്തേക്കു പോയി. ഇതിനു പകരം അവിടുന്നു പുരുഷാരത്തിന്റെ ഹിതത്തിനു വഴങ്ങി അവിടെത്തന്നെ നിന്ന് ഉണര്‍വ്വു യോഗങ്ങള്‍ തുടര്‍ന്നിരുന്നെങ്കിലോ? അവിടുന്നു പാപം ചെയ്തു പോകുമായിരുന്നു! പാപത്തെക്കുറിച്ച് ഈ നിലയിലുള്ള ബോധ്യം നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടോ?
ഉണര്‍വ്വു യോഗങ്ങള്‍ നടത്തുന്നതു പാപകരമാകുമായിരുന്നുവെന്നു നമ്മില്‍ എത്ര പേര്‍ വിശ്വസിക്കുന്നുണ്ട്? ആ നിലയിലുള്ള സംവേദനക്ഷമതയോടെയാണ് യേശു ജീവിച്ചത്. ദേഷ്യപ്പെടുക, വൃത്തികെട്ട ചിന്തകളെ താലോലിക്കുക, അസൂയപ്പെടുക, കയ്പ് വച്ചുകൊണ്ടിരിക്കുക തുടങ്ങിയവയെയാണ് പാപമെന്നു നാം സാധാരണ കരുതുന്നത്. ഇവ പാപങ്ങളാണ്- എന്നാല്‍ അവ നഴ്‌സറി ക്ലാസ് തലത്തിലുള്ളവയാണ്. ഡോക്ടറേറ്റ് (പി.എച്ച്.ഡി) തലത്തിലുള്ള പാപങ്ങളെയാണു യേശു കൈകാര്യം ചെയ്തിരുന്നത്. ദൈവം പറയാത്ത ഒരിടത്തു പോയി മീറ്റിംഗുകള്‍ നടത്തുന്നതു പാപമാണെന്നു നിങ്ങള്‍ക്ക് അറിയാമോ?
പക്ഷേ നമുക്ക് ഒരു രാത്രികൊണ്ട് ആ ഡോക്ടറേറ്റ് നിലവാരത്തില്‍ എത്തിച്ചേരുവാന്‍ കഴിയുകയില്ല. ഒരു ക്ലാസ്സില്‍ നിന്ന് അടുത്ത ക്ലാസ്സിലേക്കു വര്‍ഷന്തോറും ക്രമാനുഗതമായ ഒരു പുരോഗതിയാണു നാം കരസ്ഥമാക്കേണ്ടത്. നാം പുരോഗമിക്കുമ്പോള്‍ നേരത്തേ നാം പാപമെന്നു കരുതാതിരുന്ന പലതും നമുക്കു പാപമാണെന്നു ബോധ്യപ്പെട്ടുകൊണ്ടിരിക്കും. ‘പാപം അത്യന്തം പാപമയമായിത്തീര്‍ന്നു കൊണ്ടിരിക്കുമ്പോള്‍’ (റോമ. 7:13) നാം ആത്മീയമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നു നമുക്കു തീര്‍ച്ചയാക്കാം!
അപ്പോള്‍ നാം യേശുവിന്റെ ജീവിതത്തെ നോക്കുമ്പോള്‍ നാം അവിടുത്തെ കാല്‍വറി മരണത്തെക്കുറിച്ചു മാത്രമല്ല ചിന്തിക്കുന്നത്. ‘ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു… ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാന്‍ (ശരീരത്തില്‍) ഞാന്‍ വരുന്നു’ (എബ്രാ. 10:5,7) എന്നു പറഞ്ഞ് അവിടുന്ന് പിതാവിനു സമര്‍പ്പിച്ച തന്റെ മുഴു ജീവിതത്തെക്കറിച്ചുമാണു ചിന്തിക്കേണ്ടത്. യേശു ഒരിക്കല്‍ പോലും തന്റെ ശരീരത്തില്‍ സ്വന്ത ഇഷ്ടം ചെയ്തില്ല. മറിച്ച് പിതാവിന്റെ ഇഷ്ടം മാത്രം ചെയ്തു. ഇതാണു ദൈവത്തിനു തന്നെത്താന്‍ ഹോമയാഗമായി അര്‍പ്പിക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥം.
റോമര്‍ 12:1-ല്‍ പൗലൊസ് നമ്മോട് ആവശ്യപ്പെടുന്നതും ഇതു തന്നെയാണ്: ”നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയുമുള്ള യാഗമായി സമര്‍പ്പിക്കുവിന്‍… ദൈവഹിതം ഇന്നതെന്നു തെളിയിച്ചു കൊടുക്കേണ്ടതിന്” – കൃത്യമായി യേശു ചെയ്തതുപോലെ. ഈ ഹോമയാഗം ദൈവത്തിനു സമര്‍പ്പിക്കണം, അതു പൂര്‍ണമായി ദഹിക്കുകയും വേണം. ബൈബിള്‍ പറയുന്നത് ഇതു ദൈവത്തിന് ‘സൗരഭ്യവാസനയായ ദഹനയാഗമാണ്’ (ലേവ്യ 1:17) എന്നാണ്. ദൈവം വളരെ പ്രസാദിച്ച എന്തിനെയോ ആണ് ഇത് അര്‍ത്ഥമാക്കുന്നത് – ‘ഇത് എന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ വളരെ പ്രസാദിച്ചിരിക്കുന്നു.’
ദൈവത്തെ പ്രസാദിപ്പിക്കുകയാണു തന്റെ ജീവിതലക്ഷ്യമെന്നും പൗലൊസ് പറഞ്ഞിട്ടുണ്ട് (2 കൊരി. 5:9).
നാം നമ്മുടെ ശരീരങ്ങളെ ദൈവത്തിനായി സമര്‍പ്പിക്കുമ്പോള്‍ ‘കര്‍ത്താവേ, ഞാന്‍ എന്റെ ശരീരത്തെ മുഴുവനായി അവിടുത്തേക്കു തരുന്നു’ എന്നു പറയുവാന്‍ എളുപ്പമാണ്. എന്നാല്‍ അതിനെ കഷണങ്ങളായി മുറിക്കുമ്പോള്‍ മാത്രമേ നാം പൂര്‍ണമായി നല്‍കിയോ എന്നറിയാന്‍ കഴിയൂ. അല്ലെങ്കില്‍ നാം നമ്മെത്തന്നെ വഞ്ചിക്കുന്നവരാകും. അതിനെ അറുത്തു ഹോമയാഗത്തിലെന്നതുപോലെ കഷണങ്ങളായി അര്‍പ്പിക്കുക എന്നു പറഞ്ഞാല്‍ എന്താണ്? അര്‍ത്ഥം നാം നമ്മുടെ ശരീരാവയവങ്ങളെ ഓരോന്നായി ദൈവത്തിന് അര്‍പ്പിക്കുന്നതാണ്.
നാം പറയുന്നു: ”കര്‍ത്താവേ, ഇതാ എന്റെ കണ്ണുകള്‍. ഞാന്‍ അവയെ പിശാചിനും എനിക്കായും പല വര്‍ഷങ്ങള്‍ ഉപയോഗിച്ചു. നിന്നെ നീരസപ്പെടുത്തുന്ന പലതും കാണാനും വായിക്കാനും അവയെ ഉപയോഗപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ കണ്ണുകളെ യാഗപീഠത്തില്‍ വയ്ക്കുന്നു. അവിടുന്നു കാണുകയോ വായിക്കുകയോ ചെയ്യാത്ത ഒന്നും കാണാനും വായിക്കാനും മേലില്‍ ഞാന്‍ ഈ കണ്ണുകളെ ഉപയോഗിക്കുകയില്ല. കണ്ണുകള്‍കൊണ്ടു പാപം ചെയ്യുവാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല.”
തുടര്‍ന്നു നാവിനെക്കുറിച്ചു നാം പറയുന്നു: ”കര്‍ത്താവേ, ഇതാ എന്റെ നാവ്. ഞാന്‍ ഈ നാവിനെ പല വര്‍ഷങ്ങള്‍ പിശാചിനായും എനിക്കായും ഉപയോഗിച്ചു- എന്റെ സ്വന്ത നേട്ടത്തിനായി കള്ളം പറയുവാന്‍, ദേഷ്യപ്പെടുവാന്‍, ആളുകളെക്കുറിച്ച് അപവാദം, നുണ, കുറ്റപ്പെടുത്തുന്ന വാക്കുകള്‍ എന്നിവ പറയുവാന്‍ എല്ലാമെല്ലാം. എന്നാല്‍ ഇനി മുതല്‍ അതൊന്നും പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കര്‍ത്താവേ ഇതാ എന്റെ നാവ്. ഈ നിമിഷം മുതല്‍ ഇതു നിന്റേതാണ് – മൊത്തത്തിലും പൂര്‍ണമായും.’
തുടര്‍ന്നു നാം നമ്മുടെ കൈകള്‍, കാലുകള്‍, ശാരീരിക ചോദനകള്‍ എന്നിവയെ ഒന്നൊന്നായി കൊണ്ടുവന്നു കര്‍ത്താവിനോട് ഇതു തന്നെ പറയണം: ”കര്‍ത്താവേ, ഇതാ എന്റെ അവയവങ്ങള്‍. ശാരീരിക ഇച്ഛകള്‍. ഇതുപയോഗിച്ച് ഞാന്‍ പാപം ചെയ്തു. നിന്നെ മുറിവേല്പിച്ചു. ഇനിയൊരിക്കലും ഇവയെ എന്നെത്തന്നെ പ്രസാദിപ്പിക്കാനായോ എന്റെ പാപേച്ഛകളെ തൃപ്തിപ്പെടുത്താനായോ ഞാന്‍ ഉപയോഗിക്കുകയില്ല. ഇവയെല്ലാം അങ്ങയുടേതാണ്.”
ഇങ്ങനെ നാം ഓരോ ഭാഗങ്ങളെ മുറിച്ച് ഒന്നൊന്നായി യാഗപീഠത്തില്‍ വയ്ക്കുമ്പോള്‍ മാത്രമേ നാം ദൈവത്തിനായി മുഴുവനായി നല്‍കിയിട്ടുണ്ടോ ഇല്ലയോ എന്നു കണ്ടെത്തുകയുള്ളു.
യാഗവസ്തുവിനെ കഷണങ്ങളായി മുറിച്ച് അവയെ പൂര്‍ണമായി യാഗപീഠത്തില്‍ അര്‍പ്പിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയും: ”ഇനി കര്‍ത്താവേ, അവിടുത്തെ അഗ്നി ഈ വഴിപാടിന്മേല്‍ വീണ് അതിനെ പൂര്‍ണമായി ദഹിപ്പിക്കട്ടെ.” ലേവ്യ 9:24-ല്‍ എങ്ങനെയാണ് ദൈവത്തിന്റെ അഗ്നി ഹോമയാഗത്തിന്മേല്‍ വീണ് അതിനെ പൂര്‍ണമായി ദഹിപ്പിച്ചത് എന്നു നാം വായിക്കുന്നു. ആ തീയ്, പരിശുദ്ധാത്മ സ്‌നാനത്തിന്റേയും നമ്മുടെ യാഗത്തെ ദഹിപ്പിക്കുന്ന തീയുടേയും നമ്മുടെ ശരീരങ്ങളെ ദൈവാഗ്നിയില്‍ നിലനിര്‍ത്തുന്നതിന്റേയും ചിത്രമാണ്. എന്നാല്‍ ഹോമയാഗത്തിന്റെ അവസാന കഷണവും യാഗപീഠത്തില്‍ വച്ചില്ലെങ്കില്‍ ആ തീയ് വീഴുകയില്ല.
തങ്ങളുടെ ശരീരങ്ങളെ ദഹനയാഗമായി അര്‍പ്പിക്കാനുള്ള വില കൊടുക്കാന്‍ തയ്യാറില്ല, എന്നാല്‍ ഈ അഗ്നി വേണം താനും എന്നു വരുമ്പോള്‍ എന്താണു സാധാരണ ക്രിസ്ത്യാനികള്‍ ചെയ്യുന്നത്? അവര്‍ ഒരു വ്യാജതീയ് ഉണ്ടാക്കും. ലേവ്യ. 10:1,2-ല്‍ നാം അതാണു കാണുന്നത്: ”അഹരോന്റെ പുത്രന്മാര്‍ നാദാബും അബീഹുവും ഓരോ ധൂപകലശം എടുത്ത് അതില്‍ തീ ഇട്ട് അതിന്മേല്‍ ധൂപവര്‍ഗ്ഗവും ഇട്ട് അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു.’ നമുക്കു വാസ്തവത്തില്‍ ദൈവത്തിന്റെ യഥാര്‍ത്ഥമായ അഗ്നി ഇല്ലെങ്കില്‍, എന്നാല്‍ യഥാര്‍ത്ഥ അഗ്നിയുള്ളവരുടെ ഭാഗമായിരിക്കാനും താല്പര്യമുണ്ടെങ്കില്‍ നമുക്കു സംഭവിക്കാവുന്ന അപകടം നാം അവര്‍ക്കുള്ളത് അനുകരിക്കാന്‍ തുടങ്ങും എന്നതാണ്. എന്നിട്ടും നാം ഇങ്ങനെ പറയും: ”അതേ, ഞങ്ങള്‍ക്കും അഗ്നി കിട്ടി. ഞങ്ങളും അന്യഭാഷകളില്‍ സംസാരിക്കുന്നു.” യഥാര്‍ത്ഥ അഗ്നിയെ അനുകരിച്ച് അന്യാഗ്നി കത്തിച്ച നാദാബ്, അബീഹു എന്നിവരോട് ദൈവം ഏറെ കോപിച്ച് താന്‍ തന്റെ സന്നിധിയില്‍ നിന്നു മറ്റൊരു അഗ്നിയെ അവരുടെ മധ്യത്തിലേക്ക് അയച്ചു – ഇത്തവണ അത് ഹോമയാഗത്തെ ദഹിപ്പിക്കാനായിരുന്നില്ല, മറിച്ച് ആ രണ്ട് കപടഭക്തരെ ഭസ്മീകരിക്കാനായിരുന്നു! ആത്മീയ മേഖലയില്‍ യഥാര്‍ത്ഥമായതിനെ അനുകരിക്കാന്‍ ശ്രമിക്കുന്നത് ഏറെ അപകടകരമാണ്. എന്നാല്‍ ഇന്ന് അനേകം ക്രിസ്ത്യാനികളും ഇതാണു ചെയ്യുന്നത്. അന്യഭാഷയില്‍ സംസാരിക്കാന്‍ പരിശീലനം നല്‍കുന്ന പ്രസംഗകരും വികാരങ്ങളെ ഉണര്‍ത്തി മനഃശാസ്ത്രപരമായി ഒരുതരം ‘രോഗസൗഖ്യം’ (‘യേശുവിന്റെ നാമത്തിലുള്ള’ യഥാര്‍ത്ഥ രോഗസൗഖ്യം ഇതാണെന്നു സങ്കല്പിച്ച്) അനുഭവ വേദ്യമാക്കുന്ന ആളുകളും ഇന്നുണ്ട്.
ദൈവത്തില്‍ നിന്നു യഥാര്‍ത്ഥമായ അഗ്നി പ്രാപിച്ചവര്‍ വാസ്തവമായി അതിനൊരു വില നല്‍കിയിട്ടുണ്ട്. ദൈവത്തിന്റെ അള്‍ത്താരയില്‍ അവര്‍ എല്ലാം സമര്‍പ്പിച്ചവരാണ്- അവരുടെ പണം, കണ്ണ്, കാത്, കൈകള്‍ തുടങ്ങിയ അവയവങ്ങള്‍ അങ്ങനെയെല്ലാം. അവര്‍ സ്വന്തജീവിതത്തെ പരിശോധിച്ചിട്ട് ദഹനയാഗത്തിന്റെ എല്ലാ ഭാഗങ്ങളും യാഗപീഠത്തിലെത്തി എന്ന് ഉറപ്പു വരുത്തുന്നു; ദൈവം തന്റെ അഗ്നിയെ അവരുടെമേല്‍ അയയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ആളുകളുടെ ജീവിതത്തെ നിങ്ങള്‍ നോക്കുന്നു. അവര്‍ക്കുള്ള അതേ ശക്തമായ അഭിഷേകം നിങ്ങള്‍ക്കും ഉണ്ടാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ നല്‍കിയ അതേ വില നല്‍കാന്‍ നിങ്ങള്‍ തയ്യാറല്ല. എന്നാല്‍ നിങ്ങള്‍ക്കും അതേ അഭിഷേകം ഉണ്ടെന്നു മറ്റുള്ളവരെ കാണിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അപ്പോഴാണു നാദാബും അബീഹുവും ചെയ്തതു നിങ്ങള്‍ക്കു ചെയ്യേണ്ടി വരുന്നത്- അന്യാഗ്നി കത്തിക്കുക, വികാരങ്ങളെ ഉണര്‍ത്തി വിടുക, ‘അന്യഭാഷകള്‍’ ഉല്പാദിപ്പിക്കുക എന്നിങ്ങനെ. 95% ശതമാനം വിശ്വാസികള്‍ക്കും ആത്മീയമായ വിവേചനം ഇല്ലാത്തതുകൊണ്ട് നിങ്ങള്‍ക്ക് യഥാര്‍ത്ഥമായ അഗ്നിയാണുള്ളതെന്ന് അവരെ കബളിപ്പിക്കുവാന്‍ കഴിയും. പക്ഷേ നിങ്ങള്‍ക്കു മറ്റാരേക്കാളും വ്യക്തമായി അറിയാം നിങ്ങള്‍ക്കുള്ളതു സ്വയം ഉല്പാദിപ്പിച്ച അഗ്നിയാണെന്നും ദൈവത്തില്‍ നിന്നുള്ളതല്ലെന്നും!. ജാഗ്രത! നാദാബിനെയും അബീഹൂവിനെയും ന്യായം വിധിച്ചതുപോലെ ദൈവം ഇന്നു ക്രിസ്തീയ ലോകത്തെ ന്യായം വിധിച്ചാല്‍, എനിക്കുറപ്പുണ്ട്, ഇന്നത്തെ അനേകം ക്രിസ്ത്യാനികളും മരിച്ചുവീഴും.
ദൈവത്തിനുള്ള രണ്ടാമത്തെ യാഗം ഭോജനയാഗമാണ് (ലേവ്യര്‍ 2). ഈ യാഗത്തില്‍ രക്തച്ചൊരിച്ചിലില്ല. ഒരു മൃഗവും കൊല്ലപ്പെടുന്നില്ല. മാവ്, വേവിച്ച ധാന്യം, ഉപ്പ്, എണ്ണ എന്നിവ കൊണ്ടുള്ള വഴിപാടാണിത്. ഭോജനയാഗം സംബന്ധിച്ചു ദൈവം പറഞ്ഞിരിക്കുന്ന ഒരു കാര്യം ‘പുളിച്ചത് ഒന്നും അതിലുണ്ടാകരുത്’ എന്നതാണ് (2:11). പുളിപ്പ് തിരുവെഴുത്തില്‍ ഉടനീളം പാപത്തിന്റെ നിദര്‍ശനമാണ്. എന്നാല്‍ ഭോജനയാഗത്തില്‍ ഉപ്പ് ചേര്‍ക്കണമെന്നു ദൈവം നിര്‍ദ്ദേശിച്ചു. നിത്യനിയമത്തെ കുറിക്കുന്നതാണ് ഉപ്പ്. സംഖ്യ 18:19-ല്‍ ‘നിനക്കും നിന്റെ സന്തതിക്കും ഇത് എന്നേക്കും ഒരു ലവണനിയമം ആകുന്നു’ എന്നു പറഞ്ഞിരിക്കുന്നു. ഉപ്പ് അര്‍പ്പിച്ചതായി ബൈബിളില്‍ എവിടെയൊക്കെ വായിക്കുന്നുവോ (പുതിയ നിയമത്തിലും യേശു അതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു) അവിടെയൊക്കെ ഇവിടെ സംഖ്യാ പുസ്തകത്തില്‍ കണ്ടതുപോലെ അതു ദൈവ മുന്‍പാകെ ഒരു നിത്യനിയമത്തെയാണു കുറിക്കുന്നതെന്ന് ഓര്‍ക്കുക. സാധനങ്ങള്‍ വളരെ നാള്‍ കേടു കൂടാതെ സൂക്ഷിക്കുന്നതിനു വേണ്ടിയാണു നാം ഉപ്പ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണു നിത്യമായി നിലനില്‌ക്കേണ്ട കാര്യങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ കര്‍ത്താവ് അതിനെ ഉപ്പിനോടു ചേര്‍ത്തു പരാമര്‍ശിച്ചത്. അതുകൊണ്ട് ഭോജനയാഗത്തില്‍ ചേര്‍ക്കുന്ന ഉപ്പ് സൂചിപ്പിക്കുന്നത് യാഗം അര്‍പ്പിക്കുന്നവന്‍ എന്നന്നേക്കും തന്നെത്താന്‍ ദൈവത്തിനു സമര്‍പ്പിക്കുന്നു എന്നതാണ്. കേവലം 5 വര്‍ഷത്തേക്കോ 50 വര്‍ഷത്തേക്കോ അല്ല! ഇതൊരു വിവാഹ ഉടമ്പടി പോലെയാണ്, നിത്യ നിയമമാണ്.
മുന്നാമത്തെ വഴിപാട് സമാധാനയാഗമാണ് (ലേവ്യ 3). വഴിപാടു കഴിക്കുന്നവന്‍ യാഗമൃഗത്തെ കൊണ്ടുവന്ന് അതിന്റെ തലയില്‍ കൈവയ്ക്കണം (3:2). അതിലൂടെ അയാള്‍ അര്‍ത്ഥമാക്കുന്നത് ഈ മൃഗത്തിന്റെ യാഗത്തിലൂടെ താന്‍ ദൈവവുമായി നിരപ്പിലേക്കു വരുന്നു എന്നാണ്. ”വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്” (റോമര്‍ 5:1). മനഃസാക്ഷിയിലെ സമാധാനം ക്രിസ്തീയ ജീവിതത്തില്‍ വളരെ പ്രധാനമാണ്. തന്റെ കുഞ്ഞുങ്ങളില്‍ ഒരാള്‍പോലും താന്‍ അവരെ അംഗീകരിച്ചിട്ടുണ്ടോ എന്ന അനിശ്ചിതത്വത്തില്‍ കഴിയണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല. നമ്മുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന പൂര്‍ണബോധ്യത്തില്‍ നാം ആയിരിക്കണം. എന്തു തന്നെയായാലും നമ്മുടെ ജീവിതത്തില്‍ ഒരു കുറ്റബോധവും നമുക്കുണ്ടായിരിക്കരുത്. സമാധാനയാഗം കഴിക്കുന്നയാള്‍ മൃഗത്തിന്റെ തലയില്‍ കരംവയ്ക്കുന്നതുപോലെ കാല്‍വറിയിലെ കര്‍ത്താവിന്റെ മേല്‍ നാം നമ്മുടെ കരങ്ങള്‍ വയ്ക്കണം. അവിടുന്നു നമ്മുടെ എല്ലാ പാപങ്ങളുടെയും വിലകൊടുത്തുവെന്നും നമ്മുടെ കടം പൂര്‍ണമായി വീട്ടിയെന്നും നമ്മുടെ കടച്ചീട്ട് കാല്‍വറിയില്‍ കീറിക്കളഞ്ഞെന്നും (കൊലൊ. 2:14) നാം വിശ്വസിക്കണം. അതുകൊണ്ട് ഇപ്പോള്‍ കാല്‍വറിയിലെ കര്‍ത്താവിനെപ്പോലെ നമുക്കും പറയാന്‍ കഴിയും: ‘സകലവും പൂര്‍ത്തിയായി.’ ‘നിന്റെ പാപങ്ങളേയും അകൃത്യങ്ങളെയും ഞാനിനി ഓര്‍ക്കയില്ല’ എന്നാണു നമ്മോടുള്ള ദൈവത്തിന്റെ വാഗ്ദാനം. ഹല്ലേലുയ്യ! ‘ദൈവത്തിന്റെ സ്വസ്ഥതയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചും അവിടെത്തന്നെ എപ്പോഴും കഴിയുന്നതിനെ’ ക്കുറിച്ചുമാണ് (എബ്രായര്‍ 4) പുതിയനിയമം പറയുന്നത്. ദൈവം നിങ്ങളെ നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? – നിങ്ങള്‍ക്കു വ്യത്യാസം വന്നതിനു ശേഷമല്ല, മറിച്ച് നിങ്ങള്‍ ആയിരിക്കുന്നപോലെ തന്നെ. ഈ ബോധ്യം നമ്മുടെ ജീവിതത്തില്‍ നമുക്കു സ്വസ്ഥത തരും. സമാധാനയാഗം ഇതിന്റെ പ്രതീകമാണ്.
നാലാമത്തെ വഴിപാട് പാപയാഗമാണ് (അധ്യായം 4) ഇവിടെ ബോധപൂര്‍വ്വമല്ലാത്ത പാപത്തെക്കുറിച്ച് (‘അബദ്ധവശാല്‍ പിഴച്ച്’) പറഞ്ഞിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്. ‘ദൈവം കല്പിച്ചിട്ടുള്ള ഏതെങ്കിലും കാര്യത്തില്‍ ഒരു മനുഷ്യന്‍ അബദ്ധവശാല്‍ പിഴച്ച്’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു (2-ാം വാക്യം). അഭിഷിക്തനായ പുരോഹിതനായിരിക്കാം ഒരുപക്ഷേ ഈ നിലയില്‍ പിഴച്ചത്. (മൂന്നാം വാക്യം). അങ്ങനെയെങ്കില്‍ അദ്ദേഹവും ഒരു പാപയാഗം കൊണ്ടുവരണം. അല്ലെങ്കില്‍ ഒരുപക്ഷേ ഒരു പ്രമാണി (നേതാവ്) ആയിരിക്കാം പാപം ചെയ്തത് (22-ാം വാക്യം). ചില ക്രിസ്തീയ നേതാക്കള്‍ തങ്ങള്‍ പാപം ചെയ്യാറേയില്ല എന്നു ഭാവിക്കാറുണ്ട്! എന്നാല്‍ ദൈവം പാപത്തെ വിധിക്കുമ്പോള്‍ അവിടുന്ന് എല്ലായ്‌പ്പോഴും പുരോഹിതന്മാരില്‍ നിന്നും നേതാക്കളില്‍ നിന്നുമാണു തുടങ്ങുന്നത്. അവരാണ് ദൈവത്തോട് ആദ്യം കണക്കുകള്‍ തീര്‍ക്കേണ്ടത്.
നിങ്ങള്‍ ആ കാലത്തെ ഒരു സാധാരണ യിസ്രായേല്‍കാരനാണെന്നു സങ്കല്പിക്കുക. നിങ്ങളുടെ ഗോത്രത്തിന്റെ പ്രമാണി പാപയാഗം അര്‍പ്പിക്കുന്നതു നിങ്ങള്‍ കാണുന്നു. നിങ്ങള്‍ അത്ഭുതപരതന്ത്രനായി ഇങ്ങനെ പറയും: ”ഈ മനുഷ്യന്‍ ഞങ്ങളുടെ പ്രമാണിയാണ്. പക്ഷേ അദ്ദേഹവും പാപം ചെയ്തിരിക്കുന്നു.” ദൈവം നിങ്ങളെപ്പോലെയുള്ള സാധാരണക്കാരെ നേതാക്കളായി തിരഞ്ഞെടുക്കും എന്നു ദൈവത്തില്‍ വിശ്വസിക്കുവാന്‍ ഈ സംഭവം നിങ്ങളെ പ്രേരിപ്പിക്കും. നാം എല്ലാവരും പാപം ചെയ്യാറില്ലേ? പാപം ചെയ്യാത്ത ഒരു മനുഷ്യന്‍ ലോകത്തിലുണ്ടോ? നിങ്ങള്‍ പരിപൂര്‍ണനാണെന്ന ധാരണ മറ്റുള്ളവര്‍ക്ക് കൊടുക്കാതിരിക്കുക- പ്രത്യേകിച്ചും നിങ്ങള്‍ അങ്ങനെയല്ലെന്നു നിങ്ങള്‍ക്ക് അറിയാമായിരിക്കെ. ബൈബിളിലെ ദൈവഭക്തരായ ആളുകളുടെ കഥകളില്‍ എന്നെ ഉത്സാഹിപ്പിക്കുന്ന ഒരു കാര്യം ബൈബിള്‍ അവരുടെ ജീവിതത്തിലെ തെറ്റുകള്‍ മറച്ചുവച്ചിട്ടില്ല എന്നതാണ്. അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരുടെ ജീവിതത്തിലെല്ലാം നാം ഇതു കാണുന്നു. അപ്പൊസ്തലനായ പൗലൊസും തെറ്റുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയൊന്നും മറച്ചു വയ്ക്കാതെ തുറന്നു രേഖപ്പെടുത്തണമെന്ന് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനായ ലൂക്കൊസിനോട് (അപ്പൊസ്തല പ്രവൃത്തി ലൂക്കൊസാണല്ലോ എഴുതിയത്) ആവശ്യപ്പെട്ടു. അതുകൊണ്ട് ലൂക്കൊസ് അവയെല്ലാം വിശ്വസ്തമായി ഒന്നൊന്നായി രേഖപ്പെടുത്തി- പൗലൊസ് ബര്‍ന്നബാസിനോട് പോരാടിയത്, തിമൊഥെയൊസിനെ പരിച്ഛേദന കഴിപ്പിച്ചത്, യെഹൂദ നേര്‍ച്ചയുടെ ഭാഗമായി തലമുണ്ഡനം ചെയ്തത്, ജീവിതത്തിന്റെ അവസാന നാളുകളിലൊന്നില്‍ യെഹൂദാ മഹാപുരോഹിതനോട് ആക്രോശിച്ചത് എന്നിങ്ങനെ. ഈ കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിരിക്കുന്നതു നമ്മുടെ ഉത്സാഹത്തിനാണ്. വലിയ ദൈവ മനുഷ്യരും തെറ്റുകള്‍ക്ക് അതീതരല്ലെന്നും അവരും പാപത്തില്‍ വീണിട്ടുണ്ടെന്നും ഇതില്‍ നിന്നു നാം മനസ്സിലാക്കുന്നു. എന്നാല്‍ ഇന്നത്തെ പല ജീവചരിത്രങ്ങളിലും മുഴുവന്‍ സത്യങ്ങളും തുറന്നെഴുതാറില്ല. അവര്‍ ജീവിതത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന മട്ടിലാണ് മിക്ക ജീവ ചരിത്രകാരന്മാരും മഹാന്മാരെ ചിത്രീകരിക്കുന്നത്. അത്തരം ജീവചരിത്രങ്ങള്‍ ഒരാളെയും പ്രചോദിപ്പിക്കുന്നില്ല. എന്നാല്‍ തിരുവെഴുത്ത് സത്യസന്ധമാണ്. നേതാക്കളും പാപം ചെയ്യുകയും ദൈവത്തോടും മനുഷ്യരോടും അതു ക്രമീകരിക്കുകയും വേണ്ടിയിരുന്നു- മറ്റെല്ലാവരെയും പോലെ തന്നെ.
ഞാന്‍ നിങ്ങള്‍ നേതാക്കളോട് ആവശ്യപ്പെടുന്നതു പാപം പരസ്യമായി ഏറ്റു പറയണമെന്നല്ല. അല്ല. നിങ്ങള്‍ തെറ്റോ പാപമോ ചെയ്യുകയില്ലെന്ന ധാരണ ജനങ്ങള്‍ക്കു കൊടുക്കരുതെന്നു മാത്രമാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ സഭയിലെ ആരോടും ഒരിക്കലും ക്ഷമ പറയുന്നില്ലെങ്കില്‍ ആ ധാരണയാണു നിങ്ങള്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്നത്. വ്യക്തിപരമായി എനിക്ക് എന്റെ ഭാര്യയോട്, മക്കളോട്, സഭയിലുള്ളവരോട്, എന്റെ ഏറ്റവും ഇളയ മകന്റെ പോലും പ്രായമില്ലാത്ത ചെറുപ്പക്കാരോട് എല്ലാം പലവട്ടം ക്ഷമ പറയേണ്ടി വന്നിട്ടുണ്ട്. എല്ലാറ്റിനും ഒരേയൊരു കാരണം: ഞാന്‍ ദൈവമല്ല. ആരോടും ഒരിക്കലും ഒരു കാര്യത്തിനും ക്ഷമ പറയേണ്ടാത്ത ഒരാളെയുള്ളൂ- അത് ദൈവം മാത്രമാണ്. അതുകൊണ്ട് നിങ്ങളെത്തന്നെ താഴ്ത്തി, നിങ്ങള്‍ മുറിവേല്പിച്ച എല്ലാവരോടും ക്ഷമ ചോദിക്കുക. അതുമൂലം അവര്‍ നിങ്ങളെ കൂടുതല്‍ ബഹുമാനിക്കുകയാവും ചെയ്യുക.
അഭിഷിക്തനായ ഒരു പുരോഹിതന്‍ പാപം ചെയ്താല്‍ അവന്‍ സമാഗമന കൂടാരത്തിന്റെ വാതില്ക്കല്‍ യാഗമൃഗത്തെ കൊണ്ടുവരണം (4:4). ‘ഞാന്‍ അഭിഷിക്തനായ ഒരു പുരോഹിതനാണ്. ഞാന്‍ ഇതു പരസ്യമായി ചെയ്താല്‍ എന്നോടുള്ള ജനത്തിന്റെ മതിപ്പ് നഷ്ടമാകും’ എന്നു പറഞ്ഞ് അവന് യാഗാര്‍പ്പണം രഹസ്യമായോ സ്വകാര്യമായോ ചെയ്യാന്‍ കഴിയുകയില്ല. അവന്‍ തന്റെ പാപം എല്ലാവരുടെയും മുന്‍പില്‍, സമാഗമന കൂടാരത്തിന്റെ വാതില്ക്കല്‍ വച്ച് ഏറ്റു പറയണം. അവന്‍ യാഗമൃഗമായ കാളക്കിടാവിന്റെ തലയില്‍ കരങ്ങള്‍ വച്ച് താന്‍ പാപം ചെയ്തതായി സമ്മതിക്കണം. കാളക്കിടാവിനെ അറുത്ത് അതിന്റെ രക്തം കുറെ എടുത്ത് അതില്‍ വിരല്‍ മുക്കി വിശുദ്ധ മന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുന്‍പില്‍ തളിക്കണം.
ഇവിടെ 4:13,14 വാക്യങ്ങളില്‍ ശ്രദ്ധേയമായ ഒരു കാര്യം കാണാം: ‘യിസ്രായേല്‍ സഭ മുഴുവനും അബദ്ധവശാല്‍ പിഴച്ചാല്‍ അവരും ഒരു കാളക്കിടാവിനെ പാപയാഗമായി കൊണ്ടു വരണം.’ പാപം ചെയ്ത ഒരു നേതാവും (4:22) പാപം ചെയ്ത ഒരു സാധാരണക്കാരനും (4:27) വ്യത്യസ്തമായ വഴിപാടുകളാണു കൊണ്ടുവരേണ്ടത്. സാധാരണക്കാരന്‍ പാപപരിഹാരത്തിനായി പെണ്‍കോലാടിനെ കൊണ്ടുവന്നാല്‍ മതി (4:28). അത് ഏറെ വിലയുള്ളതല്ല. എന്നാല്‍ സഭ മുഴുവന്‍ പിഴച്ചാല്‍ അവര്‍ കാളക്കിടാവിനെ കൊണ്ടുവരണം (അതു കൂടുതല്‍ വിലയുള്ളതാണ്). ഒരു പുരോഹിതന്‍ പാപം ചെയ്താല്‍ അദ്ദേഹം കൊണ്ടുവരേണ്ടതും കാളക്കിടാവിനെ തന്നെ. ശ്രദ്ധിക്കുക: പാപം ചെയ്ത പുരോഹിതന്റെ യാഗവും പാപം ചെയ്ത സഭയുടെ യാഗവും ഒന്നു തന്നെയായിരിക്കണം. ഒരു നേതാവു പാപം ചെയ്യുന്നതു സാധാരണക്കാരന്‍ പാപം ചെയ്യുന്നതുപോലെയല്ല. അല്ല. അത് സഭ മുഴുവന്‍ പാപം ചെയ്യുന്നതിനു തുല്യമാണ്. രണ്ടിനും കാളക്കിടാവിനെ തന്നെയാണു യാഗമായി കൊണ്ടു വരേണ്ടത്.
ഒരേ പോലെയുള്ള പാപങ്ങളെയെല്ലാം ദൈവം ഒരേ പോലെയല്ല കണക്കിടുന്നതെന്നു പലരും മനസ്സിലാക്കിയിട്ടില്ല. അഭിഷിക്തനായ പുരോഹിതനും സാധാരണക്കാരനും ഒരേപോലെ പാപം ചെയ്താലും ദൈവത്തിന്റെ ദൃഷ്ടിയില്‍ അവ ഒരേ പോലെയല്ല. അഭിഷിക്തനായ പുരോഹിതന്റെ പാപം വളരെ കൂടുതല്‍ ഗൗരവമുള്ളതാണ്. അദ്ദേഹം കാളക്കിടാവിനെ കൊണ്ടുവരണം. സാധാരണക്കാരന്‍ പെണ്‍ കോലാടിനെ കൊണ്ടുവന്നാല്‍ മതി. നാം കൂടുതല്‍ അഭിഷേകം ഉള്ളവരാണെങ്കില്‍, നാം കൂടുതല്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നവരാണെങ്കില്‍ (പഴയ നിയമ പുരോഹിതനെപ്പോലെ) നാം നമ്മുടെ ജീവിതം സംബന്ധിച്ചു ദൈവത്തിനു കൂടുതല്‍ കണക്കു കൊടുക്കാന്‍ ബാധ്യസ്ഥരാണ്. ”അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും” (ലൂക്കൊ. 12:48).
ബോധപൂര്‍വ്വമല്ലാതെ ചെയ്യുന്ന പാപങ്ങള്‍ക്കാണ് (4:2,13,22,27 കാണുക) പാപയാഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എബ്രായര്‍ 10:26-ല്‍ കൊടുത്തിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: ‘നാം മനഃപൂര്‍വ്വം പാപം ചെയ്താല്‍ പാപങ്ങള്‍ക്കു വേണ്ടി ഇനി ഒരു യാഗവും ശേഷിക്കുന്നില്ല.’ ലേവ്യ 4-ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ഇതു യോജിച്ചു പോകുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കര്‍ത്താവിലേക്കു തിരിയുകയും ദൈവമക്കളില്‍ ഒരാളായിത്തീരുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പാപം ചെയ്യാന്‍ ആഗ്രഹിക്കുകയില്ല. വീണ്ടും ജനിച്ചിട്ടുണ്ട് എന്നതിന്റെ ഒരു തെളിവാണിത്. നാം പാപം ചെയ്‌തേക്കാം. വാസ്തവത്തില്‍ നാം എല്ലാം അബോധപൂര്‍വ്വം പാപം ചെയ്യുന്നുണ്ട്. എന്നാല്‍ നാം വീണ്ടും ജനിച്ചവരാണെങ്കില്‍, നാം ഇനി പാപം ചെയ്യാന്‍ ആഗ്രഹിക്കുകയില്ല. ദൈവത്തിന്റെ കരുണയെയും നന്മയെയും നാം മുതലെടുക്കുകയില്ല. തനിക്കു പാപക്ഷമ എളുപ്പത്തില്‍ ലഭിക്കും എന്നറിയാവുന്നതുകൊണ്ട് ദൈവത്തിനെതിരെ പാപം ചെയ്യുന്നവന്‍ വീണ്ടും ജനിച്ചവനല്ല എന്നത് ഏറെക്കുറെ തീര്‍ച്ചയാണ്. വീണ്ടും ജനിച്ച ഒരു ക്രിസ്ത്യാനി പാപത്തില്‍ വീണേക്കാം. എന്നാല്‍ അവന്‍ പാപത്തെ വെറുക്കുന്നു.
എന്നാല്‍ വീണ്ടും ജനിച്ചതിനുശേഷവും ബോധപൂര്‍വ്വവും പാപം ചെയ്യാറുണ്ടെന്നും നാം സമ്മതിക്കേണ്ടിയിരിക്കുന്നു. ആട്ടെ, ആ പാപങ്ങളുടെ കാര്യം എങ്ങനെയാണ്? ഇടയ്ക്കു സംഭവിക്കുന്ന ഒരു കാര്യമെന്ന നിലയിലല്ല, പാപത്തില്‍ ബോധപൂര്‍വ്വം തുടരുന്നതിനെക്കുറിച്ചാണ് എബ്രായര്‍ 10:26 പറയുന്നത്: ”നാം മനഃപൂര്‍വ്വം പാപം ചെയ്തുകൊണ്ടേയിരുന്നാല്‍’ എന്നത് നിരന്തരം ദൈവത്തിന്റെ കരുണയെ മുതലെടുക്കുന്നതിനെക്കുറിച്ചാണ്. അങ്ങനെ ചെയ്താല്‍ ‘പാപങ്ങള്‍ക്കു വേണ്ടി ഇനി ഒരു യാഗവും ശേഷിക്കാത്തതിനാല്‍ ദൈവത്തിന്റെ ന്യായവിധി മാത്രമേ മുന്‍പിലുള്ളു’ (എബ്രായര്‍ 10:27).
അഞ്ചാമത്തെ യാഗമെന്നു പറയുന്നത് അകൃത്യയാഗമാണ് (5-ാം അധ്യായം). ദൈവത്തിനെതിരെയും മറ്റു മനുഷ്യര്‍ക്കെതിരെയും ചെയ്യുന്ന പാപത്തെയാണ് അകൃത്യയാഗം കൈകാര്യം ചെയ്യുന്നത്. ചില പാപങ്ങള്‍ ദൈവത്തിനെതിരെ മാത്രമുള്ളതാണ്. ഉദാഹരണത്തിന് തെറ്റായ ചിന്തകള്‍. അതു മറ്റാരെയും മുറിപ്പെടുത്തുകയില്ല. അത്തരം പാപങ്ങള്‍ ദൈവത്തിനെതിരെയുള്ളതാണ്. നമുക്കു തെറ്റായ മനോഭാവമുണ്ടെങ്കില്‍ അതും ദൈവത്തിനെതിരെ മാത്രമുള്ള പാപമാണ്. എന്നാല്‍ മറ്റ് ആളുകളുമായി ബന്ധപ്പെട്ട പാപങ്ങളുമുണ്ട്. ഇവിടെ 5:1-ല്‍ ഒരുവനെക്കുറിച്ചു പറയുന്നു. അവന് അറിയാവുന്നതോ കണ്ടതോ ആയ ഒരു കാര്യം സംബന്ധിച്ച് സാക്ഷ്യം പറയാന്‍ അവന്‍ തയ്യാറല്ല. കാരണം അതൊരു പക്ഷേ അവന്റെ ഒരു സുഹൃത്തിന് എതിരായി വന്നേക്കാം. എന്നാല്‍ അവന്‍ മൗനം പാലിക്കുന്നതു കൊണ്ട് നിരപരാധിയായ ഒരുവന്‍ ശിക്ഷിക്കപ്പെടുന്നു. അങ്ങനെ വന്നാല്‍ ആദ്യം നമ്മള്‍ പറഞ്ഞ ആള്‍ ദൈവത്തോടും നിരപരാധിയായ മനുഷ്യനോടും എതിരെ പാപം ചെയ്തു. ഇതുപോലെയുള്ള മറ്റു പാപങ്ങളെക്കുറിച്ചും തുടര്‍ന്നുള്ള വാക്യങ്ങളില്‍ പറയുന്നു.
16-ാം വാക്യത്തില്‍ പ്രായശ്ചിത്തത്തെക്കുറിച്ചു പറയുന്നു. വിശുദ്ധ വസ്തുക്കളെ സംബന്ധിച്ചു താന്‍ പിഴച്ചതിനു പകരം പ്രായശ്ചിത്തമായി മുതലും അതിനോട് അഞ്ചിലൊന്നും കൂട്ടിയും (20%) അവന്‍ പുരോഹിതനു കൊടുക്കണം” – ഈ പാപം ദൈവത്തിന് എതിരെയാണെങ്കില്‍. ഒരു മനുഷ്യനോട് പ്രായശ്ചിത്തം ചെയ്യണമെങ്കിലും ഇതേ പ്രമാണമാണു പാലിക്കേണ്ടത്. (സംഖ്യ 5:6,7-ല്‍ പറഞ്ഞിരിക്കുന്നതു പോലെ). നിങ്ങള്‍ ആരെയെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ പ്രായശ്ചിത്തം ചെയ്യുമ്പോള്‍ 20% കൂടുതല്‍ മടക്കിക്കൊടുക്കണം. ഇനി ആരോടും ഇങ്ങനെ ചെയ്യരുതെന്ന് ഇതു നിങ്ങളെ പഠിപ്പിക്കും!
അകൃത്യയാഗത്തെക്കുറിച്ച് മറ്റൊരു കാര്യംകൂടി ദൈവം അരുളിച്ചെയ്തതു നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ”സ്വന്ത കയ്യാല്‍ അവന്‍ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടു വരണം” (7:30). നിങ്ങളുടെ യാഗം നിങ്ങള്‍ വ്യക്തിപരമായി ദൈവസന്നിധിയില്‍ കൊണ്ടുവരണം, നിങ്ങള്‍ വലിയവനായാലും ചെറിയവനായായും. നിങ്ങള്‍ക്കത് ഒരു വേലക്കാരന്റെ കൈവശം കൊടുത്തയയ്ക്കാനാവില്ല. നിങ്ങള്‍ എത്ര വലിയവനായാലും നിങ്ങള്‍ സ്വയം വരണം. സ്വയം താഴ്ത്തണം. തെറ്റു സമ്മതിക്കണം. പാപം ചെയ്തത് അംഗീകരിക്കണം. ദൈവമുന്‍പാകെ എല്ലാവരും തുല്യരാണ്.
വിശുദ്ധിയും ആരോഗ്യവും
തുടര്‍ന്നു വിശുദ്ധി, ആരോഗ്യം എന്നിവയെക്കുറിച്ചു വിശദമായി പരാമര്‍ശിക്കുന്ന പല അധ്യായങ്ങളാണു നാം കാണുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളുടെ വിശദാംശങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ അതീവ താല്പര്യത്തെയാണ് ഇതു വ്യക്തമാക്കുന്നത്. നമ്മുടെ ജീവിതത്തിലെ കൊച്ചുകാര്യങ്ങളില്‍ ദൈവത്തിനു താല്പര്യമില്ലെന്നാണു നാം കരുതുന്നത്. എന്നാല്‍ ലേവ്യ പുസ്തകത്തില്‍ നിന്നു നാം മനസ്സിലാക്കുന്നതു നേരേ മറിച്ചാണ്. പാചകം ചെയ്യുന്ന ഒരു പാത്രത്തില്‍ ഒരു പല്ലി വീണാല്‍ എന്താണു ചെയ്യേണ്ടതെന്നു വരെ വിശദമായി ഇവിടെ യിസ്രയേല്‍ മക്കളോടു പറഞ്ഞിരിക്കുന്നു. മണ്‍പാത്രത്തില്‍ പല്ലി വീണാല്‍ പാത്രം ഉടച്ചു കളയണം. അതിലെ ഭക്ഷണം ഒന്നും കഴിക്കരുത്. കാരണം അത് പകര്‍ച്ച വ്യാധിയും ആത്യന്തികമായി മരണവും കൊണ്ടുവന്നേക്കാം (ലേവ്യ. 11:33). കുളിക്കുന്നതു സംബന്ധിച്ചും ദൈവം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. ഏതെങ്കിലും വിധത്തില്‍ അശുദ്ധനായാല്‍ ഒഴുക്കു നീറ്റില്‍ കുളിച്ചു ശുദ്ധനാകണം (ലേവ്യ 15:13). വസ്ത്രങ്ങളും കഴുകി ശുദ്ധിയുള്ളവനാകണം (ലേവ്യ 15:5,7,11;17-ാം അധ്യായം). തന്റെ ജനത്തെക്കുറിച്ചുള്ള ദൈവിക കരുതലിന്റെ രണ്ട് ഉദാഹരണങ്ങളാണിവ. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം, നിങ്ങളുടെ ശുചിത്വം (കുളി, വസ്ത്രം അലക്കുന്നത്) എന്നിവയില്‍ ദൈവം ഇത്രയേറെ തല്പരനാണെന്നു നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്തരം കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നത് എന്നെ ആവേശഭരിതനാക്കുന്നു. ലേവ്യാപുസ്തകം വിരസമായ പുസ്തകമാണെന്ന് ആരാണു പറഞ്ഞത്?
ലൈംഗിക വിശുദ്ധി, മറ്റു പ്രസക്തമായ വിഷയങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള പഠിപ്പിക്കലുകള്‍ ഈ പുസ്തകത്തിലുണ്ട്. 10:8-11-ല്‍ ദൈവം അഹരോനോടു പറയുന്നു: ”നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന് സമാഗമന കൂടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം. ശുദ്ധവും അശുദ്ധവും മലിനവും നിര്‍മ്മലവും തമ്മില്‍ നിങ്ങള്‍ വക തിരിക്കേണ്ടതിനും യഹോവ മോശെ മുഖാന്തരം യിസ്രായേല്‍ മക്കളോടു കല്പിച്ച സകല പ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നേ.” ദൈവം ഇവിടെ നേതാക്കളോടു പറയുന്നത് അവരുടെ ശരീരത്തെ മലിനപ്പെടുത്തുന്ന ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കണമെന്നാണ്. നേതാക്കളെന്ന നിലയില്‍ അവര്‍ പെരുമാറ്റത്തില്‍ മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം.
11-ാം അധ്യായത്തില്‍ ദൈവം ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍, അവര്‍ക്കു ഭക്ഷിക്കാവുന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മൃഗങ്ങള്‍ എന്നിവയെക്കുറിച്ചു വിശദമായി പറയുന്നു. ഞാന്‍ ഇതില്‍ നിന്നു മനസ്സിലാക്കിയത് ഇതാണ്: സ്വര്‍ഗ്ഗത്തിലെ ദൈവത്തിനു നമ്മുടെ ഭക്ഷണശീലങ്ങളില്‍ വരെ താല്പര്യമുണ്ട്. നമുക്ക് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. 1 കൊരിന്ത്യര്‍ 10:31-ല്‍ പറയുന്നു: ”നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും ദൈവനാമ മഹത്വത്തിനായി ചെയ്‌വീന്‍.” പലരും ഇന്നത്തെ കാലത്തു കഴിക്കുന്ന ആരോഗ്യകരമല്ലാത്ത ഭക്ഷണപാനീയങ്ങളെക്കുറിച്ച് ദൈവത്തിന് ഇന്നും തന്റെ മക്കളോട് ഏറെ പറയാനുണ്ടെന്ന് എനിക്കുറപ്പുണ്ട്!
ശുചിത്വം സംബന്ധിച്ച കല്പനകളും ഉണ്ട്. ഉദാഹരണത്തിനു 11:33: ‘ചത്ത ഇഴജാതിയില്‍ യാതൊന്നെങ്കിലും ഒരു മണ്‍പാത്രത്തിനകത്തു വീണാല്‍ അതിനകത്തുള്ളത് ഒക്കെയും അശുദ്ധമാകും. നിങ്ങള്‍ അത് ഉടച്ചു കളയണം.’ അതുപോലെ ‘അശുദ്ധമായ വസ്തുക്കള്‍ ശുദ്ധമാക്കാന്‍ ഉപയോഗിച്ച വെള്ളം ഏതെങ്കിലും ഭക്ഷണത്തെ സ്പര്‍ശിച്ചാല്‍ അതും അശുദ്ധമാകും'(11:34). ശുചിത്വശീലങ്ങളും വൃത്തിയുള്ള ജീവിതരീതിയും യിസ്രയേല്‍ മക്കള്‍ക്ക് ഉണ്ടായിരിക്കണമെന്നാണ് അവിടുന്ന് ഇവിടെ പറയുന്നത്.
ആരോഗ്യകരമായ ജീവിതത്തിന്റെ പ്രമാണങ്ങള്‍ ഉപേക്ഷിച്ച ശേഷം രോഗിയാകുമ്പോള്‍ ”കര്‍ത്താവേ, ദയവായി എന്നെ സൗഖ്യമാക്കണമേ” എന്നു പ്രാര്‍ത്ഥിക്കുന്നതു വിഡ്ഢിത്തമാണ്. ദൈവം നിയമിച്ചിട്ടുള്ള ശുചിത്വ പ്രമാണങ്ങള്‍ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ രോഗിയാകുമ്പോള്‍ നിങ്ങള്‍ക്കു നിങ്ങളെയല്ലാതെ മറ്റാരെയും പഴി പറയാനാവുകയില്ല. പുറപ്പാട് 15:26ല്‍ ദൈവം ഇങ്ങനെ പറയുന്നു ണ്ടല്ലോ: ”നീ എന്റെ കല്പനകളെ അനുസരിച്ചാല്‍ അപ്പോള്‍ ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവയാകുന്നു.’ രോഗശാന്തിയെക്കാള്‍ ആരോഗ്യത്തിന്റെ വരം നമുക്കു നല്‍കുവാന്‍ ദൈവം ആഗ്രഹിക്കുന്നു! പക്ഷേ അതിനു ശരീരം സംബന്ധിച്ച പ്രമാണങ്ങള്‍ നമ്മള്‍ അനുസരിക്കണം.
11:44-ല്‍ ഇങ്ങനെ വായിക്കുന്നു: ‘ഞാന്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവ ആകുന്നു. ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കണം.’ ലേവ്യാ പുസ്തകത്തിന്റെ മുഖ്യപ്രമേയം ഇതാണ്. ഈ വാക്യം കൃത്യമായി പുസ്തകത്തിന്റെ മധ്യത്തില്‍ വന്നിരിക്കുന്നു. പത്രൊസ് ഈ വാക്യം 1 പത്രൊസ് 1:16-ല്‍ എടുത്ത് ഉദ്ധരിച്ചിട്ടുണ്ട്: ‘നമ്മള്‍ വിശുദ്ധരായിരിക്കണം. നമ്മെ വിളിച്ചവന്‍ വിശുദ്ധന്‍ ആകുന്നു.’
വിശുദ്ധിയും ശുചിത്വവുമാണു ലേവ്യപുസ്തകത്തിലെ രണ്ടു പ്രധാന ചിന്താവിഷയങ്ങള്‍
കുഷ്ഠരോഗികളുടെ ശുദ്ധീകരണം
കുഷ്ഠരോഗം തിരിച്ചറിയാനുള്ള പരീക്ഷയെപ്പറ്റിയാണ് 13-ാം അധ്യായം. ”ഒരു മനുഷ്യന്റെ ത്വക്കിന്മേല്‍ തിണര്‍പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാല്‍ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായി അവന്റെ പുത്രന്മാരില്‍ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരണം. പുരോഹിതന്‍ ത്വക്കിന്മേലുള്ള വടു നോക്കണം. വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും ആയി കണ്ടാല്‍ അതു കുഷ്ഠലക്ഷണം. പുരോഹിതന്‍ അവനെ നോക്കി അശുദ്ധനെന്നു വിധിക്കണം. അവന്റെ ത്വക്കിന്മേല്‍ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതുമായി കണ്ടാല്‍ പുരോഹിതന്‍ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കണം” (13:2-4).
കുഷ്ഠരോഗത്തെ സംബന്ധിച്ചല്ല, മറിച്ച് പാപത്തെ സംബന്ധിച്ച് നിങ്ങള്‍ ഇതു നടപ്പിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇതു വളരെ വിലപ്പെട്ട വാക്യങ്ങളാണ്. ഒരു സഹോദരനിലോ സഹോദരിയിലോ നിങ്ങള്‍ക്കു പാപമെന്നു തോന്നുന്ന എന്തെങ്കിലും കണ്ടാല്‍ നിങ്ങള്‍ എന്താണു ചെയ്യേണ്ടത്? യിസ്രായേല്‍ മക്കള്‍ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? അവര്‍ തന്നെ അതിനെക്കുറിച്ചൊരു വിധി പ്രസ്താവം നടത്തിയാല്‍ ചിലപ്പോള്‍ അതു തെറ്റിപ്പോകും. ആ വടു കുഷ്ഠം ആയിരിക്കണമെന്നില്ല. ഇതു നമുക്കുമുള്ള പാഠമാണ്. നമ്മളും അവരെ സംബന്ധിച്ചു ചിന്തിച്ചത് അങ്ങനെയാകണമെന്നില്ല. അതുകൊണ്ട് ആ കാര്യം ഒന്നാമതു കര്‍ത്താവിന്റെ അടുത്തു കൊണ്ടു ചെല്ലുക (അഹരോന്‍ ഇവിടെ കര്‍ത്താവിനു നിഴല്‍); തുടര്‍ന്നു മൂപ്പന്മാരുടെ മുന്‍പിലും (അഹരോന്റെ മക്കള്‍ ഇവിടെ സഭയിലെ മൂപ്പന്മാരുടെ പ്രതീകം). അവര്‍ ആ കാര്യം കൈകാര്യം ചെയ്യട്ടെ. ഈ ലളിതമായ പ്രമാണം നിങ്ങള്‍ പിന്‍പറ്റിയാല്‍ നിങ്ങളെയും മറ്റുള്ളവരെയും നശിപ്പിക്കുന്ന പല തില്‍ നിന്നും രക്ഷപ്പെടുവാന്‍ നിങ്ങള്‍ക്കു കഴിയും. ഒരു യിസ്രായേല്യന്‍ തന്നെത്താന്‍ താഴ്ത്തി ”ഞാന്‍ ഒരു പുരോഹിതനല്ല, അതുകൊണ്ട് ഞാന്‍ ഇദ്ദേഹത്തെ ദൈവത്താല്‍ നിയമിതനായ ഒരു പുരോഹിതന്റെ മുന്‍പാകെ കൊണ്ടുപോകട്ടെ” എന്നു പറഞ്ഞാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയുമായിരുന്നു! നിങ്ങളും നിങ്ങളെത്തന്നെ താഴ്ത്തി അങ്ങനെ ചെയ്താല്‍ എന്തെല്ലാം വ്യാജകിംവദന്തികളും പ്രയാസങ്ങളും സഭയില്‍ നിന്ന് ഒഴിവാക്കുവാന്‍ കഴിയും!
ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം, പുരോഹിതനും താന്‍ കേള്‍ക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉടനെ ഒരു വിധിപ്രസ്താവം നടത്തുന്നില്ല എന്നതാണ്. നിര്‍ഭാഗ്യവശാല്‍ പല മൂപ്പന്മാരും ഇന്ന് ഒരു കാര്യം കേള്‍ക്കുമ്പോള്‍ അതു ശരിയാണോയെന്നു പരിശോധിക്കാതെ പെട്ടെന്ന് ഒരു വിധി പ്രസ്താവിക്കുകയാണ്. ബൈബിള്‍ പറയുന്നു: ”യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനു മുന്‍പ് തീരുമാനത്തിലെ ത്തുന്നത് എത്ര ഭോഷത്തമാണ്!” (സദൃശ. 18:13-ലിവിങ്).
പുരോഹിതന്‍ ഇവിടെ ആ വ്യക്തിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. എല്ലാ ഭാഗവും പരിശോധിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്നിട്ടാണു പ്രശ്‌നം എത്രത്തോളം ഗുരുതരമാണെന്നു തീരുമാനിക്കുന്നത്. ഇവിടെ പഠിപ്പിച്ചിരിക്കുന്ന ഈ ലളിതമായ പ്രമാണം മൂപ്പന്മാര്‍ പാലിച്ചിരുന്നെങ്കില്‍ ഓരോ സഭയിലും എത്ര സമാധാനം ഉണ്ടാകുമായിരുന്നു!
കര്‍ത്താവ് ഇങ്ങനെയാണു പറയുന്നത്: ”വളരെ ശ്രദ്ധിക്കുക. അതു നിങ്ങള്‍ ചിന്തിക്കുന്ന അത്രയും ഗൗരവമുള്ളതായിരിക്കുകയില്ല. അല്ലെങ്കില്‍ നിങ്ങള്‍ വിചാരിച്ചതിനെക്കാള്‍ അതു ഗുരുതരമായ കാര്യമായിരിക്കാം. അതുകൊണ്ട് ആ വ്യക്തിയെ സൂക്ഷ്മമായി പരിശോധിക്കുക. മാനുഷികമായ തെറ്റുകള്‍ക്കു പരമാവധി ഇളവു നല്‍കുക. എന്നിട്ട് അവനെ ശുദ്ധനെന്നോ അശുദ്ധനെന്നോ പ്രഖ്യാപിക്കുന്ന കാര്യം തീരുമാനിക്കുക.” കുഷ്ഠരോഗിയെന്നു മുദ്രകുത്തി അവനെ പാളയത്തിനു പുറത്താക്കണമെങ്കില്‍ അങ്ങനെ ചെയ്യുക. ഏതു സഭയിലും ഈ നിലയിലാണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടത്. വിശദമായ, സൂക്ഷ്മമായ പരിശോധനയ്ക്കു ശേഷം ഒടുവിലായി അവനെ സഭയില്‍ നിന്നു പുറത്താക്കണമെങ്കില്‍ അങ്ങനെ ചെയ്യുക.
ചിലപ്പോള്‍ ആദ്യ പരിശോധനയില്‍ പുരോഹിതന് ഒരു വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ലെന്നു വരാം. അപ്പോള്‍ അദ്ദേഹം പറയുന്നത്: ”ഇതൊരു ഗുരുതരമായ കാര്യമാണെന്ന് എനിക്കു തീര്‍ച്ചയില്ല. നമുക്ക് 7 ദിവസം കാത്തിരിക്കാം. എന്നിട്ടു ഞാന്‍ അവനെ വീണ്ടും കാണാം” (4-ാം വാക്യം). ഒരു സഹോദരനിലോ സഹോദരിയിലോ തെറ്റെന്നു നാം കരുതുന്നതു വല്ലതും കണ്ടാല്‍ കാത്തിരിക്കാന്‍ നമ്മില്‍ പലരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ദൈവത്തിന്റെ താല്പര്യം നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ്- അതു പഴയ നിയമത്തിലായാലും പുതിയ നിയമത്തിലായാലും.
മറ്റൊരു പ്രധാന കാര്യവും നാം ഇവിടെ കാണേണ്ടതുണ്ട്: കുഷ്ഠരോഗിയെ ഒരുനാള്‍ ആരോഗ്യത്തോടെ പാളയത്തില്‍ മടക്കിക്കൊണ്ടു വരിക എന്നതാണു പുരോഹിതന്റെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ട് ഏഴു ദിവസത്തിനുശേഷം പുരോഹിതന്‍ വീണ്ടും അയാളെ നിരീക്ഷിക്കും. അയാളുടെ അവസ്ഥയില്‍ തൃപ്തനല്ലെങ്കില്‍ വീണ്ടും 7 ദിവസം കൂടി കഴിഞ്ഞു വരാന്‍ പുരോഹിതന്‍ അയാളോടു നിര്‍ദ്ദേശിക്കും. ആ സമയം കഴിഞ്ഞു കാണുമ്പോള്‍ നേരത്തെ കണ്ട ത്വക്‌രോഗം മാറിയിട്ടുണ്ടെങ്കില്‍ പുരോഹിതന്‍ പറയും: ”ദൈവത്തിനു സ്‌തോത്രം. ഇയാള്‍ ഇപ്പോള്‍ ശുദ്ധനാണ്. കുളിച്ച്, വസ്ത്രം അലക്കി ഇയാള്‍ക്ക് ഇനി പാളയത്തില്‍ മടങ്ങി വരാം” (വാക്യം. 4-6). എന്നാല്‍ അയാള്‍ രോഗം മാറി ശുദ്ധനായിട്ടില്ലെങ്കില്‍ പാളയത്തിലുള്ളവരുടെ സുരക്ഷയെ കരുതി അയാളെ പാളയത്തിനു പുറത്താക്കി ഒറ്റയ്ക്കു പാര്‍പ്പിക്കും. തീര്‍ച്ചയായും ചില നാളുകള്‍ക്കു ശേഷം പുരോഹിതന്‍ വീണ്ടും അയാളെ പരിശോധിക്കും. പുരോഹിതന്റെ ഇവിടത്തെ മനോഭാവം നിങ്ങള്‍ ശ്രദ്ധിച്ചോ? പുരോഹിതന്റെ ഉദ്ദേശ്യം കഴിയുന്നിടത്തോളം അയാളെ പാളയത്തിനുള്ളില്‍ പ്രവേശിപ്പിക്കുക എന്നതാണ്. മറ്റൊരു നിവൃത്തിയുമില്ലെങ്കിലേ അയാളെ പുറത്താക്കുകയുള്ളു.
തെറ്റിപ്പോയ സഹോദരനെ സംബന്ധിച്ചു നമ്മുടെ മനോഭാവവും ഇതായിരിക്കണമെന്നു യേശു പറഞ്ഞു- ‘സഹോദരനെ നേടുക’ (മത്തായി 18:15). സഹോദരനെ പാപത്തില്‍ നിന്നു തിരികെ നേടേണ്ടതിനു കഴിയുന്നതെല്ലാം ചെയ്യുക. ഒന്നും വിജയിക്കുന്നില്ലെങ്കില്‍ മാത്രം പുറത്താക്കുക (മത്തായി 18:17; 1 കൊരി. 5:13). എന്നാല്‍ പുറത്താക്കിയ ശേഷമാണെങ്കിലും ആ സഹോദരന്‍ ആത്മാര്‍ത്ഥമായി അനുതപിച്ചാല്‍ സഭയുടെ കൂട്ടായ്മയിലേക്കു മടക്കി കൊണ്ടുവരാം (2 കൊരി. 2:6-11).
ഇന്നു പല സഭകളിലും നിര്‍ഭാഗ്യവശാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായ മനോഭാവമാണു ഞാന്‍ കാണുന്നത്. അവിടെ സഹോദരന്മാരെ കീറിക്കളയുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു പുതിയ ഉടമ്പടി നേതാവാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കരുണയോടും മറുവശത്തു കര്‍ശനത്വത്തോടും സഭയിലെ പാപികളോടു പെരുമാറാന്‍ പഠിക്കുക (റോമര്‍ 11:22).
13:12,13-ല്‍ മറ്റൊരു അത്ഭുതകരമായ സത്യം കാണാന്‍ കഴിയും: ”കുഷ്ഠം ത്വക്കില്‍ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാല്‍വരെ പുരോഹിതന്‍ കാണുന്നേടത്തൊക്കെയും വടു ത്വക്കില്‍ ആസകലം മൂടിയിരിക്കുന്നു എങ്കില്‍” – എങ്കില്‍ എന്താണ്? ആ മനുഷ്യന്‍ ശുദ്ധിയുള്ളവനോ അശുദ്ധനോ? ഉത്തരം നമ്മെ അത്ഭുതപ്പെടുത്തിയേക്കും. അവന്‍ ശുദ്ധിയുള്ളവന്‍. എങ്ങനെയാണത്? അവന്റെ തൊലി മുഴുവന്‍ വെളുത്തെങ്കില്‍ അതു ശുദ്ധിയുള്ളതായി. എന്നാല്‍ പച്ചമാംസം തൊലിയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ അവന്‍ വീണ്ടും അശുദ്ധന്‍ (13:14). ഇതിന്റെ അര്‍ത്ഥമെന്താണ്? നമ്മെ സംബന്ധിച്ച് ഇതിന്റെ പ്രായോഗിക തലം ഇങ്ങനെ: താന്‍ ഒന്നിനും കൊള്ളാത്ത ഒരു പാപിയാണെന്ന്, തലതൊട്ടു കാല്‍വരെ മലിനനാണെന്ന്, തന്നില്‍ ഒരു നന്മയും വസിക്കുന്നില്ലെന്ന് ഏതൊരുവന്‍ ആത്മാര്‍ത്ഥമായി അംഗീകരിക്കുമോ അപ്പോള്‍ അവന്‍ ദൈവദൃഷ്ടിയില്‍ ശുദ്ധനായി. എന്നാല്‍ അവന്‍ ഇങ്ങനെ പറയുകയാണെന്നിരിക്കട്ടെ: ”ഇല്ല, ഞാന്‍ അത്ര മോശമല്ല. എന്റെ ജീവിതത്തില്‍ നല്ല ചില ഭാഗങ്ങളുണ്ട്” – അപ്പോള്‍ അവന്‍ അശുദ്ധനായി.
ബൈബിള്‍ പറയുന്നത് അവര്‍ ഒന്നിനും കൊള്ളാത്ത മലിന പാപികളാണെന്നും നരകാഗ്നി മാത്രമാണ് അവര്‍ അര്‍ഹിക്കുന്നതെന്നും നാം ചൂണ്ടിക്കാണിച്ചാല്‍ ഭൂരിപക്ഷം പേരും എങ്ങനെയാണു പ്രതികരിക്കുക എന്നു നിങ്ങള്‍ക്കറിയാം. അവന്‍ പറയും: ”ഞാന്‍ അത്രത്തോളം മോശമല്ല. എന്റെ ജീവിതത്തില്‍ ചില നല്ല കാര്യങ്ങളുണ്ട്.” ഇത്തരം വ്യക്തികള്‍ ദൈവദൃഷ്ടിയില്‍ അശുദ്ധരാണ്. എന്നാല്‍ പ്രതികരണം ഇങ്ങനെയാണെന്നിരിക്കട്ടെ: ”അതേ, ദൈവം പൂര്‍ണമായും ശരിയാണ്. എന്റെ ജഡത്തില്‍ ഒരു നന്മയുമില്ല. എന്റെ ഏറ്റവും നല്ല പ്രവര്‍ത്തനങ്ങള്‍ പോലും വരുന്നതു തെറ്റായ മനോഭാവങ്ങളില്‍ നിന്നാണ്. ഞാന്‍ പൂര്‍ണമായും മലിനനാണ്.” ഇയാള്‍ സ്വയം ന്യായീകരിക്കുന്നില്ല – ഫലം ദൈവത്തിന്റെ ദൃഷ്ടിയില്‍ ഇദ്ദേഹം പൂര്‍ണമായും ശുദ്ധിയുള്ളവനാണ്. ഇതാണു സുവിശേഷത്തിന്റെ സദ്വാര്‍ത്ത. ഇതുകൊണ്ടാണ് മോശപ്പെട്ട കൊലപാതകികള്‍, വ്യഭിചാരിണികള്‍ (അവരുടെ മുഴുവന്‍ തൊലിയിലും കുഷ്ഠം പരന്ന് ആസകലം വെളുത്തിരിക്കുന്നു) തുടങ്ങിയവര്‍ കര്‍ത്താവിനാല്‍ ക്ഷമിക്കപ്പെടുകയും അതേസമയം സ്വയനീതീകരണക്കാരായ പരീശന്മാര്‍ ക്ഷമിക്കപ്പെടാതിരിക്കുകയും ചെയ്തത്. പരീശന്മാരിലെ പച്ചമാംസമുള്ള ഭാഗം (അവരുടെ സ്വയന്യായീകരണം) അവരെ അശുദ്ധരാക്കി മാറ്റി.
14-ാം അധ്യായത്തില്‍ നാം കുഷ്ഠരോഗിയുടെ ശുദ്ധീകരണ നടപടികളെക്കുറിച്ചു വായിക്കുന്നു. വളരെ അത്ഭുതകരമായ കാര്യം ഇതിന്റെ 14-ാം വാക്യത്തില്‍ കാണാം. കുഷ്ഠരോഗിയുടെ ശുദ്ധീകരണം കഴിയുമ്പോള്‍ പുരോഹിതന്‍ അകൃത്യയാഗത്തിലെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തു കയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടണം. ക്രിസ്തുവിന്റെ രക്തത്താല്‍ നമ്മുടെ എല്ലാ ഭാഗങ്ങളും പൂര്‍ണമായി ശുദ്ധീകരിക്കപ്പെടുന്നതിന്റെ പ്രതീകമാണിത്. ഇതിനോടു ചേര്‍ത്ത് ലേവ്യര്‍ 8:23 വായിച്ചാല്‍ മഹാപുരോഹിതനായ അഹരോനു മോശെ ചെയ്തത് ഇതേ കാര്യം തന്നെയാണെന്നു നമുക്കു കാണുവാന്‍ കഴിയും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മഹാ പുരോഹിതനായ അഹരോനു ലഭിച്ച അതേ അവകാശങ്ങളാണ് ഒരു കുഷ്ഠരോഗിക്കും ലഭിച്ചത്! സുവിശേഷത്തിന്റെ സന്ദേശം ഇതാണ്- ഇത്രയും മലിനരും മോശപ്പെട്ടവരുമായ പാപികളായ നാം ദൈവം യേശുവിനെ സ്‌നേഹിക്കുന്ന അതേ അളവില്‍ സ്‌നേഹിക്കപ്പെട്ടിരിക്കുന്നു, യേശുവിനെ അംഗീകരിച്ചിരിക്കുന്നതുപോലെ അവിടുന്നു നമ്മെയും അംഗീകരിച്ചിരിക്കുന്നു! അവിശ്വസനീയം, അത്ഭുതകരം, പക്ഷേ എത്രയും സത്യം!
കുഷ്ഠരോഗിയുടെ ശുദ്ധീകരണ പ്രക്രിയയിലെ അടുത്ത രണ്ടു പടികള്‍ 17,18 വാക്യങ്ങളില്‍ നാം വായിക്കുന്നു. ഒന്ന്: പുരോഹിതന്‍ ഒരു തുള്ളി എണ്ണയെടുത്തു നേരത്തേ രക്തം പുരട്ടിയ മൂന്നു ഭാഗങ്ങളിലും- വലത്തെ കാത്, വലത്തു കയ്യുടെ പെരുവിരല്‍, വലത്തു കാലിന്റെ പെരുവിരല്‍- പുരട്ടണം. ഇതു പരിശുദ്ധാത്മാവിനാലുള്ള ജനനത്തെ കുറിക്കുന്നു. തുടര്‍ന്നു പുരോഹിതന്‍ ബാക്കി എണ്ണ ശുദ്ധീകരിക്കപ്പെട്ട കുഷ്ഠരോഗിയുടെ തലയില്‍ ഒഴിക്കുന്നു. ഇതു പരിശുദ്ധാത്മ സ്‌നാനത്തെ, നമ്മുടെ മേല്‍ പരിശുദ്ധാത്മാവു പകരപ്പെടുന്നതിനെ, കാണിക്കുന്നു.
ഇതു തീര്‍ച്ചയായും അത്ഭുതകരമായ ഒരു സുവിശേഷമാണ്. കുഷ്ഠരോഗിയായ ഒരു പാപി ആദ്യം ശിരസ്സു മുതല്‍ ഉള്ളംകാല്‍ വരെ ക്രിസ്തുവിന്റെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു, പരിശുദ്ധാത്മാവിനാല്‍ ഒരു പുതുജനനത്തിലേക്കു വരുന്നു. തുടര്‍ന്നു പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനായിത്തീരുന്നു. പരിശുദ്ധാത്മാവിന്റെ രണ്ടു പ്രധാനപ്പെട്ട ശുശ്രൂഷകളും- നമുക്കു പുതുജനനം നല്‍കുക, അവിടുത്തെ ശക്തിയാല്‍ നിറയ്ക്കുക- ഇവിടെ ലേവ്യ 14:17,18-ല്‍ നിഴലുകളായി ചിത്രീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് ശുദ്ധീകരിക്കപ്പെട്ട ‘കുഷ്ഠരോഗി’കളായ നാം ഒരു തുള്ളി രക്തമോ ഒരുതുള്ളി എണ്ണയോ ലഭിച്ചതുകൊണ്ടു മാത്രം തൃപ്തിപ്പെടരുത്. നമ്മുടെ ശിരസ്സിന്മേല്‍ എണ്ണയുടെ അഭിഷേകം ഏറ്റുവാങ്ങുവാനും നാം തയ്യാറുള്ളവരായി രിക്കുക.
ലേവ്യ പുസ്തകത്തില്‍ ഇതും ഇതില്‍ കൂടുതലും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വിരസമെന്നു വിചാരിച്ചിരുന്ന ഒരു പുസ്തകം ഇതാ വിചാരിച്ചിരുന്നതിനെക്കാള്‍ രസകരമായി നിങ്ങള്‍ക്കു തീരുന്നു.
മറ്റു കൊച്ചുകൊച്ചു കാര്യങ്ങളും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രായമുള്ള ആളുകളോട് ആദരവ് കാട്ടുക, അപരിചിതരോട് താത്പര്യത്തോടെ പെരുമാറുക, ഭാവി പറയുന്നതും ശകുനം നോക്കുന്നതും ആഭിചാരവുമെല്ലാം ഉപേക്ഷിക്കുക എന്നിങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രസക്തമായ ഒട്ടേറെ കാര്യങ്ങളും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
21:16-24-ല്‍ പറയുന്നത് അഹരോന്റെ പുത്രന്മാരിലൊരാളാണെങ്കിലും ‘അംഗ വൈകല്യം’ ഉള്ള ഒരുവന്‍ പുരോഹിതനാകരുതെന്നാണ്. ഇതു നമ്മെ പഠിപ്പിക്കുന്നത് ഒരു വ്യക്തി ഒരു ദൈവമകനാണെങ്കിലും ജീവിതത്തില്‍ ഒരു വൈകല്യം (‘ക്രമീകരിക്കാത്ത പാപം”) ഉണ്ടെങ്കില്‍ ഒരു മൂപ്പനോ നേതാവോ ആകാന്‍ പാടില്ല. ദൈവമക്കള്‍ അത്തരം ‘ബലഹീനത’കളില്‍ നിന്നു സ്വാതന്ത്ര്യം പ്രാപിച്ചിരിക്കണം. ദൈവത്തെ പ്രതിനിധാനം ചെയ്തു തന്റെ ജനത്തിന്റെ മുന്‍പാകെ നില്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ നിലവാരം വളരെ ഉന്നതമാണ്. പഴയ ഉടമ്പടിയില്‍ ഈ നിലവാരങ്ങളൊക്കെ ശാരീരികമായിരുന്നു. കാരണം പഴയ ഉടമ്പടിയിലെ നേതാക്കള്‍ യിസ്രായേല്യരെ ഭൗതികമായ ഒരു രാജ്യത്തിലേക്കായിരുന്നു നയിക്കേണ്ടിയിരുന്നത്. നമ്മുടെ കാലത്ത് ഈ നിലവാരങ്ങളൊക്കെ ആത്മീയമാണ്. കാരണം നാം ദൈവജനത്തെ ആത്മീയമായ ഒരു രാജ്യത്തിലേക്കാണല്ലോ നയിക്കേണ്ടത്.
ഏഴ് ഉത്സവങ്ങള്‍:
23-ാം അധ്യായത്തില്‍ ദൈവം യിസ്രായേല്യര്‍ക്കു നിയമിച്ച ഏഴ് ഉത്സവങ്ങളെ ക്കുറിച്ചു വായിക്കുന്നു (ലേവ്യ പുസ്തകത്തിന്റെ ആദ്യഭാഗത്ത് അഞ്ച് യാഗങ്ങളെ ക്കുറിച്ചു നാം കണ്ടു). മതം എന്നു പറയുന്നതു വിരസമായ ഒരു ഏര്‍പ്പാടല്ലെന്നു തന്റെ ജനത്തെ പഠിപ്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നതിനെയാണ് ഇതു കാണിക്കുന്നത്. അത് ആസ്വദിക്കാവുന്ന, ആവേശകരമായ കാര്യമാണ് – സന്തോഷത്തോടെ ആചരിക്കാവുന്ന ചില കാര്യങ്ങള്‍. അതുകൊണ്ട് അവിടുന്ന് ഈ വിരുന്നുകള്‍ (അല്ലെങ്കില്‍ ഉത്സവങ്ങള്‍) അവര്‍ക്കു നിയമിച്ചു. ഉത്സവങ്ങള്‍ എന്നുള്ളതിന് എബ്രായഭാഷയിലുള്ള പല വാക്കുകളിലൊന്ന് ‘ഹാഗ്’ എന്നാണ്. അര്‍ത്ഥം ‘നൃത്തം.’ തന്റെ ജനം ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നതും ഇതു തന്നെ!! ഏഴ് എന്ന അക്കത്തിനും ഇവിടെ ഒരു പ്രധാന്യമുണ്ട്. എല്ലാ ഏഴാം ദിവസവും ഏഴാം മാസവും ഏഴാം വര്‍ഷവും ഏഴ് ഗുണം ഏഴ് കൂടുന്നതിന്റെ പിറ്റേവര്‍ഷവും (50-ാം വര്‍ഷം) ഉത്സവ സമയമാണ്. ഈ ഉത്സവങ്ങളെല്ലാം എല്ലാ വര്‍ഷവും ഏപ്രിലിനും ഒക്‌ടോബറിനും ഇടയിലാണ്. ഈ സമയം ദൈവം തിരഞ്ഞെടുത്തിനു കാരണമുണ്ട് – ഈ സമയത്തു കാലാവസ്ഥ തെളിച്ചമുള്ളതായിരിക്കും. കര്‍ഷകരുടെ വയലിലെ പണികള്‍ ഒക്കെ പൂര്‍ത്തിയായി സാവകാശമുള്ള സമയമായിരിക്കും. അതുകൊണ്ട് അവര്‍ക്കെല്ലാം യെരുശലേമില്‍ ഉത്സവത്തിനു പോകുവാന്‍ കഴിയും. ദൈവത്തിന്റെ കല്പനകള്‍ എത്ര യാഥാര്‍ത്ഥ്യബോധമുള്ളതാണ്. നമ്മുടെ ഭൗതികമായ ആവശ്യങ്ങളോട് അവിടുന്ന് എത്ര ശ്രദ്ധയുള്ളവനാണെന്നും കാണുക.
ഏഴ് ഉത്സവങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു:
- ശബ്ബത്ത്: എല്ലാ ആഴ്ചയും ആറു ദിവസത്തെ അദ്ധ്വാനത്തിനു ശേഷം വരുന്ന ദിവസം. അന്ന് ഒരു വേലയും ചെയ്യേണ്ട. ആദം തന്റെ ആദ്യ ദിവസം ചെലവഴിച്ച പോലെ ദൈവത്തോടുള്ള കൂട്ടായ്മയില്‍ ചെലവഴിക്കേണ്ട ദിവസമാണത്. ദൈവത്തോടുള്ള ബന്ധത്തില്‍ ക്രിസ്തു നമുക്കു തരുന്ന സ്വസ്ഥതയെ ഇതു പ്രതിനിധാനം ചെയ്യുന്നു.
- പെസഹ പെരുനാള്‍: ഒന്നാം മാസത്തിന്റെ 14-ാം ദിവസമാണു പെസഹ പെരുനാള്‍.
കുഞ്ഞാടിന്റെ രക്തം മൂലം തങ്ങളുടെ പൂര്‍വ പിതാക്കന്മാരെ മിസ്രയേമില്‍ നിന്നു ദൈവം വീണ്ടെടുത്തതിന്റെ ഓര്‍മ കൊണ്ടാടുന്നതാണു യിസ്രയേല്‍ മക്കളെ സംബന്ധിച്ചിടത്തോളം ഈ പെരുനാള്‍. ക്രിസ്തുവിന്റെ രക്തത്താല്‍ നമ്മെ സാത്താന്റെ സാമ്രാജ്യത്തില്‍ നിന്നു വിടുവിച്ചതിന്റെ നിദര്‍ശനം. - പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍: പെസഹ പെരുനാളിനു ശേഷം ഏഴു ദിവസത്തേക്ക് അവര്‍ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളായിരിക്കും. മിസ്രയേമില്‍ അവരുടെ പിതാക്കന്മാര്‍ വിട്ടേച്ചു പോന്ന പുളിച്ച അപ്പത്തിന്റെ ഓര്‍മയാണ് ഇതവരില്‍ ഉണര്‍ത്തുന്നത് – നാം മാനസാന്തരപ്പെട്ടപ്പോള്‍ ഉപേക്ഷിച്ച പഴയ ജീവിതത്തിന്റെ ചിത്രമാണിത്. പുതിയ ഉടമ്പടിയുടെ കീഴില്‍, എല്ലാ പുളിപ്പില്‍ നിന്നും സ്വാതന്ത്ര്യം നേടി നിര്‍മലമായ ജീവിതം തുടരണമെന്നു സൂചിപ്പിക്കുന്നതാണ് ഈ പെരുനാള്‍.
- പെന്തക്കോസ്തു പെരുനാള്‍: പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ആരംഭിച്ച് 50 ദിവസത്തിനു ശേഷം നടക്കുന്നതാണു പെന്തക്കോസ്തു പെരുനാള്‍ (‘പെന്തക്കോസ്ത്’ എന്നതിന്റെ അര്‍ത്ഥം ‘അമ്പതാമത്തേത്’ എന്നാണ്). ഇതിനെ ആഴ്ചകളുടെ പെരുനാള്‍ എന്നും വിളിക്കുന്നു. കോതമ്പ്, യവം എന്നിവയുടെ കൊയ്ത്തിനു ശേഷം ദൈവത്തിനു നന്ദി അറിയിക്കാനുള്ള പെരുനാളാണിത്. 1500 വര്‍ഷത്തിനു ശേഷം ഇതേ ദിവസം പരിശുദ്ധാത്മാവിന്റെ വര്‍ഷണം ഉണ്ടായി – ഈ പെരുനാള്‍ അതിനെയാണു പ്രതിനിധാനം ചെയ്യുന്നത് (പ്രവൃത്തി 2:1). ഈ ദിവസം പെരുനാളിന്റെ ഭാഗമായി രണ്ട് അപ്പം വഴിപാടായി അര്‍പ്പിക്കുമാ യിരുന്നു. അതു സൂചിപ്പിച്ചിരുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ദിവസം യഹൂദ നേയും ജാതിയേയും ആത്മാവില്‍ ഒന്നിപ്പിക്കുന്നതിനെയാണ്. ഈ രണ്ട് അപ്പവും പുളിപ്പുള്ളതും ഉപ്പു ചേര്‍ത്തതുമായിരുന്നു. വീണ്ടും ജനിച്ചവരിലും പാപം ഉണ്ടാകാമെന്നും (പുളിപ്പ്) എന്നാല്‍ ദൈവം അവരോട് നിത്യനിയമം ചെയ്തിട്ടുണ്ടെന്നും (ഉപ്പ്) ഇതു വ്യക്തമാക്കുന്നു.
- കാഹളങ്ങളുടെ പെരുനാള്‍: ഏഴാം മാസത്തിന്റെ തുടക്കത്തിലാണിത്. മരുഭൂമിയിലായിരുന്നപ്പോള്‍ യാത്ര പുറപ്പെടാനും യുദ്ധം, ആരാധന തുടങ്ങിയ വയ്ക്ക് ആളുകളെ വിളിച്ചു കൂട്ടാനും യിസ്രായേലില്‍ അവര്‍ കാഹളങ്ങള്‍ ഉപയോഗിച്ചിരുന്നു. ആഹ്‌ളാദം പ്രകടിപ്പിക്കുകയും ദൈവത്തിനു നന്ദി അര്‍പ്പിക്കുകയും ചെയ്യുന്ന ആഘോഷത്തിന്റെ സമയമായിരുന്നു ഈ പെരുനാള്‍. അന്ത്യകാഹളം മുഴങ്ങുകയും കര്‍ത്താവു തന്റെ ജനത്തെ ചേര്‍ക്കാന്‍ മടങ്ങി വരികയും ചെയ്യുന്നതിനെ ഈ പെരുനാള്‍ പ്രതിനിധാനം ചെയ്യുന്നു.
- പാപപരിഹാര ദിനം: വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഇതാണ്. ദേവാലയത്തിലെ അതിപരിശുദ്ധ സ്ഥലത്തു വര്‍ഷത്തിലൊരിക്കല്‍ മഹാപുരോ ഹിതനു പ്രവേശിക്കാവുന്ന ദിവസം. മഹാപുരോഹിതന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയും പല മണിക്കൂറുകള്‍ ഇതിനായി ഒരുങ്ങുകയും ചെയ്യും. വര്‍ഷത്തില്‍ ഈ ദിവസം മാത്രമേ അദ്ദേഹം തന്റെ വെള്ള വസ്ത്രം ധരിക്കുകയുള്ളു. യിസ്രായേല്‍ ജനതയുടെ പാപപരിഹാരത്തിനായി കൃപാസനത്തില്‍ അദ്ദേഹം രക്തം തളിക്കും. നമ്മുടെ പാപപരിഹാരത്തിനായി നമ്മുടെ മഹാപുരോഹിതന്‍ തന്നെത്തന്നെ പ്രായശ്ചിത്തമായി കാല്‍വറിയില്‍ അര്‍പ്പിക്കാന്‍ പോകുന്നതിനെയായിരുന്നു ഈ മഹാപാപപരിഹാരദിനം സൂചിപ്പിച്ചിരുന്നത്.
- കൂടാര പെരുനാള്‍: തങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ മരുഭൂമിയില്‍ എങ്ങനെയാണ് അലഞ്ഞതെന്നും താമസിച്ചതെന്നും ഉള്ളതിന്റെ ഓര്‍മയ്ക്കായി യിസ്രായേല്യര്‍ ഏഴു ദിവസം കൂടാരങ്ങളില്‍ പാര്‍ക്കണം. തങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന നല്ല പാര്‍പ്പിടങ്ങള്‍ക്കായി അവര്‍ ദൈവത്തോട് ഇങ്ങനെയാണു നന്ദി അറിയിക്കുന്നത്! നമ്മളും എല്ലാ വര്‍ഷവും ഇങ്ങനെയൊന്നു താമസിക്കുന്നതു നന്നായിരിക്കും. നമ്മുടെ നല്ല പാര്‍പ്പിടങ്ങളിലെ ചില്ലറ അസൗകര്യങ്ങളെക്കുറിച്ചുള്ള ഇപ്പോഴത്തെ പരാതികള്‍ അതോടെ ഇല്ലാതെയാകും! യേശു രാജാവായി വാഴുന്ന ദൈവരാജ്യം ഇവിടെ ഭൂമിയിലായിരിക്കുന്ന കാലത്തെയാണ് ഈ പെരുനാള്‍ സൂചിപ്പിക്കുന്നത്.
ഈ ഏഴു പെരുനാളുകളില്‍, മുഴുവന്‍പേരും യെരുശലേമില്‍ പോകേണ്ട പ്രധാനപ്പെട്ട മൂന്നു പെരുനാളുകള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍, പെന്തക്കോസ്ത് പെരുനാള്‍, കൂടാരപെരുനാള്‍ എന്നിവയാണ് (ആവര്‍. 16:16).
ഈ പെരുനാളുകള്‍ അല്ലാതെ പല ശബ്ബത്തുകള്‍ വേറെയുണ്ട്. ഓരോ ഏഴാം വര്‍ഷവും ഭൂമിക്കു ശബ്ബത്തിന്റെ സ്വസ്ഥത നല്‍കണം. ആ വര്‍ഷത്തില്‍ യിസ്രായേല്‍ മക്കള്‍ തങ്ങളുടെ പാടങ്ങളില്‍ വിത്തു വിതയ്ക്കുകയോ മുന്തിരിത്തോട്ടങ്ങളില്‍ വള്ളിത്തല മുറിക്കുകയോ ചെയ്യരുത് (ലേവ്യ 25:4). അവര്‍ ഈ കല്പന അനുസരിച്ചില്ലെങ്കില്‍ ശത്രുക്കള്‍ അവരെ അടിമകളായി പിടിച്ചുകൊണ്ടുപോകുവാന്‍ അനുവദിക്കുകയും അങ്ങനെ നിലത്തിനു ശബ്ബത്തിന്റെ സ്വസ്ഥത നല്‍കുകയും ചെയ്യുമെന്നു ദൈവം അവര്‍ക്കു മുന്നറിയിപ്പു നല്‍കി (26:34,35). എന്നാല്‍ യിസ്രായേല്‍ മക്കള്‍ 490 വര്‍ഷം ഈ നിയമം ലംഘിച്ചു. അതുകൊണ്ട് ദൈവം അവരെ കൃത്യം 70 വര്‍ഷം ബാബിലോണില്‍ അടിമകളാക്കി അയച്ചു. ഫലത്തില്‍ 490 വര്‍ഷത്തില്‍ ദേശം സ്വസ്ഥത അനുഭവിക്കേണ്ട 70 വര്‍ഷം ഭൂമി ശബ്ബത്ത് അനുഭവിച്ചു (2 ദിന. 36:20,21). നാം ദൈവവചനം ഗൗരവമായെടുത്തില്ലെങ്കില്‍ പരിണതഫലം അനുഭവിക്കേണ്ടി വരും.
27-ാം അധ്യായത്തില്‍, ദൈവത്തിനു സ്വമേധാ ദാനം നടത്താനോ നേര്‍ച്ച കഴിക്കാനോ സ്വമേധാ വഴിപാടു നടത്താനോ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നു (2-ാം വാക്യം). ലേവ്യ പുസ്തകത്തില്‍ ഇതുവരെ യിസ്രായേല്യരോട് കൃത്യമായ യാഗങ്ങളും മറ്റും നടത്താന്‍ ദൈവം നിര്‍ദ്ദേശിക്കുകയായിരുന്നു. നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടവയായിരുന്നു ഇവ. എന്നാല്‍ ദൈവം ഇവിടെ അവര്‍ക്കു നന്ദിയുടെ പ്രതിഫലനമായി സ്വമേധാ ദാനങ്ങളും, സ്വന്ത ഇഷ്ടത്തില്‍ ചെയ്യാവുന്ന നേര്‍ച്ചകളും നടത്താന്‍ അവകാശം നല്‍കിയിരിക്കുന്നു! അവര്‍ക്ക് അവരുടെ വീട് ദൈവത്തിനു നല്‍കാം (14-ാം വാക്യം). അല്ലെങ്കില്‍ പിതൃ സ്വത്തായി ലഭിച്ച ഭൂമിയുടെ ഒരു ഭാഗം (16-ാം വാക്യം). വാങ്ങിയ നിലമോ (22-ാം വാക്യം), വളര്‍ത്തു മൃഗങ്ങളോ, അങ്ങനെ എന്തും. പിന്നീട് ഇവയിലേതെങ്കിലും തിരികെ വീണ്ടെടുക്കണമെങ്കില്‍ അതെങ്ങനെ ചെയ്യണമെന്നും ദൈവം നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള വിലയുടെ 20% കൂടുതല്‍ നല്‍കി അവര്‍ക്കതു തിരികെ വാങ്ങാം (വാക്യങ്ങള്‍ 15,19,27,31).
ലേവ്യ പുസ്തകത്തിന്റെ അവസാന മൂന്നു വാക്യങ്ങളില്‍ (27:32-34) യിസ്രായേല്‍ മക്കളെ അത്യാഗ്രഹത്തില്‍ നിന്നു വിടുവിക്കുന്നതു സംബന്ധിച്ചു ചില രസകരമായ കാര്യങ്ങള്‍ കാണുന്നു. അവരുടെ കന്നുകാലികളിലും മറ്റും പത്തിലൊന്നിനെ ദൈവത്തിനു നല്കണം. അവര്‍ അവരുടെ വളര്‍ത്തു മൃഗങ്ങളെ പുരോഹിതന്റെ മുന്‍പിലൂടെ ഒരു വടിയുടെ കീഴിലൂടെ ഒന്നൊന്നായി വിടണം. അതില്‍ ഓരോ പത്താമത്തെ മൃഗവും ദൈവത്തിനുള്ളതായിരിക്കണം. എന്നാല്‍ പത്താമതു വരുന്നതു തടിച്ചു കൊഴുത്ത നല്ല ഒരു മൃഗമാണെങ്കില്‍ അതിനെ ഒന്‍പതെണ്ണത്തിലെ ദീനംപിടിച്ച ഒന്നുമായി വച്ചുമാറാന്‍ അനുവാദമില്ല! അവര്‍ മൃഗങ്ങളെ ഒന്നൊന്നായി എണ്ണുമ്പോള്‍ പത്താമതു വരുന്നത് ഏതുതരമായാലും അതു ദൈവത്തിനുള്ളതാണ്! ദൈവത്തിനു നല്‍കുന്നതില്‍ അവര്‍ തണുപ്പരും കണക്കു കൂട്ടുന്നവരും ലുബ്ധരും ആകരുത്. അവര്‍ ദൈവത്തിനു നല്‍കുന്നതില്‍ സമ്പന്നരും സസന്തോഷം കൊടുക്കുന്നവരും ആയിരിക്കണം. കാരണം തനിക്കു നല്‍കുന്നതില്‍ വളരെ കൂടുതല്‍ മടക്കി നല്‍കുന്നവനാണല്ലോ ദൈവം.