ബൈബിളിലൂടെ : സദൃശവാക്യങ്ങള്‍

ജ്ഞാനത്തിന്റെ മൊഴികള്‍

സങ്കീര്‍ത്തനങ്ങളുടെയും സദൃശവാക്യങ്ങളുടെയും പുസ്തകങ്ങള്‍ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ രണ്ടു വശങ്ങളെക്കുറിച്ചു വിവരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ ദൈവത്തിലുള്ള നമ്മുടെ ആശ്രയത്വത്തെക്കുറിച്ചും അവിടുത്തെ ആരാധിക്കുന്നതിനെക്കുറിച്ചും പറയുന്നു. സദൃശവാക്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ മറ്റേ പകുതിയെക്കുറിച്ചു പ്രതിപാദിക്കുന്നു- ഈ ലോകത്തിലെ നമ്മുടെ ദൈനംദിന നടപ്പും മറ്റു മനുഷ്യരോടുള്ള നമ്മുടെ ബന്ധവും. ഇവ രണ്ടും എപ്പോഴും ഒരുമിച്ചു ചേര്‍ന്നുപോകണം. ഭൂമിയിലെ കാര്യങ്ങള്‍ക്ക് നാം ഒരു പ്രയോജനവും ഇല്ലാത്തവ രാണ് എന്ന തരത്തില്‍ നാം അത്രയ്ക്ക് ‘സ്വര്‍ഗ്ഗീയ മനസ്സുള്ളവ’രാകരുത്. അതു പോലെ നാം ദൈവത്തിനു യാതൊരു പ്രയോജനവുമില്ലാത്തവരാണെന്ന വിധത്തില്‍ അത്രയ്ക്ക് ഭൗമിക മനസ്സുള്ളവരും ആകരുത്. ദൈവത്തോടു കൂടെ ഭക്തിയുള്ള ഒരു ജീവിതം, ദൈവത്തോടു കുടെയുള്ള നടപ്പ്, സ്തുതിയുടെയും ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും ജീവിതം, ഇവയെല്ലാം നമ്മെ ക്രിസ്തുവിന്റെ സ്വഭാവവും പ്രകൃതവും ഈ ഭൂമിയിലെ മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുന്ന ഒരു പ്രായോഗിക ജീവിതത്തിലേക്കു നയിക്കണം. സദൃശവാക്യങ്ങള്‍ പ്രാഥമികമായി ഇക്കാര്യമാണ് കൈകാര്യം ചെയ്യുന്നത്: യൗവ്വനക്കാര്‍ക്കു വേണ്ടിയും, നമ്മുടെ പ്രവര്‍ത്തന ജീവിതത്തിനുവേണ്ടിയും, നമ്മുടെ ഭവനത്തിലെ സാഹചര്യങ്ങള്‍ക്കു വേണ്ടിയും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെയുണ്ട്.

ജ്ഞാനിയും ഭോഷന്മാരുമായ മക്കള്‍, അലസതയും കഠിനാദ്ധ്വാനവും, നാവിന്റെ ഉപയോഗം, സമ്പത്തും ദാരിദ്ര്യവും, കള്ളം പറയുന്നതും സത്യം സംസാരിക്കുന്നതും, വായാടികളായിരിക്കുന്നതും സംസാരത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കുന്നതും, ഏഷണി പറയുന്നത്, ന്യായവും അന്യായവും, നിഗളവും താഴ്മയും, നല്ല സ്ത്രീകളും ചീത്ത സ്ത്രീകളും, അത്യാഗ്രഹവും സംതൃപ്താവസ്ഥയും, കോപവും ആത്മനിയന്ത്രണവും, വിഷാദവും സന്തോഷവും, നല്ല കൂട്ടുകെട്ടും ചീത്ത കൂട്ടുകെട്ടും, കുഞ്ഞുങ്ങ ളുടെ വിദ്യാഭ്യാസവും ശിക്ഷണവും, യഹോവഭയം, ആളുകള്‍ക്കു തങ്ങളെക്കുറിച്ചു തന്നെയുള്ള അഭിപ്രായം, പ്രലോഭനങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകള്‍, വേലക്കാരോട് എങ്ങനെ പെരുമാറണമെന്നുള്ളത്, കൈക്കൂലി, ശാസന, തിരുത്തല്‍, സൗഹൃദം, വിഷയാസക്തിയിലുള്ള ആനന്ദം, മദ്യപാനം, മുഖസ്തുതി, നീതിയുടെ മാര്‍ഗ്ഗത്തില്‍ അല്ലാതെ സമ്പാദിച്ച പണം, പ്രതികാരം മുതലായ പല വിഷയങ്ങളെ സദൃശവാക്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഭൂമിയിലെ നമ്മുടെ നിത്യജീവിതത്തിന്റെ പല മേഖലകളെ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് നിങ്ങള്‍ക്കു കാണാം. അതുകൊണ്ട് എല്ലാ യുവാക്കളും ഈ പുസ്തകം ഗൗരവപൂര്‍വ്വം പഠിക്കുന്നതു നല്ലതായിരിക്കും.

ജ്ഞാനത്തിന്റെ ആരംഭം

ആദ്യത്തെ ഒന്‍പത് അധ്യായങ്ങള്‍ പ്രാഥമികമായി യൗവനക്കാരെ ലക്ഷ്യമാക്കിയുള്ളതാണ്: ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും (1:2). ഈ മൂന്നു വാക്കുകള്‍ക്കും സദൃശവാക്യങ്ങളുടെ പുസ്തകത്തില്‍ പ്രത്യേക അര്‍ത്ഥമുണ്ട്.

  • ജ്ഞാനം ദിവ്യസ്വഭാവത്തെ സൂചിപ്പിക്കുന്നു.
  • പ്രബോധനം ശിക്ഷണത്തിലൂടെ ഉണ്ടാകുന്ന പ്രയോഗിക പാടവത്തെ സൂചിപ്പിക്കുന്നു.
  • വിവേകം ദൈവത്തിന്റെ ജ്ഞാനത്തെയും അവിടുത്തെ വഴികളെയും സൂചിപ്പിക്കുന്നു.

ലേഖന കര്‍ത്താവിനു പറയാനുള്ള ഏറ്റവും ഒന്നാമത്തെ കാര്യം ഇതാണ്: ”യഹോവഭക്തി (ഭയം) ജ്ഞാനത്തിന്റെ ആരംഭമാകുന്നു’ (1:7). ദൈവത്തെക്കുറിച്ചു രണ്ടു തരത്തിലുള്ള ഭയം നമുക്കുണ്ടാകാം- ഒന്നു തെറ്റും മറ്റേത് ശരിയുമാണ്. ദൈവം നമ്മെ വേദനിപ്പിക്കുമോ എന്നതാണ് തെറ്റായ വിധത്തിലുള്ള ഭയം. നാം ദൈവത്തെ വേദനിപ്പിക്കുമോ എന്നതാണ് ശരിയായ വിധത്തിലുള്ള ഭയം. വ്യാജമതങ്ങള്‍ ആദ്യത്തെ വിധത്തിലുള്ള ഭയത്തിനാണ് മുഖ്യസ്ഥാനം കൊടുക്കുന്നത്. ദൈവം അവരോടു കോപിച്ചിരിക്കുകയാണെന്നും അവിടുന്ന് അവരെ വേദനിപ്പിക്കും എന്നുമാണ് അവര്‍ ആളുകളെ പഠിപ്പിക്കുന്നത്. അതുകൊണ്ട് അവര്‍ തങ്ങളുടെ ദൈവത്തെ പ്രീണിപ്പിക്കുവാനും, സമ്മാനങ്ങളും യാഗങ്ങളും നല്‍കിയും തീര്‍ത്ഥാടനങ്ങള്‍ നടത്തിയും അവിടുത്തെ സന്തോഷിപ്പിക്കുവാനും ശ്രമിക്കുന്നു. ആ ആത്മാവ് ബാബിലോണിയന്‍ ക്രിസ്ത്യാനിത്വത്തിലും കാണപ്പെടുന്നു. എന്നാല്‍ ബൈബിള്‍ പറയുന്ന വിധത്തിലുള്ള ദൈവഭയം നമ്മുടെ ജീവിത രീതികൊണ്ട് നാം ദൈവത്തെ വേദനിപ്പിക്കുമോ എന്നതാണ്. നാം പറയുകയോ ചിന്തിക്കുകയോ ചെയ്യുന്ന ചില കാര്യങ്ങളാല്‍ പരിശുദ്ധാത്മാവ് ദുഃഖിച്ചേക്കാം. അത്തരം ഒരു ഭയം വാസ്തവത്തില്‍ ദൈവത്തോടുള്ള ഭയഭക്തി ബഹുമാനമാണ്.

യഥാര്‍ത്ഥ വിവേകം ദൈവത്തോട് ഭയഭക്തി ബഹുമാനം ഉണ്ടായിരിക്കുന്നതാണ്. അനേകം ആളുകള്‍ ദൈവത്തെയും ആത്മീയ കാര്യങ്ങളെയും കുറിച്ചു തമാശകള്‍ പറയുന്നു. നര്‍മ്മം ദൈവത്തിന്റെ ഒരു ദാനമാണ്. എന്നാല്‍ നാം ദൈവത്തെയും ദൈവിക കാര്യങ്ങളെയും ഒരിക്കലും തമാശയ്ക്കുള്ള വിഷയമാക്കരുത്. നരകത്തെയും തമാശയ്ക്കുള്ള വിഷയമായി നാം എടുക്കരുത്. കാരണം നരകം ഭയങ്കരമായ ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവത്തെ ഭയപ്പെടുന്ന ഒരു വ്യക്തി ഒരിക്കലും നരകത്തെപ്പറ്റി തമാശ പറയുകയില്ല- എയിഡ്‌സ് രോഗം മൂലം മരിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചു നാം തമാശ പറയാത്തതുപോലെ.

ദൈവത്തോടുള്ള ഭയഭക്തി ബഹുമാനം ഇന്നു ദാരുണമായി കുറഞ്ഞിരിക്കുന്നു. നാം ആത്മീയരാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാം ദൈവത്തോടുള്ള ഭയഭക്തി ബഹുമാനത്തില്‍ തുടങ്ങണം. സദൃശവാക്യങ്ങള്‍ പറയുന്ന ജ്ഞാനം ദൈവത്തെക്കുറിച്ചുള്ള ജ്ഞാനമാണ്- വേദപുസ്തകത്തെക്കുറിച്ചുള്ള സൈദ്ധാന്തികമായ അറിവല്ല. വേദപുസ്തകം അറിയുന്നതും ദൈവത്തെ അറിയുന്നതും തമ്മില്‍ ഒരു വലിയ വ്യത്യാസം ഉണ്ട്. വിവേകം ഉണ്ടാകുന്നത് ദൈവഭയത്തില്‍ നിന്നും അവിടുത്തെ അറിയുന്നതിലൂടെയുമാണ്. നാം അവിടുത്തെ കൂടുതല്‍ അറിയുംതോറും, നാം അവിടുത്തെ കൂടുതല്‍ ബഹുമാനിക്കുന്നു. നാം അവിടുത്തെ കൂടുതല്‍ ബഹുമാനി ക്കുംതോറും, നാം അവിടുത്തെ പിന്നെയും കൂടുതല്‍ അറിയുന്നു.

സദൃശവാക്യങ്ങളിലെ ഓരോ വാക്യവും വിലയുള്ളതാണ്. പഴയനിയമത്തിലെ പ്രായോഗിക ഉപദേശങ്ങളുടെ ഏറ്റവും നല്ല പുസ്തകമാണിത്. ഇത് പഴയനിയമത്തിലുള്ള ഒരു ‘പുതിയനിയമപുസ്തകം’ പോലെയാണ്. എന്നാല്‍ ഇവിടെ നാം ഓരോ വാക്യവും നോക്കുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട ചില വാക്യങ്ങള്‍ മാത്രമേ നാം ചിന്തിക്കുന്നുള്ളു.

തങ്ങള്‍ തുടരുന്ന കൂട്ടുകെട്ട് ഏതുവിധത്തിലുള്ളതാണെന്നതിനെക്കുറിച്ചു സൂക്ഷിക്കണമെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ട് സദൃശവാക്യകാരന്‍ തുടരുന്നു: ”പാപികള്‍ നിന്നെ വശീകരിച്ചാല്‍, അവരെ ശ്രദ്ധിക്കരുത്. നിന്നെ അവരുടെ ലൗകികമായ വഴികളിലേക്കു വലിച്ചുകൊണ്ടുപോകുവാന്‍ മറ്റുള്ളവരെ അനുവദിക്കരുത്” (വാക്യം 10). വേണ്ടിവന്നാല്‍, ദൈവത്തിനു വേണ്ടി തനിയെ നില്‍ക്കുക. യുവാക്കള്‍ പറയാന്‍ പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന്, ”ഇല്ല എനിക്കു നിന്റെ കൂടെ വരാന്‍ കഴിയില്ല” എന്നതാണ്. അതു നിങ്ങളുടെ സുഹൃത്തുക്കളില്‍ അനേകര്‍ക്കും ഇടര്‍ച്ച ഉണ്ടാക്കിയേക്കാം. എന്നാല്‍ കാലക്രമേണ നിങ്ങള്‍ അതേക്കുറിച്ചു ദുഃഖിക്കുകയില്ല.

അങ്ങനെയുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും, ദൈവം ഒരു വാഗ്ദാനം നല്‍കുന്നു: ”ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ മേല്‍ ചൊരിഞ്ഞു തരികയും എന്റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും” (1:23). നാം ഉല്‍പ്പത്തി പുസ്തകം പഠിച്ചപ്പോള്‍ ഭൂമിയുടെ പുനര്‍നിര്‍മ്മാണത്തില്‍ പരിശുദ്ധാത്മാവിന്റെയും ദൈവവചനത്തിന്റെയും ഒരുമിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനം കണ്ടു. അതേ കൂടിച്ചേരല്‍ ആണ് നമ്മില്‍ വിവേകം ഉണ്ടാക്കുന്നതെന്ന് ഇവിടെ നാം കാണുന്നു. നാം ദൈവവചനം സൈദ്ധാന്തികമായി പഠിച്ചാല്‍, നമുക്ക് വിവേകം ലഭിക്കുകയില്ല. അവിടുത്തെ വചനം നമ്മില്‍ ജീവനുള്ളതായി തീരണമെങ്കില്‍ ദൈവം നമ്മുടെമേല്‍ അവിടുത്തെ ആത്മാവിനെ പകരണം. പരിശുദ്ധാത്മാവിന്റെ പ്രകാശനം കൂടാതെ വേദപുസ്തകം വായിക്കുന്ന ഒരാള്‍ കൂരിരുട്ടില്‍ ഒരു പുസ്തകം വായിക്കാന്‍ ശ്രമിക്കുന്ന ഒരുവനോടു തുല്യന്‍ ആയിരിക്കും. അയാള്‍ക്ക് ഒന്നും വായിക്കാന്‍ കഴിയുകയില്ല. എന്നാല്‍ വിളക്കുകള്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞാലുടന്‍ അയാള്‍ക്ക് എല്ലാം കാണാന്‍ കഴിയും. അവിടുത്തെ വചനത്തിന്മേല്‍ പരിശുദ്ധാത്മാവ് നമുക്ക് വെളിപ്പാട് നല്‍കുമ്പോള്‍ അതാണ് സംഭവിക്കുന്നത്. ദൈവം പറയുന്നത്, ”ഞാന്‍ എന്റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും” എന്നാണ്. അത് അവിടുന്നു തന്റെ വചനത്തിന്മേല്‍ വെളിപ്പാടു നല്‍കുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങനെയാണു നാം ജ്ഞാനം പ്രാപിക്കുന്നത്.

അദ്ദേഹം തുടര്‍ന്നു പറയുന്നു: ”പരിജ്ഞാനത്തിന്റെ ക്ഷണം നീ നിരസിച്ചാല്‍, ഒരു ദിവസം നീ കഷ്ടത്തിലായിരിക്കുമ്പോള്‍, സഹായത്തിനായി വിളിച്ചാല്‍, നീ അതു കണ്ടെത്തുകയില്ല” (1:24-33). ജീവിതത്തിന്റെ പ്രാരംഭ വര്‍ഷങ്ങളില്‍ നീ വിവേകത്തെ അവഗണിച്ചാല്‍ ജീവിതത്തിന്റെ വൈകിയ നാളുകളില്‍ നീ അതു കണ്ടെത്തുകയില്ല.

അതുകൊണ്ട് അധ്യായം 2:4-ല്‍ പറയുന്നു: ”നീ വെള്ളിയും ഗുപ്തനിക്ഷേപങ്ങളും അന്വേഷിക്കുന്നതുപോലെ വിവേകത്തിനായി അന്വേഷിക്കുമെങ്കില്‍ നീ യഹോവാഭയം ഗ്രഹിക്കുകയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.” സദൃശവാക്യങ്ങളില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന രണ്ടു സര്‍വ്വപ്രധാനമായ കാര്യങ്ങള്‍ ഇവയാണ്- ദൈവത്തോടുള്ള ഭയഭക്തി ബഹുമാനവും ദൈവത്തെ വ്യക്തിപരമായി അറിയുന്നതും. ദൈവം നമുക്കു നല്‍കുന്ന വിവേകം നമ്മെ ”ദുഷ്ടന്റെ വഴിയില്‍ നിന്നും, വികടം പറയുന്നവനില്‍ നിന്നും, പരസ്ത്രീയുടെ കൈയില്‍ നിന്നും വിടുവിക്കും” (വാക്യങ്ങള്‍ 12,16). യൗവ്വനക്കാര്‍ തങ്ങളെ വഞ്ചിക്കുന്ന ദുഷ്ട പുരുഷന്മാരില്‍ നിന്നും തങ്ങളെ ആകര്‍ഷിക്കുന്ന ദുഷ്ടസ്ത്രീകളുടെ കയ്യില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

മാര്‍ഗ്ഗനിര്‍ദ്ദേശം

അധ്യായം 3:5,6: ”പൂര്‍ണ്ണ ഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്കുക. സ്വന്തവിവേകത്തില്‍ ഊന്നരുത്. നിന്റെ എല്ലാ വഴികളിലും അവിടുത്തെ നിനച്ചു കൊള്‍ക. അവിടുന്നു നിന്റെ പാതകളെ നേരെയാക്കും.” ഇതു നമുക്കു മാര്‍ഗ്ഗനിര്‍ദ്ദേശം സംബന്ധിച്ചുള്ള ഒരു വാഗ്ദാനമാണ്. നാം വ്യവസ്ഥകള്‍ പാലിച്ചാല്‍ ദൈവം നമ്മുടെ പാതകളെ നിരപ്പാക്കും. വ്യവസ്ഥകള്‍ എന്തെല്ലാമാണ്?

~ഒന്നാമതായി: പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്കുക. നിങ്ങളുടെ സ്വന്തം യുക്തിയിലോ ബുദ്ധിയിലോ ചാരുകയുമരുത്. നാം നമ്മുടെ യുക്തിയോ ബുദ്ധിയോ ഉപയോഗിക്കരുത് എന്നല്ല ഇവിടെ പറയുന്നത്. എന്നാല്‍ അതില്‍ ആശ്രയിക്കരുത് എന്നാണ്. നമ്മുടെ യുക്തിചിന്തയും ബുദ്ധിശക്തിയും ദൈവമാണ് സൃഷ്ടിച്ചത്. ആദമിനു വിധേയപ്പെട്ടിരിക്കാന്‍ ഹവ്വയെ ദൈവം സൃഷ്ടിച്ചതുപോലെ, യുക്തി പരിശുദ്ധാത്മാവിനു വിധേയപ്പെട്ടിരിക്കണം. ഒരു ഭാര്യ ഒരു ഭവനത്തില്‍ വളരെയധികം പ്രയോജനമുള്ളവളാണ്. എന്നാല്‍ അവള്‍ ഭവനത്തിന്റെ നായകത്വം ഏറ്റെടുത്താല്‍, അവിടെ അലങ്കോലം ഉണ്ടാകും- ഏദനില്‍ ഹവ്വ നായകത്വം ഏറ്റെടു ത്തപ്പോള്‍ പാപം ചെയ്തതുപോലെ. ദൈവഹിതം കണ്ടെത്തുവാന്‍ നാം നമ്മുടെ യുക്തിചിന്ത (ബുദ്ധിയും) ഉപയോഗിക്കണം. കാരണം അതു വളരെ കഴിവുള്ള ‘ഭാര്യ’യാണ്. നമ്മുടെ ബുദ്ധികൂടാതെ നമുക്ക് ദൈവവചനം പഠിക്കാനോ അല്ലെങ്കില്‍ ഈ ലോകത്തില്‍ ജീവിക്കാന്‍ പോലുമോ കഴിയുകയില്ല. എന്നാല്‍ നമ്മുടെ യുക്തിചിന്തയെ പ്രകാശിപ്പിക്കുവാന്‍ പരിശുദ്ധാത്മാവില്‍ നാം ആശ്രയിക്കണം. വിശ്വാസം യുക്തിചിന്തയ്ക്കു വിരുദ്ധമല്ല. എന്നാല്‍ യുക്തിചിന്തയ്ക്ക് അപ്പുറമാണ്- ഗുണനം സങ്കലനത്തിന് എതിരല്ല എന്നാല്‍ അത് സങ്കലനത്തിന് അപ്പുറമുള്ളതാണ്.

രണ്ടാമത് ”നിന്റെ എല്ലാ വഴികളിലും ദൈവത്തെ നിനച്ചുകൊള്‍ക.” അതിന്റെ അര്‍ത്ഥം ദൈവം നിങ്ങള്‍ക്കു വെളിപ്പെടുത്തിയ ഓരോ കാര്യവും അനുസരിക്കുക എന്നതാണ്. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തിന് ഒന്നാംസ്ഥാനം കൊടുക്കുക. അപ്പോള്‍ ദൈവം നിങ്ങളെ അവിടുത്തെ പൂര്‍ണ്ണതയുള്ള ഹിതത്തില്‍ നടത്തും.

ഒരു വിശ്വാസി എന്ന നിലയില്‍ കഴിഞ്ഞ 56 വര്‍ഷങ്ങളായി ദൈവം എന്നെ പടിപടിയായി നയിച്ചുകൊണ്ടിരുന്നു. പല സമയത്തും അടുത്ത ചുവട് എന്താണെന്ന് ഞാന്‍ ഒരിക്കലും അറിഞ്ഞില്ല. എന്നാല്‍ കര്‍ത്താവ് എന്റെ പാതകളെ കാട്ടിത്തന്നു. നിങ്ങളുടെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്കും ആ സന്തോഷം ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

”നിന്റെ ധനം കൊണ്ട് യഹോവയെ ബഹുമാനിക്ക” (3:9): സന്തോഷത്തോടെ ദൈവത്തിനു കൊടുക്കാന്‍ നാം പഠിക്കണം- നമ്മുടെ സമയം, നമ്മുടെ ഊര്‍ജ്ജം, നമ്മുടെ പണം, നമ്മുടെ വിഭവങ്ങള്‍, നമ്മുടെ താലന്തുകള്‍, നമ്മുടെ മക്കള്‍, കൂടാതെ നമ്മുടെ സമ്പത്തിന്റെ മറ്റെല്ലാ മേഖലകളില്‍ നിന്നും ദൈവത്തെ ബഹുമാനിക്കുക.

”യഹോവയുടെ ശിക്ഷണത്തെ നിരസിക്കരുത്” (വാക്യം11). നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്ക് തിരുത്തലുകള്‍ അത്യന്താപേക്ഷിതമാണ്.

അധ്യായം 4: 12-ല്‍ വളരെ മനോഹരമായ ഒരു വാഗ്ദാനം ഉണ്ട്. അതിന്റെ പദാനു പദ വിവര്‍ത്തനം ഇപ്രകാരം വായിക്കാം. ”നിങ്ങള്‍ പോകുമ്പോള്‍, പടിപടിയായി നിങ്ങളുടെ മുമ്പില്‍ വഴി തുറക്കും.” രണ്ടു ചുവടുകള്‍ കഴിഞ്ഞ് എന്താണുള്ളത് എന്നുപോലും നിങ്ങള്‍ അറിയേണ്ടതില്ല. നിങ്ങള്‍ക്കു മുന്നില്‍ കാണാന്‍ കഴിയുന്ന ആദ്യചുവടു വയ്ക്കുക. അപ്പോള്‍ നിങ്ങള്‍ അടുത്ത ചുവടു വയ്ക്കാനുള്ള സ്ഥലം കാണും. അങ്ങനെയാണ് ദൈവം നമ്മെ നയിക്കുന്നത്. നിങ്ങളുടെ മുമ്പില്‍ വാതിലുകള്‍ അടയ്ക്കപ്പെട്ടിരിക്കുന്നതുപോലെ നിങ്ങള്‍ കണ്ടേക്കാം. എന്നാല്‍ നാം അവയോടു സമീപിക്കുമ്പോള്‍, അവ സ്വയമേവ തുറക്കും. എന്നാല്‍ നിങ്ങള്‍ അവയോട് അടുത്തു വരുന്നതു വരെ അവ തുറക്കുകയില്ല. അങ്ങനെയാണ് ദൈവം നമ്മെ നയിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ മുമ്പില്‍ ഒരു വാതില്‍ അടഞ്ഞു കിടക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ ശങ്കിച്ചു നില്‍ക്കുകയോ ഭയപ്പെടുകയോ ചെയ്യരുത്. ദൈവം ഇപ്പോള്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്ന ചുവടു വയ്ക്കുക. ”ഞാന്‍ നിന്റെ മുമ്പില്‍ ഒരു വാതില്‍ തുറന്നു വച്ചിരിക്കുന്നു, അത് ആര്‍ക്കും അടച്ചുകൂടാ” എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു (വെളിപ്പാട് 3:8).

അധ്യായം 4:15- പ്രലോഭനങ്ങളുടെ തരംഗങ്ങളെ സംബന്ധിച്ചുള്ള ഒരു നല്ല വചനമാണ്. ”അതിനോട് അകന്നു നില്‍ക്ക, അതില്‍ നടക്കരുത്, അതുവിട്ട് മാറി കടന്നുപോക.”

അധ്യായം 4:18- മറ്റൊരു അത്ഭുതകരമായ വചനമാണ്: ”നീതിമാന്റെ പാത പ്രഭാതത്തിന്റെ (സൂര്യന്‍ ഉദിക്കുമ്പോള്‍) പ്രകാശം പോലെ, അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.” ഇതാണ് അവിടുത്തെ ഓരോ പൈതലിനുംവേണ്ടി ദൈവത്തിന്റെ പൂര്‍ണ്ണഹിതം. അത് അവര്‍ വീണ്ടും ജനിക്കുന്നതു മുതല്‍ (സൂര്യന്‍ ഉദിക്കുമ്പോള്‍) ക്രിസ്തു മടങ്ങിവരുന്നതു വരെ (നട്ടുച്ച), ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ക്രിസ്തുവിനെപ്പോലെ ആയിത്തീരണമെന്നുള്ളതാണ്. ആ പാതയിലൂടെ, നമുക്ക് ദൈവവചനത്തിന്മേല്‍ അധികമധികം വെളിപ്പാട്, നമ്മുടെ സ്വന്തം ജീവിതത്തിന്റെ മലിനതയെക്കുറിച്ചു കൂടുതല്‍ കൂടുതല്‍ വെളിച്ചം, നാം നേരിടുന്ന പ്രത്യേക സാഹചര്യങ്ങള്‍ക്കു വേണ്ട കൂടുതല്‍ കൂടുതല്‍ പ്രായോഗിക പരിജ്ഞാനം മുതലായവ ലഭിക്കും. നിങ്ങള്‍ ഈ നീതിയുടെ പാതയിലൂടെ നടന്നാല്‍, നിങ്ങള്‍ ഒരിക്കലും പിന്മാറ്റത്തില്‍ ആകുകയില്ല- സൂര്യന്‍ ഒരിക്കലും ആകാശത്തില്‍ പിന്നിലേക്കു പോകാത്തതുപോലെ. പിന്നെ എന്തു കൊണ്ടാണ് ഇതുപോലെ ജീവിക്കുന്ന ക്രിസ്ത്യാനികളെ കണ്ടെത്തുന്നത് വളരെ വിരളമായിരിക്കുന്നത്? കാരണം ക്രൈസ്തവ ലോകത്തില്‍ മിക്ക ആളുകളും ഒരു താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്നു. നമുക്കു ചുറ്റുമുള്ള വിശ്വാസികളുടെ നിലയിലേക്കു മുങ്ങിത്താഴുവാന്‍ നാം നമ്മുടെ ജീവിതത്തെ അനുവദിക്കരുത്. നമ്മുടെ കണ്ണുകള്‍ കര്‍ത്താവില്‍ മാത്രം ഉറപ്പിച്ചിരിക്കണം. അവിടുന്നു നടന്നതുപോലെ നടക്കുന്ന കാര്യം നാം അന്വേഷിക്കണം. നിര്‍ഭാഗ്യവശാല്‍, ഇന്നുള്ള പല ക്രിസ്തീയ നേതാക്കളും നല്ല മാതൃകകള്‍ അല്ല. ദൈവവചനത്തെ നോക്കുക. യേശുവിനേയും നോക്കുക. പൗലൊസിനെ പ്പോലെ, നല്ല ഒരു മാതൃക നിങ്ങള്‍ കണ്ടെത്തുന്നെങ്കില്‍ നിങ്ങള്‍ക്ക് അയാളെ അനുഗമിക്കാം. പൗലൊസ് പറഞ്ഞു: ”ഞാന്‍ ക്രിസ്തുവിനെ പിന്‍ഗമിക്കുന്നതു പോലെ നിങ്ങള്‍ എന്നെ പിന്‍ഗമിപ്പിന്‍” (1 കൊരിന്ത്യര്‍ 11:1).

അധ്യായം 4:23: ”സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്റെ ഉത്ഭവം അതില്‍ നിന്നല്ലോ.” നമ്മുടെ ജീവിതത്തില്‍ നിന്നും പുറത്തു വരുന്നുതെല്ലാം നമ്മുടെ ഹൃദയത്തില്‍ നിന്ന് ഒഴുകുന്നതാണ്- നമ്മുടെ വാക്കുകള്‍, നമ്മുടെ ശുശ്രൂഷ, ഇങ്ങനെ ഓരോന്നും. അതുകൊണ്ട് നമ്മുടെ ഹൃദയം ഏല്ലായ്‌പ്പോഴും നിര്‍മ്മലമായി സൂക്ഷിക്കപ്പെടുന്നു എന്ന് നാം ഉറപ്പുവരുത്തണം. അപ്പോള്‍ മാത്രമേ സര്‍ഗ്ഗത്തില്‍ നിന്നു ജീവജലം നമ്മിലൂടെ മറ്റുള്ളവരിലേക്ക് ഒഴുകുകയുള്ളു.

അധ്യായം 4:25: ”നിന്റെ കണ്ണു നേരെ നോക്കട്ടെ, നിന്റെ കണ്ണിമ ചൊവ്വേ മുമ്പോട്ടു മിഴിക്കട്ടെ.” ഇതിന് കണ്ണുകളിലൂടെ വരുന്ന പ്രലോഭനങ്ങളിലേക്ക് സൂചന ഉണ്ട്. ഇത് യുവാക്കള്‍ക്കുവേണ്ടിയുള്ള വളരെ നല്ല ഒരു ഉപദേശവുമാണ്. നോക്കുവാന്‍ നിങ്ങളുടെ കണ്ണുകളെ അനുവദിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരിക്കുക. നിങ്ങള്‍ കാണുന്ന കാര്യങ്ങളാല്‍ നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെടുന്നെങ്കില്‍, ദൂരേക്കു നോക്കുക. കര്‍ത്താവിനെ നിങ്ങളുടെ മുമ്പില്‍ വച്ചിട്ട് നേരെ അവിടുത്തെ മുഖത്തേക്കു നോക്കുക. ഈ ലോകത്തില്‍ ജീവിക്കുന്നിടത്തോളം നാം കാണുന്നതിനാല്‍ പ്രലോഭിപ്പിക്കപ്പെടുന്നതു നമുക്ക് ഒഴിവാക്കാന്‍ ആവില്ല. എന്നാല്‍ രണ്ടാമത്തെ നോട്ടം നമുക്ക് ഒഴിവാക്കാന്‍ കഴിയും. നാം നമ്മുടെ കണ്ണുകളെ നിയന്ത്രിക്കുന്നില്ലെങ്കില്‍, നമുക്ക് നമ്മുടെ ജീവിതവും ദൈവത്തിനു നമ്മെക്കൊണ്ടുള്ള പ്രയോജനവും നശിപ്പിക്കാന്‍ കഴിയും.

അധ്യായം 5:15: ”നിന്റെ സ്വന്ത ജലാശയത്തിലെ തണ്ണീരും സ്വന്ത കിണറ്റില്‍നിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക.” ഇതു തങ്ങളുടെ സ്വന്തം ഭാര്യമാരെക്കൊണ്ടു തൃപ്തരാകുവാനും മറ്റു സ്ത്രീകളുടെ- മറ്റുള്ളവരുടെ കിണര്‍- പിന്നാലെ മോഹിച്ച് ഓടാതിരിക്കേണ്ടതിനുമായി ഭര്‍ത്താക്കന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. വിവാഹബന്ധത്തിനകത്ത് ലൈംഗിക ആസ്വാദനം ശരിയും നല്ലതുമാണ്. വിവാഹ ബന്ധത്തിനു പുറത്തുള്ളത് തിന്മയും സാത്താന്യവുമാണ്.

അധ്യായം 6:6-10: മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക. അതിന്റെ വഴിയെ നോക്കി ബുദ്ധി പഠിക്ക. കൊയ്ത്തുകാലത്ത് ഉറുമ്പ് ആഹാരം ശേഖരിക്കുന്നു. കാരണം അതിന് ഭാവിക്കുവേണ്ടി മുന്‍കരുതല്‍ ഉണ്ട്. ശീതകാലത്ത് ഭക്ഷണം ലഭ്യമല്ലെന്ന് അതുഗ്രഹിക്കുന്നു. ഉറുമ്പിന്റെ തലച്ചോറ് എത്ര ചെറുതാണ്! എന്നിട്ടും ഭാവിക്കു വേണ്ടി ആഹാരം സംഭരിക്കാന്‍ ആ ചെറിയ തലച്ചോറില്‍ വേണ്ടത്ര ബോധം ഉണ്ട്. ദൈവത്തിന്റെ സ്വന്തം സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ അതിനെക്കാള്‍ എത്രയധികം ബുദ്ധിയുള്ളവനായിരിക്കണം! ഭാവിയിലേക്ക് ഒരു സമ്പാദ്യവും ഇല്ലാതിരിക്കത്തക്കവിധം, ഓരോ മാസവും ലഭിക്കുന്ന പണം മുഴുവന്‍ നാം ചെലവാ ക്കരുത്. അതിവ്യയം ചെയ്തിട്ട് തങ്ങളുടെ ഭാവിയിലെ അടിയന്തരഘട്ടങ്ങള്‍ക്കായി അവര്‍ ദൈവത്തില്‍ ആശ്രയിക്കുന്നു എന്നു പറയുന്ന ”അമിത-ആത്മീയത” ഉള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു വിപത്ഘട്ടം ഉണ്ടാകുമ്പോള്‍, അവര്‍ ഉറുമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരുന്ന മറ്റു വിശ്വാസികളില്‍ നിന്നു കടം വാങ്ങേണ്ടി വരുന്ന സ്ഥിതിയില്‍ എത്തുന്നു! അല്ലെങ്കില്‍ മറ്റു വിശ്വാസികള്‍ അവരുടെ സഹായത്തിനായി വന്ന് അവരുടെ ആവശ്യങ്ങള്‍ സാധിക്കാന്‍ വേണ്ട ദാനങ്ങള്‍ നല്‍കുമെന്നു പ്രതീക്ഷിച്ചുകൊണ്ടു യാചകരെപ്പോലെ അവര്‍ കാത്തിരിക്കുന്നു. നിങ്ങള്‍ അവരെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ബുദ്ധിയുള്ളവരായി ഓരോ മാസവും കുറച്ചു പണം വീതം മിച്ചം പിടിക്കത്തക്കവണ്ണം ഇപ്പോള്‍ നിങ്ങളെ തന്നെ ശിക്ഷണം ചെയ്യുക. ഇതേ പ്രമാണം ആത്മീയ കാര്യങ്ങളിലും പ്രായോഗികമാണ്. നിങ്ങളുടെ മനസ്സില്‍ ദൈവവചനം സംഭരിക്കുന്ന കാര്യം പരിഗണിക്കുക. നിങ്ങള്‍ ഒരിക്കല്‍ വിവാഹിതരായി മക്കള്‍ ഉണ്ടായി കഴിഞ്ഞാല്‍ നിങ്ങള്‍ക്കു ദൈവവചനം പഠിക്കാന്‍ വേണ്ടത്ര സമയം ഉണ്ടായിരിക്കുക യില്ല. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്കായിരിക്കുന്ന നാളുകളില്‍, നിങ്ങള്‍ക്ക് ധാരാളം സമയം ഉള്ളപ്പോള്‍, പഠിച്ച് ഭാവിയിലേക്ക് വേണ്ടി ആ അറിവു സംഭരിക്കുക. അപ്പോള്‍ പിന്നീട് ആത്മീയമായി നിങ്ങള്‍ പട്ടിണി ആകുകയില്ല.

അധ്യായം 6:21, ദൈവത്തിന്റെ വചനത്തെ തുടര്‍മാനം നമ്മുടെ ഹൃദയത്തോടു ബന്ധിച്ചു കൊള്‍വാന്‍ നമ്മെ പ്രബോധിപ്പിക്കുന്നു. കാരണം അപ്പോള്‍ ”നീ നടക്കുമ്പോള്‍ അതു നിനക്കു വഴി കാണിക്കും. നീ ഉറങ്ങുമ്പോള്‍ അതു നിന്നെ കാക്കും. നീ ഉണരുമ്പോള്‍ അതു നിന്നോടു സംസാരിക്കും” (6:22). ദൈവവചനം നമുക്കു വഴി കാണിക്കും. പകലും രാവും നമ്മെ കാക്കും. നാം അസ്വസ്ഥരായിട്ട് രാത്രിയില്‍ വേണ്ടവിധം ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, അതിനു കാരണം എവിടെയോ നാം ദൈവത്തോട് അനുസരണക്കേടു കാണിച്ചിട്ട് ഒരു ദുര്‍മനസ്സാക്ഷി നമുക്കുണ്ടായിരിക്കുന്നു എന്നതാണ്. കിടന്നുറങ്ങാനുള്ള ഏറ്റവും നല്ല തലയിണ നല്ല മനസ്സാക്ഷിയാണ്. അതിനുശേഷം നാം ഉണരുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ ഓരോ ചുവടിലും ദൈവവചനം നമ്മെ വഴി കാണിക്കും. നാം അങ്ങനെ ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

അധ്യായം 7: സദാചാരബോധമില്ലാതെ അഴിഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ സന്ദര്‍ശിക്കുന്ന ഭോഷനായ ഒരു മനുഷ്യനെക്കുറിച്ചു പറയുന്നു. എല്ലാ സുഹൃദ്ബന്ധങ്ങളെക്കുറിച്ചും സ്ത്രീകളുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കേ ണ്ടതിന് യുവാക്കളോടുള്ള ശക്തമായ ഒരു മുന്നറിയിപ്പാണിത്. ഈ മേഖലയില്‍ ഒരു ചുവട് വളരെ വേഗത്തില്‍ മറ്റൊന്നിലേക്ക് നയിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധയുള്ളവരല്ലെങ്കില്‍, നിങ്ങള്‍ക്ക് ദുഃഖപൂര്‍ണ്ണമായ ഒരു ജീവിതകാലം ഉണ്ടാകും. ശൃംഗാരികളായ സ്ത്രീകളെ സൂക്ഷിക്കുക. അനേകം നല്ല യുവ വിശ്വാസികളുടെ ജീവിതം സ്ത്രീകള്‍ നശിപ്പിച്ചിരിക്കുന്നു. തന്നെയുമല്ല ദൈവം അവര്‍ക്കുവേണ്ടി ആസൂത്രണം ചെയ്തിരുന്ന ശുശ്രൂഷ അവരില്‍ നിന്ന് അപഹരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

അധ്യായം 8: ജ്ഞാനത്തെക്കുറിച്ചു പറയുന്നു (തന്നെ ശ്രദ്ധിക്കേണ്ടതിന് ആളുകളെ ക്ഷണിക്കുന്ന ഒരു സ്ത്രീ ആയിട്ട് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു). ”ദിവസംപ്രതി എന്റെ പടിവാതില്ക്കല്‍ ജാഗരിച്ചും എന്റെ വാതില്‍ കട്ടളയ്ക്കല്‍ കാത്തുകൊണ്ടും എന്റെ വാക്കു കേട്ട് അനുസരിക്കുന്നവന്‍ ഭാഗ്യവാന്‍” (വാക്യം 34). ഓരോ പ്രഭാതത്തിലും ദിവസം മുഴുവനും ദൈവത്തിനു നമ്മോട് എന്താണ് പറയാനുള്ളതെന്നു നാം ശ്രദ്ധിക്കണം. അതു നമ്മെ പല ആപത്തുകളില്‍ നിന്നും രക്ഷിക്കും.

അധ്യായം 9:1: ജ്ഞാനം, ഏഴു തൂണുകളിന്മേല്‍ ഒരു വീട് (സഭ) പണിയുന്നു. യാക്കോബ് 3:17-ല്‍ ഈ ഏഴു തൂണുകളുടെ പട്ടിക എഴുതിയിരിക്കുന്നു. ‘നിര്‍മ്മലവും, സമാധാനവും, ശാന്തിയും, അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും, ചാഞ്ചല്യമില്ലാത്തതും’ ആണത്. ഈ തൂണിന്മേലാണ് സഭ പണിയപ്പെടുന്നത്.

ദൈവഭക്തിക്കുള്ള മാര്‍ഗ്ഗരേഖ

അധ്യായം 10:12: ”സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.” പത്രൊസ് തന്റെ ലേഖനത്തില്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു (1 പത്രൊസ് 4:8). നിങ്ങള്‍ യഥാര്‍ത്ഥമായി ഒരുവനെ സ്‌നേഹിക്കുന്നെങ്കില്‍, നിങ്ങള്‍ അയാളുടെ ബലഹീനതകളെ തുറന്നു കാട്ടാതെ അവയെ മറയ്ക്കുന്നു. അങ്ങനെയാണ് ദൈവം നമ്മോട് ഇടപെട്ടിരിക്കുന്നത്. അവിടുന്ന് നമ്മുടെ മുന്‍കാല പാപങ്ങളെ ആര്‍ക്കും തുറന്നുകാട്ടി കൊടുക്കുന്നില്ല. ദൈവം നമ്മോടു പെരുമാറിയ അതേ രീതിയില്‍ നാം മറ്റുള്ളവരോടു പെരുമാറണം. എന്റെ പ്രിയസഹോദരീ സഹോദരന്മാരെ, നിങ്ങള്‍ക്കു വിവേകമുള്ള വരാകണമെങ്കില്‍, ഞാന്‍ നിങ്ങളുടെ യൗവനത്തില്‍ നിങ്ങള്‍ക്ക് ഒരല്പം ഉപദേശം തരട്ടെ. ആരെയെങ്കിലും കുറിച്ച് ഒരു മോശമായ കാര്യം നിങ്ങള്‍ക്കറിയാമെങ്കില്‍, ആ കഥ നിങ്ങളോടുകൂടെ മരിക്കട്ടെ. അതിനെക്കുറിച്ചു പറഞ്ഞുകൊണ്ട് ചുറ്റി നടക്കരുത്. നിങ്ങള്‍ അതു ചെയ്താല്‍ ദൈവം നിങ്ങളെ മാനിക്കും. പ്രത്യേകിച്ച് അത് അവിടുത്തെ മക്കളിലാരെയെങ്കിലും കുറിച്ചുള്ള മോശമായ കഥയാണെങ്കില്‍. അവിടുന്നു നിങ്ങളെ പ്രത്യേകമായി സ്‌നേഹിക്കും. തെറ്റായ ചില കാര്യങ്ങള്‍ ചെയ്തിരിക്കുന്ന ഒരു മകന്റെ പിതാവിനെക്കുറിച്ചു ചിന്തിക്കുക. അതെക്കുറിച്ച് എനിക്കു ചില കാര്യങ്ങള്‍ അറിയാം. എന്നാല്‍ അയാളുടെ മകന്‍ ചെയ്തതിനെ ക്കുറിച്ച് ഞാന്‍ ഒരിക്കലും ആരോടും പറയുന്നില്ല. ആ പിതാവ് അതുമൂലം എന്നെ വളരെയധികം സ്‌നേഹിക്കും എന്നു നിങ്ങള്‍ കരുതുന്നില്ലേ? ദൈവത്തിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്- നാം അവിടുത്തെ മക്കളെ സ്‌നേഹത്തോടെ കൈകാര്യം ചെയ്യുന്നു എന്ന് അവിടുന്നു കാണുമ്പോള്‍.

അധ്യായം 10:22: ”യഹോവയുടെ അനുഗ്രഹമാണ് സമ്പന്നനാക്കുന്നത്, അവിടുന്ന് അതിനോട് ഒരു ദുഃഖവും കൂട്ടിച്ചേര്‍ക്കുന്നില്ല.”

ചില ഭാഷാന്തരങ്ങള്‍ അതിന്റെ അവസാന ഭാഗം ഇങ്ങനെ എഴുതിയിരിക്കുന്നു. ”അദ്ധ്വാനം അതിനെ വര്‍ദ്ധിപ്പിക്കുന്നില്ല.” ഈ ഭൂമിയില്‍ നമ്മുടെ ജീവിതത്തിനാവശ്യമുള്ളതെല്ലാം, യഹോവയുടെ അനുഗ്രഹം നമുക്കു നല്‍കുന്നു. അതുകൊണ്ട് നമ്മുടെ ജീവിതങ്ങളുടെ മേലുള്ള യഹോവയുടെ അനുഗ്രഹത്തിനായി നമുക്ക് എപ്പോഴും അന്വേഷിക്കാം.

അധ്യായം 10:31: ”നീതിമാന്റെ വായ് ജ്ഞാനം മുളപ്പിക്കുന്നു.” നിങ്ങള്‍ ഒരു നീതിമാനാണോ അല്ലയോ എന്ന് നിങ്ങള്‍ സംസാരിക്കുന്ന രീതിയില്‍ നിന്ന് നിങ്ങള്‍ക്കറിയാം. ഒരു നീതിമാന്റെ വായ് എപ്പോഴും ജ്ഞാനത്തിന്റെ വാക്കുകള്‍ മുന്നോട്ടു കൊണ്ടുവരുന്നു.

അധ്യായം 11:3: ”നേരുള്ളവന്റെ നിഷ്‌കളങ്കത അവനെ വഴി നടത്തും.” ദൈവം ഒന്നാമതു നോക്കുന്നതു നമ്മിലുള്ള നിഷ്‌കളങ്കതയും സത്യസന്ധതയും ആണ്. സത്യസന്ധരാണെങ്കില്‍, നാം ദൈവത്തിന്റെ പൂര്‍ണ്ണതയുള്ള ഹിതത്തിലേക്ക് നയിക്കപ്പെടുന്നു എന്നു നാം കണ്ടെത്തും.

അധ്യായം 11:24; ”ഒരുത്തന്‍ വാരിവിതറിയിട്ടും വര്‍ദ്ധിച്ചു വരുന്നു. കൊടുക്കുന്നവന് ഏറെ ലഭിക്കും.” കൊടുക്കുന്നവന്‍ ഏറെ പ്രാപിക്കുന്നു എന്നത് ക്രിസ്തീയ ജീവിത ത്തിന്റെ വൈരുദ്ധ്യങ്ങളില്‍ ഒന്നാണ്. അതിനു കാരണം ദൈവം അവനെ അനുഗ്രഹിക്കുന്നു എന്നതാണ്. അതുപോലെ പിശുക്കന്‍ ദരിദ്രനായി തീരുന്നു. ഒരു പിശുക്കന്‍ രക്ഷിക്കപ്പെടുമ്പോള്‍, അവന്‍ വിശാല മനസ്‌കനാകുന്നു. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, ”സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു. സൗജന്യമായി കൊടുപ്പിന്‍” (മത്തായി. 10:8). ദൈവം ധാരാളം കാര്യങ്ങള്‍ നമുക്കു സൗജന്യമായി നല്‍കിയിരി ക്കുന്നു. നാമും മറ്റുള്ളവര്‍ക്കു സൗജന്യമായി കൊടുക്കണം. സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്ന വിധവയ്ക്ക് രണ്ടു ചില്ലിക്കാശ് മാത്രമേ ഉണ്ടായിരുന്നുള്ളു. അവള്‍ക്കുണ്ടായിരുന്നത് അവള്‍ കൊടുത്തു. അതുകൊണ്ട് ദൈവം അവളെ ബഹുമാനിച്ചിട്ട് ഒരു കുറവും അവള്‍ക്കുണ്ടായില്ല എന്ന് എനിക്കു തീര്‍ച്ചയുണ്ട്.

”മറ്റുള്ളവരെ നനയ്ക്കുന്നവന്‍ തന്നത്താന്‍ നനയ്ക്കപ്പെടും” (വാക്യം 25). ദൈവം നിങ്ങളെ നനയ്ക്കുകയും നിങ്ങളെ പുതുക്കത്തോടെ നിര്‍ത്തുകയും വേണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ മറ്റുള്ളവരെ നനയ്ക്കണം. എന്തുകൊ ണ്ടാണ് അനേകം ക്രിസ്ത്യാനികളും പുതുക്കം നഷ്ടപ്പെട്ടവരും വരണ്ടവരുമായിരിക്കുന്നത്? കാരണം ദൈവം അവരെ നനയ്ക്കുന്നില്ല. എന്തുകൊണ്ടാണ് ദൈവം അവരെ നനയ്ക്കാത്തത്? കാരണം അവര്‍ മറ്റുള്ളവരെ നനയ്ക്കുന്നില്ല. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചു ചിന്തിച്ചിട്ട് നിങ്ങള്‍ക്കെങ്ങനെ അവരെ അനുഗ്രഹിക്കാന്‍ കഴിയും എന്നു കാണുക. അപ്പോള്‍ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുന്നു എന്നു നിങ്ങള്‍ കണ്ടെത്തും.

അധ്യായം 12:23: ”വിവേകം ഉള്ള മനുഷ്യന്‍ പരിജ്ഞാനം അടക്കി വയ്ക്കുന്നു.” വിവേകം ഉള്ള മനുഷ്യന്‍ തന്റെ അറിവ് പ്രദര്‍ശിപ്പിക്കാന്‍ മടിക്കുന്നവനാണ് എന്നാണ് അതിന്റെ അര്‍ത്ഥം. അയാള്‍ക്കു ധാരാളം കാര്യങ്ങള്‍ അറിയാം; എന്നാല്‍ അയാള്‍ അതെക്കുറിച്ച് വിനയാന്വിതനാണ്. വിഡ്ഢിയായ ഒരു മനുഷ്യനാകട്ടെ എന്തിനെക്കുറിച്ചും എല്ലാറ്റിനെക്കുറിച്ചും ഉള്ള തന്റെ അഭിപ്രായം പറയുവാന്‍ സദാ തയ്യാറാണ്.

അധ്യായം 13:10: ”അഹങ്കാരം കൊണ്ട് വിവാദം മാത്രം ഉണ്ടാകുന്നു.” എല്ലാ വിവാദവും നിഗളത്തിന്റെ ഫലമായുണ്ടാകുന്നതാണ്.

അധ്യായം 14:12: ”മനുഷ്യനു ചൊവ്വായി തോന്നുന്ന ഒരു വഴി ഉണ്ട്. എന്നാല്‍ അതിന്റെ അവസാനം മരണ വഴികള്‍ അത്രെ.” അധ്യായം 16:25-ല്‍ ഈ വാക്യം ആവര്‍ത്തിക്കപ്പെടുന്നു. ഏതെങ്കിലും കാരണവശാല്‍ ആദ്യത്തെ തവണ നിങ്ങള്‍ക്കതു നഷ്ടമായാല്‍, ദൈവം രണ്ടാമതൊരു തവണ കൂടി അതു നിങ്ങള്‍ക്കു തരുന്നു. നിങ്ങളുടെ കണ്ണില്‍ ശരിയെന്നു തോന്നുന്നത് ദൈവത്തിന്റെ വഴി ആയിരിക്കണമെന്നില്ല. വിശ്വാസികള്‍ എന്തുകൊണ്ടാണ് തങ്ങളെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചു ദൈവത്തിന്റെ മാര്‍ഗ്ഗദര്‍ശനം പരമാര്‍ത്ഥമായി അന്വേഷിക്കാത്തത്? കാരണം അവരുടെ തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാ ഘടകങ്ങളെക്കുറിച്ചും അവര്‍ക്ക് വേണ്ടുവോളം അറിവുണ്ട് എന്ന് അവര്‍ക്കു തോന്നുന്നു. തങ്ങള്‍ക്കു തെറ്റുപറ്റിയെന്നും അവര്‍ തങ്ങളുടെ ജീവിതം പാഴാക്കിക്കളഞ്ഞിരിക്കുന്നു എന്നും വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ കണ്ടെത്തുന്നു. താഴ്മയുള്ളവരായി നമുക്ക് ഒന്നും അറിയില്ല എന്ന് ഏറ്റു പറയുന്നതാണ് വിവേകം. അതുകൊണ്ട് അവിടുത്തെ ജ്ഞാനത്തിനായി നമുക്ക് യഹോവയെ അന്വേഷിക്കാം. തിരുവചനം പഠിക്കുന്ന കാര്യത്തില്‍ പോലും, നമ്മള്‍ മന്ദബുദ്ധികളും ഭോഷന്മാരും ആണെന്നും പരിശുദ്ധാത്മാവിനാല്‍ വെളിപ്പാട് നല്‍കപ്പെട്ടില്ലെങ്കില്‍ അതു മനസ്സിലാക്കുന്നതില്‍ നാം തീര്‍ത്തും വഴിതെറ്റി പോയേക്കാം എന്നും നമുക്ക് ഏറ്റുപറയാം. ദൈവം നമ്മോടു പറയുന്നു: ”എന്റെ വഴികള്‍ നിങ്ങളുടെ വഴികള്‍ അല്ല” (യെശയ്യാവ് 55:8).

അധ്യായം 15:13: ‘സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു.” ഹൃദയത്തിലുള്ള സന്തോഷമാണ് നമ്മുടെ മുഖങ്ങളില്‍ ശോഭകൊണ്ടു വരുന്നത്. ”സന്തുഷ്ടഹൃദയന് നിത്യഉത്സവം” (വാക്യം 15). നമ്മുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതിന് സദൃശവാക്യങ്ങളില്‍ വലിയ ഊന്നല്‍ ഉണ്ട്. ”സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു”(17:22). അങ്ങനെ സന്തോഷത്തിനു നമ്മെ ആരോഗ്യവാന്മാരാക്കാനും കഴിയും. ദൈവരാജ്യം വെറും നീതിമാത്രമല്ല, എന്നാല്‍ പരിശുദ്ധാത്മാവിലുള്ള സന്തോഷത്തോടു കൂടിയ നീതിയാണ്. പഴയനിയമത്തില്‍ അവര്‍ക്ക് സന്തോഷം കൂടാതെയുള്ള നീതി ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ നമുക്ക് സന്തോഷത്തോടു കൂടിയുള്ള നീതിയാണുള്ളത്. നാം യേശുവിനെ അനുഗമിക്കുംതോറും നമ്മുടെ ചുവടുകളില്‍ കുതിപ്പും നമ്മുടെ ഹൃദയങ്ങളില്‍ സന്തോഷവും നമ്മുടെ മുഖങ്ങളില്‍ പ്രകാശവും ഉണ്ട്.

അധ്യായം 16:18: ”നാശത്തിനു മുമ്പേ ഗര്‍വ്വം, വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം.” ആരെങ്കിലും പാപത്തില്‍ വീഴുന്നെങ്കില്‍ അതിനു കാരണം അയാള്‍ നിഗളമുള്ളവനായതാണ്. നാം എന്തെങ്കിലും മടയത്തരം ചെയ്യുമ്പോള്‍, അതിന്റെ കാരണം നിഗളമാണെന്ന് നമുക്ക് നിരുപാധികമായി തീര്‍ച്ചയാക്കാം. നമ്മെ വീഴാതെ സൂക്ഷിക്കുവാന്‍ കര്‍ത്താവിനു കഴിവുണ്ട് (യൂദാ 24). അവിടുന്ന് എങ്ങനെയാണതു ചെയ്യുന്നത്? നമ്മെ നിലത്തോളം താഴ്ത്തുന്നതിലൂടെ! നാം നില്‍ക്കുകയോ ഇരിക്കുകയോ ആണെങ്കില്‍ നാം വീഴാം. എന്നാല്‍ നാം നിലത്തു നെടുംപാടു കവിണ്ണു വീണു കിടക്കുകയാണെങ്കില്‍, നമുക്കു വീഴാന്‍ കഴിയില്ല!! അതുകൊണ്ട് വീഴാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നമുക്ക് എല്ലായ്‌പ്പോഴും നമ്മുടെ മുഖത്തെ പൊടിയില്‍ സൂക്ഷിക്കാം. ദൈവം നമ്മെ എത്രമാത്രം അനുഗ്രഹിക്കുന്നുണ്ടെങ്കിലും അല്ലെങ്കില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ദൈവത്തിന്റെ മുമ്പിലുള്ള നമ്മുടെ ഒന്നുമില്ലായ്മയെ മനസ്സില്‍ സൂക്ഷിക്കാം. അങ്ങനെ നാം ദൈവത്തിന്റെ ആരാധകരായിത്തീരുകയും നാം ഒരിക്കലും വീഴാതിരിക്കുകയും ചെയ്യും.

അധ്യായം 17:9: ”ലംഘനം മറച്ചു വയ്ക്കുന്നവന്‍ സ്‌നേഹം അന്വേഷിക്കുന്നു.” ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും തെറ്റു ചെയ്‌തോ? ചിലര്‍ നിങ്ങളെ ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്‌തോ? അതു ക്ഷമിക്കുക, അവഗണിക്കുക. അതാണ് ഒരു ദൈവഭക്തന്‍ നടക്കുന്ന സ്‌നേഹത്തിന്റെ മാര്‍ഗ്ഗം.

അധ്യായം 17:28: മിണ്ടാതിരുന്നാല്‍ ഒരു ഭോഷനെപ്പോലും ജ്ഞാനിയായി എണ്ണും. നിങ്ങള്‍ ഒരു ഭോഷനാണ്. എന്നാല്‍ ആളുകള്‍ നിങ്ങളെ ജ്ഞാനിയായി പരിഗണിക്കണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യണം? നിങ്ങളുടെ വായടച്ചു സൂക്ഷിക്കുക! അപ്പോള്‍ ആളുകള്‍ ഇപ്രകാരം കരുതും: ”അയാള്‍ അഗാധജ്ഞാനമുള്ള ഒരു മനുഷ്യനാണ്. അതുകൊണ്ടാണ് അയാള്‍ നിശ്ശബ്ദനായിരിക്കുന്നത്.” അവിടെ നിങ്ങളുടെ വായ് നിങ്ങള്‍ തുറന്നിരുന്നെങ്കില്‍, നിങ്ങള്‍ ഒരു ഭോഷനാണെന്ന് എല്ലാവരും അറിയുമായിരുന്നു. അതുകൊണ്ട് കേള്‍പ്പാന്‍ വേഗതയുള്ളവനും പറയുന്നതിന് താമസമുള്ളവനും ആയിരിക്കുക – പ്രത്യേകിച്ചു നിങ്ങള്‍ ചെറുപ്പവും വിവേകരഹിതനും ആയിരിക്കുമ്പോള്‍. നാം സംസാരത്തില്‍ സംയമനം പാലിക്കുമ്പോള്‍ അവിടെ എത്ര അനുഗ്രഹമാണുള്ളത്?

അധ്യായം 18:12: ‘മാനത്തിനു മുമ്പേ താഴ്മ.” ദൈവത്തില്‍ നിന്നു നിങ്ങള്‍ മാനം അന്വേഷിക്കുന്നോ? എങ്കില്‍ നിങ്ങളെത്തന്നെ താഴ്ത്തുക.


അധ്യായം 18:16: ”മനുഷ്യന്‍ വയ്ക്കുന്ന കാഴ്ചയാല്‍ അവനു പ്രവേശനം കിട്ടും. അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും.”

ദൈവം നമുക്കു നല്‍കുന്ന ദാനങ്ങളാല്‍ (വരങ്ങളാല്‍) ആണ് സഭയില്‍ ശുശ്രൂഷിക്കാന്‍ അവിടുന്നു നമുക്ക് ഇടം നല്‍കുന്നത്. ദൈവത്താല്‍ നല്‍കപ്പെട്ട ഒരു വരങ്ങളുമില്ലാത്ത അനേകര്‍ സ്ഥാനത്തിനും മാനത്തിനുമായി അന്വേഷിക്കുകയും പോരാടുകയും ചെയ്യുന്നതു കാണുന്നതു പരിതാപകരമാണ്. ”ആത്മികവരങ്ങള്‍ വിശേഷാല്‍ പ്രവചനവരവും വാഞ്ഛിപ്പിന്‍ (1കൊരി. 14:1) എന്നു നാം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രവചിക്കുക എന്നാല്‍ വെല്ലുവിളിക്കുകയും, ബോധ്യം വരുത്തുകയും, ആശ്വസിപ്പിക്കുകയും, പ്രോല്‍സാഹിപ്പിക്കുകയും പണിയുകയും ചെയ്യുന്ന വിധത്തില്‍ ദൈവവചനം സംസാരിക്കുന്നതാണ് (1 കൊരി. 14:3). തന്റെ വരങ്ങളെ വിലമതിക്കാത്തവര്‍ക്കു ദൈവം തന്റെ വരങ്ങള്‍ നല്‍കുന്നില്ല. ദൈവത്തില്‍ നിന്ന് ഒരു സന്ദേശമുള്ള ഒരുവനെ കേള്‍ക്കുവാന്‍ ആളുകള്‍ നൂറു കണക്കിനു മൈലുകള്‍ യാത്ര ചെയ്യും. സ്‌നാപകയോഹന്നാന്‍ മരുഭൂമിയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കേള്‍ക്കുവാന്‍ യെഹൂദ്യയിലെ എല്ലായിടങ്ങളില്‍ നിന്നും ആളുകള്‍ വന്നു. കാരണം അദ്ദേഹത്തിനു സ്വര്‍ഗ്ഗത്തില്‍ നിന്നൊരു സന്ദേശം ഉണ്ടായിരുന്നു.

അധ്യായം 18:19: ”ദ്രോഹിക്കപ്പെട്ട സഹോദരന്‍ ഉറപ്പുള്ള പട്ടണത്തെക്കാള്‍ ദുര്‍ജ്ജയനാകുന്നു.” ഇതുകൊണ്ടാണ് നാം തമ്മില്‍ തമ്മില്‍ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരിക്കേണ്ട ആവശ്യമുള്ളത് – ബന്ധങ്ങള്‍ തകര്‍ക്കപ്പെട്ടില്ല എന്ന് ഉറപ്പു വരുത്തുന്നതിന്.

അധ്യായം 18:21: ”മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു.” പെന്തക്കോസ്തു നാളില്‍, അവരുടെ നാവിനെ പരിശുദ്ധാത്മാവിന്റെ അഗ്നിയാല്‍ തീയില്‍ നിര്‍ത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു എന്നു കാണിക്കുവാന്‍ ശിഷ്യന്മാരുടെ മേല്‍ അഗ്നിനാവു പ്രത്യക്ഷമായി. യാക്കോബ് 3:6 പറയുന്നത് നാവിനെ നരകത്തിലെ തീകൊണ്ടും തീയില്‍ നിര്‍ത്താന്‍ കഴിയും എന്നാണ്. നമ്മുടെ നാവ് പരിശുദ്ധാത്മാ വിനാല്‍ നിയന്ത്രിക്കപ്പെട്ടാല്‍ മാത്രമേ നമ്മുടെ നാവിലൂടെ മരണം വ്യാപിക്കുന്നതില്‍ നിന്നു നമുക്കു രക്ഷപ്പെടാന്‍ കഴിയൂ. നമ്മുടെ ജഡത്തിന്റെ ദുഷിച്ച അവസ്ഥയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

അധ്യായം 19:17: ”എളിയവനോടു കൃപ കാണിക്കുന്നവന്‍ യഹോവയ്ക്കു വായ്പ കൊടുക്കുന്നു. അവന്‍ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും.” ദരിദ്രന്‍ ദൈവത്തിനുള്ളവനാണ്. അതുകൊണ്ട് നാം ദരിദ്രര്‍ക്കു ചെയ്യുന്ന ഏതു കാര്യത്തെയും അവിടുത്തേക്കു വേണ്ടി ചെയ്യപ്പെട്ടതായി അവിടുന്നു കണക്കാക്കുന്നു- അതുകൊണ്ടാണ് നമ്മുടെ ദയയ്ക്ക് പകരം തരും എന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുന്നത്.
അധ്യായം 19:18: ”പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശാസിക്ക, എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുത്.” നമ്മുടെ മക്കളെ നരകത്തില്‍ നിന്നു രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കു ശിക്ഷ നല്‍കണമെന്നതിനെ ക്കുറിച്ചു പറയുന്ന അനേകം വാക്യങ്ങള്‍ സദൃശവാക്യങ്ങളില്‍ ഉണ്ട്.

അധ്യായം 20:14: ”വിലയ്ക്കു വാങ്ങുന്നവന്‍ ചീത്ത ചീത്ത എന്നു പറയുന്നു, എന്നാല്‍ വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവന്‍ പ്രശംസിക്കുന്നു.” ഇന്ത്യയില്‍ മിക്ക ആളുകളും കച്ചവടക്കാരനില്‍ നിന്ന് ചില സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കേണ്ടതിന് ഈ തന്ത്രം ഉപയോഗിക്കുന്നു. ചില സാധനങ്ങള്‍ ഒരു രൂപ കുറച്ചു കിട്ടേണ്ടതിന്, സാധുക്കളായ പച്ചക്കറി കച്ചവടക്കാരോടു പോലും തര്‍ക്കിക്കുന്ന വിശ്വാസികളെ ഞാന്‍ കണ്ടിട്ടുണ്ട്. അതു ക്രിസ്ത്വാനുരൂപമാണോ? ആ പാവപ്പെട്ട മനുഷ്യന്‍ തന്റെ കുടുംബം പുലര്‍ത്തുവാന്‍ വേണ്ടി ബദ്ധപ്പെടുകയാണ്. ദൈവം നിങ്ങള്‍ക്ക് അയാളെക്കാള്‍ അധികം നല്‍കിയിരിക്കുന്നു. വിശാല മനസ്‌ക്കരായിരി ക്കുക. നമുക്കു ചുറ്റുപാടുമുള്ളവരോട് നമുക്ക് നല്ലവരായിരിക്കാം. പ്രത്യേകിച്ച് ദരിദ്രരോട്.

അധ്യായം 21:2: ”മനുഷ്യന്റെ വഴിയൊക്കെയും അവനു ചൊവ്വായി തോന്നുന്നു. യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.” ദൈവം ഒരു പ്രവൃത്തിയെക്കാള്‍ അതിന്റെ ലക്ഷ്യത്തെ നോക്കുന്നു. നാം എപ്പോഴും അതോര്‍ക്കണം.

അധ്യായം 21:13: ”എളിയവന്റെ നിലവിളിക്കു ചെവി പൊത്തുന്നവന്‍ താനും വിളിച്ചപേക്ഷിക്കും, ഉത്തരം ലഭിക്കയില്ല.” നാം മറ്റുള്ളവരോട് ഇടപെടുന്നതുപോലെ ദൈവം നമ്മോടും ഇടപെടും- പ്രത്യേകിച്ച് എളിയവരോട്. അതുകൊണ്ടാണ് അനേകം വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം നല്‍കാത്തത്.

അധായം 21:19: ”ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടു കൂടെ പാര്‍ക്കുന്നതിലും നിര്‍ജ്ജന പ്രദേശത്തുപോയി പാര്‍ക്കുന്നതു നല്ലത്.” സദാ അധിക്ഷേപിക്കുന്ന ഒരു ഭാര്യയെക്കുറിച്ചു ദൈവം എന്തു ചിന്തിക്കുന്നു എന്ന് ഇവിടെ നാം കാണുന്നു.

അധ്യായം 22:4: ”താഴ്മയ്ക്കും യഹോവ ഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.” ആത്മീയസമ്പത്ത്, ആത്മീയ ബഹുമാനം, ആത്മീയ ജീവന്‍ തുടങ്ങിയവ ദൈവത്തില്‍ നിന്നു വരുന്നവയും അവിടുന്ന് മനുഷ്യനില്‍ അന്വേഷിക്കുന്ന രണ്ടു ഗുണവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്നവയു മാണ്: താഴ്മയും ദൈവഭയവും. സഭയിലെ നേതൃസ്ഥാനത്തേക്ക് ആരെയെങ്കിലും പരിഗണിക്കുമ്പോള്‍, നാം അന്വേഷിക്കേണ്ട പ്രധാന ഗുണങ്ങള്‍ ഇവയാണ്.

അധ്യായം 22:6,15: ”ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക. അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു. ശിക്ഷയ്ക്കുള്ള വടി അതിനെ അവനില്‍ നിന്ന് അകറ്റിക്കളയും.” ഒരു കുഞ്ഞിന്റെ ഹൃദയത്തില്‍ കാണപ്പെടുന്ന ഭോഷത്വം നീക്കിക്കളയാന്‍, നിങ്ങള്‍ ചില ശിക്ഷകള്‍ അവന്റെ പൃഷ്ഠഭാഗത്ത് കൊടുക്കേണ്ടതുണ്ട്. ഒരു കുഞ്ഞിന്റെ പൃഷ്ഠവും അവന്റെ ഹൃദയവും തമ്മില്‍ വ്യക്തമായ ഒരടുത്ത ബന്ധമുണ്ട്! ഒരു കുഞ്ഞ് ബുദ്ധിപൂര്‍വ്വം സ്‌നേഹത്തില്‍ ശിക്ഷിക്കപ്പെട്ടാല്‍, അവന്‍ വളര്‍ന്നു വരുമ്പോള്‍ കര്‍ത്താവിനെ പിന്‍ഗമിക്കുകയും ദുഷ്ടലോകത്തെ നേരിടാന്‍ ഭവനം വിട്ടുപോകയും ചെയ്യുന്നു.

അധ്യായം 22:29: ”പ്രവൃത്തിയില്‍ സാമര്‍ത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന്‍ രാജാക്കന്മാരുടെ മുമ്പില്‍ നില്‍ക്കും.” ഇത് ദൈവവചനത്തിന്റെ ചട്ടപ്രകാരമുള്ള പഠനം, കര്‍ത്താവിനെ സേവിക്കുന്നതിലുള്ള ജാഗ്രത എന്നിവയുടെ കാര്യത്തില്‍ പ്രയോഗിക്കാന്‍ പറ്റിയ ഒരു നല്ല വചനമാണ്. ദൈവം തന്റെ മക്കളെ (യഥാര്‍ത്ഥ രാജാക്കന്മാര്‍) സേവിക്കാനുള്ള ശുശ്രൂഷയുടെ അനേകം വാതിലുകള്‍ ഇങ്ങനെയുള്ള ഒരു മനുഷ്യനു തുറന്നുകൊടുക്കും.

അധ്യായം 23:22: ”നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്ക് കേള്‍ക്ക. കൂടാതെ നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുത്.”

ഇന്ന് അനേകം മക്കള്‍ നിര്‍ഭാഗ്യവശാല്‍, തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നില്ല. ഇതു സങ്കടകരമാണെന്നു മാത്രമല്ല ദോഷവുമാണ്. തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നവരെ ദൈവം പ്രത്യേകം ശ്രദ്ധിക്കുകയും അവരെ പ്രത്യേക വിധത്തില്‍ അനുഗ്രഹിക്കുകയും ചെയ്യുന്നു.

അധ്യായം 23:31: ”വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്.” എല്ലാത്തരം നുരഞ്ഞുപൊങ്ങുന്ന മദ്യവും (കൂടിയ അളവില്‍ ആല്‍ക്കഹോള്‍ ഉള്‍ക്കൊള്ളുന്ന ഏതു പാനീയവും) ഒഴിവാക്കുന്നതിനുള്ള ഒരു പ്രബോധനമാണിത്. അതുകൊണ്ട് യേശു കുടിച്ചതും കാനാവില്‍ അവിടുന്ന് ഉണ്ടാക്കിയതും വീട്ടില്‍ ഉണ്ടാക്കിയ വീര്യം കുറഞ്ഞ വീഞ്ഞായിരുന്നിരിക്കാം- കാരണം എല്ലാ ദൈവവചനവും യേശു അനുസരിച്ചു എന്നു നമുക്കറിയാം. അതുകൊണ്ട് ഈ വചനവും അവിടുന്ന് അനുസരിച്ചിട്ടുണ്ടാവണം.

അധ്യായം 24:11,12: ”മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക. ‘ഞങ്ങള്‍ അറിഞ്ഞില്ലല്ലോ’ എന്നു നീ പറഞ്ഞാല്‍, ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ?” ഈ വാക്യം ഇന്ന് സുവിശേഷവേലയില്‍ ഏര്‍പ്പെടാനുള്ള ഒരു വെല്ലുവിളിയാണ്. നമുക്കു ചുറ്റുപാടുമുള്ള ലോകം സുവിശേഷം കേള്‍ക്കേണ്ട ആവശ്യമുണ്ട്. നാം അതു കൊടുക്കേണ്ട ആവശ്യവുമുണ്ട്.

അധ്യായം 24:17: ”നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുത്.” പഴയ നിയമത്തില്‍ പോലും അവരുടെ ശത്രുവിന്റെ വീഴ്ചയില്‍ സന്തോഷിക്കരുത് എന്ന് അവരോടു പറഞ്ഞിരിക്കുന്നു.

അധ്യായം 24:27: ”വെളിയില്‍ നിന്റെ വേല ചെയ്ക, വയലില്‍ എല്ലാം തീര്‍ക്കുക. പിന്നത്തേതില്‍ നിന്റെ വീടു പണിയുക.” വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ യുവാക്കള്‍ക്കും വേണ്ടിയുള്ള നല്ല ഒരു ഉപദേശമാണിത്. ആദ്യം ഒരു ജോലി നേടുക, പിന്നീട് വിവാഹം കഴിക്കുക. ഒരു കുടുംബം പുലര്‍ത്താന്‍ വേണ്ടത്ര പണം സമ്പാദിക്കുക. പിന്നെ നിങ്ങളുടെ കുടുംബം പണിയേണ്ടതിന് ഒരു ഭാര്യയ്ക്കായി അന്വേഷിക്കുക.

അധ്യായം 24:30-34: ഇവിടെ തന്റെ വയലിനെ പരിരക്ഷിക്കാതിരുന്നതു മൂലം അതു മുള്ളുകൊണ്ടു മൂടപ്പെട്ട, മടിയനായ ഒരു മനുഷ്യനെക്കുറിച്ചു നാം വായിക്കുന്നു. മറ്റുള്ളവര്‍ വേല ചെയ്തുകൊണ്ടിരുന്നപ്പോള്‍ അയാള്‍ ഉറങ്ങി. നാം അതുപോലെ ഉറങ്ങിയാല്‍ ദാരിദ്ര്യം നമ്മെയും കയറിപ്പിടിക്കും എന്ന മുന്നറിയിപ്പാണ് ഇവിടെയു ള്ളത്. ഹെന്റി ലോങ്‌ഫെലോ (ഒരു ആംഗലകവി) എഴുതിയ ഒരു കവിതയില്‍ അദ്ദേഹം പറഞ്ഞു:

”മഹാന്മാരായ മനുഷ്യര്‍ എത്തിച്ചേര്‍ന്നതും സൂക്ഷിച്ചതുമായ ഉയരങ്ങള്‍
പെട്ടെന്നുള്ള ഒരു പറക്കലിലൂടെ നേടിയതല്ല.
എന്നാല്‍ അവരുടെ കൂട്ടുകാര്‍ ഉറങ്ങിയപ്പോള്‍
രാത്രിയില്‍ അവര്‍ ഉയരങ്ങളിലേക്ക് അദ്ധ്വാനിക്കുകയായിരുന്നു.”

ദൈവം ആദമിനോടു പറഞ്ഞത് അവന്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അവന്റെ അപ്പം സമ്പാദിക്കണമെന്നാണ്. അലസനായ ഒരു വിശ്വാസിയുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ വചനം പഠിക്കുകയും ശുഷ്‌കാന്തിയോടെ അത് അനുസരിക്കുകയും ചെയ്യുന്ന ഒരുവന് ഫലപ്രദമായ ഒരു ജീവിതം ഉണ്ടായിരിക്കും. അദ്ധ്വാന ശീലമുള്ള ഒരു മനുഷ്യന് ഒരു നല്ല തോട്ടം ഉണ്ടായിരിക്കും. കൂടാതെ അനുഗ്രഹിക്കപ്പെട്ട ഒരു ശുശ്രൂഷയും ഉണ്ടായിരിക്കും. എന്നാല്‍ മടിയനായ ഒരു മനുഷ്യന് ഭൂമിയിലും നിത്യതയിലും പലതിനെച്ചൊല്ലി ഖേദിക്കേണ്ടി വരും.

അധ്യായം 25:14: ”വരങ്ങളെ ചൊല്ലി വെറുതെ പ്രശംസിക്കുന്നവന്‍ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.” രോഗശാന്തി വരവും മറ്റ് അമാനുഷിക വരങ്ങളും ഉണ്ടെന്ന് അവകാശപ്പെട്ട് ശുദ്ധമനസ്സുള്ള വിശ്വാസികളെ കബളിപ്പിക്കുന്ന അനേകം പ്രസംഗകര്‍ ഇന്നുണ്ട്. ഇവിടെ ഇതിനെ ആകാശത്തു മേഘങ്ങള്‍ കണ്ടുകൊണ്ട് അവന്റെ വയലിന് മഴ ലഭിക്കുമെന്നു പ്രതീക്ഷിക്കുകയും ഒന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കര്‍ഷകനോടു താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നു! നിങ്ങള്‍ക്കില്ലാത്ത ഒരു വരം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അവകാശപ്പെടരുത്. നിങ്ങള്‍ക്കൊരു വരമുണ്ടെങ്കില്‍ അതു മറ്റുള്ളവര്‍ക്കും വ്യക്തമാകും. ദൈവം നിങ്ങള്‍ക്കു സുവിശേഷീകരണത്തിനുള്ള ഒരു വരം നല്‍കിയിരിക്കുന്നെങ്കില്‍, നിങ്ങള്‍ അനേകരെ കര്‍ത്താവിങ്കലേക്കു കൊണ്ടുവരും- ഒന്നോ രണ്ടോ പേരെ അല്ല. ദൈവം നിങ്ങള്‍ക്കു പഠിപ്പിക്കാനുള്ള വരം നല്‍കിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ശുശ്രൂഷയിലൂടെ അനേകം ആളുകള്‍ തെളിഞ്ഞ ബോധ്യങ്ങളിലേക്കു വരും- കേവലം ഒന്നോ രണ്ടോ പേരല്ല. ദൈവം നിങ്ങള്‍ക്കു രോഗശാന്തിക്കുള്ള വരം നല്‍കിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അനേകര്‍ സൗഖ്യമാകും- വെറും രണ്ടോ മൂന്നോ പേര്‍ അല്ല. വലിയ തോതില്‍ ആളുകള്‍ സൗഖ്യമാകുന്നില്ലെങ്കില്‍, അതു തെളിയിക്കുന്നതു നിങ്ങള്‍ക്ക് ആ വരം ഇല്ല എന്നാണ്.

അധ്യായം 26:4 പറയുന്നു: ”~ഒരു മൂഢനോട് അവന്റെ ഭോഷത്തം പോലെ ഉത്തരം പറയരുത്.” എന്നാല്‍ തൊട്ടടുത്ത വാക്യം പറയുന്നു, ”ഒരു മൂഢനോട് അവന്റെ ഭോഷത്തത്തിനു തക്കവണ്ണം ഉത്തരം പറയുക” (വാക്യം 5). ഇതില്‍ ഏതു പ്രസ്താവനയാണ് ശരിയായിട്ടുള്ളത്? അതിന്റെ ഉത്തരം: രണ്ടും ശരിയാണ്. കാരണം അവ രണ്ടുതരം ഭോഷന്മാരെക്കുറിച്ചാണ്. യേശു തന്റെ ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ മറുപടി നല്‍കി. എന്നാല്‍ യേശുവിനോട് പരീശന്മാര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, അവിടുന്ന് അത്രയും വ്യക്തമായ മറുപടികള്‍ നില്‍കിയില്ല. കൂടാതെ ഹെരോദാവിനോട് ഒരു മറുപടിയും പറഞ്ഞില്ല. അതുകൊണ്ട് ആളുകള്‍ നമ്മോടു ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, ആ വ്യക്തി ഏതു തരത്തിലുള്ള മൂഢനാണെന്നു നാം വിവേചിക്കണം. അതറിയുവാന്‍ നമുക്ക് പരിശുദ്ധാത്മാവിന്റെ വിവേചനശക്തി ആവശ്യമാണ്.

അധ്യായം 26:27: ”കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും. കല്ല് ഉരുട്ടുന്നവന്റെ മേല്‍ അതു തിരിഞ്ഞുരുളും.” മറ്റുള്ളവരെ ഉപദ്രവിക്കുവാന്‍ നോക്കുന്നവര്‍, അവരെ ഉപദ്രവിക്കുവാന്‍ ആസൂത്രണം ചെയ്ത ദോഷം തങ്ങളുടെ നേരെ തിരിഞ്ഞു വരുന്നതായി കണ്ടെത്തും എന്നൊരു മുന്നറിയിപ്പാണ് ഇത്. ഹാമാന്‍ ഇതിനൊരു ഉദാഹരണമാണ്.

അധ്യായം 27:1: ”നാളത്തെ ദിവസം ചൊല്ലി പ്രശംസിക്കരുത്. ഒരു ദിവസത്തില്‍ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ.” യാക്കോബ് നമ്മോടു പറയുന്നത് ഒരു ദിവസം കൂടി നാം ജീവിച്ചിരിക്കുമോ എന്ന കാര്യം നമുക്കു തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ല എന്ന് നാം അംഗീകരിക്കണം എന്നാണ് (യാക്കോബ് 4:15). ഈ വസ്തുതയെക്കുറിച്ചുള്ള സ്ഥിരമായ അറിവ് നാം എല്ലാവരെയും താഴ്മയില്‍ നിലനിര്‍ത്തും.

അധ്യായം 27:2: ”നിന്റെ വായല്ല മറ്റൊരുത്തന്‍ നിന്നെ സ്തുതിക്കട്ടെ.” ക്രിസ്തുവിന്റെ ആത്മാവിനു തീര്‍ത്തും അന്യമായ സ്വയം ഉയര്‍ത്തല്‍ ക്രിസ്തീയ ഗോളത്തില്‍ ധാരാളമുണ്ട്.

അധ്യായം 27:23: ”നിന്റെ ആടുകളുടെ അവസ്ഥ അറിവാന്‍ ജാഗ്രതയായിരിക്ക, നിന്റെ കന്നുകാലികളില്‍ നന്നായി ദൃഷ്ടി വയ്ക്കുക.”

ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തിന്റെ ഇടയന്മാരായിരിക്കുന്നവര്‍ക്കുള്ള ഒരു നല്ല വചനമാണിത്. ഒരു നല്ല മൂപ്പന്‍ തന്റെ സഭയിലെ ഓരോ വിശ്വാസിയുടെയും ആത്മീയ അവസ്ഥ അറിയും.

അധ്യായം 28:13: ”തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല. എന്നാല്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.” നമ്മുടെ പാപങ്ങള്‍ ദൈവത്തോട് ഏറ്റു പറഞ്ഞാല്‍ മാത്രം പോരാ എന്നു പഠിപ്പിക്കുന്ന വേദപുസ്തക ത്തിലെ ഏറ്റവും തെളിമയുള്ള വാക്യങ്ങളില്‍ ഒന്നാണത്. നാം അവയെ ഉപേക്ഷി ക്കേണ്ടതുമുണ്ട്.

അധ്യായം 29:1: ”കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കു പോക്കില്ലാതെ നശിച്ചുപോകും.” ദൈവത്തിന്റെ കരുണയും നന്മയും മുതലെടുക്കുന്നത് ആരും തുടര്‍ന്നുകൊണ്ടിരിക്കരുത്. കാരണം, ”അപായരേഖ” കടന്നിരിക്കുന്നു എന്ന് പെട്ടെന്ന് ഒരു ദിവസം അവന്‍ കണ്ടെത്തുകയും പരിശുദ്ധാത്മാവ് അവനോടു വാദിക്കുന്നതു നിര്‍ത്തുകയും ചെയ്യും. അതിനു ശേഷം അവന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയുകയുമില്ല.

അധ്യായം 29:18: ”ദര്‍ശനം ഇല്ലാത്തേടത്ത് ജനം നശിച്ചുപോകുന്നു.” ക്രൈസ്തവ ഗോളത്തില്‍ ഇന്നത്തെ വലിയ ആവശ്യം ദര്‍ശനമുള്ള പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരിക്കുക എന്നതാണ്. ഈ കാലത്ത് നമ്മുടെ ദേശത്ത് അവിടുത്തേക്ക് നമ്മിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ഒരു ദര്‍ശനം നല്‍കാന്‍ ദൈവം ആഗ്രഹിക്കുന്നു. ഇന്ത്യക്കുവേണ്ടി നിങ്ങള്‍ക്ക് ഒരു ഭാരം തരേണ്ടതിന് ദൈവത്തോടു ചോദിക്കുക.

അധ്യായം 29:20: വാക്കുകളില്‍ (അല്ലെങ്കില്‍ അയാളുടെ ഇടപാടുകളില്‍) തിടുക്കമുള്ള ഒരു മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.” ശലോമോന്റെ സദൃശവാക്യങ്ങളിലെ അവസാന അധ്യായമാണിത്. ഇനി ഈ അധ്യായത്തില്‍ അവസാനത്തില്‍ നിന്ന് ഏഴു വാക്യങ്ങള്‍ കൂടിയുണ്ട്. ഈ 29 അധ്യായങ്ങളിലും ശലോമോന്‍ വിവിധ തരത്തിലുള്ള മൂഢന്മാരെ കുറിച്ചു വിവരിക്കുകയായിരുന്നു. അവസാനമായി, ഉപസംഹരിക്കുന്നതിനു മുന്‍പ്, അവന്‍ പറയുന്നു, ”ഇനി എല്ലാവരിലും ഏറ്റവും വലിയ വിഡ്ഢി ആരാണെന്ന് ഞാന്‍ നിങ്ങളോടു പറയട്ടെ- സംസാരിക്കാന്‍ തിടുക്കമുള്ളവനും ധൃതഗതിയില്‍ തീരുമാനങ്ങളെടുക്കുന്നവനും. അവന് ഒന്നാം സമ്മാനം ലഭിക്കുന്നു!” ഈ പുസ്തകത്തില്‍ പറയപ്പെട്ടിരിക്കുന്ന മറ്റെല്ലാ വിഡ്ഢികള്‍ക്കും ഈ തിടുക്കമുള്ള മനുഷ്യനെക്കുറിച്ചുള്ളതിനേക്കാള്‍ അധികം പ്രത്യാശയുണ്ട്.

അധ്യായം 30: ആഗൂര്‍ എന്നു പേരുള്ള ഒരു മനുഷ്യനാല്‍ എഴുതപ്പെട്ടതാണ്. 7,8 വാക്യങ്ങളില്‍ അയാള്‍ പറയുന്നു: ”രണ്ടു കാര്യങ്ങള്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ. (1) വ്യാജവും ഭോഷ്‌ക്കും എന്നോട് അകറ്റേണമേ (2) ദാരിദ്ര്യവും സമ്പത്തും ഒരിക്കലും എനിക്കു തരരുതേ.” പഴയനിയമകാലത്ത് അവര്‍ക്ക് ആ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കണമായിരുന്നു, കാരണം (ഈ വാക്യത്തിന്റെ ശേഷിച്ച ഭാഗത്തു പറയുന്നതുപോലെ) അവര്‍ ചിന്തിച്ചത് തങ്ങള്‍ ദരിദ്രരാണെങ്കില്‍ മോഷ്ടിക്കുമെന്നും അവര്‍ അധികം സമ്പന്നന്മാരായാല്‍ അവര്‍ യഹോവയെ ഉപേക്ഷിക്കുമെന്നുമാണ്. 90% വിശ്വാസികളും ആ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ട്. കാരണം വളരെയധികം പണം അവരെ നശിപ്പിക്കും. എന്നാല്‍ അത് ജീവിക്കാനുള്ള ഏറ്റവും ആഴം കുറഞ്ഞ നിലയാണ്. പൗലൊസ് ഏതുവിധമായാലും, പറഞ്ഞു,”ഞാന്‍ ദരിദ്രനാണോ സമ്പന്നനാണോ എന്നത് എനിക്കു കാര്യമല്ല. എനിക്കു രണ്ടും കൈകാര്യം ചെയ്യാന്‍ കഴിയും” (ഫിലിപ്യര്‍ 4:12). സമ്പത്ത് പൗലൊസിനെ നശിപ്പിക്കുകയില്ല. അതുപോലെ ദാരിദ്ര്യം തന്നെ കര്‍ത്താവില്‍ നിന്ന് അകറ്റി ഒഴുകി പോകുമാറാക്കുന്നുമില്ല. ഈ അധ്യായത്തിന്റെ ശേഷിക്കുന്ന ഭാഗത്ത് ധ്യാനിക്കുന്നതിനു യോഗ്യമായ അനേകം നല്ല സദൃശവാക്യങ്ങള്‍ ഉണ്ട്.

അധ്യായം 31, ലെമുവേല്‍ എന്ന ഒരു രാജാവിനാല്‍ എഴുതപ്പെട്ടതാണ്. തന്നെയു മല്ല തന്റെ മാതാവ് അദ്ദേഹത്തെ പഠിപ്പിച്ച ചില കാര്യങ്ങളെ അദ്ദേഹം പട്ടിക പ്പെടുത്തിയിരിക്കുന്നു. 1 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ ഉള്ള ചില നല്ല ഉപദേശ ങ്ങള്‍ക്കു ശേഷം, നാം അവസാന ഭാഗത്തേക്കു വരുന്നു(വാക്യം 10-31). ഇത് ചെറുപ്പക്കാരായ എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. കാരണം അതു ദൈവഭക്തയായ ഒരു ഭാര്യയെക്കുറിച്ചു നമ്മോടു പറയുന്നു. എല്ലാ യുവതികളും ഇതുപോലെ ആകുവാന്‍ ശ്രമിക്കണം. അതുപോലെ എല്ലാ യുവാക്കന്മാരും വിവാഹം കഴിക്കാന്‍ അതുപോലെയുള്ള സ്ത്രീകളെ അന്വേഷിക്കണം. ഈ ദൈവഭക്തയായ ഭാര്യയെക്കുറിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു ശ്രദ്ധിക്കുക: അവള്‍ തന്റെ കൈ കൊണ്ട് വേല ചെയ്യുന്നു. കൂടാതെ അവള്‍ കഠിനാധ്വാനിയായ ഒരു വ്യക്തിയാണ്. അവള്‍ വളരെ നേരത്തെ എഴുന്നേറ്റ് ആഹാരം പാചകം ചെയ്യുന്നു. അവള്‍ പരിശ്രമശാലി കൂടിയാണ്. അവള്‍ ഒരു വയല്‍ വാങ്ങി അവളുടെ സ്വന്തം കൈകള്‍കൊണ്ട് ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു. അവള്‍ തന്റെ സ്വന്തം കൈകള്‍കൊണ്ടു നൂല്‍ നൂല്‍ക്കുന്നു. അവള്‍ ദരിദ്രര്‍ക്കു പണം നല്‍കുന്നു. അവള്‍ തന്നെ തയ്ച്ച കമ്പിളി വസ്ത്രം കൊണ്ട്, അവളുടെ മക്കളെ മഞ്ഞുകാലത്തു സംരക്ഷിക്കുന്നു. അവള്‍ തന്റെ ഭര്‍ത്താവിനെ പിന്‍താങ്ങുന്നു. അവളുടെ ഭര്‍ത്താവ് അവളെ പൂര്‍ണ്ണമായി വിശ്വസിക്കുകയും ചെയ്യുന്നു. അവള്‍ വസ്ത്രം ഉണ്ടാക്കി വില്‍ക്കുന്നു. അവള്‍ അന്തസ്സുറ്റവളാണ്. അവള്‍ വിവേകത്തോടുകൂടി സംസാരിക്കുകയും ചെയ്യുന്നു. ദയയുടെ പ്രമാണം അവളുടെ നാവില്‍ ഉണ്ട്. അങ്ങനെ അവളുടെ കൈകള്‍ പരുക്കനും അവളുടെ നാവ് മൃദുവും ആണ് എന്നു നാം കാണുന്നു. നിര്‍ഭാഗ്യവശാല്‍, ഇന്ന് അനേകം യുവസഹോദരിമാരുടെ കാര്യത്തിലും കാര്യങ്ങള്‍ ഇതിനു തീര്‍ത്തും എതിരാണ്. അവരുടെ കൈകള്‍ മൃദുവാണ് (കാരണം അവര്‍ ഒരിക്കലും കഠിനമായി അദ്ധ്വാനിക്കുന്നില്ല). എന്നാല്‍ അവരുടെ നാവ് കഠിനമാണ്. (അവര്‍ നിഗളികളും ധിക്കാരികളുമാണ്). ”ലാവണ്യം വ്യാജവും സൗന്ദര്യം വ്യര്‍ത്ഥവും ആകുന്നു. എന്നാല്‍ യഹോവയെ ഭയപ്പെടുന്ന സ്ത്രീ പ്രശംസിക്കപ്പെടും” (വാക്യം 30). അവളുടെ ഭര്‍ത്താവും മക്കളും എഴുന്നേറ്റ് ‘ഏറ്റവും നല്ല ഭാര്യ’ എന്നും ‘ഏറ്റവും നല്ല അമ്മ’ എന്നും അവളെ പുകഴ്ത്തും.

യുവാക്കളെ, ഈ വിധത്തിലുള്ള ഭാര്യയെ ആയിരിക്കണം നിങ്ങള്‍ അന്വേഷിക്കേണ്ടത്.
യുവതികളെ, നിങ്ങള്‍ ഈ വിധത്തിലുള്ള സ്ത്രീകള്‍ ആയിരിക്കണം. എല്ലാ യൗവനക്കാരുമേ, നിങ്ങള്‍ ദൈവഭക്തിയുള്ളവരും ദൈവത്തിന് ഉപയോഗിക്കുവാന്‍ കഴിയുന്ന ജ്ഞാനമുള്ള പുരുഷന്മാരും സ്ത്രീകളും ആയി വളരേണ്ടതിന് കൂടെക്കൂടെ സദൃശവാക്യങ്ങള്‍ വായിക്കുക.

What’s New?