രണ്ടേ രണ്ടു വാക്ക്

ഒരു ആശ്രമത്തില്‍ സന്ന്യാസ ജീവിതം സ്വീകരിക്കാനായി ചെന്ന താണു യുവാവ്.

”ഇവിടെ ഒരു പ്രത്യേകതയുണ്ട്. വര്‍ഷത്തില്‍ രണ്ട് രണ്ടുവാക്കു മാത്രമേ സംസാരിക്കാന്‍ ഇവിടെ ചേരാന്‍ വരുന്നവര്‍ക്ക് അനുവാദം ഉള്ളൂ. അതു സമ്മതമാണെങ്കില്‍ താങ്കള്‍ക്ക് ഇവിടെ താമസിച്ച് സന്ന്യാസചര്യ പരിശീലിക്കാവുന്നതാണ്.” ആശ്രമശ്രേഷ്ഠന്‍ നയം വ്യക്തമാക്കി.

യുവാവ് സമ്മതിച്ച് അവിടെ താമസമാക്കി. ആശ്രമജീവിതം ഏറെ ചിട്ടകളുള്ളതും വളരെ കര്‍ശനവുമായിരുന്നു. പക്ഷേ ആ സന്ന്യാസ സമൂഹത്തിലെ നിയമങ്ങളില്‍ ഏറ്റവും കര്‍ശനമായത് രണ്ടുവാക്കു മാത്രമേ വര്‍ഷത്തില്‍ സംസാരിക്കാവൂ എന്നതായിരുന്നു.

ആശ്രമത്തിലെ പരിശീലനത്തിന്റെ ആദ്യവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആശ്രമശ്രേഷ്ഠന്‍ യുവാവിനെ വിളിച്ച് രണ്ടുവാക്കു സംസാരിക്കുവാന്‍ അനുമതി നല്‍കി. യുവാവ് അതനുസരിച്ചു രണ്ടേ രണ്ടു വാക്കുകള്‍ പറഞ്ഞു. അതിങ്ങനെയായിരുന്നു. ”ഭക്ഷണം മോശം”.

രണ്ടാംവര്‍ഷം പൂര്‍ത്തിയായപ്പോള്‍ വീണ്ടും ആശ്രമാധിപന്‍ യുവാവിനോടു രണ്ടുവാക്കു പറയാന്‍ ആവശ്യപ്പെട്ടു. യുവാവ് പറഞ്ഞു: ”കിടക്ക കടുപ്പമുള്ളത്”

മൂന്നാമത്തെ വര്‍ഷത്തെ പരിശീലനം കഴിഞ്ഞപ്പോള്‍ യുവാവിനെ വീണ്ടും വിളിച്ചു. ഇക്കുറിയും അയാള്‍ രണ്ട് രണ്ടു വാക്കുകള്‍ പറഞ്ഞു: ”ഞാന്‍ പോകുന്നു”.

ആശ്രമാധിപന്‍ പറഞ്ഞു: ‘എനിക്ക് താങ്കളുടെ ഈ നിലപാടില്‍ അത്ഭുതമില്ല. കാരണം ഒന്നും രണ്ടും വര്‍ഷം പൂര്‍ത്തിയായപ്പോള്‍ താങ്കള്‍ ഈരണ്ടു വാക്കുകളില്‍ പരാതിയാണല്ലൊ പറഞ്ഞത്. അതിന്റെ തുടര്‍ച്ചയാണു മൂന്നാം വര്‍ഷത്തെ ഈ രണ്ടു വാക്കുകള്‍!’

യുവാവ് ആശ്രമജീവിതം ഉപേക്ഷിച്ചു യാത്രയായി. തനിക്കു സംസാരിക്കാന്‍ ലഭിച്ച നല്ല അവസരങ്ങളിലെല്ലാം പരാതികള്‍ മാത്രം പറയുവാനാണ് ആ യുവാവ് തയ്യാറായത്. അയാള്‍ക്ക് അസംതൃപ്തിയും പരാതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ആശ്രമത്തിലെ നന്മകള്‍ കാണാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ഫലം അയാള്‍ക്ക് തന്റെ ലക്ഷ്യമായിരുന്ന സന്ന്യാസ ജീവിതത്തിലേക്കു പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. തൃപ്തിയാണ് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിന്റെ ഒരു അടിസ്ഥാനശില.

”അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും” (1 തിമൊഥെയോസ് 6:6)