ജോജി ടി സാമുവൽ
‘അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാര്‍ എല്ലാവരും ഒരുമിച്ചു കൂടി ഇക്കരെ കടന്നു യിസ്രായേല്‍ താഴ്വരയില്‍ പാളയം ഇറങ്ങി. അപ്പോള്‍ യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേല്‍ വന്നു. അവന്‍ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കല്‍ വിളിച്ചു കൂട്ടി. അവന്‍ മനെശ്ശയില്‍ എല്ലാടവും ദൂതന്മാരെ അയച്ചു. അവരെയും തന്റെ അടുക്കല്‍ വിളിച്ചു കൂട്ടി.ആശേരിന്റേയും സെബുലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു. അവരും പുറപ്പെട്ടു വന്ന് അവരോടു ചേര്‍ന്നു…’ (ന്യായാധിപന്മാര്‍ 6: 33-35).
പരാക്രമശാലിയായ ഗിദെയോന്റെ ജീവിതത്തിലെ പരസ്യമായ ആദ്യ ചുവടിന്റെ കഥയാണിത്. കോതമ്പു ശത്രുക്കളായ മിദ്യാന്യരുടെ കയ്യില്‍ പെടാതിരിക്കാന്‍ മെതിച്ചുകൊണ്ടിരിക്കെയാണ് ഗിദെയോന് യഹോവയുടെ ആദ്യ പ്രത്യക്ഷതയുണ്ടാകുന്നത്. ‘ഈ ബലത്തോടെ പോക. നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്‍ നിന്നു രക്ഷിക്കും’ എന്ന നിയോഗവും ലഭിച്ചു. എന്നാല്‍ പിന്നെയും സംശയിച്ചും രഹസ്യത്തിലുമാണ് ഗിദെയോന്‍ മെല്ലെ മുന്നോട്ടു നീങ്ങിയത്. ഒടുവിലിതാ മിദ്യാന്യരും അമാലേക്യരും കിഴക്കെദേശക്കാര്‍ എല്ലാവരും ചേര്‍ന്നു യിസ്രായേല്യരെ നേരിടാന്‍ യോര്‍ദാന്‍ നദി കടന്ന് യിസ്രായേല്‍ താഴ്വരയില്‍ പാളയമിറങ്ങി. അപ്പോള്‍ ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ ഗിദെയോന്റെ മേല്‍ വന്നു. ഗിദെയോന്‍ പരസ്യമായി രംഗത്തിറങ്ങി. പക്ഷേ ആളുകളാല്‍ നായകന്‍ എന്നംഗീകരിക്കപ്പെട്ടെങ്കിലും ആ അംഗീകരമോ ജനപ്രീതിയോ ഒന്നും തലയ്ക്കു പിടിക്കാതിരുന്ന ഗിദയോന്‍ അപ്പോഴും ദൈവത്തോട് ആലോചന ചോദിക്കാന്‍ മടിച്ചു നിന്നില്ല. തോല്‍കൊണ്ടു രണ്ടുപരീക്ഷണം നടത്തി ദൈവം തന്റെ ഒപ്പം ചുവടു വയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയശേഷം ഗിദെയോന്‍ അതികാലത്തു ജനത്തെ നയിച്ചു പുറപ്പെട്ട് ഹരോദ് ഉറവിന്നരികെ മിദ്യാന്യര്‍ക്കെതിരെ പാളയം ഇറങ്ങി (ന്യായാധിപന്മാര്‍ 7: 1).
അപ്പോഴിതാ എല്ലാ പദ്ധതികളെയും തകിടം മറിച്ചുകൊണ്ടു ദൈവത്തിന്റെ ഒരിടപെടല്‍-നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു. എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേല്‍ എന്റെ നേരെ വമ്പു പറയാതിരിക്കേണ്ടതിന് ഞാന്‍ മിദ്യാന്യരെ ഇവരുടെ കയ്യില്‍ ഏല്‍പിക്കയില്ല. ആകയാല്‍ നീ ചെന്ന് ആര്‍ക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കില്‍ അവന്‍ ഗിലെയാദ് പര്‍വ്വതത്തില്‍ നിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തില്‍ പ്രസിദ്ധപ്പെടുത്തുക എന്നു കല്‍പിച്ചു. എന്നാറെ ജനത്തില്‍ ഇരുപത്തീരായിരം പേര്‍ മടങ്ങിപ്പോയി. പതിനായിരം പേര്‍ ശേഷിച്ചു.
കന്നിയുദ്ധത്തിനിറങ്ങുന്ന ആരുടേയും മനസ്സു മടുത്തുപോകുന്ന ഒരു സന്ദര്‍ഭം. മൊത്തം 32,000 പേരാണു അബിയേസ്യരുള്‍പ്പെടെ (അവര്‍ ഗിദെയോന്റെ സ്വന്തം കുടുംബക്കാര്‍ ആയിരുന്നു- ന്യായാധിപന്മാര്‍ 6:34, 8:2, 8:32 എന്നിവ നോക്കുക) യിസ്രായേല്യരില്‍ നിന്നു യുദ്ധത്തിനു തയ്യാറായി വന്നത്. അതില്‍ 31,000 പേരും ഇപ്പോള്‍ മടങ്ങിപ്പോയി! തുടക്കം തന്നെ എത്ര നിരാശാജനകം പക്ഷേ ദൈവം അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. യഹോവ പിന്നേയും ഗിദെയോനോട്, ആ പതിനായിരം പേരെ വെള്ളത്തിനടുത്തേക്കു നയിക്കാന്‍ നിര്‍ദേശിച്ചു. അരുവിയില്‍ നിന്നു വെള്ളം കൈക്കുമ്പിളിലെടുത്തു വായ്ക്കുവച്ചു നക്കിക്കുടിക്കുന്നവരെയും വെള്ളം കുടിക്കാന്‍ അരുവിയിലേക്കു മുട്ടു കുത്തികുനിയുന്നവരെയും രണ്ടായി തിരിക്കാന്‍ കല്പിച്ചു. വെള്ളം കുടിക്കാന്‍ മുട്ടുകുത്തി കിടന്ന ഭൂരിപക്ഷം പേരെ കണ്ടെത്തി വീട്ടിലേക്കു പറഞ്ഞുവിട്ടു. അവശേഷിച്ച 300 പേരുമായി യുദ്ധത്തിനു പോകാനായിരുന്നു ദൈവം ഗിദെയോനോട് ആവശ്യപ്പെട്ടത്.
(ഗിലെയാദ് പര്‍വ്വതത്തില്‍ നിന്നു ഭയവും ഭീരുതയുമുള്ളവരെയും അരുവിക്കരയില്‍ നിന്നു വെള്ളം കുടിക്കാന്‍ മുട്ടുകുത്തി കുനിഞ്ഞ വരെയും പറഞ്ഞു വിട്ട രണ്ടു സംഭവങ്ങളില്‍ നിന്നു രണ്ട് ആത്മിക പാഠങ്ങള്‍ നമുക്ക് ഇങ്ങനെ എടുക്കാന്‍ കഴിയും. ആദ്യ സംഭവത്തില്‍ എന്റെ കൈ എന്നെ രക്ഷിച്ചു എന്നു വമ്പു പറയാതിരിക്കാനാണ് ഭീരുക്കളെ പറഞ്ഞു വിട്ടതെന്നു വ്യക്തമാക്കിയിരിക്കുന്നു. അപ്പോള്‍ സ്വയ പ്രശംസയില്‍ അഭിരമിക്കുന്നവര്‍ വാസ്തവത്തില്‍ അകമേ ഭീരുക്കളാണെന്ന് നമുക്കിവിടെ നിന്നു മനസ്സിലാക്കാം. രണ്ടാമത്തെ സംഭവത്തില്‍ രണ്ടു കൂട്ടരും വെള്ളം കുടിച്ചു.എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ജലം കയ്യില്‍ കോരി വായ്ക്കു സമീപം വച്ചു നക്കി കുടിച്ചപ്പോള്‍ ശത്രു വരുന്നുണ്ടോ എന്നു നോക്കുവാന്‍ അവര്‍ക്കു കഴിയുമായിരുന്നു.ഇതേസമയം, വെള്ളത്തിനായി ഭൂമിയിലേക്കു മുട്ടുകുത്തി കുനിഞ്ഞവര്‍ക്ക് ഈ ജാഗ്രത ഉണ്ടായിരുന്നില്ല.നാം ഈ ലോകത്തിലായിരിക്കുമ്പോള്‍ ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ പണം,അവസരങ്ങള്‍,ബന്ധങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ല.പക്ഷേ നാം ഒരു യുദ്ധക്കളത്തിലാണെന്നതു മറന്ന് അവയിലേക്കു മുട്ടുകുത്തി കമിഴ്ന്നു കിടക്കരുത്).
അപ്പോള്‍ നോക്കുക. 32,000 ആളുകള്‍ വന്നിടത്തു ഗിദെയോന്‍ 31,700 പേരെയും മടക്കി അയച്ചു. ശേഷിച്ച 300 പേരുമായി വേണം 1,35,000 വരുന്ന ശത്രുസൈനികരോട് (ന്യായാധി.8:10 കാണുക) ഏറ്റുമുട്ടുവാന്‍. തീര്‍ച്ചയായും ആരും പതറിപ്പോകുാവുന്ന ഒരു സന്ദര്‍ഭം. എന്നാല്‍ ഗിദെയോനെ ശക്തിപ്പെടുത്തുവാന്‍ രാത്രിയില്‍ മിദ്യാന്യപാളയം സന്ദര്‍ശിക്കുവാന്‍ ദൈവം ഗിദെയോനു പ്രേരണ നല്‍കി(7:9-14). അവിടെ ചെന്ന ഗിദെയോന്‍ ഒരു മിദ്യാന്യന്‍ കൂട്ടുകാരനോടു താന്‍ കണ്ട സ്വപ്നം വിവരിക്കുന്നതാണു കേട്ടത്.ഒരു യവത്തപ്പം ഉരുണ്ടു വന്ന് ഒരു കൂടാരം തള്ളി മറിച്ചിടുന്നതായിരുന്നു സ്വപ്നം. യവത്തപ്പം യിസ്രായേലിലെ ഗിദെയോനെപ്പോലുള്ള സാധാരണ കര്‍ഷകരുടെ ഭക്ഷണമായിരുന്നു.കൂടാരമാകട്ടെ മിദ്യാന്യ സൈന്യത്തിന്റെ പ്രതീകവും.ശത്രുക്കളുടെ വായില്‍നിന്നു കേട്ട ഈ സ്വപ്നവും വ്യാഖ്യാനവും ഗിദെയോന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തി. ഫലം, യുദ്ധത്തിനു പോകും മുന്‍പ് ഗിദെയോന്‍ ദൈവത്തെ ആരാധിച്ചു (7:15).
തുടര്‍ന്ന് യിസ്രായേല്‍ താഴ്വരയില്‍ നടന്ന യുദ്ധവും ഏറെ പ്രത്യേകതയുള്ളതായിരുന്നു. ഗിദെയോന്റെ സൈന്യത്തിന്റെ കയ്യില്‍ വാളും പരിചയും കുന്തവുമായിരുന്നില്ല ഉണ്ടായിരുന്നത്, മറിച്ച് കുടവും പന്തവും കാഹളവുമായിരുന്നു. അവര്‍ രാത്രിയില്‍ മിദ്യാന്യ പാളയത്തിനു സമീപം നിലയുറപ്പിച്ച് ഓരോരുത്തരും കാഹളം ഊതി, കുടം ഉടച്ച്, കുടത്തിനുള്ളിലെ പന്തം ജ്വലിപ്പിച്ച് ‘യഹോവയ്ക്കും ഗിദെയോനും വേണ്ടി വാള്‍’ എന്നാര്‍ത്തു. അപ്പോള്‍ മിദ്യാന്യ പടയാളികള്‍ ആകെ പരിഭ്രാന്തരായി അന്യോന്യം വെട്ടിനശിപ്പിച്ചു. യിസ്രായേല്‍ താഴ് വരയില്‍ ദൈവം തന്നെ യിസ്രായേല്യര്‍ക്കു വേണ്ടി യുദ്ധം ചെയ്യുകയായിരുന്നു. ഫലം, ഒരു വാള്‍ പോലും വീശാതെ യിസ്രായേല്യര്‍ വിജയശ്രീലാളിതരായി!
യിസ്രായേല്‍ താഴ്വര ഇന്നു നമുക്കു നല്‍കുന്ന സന്ദേശം എന്താണ്?. യിസ്രായേല്‍ താഴ്വരയില്‍ നടന്ന കുടം ഉടച്ച് വെളിച്ചം പ്രകാശിപ്പിച്ച സംഭവം പരാമര്‍ശിക്കുന്ന വാക്യം നമുക്കു പുതിയനിയമത്തില്‍ കാണാം. 2കൊരിന്ത്യര്‍ 4:6,7 കാണുക. ‘ഇരുട്ടില്‍ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു.എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമ്രേത എന്നു വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളത് ‘
യഥാര്‍ഥ വെളിച്ചം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പ്രകാശമാണ്. എന്നാല്‍ അത് ദാനമായി നിക്ഷേപിച്ചിരിക്കുന്നതു നാമാകുന്ന മണ്‍പാത്രത്തിനുള്ളിലാണ്. ഈ വെളിച്ചം ഇരുട്ടില്‍ എങ്ങനെ പ്രകാശിക്കും? അതിന് ഒരു മാര്‍ഗമേ ഉള്ളു- ഈ മണ്‍കുടം ഉടയണം. യിസ്രായേല്‍ താഴ്വരയില്‍ മണ്‍പാത്രം ഉടഞ്ഞു. ഇരുട്ടില്‍ വെളിച്ചം പ്രകാശിച്ചു. വലിയ ജയം കൈവന്നു. എല്ലാം ദൈവത്തിന്റെ ദാനം. ഇന്ന് ഈ വിജയം കൈവരുവാന്‍ മണ്‍പാത്രങ്ങളായ നാമും ഉടയണം. ഒരു നുറുക്കം അറിയണം.
യിസ്രായേല്‍ താഴ്വരയില്‍ ഗിദെയോനും കൂട്ടര്‍ക്കും ജയം ലഭിച്ചത് അവരുടെ സ്വന്തശക്തികൊണ്ടോ കഴിവുകൊണ്ടോ ആണോ? അല്ല. മാത്രമല്ല അവരുടെ സ്വശക്തി ദൈവം വലിയൊരളവു വരെ ചോര്‍ത്തിക്കളഞ്ഞു. അല്ലെങ്കില്‍ നോക്കുക: യുദ്ധത്തിനു പോകുന്ന ആളുകളുടെ എണ്ണം പടിപടിയായി കുറച്ചുകൊണ്ടു വന്നു. ഒടുവില്‍ ആ ചുരുക്കംപേര്‍ തന്നെ യുദ്ധക്കളത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കാനാണു ദൈവം അനുവദിച്ചത്? മനുഷ്യരുടെ സ്വാഭാവിക യുക്തിക്കും കണക്കുകൂട്ടലുകള്‍ക്കും വലിയൊരാഘാതം ഏല്‍പിച്ചുകൊണ്ട് ദൈവശക്തിയില്‍ മാത്രം ആശ്രയിച്ചു പ്രവര്‍ത്തിക്കാനാണ് അവരെ അവിടുന്ന് അനുവദിച്ചത്. അവര്‍ ഇങ്ങനെ ദൈവകല്പനയെയും ദൈവം നിയോഗിച്ച നേതൃത്വത്തെയും ഒരളവില്‍ മഠയരെപ്പോലെ അന്ധമായി അനുസരിക്കണമെങ്കില്‍ തീര്‍ച്ചയായും സ്വയബലം വലിയ നിലയില്‍ നുറുങ്ങി പോകണം. സംശയമില്ല.
അതുപോലെ യിസ്രായേല്‍ താഴ്വരയില്‍ മിദ്യാനെ തോല്‍പിച്ചു എന്നതിനു മറ്റൊരു മാനവുമുണ്ട്. ‘മിദ്യാന്‍’ എന്ന വാക്കിന്റെ അര്‍ഥം ‘ശാഠ്യം’ എന്നാണ്. സ്വന്ത ഇഷ്ടം എങ്ങനെയും സ്ഥാപിക്കാനുള്ള കാഠിന്യമാണിത്. എന്നാല്‍ ഈ ശാഠ്യത്തിന് എതിരായ കാര്യം എന്താണ്? അതു കീഴടക്കമാണ്, ബലമില്ലായ്മയാണ്. ചുരുക്കത്തില്‍ ശാഠ്യത്തെ ദൈവത്തിലുള്ള സമ്പൂര്‍ണ ആശ്രയം നല്‍കുന്ന ബലമില്ലായ്മകൊണ്ടു മാത്രമേ നമുക്കു കുറുകെ കടക്കാനാവൂ. മനുഷ്യനിലുള്ള സ്വഭാവികബലത്തിനു തകര്‍ച്ച സംഭവിക്കുന്നതു നുറുക്കത്തിലൂടെയാണു താനും. മിദ്യാന്യ ശാഠ്യത്തെ ഇങ്ങനെയാണു തോല്‍പിക്കേണ്ടതെന്നാണ് യിസ്രായേല്‍ താഴ്വര നല്‍കുന്ന പാഠം.
നുറുങ്ങപ്പെട്ട ഒരുവനെ മാത്രമേ താന്‍ ഉപയോഗിക്കുകയുള്ളുവെന്ന സന്ദേശമാണു ദൈവം ആദ്യം മുതല്‍ യിസ്രായേലിനു നല്‍കുന്നത്. യിസ്രായേലിനെ അടിമത്വത്തില്‍ നിന്നു മോചിപ്പിക്കാന്‍ ദൈവം ഉപയോഗിച്ച മനുഷ്യനായ മോശെയുടെ കാര്യം തന്നെ നോക്കുക. ഒരു എബ്രായനോടു മോശമായി പെരുമാറിയ മിസ്രയേമ്യനെ അടിച്ചുകൊന്നു ശരീരം മണലില്‍ തനിയെ മറവു ചെയ്ത ശക്തനായ ഒരുവനായിരുന്നു തുടക്കത്തില്‍ മോശെ (പുറപ്പാട്2:12). പക്ഷേ ദൈവം അവനെ നുറുക്കി ഒടുവില്‍ ഏത് എതിര്‍പ്പിന്റെയും മുന്‍പില്‍ മുഖം പൊടിയില്‍ വച്ചു ദൈവത്തില്‍ മാത്രം ശരണപ്പെടുന്ന ഭൂതലത്തിലെ അതിസൗമ്യനായി അവന്‍ മാറി. (സംഖ്യ 16:4, 12:3). ഇങ്ങനെ നുറുങ്ങിപ്പോയതിന്റെ ഫലം എന്തായിരുന്നു? മണ്‍പാത്രം ഉടയുമ്പോഴാണു വെളിച്ചം പ്രകാശിക്കുക എന്നു നാം നേരത്തെ കണ്ടത് മോശെയെ സംബന്ധിച്ചും അക്ഷരാര്‍ഥത്തില്‍ തന്നെ നിറവേറിയല്ലോ. (പുറപ്പാട് 34:29-35, 2 കൊരിന്ത്യര്‍ 3:7-18)
പുതിയ നിയമത്തിലേക്കു വരുമ്പോള്‍ മോശെയെപ്പോലെ ദൈവം ഉപയോഗിച്ച ദൈവഭൃത്യനാണ് പൗലൊസ്. പൗലോസിനെ ഇതേപോലെ നുറുക്കുവാനും നിരന്തരം ബലമില്ലായ്മയില്‍ നിര്‍ത്തുവാനും ദൈവം ചെയ്തത് തനിക്ക് ജഡത്തില്‍ ഒരു ശൂലം അനുവദിക്കുകയായിരുന്നു എന്ന പൗലൊസിന്റെ വിശദീകരണം കാണുക (2കൊരിന്ത്യര്‍ 12:7-9)
യഥാര്‍ഥത്തില്‍ നുറുങ്ങപ്പെട്ട ഒരുവന്‍ ആത്മാവില്‍ ദരിദ്രനായിരിക്കും. തന്റെ പ്രസിദ്ധമായ പര്‍വ്വതപ്രസംഗത്തില്‍ തുടക്കത്തില്‍ തന്നെ കര്‍ത്താവ് ഇതിനെക്കുറിച്ചാണു പറയുന്നത് (മത്തായി 5:3). ആത്മാവിലെ ദാരിദ്ര്യം പലര്‍ക്കും ഒരു കീറാമുട്ടിയാണ്.മനസ്സിലാകുന്നില്ല. ആത്മാവില്‍ ദരിദ്രനെങ്ങനെയാണു ഭാഗ്യവാനാകുക? ആത്മാവില്‍ സമ്പന്നനല്ലേ ഭാഗ്യവാന്‍? നമ്മള്‍ ആത്മാവില്‍ സമ്പന്നരാകാനല്ലേ ആഗ്രഹിക്കേണ്ടത്, അല്ലാതെ ദരിദ്രരാകാനല്ലല്ലോ…ഇങ്ങനെ പോകുന്നു ഇതു സംബന്ധിച്ച സംശയങ്ങള്‍. എന്നാല്‍ ആത്മാവിലെ ദാരിദ്ര്യം ഭൗതികദാരിദ്ര്യം പോലെയാണെന്നു മനസ്സിലാക്കിയാല്‍ എളുപ്പമായി.മത്തായി 5:3ല്‍ ഉപയോഗിച്ചിരിക്കുന്ന ദരിദ്രന്‍ എന്ന അതേ വാക്കു തന്നെ നമ്മള്‍ ലൂക്കോസ് 16:20ലും കാണുന്നത്. അവിടെ അത് ലാസറിനെ പരാമര്‍ശിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ലാസര്‍ ഈ ലോകത്ത് തീര്‍ത്തും ദരിദ്രനായിരുന്നു. അതുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ എന്തെങ്കിലും കിട്ടേണ്ടതിന് സമീപത്തുള്ള ഒരു ധനവാന്റെ പടിപ്പുരയ്ക്കല്‍ തന്നെ അവന്‍ എപ്പോഴും ജാഗരിച്ചു കിടന്നു. ആത്മാവിലെ ദരിദ്രനും ഇങ്ങനെയാണ്. അവന് അവനില്‍ തന്നെ ഒരു സമ്പന്നതയില്ല. തന്നില്‍തന്നെ ഒരു ബലമില്ല. അവന്‍ ഒരോ ദിവസവും ദൈവത്തില്‍ തന്നെ ആശ്രയിക്കുന്നു. തന്നില്‍തന്നെ പ്രശംസിക്കുവാനോ പുകഴുവാനോ അവനൊന്നുമില്ല.പ്രശംസിക്കുവാനുള്ളത് സ്വന്തം ബലഹീനതയില്‍ മാത്രം (2കൊരിന്ത്യര്‍ 12: 9).
ആത്മാവിലെ ദരിദ്രന് നാളുകഴിയുന്തോറും ദൈവാശ്രയം ദൈവത്തോടുള്ള പരിചയം വര്‍ധിക്കുന്നതിനനുസരിച്ചു കുറയുകയല്ല, മറിച്ചു കൂടുകയാണ്. ഇതെങ്ങനെ കഴിയും? ദൈവത്തെ, ദൈവിക ഉതവികളെ കൂടുതല്‍ കൂടുതല്‍ തനിക്ക് ആവശ്യമുണ്ടെന്ന ബോധ്യം വര്‍ധിച്ചു വരുന്നതാണ് ഇതിനു കാരണം. ഉദാഹരണത്തിന് പൗലൊസ് തന്നെക്കുറിച്ചു തന്നെ മുന്നു കാലഘട്ടത്തില്‍ നടത്തുന്ന മൂന്നു പ്രസ്താവനകള്‍ നോക്കുക-1കൊരിന്ത്യര്‍11:9, എഫേസ്യര്‍ 3:8, 1തിമൊഥെ.1:15 എന്നീ ഭാഗങ്ങള്‍ വായിക്കുക. (ഇതില്‍ 1കൊരിന്ത്യര്‍ എഡി 59ലും, എഫേസ്യര്‍ എഡി64ലും, 1തിമൊഥെയോസ് എഡി 65ലും എഴുതി എന്നാണു കാലക്കണക്ക് ).
ഇതില്‍ ആദ്യം 1കൊരിന്ത്യര്‍ 11:9ല്‍ അപ്പോസ്തലന്മാരില്‍ ഏറ്റവും ചെറിയവന്‍ എന്നു പൗലൊസ് സ്വയം വിശേഷിപ്പിക്കുന്നു. രണ്ടാമത് എഫേസ്യര്‍ 3:8ല്‍ ഒരു പടികൂടെ താഴ്ത്തി വിശുദ്ധന്മാരില്‍ ഏറ്റവും ചെറിയവന്‍ എന്നു തന്നെത്തന്നെ വിലയിരുത്തുന്നു.ഒടുവിലായി 1തിമൊഥെയോസ് 1:15ല്‍ വര്‍ധിച്ച പാപബോധത്തോടെ ഈ ലോകത്തുള്ള എല്ലാ പാപികളിലും ഏറ്റവും അധപ്പതിച്ചവന്‍ എന്നാണു തന്നെക്കുറിച്ചു തന്നെ പരാമര്‍ശിക്കുന്നത്. കണ്ടോ, കര്‍ത്താവായ യേശുക്രിസ്തുവിന്റെ പാപക്ഷമയുടെയും നീതീകരണത്തിന്റേയും ആവശ്യകത ഒരോ പടിയിലും വര്‍ധിച്ചു വര്‍ധിച്ചാണു വരുന്നത്! പൗലൊസിന് യേശുവിനെ കൂടുതല്‍ കൂടുതല്‍ ആവശ്യമായി വരുന്നു. ലോകരീതിയനുസരിച്ച് സീനിയോറിറ്റി കൂടുന്നതിനനുസരിച്ച് ഒരാള്‍ക്കു തന്നെക്കുറിച്ചു തന്നെയുള്ള മതിപ്പും ആത്മവിശ്വാസവും വര്‍ധിക്കുകയല്ലേ വേണ്ടത്? പക്ഷേ പൗലൊസിനു വര്‍ധിച്ചുവരുന്നതു പാപബോധവും സ്വയബലമില്ലായ്മയുമാണ്- ദൈവകരങ്ങളില്‍ നുറുങ്ങപ്പെട്ട ഒരുവന്റെ മാറിക്കൂടാത്ത ലക്ഷണമാണിത്. പാപികളില്‍ ഞാന്‍ ഒന്നാമന്‍ എന്നു പൌലൊസ് ജീവിതസായാഹ്നത്തില്‍ പറയുന്നത് ഒരു ഭംഗിവാക്കല്ല. ദൈവികവെളിച്ചത്തില്‍ തന്നെത്തന്നെ കാണുന്ന ഒരുവന്റെ നേര്‍സാക്ഷ്യമാണിത്.
വെളിച്ചം വര്‍ധിച്ചു വരുമ്പോഴാണു നാം നമ്മുടെ കുറവുകള്‍ കൂടുതല്‍ കൂടുതല്‍ കാണുക. ഉദാഹരണത്തിനു നമ്മുടെ ഉടുപ്പില്‍ ചില കറകള്‍ ഉണ്ടെന്നിരിക്കട്ടെ. പൂജ്യം വാട്ട് ബള്‍ബിന്റെ വെളിച്ചത്തില്‍ അതു നമ്മുടെ ദൃഷ്ടിയില്‍ പെട്ടെന്നു വന്നുവെന്നു വരികയില്ല. എന്നാല്‍ 100 വാട്ട് ബള്‍ബിന്റെ വെളിച്ചത്തിനു മുന്നില്‍ ആ കറകള്‍ നാം വ്യക്തമായി കാണും.
പൗലൊസിന്റെ ജീവിതത്തില്‍ ദൈവികവെളിച്ചം വര്‍ധിച്ചുവരികയായിരുന്നു എന്നു നമുക്കറിയാം. ദമസ്‌കോസിന്റെ പടിവാതില്‍ക്കല്‍ വച്ചു തന്നെ ചുറ്റി മിന്നിയ വെളിച്ചമായിരുന്നു അക്ഷരാര്‍ഥത്തില്‍ അതിന്റെ തുടക്കം. എന്നാല്‍ ഈ വെളിച്ചത്തെക്കുറിച്ചു പൗലൊസ് നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുന്നത് ഇത്തരുണത്തില്‍ പ്രയോജനകരമായിരിക്കും. അപ്പോ.പ്രവൃത്തി 9:3, 22:6, 26:13 എന്നീ മൂന്നു ഭാഗങ്ങള്‍ നോക്കുക. ദമസ്‌കോസ് സംഭവം ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് പ്രവൃത്തി 9:3ല്‍ ആണ്. ലൂക്കോസാണ് അപ്പോസ്തല പ്രവൃത്തികളുടെ രചയിതാവ്. ലൂക്കോസ് ഈ രംഗത്തിനു ദൃക്സാക്ഷിയല്ല. തീര്‍ച്ചയായും പൗലൊസ് നല്‍കിയ വിവരണം അനുസരിച്ചാണ് ലൂക്കോസ് ഈ കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ചുറ്റിമിന്നിയ സ്വര്‍ഗീയ വെളിച്ചത്തെ ‘ഒരു വെളിച്ചം’ എന്നാണു പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ചില വര്‍ഷങ്ങള്‍ കഴിഞ്ഞ് ന്യായാധിപസംഘത്തിനും യെഹൂദന്മാര്‍ക്കും മുന്‍പില്‍ തന്റെ സാക്ഷ്യം പറയുമ്പോള്‍ പൗലൊസ് ഈ വെളിച്ചത്തെ വിശേഷിപ്പിക്കുന്നത് ‘വലിയൊരു വെളിച്ചം’ (22:6) എന്നാണ്. പിന്നീട് 26:13ല്‍ അഗ്രിപ്പാരാജാവിനോട് പ്രതിവാദിക്കുമ്പോള്‍ പൗലൊസ് പറയുന്നതാകട്ടെ ‘സൂര്യന്റെ പ്രകാശത്തെ കവിഞ്ഞോരു വെളിച്ചം’ എന്നാണ്. ചുരുക്കത്തില്‍ നാളുകള്‍ കഴിഞ്ഞു പോകുന്തോറും വെളിച്ചത്തെ കൂടുതല്‍ തീവ്രമായാണ് പൗലൊസ് കാണുന്നതും ചിത്രീകരിക്കുന്നതും എന്നു സാരം. പൗലൊസിന്റെ ജീവിതത്തില്‍ ഉണ്ടായ ദൈവാനുഭവത്തെക്കുറിച്ചുള്ള ഓര്‍മ, തിരിച്ചറിവ്, അംഗീകാരം ഇത് ഓരോദിവസവും കുറയുകയല്ല, കൂടിവരികയാണ്. വെളിച്ചത്തിന്റെ തീവ്രത വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും പാപം കൂടുതല്‍ പാപകരമായി തോന്നുന്നതില്‍ എന്തദ്ഭുതം?
പൗലൊസിനും ക്രിസ്തീയ ജീവിതത്തില്‍ മുന്നോട്ടു പോകുന്നതിനനുസരിച്ച് വെളിച്ചം വര്‍ധിച്ചു വന്നു. കറകള്‍ കൂടുതല്‍ തെളിമയോടെ കാണാന്‍ തുടങ്ങി. ഫലം പാപബോധം കൂടിക്കൂടി വന്നു. സ്വയബലം ശോഷിച്ചു. നുറുക്കം യാഥാര്‍ഥ്യമായി.താഴ്മയും ക്രിസ്തുവിന്റെ തേജസ്സും വര്‍ധിച്ചുവന്നു. ഇന്നു നമ്മെ സംബന്ധിച്ചും ഇങ്ങനെയായിരിക്കണം.
യിസ്രായേല്‍ താഴ്വരയില്‍ മാറ്റൊലിക്കൊള്ളുന്നത് നുറുക്കത്തിന്റെ സന്ദേശമാണ്. സ്വയബലം പടിപടിയായി തകര്‍ന്നതിനെ തുടര്‍ന്നു ദൈവത്തില്‍ പൂര്‍ണമായി ശരണപ്പെട്ട ഗിദെയോനും സംഘവും അവിടെ മണ്‍കുടം തകര്‍ത്തു പ്രകാശം പ്രസരിപ്പിച്ചപ്പോള്‍ യിസ്രായേല്‍ താഴ്വരയില്‍ വിജയം കരഗതമായി. മോശെയുടെയും പൗലൊസിന്റേയും അനുഭവങ്ങളും വിരല്‍ ചൂണ്ടുന്നത് നുറുക്കത്തിന്റെ അനിവാര്യതയിലേക്കു തന്നെ.
ഇന്നു നമുക്കായി മുഴങ്ങുന്ന ദൈവിക ആഹ്വാനവും ഇതുതന്നെയല്ലേ?