മതിലോ ചിലന്തിവലയോ?

spider web

വടക്കേ ആഫ്രിക്കയിലെ ഒരു വിശ്വാസിയായിരുന്നു ഫ്രെഡറിക് നോളൻ, ശത്രുക്കൾ കൊലപ്പെടുത്താനായി പിൻതുടർന്നപ്പോൾ അദ്ദേഹം മലമുകളിലേക്കു പലായനം ചെയ്തു. ശത്രുക്കൾ പിന്നാലെ ഓടിത്തളർന്ന അദ്ദേഹം ഒടുവിൽ അവർ പിടിക്കുന്നെങ്കിൽ പിടിക്കട്ടെ എന്ന മനോഭാവത്തോടെ മലമുകളിൽ കണ്ട ഒരു ഗുഹയിലേക്ക് ഓടിക്കയറി.

അദ്ദേഹം അകത്തു കയറി രണ്ടു മിനിറ്റു കഴിഞ്ഞില്ല. ഗുഹയുടെ വാതിലിനുകുറുകെ ഒരു ചിലന്തി വലിയൊരു വല കെട്ടുവാൻ തുടങ്ങി. മിനിറ്റുകൾക്കുള്ളിൽ ഗുഹാകവാടം അടച്ചുകൊണ്ട് വലിയൊരു ചിലന്തിവല.

പിന്തുടർന്നെത്തിയ ശത്രുക്കൾ ഫ്രെഡറിക് നോളൻ ഗുഹയിൽ കാണുമെന്നു കരുതി അതിൽ കടന്നു പരിശോധിക്കാമെന്നു ചിന്തിച്ചു. പെട്ടെന്നാണവർ ചിലന്തിവല കണ്ടത്. ‘ചിലന്തിവല പൊട്ടിക്കാതെ ആർക്കും ഗുഹയിൽ കയറാൻ കഴിയുകയില്ലല്ലോ’ എന്നവർ ഓർത്തു. കേടുകൂടാതെ നിൽക്കുന്ന ചിലന്തിവല കണ്ട് ഫ്രെഡറിക് നോളൻ മുന്നോട്ടു പോയിരിക്കുമെന്നു കരുതി ഗുഹയ്ക്കുള്ളിൽ കയറി നോക്കാതെ അവരും മുന്നോട്ട് ഓടി. ശത്രുക്കൾ പോയിക്കഴിഞ്ഞപ്പോൾ ഇതിനകം ക്ഷീണം തീർത്ത ഫ്രെഡറിക് നോളൻ ഗുഹയ്ക്കു പുറത്തു കടന്നു രക്ഷപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: “ദൈവം ഉള്ളിടത്ത് ചിലന്തിവല ഒരു മതിലുപോലെയാണ്.
ദൈവം ഇല്ലാത്തിടത്ത് മതിൽ ഒരു ചിലന്തിവല പോലെയും”