പാനപാത്രം നിറഞ്ഞു കവിയുന്നു – WFTW 13 ആഗസ്റ്റ്  2023

സാക് പുന്നൻ

കാനാവിലെ കല്യാണം, മറുവശത്ത് ദൈവത്തെ മാനിക്കുന്നതിലൂടെ വരുന്ന അനുഗ്രഹത്തിൻ്റെ ഒരു നേരിയ കാഴ്ച നമുക്കു നൽകുന്നു (യോഹന്നാൻ 2:1-11). യേശു തൻ്റെ മഹത്വം ആദ്യമായി വെളിപ്പെടുത്താൻ തീരുമാനിച്ചത്, ഒരു വിവാഹത്തിൽ വച്ചായിരുന്നു എന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇന്നും, ഓരോ വിവാഹ ചടങ്ങിലും ഓരോ വിവാഹ ജീവിതത്തിലും അവിടുത്തെ മഹത്വം വെളിപ്പെടുത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു. ലൈംഗികത, പ്രേമം, വിവാഹം ഇവ നമുക്കു വേണ്ടിയുള്ള അവിടുത്തെ വിലയുള്ള ദാനങ്ങളുടെ കൂട്ടത്തിലുള്ളവയാണ്. തന്നെയുമല്ല, നമുക്കു മാത്രമല്ല നമ്മിലൂടെ മറ്റുള്ളവർക്കും അവിടുത്തെ മഹത്വം അവിടുന്നു വെളിപ്പെടുത്തി കൊടുക്കുന്ന മാർഗ്ഗങ്ങളായി തീരാൻ അവയ്ക്കു കഴിയും- നാം അവിടുത്തെ അനുവദിക്കുമെങ്കിൽ മാത്രം.

കാനാവിലെ വീഞ്ഞിൻ്റെ കുറവ് സൂചിപ്പിക്കുന്നത് ഓരോ വിവാഹബന്ധത്തിലും ഉയർന്നു വരാവുന്ന പ്രശ്നങ്ങളും, ആവശ്യങ്ങളുമാണ്. ഈ പ്രശ്‌നങ്ങൾക്ക് ആത്യന്തികമായി ഭർത്താവിനെയും ഭാര്യയേയും ഒരുപോലെ തുടർമാനമുള്ള മോഹഭംഗത്തിലേക്കും നിരാശയിലേക്കും നയിക്കാൻ കഴിയും. എന്നാൽ ഒരു വിവാഹ ജീവിതത്തിൽ യേശുവിന് പരമപ്രധാന സ്ഥാനം നൽകുമ്പോൾ, അവിടുന്ന് വളരെ പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കുകയും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു.

ക്രിസ്തുവിനെ നമ്മുടെ ഭവനത്തിലേക്ക് ഒരു വിരുന്നുകാരനായി ക്ഷണിച്ചാൽ മാത്രം പോരാ, അവിടുന്നു നമ്മുടെ കർത്താവ് (യജമാനൻ) ആയിരിക്കണം. “ക്രിസ്തു ഈ വീടിൻ്റെ നായകൻ” എന്ന മുദ്രാവാക്യം പതിച്ച ഒരു ബോർഡ് ചുവരിൽ തൂക്കുന്നത് അപഹാസ്യമാണ്, വാസ്തവത്തിൽ ഭർത്താവ് (ഭാര്യ!) ആണ് ഭവനത്തിൻ്റെ യഥാർത്ഥനായകൻ എങ്കിൽ. എന്നാൽ എവിടെയെല്ലാം ക്രിസ്തു തലയും നായകനുമായി അംഗീകരിക്കപ്പെടുന്നുണ്ടോ അവിടെയെല്ലാം, അവിടുന്ന് രണ്ടായിരം വർഷങ്ങൾക്കു മുമ്പ് കാനാവിൽ ചെയ്തതുപോലെ അവിടുത്തെ മഹത്വം വെളിപ്പെടുത്തുന്നു (വാക്യം 11).

“അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്വിൻ” എന്നായിരുന്നു അവിടെയുള്ള വേലക്കാരോട് മറിയ നൽകിയ ഉപദേശം (വാക്യം 5). അവർ ആ ഉപദേശത്തെ കണക്കിലെടുത്ത് യേശുവിനെ സന്ദേഹംവിനാ ഉടനെ അനുസരിച്ചു- പെട്ടെന്നു തന്നെ അവരുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. വിവാഹിതരായ ദമ്പതികളും (അതുപോലെ തന്നെ വിവാഹത്തെകുറിച്ചു പര്യാലോചിച്ചു കൊണ്ടിരിക്കുന്ന യുവാക്കളും) ഇതേ ഉപദേശം കാര്യമായെടുത്ത് കർത്താവിൻ്റെ കല്പനകളെ തർക്കം കൂടാതെ ഉടനെയുള്ള അതേ അനുസരണം നിവർത്തിക്കുക, അങ്ങനെയാണെങ്കിൽ, എത്രയും വേഗം അവരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തുവാൻ കഴിയും.

ആ വിവാഹത്തിന് വെള്ളം വീഞ്ഞായി രൂപാന്തരപ്പെട്ടു. രുചിയും നിറവും ഇല്ലാത്ത ഒരു സാധാരണ വസ്തു ഒരു നിമിഷം കൊണ്ട് മധുരമുള്ളതും തിളങ്ങുന്നതും വിലപിടിപ്പുള്ളതുമായ ഒന്നായി മാറ്റപ്പെട്ടു. ഭവനത്തിൽ കർത്താവിനു പൂർണ്ണ നിയന്ത്രണം നൽകി കഴിയുമ്പോൾ (കഠിനവും വിരസവുമായ ദിനചര്യകൾ ഉൾപ്പെടെയുള്ളവ), തിളക്കത്തോടെ പ്രകാശിക്കാൻ തുടങ്ങുന്നത് എങ്ങനെയാണെന്നതിനേയാണ് ഇതു പ്രതീക വൽകരിക്കുന്നത്. രുചിയില്ലാത്തതു മധുരമുള്ളതാകും, തന്നെയുമല്ല നേരത്തെ സാധാരണമെന്നു പുച്ഛിച്ചു തള്ളിയ കാര്യങ്ങളിൽ അനന്തമായ മൂല്യം കാണപ്പെടാൻ തുടങ്ങും.

ആ അത്ഭുത പ്രവൃത്തിയുടെ ഫലമായി അനേകം ആളുകളുടെ ആവശ്യങ്ങളും നിറവേറ്റപ്പെട്ടു. രണ്ടു പങ്കാളികൾക്കും മാത്രം സന്തോഷം പ്രദാനം ചെയ്യുന്നു എന്നതിനാൽ ഒരു ക്രിസ്തീയ വിവാഹം ഒരിക്കലും അതിൻ്റെ ഉദ്ദേശ്യം നിറവേറ്റുന്നില്ല. വിവാഹിതരായ ദമ്പതികൾക്ക് തങ്ങളുടെ പാനപാത്രങ്ങൾ നിരന്തരം നിറഞ്ഞു കവിഞ്ഞു കൊണ്ടിരിക്കണം എന്നതാണ് ദൈവത്തിൻ്റെ ലക്ഷ്യം (സങ്കീ.23:5). അവർ മറ്റ് അനേകർക്ക് അനുഗ്രഹത്തിനുള്ള മാർഗ്ഗമായിരിക്കണം- വാസ്തവത്തിൽ അവർ കണ്ടുമുട്ടുന്ന ഓരോരുത്തർക്കും. ഒരിക്കൽ ദൈവം തൻ്റെ ആജ്ഞാനുവർത്തിയായ ഒരു ദാസനോട്‌ ഇപ്രകാരം പറഞ്ഞു “ഞാൻ നിന്നെ അനുഗ്രഹിക്കും …. നീ ഒരു അനുഗ്രഹമായിരിക്കും – മറ്റുള്ളവർക്ക് നന്മ പകർന്നു കൊടുത്തു കൊണ്ട്…(കൂടാതെ) നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും” (ഉൽപ്പത്തി 12:2,3). ഗലാത്യർ 3:14 അനുസരിച്ച് ആ അനുഗ്രഹം നമുക്കും കൂടിയുള്ളതാണ്. അതിനെക്കാൾ മഹത്തായ എന്തു ലക്ഷ്യമാണ് ഒരുവന് വിവാഹ ജീവിതത്തിൽ ഉണ്ടാകാവുന്നത്? എന്നാൽ നാം ഏതളവിൽ മറ്റുള്ളവർക്ക് അനുഗ്രഹമായി തീരും എന്നത് നമ്മുടെ നിത്യജീവിതത്തിൽ ഏതളവിൽ നാം ദൈവത്തെ അനുസരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. “നീ എൻ്റെ വാക്ക് കേട്ടനുസരിച്ചതുകൊണ്ട് നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്ന് യഹോവ അബ്രാഹാമിനോട് അരുളിചെയ്തു (ഉൽപ്പത്തി 22:18).

ലൈംഗികത, പ്രേമം, വിവാഹം എന്നീ മണ്ഡലങ്ങളിൽ മണ്ടത്തരം കാണിച്ച് പരാജിതരായവർക്ക്, കാനാവിൽ നടന്ന അതിശയം ഒരു പ്രത്യാശയുടെ സന്ദേശം നീട്ടി പിടിക്കുന്നു. കാനാവിൽ വീഞ്ഞു തീർന്നപ്പോൾ, അവർ കർത്താവിങ്കലേക്കു തിരിഞ്ഞു. അപ്പോൾ അവർ നിരാശരാകുവാൻ അവിടുന്ന് അനുവദിച്ചില്ല. നിങ്ങളും നിങ്ങളുടെ ആവശ്യങ്ങളിൽ അവിടുത്തെ അടുത്തേക്കു തിരിഞ്ഞാൽ അവിടുന്ന് നിങ്ങളെയും നിരാശരാകുവാൻ അനുവദിക്കുകയില്ല- നിങ്ങളുടെ പരാജയം എത്ര വലിയതായിരുന്നാലും. നിങ്ങളുടെ ആവശ്യത്തെ കുറിച്ച് സത്യസന്ധരായി നിങ്ങളുടെ പരാജയത്തെ കുറിച്ച് അവിടുത്തോടു പറയാൻ മാത്രമാണ് അവിടുന്ന് നിങ്ങളോട് ആവശ്യപ്പെടുന്നത് (കാനാവിലുള്ളവരെ പോലെ). നിങ്ങളുടെ വിഡ്ഢിത്തം മൂലം ആ പെൺ കുട്ടിയുമായി (അല്ലെങ്കിൽ ആ ആൺകുട്ടിയുമായി) കാര്യങ്ങൾ വളരെ ദൂരം പോകുവാൻ നിങ്ങൾ അനുവദിച്ചോ? പ്രേമത്തിൻ്റെ കാര്യത്തിൽ നിങ്ങൾ മണ്ടത്തരം കാണിച്ചോ- ഒരു പക്ഷെ അജ്ഞത മൂലമായിരിക്കാം? തൽഫലമായി, നിങ്ങൾ സംഭ്രമവും നിരാശയും അഭിമുഖീകരിക്കുന്നുണ്ടോ? മറ്റുള്ളവർ നിങ്ങളെ തെറ്റിദ്ധരിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തോ അല്ലെങ്കിൽ ഒരു പക്ഷെ നിങ്ങളെ അപകീർത്തിപ്പെടുത്തിയോ? എങ്കിൽ ഉടനെ തന്നെ കർത്താവിലേക്കു തിരിയുക, ഒരു നിമിഷം പോലും വൈകാതെ. അവിടുന്ന് പാപികളുടെ സ്നേഹിതനാണ്. അവിടുന്ന് കാത്തിരിക്കുന്നത് നിങ്ങളുടെ പാപം ക്ഷമിക്കുവാൻ മാത്രമല്ല എന്നാൽ സാത്താൻ നിങ്ങളുടെ ജീവിതത്തിൽ ചെയ്തു വച്ചിരിക്കുന്ന കുഴച്ചിലുകൾ നീക്കി വെടിപ്പാക്കാനും കൂടിയാണ്. ഈ രണ്ടു ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയാണ് അവിടുന്നു ലോകത്തിലേക്കു വന്നത് (1 യോഹന്നാൻ 3:5,8). നിരുത്സാഹത്തിനു വഴങ്ങി കൊടുക്കരുത്, കാരണം നിങ്ങൾക്കും ആശയ്ക്കു വകയുണ്ട്. കാനാവിലെ ആ കല്യാണത്തിലുണ്ടായ കുറവ് നികത്താൻ വേണ്ടതിലധികം കർത്താവ് ചെയ്തു, അതുപോലെ നിങ്ങളുടെ ജീവിതത്തിലുള്ള ഓരോ കുറവിനും വേണ്ടതിലധികം അവിടുത്തേക്കു ചെയ്യാൻ കഴിയും കാരണം കർത്താവ് കാനാവിൽ അവിടുത്തെ മഹത്വം വെളിപ്പെടുത്തി അതുപോലെ നിങ്ങളുടെ കാര്യത്തിലും അതു ചെയ്യാൻ അവിടുത്തേക്കു കഴിയും.

നിങ്ങൾ നൈരാശ്യത്തെ നേരിട്ടിരിക്കുന്നെങ്കിൽ, ക്രിസ്തീയ ജീവിതത്തിൽ യഥാർത്ഥ അനുഗ്രഹം വരുന്നത് പരിത്യജിക്കുന്നതിലൂടെയാണ് കൈവശപ്പെടുത്തുന്നതിലൂടെയല്ല (കൊടുക്കുന്നതിലൂടെയാണ് വാങ്ങുന്നതിലൂടെയല്ല (അപ്പൊ.പ്ര.20:35)) എന്ന വസ്തുതയിൽ നിന്ന് ധൈര്യം വീണ്ടെടുക്കുക. സകലവും നിങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കുവാൻ ദൈവത്തിന് കഴിയും തന്നെയുമല്ല നിങ്ങളുടെ പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങൾക്കും അപ്പുറം അവിടുത്തെ മഹത്വത്തിനായി സമ്പൂർണ്ണമായ ജീവിതം നയിക്കാൻ ദൈവം നിങ്ങളെ സഹായിക്കും.