മനുഷ്യരാൽ തിരസ്കരിക്കപ്പെടുവാനും പീഡിപ്പിക്കപ്പെടുവാനും ആണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് – WFTW 21 ഏപ്രിൽ 2013

സാക് പുന്നന്‍

   Read PDF version

“ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്കെല്ലാം ഉപദ്രവം ഉണ്ടാകും” (2 തിമോത്തി.3.12).
ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ടാകും എന്നാണു യേശു പറഞ്ഞത് (യോഹ.16:33). എന്നാൽ തൻറെ ശിഷ്യന്മാരെ ഈ ലോകത്തിൽനിന്നും എടുക്കണമെന്നല്ല അവിടുന്ന് പ്രാർഥിച്ചത് (യോഹ.17:15).
അനേകം കഷ്ടങ്ങളിൽ കൂടി വേണം ദൈവരാജ്യത്തിൽ കടക്കേണ്ടതെന്നാണ് അപ്പോസ്തോലന്മാർ വിശ്വാസികളെ പഠിപ്പിച്ചത് (അപ്പൊ. പ്ര.14:23).
യേശു പറഞ്ഞത് വീട്ടുടയവനായ തന്നെ ബെത്സബൂൽ എന്ന് വിളിച്ച ജനം തൻറെ ഭവനത്തിലെ അംഗങ്ങളെ ഇതിലും മോശമായ പേരിട്ടു വിളിക്കും എന്നാണ് (മത്തായി.10:25).
നാം അവിടുത്തെ ഭവനത്തിലെ വിശ്വസ്ത അംഗങ്ങളാണോ എന്ന് ഇതിനാൽ തിരിച്ചറിയാം. ചില വിശ്വാസികൾ തന്നെ എന്നെ വിളിച്ചിട്ടുള്ള ചില പേരുകൾ ഇവയൊക്കെയാണ്, “പിശാച്”, “പിശാചിൻറെ മകൻ”, “ദുരാത്മാവ്‌””””,” “അന്തിക്രിസ്തു”, “ചതിയൻ”, “തീവ്രവാദി”, “കൊലപാതകി”, “ദിയോത്രേഫോസ്”, അങ്ങനെ യേശുവിൻറെ ഭവനക്കാരനെന്നു അറിയപ്പെടുവാൻ ഇടയാകുന്നത് വളരെ അഭിമാനകരമായ കാര്യമാണ്.ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുന്ന എല്ലാവരുടെയും അനുഭവം ഇതാണ്.യഥാർത്ഥ പ്രവാചകനെ അയാളുടെ ബന്ധുജനങ്ങൾ ബഹുമാനിക്കുകയില്ല എന്നും യേശു പറഞ്ഞു (മർക്കോസ് 6:4). യേശുവിനെപോലും തൻറെ കുടുംബാംഗങ്ങൾ വേണ്ടവണ്ണം അംഗീകരിച്ചിരുന്നില്ല. ഇന്നും എല്ലാ യഥാർത്ഥ പ്രവാചകനും തൻറെ സ്വന്ത ബന്ധുജനങ്ങളാൽ തിരസ്കരിക്കപ്പെടുന്നവനും നിന്ദിക്കപ്പെടുന്നവനും ആണ്. അതുപോലെ തന്നെ ഒരു യഥാർത്ഥ അപ്പോസ്തോലൻ “ലോകത്തിൻറെ ചവറുപോലെയും, ഇന്നുവരെ സകലത്തിൻറെയും അഴുക്കായും തീർന്നിരിക്കുന്നു” (1.കോരി.4:13). ദൈവത്തിൻറെ പ്രധാന ശുശ്രൂഷകന്മാർക്കെല്ലാം എപ്പോഴും കഷ്ടതയും നിന്ദയും കൂടെയുണ്ടാകും.

“മഹോപദ്രവ” കാലത്തിനു മുമ്പുതന്നെ സഭ എടുക്കപ്പെടും എന്നാ പഠിപ്പിക്കൽ വളരെ പ്രസിദ്ധമായ ഒന്നാണ്, കാരണം അത് നമ്മുടെ ജഡത്തിനു സുഖം പകരുന്ന ഒന്നാണ്. എന്നാൽ യേശു വളരെ വ്യക്തമായി മത്തായി 24:29 മുതൽ 31 വരെ വാക്യങ്ങളിൽ പറയുന്നുണ്ട്, താൻ തെരഞ്ഞടുത്തവരെ തൻറെ  കൂടെ ചേർക്കുവാൻ മടങ്ങി വരുന്നത് മഹോപദ്രവ കാലത്തിനു ശേഷമായിരിക്കും എന്ന്. സഭ മഹോപദ്രവകാലത്തിനു മുമ്പ് തന്നെ എടുക്കപ്പെടും എന്ന് പഠിപ്പിക്കുന്ന ഒരു വാക്യം പോലും പുതിയ നിയമത്തിലില്ല. ഇത്തരമൊരു ഉപദേശം 1800 കളുടെ മദ്ധ്യത്തിൽ ഇംഗ്ലണ്ടിലാണ് തുടങ്ങിയത്. ഇപ്പോൾ സഭയെ മഹോപദ്രവത്തെ നേരിടുവാൻ തക്കവണ്ണം നാം സജ്ജരാക്കേണ്ടതാണ്.