മൂന്ന് ആത്മീയ വിവാഹങ്ങള്‍- WFTW 05 ജൂൺ 2016

സാക് പുന്നന്‍

   Read PDF version

പാപത്തിന്റെമേല്‍ ജയം പ്രാപിച്ച് ഒരു വിശുദ്ധജീവിതം നയിക്കുവാന്‍ വാഞ്ചിക്കുന്നവനും എന്നാല്‍ അതെങ്ങനെ ജീവിക്കണമെന്നത് തെറ്റായി മനസ്സിലാക്കിയിരിക്കുന്നവനുമായ ഒരുവനെക്കുറിച്ച് പൗലൊസ് റോമ.7ല്‍ പറയുന്നു. പരിശുദ്ധാത്മാവ് ഇവിടെ ഒരു വിവാഹത്തിന്റെ സാദൃശമാണ് ഉപയോഗിച്ചിരിക്കുന്നത് (വ 4). നാം മാനസാന്തരപ്പെടാതിരുന്നപ്പോള്‍, നാം പഴയ മനുഷ്യനുമായി വിവാഹം ചെയ്തിരുന്നു. മാനസാന്തരത്തിനുശേഷം ക്രിസ്തുവുമായി വിവാഹിതരാകുന്നതിനു പകരം, ന്യായപ്രമാണത്തെ വിവാഹം കഴിക്കുന്ന അബദ്ധം നാം ചെയ്തു. പാപത്തിന്റെമേല്‍ വിജയത്തിനായി അന്വേഷിക്കുന്ന ഓരോ വിശ്വാസിയും ഈ അബദ്ധം ചെയ്യാറുണ്ട്. ആദ്യം അവന്‍ തന്റെ തന്നെ ശക്തിയില്‍ പാപത്തിന്റെമേല്‍ വിജയം നേടുവാന്‍ ശ്രമിക്കുന്നു ഇതാണ് ന്യായപ്രമാണത്തിന് വിവാഹിതരാകുക എന്നത്. 6ഉം 7ഉം അദ്ധ്യായങ്ങളില്‍ നാം ഈ മൂന്ന് ആത്മീയ ‘വിവാഹങ്ങള്‍’ കാണുന്നു ആദ്യം പഴയ മനുഷ്യനുമായി, അതിന്റെശേഷം ന്യായപ്രമാണങ്ങളുമായി, ഒടുവില്‍ ക്രിസ്തുവുമായി.

പഴയ മനുഷ്യനെ, തന്റെ ഭാര്യയെ അടിക്കുകയും അവളെ ഒരു വേശ്യയാക്കി മാറ്റിയിട്ട് അവളുടെ ജീവിതത്തെയും അവളുടെ സന്തോഷത്തെയും നശിപ്പിക്കുകയും ചെയ്യുന്ന, ദുഷ്ടനായ ഒരു ഭര്‍ത്താവിനോട് ഉപമിക്കാം. അടിച്ചു തകര്‍ക്കപ്പെട്ട ഈ ഭാര്യ ദുഷ്ടനായ ഭര്‍ത്താവില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായ് ആഗ്രഹിക്കുന്നു. ഒരു ദിവസം അവളുടെ ഭര്‍ത്താവ് പഴയമനുഷ്യന്‍ മരിക്കുന്നു. അവള്‍ വീണ്ടും ജനിക്കപ്പെട്ടിരിക്കുന്നു! ഇപ്പോള്‍ അവള്‍ വീണ്ടും വിവാഹിതയാവുവാന്‍ സ്വതന്ത്രയായിരിക്കുന്നു. എന്നാല്‍ ക്രിസ്തുവിനെ വിവാഹം കഴിക്കുന്നതിനു പകരം കാഴ്ചയില്‍ ക്രിസ്തുവിനെപ്പോലെയിരിക്കുന്ന ഒരുവനെ ന്യായപ്രമാണത്തെ, വിവാഹം കഴിക്കുന്ന അബദ്ധം അവള്‍ ചെയ്യുന്നു.

ന്യായപ്രമാണം തികവുള്ളതാണ്. അതുകൊണ്ടു തന്നെ ക്രിസ്തുവിനു പകരം ന്യായപ്രമാണത്തെ തെറ്റിദ്ധരിക്കുവാന്‍ എളുപ്പമാണ്, കാരണം അത് തികഞ്ഞ നീതി അവകാശപ്പെടുന്നു. ന്യായപ്രമാണം പഴയ മനുഷ്യനെപ്പോലെയല്ല. അവന്‍ തന്റെ ഭാര്യയെ അടിക്കുകയോ, ഇടിക്കുകയോ ഏതെങ്കിലും തരത്തില്‍ പ്രയാസപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാല്‍ അയാള്‍ പൂര്‍ണ്ണത ആവശ്യപ്പെടുന്നു. നീ രാവിലെ ആറ് മണിക്ക് കൃത്യമായി എഴുന്നേല്‍ക്കണം. 8 മണിയോടെ പ്രഭാതഭക്ഷണം തയ്യാറാക്കി മേശപ്പുറത്ത് വച്ചിരിക്കണം. അത് 8.01 ആകാന്‍ പാടില്ല, കൃത്യം 8 മണിക്ക് തന്നെ വേണം. അതാണ് പൂര്‍ണ്ണത. വീടിന്റെ ഓരോ ഭാഗവും തീര്‍ത്തും വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം. ചെരിപ്പുകള്‍ എപ്പോഴും അതിന്റെ ശരിയായ സ്ഥാനത്തു സൂക്ഷിക്കണം, വസ്ത്രങ്ങള്‍ ഒരു കറയുമില്ലാതെ കുറ്റമറ്റവിധം അത് കഴുകുകയും കുറ്റമറ്റ വിധം അത് ഇസ്തിരിയിടുകയും വേണം. ന്യായപ്രമാണം ഒരിക്കലും നിങ്ങളോട് ഏതെങ്കിലും തിന്മയായ കാര്യങ്ങള്‍ ചെയ്യുവാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഓരോ മേഘലയിലും ഇത്രമാത്രം പൂര്‍ണ്ണത ആവശ്യപ്പെടുന്ന ഇത്തരം ഒരു ‘നല്ല മനുഷ്യനെ’ വിവാഹം കഴിക്കുവാന്‍ എത്ര യുവസഹോദരിമാര്‍ ഇഷ്ടപ്പെടും?

പഴയ മനുഷ്യനെ വിവാഹം കഴിച്ചതിനുശേഷം ന്യായപ്രമാണത്തെ വിവാഹം കഴിക്കുക എന്നത് വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് ചാടുന്നതുപോലെയാണ്. അയാള്‍ ഒരു നല്ല മനുഷ്യനാണ്. എന്നാല്‍ അയാള്‍ വളരെ കാര്‍ക്കശ്യക്കാരനാണ്. അയാള്‍ ഒരിക്കലും തിന്മയായുള്ള ഏതെങ്കിലും കാര്യങ്ങള്‍ ആവശ്യപ്പെടാറില്ല. എന്നാല്‍ നിങ്ങള്‍ക്കൊരിക്കലും അയാളുടെ നിലവാരത്തിനൊപ്പം എത്താന്‍ കഴിയുകയില്ല. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും നിങ്ങള്‍ തെറ്റായ ഒരു മനുഷ്യനെയാണ് വിവാഹം കഴിച്ചിരിക്കുന്നത് എന്ന്. അതുകൊണ്ട് നിങ്ങള്‍ക്ക് ഇനി എന്തു ചെയ്യാന്‍ കഴിയും? ന്യായപ്രമാണം ദൈവത്തിന്റെ ന്യായപ്രമാണം ഒരിക്കലും മരിക്കുകയില്ല! ഇവിടെ ഇതാ എന്നേക്കും ജീവിക്കുന്ന ആരോഗ്യവാനും ശക്തനുമായ ഒരു ഭര്‍ത്താവ്. ‘വിവാഹിതയായ ഒരു സ്ത്രീ ഭര്‍ത്താവ് ജീവിക്കുന്നിടത്തോളം ഭര്‍ത്താവിനോട് ബന്ധിക്കപ്പെട്ടിരിക്കുന്നു’ (7:12). അതുകൊണ്ട് ആ സ്ത്രീ എപ്പോഴെങ്കിലും സന്തോഷമായിരിക്കാനുള്ള എല്ലാ പ്രതീക്ഷയും ഉപേക്ഷിക്കുന്നു. അപ്പോള്‍ ദൈവം അതിശയകരമായ ഒരു കാര്യം ചെയ്യുന്നു. അവിടുന്ന് ആ സ്ത്രീയെ മരിപ്പിക്കുകയും അത് ഭര്‍തൃന്യായപ്രമാണത്തില്‍ നിന്ന് അവളെ വേര്‍പെടുത്തുകയും ചെയ്യുന്നു!

ആദ്യത്തെ പ്രാവശ്യം ഭര്‍ത്താവ് (പഴയമനുഷ്യന്‍) ആണ് മരിച്ചത്. ഇപ്പോള്‍ ഭാര്യ (നിങ്ങള്‍) ആണ് മരിക്കുന്നത്. ‘എന്റെ സഹോദരന്മാരെ, മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റവനായ വേറൊരുവന്‍ ആകേണ്ടതിന് നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണ സംബന്ധമായി മരിച്ചിരിക്കുന്നു’ (7:4). ഇപ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ മരിച്ചിട്ടുള്ളതിനാല്‍, നിങ്ങള്‍ ഇനിയൊരിക്കലും ന്യായപ്രമാണത്തോട് ബന്ധിക്കപ്പെട്ടിരിക്കുന്നില്ല. നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ വിവാഹം ചെയ്യപ്പെടേണ്ടതിന് ദൈവം നിങ്ങളെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കുന്നു അത് മഹത്വകരമായ ഒന്നാണ്!

എന്നാല്‍ ക്രിസ്തുവും വളരെ നിര്‍ബന്ധമുള്ളവനാണ്. അവിടുന്ന് ന്യായപ്രമാണത്തെപ്പോലെ പരിപൂര്‍ണ്ണനാണ്. അവിടുന്ന് പറയുന്നു: ‘പ്രഭാതഭക്ഷണം കൃത്യം 8 മണിക്കുതന്നെ മേശപ്പുറത്തുണ്ടായിരിക്കണം 8.01 ന് അല്ല. ഓരോ കാര്യങ്ങളും തികച്ചും വൃത്തിയുള്ളതായിരിക്കണം. വീട് വൃത്തിയുള്ളതായിരിക്കണം.’ അവിടുത്തെ നിലവാരം ന്യായപ്രമാണത്തിന്റെ നിലവാരത്തെക്കാള്‍ ഒരല്പം പോലും താഴ്ന്നതല്ല. വാസ്തവത്തില്‍ അവ അതിനേക്കാള്‍ വളരെ ഉന്നതമാണ്. ന്യായപ്രമാണം പറയുന്നത് ‘നിങ്ങള്‍ വ്യഭിചാരം ചെയ്യരുത്’ എന്നു മാത്രമാണ്. എന്നാല്‍ ക്രിസ്തു പറയുന്നത്, ‘നിന്റെ ഹൃദയത്തില്‍ ഒരു സ്ത്രീയെ മോഹിക്കുക പോലും ചെയ്യരുത്’ എന്നാണ്. എന്നാല്‍ ക്രിസ്തുവും ന്യായപ്രമാണവും തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട്. ക്രിസ്തു പറയുന്നു: ‘നമുക്കൊരുമിച്ച് (നീയും ഞാനും ചേര്‍ന്ന്) പ്രഭാത ഭക്ഷണം ഉണ്ടാക്കാം.’ നാം അവിടുത്തോടുള്ള പങ്കാളിത്തത്തില്‍ ഓരോ കാര്യവും ചെയ്യണമെന്നാണ് നമ്മെക്കുറിച്ച് അവിടുന്ന് ആഗ്രഹിക്കുന്നത്. ഉച്ചയ്ക്ക് 1 മണിയോടെ മാത്രം പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ പറ്റുന്ന ആ കഴിവില്ലാത്ത ഭാര്യമാരില്‍ ഒരാളാണ് നിങ്ങള്‍ എന്ന് സങ്കല്‍പ്പിക്കുക! ന്യായപ്രമാണം ചെയ്യുന്നപോലെ കര്‍ത്താവ് നിങ്ങളെ കുറ്റം വിധിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. അവിടുന്ന് പറയുന്നത്: ‘സാരമില്ല, നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. അപ്പോള്‍ നീ പുരോഗമിക്കാം.’ അങ്ങനെ കര്‍ത്താവ് നിങ്ങളുടെകൂടെ പ്രവര്‍ത്തിക്കുകയും ഏതാനും ദിവസംകൊണ്ട് നിങ്ങള്‍ക്ക് രാവിലെ 11 മണിയോടെ പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യുന്നു. കര്‍ത്താവ് അപ്പോള്‍ പറയുന്നത് ‘അതിശയമായിരിക്കുന്നു! നമ്മള്‍ ഉച്ചക്ക് 1 മണിയില്‍ നിന്ന് രാവിലെ 11 മണിയിലേക്ക് മാറിയിരിക്കുന്നു. ഈ വരുന്ന ദിവസങ്ങളില്‍ ഒന്നില്‍ നാം രാവിലെ 8 മണിക്ക് തന്നെ അതുണ്ടാക്കാന്‍ പോകുകയാണ്. നാം പൂര്‍ണ്ണതയിലേക്ക് ആയി.’ വസ്ത്രങ്ങള്‍ അലക്കുന്ന കാര്യത്തില്‍ നിങ്ങള്‍ മോശമായതുകൊണ്ട് വസ്ത്രങ്ങളില്‍ അപ്പോഴും പാടുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, കര്‍ത്താവ് പറയുന്നത് ‘സാരമില്ല, ഈ മേഘലയിലും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.’ അടുത്ത തവണ, അവിടുത്തെ സഹായത്തോടുകൂടി നിങ്ങള്‍ വസ്ത്രങ്ങള്‍ കഴുകുമ്പോള്‍, അതില്‍ ശേഷിച്ചിരിക്കുന്ന കറകള്‍ കുറഞ്ഞിരിക്കുന്നതായി നിങ്ങള്‍ കണ്ടെത്തും. കഴുകിയ ഒരു വസ്ത്രത്തിലും ഒരു പാട്‌പോലും ശേഷിക്കാതെയാകുന്നതുവരെ നിങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ കര്‍ത്താവ് തീരുമാനിച്ചിരിക്കുന്നു നിങ്ങള്‍ പൂര്‍ണ്ണത കൈവരിക്കുന്നതുവരെ അവിടുന്ന് നിങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കും.

കര്‍ത്താവ് തന്റെ കാന്തയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെങ്ങനെയാണെന്ന് നിങ്ങള്‍ കണ്ടോ? ന്യായപ്രമാണം ചെയ്യുന്നതുപോലെ അവിടുന്ന് കല്പന കൊടുക്കുന്നത് മാത്രമല്ല ചെയ്യുന്നത്. അവിടുന്ന് നമ്മളോടുകൂടി പ്രവര്‍ത്തിക്കുന്നു നാം അവിടുത്തെ സഹപ്രവര്‍ത്തകരാണ്. ആ തലത്തിലുള്ള ഒരു ഭര്‍ത്താവാണ് യേശു.

What’s New?