സ്തുതിയുടെ ആത്മാവും വിശുദ്ധിയും – WFTW 07 ജൂണ്‍ 2015

സാക് പുന്നന്‍

   Read PDF version

2 ദിനവൃത്താന്തം 20ല്‍, നമുക്കു സാത്താനെതിരായി യുദ്ധം ചെയ്യാന്‍ കഴിയുന്നതെങ്ങനെ എന്നതിന്റെ ഒര ചിത്രമാണ് നാം കാണുന്നത്. അവിടെ നാം വായിക്കുന്നത് യഹോശാഫാത്ത് രാജാവിനെതിരായി വലിയ ഒരു ജനസമൂഹം യുദ്ധത്തിനു വരുന്നതിനെക്കുറിച്ചാണ്. എന്നാല്‍ ഇത്രയുമധികം ശത്രുക്കളാല്‍ എതിരിടപ്പെട്ടപ്പോള്‍, യഹോശാഫാത്ത് ശരിയായ കാര്യം ചെയ്തു. ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി ദൈവത്തെ അന്വേഷിക്കുവാന്‍ യഹൂദാ ജനത്തെ മുഴുവനായും അദ്ദേഹത്തിനു ലഭിച്ചു. അപ്പോള്‍ അദ്ദേഹം അവരുടെ ബലഹീനതയും, ബുദ്ധിയില്ലായ്മയും എന്നാല്‍ അവരുടെ, വിശ്വാസവും ഏറ്റുപറഞ്ഞുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ചു. അദ്ദേഹം പറഞ്ഞു “ഞങ്ങളുടെ ദൈവമേ, അവിടുന്ന് അവരെ വിധിക്കയില്ലയോ? എന്തെന്നാല്‍ ഞങ്ങളെ ആക്രമിക്കുന്ന ഈ മഹാസൈന്യത്തെ നേരിടുവാനുള്ള ശക്തി ഞങ്ങള്‍ക്കില്ല; യഹോവേ ഞങ്ങള്‍ എന്തു ചെയ്യേണ്ടു എന്നറിയുന്നില്ല, എന്നാല്‍ ഞങ്ങള്‍ നിങ്കലേക്കു കണ്ണുകള്‍ ഉയര്‍ത്തിയിരിക്കുന്നു” (വാ. 12). ഫലപ്രദമായ എല്ലാ പ്രാര്‍ത്ഥനയുടെയും രഹസ്യം ഇതാണ് -നമ്മുടെ ബലഹീനതയും ബുദ്ധിയില്ലായ്മയും അംഗീകരിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുന്നതിനായി ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുകയും ചെയ്യുന്നതാണ്.

യഹോശാഫാത്ത് ഏറ്റു പറഞ്ഞത് എന്തു ചെയ്യണമെന്ന് അയാള്‍ അറിയുന്നില്ല എന്നാണ് – ചെയ്യാന്‍ കഴിയുന്ന ഒരു നല്ല ഏറ്റു പറച്ചിലാണത്, എന്തെന്നാല്‍ തങ്ങള്‍ക്ക് ജ്ഞാനം കുറവാണെന്ന് ഏറ്റു പറയുന്ന എല്ലാവര്‍ക്കും അതു കൊടുക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ വിശ്വാസത്തോടുകൂടി ജ്ഞാനത്തിനായി നാം ചോദിക്കേണ്ട ആവശ്യമുണ്ട് (യാക്കോബ് 1;5,6). യഹോശാഫാത്ത് ചെയ്തതും അതാണ്. തന്റെ കഴിവില്ലായ്മയും തന്റെ ജ്ഞാനത്തിന്റെ കുറവും ഏറ്റുപറയുക മാത്രമല്ല അദ്ദേഹം ചെയ്തത്. ദൈവത്തിലുള്ള പൂര്‍ണ്ണമായ ആശ്രയം പ്രകടിപ്പിച്ചുകൊണ്ടാണ് അയാള്‍ തന്റെ പ്രാര്‍ത്ഥന അവസാനിപ്പിച്ചത്. അവന്‍ പറഞ്ഞു; “എന്നാല്‍ ഞങ്ങള്‍ അങ്ങയിലേക്കു കണ്ണുകള്‍ ഉയര്‍ത്തിയിരിക്കുന്നു” മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അയാള്‍ ദൈവത്തോട് ഇങ്ങനെ പറയുകയായിരുന്നു. “ഞങ്ങള്‍ക്കു വേണ്ടി അവിടുന്ന് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.” ദൈവം അതു പ്രവര്‍ത്തിക്കുകയും ചെയ്തു!! യോഹോശാഫാത്ത് പ്രാര്‍ത്ഥിച്ചു കഴിഞ്ഞ ഉടനെ, പെട്ടെന്ന് ദൈവം ഇപ്രകാരം പറഞ്ഞു. “ഈ മഹാ സൈന്യം മൂലം നിങ്ങള്‍ ഭയപ്പെടരുത്, അധീരരാകുകയും അരുത്, എന്തെന്നാല്‍ യുദ്ധം നിങ്ങള്‍ക്കുള്ളതല്ല, യഹോവയ്ക്കുള്ളതത്രേ. ഈ യുദ്ധത്തില്‍ നിങ്ങള്‍ക്കു പൊരുതേണ്ടതായി വരികയില്ല. നിങ്ങളുടെ സ്ഥാനങ്ങളില്‍ നിശ്ചലരായി ഉറച്ചു നിന്നുകൊള്ളുക. എന്നിട്ട് യഹോവ നിങ്ങള്‍ക്കു തരുന്ന വിടുതല്‍ കണ്ടുകൊള്ളുക” (വാ. 15,17). യഹോവയുടെ ആ വാക്കുകള്‍ കേട്ട ഉടനെ യഹോശാഫത്ത് ദൈവത്തെ ആരാധിച്ചു. അടുത്ത ദിവസം രാവിലെ അവന്‍ “വിശുദ്ധ വസ്ത്രാലങ്കാരം ധരിച്ചു യഹോവയെ സ്തുതിച്ചു പാടുവാന്‍ ആളുകളെ നിയോഗിച്ചു.” അവര്‍ സൈന്യത്തിന്റെ മുമ്പില്‍ നടന്ന് സ്തുതി പാടിക്കൊണ്ട് യഹൂദായുടെ പടയാളികളെ യുദ്ധത്തിനു നയിച്ചു. അവര്‍ യഹോവയെ സ്തുതിച്ചു പാടുവാന്‍ തുടങ്ങിയ ഉടനെ, യഹോവ അവരുടെ ശത്രുക്കളെ തോല്പിച്ചു (വാ. 21,22).

കര്‍ത്താവിലുള്ള നമ്മുടെ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടുള്ള സ്തുതിയുടെ ആത്മാവാണ് നമ്മുടെ ശത്രുക്കളെ ഓടിപ്പോകുമാറാക്കുന്നത്. വിശേഷിച്ച് അവര്‍ വിശുദ്ധ വസ്ത്രാലങ്കാരത്തോടെ ദൈവത്തെ സ്തുതിച്ചു എന്നാണ് നാം കാണുന്നത്. സഭയില്‍ നമുക്കാവശ്യമായ സന്തുലിതാവസ്ഥയും ഇതു തന്നെയാണ്. സ്തുതിയുടെ ആത്മാവും വിശുദ്ധിയും. നിര്‍ഭാഗ്യവശാല്‍ ക്രിസ്തീയ ഗോളത്തില്‍, ഈ കാര്യത്തില്‍ രണ്ടു ധ്രുവങ്ങളിലാണ് വിശ്വാസികളെ നാം കാണുന്നത്. ഒരുവശത്ത്, വിശുദ്ധ ജീവിതം നയിക്കാതെ ദൈവത്തെ വലിയ ശബ്ദത്തോടും, ഒച്ചപ്പാടോടും കൂടെ സ്തുതിക്കുന്നവരെ നാം കാണുന്നു. സഭാ യോഗങ്ങളില്‍ അവര്‍ അന്യഭാഷയില്‍ ദൈവത്തെ സ്തുതിക്കുകയും അതിനു ശേഷം ഭവനത്തില്‍ ചെന്നു മാതൃഭാഷയില്‍ അവരുടെ ഭാര്യമാരോട് കയര്‍ക്കുകയും ചെയ്യുന്നു!! ഇതാണ് വഞ്ചനയുടെ ഒരറ്റം. വിവേചനമില്ലാത്ത ദേഹീമയനായ ഒരു വ്യക്തിക്ക് ഇങ്ങനെയുള്ള ശബ്ദവും വികാരങ്ങളും സ്വര്‍ഗ്ഗീയമായി കാണാന്‍ കഴിയും. എന്നാല്‍ വിവേചനമുള്ള ഒരാള്‍ “ജഡസ്വഭാവമുള്ളവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ല” (റോമ. 8:8) എന്ന് തിരിച്ചറിയും; അവര്‍ എത്ര വൈകാരികമായി “അന്യഭാഷയില്‍” പാടുന്നു എന്നതോ അല്ലെങ്കില്‍ എത്ര ഉച്ചത്തില്‍ കര്‍ത്താവിനെ സ്തുതിക്കുന്നു എന്നതോ കാര്യമല്ല. മറ്റെ അറ്റത്ത്, ആത്മാര്‍ത്ഥമായി തങ്ങളെ തന്നെ വിധിക്കുകയും ദൈവഭക്തിയുള്ള ജീവിതം നയിക്കുന്ന കാര്യം അന്വേഷിക്കുകയും ചെയ്യുന്ന അനേകരെ നാം കാണുന്നു. എന്നാല്‍ അവരുടെ ജീവിതത്തില്‍ ഒരിക്കലും സ്തുതിയുടെ ഒരാത്മാവുള്ളതായി കാണപ്പെടുന്നില്ല. എല്ലാ സമയത്തും തമ്മില്‍ തമ്മില്‍ പ്രബോധിപ്പിക്കുന്ന കാര്യത്തില്‍ മാത്രം വിശ്വസിക്കുന്നതായി അവര്‍ കാണപ്പെടുന്നു – എന്നാല്‍ അതു ചെയ്തുകൊണ്ടിരിക്കുമ്പോഴും അവര്‍ വളരെ ഗൌരവമുള്ളവരും വിഷണ്ണരുമായി കാണപ്പെടുന്നു!

എബ്രാ. 2:12ല്‍ യേശുവിനെക്കുറിച്ചു എഴുതിയിരിക്കുന്നത് അവിടുന്നു സഭയുടെ മുമ്പാകെ രണ്ടു കാര്യങ്ങള്‍ ചെയ്തു എന്നാണ്: (1) പിതാവിന്റെ നാമത്തെ ഉദ്‌ഘോഷിച്ചു (2) പിതാവിന്റെ സ്തുതി പാടി. യേശു തന്റെ പിതാവിന്റെ വചനങ്ങള്‍ നമുക്കു കൊണ്ടുവന്ന അവിടുത്തെ ഒരു ദൂതന്‍ മാത്രമായിരുന്നില്ല. എന്നാല്‍ സഭയില്‍ പിതാവിനെ സ്തുതിക്കുന്നതിനും പാടുന്നതിനും നേതൃത്വം നല്‍കുന്നവനും കൂടിയായിരുന്നു. അപ്പോള്‍ നമ്മുടെ മുന്നോടി എന്ന നിലയിലും ജ്യേഷ്ഠ സഹോദരന്‍ എന്ന നിലയിലും സഭാ യോഗങ്ങളില്‍ നാം യേശുവിനെ അനുഗമിക്കേണ്ടിയ രണ്ടു മേഖല ഇവയാണ്.

നാം സഭയില്‍ വചനം പങ്കുവയ്ക്കുവാന്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ നമ്മുടെ പിതാവിന്റെ നാമമാണ് നാം ഉദ്‌ഘോഷിക്കേണ്ടത്. അല്ലാതെ നമ്മുടെ സ്വന്ത നാമമല്ല. നമുക്ക് എത്ര നന്നായി പ്രസംഗിക്കാന്‍ കഴിയുമെന്നോ അല്ലങ്കില്‍ കഴിഞ്ഞ ആഴ്ചയില്‍ നാം എത്ര വിശ്വസ്തരായിരുന്നുവെന്നോ, മറ്റുള്ളവരെ കാണിക്കാനല്ല നാം എഴുന്നേറ്റ് നില്‍ക്കുന്നത്. അല്ലെങ്കില്‍ ദൈവവചനത്തില്‍ നാം കണ്ട അവര്‍ക്കാവശ്യമായ ചില വചനങ്ങള്‍കൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കാനുമല്ല!! അങ്ങനെയുള്ള എല്ലാ പ്രസംഗങ്ങളും ഭൌമീകവും, ദേഹീപരവും, പൈശാചികവുമാണ്. തന്നെയുമല്ല അതു ദൈവനാമത്തിന് ലജ്ജാകരമായ അപമാനവുമാണ്. അഭിഷേകം ചെയ്ത എല്ലാ പ്രവചനങ്ങളുടെയും ആത്മാവ് യേശുവിന്റെ സാക്ഷ്യം മാത്രമാണ് (വെളി. 19:11). സഭയില്‍ പിതാവിനെ സ്തുതിക്കുവാന്‍ ശബ്ദം ഉയര്‍ത്തുന്നതില്‍ നാം യേശുവിനെ അനുഗമിക്കണം. പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ നാം ദൈവത്തെ സ്തുതിക്കയും ചെയ്യണം. പത്തു കുഷ്ഠരോഗികള്‍ സൌഖ്യത്തിനായി യേശുവിനോടു പ്രാര്‍ത്ഥിച്ചു. ഒരാള്‍ മാത്രമേ അവിടുത്തെ സ്തുതിച്ചുള്ളു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സഭയിലെ അനുപാതവും ഏതാണ്ടിതു പോലെ തന്നെയാണ്.

ആ യുദ്ധത്തോടുള്ള യഹോശാഫാത്തിന്റെ സമീപനത്തിന്റെ ഫലം “ഒരുത്തനും രക്ഷപ്പെട്ടില്ല” (വാ.24) എന്നായിരുന്നു. ഇത് അര്‍ത്ഥമാക്കുന്നത് നാമും സാത്താനെതിരെയുള്ള യുദ്ധത്തെ ഈ രീതിയില്‍ തന്നെ സമീപിച്ചാല്‍ – വിശ്വാസത്തോടും സ്തുതിയോടുംകൂടി – നമ്മുടെ ഒറ്റ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ അവശേഷിക്കുകയില്ല എന്നാണ്. 2 ദിന. 20 ആരംഭിക്കുന്നത് “ശത്രുക്കളുടെ (പ്രശ്‌നങ്ങളുടെ) ഒരു വലിയ ജനസമൂഹത്തോടു”കൂടിയാണ്. എന്നാല്‍ അത് അവസാനിക്കുന്നത് “ഒരു ശത്രുപോലും (പ്രശ്‌നം) ശേഷിച്ചില്ല” എന്നതോടു കൂടിയാണ്. നമ്മുടെ ജീവിതങ്ങളിലുള്ള ഓരോ പ്രശ്‌നങ്ങളും ഇല്ലാതാക്കുവാന്‍ ദൈവം ശക്തനും കഴിവുള്ളവനുമാണ്. യഹൂദാ ജനം യുദ്ധത്തിന്റെ കൊള്ള മുതല്‍ കൊണ്ട് സമ്പന്നരായിത്തീര്‍ന്നു (വാ. 25). ആത്മീയ സമ്പത്ത് സമ്പാദിക്കുവാന്‍ നമുക്കുള്ള മാര്‍ഗ്ഗവും ഇതു തന്നെയാണ്.

ആ ദിവസം യഹോശാഫത്ത്, പഠിച്ച കാര്യം അയാള്‍ മറക്കുകയും പിന്മാറ്റത്തിലാകുകയും ജീവിതാവസാനത്തില്‍ ഒത്തു തീര്‍പ്പുകാരനാകുകയും ചെയ്തു എന്നതാണ് ദുഃഖകരമായ കാര്യം. ഒരിക്കല്‍ “ദൈവത്തെ വിശുദ്ധ വസ്ത്രാലങ്കാരത്തില്‍ സ്തുതിക്കാന്‍” പഠിച്ച പലരും, അതേ ദൃഢചിത്തതയോടെ അവസാനംവരെ സഹിച്ചു നില്‍ക്കുന്നതായി കാണുന്നില്ല. ആ വഴിയില്‍ എവിടെയോ അവര്‍ വീണ്ടും ഒത്തുതീര്‍പ്പുകാരായി തീരുന്നു. എന്നാല്‍ നമുക്ക് അങ്ങനെ അകേണ്ട ആവശ്യമില്ല. അന്ത്യം വരെ നമ്മെ ശക്തിയോടെ സഹായിപ്പാന്‍ ദൈവം കഴിവുള്ളവനാണ്. നാം കര്‍ത്താവിനെ എല്ലായ്‌പ്പോഴും എല്ലാറ്റിനും സ്തുതിക്കുന്നു (മനഃശാസ്ത്രജ്ഞന്‍മാര്‍ തങ്ങളുടെ രോഗികളോടു പറയുന്നതുപോലെ) “അത് ഇതിനേക്കാള്‍ മോശമാകാമായിരുന്നു” എന്ന കാരണത്താലല്ല, എന്നാല്‍ “അത് ഇതിനേക്കാള്‍ മെച്ചപ്പെട്ടതാകുമായിരുന്നില്ല’‘ എന്ന കാരണത്താലാണ് – എന്തെന്നാല്‍ ദൈവം സകലവും നമ്മുടെ ഏറ്റവും നന്മയ്ക്കാക്കി തീര്‍ക്കുന്നു (റോമ. 8:28). അതാണ് വിശ്വാസത്തിന്റെ സ്തുതി. നമുക്കെല്ലാവര്‍ക്കും നമ്മുടെ കഴിഞ്ഞകാല ജീവിതങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ട്, നമുക്ക് തിന്മയായിത്തീരും എന്നു വിചാരിച്ച അനേക കാര്യങ്ങളെ ദൈവം നമ്മുടെ ഏറ്റവും നന്മയ്ക്കാക്കി തീര്‍ത്തതെങ്ങനെയാണെന്ന് കാണാന്‍ കഴിയും. കര്‍ത്താവ് ഭാവിയിലും ഇതേ കാര്യം തന്നെ ചെയ്യും. അതു നാം വിശ്വസിക്കുമെങ്കില്‍, നാം കര്‍ത്താവിനെ എല്ലാ സമയത്തും വാഴ്ത്തും.

സങ്കീര്‍ത്തനം 106:12ല്‍ നാം വായിക്കുന്നു: “അപ്പോള്‍ അവര്‍ അവിടുത്തെ വചനം വിശ്വസിച്ചു; അവര്‍ അവിടുത്തേക്കു സ്തുതി പാടി.” അവിടെ നാം വായിക്കുന്നത് മിസ്രയിം വിട്ടുപോന്ന യിസ്രയേല്യര്‍ക്ക് അവരുടെ എല്ലാ ശത്രുക്കളും ചെങ്കടലില്‍ മുങ്ങി നശിക്കുന്നതു കണ്ടതിനു ശേഷം മാത്രമേ ദൈവത്തെ സ്തുതിക്കുവാന്‍ കഴിഞ്ഞുള്ളു (വാ.11) എന്നാണ്. അതാണ് കാഴ്ചയില്‍ ജീവിക്കുക എന്നത് – ദൈവം നമ്മുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു കഴിഞ്ഞതിനു ശേഷം ദൈവത്തെ സ്തുതിക്കുന്നത്. പഴയ ഉടമ്പടിയുടെ കീഴില്‍ സാധ്യമായിരുന്നത് അതുമാത്രമായിരുന്നു. കാരണം അവര്‍ക്കു വിശ്വാസത്താല്‍ ജീവിക്കുവാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഇന്നു പുതിയ ഉടമ്പടിയുടെ കീഴില്‍, നമ്മുടെ തലയെ പരിശുദ്ധാത്മാവിന്റെ എണ്ണകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു. അങ്ങനെ നാം ദൈവത്തെ സ്തുതിക്കുന്നു. “ഞങ്ങളുടെ ശത്രുക്കളുടെ മുമ്പില്‍… എന്തെന്നാല്‍ യഹോവ ഞങ്ങളുടെ ഇടയനാണ്, അവിടുന്ന് ഞങ്ങളെ സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് നയിക്കുന്നു” (സങ്കീ. 23;5,1,2). ചെങ്കടല്‍ നമുക്കുവേണ്ടി തുറക്കപ്പെട്ടില്ലെങ്കിലും, മിസ്രയിമ്യര്‍ നമ്മുടെ പിന്നാലെ പാഞ്ഞു വരുന്നുണ്ടെങ്കിലും, എല്ലാ വശത്തും മലകള്‍ നമ്മെ ചുറ്റി വളഞ്ഞാലും ഇന്നു നമുക്കു ദൈവത്തെ സ്തുതിക്കാന്‍ കഴിയും. അതു സര്‍വ്വശക്തനായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ നിന്ന് ഉത്ഭവിക്കുന്ന ഒരു സ്തുതി ആണ്.

മരണ നിഴലിന്‍ താഴ്‌വരയിലായാലും, നാം ഒരു ദോഷവും ഭയപ്പെടുകയില്ല, കാരണം, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവില്‍ നിന്ന് അനുവാദം ലഭിക്കാതെ നമ്മുടെ തലയിലെ ഒരു മുടിയില്‍പോലും തൊടാന്‍ നമ്മുടെ ശത്രുവിനു കഴിയുകയില്ല എന്നു നാം വിശ്വസിക്കുന്നു. യേശുവിനെപ്പോലെ നമുക്കും നമ്മുടെ ശത്രുക്കളോടു പറയാന്‍ കഴിയും. “ഞങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് മുകളില്‍ നിന്നു തന്നില്ലായിരുന്നെങ്കില്‍ നിനക്ക് ഞങ്ങളുടെമേല്‍ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല” (യോഹ. 19:11). അതുകൊണ്ട് നമ്മുടെ സാഹചര്യങ്ങളെയോ, മറ്റാരെയെങ്കിലുമോ കുറിച്ച് പരാതിപ്പെടുവാനോ മുറുമുറുക്കുവാനോ നമുക്കുവേണ്ടി തന്നെ ദുഃഖം തോന്നുവാനോ ഒന്നും ഒരു കാരണവുമില്ല.