ഏതു തരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ക്കു കര്‍ത്താവുമായിട്ടുള്ളത്? – WFTW 14 ജൂണ്‍ 2015

സാക് പുന്നന്‍

   Read PDF version

ഹോശെയ നമ്മെ പഠിപ്പിക്കുന്നത് ഫലപ്രദമായി ശുശ്രൂഷ ചെയ്യുന്നതിനുള്ള ഏക മാര്‍ഗ്ഗം ഒരാള്‍ തന്റെ ജീവിതത്തില്‍ ആഴത്തിലുള്ള കഷ്ടതയിലൂടെ കടന്നു പോകുന്നതാണെന്നാണ്. വ്യത്യസ്ത ആളുകള്‍ക്കു വ്യത്യസ്ത രീതിയിലാണ് ദൈവം ഇതു ചെയ്യുന്നത്. ദൈവത്തിന്റെ എല്ലാ മക്കള്‍ക്കും ഒരേ നിലവാരത്തിലുള്ള പാഠ്യപദ്ധതിയല്ല അവിടുത്തേക്കുള്ളത്. അവിടുന്ന് ഹോശെയയെ പഠിപ്പിച്ചത് പ്രയാസപ്പെടുത്തുന്ന ഒരു ഭാര്യയിലൂടെയാണ്. എന്നാല്‍ അവിടുന്ന് യിരെമ്യാവിനെ പഠിപ്പിച്ചത് ഒരു ഭാര്യയെ കൂടാതെയാണ്, അദ്ദേഹത്തെ ആഴമുള്ള കുഴികളില്‍ ഇട്ടതിലൂടെ. അതിനു ശേഷം പൗലൊസിനെ പഠിപ്പിച്ചതും ഒരു ഭാര്യയെ കൂടാതെയായിരുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും ഓരേ പ്രവര്‍ത്തന രീതിയല്ല. എന്നാല്‍ പ്രമാണം ഒന്നു തന്നെയാണ്. ദൈവത്തില്‍ നിന്ന് നിങ്ങള്‍ക്കൊരു ശുശ്രൂഷ ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ കഷ്ടത അനുഭവിക്കണം. പൗലൊസ് പറഞ്ഞു: ‘ഞാന്‍ അനേകം കഷ്ടങ്ങളില്‍ക്കൂടി കടന്നു പോയി. ആ കഷ്ടതയില്‍ ഞാന്‍ ദൈവത്തില്‍ നിന്നു പ്രാപിച്ച ആ ശക്തി ആണ് ഇപ്പോള്‍ മറ്റ് ആളുകള്‍ക്ക് ഞാന്‍ പകര്‍ന്നു കൊടുക്കുന്നത്’ (2കൊരി. 1:4). അങ്ങനെയുള്ള അനുഭവങ്ങളില്ലെങ്കില്‍ നിര്‍ജ്ജീവമായ കുറച്ച അറിവ് മാത്രമേ മറ്റുള്ളവര്‍ക്ക് കൊടുക്കുവാന്‍ നമുക്ക് കഴിയുകയുള്ളു.

ഹോശെയ ഗോമെരിനെ വിവാഹം ചെയ്തു. എന്നാല്‍ അവളുടെ ചില മക്കള്‍ മറ്റു പുരുഷന്മാരില്‍ നിന്ന് ജനിച്ചവരായിരുന്നു. അവളുടെ ആദ്യജാതന്‍ ഹോശെയയുടെതായിരുന്നു. അടുത്ത രണ്ടു കുട്ടികള്‍, ഒരുപക്ഷേ അദ്ദേഹത്തിന്റേതല്ലായിരിക്കാം. ആ കുഞ്ഞുങ്ങളുടെ പേരുകള്‍ സൂചിപ്പിച്ചത്, ദൈവം എങ്ങനെയാണ് തന്റെ ജനത്തെ ശിക്ഷിച്ചിരുന്നത് എന്നാണ്. ഇതാണ് യിസ്രായേലിന്റെ രീതി: ‘അവള്‍ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോടൊപ്പം എത്തുകയില്ല. അവള്‍ അവരെ അന്വേഷിക്കും. കണ്ടെത്തുകയില്ലതാനും; അപ്പോള്‍ അവള്‍ ഞാന്‍ എന്റെ ആദ്യ ഭര്‍ത്താവിന്റെ അടുക്കല്‍ മടങ്ങിപ്പോകും; ഇന്നത്തേക്കാള്‍ അന്ന് എനിക്ക് ഏറെ നന്നായിരുന്നല്ലോ എന്നു പറയും’ (ഹോശെയ 2:7). ഇസ്രയേല്‍ ദൈവത്തില്‍ നിന്ന് അകന്നുപോയ അതേ രീതിയില്‍ തന്നെ ഹോശെയയുടെ ഭാര്യ അദ്ദേഹത്തില്‍ നിന്ന് അകുന്നു പോയി. എന്നാല്‍ ഇസ്രയേല്‍ കഷ്ടതയിലായപ്പോള്‍ അവള്‍ വീണ്ടും ദൈവത്തെ അന്വേഷിച്ചു. മിക്ക ആളുകളും ദൈവത്തെ അന്വേഷിക്കുന്നത് അവര്‍ കഷ്ടതയിലാകുമ്പോള്‍ മാത്രമാണ്. പണം അവരുടെ പ്രശ്‌നം പരിഹരിക്കുന്നില്ല എന്നു കണ്ടെത്തുമ്പോള്‍. അതുപോലെ ലോകത്തിലെ ആളുകള്‍ അവരെ തരംതാഴ്ത്തുമ്പോള്‍, അപ്പോള്‍ അവര്‍ ദൈവത്തിലേക്കു തിരിയുകയും അവിടുത്തെ സഹായം അന്വേഷിക്കുകയും ചെയ്യും. അപ്പോള്‍ ദൈവം അവരെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദൈവം ഹോശെയയോട് പറഞ്ഞു: ‘ഏറ്റവും ഒടുവിലത്തെ അഭയസ്ഥാനമായി നിന്റെ അടുക്കലേക്ക് മടങ്ങി വരുമ്പോള്‍ പോലും നീ അവളെ തിരിച്ചെടുക്കുക.’

യഹോവ അരുളിച്ചെയ്തു: ‘അവള്‍ക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്‍കിയതും ബാലിനു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വര്‍ദ്ധിപ്പിച്ചതും ഞാന്‍ എന്ന് അവള്‍ അറിഞ്ഞില്ല’ (ഹോശെയ 2:8). ഈ വാക്യം നമ്മള്‍ക്കും പ്രസക്തമാണ്. നിങ്ങള്‍ക്കുള്ളതെല്ലാം ദൈവത്തില്‍ നിന്നു വന്നതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? നിങ്ങളുടെ ആരോഗ്യം ദൈവത്തിന്റെ ദാനമാണെന്ന് നിങ്ങള്‍ ഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ പണം ദൈവത്തിന്റെ ദാനമാണ്. നിങ്ങളുടെ ബുദ്ധിശക്തി ദൈവത്തിന്റെ ദാനമാണ്. ഇസ്രയേല്‍ തങ്ങളുടെ പൊന്നും വെള്ളിയും ബാലിനു വിഗ്രഹങ്ങളുണ്ടാക്കാന്‍ ഉപയോഗിച്ചു. ദൈവം നിങ്ങള്‍ക്കു നല്‍കിയിട്ടുള്ളതിനെ ഈ ലോകത്തിനും അതിന്റെ സന്തോഷങ്ങള്‍ക്കുമായി ഉപയോഗിക്കാറുണ്ടോ?

ധൂര്‍ത്ത പുത്രന്റെ ഉപമ ഓര്‍ക്കുക. അവന്‍ തന്റെ പിതാവില്‍ നിന്ന് പണം എടുത്തു. എന്നാല്‍ അവന്‍ അത് അവന്റെ പിതാവിന്റെ വ്യാപാരത്തിനായി ഉപയോഗിച്ചില്ല. അവന്‍ അതെല്ലാം അവന്റെ തന്നെ കാര്യത്തിനായി ചെലവഴിച്ചു. പിന്മാറ്റത്തിലായ ദൈവജനത്തിന്റെ അടയാളം ഇതാണ്. അവര്‍ക്ക് ദൈവത്തില്‍ നിന്നു വളരെയധികം ദാനങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു? അവര്‍ ചിന്തിക്കുന്നത് ‘ഈ ശരീരം എന്റേതാണ്, എനിക്ക് അത് എന്റെ ഇഷ്ടംപോലെ ഉപയോഗിക്കാം. ഈ ബുദ്ധിശക്തി എന്റേതാണ്. അതു കഴിയുന്നിടത്തോളം എന്റെ സ്വന്ത ലാഭത്തിനായി ഞാന്‍ ഉപയോഗിക്കണം. ഈ പണം എന്റേതാണ്. ഇത് എല്ലാം ഞാന്‍ തന്നെ സമ്പാദിച്ചതാണ്. അത് എനിക്ക് എന്റെ ഇഷ്ടം പോലെ ഉപയോഗിക്കാം.’ ദൈവം നമുക്കു നല്‍കിയ പൊന്നും വെള്ളിയും എടുത്ത് അവകൊണ്ട് ബാലിനുവേണ്ടി വിഗ്രഹം ഉണ്ടാക്കുക എന്നതിന്റെ അര്‍ത്ഥം അതാണ്. ദൈവം അരുളിച്ചെയ്യുന്നത്: ‘അവര്‍ക്കുള്ളതെല്ലാം ഞാന്‍ അവര്‍ക്കു കൊടുത്തതാണെന്ന് അവര്‍ അറിയുന്നില്ല.’ നിങ്ങളെ സംബന്ധിച്ച് അത് എങ്ങനെയാണ്? എല്ലാ കാര്യങ്ങളും ദൈവത്തിന്റേതാണെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അപ്പോള്‍ നിങ്ങള്‍ എല്ലാം അവിടുത്തേക്കു മടക്കി കൊടുത്തിട്ടു പറയും: ‘കര്‍ത്താവേ, അവിടുന്ന് ഈ ദാനങ്ങളെല്ലാം എനിക്കു തന്നു. ഇതെല്ലാം അവിടുത്തെ രാജ്യത്തിനുവേണ്ടി തന്നെ ഉപയോഗിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

ഇസ്രയേല്‍ ഇത്ര അവിശ്വസ്ത ആയിട്ടും, കര്‍ത്താവു പറയുന്നത്: ‘ഞാന്‍ അവളെ തിരികെ നേടിയെടുക്കും. ഞാന്‍ അവളെ മരുഭൂമിയിലേക്കു നയിക്കും. ഞാന്‍ അവളുടെ ജീവിതത്തില്‍ കാര്യങ്ങളെല്ലാം വരണ്ടതും തരിശും ആക്കും. അനന്തരം കാര്യങ്ങളെല്ലാം വരണ്ടതും തരിശും ആകുമ്പോള്‍ അവള്‍ എന്നിലേക്കു തിരിയും. അപ്പോള്‍ ഞാന്‍ അവളോട് ഹൃദ്യമായി സംസാരിക്കും’ (ഹോശെ. 2:14). തന്നോട് തീര്‍ത്തും അവിശ്വസ്തയായ ഒരാളിനോട് ഒരു ഭര്‍ത്താവും ഇത്ര ഹൃദ്യമായി സംസാരിക്കുകയില്ല. എന്നാല്‍ കര്‍ത്താവു പറയുന്നു ‘ഞാന്‍ അവളോട് ഹൃദ്യമായി സംസാരിക്കുകയും ഞാന്‍ അവള്‍ക്കു ദാനങ്ങള്‍ കൊടുക്കുന്നത് തുടരുകയും ചെയ്യും. ഞാന്‍ അവള്‍ക്ക് മുന്തിരിത്തോട്ടങ്ങളെ മടക്കി കൊടുക്കും. ഞാന്‍ ആഖോര്‍ താഴ്വരയെ പ്രത്യാശയുടെ വാതിലാക്കി രൂപാന്തരപ്പെടുത്തും’ (ഹൊശെ. 2:15). ആഖോര്‍ എന്നത്, ആഖാന്‍ യെരിഹോവില്‍ വച്ച് യഹോവയ്ക്കുള്ളത് മോഷ്ടിച്ച പാപം നിമിത്തം കല്ലെറിഞ്ഞു കൊല്ലപ്പെട്ട സ്ഥലമാണ് (യോശുവ 7). അത് പാപത്തിനുള്ള ന്യായവിധിയുടെ സ്ഥലമായിരുന്നു. ഇപ്പോള്‍ കര്‍ത്താവു പറയുന്നത്: ‘ഞാന്‍ ന്യായവിധിയുടെ സ്ഥലം നിനക്കുവേണ്ടി പ്രത്യാശയുടെ താഴ്വരയാക്കാന്‍ പോകുകയാണ്. നീ പരാജയപ്പെട്ടെങ്കിലും, അതിന്റെ ഫലമായ ന്യായവിധിയും വേട്ടയാടലും നിന്റെമേല്‍ വന്നെങ്കിലും, ഇപ്പോള്‍ നീ നിന്റെ പാപങ്ങള്‍ ഏറ്റു പറഞ്ഞിരിക്കുന്നതിനാല്‍, ഇതേ സ്ഥലത്തു തന്നെ ഞാന്‍ നിനക്കുവേണ്ടി പ്രത്യാശയുടെ ഒരു വാതില്‍ തുറന്നു തരും. അതിന്റെ ഫലമായി വരുന്ന നാളുകളില്‍ നിന്റെ ജീവിതത്തില്‍ നിന്ന് മനോഹരമായ ചില കാര്യങ്ങള്‍ മുന്നോട്ടു വരുവാന്‍ ഇടയാകും.’

പിന്മാറി ദൈവത്തില്‍ നിന്നകന്നു പോകുകയും തങ്ങളുടെ ജീവിതത്തില്‍ അനേക വര്‍ഷങ്ങള്‍ പാഴാക്കുകയും ചെയ്തിട്ടുള്ളവര്‍ക്കു വേണ്ടിയുള്ള അത്ഭുതകരമായ ഒരു സന്ദേശമാണിത്. തങ്ങളുടെ ജീവിതത്തിലെ അനേക വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തുകയും ധാരാളം തെറ്റായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന കാരണത്താല്‍ അനേകരും നിരുത്സാഹപ്പെട്ടവരായിത്തീര്‍ന്നിരിക്കുന്നു. കുറച്ചുകൂടി ചെറുപ്പമായിരുന്നപ്പോള്‍ ഈ സത്യങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ എന്നവര്‍ ആശിക്കുന്നു. നിങ്ങള്‍ വേട്ടയാടപ്പെട്ടു. നിങ്ങള്‍ കഷ്ടതയനുഭവിച്ചു. ഇപ്പോള്‍ കര്‍ത്താവ് നിങ്ങളോടു പറയുന്നു: ‘നിരുത്സാഹപ്പെടരുത്. ഞാന്‍ ആഖോര്‍ താഴ്വരയെ നിനക്കു വേണ്ടി പ്രത്യാശയുടെ ഒരു വാതില്‍ ആക്കിത്തീര്‍ക്കും.’

അനന്തരം കര്‍ത്താവ് തുടര്‍ന്നു പറയുന്നു ‘അന്നാളില്‍ നീ എന്നെ ഉടയവനെ എന്നല്ല ഭര്‍ത്താവേ എന്നു വിളിക്കും’ (ഹോശെ. 2:16). ഇന്നു നമുക്കു കര്‍ത്താവുമായിട്ടുണ്ടാകാന്‍ കഴിയുന്ന ഭര്‍ത്താവും ഭാര്യയും പോലെയുള്ള ഒരു ബന്ധം അന്ന് പഴയ ഉടമ്പടിയില്‍ അവര്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല. ഈ ബന്ധമാണ് പരിശുദ്ധാത്മാവ് നമ്മുടെ ജീവിതങ്ങളില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. അബ്രാഹാമിന്റെ ദാസന്‍ റിബേക്കയെ യിസഹാക്കിന്റെ അടുത്തു കൊണ്ടുവന്നതുപോലെ. നമുക്ക് യേശുവിനോട് വിവാഹിതരാകുവാന്‍ കഴിയത്തക്കവിധം പരിശുദ്ധാത്മാവ് നമ്മെ യേശുവിവേക്ക് കൊണ്ടു വരുന്നു. പഴയ നിയമത്തില്‍ അവര്‍ അവിടുത്തെ അറിഞ്ഞത് ഉടയവനായിട്ടാണ്. ഇന്ന് അവിടുന്നു പറയുന്നു ‘ഇനി ഒരിക്കലും നീ എന്നെ ‘ഉടയവനെ’ എന്നു വിളിക്കുകയില്ല. നീ എന്നെ ‘ഭര്‍ത്താവേ’ എന്നു വിളിക്കും.

കര്‍ത്താവുമായി ഏതു തരം ബന്ധമാണ് നിങ്ങള്‍ക്കുള്ളത്? ഇന്ന് പ്രാഥമികമായി അവിടുത്തെ ആഗ്രഹം നിങ്ങളുടെ യജമാനനായിരിക്കാനല്ല. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവായിരിക്കാനാണെന്ന് നിങ്ങള്‍ക്കറിയാമോ? അനേകം അളുകള്‍ക്കും കര്‍ത്താവിനുവേണ്ടി തങ്ങള്‍ ചെയ്യുന്ന ശുശ്രൂഷകള്‍ മുഷിച്ചിലുള്ളതും ഭാരമുള്ളതുമാകുന്നു. കാരണം അത് ഒരു ദാസന്‍ തന്റെ യജമാനനെ സേവിക്കുന്നതുപോലെ ആണ്. ശമ്പളത്തിനു വേണ്ടി മാത്രം കഠിനമായ ഒരു യജമാനന് ജോലി ചെയ്തു കൊടുക്കുന്നതുപോലെയാണ്. എന്നാല്‍ ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ സേവിക്കുന്നത് ശമ്പളത്തിനു വേണ്ടിയല്ല. ഒരു യജമാനന്‍ തന്റെ വ്യക്തിപരമായ സമ്പത്ത് തന്റെ വേലക്കാരുമായി പങ്കിടുകയില്ല. എന്നാല്‍ ഒരു ഭര്‍ത്താവ് അതു ചെയ്യും. ഒരു ഭര്‍ത്താവ് തന്റെ ഭാര്യയെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ ഭാര്യ തന്റെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നത് ഇതിനെല്ലാം വേണ്ടിയല്ല. അവള്‍ സ്‌നേഹത്തില്‍ നിന്നാണ് അവനെ ശുശ്രൂഷിക്കുന്നത്. കര്‍ത്താവു പറയുന്നു ‘നീ അവിശ്വസ്തയായാലും, ഞാന്‍ നിന്നോട് വിശ്വസ്തനായിരിക്കുകയും ഞാന്‍ നിന്നെ എന്റേതാക്കി തീര്‍ക്കുകയും ചെയ്യും’ (ഹോശെ. 2:20). തന്നില്‍ നിന്നകന്നു പോയിരിക്കുന്ന ഒരാളിനെ കര്‍ശനമായി പിന്തുടരുന്ന വലിയ ദൈവസ്‌നേഹമാണ് ഇവിടെ നാം കാണുന്നത്. നമുക്കോരോരുത്തര്‍ക്കും വേണ്ടി കര്‍ത്താവു കരുതുന്നതിങ്ങനെയാണ്.

ഹോശെയയുടെ ഭാര്യ അവളെ തന്നെ ഒരടിമയായി വിറ്റു. എന്നാല്‍ ഹോശെയ അവളെ ‘പതിനഞ്ചു വെള്ളിക്കാശിനും, ഒന്നര ഹോമെര്‍ യവത്തിനും ഒരളവു വീഞ്ഞിനും തരിച്ചു മേടിച്ചു’ (ഹോശെ. 3:2). എന്നിട്ട് അവളോടു പറഞ്ഞു ‘നീ ബഹുകാലം എന്റെ വീട്ടില്‍ അടങ്ങിപ്പാര്‍ക്കുകയും നിന്റെ വേശ്യവൃത്തി അവസാനിപ്പിക്കുകയും വേണം.’

ഇത് ദൈവസ്‌നേഹത്തിന്റെ ഒരു ചിത്രമാണ്.