അധികാരത്തോടുള്ള വിധേയത്വം- WFTW 18 സെപ്റ്റംബർ 2016

സാക് പുന്നന്‍

   Read PDF version

1 പത്രൊസില്‍, അപ്പോസ്തലനായ പത്രൊസ് വിധേയത്വത്തെക്കുറിച്ച് വളരെയധികം സംസാരിക്കുന്നുണ്ട്. ദൈവത്തിന്റെ സത്യ കൃപ അനുഭവിക്കുന്ന ഒരാള്‍ താന്‍ പോകുന്നിടത്തെല്ലാം എല്ലായ്‌പ്പോഴും അധികാരങ്ങള്‍ക്ക് വിധേയപ്പെട്ടിരിക്കും. അയാള്‍ക്ക് വിധേയത്വം സംബന്ധിച്ച് യാതൊരു പ്രശ്‌നവും ഉണ്ടായിരിക്കുകയില്ല. ആദം സൃഷ്ടിക്കപ്പെടുന്നതിന് വളരെ മുമ്പു തന്നെ മത്സരത്തില്‍ നിന്ന് പാപം ഉത്ഭവിച്ചു. ഏറ്റവും ഉന്നതനായിരുന്ന പ്രധാന ദൂതന്‍ ദൈവത്തിന്റെ അധികാരത്തോടു മത്സരിക്കുകയും പെട്ടന്നു തന്നെ അവന്‍ പിശാചായി മാറുകയും ചെയ്തു. അതുകൊണ്ടാണ് ?മത്സരം ആഭിചാര ദോഷം പോലെ പാപം ആയിരിക്കുന്നത് ?(1 ശമുവേല്‍ 15 :23) കാരണം ആഭിചാരം എന്ന പ്രവൃത്തി ചെയ്യുന്നത്രയും തന്നെ മത്സരത്തിന്റെ ആത്മാവ് ഒരാളെ ദുരാത്മാക്കളുമായുള്ള ബന്ധത്തിലേക്ക് കൊണ്ടു വരുന്നു. യേശു പിശാചിനെ ജയിച്ചത് അതിനു നേരെ എതിരായ മാര്‍ഗ്ഗത്തില്‍ ജീവിച്ചതുകൊണ്ടാണ്. അവിടുന്ന് തന്നെത്താന്‍ താഴ്ത്തുകയും തന്റെ പിതാവിനോടുള്ള പൂര്‍ണ്ണ വിധേയത്വത്തില്‍ ഭൂമിയിലേക്കു വരികയും, ഈ ഭൂമിയില്‍ അവിടുന്ന്, അപൂര്‍ണ്ണരായ ജോസഫിനും മറിയയ്ക്കും 30 വര്‍ഷങ്ങളോളം വിധേയപ്പെട്ടു ജീവിക്കുകയും ചെയ്തു, കാരണം
സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്റെ മേല്‍ ആക്കി വച്ച മാനുഷ അധികാരികള്‍ ആയിരുന്നു അവര്‍. ദൈവത്തിന്റെ സത്യ കൃപ അനുഭവിച്ചിട്ടുള്ള ഒരുവന്‍ തന്റെ ദേഹിയില്‍ മത്സരത്തിന്റെ ആത്മാവില്‍ നിന്നുള്ള രക്ഷ അനുഭവിക്കും. അധികാരത്തിനു വിധേയപ്പെടുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ ദേഹിയില്‍ രക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു.

എല്ലാ മാനുഷാധികാരങ്ങള്‍ക്കും, രാജാക്കന്മാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ക്ക്, വിധേയപ്പെടുവാനാണ് ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. (1 പത്രൊസ് 2:13,14). ആ കാലത്ത് നീറോ ആയിരുന്നു റോമിന്റെ ചക്രവര്‍ത്തി, ഏതു കാലത്തും റോം ഭരിച്ചിട്ടുള്ള ഏറ്റവും നീചന്മാരായ രാജാക്കന്മാരില്‍ ഒരാളായിരുന്നു അയാള്‍. അയാള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. എന്നിട്ടും പത്രൊസ് ക്രിസ്ത്യാനികളോട് അയാള്‍ക്കു വിധേയപ്പടുവാന്‍ മാത്രമല്ല, രാജാവിനെ ബഹുമാനിക്കുവാനും കൂടി പറഞ്ഞു (1 പത്രൊസ് 2:17). നാം?എല്ലാവരേയും ബഹുമാനിക്കണം? എന്നു കൂടി അദ്ധേഹം പറയുന്നു. ( 1പത്രൊസ് 2:17). പഴയ ഉടമ്പടിയിന്‍ കീഴില്‍, നാം പ്രായമുള്ളവരെ ബഹുമാനിക്കണമെന്നാണ് നിയമം (ലേവ്യ പുസ്തകം 19:32). എന്നാല്‍ പുതിയ ഉടമ്പടിയുടെ കീഴില്‍ നാം സകല മനുഷ്യരേയും ബഹുമാനിക്കണം. പുതിയ ഉടമ്പടിയുടെ കീഴില്‍ എല്ലാ മേഖലകളിലും കുറച്ചുകൂടി ഉന്നതമായ നിലവാരമാണ് പുലര്‍ത്തുന്നത്. പഴയ ഉടമ്പടി പ്രകാരം, ആളുകള്‍ ദൈവത്തിന് 10% കൊടുക്കണമായിരുന്നു, പുതിയ ഉടമ്പടി പ്രകാരം നാം എല്ലാം ദൈവത്തിന് കൊടുക്കണം (ലുക്കോ 14: 33) പഴയ ഉടമ്പടി പ്രകാരം, ഒരു ദിവസം വിശുദ്ധമായി
സൂക്ഷിക്കണമായിരുന്നു (ശബ്ബത്ത്). പുതിയ ഉടമ്പടിയില്‍, എല്ലാ ദിവസവും വിശുദ്ധമായിരിക്കണം. പഴയ ഉടമ്പടി പ്രകാരം കടിഞ്ഞൂലായി പിറന്ന ആണ്‍കുഞ്ഞുങ്ങളെല്ലാം ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവരായിരിക്കണം. പുതിയ ഉടമ്പടിയില്‍, നമ്മുടെ എല്ലാ കുഞ്ഞുങ്ങളും ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവരായിരിക്കണം. ദൈവത്തിന്റെ കൃപ അനുഭവിച്ചിട്ടുള്ള ഒരു മനുഷ്യന് സകല മനുഷ്യരേയും ബഹുമാനിക്കുന്നതിന് ഒരു പ്രയാസവുമില്ല. നാം യേശുവിനെപ്പോലെ ദാസന്മാരായിരിക്കേണ്ടവരാണ്, അതുകൊണ്ട് ഓരോരുത്തരേയും ബഹുമാനിക്കുവാനും ‘മറ്റുള്ളവരെ നമ്മെളെക്കാള്‍ ശ്രേഷ്ഠരെന്ന് എണ്ണുവാനും’ (ഫിലിപ്യര്‍ 2:3) നമുക്ക് സന്തോഷമാണ്.

പിന്നീട് അദ്ധേഹം പ്രത്യേകമായി ദാസന്മാരോട്, തങ്ങളുടെ യജമാനന്മാര്‍ക്ക് കീഴടങ്ങിയിരിക്കുവാന്‍ പറഞ്ഞിരിക്കുന്നു. എല്ലാ അപ്പൊസ്തലന്മാരും ദാസന്മാരെ, തങ്ങളുടെ യജമാനന്മാര്‍ക്ക് കീഴ്‌പ്പെട്ടിരിക്കുവാനാണ് പഠിപ്പിച്ചത്. തന്റെ ഓഫീസിലോ, ഫാക്ടറിയിലോ തങ്ങളുടെ അധികാരികളോട് മത്സരത്തിന്റെ ഒരാത്മാവുള്ള ഒരു ക്രിസ്ത്യാനി , ക്രിസ്തുവിന് വളരെ മോശപ്പെട്ട ഒരു സാക്ഷിയാണ്. സ്‌കൂളിലോ, കോളേജിലോ, തന്റെ അദ്ധ്യാപകര്‍ക്കെതിരെ മത്സരിക്കുന്ന ഒരു ക്രിസ്തീയ വിദ്യാര്‍ത്ഥിയും ക്രിസ്തുവിന് വളരെ മോശപ്പെട്ട ഒരു സാക്ഷിയാണ്. അത്തരത്തിലുള്ള ഒരു ക്രിസ്ത്യാനി ‘ദൈവത്തിന്റെ സത്യകൃപ’ എന്നത് ഒട്ടും തന്നെ മനസ്സിലാക്കിയിട്ടില്ല. യേശു വന്ന് അപൂര്‍ണ്ണരായ മാതാപിതാക്കള്‍ക്ക് 30 വര്‍ഷങ്ങളോളം കീഴടങ്ങിയിരുന്നു എന്നുള്ള കാര്യം അയാള്‍ മനസ്സിലാക്കിയിട്ടില്ല. നാം എല്ലാവരും പഠിക്കേണ്ടിയിരിക്കുന്ന ഒരു പാഠമാണിത് . ദാസന്മാരെ, നിങ്ങളുടെ യജമാനന്മാര്‍ക്ക് സര്‍വ്വ ബഹുമാനത്തോടും കൂടെ കീഴടങ്ങിയിരിപ്പിന്‍. നിങ്ങള്‍ ജോലി ചെയ്യുന്നത് ഒരു ഓഫീസിലോ, ഫാക്റ്ററിയിലോ,സ്‌കൂളിലോ, ആശുപത്രിയിലോ, മറ്റെവിടെ ആയാലും, ആ സ്ഥലത്ത് നിങ്ങള്‍ക്കു മുകളിലുള്ളവരോട് നിങ്ങള്‍
ബഹുമാനം കാണിക്കണം.

അദ്ധ്യാപകരെ ബഹുമാനിക്കുവാനും, മറ്റു കുട്ടികളുടെ കൂടെ സംഘം ചേര്‍ന്ന് അദ്ധ്യാപകരെ കളിയാക്കാതിരിക്കുവാനും നാം നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. നല്ലവരും ദയാശീലരുമായ യജമാനന്മാര്‍ക്കു മാത്രമല്ല ക്രൂരന്മാര്‍ക്കു കൂടി കീഴടങ്ങുവാന്‍ ദാസന്മാര്‍ പഠിക്കണം. ഒരു നല്ല യജമാനനു കീഴടങ്ങുവാന്‍ എളുപ്പമാണ്. എന്നാല്‍ ദൈവത്തിന്റെ സത്യകൃപ അനുഭവിച്ചിട്ടുള്ള ഒരു ക്രിസ്ത്യാനി ക്രൂരന്മാരായവര്‍ക്കും കൂടെ കീഴടങ്ങും ( 1പത്രൊസ് 2:18) നിങ്ങള്‍ ക്രൂരനായ ഒരു യജമാനന് കീഴടങ്ങുമ്പോഴാണ്,ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നിങ്ങളുടെ വെളിച്ചം പ്രകാശിക്കുന്നത്. കത്തുന്ന ഒരു മെഴുകുതിരി സൂര്യപ്രകാശത്തില്‍ എളുപ്പം ദൃശ്യമാകുന്നില്ല. എന്നാല്‍ രാത്രിയില്‍ എല്ലാവര്‍ക്കും അതിന്റെ വെളിച്ചം കാണാം. അതുപോലെ തന്നെ, ഒരു ക്രിസ്ത്യാനിയുടെ വെളിച്ചം ഏറ്റവും തിളക്കത്തോടെ കാണപ്പെടുന്നത് അവന്‍ ഇരുണ്ട ചുറ്റുപാടുകളിലായിരിക്കുമ്പോഴാണ്.

നിങ്ങള്‍ എന്തെങ്കിലും തെറ്റു ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിരിക്കുമ്പോള്‍ ക്ഷമയോടെ കീഴടങ്ങിയിരിക്കുന്നതില്‍ ഒരു നന്മയുമില്ല. എന്നാല്‍ നന്മയായതു ചെയ്തിട്ടും നിങ്ങള്‍ സഹിഷ്ണുതയോടെ കഷ്ടം സഹിക്കുകയാണെങ്കില്‍, ദൈവത്തിന് നിങ്ങളോട് പ്രസാദമുണ്ട് ( 1പത്രൊസ് 2:20) അന്യായമായി കഷ്ടം സഹിക്കുക എന്നതാണ് പത്രൊസിന്റെ ലേഖനത്തിലെ വലിയ പ്രതിപാദ്യങ്ങളിലൊന്ന്. യേശുവും കൃത്യമായി അങ്ങനെതന്നെയാണ് കഷ്ടം സഹിച്ചത് എന്ന് അദ്ദേഹം തുടര്‍ന്നു പറയുന്നു. അവിടുന്ന് അന്യായമായി കഷ്ടം സഹിക്കുകയും നമുക്ക് അവന്റെ കാല്‍ചുവടുകള്‍ പിന്‍തുടരുവാന്‍ ഒരു മാതൃക വച്ചേച്ച് പോയിരിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ നാം വിളിക്കപ്പെട്ടിരിക്കുന്നത് അവിടുത്തെ കാല്‍ ചുവടുകള്‍ പിന്‍തുടരുവാനാണ്, അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല, അവിടുന്ന് ഒരിക്കലും ഒരു ഭോഷ്‌ക് പറഞ്ഞില്ല, ശകാരിച്ചിട്ട് അവിടുന്ന് ഒരിക്കലും പകരം ശകാരിച്ചില്ല, പീഢനം സഹിക്കുമ്പോള്‍ അവിടുന്ന് ഭീഷണിപ്പെടുത്തിയില്ല, എന്നാല്‍ ന്യായമായി വിധിക്കുന്ന ദൈവത്തിന്റെ പക്കല്‍ തന്റെ കാര്യം ഭാരമേല്‍പ്പിക്കുകയാണ് ചെയ്തത് (1 പത്രൊസ് 2:2123). ‘ദൈവത്തിന്റെ സത്യകൃപ’
മനസ്സിലാക്കിയിട്ടുള്ള ഒരു ക്രിസ്ത്യാനി ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്.