പ്രോത്സാഹനത്തിന്റെ വാക്കുകള്‍ പറയുവാന്‍ യേശുവില്‍നിന്ന് പഠിക്കുക ! – WFTW 20 ജൂലൈ 2014

സാക് പുന്നന്‍

   Read PDF version

നമ്മുടെ ഹൃദയത്തിലുള്ളതെന്താണെന്ന് പുറത്തു കാണിക്കുന്ന ഒരു വലിയ വെളിപ്പെടുത്തല്‍ ഉപാധിയാണ് നമ്മുടെ സംസാരം. ഹൃദയം നിറഞ്ഞു കവിയുന്നത് വായ് പ്രസ്താവിക്കുന്നു എന്നു യേശു പറഞ്ഞു. നിങ്ങളുടെ ഹൃദയത്തില്‍ എന്തെല്ലാമുണ്ടോ അതു നിങ്ങള്‍ സംസാരിക്കുമ്പോള്‍ പുറത്തു വരും. അധികനേരം നിങ്ങള്‍ക്കത് മറച്ചുവയ്ക്കാന്‍ പറ്റില്ല. എന്തുകൊണ്ടാണ് ആളുകള്‍ മറ്റുള്ളവരെ നിസ്സാരന്മാരാക്കി കാണിക്കുന്നത്, മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വിധത്തിലുള്ള അഭിപ്രായങ്ങളും തമാശകളും പറയുന്നതെന്തിനാണ്? എന്തുകൊണ്ട് അവര്‍ അതു ചെയ്യുന്നു? കാരണം അവര്‍ ക്രിസ്തുവിനെപ്പോലെ അല്ല.
നാം യേശുവിന്റെ തേജസ് കാണേണ്ട ആവശ്യമുണ്ട്. അപ്പോള്‍ മാത്രമേ നമുക്ക് അവനെപ്പോലെ ആകാന്‍ കഴിയൂ. യേശു എങ്ങനെയാണ് ജീവിച്ചതെന്ന് നമ്മെ കാണിച്ചു തരുവാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. എന്നിട്ടു പറയുന്നു: “ഞാന്‍ നിങ്ങളെ അവനെപ്പോലെ ആക്കിത്തീര്‍ക്കട്ടെ.” പരിശുദ്ധാത്മാവ് വെറുതെ, അവനെപ്പോലെ ആകുക എന്നു പറയുക മാത്രമല്ല, അവിടുന്നു പറയുന്നത് `ഞാന്‍ നിങ്ങളെ അവനെപ്പോലെ ആക്കിത്തീര്‍ക്കട്ടെ” എന്നാണ്. അതു നല്ലതല്ലേ? പരിശുദ്ധാത്മാവ് യേശുവിന്റെ തേജസ് എന്നെ കാണിച്ചു തരുക മാത്രം ചെയ്തിട്ട് അവനെപ്പോലെ ആകുക എന്നു പറയുന്നു എന്നു കരുതുക. ഞാന്‍ നിരുത്സാഹത്തില്‍ ആ കാര്യം ഉപേക്ഷിക്കും. ഞാന്‍ പറയും `കര്‍ത്താവേ, എനിക്കു കഴിയില്ല.’ എന്നാല്‍ പരിശുദ്ധാത്മാവു പറയുന്നത് അതല്ല. പരിശുദ്ധാത്മാവ് യേശുവിന്റെ സംസാരരീതിയിലുള്ള സൌന്ദര്യം നമ്മെ കാണിക്കുന്നു. അതിനു ശേഷം നമ്മോടു പറയുന്നു. “ഇനി എന്റെ മകനെ, എന്റെ മകളെ, നിന്റെ സംസാരം അതുപോലെ ആക്കിതീര്‍ക്കുവാന്‍ നീ എന്നെ അനുവദിക്കുമോ? നിര്‍മ്മലമായത്, നന്മയായത്, സ്‌നേഹിക്കുന്നത്. നിന്റെ നാവിനെ നിയന്ത്രിക്കുവാന്‍ നീ എന്നെ അനുവദിക്കുമോ? ഇന്നു മുതല്‍ നിന്റെ സംസാരത്തെ നിയന്ത്രിക്കുവാന്‍ നീ എന്നെ അനുവദിക്കുമോ?!! ഇതാണ് ആത്മാവിന്റെ നിറവ്. ആത്മാവിന്റെ ഫലം, ആത്മനിയന്ത്രണമാണ്. ആരെയും ഒരിക്കലും നമ്മുടെ വാക്കുകൊണ്ടോ അതുപോലെയുള്ള മറ്റെന്തെങ്കിലും കാര്യം കൊണ്ടോ മുറിവേല്പിക്കാത്തവിധം നമുക്കു പരിശുദ്ധാത്മവിനാല്‍ നിറയപ്പെടാന്‍ കഴിയും. നമ്മുടെ സ്വയമരണത്തിന്റ പാതയിലൂടെ അവന്‍ നമ്മെ നയിക്കുന്നു.
യേശു തന്റെ നാവിനെ ക്രിയാത്മാകമായ രീതിയില്‍ ആളുകളെ ഉത്സാഹിപ്പിക്കുവാനായി ഉപയോഗിച്ചു. തിരുത്തുവാനായി ഉപയോഗിച്ചു. ദൈവത്തിന്റെ കരങ്ങളില്‍ ജീവന്റെ ഉപകരണമായി അവിടുന്നു തന്റെ നാവിനെ തീര്‍ത്തു. യെശയ്യാവ് 50:4ല്‍ യേശുവിന്റെ നാവിനെക്കുറിച്ചു പറയുന്ന മനോഹരമായ ഒരു വചനം വായിക്കുന്നു, അത് ആശ്ചര്യകരമായ ഒരു വചനമാണ്. അതു പറയുന്നത് “തളര്‍ന്നിരിക്കുന്നവനെ വാക്കുകൊണ്ട് താങ്ങുവാന്‍ അറിയേണ്ടതിന് യഹോവയായ കര്‍ത്താവ് എനിക്കു ഒരു ശിഷ്യന്റെ നാവു തന്നിരിക്കുന്നു.” ഒന്നു ചിന്തിക്കുക: നിങ്ങള്‍ക്ക് അതുപോലെയൊരു ശുശ്രൂഷ ഉണ്ടാകുവാന്‍ കഴിഞ്ഞാല്‍, നിങ്ങള്‍ ഒരു പ്രസംഗി ആകേണ്ട ആവശ്യമില്ല. നിങ്ങള്‍ ഒരിക്കലും ഒരു പ്രസംഗപീഠത്തില്‍ നിന്നു എന്നു വരില്ല; എന്നാല്‍ തളര്‍ന്നിരിക്കുന്നവരെ താങ്ങുവാന്‍ ഒരു ശരിയായ വചനം ഉണ്ടായിരിക്കാന്‍ മാത്രമുള്ള ശുശ്രൂഷ.
നിങ്ങള്‍ക്കറിയാമോ തളര്‍ന്നിരിക്കുന്ന എത്ര ആളുകള്‍ ഓരോ ദിവസവും നിങ്ങളുടെ വഴിയില്‍ നിങ്ങളെ യാദൃശ്ചികമായി കണ്ടുമുട്ടാറുണ്ട് എന്ന്? ഒരു ദിവസം എത്ര ആളുകളെ നിങ്ങള്‍ കണ്ടു മുട്ടുന്നു എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്? നിങ്ങളുടെ ഓഫീസില്‍, നിങ്ങളുടെ അയല്‍പക്കത്ത്? അവിടെ ചിലരെങ്കിലും ഉണ്ടാകും. തന്നെയുമല്ല അവരില്‍ ചിലര്‍ തളര്‍ന്നിരിക്കുന്നവരുമാണ്. അവിടെ അവരെ ഉത്സാഹിപ്പിക്കുവാന്‍ നിങ്ങള്‍ക്കൊരു വചനമുണ്ടോ? അതോ നിങ്ങള്‍ പുറകോട്ടു ചാരിയിരുന്നു രാഷ്ട്രീയം, കാലാവസ്ഥ തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അവര്‍ അവരുടെ ഭാരവുമായി തുടരുകയുമാണോ? ദൈവത്തിനു നിങ്ങളുടെ നാവിനെ ഉപയോഗിക്കുവാന്‍ ആഗ്രഹമുണ്ട്. ദൈവം നിങ്ങളുടെ നാവിനെ പ്രോത്സാഹനത്തിന്റെ ഒരു വാക്കു പറയുവാനും ചിലപ്പോള്‍ തിരുത്തലിന്റെ ഒരു വാക്കു കൂടി പറയുവാനുമായി ഉപയോഗിക്കാനാഗ്രഹിക്കുന്നു. യേശു തന്റെ നാവിനെ നിഗളികളെയും, ധിക്കാരികളെയും മുറിക്കുന്ന ഒരു വാളായും ഉപയോഗിച്ചു. “ഇത്ര വലിയ വിശ്വാസം ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല” എന്ന് യേശു പറഞ്ഞപോള്‍ ആ റോമന്‍ ശതാധിപന്‍ അല്ലെങ്കില്‍ ആ കനാന്യ സ്ത്രീ, അവര്‍ എത്രമാത്രം ഉത്സാഹിപ്പിക്കപ്പെട്ടു കാണാം! അതു നിങ്ങള്‍ മത്തായി 8ലും മത്തായി 15ലും വായിക്കുന്നു. ലൂക്കോസ് 7ല്‍ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടില്‍ വന്ന് യേശുവിന്റെ പാദങ്ങള്‍ കഴുകിയതിന് അവന്‍ പ്രശംസിച്ചപ്പോള്‍ ഉത്സാഹിപ്പിക്കപ്പെട്ട ആ പാപിനിയായ സ്ത്രീയെക്കുറിച്ചു ചിന്തിക്കുക. ബഥാന്യയിലെ മറിയ അവളുടെ ത്യാഗപരമായ സമര്‍പ്പണത്തിന്റെ പേരില്‍ പ്രശംസിക്കപ്പെട്ടു. യേശുവിന്റെ ഈ വാക്കുകള്‍ അവര്‍ ഒരിക്കലും മറന്നിട്ടുണ്ടാകയില്ല: “ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോകുന്നു” എന്നു യേശു പറഞ്ഞപ്പോള്‍ പത്രൊസ് എത്രമാത്രം ശക്തിപ്പെട്ടു എന്നു ചിന്തിക്കുക. വളരെക്കുറച്ചു വാക്കുകള്‍ മാത്രം, എത്ര ശക്തി! വളരെയധികം ആളുകള്‍ യേശുവിന്റെ അധരങ്ങളില്‍ നിന്ന് ഇങ്ങനെയുള്ള വാക്കുകള്‍ കേട്ടിട്ടുണ്ടാകും. നിങ്ങള്‍ പരിശുദ്ധാത്മാവിനോട് ജനങ്ങള്‍ക്കായി നിങ്ങളുടെ ഹൃദയത്തിലേക്കു ദൈവസ്‌നേഹം പകരാനായി ചോദിച്ചാല്‍, നിങ്ങളുടെ അധരങ്ങളില്‍ക്കൂടെ ഇതുപോലെയുള്ള വാക്കുകള്‍ക്ക് പുറത്തു വരാന്‍ സാധിക്കും.