തലവേദനയുടെ കാരണമെന്താണ്?

man in blue and brown plaid dress shirt touching his hair

ദോഷം നിരൂപിക്കുന്നവർ ഉഴന്നു പോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു. സദൃശവാക്യങ്ങൾ 14:22

ഒരു ദൈവഭൃത്യൻ തന്റെ ഒരനുഭവം “യജമാനന്റെ കരസ്പർശം” എന്ന ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നതു ഇങ്ങനെ:

“ഞാൻ ചുമതല വഹിച്ചിരുന്ന ഡിപ്പാർട്ടുമെന്റിൽ ഒരാളെ അസഹ്യമായ തലവേദനയെത്തുടർന്ന് തലച്ചോറിന്റെ പരിശോധനയ്ക്കായി കൊണ്ടുവന്നു. ശാരീരികമായ കാരണങ്ങൾ ഒന്നും തന്നെ പരിശോധനയിൽ കണ്ടില്ല. എന്നാൽ അദ്ദേഹവുമായി കുറെസമയം സംഭാഷണം നടത്തുന്നതിന് അവസരം ലഭിച്ചപ്പോൾ തലവേദനയുടെ കാരണം കണ്ടെത്തി. അതിങ്ങനെയാണ്: ഇദ്ദേഹത്തിന്റെ സ്നേഹിതന്മാരിലൊരാൾ വളരെ സ്വാധീനമുള്ളയാളും ഒരു വലിയ കമ്പനിയുടെ ഉടമയുമായിരുന്നു. അടുത്ത കാലത്ത് ഈ കമ്പനിയുടമ ഇദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അയൽപക്കത്തുള്ള ഒരു ചെറുപ്പക്കാരന്റെ കഴിവിനെയും സ്വഭാവഗുണത്തെയും പറ്റി അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞു. തന്റെ കമ്പനിയിൽ ഒരു ഉയർന്ന ജോലിക്കായി പ്രസ്തുത ചെറുപ്പക്കാരൻ അപേക്ഷിച്ചിരുന്നതിനാൽ അയൽപക്കത്തു താമസിക്കുന്ന പരിചയക്കാരനിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാനായിരുന്നു കമ്പനിയുടമയുടെ സന്ദർശനം എന്ന് ഈ സ്നേഹിതന് അറിയില്ലായിരുന്നു. സൽസ്വഭാവിയും പരിശ്രമശീലനുമായ അയൽക്കാരനായ ചെറുപ്പക്കാരനെക്കുറിച്ച് സ്നേഹിതൻ വളരെ പുകഴ്ത്തി തന്നെ അഭിപ്രായം പറഞ്ഞു. ഈ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ചെറുപ്പക്കാരനെ കമ്പനിയിൽ നിയമിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആ ചെറുപ്പക്കാരന്റെ പ്രവർത്തനത്തിൽ കമ്പനിയുടമ അതീവതൃപ്തനായി. ഈ നല്ല ചെറുപ്പക്കാരനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതിനു കമ്പനിയുടമ സ്നേഹിതനെ വിളിച്ചു നന്ദി പറഞ്ഞു.

അപ്പോൾ മാത്രമാണ് തന്റെ അഭിപ്രായം മൂലം അയൽക്കാരനായ ചെറുപ്പക്കാരനു കമ്പനിയിൽ വലിയ ജോലി കിട്ടിയ കാര്യം സ്നേഹിതൻ അറിഞ്ഞത്. ഇതാണു തലവേദനയുടെ തുടക്കം. താൻ ഒന്നും അറിയാതെ നല്ല അഭിപ്രായം പറഞ്ഞതു മൂലം അയൽക്കാരനു വലിയ ജോലി കിട്ടിയല്ലോ എന്നോർത്തപ്പോൾ അയാൾക്ക് ആകപ്പാടെ തന്നോടു തന്നെ വെറുപ്പും അയൽക്കാരനോട് അസൂയയും തോന്നി. ഇതു നേരത്തെ അറിഞ്ഞിരുന്നങ്കിൽ നല്ല അഭിപ്രായം പറയുകയില്ലായിരുന്നു എന്ന് പറഞ്ഞ് അയാൾ സ്വയം ശപിക്കാൻ തുടങ്ങി. ഇതോടെ തലവേദന വർദ്ധിക്കുകയാണുണ്ടായത്…

സ്നേഹിതാ, നിങ്ങളുടെ തലവേദനയുടെ കാരണം എന്താണ്?

അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം. സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം. സദൃശവാക്യങ്ങൾ 15:15.