എങ്ങോട്ടാ തിടുക്കത്തിൽ?

ഇന്ത്യയിൽ നിന്ന് സാധു സുന്ദർസിംഗ് പതിവുപോലെ ടിബറ്റിലേയ്ക്കുള്ള യാത്രയിലാണ്. ഹിമാലയ പർവ്വത സാനുക്കളിലെ ഒറ്റയടിപാതയിലൂടെ മെല്ലെ സാധു മുന്നോട്ടു നീങ്ങുമ്പോൾ മറ്റൊരാളെ വഴിയിൽ കൂട്ടിനു കിട്ടി. ടിബറ്റിലേയ്ക്ക് കച്ചവടത്തിനു പോകുന്ന ഒരു യാത്രികൻ. വഴിയിൽ മിണ്ടിയും പറഞ്ഞും പോകാൻ ഒരാളായല്ലോ! സാധു അയാളെയും ഒപ്പം കുട്ടി നടന്നു തുടങ്ങി.

കാൽമുട്ടുവരെ പുതഞ്ഞുപോകുന്ന മഞ്ഞിനെ വകഞ്ഞുമാറ്റി ഒറ്റയടിപ്പാതയിലൂടെ അവർ മുന്നോട്ടു നീങ്ങിയപ്പോൾ പെട്ടെന്നു ഹിമപാതം ആരംഭിച്ചു. മരവിച്ചുപോകുന്ന തണുപ്പാണ്. നിന്നാൽ മഞ്ഞുവീഴ്ചയിൽ പെട്ടു മരിച്ചു പോയേക്കാം. അവർ എത്രയും വേഗം അടുത്ത താവളത്തിലെത്താൻ ആഞ്ഞു നടക്കുകയാണ്.

അപ്പോഴിതാ, വഴിയിൽ മറ്റൊരാൾ വീണു കിടക്കുന്നു. തങ്ങൾക്കു മുമ്പേ ഈ വഴിയിലൂടെ ഒറ്റയ്ക്കു പോയ ഒരാളായിരിക്കണം. മഞ്ഞിൽ തണുത്തു മരവിച്ച് വഴിയിൽ ബോധംകെട്ടു വീണു കിടക്കുകയാണ്. സാധു സുന്ദർ സിങ് മരവിച്ചു കിടക്കുന്ന അയാളെ തിരുമ്മി ചൂടുപിടിപ്പിക്കാൻ തുടങ്ങി. കൂടെയുണ്ടായിരുന്ന കച്ചവടക്കാരൻ അസ്വസ്ഥനായി ഇങ്ങനെ പറഞ്ഞു: “സാധു, നിങ്ങൾ അയാൾക്കു കുട്ടിരുന്നാൽ നിങ്ങളും മഞ്ഞുവീണു മരിച്ചു പോകാം. വേഗം വാ, നമുക്ക് എങ്ങനെയും പെട്ടെന്ന് അടുത്ത താവളത്തിലെത്തണം’, പക്ഷേ സാധുവിന് ആ നിസ്സഹായനെ മരണത്തിനു വിട്ടുകൊടുത്തിട്ട് സ്വന്ത ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നില്ല. സാധു, മരണാസന്നനായ അയാളെ ശുശ്രൂഷിക്കാൻ അവിടെയിരുന്നു. കൂടെയുണ്ടായിരുന്ന കച്ചവടക്കാരൻ സാധുവിന്റെ മണ്ടത്തരത്തെ പഴിച്ചുകൊണ്ട് തനിയെ മുന്നോട്ടു പോയി. അൽപസമയം കഴിഞ്ഞിട്ടും അയാൾക്കു ബോധം തെളിയാതെ വന്നപ്പോൾ സാധു അയാളെ ചുമലിൽ വഹിച്ചുകൊണ്ടു നടന്നു തുടങ്ങി. കുറേ മുന്നോട്ടു പോയപ്പോൾ അതാ തന്നെ വിട്ട് ഓടിപ്പോയ കച്ചവടക്കാരൻ വഴിയിലെ മഞ്ഞിൽ വീണു തണുത്തു മരവിച്ചു മരിച്ചുകിടക്കുന്നു. മരണാസന്നനെ തോളിലേറ്റി നടന്നതിന്റെ അദ്ധ്വാനം മൂലം തന്റെ ശരീരം ചൂടായി. അതുകൊണ്ടാണ് മഞ്ഞിൽ മരവിച്ച് താൻ വീണുപോകാഞ്ഞതെന്ന് സാധുവിനു മനസ്സിലായി. സ്വന്തജീവൻ രക്ഷിക്കാനായി സഹജീവിയെ പരിഗണിക്കാതെ മുന്നോട്ടു പോയ കച്ചവടക്കാരനെ അനിവാര്യമായ ദുരന്തം കീഴടക്കി. അറിഞ്ഞുകൊണ്ടല്ലെങ്കിലും മറ്റൊരു മനുഷ്യനെ ചുമലിൽ വഹിച്ചു നടന്നുതുടങ്ങിയപ്പോൾ ഞരമ്പുകളിലൂടെയുള്ള രക്തയോട്ടം വേഗത്തിലാവുകയും ശരീരം ചൂടുപിടിക്കുകയും ചെയ്തതുകൊണ്ടാണ് തനിക്ക് ആ ദുരന്തം വരാഞ്ഞതെന്ന് സാധു മനസ്സിലാക്കി.

വേഗത്തിൽ വീണ്ടും മുന്നോട്ടു നടന്ന സാധു സുന്ദര് സിംഗ് അധികം വൈകാതെ അടുത്തതാവളത്തിൽ എത്തിച്ചേരുകയും ജീവൻ രക്ഷിക്കുകയും ചെയ്തു. സാധുവിന്റെ ശരീരത്തിലെ ചൂട് മരണാസന്നനേയും ചൂടുപിടിപ്പിച്ചിരുന്നു. താവളത്തിലെത്തി അയാളെ സാധു വീണ്ടും തിരുമ്മി ചൂടുപിടിപ്പിക്കാൻ തുടങ്ങി. ഒടുവിൽ അയാളും മരണത്തിൽ നിന്നു രക്ഷപ്പെട്ടു.

നിങ്ങൾ മറ്റൊരാളുടെ ഭാരം ചുമക്കുമ്പോൾ അയാളെ മാത്രമല്ല, നിങ്ങളെത്തന്നെയും രക്ഷിക്കുകയാണെന്ന് ഓർക്കുക.

What’s New?