സാക് പുന്നന്‍
മതഭക്തിയും ആത്മീയതയും തമ്മിൽ വേർതിരിച്ചറിയാൻ നിങ്ങൾ പഠിക്കണം. മതഭക്തി എന്നാൽ അനേകം ക്രിസ്തീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കാര്യം ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ആത്മീയരാകുക എന്നാൽ നമ്മുടെ മനോഭാവത്തെ (ഓരോ കാര്യത്തെ സംബന്ധിച്ചും) യേശുവിനുണ്ടായിരുന്ന അതേ മനോഭാവം പോലെ മാറ്റുന്നതിന് പരിശുദ്ധാത്മാവിനെ അനുവദിക്കുന്നതാണ് (ഫിലി.2:5, “ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലുമുണ്ടായിരിക്കട്ടെ….”). ആ മനോഭാവത്തിൻ്റെ മാറ്റം നമ്മിൽ ഉണ്ടാകുന്നില്ലെങ്കിൽ – സ്ത്രീകൾ, പണം, ആളുകൾ, സാഹചര്യങ്ങൾ, ഭൗതിക ബഹുമാനങ്ങൾ മുതലായവയോട് – നാം ആത്മീയമായി വളരുകയാണെന്ന് കരുതി ഒരിക്കലും നമ്മെ തന്നെ വഞ്ചിക്കരുത്. മതപരമായ പ്രവർത്തനങ്ങൾ അതിൽ തന്നെ നമ്മെ പരീശന്മാരെ പോലെ വെള്ള തേച്ച ശവക്കല്ലറകളാക്കി തീർക്കുകയേ ഉള്ളു. തെറ്റായ മനോഭാവങ്ങളിൽ നിന്നുള്ള നമ്മുടെ രക്ഷയെ പ്രവർത്തിച്ചെടുക്കാനുള്ള ഓരോ കാര്യവും, പരിശുദ്ധാത്മാവിൻ്റെ സഹായത്തിലൂടെ ചെയ്തെടുക്കണം.
മതഭക്തനായിരിക്കുന്നതും ആത്മീയനായിരിക്കുന്നതും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. പഴയ ഉടമ്പടിയുടെ കീഴിൽ, നീതിയെ പിൻതുടർന്ന അനേകർ മതഭക്തരായ പരീശന്മാരായി തീർന്നു. യേശുവിൻ്റെ ഏറ്റവും വലിയ ശത്രുക്കൾ അവരായിരുന്നു. ഇന്നും, പുതിയ ഉടമ്പടിയുടെ സത്യങ്ങൾ ന്യായപ്രമാണത്തിൻ്റെ ആത്മാവിൽ സ്വീകരിച്ച്, മത ഭക്തരായി തീരാനുള്ള സാധ്യതയുണ്ട്. അപ്പോൾ ഇന്നും നാം ദൈവത്തിൻ്റെ ഏറ്റവും വലിയ ശത്രു ആയിരിക്കും.
പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ട് ദൈവത്തെ പ്രസാദിപ്പിക്കുന്നതിനേക്കാൾ ദൈവ വചനത്തിൽ പാണ്ഡിത്യം നേടുന്നതിൽ മാത്രം തൽപരനായിരിക്കുന്ന ഒരാൾ, ഒരു ആത്മീയ ക്രിസ്ത്യാനിയായി തീരുന്നില്ല എന്നാൽ മതഭക്തനായ ഒരു പരീശനായി അവസാനിക്കുന്ന അപകടത്തിലാണ്. പഴയ നിയമത്തിൽ യഹോവയുടെ ന്യായപ്രമാണം ധ്യാനിക്കുവാനാണ് അവരോട് കൽപ്പിച്ചിരുന്നത് (സങ്കീ.1:2). എന്നാൽ പുതിയ നിയമത്തിൽ നാം ചെയ്യേണ്ടത്, നാം സുവിശേഷങ്ങളിൽ കാണുന്ന കർത്താവായ യേശുവിൻ്റെ തേജസ്സിനെ കുറിച്ചു ധ്യാനിക്കുകയാണ് (2കൊരി.3:18). അക്ഷരം കൊല്ലുന്നു. ആത്മാവ് ജീവിപ്പിക്കുന്നു.
ദൈവരാജ്യം പരിശുദ്ധാത്മാവിലുള്ള നീതിയും അതിനോടു കൂടെയുള്ള സമാധാനവും സന്തോഷവുമാണ് (റോമ.14:17). മതഭക്തിക്ക് ഒരു മാനുഷ നീതി ഉണ്ടായിരിക്കാം, എന്നാൽ അതിന് സമാധാനവും സന്തോഷവും ഉണ്ടായിരിക്കുകയില്ല. അവിടെ മുറുമുറുപ്പും, പിറുപിറുപ്പും, ഭയവും, ആകുല ചിന്തയും ഉണ്ടായിരിക്കും. യഥാർത്ഥ ക്രിസ്ത്യാനിത്വം സമാധാനത്തിൻ്റെ നിറവ് കൊണ്ടുവരുന്ന ഒരു വിശ്വാസമാണ്- ദൈവത്തോടുള്ള സമാധാനം (എല്ലാ കാര്യങ്ങളെ സംബന്ധിച്ചും ഒരു നിർമ്മല മനസാക്ഷി), മനുഷ്യരോടുള്ള സമാധാനം (അതു നമ്മെ സംബന്ധിച്ചിടത്തോളം), കൂടാതെ നമ്മുടെ ഉള്ളിലുള്ള സമാധാനം (ആകുല ചിന്തയിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യം). അത് നിറഞ്ഞ സന്തോഷവും കൊണ്ടുവരുന്നു – എല്ലാ സാഹചര്യങ്ങളിലും നന്ദിയും സ്തുതിയും നിറഞ്ഞു കവിയുന്ന ഒരു ജീവിതം. നാം പാടുന്നത്: “അവിടുത്തേക്ക് സ്വദുഃഖങ്ങൾക്കുവേണ്ടി കണ്ണുനീരില്ലായിരുന്നു എന്നാൽ എനിക്കു വേണ്ടി അവിടുന്ന് രക്തം വിയർത്തു”
അങ്ങനെയാണ് യേശു ജീവിച്ചത്. ഒരിക്കൽ പോലും അവിടുന്ന് തന്നെ പ്രതി ദുഃഖിച്ചില്ല. രക്തം വാർന്നൊലിച്ചുകൊണ്ട് ക്രൂശ് ചുമന്നപ്പോൾ പോലും, അവിടുന്നു മറ്റുള്ളവരോടു പറഞ്ഞത്, “എന്നെ ചൊല്ലി കരയേണ്ടാ” എന്നാണ് (ലൂക്കോ. 23:28). അവിടുത്തേക്ക് സ്വയ സഹതാപം ഇല്ലായിരുന്നു. അവിടുന്ന് നിരന്തരം സന്തോഷിച്ചു- മറ്റുള്ളവർ അവിടുത്തോട് മോശമായി പെരുമാറിയപ്പോഴും, കാരണം അവിടുന്ന് തൻ്റെ പിതാവിൻ്റെ മുമ്പിലാണ് ജീവിച്ചത്. നാമും അങ്ങനെ തന്നെയാണ് ആയിരിക്കേണ്ടത്- നമ്മുടെ ദുഃഖങ്ങൾക്കായി കണ്ണുനീരില്ലാതെ.
മതഭക്തിക്ക് ധാരാളം പ്രവർത്തനങ്ങൾ ഉണ്ട്. എന്നാൽ അത് ഗർവ്വിഷ്ഠവും മറ്റുള്ളവരെ പുച്ഛിക്കുന്നതുമാണ്. നാം മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയോ, അല്ലെങ്കിൽ നമ്മുടെ തന്നെ നീതിയിൽ അഹങ്കരിക്കുകയോ ചെയ്യുന്നെങ്കിൽ, അപ്പോൾ നാം മതഭക്തരാണ് ആത്മീയരല്ല. (താഴ്മ എന്നത് പഴയ നിയമത്തിൽ അധികം സംസാരിക്കപ്പെട്ടിട്ടില്ല, കാരണം അതൊരു പുതിയ ഉടമ്പടി നന്മയാണ്). വേദപുസ്തക പരിജ്ഞാനത്തിലുള്ള എല്ലാ വളർച്ചയ്ക്കുമൊപ്പം, നാം കേവലം അധികം മത ഭക്തിയുള്ളവരല്ല എന്നാൽ ആത്മീയരായി തീരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
നിങ്ങളെ ഉപദ്രവിച്ച എല്ലാവരോടും ക്ഷമിക്കുക, ദൈവത്തോടും മനുഷ്യരോടും എല്ലാ കാര്യങ്ങളും നിരപ്പാക്കുക, പരിശുദ്ധാത്മാവിനാൽ നിറയപ്പെടേണ്ടതിന് പരമാർത്ഥമായി അന്വേഷിക്കുക, എന്നിട്ട് ദൈവകൃപയാൽ എല്ലാ ദിവസവും യേശുവിൻ്റെ മരണത്തിൻ്റെ മാർഗ്ഗത്തിൽ നടക്കുവാൻ തീരുമാനിക്കുക. അപ്പോൾ നിങ്ങൾ ഒരു ആത്മീയ മനുഷ്യനായി തീരും.