കർത്താവിൻ്റെ വരവിനു വേണ്ടി ഒരുങ്ങിയിരിക്കുന്നത് – WFTW 6 ജൂൺ 2021

സാക് പുന്നന്‍

മത്തായി 24 ൽ യേശു തൻ്റെ ശിഷ്യന്മാരോട് അവിടുത്തെ മടങ്ങിവരവിനെ കുറിച്ചുപറഞ്ഞപ്പോൾ, ഒന്നിലധികം തവണ അവിടുന്ന് ഊന്നി പറഞ്ഞത് അവർ ഉണർന്നിരിക്കണം (ജാഗരൂകരായിരിക്കണം) എന്നാണ് (മത്താ. 24:42 , 44; 25: 13). ആത്മീയമായി ജാഗ്രതയുള്ളവരായി എല്ലാസമയത്തും ഒരുങ്ങിയിരിക്കുക എന്നതാണ് സർവ്വപ്രധാനമായ കാര്യം- പ്രവചനപരമായ വസ്തുതകളെ കുറിച്ചുള്ള അറിവല്ല. മത്തായി 25 ൽ (മത്തായി 24 ലെ പ്രവചനങ്ങളെ തുടർന്നുവരുന്നത്), അവിടുത്തെ വരവിനായി ഒരുങ്ങുന്നതിന് നാം ജാഗ്രതയുള്ളവരും വിശ്വസ്തരും ആയിരിക്കേണ്ടതിന് വിളിക്കപ്പെട്ടിരിക്കുന്ന മൂന്നു മേഖലകളെ സംബന്ധിച്ച് യേശു വിശദീകരിക്കുന്നു.

1. രഹസ്യ ജീവിതത്തിലെ വിശ്വസ്തത

(മത്തായി 25 :1 – 13). ഈ ഉപമയിൽ യേശു പത്തു കന്യകമാരെ കുറിച്ചു പറഞ്ഞു. അവരിൽ ആരും തന്നെ വ്യഭിചാരിണികളായിരുന്നില്ല (ആത്മീയ വ്യഭിചാരത്തിൻ്റെ ഒരു നിർവചനത്തിന് യാക്കോബ് 4: 4 കാണുക). അവരെല്ലാവരും കന്യകമാരായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവർക്ക് മനുഷ്യരുടെ മുമ്പിൽ ഒരു നല്ല സാക്ഷ്യമുണ്ടായിരുന്നു. അവരുടെ വിളക്കുകളെല്ലാം കത്തിക്കൊണ്ടിരുന്നു (മത്തായി 5 : 16). അവരുടെ നല്ല പ്രവൃത്തികൾ മറ്റുള്ളവർ കണ്ടു എന്നിട്ടും ആ കന്യകമാരിൽ അഞ്ചുപേർ മാത്രമായിരുന്നു ബുദ്ധിയുള്ളവർ. എന്നാൽ തുടക്കത്തിൽ ഈ കാര്യം എല്ലാവർക്കും പ്രകടമായിരുന്നില്ല. അഞ്ചു പേർ മാത്രമേ അവരുടെ പാത്രങ്ങളിൽ എണ്ണ എടുത്തിരുന്നുള്ളു ( മത്തായി 25 :4).

രാത്രിയിൽ പ്രകാശം കാണാൻ കഴിഞ്ഞതുപോലെ പാത്രത്തിലുള്ള എണ്ണ ദൃശ്യമായിരുന്നില്ല, അതു പറയുന്നത്, ഈ ലോകത്തിൻ്റെ അന്ധകാരത്തിൽ മനുഷ്യർക്കു കാണാൻ കഴിയാത്ത, ദൈവമുമ്പാകെയുള്ള നമ്മുടെ രഹസ്യ ജീവിതത്തെ കുറിച്ചാണ്. നമുക്കെല്ലാവർക്കും ഒരു പാത്രമുണ്ട്. അതിൽ നമുക്ക് എണ്ണയുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. തിരുവചനത്തിലുടനീളം പരിശുദ്ധാത്മാവിൻ്റെ ഒരു പ്രതീകമായാണ് എണ്ണ ഉപയോഗിച്ചിരിക്കുന്നത്, ഇവിടെ അതു സൂചിപ്പിക്കുന്നത് പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിലേക്കു പകരുന്ന ദൈവത്തിൻ്റെ ജീവനെയാണ്. ആ ജീവൻ്റെ പുറമേയുള്ള വെളിപ്പെടുത്തലാണ് പ്രകാശം (യോഹന്നാൻ 1: 4). അകത്തുള്ള സത്ത എണ്ണയാണ്. അനേകരും പിടിക്കപ്പെട്ടിരിക്കുന്നത് അവരുടെ പുറമേയുള്ള സാക്ഷ്യത്തിൻ്റെ കാര്യത്തിൽ മാത്രമാണ്. അത് അവരുടെ ഭോഷത്തമാണ്. ശോധനയുടെയും പരീക്ഷകളുടെയും സമയത്താണ്, പുറമേയുള്ള പ്രകാശം മാത്രം പോരാ എന്നു നാം കണ്ടെത്തുന്നത്. ജയോത്സവമായി നമ്മെ വഹിച്ചുകൊണ്ടു പോകേണ്ടതിന് അകത്ത് ദിവ്യജീവൻ്റെ സത്ത ഒരുവന് ആവശ്യമാണ്.

“കഷ്ടകാലത്തു നീ കുഴഞ്ഞു പോയാൽ നിൻ്റെ ബലം നഷ്ടം തന്നെ” (സദൃശ. 24 :10). നാം എത്രമാത്രം ശക്തരാണ് അല്ലെങ്കിൽ ബലഹീനരാണ് എന്ന് ജീവിതത്തിലെ പ്രതിസന്ധികൾ നമ്മെ കാണിക്കുന്നു. ഈ ഉപമയിലെ പ്രതിസന്ധി, മണവാളൻ വരാൻ താമസിച്ചു എന്നതാണ്. കാലമാണ് നമ്മുടെ ആത്മീയതയുടെ യാഥാർത്ഥ്യം തെളിയിക്കുന്നത്. വിശ്വാസമുള്ളവൻ അവസാനത്തോളം സഹിച്ചു നിൽക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യും. തൻ്റെ ജീവിതത്തിൽ ആന്തരിക സത്ത ഉള്ളവൻ ആരാണ് ഇല്ലാത്തവൻ ആരാണ് എന്നു തെളിയിക്കുന്നതും കാലമാണ്. അനേകരും, ആന്തരിക ജീവൻ ഇല്ലാതെ പെട്ടെന്നു മുളച്ചുവരുന്ന വിത്തു പോലെയാണ്. അവരുടെ ഹൃദയത്തിൽ മണ്ണിന് ആഴമില്ല (മർക്കോസ് 4:5). അതുകൊണ്ടാണ് പുതിയ വിശ്വാസികളുടെ ആത്മീയതയോ അവരുടെ പൂർണ മനസ്കതയോ സംബന്ധിച്ചുള്ള കാര്യങ്ങൾ നിർണ്ണയിക്കാൻ നമുക്കു പ്രയാസമുള്ളത്. നമുക്ക് കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ, കാലം എല്ലാം വെളിപ്പെടുത്തും. അപ്പോൾ ക്രിസ്തുവിൻ്റെ വരവിനായി ഒരുങ്ങുവാനുള്ള മാർഗ്ഗം, ദൈവ മുമ്പാകെ നിർമ്മലതയും വിശ്വസ്തതയുമുള്ള ഒരു ആന്തരിക ജീവൻ ഉണ്ടായിരിക്കുക എന്നതാണ് – നമ്മുടെ ചുറ്റുമുള്ള മനുഷ്യർക്കു കാണാൻ കഴിയാത്ത നമ്മുടെ ചിന്തകളിൽ, മനോഭാവങ്ങളിൽ, ലക്ഷ്യങ്ങളിൽ ഒക്കെ. ഇതു നമുക്കില്ലാതെ, നാം ക്രിസ്തുവിൻ്റെ വരവിനു വേണ്ടി ഒരുക്കമുള്ളവരാണെന്നു ചിന്തിച്ചാൽ നാം നമ്മെ തന്നെ വഞ്ചിക്കുകയാണ്.

2. നമ്മുടെ ശുശ്രൂഷയിൽ ഉള്ള വിശ്വസ്തത

(മത്തായി 25: 14 -30). രണ്ടാമത്തെ ഉപമയിൽ, ദൈവം നമുക്കു നൽകിയിരിക്കുന്ന താലന്തുകൾ വിശ്വസ്തതയോടെ ഉപയോഗിക്കുന്നതിനാണ് ഊന്നൽ. ഈ താലന്തുകൾ പ്രതിനിധീകരിക്കുന്നത് ഭൗതികസമ്പത്ത്, പണം, സ്വഭാവിക കഴിവുകൾ, ജീവിതത്തിലെ അവസരങ്ങൾ, ആത്മീയ വരങ്ങൾ തുടങ്ങിയവയെയാണ്. ഈ മേഖലയിൽ എല്ലാവരും തുല്യരല്ല- കാരണം ഈ ഉപമയിൽ നാം കാണുന്നത് ഒരുവന് അഞ്ചു താലന്തുകൾ ലഭിച്ചു, മറ്റൊരാൾക്ക് രണ്ട്, വേറെ ഒരാൾക്ക് ഒന്നുമാത്രം എന്നാണ്. എന്നാൽ എല്ലാവർക്കും അവരവർക്കു ലഭിച്ചിട്ടുള്ളതിനോട് വിശ്വസ്തരായിരിക്കുവാൻ തുല്യ സമയം ഉണ്ടായിരുന്നു. ഏറെ ലഭിച്ചവനോട് ഏറെ ആവശ്യപ്പെടും. അതുകൊണ്ട് തൻ്റെ അഞ്ചു താലന്തിനെ പത്താക്കി വർധിപ്പിച്ചവൻ നേടിയ അതേ പ്രതിഫലം തന്നെ തൻ്റെ രണ്ടു താലന്തിനെ നാലാക്കി വർദ്ധിപ്പിച്ചവനും ലഭിച്ചു. തനിക്കു ലഭിച്ച താലന്ത് മണ്ണിൽ കുഴിച്ചിട്ടവൻ്റെ മേൽ ഏതു വിധത്തിലായാലും ന്യായവിധി ഉണ്ടായി (മത്തായി 25: 18)- ദൈവം അവനു നൽകിയ താലന്തുകൾ ദൈവത്തിനുവേണ്ടി അല്ല ലോകത്തിനുവേണ്ടിയാണ് അവൻ ഉപയോഗിച്ചത്. തനിക്ക് ഒന്നും ലഭിച്ചിട്ടില്ല എന്ന് ആർക്കും പറയാൻ കഴിയില്ല- കാരണം എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊന്ന് ദൈവത്തിൽ നിന്നു പ്രാപിച്ചിട്ടുണ്ട്. നാം ഈ താലന്തുകൾ എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് ചോദ്യം. നാം നമുക്കുവേണ്ടി തന്നെ ഉപയോഗിക്കുന്നവ മണ്ണിൽ കുഴിച്ചിട്ട താലന്തുകളോടു തുല്യമാണ്. ദൈവമഹത്വത്തിനായി നാം ഉപയോഗിക്കുന്നവ മാത്രമേ നിത്യധനമായി എണ്ണപ്പെടുകയുള്ളു. ഈ നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ദാരിദ്ര്യം നമുക്കു കാണാൻ കഴിയും. “സ്വയത്തിനു വേണ്ടി ഒന്നുമില്ലാതെ എല്ലാം ദൈവത്തിനുവേണ്ടി” എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. അപ്പോൾ നാം ക്രിസ്തുവിൻ്റെ മടങ്ങി വരവിനുവേണ്ടി ഒരുക്കമുള്ളവരായിരിക്കും. നമുക്കുള്ളതെല്ലാം നാം ഉപേക്ഷിക്കുന്നില്ലെങ്കിൽ നമുക്ക് യേശുവിൻ്റെ ശിഷ്യരായിരിക്കാൻ കഴിയുകയില്ല. ദൈവത്താൽ നൽകപ്പെട്ട എല്ലാ സമ്പത്തും, വരങ്ങളും കർത്താവിനു വേണ്ടി തന്നെ ഉപയോഗിക്കാത്തവൻ, താൻ ക്രിസ്തുവിൻ്റെ മടങ്ങി വരവിനു വേണ്ടി ഒരുങ്ങിയിരിക്കുന്നു എന്ന് അവകാശപ്പെടുന്നെങ്കിൽ അവൻ തന്നെത്താൻ വഞ്ചിക്കുകയാണ്.

3. നമ്മുടെ സഹവിശ്വാസികളെ സേവിക്കുന്നതിലുള്ള വിശ്വസ്തത

(മത്തായി 25 : 31 – 46). ആവശ്യത്തിലിരിക്കുന്ന സഹ വിശ്വാസികളോടുള്ള നമ്മുടെ മനോഭാവത്തെ കുറിച്ചാണ് അവസാനഭാഗത്ത് യേശു പറയുന്നത്. ആ ആവശ്യം ആത്മീയമോ ഭൗതികമോ ആകാം. ഇവിടെ നാം കാണുന്നത്, കർത്താവിനെന്നവണ്ണം തങ്ങളുടെ സഹവിശ്വാസികളെ സേവിച്ചവർ രാജ്യം അവകാശമാക്കുന്നു എന്നാണ്. അവരുടെ വലതുകൈ ചെയ്തത് എന്താണെന്ന് ഇടതു കൈ അറിയാത്ത വിധം അത്ര രഹസ്യത്തിൽ ആയിരുന്നു അവരുടെ ശുശ്രൂഷ (മത്തായി 26 :3). അവർ ചെയ്ത നന്മകളെ കുറിച്ച് കർത്താവ് ഓർമ്മിപ്പിച്ചിട്ടും അവർ അത് ഓർക്കുക പോലും ചെയ്യാത്ത വിധം അത് അങ്ങനെ തന്നെ ആയിരുന്നു (മത്തായി 25:38). അവിടുത്തെ ഏറ്റവും ചെറിയ സഹോദരനു ചെയ്യുന്ന ഏതൊരു ശുശ്രൂഷയും അവിടുത്തേക്കു തന്നെ ചെയ്യുന്ന ശുശ്രൂഷയായി കണക്കാക്കപ്പെടും എന്നു കൂടി യേശു ഇവിടെ പഠിപ്പിക്കുന്നു (മത്തായി 25: 40). അവിടുന്ന് ഏറ്റവും ചെറിയവനെ കുറിച്ച് ഇവിടെ പറയുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കാരണം ഏറ്റവും പ്രധാനികളായ വിശ്വാസികളെ ശുശ്രൂഷിക്കുവാനും ദരിദ്രരും നിന്ദിതരുമായവരെ അവഗണിക്കുവാനുമുള്ള പ്രവണതയാണ് നമുക്കുള്ളത്! തങ്ങൾക്കുവേണ്ടി തന്നെ തിന്നുകയും കുടിക്കുകയും, വാങ്ങുകയും വിൽക്കുകയും, പണിയുകയും നടുകയും ചെയ്യുന്നതിൽ വ്യാപൃതരായിരിക്കുന്നവർ തീർച്ചയായും യേശു മടങ്ങിവരുമ്പോൾ പിന്തള്ളപ്പെടും (ലൂക്കോസ് 17:28,34). കർത്താവിനു വേണ്ടിയുള്ള തങ്ങളുടെ ശുശ്രൂഷയിൽ സഹവിശ്വാസികളെ ശുശ്രൂഷിക്കുവാനുള്ള ഒരു സ്നേഹകരുതൽ കൂടെ ഉൾപ്പെട്ടിട്ടുള്ളവർ മാത്രമെ എടുക്കപ്പെടുകയുള്ളൂ. മറ്റൊരു വേദഭാഗത്ത്, യേശു മറ്റൊരു കൂട്ടം ആളുകളെ കുറിച്ചു സംസാരിക്കുന്നു- അവർ ആദ്യത്തെ കൂട്ടർക്കു വിരുദ്ധമാണ്. കർത്താവിൻ്റെ നാമത്തിൽ തങ്ങൾ ചെയ്തിട്ടുള്ള എല്ലാ നന്മ പ്രവൃത്തികളും ഓർത്തിരിക്കുന്നവരാണിവർ. അവരും ന്യായാസനത്തിൽ മുമ്പിൽ നിന്നു കൊണ്ട്, യേശുവിൻ്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കി, പ്രസംഗിച്ചു, രോഗികളെ സൗഖ്യമാക്കി മുതലായ കാര്യങ്ങൾ കർത്താവിനെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഈ കാര്യങ്ങളെല്ലാം ചെയ്തെങ്കിലും, അവർ കർത്താവിനാൽ തിരസ്കരിക്കപ്പെട്ടു. കാരണം ഏറ്റവും ഒന്നാമതായി വേണ്ടിയിരുന്ന, ദൈവത്തിൻ്റെ മുമ്പാകെയുള്ള വിശുദ്ധമായ ഒരു രഹസ്യ ജീവിതത്തിൻ്റെ കുറവ് അവർക്കുണ്ടായിരുന്നു. അവരുടെ വരങ്ങളുടെ മഹത്വത്താൽ അവർ പിടിക്കപ്പെടുന്നു.