ബാബിലോണിൻ്റെ ആത്മാവിനെ വിവേചിച്ചറിയുക – WFTW 20 ഫെബ്രുവരി 2022

സാക് പുന്നന്‍

വെളിപ്പാട് 18:4 വ്യക്തമാക്കുന്നതുപോലെ – ഇന്നും അനേകം ദൈവ ജനങ്ങൾ ബാബിലോണിലാണ്. ആ വാക്യത്തിൽ ദൈവം അവരോടു പറയുന്നു, “എൻ്റെ ജനമായുള്ളോരേ, അവളെ വിട്ടു പോരുവിൻ”. കൂട്ടത്തെ വഴി തെറ്റിച്ച അവരുടെ നേതാക്കന്മാരുടെയും ഇടയന്മാരുടേതുമാണ് കുഴപ്പം. യേശുവിൻ്റെ കാലത്ത് ആയിരുന്നതുപോലെ, അനേകം ദൈവ ജനങ്ങളും ഇന്ന് “യഥാർത്ഥ ഇടയന്മാരില്ലാത്ത ആടുകളെ പോലെയാണ്” (മത്താ.9:36). 12 വയസ്സു മുതൽ 30 വയസ്സുവരെ യേശു വർഷംതോറും മൂന്നുതവണ യെരുശലേം ദേവാലയത്തിലും ആഴ്ചതോറും നസ്രേത്തിലെ സിനഗോഗിലും ചെന്നപ്പോൾ, അവിടെ കണ്ടിരിക്കാവുന്ന ദൈവത്തെ അപകീർത്തിെപ്പടുത്തുന്ന വിധത്തിലുണ്ടായ എല്ലാറ്റിനെയും കുറിച്ച് ചിന്തിച്ചു നോക്കുക. എന്നാൽ അവ ഒന്നിനെക്കുറിച്ചും യേശു ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തില്ല, കാരണം അപ്പോഴും അത് ദൈവത്തിൻ്റെ സമയം ആയിരുന്നില്ല. എന്നാൽ ആ വർഷങ്ങളും ആ അനുഭവങ്ങളുമെല്ലാം തൻ്റെ പിന്നീടുള്ള ശുശ്രൂഷയ്ക്കു വേണ്ട അഭ്യസനത്തിൻ്റെ പ്രധാന ഭാഗങ്ങളായിരുന്നു.

മത്തായി 19:27ൽ (ലിവിംഗ്) യേശുവിനോടുള്ള പത്രൊസിൻ്റെ വാക്കുകളിൽ ബാബിലോന്യ ആത്മാവിൻ്റെ സത്ത കാണപ്പെടുന്നു. “ഞങ്ങൾക്ക് എന്തു കിട്ടും?” നാം കർത്താവിനു വേണ്ടി അനേകം കാര്യങ്ങൾ ഉപേക്ഷിച്ചിരിക്കുന്നെങ്കിൽ, നമുക്കും ഇപ്രകാരം സന്ദേഹിക്കാൻ കഴിയും, അവിടുന്ന് എന്തു പ്രതിഫലമായിരിക്കും നമുക്ക് തരുന്നത്- ഇവിടെ ഭൂമിയിലും പിന്നീട് സ്വർഗ്ഗത്തിലും. അതു തെളിയിക്കുന്നത്, നാം ദൈവഭക്തിയെ നമുക്കു വേണ്ടി ഒരു ആദായ മാർഗ്ഗമായി കാണുന്നു എന്നും നാം നമ്മുടെ ചിന്തകളിൽ സ്വയ-കേന്ദ്രീകൃതമായിരിക്കുന്നു എന്നുമാണ്. ചിലർ തങ്ങളുടെ പ്രസംഗങ്ങളിലൂടെയും കർത്താവിന് വേണ്ടിയുള്ള ശുശ്രൂഷകളിലൂടെയും, ഈ ഭൂമിയിലെ പണവും മാനവും ആയിരിക്കാം തേടുന്നത്. മറ്റുചിലർ സ്വർഗ്ഗത്തിൽ ഒരു പ്രതിഫലമോ അല്ലെങ്കിൽ ക്രിസ്തുവിൻ്റെ കാന്തയിൽ ഒരു ഇടമോ ആകാം അന്വേഷിക്കുന്നത്. അതെന്തുതന്നെ ആയാലും നാം നമുക്കു വേണ്ടി തന്നെ എന്തെങ്കിലും അന്വേഷിക്കുന്നിടത്തോളം, ഇപ്പോഴും നമ്മുടെ ഉള്ളിൽ നമുക്ക് ബാബിലോന്യ ആത്മാവുണ്ട്. ആത്മാവിൻ്റെ ഈ കന്മഷത്തിൽ നിന്നാണ് നാം നമ്മെ തന്നെ വെടിപ്പാക്കേണ്ടത്.

കർത്താവിനെ സേവിക്കുന്നതു കൊണ്ട് തനിക്കെന്തു കിട്ടുമെന്ന് പത്രൊസ് ചോദിച്ചപ്പോൾ, മത്തായി 20:1-16 വരെയുള്ള വാക്യങ്ങളിൽ പറയുന്ന ഒരു ഉപമയോടു കൂടിയാണ് യേശു മറുപടി പറഞ്ഞത്. അവിടെ അവിടുന്ന് രണ്ടു തരം ജോലിക്കാരെ കുറിച്ച് പറഞ്ഞു : 1. ഒരു പ്രതിഫലത്തിന് (ശമ്പളത്തിനു )വേണ്ടി ജോലി ചെയ്തവർ – ചിലർ ഒരു ദിനാറിനുവേണ്ടി (വാ.2), മറ്റുചിലർ നിയമപ്രകാരം ഒരു മണിക്കൂറിൽ ലഭിക്കാവുന്ന എന്തോ അതിനുവേണ്ടി (വാ.4) – എന്നാൽ രണ്ടുകൂട്ടരും കൂലിക്കു വേണ്ടിയാണ്, 2. കൂലിയെ പറ്റി എന്തെങ്കിലും വാഗ്ദാനം ഇല്ലാതെ ജോലി ചെയ്യാൻ പോയവർ (വാ.7). ഈ രണ്ടാമത്തെ വിഭാഗത്തിലുള്ള ജോലിക്കാർക്ക് ഏറ്റവും ഉയർന്ന കൂലി ലഭിച്ചു – ഒരു മണിക്കൂറിന് ഒരു ദിനാർ. മറ്റെല്ലാവർക്കും കിട്ടിയത് അതിനേക്കാൾ കുറവാണ്. ആദ്യം വന്നവർക്ക് മണിക്കൂറിന് 0.08 ദിനാർ മാത്രമേ ലഭിച്ചുള്ളു, കാരണം അവർ ഒരു ദിനാറിന് 12 മണിക്കൂർ ജോലി ചെയ്തു. അവിടെ യേശു പറഞ്ഞത്, ഇതുപോലെ ഇപ്പോൾ പിമ്പന്മാരായ അനേകർ നിത്യതയിൽ മുമ്പന്മാരായിരിക്കും എന്നാണ്- കാരണം കർത്താവ് “ഓരോരുത്തൻ്റെയും ശുശ്രൂഷയുടെ ഗുണനിലവാരവും ലക്ഷ്യവുമാണ് പരിശോധിക്കുന്നത്” ( 1 കൊരി. 3 :13 ഉം 4: 5 ഉം), അവർ ചെയ്ത ജോലിയുടെ അളവല്ല.

യെരുശലേമിലെ ചന്ത സ്ഥലങ്ങളിൽ തങ്ങൾക്കു വേണ്ടി തന്നെ പണം ഉണ്ടാക്കിയവരെ യേശു ഓടിച്ചു കളഞ്ഞില്ല. ഇല്ല. കാരണം ചന്ത സ്ഥലം പണം ഉണ്ടാക്കാനുള്ള ശരിയായ സ്ഥലമാണ്. ക്രിസ്ത്യാനികൾ കഠിനാധ്വാനത്തിലൂടെ തങ്ങൾക്കു കഴിയുന്നത്രയും സമ്പാദിക്കണം എന്നു ജോൺ വെസ്ലി പറഞ്ഞു. ഞാൻ അതിനോടു യോജിക്കുന്നു. ദൈവത്തിൻ്റെ ആലയത്തിൽ തങ്ങൾക്കു വേണ്ടി ലാഭം ഉണ്ടാക്കാൻ ശ്രമിച്ചവരെ മാത്രമേ യേശു പുറത്താക്കിയുള്ളു. ഇന്നും അതുപോലെ; സഭയിൽ തങ്ങൾക്കുവേണ്ടി മാനമോ, പ്രശസ്തിയോ, പണമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നേട്ടമോ അന്വേഷിക്കുന്നവരെ സഭയിൽ നിന്നു പുറത്താക്കി അതിനെ ശുദ്ധീകരിക്കും. സഭ യാഗത്തിനുള്ള സ്ഥലമായിരിക്കേണ്ടതാണ്. സെഖര്യാവിൻ്റെ പുസ്തകത്തിലെ അവസാന വാക്യം പറയുന്നത് കർത്താവു മടങ്ങി വരുമ്പോൾ, “ദൈവത്തിൻ്റെ ആലയത്തിൽ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല” (സെഖ.14:21 ലിവിംഗ് ബൈബിൾ). നാം കർത്താവിനു വേണ്ടി ചെയ്യുന്ന ശുശ്രൂഷയിൽ നമുക്കു വേണ്ടി ഒന്നും അന്വേഷിക്കരുത് .

പുതിയനിയമത്തിൽ മത്തായി മുതൽ വെളിപ്പാടു വരെയുള്ള പുസ്തകങ്ങളിൽ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നതുപോലെ, തന്നെ വിശ്വസ്തതയോടെ ശുശ്രൂഷിക്കുന്നവർക്കുവേണ്ടി കർത്താവിൻ്റെ പക്കൽ പ്രതിഫലം ഉണ്ടെങ്കിലും, അപ്പോഴും നാം ഒരു പ്രതിഫലത്തിനുവേണ്ടി ജോലി ചെയ്യരുത്. കർത്താവു നമുക്കുവേണ്ടി കാൽവറിയിൽ ചെയ്തതിനുള്ള ഒരു നന്ദി പ്രകടനമായാണ് നാം പ്രവർത്തിക്കുന്നത്. ഒരു പ്രതിഫലത്തിനു വേണ്ടി വേല ചെയ്യുന്നവർക്ക് ഒന്നും ലഭിക്കുകയില്ല !