ഘടികാരത്തിൻ്റെ ഭയം

പ്രശസ്തനായ ഡി.എല്‍. മൂഡി ഒരു ഭവനം സന്ദര്‍ശിച്ചപ്പോള്‍ ആ വീട്ടിലെ സഹോദരി തന്റെ ഒരു പ്രശ്‌നം അദ്ദേഹത്തോട് ഇങ്ങനെ പങ്കിട്ടു. “ബ്രദര്‍ മൂഡി, താങ്കളുടെ സുവിശേഷ യോഗത്തില്‍ സംബന്ധിച്ച് യേശുവിനെ രക്ഷകനും നാഥനുമായി ഞാന്‍ സ്വീകരിച്ചു. ഇപ്പോള്‍ സന്തോഷമായിരിക്കുന്നു. എന്നാല്‍ ഈ ലോകത്തിലേക്കു നോക്കുമ്പോള്‍ എനിക്കു പേടിയാണ്. എത്ര പേരാണു വിശ്വാസം ത്വജിച്ചു പിന്മാറി പോകുന്നത്? എനിക്ക് ഇപ്പോഴുള്ള വിശ്വാസത്തില്‍ നിലനില്ക്കാന്‍ കഴിയുമോ എന്ന് എനിക്കെപ്പോഴും സംശയമാണ്. ഇത് എന്റെ സ്വസ്ഥത കെടുത്തിക്കളയുന്നു”.

മൂഡി മറുപടിയായി ഒരു കഥ പറഞ്ഞു: ‘ഒരു വാച്ചു റിപ്പയര്‍ തന്റെ കഴിവുകളെല്ലാം ഉപയോഗിച്ച് നല്ല ഒരു ക്ലോക്കുണ്ടാക്കി. ആ ഘടികാരം വീടിന്റെ ഭിത്തിയില്‍ ഉറപ്പിച്ചു. ഘടികാരം കൃത്യമായി ഒരു സെക്കന്‍ഡു പോലും തെറ്റാതെ ഓടാന്‍ തുടങ്ങി. കുറച്ചു നേരം ഭംഗിയായി ഓടിക്കഴിഞ്ഞപ്പോള്‍ ക്ലോക്കിന് ഒരു സംശയം: ”അടുത്ത ദിവസവും എനിക്ക് ഇപ്രകാരം ഓടുവാന്‍ കഴിയുമോ? ഞാനില്ലാതാകും വരെ, സമയം കൃത്യമായി കാണിക്കാന്‍ എനിക്കു സാധിക്കുമോ?”

ഘടികാരത്തിന്റെ സംശയം മനസ്സിലാക്കി, അതിനു രൂപകല്പന ചെയ്ത മനുഷ്യൻ അതിനോട് ഇങ്ങനെ പറഞ്ഞു: “നീ ഓടുന്നിടത്തോളം ഓടുക. പിന്നീടുള്ള കാര്യങ്ങള്‍ ഞാനാണു നോക്കുന്നത്. നിന്നെ ഉണ്ടാക്കാമെങ്കില്‍ നിനക്കു സംഭവിക്കുന്ന കോടുപാടുകള്‍ പോക്കുവാനും എനിക്കു കഴിയും. നീ സംശയിക്കാതെ ഓടുന്നതിനു തയ്യാറായാല്‍ മാത്രം മതി. നീ എന്റെ കരങ്ങളിലായിരിക്കുന്നിടത്തോളം നീ നിന്നു പോകാതെ നിന്നെ ഓടിക്കുവാനുള്ള ചുമതല എനിക്കാണ്.

ക്ലോക്കിനു കാര്യം മനസ്സിലായി. അതു ഭയവും സംശയവും അവസാനിപ്പിച്ച് കൃത്യമായി ഓടുവാന്‍ തുടങ്ങി.

മുഡി കഥ അവസാനിപ്പിച്ച് സഹോദരിയെ നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവള്‍ ‘വീഴാതെ തന്നെ നിര്‍ത്താന്‍’ ശക്തനായ ദൈവത്തെ സ്തുതിച്ചു. അവള്‍ തന്നെ ‘സൃഷ്ടിച്ച, നിര്‍മിച്ച, ഉണ്ടാക്കിയ’ സ്രഷ്ടാവിന്റെ കരങ്ങളില്‍ പുതുതായി സമര്‍പ്പിച്ച് സ്വസ്ഥയായി. (യെശയ്യ 43:1,7; യുദാ 24).

What’s New?