സാക് പുന്നൻ
“ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്തായി 4:19). എന്ന ഈ ലളിതമായ പ്രസ്താവന നമുക്ക് നോക്കാം ആരാണ് നിങ്ങളെ മനുഷ്യരെ പിടിക്കുന്ന ഒരുവൻ ആക്കുന്നത്? ക്രിസ്തു. ഒരു മനുഷ്യനും നിങ്ങളെ മനുഷ്യരെ പിടിക്കുന്ന ഒരുവനാക്കാൻ കഴിയുകയില്ല. നിങ്ങൾക്ക് ഒരു ബൈബിൾ കോളേജിൽ പോയി, അവിടെ വർഷങ്ങൾ ചെലവഴിക്കാൻ കഴിയും, എന്നാൽ അത് നിങ്ങളെ മനുഷ്യരെ പിടിക്കുന്ന ഒരാൾ ആക്കുന്നില്ല. ബൈബിൾ പഠിക്കുന്നതിനാലോ, ഒരു മിഷനറി ചലഞ്ച് കേൾക്കുന്നതിനാലോ, നിങ്ങളുടെ കൈ പൊക്കുന്നതിനാലോ, അല്ലെങ്കിൽ മുന്നോട്ടുവന്നു മുട്ടുകുത്തി നിങ്ങളുടെ ജീവിതം ദൈവവേലയ്ക്ക് വേണ്ടി സമർപ്പിക്കുന്നതിനാലോ നിങ്ങൾ മനുഷ്യരെ പിടിക്കുന്ന ഒരാളായി തീരുന്നില്ല. ഇല്ല, നിങ്ങൾ മനുഷ്യരെ പിടിക്കുന്ന ഒരാളാകണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ, കർത്താവ് ഇപ്രകാരം പറയുന്നു, “എന്നെ അനുഗമിക്ക”. “വേദപുസ്തകം പഠിക്കുക” എന്നു പോലുമല്ല, എന്നാൽ, എന്നെ അനുഗമിക്ക.
ആദ്യകാലത്തുള്ള ക്രിസ്ത്യാനികൾക്ക് ഒരു ബൈബിൾ പോലും ഉണ്ടായിരുന്നില്ല. അവർക്ക് എങ്ങനെയാണ് മനുഷ്യരെ പിടിക്കുന്നവർ ആയിത്തീരാൻ കഴിഞ്ഞത്? യേശുവിനെ പിൻഗമിക്കുന്നതിലൂടെ. ഇത് നാം ശരിയായ വിധത്തിൽ മനസ്സിലാക്കണം. നാം തീർച്ചയായും തിരുവചനം പഠിക്കണം, ഈ പഠനത്തിൻ്റെ ആരംഭത്തിൽ നാം പഠിച്ചതുപോലെ: “ദൈവത്തിൻ്റെ വായിൽ കൂടി വരുന്ന സകല വചനം കൊണ്ടും മനുഷ്യൻ ജീവിക്കുന്നു” (മത്തായി 4:4). എന്നാൽ നാം ബൈബിളിൻ്റെ വിഗ്രഹാരാധികൾ ആയിത്തീരരുത്. ബൈബിൾ പൂജകനാകരുത്. യേശുവിനെ കൂടുതലായി പിൻഗമിക്കുന്നതിനു നമ്മെ സഹായിക്കുന്നതിനു വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ് ബൈബിൾ. യേശുവിൻ്റെ മഹത്വം നമ്മെ കാണിക്കേണ്ടതിന് പരിശുദ്ധാത്മാവ് വചനം ഉപയോഗിക്കുന്നു. അതുതന്നെയല്ല, മനുഷ്യരെ പിടിക്കുന്നവരാകാനുള്ള മാർഗ്ഗം യേശുവിനെ പിൻഗമിക്കുക എന്നതാണ്. യേശുക്രിസ്തു തന്നെയാണ് നിങ്ങളെ മനുഷ്യരെ പിടിക്കുന്ന ഒരാൾ ആക്കാൻ പോകുന്നത്, അല്ലാതെ ചില മിഷനറി ബൈബിൾ പരിശീലന സ്ഥാപനമല്ല. ദൈവം മനുഷ്യരെ ഉപയോഗിച്ചേക്കാം, എന്നാൽ നിങ്ങളുമായി ഒരു വ്യക്തിപരമായ ബന്ധം ഉണ്ടാകണമെന്ന് ആത്യന്തികമായി ആഗ്രഹിക്കുന്നത് ക്രിസ്തുവാണ്, കൂടാതെ അവിടുത്തേക്കു മാത്രമേ നിങ്ങളെ മനുഷ്യരെ പിടിക്കുന്ന ഒരാളാക്കാൻ കഴിയൂ.
മനുഷ്യരെ പിടിക്കുന്നവർ ആകുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? മനുഷ്യരെ പിടിക്കുന്നവർ ആകുക എന്നാൽ മുക്കുവർ കടലിലോ പുഴയിലോ പോയി മീൻ പിടിക്കാൻ വല വീശി കിട്ടുന്ന മീൻ കരയിലേക്ക് കൊണ്ടുവരുന്നതു പോലെയാണ്. അവർ അവരെ ഒരു ചുറ്റുപാടിൽ നിന്നും മറ്റൊന്നിലേക്കു കൊണ്ടുവരുന്നു. സ്വാഭാവികമായി മത്സ്യം കരയിൽ സുഖകരമായ അവസ്ഥയിലല്ല; അവ കടലിൽ സുഖകരമായ അവസ്ഥയിലാണ്! ഒരു മുക്കുവൻ ആ മത്സ്യത്തെ വെള്ളത്തിൽ നിന്ന് എടുത്ത് കരയിലേക്ക് കൊണ്ടുവരുന്നു, അത് ആയിരിന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പരിതസ്ഥിതിയിലേക്ക്.
അത് ഒരു സിംഹത്തെയോ ആനയേയോ പിടിച്ച് അവയെ ഒരു കൂട്ടിൽ അടയ്ക്കുന്നതുപോലെ അല്ല എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്, കാരണം സിംഹം നേരത്തെ തന്നെ കരയിൽ ജീവിച്ച് ശീലമുള്ളവയാണ്, കടലിലല്ല. എന്നാൽ നിങ്ങൾ ഒരു മത്സ്യത്തെ പിടിക്കുമ്പോൾ, അതിനെ ഒരു പരിതസ്ഥിതിയിൽ നിന്ന് പുറത്തെടുത്ത് പൂർണ്ണമായും വ്യത്യസ്തമായ ഒന്നിലേക്കിടുന്നു. കരയും കടലും പരസ്പരം വിപരീതമായവ പോലെയാണ്. അതുകൊണ്ട് മനുഷ്യനെ പിടിക്കുന്നവൻ ആകുവാൻ – യഥാർത്ഥമായി മനുഷ്യനെ പിടിക്കുന്ന ഒരുവൻ – ഈ ലോകമാകുന്ന ജലത്തിൽ ആയിരിക്കുന്ന ആളുകളുടെ അടുത്തേക്കു ചെന്ന്, അവരെ അവിടെ നിന്നെടുത്ത്, തികച്ചും വ്യത്യസ്തമായ ഒരു പരിതസ്ഥിതിയിലേക്ക് കൊണ്ടുവരിക: സ്വർഗ്ഗത്തിന്റെ രാജ്യത്തിലേക്ക്.
നിങ്ങൾ ഒരു വ്യക്തിയെ ഈ ഭൂമിയുടെ രാജ്യത്തിനു പുറത്താക്കിയിട്ട് സ്വർഗ്ഗത്തിന്റെ രാജ്യത്തിലേക്ക് കൊണ്ടുവരുന്നില്ലെങ്കിൽ, നിങ്ങൾ ആ മത്സ്യത്തെ യഥാർത്ഥത്തിൽ പുറത്തുകൊണ്ടുവന്നിട്ടില്ല. ഒരുപക്ഷേ നിങ്ങൾ ആ മത്സ്യത്തെ നിങ്ങളുടെ വലയിൽ തന്നെ സൂക്ഷിക്കുന്നുണ്ടാകാം, എന്നാൽ അത് അപ്പോഴും വെള്ളത്തിൽ തന്നെയാണെങ്കിൽ, നിങ്ങൾ ആ മത്സ്യത്തെ വാസ്തവമായി പുറത്തു കൊണ്ടുവരുന്നില്ല. നിങ്ങൾ യഥാർത്ഥത്തിൽ മനുഷ്യരെ പിടിക്കുന്ന ഒരാളായി തീർന്നിരിക്കുന്നില്ല. ഒരു മത്സ്യത്തെ പിടിച്ചിട്ട് അതിനെ സുഖകരമായ വെള്ളത്തിൽ കിടക്കുന്ന വലയിൽ തന്നെ പിന്നെയും വിട്ടു കളയുന്നത് ഏത് മുക്കുവനാണ്? എന്നാൽ, ഒരു പ്രാവശ്യം അതിനെ കരയിലേക്ക് കൊണ്ടുവരുമ്പോൾ, ആ മത്സ്യം എങ്ങനെയാണ് പെരുമാറുന്നതെന്നു നിങ്ങൾ കാണുന്നു. അത് കരയിലാകുമ്പോൾ, ചുറ്റും കിടന്നു പിടച്ചിട്ട് ഇങ്ങനെ പറയുന്നു, “ഹേ, ഞാൻ ഇവിടെ സുഖകരമായിട്ടല്ല ആയിരിക്കുന്നത്”!
ഒരു വ്യക്തിയെ ഭൂമിയുടെ രാജത്വത്തിൽ നിന്ന് സ്വർഗ്ഗത്തിന്റെ രാജത്വത്തിലേക്ക് മാറ്റുമ്പോൾ – ഒരു മത്സ്യം വെള്ളത്തിൽ നിന്ന് കരയിലേക്ക് വരുന്നതുപോലെ തന്നെ – അയാൾ ആകപ്പാടെ പൂർണമായും വ്യത്യസ്തമായ ഒരു പരിതസ്ഥിതിയിലേക്കാണ് കൊണ്ടുവരപ്പെടുന്നത്. സ്വർഗ്ഗത്തിന്റെ രാജത്വത്തിൽ നമ്മെ സുഖമുള്ളവരാക്കി തീർക്കുന്നത് പരിശുദ്ധാത്മാവാണ്. അതുകൊണ്ട് “കർത്താവായ യേശുവേ, എൻ്റെ ഹൃദയത്തിലേക്ക് വരണമേ” എന്ന് നൂറുപേരെ കൊണ്ട് പറയിപ്പിക്കാൻ കഴിഞ്ഞു എന്ന കാരണത്താൽ നിങ്ങളുടെ ജോലി നിങ്ങൾ പൂർത്തിയാക്കി അതുകൊണ്ട് ഇനി ഞാൻ മനുഷ്യരെ പിടിക്കുന്ന ഒരാളാണെന്ന തോന്നൽ ഉണ്ടാകരുത്. നിർഭാഗ്യവശാൽ, അതാണ് അനേകം വിശ്വാസികളുടെയും കാര്യത്തിൽ സംഭവിക്കുന്നത്. മനുഷ്യരെ പിടിക്കുന്ന ഒരാൾ എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന കാര്യം അവർ ധ്യാനിക്കുന്നില്ല കാരണം മറ്റു മനുഷ്യരും ഉപദേഷ്ടകന്മാരുമാണ് അവരെ മനുഷ്യരെ പിടിക്കുന്നവരാക്കിയിരിക്കുന്നത് – ക്രിസ്തു അല്ല. നിങ്ങളെ മനുഷ്യരെ പിടിക്കുന്നവൻ ആക്കിയത് ക്രിസ്തു ആയിരുന്നെങ്കിൽ, അത് അവിടുന്ന് നേരത്തെ പ്രസംഗിച്ച രണ്ടു വചനങ്ങളുടെ അതേ പ്രമാണത്തിന്മേൽ ആയിരിക്കും, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”. നാം ഈ മത്സ്യത്തെ, കറങ്ങിത്തിരിഞ്ഞ് സ്വർഗ്ഗരാജ്യത്തിനു വേണ്ടി അന്വേഷിക്കുവാൻ പഠിപ്പിക്കണം, അവർ ആയിരുന്ന പരിതസ്ഥിതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നിലേക്കു വരേണ്ടതിന്.
അതാണ് ഒരു മുക്കുവൻ ചെയ്യുന്നത്. അയാൾ ഒരു മത്സ്യത്തെ കടലിൽ നിന്ന് കരയിലേക്ക് എടുക്കുന്നു, അതുപോലെ നാം ആളുകളെ ഭൂമിയുടെ രാജത്വത്തിന് വെളിയിലേക്ക് എടുത്ത് സ്വർഗ്ഗത്തിന്റെ രാജത്വത്തിലേക്ക് ആക്കണം – പിശാചിൻ്റെ രാജ്യത്തിൽ നിന്ന് ദൈവത്തിൻ്റെ രാജ്യത്തിലേക്ക് – നാം യഥാർത്ഥമായി മനുഷ്യരെ പിടിക്കുന്നവരാകണമെങ്കിൽ. യേശുവിന് മാത്രമാണ് നമ്മെ മനുഷ്യരെ പിടിക്കുന്നവരാക്കാൻ കഴിയുന്നത്. മറ്റാർക്കും അതു ചെയ്യാൻ കഴിയില്ല.
ഒരു സുവിശേഷകൻ മാത്രമല്ല മനുഷ്യനെ പിടിക്കുന്നവൻ. സുവിശേഷകൻ ആ ദൗത്യത്തിന്റെ ഒരു ഭാഗം മാത്രമാണ് ചെയ്യുന്നത്. പ്രവാചകൻ, അപ്പൊസ്തലൻ, ഉപദേഷ്ടാവ്, ഇടയർ തുടങ്ങിയവരും ഈ ആളുകളെ പുതിയ പരിതസ്ഥിതിയിൽ, സ്വർഗ്ഗത്തിന്റെ രാജത്വത്തിൽ, വാസ്തവമായി സുഖപ്രദമായ അവസ്ഥയിലാക്കുന്ന ജോലി പൂർത്തിയാക്കേണ്ടതുണ്ട്.
ഒരു വ്യക്തിയെ സമുദ്രത്തിൽ നിന്ന് കരയിലേക്ക് എടുക്കുന്നതാണ് പൂർണ്ണമായ ദൗത്യം – ഭൗമിക രാജ്യത്തിൽ നിന്ന് സ്വർഗീയ രാജ്യത്തിലേക്ക്. അതു ചെയ്യുന്നതിനുള്ള മാർഗ്ഗം ക്രിസ്തുവിനെ അനുഗമിക്കുക എന്നതാണ്. ഞാൻ യേശുവിനെ അനുഗമിച്ചാൽ, അവിടുന്ന് ചെയ്തതുപോലെതന്നെ ഞാൻ അതു ചെയ്യും.