ആവശ്യത്തിലിരിക്കുന്ന നമ്മുടെ സഹോദരന്മാരെ സഹായിക്കുന്നത്- WFTW 28 നവംബർ 2021

സാക് പുന്നന്‍

നല്ല ശമര്യക്കാരൻ്റെ ഉപമയിൽ ഏതെങ്കിലും ഒരാവശ്യത്തിലിരിക്കുന്നു എന്നു നാം കാണുന്ന ഒരു സഹോദരനെ സഹായിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് യേശു പഠിപ്പിച്ചു (ലൂക്കോ.10: 25 – 37).

അവിടെ ഒരു വേദപണ്ഡിതൻ യേശുവിനോട് നിത്യജീവൻ അവകാശമാക്കുന്നതെങ്ങനെ യെന്നതിനെക്കുറിച്ചു ചോദിക്കുന്നതു നാം കാണുന്നു. അതിന് യേശു മറുപടി പറഞ്ഞത് ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നതിലൂടെയും തന്നെ പോലെ തൻ്റെ അയൽക്കാരനെ സ്നേഹിക്കുന്നതിലൂടെയുമാണ് എന്നാണ്. എന്നാൽ ആ വേദപണ്ഡിതൻ (ഇന്നത്തെ അനേകം വേദപണ്ഡിതന്മാരെ പോലെ), “ചില വിഭാഗങ്ങളിലുള്ളവരോടുള്ള തൻ്റെ സ്നേഹക്കുറവിനെ നീതീകരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട്” (ലൂക്കോ.10:29-ലിവിംഗ്) അയൽക്കാരൻ എന്ന വാക്ക് ആരെക്കുറിച്ചാണ് എന്ന് യേശുവിനോടു ചോദിച്ചു. യേശു ഒരു ഉപമയിലൂടെ അവൻ്റെ ചോദ്യത്തിനു മറുപടി പറഞ്ഞു.

കള്ളന്മാരാൽ മർദ്ദിക്കപ്പെട്ട് റോഡിൽ കിടന്നിരുന്ന ഒരു മനുഷ്യനെക്കുറിച്ച് യേശു പറഞ്ഞു. ഒരു പുരോഹിതൻ (ദൈവത്തിൻ്റെ ആലയത്തിലെ ഒരു മൂപ്പൻ) അയാളെ കണ്ടിട്ട് അവനെ ഗൗനിച്ചില്ല. ആ നാളുകളിൽ യിസ്രായേലിലുള്ള ഓരോരുത്തരും, അബ്രാഹാമിൻ്റെയും, യാക്കോബിൻ്റെയും, ഇസ്ഹാക്കിൻ്റെയും വംശപരമ്പരയിൽ ഉള്ളവരാണ്. അതുകൊണ്ട് അവരെല്ലാവരും, വിശ്വാസികളായ നമ്മെ പോലെ, സഹോദരീസഹോദരന്മാരാണ്. അതുകൊണ്ടുതന്നെ റോഡിൽ കിടന്ന ഈ മനുഷ്യൻ ആ പുരോഹിതൻ്റെ ഒരു സഹോദരനായിരുന്നു. എന്നാൽ ആ പുരോഹിതൻ അയാളെ കണ്ടിട്ട് അയാളെ അവഗണിച്ചു. അവൻ രാത്രിയിൽ തനിയെ ഏകാന്തമായ റോഡിൽ നടക്കരുതായിരുന്നു എന്നു പറഞ്ഞ് പുരോഹിതൻ അയാളെ വിധിക്കുകയും ചെയ്തു കാണും. ഒരു സഹവിശ്വാസി കഷ്ടപ്പെടുന്നതു കാണുമ്പോൾ, പലപ്പോഴും അവനെ സഹായിക്കുന്ന കാര്യം അന്വേഷിക്കുന്നതിനുപകരം എത്ര പെട്ടെന്ന് അവനെ വിധിക്കുന്ന കാര്യം ചെയ്യാൻ കഴിയും.

“എനിക്കു വിശന്നു, എന്നാൽ നിങ്ങൾ ഒരിക്കലും എനിക്ക് ഭക്ഷിക്കാൻ ഒന്നും തന്നില്ല. എനിക്കു ദാഹിച്ചു നിങ്ങൾ ഒരിക്കലും എനിക്ക് ഒന്നും കുടിപ്പാൻ തന്നില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ ഒരിക്കലും എന്നെ ഉടുപ്പിച്ചില്ല. ഞാൻ രോഗി ആയിരുന്നു എന്നാൽ നിങ്ങൾ ഒരിക്കലും എന്നെ കാണ്മാൻ വന്നില്ല. നിങ്ങൾ എനിക്കു പാട്ടു പാടുകയും പ്രസംഗങ്ങൾ കേൾപ്പിക്കുകയും മാത്രമാണ് ചെയ്തത്, എന്നാൽ ഒരിക്കലും എൻ്റെ ആവശ്യങ്ങളിൽ നിങ്ങൾ എന്നെ സഹായിച്ചില്ല” എന്ന് കർത്താവിന് ഒരുനാൾ നമ്മോടു പറയേണ്ടി വരുമോ? തൻ്റെ ആവശ്യത്തിലിരിക്കുന്ന സഹോദരനെ സഹായിക്കുന്നതിനെക്കാൾ യെരുശലേമിൽ നടക്കുന്ന മീറ്റിംഗിന് കൃത്യസമയത്ത് എത്തിച്ചേരുന്നതിലായിരുന്നു ആ പുരോഹിതന് കൂടുതൽ ആകാംക്ഷ. മീറ്റിംഗുകളിൽ ക്രമമായി പ്രസംഗിക്കുന്ന അനവധിയാളുകൾ പോലും ഒടുവിൽ നരകത്തിലേക്കു പോകാനുള്ള സാധ്യതയുണ്ട് എന്ന് യേശു നമുക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നു (മത്താ. 7:22, 23 ).

അതിനുശേഷം ഒരു ലേവ്യനും (ദൈവ ഭവനത്തിലെ ഒരു സഹോദരൻ) അതുവഴി കടന്നു പോകുകയും, അയാളും ആവശ്യത്തിലിരിക്കുന്ന തൻ്റെ സഹോദരനെ അവഗണിക്കുകയും ചെയ്തു. അയാളും പരീക്ഷയിൽ തോറ്റു. അയാൾക്കും കൃത്യസമയത്ത് മീറ്റിംഗിന് എത്തിച്ചേരണമായിരുന്നു. ഈ രണ്ടുപേരും ദൈവം അവരോടു പറയുന്നതു കേൾക്കുവാൻ വേണ്ടിയാണ് മീറ്റിംഗിനു പോകാൻ ആഗ്രഹിച്ചത്. എന്നാൽ മീറ്റിംഗിനു വരുന്ന വഴിയിൽ വച്ച്, ആവശ്യത്തിലിരിക്കുന്ന ഒരു സഹോദരനെ സഹായിക്കണമെന്ന് ദൈവം നേരത്തെ തന്നെ തങ്ങളോടു സംസാരിച്ചു കഴിഞ്ഞു എന്നത് അവർക്ക് മനസ്സിലായില്ല. എന്നാൽ കർത്താവ് എന്താണു പറയുന്നത് എന്നു കേൾക്കാൻ അവർക്കു ചെവി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ആ പ്രഭാതത്തിൽ അവർ പാടിയ പാട്ടുകളും പ്രാർത്ഥനകളും ഒന്നും ദൈവത്തിനു വിലയുള്ളതായിരുന്നില്ല. പലപ്പോഴും ദൈവഭക്തരായ ആളുകൾക്കുണ്ടാകുന്ന കഷ്ടതകളെ, അവർ കഷ്ടപ്പെടുന്നതു കാണുന്നവരുടെ ഹൃദയങ്ങളെ ശോധന ചെയ്യുന്നതിനു വേണ്ടി ദൈവം ഉപയോഗിക്കുന്നു. ഇയ്യോബിൻ്റെ കഥ നോക്കുക. ഇയ്യോബിൻ്റെ കഷ്ടതകളിലൂടെ, അവൻ്റെ മൂന്നു സ്നേഹിതന്മാരുടെ ഹൃദയങ്ങളെ ദൈവം ശോധന ചെയ്തു. എന്നാൽ അവർ മൂന്നുപേരും പരീക്ഷയിൽ പരാജയപ്പെട്ടു.

യേശുവിൻ്റെ കഥയിലെ ആ പുരോഹിതനിലും ലേവ്യനിലും നാം നമ്മെ തന്നെ കാണുന്നുണ്ടോ? അങ്ങനെയെങ്കിൽ നമുക്ക് മാനസാന്തരപ്പെട്ട് വരുന്ന നാളുകളിൽ സമൂലമായി വ്യത്യസ്തരാകാം. പുരോഹിതനും ലേവ്യനും പഴയ ഉടമ്പടിയിൽ ഉള്ളവർ ആയിരുന്നു. എന്നാൽ നാം പുതിയ ഉടമ്പടി എന്ന വലിയ ഉയരങ്ങളിലേക്ക് ഉയർന്നവരാണ് എന്ന് അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ യേശുവിനെ തന്നെ പ്രതിനിധീകരിക്കാൻ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കുന്നു. നാം ശരിയായ വിധത്തിൽ അവിടുത്തെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന് നമ്മോടു തന്നെ ചോദിക്കേണ്ട ആവശ്യം ഉണ്ട്.

ഒടുവിൽ, നിന്ദിക്കപ്പെട്ടിരുന്ന ഒരു ശമര്യക്കാരനാണ്, (അനേകം തെറ്റായ ഉപദേശങ്ങൾ ഉള്ള ബാബിലോണിയൻ സഭാ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു സഹോദരനെ പ്രതിനിധീകരിക്കുന്നു) ആ മുറിവേറ്റ, പാവം മനുഷ്യനെ സഹായിച്ചത്. ആ ശമര്യക്കാരൻ ഒരു മൂപ്പനോ ഒരു പ്രാസംഗികനോ ആയിരുന്നില്ല. ആവശ്യത്തിലിരിക്കുന്ന ഏതൊരാളിനെയും സഹായിക്കാൻ എപ്പോഴും തയ്യാറായിരുന്ന നിശ്ശബ്ദരായ ആളുകളിൽ ഒരുവൻ മാത്രം- അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആരും അറിയാതെ. ആ പരുക്കേറ്റ മനുഷ്യനെ കണ്ടപ്പോൾ, തനിക്കും അതുപോലെയുള്ള ദുരവസ്ഥ ഉണ്ടാകാം എന്ന് അയാൾ ഗ്രഹിച്ചു. അതുകൊണ്ട് അവൻ ആവശ്യക്കാരനായ തൻ്റെ സഹോദരനെ സഹായിക്കാൻ അവനെ തന്നെ ത്യജിച്ച്, അവൻ്റെ സമയവും പണവും ചെലവാക്കി.

കർത്താവായ യേശുക്രിസ്തുവിൻ്റെ ഒരു യഥാർത്ഥ ശിഷ്യൻ ആയിരിക്കുക എന്നതിൻ്റെ അർത്ഥമെന്ത് എന്നു നാം അവിടെ കാണുന്നു. നമ്മുടെ ഉപദേശങ്ങളാലല്ല നാം ക്രിസ്തുവിൻ്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്നത്, എന്നാൽ അതിലുപരി നമ്മുടെ ജീവിതത്തിൻ്റെ വഴികളിൽ നാം കണ്ടുമുട്ടുന്ന ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടുള്ള നമ്മുടെ മനോഭാവങ്ങളാലാണ്. അത് അർത്ഥമാക്കുന്നത് എല്ലാവരോടും നന്മയും, സ്നേഹവും, കരുണയും ഉള്ളവരായിരിക്കുക എന്നതാണ്.

എല്ലാ സമയത്തും ആ മാർഗ്ഗത്തിലൂടെ പോകുവാൻ കർത്താവ് നമ്മെ സഹായിക്കട്ടെ .

What’s New?