ദൈവഹിതം കണ്ടെത്തുന്നതെങ്ങനെ?

question mark on crumpled paper


വിവാഹം, തൊഴിൽ, പുതിയ ഒരു സംരംഭം – ഇവയേതെങ്കിലും സംബന്ധിച്ച് നിങ്ങൾ ഒരു നിർണായക തീരുമാനം എടുക്കാൻ തുടങ്ങുകയാണ്. അതുദൈവഹിതപ്രകാരമുള്ള ഒരു തീരുമാനം ആയിരിക്കണമെന്നു നിങ്ങൾക്കു നിർബന്ധമുണ്ട്. എന്നാൽ ഏതാണു ദൈവഹിതമെന്നു കണ്ടെത്താൻ നിങ്ങൾക്കു കഴിയുന്നില്ല…..ഇത്തരം ഒരു പ്രതിസന്ധിയിലാണോ നിങ്ങൾ ഇപ്പോൾ? എങ്കിൽ താഴെപ്പറയുന്ന 12 ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിച്ച് അതിനു സത്യസന്ധമായ ഉത്തരം കണ്ടെത്തുക. അപ്പോൾ ദൈവത്തിന്റെ പൂർണതയുള്ള ഹിതം എന്തെന്നു നിങ്ങൾക്കു മനസ്സിലാക്കാം.

  1. ഞാൻ അറിയുന്നിടത്തോളം ഈ കാര്യം യേശുവിന്റെയും അപ്പോസ്തലന്മാരുടേയും ഉപദേശത്തിനും പുതിയനിയമത്തിന്റെ ആത്മാവിനും ചേർന്നുപോകുന്നതാണോ? (2 തിമൊഥെ 3:16,17).
  2. നിർമ്മലമനഃസാക്ഷിയോടെ ഈ കാര്യം എനിക്കു ചെയ്യുവാൻ കഴിയുമോ? (1 യോഹന്നാ.3:21).
  3. ദൈവമഹത്വത്തിനായി ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണോ ഇത്? ( 1 കൊരി.10:31).
  4. യേശുവുമായുള്ള കൂട്ടായ്മയിൽ എനിക്ക് ഈ കാര്യം ചെയ്യാൻ കഴിയുമോ? (കൊലോസ്യ.3:17).
  5. ഈ കാര്യം ചെയ്യുമ്പോൾ “എന്നെ അനുഗ്രഹിക്കണമേ” എന്നു ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ എനിക്കു കഴിയുമോ? (2 കൊരിന്ത്യർ 9:8).
  6. ഈ കാര്യം ചെയ്യുന്നത് ദൈവസന്നിധിയിലുള്ള എന്റെ ആത്മിക പ്രാഗല്ഭ്യത്തിനു മങ്ങലേല്പിക്കുമോ? (2 തിമൊഥെ.2:15).
  7. എനിക്ക് അറിയാവുന്നിടത്തോളം ഇത് ആത്മികവർദ്ധനയ്ക്കു സഹായിക്കുമോ? (1 കൊരിന്ത്യ.6:12, 10:23).
  8. യേശു പെട്ടെന്നു മടങ്ങിവന്നാൽ ഈ കാര്യത്തിൽ ഏർപ്പെട്ടിരിക്കുന്നവനായി അവിടുന്ന് എന്നെ കാണുന്നത് ഞാൻ ഇഷ്ടപ്പെടുന്നുവോ? (1 യോഹന്നാ.2:28).
  9. ഈ കാര്യം ഞാൻ ചെയ്യുന്നത് മറ്റാർക്കെങ്കിലും ഇടർച്ചയ്ക്കു കാരണമാകുമോ? (റോമർ 14:13, 1 കൊരിന്ത്യ.8:9).
  10. ദൈവനാമത്തിന് ഇത് അപമാനം ഉണ്ടാക്കുമോ? (റോമർ 2:24, 2 കൊരിന്ത്യ.8:21).
  11. പരിജ്ഞാനമുള്ള സഹോദരന്മാർ ഇതേപ്പറ്റി എന്തു ചിന്തിക്കും? (സദൃശ.11:14, 15:22, 24:6).
  12. ഈ കാര്യം ചെയ്യുവാൻ ആത്മാവിൽ എനിക്കു സ്വാതന്ത്ര്യമുണ്ടോ? (1 യോഹന്നാ.2:27).

മുകളിൽ പറഞ്ഞിരിക്കുന്ന തിരുവചനഭാഗങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. ദൈവഹിതപ്രകാരമുള്ള തീരുമാനത്തിലെത്തുവാൻ സർവകൃപാലുവായ ദൈവം നിങ്ങളെ സഹായിക്കുമാറാകട്ടെ.

What’s New?