സാക് പുന്നന്‍
പുതിയനിയമത്തിലാകെ പരിശുദ്ധാത്മാവിൻ്റെ മുഴുവൻ ശുശ്രൂഷയെയും കുറിച്ച് ഏറ്റവുമധികം വിവരിക്കുന്ന ഒരു വാക്യമായി 2 കൊരി.3:18 ഞാൻ കണ്ടിരിക്കുന്നു. എൻ്റെ ജീവിതത്തിൽ പരിശുദ്ധാത്മാവ് കർത്താവായി തീരുമ്പോൾ അവിടുന്ന് സ്വാതന്ത്ര്യം കൊണ്ടുവരുന്നു (2 കൊരി. 3:17). അവിടുന്ന് എന്നെ സ്വതന്ത്രനാക്കുന്നു. “കർത്താവിൻ്റെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യം ഉണ്ട്” എന്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്? പാപത്തിൽ നിന്ന്, പണത്തോടുള്ള സ്നേഹത്തിൽ നിന്ന്, പിതാവ്, മുത്തച്ഛന്മാർ, മൂത്തവർ അങ്ങനെയുള്ള എല്ലാവരുടെയും ദുഷിച്ച പാരമ്പര്യങ്ങളിൽ നിന്ന്, മനുഷ്യർ എന്നെ കുറിച്ച് നല്ലതായി ചിന്തിച്ചാലും എന്നെ വിമർശിച്ചാലും അവരുടെ അഭിപ്രായങ്ങളിൽ നിന്ന് ഒക്കെയുള്ള സ്വാതന്ത്ര്യം. അതൊരു വലിയ സ്വാതന്ത്ര്യമാണ്. ഇനി ഒരിക്കലും മനുഷ്യനെ സേവിക്കാതെ ദൈവത്തെ സേവിക്കുന്നതിനുള്ള സ്വാതന്ത്ര്യം അതിലുണ്ട്. ഇതാണ് പരിശുദ്ധാത്മാവ് കൊണ്ടുവരുന്നത് (2 കൊരി. 3:18). പരിശുദ്ധാത്മാവ് വേദപുസ്തകത്തിൽ യേശുവിൻ്റെ തേജസ് എന്നെ കാണിക്കുന്നു. വേദപുസ്തകമാണ് കണ്ണാടി. കണ്ണാടിയിൽ ഞാൻ യേശുവിൻ്റെ തേജസ് കാണുന്നു. പരിശുദ്ധാത്മാവു നമ്മെ കാണിക്കുന്നത് കേവലം ഉപദേശങ്ങളെയോ പ്രസംഗങ്ങളെയോ അല്ല – ചിലർ വേദപുസ്തകം വായിക്കുന്നത് ഉപദേശങ്ങളും പ്രസംഗങ്ങളും ലഭിക്കേണ്ടതിനാണ്- പരിശുദ്ധാത്മാവ് വേദപുസ്തകത്തിൽ യേശുവിൻ്റെ തേജസിനെ കൂടി നമ്മെ കാണിക്കുന്നു. പുതിയനിയമത്തിലുള്ള എല്ലാ കാര്യങ്ങളും യേശുക്രിസ്തുവിൻ്റെ തേജസ് എന്നെ കാണിക്കുന്നതിനു വേണ്ടിയുള്ളതാണ്. ഞാൻ ആ തേജസ് കാണുന്തോറും, അതിനോട് സദൃശമായി എന്നെ മാറ്റുന്ന മറ്റൊരു പ്രവൃത്തി പരിശുദ്ധാത്മാവ് എൻ്റെ ഹൃദയത്തിൽ ചെയ്യുന്നു. ഇതാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്.
ആളുകൾ പറയുന്നത് “ശുശ്രൂഷയെക്കുറിച്ച് എന്തുപറയുന്നു?” യേശു എങ്ങനെയാണ് ശുശ്രൂഷിച്ചത് എന്നു കണ്ടിട്ട് ഞാനും അതു പോലെ ശുശ്രൂഷിക്കാൻ തുടങ്ങുന്നു. യേശു ത്യാഗങ്ങൾ സഹിച്ച് അവിടെയും ഇവിടെയും പോയി പ്രസംഗിച്ചതെങ്ങനെയെന്നു ഞാൻ കാണുകയും, ഞാനും ത്യാഗങ്ങൾ സഹിച്ച് അവിടെയും ഇവിടെയും പോയി പ്രസംഗിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശുശ്രൂഷ കുറഞ്ഞു പോകുമെന്ന് നിങ്ങൾ കരുതരുത്. നിങ്ങൾ കൂടുതൽ കൂടുതൽ ത്യാഗത്തോടുകൂടി ശുശ്രൂഷിക്കും. 2കൊരി. 3 : 17,18ൽ പറഞ്ഞിരിക്കുന്ന പ്രവൃത്തി ചെയ്യുവാൻ നിങ്ങൾ പരിശുദ്ധാത്മാവിനെ അനുവദിക്കുമ്പോൾ നിങ്ങളുടെ ജീവിതവും നിങ്ങളുടെ ശുശ്രൂഷയും വ്യത്യാസപ്പെടും. നിങ്ങൾ ഒരു പുതിയ ഉടമ്പടി വേലക്കാരനാകും, അതുചെയ്യുവാൻ നിങ്ങൾ ഒരു പൂർണ്ണ സമയ പ്രവർത്തകൻ ആയിരിക്കണമെന്നില്ല. ഒരു സഭയിലുള്ള ഏതൊരു സഹോദരനും സഹോദരിയും ഒരു പുതിയ ഉടമ്പടി വേലക്കാരൻ/ വേലക്കാരി ആയിരിക്കണം .
ഈ ശുശ്രൂഷയ്ക്കു വേണ്ടതെല്ലാം ഞങ്ങൾ സ്വയമായി ഉണ്ടാക്കിയതുപോലെ അല്ല, എന്നാൽ ഞങ്ങളുടെ പ്രാപ്തി ദൈവത്തിൽ നിന്നു വരുന്നു. ഒരു പുതിയ ഉടമ്പടി വേലക്കാരൻ ദൈവത്തെ സേവിക്കുവാൻ തന്നിൽ തന്നെയുള്ള എന്തിലെങ്കിലും ആശ്രയിക്കുന്നില്ല. എല്ലാം ദൈവത്തിൽ നിന്നാണ്. “ദൈവമെ അവിടുന്ന് അതെനിക്കു തരിക ഞാൻ അത് വിതരണം ചെയ്യാം”. അത് വീഞ്ഞ് വിളമ്പിയ വേലക്കാരെ പോലെയാണ്. ഈ വേലക്കാർ യേശുവിൻ്റെ അടുക്കൽ വെള്ളം കൊണ്ടുവന്നു, അവിടുന്ന് അതിനെ വീഞ്ഞാക്കി മാറ്റുകയും അവർ അത് വിളമ്പി കൊടുക്കുകയും ചെയ്തു. ശിഷ്യന്മാർ അഞ്ചപ്പം യേശുവിൻ്റെ അടുക്കൽ കൊണ്ടുവന്നു, അവിടുന്ന് അതിനെ വർദ്ധിപ്പിക്കുകയും അവർ അത് വിതരണം ചെയ്യുകയും ചെയ്തു. അതേ വിധത്തിൽ തന്നെ നാം നമ്മുടെ പരിമിതമായ വിഭവങ്ങൾ ദൈവത്തിൻ്റെ അടുത്തേക്ക് കൊണ്ടുവരുന്നു, ദൈവം അതിനെ അഭിഷേകം ചെയ്യുന്നു, അതിനെ വർദ്ധിപ്പിക്കുന്നു അങ്ങനെയാണു നാം ശുശ്രൂഷിക്കേണ്ടത്. അനേകം വർഷങ്ങൾ ദൈവത്തെ സേവിച്ചതിനു ശേഷം ദൈവ വേലയിലുള്ള അനേകർ നിരുത്സാഹിതരും, വിഷണ്ണരും, മനസ്സിടിഞ്ഞവരും ആയി തീരുന്നു. അവർ തങ്ങളുടെ സ്വന്തം പ്രാപ്തിയിൽ സേവിക്കാൻ ശ്രമിക്കുന്നതുകൊണ്ട് അവർ ക്ഷീണിച്ചു പോകുന്നു. ദൈവത്തെ സേവിക്കുന്നതിനു വേണ്ട ശാരീരികാരോഗ്യം പോലും നൽകാൻ നമുക്ക് ദൈവത്തെ ആവശ്യമുണ്ട്. ദൈവത്തെ സേവിക്കുവാൻ പ്രയാസമുള്ള ചില മേഖലകളിൽ നിങ്ങൾ പോയേക്കാം. അതിനും നിങ്ങൾക്ക് ശാരീരികാരോഗ്യം ആവശ്യമുണ്ട്. “ബാല്യക്കാർ ക്ഷീണിച്ചു തളർന്നു പോകും, യൗവനക്കാരും ഇടറി വീഴും, എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും, അവർ കഴുകനെ പോലെ ചിറകടിച്ചു കയറും” എന്ന വാഗ്ദത്തത്തെ കുറിച്ച് ഒന്നു ചിന്തിക്കുക. നമ്മുടെ പ്രാപ്തി ദൈവത്തിൽ നിന്നത്രേ. നിങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് ആ വാക്യം ഉണ്ട്, “ഞങ്ങളുടെ പ്രാപ്തി ദൈവത്തിൽ നിന്നത്രെ” . പുതിയ ഉടമ്പടിയിൽ നിങ്ങളുടെ ആവശ്യം എന്തായാലും നമ്മുടെ പ്രാപ്തി ദൈവത്തിൽ നിന്നാണ് .
അവിടുന്ന് നമ്മെ പുതിയ ഉടമ്പടിയുടെ വേലക്കാർ ആക്കി. പുതിയ ഉടമ്പടിയിൽ നാം അക്ഷരത്തിൻ്റെ ശുശ്രൂഷകർ അല്ല. എന്നാൽ ആത്മാവിൻ്റേതത്രെ (2.കൊരി. 3:6). ഇവിടെ രണ്ടു ശുശ്രൂഷകളെ കുറിച്ചു പറഞ്ഞിരിക്കുന്നു, ശിക്ഷാവിധിയുടെ ശുശ്രൂഷയും നീതിയുടെ ശുശ്രൂഷയും (2 കൊരി. 3: 9 ). എന്താണ് ശിക്ഷാവിധിയുടെ ശുശ്രൂഷ? നിങ്ങൾ പ്രസംഗിക്കുമ്പോൾ ആളുകൾക്ക് കുറ്റം വിധി തോന്നിയിട്ട് ഇറങ്ങി പോകുന്നതാണ് ശിക്ഷാവിധിയുടെ ശുശ്രൂഷ. എല്ലാവരെയും നിങ്ങൾ കുറ്റക്കാരെന്ന് വിധിച്ചതുകൊണ്ട് അതു നിങ്ങൾക്ക് അത്ഭുതകരമായ ഒരു ശുശ്രൂഷയായി തോന്നിയേക്കാം. അതു പഴയനിയമമാണ്. ന്യായപ്രമാണം ആളുകളെ കുറ്റം വിധിക്കുന്നു – “നിങ്ങൾ വേണ്ടത്ര നല്ലതല്ല, നിങ്ങൾ ഒരിക്കലും വേണ്ടത്ര നല്ലതായിരുന്നിട്ടില്ല”. ക്രിസ്തീയ യോഗത്തിൽ ഉണർവ്വു യോഗങ്ങൾ എന്നു വിളിക്കപ്പെടുന്ന യോഗങ്ങളിൽ ആളുകളോട് ഇങ്ങനെ മാത്രം പറയുന്ന ധാരാളം പ്രസംഗങ്ങൾ ഇന്നുണ്ട്, “നിങ്ങൾ വേണ്ടത്ര നന്നല്ല, ഒരിക്കലും നിങ്ങൾ അങ്ങനെയാകാൻ പോകുന്നുമില്ല”. അവരെല്ലാം കുറ്റബോധത്തിൽ അവിടെ ഇരിക്കുന്നു. അത് ക്രിസ്തീയ പ്രസംഗമല്ല. ക്രിസ്തീയ പ്രഭാഷണങ്ങൾ ആളുകളെ നീതിയിലേക്കും തേജസിലേക്കും നയിക്കുന്നു. അവർക്ക് കുറ്റബോധം ഉണ്ടാകുന്നുണ്ട് എന്നാൽ യോഗത്തിൻ്റെ അവസാനം അവർ ഉയർത്തപ്പെട്ടതായും സൗഖ്യമാക്കപ്പെട്ടതായും വിടുവിക്കപ്പെട്ടതായും തോന്നുകയും അവർ പ്രത്യാശയോടെ പോകുകയും ചെയ്യുന്നു. എപ്പോഴെങ്കിലും നിങ്ങളുടെ പ്രസംഗം ആളുകളെ ബന്ധനത്തിലേക്ക് കൊണ്ടുവരുന്നെങ്കിൽ നിങ്ങൾ ഒരു പുതിയ ഉടമ്പടി ശുശ്രൂഷകനല്ലെന്നു നിങ്ങൾക്കു തീർച്ചപ്പെടുത്താം. നിങ്ങളുടെ പ്രസംഗത്തിൻ്റെ ഫലമായി ആളുകൾ ഉയർത്തപ്പെടുന്നതിനേക്കാൾ അധികം കുറ്റം വിധിക്കപ്പെടുകയാണെങ്കിൽ, അതു പഴയ ഉടമ്പടി പ്രസംഗമാണ്. ആളുകളെ പൊക്കി എഴുന്നേൽപ്പിക്കുന്നതിനു പകരം അവരെ തള്ളി താഴെയിടുകയാണെങ്കിൽ, അത് പഴയ ഉടമ്പടി പ്രസംഗമാണ്. പുതിയ ഉടമ്പടി പ്രസംഗം അവരെ പൊക്കി എഴുന്നേൽപ്പിക്കുകയും അവർക്കു പ്രത്യാശ നൽകുകയും ചെയ്യുന്നു.
2 കൊരി. 4:1ൽ പൗലോസ് തൻ്റെ ശുശ്രൂഷയെ കുറിച്ച് വിവരിക്കുന്നത് തുടരുന്നു, “അതുകൊണ്ട് ഞങ്ങൾക്ക് കരുണ ലഭിച്ചിട്ട് ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ അധൈര്യപ്പെടുന്നില്ല”. അധൈര്യപ്പെടുക എന്നാൽ നിരുത്സാഹപ്പെടുക എന്നാണ് അർത്ഥമാക്കുന്നത്. അപ്പൊസ്തലനായ പൗലോസ് പോലും നിരുത്സാഹപ്പെടുവാൻ പ്രലോഭിപ്പിക്കപ്പെട്ടു. അതുകൊണ്ട് നിങ്ങൾ നിരുത്സാഹിതരാകുവാൻ പ്രലോഭിപ്പിക്കപ്പെടുന്നെങ്കിൽ അത് ഈ ശുശ്രൂഷയിൽ അസാധാരണമായ ഒന്നല്ല. നിരുത്സാഹപ്പെടുവാൻ പലതവണ ഞാൻ പ്രലോഭിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പൗലോസ് പറയുന്നു, “ഞങ്ങൾ നിരുത്സാഹിതരാകുന്നില്ല. നിരുത്സാഹപ്പെടുന്ന കാര്യം ഞങ്ങൾ നിരസിക്കുന്നു. കാരണം ഞങ്ങളുടെ കണ്ണുകളെ യേശുവിൽ ഉറപ്പിച്ചിട്ട് ദൈവം ഞങ്ങൾക്ക് തന്നിരിക്കുന്ന ഈ വലിയ ശുശ്രൂഷയെ കുറിച്ചു ഞങ്ങൾ ചിന്തിക്കുന്നു” ( 2 കൊരി. 4: 2 ).