ഒരാൾ വിശന്നു വലഞ്ഞ് വഴിയിലൂടെ നടന്നു പോകുകയായിരുന്നു. പെട്ടെന്നാണ് അയാൾ വഴിവക്കിൽ നില്ക്കുന്ന മാവ് കണ്ടത്. നോക്കിയപ്പോൾ നല്ല പഴുത്തു തുടുത്ത മാമ്പഴങ്ങൾ കുലയായി നിൽക്കുന്നു.
അയാൾ കുനിഞ്ഞ് വഴിയിൽ കണ്ട ഒരു കമ്പ് എടുത്തു. എന്നിട്ട് ഉന്നം നോക്കി എറിഞ്ഞു. എന്നാൽ കമ്പ് മാമ്പഴക്കുലയിൽ കൊണ്ടില്ല മൂന്നുനാല് ഇലകൾ മാത്രം വീഴ്ത്തി കമ്പു നിലത്തു വീണു. അയാൾ വീണ്ടും ആ കമ്പു കയ്യിലെടുത്തു. ഇക്കുറി കുറച്ചു കൂടി ശ്രദ്ധിച്ച് അയാൾ കമ്പെറിഞ്ഞു ഇത്തവണ ഉന്നം കൃത്യമായിരുന്നു. മൂന്നു മാങ്ങകൾ താഴെവീണു. അയാൾ ആ പഴുത്ത മാങ്ങകൾ കഴുകി തിന്നാൻ തുടങ്ങി. ഒന്നിനു പുറ ഒന്നായി മൂന്നും തിന്നു കഴിഞ്ഞപ്പോൾ വിശപ്പ് ശമിച്ചു.
ഒരു നിസ്സാരസംഭവം എന്നു തോന്നാം. എന്നാൽ ഇവിടെ സംഭവിച്ചതു ശ്രദ്ധിക്കുക. വയറ്റിൽ വിശപ്പനുഭവപ്പെട്ടപ്പോൾ അതു തലച്ചോറിന് അറിവു കിട്ടി. തലച്ചോർ നിർദ്ദേശം കൊടുത്തപ്പോൾ നടുവു കൂനിഞ്ഞു. കൈ കമ്പെടുത്തു. കണ്ണുകൾ മാവിലേക്കുള്ള ദൂരം കണക്കു കൂട്ടി. കൈ കമ്പെറിഞ്ഞു. പക്ഷേ മാമ്പഴം വീണില്ല. അതു മനസ്സിലാക്കി തലച്ചോർ വീണ്ടും നിർദ്ദേശം നൽകി. നടുവു കുനിഞ്ഞു. കൈ വീണ്ടും കമ്പെടുത്തു. ഇക്കുറി ദൂരവും വേഗവും കൂടുതൽ ശ്രദ്ധയോടെ കണക്കുകൂട്ടി എറിഞ്ഞു. മാമ്പഴങ്ങൾ വീണു. പല്ലുകൾ മാമ്പഴങ്ങൾ ചവച്ചരച്ചു. ചുണ്ടും നാവും സഹായിച്ചു. ഫലം വയറ്റിലെ വിശപ്പടങ്ങി. ശരീരത്തിനു തൃപ്തിയായി.
നോക്കുക: ഒരു ചെറിയ കാര്യം പോലും ചെയ്യാൻ ശരീരത്തിലെ എത അവയവങ്ങൾ ഒന്നിച്ചു സഹകരിച്ചു പ്രവർത്തിച്ചു. പരസ്പരം മത്സരിക്കാതെ യോജിച്ചു പ്രവർത്തിച്ചപ്പോൾ ശരീരത്തിനു മൊത്തത്തിൽ പ്രയോജനം കിട്ടി.
സഭയെ ക്രിസ്തുവിന്റെ ശരീരം എന്നു ബൈബിൾ വിളിക്കുന്നു. ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്. ഓരോന്നിനും ഓരോ ധർമ്മം. എന്നാൽ ഒന്നും അപ്രധാനമല്ല. പരസ്പരം മത്സരിക്കാതെ അന്യോന്യം സഹകരിച്ച ഓരോ അവയവം അതിന്റെ പ്രവൃത്തി ചെയ്താൽ അതു ശരീരത്തിനു മൊത്തത്തിൽ പ്രയോജനം ആകും. (1 കൊരിന്ത്യർ 12:12-27 വായിക്കുക).
ഇങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ അതെത്ര നിർഭാഗ്യകരം