മറ്റുള്ളവര്‍ക്കാകാം, നിനക്കു പാടില്ല

വാസ്തവത്തില്‍ യേശുവിനെപ്പോലെ ജീവിക്കാന്‍ ദൈവം നിന്നെ വിളിച്ചിരിക്കുന്നുവെങ്കില്‍ താഴ്മയിലേക്കും ക്രൂശിന്റെ വഴിയിലേക്കും അവിടുന്നു നിന്നെ നയിക്കും. ചുറ്റുമുള്ള ശരാശരി ക്രിസ്ത്യാനികളെപ്പോലെ പെരുമാറാന്‍ നിനക്ക് അനുവാദം ഉണ്ടായിരിക്കുകയില്ല. മറ്റുള്ളവര്‍ ചെയ്യുന്ന ‘പല കാര്യങ്ങളും’ ചെയ്യുന്നതിനുള്ള അനുവാദം അവിടുന്നു നിനക്കു നിഷേധിക്കും.

വളരെ പ്രയോജനപ്പെടുന്നുവെന്നുതോന്നുന്ന പല വിശ്വാസികളും തങ്ങളുടെ കാര്യം നേടാന്‍ ഉപായം പ്രയോഗിക്കുകയോ ന്യായമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ തേടുകയോ ചെയ്‌തേക്കാം. പക്ഷേ നിനക്കതു പറ്റുകയില്ല. നീ അവരെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ നിനക്കു തോല്‍വിയും കര്‍ത്താവില്‍നിന്നുള്ള ശക്തമായ ശാസനയും മനഃസാക്ഷിയുടെ കുറ്റപ്പെടുത്തലും നേരിടേണ്ടിവരും.

മറ്റുള്ളവര്‍ അവരുടെ കഴിവുകളെക്കുറിച്ചും വേലയുടെ വിജയത്തെക്കുറിച്ചും എഴുതുന്നതിനുള്ള തങ്ങളുടെ വാസനയെക്കുറിച്ചും പ്രശംസിച്ചേക്കും. എന്നാല്‍ നീ അതിനു ശ്രമിച്ചാല്‍ ആഴമായ മനഃപീഡനത്തില്‍ക്കൂടി പരിശുദ്ധാത്മാവു നിന്നെ കടത്തി വിടും. നീ ഒടുവില്‍ സ്വയം വെറുക്കും. നിന്റെ ‘നല്ല പ്രവൃത്തികളെ’ തന്നെ നീ നിന്ദിക്കും.

മറ്റുള്ളവര്‍ക്കു ക്രിസ്തീയജീവിതവും ശുശ്രൂഷയും എത്ര രസകരവും അവരെത്തന്നെ സന്തോഷിപ്പിക്കുന്നതുമാണല്ലോ എന്നു നിനക്കു തോന്നും. എന്നാല്‍ പരിശുദ്ധാത്മാവു നിന്റെ മേല്‍ കര്‍ശന നിയന്ത്രണം വച്ച് നിസ്സാരവാക്കിനും ജാഗ്രതയില്ലാത്ത മനോഭാവത്തിനും സമയം പാഴാക്കുന്നതിനും നിന്നെ ശാസിക്കും.

ദൈവം പരമാധികാരമുള്ളവനാണ്. തന്റെ സ്വന്തമായതിന്റെ മേല്‍പൂര്‍ണ്ണ അധികാരം നടത്തുന്നതിന് അവിടുത്തേക്ക് അവകാശമുണ്ട്. മറ്റുള്ളവര്‍ക്കാകാം, നിനക്കു പാടില്ല.

‘എനിക്കു ലാഭമായിരുന്നതൊക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതമെന്ന് എണ്ണിയിരിക്കുന്നു’ (ഫിലിപ്വ 3:7).


What’s New?